സ്ത്രീകളെ ഉപദേശിച്ചു നന്നാക്കാനും ആ വഴിക്ക്
ലോകം നന്നാക്കാനും മൊത്തം കൊട്ടേഷൻ എടുത്ത ആളുകളാണ് ഓൺലൈനിലും ഓഫ് ലൈനിലുമായി നമുക്ക് ചുറ്റും.
പ്രണയത്തെപറ്റിയോ കാമത്തെപ്പറ്റിയോ അവിഹിതത്തെ പറ്റിയോ പെണ്ണൊന്ന് എഴുതിയാൽ സ്വന്തം അനുഭവമാണോ എന്ന് അശ്ളീല ഭാഷയിൽ ചോദിക്കുന്നവരിൽ തുടങ്ങും അത്..
രാത്രിയിൽ ഓൺലൈൻ ഉണ്ടായിരുന്നല്ലോ എന്തായിരുന്നു എന്ന് നാവ് ചുരുട്ടിവച്ച ജഗതിയുടെ ഭാവാഭിനയത്തിലെ വഷളചിരി അനുകരിച്ചുള്ള ചോദ്യത്തിനും,
അവൾക്കെന്താ ഈ നേരത്തു ഓൺലൈനിൽ പണി എന്ന് കുടുംബക്കാരോടു ആവലാതികൾ പറയുന്നതിനും... "നീയും ഓൺലൈനിൽ ഉണ്ടായിരുന്നല്ലോ അതുകൊണ്ടല്ലേ കണ്ടത് അതെന്തിന്??.." എന്ന് ആരും ചോദിക്കില്ല.
കാലിലിടുന്ന ചെരുപ്പിന്റെ ആകൃതി മുതൽ ഉടുപ്പിന്റെ നൂലൊന്ന് ഇഴ വിട്ടത് വരെ സൂക്ഷ്മം നോക്കി വിലയിരുത്താൻ വരുന്നവർ നമ്മളൊരു കാര്യമാത്ര പ്രസക്തമായ പോസ്റ്റിട്ടോ..ആ പ്രദേശത്ത് ഉണ്ടാകില്ല..
അടുത്തവളെ പൊങ്കാല ഇടാൻ ഇടം തേടി പോയിരിക്കും.
നേരം കളയരുതല്ലോ...
കഴിവ് മുഴുവൻ പുറത്തെടുക്കേണ്ടതല്ലേ..
പെണ്ണിന്റെ നിൽപ്പിലും നോട്ടത്തിലും അറിയാതെ മാറികിടക്കുന്ന സാരിത്തലയിലും ഉടുപ്പിന്റെ ഇറക്കം കുറഞ്ഞ കൈകളിലും ലൈംഗികചുവയോടെ കമെന്റുകൾ വാരി വിതറുന്നവർ.
റോഡിലൊരു സ്ത്രീ വാഹനം ഓടിക്കുന്നത് കണ്ടാലോ ഓവർ ടേക്ക് ചെയ്‌താലോ ഇപ്പോഴും ഇമ്മാതിരി മൂഞ്ചികളിൽ പരിഹാസവും പുച്ഛവും പൂന്തുവിളയാടുന്നുണ്ടാകും. ഹമ് ഈ പെണ്ണിന് വേറെ പണിയില്ലേ എന്ന്..
ടൂവീലർ ആണോ പറ്റുമെങ്കിൽ അവളെ പിന്നാലെ ചെന്ന് കൈവശമുള്ള വണ്ടിയൊന്ന് ഇരപ്പിച്ചു പേടിപ്പിക്കാൻ നോക്കിയും ചെവി അടഞ്ഞുപോകും വിധം ഹോൺ അടിക്കാനും ഇവർ മറക്കില്ല..
സോഷ്യൽ മീഡിയയിൽ കാറിലിരുന്നൊരു ഫോട്ടോ പോസ്റ്റ് ചെയ്താലോ വണ്ടിയോടൊന്ന് ചേർന്ന് നിന്നാലോ അവൾ ജാഡ കാണിക്കാനും വണ്ടി പ്രദര്ശിപ്പിക്കാനുമാണെന്നാണ് ഇരുപ്പ് വശം .എന്ത് പ്രഹസനമാണ് എന്ന് ചോദിക്കാൻ മറക്കില്ല ഇവർ.
ഇമ്മാതിരി ചോദ്യം ചോദിക്കുന്നവർ നാട്ടുകാരുടെ വണ്ടിക്ക് മുൻപിൽ നിന്ന് ഫോട്ടോ എടുത്തിട്ടാലും അത് കണ്ട് ചൂപ്പെർ.. പൊളി.. തകർത്തു..ഇങ്ങനെയുള്ള കമെന്റുകൾ ഇടാൻ നമ്മുടെ കൂടെയുള്ള പെണ്ണുങ്ങളിൽ ചിലരെയും കാണാം..
മുകളിൽ പറഞ്ഞ നമ്മുടെ പോസ്റ്റിൽ വരാതെ ആ പോസ്റ്റിലെ ഇവന്മാരുടെ കമെന്റിൽ വന്ന് ലവും ചിരിയും വാരി വിതറി പോകുന്നവർ..
രാഷ്ട്രീയമാകട്ടെ കാലിക പ്രസക്തിയുള്ള സംഭവമാകട്ടെ വിഷയത്തിലൂന്നി ഒരു പോസ്റ്റിട്ടത് ഒരു സ്ത്രീയാണെങ്കിൽ അവളെ വ്യക്തിപരമായും കുടുംബത്തോടെയും അധിക്ഷേപിക്കുന്നവർ..
തുണി തികഞ്ഞില്ലേയെന്നും കീറിപ്പോയോയെന്നും ചോദിച്ച് നാടിന്റെ പരമ്പരാഗത തനിമ നിലനിർത്താൻ കഷ്ടപ്പെടുന്നവരാണ്.. പക്ഷേ തരം കിട്ടുമ്പോൾ തരുമോയെന്നും കിട്ടുമോയെന്നും തനിനിറം കാണിക്കും.
മുൻപ് സിനിമാനടി അനുശ്രീ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇട്ടപ്പോഴും സാരിയുടുക്കാനും ചുരിദാറിടാനും ആക്രോശിച്ചും ഉപദേശിച്ചും കുറെ പേരുണ്ടായിരുന്നു.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഈ നൂറ്റാണ്ടിലും ഓൺലൈൻ സോ കോൾഡ് ആങ്ങളമാരോടും വസ്ത്രത്തിന്റെ അളവ് നിശ്ചയിക്കുന്ന അമ്മായിമാരോടും അനുവാദം ചോദിക്കണമെന്ന ധിക്കാരത്തിന് നേർക്കെയാണ് അനശ്വര..
'ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെട്ടോളൂ...! '' എന്ന് അന്തസായി പറഞ്ഞത്..
ചെറിയ പ്രായത്തിലും പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കുട്ടികളെക്കാൾ ആളുകൾക്കിഷ്ടം ആ കുട്ടിയൊരു കുടുക്കിൽ ചെന്ന് ചാടുമ്പോൾ സഹതപിക്കാനാണ്.
പീഡനം നടന്നാലും ഇരയായ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അളവെടുക്കുന്നവർ കുഞ്ഞുമക്കളെയും സ്കൂൾ യൂണിഫോമിലുള്ള കുട്ടികളെയും പീഡിപ്പിച്ചവരെ കാണുന്നില്ല അല്ലെങ്കിൽ ആ സമയത്ത് മാത്രം അവർക്ക് കാഴ്ചയില്ല.
അവിടെ വസ്ത്രമാണോ പീഡിപ്പിച്ചവരുടെ ലിംഗം ഉദ്ധരിക്കാൻ കാരണമായതെന്നും ചോദിച്ചുകൂടാ.
കുനിയനുറുമ്പുകളെ പോലെ ഇക്കൂട്ടർ നമ്മളെ പൊതിയും കേൾക്കാനറക്കുന്ന തെറികളുമായി.
പീഡനം നടന്നത് രാത്രിയിലാണെങ്കിൽ അവൾ ആ സമയത്ത് എന്തിന് പുറത്തിറങ്ങി നടന്നു എന്നാണ് ചോദ്യം...ആംബുലൻസിൽ പോകുന്ന രോഗിയെ വിടാത്തവരാണ് ...അന്നവൾ ഉടുത്തത് അയാളെ പ്രകോപിക്കുന്ന വസ്ത്രമായിരിക്കും അല്ലേ ?..
പറ്റുമെങ്കിൽ ഒരു കൂട് പണിത് പെണ്ണിനെ പൂട്ടിയിടണം.
പ്രണയ വാഗ്ദാനങ്ങൾ നൽകി ഒരുവളെ വർഷങ്ങളോളം പിഴിഞ്ഞെടുത്ത് അവൾക്കൊരു ഗർഭവും കൊടുത്ത് അത് കലക്കിക്കളയാൻ സ്വന്തം ഉമ്മയെയും ചേട്ടത്തിയെയും ഉപയോഗിച്ചവൻ ഒടുവിൽ വേറൊരുവൾക്കായി ഇവളെ വലിച്ചെറിഞ്ഞപ്പോൾ മനസ്സ് നൊന്ത് ജീവിതം അവസാനിപ്പിച്ച പെൺകുട്ടി മാത്രമാണ് തെറ്റുകാരി അവൾ പിന്തുടരേണ്ട ദീൻ അവൻ ചെയ്യാതിരുന്നതിൽ തെറ്റില്ലായിരുന്നു.
വസ്ത്രം പോലും തീരുമാനിക്കാനുള്ള സ്വാതന്ത്രം തീരുമാനിക്കുന്ന ഈ സദാചാര കുരുക്കൾ വരുന്നത് കൂടുതലും ഫേക്ക് ഐഡികളിൽ നിന്നുമായിരിക്കും അതുകൊണ്ട് അതേത് ജൻഡർ ആണെന്ന് പോലും അറിയാൻ സാധിക്കില്ല എന്നാൽ ഇത്തരം മനോഭാവമുള്ള ഒറിജിനൽ ഐഡികളുണ്ട് ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ കയ്യോടെ പടിക്ക് പുറത്താക്കി ശുദ്ധികലശം നടത്തുക.
കമെന്റുകളിൽ വന്ന് നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നവരോട് "തന്റെ പ്രതീക്ഷക്കൊത്ത് ജീവിക്കാൻ എനിക്കൊരു ബാധ്യതയുമില്ലെന്ന്" മുഖമടച്ചു മറുപടി കൊടുക്കുക.
കവർ ചിത്രത്തിലെ വണ്ടി കണ്ട് ഇത് നിങ്ങൾക്ക് കൂട്ടിയാ കൂടുമോ ഓടിക്കാൻ എന്ന് കമെന്റിട്ട ഒരു സുഹൃത്തുണ്ടായിരുന്നു.."ഏയ് ഇല്ല പത്തുവർഷമായി തലയിലേറ്റിയാണ് റോഡിൽ കൊണ്ടുനടക്കുന്നെ" എന്ന് പറഞ്ഞതോടെ എന്നെ അൺഫ്രണ്ട് ആക്കി ബ്ലോക്കി.
നിലപാടായാലും ധരിക്കുന്ന വസ്ത്രമായാലും വ്യക്തിസ്വാതന്ത്രമല്ലേ??... ഇതൊക്കെ കൂടിയും ചേർത്താണ് നമുക്ക് സ്വാതന്ത്രം കിട്ടിയിരിക്കുന്നത്..
എന്നും ഇവരെ പേടിച്ച് ജീവിക്കാൻ വഴിപാട് നേർന്നവരെ നിർബന്ധിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ വഴികളിൽ പെരുവിരൽ തുമ്പിന്റെ നഖം നോക്കി നടന്നോളു.
അല്ലാത്തവർ അനശ്വരയെപോലെ മറുപടി കൊടുക്കാൻ പഠിക്കു..പോയി പണി നോക്കെടാ എന്നും നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ സൗകര്യമില്ലെന്നും ചുണകുട്ടികളായി പ്രതികരിക്കൂ.
സദാചാരകുരുക്കൾ ഈ വഴിയും വരുമെന്നറിയാം നന്നായി പൊട്ടിയൊലിക്കട്ടെ എന്നാലല്ലേ ഹരമുള്ളു 😉
ലിസ് ലോന ✍️
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക