നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജോസൂട്ടിയുടെ വിധി!!

ജോസൂട്ടിയുടെ വിധി!!
“എന്റെ കർത്താവെ ഈ പെണ്ണിനെ എങ്കിലും എന്റെ ജോസ്സൂട്ടിക്കു ബോധിക്കണേ”- ജോസൂട്ടി തന്റെ നൂറ്റി മുപ്പത്തി മൂന്നാമത്തെ പെണ്ണിനെ കാണാൻ ത്രേസ്യ കുട്ടി എന്ന അമ്മച്ചിക്ക് സ്തുതി കൊടുത്തിറങ്ങുമ്പോൾ അമ്മച്ചിയുടെ പ്രാർത്ഥന എന്നത്തേയും പോലെ ഇതു തന്നെ .
ത്രേസ്യ കുട്ടിയുടെ മൂത്ത മകനാണ് ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് ചെറിയാൻ എന്ന ജോസൂട്ടി .ഇരുപത്തിയെട്ടു വയസിൽ തുടങ്ങിയ പെണ്ണ് കാണൽ മാമാങ്കം പത്തു വര്ഷം പിന്നിടുമ്പോൾ നടത്തിയ കണക്കെടുപ്പ് കിറു കൃത്യം!! നൂറ്റി മുപ്പത്തി മൂന്നാമത്തെ പെണ്ണ് കാണലിനാണ് ജോസൂട്ടിക്ക് അല്പം മുൻപ് ഒരുങ്ങി ഇറങ്ങിയത്.
തനിക്കു പറ്റിയ പെണ്ണ് ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല എന്നാണ് കക്ഷിയുടെ അഭിപ്രായം . പെണ്ണിനും പൊക്കമുണ്ടെൽ നിറം പോരാ .നിറം ഉണ്ടേൽ മുടി പോരാ .മുടി ഉണ്ടേൽ മൂക്കിന് നീളം പോരാ ..ഇങ്ങിനെ കുറ്റങ്ങളും കുറവുകളും തകൃതിയായി നടന്നു കൊണ്ടിരിക്കെ ജോസൂട്ടിയുടെ ഇളയതുങ്ങൾ അഞ്ചെണ്ണവും പെണ്ണും ആണും കെട്ടി കുടുംബവും കുട്ടികളുമായി സസുഖം വാഴുന്നു.
അവന്റെ അപ്പനെ പറിച്ചു വെച്ച പോലെ തന്നെ”- എന്നാണ് ജോസൂട്ടിയെ കുറിച്ച് ത്രേസ്യ കുട്ടി പറയുന്നേ ..ഇതും കൂടി ഇടക്ക് കൂട്ടി ചേർക്കും "അതിയാനെ പോലെ പ്രായം കൂടുംതോറും ജോസൂട്ടിക്ക് ഗ്ലാമർ അങ്ങ് കൂടുവാ “
പക്ഷെ അതിലല്ല ത്രേസ്യ കുട്ടിയുടെ സങ്കടം .ജോസൂട്ടി ആദ്യം പോയി കണ്ട ശോഭ എന്ന നല്ല മാണിക്കത്ത പെണ്ണിനെ പിറ്റേ ആഴ്ചയിൽ കൂടെ പെണ്ണ് കാണാൻ പോയ കൂട്ടുകാരൻ റോയി കെട്ടി കൊണ്ടുവന്നു, തൊട്ടടുത്ത് താമസവുമായി. അവന്റെ മൂത്ത കൊച്ചു ജോസൂട്ടിയെ അങ്കിൾ എന്ന് വിളിക്കുമ്പോൾ ത്രേസ്യ കുട്ടിയുടെ ചങ്കു പെട പെട മിടിക്കും.
ത്രേസ്യ കുട്ടിയുടെ ഭാഷയിൽ സിനിമ നടി ഷീലയെ പോലെ സ്വർണം പോലൊരു പെണ്ണായിരുന്നു ശോഭ.അവളുടെ മൂക്കിന് നീളം കൂടിയെന്നും സമീപ പ്രദേശത്തെങ്ങും ആര്ക്കും നിൽക്കാൻ പറ്റില്ല എന്നും പറഞ്ഞാണ് ജോസൂട്ടി അവളെ ഒഴിവാക്കിത് .ഇപ്പോൾ അവൾക്കു പിള്ളാര് മൂന്ന്.
വടയും ജിലേബിയും പഴംപൊരിയും ഒരു മാതിരി എല്ലാ കടം ഉള്ള ദിവസങ്ങളിലും പിന്നെ ബാങ്കിന് അവധി ഉള്ള ദിവസങ്ങളിലും പെൺ വീടുകളിൽ ചെന്ന് കഴിച്ചു ജോസൂട്ടിക്ക് കൊളസ്‌ട്രോൾ കൂടിയത് മിച്ചം!
പെണ്ണ് കണ്ടു വന്ന ജോസൂട്ടിയുടെ മുഖം പതിവുപോലെ മ്ലാനം . .എപ്പഴത്തെയും പോലെ ജോസൂട്ടി മുറിയിൽ കയറി വാതിലടച്ചു . ഇന്ന് മുഴുവൻ മൗന വ്രതവും നിരാഹാരവുമാണ് പതിവ് ..നാളെ ഒന്നുമറിയാത്തവനെപോലെ കുളിച്ചൊരുങ്ങി ബാങ്കിൽ പോവും .
പെണ്ണ് കാണലിനു ആങ്ങളയെ ഒരുക്കാൻ വന്ന ഇളയവൾ ലിസിയോടും അവന്റെ കെട്ടിയവനോടും ഇനി ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നും എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തണം എന്നും ത്രേസ്യ കുട്ടി കരഞ്ഞു പറഞ്ഞു .
ഇച്ചായനെ ധ്യാനത്തിന് വിട്ടാലോ എന്ന് ലിസിയുടെ ന്യായമായ ചോദ്യം .എടുപിടീന് അതൊന്നും വേണ്ടെന്നു ത്രേസ്യ കുട്ടി .കഴിഞ്ഞ തവണ ധാന്യത്തിനു പോയ ജോസൂട്ടിക്ക് അവിടെ വന്ന ഒരുത്തിയെ ക്ഷ പിടിച്ചു . കുരിശുപള്ളിയിൽ ചെന്ന് പള്ളിലച്ചനെ കണ്ടു പെണ്ണിന്റെ അഡ്രസ്സും തപ്പി ചെന്നപ്പോൾ പെണ്ണിന് കെട്ടിയവൻ ഒന്ന് ,കൊച്ചുങ്ങളെ രണ്ടു . ആ മനോവിഷമത്തില് ജോസ്സൂട്ടി നിരാഹാരം കിടന്നതു മൂന്നു ദിവസം . അന്ന് തീരുമാനിച്ചു ഇനി ഇവനെ ധ്യാനത്തിന് വിടൂല എന്ന്.
എല്ലാം കേട്ട് നിന്ന ലിസിയുടെ കെട്ടിയവൻ ഒരു പോം വഴി പറഞ്ഞു തന്റെ ഉറ്റ സുഹൃത്ത് ഒരു പീലിച്ചായൻ ഉണ്ടെന്നും അവൻ പരിഹരിക്കാത്ത പ്രശ്നങ്ങൾ ആ നാട്ടിൽ ഇല്ലെന്നും ഉടനെ അവനെ ഇങ്ങോട്ടു എത്തിക്കാമെന്നും ജോസൂട്ടിയുടെ കല്യാണം അവൻ പുഷ്പം പോലെ നടത്തുമെന്നും ത്രേസ്യ കുട്ടിക്ക് വാക്ക് കൊടുത്തുഅവര് പോയി .
പിറ്റേന്ന് ജോസൂട്ടി ബാങ്കിൽ നിന്നും വരുന്നതിനു മുന്നേ പീലിച്ചായൻ എന്ന സകല കല വല്ലഭൻ ത്രേസ്യ കുട്ടിയെ കാണാൻ വന്നു .ജോസൂട്ടി വന്നപ്പോൾ കാപ്പിയും വടയും കഴിച്ചിരിക്കുന്ന പീലിച്ചായനെ കണ്ടു .ത്രേസ്യ കുട്ടിക്ക് പീലിച്ചായനെ നന്നേ ബോധിച്ചു .കാണാൻ ഒരു വർക്കത്തില്ലഎന്ന ഒറ്റ കൊഴപ്പമേ ഉള്ളൂ . ജോസൂട്ടിയും പീലിച്ചായനും കൂടെ നിന്നപ്പോൾ ഇന്നാള് കണ്ട “മായാവി” സിനിമയിൽ മമ്മൂട്ടിയും സലിം കുമാറും നിൽക്കണ പോലെ ത്രേസ്യ കുട്ടിക്ക് തോന്നി . ജോസൂട്ടിക്കും പീലിച്ചായനെ നന്നായി ബോധിച്ചു .
വൈകുന്നേരങ്ങളിൽ പീലിച്ചായൻ ആ വീട്ടിൽ നിത്യ സന്ദർശകനായി .ത്രേസ്യ കുട്ടി അവല് നനച്ചതും കൊഴുക്കട്ടയും പഴം പൊരിയും മാറി മാറി ഉണ്ടാക്കി ആ സൗഹൃദത്തെ പരിപോഷിപ്പിച്ചു .. സൗഹൃദം വീടിനു വെളിയിലേക്കും വ്യാപിച്ചു ..പീലിച്ചായനുമായി പുറത്തു പോയി വരുന്ന ജോസൂട്ടിക്ക് ദിനം പ്രതി തന്റെ ഭാവിവധു സങ്കല്പങ്ങളിൽ കാര്യമായ ചില മാറ്റങ്ങൾ വരാൻ തുടങ്ങി .
ഒരു ദിവസം രാത്രി കഞ്ഞി കുടിക്കുമ്പോൾ അയാള് അമ്മച്ചിയോടു പറഞ്ഞു "അല്ല അമ്മച്ചി മുടിയൊള്ള പെണ്ണുങ്ങള് ഒന്ന് പെറ്റു കഴിഞ്ഞാൽ മുടിയൊക്കെ അങ്ങ് പോവുമല്ലേ ?"
കിട്ടിയ തക്കത്തിന് തന്റെ മുടി മാഹാത്മ്യം ത്രേസ്യ കുട്ടി മകന് മുന്നിൽ വിളമ്പി. പനംകുല പോലെ ഉള്ള തന്റെ മുടി കണ്ടാണ് ജോസൂട്ടിയുടെ അപ്പൻ തന്നെ കെട്ടിയതെന്നും ജോസൂട്ടിയെ പെറ്റു കഴിഞ്ഞപ്പോൾ തന്നെ മുടി പകുതിയായെന്നും അഞ്ചാമത്തവൾ ലിസി കൂടെ വന്നപ്പോൾ അത് എലി വാല് പോലെ ആയെന്നും ത്രേസ്യ കുട്ടി മകന്റെ മുന്നിൽ കുറ്റ സമ്മതം നടത്തി.
ആഴ്ച ഒന്ന് കഴിഞ്ഞു വീണ്ടും അത്താഴ നേരത്തു ചെക്കനും പെണ്ണിനും പൊക്കം ഉണ്ടേല് ഉണ്ടാവുന്ന കൊച്ചു പന പോലെ വളരുമെന്നും ഗതികേടിനു അതൊരു പെണ്ണ് ആണേല് അവൾക്കു ചെക്കനെ തപ്പി താൻ വലയുമെന്നും ജോസൂട്ടി സ്ഥാപിച്ചു.
വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾപെണ്ണിന് നിറം കുറവാണേല് മനസ് പൂ പോലെ ആവൂ അമ്മച്ചി എന്ന് ത്രേസ്യ കുട്ടിയെ കെട്ടി പിടിച്ചു ജോസൂട്ടി പറഞ്ഞു
എന്നതായാലും വേണ്ടൂല നാട്ടുകാരും വീട്ടുകാരും കാത്തിരുന്ന ജോസൂട്ടിയുടെ കല്യാണം കഴിഞ്ഞ ഞായറാഴ്ച കുരുശുപള്ളിയിൽ വെച്ച് കെങ്കേമമായി നടന്നു .പെണ്ണിന് മേൽ പറഞ്ഞ ഗുണങ്ങൾക്കു പുറമെ മുകളിലെ മൂന്നു വരി പല്ലു ലേശം മുന്നിലേക്കാണ് ..ജോസൂട്ടിയെക്കാൾ ഒരു വയസു കുറവുള്ള ആ പെങ്കൊച്ചു ജോസ്സൂട്ടിയുടെ ഉറ്റ ചങ്ങാതി പീലിച്ചായന്റെ കെട്ടാ ചരക്കായി നിന്ന പൊന്നു പെങ്ങളാണ് ...ഇവൾക്ക് ആണേൽ ഒരുത്തനെയും പിടികൂല .വരുന്നവർക്ക് അവളെയും . അവളെ ആരുടെ എങ്കിലും തലയിൽ കെട്ടി വെക്കാൻ നോക്കി നിൽക്കുമ്പോൾ ആണ് ജോസ്സൂട്ടി പീലിച്ചായന്റെ ജീവിതത്തിലേക്ക് കടന്നു ചെന്നത്. അവളും പീലിച്ചായന്റെ പെണ്ണുമ്പിള്ളയും കൂടി പീലിച്ചായന് ഒരു നേരവും സ്വൈരം കൊടുക്കൂല. ഇനി വേണം പീലിച്ചായനും പെമ്പിളക്കും സ്വസ്ഥമായി ജീവിക്കാൻ ..
പെണ്ണിനെ കണ്ട ത്രേസ്യ കുട്ടി അടക്കം പലരും മൂക്കത്തു വിരൽ വെച്ചു പറഞ്ഞു .. “ജോസൂട്ടിയുടെ വിധി!!”
ത്രേസ്യ കുട്ടിക്ക് ഒറ്റ വിഷമമേഉള്ളൂ .. സ്വർണം പോലെ ഉള്ള .. പനകുല പോലെ മുടിയുള്ള സിനിമ നടി ഷീലയെ പോലിരിക്കുന്ന ആ ശോഭയുടെ മുഖത്ത് ഞാൻ ഇനി എങ്ങിനെ നോക്കും എന്ന ഒറ്റ വിഷമം. പിന്നെ സ്വയം സമാധാനിച്ചു.
അല്ല നടക്കാനുള്ളത് നടക്കും ..അത് ജോസൂട്ടിയുടെ കാര്യത്തിൽ അച്ചട്ട്!! Sanee John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot