നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൂസിയയിലേ നാരങ്ങാവെള്ളം


"നല്ലവണ്ണം ഞെക്കിപ്പിഴി.. എങ്കിലേ ടേസ്റ്റ് കിട്ടൂ"...അമ്മയുടെ വക നിർദേശം ആണ്.. രംഗം തിരുവനന്തപുരത്തെ ലൂസിയ ഹോട്ടൽ.. 80 കളിൽ നടന്ന സംഭവം ആണ്..

ഏതോ പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷത്തിൽ അച്ഛനും അമ്മയും എന്നേം അനിയനേം കൂട്ടി ആഘോഷിക്കാൻ ഇറങ്ങിയത് ആണ്. പൊതുവേ ആഘോഷം എന്നാല് ഞങ്ങൾക്ക് ഫുഡ് ആണ്.. കുട്ടിക്കാലത്തെ നല്ല
ഓർമകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏത് എങ്കിലും ഹോട്ടലിലെ ചിക്കൻ ഫ്രൈ യിലോ ബിരിയാണി യിലോ ആയിരിക്കും.. ഓരോ ഹോട്ടലിലും ഉള്ള സ്പെഷ്യൽ ഡിഷ് അവിടത്തെ വെയിറ്റർ നേ ക്കളും ഞങ്ങൾക്ക് അറിയാമായിരിക്കും.. പുതിയ സ്റ്റാഫ് നേ ഒക്കെ ട്രെയിൻ ചെയ്യുന്നത് നമ്മളും കൂടെ ചേർന്നാണ് എന്ന് വേണേൽ പറയാം.. അച്ഛന്റെ പ്രൊമോഷൻ അനുസരിച്ച് ഹോട്ടലിന്റെ നിലവാരവും ഉയർന്നു വന്നു.. അങ്ങനെ പറന്ന് പറന്ന് ആണ് ലൂസിയ മോഹം തോന്നിയത്..
അന്ന് തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ റെസ്റ്റോറന്റ് ആണ് ലൂസിയ.. അവിടത്തെ ബുർജ് അൽ‌ അറബ്.. .. നേരത്തെ തന്നെ അണികൾക്ക് , അതായത് എനിക്കും ബ്രോ ക്കും സ്റ്റഡി ക്ലാസ് ഒക്കെ തന്നിരുന്നു.. അവിടെ ചെന്ന് നിന്റെയോന്നും ഫ്രാഡ് കൾ പുറത്ത് ഇറക്കരുത്.. ആക്രാന്തം പാടില്ല.. വെയിറ്റർ പോയ ശേഷമേ തീറ്റ തുടങ്ങാവൂ.. കോഴി കാലിന് വേണ്ടി പിടി വലി കൂടരുത്.. അടുത്ത ടേബിളിൽ ഇരിക്കുന്ന മാമൻ കഴിക്കുന്നത് നോക്കി വെള്ളം ഇറക്കരുത് ..
എന്നിങ്ങനെ പല വിധ നിബന്ധനകൾ എഴുതി ഒപ്പിട്ട് വാങ്ങിയിട്ടാണ് പോക്ക്..ഏറ്റവും നല്ല ഉടുപ്പ് ഒക്കെ എടുത്ത് അണിഞ്ഞു എല്ലാവരും
..കയറ്റി വിട്ടില്ല എങ്കിലോ? ഒരുക്കം എല്ലാം കഴിഞ്ഞ് അച്ഛൻ എല്ലരേം ഒന്ന് നോക്കി.. ലാസ്റ്റ് വാണിങ്ങും തന്നു.. ഇനി തിരിച്ചും മറിച്ചും ചോദിച്ചാലും നമ്മൾ മിഡിൽ ക്ലാസ്സ് ആണെന്ന് പറയരുത് കേട്ടോ.. അങ്ങനെ നമ്മൾ ഫുൾ സെറ്റ് അപ്പിൽ ചെന്ന് കയറി..

ഉച്ച കഴിഞ്ഞ നേരത്ത് ആണ് എത്തിയത്.. മെനു വിലെ വില നിലവാരം
അച്ഛൻ ഒന്നേ നോക്കിയുള്ളു.. ഉടൻ തന്നെ പറഞ്ഞു " നമുക്ക് ചായ കുടിക്കാം അല്ലേ.. ഊണ് കഴിഞ്ഞു ആണല്ലോ വന്നത്.. " ഞാൻ അമ്മയെ നോക്കി.. "എന്ത്? , ഞാൻ ആണേൽ ഇൗ പരിപാടി പ്രമാണിച്ച് രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും നേരെ കഴിച്ചില്ല!!!" അമ്മ അച്ഛനെ നോക്കി " ശെരിയാണ്.. എന്തെങ്കിലും ലൈറ്റ് ആയി മതി " എന്ന് പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി. അതിന്റെ തർജ്ജമ ഇങ്ങനെ ആണ്.. ഇനി മിണ്ടിയാൽ അടുത്ത കലാ പരിപാടി നൈസ് ആയി ഉള്ള തല്ലി തലോടൽ അഥവാ നുള്ളി പിച്ച് ആണ് മകളെ ... ഞാൻ ഉടനെ ഡീസന്റ് ആയി.. ചായ എങ്കിൽ ചായ.. പൊന്നോട്ടെ.. സ്റ്റാർ ഹോട്ടലിലെ ചായ അല്ലേ? എന്തൊക്കെയോ സ്നാക്ക്സ് കൂടെ പറഞ്ഞു ..
വിഭവങ്ങൾ മേശപ്പുറത്ത് എത്തി തുടങ്ങി.. ഇൗ മുന്തിയ ഹോട്ടലുകളിലെ പാചക ക്കാർ കിലുക്കത്തിലെ ഇന്നസെന്റ് നേ പോലെ അല്ലേൽ പിണങ്ങി ഇരിക്കുന്ന ഭാര്യയെ പോലെ ആണെന്ന് എനിക്ക് തോന്നാറുണ്ട്.. ചായ ഓർഡർ ചെയ്താൽ, പാലും പഞ്ചസാരയും ചായ പൊടിയും ഒക്കെ എടുത്ത് കൊണ്ട് വന്നു മേശപ്പുറത്ത് നിരത്തി വക്കും.. വേണെങ്ങിൽ ഉണ്ടാക്കി കുടിച്ചോ എന്ന മട്ടിൽ... ശെടാ... ഇവിടെ വന്നാലും നമ്മൾ തന്നെ പാചകം.. കൊള്ളാലോ ഏർപ്പാട്? എന്തായാലും അമ്മ ഹാപ്പി ആയി.. അവർ തൊഴുത് മാറി നിൽക്കുന്ന കണ്ട് ഉടനെ ചായ ഉണ്ടാക്കി തന്റെ കഴിവ് തെളിയിച്ചു. എന്തായാലും സ്നാക്ക്സ് ഒന്നും നമ്മൾ വേവിക്കണ്ട .. സന്തോഷം..

വെയിറ്റർ തിരിഞ്ഞതും ഞാനും അനിയനും മിന്നൽ വേഗത്തിൽ ചാടി വീണു.. മുന്നിൽ ഇരിക്കുന്ന പ്ലേറ്റ് ഉം അച്ഛന്റെ പേഴ്സും സെക്കൻഡുകൾ കൊണ്ട് കാലി ആയി. ഇത്രയും പൈസയും കൊടുത്തിട്ട് ആന വായിൽ അമ്പഴങ്ങ ആയല്ലോ ദൈവമേ എന്ന് ആലോചിച്ച് ഇരിക്കുന്ന നേരത്ത് വീണ്ടും അതാ വെയിറ്റർ പ്രത്യക്ഷപ്പെടുന്നു..ഒരു വലിയ താലം ഉണ്ട് കയ്യിൽ. നമ്മുടെ അടുത്തേക്ക് തന്നെ ആണ് വരവ്.. അടുത്ത് എത്തിയപ്പോൾ മനസിലായി അതിൽ നാല് ചെറിയ പിഞാണം ആണ്. എന്തെങ്കിലും മധുരം ആവും.. നമ്മൾ സാദാ സര്ക്കാര് ഉദ്യോഗം ആണെന്നും ഇനി അടുത്തൊന്നും ഇങ്ങോട്ട് കയറാൻ സാധ്യത ഇല്ലെന്നും ഇവർക്ക് മനസിലായി കാണും.. അത് കൊണ്ട് ഫ്രീ ആയി മധുരം (ഗുലാബ് ജാമുന് ) തന്നു വിട്ടേക്കാം എന്ന പ്ലാൻ ആവും .. ഞങൾ വീണ്ടും ഡീസന്റ് മുഖം പുറത്തെടുത്തു.. വെയിറ്റർ ചിരിച്ചു കൊണ്ട് വന്നു ഓരോരുത്തർക്കും ഓരോ പിഞ്ഞാണം മുന്നിൽ വച്ചിട്ട് പോയി.

സൂക്ഷിച്ച് നോക്കിയപ്പോൾ ഗുലാബ് ജാമുൻ ഒന്നും അല്ല.. ഒരു നാരങ്ങ കഷണം ഉണ്ട് .. പാത്രത്തിന് നേരിയ ചൂടും ഉണ്ട്.. നാരങ്ങ വെള്ളം എങ്കിൽ അത്.. കളയുന്ന പരിപാടി ഇല്ല.. ഉപ്പും പഞ്ചസാരയും ഒന്നും കൂടെ കണ്ടില്ല.. വേണ്ട .. നാരങ്ങ മുറി നന്നായി പിഴിഞ്ഞു...പൊതുവേ ഞാനും ഫുഡും തമ്മിൽ തീൻ മേശയിൽ മാത്രമേ കാണാറുള്ളൂ എന്ന് അറിയാവുന്ന എന്റെ മാതാവ് എനിക്ക് തന്ന നിർദേശങ്ങൾ ആണ് ആദ്യം പറഞ്ഞത്.." നല്ല വണ്ണം ഞെക്കി പിഴി.. എങ്കിലേ ടേസ്റ്റ് കിട്ടൂ".. റെഡി ആയി വന്ന നാരങ്ങ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു .. ഇതിനിടയിൽ ബാത്റൂം ലേക്ക്‌ പോയ അച്ഛൻ ഇതും കണ്ട് അന്തം വിട്ടു പാഞ്ഞു വന്നു. എന്നിട്ട് ഞങ്ങളോട് " അത് കുടിക്കാൻ ഉള്ളത് അല്ല.. കൈ കഴുകാൻ ഉള്ള ബൗൾ വാഷ് ആണ് കൺട്രികളെ " എന്ന് ... എന്റെ അത്രയും സ്പീഡ് ഫുഡ് അടിക്കുന്നതിൽ ഇല്ലാത്ത കാരണം അമ്മയും അനിയനും ഇൗ കേസിൽ പെട്ടില്ല. ഇപ്പോഴും വലിയ ഹോട്ടലുകളിൽ ബു ഫേക്ക് പോയാൽ ഏതൊരു പുതിയ ആഹാരവും ഒന്ന് സ്റ്റഡി ചെയ്തിട്ടേ ഞാൻ കഴിക്കൂ.. കൂടെ ഉള്ള ആരേലും അത് കഴിക്കുന്ന വരെ വെയിറ്റ് ചെയ്യും ..എന്നാലും ഇപ്പോഴും ബൗൾ വാഷ് കാണുമ്പോൾ ഞാൻ പഴയ കൺട്രി ഗേൾ ആകും ...

മനം പോലെ മംഗല്യം...
പിന്നീട് വർഷങ്ങൾ കഴിഞ്ഞു..ഞാൻ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്റെ ഭാര്യ ആയി മാറി.. ദുബൈ ഇലെ സഞ്ജീവ് കപൂറിന്റെ റെസ്റ്റോറന്റ് ..
എന്റെ മഹാനായ പ്രിയതമൻ അദ്ദേഹത്തിന്റെ കമ്പനിയിലെ ഇന്റർനാഷണൽ ഡിന്നർ മീറ്റിംഗിൽ ആണ് .. ഓരോന്ന് ഓരോന്ന് ആയി സെവൻ കോഴ്സ് ഡിന്നർ വരുന്നു. വലിയ സെറ്റ് അപ്പ്‌ സ്റ്റൈലിൽ ആക മൊത്തം ഇരുട്ടാണ് ചുറ്റും. ആഹാരം പിന്നെ വായിൽ എത്തിയാൽ മതിയല്ലോ..
എല്ലാ വിഭവങ്ങളും വലിയ പരിചയം ഒന്നും ഇല്ല..എങ്കിലും പുള്ളിക്കാരൻ ഒന്നും വിടാതെ കഴിച്ചു നോക്കി കൊണ്ടിരുന്നു.. അവസാനം ഒരു സ്നാക്ക്സ് പോലെ ഒരു സാധനം എത്തി.. വെളുത്ത നിറത്തിൽ
മുറുക്ക് പോലെ വട്ടത്തിൽ ഉരുട്ടി
ഒരു പ്ലേറ്റിൽ ആണ്കൊണ്ട് വച്ചത്..ഇത് എങ്ങനെ കഴിക്കും എന്ന് വലിയ പിടി ഇല്ല.. മധുര പ്രിയൻ അല്ല ആള്.. ഒന്ന് കടിച്ചു നോക്കാം .. ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട എന്ന് വയ്ക്കാം എന്ന് ഉറപ്പിച്ചു.. പലഹാരം പൊടിയാതെ കയ്യിൽ എടുത്തു.. രസഗുള പോലെ സോഫ്റ്റ് ആണ്.. പതിയെ ഒരു വശത്ത് ഒന്ന് കടിച്ചു. ദേവിയെ!!!! കൈ തുടക്കണ ടിഷ്യു പേപ്പർ ആയിരുന്നു . അവന്മാർ അത് കലാപരമായി കൊണ്ട് വച്ചതാ..തൊട്ട് മുന്നിൽ ഉള്ള സീറ്റിൽ ആണേൽ ബോസ് ഇരിക്കുന്നു. വായിൽ ആണേൽ ടിഷ്യൂ പേപ്പർ.. എന്ത് ചെയ്യും? നൈസ് ആയി ടിഷ്യൂ വിന്റെ മറു വശത്ത് പിടിച്ചു പയ്യെ വലിച്ചു... എന്നിട്ട് ബോസ് നേ നോക്കി " ഇത് കൈ കൊണ്ട് ഓപ്പൺ ആക്കാൻ പറ്റുന്നില്ല.. സോ... " എന്ന് ഒരു ഡയലോഗ് കൂടെ അടിച്ചു വിട്ടു അത്രെ..
വീട്ടിൽ എത്തി വിഷമത്തോടെ അദ്ദേഹം എന്നോട് ഇൗ കഥ പറയുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.

നമ്മളാണ് ശെരിക്കും ജോഡി.. മെയ്ഡ് ഫോർ ഈച്ച് അദർ ...

ശുഭം

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot