നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ പറഞ്ഞ കഥ.


ഒരുപാട് നാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.. മനസ് ശ്യൂന്യമായ അവസ്ഥയിൽ എന്നും ഇരിക്കാറുള്ള റൂമിന്റെ പുറത്തുള്ള പൊടിപിടിച്ച സോഫയിൽ ഒരു നോട്ട് ബുക്കും, പേനയും പിടിച്ചു ഞാനിരുന്നു ...കൂടെ കട്ടൻ ചായയും...

നേരം സന്ധ്യയോടെ അടുക്കുന്നു...ഇവിടെ ഇരിക്കുമ്പോൾ അകലെ വിശാലമായ മരുഭൂമി കാണാം ... മരുഭൂമിയുടെ അറ്റം കാണാൻ കഴിയില്ല...സൂര്യൻ മറയാൻ നിൽക്കുന്നു... നല്ല ചുവപ്പ് വട്ടം മരുഭൂമിയിലേക്ക് താഴ്ന്നു പോവുകയാണോ എന്നു തോന്നും... നോക്കിയിരിക്കാൻ നല്ല ഭംഗിയാണ്... ഇടക്ക് ഒട്ടകങ്ങളുമായി ആളുകൾ പോകുന്നത് കാണാം...

തണുത്ത കാറ്റു പതിയെ വീശിക്കൊണ്ടിരിക്കുന്നു ... കണ്ണുകളടച്ചു നാടിനെയോർത്തു... നമ്മുടെ നാട്ടിലെ പച്ചപ്പ്... ഹോ.. അതൊരു സുഖമുള്ള അനുഭൂതിയാണ്... മനസ്സ് പതിയെ ആ പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങി .. കുളവും, പാടവും.. തെങ്ങിൻ തോപ്പുകളും നിറഞ്ഞ നമ്മുടെ സ്വന്തം നാട്....ഓർമ്മകൾ നാട്ടിലെ ഇടവഴികളിലൂടെ നടന്നു....

"എന്താ കഥ എഴുതാൻ ഇരിക്കാണോ ."..

പെട്ടന്ന് ഒരു അശരീരി പോലെ ഒരു ശബ്ദം..

നോക്കിയപ്പോൾ ഒരു പെൺകുട്ടി .. ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ല...... നല്ല തൂ വെള്ള വസ്ത്രമണിഞ്ഞു ഒരു സുന്ദരി പെണ്ണ്... ഞാൻ അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു... ഒരുപാട് നാളായി ഒരു മലയാളി പെൺകുട്ടിയെ കണ്ടിട്ട്... എന്റെ കണ്ണുകൾ അവളുടെ മുഖത്തു മാത്രം.... ചുറ്റുമുള്ള സൂര്യനും മരുഭൂമിയൊമൊന്നും ഇപ്പോൾ കാണുന്നില്ല....എന്തിന് നാട്ടിലെ പച്ചപ്പ് പോലും മനസ്സിൽ നിന്നും മാഞ്ഞു പോയി...

നല്ല കണ്ണുകൾ.... വട്ട മുഖം..... മുഖം മാത്രം വെളിയിൽ കാണുന്നുള്ളൂ.... ഇതിപ്പോ എവിടെ നിന്നു വന്നു... പുതിയ ആളായിരിക്കും.... ഞാനൊന്നു ചിരിച്ചു...

"എന്താ പേര്"

നിഹാല....

അതിനു ശേഷം.. എല്ലാ പ്രവാസികൾ ചോദിക്കുന്നത് പോലെ .. "നാട്ടിലെവിടാ.. "

"കടലിന്റെ അടുത്താ"... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

"അതെന്താ സ്ഥലത്തിന് പേരില്ലേ... "

ഉണ്ട്.... പക്ഷെ.. പറഞ്ഞാൽ അറിയാൻ വഴിയില്ല..

"ആണോ...

ഉം "

"ഇവിടെ എവിടെയാ ജോലി... ഇതിനു മുൻപ് കണ്ടിട്ടില്ല..

അവൾ അകലെയുള്ള ഒരു വീട് ചൂണ്ടി കാട്ടി പറഞ്ഞു .

.".അതാണ് "വന്നിട്ട് കുറച്ചു നാളായുള്ളു..."

"ഞാൻ കഥ എഴുതുമെന്ന് എങ്ങനെ അറിയാം"... ഞാൻ എന്റെ ആകാംഷ പുറത്തെടുത്തു ചോദിച്ചു..

"പേനയും പേപ്പറും കണ്ടപ്പോൾ അങ്ങനെ തോന്നി.. അതുകൊണ്ട് ചോദിച്ചതാ..."

"ആണോ.. ഞാൻ വിചാരിച്ചു എന്റെ കഥകൾ വായിക്കുന്ന ആളായിരിക്കുമെന്ന്..."

"അപ്പോൾ നിങ്ങൾ കഥകളെഴുതും.".. അവൾ അത്ഭുതത്തോടെ ചോദിച്ചു....

"ഉം.. "ഞാൻ നാണത്തോടെ ഒന്നു മൂളി... "ചെറുതായി..."

"എന്നാൽ എന്റെ കഥ എഴുതാമോ."..

"എഴുതാൻ മാത്രമുള്ള കഥയുണ്ടോ... "

"പിന്നെ ഒരുപാടുണ്ട്... വേണേൽ ഒരു നോവലാക്കാം.. നിങ്ങളെഴുതോ "...

"പിന്നെന്താ എഴുതാലോ"... ഞാൻ എന്നിലെ കഥാകാരനെ പുറത്തെടുക്കാൻ തീരുമാനിച്ചു...

"എന്നാൽ ഞാൻ എന്റെ കഥ പറയാം "അവൾ പുഞ്ചിരിയോടെ പറഞ്ഞു...

അവൾ പറയാൻ പോകുന്ന കഥ കേൾക്കാൻ ഞാൻ റെഡിയായി..

അവൾ തൊട്ടടുത്തുള്ള മരത്തിന്റെ സ്റ്റൂളിൽ ചുമരിൽ ചാരി അകലെ വിശാലമായ മരുഭൂമി നോക്കിയിരുന്നു ...

ആ ചെറുകാറ്റിൽ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു ....മുടികൾ പാറിക്കൊണ്ടിരുന്നു ..ഒരു ചെറിയ മൗനത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി ....

"ഉമ്മയും അനിയത്തിയും അടങ്ങിയ ചെറിയ കുടുംബം...വാപ്പ വേറെ പെണ്ണ് കെട്ടി അകലെ എവിടെയോ ആണ് ....ഉമ്മാക്ക് മീൻ കച്ചോടമായിരുന്നു...വെളുപ്പിനെ ഹാർബറിൽ പോയി മീനെടുത്തു വീടുകളിൽ കൊണ്ടു പോയി വിൽക്കും...ഞാൻ പത്താം ക്ലാസ്സ്‌ വരെ പഠിച്ചു . അനിയത്തി ഇപ്പോൾ എഴിലാണ് പഠിക്കുന്നത് ...ചെറിയ വരുമാനത്തിലും സന്തോഷത്തോടെ കഴിഞ്ഞു പോന്നു..അങ്ങനെ ഒരു നാൾ ഉമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരാൾ വീട്ടിൽ വന്നു ...അയാൾക്ക് ഗൾഫിലായിരുന്നു ജോലി...അയാൾ ജോലി ചെയ്യുന്ന സ്ഥലത്തു ഒരു വീട്ടിലേക്ക് ഒരു കുട്ടിയെ നോക്കാൻ ആളെ അവിശ്യമുണ്ടായിരുന്നു...നല്ല ശമ്പളം കിട്ടുമെന്നും ..അവർക്ക് ഇഷ്ട്ടമായൽ ഒരുപാട് സഹായിക്കുമെന്നും പറഞ്ഞു..പക്ഷെ ഉമ്മാക്ക് പോകാൻ ഇഷ്ടമുണ്ടായിരുന്നില്ല ...അതു പറഞ്ഞപ്പോൾ അയാൾ ഉദ്ദേശിച്ചത് എന്നെയാണെന്നു പറഞ്ഞു...

"ഇവളോ... ഇവൾ ചെറുതല്ലേ... ഇവൾ എങ്ങനെ ഒരു കൊച്ചിനെയൊക്കെ നോക്കും..."ഉമ്മ ചോദിച്ചു..

"അതൊക്കെ തനിയെ പടിച്ചോളും...അവർക്ക് വേണ്ടത് പ്രായം അധികമില്ലാത്ത ആളെയാണ് ... പേടിക്കേണ്ട ആവശ്യമില്ല...സ്നേഹമുള്ളവരാ" ..

ഞാൻ പോയാൽ കുടുംബം രക്ഷപ്പെടുമെങ്കിൽ പോകാമെന്ന് ഉമ്മാനോട് പറഞ്ഞു...

മനസില്ല മനസോടെ ഉമ്മ സമ്മതിച്ചു...

അങ്ങനെ ഇവിടെയെത്തി...കുറച്ചുനാൾ ഒരു കുഴപ്പവും ഉണ്ടായില്ല...വീട്ടുകാർ സ്നേഹമുള്ളവരാണ്..എന്നെ വലിയ കാര്യവുമാണ്... .പക്ഷെ ..അയാൾ.........
അയാൾ അപ്പുറത്തെ വീട്ടിലെ പണിക്കാരനായിരുന്നു...ഇടക്ക് വിശേഷങ്ങൾ ചോദിക്കാൻ വന്നിരുന്ന അയാളുടെ നോട്ടം എന്റെ ശരീരത്തിലേക്കായിരുന്നു ....അറിയാതെയുള്ള അയാളുടെ തൊടലും പിടിക്കലും എനിക്ക് ഇഷ്ട്ടമല്ലായിരുന്നു ...

"ഒരു ദിവസം വീട്ടുകാർ എല്ലാവരും പുറത്തു പോയ സമയം അയാൾ വീട്ടിൽ വന്നു...ആരുമില്ലെന്ന് മനസിലാക്കിയ അയാൾ എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു...ഞാൻ ശക്തമായി എതിർത്തു... പക്ഷെ എന്റെ എതിർപ്പുകൾ അയാൾക്കൊരു ലഹരിയായി തോന്നി.... ശബ്ദം കേൾക്കാതിരിക്കാൻ അയാൾ എന്റെ വായയും മൂക്കും പൊത്തിപ്പിടിച്ചു ....എനിക്ക് ശ്വാസം മുട്ടി...എന്റെ കണ്ണുകൾ അടഞ്ഞു...ഒരു ഇരുട്ട് മാത്രം...."

അതും പറഞ്ഞു അവൾ എന്നെ നോക്കി...ആ കണ്ണുകളിൽ ഭയമായിരുന്നില്ല ഞാൻ കണ്ടത്...തീ ആയിരുന്നു...ഈ മരുഭൂമിയെ ചുട്ടു പൊള്ളിക്കാൻ അതിലെ ഒരു തീപ്പൊരി മതിയാകുമെന്നു എനിക്ക് തോന്നി...എന്റെ അവസ്‌ഥ വേറൊന്നായിരുന്നു...ഞാൻ ആകെ ഭയന്നിരുന്നു......കാരണം ഇതുപോലൊരു കഥ ആദ്യമായാണ് കേൾക്കുന്നത്... ഞാനവളെ പേടിയോടെ നോക്കി...

അവൾ വീണ്ടും പറഞ്ഞു തുടങ്ങി..

"അയാളുടെ കൈകളിൽ കിടന്നു പിടയുമ്പോൾ എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല... എന്റെ കണ്ണുകളിൽ ഇരുട്ട് കയറി... ഒരു വെളിച്ചം ഞാൻ കണ്ടു... ആ വെളിച്ചത്തിന്റെ പിന്നാലെ നടന്നു...ഒരുപാട് വെള്ള മേഖ കെട്ടുകൾ ഒഴുകി നടക്കുന്നു.. ഓരോന്നിലും കൈകൊണ്ട് തലോടി.....ഒരു കുഞ്ഞു പൊട്ട് പോലെ ആ വെളിച്ചം അകലേക്ക് പോയിക്കൊണ്ടിരുന്നു..അതിനു പിന്നാലെയെത്താൻ ഞാൻ ഓടി....പകുതിയായപ്പോൾ ആ വെളിച്ചം കാണുന്നില്ല.... എനിക്ക് ആകെ ഭയമായി... ശക്തമായി കണ്ണുകൾ തുറന്നു പിടിച്ചു ഞാൻ ഉമ്മാനെ വിളിച്ചു.... ഉമ്മാ.... എനിക്ക് പേടിയാകുന്നു...
വീണ്ടും ചെറിയ വെളിച്ചം വന്നു... ഞാൻ പതിയെ കണ്ണു തുറന്നു... മുകളിലെ ആകാശം ഞാൻ കണ്ടു... ആരോ മുകളിൽ നിന്നും മണൽ വാരി എന്റെ ശരീരത്തിലേക്ക് ഇടുന്നു... എനിക്ക് അനങ്ങാൻ കഴിയുന്നില്ല.. ശരീരം തളർന്ന പോലെ.... വീണ്ടും ഇരുട്ട് പരന്നു..."

അത്രയും പറഞ്ഞു കഴിഞ്ഞു അവൾ എന്നെ നോക്കി... എന്നിട്ട് എഴുന്നേറ്റു വന്നു എന്റെ മുൻപിലായി നിന്നു...

"എനിക്ക് എന്റെ ഉമ്മയെ കാണണം... എന്നെ രക്ഷിക്കാമോ... അവൾ ശക്തിയായി എന്റെ ഇരു ചുമലിലും പിടിച്ചു ചോദിച്ചു"..". പറ... എന്നെ രക്ഷിക്കോ.." അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു "

ആ സമയത്ത് മണൽ കാറ്റ് ആഞ്ഞു വീശി.... ആ കാറ്റിൽ അവൾ പറന്നു പോയപോലെ... ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു പക്ഷെ.... ആ വലിയ കാറ്റ് അവളെയും കൊണ്ടു ദൂരേക്ക് പറന്നു...

"നിഹാലാ.".. ഞാൻ ഉറക്കെ വിളിച്ചു... അവളെ പിടിക്കാൻ വേണ്ടി ഞാൻ കാറ്റിനു പിന്നാലെ ഓടി..പെട്ടന്ന്... . കാലിൽ എന്തോ തട്ടി ഞാൻ താഴെ വീണു....

ഞെട്ടി എഴുന്നേറ്റു ഞാൻ ചുറ്റിലും നോക്കി.. ഇല്ല.. അവളെ കാണുന്നില്ല...ശരീരം വിയർത്തിരിക്കുന്നു... അവൾ ഇരുന്ന ബെഞ്ചു ശൂന്യമാണ്...അതിൽ ആരുമില്ല... അതൊരു സ്വപ്നമാണെന്ന് തിരിച്ചറിയാൻ നിമിഷങ്ങളെടുത്തു.... .ഉള്ളിൽ ഒരു ഭയം തോന്നി .. കയ്യിലുണ്ടായ പേനയും പുസ്തകമെടുത്തു റൂമിലേക്ക് കയറി... ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളം മുഴുവനും കുടിച്ചു.. എന്നിട്ടും ദാഹം തീരുന്നുണ്ടായില്ല... തളർച്ചയോടെ കട്ടിലിൽ ഇരുന്നു ... സമയം കടന്നു പോയി ...

എ. സി യുടെ തണുപ്പിന് എന്റെ ശരീരത്തിലെ ചൂടിനെ അകറ്റാൻ കഴിഞ്ഞിരുന്നില്ല ...ടേബിളിൽ ഉണ്ടായിരുന്ന പത്രമെടുത്തു ഞാൻ വീശിക്കൊണ്ടിരുന്നു.. അപ്പോഴാണ് ഞാനത് കണ്ടത് .... ആ പത്രത്തിൽ അവളുടെ ഫോട്ടോ .. .. .അതേ അവൾ തന്നെ... എന്റെ സ്വപ്നത്തിൽ വന്നവൾ..എന്നെ രക്ഷിക്കണമെന്നു പറഞ്ഞവൾ....ഉമ്മാനെ കാണണമെന്നു പറഞ്ഞു കരഞ്ഞവൾ... .

അടിയിൽ അവളെ കുറിച്ചു ഒരു വാർത്തയും ഉണ്ടായിരുന്നു..". കാണ്മാനില്ല "......

അതുകണ്ട് എന്റെ സർവ്വ നാഡികളും തളർന്നു...എന്റെ സ്വപ്നം സത്യമാണോ.....
സത്യമാണെങ്കിൽ അവളിപ്പോൾ എവിടെയായിരിക്കും .....ഞാൻ പതിയെ കിടന്നു കണ്ണുകളടച്ചു ...അവൾ ഇനിയും എന്റ സ്വപ്നത്തിൽ വന്നിരുന്നെങ്കിലെന്നു ഞാൻ വെറുതെ ആഗ്രഹിച്ചു...

റഹീം പുത്തൻചിറ .....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot