അന്നു ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുകയാണ് . പത്താം ക്ലാസ്സിൽ അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്ക് ഉണ്ടായിരുന്നതു കൊണ്ട് ജില്ലയിലെ പ്രമുഖ കോളേജിൽ അഡ്മിഷൻ കിട്ടാൻ വല്യ പ്രയാസമുണ്ടായില്ല . ഗ്രാമത്തിലുള്ള വീട്ടിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ കോളേജിൽ എത്താം . എങ്കിലും എന്നുമുള്ള യാത്രയും കഷ്ടപ്പാടും ഒക്കെ പഠനം തടസ്സപ്പെടുത്തും എന്നുള്ള എന്റെ രക്ഷിതാക്കളുടെ മിഥ്യാ ധാരണ , ദിവസവും പോയി വന്ന് കലാലയ ജീവിതം സന്തോഷപ്രദമാക്കാം എന്നുള്ള എന്റെ ചിരകാല അഭിലാഷത്തിന്റെ കടയ്ക്കൽ കത്തി വെച്ചു എന്നു പറയുന്നതാവും ശരി . അതു കാരണം പള്ളിവക ലേഡീസ് ഹോസ്റ്റലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത് . എന്റെ അപ്പനമ്മമാരുടെ അതേ ചിന്താ ധാരയിൽ സഞ്ചരിക്കുന്നവർ വേറെയും ഉള്ളതു കൊണ്ടാണോ എന്തോ എന്നേ പ്പോലെയുള്ള പത്തു മുന്നൂറ്റമ്പത് ഹത ഭാഗ്യർ കൂടി അവിടെ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കോളേജും ആ പള്ളിയുടെ മാനേജ്മെന്റിൽ തന്നെ ഉള്ളതാണ് .
ഞങ്ങൾ നാലു പേരായിരുന്നു കൂട്ട് ..സെക്കന്റ് ഗ്രൂപ്പിലുള്ള ഞാനും എന്റെ തന്നെ നാട്ടുകാരിയായ പ്രീയപ്പെട്ട കൂട്ടുകാരിയും , ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ചങ്ക് .. കാരണം ഒന്നാം ക്ലാസ്സു മുതൽ ഞങ്ങൾ ഒന്നിച്ചായിരുന്നു .. പിന്നെ ഫസ്റ് ഗ്രൂപ്പിലെ രണ്ടു് വായാടികളും ..ഒരു പ്രത്യേകത എന്താണെന്ന് വച്ചാൽ ഞങ്ങള് നാലു പേരും പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്നുള്ളവർ ആയിരുന്നു . അതിന്റെ അഹങ്കാരം ഒന്നും ഞങ്ങൾക്ക് ലവലേശം ഉണ്ടായിരുന്നില്ല . പക്ഷേ ഞങ്ങൾക്ക് നാലു പേർക്കുംപൊതുവായിട്ടു ഒരു ചെറിയ അസുഖമുണ്ടായിരുന്നു. ഒരു കുഞ്ഞ് അസൂയ . അതും ഞങ്ങളുടെ കൂടെ കൂട്ട് കൂടാൻ വേണ്ടി ആഗ്രഹിച്ചു കൊതിച്ചു പിന്നാലെ നടന്നിരുന്ന ഒരു പാവം കൊച്ചിനോട് . അവളേ കൂട്ടാതെ ടൗണിൽ പോവുക .. കോളേജ് ക്യാന്റീനിൽ പോയി പഴംപൊരി കഴിക്കുക .. അവളേ ഒഴിവാക്കി ക്ലാസ്സ് കട്ട് ചെയ്തു വെറുതേ വായിനോക്കി നടക്കുക തുടങ്ങിയ പല കലാപരിപാടികളും അന്ന് അരങ്ങേറിയിരുന്നു .. അന്ന് അങ്ങനെ ഒക്കെ ചെയ്തത് എന്തിനായിരുന്നു എന്ന് സത്യത്തിൽ ഇന്നും അറിയില്ല . അതൊക്ക ഒരു കാലം .. അറിവില്ലായ്മയുടെ കുരുത്തക്കേടിന്റെ സുവർണ്ണകാലം എന്ന് സഹതപിക്കാൻ അല്ലാതെ ഇന്ന് മറ്റെന്തു ചെയ്യാൻ .
സംഭവബഹുലം എന്നു വിശേഷിപ്പിക്കാൻ മാത്രം പ്രത്യേകതകൾ ഒന്നും ഇല്ലാത്ത സ്റ്റാർട്ടിങ് ട്രബിളിന്റെ അസ്കിതയുള്ള മഹത്തായ ഒന്നാം വർഷം .... കോളേജിലെ ക്ലാസ്സിനു പുറമെ തകൃതി ആയി ട്യൂഷനും പോകുന്നുണ്ട് . അത് എന്തിനായിരുന്നെന്ന് മാത്രം ഒരു പിടിയുമില്ല .അന്നും ഇന്നും !!
സയൻസ് വിഷയങ്ങൾക്കൊക്കെ കോളേജിന്റെ പ്രധാന കവാടത്തിന് അരികിലായുള്ള സെന്റ് ഗ്രീഗോറിയോസിലും ഇംഗ്ളീഷിന് കോളേജ് ജംഗ്ഷൻ കഴിഞ്ഞു ചെറിയൊരു ഇടവഴിയിൽ കൂടി ഒക്കെ നടന്നാൽ എത്തുമായിരുന്ന ഡി മാത്യൂസ് സാറിന്റെ ട്യൂഷൻ ക്ലാസ്സിലും ആയിരുന്നു ഞാൻ ഉൾപ്പെടുന്ന മിക്കവരും ട്യൂഷന് പൊയ്ക്കൊണ്ടിരുന്നത് . ഇംഗ്ലീഷിന്റെ ട്യൂഷൻ സെന്റ് ഗ്രീഗോറിയോസിൽ ഇല്ലാതിരുന്നതു കൊണ്ടല്ല ഡി മാത്യൂസ് സാറിന്റെ ഇംഗ്ലീഷ് നോട്സ് അത്ര പ്രശസ്തമായിരുന്നു എന്നതാണ് അങ്ങോട്ടുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കാരണം .. ഇനി അദ്ദേഹമെങ്ങാനും ആണോ യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പർ തയ്യാറാക്കുന്നത് എന്നു പോലും രഹസ്യമായി പലരും സംശയിച്ചിരുന്നു.
.ധാരാളം രസകരമായ അനുഭവങ്ങൾ സമ്മാനിച്ച ഒരിടം എന്ന നിലയിൽ ഞാനിന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ആ ട്യൂഷൻ ക്ലാസ്സ് മുറിയിലെ ഒരു ആദ്യ കാല അനുഭവം ആണ് ഇവിടെ കുറിക്കുന്നത് .
ട്യൂഷന് പോയി തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ഒക്കെ ആയിട്ടുണ്ടാവും . പെട്ടെന്നൊരു ദിവസം സാർ പറയുന്നു ഇന്ന് നിങ്ങൾക്കൊരു ടെസ്റ്റ് പേപ്പർ ഉണ്ടെന്ന് . പണ്ടത്തെ ശങ്കരാടിയുടെ രൂപ ഭാവങ്ങളുള്ള അദ്ദേഹത്തിൻറെ ആ വാചകം കേട്ടതും എന്നേപ്പോലെ തന്നെ ക്ലാസ്സിലുണ്ടായിരുന്ന ഒട്ടു മിക്ക കുട്ടികളും മുഖത്ത് ഇഞ്ചി കടിച്ച കുരങ്ങന്റെ എക്സ്പ്രഷൻ ഇട്ടു . പേപ്പറും പേനയും എടുത്തോ എന്നു പറഞ്ഞ് ചോദ്യങ്ങൾ ഓരോന്നായി അദ്ദേഹം ബോർഡിൽ എഴുതാൻ തുടങ്ങി . ചോദ്യം എഴുതി കഴിഞ്ഞു നോക്കിയ ആൾ കാണുന്നത് ഞങ്ങളെല്ലാവരും കുനിഞ്ഞ് ഇരുന്ന് ഭയങ്കരമായി എഴുതുന്നതാണ് . അതിനു ഞാൻ എഴുതാൻ പറഞ്ഞോ എന്നൊരു നോട്ടം നോക്കി, "ചോദ്യം എഴുതി സമയം വെറുതേ കളയണ്ടാ...നമ്പർ ഇട്ടിട്ട് ഉത്തരം എഴുതിക്കോ . ..എഴുതി കഴിഞ്ഞിട്ട് പേപ്പർ ഈ മേശപ്പുറത്ത് വച്ചിട്ട് എന്നേ വിളിക്ക് " എന്നും പറഞ്ഞു നോക്കിയാൽ കാണുന്ന ദൂരം മാത്രമുള്ള അദ്ദേഹത്തിൻറെ വീട്ടിലേയ്ക്കു നടന്നു .
ഇതിൽ കൂടുതൽ സന്തോഷം വരാൻ ഇനി എന്തു വേണം . അപ്പൊൾ അടുത്ത ബെഞ്ചിൽ ഇരിക്കുന്ന വിരുതന്റെ "ഡീ മാത്യൂസ് സാറിങ്ങനാ നല്ല മനുഷ്യനാ പരീക്ഷ ഇടുമ്പോൾ നോക്കിയിരിക്കുകേ ഇല്ല .. എന്റെ ചേട്ടന് ഇവിടാരുന്നു ട്യൂഷൻ . അവനെന്നും ഫുള്ളാരുന്നു " എന്നുള്ള ആത്മഗതോം . പിന്നെ പറയണോ .. "എന്നാലും സാറിനെ സമ്മതിക്കണം.. എന്നാ ഒരു വിശ്വാസമാ നമ്മളേ അല്ലിയോ " എന്ന് പിന്നിൽ നിന്നൊരു മഹാൻ . സമയം ഒട്ടും പാഴാക്കാതെ ഞങ്ങളെല്ലാവരും പണി തുടങ്ങി, അല്ല എഴുതി തുടങ്ങി. തലേലുള്ളത് വല്ലതും എഴുതുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല ഈ കോപ്പിയടി എന്നു ആദ്യമായി തിരിച്ചറിഞ്ഞ ദിവസം!! സത്യത്തിൽ അവാർഡ് ഒക്കെ കൊടുക്കേണ്ടത് ഈ കഷ്ടപ്പെട്ട് കോപ്പി അടിക്കുന്നോർക്കാ .. അമ്മാതിരി കട്ടപ്പണിയല്ലിയോ എടുക്കുന്നെ ? ഇതൊക്കെ ആരറിയാൻ ?
അങ്ങനെ ആ പരീക്ഷണം കഴിഞ്ഞു മൂന്നിന്റന്ന് ഒരു കേട്ട് പേപ്പറും താങ്ങിപ്പിടിച്ചു സാറൊരു വരവ് വന്നു . എന്നിട്ട് കണ്ണട മുഖത്ത് ഒന്നു കൂടി ഉറപ്പിച്ച് കഷണ്ടി തലയിൽ കൈ കൊണ്ട് ഒന്നുഴിഞ്ഞ് ഓരോ പേപ്പറും എടുത്ത് ഉച്ചത്തിൽ പേരു വിളിച്ചു മാർക്ക് അതിലും ഉച്ചത്തിൽ പറഞ്ഞു
തുടങ്ങി. സാറിനൊരു കുഴപ്പമുണ്ട് . കാര്യം പുള്ളീടെ വിഷയം ഇംഗ്ളീഷൊക്കെ ആണെങ്കിലും ബാക്കി സംസാരം മുഴുവനും നല്ല പച്ച മലയാളത്തിൽ ആണ് . ഇംഗ്ലീഷിൽ സംസാരിച്ചില്ലെങ്കിൽ ഫൈൻ അടിക്കുന്ന സമ്പ്രദായം അന്നു നിലവിൽ വന്നിട്ടുമില്ല എന്നോർക്കണം .
"ഇരുപതിൽ മൂന്നര "
പടക്കം പൊട്ടുന്ന മാതിരി ക്ലാസ്സിലെ പഠിപ്പിസ്റ്റിന്റെ പേരു വിളിച്ചു പേപ്പറും പൊക്കി പിടിച്ചുള്ള അദ്ദേഹത്തിൻറെ ആ നിൽപ് എല്ലാവരിലും ചിരി പടർത്തി . പൊട്ടിച്ചിരി ആക്കിച്ചിരി അടക്കിച്ചിരി അങ്ങനെ പല മോഡൽ ചിരികൾ ഒന്നിച്ചു ചേർന്നാൽ ഉണ്ടാകുന്ന ചിരിയുടെ ഒരു തിരമാല തന്നെ അടിച്ചു ക്ലാസ്സിൽ . പുറകാലെ വന്നു ബാക്കിയുള്ള ഓരോരുത്തരുടെയും പേപ്പറും മാർക്കും.
എന്നും ഫുള്ളടിച്ചിരുന്ന ചേട്ടന്റെ ഉടപ്പെറന്നോന്നു കിട്ടിയതോ ഇരുപതിൽ അര മാർക്ക് !! ചിരിക്കണോ കരയണോ എന്നറിയാൻ മേലാതെ ഞങ്ങൾ ഇരുന്ന ആ ഇരിപ്പൊന്നും ഒരു കാലത്തും മറക്കുകേല . പോകെപ്പോകെ ഞങ്ങൾക്ക് മനസിലായി ആ മൂന്നര ഔട്ട് ഓഫ് ഇരുപത് ആയിരുന്നു അന്നത്തെ ഏറ്റവും ഉയർന്ന മാർക്ക് എന്ന് ...., "ഇതെന്നാലും ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി സാറേ"
എന്നൊരു നിശബ്ദ വിലാപം അവിടെങ്ങും അലയടിച്ചു . "എന്നാ ഒരു വിശ്വാസമാ സാറിന് നമ്മളേ അല്ലിയോ " എന്നു പറഞ്ഞവനെ പിന്നീട് ഞങ്ങളാരും കണ്ടിട്ടേ ഇല്ല എന്നുള്ളതാണ് സത്യം ..
സാറു കാണാതെയും കണ്ടും ഒക്കെ ഇരുന്നും കിടന്നും ചിരിച്ചു മറിഞ്ഞെങ്കിലും ആ ചെറിയ സംഭവം തന്ന തിരിച്ചറിവ് .. അത് വളരെ വലുതായിരുന്നു ..
മോഹിപ്പിക്കുന്ന വിജയമൊന്നും പ്രീ ഡിഗ്രിക്ക് നേടാനായില്ലെങ്കിലും ഇംഗീഷിന് കിട്ടിയ മാർക്ക് ... അത് തീർച്ചയായും എന്നേ സംബന്ധിച്ച് ഒരു വിജയം തന്നേ ആയിരുന്നു . അതിന് കാരണമായത് മലയാളം മീഡിയത്തിൽ നിന്ന് വന്ന എന്റെ ഇംഗ്ളീഷ് പരിജ്ഞാനത്തിന്റെ അതിപ്രസരം അല്ല മറിച്ച് ആരാധ്യനായ ആ അധ്യാപൻ പകർന്നു തന്ന അറിവ് തന്നെ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ...
ചിലർ അങ്ങനെയാണ് .. അറിഞ്ഞു കൊണ്ട് ആവില്ല ഒന്നും ചെയ്യുന്നത് ..എങ്കിലും നന്മയുടെ ഒരു ചെറിയ കനൽ ഇട്ടു കൊടുക്കും തന്റെ ചുറ്റിനും ഉള്ളവർക്ക് . അത് ആളി കത്തിക്കാൻ വേണ്ടി അവർ ഒന്നും ചെയ്യേണ്ടതില്ല .. കാരണം അപ്പോഴേയ്ക്കും കാലം അതിന്റെ ജോലി തുടങ്ങിയിട്ടുണ്ടാവും ...
സീമ ബിനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക