വർഷങ്ങൾക്കു മുൻപാണ് . ഒരു ഞായറാഴ്ച. സെക്കന്തരാബാദിലെ പത്മറാവു നഗറിൽ വന്ന് ബസ്സിറങ്ങി.ഏതാണ്ട് ഉച്ചസമയം.. ഇടതുവശം ചേർന്ന് നടന്നു .കുറച്ചു ചെന്നാൽ റോഡ് വലത്തോട്ട് തിരിഞ്ഞു പോകുന്നിടത്ത് എനിക്ക് പിന്നെയും ഇടതുവശത്തേക്ക് പോണം . ടാറിടാത്ത വഴിയിലൂടെ . ഒരു 15 മിനിറ്റ് കൂടെ നടക്കാൻ ഉണ്ട്. അതുകഴിഞ്ഞാൽ വീടായി.
നല്ല വെയിൽ ആണെങ്കിലും, ഇടയ്ക്ക് ചെറിയ കാറ്റ് ഉള്ളതുകൊണ്ട് ചൂടത്രയില്ല. വഴിയ്ക്കു രണ്ടു വശങ്ങളിലും മതിലുകൾ. താരതമ്യേന നല്ല വീടുകൾ . ഉച്ച സമയം ആയതിനാൽ വഴി ഒഴിഞ്ഞു കിടക്കുന്നു.
പെട്ടന്ന് ചെവി വട്ടം പിടിച്ചു.
ഒരു മനോഹരമായ പാട്ടിന്റെ ഈണം.
തൊട്ടടുത്ത വീട്ടിൽ നിന്നാണ്.
മുഴുവൻ വ്യക്തമല്ലെങ്കിലും മലയാളം പാട്ടു പോലെയുണ്ട്. ടിവിയിൽ നിന്നാണെന്ന് തോന്നുന്നു.
നാട്ടിൽ നിന്ന് ഇവിടെ ജോലി കിട്ടി വന്നിട്ട് അഞ്ചു മാസത്തോളമായി.
ആദ്യമായാണ് ഇത്രയും നാൾ നാട്ടിനു പുറത്ത് .
മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിലേയ്ക്ക് കത്തെഴുതുന്നത് , അവിടന്നു വല്ലപ്പോഴും വരുന്ന കത്തു വായിക്കുന്നത് ഒക്കെ ഒരാശ്വാസം.
ഓഫീസിൽ കുറച്ചു മലയാളികൾ ഉണ്ട് എങ്കിലും വേറെ ഡിപ്പാർട്മെന്റുകളിൽ ആണ് .
ഇവിടെ വാടകയ്ക്ക് താമസം സഹപ്രവർത്തകനായ Mr. ജയിൻ -ന്റെ കൂടെ.
കക്ഷി ഭോപ്പാലിൽ നിന്നാണ്.
ഒരു മലയാളം സിനിമ കണ്ട നാൾ മറന്നു.
ജയിന്റെ കയ്യിലുള്ള റേഡിയോയിൽ ഇടയ്ക്ക് സിലോൺ സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമിൽ ഇടയ്ക്കെപ്പോഴോ മലയാളം പാട്ട് കേട്ടിരുന്നു.
ഒരു കാസറ്റ് പ്ലേയർ അല്ലെങ്കിൽ walkman ഇനിയും വാങ്ങാനൊത്തില്ല.
ചിന്തയിൽ നിന്നുണർത്തി പാട്ടിന്റെ വരികൾ വീണ്ടും..
ഇത്തവണ കുറച്ചു വ്യക്തത വന്നു.
വരികൾ കേട്ടു..
"നെയ്യാമ്പൽ പൂത്തണ്ടിൽ ...
തിരയാടും നേരം .."
അതേ , മലയാളം.
ചിത്രയുടെ സ്വരം.
ചിത്ര ...
ഓ ..ചിത്രഹാർ (പേര് അതാണ് എന്നാണോർമ്മ ).
TV യിൽ നിന്നു തന്നെയാണ്.
ഞായറാഴ്ചകളിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പാട്ടുകൾ പ്രക്ഷേപണം ചെയ്യാറുണ്ട്. മലയാളം നറുക്ക് വീണ് വല്ലപ്പോഴും വന്നാലായി.
."തങ്കത്തോണി ...." എന്ന മനോഹരഗാനം..
മനസ്സു തുള്ളിച്ചാടി....
എന്തു ചെയ്യും ?
ഓർത്തെടുക്കുമ്പോഴേയ്ക്കും കാലുകൾ മുന്നോട്ടു കുതിച്ചു..
അതേ ...വീട്ടിലെത്തണം ..
പ്രായം ചെന്ന വീട്ടുടമസ്ഥനും ഭാര്യയും മുകളിലത്തെ നിലയിൽ താമസിയ്ക്കുന്നുണ്ട്..
അവർ മിയ്ക്കവാറും അവിടെത്തന്നെ കാണും ..
അവർ റിട്ടയേർഡ് ആണ്.
ഇപ്പോൾ ഓടുകയാണ് എന്നറിഞ്ഞു .
ആദ്യത്തെ ഇടത്തോട്ടുള്ള ചെറിയ വളവിൽ
കണ്ട്രോൾ കിട്ടാതെ വലതു വശത്തെ മതിലിൽ
ഇടിയ്ക്കുമായിരുന്നു.
എതിരെ വന്നിരുന്ന തടിച്ച ഒരു തെലുങ്ക് സ്ത്രീ ഒന്നു പകച്ചു , ശബ്ദമുണ്ടാക്കി ഒഴിഞ്ഞു മാറി.
"നീ അമ്മ...(നിന്റെ അമ്മേടെ ..)" എന്ന് ഉച്ചത്തിൽ തള്ളയ്ക്കു വിളിയ്ക്കാൻ വന്ന അവർ പെട്ടെന്ന് നിറുത്തി ഒച്ചയടക്കി. പിന്നെ "മീരാ...ഏണ്ടിതി ?"(നിങ്ങളോ , എന്താ ഇത് ?) എന്നത്ഭുതം പൂണ്ടു.
ഒന്നു പാളി നോക്കി.
വീട് വൃത്തിയാക്കാൻ വരുന്നവരാണ്..
"ഏൻ ലേതമ്മാ..അർജന്റ്ക ...ഇല്ലുകി "
(ഒന്നുമില്ല , വേഗം വീട്ടിലെത്തണം ) കണ്ട്രോൾ വീണ്ടെടുത്തു വീണ്ടും പായുന്നതിനിടയിൽ പറഞ്ഞെന്നു വരുത്തി.
പരവേശത്തോടെ കാലുകൾ നീട്ടിവലിച്ചോടി.
ഓടിയിട്ടെത്തുന്നില്ലല്ലോ ?
മൂന്നു നാലു മിനിട്ടു കൂടെ ....
സമയത്തിനെത്തുമോ ?
അണച്ചു തുടങ്ങിയിരിയ്ക്കുന്നു....
നിൽക്കാൻ സമയമില്ല ..
എന്നാലും ഒന്നു നിന്നു ..ചെവി കൂർപ്പിച്ചു ..
വീണ്ടും "തങ്കത്തോണി" എന്ന് തുടങ്ങുന്നു ..
അവസാനത്തെ ഭാഗം ആയിരിയ്ക്കുന്നു എന്നർത്ഥം.
ശ്വാസം ഒന്നു വലിച്ചു വിട്ട്
ശരവേഗത്തിൽ
വീണ്ടും ..
ഒരു കണക്കിന് വീട്ടിനടുത്തെത്തി..
സാധാരണ കടക്കുന്ന ചെറിയ ഗേറ്റ് മതിലിന്റെ അങ്ങേ അറ്റത്താണ്.ഇപ്പറത്തു മറ്റൊരു ഗേറ്റ് കൂടെയുണ്ട് . ഉടമസ്ഥനങ്കിൾ വീടിന്റെ ആദ്യനില രണ്ടായി ഭാഗിച്ചു വാടകയ്ക്ക് കൊടുത്തിരിയ്ക്കയാണ്.
ഇപ്പറത്തു ഒരു മറാത്തി ഫാമിലി.
അപ്പുറത്ത് ഞങ്ങൾ രണ്ടു കിടുക്കാച്ചി ബാച്ചിലേഴ്‌സ്.
ഇടതു ഗേറ്റിനടുത്തു സുന്ദരിയായ മറാത്തിച്ചേച്ചി എതിരെയുള്ള വീട്ടിലെ ടെറസ്സിൽ നിൽക്കുന്ന (ഇടയ്ക്കിടെ അവരെ അവിടെ കാണാം) പ്രൗഡയായ വീട്ടുകാരിയുമായി സംസാരിച്ചു നിൽക്കയാണ് ..
എന്റെ വരവ് പന്തി കേടായി തോന്നി ചേച്ചി പിന്നിലോട്ട് ചാടി മാറി ..
"രാജീവ് ഭയ്യാ ...ക്യാ ഹുവാ ...കോയി പ്രോബ്ലം തോ നഹി ന " ? എന്നുച്ചത്തിൽ ചോദിച്ചു.
തിക്കിക്കേറി മുകളിലേക്കുള്ള ഗോവണിയ്ക്കടു ത്തേയ്ക്കൊടുമ്പോൾ
"കുച്ച് നഹി ദീദി "
എന്ന് ഞാനും പറഞ്ഞൊപ്പിച്ചു.
ഗോവണിയുടെ പകുതിയെത്തിയപ്പോൾ
അങ്കിൾ താഴേയ്ക്ക് വരുന്നു. മൂന്നു സ്റ്റെപ്പുകൾ വച്ചു ചാടി വരുന്ന എന്നെ കണ്ട് ആൾ പിന്നിലോട്ട് തന്നെ ഓടിക്കേറി വശത്തേയ്ക്ക് ഒതുങ്ങി മാറി, "വാട്ട് ഹാപ്പെൻഡ് ?" എന്ന് മുഖത്തൊരു ചോദ്യം വരുത്തി മിഴിച്ചു നിന്നു..
ഞാൻ അണയ്ക്കുന്നതിനിടെ വെറുതെ കയ്യൊന്നാട്ടി.
പിന്നെ അടുത്ത ചാട്ടത്തിന്
നേരെ അവരുടെ ലിവിങ് റൂമിലെത്തി
ഇരുട്ട് കയറിതുടങ്ങിയിരുന്ന കണ്ണുകൾ
വലിച്ചുനീട്ടി ടീവിയിലേക്ക് നോക്കി..
ദോഷം പറയരുതല്ലോ ?
കേട്ടു ..
അവസാനത്തെ വരിയുടെ അങ്ങേയറ്റം
"പാൽക്കാവടിയും കണ്ടേ".. എന്ന്..
കണ്ടു ....
സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന മലയും കുന്നും..
പിന്നെ ...
അങ്ങു വലത്തേയറ്റത്തു ഉർവശിയുടെ ദാവണിയുടെ അറ്റം മറഞ്ഞു പോകുന്നതും..
കാൽ നിലത്തൊന്നാഞ്ഞിടിച്ചത് ഞാൻ അറിഞ്ഞതേയില്ല .
മനസ്സ് ഇച്ഛാഭംഗത്തിന്റെ ഉത്തുംഗ ശ്രുംഖങ്ങളിൽ തപസ്സ് ചെയ്യാൻ ഒരിടമന്വേഷിച്ചു
നടന്നു..
ശാന്തി കിട്ടാതെ കുറച്ചു നേരം അവിടെയൊക്കെ
അലഞ്ഞശേഷം
ഗംഗയിൽ ഒരു " തങ്കത്തോണി"യിലേറി തുഴഞ്ഞു നടന്നു.
പിന്നെ ഗത്യന്തരമില്ലാതെ
തിരിച്ചു വീട്ടിൽതന്നെ വന്നു .
രണ്ടു വശങ്ങളിൽ നിന്നെന്നെ നോക്കി നിൽക്കുന്ന അങ്കിളും ആന്റിയും.
അവർക്ക് കാര്യം പിടി കിട്ടിയിരുന്നു..
ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ
വൈക്ലബ്യത്തോടെ
നിൽക്കുന്ന എന്നെ
അങ്കിൾ ഇംഗ്ലീഷിലും ,
ആന്റി തെലുങ്കിലും
ആശ്വാസവാക്കുകൾ ചൊരിഞ്ഞു
കുളിപ്പിച്ചു
സാധാരണ നിലയിലേക്ക്
കൊണ്ടുവന്നു..
ശുഭം
രാജീവ് പഴുവിൽ .
PS:
പിന്നീട് എപ്പോഴോ കൂട്ടുകാരോടൊപ്പം "മഴവിൽക്കാവടി" സിനിമാ കേസെറ്റെടുത്തു
കണ്ടപ്പോൾ ഈ പാട്ട് എത്ര പ്രാവശ്യം
കണ്ടു എന്നോർമ്മയില്ല ..
അത്ര പ്രിയപ്പെട്ടതായി മാറി ഈ ഗാനം.
ഇന്നും...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക