Slider

റൂഹ്(കഥ)

0


"ഉമ്മാ നാളെയാ ഇക്കാനെ ആശുപത്രിയിൽ കൊണ്ട് പോകുവാനുള്ള ദിവസം"..ഹഫ്സത്തുവന്നു ഉമ്മയോട് പറഞ്ഞു..

"കയ്യിലുള്ള പൈസ തികയോ മോളെ"..അടുക്കളയിൽ പപ്പടം പൊരിക്കുകയായിരുന്ന നബീസുമ്മ ചോദിച്ചു...

"ഇല്ലുമ്മ ...ഒരു രണ്ടായിരം രൂപയെങ്കിലും വേണ്ടേ.."ഹഫ്സത് കണ്ണിൽ ഇരുണ്ടുകൂടിയ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു..

"ഉം...ഉമ്മ നോക്കട്ടെ...ജബ്ബാറിനോട് ചോദിച്ചു നോക്കാം"..

"ജബ്ബാർക്ക തരില്ല ഉമ്മാ...കഴിഞ്ഞ പ്രാവിശ്യം തന്നെ ചോദിച്ചപ്പോൾ ഒരുപാട് ചീത്ത പറഞ്ഞിട്ടാ ഇരുന്നൂറ് രൂപ തന്നെ തന്നത് ..
ഇനി ചോദിക്കേണ്ട "....

"അല്ലാതെ എന്തു ചെയ്യും മോളെ....പണയം വെക്കാനായാലും ..വിൽക്കാനായാലും ഒരു തരി പൊന്നു പോലുമില്ല...ഉള്ളതൊക്കെ കഴിഞ്ഞില്ലേ...ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു...എന്തായാലും അവന്റെ ചേട്ടനോടല്ലേ ചോദിക്കുന്നത്...ഞാൻ ചോദിച്ചോളാം...ചീത്ത പറഞ്ഞാലും എന്റെ മോന് വേണ്ടി തന്നെയല്ലേ...എന്തായാലും പൈസ ഇല്ലാത്ത കാര്യം ഫൈസലറിയേണ്ട" ...നബീസുമ്മ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു...

ഹഫ്സത്‌ ഒന്നും പറയാതെ റൂമിലേക്ക് പോയി...

നാളെ ഫൈസലിന് കീമോ ചെയ്യണം...രോഗം നിർണയിച്ചിട്ടു ഒരു വർഷമാകുന്നു ...

ഫൈസലിന്റെ ജ്യേഷ്ഠൻ മാരാണ് ജബ്ബാറും ,ഹമീദും...രണ്ടാളും നല്ല നിലയിലാണ് .വേറെ വീട് വെച്ചു മാറി താമസിക്കുന്നു ..ഫൈസൽ കുറച്ചുനാൾ ഗൾഫിലായിരുന്നു...ഇടക്ക് വരുന്ന തലവേദന നാട്ടിൽ വന്നു ഡോക്ട്ടറെ കാണിച്ചപ്പോഴാണ് ക്യാൻസർ ആണെന്ന് അറിയുന്നത്...സ്നേഹിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ചത് കൊണ്ട് ജ്യേഷ്ട്ടൻമാർ രണ്ടാൾക്കും ഫൈസലിനോട് ദേശ്യമുണ്ട് ... ദേഷ്യം തോന്നാൻ വേറൊരു കാരണം കൂടിയുണ്ട്...ജബ്ബാറിന്റെ ഭാര്യയുടെ അനിയത്തി സാജിദാനെ ഫൈസലിനു വേണ്ടി കല്യാണം ആലോചിച്ചതാണ്....പക്ഷ ഫൈസൽ സമ്മതിച്ചില്ല....

"ഇക്ക എന്താണീ പറയുന്നത്....ഫൈസൽ വിഷമത്തോടെ ജബ്ബാറിനോട് ചോദിച്ചു...

എന്താ ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ...

"മനസ്സിലായി അതുകൊണ്ട് തന്നെയാ ചോദിച്ചത്...എന്ത് ധൈര്യത്തിലാ എന്നോട് ഇക്ക അവളെ കെട്ടാൻ പറയുന്നത്."..

"അവൾ ഒരുത്തനുമായി പ്രണയത്തിലായിരുന്നു...അതാണോ ഇത്ര വലിയ തെറ്റ് .."ജബ്ബാർ ശബ്ദം ഉയർത്തിക്കൊണ്ട് ചോദിച്ചു..

"ഇക്ക ..പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ പറഞ്ഞില്ല...പക്ഷെ....പ്രണയിച്ചവന്റെ കൂടെ ഒളിച്ചോടി ഒരു ആഴ്ച താമസിച്ചിട്ടു അവന്റെ വീട്ടിൽ സൗകര്യം പോരാ എന്നു പറഞ്ഞു തിരിച്ചു വന്നതാണ് തെറ്റ്...അതു മാത്രമോ "ഫൈസൽ പതിയെ പറഞ്ഞു നിർത്തി...

"ഓ...നീ നാട്ടുകാർ പറയുന്നത് വിശ്വസിച്ചിരിക്കുകയാണോ...അവൾക്ക് ഗർഭമുണ്ടായി...അതു അലസിപ്പിച്ചു...ഇതൊക്കെ നാട്ടുകാർ വെറുതെ പറയുന്നതാ... അതു മാത്രമല്ല നൂറ് പവൻ തരും" ജബ്ബാർ പറഞ്ഞു..

"ഞാൻ ആരു പറയുന്നതും വിശ്വസിക്കുന്നില്ല...ഇനിക്ക് താൽപര്യമില്ല...അതു തന്നെ "അതും പറഞ്ഞു ഫൈസൽ പുറത്തേക്ക് പോയി..

"ഓ നിനക്ക് താല്പര്യം ഇല്ലാത്തത്തിന്റെ കാരണം എനിക്കറിയാം...പത്തു പൈസക്കു ഗതിയില്ലാത്ത ആ മൊമ്മദിന്റെ മോളല്ലേ നിന്റെ മനസ്സിൽ...അവളെയും കെട്ടി ജീവിക്കാമെന്ന് നീ കരുതേണ്ട."..ജബ്ബാർ ഉറക്കെ വിളിച്ചു പറഞ്ഞു...

പള്ളിയിൽ ബാങ്ക് കൊടുക്കുന്ന മമ്മദ്ക്കാടെ മകൾ ഹഫ്സത്തുമായി ഫൈസൽ സ്നേഹത്തിലാണ്...പക്ഷേ ജ്യേഷ്ട്ടൻമാർ രണ്ടാൾക്കും ആ ബന്ധത്തിന് താൽപര്യമില്ല. അവർ ഇവരുടെ കുടുംബത്തിന് യോജിച്ചതല്ല...
അതാണ് അവർ കണ്ടെത്തിയ കാരണം .എങ്കിലും അവരുടെ വാക്ക് കേൾക്കാതെ ഫൈസൽ ഹഫ്സത്തിനെ തന്നെ വിവാഹം ചെയ്തു ...അതിനു ശേഷം ജ്യേഷ്ട്ടന്മാർ രണ്ടാളും അവനോട് മിണ്ടതെയായി...കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷമാണ് ഫൈസലിന് അസുഖം വന്നത്...കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ആശുപത്രി ചിലവ് കണ്ടെത്തുന്നത്...
*********

"നാളെ നമുക്ക് പോകണോ"...ഫൈസൽ ചോദിച്ചു..

"അതെന്താ ഇക്കാ അങ്ങനെ ചോദിക്കുന്നത്...ഡോക്ടർ പറഞ്ഞില്ലേ കീമോ ചെയ്താൽ രോഗം ഭേദമാകുമെന്ന് .".. ഫൈസൽ കാണാതെ കണ്ണീർ തുടച്ചുകൊണ്ടു ഹഫ്സത്തു പറഞ്ഞു.

"നീ ഇപ്പോൾ ഒരുപാട് നുണകൾ പറയാൻ പഠിച്ചു അല്ലേ.".. ഫൈസൽ ചിരി വരുത്തിക്കൊണ്ട് ചോദിച്ചു..

ഉം..നിങ്ങളുടെ കൂടെ കൂടിയതിനു ശേഷമാ...

"വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ "...

എന്ത്? ...ഹഫ്സത്‌ ചോദ്യഭാവത്തിൽ ഫൈസലിനെ നോക്കി...

"എന്നോടൊത്തുള്ള ജീവിതം."..

എന്താ ഇപ്പൊ ഇങ്ങനെ പറയണേ...എൻ്റെ ഭാഗത്തു നിന്നും ഞാൻ എന്തേലും പറഞ്ഞോ...

"അതല്ല....ഒരുപാട് സ്വപ്നം കണ്ടതല്ലേ നല്ലൊരു ജീവിതം...പക്ഷെ."... ഫൈസൽ ഹഫ്സത്തിന്റെ മുഖം തിരിച്ചു താടിയിൽ പിടിച്ചുകൊണ്ട് ചോദിച്ചു...

"എനിക്കാണ് ഇങ്ങനെ വന്നതെങ്കിൽ എന്നെ ഒഴിവാക്കുമായിരുന്നോ"...ഹഫ്‌സത്തു വിഷമത്തോടെ ചോദിച്ചു....

ഫൈസൽ അവളുടെ മുഖം കൈകളിലെടുത്തു ...."നീ എൻറെ ജീവനല്ലേ. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കാത്തിരിക്കും നാളെ മഹശറയിൽ ...അവിടെ നമ്മൾ ഒരുമിക്കും...ഇന്ഷാ അല്ലാഹ്...അതുമാത്രമാണ് ഇപ്പോൾ എന്റെ പ്രാർത്ഥന"....

"അങ്ങനെയൊന്നും പറയല്ലേ....ഇക്കാടെ അസുഖം മാറും...നമ്മൾ കണ്ട കിനാവുകൾ ...അതു നിറവേറും...അള്ളാഹു നമ്മളെ കൈവിട്ടില്ല...എനിക്കുറപ്പുണ്ട്"....ഹഫ്സത്‌ കരഞ്ഞുകൊണ്ട് ഫൈസലിന്റെ നെഞ്ചിൽ തലവെച്ചു.

ഫൈസൽ അവളെ കൈകൾകൊണ്ടു ചേർത്തു പിടിച്ചു...

**********

ഇന്നു കാലത്തായിരുന്നു ഫൈസലിന്റെ മയ്യിത്ത് മറമാടിയത്...

"അപ്പോൾ എങ്ങനെയാ കാര്യങ്ങൾ."...അവിടെ കൂടിയിരിക്കുന്നവരോടായി പള്ളികമ്മിറ്റി പ്രസിഡന്റ് ജമാൽ ചോദിച്ചു...

പള്ളിയിലെ ഉസ്താദും പ്രസിഡന്റും, ഹമീദും, ജബ്ബാറും, പിന്നെ കുറച്ചു അയൽക്കാരും ഫൈസലിന്റെ വീട്ടിൽ കൂടിയിട്ടുണ്ട്...

"മൂന്ന് ഞാൻ നടത്തിക്കോളം ...ആരെയൊക്കെ വിളിക്കണമെന്ന് ഉമ്മ പറഞ്ഞാൽ മതി...വേണേൽ മുറ്റത്തൊരു പന്തലിടാം" ഹമീദ് പറഞ്ഞു..

"അങ്ങനെയാണെങ്കിൽ ഏഴ് ഞാനും നടത്താം... ഇനി അതിന്റെ ഒരു കുറവ് വേണ്ട"....ജബ്ബാർ ആരോടെന്നില്ലാതെ പറഞ്ഞു....

"ഉമ്മ എന്താണ് പറയുന്നത്.".. ജബ്ബാർ അകത്തോട്ട് നോക്കി ചോദിച്ചു...

"ഉമ്മാനെ വിളിക്കുന്നു".....ജബ്ബാറിന്റെ ഭാര്യ സാബിറ വന്നു നിസ്കാര പായയിൽ കരഞ്ഞു തളർന്നു കിടന്ന നബീസുമ്മാനോട് പറഞ്ഞു...

അവർ എഴുന്നേറ്റു വാതിൽക്കൽ വന്നു നിന്നു...

"എന്റമോന് പടച്ചവൻ ഇത്രയും ആയുസ് വെച്ചിട്ടുള്ളൂ...അള്ളാഹു എന്റെ മോന് സ്വർഗം കൊടുക്കട്ടെ"...നബീസമ്മ കരച്ചിലടക്കി പറഞ്ഞു...

"ഒരുപാട് വേദന എന്റ മോൻ സഹിച്ചു...ഒരുപാട് പേരോട് കൈനീട്ടിയാണ് ഞാൻ അവനെ ചികിൽസിച്ചത് ...അതുകൊണ്ട് കുറച്ചു കടങ്ങളുണ്ട്...അതു ഞാൻ പണിക്ക് പോയിട്ടാണെങ്കിലും വീട്ടും....പിന്നെ അവന്റെ ഭാര്യ....അവൾക്കൊരു നല്ല ജീവിതം ഉണ്ടാകുന്നത് വരെ അവളെ ഞാൻ തന്നെ നോക്കും"...കണ്ണുകൾ തുടച്ചുകൊണ്ടു വീണ്ടും പറഞ്ഞു..

"ഇന്നലെ വരെ ആശുപത്രിയിൽ പോകുവാൻ വേണ്ടി ചിലരോട്... അവന്റെ സ്വന്തം കൂടെപ്പിറപ്പിനോട് പോലും പൈസ കടം ചോദിച്ചിരുന്നു.".. അതു പറയുമ്പോൾ നബീസുമ്മാടെ വാക്കുകൾ ഇടറിയിരുന്നു..."

" പക്ഷെ ആദ്യം തന്ന കുറച്ചു പൈസയുടെ കണക്കുകൾ പറഞ്ഞു അവർ പോലും ഒന്നും നൽകിയില്ല... ഒരാൾ മരിക്കുന്നതിന് മുൻപാണ് അയാൾക്ക് വെള്ളം കൊടുക്കേണ്ടത്... അല്ലാതെ മരിച്ചു കഴിഞ്ഞിട്ട് നിങ്ങൾ ഈ കാണിക്കുന്ന കാട്ടികൂട്ടലുണ്ടല്ലോ പടച്ചോൻ പോലും പൊറുക്കില്ല... ആരും ഇനി ബുന്ധിമുട്ടി എന്റെ മോനുവേണ്ടി പൈസ ചിലവാക്കേണ്ട.... അവനു അല്ലാഹു സ്വാലിഹായ ഒരു ഇണയെ കൊടുത്തു... അവളുടെ ദുആ മതി... എന്റെ മോനു സ്വർഗം കിട്ടാൻ.".. അതും പറഞ്ഞു നബീസുമ്മ തിരിച്ചു പോയി...

"നബീസുമ്മ പറഞ്ഞതാ ശരി ....ഒരാൾ മരിക്കുന്നതിന് മുൻപാണ് അയാൾക്ക് വെള്ളം കൊടുക്കേണ്ടത് ....അതല്ലാതെ അയാൾ മരിച്ചു കഴിഞ്ഞിട്ടു നാട്ടുകാർക്കു കോഴിബിരിയാണി കൊടുത്തിട്ട് കാര്യമില്ല...കൊടുക്കുന്നതൊക്കെ ശരിയാ ...പക്ഷെ"....അതും പറഞ്ഞു ഉസ്താദ് പോകാൻ എഴുന്നേറ്റു...കൂടെ മറ്റുള്ളവരും..

അതുകേട്ടു ജബ്ബാറിന്റെയും ഹമീദിന്റെയും മുഖം താഴ്ന്നു...

അപ്പോഴും അകത്തെ മുറിയിലെ നിസ്കാര പായയിൽ നിന്നും എഴുന്നേൽക്കാതെ തന്റെ പാതിക്ക് വേണ്ടി ഖുർആൻ ഓതി ദുആ ചെയ്യുകയായിരുന്നു ഹഫ്‌സത്....

ഫൈസൽ പറഞ്ഞത് പോലെ നാളെ സ്വർഗത്തിൽ അവർ ഒരുമിക്കട്ടെ....

റഹീം പുത്തൻചിറ....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo