ഷിറാഖ് - 6
എന്ത് കൊണ്ടാണ് ഞാൻ ഷിറാഖിന്റെ അരികിൽ നിന്ന് പോകാൻ ധൃതിപ്പെട്ടതെന്ന് എത്രയാലോചിച്ചിട്ടും ഉത്തരം കിട്ടാതെ കിടന്നു. ആദ്യമായാണ് അദ്ദേഹം ഹൃദയം തുറന്ന് സംസാരിക്കാൻ തയ്യാറായത്. എന്നിട്ടും അത് മുഴുവൻ കേൾക്കാനുള്ള മാനസീക സാന്നിധ്യം എനിക്കില്ലാതെ പോയതെന്തേ?
ചില സമയങ്ങളിൽ നാമോരോരുത്തരും അങ്ങനെയാണ്. ഏറെ പ്രയാസപ്പെട്ട് ഒന്ന് നേടിയെടുക്കും. കയ്യിൽ കിട്ടിയാലോ യഥാവിധി പരിപാലിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നഷ്ടപ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ കയ്യിലെ കളിപ്പാട്ടം പോലെ. നമ്മളൊക്കെ പലപ്പോഴും കുട്ടികൾ തന്നെയാണ് നമ്മോളം വലുതായ നാമെന്ന കുട്ടികൾ. വെറുതേ ഞാൻ കുട്ടികളുടെ വേഷത്തിൽ നടക്കുന്നതൊന്ന് ഊഹിച്ചു നോക്കി. അപ്പോഴെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു കാണും പിന്നെ അതെന്നിൽ അലിഞ്ഞ് ഇല്ലാതായിട്ടുണ്ടാവാം.
ബേർട്ടിക്ലസ് പാർക്കിന് ഇന്നെന്തോ ഭീകരമായ മൂകതയുള്ളത് പോലെ എനിക്ക് തോന്നി. തനിയേ ആടുന്ന ഊഞ്ഞാലുകളിൽ കാറ്റിന്റെ കരങ്ങളല്ല പ്രേതങ്ങളുടെ സാന്നിധ്യമാണെന്ന് ഊഹിച്ചു. വശങ്ങളിൽ തണലുകൾക്കു താഴെ കടല കൊറിച്ചു കൊണ്ടിരിക്കുന്ന രണ്ട് യുവാക്കൾ കാലൻമാരാണെന്ന് ചിന്തിക്കുകയും ഉള്ളിൽ എന്തിനെന്നറിയാത്ത ഒരാളൽ കണ്ടെത്തുകയും ചെയ്തു.
അകലേ നിന്നും പുഞ്ചിരിയോടെ നടന്നു വരുന്ന ഫരിസ്തയിലപ്പോൾ പ്രേമത്തിന്റേയും വശ്യതയുടേയും കണികകളില്ലാത്ത പോലെ തോന്നി. ചുവന്ന ചുണ്ടുകളിൽ ഏതോ പാവം മനുഷ്യന്റെ ചോര പുരട്ടിയതാവുമെന്നാരോ ഉള്ളിൽ കള്ളം ചൊല്ലുമ്പോലെ. ഇന്നലെ വരെ ആർദ്രമായിരുന്ന മിഴിയിണകളിൽ അമ്പിന്റെ മുന രാകി മൂർച്ച കൂട്ടി വെച്ചത് പോലെ. മാതള നാരങ്ങയുടെ നിറം കലർന്ന വെളുത്തു തുടുത്ത കവിളുകളിൽ പിശാചിന്റെ ഗാഢ ചുംബനങ്ങളേറ്റ പാടുകളുണ്ടെന്ന് ചിന്തിക്കുകയും അവജ്ഞ തോന്നുകയും ചെയ്തു.
എങ്ങനെയാണ് ഇന്നലെ വരെ സുന്ദരിയും അത്യാകൃഷ്ടയുമായിരുന്ന ഒരുവൾ ഇന്നീ പരുവത്തിലേക്ക് മാറ്റപ്പെട്ടതെന്ന് അത്ഭുതത്തോടെ ഓർത്തുനോക്കി. ഇതുവരേ അവൾ പ്രണയത്തിന്റെ മാലാഖയായി എന്നിൽ ചിറകെട്ടിയതും ഇന്നവൾ ഭീകര സത്വം കണക്കെ അട്ടഹസിക്കുന്നതും എന്റെ മനസ്സിന്റെ അപഥങ്ങളിലൊന്നാണെന്ന് എളുപ്പം തിരിച്ചറിഞ്ഞു.
ഞാൻ മുമ്പ് പറഞ്ഞത് പോലെ, ചിലപ്പോഴൊക്കെ മനസ്സ് ബാർബിക്വസ് കോർട്ടേഴ്സിലെ നീല വെളിച്ചം പോലെയാണ്. ചിതറിത്തെറിച്ചും വളയങ്ങളായും എത്ര പെട്ടന്നാണവകൾ രൂപാന്തരം പ്രാപിക്കുന്നത്! ഒരേ രൂപത്തിലിരിക്കുന്നതിലുള്ള മടുപ്പാവുമോ അതിന്റെ യുക്തിഭദ്രമായ ഒരു കാരണം? അല്ലെങ്കിലും മനസ്സിനെവിടെയാണ് യുക്തിബോധം? പ്രശസ്തമായൊരു ഉറുദു കവിതയുടെ നാലുവരികൾ ഇങ്ങനെയാണെഴുതപ്പെട്ടത്.
"പ്രണയമെഴുതപ്പെടുന്നത് മനസിലാണ്
തലച്ചോറപ്പോൾ ജീവനറ്റു കിടപ്പിലാണ്"
"പ്രണയമെഴുതപ്പെടുന്നത് മനസിലാണ്
തലച്ചോറപ്പോൾ ജീവനറ്റു കിടപ്പിലാണ്"
അല്ലെങ്കിൽ ഫരിസ്തയോട് സംസാരിക്കണമെന്നാഗ്രഹം ഉണ്ടായിരുന്നിട്ട് കൂടി അവൾക്കരികിലേക്ക് പോവാൻ ഞാൻ മടിക്കുന്നതിന്റെ ന്യായം മനസ്സു പറഞ്ഞു തരട്ടെ. അപ്പോൾ മാത്രം ഞാൻ സമ്മതിക്കാം മനസ്സിന് യുക്തിബോധമുണ്ടെന്ന്.
എന്നിട്ടും അവളെനിക്കരികിലേക്ക് വരുമ്പോൾ ഞാൻ ഓടിയകാലാതിരുന്നത് എന്തുകൊണ്ടാവും? അവളരികിൽ വരികയും "എന്തു പറ്റി മുഖം വല്ലാതിരിക്കുന്നല്ലോ?" എന്ന് ചോദിക്കുകയും ചെയ്തപ്പോഴും മൗനിയായി നിഷേധാർത്ഥത്തിൽ തലയാട്ടി ഒന്നുമില്ലെന്നടയാളമിട്ട് ചിരിക്കാൻ ശ്രമിച്ചതെന്തിനാവും...
''വേഗം വരൂ.... നിന്റെ വകയാണിന്ന് കാപ്പി..." എന്നു പറഞ്ഞവൾ കൈപിടിച്ചപ്പോൾ എല്ലാ നിഗൂഢതയും ഇല്ലാതാവുന്നത് പോലെ തോന്നിയതുകൊണ്ടാവാം അനുസരണയുള്ളൊരാട്ടിൻ കുട്ടിയെ പോലെ ഞാനവളെ പിന്തുടർന്നത്. ഹോട്ടലിലെ സീറ്റിൽ മുഖാമുഖമിരിക്കുമ്പോഴും എന്റെ ഉള്ളിൽ മാറാല പോലെ കെട്ടിക്കിടക്കുന്ന സംശയങ്ങളുടെ വലയറുക്കാൻ കഴിയാത്ത നിസ്സഹായതയുടെ പിടിയിലായിരുന്നു ഞാൻ..
മൂകത ചിലപ്പോഴൊക്കെ അസഹ്യമായൊരു വീർപ്പുമുട്ടലാണ്. ഘനീഭവിക്കും തോറും കരയിലെത്തിയ മീൻ പോലെ പിടക്കും മനസ്സ്. അടുത്ത നിമിഷം ഉണ്ടായേക്കാവുന്ന വാചാലതയുടെ തുടക്കവും ഒടുക്കവുമറിയാതെ, ഉഗ്ര വിസ്ഫോടനത്തിന്റെ തൊട്ടു മുമ്പെന്ന പോലെ, ഏതോ അദൃശ്യമായ വളയങ്ങളിൽ, ചുഴികളിൽ, അകപ്പെട്ട പോലെ പൊറുതിമുട്ടും. ഇപ്പോൾ ഞാനനുഭവിക്കുന്ന അവസ്ഥ ഇത് പോലെ ഭീകരമാണ്. ഏതക്ഷരമാണ് നമുക്കിടയിലെ മൗനം മുറിക്കാനെത്തുന്നതെന്ന് ഞാൻ കാത്തിരിക്കുന്ന പോലെ അവളും കാത്തിരിക്കുകയാവും ചിലപ്പോൾ.
"ആനന്ദ്... തെക്കൻ പ്രവിശ്യക്കാരനാണല്ലേ..?" പതിവ് തെറ്റിച്ചില്ല ആദ്യാക്ഷരം കൊണ്ട് തന്നെ അവൾ നമുക്കിടയിലെ മൗനത്തെ ഭേദിച്ചു.
"അ... അതെ... എന്താ?..." അത് പറയുമ്പോൾ ഞാൻ നെറ്റി ചുളിക്കുകയും തല ചെറുതായി ഇടത്തോട്ട് വെട്ടിക്കുകയും ചെയ്തു.
"ഏയ്... ഒന്നൂല്ല... ഹത്തികളുടെ നാട്ടുകാരനല്ലേ..." അത് പറയുമ്പോൾ അവളുടെ മുഖത്ത് പുച്ഛഭാവമാണെന്നെനിക്ക് തോന്നി. അവൾ സുന്ദരമായ മുഖം വക്രിച്ച് വികൃതമാക്കുകയും പിന്നെ തലമുടിയിൽ നിന്ന് കുറച്ചെടുത്ത് ഇടതു കൈ വിരലുകൊണ്ട് ചുരുട്ടിക്കൊണ്ടിരിക്കുകയും ചെയ്തു.
"സിജ്നിന്റെ വിധിയെന്തായിരുന്നു...?" ഞാൻ അവളെ നോക്കി. അവളെന്നെ നോക്കുകയും തല കുലുക്കുകയും ചെയ്തു കൊണ്ട് ഇരിപ്പിടത്തിൽ ഒന്നനങ്ങിയിരുന്നു.
"സിജ്നിന്റെ വിധിയെന്താവാൻ.. നിങ്ങൾ ഊഹിച്ചു കാണും. അമ്മയെ കൊല്ലാൻ വിധിക്കപ്പെട്ടു.
സിജ്നിന്റെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ച ഗഫാനി സ്ത്രീയെ കൊല്ലാൻ വിധിക്കുമ്പോൾ അച്ഛന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
പൊട്ടി ക്കരഞ്ഞു കൊണ്ടാണ് ഞാനാ വിധി കേട്ടത്. അമ്മയെ കൊല്ലരുതെന്നും അമ്മയ്ക്ക് പ്രായശ്ചിത്തം ചെയ്യാൻ അവസരമൊരുക്കണമെന്നും ഞാൻ കരഞ്ഞു പറഞ്ഞു. എന്താവാൻ.. ഗഫാനികൾ വിധികളെ ഭേദിക്കാറില്ലല്ലോ...
പക്ഷേ വിധി കേട്ട അമ്മ പൊട്ടിച്ചിരിച്ചു. പിന്നെ ചുണ്ടുവിരൽ അച്ഛനു നേരെ ചൂണ്ടിക്കൊണ്ട് ക്രമത്തിൽ അത് താഴോട്ടും മേല്പോട്ടും ചലിപ്പിച്ചു. "എന്റെ മരണം എനിക്കർഹതപ്പെട്ടതു തന്നെ. പക്ഷേ അഭിമാനത്തോടെ ഞാനെന്റെ മരണത്തെ വേൾക്കുന്നു. കാരണം ഞാൻ ചെയ്ത തെറ്റ് എന്റെ മകളുടെ അടിമത്വം മോചിപ്പിച്ചു എന്നത് മാത്രമാണ്. ഇതുവരേ ഭർത്താവല്ലാതൊരു പുരുഷൻ തൊട്ടിട്ടില്ലാത്ത ശരീരം തന്നെയാണ് സത്യം, നിങ്ങൾ നാശത്തിലാണ്."
അത്രയും പറയുമ്പോഴേക്കും അമ്മയുടെ ചുണ്ടുകൾ വിറക്കുകയും വാക്കുകൾ മുറിയുകയും ചെയ്തു. മുറിഞ്ഞ വാക്കുകളിൽ അപ്പോഴും ഷിറാഖിന്റെ പ്രണയ പവിത്രതയും അവരെ കണ്ടെത്താൻ ബുദ്ധി ഗഫാനികൾക്കില്ലാത്തതുമായിരുന്നു മുഴച്ചു നിന്നത്.
പിന്നെ ചുവരിലേക്ക് തല ചാരി നിൽക്കുകയും കണ്ണുകളടക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകൾ തുടച്ച് ചുണ്ടിൽ നാവ് കൊണ്ട് നനവ് എത്തിച്ച് ഉറച്ച ശബ്ദത്തോടെ പ്രഖ്യാപിച്ചു. "ഓരോ പ്രണയത്തിലും അനേകം രക്തസാക്ഷികളുണ്ടാവും. സമ്പ്രദായങ്ങളോട് സമരം ചെയ്യുന്ന പ്രണയം പോലും വിപ്ലവമാണ്. ഷിറാഖ് ഒരു വിപ്ലവകാരി തന്നെ. അവനു വേണ്ടി ആദ്യ രക്തസാക്ഷിയാവാൻ ഞാൻ തയ്യാറാണ്. എന്നാൽ ഒരിക്കലും നൗറയെ ഷിറാഖിൽ നിന്ന് വേർപിരിക്കാൻ നിങ്ങൾക്കാവില്ലെന്നാണയിടുന്നു."
അച്ഛന്റെ കോപമപ്പോൾ പതിന്മടങ്ങായി വർദ്ധിച്ചത് പോലെ തോന്നി. കണ്ണുകളിൽ നിന്നാളിയ തീ ജ്വാലയിൽ അമ്മ കരിഞ്ഞുണങ്ങുമെന്ന് തോന്നിച്ചു . പിന്നെ വർഖാൻ ഉയർത്തി ദൈവനാമം ജപിച്ചു കൊണ്ട് അമ്മയ്ക്കരികിലേക്ക് ഓടിയടുത്തു. പുരോഹിത വൃന്തവും സന്നിഹ്തരമായ മറ്റുള്ളവരും എഴുന്നേറ്റു നിന്നു. അമ്മയെ വധശിക്ഷ നടപ്പാക്കുന്ന പീഠത്തിലേക്ക് വിലിച്ചിഴച്ചു കൊണ്ടുവന്നു നിർത്തിയ ശേഷം വർഖാൻ ഉയർത്തി അച്ഛൻ പറഞ്ഞു: "ശറാഫത്ത് തല താഴ്ത്തി പിരടി നീട്ടി നിൽക്കുക... വധശിക്ഷ നടപ്പാക്കുന്നു.. "
ഒരു പൊട്ടിച്ചിരിയോടെ അമ്മ കണ്ണു തുറന്നു. എന്തു സംഭവിക്കുമെന്നറിയാതെ നിർവികാരിതയായി ഞാൻ മിഴിച്ചു നിന്നു. അമ്മയുടെ കണ്ണുകൾ അപ്പോൾ കരയുന്നതായോ ചിരിക്കുന്നതായോ വ്യാഖ്യാനിക്കാൻ കഴിയാത്ത വിധം നിഗൂഢമായിരുന്നു.
അച്ഛന്റെ കണ്ണുകളിലേക്ക് നോക്കിയ ശേഷം അമ്മ ഇടതു ഭാഗത്ത് കാറിത്തുപ്പിയിട്ട് പ്രഖ്യാപിച്ചു.
''ഞാൻ അടിമച്ചന്തയിൽ നിന്ന് വാങ്ങപ്പെട്ട മുതലല്ല. ഇന്നേ വരെ ആർക്കു മുന്നിലും അഭിമാനം പണയം വെക്കാത്ത സുകൂത്ത് ഗഫാനിയുടെ മകളാണ്. എന്റെ അച്ഛനിൽ സത്യം ചെയ്തു ഞാൻ പറയുന്നു തല കുനിച്ച് മരിക്കാൻ എനിക്ക് നിർവാഹമില്ല തന്നെ. ജീവിതം കുനിഞ്ഞ തലയോടെ ജീവിച്ചു മടുത്ത ഞാൻ മരിക്കുമ്പോഴെങ്കിൽ തല ഉയർത്തിപ്പിടിച്ചു മരിക്കുക തന്നെ ചെയ്യും. എനിക്കു ശേഷം ഗഫാനി സ്ത്രീകൾ ഉത്ബുദ്ധരാവാൻ വേണ്ടി മാത്രം...." അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ എനിക്കു നേരെ നീണ്ടിരുന്നു. പിന്നെ എല്ലാം നൊടിയിടെ ആയിരുന്നു. ശിരസ്സറ്റ് അമ്മ നിലം പതിച്ചു. കാഴ്ച കണ്ടു നിന്ന ഞാൻ മോഹാലസ്യപ്പെട്ടു."
അത്രയും പറഞ്ഞ് അവൾ ഇടത് കൈവിരലുകൾ കൊണ്ട് കണ്ണു തിരുമ്മി എന്നെ നോക്കി. ഞാൻ പിന്തിരിഞ്ഞു കുരിശു മാലയിട്ട ഹോട്ടൽ ജീവനക്കാരനായ യുവാവിനോട് വീണ്ടും രണ്ട് കോഫി വേണമെന്നാവശ്യപ്പെട്ടു. പിന്നെ കീഴ്‌ച്ചുണ്ട് കടിച്ചു കൊണ്ട് ഇടത് വശത്തേക്ക് തല തിരിച്ച് രണ്ടു കൈ കൊണ്ടും ടേബിളിൽ താങ്ങി മുന്നോട്ടാഞ്ഞിരുന്നു. അപ്പോൾ എന്റെ മനസ്സ് നിറയെ ഷിറാഖ് പറഞ്ഞ വാക്കുകളായിരുന്നു. "അതിബുദ്ധിമതിയായ അപകടകാരിയാണ് ഫരിസ്ത... ശക്തയും അഭ്യസ്തയുമായ അവളാണ് എന്നെ ആക്രമിച്ചത്. ഞങ്ങളെ ഉറ്റിയതും അവളാണ്...."
അവളിൽ പ്രത്യേകിച്ച് ഭാവ മാറ്റമോ വികാരത്തള്ളിച്ചയോ ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു. എങ്ങനെയാണവൾക്ക് ഇത്രയും സ്വസ്ഥത കൈവരിക്കാൻ കഴിയുന്നതെന്ന് ചിന്തിക്കുകയും അവളുടെ മുഖത്തപ്പോഴും കളിയാടുന്ന നിഷ്കളങ്കതയിൽ ആശ്ചര്യനാവുകയും ചെയ്തു. ഒരു വേള ഷിറാഖ് കള്ളം പറഞ്ഞതാവുമെന്ന് തോന്നുകയും അദ്ദേഹം കള്ളം പറയാറില്ലെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു.
"എന്തിനാ വീണ്ടും കോഫി പറഞ്ഞത്..." അവളുടെ ശബ്ദമപ്പോൾ ഏറ്റവും ആർദ്രവും പ്രണയപൂർണ്ണവുമായിരുന്നു.. അവളുടെ നീണ്ട കണ്ണുകൾ ആഴമേറിയ തടാകമാണെന്നും കൃഷ്ണമണികൾ അതിൽ നീന്തുന്ന നീല മത്സ്യങ്ങളാണെന്നും കരുതി ഞാനതു തന്നെ നോക്കിയിരുന്നു. മൂക്കിനു താഴെ ചെറിയ ചുവന്ന മേൽ ചുണ്ടിന് മുകളിലായി സ്വർണ്ണ നിറത്തിലുള്ള കുഞ്ഞു രോമങ്ങൾക്ക് തിളക്കം കൂടിയതായി എനിക്ക് തോന്നി.
അടുത്ത നിമിഷം തന്നെ എന്തുകൊണ്ടാണെന്റെ മനസ്സിങ്ങനെ ചിതറിപ്പോകുന്നതെന്ന് തിരയുകയും ഉത്തരം കിട്ടാതെ അലസമാവുകയും ചെയ്തു. ഞാൻ മുന്നിലെ ആവി പറക്കുന്ന കാപ്പി ഗ്ലാസിൽ പിടിച്ചു കൊണ്ട് അല്പനേരം മൗനം വരിക്കുകയും പിന്നെ സ്വരം താഴ്ത്തി അവൾക്കു നേരെ തിരിഞ്ഞു.
"അപ്പോൾ നൗറാ ഷിറാഖ് പ്രണയകഥ ഇവിടെ പൂർണമാവുന്നു അല്ലേ....?"
"ഇല്ല...." അത് പറയുമ്പോൾ അവളിൽ വന്യമായൊരാവേശവും ഗൂഢമായ ചിരിയും വിരുന്നെത്തിയത് ഞാൻ ശ്രദ്ധിച്ചു. "ഗഫാനികൾ വിഡ്ഢികളാണെന്ന് കരുതിയോ...? ഏത് ബുദ്ധിമാനും അവനറിയാതെ അപൂർവ്വമായെങ്കിലും ഒരു മണ്ടത്തരം ചെയ്യും. ഷിറാഖും അത് ചെയ്തു."
കുറച്ച് നേരം നീണ്ട മൗനത്തിലായിരുന്നു അവളെങ്കിൽ ഷിറാഖിൽ നിന്നുണ്ടായ അപദ്ധം എന്തെന്ന ആകാംക്ഷയിലായിരുന്നു ഞാൻ.
"വാക്കുകൾക്കപ്പുറം പ്രണയത്തെ അറിഞ്ഞവർ മൗനിയാകുന്നതെങ്ങനെ..."
അവൾ തന്നെ മൗനം ഭേദിച്ചത് പറയുകയും പൊട്ടിച്ചരിക്കുകയും ചെയ്തു. അപ്പോഴാദ്യമായി അവളുടെ കണ്ണുകളിൽ തീ പരക്കുകയും പല്ലുകൾ കടിച്ചു പിടിക്കുകയും മേൽച്ചുണ്ട് വക്രിക്കുകയും ചെയ്തു. ചൂടു കാപ്പി ഒറ്റ വലിക്ക് കുടിച്ചു തീർത്ത് ചുണ്ട് തുടച്ച് രൂക്ഷമായൊരു നോട്ടമെന്നിലെറിഞ്ഞ് ഒന്നനങ്ങിയിരുന്നു. പിന്നെ എന്തോ പറയാനായി ഒരുങ്ങി.
അവളുടെ ഭാവമാറ്റത്തിൽ സ്തബ്ധനായി നിൽക്കുന്ന എനിക്കു നേരെ അവളുടെ ശബ്ദമുയർന്നു. "ഷിറാഖ് നിങ്ങൾ തന്നെയാണ് ശരി" എന്റെ മനസ്സപ്പോൾ അങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു....
(തുടരും)
ബാദ്ഷ കാവുംപടി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക