Slider

ഇറച്ചിക്കടയിലെ കണക്ക് പഠിത്തം (ഹാസ്യം)


നാലാംക്ലാസ്സിൽ പഠിക്കുന്ന സമയം... രാവിലെ അമ്മയുടെ വിളി കേട്ടാണ് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്...

"സഞ്ജൂ എഴുന്നേൽക്കെടാ... പോയി ഇറച്ചി വാങ്ങിച്ചോണ്ട് വായോ... ദേ മുത്തച്ഛൻ കാത്തുനിൽക്കുന്നു... "

ഈ സംഭവമൊക്കെ തലദിവസം പറഞ്ഞുറപ്പിച്ചു നുമ്മ യെസ് മൂളിയ സംഭവാണ്... ബോംബെയിൽ നിന്ന് മുത്തച്ഛന്റെ അനിയനും ഫാമിലിയും വന്നിട്ടുണ്ട്... അവര് ഭയങ്കര സെറ്റപ്പ് ടീം ആണ്... ഒരുമാതിരി ഹൈ സൊസൈറ്റി ടീം...

" ആഹാ അവനിതുവരെ എഴുന്നേറ്റില്ലേ... എഴുന്നേൽക്കെടാ മടിയാ..."

മുത്തച്ഛൻ വക സ്പോഞ്ചിൽ ആണി തറയ്ക്കൽ വന്നു....

" ഞാൻ വരണോ മുത്തച്ഛാ... ഒറ്റയ്ക്ക് പോയാൽ പോരേ..."

" ഏയ്... പിള്ളേരായാൽ കുറച്ചു ഇളംവെയിൽ കൊള്ളണം... ആരോഗ്യത്തിന് നല്ലതാണ്. "

ഓ.... ഒരു ആരോഗ്യം... കാര്യം ഇന്നലെ രാത്രി യെസ് മൂളി കിടന്നെങ്കിലും രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേക്കണ കാര്യാണ് ബുദ്ധിമുട്ട്... അല്ലേലും എന്നാ കാര്യം ആണേലും തീരുമ്പോഴാണ് വിഷമം തോന്നണെ... അതിപ്പോ പ്രണയം ആണേലും മരണം ആണേലും ഉറക്കം ആണേലും ആ കഴിയണ സമയത്താണ് വിഷമം വര്വാ...

രാത്രി മുഴുവൻ കറങ്ങി നടക്കണ ഉറക്കം രാവിലെ ആവുമ്പോ ഒരുമിച്ചു ഒറ്റ വരവാണ്... എന്നിട്ട് എഴുന്നേൽക്കാൻ തൊടങ്ങണ എന്നോട് എങ്ങോട്ടാ സഞ്ജുവേ ഈ പോണേ... കൊറച്ചുനേരം കൂടി കിടക്ക് എന്ന് പറയും... ആ സ്നേഹം കാണുമ്പോ എന്റെ മനസ്സലിയും... മാത്രല്ല അവര് പറയണത് ഞാൻ കെട്ടില്ലെങ്കില് പിന്നെ രാത്രി അവർ വന്നില്ലെങ്കിലോ ഞാൻ കുടുങ്ങിയാ... അതൊക്കെകൊണ്ടു ഞാൻ പിന്നേം ചുരുണ്ടുകൂടി കിടക്കും... ഇമ്മടെ വീട്ടുകാർക്കുണ്ടോ ഇത്രേം വലിയ സംഭവങ്ങൾ ഒക്കെ അറിയുന്നു... അവര് ഒറ്റവാക്കില് ആ സഞ്ജുവിന് മടിയാ എന്നു പറയും... തീർന്നു... ഞാൻ പിന്നൊന്നും പറയാറില്ല ചെറുപ്പത്തിൽ തന്നെ ഇത്രേം വലിയ പ്രബന്ധം ഒക്കെ അവതരിപ്പിച്ചാൽ ചിലപ്പോ എന്നെ വല്ല ചൊവ്വയിലും വെള്ളമുണ്ടോ എന്നറിയാൻ പറഞ്ഞുവിട്ടാലോ... അതോണ്ട് പേടികൊണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

അമ്മയുടെ വിളി ഒന്ന് രണ്ട് മൂന്ന് കഴിഞ്ഞു ഇനിയും കിടന്നാൽ കുളിയും കഴിഞ്ഞു എഴുന്നേൽക്കേണ്ടി വരും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഉറക്കത്തിനെ ഒരുവിധത്തിൽ പറഞ്ഞു മനസ്സിലാക്കി എഴുന്നേറ്റു.... എന്തുണ്ടായാലും മുടക്കം വരാത്ത ചയകുടിയും അതിലേക്കുള്ള എൻട്രി ആയ പല്ലുതേപ്പും കഴിഞ്ഞു ഞാൻ ഡ്രസ് മാറി മുത്തച്ഛന്റെ ഒപ്പം കടയിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ മുഴുവൻ മുത്തച്ഛന്റെ വക അനിയനോടുള്ള അസൂയ ഓരോരോ കഥകളായി എന്റെ കുഞ്ഞു ചെവികൾ ഏറ്റുവാങ്ങി... ചെറുപ്പത്തിൽ മുത്തച്ഛൻ ആയിരുന്നു കേമൻ എന്നും മുത്തച്ഛനാണ് അനിയനെ ഈ നിലയിൽ ആക്കിയതെന്നും ഒക്കെ പറഞ്ഞു അനിയന്റെ ഇപ്പോഴത്തെ നിലവാരത്തിന് കാരണം ഞാനാണ് എന്നൊക്കെ മുത്തച്ഛൻ സ്ഥാപിച്ചുകൊണ്ടിരുന്നു. വേറൊരു നിവൃത്തിയും ഇല്ലാത്തതിനാലും കടയിൽ ചെല്ലുമ്പോൾ കിട്ടാൻ പോകുന്ന മിട്ടായിയുടെ രുചിയും ഓർത്തു ഞാൻ എല്ലാം സഹിച്ചു ക്ഷമിച്ചു കേട്ടു... ഒരുകാരണവശാലും അനിയന്റെ മുമ്പിൽ മുത്തച്ഛൻ താഴാൻ ആഗ്രഹിക്കുന്നില്ല എന്നകാര്യം എനിക്കുറപ്പായി.

ഇരചിക്കട എത്തിയപ്പോഴാണ് എന്നെ രാവിലെ പുലർവെയിൽ കൊള്ളിക്കാനുള്ള മുത്തച്ഛന്റെ ആഗ്രഹത്തിന്റെ ഒറിജിനൽ രൂപം എന്റെ മുമ്പിൽ ഇങ്ങനെ നിവർന്നു വന്നു കിടന്ന് ചിരിച്ചത്...!!! വേറൊന്നുവല്ല... ആ ഇറച്ചിക്കടക്കാരനും മുത്തച്ഛനും തമ്മിൽ വഴക്കാണ്... അങ്ങോരെ ഫേസ് ചെയ്യാൻ വയ്യാത്തതാണ് ഇളംവെയിൽ ആയി എന്റെ മെക്കിട്ട് വന്നത്... ഹെന്നാലും ഹെന്റെ മുത്തച്ഛാ...!!! മൂന്നുകിലോ ഇറച്ചി വാങ്ങാനുള്ള പൈസ എന്റെ കയ്യിൽ തന്നേച്ചു മുത്തച്ഛൻ കള്ള് വാങ്ങാൻ പോയി....!!! തെറ്റിദ്ധരിക്കേണ്ട കള്ളപ്പം ചുടാനാണ്...

ഞാൻ നേരെ പോയി... നല്ല തിരക്ക്... ഇടയിലൂടെ നൂണ്ടു കയറി ആളെ കണ്ടു ആവശ്യം അറിയിച്ചു അന്തരീക്ഷത്തിൽ ആ കത്തി ഉയർന്നു താന്നു ത്രാസ് ഒന്ന് പിടഞ്ഞു... മേശപ്പുറത്ത് കിടന്ന പീസുകളിൽ കത്തി ഉമ്മ വെച്ചു... വീണ്ടും ത്രാസ് പിടഞ്ഞു... പിന്നെ മേശയിൽ വെറുതെ കിടന്ന പ്ലാസ്റ്റിക് കൂടിനെ പിടിച്ചു ഇക്കിളിയാക്കിയപ്പോ ആ പ്ളാസ്റ്റിക് കൂട് വാ തുറന്ന് ചിരിച്ചു... അതിന്റെ വായിലേക്ക് ആ ഇറച്ചി കടത്തി അയാൾ ആ കൂടിനെ ഗർഭിണിയാക്കി... ആ ഗർഭിണി കൂടിനെ അയാൾ എന്റെ നേരെ നീട്ടി എന്നിട്ടൊരു ചോദ്യവും...

" നിന്റെ മുത്തച്ഛൻ ഇല്ലെടാ ഇപ്പൊ വീട്ടിൽ..." ഞാൻ ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി...

" ആ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്..."

അതുംപറഞ്ഞു അയാൾ കത്തി ഉയർത്തി മുഖമൊന്ന് ചൊറിഞ്ഞു.... തലയിൽ ഒരു വട്ടക്കെട്ടും ഉണ്ടക്കണ്ണും കയ്യിൽ വെട്ടുകത്തിയും...!!! വെറുതെയല്ല മുത്തച്ഛൻ വരാതിരുന്നത്... ബാക്കി കാശും വാങ്ങി ഞാൻ തിരിച്ചുനടന്നു... മുത്തച്ഛൻ കള്ളും വാങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ജംങ്ഷനിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ മുത്തച്ഛൻ വീട്ടിലേക്കുള്ള വഴിയേ നടക്കുന്നു. ഞാൻ നിന്നു.

" അല്ല മുത്തച്ഛാ...അപ്പൊ മിട്ടായി..."

" ഓ... അതൊക്കെ ഇനി പിന്നെ.... നീ വാ ചെന്നിട്ട് കുറെ പണിയുണ്ട്..."

ശ്ശെടാ... ഇതിപ്പോ കുഴി കുത്താൻ പോയവൻ വഴി വെട്ടി വഴിതെറ്റിപ്പോയി എന്നുപറഞ്ഞപോലെ ആയല്ലോ എന്റെ കാര്യം...!!! എന്തെല്ലാം എന്തെല്ലാം ആശകളായിരുന്നു... എന്തെല്ലാം എന്തെല്ലാം മോഹങ്ങളായിരുന്നു... കുഞ്ഞുമനസ്സിൻ നൊമ്പരങ്ങളും തലയിൽ ചുമന്ന് ഞാൻ മുന്നോട്ട് നടന്നു... ഇപ്രാവശ്യം മുത്തച്ഛൻ വഹ പുരാണം ഞാൻ മൈൻഡ് ചെയ്തില്ല... എന്തേലും പറയാൻ തുടങ്ങുമ്പോ ആ കിളിയുടെ വാല് കണ്ടോ ഈ ചെടിയുടെ തുമ്പ് കണ്ടോ എന്നൊക്കെ പറഞ്ഞു ഞാൻ വിദഗ്ദ്ധമായി തട്ടി മാറ്റിക്കൊണ്ടിരുന്നു... അല്ലപിന്നെ തള്ളും കേക്കണം മിട്ടായിയുമില്ല എന്നൊക്കെ പറഞ്ഞാൽ ഞാനെന്താ അടിമയോ...!!! മടുത്ത മുത്തച്ഛൻ പെട്ടെന്നാണ് ബാക്കി കാശ് ചോദിച്ചത്. ആരും ചോദിച്ചില്ലേൽ അടിച്ചുമാറ്റാം എന്നുകരുതി മിണ്ടാതിരുന്ന ഞാൻ വിഷമത്തോടെ അതെടുത്ത് നീട്ടി.... അത് വാങ്ങി എണ്ണിനോക്കിയ മുത്തച്ഛൻ പെട്ടെന്നാണ് അതിൽ അഞ്ചുരൂപ കുറവാണെന്ന് കണ്ടെത്തിയത്... ഞാൻ വാങ്ങി എണ്ണിനോക്കി എനിക്ക് കുറവൊന്നും തോന്നിയില്ല !!!

അന്നും ഇന്നും ഈ കണക്ക് നമുക്ക് ഒരു പിടി തരാത്ത സംഭവമാണ്. ചിലപ്പോ എനിക്കും തെറ്റാണെന്ന് അറിയുന്ന ഉത്തരം ഇന്റെ മനസ്സ് എവിടുന്നേലും പൊക്കിക്കൊണ്ട് വന്ന് പൊക്കിപ്പിടിച്ചു നിക്കുന്നുണ്ടാകും നുമ്മ വേറൊന്നും ആലോചിക്കാതെ മനസ്സ് തന്ന ഉത്തരം അല്ലേ എന്ന് വിചാരിച്ചു അത് ഉറപ്പിക്കും... എനിക്ക് മാത്രമാണാവോ ഇങ്ങിനെ...!!! നിന്നോട് ഞാൻ പറഞ്ഞതല്ലേ നോക്കി വാങ്ങണമെന്ന് അവൻ പറ്റിക്കും എനിക്കുറപ്പാണ് എന്നൊക്കെ ബാധ കേറിയ വെളിച്ചപ്പാടിനെ പോലെ തുള്ളി മുത്തച്ഛൻ പറഞ്ഞു. ഞാൻ എത്ര ആലോചിച്ചിട്ടും എനിക്ക് കുറവ് തോന്നുന്നില്ല... അവസാനം എന്നോട് വീണ്ടും പോയി ബാക്കി വാങ്ങിച്ചിട്ട് വരാൻ പറഞ്ഞു അവിടെയുള്ള കലുങ്കിൽ കയറി മുത്തച്ഛൻ ഒരിരിപ്പ് ഇരുന്നു.... എനിക്കാണെങ്കിൽ നാണക്കേട്... അവിടെ അത്രയും ആൾക്കാരുടെ മുമ്പിൽ വെച്ചു ആ കടക്കാരൻ നാണം കെടുത്തും ഉറപ്പാണ്... മുത്തച്ഛൻ വെറും രണ്ടാം ക്ലാസ് ആണ് ഞാൻ ആണെങ്കിൽ നാലാം ക്ലാസ്സിലും അപ്പോ ആരാ മെച്ചം...!!?? മുത്തച്ഛന് അറിയില്ല... ശ്ശോ നാണക്കേട്... ഞാൻ ദയനീയമായി ഒന്ന് നോക്കി അത് കണ്ട് വടി തപ്പുന്ന മുത്തച്ഛനെ കണ്ടപ്പോൾ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല... ഒറ്റനടപ്പ് അങ്ങോട്ട് നടന്നു... ആ സ്പീഡ് പക്ഷേ ഇറച്ചിക്കടയുടെ മുമ്പിൽ എത്തുന്നത് വരെയേ ഉണ്ടായുള്ളൂ... ഒരു വേലി കെട്ടി അതിനുള്ളിലാണ് ഇറച്ചിക്കട... അവിടെ വരെ സ്പീഡിൽ വന്ന ഞാൻ കോടാലി കണ്ട കോഴിയെ പോലെ പകച്ചുനോക്കി നിന്നു.

ആ ഇറച്ചിക്കടയിൽ അപ്പോഴും തിരക്കുണ്ടായിരുന്നു... ആളുകൾ വരികയും പോകുകയും ചെയ്യുന്നു. ഞാൻ കണക്കെടുപ്പുകാരനെ പോലെ അതൊക്കെ നോക്കിക്കൊണ്ട് നിന്നു... കയ്യിൽ പുസ്തകവും പേനയും ഇല്ല എന്നൊരു വ്യത്യാസം മാത്രം. ആ വേലിയുടെ പുറത്ത് എന്നെക്കൂടാതെ ഇറച്ചിയിലേക്ക് നോക്കി വെള്ളമൊലിപ്പിച്ചു നിൽക്കുന്ന ഒരു പട്ടി നിൽക്കുന്നുണ്ടായിരുന്നു... ആ പട്ടി ആണേൽ ഈ പട്ടി എന്തിനാ ഇവിടെ നിൽക്കുന്നത് എന്ന ഭാവത്തിൽ എന്നെ നോക്കുന്നു. ഞാൻ പിന്നേം തിരിച്ചും മറിച്ചും ഒക്കെ കൂട്ടിനോക്കി എങ്ങിനെയൊക്കെ നോക്കിയിട്ടും ഏതുവകയിലാണ് അഞ്ചുരൂപ കിട്ടാനുള്ളത് എന്നത് മാത്രം എനിക്ക് മനസ്സിലായില്ല. സമയം ഇങ്ങനെ ഓട്ടമത്സരത്തിന് വന്ന ഒട്ടകത്തെ പോലെ സ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുന്നു... അങ്ങിനെ വേവണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് ചെത്തുകാരൻ സൂര്യേട്ടൻ ഞാൻ വന്ന വഴിയിലൂടെ സൈക്കിളും കൊണ്ടുവരുന്നത് ഞാൻ ദൂരെ നിന്നേ കണ്ടത്... കുറച്ചിങ്ങോട്ട് വന്നപ്പോൾ അയാൾ സൈക്കിൾ നിർത്തി അപ്പോഴാണ് ഞാൻ ആ ഭീതിപ്പെടുത്തുന്ന കാഴ്ച കണ്ടത്....!!! അതാ സൈക്കിളിന്റെ പുറകിൽ നിന്ന് മുത്തച്ഛൻ ഇറങ്ങുന്നു... ഇറങ്ങി അവിടെ നിന്ന ഒരു ചെടിയുടെ കമ്പ് ഒടിക്കുന്നത് കണ്ട ഞാൻ പിന്നെ ഒന്നും നോക്കിയില്ല നേരെ അർജ്ജുനൻ വിട്ട അമ്പ് പോലെ ആ കടയിലേക്ക് ഒറ്റ കേറലങ്ങ് കേറി.... ആ ഇറച്ചിവെട്ടുകാരൻ എന്നെ നോക്കി എന്തെടാ എന്നലറി... ആ അലർച്ചയുടെ പേടിയും മുത്തച്ഛൻ ഒടിക്കുന്ന വടി കണ്ടതിന്റെ പേടിയും ചേർന്ന് എന്നെ കരയിച്ചു..." ങ്ങീ.... മുത്തച്ഛൻ പറഞ്ഞു അഞ്ചുരൂപയും കൂടി തരാനുണ്ടെന്ന്... ങ്ങീ...ങ്ങീ...." കരഞ്ഞോണ്ടാണ് ഞാനത് പറഞ്ഞത്. നാണം കെടാൻ മടിച്ചുനിന്നവൻ നാണക്കേട് കൊണ്ട് വീടുണ്ടാക്കി അതിന്റെ പാലുകാച്ചും കൂടി നടത്തി എന്നുപറഞ്ഞ പോലെയായി എന്റെ അവസ്ഥ.

ഞാൻ പറഞ്ഞത് കേട്ട ഇറച്ചിക്കടക്കാരൻ എന്നെയൊന്ന് നോക്കി... എന്നിട്ട് ഒന്നും മിണ്ടാതെ വലിപ്പിൽ നിന്ന് ഒരു അഞ്ചുരൂപ എടുത്ത് എനിക്ക് നേരെ നീട്ടി... ഞാൻ അമ്പരന്തം... ങ്ങേ... അപ്പൊ മുത്തച്ഛന്റെ രണ്ടാം ക്ലാസ്സിലെ കണക്ക് സത്യമായിരുന്നോ...!!?? ശരിക്കും കിട്ടാനുണ്ടായിരുന്നോ...!!!??? അതോ ഇനി എന്റെ കരച്ചിൽ കണ്ട് പേടിച്ചിട്ടാണാവോ... എന്തേലും ആവട്ടെ കിട്ടിയല്ലോ അത് മതി... ഞാനതും വാങ്ങി തിരിഞ്ഞപ്പോഴേക്കും മുത്തച്ഛൻ കൈ പുറകിൽ മറച്ചുവെച്ചു എത്തി... ഞാൻ നോട്ട് പൊക്കി കിട്ടി കിട്ടി എന്ന് പറഞ്ഞപ്പോഴേക്കും കിട്ടി....!!! എനിക്ക്... ചറപറ അടി കിട്ടി...!!! ഇപ്പൊ വരും ഇപ്പൊ വരും എന്നുകരുതി കാത്തിരുന്ന മുത്തച്ഛൻ ആ ഇരിപ്പ് മുക്കാൽ മണിക്കൂറോളം ഇരുന്നു... അതിന്റെ കലിപ്പ് അങ്ങോര് അങ്ങോട്ട് തീർത്തു...അന്തരീക്ഷത്തിൽ വടി വക ഡാൻസ് ഇങ്ങ് താഴെ ഭൂമിയിൽ ഞാൻ വക പുളച്ചിൽ ഡാൻസ്...ആഹഹ...
നേരത്തെ വെച്ച നാണക്കേടിന്റെ വീടിന് രണ്ടാംനില കെട്ടാൻ എനിക്കൊട്ടും സമയം വേണ്ടിവന്നില്ല...!!! അലറിപ്പൊളിച്ചങ്ങ് കരഞ്ഞു...!!! കരച്ചിൽ കേട്ട് നാട്ടുകാർ മൊത്തം നോക്കിയത് അവിടെ വെറുതെ നിന്ന ആ പട്ടിയെ ആയിരുന്നു...!!! കാരണം എന്റെ കരച്ചിലും പട്ടിക്ക് ഏറു കിട്ടുമ്പോൾ ഉണ്ടാകുന്ന കരച്ചിലും തമ്മിൽ നല്ല സാമ്യം ആയിരുന്നു...!!!

തല്ലൊക്കെ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴും ശക്തിയായ മഴ കഴിഞ്ഞാലും പോകാൻ മനസ്സില്ലാതെ ചാറുന്ന മഴ പോലെ ഞാൻ എങ്ങലടിച്ചുകൊണ്ടിരുന്നു... വീടിന്റെ അടുത്തെത്തിയിട്ടും ഞാൻ അത് നിർത്താതെ ആയപ്പോൾ പണി പാളും എന്ന് മുത്തച്ഛന് തോന്നി... അച്ഛൻ, അമ്മ, മുത്തശ്ശി, മുത്തച്ഛന്റെ അനിയൻ ആൻഡ് ഫാമിലി ഇവരെല്ലാവരും ചേർന്ന് മുത്തച്ഛനെ പൊരിക്കും... മാത്രല്ല അനിയന്റെയും വീട്ടുകാരുടെയും മുമ്പിൽ മുത്തച്ഛന് നാണക്കേട് ഉണ്ടാകും... പുള്ളി നിന്നു... ഞാനും നിന്നു... ഇയ്ക്കിനിയും തല്ല് കിട്ടുമോ എന്നൊരു പേടി... പെട്ടെന്നാണ് മുത്തച്ഛൻ മുട്ടു കുത്തിയിരുന്നത്...!!! ഞാനൊന്ന് ഞെട്ടി...!!! പെട്ടെന്ന് മുത്തച്ഛൻ എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു

" പോട്ടെ സഞ്ജുക്കുട്ടാ... മുത്തച്ഛന് ദേഷ്യം വന്നപ്പോ തല്ലിയതല്ലേ..."

അതുകൂടി കേട്ടപ്പോ എന്റെ കരച്ചിലിന്റെ ശബ്ദം കൂടി

" കള്ള് വേണോ നിനക്ക്...!!?? "

ആർത്തലച്ചു പെയ്യുന്ന മഴ അതിന്റെ അമ്മാവന്റെ വീട്ടിലേക്ക് വിരുന്നു പോയതുപോലെ എന്റെ കരച്ചിൽ പിടിച്ചു നിർത്തിയത് പോലെ നിന്നു...!!! എന്റെ ആ അനുരഞ്ജനം കണ്ടിട്ടോ എന്തോ മുത്തച്ഛൻ വേഗം പാത്രം തുറന്ന് അതിന്റെ അടപ്പിൽ കുറച്ചു കള്ള് ഒഴിച്ചു തന്നു.... ഊസ്ശ്ശൂം.... ഒറ്റവലിക്ക് ഞാൻ അത് അകത്താക്കി... പാത്രം അടയ്ക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ തിരിച്ചുപോയ ഏങ്ങലിനെ പിടിച്ചുവലിച്ചു കൊണ്ടുവന്നു

" ങ്ങ്യഹ്...ങ്ങ്യാഹ്... എനിക്കിനിയും വേണം..ങ്ങ്യഹ്...ങ്ങ്യാഹ് " മുത്തച്ഛൻ ഞെട്ടി...ഞാൻ കൂൾ...വീണ്ടും ഒരടപ്പ് കള്ള് കയ്യിൽ... ഞാൻ വീണ്ടും ' ഊസ്ശ്ശൂം... ' പാത്രമൊക്കെ അടച്ചുവെച്ചു ഇപ്പൊ നിന്റെ സങ്കടമൊക്കെ മാറിയില്ലേ... ഇനി വീട്ടിൽ ചെന്ന് ഉണ്ടായതൊന്നും പറയരുത് ട്ടോ... എന്നുള്ള മുത്തച്ഛന്റെ ഡയലോഗിന് ഞാൻ തലയും ശരീരവും ഒരുമിച്ചിളക്കി സമ്മതം അറിയിച്ചു.

വീട്ടിലേക്ക് ചെന്ന് കയറിയതും വീട്ടുകാർ ഉമ്മറത്ത്...മുത്തച്ഛന്റനിയനും ടീമും എല്ലാമുണ്ട്...

" എന്താ മോനേ ഇത്ര നേരം വൈകിയേ... "
മുത്തശ്ശി വെറുതെ കുശലം ചോദിക്കുന്നത് പോലെ ചോദിച്ചതാണ്. പോയെന്ന് ഞാൻ കരുതിയ കരച്ചിൽ വായീക്കൂടെയാണോ മുക്കീക്കൂടെയാണോ വന്നേ എന്ന കാര്യത്തിൽ മാത്രമേ എനിക്ക് സംശയം ഉണ്ടായുള്ളൂ... മുത്തച്ഛൻ ഞെട്ടി തോല് പൊളിഞ്ഞ ചെമ്മീനെ പോലെ ഞെളിപിരി കൊള്ളുന്നത് ഞാൻ കണ്ടു... എന്താ പറ്റിയെ... എന്താ പറ്റിയെ എന്ന ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല...!!! കള്ളിന്റെ നന്ദി...!!! പക്ഷേ മോനെ തല്ലിയോ എന്ന ചോദ്യത്തിന് മാത്രം ഞാൻ ചെറുതായി തലയൊന്ന് ആട്ടി... ഡിം ദേ കിടക്കുന്നു... പിന്നെ കഥ മുഴുവൻ പറഞ്ഞപ്പോൾ എനിക്ക് കൈക്കൂലിയായി കള്ള് തന്ന കഥ വരെ ഞാനങ്ങ് പറഞ്ഞു. അനിയൻ ആൻഡ് ഫാമിലിയുടെ മുമ്പിൽ ചമ്മി നറുനാശമായ മുത്തച്ഛന് എന്നെ കടയിൽ വിട്ടതിന് വേറെയും ചീത്ത കേട്ടു. ഒറ്റിക്കൊടുത്ത ജൂദാസായ എന്നോട് മുത്തച്ഛൻ പിന്നെ ഒരാഴ്ചത്തേക്ക് മിണ്ടിയില്ല... ഞാനും മിണ്ടാൻ പോയില്ല... അല്ല പിന്നെ നാലാം ക്ലാസിൽ പഠിക്കുന്ന എന്റടുത്ത് രണ്ടാം ക്ലാസുകാരൻ കണക്കും പറഞ്ഞോണ്ട് വന്നേക്കുന്നു... ഹും...

~~~~~~~~~~~~

Sanjay Krishna

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo