"അമ്മേ മുത്തശ്ശൻ പിന്നേം എന്റെ നിക്കറിടാൻ നോക്കുണു. "
ഞാൻ ഓടിച്ചെന്നു നോക്കുമ്പോൾ അച്ഛൻ നന്ദൂന്റെ നിക്കർ കാലിൽക്കൂടി വലിച്ചു കയറ്റാൻ ശ്രമിക്കുകയാണ്.
അതിന് കഴിയാതെ കാലിടറി വീഴാൻ തുടങ്ങിയപ്പോഴേക്കും ഞാൻ അച്ഛനെ താങ്ങി. "എന്താ അച്ഛാ ഇത് കുട്ടികളെ പോലെ "
മെല്ലെ കട്ടിലിലേക്ക് ചായ്ച്ചു കിടത്താൻ ശ്രമിക്കുമ്പോൾ അച്ഛൻ എന്റെ കൈ തട്ടിമാറ്റി .
"കൃഷ്ണന്കുട്ടിയും മാധവനും ഇപ്പോ എത്തും നിക്ക് പള്ളിക്കൂടത്തി പോണം "
കരച്ചിലടക്കാൻ ഞാൻ പാടുപെടുമ്പോൾ അച്ഛന്റെ കണ്ണുകൾ ഒരപരിചിതനെ പോലെ എന്റെ മുഖത്തു പരതി നടന്നു.
ഇല്ല.. അച്ഛന് എന്നെയറിയില്ല.. ആരെയും അറിയില്ല. അച്ഛന്റെ ലോകത്ത് ഇപ്പോൾ ഞങ്ങളാരുമില്ല..
മറവിയെ അത്രത്തോളം വെറുത്തിരുന്ന അച്ഛൻ.
ജീവിതത്തിലെ ഓരോ കാര്യങ്ങളും ഓർമിപ്പിച്ചു ഞങ്ങളെ അതിശയിപ്പിച്ചിരുന്ന അച്ഛൻ
"ഇങ്ങനെയുണ്ടോ ഒരു മറവി" എന്ന് അമ്മയെ സ്നേഹത്തോടെ നൂറുവട്ടം ശകാരിച്ചിരുന്ന അച്ഛൻ.
അച്ഛന് എല്ലാം കാണാപാഠങ്ങളായിരുന്നു. ഫോൺ നമ്പറുകളും തീയതികളും എല്ലാം.
"അമ്മൂ ഫോൺ ബില്ലടച്ചോ.. ഗ്യാസ് ബുക്ക് ചെയ്തോ . ഈ മാസം ടാക്സ് അടക്കാൻ മറക്കണ്ട,"
അങ്ങിനെ എന്നും ഞങ്ങളെ ഓരോന്നു ഓർമിപ്പിച്ചു കൊണ്ടിരുന്നു അച്ഛൻ. കുട്ടിക്കാലത്തെ ഓരോ സംഭവങ്ങളും ഓർത്തെടുത്തു അച്ഛൻ ഞങ്ങളോട് പറയുമായിരുന്നു. സൗഹൃദങ്ങളെയും ബന്ധങ്ങളെയും അത്രമേൽ ഉള്ളിൽ കാത്ത് സൂക്ഷിച്ചിരുന്ന അച്ഛൻ.. അച്ഛന് ഒന്നും മറക്കാൻ കഴിയുമായിരുന്നില്ല. ഒന്നും മറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
ആ ഓർമ്മകൾ തന്നെ തോൽപിച്ചു തുടങ്ങിയപ്പോൾ അച്ഛൻ പതിയെ തന്റെ ഇന്നലകളിലേക്കു ചുരുങ്ങി.
സ്വന്തം പേര് പോലും മറന്നു …
കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചു.. കുട്ടികാലത്തെ കഥകൾ പറഞ്ഞു, പാട്ടുകൾ പാടി….
അച്ഛന്റെ പെരുമാറ്റം മറ്റുള്ളവരിൽ ചിരി പടർത്തിയപ്പോഴും ഞാനുള്ളിൽ കരഞ്ഞു.
ഓർമ്മകൾ ഇടക്കെപ്പോഴോ ഒന്ന് കണ്ണ് മിഴിച്ചപ്പോൾ അച്ഛൻ തെക്കേത്തൊടിയിലേക്ക് നോക്കി നെടുവീർപ്പിട്ടു .. "എത്ര പറഞ്ഞതാ അവളോട് ന്നെ തനിച്ചാക്കി പോവരുത് ന്ന് "
'അമ്മൂ... ന്നെ ഒന്ന് അത്രേടം വരെ കൊണ്ട് പോ "
കുറേ നാളുകൾക്ക് ശേഷമാണ് അച്ഛൻ എന്റെ പേര് വിളിച്ചത്. സന്തോഷം കൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
മെല്ലെ അച്ഛന്റെ കൈ പിടിച്ചു ഞാൻ അമ്മയുടെ അടുത്ത് കൊണ്ട് പോയി..
പക്ഷെ അച്ഛന്റെ നോട്ടം തൊടിയിലെ നിറഞ്ഞു നിൽക്കുന്ന മാവിലേക്കായിരുന്നു…
അച്ഛൻ കുനിഞ്ഞു വിറക്കുന്ന കൈകൾ കൊണ്ട് ഒരു കല്ലെടുത്ത് മാവിലേക്ക് എറിയാൻ ശ്രമിച്ചു.. കല്ല് കൈയിൽ നിന്ന് ഊർന്ന് വീണു..താഴെ അമ്മ കിടക്കുന്ന സ്ഥലത്ത് നോക്കി ചോദിച്ചു
"ഇവിടെയാരാ മണ്ണ് കൂട്ടിയിട്ടിരിക്കണത്? "
എവിടെ നിന്നോ അടക്കി പിടിച്ച ചിരികൾ…
എനിക്ക് സങ്കടം വന്നു.
ഞാൻ അച്ഛനെ ചേർത്ത് പിടിച്ചു തിരിഞ്ഞു നടന്നു..ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങിയപ്പോൾ അച്ഛൻ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
കുട്ടിയായിരുന്നപ്പോൾ ഇത് പോലെ അച്ഛന്റെ കൈപിടിച്ചു എത്ര മഴ നനഞ്ഞിരിക്കുന്നു.
"കുട്ടിയെ എന്തിനാ ഇങ്ങിനെ മഴ കൊള്ളിക്കണേ "എന്ന് അമ്മ പരിഭവം പറയുമ്പോൾ അച്ഛൻ ചിരിക്കും.
"കുട്ടികൾ മഴയും വെയിലും കൊണ്ട് വളരണം ഭാനൂ.. നനഞ്ഞ മണ്ണിൽ കാലു തൊടുമ്പോ ള്ളൊരു സുഖം. "
പഴയ കാര്യങ്ങൾ ഓരോന്നു ഓർമിപ്പിച്ചു ഞാൻ അച്ഛന്റെ കൂടെ നടന്നു.
വീട്ടിലെത്തി തല തുവർത്തി കൊടുക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിലിരിക്കുന്ന അച്ഛനെ നോക്കി ഞാൻ ഓർമ്മകളോട് പരിഭവം പറഞ്ഞു. ….
"നിങ്ങളെന്തിനാണ് മറവിയുടെ ഇരുട്ടിൽ അച്ഛനെ തനിച്ചാക്കി പടിയിറങ്ങിപ്പോയത് !"
പാറിനടക്കുന്ന ഒരപ്പൂപ്പൻ താടിയെ നോക്കി അച്ഛൻ കൈകൊട്ടി ചിരിച്ചു.. ഒപ്പം ആർത്തലച്ചു വന്ന മഴയും…
ശ്രീകല മേനോൻ
08/09/2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക