നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മത്തിക്കറിയുടെ ഓര്‍മ്മക്ക്


അമ്മാ മീന്‍ വന്നു മോന്‍ വിളിച്ചു പറഞ്ഞു

എടി മീന്‍ നോക്ക് നല്ലതാണേല്‍ വാങ്ങ്.
രാജീവ് ഭാര്യയോട് വിളിച്ചുപറഞ്ഞു.
അവള്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ കുട്ടികളും അവളുടെ പിറകേ കൂടി.
അവര്‍ വഴിയിലേക്കിറങ്ങുന്നത് അയാള്‍ ജനാലയിലൂടെ നോക്കിനിന്നു.
ഇന്ന് മത്തിയില്ലേ.?
അയാള്‍ അവളോട് ചോദിച്ചു.
ഇല്ലേട്ടാ.
അവള്‍ മറുപടിയും പറഞ്ഞ് അകത്തേക്കു നടന്നു.
അയാള്‍ക്കു ചെറിയ നിരാശ തോന്നി.
അവധി ദിവസങ്ങളില്‍ മത്തിക്കറി പതിവുള്ളതാണ്.

മത്തി അയാള്‍ക്കു ഇഷ്ടപ്പെട്ട മീനാണ്.
അതിനെന്താണിത്ര പ്രത്യേകത.?
പലപ്പോഴും അവള്‍ ചോദിക്കാറുണ്ട്.
ഞങ്ങളൊക്കെ മത്തി കഴിക്കാറുണ്ടെങ്കിലും മത്തിപ്രേമം മൂത്ത ഒരാള്‍ ചേട്ടനേ ഉണ്ടാകൂ.
അവള്‍ പറയാറുണ്ട് .
ചേട്ടാ ചൂരയും നെത്തോലിയും വാങ്ങി.
നെത്തോലി വറുത്ത് കൊടുത്താല്‍ മോന്‍ നന്നായി കഴിക്കും.
അവള്‍ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു.
അയാള്‍ക്കു കേള്‍ക്കാനാണ് അവളത് പറഞ്ഞതെങ്കിലും രാജീവ് കേട്ടഭാവം നടിച്ചില്ല.
എന്താ ചേട്ടാ ഒന്നും മിണ്ടാത്തെ .?
അവള്‍ വീണ്ടും ചോദിച്ചെങ്കിലും
അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.
ഒന്നു മൂളുക മാത്രം ചെയ്തു.

മത്തിയില്ലെന്ന് കേട്ടതോടെ രാജീവിന്റെ മനസിനൊരു വല്ലായ്മ തോന്നി ഒഴിവ് ദിവസങ്ങളില്‍ മത്തി മുടക്കാറേയില്ല .

ആഴ്ചയില്‍ കിട്ടുന്ന ഒരൊഴിവ് ദിവസമാണ്.
വായനശാലയില്‍ നിന്ന് ഒരു പുസ്തകമെടുത്തിട്ട് ആഴ്ച രണ്ടായി.
ഇതുവരെ വായിച്ച് തീര്‍ന്നില്ല പണ്ടൊക്കെയാണേല്‍ ഒരിരുപ്പിന് തീരുമായിരുന്നു.
തിരക്കുകള്‍ക്കിടയില്‍ ഒന്നിനും സമയം കിട്ടാറില്ല .
ഇന്നെന്തായാലും തീര്‍ക്കണമെന്ന്
അയാള്‍ തീരുമാനിച്ചു .

പുസ്തകം വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് രസംകൊല്ലിപോലെ അവളുടെ വരവ്.
ചേട്ടാ ഊണായി എടുക്കട്ടെ.?
സത്യത്തില്‍ കഥ വായിച്ച് കഴിഞ്ഞ് മതിയെന്ന് പറയണമെന്നായിരുന്നു അയാള്‍ക്ക്.
കഥ നല്ല രസത്തില്‍ വന്നതായിരുന്നു.
ഇനിയിപ്പോള്‍ പഴയ ആ ഒരു രസം കിട്ടില്ല.
അയാള്‍ക്കു ചെറിയ ഈര്‍ഷ്യ തോന്നി.
എന്നാലും അയാളത് പ്രകടിപ്പിച്ചില്ല.
നീ വിളമ്പിക്കോ ഞാനിതാ എത്തി.
അയാള്‍ പറഞ്ഞപ്പോള്‍ അവള്‍ സന്തോഷമായി അടുക്കളയിലേക്ക് പോയി.
വിളമ്പാന്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ പരാതികളുടെ പൊതിക്കെട്ടഴിക്കും.
അതിനേക്കാള്‍ ഭേദം കഥയുടെ രസം പോകുന്നതാണെന്ന് അയാള്‍ക്കു തോന്നി.
അച്ഛാ അമ്മ ചോറ് വിളമ്പിയെന്ന് പറഞ്ഞ്
മോന്‍ കുട്ടന്‍ കഥപുസ്തകം ബലമായി വാങ്ങി മേശമേല്‍ വച്ചു.
അത് ഒരു ആറ് വയസുകാരന്റെ അധികാരമെന്ന മട്ടാണ് അവന്.
പോലീസ്കാരന്റെ മുഖഭാവത്തോടെയുള്ള അവന്റെ നോട്ടം കണ്ട് ചിരിവന്ന അയാള്‍ അവന് ഒരു ഉമ്മകൊടുത്ത് എഴുന്നേറ്റു.

കുട്ടികളങ്ങനെയാണ് അവരുടെ സ്നേഹമാണ് അവരത്തരത്തില്‍ പ്രകടിപ്പിക്കുക.
ഉമ്മ ലഭിച്ച്കഴിഞ്ഞപ്പോള്‍ അവന്റെ കുഞ്ഞ് നേത്രങ്ങള്‍ താമരപോലെ വിരിയുന്നത് കാണാമായിരുന്നു .

ആഴ്ചയില്‍ ഒരിക്കല്‍ കിട്ടുന്ന ഒരവധി ദിവസമെങ്കിലും അച്ഛനും അമ്മയും അവര്‍ക്കൊപ്പം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നതിലെന്താണ് തെറ്റ്.?
കുഞ്ഞുങ്ങളുടെ മനസറിയുന്നതില്‍ താന്‍ പലപ്പോഴും പരാജയപ്പെടാറുണ്ടെന്ന് അയാള്‍ക്കൊരു കുറ്റബോധം തോന്നി.
കുട്ടികള്‍ക്കൊപ്പം കുറച്ച് സമയം മാറ്റിവക്കണമെന്ന് അയാള്‍ സ്വയം പറഞ്ഞു.

സ്നേഹം പ്രകടിപ്പിക്കാനും അനുഭവിച്ചറിയാനുമുള്ളതാണ്.
ഓരോ പ്രായത്തിലും അതിന്റെ സ്വഭാവവും ദ്യോതിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്.

അച്ഛന്റെയും അമ്മയുടേയും ഇടക്കുള്ള കസേരയില്‍ ആറ് വയസുകാരന്‍ ഇരുപ്പുറപ്പിച്ചു.
എന്റെ ഒരുവശം അമ്മയും ഒരുവശം അച്ഛനും ആണെന്ന് പറഞ്ഞ് മകന്‍ സന്തോഷത്തോടെ ചേച്ചിയെ നോക്കി.
എന്റേയും ഒരുവശം അമ്മയും ഒരുവശം അച്ഛനുമാ.
അവള്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.
ഇതെന്താടി മോന്റെ പാത്രത്തില്‍ കറിയൊന്നുമില്ലെ.?
അയാള്‍ നോക്കിയപ്പോള്‍ മോന്റെ പാത്രത്തില്‍ കറിയൊന്നുമില്ല ചോറും നെത്തോലി വറുത്തതും മാത്രം.
എന്തുചെയ്യാനാ നല്ലോരവധി ദിവസമായിട്ട് അടിക്കണ്ടാന്ന് വച്ചിട്ടാണ്.
അവന് കറിയൊന്നും വേണ്ടാ.
അവള്‍ തെല്ല് ദേക്ഷ്യത്തോടെ പറഞ്ഞു.

അവള്‍പറഞ്ഞത് ശരിയാണെന്ന് അയാളോര്‍ത്തു.
ആഴ്ചയില്‍ ഒരുദിവസം അച്ഛനും അമ്മക്കും ഒപ്പമിരുന്ന് ആഹാരം കഴിക്കുമ്പോള്‍ കുട്ടികള്‍ക്ക് കിട്ടുന്ന ഒരു രുചി ഒന്ന് വേറെ തന്നെയാണ് .
സ്നേഹത്തില്‍ ചാലിച്ച ആ രുചി അയാള്‍ക്ക് അവന്റെ കണ്ണുകളില്‍ കാണാമായിരുന്നു.
ആഹാരം കഴിക്കുന്നതിനിടക്കും അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .

കുട്ടികളെ നിര്‍ബന്ധമായി കറികള്‍ കഴിപ്പിക്കേണ്ടിയിരിക്കുന്നതിന്റെ ആവശ്യകത ഭാര്യയെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു..
സ്നേഹത്തോടൊപ്പം ആരോഗൃകരമായ വളര്‍ച്ചയും വേണമെന്ന് അയാളോര്‍ത്തു.

ആഹാരം കഴിഞ്ഞ് അയാള്‍ കഥയുടെ ലോകത്തേക്ക് മടങ്ങി .
വായന പതിയെ കിടപ്പുമുറിയിലേക്ക് മാറ്റിയെന്ന് മാത്രം അതാകുമ്പോള്‍ ഒന്ന് മയങ്ങുകയും ചെയ്യാം.
രാജീവ് ചെറിയ മയക്കത്തിലേക്ക് വീഴുമ്പോഴായിരുന്നു അവളുടെ വരവ്.
നിങ്ങളുറങ്ങിയോ.?
അവള്‍ അടുക്കളയിലെ പാത്രംകഴുകല്‍ അടക്കമുള്ള ഗുസ്തികള്‍ കഴിഞ്ഞു കുളിയും കഴിഞ്ഞുള്ള വരവാണ്.
അവളെ ഒന്ന് സഹായിക്കേണ്ടതായിരുന്നു.
മോശമായിപ്പോയീ എന്ന് അയാള്‍ക്കു തോന്നി.
പാവം തനിക്ക് ഒരു ദിവസമെങ്കിലും അവധിയുണ്ട് അവള്‍ക്കൊ എല്ലാദിവസവും തൊഴില്‍ ദിനങ്ങള്‍ തന്നെയാണ് .
തനിക്കും മക്കള്‍ക്കും വേണ്ടി പരാതികളില്ലാതെ പണിയെടുക്കുന്ന അവളോട് അയാള്‍ക്കു വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി.
അയാള്‍ അവളെ തന്നിലേക്ക് ചേര്‍ത്തിരുത്തി മുടിയിഴകളില്‍ മെല്ലെ തഴുകി.
അവള്‍ പതിയെ അയാളുടെ നെഞ്ചിലേക്ക് മുഖം അമര്‍ത്തി.
അവളുടെ വിഷമവും ക്ഷീണവും പരിഭവവുമെല്ലാം എങ്ങോ പോയ്മറഞ്ഞു.
പാവം സ്നേഹിക്കാന്‍ മാത്രമറിയുന്നവള്‍.

ഭാര്യയും അമ്മയും സ്ത്രീയുടെ പകരംവക്കാനില്ലാത്ത രണ്ട് ഭാവങ്ങളാണെന്നയാള്‍ക്ക് തോന്നി. ഇതുപോലെ നിഷ്കാമ കര്‍മ്മം ചെയ്യാന്‍ മറ്റാര്‍ക്കാണാകുക.
എന്റെ കുഞ്ഞുങ്ങളേയും എന്നെയും അവളേപ്പോലെ പരിചരിക്കാന്‍ ഈ ധരണിയില്‍ മറ്റാര്‍ക്കാണാകുക.?
അവളര്‍ഹിക്കുന്ന പരിഗണനയും പരിരക്ഷയും പലപ്പോഴും തിരിച്ച് കൊടുക്കുന്നില്ലെന്നോര്‍ത്ത് അയാള്‍ക്കു മനസ്താപം തോന്നി.

എങ്ങനെയുണ്ട് ഇന്നത്തെ കറികള്‍ ?
അവള്‍ ചോദിച്ചു.
അതിപ്പോള്‍ ചോദിക്കാനെന്താ.?
നീ വെക്കുന്നതെല്ലാം എനിക്കിഷ്ടമല്ലെ.?
അയാളുടെ മറുപടി അവളെ സന്തോഷിപ്പിച്ചെന്ന് തോന്നുന്നു.
എന്നാലും ചേട്ടന് ചെറിയ വിഷമമുണ്ടെന്നെനിക്കറിയാം.
കുസൃതിചിരിയോടെ അവള്‍ പറഞ്ഞു.
അതെന്തെ എന്ന ഭാവത്തില്‍ അയാള്‍ അവളെ നോക്കി.
എന്നാലും എന്റെ ചേട്ടാ ഈ മത്തിപ്രേമം ഇച്ചിരി കൂടുതലാണ്.
ചേട്ടന്റെ വീട്ടിലും പതിവില്ലല്ലൊ പിന്നിത് എവിടുന്ന് വന്നു.?
അവളുടെ ചോദ്യത്തിന് മുന്നില്‍ അയാളൊന്ന് ചിരിച്ചു.

അയാള്‍ ആലോചിക്കുകയായിരുന്നു സത്യത്തില്‍ എന്താണ് എന്റെയീ മത്തിപ്രമത്തിന് കാരണം.?
ഇവളോടതങ്ങെനെയാണ് പറയുക ?
അയാള്‍ അവളെ നോക്കി.
അവള്‍ ഉത്തരം പ്രതീക്ഷിക്കുന്നത് പോലെ അയാളെ നോക്കിയിരുന്നു.

എന്ത് കാര്യമാണെങ്കിലും അത് നമുക്ക് പ്രീയങ്കരമാവുന്നത് മിക്കപ്പോഴും അതിനൊപ്പം സ്നേഹത്തിന്റെ ഒരു ഹൃദയസ്പര്‍ശം ചേരുമ്പോഴാണന്ന് എനിക്ക് തോന്നാറുണ്ട് ശരിയല്ലെ ?
എന്റെ മത്തിപ്രേമത്തിനും അങ്ങനെ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു രുചികൂട്ടിന്റെ കഥ പറയാനുണ്ട്.
അയാളത് പറയുമ്പോള്‍ ആ മിഴികളില്‍ ആത്മസ്പര്‍ശത്തിന്റെ നനവ് പടര്‍ന്നിരുന്നു.
അതെന്താണ് ചേട്ടാ അങ്ങനൊരു കഥ.?ചേട്ടനത് ഇതുവരെ പറഞ്ഞിട്ടില്ലല്ലൊ.?
അവള്‍ സാരിത്തലപ്പ്കൊണ്ട് അയാളുടെ ദൃഷ്ടികള്‍ മെല്ലെ തുടച്ചുകൊണ്ട് ചോദിച്ചു.

ആ കഥ തുടങ്ങുന്നത് എന്റെ ആദ്യ വിദേശയാത്ര മുതലാണ് ഞാനത് പറയാം.
അയാള്‍ പഴയ ഓര്‍മ്മകളുടെ ലോകത്തിലേക്ക് തിരിച്ച് പോയി.
പുതിയൊരു ജീവിതം തിരക്കി സൗദിക്ക് തിരിക്കുമ്പോള്‍ മാനം മുട്ടെ പ്രതീക്ഷകളായിരുന്നു അയാളുടെ മനസില്‍.
അപരിചിതമായ ഒരു നഗരത്തിലെ വിമാനത്താവളത്തില്‍ പറന്നിറങ്ങിയപ്പോള്‍ തെല്ല് ഭീതിയോടെ അയാള്‍ ചുറ്റും തിരഞ്ഞു.
ഒരുപാടാളുകള്‍ക്കിടയില്‍ തന്റെ പേര് പിടിച്ച ബോര്‍ഡുമായി നില്‍ക്കുന്ന സുമുഖനായ ഒരു മനുഷ്യനില്‍ അയാളുടെ ദൃഷ്ടി പതിഞ്ഞു.
കാഴ്ചയില്‍ ഭാരതീയനെന്ന് തോന്നിയ അയാള്‍ നന്നായ് വേഷം ധരിച്ചിരുന്നു.
രാജീവ് അയാളുടെ സമീപത്തേക്ക് നടന്നു.
ഞാനാണ് രാജീവ്.
അയാള്‍ സ്വയം പരിചയപ്പെടുത്തി.
ഞാന്‍ നാസര്‍ .
മലയാളത്തിലുള്ള അയാളുടെ മറുപടി രാജീവിന് വല്ലാത്ത ഒരു ധൈര്യം പകര്‍ന്നു.

അപരിചിതത്വം വേട്ടയാടപ്പെടുന്ന നിമിഷങ്ങളിലാണ് പരിചയത്തിന്റെ കരുതല്‍ നമുക്ക് അനുഭവേദ്യമാകുന്നതെന്നയാള്‍ക്ക് തോന്നി.

അവിടുന്നുള്ള യാത്രയില്‍ നാസര്‍ബായ് എന്തൊക്കെയോ അയാള്‍ക്ക് വിവരിച്ചുകൊണ്ടേയിരുന്നു.
അയാള്‍ മലയാളിയായത് നന്നായ് .
വല്ല അറബിയോ മറ്റോ ആയിരുന്നേല്‍ എന്തുചെയ്തേനെയെന്ന് അയാളോര്‍ത്തു.
ഇവിടുന്ന് കമ്പനിയിലേക്ക് എത്രദൂരമുണ്ട് ?
രാജീവ് ചോദിച്ചു.
ചോദിച്ചത് ദൂരമാണെങ്കിലും പ്രധാന പ്രശ്നം കത്തുന്ന വിശപ്പായിരുന്നു.
ഇനി കുറച്ച് ദൂരമേയുള്ളു പോകുന്ന വഴിക്ക് നമുക്ക് ആഹാരം വാങ്ങിപോകാം.
അയാളുടെ മനസുവായിച്ചത് പോലെ നാസര്‍ബായ് മറുപടി പറഞ്ഞു.

പോകുന്ന വഴിയില്‍ നാസര്‍ബായ് വലിയൊരു ഭക്ഷണശാലക്കരികില്‍ വണ്ടി നിറുത്തി .
രാജീവ് കാറില്‍ തന്നെയിരുന്നു അതൊരു അറബ് രീതിയിലുള്ള ഭോജനമന്ദിരമാണെന്നയാള്‍ക്കു തോന്നി.
നാസര്‍ബായ് അവരോടെന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കുന്നത് അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവര്‍ പരിചയക്കാരായിരിക്കുമെന്ന് അയാളോര്‍ത്തു.
നാസര്‍ബായിക്ക് നന്നായിഅറബറിയാമല്ലെ?
രാജീവ് ചോദിച്ചു.
പിന്നെ ഞാനിവിടെ പത്തിരുപത് വര്‍ഷമായില്ലെ.?
അത് സൗദികളുടെ ഭക്ഷണശാലയാണോ ?
രാജീവ് ചോദിച്ചു.
അത് യമനികളാണ് വളരെനല്ല മനുഷ്യരാണ്.
ഇവിടുത്തെ ഭക്ഷണം വളരെ നല്ലതാണ് .
നാസര്‍ബായ് സംസാരിച്ചുകൊണ്ടേയിരുന്നു.

റൂമിലെത്തിയപ്പോഴാണ് റഹീമിക്കയെ പരിചയപ്പെടുന്നത്.
നല്ല മനുഷ്യന്‍ നന്നായ് വെളുത്തിട്ട് ഒരു നാല്പ്പത്തഞ്ച് വയസ് പ്രായം കാണും.
വര്‍ഷങ്ങളായി അവരൊരുമിച്ചാണ് താമസം.
രണ്ടുപേരും നല്ല മനുഷ്യരാണ് പോരാത്തതിന് മലയാളികളും വല്ലാത്ത ആശ്വാസം തോന്നി.
കുളിച്ച് വന്നോളൂ ആഹാരം കഴിക്കണ്ടേ.?
നല്ല വിശപ്പായി കാണുമല്ലൊ.?
റഹീമിക്കാ സ്നേഹപൂര്‍വ്വം ചോദിച്ചു.
നല്ല കത്തുന്ന വിശപ്പുണ്ടായിരുന്നെങ്കിലും അയാളത് എന്തുകൊണ്ടോ പ്രകടിപ്പിച്ചില്ല .
അയാള്‍ കുളിമുറിയിലേക്ക് നടന്നു.
ആദ്യമായി കാണുന്ന മനുഷ്യരായിട്ടും അവര്‍ എത്ര സ്നേഹമായാണ് തന്നോട് പെരുമാറുന്നത്. ?
അയാള്‍ക്കു നല്ല മനസമാധാനം തോന്നി.
ആദ്യമുണ്ടായിരുന്ന മാനസിക ക്ഷോഭം അകന്നിരിക്കുന്നു അയാള്‍ ദൈവത്തോട് നന്ദി പറഞ്ഞു.

മൂന്ന് പേരും ഒരുമിച്ചാണ് കഴിക്കാനിരുന്നത്. റഹീമിക്കാ പാത്രങ്ങള്‍ നിരത്തിവച്ചു. അവര്‍ക്ക് ചോറും കറികളും അയാള്‍ക്കായ് വാങ്ങിയ ഭക്ഷണപ്പൊതിയും നീക്കിവച്ചു.
നല്ല വിശപ്പോടെഅയാള്‍ പതിയെ പൊതിയഴിച്ചു.
അതില്‍ ആദ്യമായി അയാള്‍ കഫ്സ(അറബ് ഭക്ഷണം ) കാണുകയായിരുന്നു. ആദ്യമായതിനാലാവും ആ ഭക്ഷണം അയാളില്‍ ഒരു വല്ലാത്ത അറപ്പുണ്ടാക്കി. കഫ്സയുടെ പ്രത്യേക മണം അയാള്‍ക്കു തീരെ പിടിച്ചില്ല എന്നതാണ് സത്യം.
ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട് പക്ഷെ എന്താണ് ചെയ്യുക .
ഇതെന്തായാലും തന്നെകൊണ്ട് കഴിക്കാനാകില്ലെന്ന് അയാളുടെ മനസ് പറയുന്നുണ്ടായിരുന്നു .
നാസര്‍ബായ് നല്ല വിലകൊടുത്ത് വലിയ ഭോജനശാലയില്‍ നിന്ന് വാങ്ങിയതാണ്.
എങ്ങനെയാണ് നിരസിക്കുക.?
അയാള്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലായി.

ആഹാരം മിക്കപ്പോഴും അങ്ങനെയാണ്
ശീലമാകുമ്പോഴാണത് സ്വാദിഷ്ടമാകുന്നത്

എന്താണ് കഴിക്കുന്നില്ലേ.
റഹീമിക്ക ചോദിച്ചു.
അയാള്‍ കഫ്സയിലേക്കും റഹീമിക്കായുടെ മുഖത്തേക്കും മാറിമാറി നോക്കി.
കഴിച്ചോളൂ നല്ല രസികന്‍ ഭക്ഷണമാണ്.
ചിക്കന്‍ കഴിക്കാറില്ലെ.?
റഹീമിക്ക അയാളെ നോക്കുമ്പോള്‍ അയാള്‍ റഹീമിക്കായുടെ പാത്രത്തിലേക്ക് നോക്കുകയായിരുന്നു.
നല്ല ചോറും തേങ്ങയരച്ച മത്തികറിയും. അയാളുടെ മിഴിക്കോണുകളില്‍ രണ്ട് തുള്ളികള്‍ ഉരുണ്ട് കൂടിയിരുന്നു.
തികഞ്ഞ സങ്കോചത്തോടെ അയാള്‍ റഹീമിക്കയെ നോക്കി.
നിങ്ങളിത് കഴിച്ചിട്ട് എനിക്ക് കുറച്ച് ചോറും മത്തിക്കറിയും തരുമോ.?
റഹീമിക്കയും നാസര്‍ബായിയും പരസ്പരം നോക്കി പൊട്ടിചിരിച്ചു പിന്നെ ഒരു പാത്രം നിറയെ ചോറും മത്തിക്കറിയും അയാളുടെ മുന്നിലേക്ക് വച്ചു.
അയാള്‍ സന്തോഷത്തോടെ വയറ് നിറയെ കഴിച്ചു.
നിങ്ങളാദ്യമായത് കൊണ്ടാണ് ഇനിയത് ശീലമാകും ഇതാണിവിടുത്തെ പ്രധാന ഭക്ഷണം .
നാസര്‍ബായ് പറഞ്ഞു.

ഒരു നേരത്തെ ആഹാരം ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളായി അയാളുടെ മനസിന്റെ മണിച്ചെപ്പിലേക്ക് ചേക്കേറുകയായിരുന്നു.
ഇത്രയും രുചിയോടും സന്തോഷത്തോടും മത്തിക്കറി അയാളതുവരെ കഴിച്ചിട്ടുണ്ടായിരുന്നില്ലെന്നയാള്‍ക്ക് തോന്നി.
പിന്നീടങ്ങോട്ട് കഫ്സയടക്കം എത്രയോ വ്യത്യസ്തമായ രുചികള്‍ അയാളറിഞ്ഞിരിക്കുന്നു.
എന്നിട്ടും അന്നത്തെ മത്തിക്കറി ഇന്നും നാവിന്‍ തുമ്പില്‍ വേറിട്ട് നില്‍ക്കുന്നതായി രാജീവിന് തോന്നി.

അജിത്കുമാര്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot