നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

“അലോഷിയുടെ മൂന്നാം കണ്ണ്” (കഥ)


നിങ്ങളെപ്പോലെ തന്നെ എനിക്കും അലോഷിയെ നേരിട്ടറിയില്ല. കഴിഞ്ഞ ഞായാറാഴ്‌ച്ച വൈകുന്നേരം, കുറെ നാളുകൾക്കു ശേഷം ഒത്തുവന്ന ഒരു കമ്പനി കൂടലിനിടെ പ്രകാശാണ് എന്നോട് അയാളെ പറ്റി പറയുന്നത്.

“ നീ കഥയൊക്കെ എഴുതുന്നതല്ലേ? ഈ കേസ് നീയൊന്നു കേട്ടു നോക്ക്; ചിലപ്പോ നിനക്ക് ഗുണം ചെയ്‌തേക്കും”.

പ്രകാശ് എന്റെ പഴയൊരു ക്ലാസ്സ്‌മേറ്റാണ്. ഇപ്പോൾ ഇതേ നഗരത്തിലെ തന്നെ മെഡിക്കൽ കോളേജിലെ പ്രഗത്ഭനായ ന്യുറോളജിസ്റ്റ്. അതുകൊണ്ടാവാം, സാധാരണ മനുഷ്യരും അവരുടെ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളും ഒക്കെ, കക്ഷിക്ക്‌‌ വെറുമൊരു ‘കേസ്’ മാത്രമാണ്.

ഐസ് കഷണങ്ങളുടെ തണുപ്പ് പടർന്നു തുടങ്ങിയ ‘ഷിവാസ് റീഗൽ’ വിസ്ക്കി ഒരു സിപ്പ് എടുത്ത ശേഷം, നന്നായി വരട്ടിയ പോത്തിറച്ചിയുടെ ഒരു കഷണമെടുത്തു ചവച്ചുകൊണ്ട്, Dr.പ്രകാശ് ആ മെഡിക്കൽ കേസ് ഡയറി എനിക്ക് മുന്നിൽ തുറക്കാൻ തുടങ്ങി. പ്രകാശിന്റെ തന്നെ വാക്കുകളിലേക്ക് ...

*****************************************************
ഏകദേശം മൂന്നു മാസങ്ങൾക്കു മുൻപ്, ഒരു റെഫറൻസ് കേസ് ആയിട്ടാണ്, അയാൾ ആദ്യമായി എന്റെ ഓ.പിയിൽ വരുന്നത്. അല്പം മുഷിഞ്ഞ വേഷം. നെറ്റിയിലേക്ക് വീണുകിടക്കുന്ന അനുസരണയില്ലാത്ത മുടിയും, പകുതിയോളം നരച്ച കുറ്റി താടിയും. ഒരാൾക്കൂട്ടത്തിൽ വച്ചു പിന്നീട് കണ്ടാൽ പോലും ചിലപ്പോൾ ഞാനയാളെ തിരിച്ചറിഞ്ഞേനെ. പക്ഷേ, എന്റെ ശ്രദ്ധയിൽ കൂടുതൽ പതിഞ്ഞത്, ചത്ത മീനിന്റേതു പോലെ തോന്നിച്ച, തുറിച്ചു നിൽക്കുന്ന അയാളുടെ കണ്ണുകൾ തന്നെയായിയുന്നു. ഹൃതിക് റോഷന്റേതു പോലെ കൂർത്ത താടിയെല്ലുള്ള ഒരു മുഖത്തിന് ഒട്ടും യോജിക്കാത്തതായിരുന്നു, ആ കണ്ണുകൾ.

“ ഗുഡ് മോർണിങ്, ഡോക്ടർ!”, മുന്നിലുള്ള കസേരയിലേക്ക് ഇരിക്കാൻ ഞാൻ ആംഗ്യം കൊണ്ട് ക്ഷണിക്കുമ്പോൾ, ഒരു രഹസ്യം പറയും പോലെയാണ് അയാൾ എന്നെ അഭിവാദ്യം ചെയ്തത്.

എനിക്ക് കൈമാറിയ മെഡിക്കൽ റിപ്പോർട്ടുകൾക്ക് മുകളിൽ വച്ചിരുന്ന ഓ.പി ടിക്കറ്റിൽ നിന്ന്, “അലോഷി, വയസ്സ് മുപ്പത്തിയെട്ട് ” എന്ന് ഞാൻ വായിച്ചതു അല്പം ഉറക്കെയായിരുന്നുവെന്നു തോന്നുന്നു. മുഖത്ത് ഒരു പുഞ്ചിരി കഷ്ടപ്പെട്ടു വരുത്തി, അതേ എന്ന അർത്ഥത്തിൽ അയാൾ തലയാട്ടുമ്പോഴും, ആ തുറിച്ച കണ്ണുകൾ, എന്തെന്നില്ലാത്ത എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു .

ഒരു പക്ഷേ അത് മറികടക്കാനാവണം, രോഗികളുമായി ഒരു കുശലാന്വേഷണം പതിവില്ലാത്തതാണെങ്കിൽ കൂടി,
“അലോഷി എന്ത് ചെയ്യുന്നു?” ‌എന്ന് ഞാൻ ചോദിച്ചത്.

“വെൽഡിങ്ങിന്റെ പണിയാണ്, ഡോക്ടറെ. കുറേക്കാലം സൗദിയിലായിരുന്നു. അവിടെ ഈ നിതാഖത്തിന്റെ പ്രശ്നം വന്നപ്പോ, കഴിഞ്ഞ വർഷം തിരിച്ചു പോരേണ്ടി വന്നു. ഇപ്പൊ നാട്ടീത്തന്നെ ഒരു വർക്ക്ഷോപ്പിലാണ് പണി”. പതിഞ്ഞതെങ്കിലും, വ്യക്തമായ ശബ്ദത്തിൽ അയാൾ മറുപടി പറഞ്ഞു.

“ഓക്കേ,ഓക്കേ.. എന്തൊക്കെയാണ് അലോഷിയുടെ ബുദ്ധിമുട്ടുകൾ?” ഞാൻ പെട്ടെന്ന് തന്നെ അയാളുടെ രോഗ വിവരത്തിലേക്കു കടന്നു.

“ ഒരു നാലഞ്ച് കൊല്ലമായിട്ടു കണ്ണിനു എന്തോ ഒരു ഏനക്കേടുണ്ട്, ഡോക്ടർ. ചിലപ്പോ നല്ല ടെൻഷൻ ഉള്ളപ്പോ, അല്ലെങ്കിൽ നല്ലോണം വിശക്കുമ്പോ, ഒക്കെ കണ്ണിലോട്ടു മിന്നലു പോലെ ഒരു വെളിച്ചം വരും. പതിയെ അത് തിളങ്ങുന്ന പ്രകാശരൂപങ്ങളായി കാഴ്ച്ച മറയ്ക്കാൻ തുടങ്ങും. കണ്ണ് ഇറുക്കെ അടച്ചാലും ആ വെള്ളിരൂപങ്ങൾ കണ്ണിനുള്ളിൽ തെളിഞ്ഞു തന്നെ നിൽക്കും. പിന്നെ കുറെ കഴിയുമ്പോ അതൊക്കെ മാഞ്ഞു കാഴ്ച്ച തെളിയാൻ തുടങ്ങും. എന്നാലും നല്ല തലവേദന കാണും.” ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞു നിറുത്തി.

“താലൂക്കാശുപത്രിയിൽ നിന്നല്ലേ ഇങ്ങോട്ടു റെഫർ ചെയ്തതു? അവിടുത്തെ ഡോക്ടർ, കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാവുമല്ലോ?” അയാളുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഓടിച്ചു നോക്കികോണ്ടു ഞാൻ ചോദിച്ചു.

“അതേ ‌സാറേ..ഞാൻ സൗദിയിലായിരുന്ന സമയത്താണ് ആദ്യമായിട്ട് ഇത് പോലെ വരുന്നത്‌. അന്ന് ഇതത്ര കാര്യമാക്കിയില്ല. അതുമല്ല, ഭാര്യയുടെ കെട്ടുതാലി വരെ വിറ്റിട്ടാണ് വിസക്ക് പൈസാ കൊടുത്തിരുന്നത്. ഇതൊക്കെ കമ്പനി അറിഞ്ഞാൽ നാട്ടിലേക്ക് തിരിച്ചയ്ക്കും. അതുകൊണ്ട് അവിടെ ആരോടും ഒന്നും പറഞ്ഞില്ല. നാട്ടിൽ തിരിച്ചു വന്ന ശേഷവും, മൂന്നാലു തവണ അടുപ്പിച്ചു ഇങ്ങനെ വന്നപ്പോ, ഭാര്യ രശ്മി നിർബന്ധിച്ചിട്ടാണ്, ഗർഭിണിയായിരുന്ന അവളുടെ ചെക്കപ്പിനു വേണ്ടി താലൂക്കാശുപത്രിയിൽ പോയ കൂട്ടത്തില്, ഞാനും അവിടെയൊരു ഡോക്ടറെ കണ്ടത്. ആ ഡോക്ടർ പറഞ്ഞു, പേടിക്കാനൊന്നും ഇല്ല, ഇങ്ങനെ വരുമ്പോൾ, നെറ്റിയിൽ അമൃതാഞ്ജനോ മറ്റോ പുരട്ടി കുറെ നേരം കണ്ണടച്ച് കിടന്നാൽ ശരിയാവും എന്ന്.”

“അതേ, ശരിയാണ് അലോഷി. തനിക്കു മാരകമായ രോഗമൊന്നും ഇല്ല. ഇത് സാധാരണ ‘മൈഗ്രെയ്ൻ’ ആണ്. അതിന്റെ ഒരു സ്റ്റേജിൽ ചിലരിൽ കാണപ്പെടുന്ന, ‘ഓറാ’ എന്നു വിളിക്കുന്ന ഒരു അവസ്ഥയാണ് ഇയ്യാളു കാണുന്ന ആ പ്രകാശ രൂപങ്ങൾ. അതിനിപ്പോ ഒരു വിദഗ്ദ്ധ ചികിത്സയുടെ ആവശ്യമൊന്നും ഇല്ല. ” മേശപ്പുറത്തിരുന്ന സ്ഫടികത്തിലുള്ള നീല പേപ്പർ വെയ്റ്റ്, ഇടം കൈകൊണ്ടു പതിയെ തിരിച്ചുകൊണ്ടു, ഞാൻ വിശദീകരിച്ചു.

കൂടുതലായി ഒരു പരിശോധനയും ആവശ്യമില്ല എന്ന മുൻവിധിയോടെ, എന്നിലെ പരിചയ സമ്പന്നനായ ന്യുറോളജിസ്റ്റ്‌, അലോഷിയെ തിരിച്ചയക്കാൻ ഒരുങ്ങുമ്പോഴാണ്, എന്നെ സ്തബ്ധനാക്കിക്കൊണ്ട് അയാൾ ഏങ്ങിക്കരയാൻ തുടങ്ങിയത്!

ഒരു നിമിഷമൊന്നു പതറിപ്പോയ ഞാൻ, സ്ഥൈര്യം വീണ്ടെടുത്ത് സീറ്റിൽ നിന്ന് എഴുന്നേറ്റ്, അയാളുടെ അടുത്തെത്തി ചുമലിൽ പതിയെയൊന്നു തട്ടി...“ റിലാക്സ് മാൻ, ഞാൻ പറഞ്ഞില്ലേ? ഒന്നും പേടിക്കാൻ ഇല്ല എന്ന്”.

“ അതല്ല ഡോക്ടറേ, രണ്ടാഴ്ച്ച മുൻപ് എന്റെ ജീവിതത്തിൽ ഒരു സംഭവം ഉണ്ടായി. ആരും എന്നെ വിശ്വസിക്കുന്നില്ല. ഡോക്ടറെങ്കിലും ദയവായി ഇതു കേൾക്കണം; വിശ്വസിക്കണം“, വാക്കുകൾ അയാളുടെ കണ്ണുനീർ പോലെ തുളുമ്പി വീണു.

“പറയു… എന്താണുണ്ടായതെന്നു” അലോഷിയുടെ മുഖത്തെ നിസ്സഹായതയും, ദൈന്യതയും എന്നെ ക്ഷമയുള്ളൊരു കേൾവിക്കാരനാക്കി മാറ്റാൻ കെൽപ്പുള്ളതായിരുന്നു.

പാന്റിന്റെ പോക്കറ്റിൽ നിന്ന്, ഒരു നരച്ച തൂവാല എടുത്തു മുഖം തുടച്ച ശേഷം, അലോഷി ആ സംഭവം വിവരിക്കാൻ തുടങ്ങി…

“ അന്ന്, അർജെന്റായി തീർക്കേണ്ട ഒരു ഗേറ്റിന്റെ വെൽഡിങ് ചെയ്തു കഴിഞ്ഞപ്പൊ ഒത്തിരി വൈകി. ഭാര്യ തുമ്പില വാട്ടി പൊതിഞ്ഞ തന്നവിട്ട പൊതിച്ചോറ്, വർക്ക്ഷോപ്പിന്റെ പുറകിലത്തെ ചായ്പ്പിലെ ബെഞ്ചിലിരുന്നു ധൃതിപിടിച്ച് ‌തുറക്കുമ്പോഴാണ്, ചോറു പൊതിഞ്ഞിരുന്ന പത്ര കടലാസ്സിലെ വാർത്തയിൽ കണ്ണുടക്കിയത്. കടൽതീരത്തു മരിച്ച് കിടക്കുന്ന ഒരു പിഞ്ചു ബാലന്റെ പടവും വാർത്തയും. യുദ്ധം നടക്കുന്ന സിറിയിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ബോട്ടു മറിഞ്ഞു കടലിൽ വീണു പോയതാണത്രേ! എന്തോ, എനിക്ക് പെട്ടെന്ന് ഭയങ്കര വിഷമം വന്നു. ആ പടത്തിൽ അങ്ങനെ തന്നെ നോക്കിയിരിക്കുമ്പോ, പൊടുന്നനെ ശക്തമായൊരു പ്രകാശം കണ്ണിലേക്കടിച്ചു എന്റെ കാഴ്ച മങ്ങാൻ തുടങ്ങി. ഞാൻ കണ്ണുകളിറുക്കെ അടച്ചപ്പോഴുണ്ട്, കണ്ണിനുള്ളിൽ ഒരു കടൽ ഇരമ്പിയാർക്കുന്നു. ഞാൻ ബലംപിടിച്ചു കണ്ണ് തുറന്നു നോക്കുമ്പോൾ, മുന്നിൽ ചോറ് പൊതിയും, മരബെഞ്ചും, ചായ്പ്പും ഒന്നും ഇല്ല. കണ്മുന്നിൽ നോക്കെത്താ ദൂരത്തെല്ലാം അലയടിക്കുന്ന വെള്ളം മാത്രം!. അപ്പോഴേക്കും ഞാൻ വെള്ളത്തിനുള്ളിലേക്കു ഊളിയിട്ടു പോകുന്ന പോലെ തോന്നി. നിലയില്ലാത്ത വെള്ളം!! ആ വെള്ളത്തിലേക്ക് ഞാൻ ആണ്ടു പോകുമ്പോൾ, അല്പം അകലെയായി അവനെ കണ്ടു. ഒരാൺകുട്ടി; പൊക്കിൾകൊടിയോട് കൂടി ഒരു ഗർഭസ്ഥ ശിശു! എനിക്ക് നേരെ അവൻ കൈകൾ നീട്ടുന്നതു അപ്പോളെനിക്ക് വ്യക്തമായി കാണാമായിരുന്നു. ‌കഷ്ട്ടപെട്ട് അവന്റെ അരികിലേക്ക് ഞാൻ നീന്തിയെത്തുമ്പോഴേക്കും, നീട്ടി പിടിച്ച കൈകളുമായി അവൻ ആഴങ്ങളിലേക്ക് മറഞ്ഞിരുന്നു. വീണ്ടും എന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നു....”

ഒരു കെട്ടുകഥ കേൾക്കുന്ന അവിശ്വസനീയതയോടെ, അതുവരെ എന്നെ അലോസരപ്പെടുത്തിയിരുന്ന അലോഷിയുടെ തുറിച്ച കണ്ണുകളിലേക്കു ഞാൻ കുറച്ചു നേരം ഉറ്റുനോക്കിപ്പോയി.

“ മുഖത്ത് ഒരു തണുപ്പ് വീഴുന്നതറിഞ്ഞു ഞാൻ കണ്ണ് തുറക്കുമ്പോൾ; ഞാൻ ബഞ്ചിൽ കിടക്കുവാണ്. കൂട്ടുകാരൊക്കെ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ഞാൻ തലചുറ്റി നിലത്തു വീണെന്നാണ് അവർ പറഞ്ഞത്.” ഇടറുന്ന ശബ്ദത്തിൽ അലോഷി തുടർന്നു...

“എന്നിട്ടു ?” ആകാംക്ഷ എന്നെ കീഴടക്കുന്നത് വ്യക്തമായും ഞാനറിഞ്ഞു.

“ഡോക്ട്ടർ..എന്തോ ഒരു പേടി എന്റെ മനസ്സിൽ കുത്തിനോവിക്കാൻ തുടങ്ങിയിരുന്നു. വിശപ്പ് കെട്ടു പോയിരുന്നെങ്കിലും, രണ്ടു പിടിച്ചോറു പെട്ടെന്ന് വാരി വിഴുങ്ങുയിട്ടു ഞാൻ കൈ കഴുകുമ്പോ, എന്റെ മൊബേലിൽ വിളി വന്നു. അടുത്ത വീട്ടിലെ വറീത്‌ ചേട്ടനായിരുന്നു. എടാ അലോഷീ...രശ്മി കുളിമുറീലോന്നു വഴുക്കി വീണു; നീ വേഗം താലൂക്കാസ്പത്രിലൊട്ടു വന്നേന്നും പറഞ്ഞു. ചങ്കും കയ്യേൽ പിടിച്ചോണ്ടാണ് കൂട്ടുകാരന്റെ ബൈക്കേല് ആസ്‌പത്രിവരെ എത്തിയത്. അവടെ എത്തിയപ്പോഴാണ് ഞാനാ സത്യം തിരിച്ചറിഞ്ഞത്. കുറച്ചു മുന്നേ, ഞാൻ വെള്ളത്തിൽ കൈവിട്ടു കളഞ്ഞത് അവളുടെ വയറ്റിക്കിടന്ന എന്റെ കുഞ്ഞിനെയായിരുന്നെന്നു!!” ഒരു ചെറിയ കുട്ടിയെപ്പോലെ, അയാൾ വീണ്ടും വിതുമ്പാൻ തുടങ്ങി...

എന്തെങ്കിലും ഒരു ആശ്വാസവാക്ക്‌ പറയണം എന്നുണ്ടായിരുന്നു, എനിക്ക്; പക്ഷെ വാക്കുകൾ എന്റെ മനസ്സിന്റെ ആഴങ്ങളിലെവിടെയോ മറഞ്ഞു കിടക്കുകയായിരിന്നു.

*****************************************************
ഇത്രയും പറഞ്ഞു നിറുത്തിയ, പ്രകാശ് ഗ്ലാസിൽ അവശേഷിച്ച മദ്യം ഒറ്റയടിക്ക് വായിലേക്ക് കമഴ്ത്തിയിട്ട് ടീപോയിൽ വച്ചിരുന്ന സിഗരറ്റു പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റെടുത്തു തീപിടിപ്പിച്ചു. എന്ത് പറയണമെന്നറിയാതെ മരവിച്ചുപോയ ഞാൻ, ആ വെളുത്ത പുകച്ചുരുളുകൾ പുറത്തെയിരുളിലെ പുകമഞ്ഞിലേക്ക് അലിഞ്ഞില്ലാതാവുന്നതും നോക്കി വെറുതെയിരുന്നു.

“ എന്തായിരുന്നു അയാളുടെ അസുഖം? ഇങ്ങനെയൊക്കെ ആൾക്കാർക്ക് അനുഭവങ്ങൾ ഉണ്ടാകുമോ?” കുറച്ചു നേരമായി ഞങ്ങൾക്കിടയിടുണ്ടായ നിശ്ശബ്ദത ഭേദിക്കാൻ ശ്രമിച്ചുകൊണ്ടു ഞാൻ പ്രകാശിനോട് ചോദിച്ചു.

“എന്റെ ഇത്രയും കാലത്തെ മെഡിക്കൽ പ്രാക്ടിസിൽ, ഇതുപോലൊരു കേസ് ആദ്യമായിട്ടാണ്. ‌ എന്താണ് അയാൾക്ക് സംഭവിച്ചതെന്ന് എനിക്ക് ഒരു ഊഹവും ഇല്ലായിരുന്നു. പക്ഷേ കുഞ്ഞു നഷ്ട്ടപ്പെട്ട കാര്യത്തിൽ അയാൾക്ക്‌ നല്ല ഡിപ്രെഷൻ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞു എട്ടു വർഷങ്ങൾക്കു ശേഷം, ആദ്യമായി ഉണ്ടായ പ്രഗ്നൻസി ആയിരുന്നു അത്. ആന്റി-ഡിപ്രെഷൻ മരുന്നുകൾ എഴുതിയിട്ട് ഞാൻ, അയാളോട്, ഒരു സി.റ്റി സ്‌ക്യാൻ കൂടി എടുത്തു ഒരു മാസത്തിനു ശേഷം വരാൻ പറഞ്ഞു വിട്ടു. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ വിളിക്കാൻ, എന്റെ മൊബൈൽ നമ്പറും കൊടുത്തിരുന്നു”.

“ അയാൾ പിന്നീട്‌ വന്നിരുന്നോ, പ്രകാശ് ?”

“ആ കൂടിക്കാഴ്ചക്ക് ശേഷം, ഏകദേശം ഒരു മൂന്നാഴ്ച്ച കഴിഞ്ഞപ്പോ അയാൾ എന്റെ മൊബൈലിൽ വിളിച്ചു”

“അതെയോ? എന്തിനു?” അലോഷിയെ പറ്റി കൂടുതലറിയാനുള്ള ആകാംക്ഷ എന്നെ കീഴടക്കാൻ തുടങ്ങി...

മുക്കാലും വലിച്ചുതീർന്ന സിഗരറ്റ്, ‌ആഷ്ട്രേയിൽ കുത്തികെടുത്തിയിട്ടു പ്രകാശ്, അലോഷി എന്ന പുസ്തകത്തിലെ അടുത്ത അദ്ധ്യായംതുറന്നു ...

“ ഒരു പ്രണയ വിവാഹമായിരുന്നു, അലോഷിയുടേത്. ഭാര്യ ഹിന്ദുവും, ജനിച്ചത് കൃസ്ത്യൻ ആയിട്ടെങ്കിലും,അയാള് തികഞ്ഞ യുക്തിവാദിയും. വിവാഹശേഷം രണ്ടു പേരും കാര്യമായി പള്ളിയിലോ അമ്പലത്തിലോ ഒന്നും പോകുമായിരുന്നില്ല. ഈ സംഭവത്തിന് ശേഷം, അയാളുടെ ഭാര്യക്ക് അക്കാര്യത്തിൽ കടുത്ത കുറ്റബോധം തുടങ്ങിയിരുന്നു. മാത്രമല്ല അവരുടെ തറവാട് ഒരു അമ്പല മതില്കെട്ടിനു ചേർന്ന് തന്നെയായിരുന്നു. വിവാഹശേഷം ഭഗവതിയെ മറന്നതിനുള്ള ശിക്ഷയാണ് കിട്ടിയതെന്ന് അവർ വിശ്വസിക്കാൻ തുടങ്ങി. അവരുടെ അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയമായിരുന്നു അത്. പ്രായശ്ചിത്തമായി ആ അമ്പലത്തിലെ ഉത്സവപൂജകളിൽ പങ്കെടുക്കാൻ അലോഷിയുടെ ഭാര്യ അവരുടെ വീട്ടിലേക്കു പോകാനിരിക്കുമ്പോഴാണ്, അലോഷിക്ക് വീണ്ടുമൊരു വിചിത്രമായ അനുഭവമുണ്ടാകുന്നത്‌”.

“ ഇത്തവണ അയാൾ, എന്താണ് പറഞ്ഞത് ?” എന്റെ ജിജ്ഞാസ വാക്കുകളായി പുറത്തു ചാടി.

“ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു അയാൾ. ബസിലെ വിൻഡോ സീറ്റിൽ, പുറംകാഴ്ചകളിലേക്കു കണ്ണുംനട്ടിരിക്കുമ്പോഴാണ്, ഒരു കവലയിൽ വച്ചു ഒരു കൂട്ടം രാഷ്രീയപ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം അലോഷി കാണാനിടയായത്. ആ കാഴ്ച്ച കണ്ടതിന് ശേഷം അയാൾ അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നു. അടുത്ത സ്റ്റോപ്പിൽ ഒരു കുരിശുപള്ളിയുടെ മുന്നിൽ ബസ്സ് നിറുത്തിയപ്പോ, അയാളുടെ കണ്ണിലേക്കു ആ കനത്ത വെളിച്ചമടിച്ചു. കാഴ്ചയെ മറച്ചുകൊണ്ടു തെളിഞ്ഞ വന്ന പ്രകാശരൂപങ്ങളിൽ അയാൾ, തിരുമുറിവുകളിൽ നിന്ന് ചോര വാർന്നൊഴുകുന്ന ക്രൂശിതനായ ഈശോയെ കണ്ടുപോലും! പിന്നെ ശത്രുനിഗ്രഹം ചെയ്തു ഘോരനടനമാടുന്ന ഉഗ്രരൂപിണിയായ ഭഗവതിയെയും!! ഇടിമുഴക്കം പോലൊരു ശബ്ദം ചെവികളിൽ മുഴങ്ങുന്നതിനോടൊപ്പം, അലോഷി ആകാശത്തിലേക്കു വലിച്ചെറിയപ്പെട്ടിരുന്നു. മുകളിൽ പഞ്ഞികെട്ടുപോലെ പാറി നടന്ന അയാൾ, ഒരു കൂട്ടനിലവിളികേട്ടു താഴേക്ക് നോക്കുമ്പോൾ കണ്ടത്, ബോംബ് സ്ഫോടനത്തിലെന്നവണ്ണം ചിതറി തെറിച്ചു കിടക്കുന്ന നൂറു കണക്കിന് മനുഷ്യശരീരങ്ങളായിരുന്നു. കൂട്ടത്തിൽ തല പൊളിഞ്ഞു ചോരയൊലിപ്പിച്ചു അയാളുടെ ഭാര്യ രശ്മിയും!!”

“എന്നിട്ടു?” എന്റെ ചോദ്യം പകുതിയേ പുറത്തു വന്നുള്ളു...

“കാഴ്ച തെളിയുമ്പോൾ അലോഷിക്കു ശരീരം പൊള്ളാൻ തുടങ്ങി. ഒരു തരത്തിൽ എങ്ങനെയോ വീട്ടിലെത്തി എന്നാണ് അയാൾ എന്നോട് പറഞ്ഞത്. രാത്രി മുഴുവൻ പൊള്ളിപ്പനിച്ച്‌ ബോധം നഷ്ട്ടപെട്ട അലോഷി, അടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റായി. അയാളുടെ ഭാര്യക്ക് പിറ്റേന്ന് നാട്ടിലെ അമ്പലത്തിൽ ഉത്സവം കൂടാൻ പോകാനും സാധിച്ചില്ല. പക്ഷെ, പിറ്റേന്ന് രാത്രിയാണ് നാട് മുഴുവൻ നടുക്കിയ ആ ദുരന്തം ഉണ്ടായത്! രശ്മിയുടെ നാട്ടിലെ അമ്പലത്തിലുണ്ടായ ഭയാനകമായ വെടിക്കെട്ടപകടത്തിൽ നൂറു കണക്കിലാളുകൾ അതിദാരുണമായി കൊല്ലപ്പെട്ടു!! അമ്പലമതിലിനോട് ചേർന്ന രശ്മിയുടെ വീട് അപ്പാടേ തകർന്നു; കൂട്ടത്തിൽ അവരുടെ അമ്മയെയും എന്നന്നേക്കുമായി നഷ്ടമായി”... പ്രകാശ് ഇത് പറയുമ്പോൾ, നന്നായി തണുപ്പിച്ച മദ്യം എന്റെ തൊണ്ടക്കുഴിയിൽ ഒരു നീറ്റലായി പൊള്ളിയിറങ്ങുകയായിരുന്നു!

“ പ്രകാശ്, പിന്നീട് അയാളെ കണ്ടിട്ടില്ലേ?”

“മൂന്നാല് ആഴ്ചകൾക്കു മുൻപ്, സി.റ്റി സ്‌ക്യാൻ റിപ്പോർട്ടുമായി അലോഷി എന്നെ കാണാൻ വന്നിരുന്നു. സ്‌ക്യാൻ റിപ്പോർട്ടിൽ നിന്ന് ഞാൻ ആ സത്യം മനസ്സിലാക്കി. അയാളുടെ തലച്ചോറിലെ ഞരമ്പുകളിൽ, ജീവൻ തന്നെ അപായപ്പെടുത്താൻ കെൽപ്പുള്ള ഒരു റ്റ്യുമർ ഉണ്ടായിരുന്നു! സർജറി അല്ലാതെ മറ്റൊരു പോം വഴിയും ഇല്ല!!”

രാത്രി വൈകാൻ തുടങ്ങിയിരുന്നു. പിന്നീട് ഞങ്ങൾ തമ്മിൽ കാര്യമായൊന്നും സംസാരിച്ചില്ല. യാത്ര പറഞ്ഞിറങ്ങാൻ നേരം, കുറെ നേരമായി എന്റെയുള്ളിൽ ചുരമാന്തിക്കൊണ്ടിരുന്ന ആ സംശയം ഞാൻ ചോദിച്ചു...

“പ്രകാശ്, ഈ സർജറി കഴിഞ്ഞാൽ അയാൾക്കിനി ഇത്തരം പ്രവചന സ്വഭാവമുള്ള കാഴ്ചകൾ കാണാൻ കഴിയുമോ?”

“ ഞങ്ങൾ ചികിത്സിക്കുന്നത് അയാളുടെ തലച്ചോറിലെ മുഴയെയാണ്; അല്ലാതെ അയാളുടെ മനസിലെ ഭ്രമാത്മക ചിന്തകളെയല്ല!” എന്നാണ് Dr.പ്രകാശ് മറുപടി പറഞ്ഞത്.

നാളെയാണ് അലോഷിയുടെ ആ സർജറി. ഞാനിതെഴുതുമ്പോൾ, അയാൾ മെഡിക്കൽ കോളേജിലേ പ്രീ-സർജിക്കൽ വാർഡിൽ, മരുന്നുകളുടെ ആലസ്യത്തിൽ മയങ്ങിക്കിടക്കുകയാവും. പക്ഷെ ഞാൻ അസ്വസ്ഥനാണ്; അലോഷിയുടെ ചത്തമീനിന്റേതു പോലെയുള്ള തുറിച്ച രണ്ടു കണ്ണുകൾക്കും നടുവിൽ, മറ്റാരും കാണാതെ അയാൾക്ക് വേണ്ടി മാത്രം തുറക്കുന്ന ആ മൂന്നാം കണ്ണ്, ഇനി എന്നന്നേക്കുമായി അടഞ്ഞുപോകുമോ ? അതറിയാൻ നിങ്ങളെപ്പോലെ തന്നെ ഞാനും ആശങ്കയോടെ കാത്തിരിക്കുകയാണ്…
(അവസാനിച്ചു)

കടപ്പാട്: കനത്ത വ്യഥകളുടെ, കടുത്ത ആകുലതകളുടെ വേലിയേറ്റങ്ങളിൽ, കാഴ്ചയെ ഭാഗികമായി മറച്ചു പ്രത്യക്ഷപ്പെടുന്ന വിചിത്രമായ ആ പ്രകാശരൂപങ്ങൾക്ക്!!

©️അനീഷ് സുന്ദരേശൻ. 10-Mar-2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot