Slider

Excuse me നിങ്ങളെന്റെ ഭാര്യയാണോ ...?(കഥ)


പ്രിയരെ ... ഒരു സംഭവം ഓർമ്മയിൽ വന്നു ... അത് നിങ്ങളോട് പങ്കു വയ്ക്കാമെന്നു കരുതി , എന്തായാലും എഴുതുന്നവരെ സമ്മതിക്കണം , ഉള്ളില് ഓർമ്മേണ്ട് മിണ്ടിക്കൂടാന്ന് പറഞ്ഞപോലാ സംഗതി ... മനസ്സിലൊള്ളത് അത് പോലെ കടലാസ്സില് വരണ്ടേ....

ഒരു ക്ഷേത്ര പ്രവേശനമാണ് (വിളംബരമല്ല ) സംഭവം...
ഒരു 5 വർഷം മുമ്പാണ് ട്ടോ , യാതൊരു പ്രത്യേകതയുമില്ലാതെ പുലർന്ന ഒരുപ്രഭാതം . രംഗം എന്റെ ശയനമുറി . കുളി കഴിഞ്ഞ് തലയിൽ തോർത്തുമുണ്ട് കെട്ടിയ പാകത്തിൽ ഭാര്യ ശ്യാമള എന്നെ കുലക്കി ഉണർത്തുന്നു ... " അമ്പലത്തിൽ പോകാന്ന് പറഞ്ഞിട്ട് ....വേഗം റെഡിയാവ്...." തലേന്ന് സമ്മതിച്ച കാര്യം ഞാൻ മറന്നിരുന്നു ... ഒരൊഴിവു ദിനം , മാത്രമല്ല ഒരു സുഹൃത്തിന്റെ സത്ക്കാരത്തിൽ പങ്കെടുത്ത് അമൃത് സേവിച്ചിരുന്നതിനാൽ വൈകിയാണ് വീട്ടിലെത്തിയതും ഉറങ്ങിയതും .... ഞാൻ ചോദിച്ചു " ഇന്ന് പോണോ ".... വെറുതെയാണ്‌ ചോദ്യം ഭാര്യ പകുതി യാത്രയായി നില്ക്കയാണ് ...." പിന്നെ പോവാണ്ട് " കണ്ണു തുറുപ്പിച്ച് ഉച്ചത്തിൽ സൗമ്യമായ മറുപടി. ഒരു ജഗപൊക ദിനചര്യ, കുളി കഴിഞ്ഞ് ഷർട്ട്, മുണ്ട് ഞാൻ റെഡി . ഭാര്യ അപ്പോഴുണ്ട് സാരിയുടെ ഞൊറി പിടിക്കാൻ വിളിക്കുന്നു... അത് ഞാൻ താഴെ ഇരുന്ന് വലിച്ചു പിടിച്ചു കൊടുക്കണം... സാരി ധരിക്കുമ്പോളൊക്കെ ഇതെന്റെ ഡ്യൂട്ടിയാണ്. താഴെയിരുന്ന് സാരിയുടെ ഞൊറി പിടിക്കുമ്പോൾ പലപ്പോഴും കാലുകൊണ്ട് അവളെന്റെ കൈയ്യിൽ സ്പർശിക്കാറുണ്ട്. ഞാൻ അവളുടെ കാലുപിടിച്ചിട്ടുണ്ട് എന്ന്‌ അഹങ്കരിക്കാനാണോ എന്തോ...എന്തായാലും വസ്ത്രാലങ്കാരവും കഴിഞ്ഞ് വണ്ടിയെടുത്തുവിട്ടു... കൊടുങ്ങല്ലൂർ ക്ഷേത്രമാണ് ലക്ഷ്യം. വണ്ടിയിലിരുന്ന് ഭാര്യയുടെ ആത്മഗതങ്ങൾ നിരവധി... സുരപാനത്തെക്കുറിച്ചാണ്. കേൾക്കാത്ത പോലെ ഇരുന്നു.. കൃഷ്ണൻ കോട്ട എത്തിയപ്പോൾ ഞാൻ പറഞ്ഞു " ഞാൻ അമ്പലത്തിൽ കേറില്ലാ ട്ടോ " ..." അതെന്താ " ... ഭാര്യ. ഞാൻ പറഞ്ഞു "ഇന്നലെ എറച്ചി തിന്നു. "സേവയ്ക്കൊപ്പം സാമാന്യം ഭേദപ്പെട്ട രീതിയിൽ കുക്കുടത്തെ വഹി "ച്ചിരുന്നു. ഭാര്യ "ബെസ്റ്റ് ...ന്നാ പിന്നെ എന്തിനാ പോന്നേ...കൂടെ കൊറെ പായാരം .... ഞാൻ പറഞ്ഞു... "ഇഞ്ഞി പോവുമ്പെ കേറാ അമ്പലം അവടെത്തന്നെ ണ്ടാവൂലോ " ഭാര്യയുടെ മുഖം കറുത്തവാവ്. ഞാൻ പല വളിച്ച ഫലിതങ്ങൾ തട്ടി മൂളിച്ചു നോക്കി. ഊഹും... തെളിച്ചമില്ലാ... എന്തിനേറെ അങ്ങനെ കൊടുങ്ങല്ലൂരെത്തി. വടക്കേ നടയുടെ കിഴുക്കു ഭാഗം കാറ് പാർക്കു ചെയ്ത് ഞാൻ ഭാര്യയോടൊപ്പം അമ്പലത്തിലേക്ക് നടന്നു. നടപ്പന്തൽ കഴിഞ്ഞുള്ള വടക്കേ നടയിലെ കിഴക്കുഭാഗത്തെ രണ്ടാമത്തെ ആൽത്തറയ്ക്കു താഴെ ഭാര്യ ചെരുപ്പ് നിക്ഷേപിച്ചു. പറയുമ്പോൾ അതും പറയണമല്ലോ ചാലക്കുടിയിൽ നിന്നും രണ്ടു ദിവസം മുൻപ് വാങ്ങിയ പുത്തൻ ചെരിപ്പ്. ഭാര്യ അമ്പലത്തിൽ കയറി വരുമ്പോഴേക്കും ചുമ്മാ ഒന്നു കറങ്ങാമല്ലോ.. എന്ന് കരുതിയ ഞാൻ ആ മോഹം ഉപേക്ഷിച്ചു.. ചെരുപ്പ് ആരെങ്കിലും "ഇസ്കി "യാൽ എന്റെ രൂപ 600 സ്വാഹ.. വേണ്ട കറക്കം വേണ്ട ...ഞാൻ ചെരുപ്പു കിടന്ന ആൽത്തറയുടെ മുകളിൽ ഉപവിഷ്ടനായി.. വേറെയും ചെരുപ്പുകൾ അപ്പുറവും , ഇപ്പുറവും കിടക്കുന്നുമുണ്ട്. ഞാൻ മൊബൈൽ പോക്കറ്റിൽ നിന്നുമെടുത്ത് കുത്തിപ്പണി തുടങ്ങി .... അപ്പോൾ നല്ല മുല്ലപ്പൂ മണം വരുന്നു ... നോക്കുമ്പോൾ നല്ല ചന്തമുള്ള തരുണീ മണികൾ അമ്പലത്തിൽ പോകുന്നു .... വരുന്നു ... ചിലർ അപ്പുറത്ത് ചെരുപ്പ് ഊരിയിടുന്നു... ചിലർ ധരിക്കുന്നു... മൊബൈൽ പോക്കറ്റിൽ തിരുകി അല്പം സൗന്ദര്യം ആസ്വദിക്കാമെന്ന് കരുതി ഞാൻ വായും പൊളിച്ച് തെക്കും വടക്കും നോക്കി ഇരുപ്പായി .... ഷർട്ട് ചുളിവു മാറ്റി, മുണ്ടിന്റെ കര നേരെയാക്കി ... പലസ്റ്റൈലിൽ ഇരുന്നു നോക്കി... ഒരു കൈ കുത്തി , രണ്ടു കൈയും മടിയിൽ വച്ച്, മോകൻ ലാൽ സ്റ്റൈലൊക്കെയാണെന്നാണ്.. വൃഥാ വിചാരം... എവടെ ഒറ്റ ലലനാമണികളും നമ്മെ ശ്രദ്ധിക്കുന്നില്ലാ.... ഇനി എന്നെക്കണ്ടാൽ ചെരുപ്പുനോട്ടക്കാരനാണെന്ന് തോന്നുമോ..? ഹേയ്... കൊറച്ച് ഭേദപ്പെട്ടതെന്ന് തോന്നുന്ന ഷർട്ടും, മുണ്ടുമാണ് വേഷം... വേഷം പറഞ്ഞിട്ട് കാര്യമില്ല ... മോന്ത ഒരു പിച്ചക്കാരൻ ലുക്കിലല്ലേ എന്നൊരു ശങ്ക... തരുണീമണികൾ നോക്കിയില്ലെങ്കിൽ വേണ്ട... അവർ അണിഞ്ഞൊരുങ്ങി വരുന്നത് ആണുങ്ങൾ നോക്കാനല്ലെ... ഇനി നോക്കാനല്ലെങ്കിലും ... ഞാൻ നോക്കും... അമ്പ: (ആത്മഗതം) അവൾ ഫാര്യ വരുന്നവരെ മാത്രം ....
അല്ലാ സ്ത്രീകൾ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞു കൂടാ ...ഞാൻ നടുക്കിരുന്ന് ബാറ്റ്മിന്റൻ കളി കാണുന്ന പോലെ തെക്കോട്ടും, വടക്കോട്ടും തല തിരിച്ചു കൊണ്ടിരിക്കുമ്പോൾ ....
വലത്തേ ക്കൈയ്യിൽ ഒരു തോണ്ടൽ ....
നോക്കുമ്പോൾ നല്ല മന്ദസ്മേരവദനയായി വായിൽ നിറയെ മുറുക്കാൻ കറയുമായി ഒരവല്യമ്മ... കൈയ്യിൽ ഒരു ലോട്ടറി പാഡ്.... "മോനെ ഒന്നെട്ക്ക് ഇന്നത്തെയാ... കാരുണ്യ ... " ഒരു കടാക്ഷ കാരുണ്യം കാണിക്കാതെ യുവതീ ജനങ്ങൾ തെക്കുവടക്കു നീങ്ങെ ഞാൻ ആ വല്യമ്മയോട്
ഒരു കാരുണ്യം കാണിച്ചു... ടിക്കറ്റ് വാങ്ങി പോക്കറ്റിലിടെ ഫോൺ ശബ്ദിച്ചു. ഓഫീസിൽ നിന്നാണ്... AE "പ്രസാദെ വണ്ടിയിൽ എന്റെ കുട കണ്ടോ...? "എന്നു ചോദിച്ചു ... തലേന്ന് ഓഫീസിലെ സ്റ്റാഫിലെ ഒരാളുടെ പെങ്ങളുടെ കല്യാണത്തിന് പോയപ്പോൾ AE കുടയെടുത്തിരുന്നു... നമ്മുടെ ശകടത്തിലായിരുന്നു യാത്ര... കണ്ടില്ലെന്ന് മറുപടി പറഞ്ഞ് ഞാൻ വീണ്ടും ദർശന ജോലി തുടർന്നു... അപ്പോൾ ഒരു കുടഫലിതം ഓർമ്മയിലെത്തി.....
ഹോട്ടലിൽ നിന്നും ഊണു കഴിഞ്ഞ് അവിടെയിരുന്ന കുട എടുത്ത് പോകുന്നയാളോട് പുറകിൽ നിന്നും ഒരാൾ കൈകൊട്ടി വിളിച്ചിട്ട് ചോദിച്ചു " നിങ്ങളുടെ പേര് സെബാസ്റ്റ്യനെന്നാണോ ...? കുട എടുത്തയാൾ "അല്ല " അപ്പോൾ പുറകിൽ നിന്നും വിളിച്ചയാൾ "എന്നാൽ എന്റെ പേര് സെബാസ്റ്റ്യനെന്നാണ്... ആ കുട എന്റേതാണ്... ഇതാണോർമ്മ വന്നത്... ഞാൻ വീണ്ടും ദർശന ജോലി തുടർന്നു. കുറച്ചുനേരം കഴിഞ്ഞു .... വിശപ്പും തുടങ്ങി ... ക്ഷേത്രദർശനം വെറും വയറ്റിലാണ് ... ഇപ്പോൾ മുൻപിൽ നടക്കുന്നത് തള്ളമാരായിത്തുടങ്ങി ... അതോ വിശന്നു കണ്ണുകാണാതെ എനിക്ക് തോന്നിയതോ....
കണ്ണ് ശരിക്കും തെളിഞ്ഞു കാണുന്നു ...എന്താണെന്നോ... ക്ഷേത്രത്തിൽ നിന്നും ഒരു ചീന്തിലയിൽ പ്രസാദവുമായി , ചുവന്ന ജാക്കറ്റും. സെറ്റുമുണ്ടുമുടുത്ത് ഒരു സൗന്ദര്യധാമം അതാ ....എന്നെ നോക്കി നടന്നു വരുന്നു.. കൊട്ടു പുറകിലായി രണ്ടു ടീനേജുകാരികളും , ഒരു വല്യമ്മയും .... ഞാൻ കണ്ണു തിരുമ്മി നോക്കി ....എന്റെ തോന്നലാണോ .... അല്ല എന്നെത്തന്നെ നോക്കുന്നു ... ചുണ്ടിൽ മന്ദസ്മിതം ... ഞാൻ "ലാ വെളിച്ച "ത്തിൽ അഴിച്ചിട്ട കോഴിയെപ്പോലെ ... മിഴിച്ചിരിക്കെ... ആ സുന്ദരി എന്റരികിലേക്ക് മന്ദമന്ദം അടി വെച്ചടുത്തു..ഭാ... അടുത്ത് ... അതെ അടുത്ത് ... എന്റെ ചാരെയെത്തിയ ആ മനോഹരി അതാ എന്റെ ഭാര്യയുടെ ചെരുപ്പ് കാലിലണിയാൻ തുടങ്ങുന്നു... പെട്ടെന്ന് മണ്ടയ്ക്ക് ഒരു കൊട്ട് കിട്ടിയ പോലെ .... എന്നിലെ ഭർത്താവുണർന്നു ....ഞാൻ ചോദിച്ചു "എക്സ്‌യുസ് മീ....നിങ്ങളെന്റെ ഭാര്യയാണോ " അതവർ ശരിക്കു കേട്ടോ എന്നറിയില്ല. ഒന്നു ഞെട്ടി അവർ പുറകോട്ടുമാറി ... അപ്പോൾ എന്റെ അടുത്ത ചോദ്യം "നിങ്ങളുടെ പേര് ശ്യാമള എന്നാണോ..." അതവർ കേട്ടു.. കണ്ണ് ചിമ്മി അവർ പറഞ്ഞു..." അല്ല " ഞാൻ പറഞ്ഞു "എന്നാൽ ഈ ചെരുപ്പ് എന്റെ ഭാര്യ ശ്യാമളയുടേതാണ് ..... ചെരുപ്പിടാതെ പുറകിലേക്ക് മാറിയ അവർ ഇടം വലം നോക്കി തൊട്ടടുത്ത ആൽത്തറയുടെ ചുവട്ടിലേക്ക് നീങ്ങി.... അതാ അവർ അവിടെ നിന്നും ചെരുപ്പ് കാലിലിടുന്നു .... വീണ്ടും എന്നെ നോക്കി അടുത്തേക്ക് വരുന്നു... ദൈവമേ എന്തിനാണോ ... കൊടുങ്ങല്ലൂർ ഭരണിയുടെ ഗാനശകലം ചൊല്ലാനാണോ... ദേവ്യേ... കാത്തോളണേ... ഞാൻ മൗന പ്രാർത്ഥന ... ചുട്ട ചേമ്പ് അണ്ണാക്കിൽ പെട്ടിരിക്കുന്ന പോലെ ഇരിക്കുന്ന എന്നെ നോക്കി ആ സുഭഗ പറഞ്ഞു " സോറി .... മാറിപ്പോയതാട്ടോ... നോക്യേ എന്റെ ചെരുപ്പും അതു പോലത്തെ തന്ന്യാ " : ഇതു പറഞ്ഞ് കാലു നീട്ടിക്കാട്ടി ആ തരുണി വടക്കോട്ട് നടന്നു.... അപ്പോൾ കേട്ടു തെക്കു നിന്നൊരു ചോദ്യം... "എന്തുട്ടാ അങ്കട് നോക്കിയിരിക്കണ് " തിരിഞ്ഞു നോക്കുമ്പോൾ ... അസുര സുന്ദരി... അല്ല സുന്ദരി... എന്റെ ഭാര്യ... അവൾ ചെരുപ്പിടുമ്പോൾ ഞാൻ ചോദിച്ചു...". എന്താ പേര് ..എന്റെ ഭാര്യ യാണോ ..." അവൾ പറഞ്ഞ മറുപടി നിറയെ കുരുക്കള്ളുള്ള പേരിനോട് സാമ്യമുള്ള ഫലത്തിന്റേയും, പിന്നെ അങ്കണത്തൈമാവിൽ നിന്ന് വീണ ആദ്യത്തെപ്പഴത്തിന്റെ "തൊലി" യുടേയും മായിരുന്നു ...... കാറിനടുത്തേക്ക് നീങ്ങുമ്പോൾ സംഭവം ഭാര്യയോട് പറഞ്ഞു ചിരിച്ചു.. അപ്പോൾ പെട്ടെന്ന് നിന്ന് എന്റെ ഫാര്യ ചോദിച്ചു..." ആ പെണ്ണ് അതേന്ന് പറഞ്ഞിരുന്നെങ്കിലോ...?" അമ്പ ...ദേ... കെടക്കണ് ....ഞാനും വീട്ടില്ല..." എന്നാ ഞങ്ങളിപ്പെ വീട്ടിലെത്തിയേനെ ..നീ ചെരുപ്പും തപ്പി ഇവടെ നിക്കണ്ണ്ടാവും...പൊട്ടിച്ചിരിച്ചുകൊണ്ട് ഞങ്ങൾ വാഹനം പൂകി...
വാൽക്കഷണം :
പിന്നീടൊരിക്കലും ഞാൻ കൊടുങ്ങല്ലൂർ പോകുമ്പോൾ വടക്കേ നടയിൽ കാറ് പാർക്ക് ചെയ്യാറില്ല... തെക്കേ നടയിലാണ് പാർക്കാറ്... പ്രിയതമ എന്നെ ഒറ്റയ്ക്ക് ക്ഷേത്രത്തിന് പുറത്തു നിർത്തിയിട്ടുമില്ലാ..എന്തൊരു സ്നേഹാ ന്നോ... ഇതാണ് മക്കളെ.... സ്നേഹം .....

Prasad K Velu
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo