നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോഴിയട


"ബ്ബ ബ്ബ ബ്ബാ ബ്ബ ബ്ബാ ....."

ചുളിവുകൾ വീണു തൂങ്ങിയ വള്ളിയമ്മയുടെ മുഖത്തെ പേശികൾ തല വെട്ടിക്കുന്നതിന്റെയും കോഴിയെ വിളിക്കുന്നതിന്റെ താളത്തിൽ ഇളകിയാടുന്നതും നോക്കി അനുക്കുട്ടൻ നിന്നു.

"അമ്മെ... ആ വെള്ള ചാത്തനെ പിടിച്ചാൽ പോരെ? മറ്റേതു ഏഴു മാസായിട്ടൊള്ളു...കുഞ്ഞല്ലേ..." അനുക്കുട്ടന്റെ അമ്മ പരിഭവം പറയാതെ പറഞ്ഞു.

ഇപ്പോൾ കോഴികളെയെല്ലാം നോക്കുന്നത് അനുക്കുട്ടന്റെ അമ്മയാണെങ്കിലും, അത് വള്ളിയമ്മയിൽ നിന്നും കൈമാറി കിട്ടിയ വകുപ്പാണ്. തെറ്റില്ലാത്തൊരു വരുമാനം നാടൻ മുട്ടകളിൽ നിന്നും അവിടെ കിട്ടുന്നുണ്ട്. എങ്കിലും കോഴികളെ വിളിച്ചു രണ്ടു നേരവും തീറ്റ ഇട്ടു കൊടുക്കുന്നത് ഇപ്പോഴും വള്ളിയമ്മ തന്നെയാണ്. വള്ളിയമ്മക്ക് പ്രായം എൺപത്തഞ്ചിന് മുകളിലാണ് എന്നാണ് അനുമാനം. കൃത്യമായ പ്രായം വള്ളിയമ്മക്കും അറിയില്ല.

"ചെക്കാ... നീ അതിനെ പിടിക്ക് ട്ടാ....." വിറയാർന്ന സ്വരത്തിൽ വള്ളിയമ്മ അനുക്കുട്ടനോട് പറഞ്ഞു.

പമ്മി പമ്മി ഇരയെ പിടിക്കാനിരിക്കുന്ന കരിമ്പുലിയെപോലെ അവനിരുന്നു. വള്ളിയമ്മയുടെ ഏറ്റവും മൂത്ത പേരക്കുട്ടിയുടെ മകനാണ് അവൻ. പത്താം ക്ലാസ്സ് കഴിഞ്ഞു ഇരിക്കുന്നു. ഒറ്റച്ചാട്ടത്തിനു അവൻ നല്ല കറുത്ത പളപളാ തിളങ്ങി യുവകോമള സുന്ദരനായ ആ ചാത്തനെ പിടികൂടി.

പിടകളും കുഞ്ഞുങ്ങളുമെല്ലാം ഓടിയപ്പോയി ഒരൽപം മാറി. 'കൊ ക്കോ ക്കോ' കോലാഹലങ്ങൾക്കിടയിൽ ഇതെല്ലം മുൻക്കൂട്ടി മനസ്സിലാക്കിയെന്നവണ്ണം കോഴികളുടെ കാരണവരായ വെള്ളചാത്തൻ സ്വൽപ്പം മാറി അനങ്ങാതെ ഒരു കാലു പൊക്കി പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു...

'ക്കോ.......'

തനിക്കു പാരയായി ഉയർന്നു വന്ന ചാത്തന്റെ നിയോഗമെന്താണെന്നു മനസ്സിലാക്കിയ വെള്ളചാത്തൻ സന്തോഷത്തിൽ ഗോതമ്പുമണികൾ കൊത്തി തിന്നു.

"ഗോപ്യേ ..... ഇങ്ങട് വന്നേ നീയ്......" വള്ളിയമ്മ തന്റെ മോനെ വിളിച്ചു. ഇപ്പൊ തന്റെയൊപ്പം ഗോപി മാത്രമാണുള്ളത്. മറ്റു പിള്ളേരെല്ലാം വേറെ പോയി. ഇടയ്ക്കും തലയ്ക്കുമൊക്കെ വന്നു പോകും.

"കിട്ട്യാ .... പപ്പു പറിക്കല്ലേ വേണ്ടേ... ഡാ ചെക്കാ നീയാ കലത്തില് കൊറച്ചു വെള്ളം തിളപ്പിക്കാൻ പറഞ്ഞെ അമ്മെനോട് ... അതിനെ ഇങ്ങട് താ...." കാവി മുണ്ടു മുറുക്കി കോഴിയെ വാങ്ങി ഗോപി നേരെ അലക്കു കല്ലിന്റെ അടുത്ത് പോയി. പൈപ്പ് തുറന്നു കൊഴിടെ വായില് അവസാനത്തെ തുള്ളി ഒഴിച്ച് കൊടുത്തു.

അപ്രതീക്ഷിതമായി കുടിപ്പിച്ച വെള്ളത്തിന്റെ കടുപ്പത്തിലോ, എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത ആശ്ചര്യത്തിലോ ചാത്തൻ തലയൊന്നു കുടഞ്ഞു ചുറ്റും നോക്കി. ഇതോടു കൂടി ഗോപി നടത്തിയ കൈപ്രയോഗം ചാത്തനെ പത്തു പതിനഞ്ചു മിനിറ്റ് നേരത്തേക്ക് നിർത്താതെ 'നൃത്തമാടിച്ചു'.

ചൂട് വെള്ളത്തിൽ മുക്കി പപ്പു പറിച്ചു കോഴിയെ നുറുക്കുന്നതിനിടയിൽ ഗോപി സംശയോടെ അമ്മേയെ നോക്കി ചോദിച്ചു.
"അല്ലമ്മേ ... എന്തിനാ ഇപ്പൊ ഇന്നെന്നെ ഇതൊക്കെ ഇണ്ടാക്കി കൊണ്ടോണെ.. നാളെ ആയാലും പോരെ. അവൻ ഒന്ന് രണ്ട് മാസം ണ്ട് ന്നാ കേട്ടേ ..."

പച്ചമുളകും ജീരകളും മറ്റുമൊക്കെ ചെറിയ ഉരലിൽ ഇട്ട് കുത്തി ചതക്കുന്നതിനിടെ വള്ളിയമ്മ ഇതൊന്നും കേട്ട ഭാവം നടിച്ചില്ല.

"നന്ദുന്റെ കാര്യല്ലേ.. അതിപ്പോ മ്മളെക്കാളും ഇഷ്ട്ടം അവനെ ആണല്ലോ...... അടയ്ക്കു ഞാൻ നിറച്ചു തരാം..." അനുകുട്ടന്റെ അമ്മ വള്ളിയമ്മയെ സഹായിക്കാൻ കൂടി.

ചെറുപ്പം മുതൽ നന്ദു അവിടെ തന്നെ ആയിരുന്നു കൂടുതലും. നന്ദുവിന്റെ തറവാടുമായി ഒരുപാട് വർഷങ്ങളായുള്ള ബന്ധമാണ്. വള്ളിയമ്മയുടെ കെട്ടിയവനും മക്കളും പേരമക്കളുമൊക്കെ അവിടെ പണി എടുത്തിട്ടുണ്ട്. അയൽപക്കവും കൂടിയാണ് വള്ളിയമ്മയുടെ വീട്. വള്ളിയമ്മക്ക് നന്ദുവിന്റെ തറവാട്ടിൽ നല്ല സ്ഥാനമാണ്. നന്ദുവിന്റെ മുത്തശ്ശിയും വള്ളിയമ്മയും നല്ല സുഹൃത്തുക്കളായിരുന്നു.

നന്ദുവിന്റെ ചെറുപ്പത്തിലേ തന്നെ അവന്റെ മുത്തശ്ശി മരിച്ചു പോയിരുന്നു. അവന്റെ മുത്തശ്ശി പിന്നെ വള്ളിയമ്മയായിരുന്നു. വീട്ടിലോ പറമ്പിലോ അല്ലെങ്കിൽ വള്ളിയമ്മയുടെ കൂടെ ആയിരിക്കും നന്ദു ചെറുപ്പത്തിൽ. വള്ളിയമ്മ കുറെ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു അവന്. വള്ളിയമ്മയുടെ പലഹാരങ്ങളും കഥകളുമാണ് നന്ദുവിന്റെ വീക്ക്നെസ്.

പ്രായമേറി നന്ദു കോളേജ് പഠിത്തവും ജോലിയുമൊക്കെയായി നാട്ടിൽ ഇല്ലാതിരുന്നപ്പോളൊക്കെ വള്ളിയമ്മക്ക് പരിഭവമാണ്. എവിടെ പോയി തിരിച്ചു വരുമ്പോഴും ഉമ്മറത്ത് ഇരിക്കുന്ന വള്ളിയമ്മയെ കണ്ടു എന്തെങ്കിലും സംസാരിച്ചിട്ടേ നന്ദു വീട്ടിലേക്കു പോകുള്ളൂ.

ഇതിപ്പോൾ ഒരുപാട് നാളായി. നാല് വര്ഷം കഴിഞ്ഞു. പഠിത്തം കഴിഞ്ഞു ഏതോ നല്ല കമ്പനിയിൽ കിട്ടിയ ജോലി കളയേണ്ട എന്ന് കരുതി നാട്ടിലേക്കുള്ള വരവ് നീട്ടി. അമേരിക്കയിലാണ് അവനു ജോലി. ഏഴു കടൽ കടന്നാണ് നന്ദു ഉള്ളതെന്നാലോചിക്കുമ്പോൾ, തൃശ്ശൂരപ്പുറം പോകാത്ത വള്ളിയമ്മക്ക് നെഞ്ചിൽ ആധിയാണ്. ഇത്ര നാളായി കാണാതെ ഇരുന്ന നന്ദു ഇന്നാണ് വരുന്നതെന്നറിഞ്ഞപ്പോൾ തൊട്ടുള്ള തിടുക്കമായിരുന്നു വള്ളിയമ്മക്ക്. വള്ളിയമ്മയുടെ കോഴിയട അവനെത്ര തിന്നാലും മതിയാകില്ല.

എണ്ണയിൽനിന്നും കോരിയെടുത്തു ഇടുന്ന കോഴിയടകൾ കുട്ടയിൽ വിരിച്ചു വച്ചിരുന്ന പത്രത്തിൻതെ താളുകൾ രുചി നോക്കി. പൊരിച്ച എണ്ണ കുറെ കുടിച്ചു മദോന്മത്തനായി പത്രത്താളുകൾ കുഴഞ്ഞു കിടന്നു.

ഒരെണ്ണം എടുത്തു വായിൽ ഇട്ട് ചൂടോടെ കടിച്ചു വായ് പൊള്ളി അനുക്കുട്ടൻ പറഞ്ഞു....
"മുത്തശ്ശി സൂപ്പർ... നമുക്ക് പകുതി കൊടുത്താ മതി ല്ലേ...."

പണിയെല്ലാം ഒതുക്കി വള്ളിയമ്മ മുറുക്കാൻ മുറുക്കി ചുക്കിച്ചുളിഞ്ഞ ചുണ്ടും ചുമപ്പിച്ചു ഉമ്മറത്ത് കണ്ണും നട്ട് ഇരുന്നു. നാലു മണിയോടടുത്തു ആണ് ഒരു വലിയ വണ്ടി അതിലൂടെ കടന്നു പോയത്. ആകാംഷയോടെ എണിറ്റു നോക്കിയപ്പോഴേക്കും വണ്ടി പോയിരുന്നു. നന്ദു തന്നെയാണോ അതെന്നറിയാതെ വള്ളിയമ്മ മാനത്തേക്ക് നോക്കി സമയം ഊഹിച്ചു. തൊട്ട് പിന്നാലെ വേറെ വണ്ടിയും കടന്നു പോയി. അതും നിർത്തിയില്ല. പതിവ് തെറ്റി നന്ദുവിനെ കാണാത്തതിൽ വള്ളിയമ്മയുടെ ഉള്ളു ചെറുതായൊന്നു പിടഞ്ഞു. തന്റെ ജീവിതത്തിൽ അത്തരത്തിലുള്ള പല അനുഭവങ്ങളുണ്ടായിരുന്നെങ്കിലും, എന്തോ, പ്രായത്തിന്റെയാകാം, വള്ളിയമ്മയുടെ മനസ്സൊന്നു വിഷമിച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു വണ്ടി തിരിച്ചു പോയി. വള്ളിയമ്മയുടെ ഇരുപ്പു കണ്ട് എന്തോ മനസ്സിലാക്കിയെന്ന പോലെ ഗോപി ഉമ്മറത്തേക്ക് ഇറങ്ങി നിന്ന് ഒരു സിഗററ്റെടുത്ത് കത്തിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു.

"'അമ്മ കഞ്ഞി കുടിച്ചു കെടന്നോ... അവൻ പഴയ ആളൊന്നല്ല. അമേരിക്കക്കാരനാണ്. ഇത്രേം ദൂരം യാത്ര ചെയ്തതല്ലേ... ക്ഷീണം ഇണ്ടാവും. പോരാത്തേന് അവന്റെ കൂട്ടുക്കാരാണെന്ന് തോന്നണ്ട് മറ്റേ വണ്ടീല്. അവൻ നാളെ വരും. അമ്മ അങ്ങട് ചെല്ല്..."

ഗോപി ആശ്വസിപ്പിക്കാൻ പറഞ്ഞത് വള്ളിയമ്മയെ കൂടുതൽ അസ്വസ്ഥയാക്കി. എണിറ്റു അടുക്കളയിൽ പോയി കോഴിയട എടുത്തു പൊതിഞ്ഞു മുറ്റത്തേക്ക് മെല്ലെ ഇറങ്ങുന്ന അമ്മയെ കണ്ട് ഗോപി അനുക്കുട്ടനെ വിളിച്ചു.

"ഡാ അനു... നീ അമ്മാമേടെ കൂടെ ഒന്ന് ചെന്നെ..."പറഞ്ഞാൽ അനുസരിക്കില്ലെന്നു ഗോപിക്ക് നല്ലപോലെ അറിയാം.

കൂനിക്കൂടി മേല്മുണ്ടും പുതച്ചു ഒരു കയ്യിൽ കോഴിയടയും മറ്റേ കൈ കൊണ്ട് അനുക്കുട്ടനെ പിടിച്ചുകൊണ്ടും വള്ളിയമ്മ നടന്നു. പ്രായാധിക്യം കാരണം രണ്ടു മൂന്ന് വർഷത്തോളമായി അങ്ങോട്ടേക്ക് പോയിട്ട്. അവിടെയുള്ളവർ ഇടയ്ക്ക് തന്നെ വന്നു കാണുന്നതൊഴിച്ചു ബന്ധങ്ങളൊക്കെ കുറഞ്ഞുവന്നു വേണം പറയാൻ.

പതിവ് പോലെ തന്നെ വള്ളിയമ്മ അടുക്കള വഴിയാണ് അകത്തേക്ക് കടന്നത്.

"എല്ലാരും കുട്ടി വന്ന സന്തോഷത്തിലാവും ല്ലേ..." ബാക്കിയുള്ള ഏതാനും മുറുക്കാൻ കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് വള്ളിയമ്മ അകത്തേക്ക് കയറി. അവിടെ നന്ദുവിന്റെ അമ്മയും ചേച്ചിയും പിന്നെ വേറെയും കുറെ ബന്ധത്തിൽ പെട്ടവരുമൊക്കെ ഉണ്ട്. എല്ലാവരും തിരക്കും വർത്തമാനവും മറ്റുമൊക്കെയായി നിക്കുകയാണ്.

"വള്ളിയമ്മേ... നന്ദുകുട്ടൻ വന്നു ട്ടാ... അവൻ മോളില് മുറിലാ.. അവിടെ അവന്റെ എല്ലാ പടകളും ഉണ്ട്... വള്ളിയമ്മ വാ ഇരിക്ക്... ഇത് സരിതേച്ചീടെ മോൻ അല്ലെ? ആൾടെ മൂക്ക് തന്ന്യാ കിട്ടീക്കണേ..." നന്ദിനി അടുത്ത് വന്നു വള്ളിയമ്മയെ പിടിച്ചു ഇരുത്തി.

ആദ്യമായി അങ്ങോട്ട് പോയതിന്റെയും അപരിചിത മുഖങ്ങൾക്കുമിടയിൽ ചെന്ന് പെട്ട ചമ്മലിലും തനിക്കൊരു അഡ്രസ്സ് ഉണ്ടാക്കി തന്നെ ചേച്ചിയെ നോക്കി അനുക്കുട്ടൻ ചിരിച്ചു. അവിടത്തെ തിക്കും തിരക്കുമെല്ലാം കണ്ടു അവനും അമ്പരപ്പായി. കയ്യിൽ കൊണ്ട് വന്നു തന്ന ഓറഞ്ച് പാനീയം മൊത്തി കുടിച്ചുകൊണ്ട് അവൻ അവിടെ ചുറ്റുമിരുന്നു വീക്ഷിച്ചു.

രണ്ടു വര്ഷം കൊണ്ട് പഴയ തറവാട്ടിൽ വന്ന മാറ്റങ്ങൾ പുറമെ നിന്നും അത്ര വ്യക്തമല്ലെങ്കിലും, ഒരുപാട് മാറ്റങ്ങൾ വള്ളിയമ്മ അവിടെ കണ്ടു. ഇതിനിടയിലെല്ലാം തന്റെ കണ്ണുകൾ തിരഞ്ഞത് നന്ദുവിനെ ആയിരുന്നു. അവിടെയാകെ കോലാഹലമായിരുന്നു. എല്ലാവരും സന്തോഷത്തിലാണ്. വള്ളിയമ്മ മേശമേൽ ഇരുന്ന വിഭവങ്ങൾ ശ്രദ്ധിച്ചു. ചെറു പലഹാരങ്ങൾ തുടങ്ങി പല നിറങ്ങളിലും മണങ്ങളുമായി അവിടെ ആ മുറി നിറയെ നന്ദുവിന്‌ ഇഷ്ട്ടപെട്ട എല്ലാം ഉണ്ടായിരുന്നു.

ഒരു പാത്രത്തിൽ കുറച്ചു പലഹാരങ്ങളുമായി നന്ദുവിന്റെ അമ്മ വന്നു. പാത്രം അനുക്കുട്ടന്റെ നേരെ നീട്ടി.

"നീ കഴിക്ക് കുട്ടാ.. നന്ദുന് ഇഷ്ട്ടം ഉള്ള കുറെ പലരങ്ങൾ ഉണ്ടാക്കിയതാ. കഴിച്ചു അഭിപ്രായം പറയൂ. സരിതേടെ മോൻ അല്ലെ നീയ്? നീ ഇപ്പൊ എത്രെല്ലാ?"
ഒരൽപം നാണത്തോടെയും ബഹുമാനത്തോടൊയെമൊക്കെ നിക്കുന്ന അനുക്കുട്ടനെ കൈ പിടിച്ചു പാത്രമേൽപ്പിച്ചു പറഞ്ഞു.

"പത്തു കഴിഞ്ഞു നിക്കാ..." അതും പറഞ്ഞു അൽപ്പം വിനയത്തോടെ ആ പാത്രം അവൻ വാങ്ങി.

"എന്റെ വള്ളിയമ്മേ.. ഈ വയ്യാത്തോടത്ത് എന്തിനാ ഇങ്ങനെ വന്നേ.. അവൻ അങ്ങട് വരില്ലേ...അവൻ വന്നട്ട് എനിക്കെന്നെ ഒന്ന് കാണാൻ കിട്ടീട്ടില്ല. കൂട്ടുകാരും ചേട്ടന്റെ പിള്ളേരുമൊക്കെ കൂടി അവടെ മുറീല് കേറി. ന്നാ പിന്നെ ഞങ്ങളെല്ലാംപാടെ ഇവടെ അടുക്കളേല് ഭക്ഷണകാര്യങ്ങള് നോക്കാന്ന് വച്ചു. വള്ളിയമ്മ ഇരിക്കി ട്ടാ... ഞാൻ ചായ എടുക്കാം."

"ചായ ഒന്നും വേണ്ട മോളെ...നല്ല തിരക്കാ ല്ലേ..." വള്ളിയമ്മ പറഞ്ഞു മുഴുമിക്കുമ്പോഴേക്കും അടുക്കളയിൽനിന്നും വിളി വന്നു.

'ചേച്ച്യേ ...'

"ഇപ്പൊ വരാട്ടാ വള്ളിയമ്മേ...."

അവിടത്തെ തിക്കും തിരക്കും സന്തോഷങ്ങൾക്കിടയിലും വള്ളിയമ്മയുടെ ഉള്ളു ചെറുതായി നീറി കൊണ്ടിരുന്നു. അനുക്കുട്ടൻ എന്തെങ്കിലും മനസ്സിലാക്കിയോ എന്നറിയാൻ ഒന്ന് അവനെ നോക്കിയപ്പോൾ അവൻ കൊതിയോടെ പലഹാരം തിന്നുകയാണ്. തന്റെ ലാളനയും സ്നേഹവും കോഴിയടയുമെല്ലാം ഇതിനിടയിൽ ഒന്നുമല്ലാതാകുമോ എന്നൊരു ചിന്ത വല്യമ്മയുടെ കഴുത്തിലെ ഉമിനീർ വറ്റിച്ചു. കണ്ണ് നിറയാതിരിക്കാൻ പെടാപാട് പെട്ടു. ഒന്ന് കൂടി അകത്തേക്ക് നോക്കി കോഴിയടയുടെ പൊതി ചുരുട്ടി തന്റെ തോർത്ത് മുണ്ടിൻറെ ഉള്ളിലേക്ക് ഒതുക്കി.

"മ്മക്ക് പൂവാം.. ഇവടെ ഭയങ്കര തിരക്കാ..." വള്ളിയമ്മ അനുക്കുട്ടന്റെ കൈ പിടിച്ചു തിരിഞ്ഞു. പാത്രത്തിൽ ബാക്കി ഉണ്ടായിരുന്ന ഒരു പലഹാരം കൂടി എടുത്തു കയ്യിൽ പിടിച്ചു പാത്രം അവിടെ അരികിൽ വച്ച് അനുക്കുട്ടൻ മുത്തശ്ശിയേയും കൂട്ടി നടന്നു.

നെഞ്ചിൽ വലിയ ഒരു പാറക്കല്ല് ഉരുണ്ടു കൂടി ശ്വാസം മുട്ടിക്കുന്ന പോലെ തോന്നി വള്ളിയമ്മക്ക്. എങ്കിലും മനസ്സിന്റെ കോണിലാരോ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടിൽ ചെന്ന് കേറിയ പാടെ വള്ളിയമ്മ കട്ടിലിനെ ലക്ഷ്യമാക്കി നടന്നു.

"ഞാൻ കെടക്കട്ടെ... കഞ്ഞി വേണ്ട ഇക്ക്..." വള്ളിയമ്മ അതും പറഞ്ഞു കട്ടിലിൽ കിടന്നു.

അകത്തു അനുക്കുട്ടൻ അവിടെന്ന് കഴിച്ച പലഹാരങ്ങളെ പറ്റിയുള്ള പുകഴ്ത്തിപാടലുകൾക്കിടയിൽ കഞ്ഞി പോലും കുടിക്കാതെ കിടക്കുന്ന അമ്മയുടെ വിഷമം ഗോപി മനസ്സിലാക്കി.

കാലാനുസ്രതമായി അകൽച്ച കൂടുന്ന ഒന്നാണ് ബന്ധങ്ങളെന്ന് ഗോപി തന്റെ കൂടപ്പിറപ്പുകളിൽനിന്ന് തന്നെ മനസ്സിലാക്കിയിരുന്നു. വീടിനുള്ളിൽ മക്കളും പേരക്കുട്ടികളുമൊക്കെയായി ജീവിച്ചു വന്ന പഴയ തലമുറയിലെ അമ്മയെ അതൊന്നും പറഞ്ഞു മനസ്സിലാക്കിക്കാൻ പറ്റില്ലെന്ന വൈഷമ്യത്തിൽ ഒരു നെടുവീർപ്പിട്ട് സിഗരറ്റ് എടുത്തു ചുണ്ടത്തു വച്ച് ഉമ്മറത്തേക്ക് ഇറങ്ങി പുക വലിച്ചൂതി.

"ഗോപിച്ചേട്ടാ......"

വിളി കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ കയ്യിൽ എന്തൊക്കെയോ താങ്ങി പിടിച്ചുകൊണ്ട് നന്ദു നടന്നു വരികയാണ്. പാതി വലിച്ച സിഗരറ്റ് ദൂരേക്ക് എറിഞ്ഞു നേരെ അവന്റെ അടുതേക്ക് പോയി തോളിൽ പിടിച്ചു അടിമുടി നോക്കി അവനെയൊന്ന് ഒന്ന് കുലുക്കി ഗോപി. മനസ്സിൽ ഒന്ന് തെറ്റിദ്ധരിച്ചുപോയതിന്റെ ജാള്യത ചെറുതായൊന്നു ഗോപിയുടെ കണ്ണിന്നെ ഈറനണിയിച്ചു.

"ഹൈ ...വന്നല്ലോ സായിപ്പ്... " കൂടുതൽ പറയാൻ വാക്കുകൾ കിട്ടാതെ ഗോപി നന്ദുവിനെ കെട്ടിപിടിച്ചു, അകത്തേക്ക് കൂട്ടികൊണ്ടു പോയി.

നന്ദു നേരെ ചെന്ന് വള്ളിയമ്മയുടെ അടുത്ത് ഇരുന്നു....
"അമ്മാമ്മേ.... കിടന്നാ അപ്പൾക്ക്യും...എണീക്കു...."

വള്ളിയമ്മ നന്ദുവിനെ കണ്ട പാടെ എണിറ്റു സന്തോഷത്തോടെ കെട്ടി പിടിച്ചു. മനസ്സിലെ സന്തോഷവും സങ്കടവുമൊക്കെ ഇരതല്ലി വല്യമ്മ കരഞ്ഞു.

വല്യമ്മയുടെ കണ്ണുനീർ നന്ദുവിനെ വല്ലാതാക്കിയെങ്കിലും അവനും വള്ളിയമ്മയെ തിരിച്ചു സംഭാഷണങ്ങളിലേക്ക് കൊണ്ട് വന്നു. എല്ലാവരും ചുറ്റും കൂടി നന്ദുവിനെ വളഞ്ഞിട്ട് ചോദ്യശരങ്ങൾ കൊണ്ട് മൂടി.

ഒന്നൊന്നായി ഉത്തരം കൊടുക്കുന്നതിനിടെ കവറിൽ നിന്നും ഒരു കമ്പിളി എടുത്തു നന്ദു വള്ളിയമ്മയെ പുതപ്പിച്ചു. ഒരു നല്ല രോമത്തൊപ്പി എടുത്തു വള്ളിയമ്മയുടെ തലയിലും വച്ച് കൊടുത്തു. മറ്റേ പൊതിയെടുത്തു ചേച്ചിയുടെ നേരെ നീട്ടി.

"ഇത് പിള്ളേർക്ക് കൊടുക്ക് ചേച്ചി...മിട്ടായി ആണ്. ഗോപിചേട്ടനുള്ളതും അതിലുണ്ട് ട്ടാ..." ഗോപിയെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു.

"അല്ല...എനിക്ക് ഒന്നും ഇല്ല്യേ?..." എന്നും ചോദിച്ചു നന്ദു വള്ളിയമ്മയെ നോക്കി.

മോണയും ബാക്കി പല്ലുകളുമെല്ലാം തെളിഞ്ഞു കാണുമാറ് വള്ളിയമ്മ ചിരിച്ചുകൊണ്ട് അവനു നേരെ അവിടെ വച്ചിരുന്ന പൊതിയെടുത്തു കൊടുത്തു...

പൊതി തുറന്നു കോഴിയട എടുത്തു ആർത്തിയോടെ നന്ദു ഓരോന്നായി കഴിച്ചു. നന്ദു ഇരുന്നു കൊതിയോടെ കോഴിയട കഴിക്കുന്നത് കണ്ടപ്പോൾ തന്റെ മുത്തശ്ശിയുടെ കോഴിയടക്ക് താനനുഭവിക്കാത്ത മറ്റൊരു സ്വാദ് കൂടിയുണ്ടെന്ന് മനസ്സിലായി അനുക്കുട്ടന്. നന്ദുവിന്‌ കാപ്പിയെടുത്തു കൊണ്ട് വന്നു കൊടുത്തു കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു എല്ലാവരും. വാത്സല്യത്തോടെ നന്ദുവിന്റെ കൈ പിടിച്ചു പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന അമ്മയെ നോക്കി ഗോപി മന്ദഹസിച്ചു. അകത്തേക്ക് കയറി കവർ തുറന്നു അതിൽ വച്ചിരുന്ന ഫോറിൻ സിഗരറ്റ് പെട്ടി തുറന്നു ഒന്നെടുത്തു ചുണ്ടത്തു വച്ച് ഗമയോടെ ഗോപി ഉമ്മറത്തേക്ക് നടന്നു.

അത് കത്തിച്ചു വലിച്ചൂതിയപ്പോൾ ഒരു പ്രത്യേക സുഖവും സന്തോഷവും ഗോപി അനുഭവിച്ചു. ഒരു പക്ഷെ രക്തബന്ധങ്ങളേക്കാൾ വലിയ ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നു എന്ന സന്തോഷത്തിൽ....

ശുഭം.

*************************

പ്രസൂൺ ചിന്നങ്ങത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot