Slider

സ്നേഹം!! സ്നേഹം മാത്രം !!

0
സ്നേഹം!! സ്നേഹം മാത്രം !!
"ശേഖരാ .. നീ എന്നോട് പൊറുക്കണം .. നീ അങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരും എന്നറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ ഒരിക്കലും ശാരദക്ക്‌ വിട്ടുകൊടുക്കില്ലായിരുന്നു"
വക്കീൽ കുമാര മേനോന്റെ .. തന്റെ വലിയമ്മാവന്റെ വാക്കുകൾ അപ്പോഴും ശേഖരൻ കുട്ടിയുടെ കാതിൽ മുഴങ്ങി കേട്ടു ..
ആ വലിയ വീടിന്റെ വിശാലമായ നടുത്തളത്തിൽ കറുത്ത ചായം തേച്ച തറയിൽ വെള്ളപുതപ്പിച്ച്‌ തെക്കുവടക്കായി കിടത്തിയിരിക്കുന്ന വലിയമ്മാവന്റെ മുഖത്തോട്ട് നോക്കി നിൽക്കുമ്പോൾ വര്ഷങ്ങള്ക്കു മുൻപ് ... ആ പതിനഞ്ചു വയസുകാരൻ ശേഖരനെ ... വലിയമ്മയുടെ കൂടെ തറവാട്ടിലോട്ട് പറഞ്ഞയക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ ഒളിക്കാൻ പാടുപെട്ട വലിയമ്മാവനെ ഓർമ്മ വന്നു..!
അമ്മ മരിക്കുമ്പോൾ അമ്മാവനെ ഏൽപ്പിച്ചതാണ് വെറും രണ്ടു വയസു പ്രായം മാത്രമുണ്ടായിരുന്ന ശേഖരനെ .. അന്ന് വിവാഹം പോലും കഴിക്കാത്ത കുമാരമേനോൻ നിർത്താതെ കരയുന്ന കുഞ്ഞുമായി എന്ത് ചെയ്യേണ്ടുവെന്നറിയാതെ തന്റെ മറ്റൊരു സഹോദരി ശാരദയെ ഒന്ന് നോക്കി ...
അന്നവർ പറഞ്ഞത്
" എന്റെ നാല് മക്കളെ നോക്കാൻ തന്നെ ഞാനിവിടെ കഷ്ടപ്പെടുകയാണെന്ന് ഏട്ടനറിയാമല്ലോ ?? ഇതിനിടയിൽ ഒന്നിനെ കൂടി എനിക്ക് ബുദ്ധിമുട്ടാകും " എന്നാണ് ..
അന്നിറങ്ങിയതാണ് ശേഖരനെയും കൂട്ടി..പിന്നീട് വിവാഹം കഴിച്ച് കുട്ടികളൊക്കെ ആയെങ്കിലും ശേഖരൻ തന്നെ ആയിരുന്നു അദ്ദേഹത്തിന് മൂത്ത മകൻ .. പ്രതാപിയായ അമ്മാവന്റെ തണലിൽ ഒരു കുറവും ശേഖരൻ അറിഞ്ഞില്ല.. പക്ഷെ വലിയമ്മയുടെ മകൻ ജോലികിട്ടി അന്യദേശത്ത് പോവുകയും വലിയമ്മയുടെ ഭർത്താവ് മരിക്കുകയും ചെയ്തതോടെ വലിയമ്മ അമ്മാവനോട് ശേഖരനെ തറവാട്ടിലോട്ട് അയക്കാൻ നിർബന്ധിക്കാൻ തുടങ്ങി ..
അതിനവർ പറഞ്ഞ കാരണം
" ഒരു ആൺ തുണ ഇല്ലാതെ ഞാനും ഈ മൂന്നു പെൺകുട്ടികളും ആ വലിയ പുരയിടത്തിൽ ഒറ്റക്കല്ലേ ഏട്ടാ.. ഒന്ന് വിളിച്ചാൽ പോലും വിളിപ്പുറത്തെങ്ങും ആരുമില്ല.. ശേഖരനെ ഞാൻ നോക്കിക്കോളാം .. അവന്റെ അമ്മ എന്റെയും കൂടി അനിയത്തിയല്ലേ ".. എന്നാണ്
ഇത്രനാൾ അവനോടില്ലാത്ത സ്നേഹം ഇപ്പോൾ എവിടെ നിന്നും വന്നുവെന്ന് വലിയമ്മാവന്റെ മുഖം വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അദ്ദേഹം വായതുറന്ന് അത് അവരോട് ചോദിച്ചില്ല .. ശേഖരനോട് പുറപെടാൻ ഒരുങ്ങിക്കൊള്ളാൻ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു .. വല്യമ്മയോടൊപ്പം ശേഖരൻ പടിയിറങ്ങി പോകുമ്പോൾ വീട്ടിനുള്ളിൽ നിന്നും മക്കളുടെ തേങ്ങൽ അദ്ദേഹം കേട്ടു .. അവർക്ക് ശേഖരൻ വല്യേട്ടനായിരുന്നല്ലോ !
പക്ഷെ ... ഇത്ര വലിയ കഷ്ടപ്പാടിലേക്കും ദുരിതത്തിലേക്കുമാണ് ശേഖരൻ ചെന്ന് കയറിയതെന്ന് വളരെ വൈകിയാണ് കുമാരമേനോൻ അറിഞ്ഞത് .. വല്യമ്മക്ക് വേണ്ടത് വീട്ടുകാവലിന് ഒരു കാവൽ നായയും കൊപ്രാക്കളത്തിലും പാടത്തും പണിചെയ്യാൻ ഒരു ജൊലിക്കാരനെയുമായിരുന്നു.. പത്താം തരം നല്ല മാർക്കോടെ പാസായ ശേഖരനെ തുടർന്ന് പഠിപ്പിക്കാനൊന്നും വല്യമ്മക്ക്‌ താത്പര്യമുണ്ടായിരുന്നില്ല.. ഒരിക്കൽ തന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞ അമ്മാവന്റെയടുത്തേക്ക് പരാതിയുമായി ചെല്ലാൻ ശേഖരന്റെ അഭിമാനം സമ്മതിച്ചില്ല.. !
വല്യമ്മയോട് കെഞ്ചി പറഞ്ഞപ്പോൾ അവർ ശേഖരനെ അടുത്തുള്ള ഐ റ്റി ഐ ഇന്സ്ടിട്യൂഷനിൽ ചേരാൻ അനുവദിച്ചു .. ബാക്കി സമയമത്രയും എല്ലുമുറിയെ പണിതോളാം എന്ന ഉടമ്പടിയിൽ
" നിന്റെ അച്ഛനും അമ്മയും ഒന്നും സമ്പാദിച്ചു വെച്ചീടില്ലിവിടെ .." ഇടക്കിടെ വല്യമ്മ ഓർമിപ്പിച്ചു.. കഴിക്കുന്ന ആഹാരത്തിനു വരെ കണക്കു പറഞ്ഞു .. എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി നേടി ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു ശേഖരന്റെ ലക്‌ഷ്യം ..
രാവിലെ പാടത്ത് പണി .. അതുകഴിഞ്ഞ് വന്ന് പഠിക്കാൻ പോകണം .. ഉച്ചക്കു ക്ലാസുകഴിഞ്ഞ്‌ തിരികെ വന്നാൽ കൊപ്രാക്കളത്തിൽ... ശേഖരന്റെ ദിവസങ്ങൾ തിരക്ക് പിടിച്ചവയായി.. മരിച്ചു പോയ വലിയച്ഛന്റെ സൈക്കിളിൽ ആഞ്ഞു ചവിട്ടി ശേഖരൻ എത്തേണ്ടിടത്തൊക്കെ എത്താൻ പാടുപെട്ടു ... എന്നീട്ടും ഒരു നല്ലവാക്കുപോലും വല്യമ്മയും മക്കളും പറഞ്ഞില്ല!
ഒരുദിവസം പാടത്തെ പണികഴിഞ്ഞ് സൈക്കിളിൽ അമ്പലകുളത്തിലേക്ക് പായുകയായിരുന്നു ശേഖരൻ... മഴ പെയ്ത് വഴിയിലൊക്കെ ചെളിവെള്ളം കെട്ടി കിടന്നിരുന്നു.. "അയ്യോ... " എന്നൊരു നിലവിളി കേട്ടപ്പോൾ പെട്ടെന്ന് സൈക്കിൾ നിർത്താൻ നോക്കി ശേഖരനും സൈക്കിളും കൂടി ദാ കിടക്കുന്നു കുഴിയിലെ ചെളിയിൽ .. വീണിടത്തുനിന്നും ചാടി എഴുന്നേറ്റ ശേഖരൻ ചുറ്റും നോക്കി .. ഒരു പെൺകുട്ടി നെഞ്ചത്തടുക്കി പിടിച്ച പുസ്തകകെട്ടുമായി ദേഷ്യത്തോടെ അവനെ നോക്കി നിൽപ്പുണ്ട് .. അവളുടെ വെളുപ്പിൽ നീലപൂക്കളുള്ള പാവാട മുഴുവൻ ചേറു തെറിച്ചിരുന്നു !!
അവളുടെ കണ്ണിൽ നിന്നും തീപ്പൊരി പറക്കുന്നുണ്ടോ ?? മഴ ചാറുമ്പോഴും ശേഖരൻ നിന്നും വിയർത്തു ...
"മുഖത്തെന്തിനാ രണ്ടെണ്ണം പെട്രോമാക്സ് പോലെ ഇരിക്കുന്നെ ?? മനുഷ്യർ വഴിനടക്കുന്നത് കണ്ടുകൂടെ ?? "
അവൾ ശേഖരനോട് ചീറി
" അറിയാതെ പറ്റിപോയതാ ..ക്ഷമിക്കണം .. കോളേജിൽ പോവുകയായിരുന്നു അല്ലെ ?? ഉടുപ്പിലോക്കെ ചേറായല്ലോ .. ഇനി വീട്ടിൽ പോയി ഉടുപ്പു മാറി വരാൻ സമയമുണ്ടാകുമോ??"
ശേഖരൻ വിഷമത്തോടെ ചോദിച്ചു
ശേഖരന്റെ തോറ്റുകൊടുക്കലിനു മുൻപിൽ അവളുടെ ദേഷ്യം കുറഞ്ഞപോലെ ... ചുണ്ടിന്റെ കോണിൽ ഒരു ചെറിയ ചിരി ..
"സാരമില്ല ... പെട്ടന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞതാ .. വീട് ഇവിടെ അടുത്ത് തന്നെയാ .. ദാ ആ വളവു തിരിഞ്ഞ് രണ്ടാമത്തെ.. "
അവൾ പറഞ്ഞു
ശേഖരനെ ആകെയൊന്നു നോക്കി ചോദിച്ചു
" മുഴുവൻ നനഞ്ഞല്ലോ ??"
ശേഖരൻ ചിരിച്ചു
" ഞാൻ പാടത്തു നിന്നും വരുന്ന വഴിയാ.. കുളിക്കാനായി പോകുകയായിരുന്നു .. ഇന്നല്പം താമസിച്ചു പോയി .. അതാ വേഗത്തിൽ സൈക്കിൾ ചവിട്ടിയെ .. കുളി കഴിഞ്ഞു വേണം ക്‌ളാസിൽ പോകാൻ .. "
മറിഞ്ഞു കിടന്നിരുന്ന സൈക്കിൾ എടുത്ത് നിവർത്തി വേഗത്തിൽ കുളത്തിലേക്ക് പായുന്ന ശേഖരനെ സാവിത്രി നോക്കി നിന്നു ...
സാവിത്രി .. അധ്യാപകരായ സുകുമാരൻ സാറിന്റെയും ജാനകി ടീച്ചറിന്റെയും ഏക മകൾ.. അഞ്ചു സഹോദരൻമാർക്ക് ഒരേയൊരു പെങ്ങൾ.. ഒന്നിനും ഒരുകുറവും അറിയാതെ വളർന്നവൾ .. പക്ഷെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമല്ലോ ദൈവം എഴുതി വെച്ച ഒരു തിരക്കഥ .. അങ്ങനെയൊന്ന് സാവിത്രിയുടെ ജീവിതത്തിലും ഉണ്ടായി .. രാപ്പകലില്ലാതെ ജോലിചെയ്ത് കഷ്ടപ്പെട്ട്‌ പഠിക്കുന്ന ശേഖരനോട് അവൾക്കു തോന്നിയ താത്പര്യം ..!! സഹതാപത്തിൽ തുടങ്ങി സ്നേഹമായും പിന്നീട് പ്രണയമായും വളർന്ന, വല്ലാത്തൊരു ഹൃദയ ബന്ധം .. ഒഴിഞ്ഞു മാറാൻ ശേഖരൻ പലകുറി ശ്രമിച്ചെങ്കിലും സാധിച്ചില്ല..!!
കുടുംബമഹിമയും .. സാമ്പത്തിക അന്തരവും.. അനാഥത്വവും .. വിദ്യാഭ്യാസത്തിന്റെ കുറവും.. അങ്ങനെ അങ്ങനെ നൂറുകാരണങ്ങൾ നിരത്തി സഹോദരങ്ങൾ സാവിത്രിയുടെയും ശേഖരന്റേയും ബന്ധത്തെ എതിർത്തു .. പക്ഷെ അവൾ പാറപോലെ ഉറച്ചു തന്നെ നിന്നു .. വേഗന്നൊരു ജോലി സമ്പാദിച്ചുവരാൻ അവൾ ശേഖരനോട് ആവിശ്യപ്പെട്ടു .. അവളുടെ വാശിക്കും വീറിനും മുൻപിൽ അവസാനം മാതാപിതാക്കൾ കീഴടങ്ങി .. ശേഖരന്റെ വല്യമ്മയും മക്കളും എതിർപ്പുമായി വന്നു .. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായപ്പോൾ ശേഖരൻ വന്നവഴി മറന്നുവെന്ന് പറഞ്ഞു നടന്നു.. അവസാനം വല്യമ്മാവൻ ഇടപെട്ടു .. ശേഖരന് കൊടുക്കേണ്ട ഭൂമി ഭാഗം വെച്ച് കൊടുത്തു .. അവിടെ സ്വന്തം ആദ്ധ്വാനവും കുറച്ചു കടവുമൊക്കെയായി ഒരു ചെറിയ വീട് സ്വന്തമായുണ്ടാക്കാൻ അയാൾക്ക് കഴിഞ്ഞു ..!
വിവാഹശേഷം സാവിത്രിയുമായി ശേഖരൻ ആ വീട്ടിൽ താമസം തുടങ്ങി ..!! ഇല്ലായ്മകൾ ഏറെയുണ്ടെങ്കിലും സന്തോഷകരമായ ജീവിതം..!
ബുദ്ധിമുട്ടുകൾ ഒന്നുമറിയാതെ വളർന്ന സാവിത്രിക്ക് വളരെ പ്രയാസമായിരുന്നു ആ ഇല്ലായ്മകളിലെ ജീവിതം .. പക്ഷെ ആരുടേയും സഹായമില്ലാതെ ജീവിച്ചു കാണിക്കും എന്ന അവളുടെ വാശി .... അത് എല്ലാ പ്രതിബന്ധങ്ങളെയും തച്ചുടക്കാൻ പോന്നതായിരുന്നു .. പത്തു കിട്ടിയാൽ അഞ്ചു ചിലവാക്കി ബാക്കി അഞ്ച് അരിക്കലത്തിൽ പൂഴ്ത്തി വെച്ചും .. സ്വന്തം അടുക്കള തോട്ടത്തിൽ ഉണ്ടാവുന്നതുകൊണ്ട് മാത്രം തൃപ്തിപ്പെട്ടും .. അടുത്ത വീടുകളിലെ കുട്ടികൾക്കു റ്റ്യൂഷൻ എടുത്തും .. പിഞ്ഞി കീറാൻ തുടങ്ങുന്ന സാരി തുന്നിച്ചേർത്ത് ഉടുത്തും .. ശേഖരൻ പുറത്തു നിന്നും ഒരു ചായ കുടിച്ചാൽ പോലും കണ്ണുരുട്ടി പേടിപ്പിച്ചും സാവിത്രി വീട്ടമ്മയുടെ ഭാഗം ഭംഗിയായി ചെയ്തു ... !!
പഴയ പാവം പാവാടക്കാരിയിൽ നിന്നും പിശുക്കിയും കർക്കശക്കാരിയും വാശിക്കാരിയുമൊക്കെയായി മാറിയ സാവിത്രിയോട് ശേഖരനുള്ള സ്നേഹത്തിൽ അല്പം ബഹുമാനം കൂടി വന്നു ചെർന്നു..!
രണ്ടുകുട്ടികൾ ആയപ്പോൾ വീട്ടുചിലവിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ശേഖരനും സാവിത്രിയും നന്നേ വിഷമിച്ചു .. പക്ഷെ ഒരിക്കൽ പോലും ആരുടെ മുൻപിലും കൈനീട്ടിയില്ല .. ചുറ്റുപാടും നല്ലനിലയിൽ കഴിയുന്ന ബന്ധുക്കളുടെ ഇടയിൽ സ്വന്തം മക്കൾക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാൻ അവർ രാപ്പകലില്ലാതെ അദ്ധ്വാനിച്ചു...
പക്ഷെ മക്കൾ ഒരിക്കലും ഒന്നിനും പരാതിപെട്ടില്ല.. അവർ എല്ലാം അറിയുന്നുണ്ടായിരുന്നു .. വൃത്തിയുള്ളതെങ്കിലും നരച്ചുതുടങ്ങിയ കുപ്പായവുമായി സ്കൂളിലും ക്കോളേജിലുമോക്കെ പോകുന്ന മക്കളെ നോക്കി ശേഖരൻ പലപ്പോഴും സങ്കടപ്പെട്ടു .. പക്ഷെ സാവിത്രിക്ക് കുലുക്കമില്ലായിരുന്നു .. " അവർ കഷ്ടപ്പാട് അറിഞ്ഞു വളരട്ടെ .. എന്റെ മക്കൾ നന്നാകും .. നോക്കിക്കോളൂ "..
സാവിത്രി ശേഖരനെ സമാധാനിപ്പിക്കും
മക്കളുടെ പഠിത്തം പ്രൊഫഷണൽ കോഴ്സുകളിൽ എത്തിയപ്പോൾ പുരയിടത്തിലെ ആഞ്ഞിലിയും തേക്കുമോക്കെ ഓരോന്നായി അപ്രത്യക്ഷമായി .. സ്വന്തം അച്ഛൻ വെച്ചു നീട്ടിയ പണം ആദ്യം സാവിത്രി വാങ്ങിയില്ല .. അവസാനം അദ്ദേഹത്തിന്റെ സങ്കടത്തിന്റെയും നിര്ബന്ധത്തിന്റെയും മുൻപിൽ ഗത്യന്തരമില്ലാതെ കുറച്ചു പണം വാങ്ങി ..!! മകളെ വേണ്ടപോലെ സഹായിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം ആ പാവം വൃദ്ധന് ഉണ്ടാകരുതെന്ന് കരുതി മാത്രം !!
സാവിത്രിയുടെയും ശേഖരന്റേയും കഷ്ടപ്പാടുകൾക്കെല്ലാം ഇന്ന് ഫലമുണ്ടായിരിക്കുന്നു .. മക്കളുടെ പഠനം കഴിഞ്ഞ് അവർക്ക് ജോലിയായി ... അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ നന്നായി അറിഞ്ഞതുകൊണ്ടാവും അവർക്കിന്നും അവസാനവാക്ക് അചനമ്മമാരുടെ തന്നെയാണ്..
" ഞാനെന്റെ അമ്മയെ കണ്ടതായി പോലും ഓർക്കുന്നില്ല " എന്ന് സങ്കടം പറഞ്ഞ ശേഖരനോട് നാട്ടിലെ പ്രായമായ ഒരു സ്ത്രീ പറഞ്ഞു
" അതിനു നീ വിഷമിക്കണ്ട ശേഖരാ..നീ നിന്റെ മോളുടെ മുഖത്തോട്ട് നോക്ക് ... അവിടെയുണ്ട് നിന്റെ അമ്മ ... അതുപോലെ തന്നെ "!!
മകളെ ചേർത്ത് പിടിക്കുമ്പോൾ ശേഖരന്റെ കണ്ണു നിറഞ്ഞിരുന്നു .. കണ്ടുനിന്ന സാവിത്രിയുടെയും!!
സ്നേഹം കലത്തിലിട്ടു പുഴുങ്ങിയാൽ ചോറാകുമോ ? കുറെ സ്നേഹം മാത്രമുണ്ടെങ്കിൽ ജീവിതം കരപറ്റുമോ??എന്നൊക്കെ ചോദിക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ശേഖരനും സാവിത്രിയും ...
സ്നേഹമാണ് ജീവിതം .. സ്നേഹം തന്നെയാണ് ജീവിതം !! അതുണ്ടെങ്കിൽ അല്പം കഷ്ടപെട്ടാലും ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും .. പക്ഷെ സ്നേഹമില്ലെങ്കിൽ ഉള്ളിൽ പ്രണയമില്ലെങ്കിൽ വേറെ എന്തൊക്കെ ഉണ്ടെങ്കിലും ഒന്നുമില്ലാത്ത പോലെ തന്നെയാണ് .. എല്ലാ കുടുംബങ്ങളിലും സ്നേഹം നിറയട്ടെ .. അതുകണ്ട് മനസുനിറയെ സ്നേഹമുള്ള ഒരു പുതിയ തലമുറ വളർന്നു വരട്ടെ .. !!!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo