Slider

പ്രവാസിയുടെ ക്വാറന്റൈൻ(കഥ)

0


അമ്മയ്ക്ക് എന്തായിരിക്കും ഇഷ്ടം.പടിഞ്ഞാറ്റിലെ വിനോദ് വന്നപ്പോൾ തന്ന തേങ്ങാപ്പീര ചുവയുള്ള മിഠായിയ്ക്ക് നല്ല രുചി എന്ന് പറഞ്ഞത് ഓർത്ത് കുറച്ച് ബൗണ്ടി ലുലുവിൽ നിന്ന് വാങ്ങി.സുരുവിന് പിന്നെ എന്ത് കിട്ടിയാലും സന്തോഷമാണ്. ഗൾഫുകാരൻ്റെ പെട്ടി തുറക്കുമ്പോൾ വരുന്ന ഒരു പ്രത്യേക വാസനയുണ്ടത്രേ! അതാണ് അവൾക്ക് വേണ്ടത് എന്ന് പറഞ്ഞു കുറേ ചിരിച്ചു.

പണ്ട് ചിറ്റയുടെ ഭർത്താവ് അബുദബിയിൽ നിന്ന് വന്നപ്പോൾ അമ്മയും സുരുവും ഞാനും അവിടെ വരെ ചെന്നു. ഒന്നും പ്രതീക്ഷിച്ചിട്ടല്ല.
അടുക്കളയിൽ സഹായിക്കുന്ന ലളിതയ്ക്ക് സ്വർണ്ണനൂലു വരയുള്ള വെള്ള ഫോറിൻ സാരി കൊടുത്തിട്ട്
'ഇക്കാലത്ത് ഉപകാരമുള്ള ഒരുത്തി അവൾ മാത്രേ ഉള്ളു ' ന്ന് ഒരു പറച്ചിൽ.
അമ്മ നെഞ്ചിൽ തറച്ച മുള്ളു ലാഘവത്തോടെ പിഴുതെടുത്ത്, മുഖത്ത് ചിരി പരത്തി ' ശരിയാ' എന്ന് പറഞ്ഞ് എഴുന്നേറ്റു.
അന്ന് നിശ്ചയിച്ചതാ ഒരൂസം അമ്മയ്ക്ക് അതു പോലുള്ള പത്തെണ്ണം വാങ്ങി കൊടുക്കണന്ന്.
തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ അമ്മ പറഞ്ഞു
'അല്ലേലും ആ സാരി അവൾക്ക് വേണ്ടാഞ്ഞിട്ടാ കൊടുത്തേ.. ഈ ചൂടത്ത് നേര്യതാ നല്ലത് .അല്ലേ സുരു'
'ൻ്റെ അമ്മ ചിറ്റേക്കാളും സുന്ദരിയാ.അമ്മയ്ക്ക് എന്തിട്ടാലും ചേരും.'

ഞാനന്ന് ഒന്നും മിണ്ടിയില്ല.
''എൻ്റെ സുരജേ, ഇമ്മാതിരി സാരി ഇപ്പോ ആരാ ഉടുക്കുന്നത്. ഇത് ഇപ്പോ എവിടാ കിട്ടണത്. നാട്ടിലിപ്പോ എന്താ കിട്ടാത്തത്"
അനന്തു മാഷ് പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ എനിക്കൊരു വാശിയാണ്.
ചിറ്റേടെ കുട്ടികളുടെ ഫോറിൻ ഫ്രോക്കുകൾ പഴയത് വാങ്ങി അമ്മ കീറല് തുന്നി സുരുനെ ഇടിക്കും.പലതും വലുതായിരിക്കും. അമ്മയുടെ ഒരോ ആഗ്രഹങ്ങള്. പാവം സുരു അതിട്ട് തറവാട്ടിൽ ചെല്ലുമ്പോൾ കേൾക്കാം
'ദാ വരുന്നു പാണ്ടിച്ചി.. വല്യമ്മേ പഴേത് ന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോളു. ഇവൾക്ക് കൊടുക്കാം '
പാവത്തിൻ്റെ കണ്ണ് നനയും വരെ കളിയാക്കും.
എത്രയെന്ന് വച്ചാ സഹിക്കാ!
''ഡാ സൂരജേ ,ആ തമ്പി വിളിച്ചിരിക്കുന്നു. നിൻ്റെ ടിക്കറ്റ് മറിക്കുന്നോ ന്ന്. ഞാൻ പറഞ്ഞു നിനക്ക് അത്യാവശ്യായിട്ട് പോണന്ന് "

ഇവിടെ ലോക് ഡൗണും വൈകുന്നേര കർഫ്യൂ യും തുടങ്ങിട്ട് ഒരു മാസമായി.കാമ്പുകളിൽ കൊറോണ പടരുന്നു. നാട്ടിലേയ്ക്ക് പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞപ്പോൾ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ടിക്കറ്റ് കിട്ടിയവർ ഇരട്ടി വിലയ്ക്ക് മറിച്ചു കൊടുക്കുന്നു. പോയാൽ തിരികെ വരാനാകില്ലാത്തവർ.മരിക്കുവാണേൽ നാട്ടിൽ കിടന്ന് മരിക്കണമെന്ന് വെപ്രാളപ്പെട്ട് ഓടുന്ന ഒരു കൂട്ടർ.
വിസാ കാലാവധി അടുത്ത മാസം വരെയുള്ളു. അത് മൂന്നു മാസത്തേയ്ക്ക് നീട്ടും എന്നറിയിപ്പു വന്നിരുന്നു.എന്നാലും അവിടെ ചെന്നാൽ ഇരുപത്തെട്ട് ദിവസം .അപ്പോഴേയ്ക്കും ലീവ് തീരും. തിരികെ വരുമ്പോൾ പതിനാലു ദിവസം വരെ ക്വാറൻ്റൈൻ. അതായത് പോയാൽ ഇനി ഈ ജോലി ഉണ്ടാകില്ല എന്ന് മാത്രമല്ല തിരികെ വരാനും കഴിയില്ല.നാട്ടിലെ അവസ്ഥയിൽ ജോലി ഇല്ലാതെ ജീവിക്കാനും വയ്യ. ഇനിയെന്ത് എന്ന ചോദ്യം മുഴുമിച്ച് മുൻപിലങ്ങനെ നിൽക്കുകയാണ്.

ജീവിതം നഷ്ടങ്ങൾ മാത്രം! പത്ത് പതിനഞ്ച് വർഷം എങ്ങനെ തീർന്നുവെന്ന് അറിയില്ല. ഒരു വീട് വെക്കണം, സുരുൻ്റെ കല്യാണം ഇത്രയൊക്കെ ഉണ്ടായിരുന്നുള്ളു ആഗ്രഹങ്ങൾ. വന്ന് രണ്ട് മാസങ്ങൾക്ക് ശേഷം അച്ഛൻ്റെ ചികിത്സയ്ക്ക് കടം വാങ്ങി. ചെറുതും വലുതുമായ ആവശ്യങ്ങൾക്കിടയിൽ ഒതുങ്ങുന്നതാണ് ഈ ജീവിതം.

നാട്ടിൽ മഴ പെയ്യുന്നു എന്ന് കേൾക്കുമ്പോഴുള്ള ഒരു സുഖം. അമ്മയുടെ സ്വരം കേൾക്കാൻ മാസത്തിലൊരിക്കൽ സാറ്റ്ലൈറ്റ് ഫോണിൽ നിന്നൊരു വിളി. രണ്ട് മണിക്കൂർ യാത്ര ചെയ്ത് കാത്ത് നിന്ന് വിളിക്കുമ്പോൾ മനസ്സിൽ മഴ പെയ്ത തണുപ്പായിരിക്കും.

''അബ്ദുക്കാ, നിങ്ങളെന്തിനാ ഇപ്രാവശ്യവും ഇങ്ങോട്ട് പോന്നത്. പത്തറുപത് കൊല്ലായില്ലേ? ഇതിനും മാത്രം എന്ത് പ്രാരാബ്ധമാ നിങ്ങൾക്കവിടെ?'' വന്ന കാലം മുതൽ ഈ മനുഷ്യനെ കാണുന്നതാ ഇവിടെ.കഴിഞ്ഞ കൊല്ലം നിർത്തി പോവ്വാന്ന് പറഞ്ഞ് പോയതാ. രണ്ട് മാസം കഴിഞ്ഞ് ദാ നിൽക്കണ് മുമ്പിൽ.

''മോനേ, നമ്മളെ ആരും തിരിച്ചറിയുന്നില്ല. വർഷങ്ങൾ കഴിഞ്ഞില്ലേ. ഞാനില്ലാണ്ട് അവർക്ക് ശീലമായി പോയി. എനിക്ക് പകരം ഇത്രേം ആണ്ട് കാശായിരുന്നു. പെട്ടെന്ന് ... (ഒന്ന് നിശ്വസിച്ച് ) പെട്ടെന്നല്ല, ന്നാലും മുപ്പത് വർഷങ്ങൾ കഴിഞ്ഞില്ലേ, മക്കൾക്ക്‌ അച്ഛനാകാൻ ഇനി അവിടെ വേണ്ടാ!. അവൾക്കും ശീലായി പോയി. "

ഒരാഴ്ച്ച മുന്നേ അബ്ദുക്കായെ തിരിച്ചറിയാനോ സ്വന്തമെന്ന് പറയാനോ ആരുമില്ലാതെ അടക്കി. പോയപ്പോൾ കൂട്ടായി കുറച്ചു പേരുണ്ടായിരുന്നു. മഹാമാരി കൂട്ട് വിളിച്ചവരും ഒന്നിച്ച് അന്തിയുറക്കം.

"നീ റെഡിയായോ. ഞാൻ കൊണ്ടാക്കാം. ഡാ ഇത് രാധികയ്ക്ക് ഉള്ളതാ. നിൻ്റെ കോററ്റൈൻ കഴിഞ്ഞ് കൊടുത്താൽ മതി.''

പൊതി വാങ്ങി ബാഗിലിട്ടു. എവിടേയും പരിശോധനകൾ.എല്ലാവരും മാസ്ക് ഇട്ടിട്ടുണ്ട്.
വെളുപ്പിനെ എത്തി. വീണ്ടും ഒരു നിര പരിശോധനകൾ.

വെളിയിൽ ദൂരെ അച്ഛനെ കണ്ടു. നേർത്ത ചന്ദന നിറത്തിൻ്റെ കരയുള്ള മുണ്ടും വെള്ള ഷർട്ടും. കറുത്ത കട്ടി കണ്ണട. കണ്ണട മാറ്റാൻ പല തവണ പറഞ്ഞിട്ടും മാറ്റിയിട്ടില്ല. പഴയ മാഷ് തന്നെ. മുടിയാകെ നരച്ചു. മുഖത്ത് നല്ല ക്ഷീണം. കക്ഷത്തിൽ കറുത്ത ചതുര ലെതർ ബാഗും കുടയും ,രണ്ടും അച്ഛൻ്റെ സ്ഥായിയായ കൂട്ട്. കാറിൽ വന്നാലും അച്ഛന് കുട നിർബന്ധാണ്. വെള്ളമുണ്ടിൽ ഒരു എള്ള് ചെളി പോലും ഉണ്ടാകില്ല.

വണ്ടി ചൂണ്ടി കാണിച്ചു തന്നു. താക്കോല് അതിനുള്ളിൽ വച്ചിരുന്നു. ഒരു ഫോണും.
കയറിയപ്പോൾ അതിൽ അച്ഛൻ്റെ കോൾ വന്നു
''മോനേ, അച്ഛൻ ബിജുൻ്റെ വണ്ടീലാ. പുതിയ വീട്ടിൽ ഒരു മുറി ഒരുക്കിയിട്ടുണ്ട് "

"അതെങ്ങനയാ അച്ഛാ.. അമ്മയും അച്ഛനും സുരുവും എല്ലാവരും കൂടി അല്ലേ "

''മോനേ, അതൊക്കെ ഇപ്പോ പറ്റുവോ? അമ്മയുടെ കാര്യം.... അവൾക്ക് നിന്നെ കാണണന്ന് പറഞ്ഞ് ഒരേ വാശിയാ. ഒരു പത്തിരുപത്തെട്ടു ദിവസത്തെ കാര്യല്ലേയുള്ളു. ഒരു മതിലിനിപ്പറം നിന്ന് നിന്നെ ഒന്നു കാണാലോ.. അഞ്ചു കൊല്ലം കഴിഞ്ഞു കുട്ടി...''

''ശരിയച്ഛാ ". അഞ്ചു കൊല്ലം കഴിഞ്ഞ് നാട്ടിൽ വന്നത് ഇതൊക്കെ കാണാനാണല്ലോ..

അച്ഛൻ കോളനിയിലെ ബിജുവിനെ കൂട്ടി മറ്റൊരു കാറിൽ. അവൻ ഡ്രൈവറാണ്. സ്ഥിരം എയർപോട്ട് ഓട്ടം ഉണ്ടത്രേ .

വീട്ടിലേയ്ക്കുള്ള ചെറിയ റോഡ് ടാറിണ്ടിരിക്കുന്നു. നല്ല സൗകര്യമായിരിക്കുന്നു. പെയ്ൻറടിക്കാത്ത രണ്ട് നില വീട്ടിലേയ്ക്ക് നടന്നു കയറി. മുകളിലത്തെ നിലയിൽ നിന്ന് നോക്കിയാൽ വീട് കാണാം.മണി ആറാകുന്നു.
അടുക്കള വശത്ത് നിന്ന് ചെറിയ പുക ചുരുളുകൾ പൊങ്ങുന്നു. സുരു എഴുന്നേറ്റിണ്ടാകും. മടിച്ചി കുട്ടിയായിരുന്നു. എട്ടാകാതെ കിടക്കയിൽ നിന്ന് പൊങ്ങില്ലായിരുന്നു. ഇപ്പോൾ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യുന്നു. പാവം കുട്ടി.. എല്ലാം തനിച്ച് സഹിക്കുന്നു..

ഇപ്രാവശ്യം ഏപ്രിലവസാനം താൻ വരുമ്പോൾ കയറി താമസിക്കാം എന്ന് വിചാരിച്ചതായിരുന്നു. അതിങ്ങനെയായി.

"മോനേ, ചായ സുരു ഇപ്പം കൊണ്ടു വരും .ഒന്ന് കുളിച്ചോളു"

അത് പറഞ്ഞ് അച്ഛൻ നടന്നു നീങ്ങി. ഈ മനുഷ്യനെ ഏറ്റവും കൂടുതൽ നീ രാശപ്പെടുത്തിയത് ഞാനായിരിക്കാം. പഠിപ്പിച്ച് രക്ഷപ്പെടുത്താം എന്ന സ്വപ്നമൊക്കെ അച്ഛൻ കൈവിട്ടിരുന്നു. സുരുവായിരുന്നു മിടുക്കി. പറഞ്ഞിട്ടെന്താ.. അവൾടെ പഠിപ്പും മുടങ്ങി.

"വസുദേ ,നീ പറയുന്ന ഒന്നു കേൾക്കൂ. പതുക്കെ.. അവൻ ഇപ്പം എത്തിയതേ ഉള്ളു."

അച്ഛൻ്റെ സ്വരം ഇവിടെ നിന്നാൽ കേൾക്കാം. ജനാല വഴി നോക്കി.

നീല നൈറ്റിയിട്ട് മെല്ലിച്ച ഒരു കോലം ആടി ആടി ഗേറ്റിങ്കലേയ്ക്ക് വരുന്നു.

''മോളേ സുരു.. ഓടി വന്നേടി.അമ്മേ ഒന്നു പിടിക്കു.. അച്ഛന് വയ്യ ഓടാൻ "

സുരു ഓടി വന്ന് അമ്മയെ താങ്ങി.
ഗേയ്റ്റ് തുറന്ന് പതുക്കെ വിറച്ചു വിറച്ച് പുതിയ വീടിൻ്റെ ഗയ്റ്റിൽ രണ്ടു കൈയ്യും പിടിച്ച് അമ്മ.തലയിൽ കെട്ടിയ വെളുത്ത തുണി, പഴയ നേര്യതാണെന്ന് തോന്നുന്നു, മാറിയത് സുരു നേരെയാക്കി.

കണ്ണുന്തിയ കോലം. മുടിയാകെ പോയിരിക്കുന്നു .വെളുത്ത കൈത്തണ്ടയിൽ ഞരമ്പുകൾ എഴുന്ന് നിൽക്കുന്നു.ഇത് അമ്മ തന്നെയാണോ ഈശ്വരാ....

തലയിൽ കൈ വച്ച് പൊട്ടി കരഞ്ഞ് നിലത്തിരുന്നു.

''മോനേ "

പതുക്കെ കണ്ണു തുടച്ച് ബാൽക്കണിയിൽ ചെന്നു നിന്നു.

"കണ്ടല്ലോ ഭഗവതി.. കാണാൻ പറ്റൂന്ന് വിചാരിച്ചില്ല കുട്ടാ.. അതു മതി"

ദുർബലമായ കൈകളുയർത്തി മതി മതി എന്ന് പറഞ്ഞു തിരികെ നടക്കുമ്പോൾ അമ്മയുടെ മുഖത്ത് ആ പഴയ ചിരി തെളിഞ്ഞു തുടങ്ങി.
സുരു തിരിഞ്ഞ് നിശ്ചലമായി നിന്ന എന്നെ നോക്കി.

നിൻ്റെ അമ്മടെ ശേല് നിനക്കൊന്നിനും കിട്ടിയില്ലല്ലോ എന്ന് അച്ഛൻ എപ്പോഴും പറയും.

നല്ല നിഷ്ഠയുള്ള ജീവിതമായിരുന്നു അമ്മേടേത്. വെളുപ്പിനെയുള്ള കുളി, കാച്ചിയ എണ്ണ, ആഹാരത്തിലെ പഥ്യങ്ങൾ.. രാവിലെ ദോശ ചുട്ടു പ്ലേറ്റിലേയ്ക്കിട്ടുമ്പോൾ, അമ്മടെ മുഖത്തെ ഭംഗി ,നിറം പോലും സുരുന് പോലും കിട്ടിയില്ലല്ലോ ന്ന് ഓർത്തിട്ടുണ്ട്.
എന്നിട്ടും അവസാനം രോഗം !

ഈ ഇരുപത്തെട്ട് ദിവസങ്ങൾ കഴിയും വരെ ,മുറ്റത്തെ തുളസിക്കതിർ നുള്ളാൻ അമ്മ വരണേ.. എനിക്കൊന്നു കാണാൻ.. അതു കഴിഞ്ഞാൽ ഓടി വരും.. സ്വർണ്ണക്കരയുള്ള സാരിയുമായി..

ജോസഫൈൻ അബ്രഹാം

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo