നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കളിയാട്ടം....{കഥ }


 ഒറ്റപ്പെട്ടുനില്ക്കുന്ന ആ വീടിനുനേരെ നടന്നെത്താൻ അയാളുടെ മനസ്സാഗ്രഹിച്ചെങ്കിലും ശരീരം വഴങ്ങുന്നില്ല,നാപ്പത്തിയഞ്ചു കടന്നിട്ടില്ലെങ്കിലും. തല പാതിയിലേറെയും നരച്ചിരിക്കുന്നു. കണ്ണുകൾക്ക്‌ ചുറ്റും കറുപ്പ് പടർന്ന് ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്ന മുഖം.തോളിലെ ചെണ്ടയ്ക്കും വാർദ്ധക്യം ബാധിച്ചപോലെ .

പുലരിയുടെ കുളിർമ്മയിലും വിയർപ്പ് ചാലിട്ടൊഴുകുമ്പോൾ തുവർത്തുകൊണ്ടത് ഒപ്പിയെടുത്തു അയാൾ വേഗം നടന്നു .നഗ്നപാദങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന പുല്ലുകൾക്കിടയിലെ തൊട്ടാവാടികൾ കുത്തിനോവിച്ചതൊന്നും ആ യാത്രികൻ അറിഞ്ഞതേയില്ല .വയലും ഇടവഴിയും താണ്ടി വീടിന്റെ മുറ്റത്തെത്തുമ്പോൾ , കിതപ്പിനെയും പിൻതള്ളിയെത്തുന്ന തന്റെ ചുമയുടെ പ്രതിധ്വനി അയാളുടെ കാതുകളിൽ മുഴങ്ങിനിന്നു.

"വാസുവേ .അലങ്കാരം കഴിഞ്ഞോ ? "

ജീവിതത്തിന്റെ വേരാഴ്ങ്ങൾ കണ്ടെത്താനാകാതെ വിധിവെയിലിൽ ആടിയുലഞ്ഞു കറുത്തുപോയ വന്മരംപോലെ ഒരു മനുഷ്യൻ .വാതിൽ തുറന്ന് ഉമ്മറത്തെത്തി.

"ഈ ചുമയിനിയും മാറിയില്ലേ കൃഷ്ണേട്ടാ"

മുറ്റത്തു ചെണ്ടയിറക്കിവയ്ക്കുമ്പോൾ അയാൾ ,കാലം കവർന്നെടുത്ത ചിരിമുത്തുകൾക്കുവേണ്ടി വെറുതെ പരതിയെങ്കിലും ചുമ അതിനെ തടസ്സപ്പെടുത്തി .

"ഓ ....... അതെന്നെയുംകൊണ്ടേ പോകൂ .നീയാ തീപ്പെട്ടി ഇങ്ങെടുക്ക്".മടിയിൽനിന്നു തെറുപ്പുബീഡി ഒരെണ്ണമെടുത്തു അയാൾ ചുണ്ടിൽവച്ചു .

"അല്ല പിന്നെയെങ്ങനെയാ ചുമ കുറയുന്നത് ? ഇതിനൊരു കുറവുമില്ലല്ലോ !ഇപ്പൊ കത്തിക്കണ്ടാ ,ഇത്തിരി ചൂടുകഞ്ഞി കുടിക്കാം"

കത്തുന്ന വിശപ്പിന്റെ കാഹളങ്ങളെ ഉള്ളിലൊളിപ്പിച്ചു അയാൾ വെറുതേ ചിരിച്ചു.

"വിലാസിനീ കഞ്ഞി കൃഷ്ണേട്ടനുംകൂടെ എടുത്തോളൂ ,അപ്പു എവിടെ ?അവൻ കഞ്ഞികുടിച്ചോ?ഇനി കഞ്ഞി കുടിച്ചാകാം ചമയങ്ങൾ "

കാലം തെറ്റിവന്ന ചാറ്റൽമഴ കാറ്റിനൊപ്പം കടന്നുപോകുമ്പോൾ മഴനനയാൻ കൊതിച്ചുനിന്ന അപ്പു വേഗം അടുക്കളവഴി അകത്തേക്കുവന്നു .

മഴച്ചാറ്റൽ നനഞ്ഞ് ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കിവയ്‌ക്കേണ്ടെന്റെ കുട്ട്യേ .ചേലത്തലപ്പുകൊണ്ട് തലതുടച്ച അമ്മയുടെ കൈകൾ തട്ടിമാറ്റി അവൻ ചെണ്ടയ്ക്കു നേരേ പാഞ്ഞു .

"ഇലത്താളത്തിനാരാ വാസുവേ ?"

അപ്പുവാണിന്ന് ഇലത്താളം.

"അവന് സ്കൂളിൽ പോകണ്ടേ ...?"

ആവശ്യത്തിനും അനാവശ്യത്തിനും സമരവും സമരാഭാസവും നടക്കുന്ന നാട്ടിൽ വിദ്യാർത്ഥികളെക്കുറിച്ചു ആര് ചിന്തിക്കാൻ ,

അല്ലെങ്കിലും തെയ്യംകെട്ടിയാൽ അവനു സ്കൂളിൽ പോകാൻ വലിയ മടിയാണല്ലോ,

ചെണ്ടയിൽ തന്റെ കുഞ്ഞുവിരലുകൾകൊണ്ട് അപ്പു മെല്ലേ താളംപിടിച്ചു .അവന്റെ താളവിസ്മയത്തിൽ മതിമറന്ന് അവരൊക്കെ തലയാട്ടി നിന്നു .

"നല്ല താളബോധമുള്ള ചെക്കനാ അപ്പു,അവനെ കലാമണ്ഡലത്തിൽ വിട്ട് ,കൊട്ടു പഠിപ്പിച്ചാൽ ലോകമറിയുന്ന കലാകാരനാകും വാസുവേ"

"എന്റെ കൃഷ്ണേട്ടാ നമ്മെപ്പോലുള്ളവർക്കു കലാമണ്ഡലമൊക്കെ സ്വപ്നംമാത്രമല്ലേ .പിന്നെ അവിടെ പഠിച്ചല്ലല്ലോ നാട്ടിലുള്ള എല്ലാവരും കൊട്ടുകാരായത്"

എത്ര അടക്കിപ്പിടിച്ചിട്ടും മനഃപൂർവ്വം മറന്നുവച്ച ആ ഇഷ്‌ടം വാസുവിന്റെ നെഞ്ചടുപ്പിൽ പുകയുന്നതു മറ്റാരുമറിഞ്ഞില്ല .

അകലെയെങ്ങോനിന്നു പെരുംചെണ്ടയുടെ ആസുരതാളം ശംഖാരവങ്ങൾക്കൊപ്പം അവരുടെ കാതുകളിലേക്കെത്തി.എവിടെയോ തെയ്യം ചുവടുവച്ചുതുടങ്ങിയിരിക്കുന്നു .

"രാമേട്ടനാണെന്നു തോനുന്നു,പാവം നടക്കാനും അവതില്യാണ്ടായി."

"അതേവാസുവേ, രാമേട്ടനാ ....പൊന്നനാണ് ചെണ്ടക്കാരൻ"

വാസുവെറ്റിലയിൽ നൂറും തേച്ചു ഉമ്മറത്തുവിരിച്ച പുല്പ്പായയിൽ കൃഷ്ണേട്ടനൊപ്പം ഇരുന്നു.നാലുംകൂട്ടി മുറുക്കുന്നതിനിടയിൽ അയാളിലൂടെ കടന്നുപോയത് തന്റെ ഗുരുനാഥാനായ രാമേട്ടനെന്ന തെയ്യത്തിലെ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു .പ്രായത്തിനേക്കാളും ഏകമകന്റെ മരണം വല്ലാതെ തളർത്തിക്കളഞ്ഞപ്പോഴും പതറാതെ പിന്നുള്ള നാല് പെൺകുട്ടികൾക്കായി ഇന്നും വേഷം കെട്ടുന്ന രാമേട്ടന്റെ പാദങ്ങളിൽ മനസ്സുകൊണ്ട് തൊട്ട് വാസു ഒരു നിശ്വാസത്തോടെ പിന്നെയും ചമയങ്ങളിലേക്കു തിരിഞ്ഞു.

"ഈ തെയ്യക്കാലവും പട്ടിണിയാണോ ഭഗവതീ !! ചെമ്പോട്ടമ്മേ നീ തന്നെ തുണ."

ബീഡി ആഞ്ഞുവലിക്കുന്ന കൃഷ്ണേട്ടന്റെ ആത്മഗതം മൺഗർഭങ്ങളിലേക്കു ആഴ്ന്നിറങ്ങുന്ന മഴനിലവിളിപോലെ .ഉച്ചത്തിലായിരുന്നു. .

"അപ്പു"

വിളികേട്ടു അപ്പുവെളിയിലേക്കെത്തി ,വേലിക്കൽ പുതിയ ചിത്രകഥാപുസ്തകവുമായ് അമ്മുവിനെ കണ്ടപ്പോൾ അവനു സന്തോഷം ഏറെയായി .അവനോടി അവളുടെയടുത്തെത്തി .

"ചേച്ചി ,ഇന്ന് അച്ഛനൊപ്പം നാടുചുറ്റാൻ ഞാനും പോകുന്നുണ്ട്,ഞാനാ ഇലത്താളം,"അവൻ അഭിമാനത്തോടെ പറഞ്ഞു.

"ആഹാ ....അപ്പുവലിയ കലാകാരനായല്ലോ" നിറഞ്ഞ ചിരിയോടെ അമ്മു പുസ്തകം അവനുനേരെ നീട്ടി ,ഒപ്പം കുറച്ചു പലഹാരവും

"അസത്ത് ,നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാൻ ആ എരണം കെട്ട ചേക്കന്റടുത്തേക്കു പോയിരിക്കുവ ,ആരാ ചോദിക്കാനും പറയാനും "

പിന്നിൽ ഉയർന്നുകേൾക്കുന്ന അമ്മമ്മയുടെ ജല്പനങ്ങൾ അവൾ കേട്ടില്ലെന്നു നടിച്ചു,അവനും കേട്ട് ശീലമായതു കൊണ്ട് ചിരിക്കുകമാത്രം ചെയ്തു .

"ഞങ്ങളിപ്പം കാവിലേക്കുപോകും", തെല്ലുറക്കെയാണ് അവളതു പറഞ്ഞത് ,ഒരു സന്ദേശം പോലെ.

വാസു ജനലിൽക്കൂടി അത് കാണുന്നുണ്ടായിരുന്നു,അത് അയാൾക്കുള്ള സന്ദേശമാണെന്നും അറിയാം.

തന്റെ മകൾ,

ചമയം മറന്നയാൾ അവളെത്തന്നെ നോക്കിനിന്നു .

ദൂരെ മകളെയും പ്രതീക്ഷിച്ചു നിൽക്കുന്ന സുഭദ്ര അപ്പുവിനുനേരെ കൈവീശികാട്ടി ,തിരികെ അവനും

സുഭദ്ര ...കീഴോട്ടുവീട്ടിലെ തമ്പുരാട്ടിക്കു എന്തിനും ഏതിനും അടിയാനായ വാസു വേണമായിരുന്നു ,കളിക്കാനും ഒപ്പം നടക്കാനും തല്ലുകൂടാനുമൊക്കെ .ബാല്യസൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അവരുപോലുമറിയാതെയായിരുന്നു .കൊടിയ പീഡനങ്ങൾക്കു വിദേയയായിട്ടും പിന്മാറാൻ അവൾ തയാറായില്ല .സഹോദരനും അച്ഛനും ചേർന്നൊരുക്കിയ കെണിയിപ്പെട്ടു വാസുവിന്റെ അച്ഛന്റെ ജീവൻ നഷ്‌ടമായെന്ന് അറിഞ്ഞപ്പോൾ ,വാസുകൂടി നഷ്‌ടപ്പെടാതിരിക്കാൻ അവൾ മറ്റൊരു വിവാഹത്തിനു സമ്മതം മൂളി .വിവാഹ പന്തലിൽനിന്നും സഹോദരൻ സുധാകരനെ പോലീസ് അറസ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും അവളിൽ നിറഞ്ഞുനിന്നത് നിര്വികാരത്വമായിരുന്നു .

വിവാഹം കഴിഞ്ഞു മൂന്നാം നാൾ ശർദ്ദിച്ചു അവശയായ അവളെ ഉപേക്ഷിച്ചു ഭർത്താവ് നടന്നുപോകുമ്പോൾ യുദ്ധം ജയിച്ച പോരാളിയുടെ ഭാവമായിരുന്നവൾക്കു,ജീവിക്കാനുള്ള കൊതിയും .

പിന്നെ നാലഞ്ചു വർഷങ്ങൾക്കു ശേഷമാണ് സുഭദ്ര നാട്ടിലെത്തിയത് ,അടിമയെപ്പോലുള്ള ഭർതൃഗൃഹത്തിലെ ജീവിതം ഉപേക്ഷിച്ചു പോരുമ്പോൾ അവളുടെയൊപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നു .

തറവാട്ടു കാർന്നോരുടെ മരണത്തോടെ സുഭദ്ര വെളിയിലേക്കിറങ്ങിത്തുടങ്ങി, അമ്മയുടെ ശകാരവർഷങ്ങൾ അവൾ കേട്ടില്ലെന്നുനടിച്ചു,

ഏറെ താമസിയാതെ അമ്മു അപ്പുവുമായി ചങ്ങാത്തമായി ,അതിലൂടെ വാസുവുമായും .രക്തം രക്തത്തിനെ തിരിച്ചറിഞ്ഞപ്പോൾ മകളെയൊന്നു താലോലിക്കാൻ ,അടുത്തിരുത്താൻ ആകാതെ ആ അച്ഛൻ നെടുവീർപ്പുകളിൽ അഭയം തേടി .

"വാസു നീയെന്താ ആലോചിക്കുന്നേ ,പുറപ്പെടുകയല്ലേ" .

അയാൾ ഓർമ്മകളിൽ നിന്നും പുറത്തുവന്നു.

തുലാം പത്തു കഴിഞ്ഞാൽ തെയ്യക്കാലമായി. ഭക്തരുടെ കാണിക്കകൊണ്ട് പട്ടിണിമാറ്റാൻ നിറഞ്ഞാടുന്ന തെയ്യങ്ങൾ .അരിപ്പൊടിയും നൂറും മഞ്ഞളും വെളിച്ചെണ്ണയും വെള്ളവും ചേർത്തുചാലിച്ച് ,ചതച്ച ഈർക്കിൽകൊണ്ട് മുഖത്തും ദേഹത്തും ചായം പിടിപ്പിച്ചു.കഴുത്തിൽക്കെട്ടും മാറുംമുല, ഏഴിയരം ചാർത്തി വള,കടകം,ചൂടകം കൈകളിലണിഞ്ഞു .ചിലമ്പും പറ്റുമ്പാടകവും മണിക്കയലും കാലിലണിഞ്ഞ് വെളിയിലേക്കു വന്ന വാസു ..ഒരുക്കിവച്ചിരുന്ന പന്തമെടുത്ത് അരയിൽ തിരുകി.

തീപ്പന്തംവച്ചുള്ളകളി വേണോ ?

പോയവർഷത്തെ അപകടം മനസ്സിലോർത്താണ്‌ കൃഷ്ണേട്ടൻ അതു ചോദിച്ചത്.

വേണം ...മറ്റു തെയ്യങ്ങളിൽനിന്നു നമ്മെ വ്യത്യസ്തമാക്കുന്നതു തീയാട്ടമല്ലേ ?

കൈയിലെ തീപ്പൊള്ളലേറ്റ അടയാളം വെറുതെ തടവി ഒന്ന് നിശ്വസിച്ചു അയാൾ .

അപ്പുവിനെ കുട്ടിത്തെയ്യമാക്കാമായിരുന്നു നമുക്കു കുറച്ചു ദക്ഷിണ അതുവഴിയും കിട്ടിയേനെ

വേണ്ടാ ,അവൻ തെയ്യമാകേണ്ടാ,,

പരിഭവക്കെട്ടുകളുടെ പ്രാണനിൽ കുരുങ്ങിയ വെറുപ്പിന്റെ ഭാഷ ആ വാക്കുകളിൽ മുഴങ്ങിനിന്നിരുന്നു .

കീഴാളനെന്നും കീഴാളകലകളെന്നും മുദ്രകുത്തി അകറ്റിനിറുത്തിയ ഒട്ടനവധി കലാരൂപങ്ങൾക്കിടയിൽ നാളെ തെയ്യവും കാണാതെയാകുമെന്നു അയാൾ ഭയപ്പെട്ടിരുന്നു .

ആ പ്രതികരണം കൃഷ്ണേട്ടനെ ആശ്ചര്യനാക്കി .അന്ന്യം നിന്നുപോകുന്ന പാരമ്പര്യകലകളെക്കുറിച്ചു വാചാലനാകുന്ന,നാട്ടരങ്ങിന്റെ പ്രധാന സംഘാടകൻ കൂടിയായ വാസുതന്നെയോ ഇതെന്ന് അയാൾ ശങ്കിച്ചുപോയി

തെയ്യം ഒരു ദൈവികകലയല്ലേ ? ആചാരങ്ങളും അനുഷ്ഠാനങ്ങളും അങ്ങനെ കൈയൊഴിയാനാകുമോ?

തെയ്യം ഭഗവതിയാണ് ,ദൈവങ്ങളുടെ പ്രതിപുരുഷനാണ്,പക്ഷേ കീഴാളനു സ്വന്തമായിരുന്ന ആചാരങ്ങളെ താന്ത്രികപ്പലകയിൽ ആവാഹിച്ച് വരേണ്യതയുടെ കസവുടുപ്പിച്ച് തളികയിലേക്കു പകർന്നുമാറ്റി,രാഷ്ട്രീയവും അധികാരവും മതങ്ങളും ചരടുവലിച്ചു കളിച്ചപ്പോൾ അന്ന്യംനിന്നുപോകുന്നത് ഒരു നാടിന്റെ സംസ്കാരവും തനതു കലകളുമാണെന്നു ലോകമിനിയും തിരിച്ചറിഞ്ഞിട്ടില്ല കൃഷ്ണേട്ടാ .

വാഴയിലച്ചീന്തിൽ കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞ് വിലാസിനി തെയ്യത്തിന്റെ നെറ്റിയിൽ വിഭൂതി ചാർത്തി,മനമുരുകി, ദേവിയെ പ്രാർത്ഥിച്ചു അവർക്കു വഴിയൊഴിഞ്ഞുനിന്നു.

,ഒരു നെടുവീർപ്പോടെ കിരീടം എടുത്തണിഞ്ഞു വാസു വെളിയിലേക്കു ഇറങ്ങുമ്പോഴാണ് ,കോമരം അതുവഴിയെത്തിയത് .

നീയിറങ്ങിയില്ലേ ഇതുവരെ ....

പിന്നെ ...അയാൾ കുറച്ചുകൂടി വാസുവിനോട് ചേർന്നുനിന്നു .

കീഴോട്ടെ സുധാകരൻ കവലയിലെത്തിയിട്ടുണ്ട്.നീയൊന്നു സൂക്ഷിക്കണം

വാസുവിന്റെ മുഖം ചുവന്നുതുടുത്തു,കണ്ണുകളിൽ അഗ്നി പടർന്നു ഒറ്റയ്ക്കായി പോകുന്ന നിമിഷങ്ങളിലെല്ലാം ഒരു വന്യതയുടെ കൊടുങ്കാറ്റുപോലെ മനസ്സിലേക്കത് തെളിഞ്ഞു വരുന്ന,നോവിന്റെ ആഴങ്ങളിലേക്ക് കൈപിടിച്ചുനടത്തുന്ന ഓർമ്മകളുടെ അണയാത്ത കനലുകൾ മനസ്സിൽ തെളിഞ്ഞുവന്നു.
മുറിയിലേക്ക് കയറി,അലങ്കാരപ്പെട്ടിക്കടിയിൽ സൂക്ഷിച്ചിരുന്ന കടാര വെളിയിലെടുത്തു .ഉറയൂരി അതിലേക്കു നോക്കുമ്പോൾ മറ്റൊരു സൂര്യനെപ്പോലെ ആ മുഖം ജ്വലിച്ചുനിന്നു .കടാര എളിയിൽ തിരുകി വെളിയിലേക്കു ഇറങ്ങുമ്പോൾ അച്ഛന്റെ മുഖമായിരുന്നു മനസ്സിൽ.

കൃഷ്ണേട്ടൻ പിന്നെയും ഒരു ബീഡികൂടെ കത്തിച്ച് പുക ഉള്ളിലേക്കാഞ്ഞുവലിച്ചു ,പിന്തുടർന്നെത്തുന്ന ചുമയെ അവഗണിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി .

ഭഗവതീ........ . നീതന്നെ രക്ഷ............. .

ചെണ്ട തോളിലിട്ട് കൃഷ്ണേട്ടൻ കൈകൊണ്ടു പതുക്കെത്തട്ടി.

പിന്നെ ചെണ്ടക്കോൽ ആഞ്ഞുപതിച്ചപ്പോൾ ചടുലമായ ആസുരതാളം ഒഴുകിയെത്തി. കൂടെ അപ്പുവിന്റെ ഇലത്താളവും .

ഭഗവതിക്കാവിലെ ആല്മരത്തിൻചില്ലകൾ ആ താളവിസ്മയം കേട്ട് ഇളകിയാടി .

വാസു ചെമ്പോട്ടുഭഗവതിയെ മനസ്സിൽ ധ്യാനിച്ച് ചുവടുകൾ വച്ചു . പിന്നിൽ തൊഴുകൈയുമായി വിലാസിനി അവർക്കു യാത്രാമംഗളം നേർന്നു.

ഭഗവതിക്കാവിലമ്മേ കാത്തോളണേ ......

കവലയിലേക്കു അടുക്കും തോറും വല്ലാത്തൊരു ഭയം വാസുവിനെ വരിഞ്ഞുമുറുക്കികൊണ്ടിരുന്നു .

വിശ്വാസത്തിന്റെ കരുത്തും കരുത്തിന്റെ വിശ്വാസവുമാണ് തെയ്യങ്ങൾ .
ദൈവങ്ങളുടെ പ്രതിരൂപം
.പക്ഷേ .....
കാലുകൾക്കു ഭാരം കൂടിവരുന്നപോലെ .അച്ഛൻറെയും സുഭദ്രയുടെയും,അമ്മുവിന്റെയും മുഖങ്ങൾ മനസ്സിൽ മിന്നിമായുന്നു.
അയാൾ അപ്പുവിന്റെ തോളിൽ മുറുക്കെ പിടിച്ചു ,
ഓരോശ്വാസനിശ്വാസത്തിലും പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ഒരു നോവ് സുചിമുനപോലെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുമ്പോൾ
ചിന്തകളിൽ പകയുടെ ഉയർച്ചതാഴ്ചകൾ കൊട്ടിത്തകർക്കുകയായിരുന്നു
നോവിൻ പെരുക്കങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച് ജീവിച്ചതും ഈ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നല്ലോ. കണ്ണുകൾ കനലുകളായി,ചുവടുകളിലെ ഭ്രാന്തമായ ആവേശം കൃഷ്ണേട്ടനെ തെല്ലൊന്നമ്പരപ്പിച്ചു .
താളം മുറുകി,വാസു ഇടുപ്പിൽ കൈകൾകൊണ്ട് പരതിനോക്കി കടാര ഉറപ്പുവരുത്തി .

ചായപ്പീടികയിലെ ഇളകിയാടുന്ന ബഞ്ചിൽ ഇരിക്കുന്ന സുധാകരനെ തിരിച്ചറിയാൻ വാസുവിനായില്ല,ചെണ്ടയുടെ ശബ്ദം കേട്ട് ഒറ്റക്കാലിൽ വടിയൂന്നി എഴുന്നേല്ക്കാൻ ശ്രമിക്കുന്ന സുധാകരനെക്കണ്ട് അയാൾ
ഒരുനിമിഷം നിശ്ചലനായി .
മുട്ടിനുതാഴെവച്ചു മുറിച്ചുമാറ്റിയ ഇടതുകാലിനെ ഊന്നുവടിയാൽ സംതുലനം ചെയ്തു അയാൾ തെയ്യത്തിനരുകിലേക്കു നടന്നടുത്തു .

ഡാ .....നീ മരിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും ,ഞാൻ തിരിച്ചെത്തുന്നതുവരെ നിനക്കായുസ്സുണ്ടാകണം ,എന്റെ,.....എന്റെ കൈകൊണ്ടാകണം നിന്റെ മരണവും
അന്ന് വിവാഹപ്പന്തലിൽ നിന്നും പോലീസ് കൈയാമം വച്ചുകൊണ്ടുപോകുമ്പോൾ സുധാകരനിൽനിന്നുമുയർന്ന ആക്രോശങ്ങൾ ഓർമ്മക്കുടുക്കകൾ ഭേദിച്ച് കാതോരമെത്തുന്നതായി വാസുവിന് തോനി .

അവരുടെകണ്ണുകൾ തമ്മിലിടഞ്ഞു .
അരയിൽനിന്നും കടാര വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അത് കൈകളിൽനിന്നും ഊർന്നു താഴേയ്ക്ക് പതിച്ചു.പകച്ചുപോയ വാസു പ്രവർത്തിക്കുന്നതിനും മുന്നേ സുധാകരനതു സ്വന്തമാക്കി .

ചുറ്റും കൂടിയവരുടെ ഹൃദയം പതിഞ താളത്തിൽ നിന്ന് മെല്ലെ മെല്ലെ ദ്രുതതാളത്തിലേക്ക് കൊട്ടികയറി തുടങ്ങിയത് അവരും അറിഞ്ഞതേയില്ല.
തുകലുറയിൽനിന്നും സ്വതന്ത്രമായ കടാര സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി .തിരിച്ചും മറിച്ചും വിരലുകൾകൊണ്ട് തഴുകിയും മൂർച്ച പരിശോധിച്ച് വാസുവിന്റെ നെഞ്ചിനുനേരെ അതുയർന്നപ്പോൾ കൃഷ്ണേട്ടന്റെ തൊണ്ടയിൽ ഒരു നിലവിളി പാതിമുറിഞ്ഞു നിന്നു .
അരുത് ,അവനെയൊന്നും ചെയ്യരുത് ,തൊണ്ടയിൽ കുരുങ്ങിയ നിലവിളി ചുമയായ് വെളിയിലേക്കു എത്തുമ്പോൾ അയാൾ നിന്നുകിതച്ചു .
എല്ലാം കണ്ട് അമ്പരന്നുപോയ അപ്പുവിലേക്ക് ആ നിലവിളി പടർന്നു കയറി .

നെഞ്ചിനുനേരെ ഉയർത്തിയ കടാര സുധാകരൻ വാസുവിന്റെ കൈയിൽ വച്ചുകൊടുത്തു .
എന്നെ....എന്നെയൊന്നു കൊന്നുതന്നുകൂടെ നിനക്ക് ,മതിയായെനിക്ക്,എല്ലാം മതിയായി .

ചിന്തകൾ ഇരുളിന്റെ ഒരു കനത്ത ഭിത്തിയിൽ ചെന്നുതട്ടി, നിലച്ചുപോകുംപോലെ
വർഷങ്ങളായി താൻ കാത്തിരുന്ന ശത്രുവിനെ മുന്നിൽക്കണ്ടിട്ടും ഒന്നും ചെയ്യാനാകാതെ വാസു തളർന്നുപോയി .
ഇവിടെയും നീയെന്നെ തോല്പ്പിച്ചല്ലോ ഭഗവതീ......

കൃഷ്ണേട്ടൻ തെയ്യത്തിനടുത്തെത്തി,ആ കടാര പിടിച്ചുവാങ്ങി,നിനക്കിതിന്റെ ആവശ്യമില്ല വാസൂ ,നീ കലാകാരനാണ്,ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവൻ ,കലയെ ഉപാസിക്കുന്നവർക്കു ഒരിക്കലും അധമനാകാൻ കഴിയില്ല,കൊലപാതകിയും ,കലകൾ ദൈവീകമായി ലഭിക്കുന്നതാണ് ,അതിനൊരു സത്യമുണ്ട് ,വിശുദ്ധിയും .
നിലത്തുകിടന്നു ഉറയിൽ കടാര തിരുകി ചെണ്ടയുടെ ചരടുകൾക്കിടയിൽ ചേർത്തുവച്ചു.
നമുക്കിത് ചെമ്പോട്ടു ഭഗവതിക്ക് സമർപ്പിക്കാം ഒപ്പം നിന്നിലെ പകയും,ഭാരവും .

ചെണ്ട തോളിലേറ്റി ,അതിൽനിന്നും താളവിസ്മയം ഒഴുകുമ്പോൾ അറിയാതെ വാസുവിന്റെ കാലുകൾ ചുവടുകൾ വച്ചുതുടങ്ങി.
.
ഹൃദയത്തിൽ കൂടുകൂട്ടിയിരുന്ന എന്തെല്ലാമോ ശൂന്യമാകുന്നത് അയാളറിഞ്ഞു
ക്രോധം ഉരുകി വിയർപ്പിനൊപ്പം ചമയങ്ങളിൽ അലിഞ്ഞുചേരുമ്പോൾ മനസ്സിലേക്കാവാഹിക്കപ്പെട്ട ചെമ്പോട്ടു ഭഗവതിയായ് അയാൾ മാറിക്കഴിഞ്ഞിരുന്നു.
.
വായ്ക്കുരവും,ദേവീസ്തുതിയുമായി ആളുകൾ ചുറ്റും കൂടി .
വിശ്വാസത്തിന്റെ കരുത്തും കരുത്തിന്റെ വിശ്വാസവുമായി തെയ്യം മുന്നിലേക്ക് ചുവടുവച്ചു .
നാടുണർത്താൻ ,തൊടുകുറി അണിയിക്കാൻ !!

ചെമ്പോട്ടുകാവിലെ ഭഗവതിക്കുമുന്നിൽ ഒരമ്മയും മകളും വാസുവിനായ് മനമുരുകി പ്രാർത്ഥിക്കുമ്പോൾ ആഞ്ഞിലിമരത്തെ തഴുകിയെത്തിയ കാറ്റ് അവരെ തലോടി വലംവച്ചുനിന്നു .
==========================
ശിവരാജൻ കോവിലഴികം ,മയ്യനാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot