നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപരാജിതൻ(കഥ)


"അച്ചായോ... പോയാ എത്ര ദിവസമെടുക്കും മടങ്ങി വരാൻ..? "

"എന്റെ പൊന്നു വിവി നീയിതു എത്രമത്തെ തവണയാ ചോദിക്കുന്നെ..?

ഞാൻ പോകുന്നത് നമ്മുടെ കാര്യം കൂടി പറയാനല്ലേ..

നിനക്കറിയാലോ യാഥാസ്ഥിക കുടുംബത്തിലെ അംഗമാണ് ഞാൻ പെട്ടന്ന് നമ്മുടെ ബന്ധം അവർ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ..?

കുറച്ചു സമയം വേണം.. എന്നിട്ടന്റെ പൊന്നിനെ ഞാൻ കൂടെ കൂട്ടില്ലേ.. "

വിവിയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അച്ചായൻ ഒന്ന് ചിരിച്ചു..

"എന്നാലും കാണാതെ നില്ക്കാൻ ആവുന്നില്ല.. "

വിവിയുടെ മുഖത്ത് സങ്കടം നിഴലിച്ചു..

പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയതിന് ശേഷം പിരിഞ്ഞിരുന്നത് വിരളമാണ്..

മുൻപൊരിക്കൽ കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുൻപാണ് വിവിയുടെ അച്ചായൻ ടോമി തന്റെ വീട്ടിലേക്ക് അവധിക്ക് പോയത്..

പക്ഷെ രണ്ടാം ദിവസം ആള് തിരിച്ചെത്തി.. കാണാതിരിക്കാൻ ആവില്ലെന്ന് പറഞ്ഞു ഓടിവന്നു വിവിയെ ഇറുകെ പുണർന്നതാണ്..

അതിന് ശേഷം വിവിക്ക് ഒപ്പമാണ് പോയത്.. കൂട്ടുകാരൻ ഒരുമിച്ചു താമസിക്കുന്നവൻ എന്നെ പറഞ്ഞുള്ളു..

അന്നവിടെ എല്ലാവരും നല്ല രീതിയിൽ ആണ് വിവിയെ സ്വീകരിച്ചത്.. ഇനി സത്യങ്ങൾ അറിഞ്ഞാൽ..

വിവിയ്ക്ക് നോവാൻ തുടങ്ങി.. കാരണം സ്വന്തമെന്ന് പറയാൻ ഇപ്പൊ അച്ചായനല്ലാതെ ആരുമില്ല..

അമ്മയും അച്ഛനും അനിയനുമടങ്ങുന്ന കുടുംബമാണ് അവന്റേത് ..

നടപ്പിലും ഭാവത്തിലും ചെറിയൊരു സ്ത്ര്യണത അവനിലുണ്ട്.. അത് മൂലം പലരും കളിയാക്കിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാതെ പഠനത്തിൽ മാത്രം ശ്രദ്ധ തിരിച്ചു..

പക്ഷെ ഒരിക്കൽ അനിയനും ആ പേരും പറഞ്ഞു കളിയാക്കി തുടങ്ങിയപ്പോൾ ആകെ തകർന്നു പോയി..

ഒരു നാൾ അനിയൻ സത്യാഗ്രഹമിരുന്നു.. ഭക്ഷണവും വെള്ളവും പോലുമുപേക്ഷിച്ചു.. കാരണം ഒന്നേയുള്ളു..

താനിനി ആ വീട്ടിൽ ഉണ്ടാവരുത്..

അമ്മ കുറെ പറഞ്ഞു നോക്കി.. അച്ഛൻ പക്ഷെ അനിയനോടാണ് ഇഷ്ട്ടകൂടുതൽ. അത് കൊണ്ട് ചോദ്യവും പറച്ചിലുമില്ലായിരുന്നു..

അച്ഛന്റെ മൗനമായിരുന്നു അവന്റെ കരുത്ത്..

അമ്മ നടുവിൽ കിടന്നു വിഷമിച്ചു.. അവസാനം സ്വയമേധായ പോകാൻ തീരുമാനിച്ചു.. അമ്മ തടഞ്ഞുവെങ്കിലും ആ കണ്ണീർ കണ്ടില്ലെന്ന് നടിച്ചിറങ്ങി..

മുടങ്ങാതെ അക്കൗണ്ടിൽ പണം വരാറുണ്ട്.. അത് കൊണ്ട് തന്നെ പഠിത്തത്തിനോ ചിലവിനോ ബുദ്ധിമുട്ട് ഉണ്ടായില്ല..

പഠിത്തം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് ഏറെ ദൂരേക്ക് പോകാൻ തീരുമാനിച്ചു.. പോകും മുൻപ് അമ്മയെ ഒരു വട്ടം കണ്ടിരുന്നു..

ആകെ ക്ഷീണിച്ചവശയായ പോലെ.. അല്ലെങ്കിലും മക്കളെകൊണ്ട് അച്ഛനമ്മമാർക്കുണ്ടാവുന്ന വേദന അവരെ ഒരുപാട് തളർത്തുമല്ലോ..

കുറെ നേരം അമ്മയോടൊപ്പം ചിലവഴിച്ചു.. ഒരുമിച്ചു ഭക്ഷണം കഴിച്ചു കുറെ കറങ്ങി നടന്നു..

പിരിയാൻ നേരം വീണ്ടും കണ്ണുനീർ അണപ്പൊട്ടി ഒഴുകി..

പിന്നെ ഇടയ്ക്ക് മാത്രം അമ്മയെ വിളിക്കും.. ആ വിളിയ്ക്ക് കാതോർത്തെന്നപോലെ മറുപുറം അമ്മയുണ്ടാവും..

ആദ്യം നിശബ്ദമായിരിക്കും പിന്നെ വിശേഷങ്ങൾ ചോദിക്കലും പറച്ചിലുമൊക്കെയായി പോകും..

അങ്ങനെ നാലുവർഷം ഒരു കമ്പനിയിൽ പിടിച്ചു നിന്നു.. അവിടുന്നും പരിഹാസത്തിന് കുറവുണ്ടായിരുന്നില്ല..

പക്ഷെ അച്ഛന്റെയും അനിയന്റെയും മുഖമോർക്കുമ്പോൾ ഇവരൊക്കെ കാണിക്കുന്നതിൽ വിഷമം തോന്നറിയില്ല എന്നതാണ് ശരി..

സ്നേഹിച്ചവരൊക്കെ പരിഹസിച്ചും അകറ്റി നിർത്തിയുമൊക്കെ ആയിരുന്നു ഇക്കഴിഞ്ഞ കാലങ്ങളൊക്കെയും..

പുതിയ ജോലിക്ക് ശ്രമിച്ചു തുടങ്ങി.. അങ്ങനെ ആണ് ടോമിയുടെ കമ്പനിയിൽ കയറിയത്..

ആദ്യമൊന്നും അധികം സംസാരമില്ലായിരുന്നു.. കണ്ടാൽ ഒന്ന് ചിരിക്കും അത്ര മാത്രം..

പക്ഷെ പിന്നീട് ഓരോരുത്തരും തന്നോട് കാണിക്കുന്നത് കണ്ടു ദേഷ്യമടക്കാനാവാതെ നിന്ന ടോമിയെ ആണ് കണ്ടത്..

തന്റെ നേരെ നീളുന്ന പരിഹാസവാക്കുകളെയെല്ലാം വെട്ടിമാറ്റിയത് ടോമി ആയിരുന്നു..

എന്നും നിഴൽ പോലെ പിന്നീടവൻ ഉണ്ടായി.. അതുകൊണ്ടാവാം പിന്നെയാരും അധികം കളിയാക്കാൻ വരാഞ്ഞത്..

അതിനിടയിൽ ടോമിയുമായുള്ള സൗഹൃദം ദൃഢമായി.. പോകെപ്പോകെ സൗഹൃദത്തിനപ്പുറം ആ ബന്ധം വളർന്നു..
മാറ്റാരുമറിയാതെ പരസ്പരം പ്രണയിച്ചു തുടങ്ങി..

താമസം ഒരുമിച്ചായി.. പിന്നെ അഞ്ചാറു മാസം കഴിഞ്ഞു ടോമി ആ കമ്പനി വിട്ടു മറ്റൊന്നിലേക്ക് കയറി..

യാത്ര ദൂരം കുറച്ചു കൂടുതലായിട്ട് പോലും അതൊന്നും ബാധിക്കാത്തപ്പോൽ ടോമി ജീവിച്ചു..

വിവിയ്ക്ക് വേണ്ടി ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനും ടോമി ഒരുക്കമായിരുന്നു..

അവരുടെ ബന്ധം ദൃഢമായിരുന്നു.. മുറിച്ചുമാറ്റാനാവാതെ അതങ്ങനെ നിലനിന്നു പോന്നു..

ടോമി ജീവിതത്തിൽ വന്നേപ്പിന്നെയാണ് വിവിയുടെ ജീവിതത്തിൽ അർത്ഥം വന്നു തുടങ്ങിയത്..

അച്ചായന്റെ നെഞ്ചിൽ ചേർന്നു നിൽക്കുമ്പോൾ സുരക്ഷിതത്വം ആയിരുന്നു അവന് ..

"എന്താടാ ആലോചിക്കുന്നേ..? "

"നമ്മളെ പറ്റി അല്ലാതെ എന്ത്.. "

അതിന് മറുപടിയായി അവനൊന്നു ചിരിച്ചു..

"എന്നാ എന്റെ കൊച്ചു ബാഗ് പാക്ക് ചെയ്യാൻ ഒന്ന് ഹെല്പിയെ.. "

സങ്കടം മനസിലടക്കി അവന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു വിവി.. പിന്നെ ഭക്ഷണം കഴിച്ചു ബാൽക്കണിയിൽ ഇട്ട ബെഡിലേക്ക് രണ്ടാളും വീണു..

എന്നും അവിടെ എത്തിയാൽ കലപില ആണെങ്കി ഇന്ന് നിശബ്ദമായ് ഇരു ഹൃദയങ്ങളും നിന്നു..

പറയാൻ വാക്കുകൾ കിട്ടാതെ വിവി അവന്റെ മടിയിൽ കിടന്നു.. ഒരു കുഞ്ഞിനെ എന്നപോലെ വിവിയെ ടോമി ലാളിച്ചു..

"കിടക്കാം.. നേരം വൈകി.."

"ഇന്നിവിടെ മതി അച്ചായോ.. "

"ആയിക്കോട്ടെ.. "

വിവിയെ മാറോടടുക്കി അവൻ കിടന്നു.. പരസ്പരം പ്രണയം പങ്കുവെച്ചവർ ആ രാവിനെ മനോഹരമാക്കി..

പിറ്റേന്ന് രാവിലെ ചിരിച്ച മുഖത്തോടെയാണ് വിവി ടോമിയെ യാത്രയാക്കിയത്..

ഇനിയും കരഞ്ഞു പോയാൽ അച്ചായൻ കലിപ്പനാവും..

കണ്ണിൽ നിന്ന് മറഞ്ഞതിന് ശേഷം വിവി ഫ്ലാറ്റിലേക്ക് നടന്നു.. തന്റെ കിടക്കയിലേക്ക് വീണു സങ്കടങ്ങൾ ഒഴുക്കി കിടന്നു..

ടോമിയുടെ ഫോൺ കാൾ ആണ് അവനെ പിന്നെ ഉണർത്തിയത്..

"ഉറക്കമായിരുന്നോ നീ..? "

സ്വരത്തിൽ ദേഷ്യം നിഴലിച്ചു..

"ചുമ്മാ കിടന്നതാ അച്ചായാ.. "

ഒരു ചിരിയോടെ വിവി കൊഞ്ചി..

"ഫ്‌ളൈറ്റിൽ കയറി.. ഇനി ലാൻഡ് ചെയ്തിട്ട് വിളിക്കാം.. "

ടോമിയും ചിരിച്ചു..

"പിന്നെ ഇതും ഓർത്ത് വിഷമിച്ചു ഭക്ഷണം ഒക്കെ ഉപേക്ഷിച്ചു എന്നറിഞ്ഞാൽ തിരിച്ചു വരുമ്പോൾ പലിശേം കൂട്ടുപലിശേം കിട്ടും പറഞ്ഞില്ലെന്നു വേണ്ട..

നാളെതൊട്ട് ജോലിക്ക് പൊക്കോണം.. "

വിവി സമ്മതിച്ചു.. വീട്ടിലെത്തിയ ശേഷവും അവൻ വിളിച്ചു.. സമയം കിട്ടുമ്പോഴൊക്കെ വീഡിയോ കാൾ ചെയ്തു..

പള്ളിപെരുനാളും അമ്മാമച്ചിയുടെ പിറന്നാളുമൊക്കെ ആഘോഷമാക്കി ടോമിയും കുടുംബവും..

എല്ലാം കഴിഞ്ഞിട്ട് കാര്യമാവതരിപ്പിക്കാൻ നിൽക്കുവാണ് ടോമി..

നാട്ടിലെത്തിയിട്ട് ഒരാഴ്ച തികഞ്ഞ അന്ന് അമ്മാമ്മച്ചി ഒന്ന് നെഞ്ചുവേദന വന്നു വീണു..

എല്ലാവരും ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു.. പ്രായമായത് കൊണ്ട് ഐ സി യൂ വിൽ കിടത്തണമെന്ന് പറഞ്ഞു അവിടെയാക്കി..

വിവിയെ വിവരമറിയിച്ചു ടോമി.. പിന്നെ ഹോസ്പിറ്റലും വീടുമായി കുറച്ചു ദിവസങ്ങൾ..

അതിനിടയിൽ മര്യാദയ്ക്ക് വിവിയോട് സംസാരിക്കാൻ ആയില്ല.. അവന്റെ അവസ്ഥ മനസിലാക്കി എന്നവണ്ണം വിവി സമാധാനിപ്പിച്ചു..

അവന്റെ മെസ്സേജ് എന്നും ടോമിയ്ക്കായ് വന്നുകൊണ്ടേയിരുന്നു..

സംസാരങ്ങൾ കുറഞ്ഞെങ്കിലും വിവിയ്ക്ക് പഴയ സങ്കടമില്ല.. കാരണം അവന്റെ അച്ചായനെ അവനറിയാം.. ഒന്നുരണ്ടാഴ്ച്ചയ്ക്ക് ശേഷം ടോമി അവനെ വിളിച്ചു..

"വിവികുട്ടാ.. എല്ലാവരോടും ഞാൻ നമ്മളുടെ കാര്യം പറഞ്ഞു..

നമ്മൾ കരുതിയ പോലെത്തന്നെ ആണ് ഇവിടുത്തെ അവസ്ഥ..

എല്ലാവരെയും സമ്മതിപ്പിച്ചെടുക്കാൻ സമയമെടുക്കുമെന്ന് നിനക്കറിയാലോ.. ഒരാഴ്ച അവർക്ക് ഞാൻ കൊടുത്തിട്ടുണ്ട്..

എന്നിട്ടും മാറ്റമില്ലെങ്കി ഞാനങ്ങു വരും.. അവിടെ വച്ചു നമ്മുക്ക് കല്യാണം കഴിക്കാം..
പിന്നെ എനിക്ക് നീയും നിനക്ക് ഞാനും മതി.. "

വേദനയോടെ അവൻ പറഞ്ഞു.. ടോമിയുടെ വേദന വിവിക്ക് മനസിലായി.. അവൻ അശ്വസിപ്പിച്ചു..

അവരുമായുള്ള ബന്ധം പാടെ മുറിച്ചു മാറ്റി മറ്റൊരു ജീവിതം നേടിയാലും അനാഥത്വത്തിലേക്കാണ് വീണ്ടും കൂപ്പുക്കുത്തേണ്ടി വരിക..

എല്ലാം ശരിയാവും.. വിവി മനസിലുറച്ചു.. പിന്നെ പ്രാർത്ഥനയിൽ മുഴുകി..

ഒരിക്കൽ അമ്പലവും പ്രാർത്ഥനയും ഉപേക്ഷിച്ചു ജീവിച്ചതായിരുന്നു..

ജീവിതം ഇരുളിൽ കിടന്നു ഉഴറിയപ്പോൾ.. പക്ഷെ ഇന്ന് എന്തിനുമേതിനും ഒരു കൈത്താങ്ങായി അച്ചായന്നുമുണ്ട്..

അന്ന് തുടങ്ങി ഒരുമിച്ചു അമ്പലവും പള്ളിയുമൊക്കെ കയറി ഇറങ്ങാൻ തുടങ്ങിയത്..

കൃത്യം ഒരാഴ്ച കഴിഞ്ഞു.. ഇതിനിടയിൽ സംസാരം കുറവാണ്.. എപ്പോഴും ആരെങ്കിലും ഒക്കെ അവിടെ കാണും..

ശബ്ദം കേൾക്കാം.. സ്വസ്ഥമായി ശ്വാസം വിടാൻ പോലുമാവാതെ ടോമി ആസ്വസ്ഥനായിരുന്നു..

കിട്ടുന്ന സമയം തന്റെ ഉള്ളിലെ വേദന വിവിയുമായി പങ്കിടും..

അന്ന് രാവിലെ ടോമി വിളിച്ചു..

"ഞാൻ വരുവാ തിരിച്ചു..

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.. നമ്മുക്ക് നമ്മൾ മതി.. "

അന്ന് രാത്രിയായിട്ടും പിന്നെ ഫോൺ കാൾ വന്നില്ല..

വിവിയ്ക്ക് ഭയമായി.. വിളിച്ചു നോക്കിയപ്പോൾ ഫോൺ ഓഫ്‌..

ഇങ്ങോട്ട് വരുന്നുണ്ടാവുമെന്ന് കരുതി ആ രാത്രി വെളുപ്പിച്ചു.. പക്ഷെ കാര്യമുണ്ടായില്ല..

മൂന്നു ദിവസങ്ങൾ കഴിഞ്ഞു ടോമിയുടെ വിവരമില്ലാഞ്ഞിട്ട്.. അവസാനം നാട്ടിൽ പോകാൻ തീരുമാനിച്ചു..

ടിക്കറ്റ് എടുക്കാൻ ട്രാവൽസിൽ പോയി ഇറങ്ങുമ്പോഴാണ് മാത്യുവിനെ കണ്ടത്..

ടോമിയോടൊപ്പം ജോലി ചെയ്യുന്നവനാണ് മാത്യു.. ഒരിക്കൽ പരസ്പരം പരിചയപ്പെട്ടിട്ടുണ്ട്..

"നാട്ടിലേക്ക് പോവാനാണോ..? "

"അതെ.. എനിക്കും വരണമെന്നുണ്ടായിരുന്നു.. പക്ഷെ വൈഫ് പ്രെഗ്നന്റ് ആണ്.. ആദ്യ മാസങ്ങളിലെ ബുദ്ധിമുട്ട് അവൾക്കുണ്ട് അതോണ്ട് യാത്ര ഒഴിവാക്കി..

ടോമിയോട് പറയണം.. മണവാട്ടിയെയും കൂട്ടി തിരിച്ചു വന്നിട്ട് പാർട്ടി തന്നാൽ മതിയെന്നും പറയണം.. "

വിവി മാത്യുവിന്റെ വാക്കുകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു..

ഉള്ളിലെ ഞെട്ടൽ മറച്ചുവച്ചു പുറമേക്ക് സന്തോഷം കാണിച്ചവൻ സംസാരിച്ചു..

"ഇൻവിറ്റേഷൻ കാർഡ് ഉണ്ടോ മാത്യുവിന്റെ കൈയിൽ.. എന്റേത് മിസ്സ്‌ ആയി സമയമോർക്കാനാണ്.. "

"അതിനെന്താ കാണിക്കലോ ..
ടോമി വാട്സാപ്പിൽ അയച്ച ഇൻവിറ്റേഷൻ കാർഡ് കാണിച്ചു കൊടുത്തു..

അതിലെ വരികളോരൊന്നും ഹൃദയത്തിലേക്കവൻ കോറിയിട്ടു..

അതിന് താഴെയുള്ള ടോമിയുടെ വോയിസ്‌ മെസ്സേജ് അറിയാത്തപോലെ തട്ടി..

സന്തോഷത്തോടെയുള്ള അളിയാ വിളി ആണ് ആദ്യം കേട്ടത്.. കൂട്ടുകാരനെ അത്യാഹ്ലാദത്തോടെ വിവാഹം ക്ഷണിക്കുന്ന മണവാളൻ..

വിവി ഒന്ന് ചിരിച്ചു ഹൃദയത്തിൽ നിന്ന് പൊട്ടിയൊലിച്ച ചോരയെ മറ്റാരും കാണാതെ മറച്ചു പിടിച്ചവൻ നടന്നു..

മുറിയിലെത്തിയപ്പോൾ അലമുറയിട്ടവൻ തന്റെ സങ്കടം തീർത്തു..

ഹൃദയം പൊട്ടി പോകും പോലെ ഉറക്കെ ഉറക്കെ കരഞ്ഞു..

നാളെ തന്റെ അച്ചായന്റെ കല്യാണമാണ് ഒരു പെൺകുട്ടിയുമായി..

അപ്പൊ താൻ ആരായിരുന്നു..?? തന്റെ സ്ഥാനമെന്തായിരുന്നു.. ഇത്രയും നാൾ ഇത്ര മനോഹരമായി കബലിപ്പിക്കപ്പെടുത്താനാവുമോ??

പോകണം കണ്മുന്നിൽ സത്യങ്ങൾ കാണണം എന്നാലേ അംഗീകരിക്കാനാവൂ..

നാട്ടിലെത്തി ഒരു മുറിയെടുത്തു കുളിച്ചു പുതിയ ഡ്രസ് അണിഞ്ഞു ഒരുങ്ങി കണ്ണാടിയിൽ നോക്കി..

ചുള്ളനായിട്ടുണ്ട്.. കോട്ടും സൂട്ടും തനിക്കു ചേരുന്നുണ്ട്..

അവൻ സ്വയം പരിഹസിച്ചു.. പള്ളിയിലെത്തിയപ്പോഴേക്കും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു..

ഒരരുകിൽ പെട്ടെന്നരും കാണാത്തപോലെ അവൻ ന് നിന്നു..

പെണ്ണിന്റെ കൈയും പിടിച്ചു തലയുയർത്തി ചിരിയോടെ വരുന്ന അച്ചായനെ വിവി കണ്ണെടുക്കാതെ നോക്കി നിന്നു..

ദുഖത്തിന്റെ ലാഞ്ചന പോലും ആ മുഖത്തില്ല പകരം ആഗ്രഹിച്ചത് നീയെടുത്ത ഭാവം..

അവളുടെ കഴുത്തിൽ മിന്നു ചാര്ത്തുന്നതും മന്ത്രക്കോടി നൽകുന്നതും നിറകണ്ണുകളോടെ കണ്ടു..

അവിടുന്ന് തിരികെ നടക്കുമ്പോൾ വേച്ചു പോയിരുന്നു.. അപ്പോഴേക്കും ടോമിയുടെ അമ്മച്ചി തന്നെ കണ്ടു..

"വിവിമോൻ എപ്പോ എത്തി..? ചിലപ്പോളെ വരൂന്ന് ടോമിച്ചൻ പറഞ്ഞിരുന്നു.. "

അമ്മച്ചിയെ കണ്ടപ്പോൾ മുഖത്ത് ചിരി വരുത്തിച്ചു..

"രാവിലെ എത്തിയതാ അമ്മച്ചി.. അവനൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതിയാ വീട്ടിൽ വരാതെ നേരെ ഇങ്ങോട്ട് വന്നത്.. "

പിന്നെ അമ്മച്ചി അവനെ വിട്ടില്ല.. അപ്പോഴേക്കും ചെറുക്കനും പെണ്ണും പള്ളിമുറ്റത്തേക്ക് ഇറങ്ങി വന്നു..

അമ്മച്ചിയോടൊപ്പം ഒരു പുഞ്ചിരിയോടെ നിൽക്കുന്ന വിവിയിലേക്ക് നോട്ടം വീണപ്പോൾ ടോമിയുടെ തല താഴ്ന്നു..

അവൻ വരുമെന്നോ ഇക്കാര്യം അറിയുമെന്നോ ടോമി സ്വപ്നത്തിൽ പോലും കരുതിയില്ല..

പതിയെ പതിയെ അവനെ ഒഴിവാക്കാമെന്ന് കരുതിയതായിരുന്നു..

അമ്മച്ചി വിളിച്ചപ്പോൾ ടോമിയ്ക്ക് അടുത്ത് വരാതിരിക്കാനായില്ല..

"ഇതാണിവന്റെ പെണ്ണ്.. അന്ന.. "

അമ്മച്ചി പരിചയപ്പെടുത്തി.. അന്ന ഒരു പുഞ്ചിരിയോടെ അവനെ നോക്കി..

വിവി അവൾക്ക് നേരെ കൈ നീട്ടി അന്ന അവന്റെ കൈയിൽ കൈചേർത്തു..

"ഹാപ്പി മാരീഡ് ലൈഫ്.. നൂറുവർഷം ഇതുപോലെ സന്തോഷത്തോടെ രണ്ടാളും ജീവിക്കണം... "

അന്ന താങ്ക്സ് പറഞ്ഞു.. പിന്നെ നേരെ അച്ചായനെ കെട്ടിപിടിച്ചു.. എന്നുട്ടവന്റെ ചെവിയിൽ പറഞ്ഞു..

"അച്ചായൻ പേടിക്കെണ്ട.. ശല്യമായി വന്നതല്ല.. മറ്റൊരാൾക്ക്‌ സ്വന്തമാക്കുന്നത് കാണാൻ വന്നതാ..

പിന്നെ എന്റെ അച്ചായൻ തലതാഴ്ത്തി നിൽക്കരുത് ആരുടെയും മുന്നിൽ.. പ്രത്യേകിച്ച് എന്റെ മുന്നിൽ..

എന്നും തലയുയർത്തി നിൽക്കണം എടുപ്പോടെ..

എന്റെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ടാവും.. ഇനി നിഴലായ് പോലും ഞാനുണ്ടാവില്ല.. ദേഷ്യമൊന്നുല്ലാട്ടോ.. "

കവിളിൽ സ്നേഹചുംബനം നൽകി ഒഴുകാൻ വെമ്പിയ നീർതുള്ളികളെ വരുതിയിലാക്കി വിവി അച്ചായനിൽ നിന്നകന്നു..

എന്നിട്ട് പോക്കറ്റിൽ നിന്ന് കീ എടുത്തു അവന് നൽകി..

"ഫ്ലാറ്റിന്റെ കീ ആണ്.. ഇനി നിങ്ങൾ രണ്ടാളും വേണം അവിടെ.. "

"അപ്പൊ നീ.. "

വിറച്ചു കൊണ്ട് ടോമി ചോദിച്ചു.. മറ്റുള്ളവരുടെ മുഖത്തും അതായിരുന്നു ചോദ്യം..

"അമ്മ വിളിച്ചു.. ഇത്രയും നാൾ അവരിൽ നിന്നൊക്കെ അകന്നുപോയതല്ലേ.. തിരികെ വിളിച്ചപ്പോൾ ചെല്ലാമെന്ന് കരുതി..

അതോണ്ട് ജോലി റിസൈൻ ചെയ്തു..
ഇനി കുറച്ചു നാൾ വീട്ടുകാർക്കൊപ്പം.. "

ടോമിയുടെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉണ്ടായെങ്കിലും ഒന്നും ചോദിക്കാനാവാതെ നാവിനു വിലങ്ങിട്ടപോലെ നിന്നു..

അപ്പോഴേക്കും ഫോട്ടോഗ്രാഫർസ് അവരെ വിളിച്ചു..
വിവിയെ ഒന്ന് നോക്കി ടോമി അന്നയോടൊപ്പം നടന്നു നീങ്ങി..

"മോൻ കഴിച്ചിട്ടേ പോകാവൂ.. ഞാൻ എല്ലാരോടും മിണ്ടിയിട്ട് വരട്ടെ ഇല്ലെങ്കിൽ അത് മതി.. "

"അതൊന്നും സാരമില്ല അമ്മച്ചി.. "

അമ്മച്ചിയും പോയി കഴിഞ്ഞപ്പോൾ വിവി തിരികെ നടന്നു.. ശൂന്യമായ മനസോടെ..

ടോമിയുടെ ഉള്ളിൽ അസ്വസ്ഥത ആയിരുന്നു..
അവനെ മറക്കാൻ തനിക്കാവില്ലെന്ന് ടോമിക്ക് മനസ്സിലായിരുന്നു.. പക്ഷെ തന്റെ പതിയായി ഇനി മറ്റൊരാൾ കൂടിയുണ്ട്..

എല്ലാം മറക്കണം..
മനസിലുറച്ചു കൊണ്ട് അന്നയുടെ കൈയും പിടിച്ചു പുതിയ ജീവിതത്തിലേക്ക് ടോമി കടന്നു..

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നാലുവർഷങ്ങൾക്കിപ്പുറം..

ടോമിയ്ക്ക് വിവിയുടെ ഒരു മെസ്സേജ് കിട്ടി ഫേസ്ബുക്കിൽ..

ഗോവയിലേക്ക് കുടുംബമായി വരണമെന്ന് ആവശ്യപ്പെട്ടിട്ട്..

വരേണ്ട തീയതിയും സ്ഥലവും കുറിച്ചിരുന്നു..

ഐഡി നോക്കിയപ്പോൾ ആ പഴയത് തന്നെ..

തന്റെ കൈയും പിടിച്ചു ബീച്ചിലൂടെ നടക്കുന്ന വിവി..

ഇത്രയും നാളായി ഈ അക്കൗണ്ട് മരവിച്ചിരിക്കയായിരുന്നു..

നാലുവർഷങ്ങൾ അതിനിടയിൽ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിലുണ്ടായി..

തന്റെ അംശമായി ലയൽ ജീവിതത്തലേക്ക് വന്നു.. അവനിപ്പോ രണ്ടു വയസാണ്..
അവൻ വന്നേപ്പിന്നെ ടോമി ഒരുപാട് മാറി..

വിവിയെ പൂർണ്ണമായും മറക്കാൻ ആയില്ലെങ്കിലും കുറെയൊക്കെ മറന്നു....

ആദ്യമൊക്കെ അന്വേഷിച്ചിരുന്നു.. കണ്ടു കാലിൽ വീണു മാപ്പ് ചോദിക്കാൻ ഇരുന്നതാ..

കണ്ടുകിട്ടിയില്ല.. അവന്റെ അമ്മയെ കണ്ടന്വേഷിച്ചപ്പോൾ ഒരിക്കൽ വന്നുപോയി എന്നെ പറഞ്ഞുള്ളു..

ഇപ്പൊ പെട്ടെന്ന് ഒരു മെസ്സേജ് അത്രേ ഉള്ളു.. മറുപടി അയച്ചു നീ എവിടെ എന്ന് പക്ഷെ പിന്നെ ഒരു റിപ്ലൈ പോലുമില്ല..

കാര്യം പറഞ്ഞപ്പോൾ അന്നയും പോകാമെന്നു സമ്മതിച്ചു.. അങ്ങനെ മൂന്നാളും കൂടെ ഗോവയിലേക്ക് തിരിച്ചു..

അവൻ പറഞ്ഞ സ്ഥലം ഒരു ബീച് റിസോർട് ആയിരുന്നു..

അവിടെ ചെന്നു വിവേകിനെ അന്വേഷിച്ചപ്പോൾ കുറച്ചു മാറി ഒരു സ്റ്റേജിലേക്ക് ചൂണ്ടി കാണിച്ചു തന്നു..

വർഷങ്ങൾക്കിപ്പുറം അവനെ കാണാൻ പോകുമ്പോൾ ടോമിയ്ക്ക് ശരീരം വിറക്കുന്ന പോലെ തോന്നി..

ആകെ ഒരു പരവേശം.. ചെയ്ത പാപഭാരങ്ങൾ അവനെ കുത്തിവലിക്കുന്നുണ്ടായിരുന്നു..

സ്റ്റേജിന് മുന്നിൽ എത്തിയപ്പോൾ നിറഞ്ഞ ചിരിയോടെ അടുത്തേക്ക് വരുന്ന ചെറുപ്പക്കാരനെ കണ്ടു ടോമി കണ്ണുമിഴിച്ചു പോയി..

വിവി..
അവന്റെ മാറ്റം..

ഭംഗിയായി വീട്ടിയൊതുക്കിയ താടിയും മുടിയും.. കല്യാണചെറുക്കനെ പോലെ ബ്ലാസേഴ്സും ഒക്കെ അണിഞ്ഞു ജന്റൈൽമാൻ ലുക്..

"അച്ചായാ.. "

വിവി അടുത്ത് വന്നു കെട്ടിപിടിച്ചു.. അന്നയോടും മിണ്ടി.. മകന്റെ കവിളിൽ വാത്സല്യത്തോടെ കൈ ചേർത്തുവച്ചു..

അവരെ മൂന്നാളെയും മുന്നോട്ടേക്ക് ക്ഷണിച്ചു..
അവർ വരുന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി അവർക്കരികിലേക്ക് വന്നു..

വിവിയുടെ ഡ്രസിന് മാച്ച് ആയ ഒരു ഗൗണിൽ അതീവ സുന്ദരിയായ ഒരാൾ..

"ഇതാണെന്റെ അച്ചായൻ.. "

"ഹായ്.. വിവിയ്ക്ക് എന്നും പറയാൻ കാണും ഇച്ചായന്റെ ഓരോ കാര്യങ്ങൾ.. "

ടോമി ഒന്ന് ചിരിച്ചു.. അതിൽ വിഷാദം നിറഞ്ഞിരുന്നു..

"ആ പരിചയപ്പെട്ടില്ലല്ലോ.. ഇതാണെന്റെ പാതി..

ചന്ദ്രലേഖ.. സൈക്കോളജിസ്റ് ആണ് .. "

ടോമിയുടെ ഉള്ളിൽ എന്തിനെന്നറിയാതൊരു വേദന പടർന്നു..

അത് മറച്ചു ചിരിച്ചു കൊണ്ട് വിവിയെ വിഷ് ചെയ്തു..

"നാല് ദിവസം മുൻപ് കല്യാണം നടന്നു..
റിസപ്ഷൻ ഇവിടെ ഗ്രാൻഡ് ആക്കണമെന്ന് ഇവളുടെ ആഗ്രഹമായിരുന്നു.. അതാ..

പിന്നെ സർപ്രൈസ് ആവട്ടെ എന്ന് കരുതിയാ പറയാഞ്ഞത്..

നിങ്ങള് ഫ്രഷ് ആയിരുന്നോ..? "

"ആ.. "

അപ്പോഴേക്കും വേറെയും ആളുകളൊക്കെ അവർക്കരികിൽ വന്നു..

"എന്നാ നിങ്ങളിരിക്ക് വൈകിട്ട് സംസാരിക്കാം.. "

വിവിയുടെ മുഖഭാവത്തിലും പ്രവർത്തികളിലുമൊക്കെ പഴയ വിവിയുടെ ലാഞ്ചന പോലുമില്ലായിരുന്നു..

ഒത്ത പുരുഷനെപ്പോലെ.. തങ്ങൾക്കിടയിൽ ഉണ്ടായ പ്രണയമൊക്കെ അവൻ മറന്നിരിക്കുന്നു..

ഒരുതരത്തിൽ അത് ടോമിയ്ക്ക് ആശ്വാസം തന്നെയായിരുന്നു.. എങ്കിലും അവന്റെ പെണ്ണിന്റെ കൈകോർത്തു നടക്കുന്ന കാണുമ്പോൾ ചെറിയൊരു വിഷമം..

അപ്പൊ അന്ന് അന്നയുടെ കൈയും പിടിച്ചു അവനരികിലേക്ക് താൻ വന്നപ്പോൾ അവനെത്ര മാത്രം വിഷമിച്ചുകാണും..

ചടങ്ങുകളും ഭക്ഷണവുമൊക്കെ കഴിഞ്ഞു ടോമിയ്ക്കും കുടുംബത്തിനുമോടൊപ്പം അതെ റിസോർട്ടിലെ താമസ സ്ഥലത്തു വന്നു..

ടോമിയ്ക്ക് വേണ്ടി ഒരു കോട്ടേജ് ബുക്ക് ചെയ്തിരുന്നു..

എല്ലാവരും ഫ്രഷ് ആയി വന്നപ്പോൾ വിവി ടോമിയെ കൂട്ടി കുറച്ചു മാറി നിന്നു..

ടോമിയും അത് ആഗ്രഹിച്ചിരുന്നു..

"അച്ചായോ.. "

വിവി വിളിച്ചപ്പോൾ കരഞ്ഞു കൊണ്ട് ടോമി അവനെ ചേർത്തു പിടിച്ചു..

"ഞാൻ ഞാൻ വലിയ തെറ്റാ ചെയ്തേ.. നിന്നെ ഞാൻ ചതിച്ചു.. "

വിവി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

"നിന്നോട് എല്ലാം പറയണം വിവി.. ഒരുപാട് അന്വേഷിച്ചിരുന്നു പക്ഷെ കണ്ടു പിടിക്കാൻ പറ്റിയില്ല.. പിന്നെ മനഃപൂർവം നിന്നെ ഞാൻ മറന്നുതുടങ്ങി.. "

"എനിക്കെല്ലാം അറിയാം.. അപ്പച്ചൻ പറഞ്ഞിരുന്നു എല്ലാം.. "

"അപ്പച്ചനോ..? നീ എപ്പോ കണ്ടു.. "

വിവിയെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..

വിവിയുടെ ഓർമ്മകൾ നാലുവർഷം പിറകിലെത്തി..

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പള്ളിയിൽ നിന്നിറങ്ങി കുറച്ചു നടന്നപ്പോഴാണ് ടോമിയുടെ അപ്പച്ചൻ വണ്ടിയും കൊണ്ട് വന്നത്..

"വിവി മോൻ പോവ്വാണോ..? "

അവൻ അപ്പച്ചനെ ഒന്ന് നോക്കി ചിരിച്ചു..

അവനോടു വണ്ടിയിൽ കയറാൻ പറഞ്ഞു.. കുശലാന്വേഷണങ്ങൾ നടത്തി അപ്പച്ചൻ.. ചോദിക്കുന്നതിനുള്ള ഉത്തരം വിവി നൽകി..

കുറച്ചു ദൂരം ഡ്രൈവ് ചെയ്തിട്ട് പുഴ കരയിലേക്ക് ചെന്നു..

"ഇറങ്.. "

അവനിറങ്ങി..

"അപ്പച്ചനോട് വെറുപ് തോന്നരുത് നിനക്ക്.. "

വിവി അയാളുടെ മുഖത്തേക്ക് നോക്കി..

"ഞാൻ.. ഞാൻ കാരണമാണ് ഇന്ന് ടോമിയുടെ വിവാഹം നടന്നത്.. "

അത് കേട്ടപ്പോൾ വിവി ഞെട്ടി അയാളെ നോക്കി..

"നിങ്ങളുടെ ബന്ധം അവനെന്നോട് പറഞ്ഞു.. അത് അംഗീകരിക്കാൻ എനിക്ക് പറ്റില്ല..

ഞാനത് തറപ്പിച്ചു പറഞ്ഞെങ്കിലും ടോമി ചെവി കൊണ്ടില്ല..

അവസാനം നിങ്ങളുടെ വിവാഹം നടന്നാൽ അവന്റമ്മച്ചിയും ഞാനും ഉണ്ടാവില്ലെന്ന് കർത്താവിനെ തൊട്ട് സത്യം ചെയ്തു..

അതിലവൻ വീണു..

ഞങ്ങൾ അവന് വേണ്ടി നേരത്തെ അന്നയെ കണ്ടെത്തിയിരുന്നു..

അവന്റമ്മച്ചിക്ക് പോലും നിങ്ങളുടെ കാര്യം അറിയില്ല..

എന്റെ ബന്ധത്തിലുള്ള ഒരച്ഛനുണ്ട്.. ഒരാഴ്ച അവനവിടെ ആയിരുന്നു.. അവിടെ നിന്നും തിരികെ വന്ന ടോമി ആകെ മാറി..

തന്റെ ജീവിതത്തിന് അർത്ഥമുണ്ടാവാൻ ഒരു കുഞ്ഞെങ്കിലും തനിക്കായി ജനിക്കണമെന്നത് അവനിൽ വേരുപിടിച്ചു തുടങ്ങി..

അങ്ങനെ കല്യാണത്തിന് മുൻപ് തന്നെ അന്നയുമായി അവനടുത്തു..

കല്യാണം കഴിഞ്ഞു ബോംബയിൽ വന്നിട്ട് നിന്നെ പറഞ്ഞു മനസിലാക്കാൻ ഇരുന്നതാ പക്ഷെ നീ ഇവിടെ വരുമെന്ന് പ്രതീക്ഷിച്ചില്ല..

ഈ അപ്പനാണ് എല്ലാത്തിനും കാരണം.. ഞങ്ങൾക്ക് ആകെയുള്ള മകനാണ്..

അവൻ ഇങ്ങനെ ജീവിക്കുന്നത് കാണാനാണ് ഞങ്ങൾക്കിഷ്ടം.. അല്ലാതെ സമൂഹത്തിന് മുന്നിൽ അപഹാസ്യരായി ജീവിക്കുന്നത് കാണാനാവില്ല..

അവനോടു നീ ക്ഷമിക്കണം.. ഇനി അവന്റെ ജീവിതത്തിൽ നീ വരരുത്.. "
"പേടിക്കണ്ട അപ്പച്ചാ.. ഇന്ന് അച്ചായൻ അന്നയുടെതാണ്.. അവിടെ ഈ വിവേകിന് സ്ഥാനമില്ല.. ഉണ്ടാക്കാൻ ശ്രമിക്കയുമില്ല.. "

തന്റെ മറുപടി വിശ്വാസത്തിലെടുത്തു അപ്പച്ചൻ ഹോട്ടലിൽ കൊണ്ട് വിട്ടു..

അവിടുന്ന് നേരെ അമ്മയുടെ അടുത്ത് ചെന്നു.. അച്ഛനും അനിയനും മുഖം തിരിച്ചു നിന്നു..

പക്ഷെ അമ്മയ്ക്കത്തിനാവില്ലല്ലോ.. അമ്മയുടെ തോളിൽ സങ്കടത്തിന്റെ ഭാരമിറക്കി..

കാര്യങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് കാര്യമായി സങ്കടം ഉണ്ടെന്ന് മനസിലാക്കിയിരുന്നു..

അതാവണം ഒരു ആശ്രമത്തിന്റെ അഡ്രസ്സ് തന്നത്..

"കുറച്ചു നാൾ മോനവിടെ പോയി നിൽക്ക്.. ടെൻഷൻ ഒക്കെ മാറിക്കിട്ടും.. "

അങ്ങോട്ട്‌ പോവാൻ തന്നെ തീരുമാനമായി.. അങ്ങനെ ആശ്രമത്തിൽ.. കുറച്ചു ദിവസം എന്നുള്ളത് പിന്നെയും നീണ്ടു..

ആദ്യമൊക്കെ സ്വയം ഒതുങ്ങി കൂടി.. യോഗയും മെഡിറ്റേഷനും ഒക്കെയായി നാളുകൾ കൊഴിഞ്ഞു..

എന്നിട്ടും ഉള്ളിലെ വിഷാദം മഞ്ഞുപോയില്ല.. മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ചന്ദ്രയെ ഞാൻ ആദ്യായി കണ്ടത്..

അവിടെ ഉള്ളവർക്ക് മെന്റൽ സപ്പോർട്ട് കൊടുക്കാൻ ഇടയ്ക്ക് വരാറുണ്ട് അവൾ..

തന്നോട് സംസാരിക്കുമ്പോൾ അധികവും ഒഴിഞ്ഞു മാറാറാണ് പതിവ്.. ഒരിക്കൽ എന്റെ അരികിൽ വന്നിട്ട് പ്രശ്നങ്ങൾ ഒക്കെ ചോദിച്ചു..

മറുപടി പറഞ്ഞില്ല.. അത്കൊണ്ട് അവൾക്കറിയാവുന്ന ചില ആളുകളുടെ ജീവിതവും അവരുടെ വിജയവുമൊക്കെ പറഞ്ഞു തന്നു..

അങ്ങനെ തമ്മിൽ സംസാരിക്കാൻ തുടങ്ങി.. അപ്പോഴും എന്റെ കാര്യങ്ങൾ അവളറിഞ്ഞില്ല..

ഒരുദിവസം സംസാരത്തിനിടയിലെവിടെയോ ഞാനവളോട് എന്റെ മനസ് തുറന്നു..

അത്രയ്ക്ക് അടുപ്പമായിരുന്നു അപ്പോഴേക്കും..

അവസാനം അവളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു..

അവളെന്നെ ഒരുപാട് ആശ്വസിപ്പിച്ചു.. പിന്നെ എന്നും എനിക്ക് സപ്പോർട്ട് ആയി അവനുണ്ടായിരുന്നു.. ഒരു നല്ല സുഹൃത്തായി..

അവളിലൂടെയാണ് ഞാൻ ഇന്നത്തെ ഞാനയത്..

രണ്ടു വർഷം ആ ആശ്രമംജീവിതം കഴിഞ്ഞിറങ്ങിയപ്പോൾ പഴയ വിവി മരിച്ചു കഴിഞ്ഞിരുന്നു..

പിന്നെ അവൾ തന്നെ എനിക്ക് ജോലി കണ്ടു പിടിച്ചു തന്നു.. വീണ്ടും രണ്ടു വർഷങ്ങൾ കൂടെ..

കുറച്ചു മാസങ്ങൾക്ക് മുൻപ് അവൾ തന്നെയാണ് ഈ വിവാഹത്തിന് മുന്നിട്ട് വന്നത്..

അവൾക്കിഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവളല്ലാതെ മറ്റൊരു ഓപ്ഷൻ എനിക്കുണ്ടാവില്ലെന്ന് മനസിലുറച്ചു..

കൂടെ കൂട്ടാൻ തയ്യാറായി.. അവൾക്ക് അമ്മയും അച്ഛനും മാത്രമേയുള്ളു..

അവരോടു ഇക്കാര്യം സംസാരിച്ചു.. പിന്നെ എന്റെ വീട്ടിൽ ചെന്നു.. എന്റെ മാറ്റം കണ്ടിട്ട് അച്ഛന്റെയും അനിയന്റെയുമൊക്കെ മുഖത്ത് അമ്പരപ്പായിരുന്നു..

കല്യാണക്കാര്യം പറഞ്ഞപ്പോഴും അവർ അതിശയിച്ചു നിന്നു..

പഴയ പോലെ തല താഴ്ത്തി അല്ല ഉയർത്തിയാണ് ഞാൻ നിന്നിരുന്നത്..

അധികം ആർഭാടമില്ലാതെ വിവാഹം നടന്നു..
റിസപ്ഷൻ ഇവിടെ വച്ചത് ചന്ദ്രയുടെ ആഗ്രഹമായിരുന്നു..

ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കൾ മാത്രമേ ഇന്ന് വന്നിരുന്നുള്ളൂ.. അങ്ങനെ അതെല്ലാം കഴിഞ്ഞു..

അച്ചായന്റെ ഉള്ളിൽ എന്തെങ്കിലും നോവുണ്ടെങ്കിൽ അത് കളയാൻ വേണ്ടിയാണ് ഞാൻ സംസാരിച്ചത്.. "

വിവി പറഞ്ഞു നിർത്തി.. ടോമിയ്ക്ക് ഒന്നും ചോദിക്കാനോ പറയാനോ ഇല്ലായിരുന്നു..

"നിങ്ങൾ നാളെ തിരിക്കുന്നോ അതൊ ഇവിടെ കറങ്ങുന്നോ?? "

"പോകണം.. "

പൂളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

"അന്നയോട് കൂടെ അഭിപ്രായം ചോദിക്ക്.. എന്തായാലും വന്നതല്ലേ ഗോവ മൊത്തം ഒന്ന് കറങ്ങൂ..

ഞങ്ങളാണെങ്കിൽ നാളെ ഇവിടുന്ന് അടുത്ത ഡെസ്റ്റിനഷനിലേക്ക് പറക്കാൻ പോവ്വാ .. ഞങ്ങളുടേത് മാത്രമായ ലോകത്തേക്ക്...

ഇനി എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ ഇപ്പൊ ഈ കാണുന്ന സങ്കടം പോലും അച്ചായനിൽ കാണരുത്.. "

ടോമിയുടെ നെഞ്ചിൽ ഒന്ന് കുത്തികൊണ്ട് പറഞ്ഞു.. പിന്നെ തിരികെ ഭാര്യമാർക്കരികിലേക്ക് നടന്നു..

"നേരം വൈകി.. ഇനി എല്ലാവരും ചെന്നു കിടന്നേ.. "

വിവി തന്നെ ടോമിയെയും അന്നയെയും പറഞ്ഞു വിട്ടു..

ചന്ദ്ര അവന്റെ മുഖത്തേക്ക് നോക്കി നിന്നു.. വിവി അവളുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചു..

പരസ്പരം മിണ്ടാതെ കണ്ണുകൾ മാത്രം സംസാരിച്ചു തുടങ്ങി..

♥️ സസ്നേഹം ചേതന.. ♥️

===============
എന്നെ ആരും മറക്കാതിരിക്കാൻ ഇതിവിടെ ഇരിക്കട്ടെ.. ഇഷ്ടമാവുമെങ്കിൽ ഒരു വരി കുറിക്കുക..
ഇടയ്ക്ക് ഇങ്ങനെ വരാട്ടോ.. എല്ലാവരോടും ഒത്തിരി ഒത്തിരി ഇഷ്ട്ടം..
===============

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot