Showing posts with label SivarajanKovilazhikam. Show all posts
Showing posts with label SivarajanKovilazhikam. Show all posts

കളിയാട്ടം....{കഥ }


 ഒറ്റപ്പെട്ടുനില്ക്കുന്ന ആ വീടിനുനേരെ നടന്നെത്താൻ അയാളുടെ മനസ്സാഗ്രഹിച്ചെങ്കിലും ശരീരം വഴങ്ങുന്നില്ല,നാപ്പത്തിയഞ്ചു കടന്നിട്ടില്ലെങ്കിലും. തല പാതിയിലേറെയും നരച്ചിരിക്കുന്നു. കണ്ണുകൾക്ക്‌ ചുറ്റും കറുപ്പ് പടർന്ന് ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്ന മുഖം.തോളിലെ ചെണ്ടയ്ക്കും വാർദ്ധക്യം ബാധിച്ചപോലെ .

പുലരിയുടെ കുളിർമ്മയിലും വിയർപ്പ് ചാലിട്ടൊഴുകുമ്പോൾ തുവർത്തുകൊണ്ടത് ഒപ്പിയെടുത്തു അയാൾ വേഗം നടന്നു .നഗ്നപാദങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന പുല്ലുകൾക്കിടയിലെ തൊട്ടാവാടികൾ കുത്തിനോവിച്ചതൊന്നും ആ യാത്രികൻ അറിഞ്ഞതേയില്ല .വയലും ഇടവഴിയും താണ്ടി വീടിന്റെ മുറ്റത്തെത്തുമ്പോൾ , കിതപ്പിനെയും പിൻതള്ളിയെത്തുന്ന തന്റെ ചുമയുടെ പ്രതിധ്വനി അയാളുടെ കാതുകളിൽ മുഴങ്ങിനിന്നു.

"വാസുവേ .അലങ്കാരം കഴിഞ്ഞോ ? "

ജീവിതത്തിന്റെ വേരാഴ്ങ്ങൾ കണ്ടെത്താനാകാതെ വിധിവെയിലിൽ ആടിയുലഞ്ഞു കറുത്തുപോയ വന്മരംപോലെ ഒരു മനുഷ്യൻ .വാതിൽ തുറന്ന് ഉമ്മറത്തെത്തി.

"ഈ ചുമയിനിയും മാറിയില്ലേ കൃഷ്ണേട്ടാ"

മുറ്റത്തു ചെണ്ടയിറക്കിവയ്ക്കുമ്പോൾ അയാൾ ,കാലം കവർന്നെടുത്ത ചിരിമുത്തുകൾക്കുവേണ്ടി വെറുതെ പരതിയെങ്കിലും ചുമ അതിനെ തടസ്സപ്പെടുത്തി .

"ഓ ....... അതെന്നെയുംകൊണ്ടേ പോകൂ .നീയാ തീപ്പെട്ടി ഇങ്ങെടുക്ക്".മടിയിൽനിന്നു തെറുപ്പുബീഡി ഒരെണ്ണമെടുത്തു അയാൾ ചുണ്ടിൽവച്ചു .

"അല്ല പിന്നെയെങ്ങനെയാ ചുമ കുറയുന്നത് ? ഇതിനൊരു കുറവുമില്ലല്ലോ !ഇപ്പൊ കത്തിക്കണ്ടാ ,ഇത്തിരി ചൂടുകഞ്ഞി കുടിക്കാം"

കത്തുന്ന വിശപ്പിന്റെ കാഹളങ്ങളെ ഉള്ളിലൊളിപ്പിച്ചു അയാൾ വെറുതേ ചിരിച്ചു.

"വിലാസിനീ കഞ്ഞി കൃഷ്ണേട്ടനുംകൂടെ എടുത്തോളൂ ,അപ്പു എവിടെ ?അവൻ കഞ്ഞികുടിച്ചോ?ഇനി കഞ്ഞി കുടിച്ചാകാം ചമയങ്ങൾ "

കാലം തെറ്റിവന്ന ചാറ്റൽമഴ കാറ്റിനൊപ്പം കടന്നുപോകുമ്പോൾ മഴനനയാൻ കൊതിച്ചുനിന്ന അപ്പു വേഗം അടുക്കളവഴി അകത്തേക്കുവന്നു .

മഴച്ചാറ്റൽ നനഞ്ഞ് ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കിവയ്‌ക്കേണ്ടെന്റെ കുട്ട്യേ .ചേലത്തലപ്പുകൊണ്ട് തലതുടച്ച അമ്മയുടെ കൈകൾ തട്ടിമാറ്റി അവൻ ചെണ്ടയ്ക്കു നേരേ പാഞ്ഞു .

"ഇലത്താളത്തിനാരാ വാസുവേ ?"

അപ്പുവാണിന്ന് ഇലത്താളം.

"അവന് സ്കൂളിൽ പോകണ്ടേ ...?"

ആവശ്യത്തിനും അനാവശ്യത്തിനും സമരവും സമരാഭാസവും നടക്കുന്ന നാട്ടിൽ വിദ്യാർത്ഥികളെക്കുറിച്ചു ആര് ചിന്തിക്കാൻ ,

അല്ലെങ്കിലും തെയ്യംകെട്ടിയാൽ അവനു സ്കൂളിൽ പോകാൻ വലിയ മടിയാണല്ലോ,

ചെണ്ടയിൽ തന്റെ കുഞ്ഞുവിരലുകൾകൊണ്ട് അപ്പു മെല്ലേ താളംപിടിച്ചു .അവന്റെ താളവിസ്മയത്തിൽ മതിമറന്ന് അവരൊക്കെ തലയാട്ടി നിന്നു .

"നല്ല താളബോധമുള്ള ചെക്കനാ അപ്പു,അവനെ കലാമണ്ഡലത്തിൽ വിട്ട് ,കൊട്ടു പഠിപ്പിച്ചാൽ ലോകമറിയുന്ന കലാകാരനാകും വാസുവേ"

"എന്റെ കൃഷ്ണേട്ടാ നമ്മെപ്പോലുള്ളവർക്കു കലാമണ്ഡലമൊക്കെ സ്വപ്നംമാത്രമല്ലേ .പിന്നെ അവിടെ പഠിച്ചല്ലല്ലോ നാട്ടിലുള്ള എല്ലാവരും കൊട്ടുകാരായത്"

എത്ര അടക്കിപ്പിടിച്ചിട്ടും മനഃപൂർവ്വം മറന്നുവച്ച ആ ഇഷ്‌ടം വാസുവിന്റെ നെഞ്ചടുപ്പിൽ പുകയുന്നതു മറ്റാരുമറിഞ്ഞില്ല .

അകലെയെങ്ങോനിന്നു പെരുംചെണ്ടയുടെ ആസുരതാളം ശംഖാരവങ്ങൾക്കൊപ്പം അവരുടെ കാതുകളിലേക്കെത്തി.എവിടെയോ തെയ്യം ചുവടുവച്ചുതുടങ്ങിയിരിക്കുന്നു .

"രാമേട്ടനാണെന്നു തോനുന്നു,പാവം നടക്കാനും അവതില്യാണ്ടായി."

"അതേവാസുവേ, രാമേട്ടനാ ....പൊന്നനാണ് ചെണ്ടക്കാരൻ"

വാസുവെറ്റിലയിൽ നൂറും തേച്ചു ഉമ്മറത്തുവിരിച്ച പുല്പ്പായയിൽ കൃഷ്ണേട്ടനൊപ്പം ഇരുന്നു.നാലുംകൂട്ടി മുറുക്കുന്നതിനിടയിൽ അയാളിലൂടെ കടന്നുപോയത് തന്റെ ഗുരുനാഥാനായ രാമേട്ടനെന്ന തെയ്യത്തിലെ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു .പ്രായത്തിനേക്കാളും ഏകമകന്റെ മരണം വല്ലാതെ തളർത്തിക്കളഞ്ഞപ്പോഴും പതറാതെ പിന്നുള്ള നാല് പെൺകുട്ടികൾക്കായി ഇന്നും വേഷം കെട്ടുന്ന രാമേട്ടന്റെ പാദങ്ങളിൽ മനസ്സുകൊണ്ട് തൊട്ട് വാസു ഒരു നിശ്വാസത്തോടെ പിന്നെയും ചമയങ്ങളിലേക്കു തിരിഞ്ഞു.

"ഈ തെയ്യക്കാലവും പട്ടിണിയാണോ ഭഗവതീ !! ചെമ്പോട്ടമ്മേ നീ തന്നെ തുണ."

ബീഡി ആഞ്ഞുവലിക്കുന്ന കൃഷ്ണേട്ടന്റെ ആത്മഗതം മൺഗർഭങ്ങളിലേക്കു ആഴ്ന്നിറങ്ങുന്ന മഴനിലവിളിപോലെ .ഉച്ചത്തിലായിരുന്നു. .

"അപ്പു"

വിളികേട്ടു അപ്പുവെളിയിലേക്കെത്തി ,വേലിക്കൽ പുതിയ ചിത്രകഥാപുസ്തകവുമായ് അമ്മുവിനെ കണ്ടപ്പോൾ അവനു സന്തോഷം ഏറെയായി .അവനോടി അവളുടെയടുത്തെത്തി .

"ചേച്ചി ,ഇന്ന് അച്ഛനൊപ്പം നാടുചുറ്റാൻ ഞാനും പോകുന്നുണ്ട്,ഞാനാ ഇലത്താളം,"അവൻ അഭിമാനത്തോടെ പറഞ്ഞു.

"ആഹാ ....അപ്പുവലിയ കലാകാരനായല്ലോ" നിറഞ്ഞ ചിരിയോടെ അമ്മു പുസ്തകം അവനുനേരെ നീട്ടി ,ഒപ്പം കുറച്ചു പലഹാരവും

"അസത്ത് ,നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാൻ ആ എരണം കെട്ട ചേക്കന്റടുത്തേക്കു പോയിരിക്കുവ ,ആരാ ചോദിക്കാനും പറയാനും "

പിന്നിൽ ഉയർന്നുകേൾക്കുന്ന അമ്മമ്മയുടെ ജല്പനങ്ങൾ അവൾ കേട്ടില്ലെന്നു നടിച്ചു,അവനും കേട്ട് ശീലമായതു കൊണ്ട് ചിരിക്കുകമാത്രം ചെയ്തു .

"ഞങ്ങളിപ്പം കാവിലേക്കുപോകും", തെല്ലുറക്കെയാണ് അവളതു പറഞ്ഞത് ,ഒരു സന്ദേശം പോലെ.

വാസു ജനലിൽക്കൂടി അത് കാണുന്നുണ്ടായിരുന്നു,അത് അയാൾക്കുള്ള സന്ദേശമാണെന്നും അറിയാം.

തന്റെ മകൾ,

ചമയം മറന്നയാൾ അവളെത്തന്നെ നോക്കിനിന്നു .

ദൂരെ മകളെയും പ്രതീക്ഷിച്ചു നിൽക്കുന്ന സുഭദ്ര അപ്പുവിനുനേരെ കൈവീശികാട്ടി ,തിരികെ അവനും

സുഭദ്ര ...കീഴോട്ടുവീട്ടിലെ തമ്പുരാട്ടിക്കു എന്തിനും ഏതിനും അടിയാനായ വാസു വേണമായിരുന്നു ,കളിക്കാനും ഒപ്പം നടക്കാനും തല്ലുകൂടാനുമൊക്കെ .ബാല്യസൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അവരുപോലുമറിയാതെയായിരുന്നു .കൊടിയ പീഡനങ്ങൾക്കു വിദേയയായിട്ടും പിന്മാറാൻ അവൾ തയാറായില്ല .സഹോദരനും അച്ഛനും ചേർന്നൊരുക്കിയ കെണിയിപ്പെട്ടു വാസുവിന്റെ അച്ഛന്റെ ജീവൻ നഷ്‌ടമായെന്ന് അറിഞ്ഞപ്പോൾ ,വാസുകൂടി നഷ്‌ടപ്പെടാതിരിക്കാൻ അവൾ മറ്റൊരു വിവാഹത്തിനു സമ്മതം മൂളി .വിവാഹ പന്തലിൽനിന്നും സഹോദരൻ സുധാകരനെ പോലീസ് അറസ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും അവളിൽ നിറഞ്ഞുനിന്നത് നിര്വികാരത്വമായിരുന്നു .

വിവാഹം കഴിഞ്ഞു മൂന്നാം നാൾ ശർദ്ദിച്ചു അവശയായ അവളെ ഉപേക്ഷിച്ചു ഭർത്താവ് നടന്നുപോകുമ്പോൾ യുദ്ധം ജയിച്ച പോരാളിയുടെ ഭാവമായിരുന്നവൾക്കു,ജീവിക്കാനുള്ള കൊതിയും .

പിന്നെ നാലഞ്ചു വർഷങ്ങൾക്കു ശേഷമാണ് സുഭദ്ര നാട്ടിലെത്തിയത് ,അടിമയെപ്പോലുള്ള ഭർതൃഗൃഹത്തിലെ ജീവിതം ഉപേക്ഷിച്ചു പോരുമ്പോൾ അവളുടെയൊപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നു .

തറവാട്ടു കാർന്നോരുടെ മരണത്തോടെ സുഭദ്ര വെളിയിലേക്കിറങ്ങിത്തുടങ്ങി, അമ്മയുടെ ശകാരവർഷങ്ങൾ അവൾ കേട്ടില്ലെന്നുനടിച്ചു,

ഏറെ താമസിയാതെ അമ്മു അപ്പുവുമായി ചങ്ങാത്തമായി ,അതിലൂടെ വാസുവുമായും .രക്തം രക്തത്തിനെ തിരിച്ചറിഞ്ഞപ്പോൾ മകളെയൊന്നു താലോലിക്കാൻ ,അടുത്തിരുത്താൻ ആകാതെ ആ അച്ഛൻ നെടുവീർപ്പുകളിൽ അഭയം തേടി .

"വാസു നീയെന്താ ആലോചിക്കുന്നേ ,പുറപ്പെടുകയല്ലേ" .

അയാൾ ഓർമ്മകളിൽ നിന്നും പുറത്തുവന്നു.

തുലാം പത്തു കഴിഞ്ഞാൽ തെയ്യക്കാലമായി. ഭക്തരുടെ കാണിക്കകൊണ്ട് പട്ടിണിമാറ്റാൻ നിറഞ്ഞാടുന്ന തെയ്യങ്ങൾ .അരിപ്പൊടിയും നൂറും മഞ്ഞളും വെളിച്ചെണ്ണയും വെള്ളവും ചേർത്തുചാലിച്ച് ,ചതച്ച ഈർക്കിൽകൊണ്ട് മുഖത്തും ദേഹത്തും ചായം പിടിപ്പിച്ചു.കഴുത്തിൽക്കെട്ടും മാറുംമുല, ഏഴിയരം ചാർത്തി വള,കടകം,ചൂടകം കൈകളിലണിഞ്ഞു .ചിലമ്പും പറ്റുമ്പാടകവും മണിക്കയലും കാലിലണിഞ്ഞ് വെളിയിലേക്കു വന്ന വാസു ..ഒരുക്കിവച്ചിരുന്ന പന്തമെടുത്ത് അരയിൽ തിരുകി.

തീപ്പന്തംവച്ചുള്ളകളി വേണോ ?

പോയവർഷത്തെ അപകടം മനസ്സിലോർത്താണ്‌ കൃഷ്ണേട്ടൻ അതു ചോദിച്ചത്.

വേണം ...മറ്റു തെയ്യങ്ങളിൽനിന്നു നമ്മെ വ്യത്യസ്തമാക്കുന്നതു തീയാട്ടമല്ലേ ?

കൈയിലെ തീപ്പൊള്ളലേറ്റ അടയാളം വെറുതെ തടവി ഒന്ന് നിശ്വസിച്ചു അയാൾ .

അപ്പുവിനെ കുട്ടിത്തെയ്യമാക്കാമായിരുന്നു നമുക്കു കുറച്ചു ദക്ഷിണ അതുവഴിയും കിട്ടിയേനെ

വേണ്ടാ ,അവൻ തെയ്യമാകേണ്ടാ,,

പരിഭവക്കെട്ടുകളുടെ പ്രാണനിൽ കുരുങ്ങിയ വെറുപ്പിന്റെ ഭാഷ ആ വാക്കുകളിൽ മുഴങ്ങിനിന്നിരുന്നു .

കീഴാളനെന്നും കീഴാളകലകളെന്നും മുദ്രകുത്തി അകറ്റിനിറുത്തിയ ഒട്ടനവധി കലാരൂപങ്ങൾക്കിടയിൽ നാളെ തെയ്യവും കാണാതെയാകുമെന്നു അയാൾ ഭയപ്പെട്ടിരുന്നു .

ആ പ്രതികരണം കൃഷ്ണേട്ടനെ ആശ്ചര്യനാക്കി .അന്ന്യം നിന്നുപോകുന്ന പാരമ്പര്യകലകളെക്കുറിച്ചു വാചാലനാകുന്ന,നാട്ടരങ്ങിന്റെ പ്രധാന സംഘാടകൻ കൂടിയായ വാസുതന്നെയോ ഇതെന്ന് അയാൾ ശങ്കിച്ചുപോയി

തെയ്യം ഒരു ദൈവികകലയല്ലേ ? ആചാരങ്ങളും അനുഷ്ഠാനങ്ങളും അങ്ങനെ കൈയൊഴിയാനാകുമോ?

തെയ്യം ഭഗവതിയാണ് ,ദൈവങ്ങളുടെ പ്രതിപുരുഷനാണ്,പക്ഷേ കീഴാളനു സ്വന്തമായിരുന്ന ആചാരങ്ങളെ താന്ത്രികപ്പലകയിൽ ആവാഹിച്ച് വരേണ്യതയുടെ കസവുടുപ്പിച്ച് തളികയിലേക്കു പകർന്നുമാറ്റി,രാഷ്ട്രീയവും അധികാരവും മതങ്ങളും ചരടുവലിച്ചു കളിച്ചപ്പോൾ അന്ന്യംനിന്നുപോകുന്നത് ഒരു നാടിന്റെ സംസ്കാരവും തനതു കലകളുമാണെന്നു ലോകമിനിയും തിരിച്ചറിഞ്ഞിട്ടില്ല കൃഷ്ണേട്ടാ .

വാഴയിലച്ചീന്തിൽ കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞ് വിലാസിനി തെയ്യത്തിന്റെ നെറ്റിയിൽ വിഭൂതി ചാർത്തി,മനമുരുകി, ദേവിയെ പ്രാർത്ഥിച്ചു അവർക്കു വഴിയൊഴിഞ്ഞുനിന്നു.

,ഒരു നെടുവീർപ്പോടെ കിരീടം എടുത്തണിഞ്ഞു വാസു വെളിയിലേക്കു ഇറങ്ങുമ്പോഴാണ് ,കോമരം അതുവഴിയെത്തിയത് .

നീയിറങ്ങിയില്ലേ ഇതുവരെ ....

പിന്നെ ...അയാൾ കുറച്ചുകൂടി വാസുവിനോട് ചേർന്നുനിന്നു .

കീഴോട്ടെ സുധാകരൻ കവലയിലെത്തിയിട്ടുണ്ട്.നീയൊന്നു സൂക്ഷിക്കണം

വാസുവിന്റെ മുഖം ചുവന്നുതുടുത്തു,കണ്ണുകളിൽ അഗ്നി പടർന്നു ഒറ്റയ്ക്കായി പോകുന്ന നിമിഷങ്ങളിലെല്ലാം ഒരു വന്യതയുടെ കൊടുങ്കാറ്റുപോലെ മനസ്സിലേക്കത് തെളിഞ്ഞു വരുന്ന,നോവിന്റെ ആഴങ്ങളിലേക്ക് കൈപിടിച്ചുനടത്തുന്ന ഓർമ്മകളുടെ അണയാത്ത കനലുകൾ മനസ്സിൽ തെളിഞ്ഞുവന്നു.
മുറിയിലേക്ക് കയറി,അലങ്കാരപ്പെട്ടിക്കടിയിൽ സൂക്ഷിച്ചിരുന്ന കടാര വെളിയിലെടുത്തു .ഉറയൂരി അതിലേക്കു നോക്കുമ്പോൾ മറ്റൊരു സൂര്യനെപ്പോലെ ആ മുഖം ജ്വലിച്ചുനിന്നു .കടാര എളിയിൽ തിരുകി വെളിയിലേക്കു ഇറങ്ങുമ്പോൾ അച്ഛന്റെ മുഖമായിരുന്നു മനസ്സിൽ.

കൃഷ്ണേട്ടൻ പിന്നെയും ഒരു ബീഡികൂടെ കത്തിച്ച് പുക ഉള്ളിലേക്കാഞ്ഞുവലിച്ചു ,പിന്തുടർന്നെത്തുന്ന ചുമയെ അവഗണിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി .

ഭഗവതീ........ . നീതന്നെ രക്ഷ............. .

ചെണ്ട തോളിലിട്ട് കൃഷ്ണേട്ടൻ കൈകൊണ്ടു പതുക്കെത്തട്ടി.

പിന്നെ ചെണ്ടക്കോൽ ആഞ്ഞുപതിച്ചപ്പോൾ ചടുലമായ ആസുരതാളം ഒഴുകിയെത്തി. കൂടെ അപ്പുവിന്റെ ഇലത്താളവും .

ഭഗവതിക്കാവിലെ ആല്മരത്തിൻചില്ലകൾ ആ താളവിസ്മയം കേട്ട് ഇളകിയാടി .

വാസു ചെമ്പോട്ടുഭഗവതിയെ മനസ്സിൽ ധ്യാനിച്ച് ചുവടുകൾ വച്ചു . പിന്നിൽ തൊഴുകൈയുമായി വിലാസിനി അവർക്കു യാത്രാമംഗളം നേർന്നു.

ഭഗവതിക്കാവിലമ്മേ കാത്തോളണേ ......

കവലയിലേക്കു അടുക്കും തോറും വല്ലാത്തൊരു ഭയം വാസുവിനെ വരിഞ്ഞുമുറുക്കികൊണ്ടിരുന്നു .

വിശ്വാസത്തിന്റെ കരുത്തും കരുത്തിന്റെ വിശ്വാസവുമാണ് തെയ്യങ്ങൾ .
ദൈവങ്ങളുടെ പ്രതിരൂപം
.പക്ഷേ .....
കാലുകൾക്കു ഭാരം കൂടിവരുന്നപോലെ .അച്ഛൻറെയും സുഭദ്രയുടെയും,അമ്മുവിന്റെയും മുഖങ്ങൾ മനസ്സിൽ മിന്നിമായുന്നു.
അയാൾ അപ്പുവിന്റെ തോളിൽ മുറുക്കെ പിടിച്ചു ,
ഓരോശ്വാസനിശ്വാസത്തിലും പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ഒരു നോവ് സുചിമുനപോലെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുമ്പോൾ
ചിന്തകളിൽ പകയുടെ ഉയർച്ചതാഴ്ചകൾ കൊട്ടിത്തകർക്കുകയായിരുന്നു
നോവിൻ പെരുക്കങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച് ജീവിച്ചതും ഈ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നല്ലോ. കണ്ണുകൾ കനലുകളായി,ചുവടുകളിലെ ഭ്രാന്തമായ ആവേശം കൃഷ്ണേട്ടനെ തെല്ലൊന്നമ്പരപ്പിച്ചു .
താളം മുറുകി,വാസു ഇടുപ്പിൽ കൈകൾകൊണ്ട് പരതിനോക്കി കടാര ഉറപ്പുവരുത്തി .

ചായപ്പീടികയിലെ ഇളകിയാടുന്ന ബഞ്ചിൽ ഇരിക്കുന്ന സുധാകരനെ തിരിച്ചറിയാൻ വാസുവിനായില്ല,ചെണ്ടയുടെ ശബ്ദം കേട്ട് ഒറ്റക്കാലിൽ വടിയൂന്നി എഴുന്നേല്ക്കാൻ ശ്രമിക്കുന്ന സുധാകരനെക്കണ്ട് അയാൾ
ഒരുനിമിഷം നിശ്ചലനായി .
മുട്ടിനുതാഴെവച്ചു മുറിച്ചുമാറ്റിയ ഇടതുകാലിനെ ഊന്നുവടിയാൽ സംതുലനം ചെയ്തു അയാൾ തെയ്യത്തിനരുകിലേക്കു നടന്നടുത്തു .

ഡാ .....നീ മരിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും ,ഞാൻ തിരിച്ചെത്തുന്നതുവരെ നിനക്കായുസ്സുണ്ടാകണം ,എന്റെ,.....എന്റെ കൈകൊണ്ടാകണം നിന്റെ മരണവും
അന്ന് വിവാഹപ്പന്തലിൽ നിന്നും പോലീസ് കൈയാമം വച്ചുകൊണ്ടുപോകുമ്പോൾ സുധാകരനിൽനിന്നുമുയർന്ന ആക്രോശങ്ങൾ ഓർമ്മക്കുടുക്കകൾ ഭേദിച്ച് കാതോരമെത്തുന്നതായി വാസുവിന് തോനി .

അവരുടെകണ്ണുകൾ തമ്മിലിടഞ്ഞു .
അരയിൽനിന്നും കടാര വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അത് കൈകളിൽനിന്നും ഊർന്നു താഴേയ്ക്ക് പതിച്ചു.പകച്ചുപോയ വാസു പ്രവർത്തിക്കുന്നതിനും മുന്നേ സുധാകരനതു സ്വന്തമാക്കി .

ചുറ്റും കൂടിയവരുടെ ഹൃദയം പതിഞ താളത്തിൽ നിന്ന് മെല്ലെ മെല്ലെ ദ്രുതതാളത്തിലേക്ക് കൊട്ടികയറി തുടങ്ങിയത് അവരും അറിഞ്ഞതേയില്ല.
തുകലുറയിൽനിന്നും സ്വതന്ത്രമായ കടാര സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി .തിരിച്ചും മറിച്ചും വിരലുകൾകൊണ്ട് തഴുകിയും മൂർച്ച പരിശോധിച്ച് വാസുവിന്റെ നെഞ്ചിനുനേരെ അതുയർന്നപ്പോൾ കൃഷ്ണേട്ടന്റെ തൊണ്ടയിൽ ഒരു നിലവിളി പാതിമുറിഞ്ഞു നിന്നു .
അരുത് ,അവനെയൊന്നും ചെയ്യരുത് ,തൊണ്ടയിൽ കുരുങ്ങിയ നിലവിളി ചുമയായ് വെളിയിലേക്കു എത്തുമ്പോൾ അയാൾ നിന്നുകിതച്ചു .
എല്ലാം കണ്ട് അമ്പരന്നുപോയ അപ്പുവിലേക്ക് ആ നിലവിളി പടർന്നു കയറി .

നെഞ്ചിനുനേരെ ഉയർത്തിയ കടാര സുധാകരൻ വാസുവിന്റെ കൈയിൽ വച്ചുകൊടുത്തു .
എന്നെ....എന്നെയൊന്നു കൊന്നുതന്നുകൂടെ നിനക്ക് ,മതിയായെനിക്ക്,എല്ലാം മതിയായി .

ചിന്തകൾ ഇരുളിന്റെ ഒരു കനത്ത ഭിത്തിയിൽ ചെന്നുതട്ടി, നിലച്ചുപോകുംപോലെ
വർഷങ്ങളായി താൻ കാത്തിരുന്ന ശത്രുവിനെ മുന്നിൽക്കണ്ടിട്ടും ഒന്നും ചെയ്യാനാകാതെ വാസു തളർന്നുപോയി .
ഇവിടെയും നീയെന്നെ തോല്പ്പിച്ചല്ലോ ഭഗവതീ......

കൃഷ്ണേട്ടൻ തെയ്യത്തിനടുത്തെത്തി,ആ കടാര പിടിച്ചുവാങ്ങി,നിനക്കിതിന്റെ ആവശ്യമില്ല വാസൂ ,നീ കലാകാരനാണ്,ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവൻ ,കലയെ ഉപാസിക്കുന്നവർക്കു ഒരിക്കലും അധമനാകാൻ കഴിയില്ല,കൊലപാതകിയും ,കലകൾ ദൈവീകമായി ലഭിക്കുന്നതാണ് ,അതിനൊരു സത്യമുണ്ട് ,വിശുദ്ധിയും .
നിലത്തുകിടന്നു ഉറയിൽ കടാര തിരുകി ചെണ്ടയുടെ ചരടുകൾക്കിടയിൽ ചേർത്തുവച്ചു.
നമുക്കിത് ചെമ്പോട്ടു ഭഗവതിക്ക് സമർപ്പിക്കാം ഒപ്പം നിന്നിലെ പകയും,ഭാരവും .

ചെണ്ട തോളിലേറ്റി ,അതിൽനിന്നും താളവിസ്മയം ഒഴുകുമ്പോൾ അറിയാതെ വാസുവിന്റെ കാലുകൾ ചുവടുകൾ വച്ചുതുടങ്ങി.
.
ഹൃദയത്തിൽ കൂടുകൂട്ടിയിരുന്ന എന്തെല്ലാമോ ശൂന്യമാകുന്നത് അയാളറിഞ്ഞു
ക്രോധം ഉരുകി വിയർപ്പിനൊപ്പം ചമയങ്ങളിൽ അലിഞ്ഞുചേരുമ്പോൾ മനസ്സിലേക്കാവാഹിക്കപ്പെട്ട ചെമ്പോട്ടു ഭഗവതിയായ് അയാൾ മാറിക്കഴിഞ്ഞിരുന്നു.
.
വായ്ക്കുരവും,ദേവീസ്തുതിയുമായി ആളുകൾ ചുറ്റും കൂടി .
വിശ്വാസത്തിന്റെ കരുത്തും കരുത്തിന്റെ വിശ്വാസവുമായി തെയ്യം മുന്നിലേക്ക് ചുവടുവച്ചു .
നാടുണർത്താൻ ,തൊടുകുറി അണിയിക്കാൻ !!

ചെമ്പോട്ടുകാവിലെ ഭഗവതിക്കുമുന്നിൽ ഒരമ്മയും മകളും വാസുവിനായ് മനമുരുകി പ്രാർത്ഥിക്കുമ്പോൾ ആഞ്ഞിലിമരത്തെ തഴുകിയെത്തിയ കാറ്റ് അവരെ തലോടി വലംവച്ചുനിന്നു .
==========================
ശിവരാജൻ കോവിലഴികം ,മയ്യനാട്

എൻ്റെ ഭാരതം (കവിത)


ജനിമൃതികൾ സാക്ഷിയായ് കാലം കൊളുത്തിയ
സമരസൂര്യാഗ്നിതൻ ജ്വാലയിന്ത്യ.
കാലം ചരിത്രത്തിൻതാളിൽ കുറിച്ചിട്ട
കർമ്മവീര്യത്തിന്റെ പേരുമിന്ത്യ ..
പടപൊരുതിവീഴുന്ന പ്രാണനിൽനിന്നൊ-
രിൻക്വിലാബിൻധ്വനി കേട്ടൊരിന്ത്യ
ഒരുനവഭാരതനിർമ്മിതിയ്ക്കായ് പണ്ട്
നിണമൊഴുകി, മണ്ണു കുതിർന്നൊരിന്ത്യ .
ആളുമിരുട്ടിലും നാളമായ്,സ്വപ്നമായ്
നമ്മെ നയിക്കുന്ന നാമമിന്ത്യാ
സർവ്വം സഹിക്കുവാൻ നമ്മെ പഠിപ്പിച്ച
ബാപ്പുവിൻസ്വപ്നമാണെന്റെയിന്ത്യ .
ദുരിതങ്ങൾതൻ നടുവിലുരുകുന്ന മർത്ത്യന്റെ
യഭിമാനനാമമാണെന്റെയിന്ത്യ
തുടലുപൊട്ടിച്ചെത്തുമധികാരഗർവ്വിനെ
തുടലിട്ടുപൂട്ടുവോരുള്ളൊരിന്ത്യ
സ്വാതന്ത്ര്യബോധത്തെ നാഡിയിൽപ്പേറുന്ന
മക്കൾതന്നമ്മയാണെന്റെയിന്ത്യാ
അരുതുകളിന്നേറെയുണ്ടെങ്കിലും നമ്മെ
നാമായ്മാറ്റുന്ന നാമമിന്ത്യാ .
.
വേഷഭൂഷാദികൾ ജാതിമതങ്ങളാൽ
വൈവിധ്യമാർന്നതാണെന്റെയിന്ത്യാ
നാനാത്വമെങ്കിലുമതിലുണ്ടൊരേകത്വ-
മതു മന്ത്രമാകുന്നൊരെന്റെയിന്ത്യ .
ഭാഷകൾ പലതുണ്ടതിനൊക്കെ ലിപിയുണ്ട്
സംസ്‍കാരസമ്പന്നമെന്റയിന്ത്യ
ആരും മതിക്കുന്ന ഭരണഘടനയ്ക്കുള്ളി-
ലെന്നും സുരക്ഷിതമെന്റെയിന്ത്യ .
വാഴുവോർ,വീഴുവോർ,വാഴിക്കുവോരുടെ
വാലാട്ടിയാകില്ലയെന്റെയിന്ത്യ
ജനാധിപത്യത്തിന്റെയുത്തുംഗശൃംഗത്തിൽ
പാറിപ്പറക്കട്ടെ ത്രിവർണ്ണക്കൊടി .
ഇന്ത്യയെന്നാലെന്റെയാത്മാഭിമാനമതി -
ലിന്ത്യനെന്നാലതുതന്നെയെൻ പുണ്യം
പാരിതിൻ സ്വർഗ്ഗമാം ഈ ഹിമപുത്രിയെ
നിത്യവും വന്ദിച്ചുപാടിടാം വന്ദേമാതരം !!!
=================================
ശിവരാജൻ കോവിലഴികം ,മയ്യനാട്

പുതുവർഷ പ്രതീക്ഷകൾ

Image may contain: 1 person
===================================
ഈ പുതുവർഷമൊരാനന്ദവർഷമായ്
വന്നീടുമോ പ്രിയ നവവർഷമേ !
പോയവർഷം തന്ന സങ്കടക്കാടുകൾ
നട്ടുനനയ്ക്കല്ലേ പുതുവത്സരമേ !
മായപോൽക്കാട്ടുന്നൊരിത്തിരി നന്മയി-
ലുണ്ടതിലേറെ മയങ്ങുന്ന തിന്മകൾ.
മായയ്ക്കു പിന്നാലെ പായുന്ന ലോകത്തി-
നോടെന്തു ചൊല്ലേണ്ടു ഹാ കഷ്‌ടമെന്നോ !
നന്മകൾ തോറ്റുവാനെത്തുന്ന പുള്ളുവ-
വീണപോൽ ശ്രുതിയിട്ടു, പാടട്ടെ ഹൃത്തുകൾ
കയ്പും മധുരവും നല്കിയോർക്കൊക്കെയും
നന്മയും മേന്മയും നൽകട്ടെ വത്സരം.
ഞാനെന്ന ഭാവം വിതയ്ക്കുവാനെത്തുന്ന
ന്യുനമാം ചിന്തകൾ തീണ്ടാതിരിക്കട്ടെ.
തമ്മിൽ മതഭ്രാന്തു തെല്ലുമില്ലാതിങ്ങു
സ്നേഹം മഹാമതമാകട്ടെ ലോകരിൽ
സ്നേഹബന്ധങ്ങൾതൻ ലോലമാം തന്ത്രികൾ
നിർമ്മലരാഗമുണർത്തട്ടെ പാരിതിൽ.
മൃദുസാന്ത്വനത്തിന്റെ തെളിനീരരുവിപോൽ
മാനവമാനസം മാറട്ടെ മന്നിതിൽ.
പോയ നഷ്‌ടത്തിന്റെ ഗർത്തം നികന്നതില്ല-
തിൻ ശോകച്ഛായയും മാഞ്ഞില്ലിതുവരെ.
മർത്ത്യപ്രതീക്ഷകൾ പൊന്നണിയിക്കുവാൻ
സ്വാഗതം ചെയ്യുന്നു പുതുവർഷമേ നിന്നെ.
============================(📷
ശിവരാജൻ കോവിലഴികം മയ്യനാട്

പരിസ്ഥിതി '

Image may contain: 1 person, eyeglasses and closeup
====================
ചിരകാലമിങ്ങനെ നമ്മളെപ്പോറ്റുവാ-
നരികിലുണ്ടാകുമോ ഈ വിശ്വപ്രകൃതി ?
പടുകുരുതിയിന്നും തുടരുന്ന പാരിതി-
ലിനിയെന്തു ശേഷിപ്പൂ നാളേയ്ക്കുവേണ്ടി !
സര്‍വ്വസംഹാരത്തിനാണവക്കൂട്ടുകള്‍
സര്‍വ്വദാ സവിധേ നിരത്തുന്നു ലോകം.
പരിഹരണീയമാണെങ്കിലും പരിസ്ഥിതി-
പരിരക്ഷണം ഹാ !! പരിതപ്തമല്ലേ ?
തണലറ്റ നേരത്തു തലവിധി പഴിച്ചും,
തുടലഴിഞ്ഞുയരുന്ന പശി,ദാഹവും പേറി
വറുതിയുടെ തീപ്പൊരിയിലിടറി,യുടല്‍ പൊള്ളി,
മുറവിളികള്‍ കൂട്ടുന്നു മണ്ണിന്റെ മക്കള്‍ !
രാസതീര്‍ത്ഥം കുടിച്ചുരുകുന്ന ഭൂതലം
ദുര്‍ന്നിമിത്തങ്ങള്‍തന്‍ മൂകസാക്ഷി.
മാഞ്ഞുപോകുന്നു വിപിനങ്ങളും നദീ-
തീരത്തു പണ്ടു നാം കണ്ട പുളിനങ്ങളും .
കുരലുണങ്ങി, മൃതിയരുകിലെത്തി,
കരി നിറഞ്ഞൊഴുകുന്നു ജലധരങ്ങള്‍.
വയലിന്‍ ചുടുചോര നക്കിക്കുടിച്ചുകൊ-
ണ്ടുയരുന്നു മനുജന്‍ വളര്‍ത്തുന്ന നഗരികള്‍ .
ശാസ്ത്രം വളര്‍ന്നതിന്നാര്‍ക്കുവേണ്ടി,
ശൂന്യലോകം പടുക്കുവാനായിരുന്നോ ?
വിത്തും വിയര്‍പ്പും മനസ്സും വിതയ്ക്കുകില്‍
സമ്പുഷ്ടിയവിരാമമിവിടെ വിളങ്ങും.
======================================
ശിവരാജന്‍ കോവിലഴികം ,മയ്യനാട്.

പുലരികള്‍......(മിശ്രകാകളി )

Image may contain: 1 person, smiling, eyeglasses and closeup


============
കനിവുകള്‍ തേടിത്തളര്‍ന്നസ്തമിക്കുന്ന
പകലിന്റെ ചിതയില്‍നിന്നുയരുന്നു പുലരികള്‍
പടിയിറങ്ങുന്നൊരാ രാത്രിതന്‍ ശാപശര-
മുനയേറ്റു മുറിവാര്‍ന്ന ഹതഭാഗ്യര്‍ പുലരികള്‍ .
മുറവിളികള്‍കൂട്ടുന്ന പ്രാണഭാരങ്ങള്‍ തന്‍
മുറുമുറുപ്പുയരുന്ന പൊള്ളാപ്പുലര്‍ച്ചകള്‍
തിരയടങ്ങാക്കടല്‍ത്തീരത്തിനപ്പുറം
ഉദയക്കുതിപ്പിന്റെ കനലെഴാപ്പുലരികള്‍ .
ഒന്നൊളിഞ്ഞും പിന്നെ മിന്നിത്തിളങ്ങിയും
ശൈലതുംഗങ്ങളില്‍ കനകം നിറച്ചുമേ
കൂരിരുള്‍ക്കമ്പളം മൂടിയുറങ്ങുന്ന
ഭൂമിയെ തൊട്ടുണര്‍ത്തുന്നു പുലരികള്‍ .
കുറുകുന്നു പക്ഷികള്‍ സങ്കടച്ചുമടുമായ്
വിളറിവെളുത്തൊരാ പുലരിയെ കാണവേ
അടരാതെനില്ക്കുന്ന നീഹാരബിന്ദുക്ക-
ളണിയുന്നു വൈഡൂര്യക്കല്ലൊന്നു പുലരിയില്‍ .
പിടയുന്ന വേദന കരളില്‍പ്പൊതിഞ്ഞെടു-
ത്തുണരുന്നുറങ്ങാതെ കനല്‍പെറ്റ മാനുഷര്‍
വിരകള്‍ കരഞ്ഞെത്തി, വയറുനീറ്റുമ്പോള്‍
തപിതജന്മങ്ങള്‍ക്കു ശനിയാണു പുലരികള്‍ .
ഗതിയറ്റ കാറ്റിന്റെ നിലവിളിയൊച്ചകള്‍
അടിയളന്നെത്തുന്നു വെയിലു പൂത്തീടുമ്പോള്‍ .
അനുദിനം വന്നെത്തി മിഴികള്‍ തഴുകിയെന്‍
കിനാവും കവര്‍ന്നങ്ങു യാത്രയാകുന്നു നീ.
==================================
ശിവരാജന്‍ കോവിലഴികം
മയ്യനാട് ,കൊല്ലം .

"പെണ്ണവൾ"


"പെണ്ണവൾ"
=======
തരളമോഹത്തിന്റെ തടവറയ്ക്കുള്ളിലും
തെളിയുന്ന നെയ്ത്തിരിനാളമായ്പെണ്ണവൾ
കാലം കുടഞ്ഞിട്ട കനലും ചുമന്നങ്ങു
കൂടെച്ചരിക്കുന്നു ദുരിതപർവ്വത്തിലും.
വാക്കിന്റെവാൾമുനയേകുന്ന മുറിവുമായ്
സർവ്വം സഹിക്കുന്നിതാമോദമോടവൾ
അബല “ന സ്വാതന്ത്ര്യമർഹതി”യെന്നുള്ള
ചപലസന്ദേശം വിധിക്കുന്നു മാനവര്‍ .
കൊഴിയുന്ന മോഹങ്ങളേകുന്നു മറവിക്കു
കൊഴിയാത്ത കണ്ണുനീർ കനലായ്പ്പുകയുന്നു.
ഒന്നുരിയാടിയാ,ലൊന്നുചിരിക്കുകിൽ
പെണ്ണവൾ പാപിയെന്നാർക്കുന്നു ലോകവും !
പഴയ സദാചാരമരുളും കഥകൾക്ക്-
മിഴിനീരിനാലവൾക്കെന്നും തുലാഭാരം !
മിഴികൊണ്ടു, മൊഴികൊണ്ടു നഗ്നയാകുന്നവൾ-
ക്കഴലേകിടുന്നു ഭയാശങ്ക നിഴലായി.
ഭാവനാതീരത്തു പെണ്ണെഴുത്തെന്നോതി
ഭാഗംതിരിച്ചതു,മിന്നിന്റെ കാഴ്ചകൾ
പെണ്ണായ്പ്പിറന്നിട്ടുമെന്നുമാ പെണ്ണിനായ്
പെണ്ണൊരുക്കുംവ്യഥ തെല്ലല്ലപാരിതിൽ !
അരുതുകൾകൊണ്ടഗ്നിപീഠം ചമച്ചതി-
ലാരാധ്യബിംബമായ് ബന്ധിച്ചു പെണ്ണിനെ.
വേണ്ടവൾക്കിനിയുമാ സംവരണതന്ത്രങ്ങൾ,
‘സഹജീവിസ്നേഹമാ‘ണിനിവേണ്ടതോർക്കുകിൽ !
==========================
ശിവരാജന്‍ കോവിലഴികം
മയ്യനാട് .......

പിന്‍വിളികള്‍


തെളിയാതെ കത്തുന്ന നെയ്‌വിളക്കൊന്നെന്റെ
അച്ഛന്റെ അസ്ഥിത്തറയില്‍ വിതുമ്പുന്നു
നൊമ്പരപ്പൂക്കളാല്‍ ഞാന്‍ തീര്‍ത്ത പൂക്കളം
വാടി,ച്ചിരിക്കുന്നു നനവുമായ് സ്മൃതികളില്‍.
ഓര്‍മ്മകള്‍ കൂട്ടിപ്പെറുക്കിയെടുക്കുമ്പോ-
ഴുള്ളം പിടയ്ക്കുന്നു, ചിതയൊന്നെരിയുന്നു.
ഉത്രാടനാളിലന്നച്ഛന്‍ പകര്‍ന്നോരാ
ചുംബനത്തിന്‍ചൂടു നിറയുന്നു ഹൃത്തില്‍.
പിന്‍വിളിയോടെ ഞാന്‍ മണ്ടിക്കുതിച്ചെത്തി-
യച്ഛന്റെ സൈക്കിളിന്‍പിന്നാലെ പാഞ്ഞതും
അരുതരുതുണ്ണി ! പിന്‍വിളിയരുതെന്നു
അമ്മയോതുന്നതെന്‍ കാതോരമണയുന്നു.
മുത്തച്ഛനേകുവാന്‍ ഓണക്കോടിയും പിന്നെ
ഉണ്ണിക്കു തുന്നിയ കുപ്പായവും വാങ്ങി,
വേഗേനയെത്തിടാമെന്നു പറഞ്ഞിട്ടു
കോടിപുതച്ചെത്തിയച്ഛനെന്തേ മയക്കമായ് ?
മേലേപ്പറമ്പിലന്നൂഞ്ഞാലു കെട്ടിയ
മാവുകൊണ്ടച്ഛനെ മൂടിപ്പുതച്ചതും
മുത്തമന്നച്ഛനുനല്കി മുത്തച്ഛന്‍
പൊട്ടിക്കരഞ്ഞതും ഞാന്‍ നോക്കിനിന്നുപോയ് !
അച്ഛന്റെ കാലനായ് വന്നൂപിറന്നവ-
നെന്നെന്നെ നോക്കിപ്പറയുന്നയലുകാര്‍ !
സദ്യയൊരുക്കാതെ കഞ്ഞി വിളമ്പുന്നതെ-
ന്തിനെന്നറിയാതെ ഞാനും കുടിച്ചന്ന്.
ഓണമെന്നോര്‍മ്മയിലെന്നും നിറയ്ക്കുന്നു
തെക്കേപറമ്പിലെയണയാത്ത ചിതയൊന്ന്.
മിഴിനീരുണങ്ങാതെ ചിരിമാഞ്ഞുപോയൊരെ-
ന്നമ്മയാണിന്നെന്റെ ഓണസ്മൃതികളില്‍
മിഴിനീരുണങ്ങാതെ ചിരിമാഞ്ഞുപോയൊരെ-
ന്നമ്മയാണിന്നെന്റെ ഓണസ്മൃതികളില്‍...
=================================
ശിവരാജന്‍ കോവിലഴികം
മയ്യനാട് കൊല്ലം

അന്ന (കഥ )


അലസമായി ഇരുന്ന പകലിന്റെ പകുതിയിലാണ് വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ബെല്‍ അടിച്ചത് .
ഫോണ്‍എടുത്തപ്പോള്‍ മറുതലയ്ക്കല്‍ സ്ത്രീസ്വരം .
"എന്നെ മനസ്സിലായോ"
വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം കേട്ടിട്ടും സന്തോഷിനു ആളെ മനസ്സിലായി ,
അന്ന - ഹൃദയത്തില്‍ എന്നും കാത്തു സൂക്ഷിച്ച തന്‍റെ പ്രിയപ്പെട്ടവള്‍ ഒരുദിവസം ഒന്നും പറയാതെ പോയവള്‍. വിളിച്ചിരിക്കുന്നു...............
തനിക്കറിയമായിരുന്നല്ലോ അന്നക്കുട്ടിക്കു തന്നെ വിളിക്കാതിരിക്കാനാകില്ലെന്ന്. എത്രയോ കാലമായി താന്‍ കാത്തിരിക്കുന്നു ആ സ്വരമൊന്നു കേള്‍ക്കാന്‍ .
മറവികളിലേക്ക് ആഴ്ന്നു പോകാതെ ഇന്നും എന്നുമെപ്പോഴും മനസ്സില്‍ തെളിയുന്ന ഒരേയൊരു മുഖം .
ഹലോ..............
അയാള്‍ ഓര്‍മ്മകളില്‍നിന്നുണര്‍ന്നു........അന്നക്കുട്ടി നിന ക്കു സുഖം തന്നെയല്ലേ....എവിടെയാ നീ .......
പതിനഞ്ചു വര്‍ഷത്തിനുശേഷം അവള്‍ ആ വിളികേട്ടു. അന്നക്കുട്ടി....സന്തുവേട്ടന്‍ എപ്പോഴും അങ്ങനെ തന്നെയാണല്ലോ വിളിച്ചിരുന്നത്‌. അവള്‍ക്കു എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു . സന്തുവേട്ടന്റെ സ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഇല്ല തനിക്കു സംസാരിക്കാനാകുന്നില്ല. അവളറിയാതെതന്നെ കൈകള്‍ ഓഫ്ബട്ടനിലേക്ക് നീങ്ങി. ശരീരം വല്ലാതെ തളരുന്ന പോലെ ..അടുത്തുകിടന്ന കസേരയിലേക്ക് തളര്‍ന്നിരുന്നു.
അപ്പന്റെ മരണത്തോടെയാണ് അഞ്ചു വയസുള്ള താനും അമ്മയും കൃഷ്ണപുരത്ത് എത്തുന്നത്‌. അവിടെ വാടകവീട്ടിലേക്കു ചെല്ലുമ്പോള്‍ ആദ്യം പരിചയപ്പെടാനെ ത്തിയത് അടുത്തവീടായ മംഗലത്ത് വീട്ടിലെ ശ്രീദേവിടീച്ചറായായിരുന്നു ഒപ്പം തന്റെ സമപ്രായക്കാരി രേവതിയും..
കൃഷ്ണപുരം സ്കൂളിലെ മ്യുസിക് ടീച്ചര്‍ ആയിരുന്നു രേവതിയുടെ അമ്മ .ഒരു മകന്‍ സന്തോഷ്‌ .വളരെ പെട്ടെന്നാണ് രണ്ടു കുടുംബങ്ങളും തമ്മില്‍ അടുത്തത്.
വിധവകളായ രണ്ടു അമ്മമാര്‍ . അംഗനവാടിടീച്ചറായ അമ്മയുടെ തുച്ഛമായ വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല . അപ്പോഴെല്ലാം സഹായഹസ്തവുമായി അമ്മയെ ആശ്വസിപ്പിച്ചിരുന്നത് രേവതിയുടെ അമ്മയായിരുന്നു.
രക്തബന്ധങ്ങള്‍ വലിച്ചെറിഞ്ഞപ്പോള്‍ കാരുണ്യവാന്‍ നല്കിയ സ്നേഹബന്ധം.ക്രമേണ താനും മംഗലത്ത് വീട്ടിലെ ഒരു അംഗമായി മാറി .
വളരുംതോറും കൂടുതല്‍ ഇഴചേര്‍ന്ന ബന്ധങ്ങള്‍ . സന്തോഷ്‌ എന്ന രേവതിയുടെ സച്ചുവേട്ടന്‍ തനിക്ക് സന്തുവേട്ടനായിമാറി .
മംഗലത്തെ ചാമ്പമരത്തിന്റെ ചുവട് തങ്ങളുടെ കേളീരംഗമായി .തുടുത്ത ചാമ്പക്കയ്ക്ക പങ്കുവച്ചുതരുമ്പോള്‍ ഒന്നെങ്കിലും തനിക്കു കൂടുതല്‍ തരുവാന്‍ സന്തുവേട്ടന്‍ മറന്നിരുന്നില്ല . സന്തുവേട്ടന്‍റെ വരകളോടും കവിതകളോടുമുള്ള തന്റെ ആരാധന എപ്പോഴോ ഇഷ്ടമായി മാറി .
കൌമാരം കടന്നു യൌവനത്തിയപ്പോഴേക്കും ഇഷ്ടങ്ങള്‍ കൂടുകയായിരുന്നു .മനസ്സില്‍ ആരും അറിയാതെ ഒളിപ്പിച്ച ഇഷ്ടങ്ങള്‍ ,ആരും ഇല്ലാത്തപ്പോള്‍ ആരും കാണാതെയുള്ള കൊച്ചുകുസൃതികൾ . എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ രേവതിയും ടീച്ചറമ്മയും .
അമ്മയുടെ ആരോഗ്യം തീര്‍ത്തും മോശമായി തുടങ്ങിയപ്പോള്‍ തന്‍റെ എം കോം പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു .സന്തുവേട്ടന്‍ പാരലല്‍ കോളജുകളില്‍ പഠിപ്പിച്ചുകിട്ടുന്നതില്‍നിന്നു തനിക്കും ഒരു സംഖ്യ ചെലവിലേക്ക്‌ നല്കിയത് ഏറെ സഹായകമായി . ജോലിക്കു വേണ്ടി പല ടെസ്റ്റുകള്‍ എഴുതിയെങ്കിലും എല്ലാം പ്രതീക്ഷകള്‍മാത്രമായി .
ആയിടയ്ക്കാണ് കൂടെക്കൂടെ കലശലായ വയറ്റുവേദന തന്നെ വല്ലാതെ അലട്ടിയത് . ആരേയും അറിയിക്കാതെ വേദന സഹിച്ചുനടന്നു . ബോംബെയിലുള്ള ഒരു സ്വകാര്യ കമ്പനിയിലേക്ക് ഉദ്യോഗത്തിനായി തിരഞ്ഞെടുത്തു കൊണ്ട് കാര്‍ഡ്‌ കിട്ടിയപ്പോള്‍ സന്തോഷത്തിനൊപ്പം , മനസ്സില്‍ സന്താപവും വളര്‍ന്നു .തന്റെ പ്രിയപ്പെട്ടവരെ വിട്ടുപോകാന്‍ മനസ്സ് വരുന്നില്ല .ആ ജോലിക്ക് പോകുന്നില്ല എന്ന് താന്‍ തീരുമാനിച്ചതായിരുന്നു . പക്ഷേ ,
എല്ലാം കീഴ്മേല്‍ മറിച്ചുകൊണ്ടാണ് അന്നതു സംഭവിച്ചത്
കലശലായ വയറ്റുവേദനയെത്തുടര്‍ന്നു ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അറിഞ്ഞ വാര്‍ത്ത തനിക്കു ഒരിക്കലും അമ്മയാകാന്‍ കഴിയില്ലാ എന്നായിരുന്നു . എല്ലാ സ്വപ്നങ്ങളും അവിടെ തകര്‍ന്നുവീഴുന്നതുപോലെ തോന്നി .സന്തുവേട്ടനുമായി ഒരു ജീവിതം, കുഞ്ഞുങ്ങള്‍, താന്‍ കണ്ട സ്വപ്നങ്ങള്‍ തകരുന്നത് അന്ന് അറിഞ്ഞു .
ഇല്ല ഒരു കുഞ്ഞിനു ജന്മം നല്കാന്‍ കഴിയാത്ത ഞാന്‍ സന്തുവേട്ടനു ഒരുഭാരമായി ഇവിടെ ഉണ്ടാകരുത് എന്ന ചിന്തയാണ് അമ്മയെയും കൂട്ടി ബോംബേയ്ക്ക് പോകാന്‍ മനസ്സിനു ഉര്‍ജ്ജം നല്‍കിയത് . സന്തുവിനോട് യാത്രപറയാതെ ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങി പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
ഓര്‍മ്മകളില്‍വീണ്ടും മഴ പെയ്യുകയാണ് .. നനയുന്ന മിഴികള്‍ .ബോംബെയില്‍ നിന്നും ആദ്യമാസം തന്നെ ഡല്‍ഹിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വങ്ങുമ്പോള്‍ ,ഒരിക്കലും സന്തുവേട്ടന്റെ മുന്നില്‍ പെടാതിരിക്കാന്‍ ആണെന്ന് ആരും അറിഞ്ഞില്ല . ഒരാള്‍ക്കും അട്രെസ് കൊടുക്കരുതെന്ന് ഓഫീസില്‍ പറഞ്ഞിരുന്നതും അതുകൊണ്ട് മാത്രമായിരുന്നു . എന്നിട്ടും സന്തുവേട്ടന്‍ ബോംബയില്‍ തിരക്കി വന്നുഎന്നറിഞ്ഞു . ഓടിഒളിക്കുകയായിരുന്നല്ലോതാന്‍ .
അമ്മയും തന്നെ വിട്ടുപോയി .ഈ ഏകാന്തജീവിതം, മരുന്നുകളുടെ മണം മയക്കുന്ന നാളുകളിലൂടെ ഈ യാത്ര ആര്‍ക്കുവേണ്ടി . സന്തുവേട്ടന്റെ കുഞ്ഞുങ്ങളെയെങ്കിലും ഒന്നുകാണണം.ഒപ്പം ടീച്ചറമ്മയെയും രേവതിയേയും .താന്‍ കളിച്ചുവളര്‍ന്ന നാടും മുറ്റവും .
ഇപ്പോള്‍ ഈ വലിയ ഫ്ലാറ്റില്‍ ഒറ്റപ്പെട്ടുജീവിക്കുമ്പോള്‍ എന്നുമോര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ തന്നത് ആ നാടുതന്നെയാണ് .തന്റെ പ്രിയപ്പെട്ടവര്‍ ആണ് .അവളുടെ ചിന്തകള്‍ നാടിന്റെ കാഴ്ചകളെ പരതുകയാണ് . തനിക്കു പോകണം എല്ലാവരെയും ഒരിക്കല്‍ക്കൂടെ കാണണം . പിന്നെ ആരുമറിയാതെ അമ്മയുടെ അടുത്തേക്കു പോകണം
പിന്നീട് എല്ലാം പെട്ടെന്നുതന്നെ തയ്യാറാക്കി . കോഴിക്കോട്ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ മനസ്സിൽ ഒരു സന്ദേഹം . അവരൊക്കെ അവിടെത്തന്നെ ഉണ്ടാകുമോ? .തന്നെ സ്വീകരിക്കുമോ ? തന്നോടു പരിഭവമായിരിക്കുമോ ?
"മാഡം കൃഷ്ണപുരമെത്തി ,ഇനി എങ്ങോട്ടാണ് നമുക്ക് പോകേണ്ടുന്നത് ?" ഡ്രൈവറുടെ ചോദ്യം ചിന്തകളില്‍ നിന്നുണര്‍ത്തി .എയര്‍പോര്‍ട്ട് ടാക്സിയാണ് .
വെളിയിലെ കാഴ്ചകള്‍ കൌതുകമുണര്‍ത്തും പോലെ .
സ്കൂളിനു വലിയമാറ്റം ഒന്നും സംഭവിച്ചിട്ടില്ല . ചില വലിയ കെട്ടിടങ്ങള്‍ .ചെറിയ മാളുകള്‍ .വലത്തേക്കു തിരിയുന്ന വഴിയിലേക്കു വിരല്‍ചൂണ്ടി ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി .
നേരം സന്ധ്യയാകുന്നു . അമ്പലത്തിലെ നാമകീര്‍ത്തനം ഒഴുകിയെത്തുന്നു . പഴയ ക്ഷേത്രം മാറി വലിപ്പമുള്ള, നിറയെ കൊത്തുപണികളോടെ വലിയ ക്ഷേത്രമായി മാറിയിരിക്കുന്നു . പരിചയമുള്ള ഒരുമുഖവും കാണുന്നില്ല .
അകലെയല്ലാതെ മംഗലത്തുവീടു കാണുന്നുണ്ട് .ചെറിയ മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടോ? .,ചായംപൂശിയ ചുവരുകള്‍..നേരിയ ഒരു ഭയം അരിച്ചെത്തിയ പോലെ .അവര്‍ തന്നെ തിരിച്ചറിയുമോ? . ഇന്നു താന്‍ ഇവര്‍ക്കാരാണ് ?
കാര്‍ മുറ്റത്തേക്ക് കയറുമ്പോഴും മനസ്സ് പിടയ്ക്കുകയായിരുന്നു . ശബ്ദം കേട്ട് ഒരു പെണ്‍കുട്ടി വാതിലില്‍ വന്നുനോക്കി . പിന്നവൾ അകത്തേക്ക് ഓടിമറഞ്ഞു . പതുക്കെ കാറില്‍നിന്നിറങ്ങി നോക്കുമ്പോള്‍ വാതിലില്‍ ടീച്ചറമ്മ .വെള്ളിനൂല്‍ പാകിയ മുടിയിഴകള്‍ .തന്നെക്കണ്ട്ഒരു നിമിഷം ഒന്നമ്പരന്നുവോ.. ,പിന്നെ ഓടി അടുത്തേക്കുവന്നു .
"അന്നമോള് .........!!!! എന്‍റെ അന്ന മോള് വന്നല്ലോ " ടീച്ചറമ്മ ചേര്‍ത്തുപിടിക്കുമ്പോഴും ഉള്ളിലെ അമ്പരപ്പ് മാറിയിരുന്നില്ല .
"എവിടെയായിരുന്നു കുട്ട്യേ ഇത്രയും നാള്‍ ?" കൈപിടിച്ച് അകത്തേക്ക് നടക്കുമ്പോള്‍ ടീച്ചറമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു . അപ്പോഴുംമറയത്ത് മാറി നിന്ന് എത്തിനോക്കുന്ന ആ പെണ്‍കുട്ടിയുടെ നിഴല്‍ കണ്ടു .
"ഹലോ അന്നക്കുട്ടി ..............."
"എഴുന്നേല്‍ക്കുന്നില്ലേ സമയം ഏഴായി . വല്ലതും കഴിക്കണ്ടേ ?" വാതിലില്‍ രേവതിയുടെ ശബ്ദം , താന്‍ ഒരിക്കലും ഇത്രയും നേരം ഉറങ്ങിയിട്ടില്ല . അവള്‍ അടുത്തുവന്നു ചേര്‍ന്നിരുന്നു , എവിടെയായിരുന്നു ഇത്രയും കാലം . ശിരസ്സില്‍ തഴുകികൊണ്ട്‌ രേവതി ആരാഞ്ഞു
ആ കഥയൊക്കെ പിന്നെ പറയാം എഴുന്നേല്ക്കൂ . നമുക്കേ ആ കുളത്തില്‍ പോയി ഒന്ന് വിശാലമായി മുങ്ങിക്കുളിച്ചുവരാം .രേവതി പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ വെളിയിലേക്കിറങ്ങി .
ചുറ്റും പരതി .ഒരു മുഖം കാണുന്നില്ല . രേവു സന്തുവേട്ടന്‍.......... എല്ലാരുമുണ്ട് നീ വാ . ആദ്യം ഫ്രഷ്‌ ആകു ..കാപ്പി കുടിച്ചു പിന്നെ സംസാരിക്കാം .എനിക്ക് ബാങ്കില്‍ പോകണം ലീവ് എടുത്തിട്ടില്ല .
.പ്രാതല്‍ കഴിക്കാന്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ തേടിയത് സന്തുവേട്ടന്‍റെ മുഖമായിരുന്നു . അപ്പോഴാണ്‌, മുന്നില്‍ ഒരു പുഞ്ചിരി സമ്മാനിച്ച് ഒരു കൊച്ചുപെണ്‍കുട്ടി . ഒരുപക്ഷേ സന്തുവേട്ടന്റെ മകളായിരിക്കാം ആ കുട്ടി . രേവതിയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്ക് എന്തൊക്കയോ മറുപടി നല്കി.
"സന്തുവേട്ടന്റെ കുടുംബം .........?"
കൈകഴുകി തിരിയുമ്പോള്‍ അവള്‍ രേവതിയോട് ചോദിച്ചു . "അവിടെ മുറിയില്‍ ഉണ്ട്. നിനക്കു കാണണോ ?"
മനസ്സില്‍ ഒരു വല്ലാത്ത നീറ്റല്‍ .തന്റെ സ്വന്തമെന്നു കരുതിയത്‌ നഷ്ടപ്പെട്ടപോലെ . വരേണ്ടിയിരുന്നില്ലായെന്നു ഒരു തോന്നല്‍ .
വെളിയില്‍ ചാമ്പമരത്തിനുകീഴേ ദൂരേക്കു നോക്കിനില്ക്കുന്ന സന്തോഷ്‌.........മറ്റേതോ ലോകത്തെന്നപോലെ ........,ഇപ്പോഴും മുഖത്തിനു ആ പഴയ ശാന്തഭാവംതന്നെ .
"നിനക്ക് ചേട്ടന്റെ കുടുംബത്തെ കാണണ്ടേ .....വരൂ "
.............
രേവതിയുടെ പിന്നാലെ നടക്കുമ്പോള്‍ കാലുകള്‍ക്കു വല്ലാത്ത തളര്‍ച്ച തോന്നി . ആ മുറി തന്റെയും സന്തുവേട്ടന്റെയും സ്വകാര്യനിമിഷങ്ങളും കളിവാക്കുകളും ചിരിയും പരിഭവവും പങ്കിട്ട ആ മുറി ........
സന്തുവേട്ടന്റെ കരവലയത്തില്‍ ചേര്‍ന്ന് ആ ചുംബനചൂടേറ്റുവാങ്ങിയ നെടുവീര്‍പ്പുകള്‍ കേട്ട മുറി ,ഇന്ന് അത് തനിക്കന്യമാണ് .അവിടെ മറ്റൊരാള്‍ തന്റെ സ്ഥാനത്ത് .....
കണ്ണുകളില്‍ ഇരുട്ട് പടരുന്നപോലെ . സന്തുവിന്റെ മുറിയില്‍നിന്ന് ആ കൊച്ചുപെണ്‍കുട്ടി ഇറങ്ങിവരുന്നു
"ആന്റീ സൂക്ഷിച്ച്...തല മുട്ടരുതേ ......."ന്ന് പറഞ്ഞ് ഒരു ചിരി സമ്മാനിച്ച് അവരെ കടന്നുപോയി . അവള്‍ക്കറിയില്ലല്ലോ ഇവിടുത്തെ ശ്വാസങ്ങള്‍പോലും തനിക്കു കാണാപ്പാഠമാണെന്ന്.
മുറിയിലേക്ക് കടക്കുമ്പോള്‍ പാദങ്ങള്‍ വിറയ്ക്കുന്നപോലെ .. കണ്ണുകള്‍ ഇറുക്കെ പൂട്ടി ..അവ നിറയുന്നുവോ? .
"ആഹാ കുടുംബത്തിനെ കാണാന്‍ കണ്ണും പൂട്ടിയാ വരുന്നേ .കണ്ണു തുറന്നേ.. ഇല്ലെങ്കിൽ എവിടെയെങ്കിലും തട്ടിവീഴും ."
രേവതി അടുത്തുണ്ട് . കണ്ണുതുറന്നു .. തുളുമ്പാന്‍ വെമ്പിനില്ക്കുന്ന പോലെ ...ചുറ്റും പരതി ആരെയും കാണാനില്ല ......അവിടെ മേശയില്‍ ഒരു ചിത്രം . അതിലേക്ക് സൂക്ഷിച്ചുനോക്കി .
അത് ........അതു.... തന്റെതന്നെയല്ലേ ?. തിരിഞ്ഞു നോക്കുമ്പോള്‍ രേവതി മുറിയുടെ ഓരംനിന്നുചിരിക്കുന്നത് കണ്ടു .അപ്പോള്‍ ഇത്രയും കാലം താന്‍ കൂട്ടിയ കണക്കുകള്‍ ........ഈ കാലമത്രയും സന്തുവേട്ടന്‍ തനിക്കായി കാത്തിരിക്കുകയായിരുന്നോ? . സ്വയം തീര്‍ത്ത ഇരുട്ടില്‍ താൻത്തന്നെ തളച്ചിടുകയായിരുന്നോ?
" ഏട്ടന്റെ മനസ്സില്‍ ഇന്നും അന്നും നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ ."
എന്താണീ കേള്‍ക്കുന്നത് .. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു .. .ഞാന്‍ വിചാരിച്ചൂ .......അപ്പോള്‍ .... ആ കുട്ടി അത് എന്റെ മകള്‍ ആണ് ,രേവതിപറഞ്ഞു.
മുറ്റത്തേക്ക് ഓടി . അവിടെ ചാമ്പമരത്തിന്റെ കീഴേ അപ്പോഴും സന്തു അകലേക്ക്‌ നോക്കിനില്ക്കുന്നു. .
"സന്തുവേട്ടാ ..............ഞാന്‍....."
അവന്‍ തിരിഞ്ഞു നോക്കി .......
"നിനക്കായി ഒഴിച്ചിട്ട സ്ഥലം മറ്റാര്‍ക്കും നല്കാന്‍ എനിക്കാകുമായിരുന്നില്ല"
"ഞാന്‍ ...........എനിക്ക് ......"
"എല്ലാം ഞങ്ങള്‍ക്ക് അറിയാം........."
"നിന്നെ അന്ന്‍ ചികിത്സിച്ച ഡോക്ടര്‍
അമ്മയുടെ അനുജത്തിയായിരുന്നു ......."
"പക്ഷേ ............."
"എല്ലാം എന്നോട് പറയുന്ന നീ അതുമാത്രം ഒളിപ്പിച്ചു, പോയപ്പോള്‍ .............."
അവനിലേക്കു കൂടുതല്‍ ചേര്‍ന്നുനിന്നു
"എനിക്കാകുമായിരുന്നില്ല ,അതുപറയാന്‍ ........"
"ഒരു കഞ്ഞിനെ തരാന്‍ കഴിയാത്ത ഞാന്‍ സന്തുവേട്ടന് ഒരു ഭാരം ആകരുത് എന്നുകരുതി ........"
"പക്ഷേ ................."
"എന്നെ തോല്പ്പിച്ചു കളഞ്ഞല്ലോ................"
അവന്റെ തോളിലേക്കു ചാരിനിന്നു ......
രേവതിയുടെ മകളും ,ടീച്ചറമ്മയും കത്തിച്ച നിലവിളക്കുമായി വെളിയിലേക്കു വന്നു ......
"സന്തൂ ............"
"അന്നമോളുടെ കൈപിടിച്ച് രണ്ടുപേരും വലതുകാല്‍വച്ച് അകത്തേക്കു വന്നേ............."
താലിയും കുരവയും മേളങ്ങളുമില്ലാതെ പുതിയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ ചാമ്പമരം കാറ്റില്‍ ഒന്ന് ഇളകിയാടി ..... അനുഗ്രഹിക്കുന്നപോലെ .........നാണത്തോടെ സന്തുവിന്റെ പിന്നിലേക്ക്‌ ഒളിക്കുമ്പോള്‍ മിഴികള്‍ വീണ്ടും നിറഞ്ഞുകവിയുകയായിരുന്നു . വൈകിവന്ന സന്തോഷത്തില്‍ 

By: Sivarajan Kovilazhikam

ഇനി ഞാനുറങ്ങട്ടെ



ഇനി ഞാനുറങ്ങട്ടെ ഭയമേതുമില്ലാതി-
നിയെന്‍ വിലാപങ്ങളരുതായ് വരില്ല.
ഒളിയേണ്ടാ ഞാനിനിയിരുളിന്റെ മറയില്‍
കാലൊച്ച കേട്ടാല്‍ കാതോര്‍ക്കവേണ്ടാ.
അരിയജന്മങ്ങളായ് ജീവിച്ചോടുങ്ങുവാ-
നൊരുപിറവി വേണ്ടിനി പാരിലെന്നമ്മേ !
ഇനിവേണ്ടാ പെണ്ണായൊരുജന്മവും
വെറിപൂണ്ട മിഴികണ്ടു ഞാന്‍ മടുത്തു !
യാത്രയിലിനി വേണ്ട പിന്‍കാഴ്ചകള്‍,
വിജനമാം വീഥിയില്‍ ജപമന്ത്രവും.
എന്തിനായമ്മേ പിറക്കുന്നുനമ്മള്‍
പുറമ്പോക്കുകളെന്ന പിന്‍വിളിക്കോ?
നോവെന്റെ മേനിയിലഗ്നിയായ്പ്പടരുന്ന-
തിലേറെയുണ്ടെന്റെ ചിത്തത്തിലമ്മേ.
മുറിവില്‍നിന്നൊഴുകുന്ന ചുടുചോരാകണ്ടാ-
ലതുമൊരു ലഹരിയോ മര്‍ത്ത്യജന്മത്തിന് !
അരുതരുതെന്നുരചെയ്തുതളര്‍ന്നാലു-
മാരോദനങ്ങളും ലഹരീ നിറയ്ക്കുമോ?
അടിമയാണോ നമ്മളഭയങ്ങളില്ലാതെ-
യടരാന്‍ വിധിതീര്‍ത്ത ബലിമൃഗമോ?
ഭ്രാന്താണുപോല്‍,കാമബ്ഭ്രാന്താണുപോലും
പെണ്ണുടല്‍ചീന്തിരസിക്കുന്ന ഭ്രാന്ത് !
ഒരുകുഞ്ഞുതാരാട്ടുപാടുകയമ്മേയിനി-
ഞാനുറങ്ങട്ടെ ....ഉണരാതിരിക്കാന്‍ !!
ശിവരാജന്‍,കോവിലഴികം
മയ്യനാട്

ആസുര താളങ്ങള്‍



നിറം മങ്ങിയെത്തും കിനാക്കളേ നിങ്ങള്‍തൻ
ചാരത്ത് ഞാനൊന്നിരുന്നു കൊള്ളട്ടേ !
നിറമേതുമില്ലാതെ കാലം കഴിക്കുന്ന,
നിറമറ്റ ജന്മത്തിന്‍ ശേഷിപ്പു ഞാന്‍
വര്‍ണ്ണങ്ങളില്ലാതെ മൌനങ്ങള്‍ നല്കിയ,
ബാല്യ-കൌമാരങ്ങൾക്കെന്റെ നന്ദി
നോവിന്റെ കമ്പളം മൂടിപ്പുതപ്പിച്ച
നെറികെട്ട ലോകമേ നിനക്കു നന്ദി.
മരണം വിധിക്കാതെ തെരുവിന്നു നല്കിയ
മാതാപിതാക്കള്‍ക്കുമേറെ നന്ദി
തെരുവിന്റെ സന്തതി എന്നു വിളിച്ചെന്നെ
കരയാന്‍ പഠിപ്പിച്ച മര്‍ത്ത്യരേ നന്ദി.
ഒരുപിടി അന്നത്തിനന്നെന്റെയൊപ്പം
കടിപിടി കൂടിയ ശ്വാനരേ നന്ദി
ഒരു കളിപ്പമ്പരം കണ്ടു മോഹിച്ചോരെന്‍
മിഴികള്‍ നനയിച്ച ബാല്യമേ നന്ദി.
പുസ്തകക്കെട്ടുമായ് കുട്ടികള്‍ പോകവേ
അക്ഷരം മോഹിച്ച സ്വപ്നമേ നന്ദി
തെരുവിൽ പിറക്കാതെ, തെരുവില്‍ വളര്‍ന്നോരെന്‍
തെളിവേതുമില്ലാത്ത ജന്മമേ നന്ദി
അമ്മതന്‍ താരാട്ടിനേറെക്കൊതിച്ചോരെന്‍
നിദ്രാവിഹീനമാം രാത്രിക്ക് നന്ദി
കുലമഹിമതൻ പെരുമ ചൊല്ലിപ്പിരിയുന്ന
പൊക്കിൾക്കൊടിയേ നിനക്കു നന്ദി
ആത്മാവൊഴിഞ്ഞുപോയ് ശിലയായ് മാറിയ
അന്ധനാം ദൈവമേ നിനക്ക് നന്ദി
ആത്മരോക്ഷങ്ങളാല്‍ ആസുര ഭാവംപൂണ്ട്
താണ്ഡവമാടുമെന്‍ ചിത്തമേ നന്ദി
ഞാനില്ല എന്നിലെന്‍ സ്വപ്നമില്ലിന്നു
ഞാനായ് ചരിക്കുന്ന മാംസപിണ്ഡം
പിറവികള്‍ നല്കുന്ന മുള്‍ക്കിരീടം ചൂടി
പൊരുളുകള്‍ പ്രിഥ്വിയില്‍ തേടുന്ന ജന്മം.
___________________--------------------------
ശിവരാജന്‍,കോവിലഴികം
മയ്യനാട്
==================

പൂവിളികള്‍


ആവണിത്തെന്നലില്‍ ഊഞ്ഞാലിലേറി
ഓണം വിരുന്നെത്തും മാമലനാട്ടില്‍
കൊയ്ത്തുപാട്ടിന്‍ ശ്രുതി,ലയ,താളമോടെ
വസന്തംചിരിതൂകും ചിങ്ങപ്പുലരിയില്‍
മാവേലിമന്നനു വരവേല്പ്നല്കി,
മാമരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്നു
മരമടി,പുലികളി,വള്ളംകളിയോടെ,
മലയാളനാടിന്‍റെ മാമാങ്കമായോണം
പൂവിളികേട്ടുണരുന്നു ദിവാകരന്‍
പൂക്കളംതീര്‍ക്കുന്ന ബാല്യകൌമാരങ്ങള്‍
ഓണനിലാവൊളി പാലാഴിതീര്‍ക്കവേ
മങ്കമാരണയുന്നു കൈകൊട്ടിക്കളിയുമായ്‌
ഉത്രാടരാവിനെ,ശിവരാത്രിയാക്കി
സദ്യവട്ടങ്ങളൊരുക്കുന്നു നാരികള്‍
തൂശനിലയില്‍ വിഭവം പലവിധം.പുതു-
ആടകള്‍ചാര്‍ത്തി ആബാലവൃദ്ധം
സ്മൃതികളിലോണം മധുരമാണെങ്കിലും
ഇന്നിന്റെ, ഓണം നെടുവീര്‍പ്പുകള്‍മാത്രം
പൂവിളിയില്ലിന്നു,പൂക്കളമില്ലാ
ആവണിത്തെന്നലും ചുട്ടുപൊള്ളുന്നു
കാര്‍ഷികമമാങ്കമായൊ-രാപ്പൊന്നോണം,
വിതുമ്പിനില്‍ക്കുന്നു, വറുതിയില്‍ ശാപമായ്.
ഉണ്ണാനുടുക്കാനില്ലാത്ത മര്‍ത്ത്യരും
മിഴിനീരുണങ്ങാതെ ശരണാലയങ്ങളും
കള്ളം,ചതി,പൊളിവചനങ്ങളെല്ലാം
മന്ത്രമായ്മാറുന്ന കലിയുഗത്തില്‍,പ്രഭോ
മാവേലിമന്നാ നിനക്കു സുസ്വാഗതം
ആ മാവേലിനാടൊന്നു തിരികേത്തരൂ.....
ശിവരാജന്‍ കോവിലഴികം
മയ്യനാട് ...........

മമ ഭാരതമേ സ്വസ്തി


ഇന്നെന്റെ പഴയൊരാ പുസ്തകത്താളില്‍
പ്രൗഢമാം ഭാരതഭൂപടം കണ്ടുഞാന്‍
അതിരുകള്‍ വെട്ടിമുറിച്ചവരിന്നതില്‍
ചിതല്‍ തിന്ന ഭൂപടചിത്രം വരച്ചൂ.
ഉടല്‍മുറിച്ചിട്ടതില്‍ വൈരമാമുപ്പുകള്‍
തൂകിരസിക്കുന്നോരധികാരമോഹികള്‍
ആ മുറിവില്‍നിന്നുമുയരുന്നതൊക്കയു-
മശാന്തീ പടര്‍ത്തുന്ന ധൂമങ്ങള്‍ മാത്രം.
ചിറപൊട്ടിയൊഴുകുന്നൊരരുവിപോല്‍ കണ്ണുനീര്‍
തോരാതെ കേഴുന്നോരമ്മമാരുണ്ടതില്‍
കീഴാളനെക്കൊന്നു മേലാളനായ് വാഴു-
മന്ധബോധത്തിന്റെ സ്വാര്‍ത്ഥരൂപങ്ങളും .
തലയുടഞ്ഞെങ്ങോ മറഞ്ഞുപോയ്‌ ഗിരികളും
വയലും മറഞ്ഞുപോയ്‌ പുഴയും മരിച്ചു
അരവയര്‍പോലും നിറച്ചിടാനാകാതെ
പിടയുന്നു കര്‍ഷകര്‍ കയറിന്റെ തുമ്പില്‍.
ഇനിയും തുറക്കാത്ത മിഴികളുമായ്പ്പിറ-
ന്നായിരം ദൈവങ്ങള്‍, ജാതിഭൂതങ്ങള്‍
അറുതിയേയില്ലെന്നഹംഭാവമോടെ
അതിമോഹമാത്സര്യംപേറിവാഴുന്നവര്‍.
ലഹരികള്‍ പൂക്കുന്ന വീഥിയില്‍ കേള്‍ക്കുന്ന-
തൊക്കയും കുഞ്ഞുവിലാപഗീതങ്ങൾ
തെരുവില്‍പ്പിറക്കാതെ,തെരുവിലേക്കെത്തുന്നു
വിധിലിഖിതമറിയാതെ ബാല്യജന്മങ്ങള്‍.
ബിരുദം ചുമന്നുതളര്‍ന്ന യുവത്വങ്ങള്‍
മൌനവല്മീകത്തിലെങ്ങോ മറഞ്ഞു
മാറാലതുന്നിയ മാറാത്ത നിയമങ്ങള്‍
മടിയോടെയിന്നും മുടന്തിനീങ്ങുന്നു.
ചോരച്ചുവപ്പിന്റെ ചായത്തില്‍ കണ്ണുനീര്‍
ചാലിച്ചു ചരിതം രചിച്ച പോരാളികള്‍
പാരതന്ത്ര്യത്തിന്റെ ചിറകരിഞ്ഞന്നവര്‍
നെയ്ത സ്വപ്നത്തിന്‍വിലങ്ങഴിച്ചീടുക.
ഇനിയില്ല മാത്രകളേറെ നിനയ്ക്കുവാന്‍
ഇനിവേണ്ടാ കപടമാം രാജ്യസ്നേഹങ്ങളും
ഇനിവേണ്ടാ കൊടികള്‍, ജാതി, വര്‍ണ്ണങ്ങള്‍
ഇനിവേണ്ടതൊരുമന്ത്രം “മമ ഭാരതമേ സ്വസ്തി“!!
-------------------------------------
ശിവരാജന്‍,കോവിലഴികം
മയ്യനാട്,കൊല്ലം,

തീവണ്ടികള്‍


ഒരു യാത്രയില്‍ നമ്മളൊരുയാത്രയില്‍
കാതങ്ങള്‍ താണ്ടുന്ന മരുയാത്രയില്‍
പക്ഷങ്ങളില്ലാതെ പായുന്നു മോഹങ്ങള്‍
കൊഴിയുന്നു,തേങ്ങുന്നു തുടര്‍യാത്രയില്‍,
കാലം നയിക്കുന്ന പാളങ്ങളില്‍ നമ്മള്‍
നോവിന്‍പുകതിന്നു തുടരുന്ന യാത്രകള്‍.
മുഖമില്ല നമ്മള്‍ക്കു മുഖംമൂടിമാത്രം
കല്പാഗ്നിപേറുന്ന വ്യഥപൂണ്ടജന്മം,
നിഴലുപോൽ നീളുംസമാന്തരപ്പാതയില്‍
വന്നുപോയെത്രയോ സഹായാത്രികര്‍
സമയങ്ങള്‍ വീശുംകൊടിയില്‍ ചലിക്കുന്നു
വ്യര്‍ത്ഥമോഹത്തിന്റെ ചൂളംവിളികള്‍.
കനല്‍ചുട്ടെടുക്കുന്ന വര്‍ത്തമാനങ്ങളില്‍
മിഴിനീര്‍ കുടഞ്ഞിട്ടു നാളയെത്തേടുന്നു
അടയാളമാകും വിളക്കിൽത്തെളിയുന്നൊ-
രിത്തിരിവെട്ടം പ്രതീക്ഷകള്‍ മാത്രം !
കയറുന്നിറങ്ങുന്നു സ്വപനങ്ങളായിരം
മോഹം ചലിപ്പിച്ച തീവണ്ടിയാത്രയില്‍
പിന്നിലേക്കോടിമറയുന്ന കാഴ്ചകള്‍
മറവികൾക്കേകുന്നു തുടരുന്നു യാത്രകള്‍.
കനവുകള്‍പൂക്കാതെ കനലായ്ക്കൊഴിയുന്ന
മോഹഭംഗത്തിന്റെ ചുടുനെടുവീര്‍പ്പുകള്‍
കൂകിവിളിച്ചങ്ങു പായുന്നു പഴകിയ
കരിയില്‍കിതച്ചങ്ങു തീവണ്ടി നിത്യവും.
========================
ശിവരാജന്‍ കോവിലഴികം
മയ്യനാട്...........
.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo