"പത്തയ്‌മ്പത് ഗ്രോബാഗിൽ ഞാൻ പച്ചക്കറി നടുന്നതെ എന്റെ ഒരു സന്തോഷത്തിന് ബേണ്ടിയാ...അതീ കേറി ആരും നെരങ്ങണ്ടാ...ഒരാള് ബേങ്കിലും പിള്ളേര് സ്‌കൂളിലും പോയിക്കയിഞ്ഞാ ഓറ മീട്ടത്തന്നെ നോക്കിയിരിക്കണ്ടല്ലാ ബിചാരിച്ചാ ഈ പണിക്ക് എറങ്യേ...കയിഞ്ഞ രണ്ടു കൊല്ലായിട്ട് പച്ചക്കറി പൊറത്ത്‌ന്ന് ബാങ്ങീനാ..ഇല്ലല്ലാ...എന്നിറ്റാന്ന് കുറ്റം പറയാൻ ബെര്‌ന്ന്..ഒര് കപ്പ് ബെള്ളം ആ ചെടികൾക്ക് ഒയിച്ച ബന്ധം ഓർക്ക്‌ല്ല...എന്നാ കുറ്റം പറയാൻ മുമ്പില്.. അതേട്യാന്ന്..അതല്ലേ പഠിച്ചിനി... ബെച്ചു ബളംബി മുന്നി കൊണ്ടച്ചാ ചൊറിന് ഉപ്പില്ല കൂട്ടാൻ അടിക്ക് പിടിച്ചിനി..ഒരു കയിലിട്ട് ആ കൂട്ടാൻ ഒന്ന് എളക്ക്വോ..ഏട...കുറ്റം പറയാൻ മാത്രം തിന്നോളും മുടിഞ്ഞ തള്ള..""നീയെന്നാണേ രാജി ഈ പറുപറ പറീയ്‌ന്ന്". ഭാര്യയുടെ ചവിട്ടിത്തുള്ളൽ കണ്ടു കൊണ്ടു വന്ന അജീഷ് കാര്യം തിരക്കി..
"ആഹാ...ഇപ്പോ എന്റെ പറുപറ പറയൽ ആണ് നിങ്ങക്ക് പ്രശ്നം...അല്ലാണ്ട് നിങ്ങള അമ്മ ചെയ്യ്‌ന്നയല്ല.." രാജി നല്ല ചൂടിലാണല്ലോ..അജീഷ് ഫ്രിഡ്ജിൽ ചാരി നിന്നു..
" നീ കാര്യം പറയണേ... അമ്മ എന്നാ നിന്നെ ചെയ്തേ?"
"അമ്മ എന്ന ഒന്നും ചെയ്തില്ലപ്പാ...." അവൾ ദീർഘനിശ്വാസം വിട്ടു...
"എന്റെ ചെടികളെ നോക്കാനൊന്നും ഓറ് ബെരൂല...എന്ന കുറ്റം പറയാണ്ട് നിന്നൂടെ...യ്യോ..ന്റെണേ..നിന്റെ കഷ്ടപ്പാടിനൊന്നും കിട്ടാൻ പോകുന്നില്ലാന്നാ എനക്ക് തോന്ന്‌ന്നെ.. ഓറ് എന്റെ ചെട്യളെ നോക്കി പറഞ്ഞ്യാ..സഹിക്ക്വോ..നിങ്ങള് പറ എനക്ക് സഹിക്ക്വോ...മാച്ചിയെടുത്തു ആ ചപ്പും കാട്ടൊം ചിള്ളാൻ മിറ്റത്ത് എറങ്ങാത്ത ഇബ്റാന്നു ഇപ്പോ ബടക്കോറത്ത് എന്റ ചെടി ചിള്ളാൻ നിക്ക്‌ന്ന്.. നിങ്ങക്ക് കേക്കണാ.. ഈന്റടക്ക് എന്റ മാലാഖേന ചിള്ളി ബേര് മുഴ്‌വൻ പൊറത്താക്കിയിട്ടിനി.. ഇതെന്നാപ്പാ എന്റ കുഞ്ഞിയ്‌ക്ക് ബാട്ടം പിടിച്ചിനി ബിചാരിച്ച് നോക്കിയപ്പോ ദാ ബേരെല്ലാം പൊറത്ത്...തലപ്പ് നുള്ളാനും മണ്ണെല്ലാം ചിള്ളാനും എനക്കറിയാ..അയിന് ഓറ് നിക്കണ്ടാ..."
"എന്റണേ ഈനാന്നാ നീ അമ്മെന ഇങ്ങനെ കുറ്റം പറീന്നെ.."
"ആ...ഈനന്നെ..മിഞ്ഞാന്ന് ഓറ് ചോയിച്ചു... ണേ രാജി..അന്റ ബെള്ളരീം മത്തനും കായ്ക്ക്ക്വോ ന്ന്... അതിലെ കൊനിഷ്ട് തിരിയാഞ്ഞിട്ടൊന്നുവല്ല...അമ്മ ചോയിച്ചയല്ലേ ബിചാരിച്ച് ഞാ സത്യസന്ധായിറ്റ് കാര്യം പറഞ്ഞു..മത്തനും ബെള്ളരീം കൈപ്പേം ഒക്കെ പൂക്കുന്നുണ്ടമ്മേ.. പക്ഷേങ്കില് മുഴ്‌വനും ആമ്പൂവാ... അയിന് അമ്മ പറഞ്ഞ കേക്കണ നിങ്ങക്ക്..ആ ഏട്യാന്ന് പെമ്പൂ ഇണ്ടാവണ്ടേ.. അയിന് പെണ്കുഞ്യളോട് സ്നേഹം ഇണ്ടാവണം.. അമ്മ ആ പറഞ്ഞെന്റെ അർത്ഥം എന്നാ അജീഷേട്ടാ.. ഞാ നെരക്കനേ നാല് ആണ്കുഞ്യളെ പെറ്റിട്ടതിന് അല്ലെ..എനക്ക് പെണ്കുഞ്യളോട് ഇഷ്ടം ഇല്ലായിട്ടാണോ ആണ്കുഞ്യോളെ കിട്ടിയേ... എന്റ കൊയപ്പം കൊണ്ടാണോ എനക്ക് പെണ്കുഞ്യേ കിട്ടാഞ്ഞേ...പറ.. അജീഷേട്ടൻ പറ...". രാജിയുടെ കണ്ണുകളിൽ തീ ആളുന്നത് കണ്ട അജീഷ് മെല്ലെ രംഗം വിടാൻ ഒരുങ്ങി..
" അയിന് നീ എന്ന നോക്കി പേടിപ്പിക്കുന്നയെന്തിനാ..കണ്ടാൽ തോന്നും ഞാനാ കാരണംന്ന്".. അജീഷ് വിക്കി..
" പിന്നല്ലാണ്ട്.. ഞാനും നിങ്ങളും ബയോളജിക്ക് ഒരേ ബൂക്കന്ന്യല്ലേ പഠിച്ചേ...എന്നിറ്റും തിരിഞ്ഞില്ലെങ്കിൽ പോയി ബില്ലോന്റെ സയൻസ് ബുക്ക് എടുത്തു നോക്ക്.. ഇങ്ങള തള്ളച്ചീനേം കാണിച്ച് കൊട്..കയിഞ്ഞ കൊല്ലം ഞാൻ നെരക്കന നട്ട കപ്പക്കേല് നെറച്ചും ആമ്പൂ ഇണ്ടായത് നിങ്ങള് ഓർക്ക്‌ന്ന്‌ണ്ടാ.. അയിനും ഇപ്പോ എനക്കാ കുറ്റം.." അവൾ മൂക്ക് ചീറ്റി വിരൽ മാക്സീൽ തുടച്ചു...
"എണേ രാജിപ്പെണ്ണേ" അജീഷ് മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു..
"കൊഞ്ചാണ്ട് പോ മനുഷ്യാ"
"അതേ.. ണേ.. നോക്ക്.." അവൻ അവളുടെ മാക്സിയിലെ തൂങ്ങിക്കിടക്കുന്ന നൂല് വിരലിൽ ചുറ്റാൻ തുടങ്ങി.."നമ്മക്ക് അമ്മെന്റെ പരാതി അങ്ങു തീർത്താലോ...ഒരു പെണ്കുഞ്ഞ് കൂടി..ഏ ...".
"ഏ പണ്ടാരക്കാലാ മനുഷ്യന നാണം കെടുത്താനായിട്ട്.. എന്നകൊണ്ടൊന്നും പറ്റൂല ഈ നാല്പതാം ബയസ്സില് ഒക്കത്ത് ഒര് കുഞ്ഞീനേം തട്ടീറ്റ് നടക്കാൻ.. ഇങ്ങള മനസ്സിലിരിപ്പ് ഇതാണേൽ ഞാ ഇന്ന് തൊട്ട് പിള്ളേരുടെ റൂമിൽ കെടക്കുവേ". പാനീം കൊണ്ട് കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ അവൾ ഉറക്കെ പറഞ്ഞു.
*******
"നീയല്ലേ ഇന്ന് തൊട്ട് ചെക്കന്മാരുടെ മുറീലാണ് കെടക്കുവ പറഞ്ഞേ..ന്ന്റ്റെന്താ ഈട...". അജീഷ് കൃത്രിമ ഗൗരവം നടിച്ചു ജഗ്ഗിൽ വെള്ളവുമായി ബെഡ്റൂമിന്റെ കതക് പൂട്ടി തന്റെ അരികിലേക്ക് വന്ന രാജിയോടായി ചോദിച്ചു. "അത് പിന്നെ...". അവളുടെ മുഖം ചുവന്നു.
" ഈ പ്രായത്തില് ഒക്കത്ത് ഒരു കുഞ്ഞീന തട്ടാൻ നിങ്ങക്ക് പറ്റ്വോ?".
" പറ്റാണ്ട് പിന്നെ..". അജീഷ് കള്ളച്ചിരി ചിരിച്ചു.
"എനക്കും പറ്റും.. മത്തനോ നമുക്കൊരു പെമ്പൂ തരുന്നില്ല..നമ്മളെങ്കിലും". അവൾ അജീഷിനോട് ചേർന്നു അവന്റെ കരവലയത്തിൽ അലിഞ്ഞ നേരം അവളുടെ വടക്കേപുറത്തെ മത്തൻ വള്ളിയിൽ ഒരു പെണ്പൂ അടുത്ത പുലരിയിലേക്ക് മിഴി തുറക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു...
*****
ഷൈമ രേവതി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക