നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലറിഞ്ഞ മേഘം(കഥ)


നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയായിരുന്നു ട്രെന്റ്സ് എന്ന ബ്രൈഡൽ ബൊട്ടിക്ക്. സഹപാഠിയുടെ വിവാഹത്തിന് കൂട്ടുകാർ എല്ലാവരും ചേർന്ന് അവിടെ നിന്ന് ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ഓർഡർ ചെയ്തത് കൊണ്ടു മാത്രമാണ് മേഘ്ന അവിടേക്കെത്തിയത്. ഓട്ടോയിൽ വന്ന് മീനമാസ വെയിൽച്ചൂടി നിന്ന് ബൊട്ടിക്കിന്റെ നിഴലിലേക്ക്കിറങ്ങുമ്പോൾ ഒരാശ്വാസം അവളെ തഴുകി നിന്നു.

ഞായറാഴ്ച സ്ഥാപനത്തിന് അവധിയാണ്. പക്ഷെ ജോലിക്കാർ ആരെങ്കിലും ഓരോ ആഴ്ചയിലേയും കളർ തീമിന് അനുസരിച്ച് ഫോട്ടോകളും മാനിക്വിന്റെ വേഷങ്ങൾ മാറ്റാനുമായി എത്താറുണ്ട്. ഫിറ്റിങ്ങിനായി മറ്റു ദിവസങ്ങളിൽ എത്താൻ കഴിയില്ലെന്നറിയിച്ചപ്പോൾ ഞായറാഴ്ചയെത്താൻ മേഘ്നയെ അറിയിക്കുകയായിരുന്നു.

ഫിറ്റിംഗിനാണെന്ന് പറഞ്ഞപ്പോൾ മേഘ്ന യെ വെയിറ്റിംഗ് ഏരിയയിൽ ഇരുത്തി അകത്തേക്ക് പോയ പെൺകുട്ടി തിരിച്ചുവന്നത് അവൾക്കായ് തുന്നിയ പുതിയ ഉടുപ്പുമായാണ് . സിലി എന്ന എന്ന് സ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി അവളെ കൊണ്ട് പോയത് അത് നിറയെ കണ്ണാടി ചുമരുകളുള്ള ഒരു മുറിയിലേക്കാണ്. ഒന്നിടവിട ഓരോ കണ്ണാടി പാളിയും ഒരു വസ്ത്രം മാറാനുള്ള മുറിയുടെ വാതിലാണ്. ഒരു മുറിയുടെ വാതിൽ തുറന്ന് സിലി അവളെ ക്ഷണിച്ചു.

" ഗൗൺ ട്രൈ ചെയ്തോളു. അതിട്ടു പുറത്തു വന്നാൽ മതി. സായമാഡം അപ്പോഴേക്കുമെത്തും."

"സായ മാഡം ….?"
ആ പെൺകുട്ടി ഒന്നു ചിരിച്ചു. ഞങ്ങളുടെ മെയിൻ ഡിസൈനർ - സായ നന്ദിനി. മാഡമാണ് കുട്ടിയുടെ ഗൗണും ഡിസൈൻ ചെയ്തത്. ഫിറ്റിംഗ് നോക്കാൻ മാഡം തന്നെ വരും."

സിലി പുറത്തേയ്ക്ക് പോയിട്ടും മേഘ്ന അവിടെ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു.

സായ......
ഒരിക്കൽ ഒരുപാടിഷ്ടപ്പെട്ടിരുന്ന, ഒരിക്കൽ നേരിട്ട് കാണമെന്ന് ആഗ്രഹിച്ചിരുന്ന തന്റെ സായേച്ചി, പിന്നെ ചതിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഇഷ്ടപ്പെട്ടതിനേക്കൾ പതിന്മടങ്ങ് വെറുത്ത സ്ത്രീ .
അല്ല, സ്ത്രീയല്ല. ആണും പെണ്ണും കെട്ട ഒരു ജന്മം .

വീണ്ടും ഓർമ്മകളിൽ സായ നന്ദിനി കരിനിഴലായി നിന്നു.

" സായ എന്റെ സുഹൃത്താണ്. ഒരു വളർന്നു വരുന്ന ഡിസൈനർ . അവൾ നിന്നെ വിളിക്കും. നിനക്കായി ഒരു സമ്മാനമൊരുക്കുന്നുണ്ട് ഞങ്ങൾ "

അന്നാണ് ആദ്യമായി ആ പേര് കേട്ടത്. പറഞ്ഞത് രവിയേട്ടനും .

"സായ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് മിമി . ഞാനും അവളും ഒരേ പ്രായമാണ്. അവൾക്ക് കുറച്ചു പേഴ്സണൽ പ്രശ്നങ്ങളുണ്ട്. അവളൊന്ന് സെറ്റിലാവാതെ ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. "

"അപ്പോൾ നന്ദേട്ടനോ? എട്ടനല്ലേ രവിയട്ടേന്റെ ഏറ്റവുമടുത്ത ഫ്രണ്ട്. അതോ നാടുവിട്ടു പോയത് കൊണ്ട് എന്റേട്ടനെ മറന്നോ?"

" മറക്കാനോ? അവനില്ലാതെ ഞാനും ഞാനില്ലാതെ അവനുമുണ്ടോ ? നീ തന്നെയല്ലെ വെയിലും നിഴലുമെന്നും ഞങ്ങളെ വിളിച്ചിരുന്നത്. അതോ സായ ഒരു പെൺകുട്ടിയായത് കൊണ്ട് ഒരു കുശുമ്പ് വന്നോ എന്റെ പെണ്ണിന്?"

"അപ്പോഴെ പറഞ്ഞതാ ഇവളുടെ അമ്മ വീട്ടുകാരുമായി ഇനിയൊരു ബന്ധം വേണ്ടെന്ന്.
എന്തൊക്കെയായിരുന്നു. നല്ല പയ്യൻ ! നല്ല ജോലി! സ്വന്തം ഫ്ലാറ്റ് ! അല്ല എത്ര കാണും ഈ സ്വന്തം ഫ്ലാറ്റുകൾ. അവൾക്കായി ആ ഫ്ലാറ്റെടുത്തതും അവനാ . എന്നും അവിടെ പോക്കുവരവുമുണ്ട്. ഇന്ന് നാട്ടുകാരു കൂടി കയ്യോടെ പിടിച്ചു കെട്ടിയിട്ടിട്ടുണ്ട്. കണ്ടോ വൈറലായി ഓടുന്ന ഫോട്ടോകൾ "

വലിയച്ഛൻ നീട്ടിയ ഫോണിൽ തൂണിൽ കെട്ടിയിട്ട നിലയിൽ തന്റെ വിരലിലെ മോതിരത്തിന്റെ അവകാശി. അടുത്തു തല താഴ്ത്തി നിൽക്കുന്ന ഒരു പെൺകുട്ടി -

"മോളെ വിളിക്കാറില്ലേ, അവന്റെ കൂട്ടുകാരി ? സായ. അവരാണത്. അതൊരു ട്രാൻസ്ജെന്ററാണെന്ന് മോൾക്കറിയാമായിരുന്നോ? "
അച്ഛന്റെ സ്വരം വളരെ തളർന്നിരുന്നു. അച്ഛനവിടെ പോയി നേരിട്ട് കണ്ടു വന്നതാണ്. സ്വന്തം മകൾ ചതിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞപ്പോഴുള്ള സങ്കടം മാത്രമായിരുന്നോ?

" സായേച്ചി പക്ഷെ ജോലി കിട്ടി അഹമ്മദാബാദിലേക്ക് പോയതാണ്."

" ഇനിയും നിനക്ക് മനസ്സിലായില്ലേ മിമി. രണ്ടും കൂടി നിന്നെ ചതിക്കുകയായിരുന്നു. നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ അവന്റെ പെണ്ണായി നീ . അവർക്ക് രഹസ്യമായി ബന്ധം തുടരുകയും ചെയ്യാം. നീയൊരു പൊട്ടിയായത് കൊണ്ട് എല്ലാം സമ്മതിച്ചു കൊടുക്കുമെന്നവർക്കറിയാം "

നിന്നെ ചതിച്ചതാ മിമി … വല്ല്യച്ഛന്റെ സ്വരം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. വർഷങ്ങൾക്കു ശേഷവും .

അച്ഛൻ പിന്നെ ചിരിച്ചു കണ്ടിട്ടില്ല. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഹൃദയം പണിമുടക്കി അച്ഛനും പോയി. രവിയേട്ടനേയും വീട്ടുകാരേയും മാത്രമല്ല അമ്മയുടെ വീട്ടിൽ നിന്നു വന്നവരെ പോലും വല്ല്യച്ചനും മക്കളും വീട്ടിലേക്കു കടക്കാൻ അനുവദിച്ചില്ല. അവരെല്ലാവരും ചേർന്നാണ് എന്നേയും അച്ഛനേയും ചതിച്ചതെന്നും അതിൽ മനം നൊന്താണ് അച്ഛൻ മരിച്ചതെന്നുമായിരുന്നു അവരുടെ വാദം. മരണ വീട്ടിൽ ഒരു വഴക്ക് വേണ്ടെന്ന് പറഞ്ഞ് അവരെല്ലാം തിരിച്ചു പോയി. പിന്നെ ഒളിച്ചോട്ടമായിരുന്നു -എല്ലാ ഇഷ്ടങ്ങളിൽ നിന്നും, ബന്ധങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും.

അമ്മയുടെ വീടിന്റെ തൊട്ടടുത്ത വീട്. അമ്മാവന്റെ കൂട്ടുകാരന്റെ മകൻ. അമ്മാവന്റെ മകൻ നന്ദേട്ടന്റെ സന്തത സഹചാരി. അങ്ങനെയായിരുന്നു രവിയേട്ടനെ പരിചയം. കുഞ്ഞിലെ അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിൽ പോകുമ്പോൾ കാണാറുണ്ടായിരുന്നു. കുറച്ചു മുതിർന്നതിൽ പിന്നെ നന്ദേട്ടനേയും രവിയേട്ടനേയും കാണാറേയില്ല. ഒഴിവുള്ളപ്പോഴെല്ലാം അവരൊരുമിച്ചു യാത്രകളായിരുന്നു.

അമ്മ മരിച്ചതിൽ പിന്നെ അമ്മവീട്ടിലേക്കുള്ള യാത്രകളും നിന്നു. പിന്നെയെപ്പോഴോ നന്ദേട്ടൻ അമ്മാവനോടു പിണങ്ങി നാടുവിട്ടെന്നുമറിഞ്ഞു. രവിയെ പിന്നെ മേഘ്ന കാണുന്നത് എറണാകുളത്തു വച്ചാണ്. അവൾ തന്നെയാണ് ചെന്ന് പരിചയം പുതുക്കിയതും വീണ്ടും കൂട്ടായതും. സൗഹൃദം പ്രണയത്തിനു വഴിമാറിയപ്പോൾ ആദ്യം അതു തുറന്നു പറഞ്ഞതും അവളായിരുന്നു. സായയെന്ന സുഹൃത്തിനെ പറ്റി അന്നു പറഞ്ഞിരുന്നതാണ്. പക്ഷെ അതിങ്ങനെ ഒരു ബന്ധമാണെന്ന് ഒരിക്കലും കരുതിയില്ല.

രവിയുടെ പ്രണയം ശാന്തമായൊഴുകുന്ന പുഴപോലെയായിരുന്നു. സംസാരിച്ചതും ബഹളം വച്ചിരുന്നതുമെല്ലാം മേഘ്നയായിരുന്നു. അവളെ കേട്ടുകൊണ്ട് കയ്യിൽ കൈ കോർത്തു ചേർന്നിരിക്കും. അവനോടൊപ്പം ഇരിക്കുമ്പോൾ ലഭിക്കുന്ന കരുതലും സുരക്ഷിതത്വവും അവളുമാസ്വദിച്ചിരിരുന്നു. പറയാതെ തന്നെ അവളുടെ ഇഷ്ടങ്ങളവനറിഞ്ഞു. ചോദിക്കും മുമ്പേ ഉത്തരം പറഞ്ഞു അവളെ പലപ്പോഴും അത്ഭുതപ്പെടുത്തി.

"നിന്റെ ഹൃദയമിപ്പോൾ എന്റെ കയ്യിലല്ലേ പെണ്ണേ ?" എന്നു പറഞ്ഞവളുടെ ചോദിക്കാത്ത ചോദ്യങ്ങൾക്കുത്തരമായി .

അവൻ ചതിക്കുകയായിരുന്നുവെന്ന് സ്വയം വിശ്വസിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല.

മിമിയുടെ അച്ഛനു സുഖമില്ലാതായപ്പോഴാണ് രവി വീട്ടിൽ അവളുടെ കാര്യം പറയുന്നത്. കുഞ്ഞിലേ മുതൽ അറിയാവുന്ന കുട്ടിയായത് കൊണ്ട് അവർക്കും എതിർപ്പില്ലായിരുന്നു. തടസ്സം പറഞ്ഞത് അവളുടെ അച്ഛന്റെ ചേട്ടനും കുടുംബത്തിലെ മറ്റു മുതിർന്നവരുമായിരുന്നു.
പ്രണയിനിയെ വിപ്ലവകരമായി സ്വന്തമാക്കിയ ആ അച്ഛന് മകളുടെ പ്രണയത്തിന് എതിരു പറയാനായില്ല.

" സായേച്ചി വരില്ലേ നിശ്ചയത്തിന് ? : "

" ഇല്ല മിമിക്കുട്ടി . ഞാനപ്പോൾ ഗുജറാത്തിലായിരിക്കും. സ്ഥിര വരുമാനമുള്ള ഒരു ജോലി കിട്ടി. നിങ്ങളുടെ കല്യാണത്തിന് വരാട്ടോ. ഞാൻ പോകുന്നതിനു മുമ്പേ നിനക്കുള്ള വസ്ത്രങ്ങളും മറ്റും ഞാൻ രവിയെ ഏൽപിച്ചേക്കാം. എന്റെ അനിയത്തിക്കുട്ടി നിശ്ചയത്തിന് ഞാൻ തയിച്ച വേഷമിട്ടാൽ മതി. അതീ ചേച്ചിയുടെ ഒരു കുഞ്ഞു വാശിയാണ്. "

അതേ ചേച്ചിയെയാണ് രണ്ടാഴ്ചക്കിപ്പുറം അനിയത്തിക്കുട്ടിയുടെ പ്രതിശ്രുത വരനൊപ്പം നാട്ടുകാർ പിടിച്ച് തൂണിൽ കെട്ടിയിട്ടത്.

പിന്നീടൊരിക്കലും മിമി രവിയെ കണ്ടിട്ടില്ല. ഇത്ര സ്നേഹിച്ചിട്ടും രവി ചതിച്ചെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ അവൾക്കേറെ പ്രയാസമായിരുന്നു. അതോടെ എല്ലാ ബന്ധങ്ങളിലുമുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. മറ്റൊരു വിവാഹത്തിന് വീണ്ടും വീട്ടുകാർ നിർബന്ധിച്ചു തുടങ്ങിയപ്പോഴാണ് പഠനത്തിന്റെ പേരും പറഞ്ഞു വീടു വിട്ടിറങ്ങിയത്.

സായയെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയില്ല. ഇപ്പോഴും രവിയേട്ടൻ അവരുടെ കൂടെയായിരിക്കുമോ ? ഒന്നുമറിയില്ല. അവരെ കാണാൻ കഴിയില്ല. പുറത്തേയ്ക്കിറങ്ങാൻ വാതിലിനടുത്തെത്തിയപ്പോഴേക്കും അവരകത്തെത്തി.

ഒരു ട്രാൻസ് ജെൻററെന്നു പറയുമ്പോൾ മനസ്സിൽ വരുന്ന രൂപമേ ആയിരുന്നില്ലവർക്ക്. ലെഗ്ഗിങ്സും കുർത്തയും തോളറ്റം കിടക്കുന്ന നീണ്ട മുടിയും ഒരു മാലയും , നീളമുള്ള കമ്മലുകളും, മനോഹരമായ ചിരിയും.

സായയെന്ന് സിലി പേര് പറഞ്ഞിരുന്നുവെങ്കിലും ആ മുഖത്ത് നോക്കിയപ്പോൾ മറ്റൊരു പേരെങ്ങനെയാണ് ചുണ്ടിൽ വന്നത് ?

" നന്ദേട്ടൻ "

" ഇനിയും ഒരുങ്ങിയില്ലെ മിമിക്കുട്ടി ? അല്ലെങ്കിലും അത് ട്രൈ ചെയ്യണമെന്നില്ല. അത് കറക്ടായിരിക്കും. വാ നമുക്കൊന്നു പുറത്തു പോകാം ."

അവർ പറയുന്നതൊന്നു മിമി കേൾക്കുന്നുണ്ടായിരുന്നില്ല. ഒരിക്കൽ നഷ്ടപ്പെട്ട ഏട്ടനെ തിരിച്ചു കിട്ടിയ സന്തോഷമാണോ? അതോ തന്റെ ഏട്ടൻ തന്നെയാണോ തന്നെ ചതിച്ചന്നെ തിരിച്ചറിവാണോ ഒന്നും കേൾക്കാതെ ഒന്നും പറയാതെ മിമി ഒരു പ്രതിമ പോലെ നിന്നു. ഉള്ളിലെ സങ്കടവും പരിഭവങ്ങളും കണ്ണുനീരായി അവരിരുവരുടേയും കവിളുകളെ നനച്ചു കൊണ്ടിരുന്നു.

" അപ്പോൾ നന്ദേട്ടനായിരുന്നോ .... ?"

" ഒരിക്കലെ രവി എന്നോട് ദേഷ്യപ്പെട്ടിട്ടുള്ളു. എന്നോട് പിണങ്ങിയിട്ടുള്ളു. അത് നിനക്ക് വേണ്ടിയായിരുന്നു. നീ വീട്ടിൽ നിന്ന് പോയെന്നറിഞ്ഞപ്പോൾ , എവിടെയാണെന്ന് നിന്റെ വീട്ടുകാർ തുറന്നു പറയാതിരുന്നപ്പോൾ , നീ എവിടെ എങ്ങനെയിരിക്കുന്നു എന്നറിയാതായപ്പോൾ അവനെന്നെ കുറ്റപ്പെടുത്തി. "

കടൽതീരത്തെ തണൽ മരങ്ങൾക്കു കീഴിലെ ബഞ്ചിൽ സായയോടു ചേർന്നിരുന്നു അവൾക്കു പറയാനുള്ളത് കേൾക്കുകയായിരുന്നു മിമി .

" ഞാൻ നന്ദനാണെന്ന് നിന്നെ അറിയിക്കണമെന്ന് അവൻ എപ്പോഴും പറയുമായിരുന്നു. ഞാനാണ് സമ്മതിക്കാതിരുന്നത്. നീയെന്റെ കുഞ്ഞനുജത്തിയായിരുന്നു. നന്ദേട്ടൻ എന്റേട്ടനാണെന്നു പറയുന്ന നിന്നോട് ഞാൻ ചേട്ടനല്ല ചേച്ചിയാണെന്നു പറയാനെന്തുകൊണ്ടോ എനിക്കു കഴിഞ്ഞില്ല. എന്റെ അനുവാദമില്ലാതെ എന്റെ വ്യക്തി ജീവിതം നിന്നോടു തുറന്നു പറയാൻ രവിക്കും കഴിയില്ലായിരുന്നു. അവനെനിക്കെന്നും സുഹൃത്തിനുപരി ഒരു കൂടപ്പിറപ്പായിരുന്നു . ഞങ്ങൾ നിന്നെ പറ്റിക്കുകയായിരുന്നുവെന്ന് നിനക്കിപ്പോഴും തോന്നുന്നുണ്ടോ മിമി ? നിങ്ങളെന്നാവണമെന്ന് ഏറ്റവും ആഗ്രഹിച്ചത് ഞാനല്ലെ ? ആ ഞാൻ തന്നെ നിന്റെ രവിയേട്ടനെ നിന്നിൽ നിന്നകറ്റുമെന്ന് നീ കരുതുന്നുണ്ടോ? "

"ഓർമ വച്ച നാൾ മുതൽ രവിയായിരുന്നു എനിക്കു കൂട്ട്. ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഊണും ഉറക്കവും പഠിത്തവും എല്ലാം . അവന്റെ വീടും എന്റെ വീടും ഞങ്ങൾക്കൊരു പോലെയായിരുന്നു.

"എന്റെയുള്ളിലെ പെൺ മനസ്സിനെ തിരിച്ചറിഞ്ഞ ഞാൻ പതുക്കെ അവനിൽ നിന്നകലാൻ തുടങ്ങി. പക്ഷെ തന്നോടൊപ്പമുള്ള നിഴലിന് ഒരു സ്ത്രീ രൂപമാണെന് അവനും മനസ്സിലാക്കായിരുന്നു. ചുറ്റുനിന്നും കളിയാക്കലുകൾ കൂടി വന്നപ്പോൾ കുറച്ചു നാളേക്ക് അവനും എന്നെ അവഗണിച്ചിരുന്നു. സ്കൂളിൽ കൂട്ടുകാർക്കിടയിൽ ഒറ്റയ്ക്ക് പരിഹാസ്യനായി നിൽക്കുന്ന എന്നെ കണ്ട് സഹിക്കാതെ അവൻ വീണ്ടും എന്നെ തന്നോട് ചേർത്തു നിർത്തി. "

" ട്രാൻസ്ജെന്റർ എന്നാൽ എന്തെന്നറിയാനായി പിന്നെ ശ്രമം. ഒരു സൈക്യാട്രിസ്റ്റിനെ കണ്ടായിരുന്നു തുടക്കം. പിന്നെ പലരുമായും കോൺടാക്ട് ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പൂർണ്ണമായി സ്ത്രീയായി മാറാൻ കൗൺസലിംഗും മരുന്നുകളും പിന്നെ സർജറിയും വേണം. അതിനെല്ലാം വേണ്ട പണം സ്വരൂപിക്കാനായി പിന്നത്തെ ശ്രമം. അവധി ദിവസങ്ങളിലും വെക്കേഷൻ കാലത്തും കിട്ടുന്ന പണിക്കെല്ലാം പോകും. ഞങ്ങൾ രണ്ടും കൂടി കറങ്ങി നടക്കുകയാണെന്നാണ് വീട്ടുകാർ പോലും കരുതിയത്. ഉറുമ്പ് അരിമണി ചേർത്ത് വയ്ക്കുന്നത് പോലെ കിട്ടുന്ന ഓരോ രൂപയും ചേർത്തു വച്ചു.

എന്റെ സ്വകാര്യതയിൽ ഒരു പെണ്ണായി അണിഞ്ഞൊരുങ്ങാൻ എനിക്കുമിഷ്ടമായിരുന്നു. എനിക്ക് സഹോദരിമാരില്ലാത്തത് കൊണ്ട് എനിക്കു വേണ്ട സ്ത്രീ വേഷങ്ങൾ ഞാൻ തന്നെ തുന്നാൻ തുടങ്ങി. ഒരിക്കൽ ഒത്തിരി മോഹത്തോടെ ഒരു പട്ടുപാവാട തുന്നാൻ തുടങ്ങിയതാണ്. ഒരു ഡ്രാക്കുള വന്ന് അതും അടിച്ചു മാറ്റി. ഓർമ്മയുണ്ടോ മിമിക്കുട്ടി ?"

പഴയൊരോർമ്മയിൽ അവളുടെ മുഖത്തു ചിരി വിരിഞ്ഞു. അമ്മയുടെ തറവാട്ടിലാരുടേയോ വിവാഹം. തലേന്ന് തന്നെ അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലെത്തി. അന്ന് രാത്രി കുട്ടിപ്പട്ടാളത്തെ മുഴുവൻ രവിയേട്ടന്റെ വീട്ടിലാണ് ഉറങ്ങാൻ വിട്ടത്. അവിടത്തെ രാജി ചേച്ചിക്കായിരുന്നു കുട്ടികളുടെ മേൽനോട്ടം. മുതിർന്നവരെല്ലാം കല്യാണ വീട്ടിലെ പണികളുമായി കൂടി. രവിയേട്ടന്റെ വീട്ടിൽ കുട്ടികളെല്ലാം പല കഥകളുമായി ഉറങ്ങാതിരുന്നു. രാത്രി എപ്പോഴോ കറണ്ട് പോയിക്കഴിഞ്ഞാണ് നന്ദേട്ടൻ ഡ്രാക്കുളയുടെ കഥ പറഞ്ഞത്. കടവാതിലായി രക്തമൂറ്റിക്കുടിക്കുന്ന പ്രഭു. പിന്നെ അതായി ചർച്ചാ വിഷയം. സുന്ദരികളായ പെൺകുട്ടികളെ മാത്രമേ ഡ്രാക്കുള പിടിക്കുവെന്നും അതിനു ശേഷം ആ കുട്ടികളും കടവാതിലായി മാറുമെന്നും, വെളുത്തുള്ളിയും കുരിശും കണ്ടാൽ ഡ്രാക്കുള വരില്ലെന്നുമെല്ലാം വളരെ വിശദമായി തന്നെ കഥ പറഞ്ഞ നന്ദേട്ടൻ പറഞ്ഞു. എല്ലാവരേയും ഒന്നു പേടിപ്പിക്കണമെന്നേ കരുതിയുള്ളു. പക്ഷെ പെട്ടെന്ന് കറണ്ട് വന്നപ്പോൾ കുട്ടി പട്ടാളത്തിലെ ഏതോ ഒരു സുന്ദരിക്കുട്ടിയുടെ അലർച്ചയാണ് കേട്ടത്.
" മിമി ചേച്ചിയെ ഡ്രാക്കുള പിടിച്ചേ …. "

അപ്പോഴാണ് മിമിയും ഉടുപ്പിൽ പടർന്ന രക്തക്കറ ശ്രദ്ധിച്ചത്. കാര്യം മനസ്സിലായ രാജി ചേച്ചി അവളെ കുട്ടികൾക്കിടയിൽ നിന്ന് മാറ്റി സംഭവിച്ചത് വിവരിച്ചുകൊടുത്തു. മിമിയുടെ അമ്മയെ വിളിക്കാൻ രവി തറവാട്ടിലേക്കു പോയി. രാത്രി കുളി കഴിഞ്ഞു വന്ന മിമിക്കായി ഒരു പുതിയ പട്ടുപാവാടയും ബ്ലൗസുമായി നന്ദനുമെത്തി. ഇതെവിടെ നിന്നാണെന്ന് ആരോ ചോദിച്ചു. അതിന് അപ്പോഴെന്തോ തർക്കുത്തരവും പറഞ്ഞു.

" വയസ്സറിയിച്ച നാൾ മുതൽ നിനക്കായി ഉടുപ്പുകൾ തുന്നാൻ തുടങ്ങിയതാണ് മിമിക്കുട്ടി. അതാണ് ഇപ്പോൾ തയ്ച്ചതും പെർഫെക്ടായിരിക്കുമെന്ന് പറഞ്ഞത്. "

"പിന്നെന്തായി? എന്തിനാ നന്ദേട്ടൻ ഓടിപ്പോയത്?"

" എന്റെ രഹസ്യം സ്കൂളിലെ കൂട്ടുകാരിൽ നിന്ന് നാട്ടിൽ പാട്ടായി . താമസിക്കാതെ അത് വീട്ടിലുമെത്തി. എന്റെ സ്വഭാവദൂഷ്യമാണ് ഇതെന്നും വീട്ടുകാരെ നാണം കെടുത്താൻ ഞാൻ മനപൂർവ്വം ശ്രമിക്കുന്നുവെന്നുമായിരുന്നു അച്ഛൻ പറഞ്ഞത്. അച്ഛന്റെ കയ്യിൽ നിന്നും ഏട്ടന്മാരുടെ കയ്യിൽ നിന്നും ഒത്തിരി തല്ലു കിട്ടി. ഇനി സാധാരണ ആൺകുട്ടിയായി ജീവിക്കാമെന്ന് അമ്മയ്ക്ക് വാക്ക് കൊടുക്കേണ്ടി വന്നു. പക്ഷെ അതിനേക്കാൾ എന്നെ തളർത്തിയത് രവിയെ അവന്റെ വീട്ടുകാർ എന്നെ കാണുന്നതിൽ നിന്നും വിലക്കിയതാണ്. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ ഉടനെ അവനെ ബാംഗ്ലൂരിലുള്ള ഒരു ബന്ധുവീട്ടിലേക്കു മാറ്റി. പിന്നെ അവൻ പഠിച്ചതെല്ലാം അവിടെയാണ്. "

"രവി അവിടെയുള്ള ട്രാൻസ് കമ്യൂണിറ്റിയുമായി പരിചയപ്പെട്ടു. അവരിൽ നിന്നും നല്ല ചികിത്സ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പേരും ഡോക്ടർമാരുടെ പേരുമെല്ലാം ശേഖരിച്ചു. അപ്പോഴും ഞങ്ങൾ ജോലിക്കു പോവുകയും പൈസ സ്വരൂപിക്കുകയും ചെയ്തിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ പിന്നെ ഞാനും വീട്ടിൽ വഴക്കിട്ട് രവിയ്ക്കടുത്തേയ്ക്ക് പോയി. അവിടെ രവിയ്ക്കു പരിചയമുളള ഒരു കമ്യൂണിറ്റിയിൽ ചേർന്നു. അവരുടെ സഹായത്തോടെ പഠനവും ചികിത്സയും അവസാനം എന്നെ സ്ത്രീയാക്കിയ സർജറിയും. എന്റെ അനിയത്തിക്കുട്ടി എനിക്കിട്ട കളിപ്പേര് മൊഴിമാറ്റി സായയായി. സായ നന്ദിനി.
രവി കൊച്ചിയിലെത്തിയതിനു ശേഷം ഞാനും വന്നു. വയസ്സായ ദമ്പതികളോടൊപ്പം പെയിംഗ് ഗസ്റ്റായായിരുന്നു താമസം. പിന്നെ നീയും ഞങ്ങൾക്കൊപ്പമെത്തി. രവിയുടെ പെണ്ണായും എന്റെ അനുജത്തിയായും. ഞാനൊന്നു സെറ്റിലായാലെ നിങ്ങളുടെ വിവാഹ കാര്യം ചിന്തിക്കൂ എന്നായിരുന്നു രവിക്ക്. ഒരു കുടുംബത്തിന്റെ ഉത്തരവദിത്വം ചുമലിലേറിയാൽ അവന് എന്നെ സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ എന്ന പേടിയായിരുന്നു.

ആ സമയത്താണ് മാധവ് സാറിനെ പരിചയപ്പെടുന്നത്. എന്നെ പറ്റിയെല്ലാം അറിഞ്ഞു കൊണ്ടാണ് എന്നെ ഒരു ഡിസൈനറായി അഹമ്മദാബാദിലുള്ള സ്വന്തം കമ്പിനിയിലേക്ക് ക്ഷണിക്കുന്നത്. ഒരു നല്ല ഓഫറായത് കൊണ്ട് ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. നിങ്ങളുടെ വിവാഹം നിശ്ചയിച്ചു. രവിയും എന്റെ അനുജത്തിയും വിവാഹിതരാവുന്നു. എല്ലാം മംഗളമാകുന്നുവെന്നു ഞാൻ കരുതി പക്ഷെ …. "
സായ ഒരു നിമിഷം നിശബ്ദമായിരുന്നു. മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അവളിൽ വേദനയായി.

" എന്തു പറ്റി ചേച്ചി? അഹമ്മദാബാദിലേക്ക് പോയ ചേച്ചിയെന്താണ് തിരിച്ചു വന്നത്?"

" ഞാൻ ജോലിയിൽ പ്രവേശിക്കാൻ ചെന്ന സമയത്ത് മാധവ് സാറവിടെയുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം തിരിച്ചു നാട്ടിലേക്ക് പോന്നു. പിന്നെ അവിടെ അദ്ദേഹത്തിന്റെ കമ്പിനിയിലും താമസ സ്ഥലത്തും ഞാനനുഭവിച്ചത്….. എനിക്കോർക്കാൻ പോലും വയ്യ. തിരിച്ചു വരണമെന്നുണ്ടായിരുന്നു. പക്ഷെ അത് നിങ്ങളുടെ ജീവിതത്തെ, സന്തോഷത്തെ ബാധിച്ചാലോ എന്നു ഞാൻ ഭയന്നു. രവി വിളിക്കുമ്പോഴെല്ലാം എല്ലാം ഓകെയാണെന്നും ഞാൻ ഹാപ്പിയാണെന്നും പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഓർമ്മ വച്ച നാൾ മുതൽ കൂടെയുള്ള അവന് എന്റെ സ്വരത്തിലെ വ്യത്യാസങ്ങൾ മനസ്സിലായി. അവൻ നേരിട്ടു വന്നാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്. ആ സമയത്തെ പല സംഭവങ്ങളും എന്റെ ഓർമ്മയിൽ പോലുമില്ല. ഞാനപ്പോൾ വിഷാദരോഗിയായി മാറിക്കഴിഞ്ഞിരുന്നു. ജീവിക്കാൻ പോലും താത്പര്യമില്ലാത്ത അവസ്ഥ. മരിക്കാനുള്ള ആർജവമില്ല. രവി തന്നെ ഒരു ഫ്ലാറ്റെടുത്തു തന്നു. ഒരു സൈക്യാട്രിസ്റ്റിന്റെ കീഴിൽ ചികിത്സയും തുടങ്ങി.
ഞാനൊരു ട്രാൻസ്ജെന്ററാണെന്നറിഞ്ഞ ചിലർ എന്നെ ഫ്ലാറ്റിൽ വന്ന് സ്ഥിരമായി ശല്യപ്പെടുത്താൻ തുടങ്ങി. മരുന്നു കഴിച്ചു തുടങ്ങിയതോടെ ആത്മഹത്യയെ കുറിച്ചാണ് ഞാനധികവും ചിന്തിച്ചത്. എനിക്ക് കാവലായി രവി എന്റെ കൂടെ ഫ്ലാറ്റിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. പലപ്പോഴും അവനും എന്നെ ശല്യപ്പെടുത്തിയവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അവർ ഒരു രാത്രി നാട്ടുകാരെ കൂട്ടിവന്ന് ഞങ്ങളെ അനാശാസ്യമെന്നു പറഞ്ഞു തൂണിൽ കെട്ടിയിട്ടു. ഞങ്ങളുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിലിട്ടു. വിവരമറിഞ്ഞ ഞങ്ങളെ കാണാൻ പലരുമെത്തി. ആ കൂട്ടത്തിൽ മാമനും ചേട്ടനുമുണ്ടായിരുന്നു. മാമൻ രവിയുടെ മുഖത്തടിച്ചു. നിന്നെ ചതിച്ചെന്നു പറഞ്ഞു ഒത്തിരി സങ്കടത്തോടെയാണ് പോയത്. എന്റെ മുഖത്തു പോലും മാമൻ നോക്കിയില്ല. പക്ഷെ നിന്റെ വല്യച്ഛൻ എന്നെ കണ്ടിരുന്നു. എന്നെ തിരിച്ചറിഞ്ഞു കാണണം. അതാവും മാമൻ മരിച്ചപ്പോൾ എന്റെ വീട്ടുകാരേയും അവിടെ നിന്ന് അപമാനിച്ചിറക്കി വിട്ടത്.

അന്നത്തെ സംഭവത്തോടെ ഞാനാകെ തകർന്നു. ആരോ അറിയിച്ച് ആ രാത്രി പോലീസ് വന്നപ്പോഴേക്കും ഞാനാത്മഹത്യക്കു ശ്രമിച്ചു. അന്ന് തന്നെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിലാക്കി. രവിയെന്നെ കാണാൻ എന്നും വരുമായിരുന്നു. പക്ഷെ നീ വീട്ടിൽ നിന്ന് പോയ ശേഷം ഒരിക്കലെ രവി വന്നുള്ളു. എന്റെ പിടിവാശികൊണ്ടാണ് നിന്നെ അവന് നഷ്ടപ്പെട്ടതെന്നു പറഞ്ഞു. നീ അനാഥയായതും ഞാൻ കാരണമാണത്രെ. ഞാൻ നന്ദനാണെന്നറിഞ്ഞിരുന്നെങ്കിൽ മിമി ഒരിക്കലും അവനെ തെറ്റിദ്ധരിക്കില്ലായിരുന്നുവല്ലേ ? വീണ്ടും ഞാനൊറ്റക്കായി . ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോഴേക്കും മാധവ് സാർ വീണ്ടും എന്നെ കാണാൻ വന്നു. അന്നു സംഭവിച്ചതിനെല്ലാം മാപ്പു പറഞ്ഞു. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പിന്നേയും കൊച്ചിയിൽ നിൽക്കാൻ എനിക്കു കഴിയില്ലായിരുന്നു. അങ്ങനെ ഞാൻ തിരുവനന്തപുരത്തെത്തി. സാറിന്റെ സഹായത്തോടെ ലോണെടുത്തു ട്രെന്റ്സ് തുടങ്ങി.

"പിന്നെ കണ്ടില്ലേ രവിയേട്ടനേ ?"

"ഉം . ഒരിക്കൽ അമ്മയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞു വിളിച്ചിരുന്നു. അവനേയും കാണണമെന്നുണ്ടായിരുന്നു. ഞാനെത്തിയെന്നറിഞ്ഞതും രവി ഓടി വന്നു. പാതിവഴിയിലിട്ടു പോയതിന് ഒത്തിരി മാപ്പു പറഞ്ഞു. നീ മാത്രം ഒരു നീറ്റലായി ഞങ്ങൾക്കിടയിൽ. ഇതാ ഇപ്പോ അതും തീർന്നു."

" എനിക്കു വേണ്ടിയാണ് ആ ഉടുപ്പെന്നറിയാമായിരുന്നോ?"

" അന്നു ഞാനുണ്ടായിരുന്നില്ല അവിടെ . മേഘ്ന മുകുന്ദൻ എന്ന പേരു കണ്ടപ്പോൾ തന്നെ മനസ്സിലായി അത് ഞാൻ തേടി നടക്കുന്ന എന്റെ അനിയത്തിക്കുട്ടിയാണെന്ന്. കാത്തിരിക്കുകയായിരുന്നു ഈ ഒരു ദിവസത്താനായി . നിന്നെ കാണാൻ, നിന്നെ വേദനിപ്പിച്ചതിന്, നിന്നെ ഒറ്റയ്ക്കാക്കിയതിന് നിന്നോട് മാപ്പ് പറയാൻ . മോളനുഭവിച്ച വേദനയ്ക്ക് സോറി എന്ന വാക്ക് പോരെന്നറിയാം. എന്നാലും ക്ഷമിച്ചൂടെ നിന്റ നന്ദേട്ടനോട് , നിന്റെ സായേച്ചിയോട് , പിന്നെ നിന്റെ രവിയേട്ടനോട് ?ഇന്ന് നിന്നെ കാണാനായി എന്നേപ്പോലെ അവനും കാത്തിരിക്കുകയായിരുന്നു"

" എവിടെ ?" മേഘ്നയുടെ ആകാംഷ ഒറ്റവാക്കിലൂടെ പുറത്തെത്തി. സായയുടെ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ തന്നിൽ നിറയുന്ന നഷ്ടബോധത്തെ അവളറിയുന്നുണ്ടായിരുന്നു. വല്യച്ഛൻ പറഞ്ഞതു കേട്ട് രവിയേട്ടന്ന തള്ളി കളയാതിരുന്നെങ്കിൽ, ഒരിക്കലെങ്കിലും അവന് പറയാനുള്ളത് കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ….

കുറച്ചു മാറി മറ്റൊരു ബഞ്ചിലിരിക്കുന്ന രവിയുടെ അടുത്തേയ്ക്ക് സായ മേഘ്നയുമായി ചെന്നു.

"ഇതാ ഞാൻ കാരണം നിനക്കു നഷ്ടപ്പെട്ട എന്റെ അനിയത്തിക്കുട്ടി. നമ്മുടെ മിമിക്കുട്ടി. "

സായ അവളെ അവന്റെ അടുത്തിരുത്തി. അവന്റെ കയ്യിലായി മിമിയുടെ കൈ പിടിച്ചു കൊടുത്തു.

" ഒന്നു കൂടിയുണ്ട്. പണ്ട് നിങ്ങളുടെ നിശ്ചയ സമയത്ത് ഞാൻ മിമിക്കു തന്ന ഒരു വാക്കുണ്ട്. എന്നെങ്കിലും നിന്റെ സായേച്ചിയ്ക്ക് ഒരു വിവാഹമുണ്ടെങ്കിൽ ആദ്യത്തെ ക്ഷണക്കത്ത് നിങ്ങൾക്കായിരിക്കുമെന്ന് . ദാ. നിങ്ങളെ രണ്ടു പേരേയും ക്ഷണിച്ചിരിക്കുന്നു. "

സായ നന്ദന വെഡ്സ് മാധവ് പിള്ള .

"നേരത്തേ പറഞ്ഞ മാധവ് സാറോ?. ഇതിനിടയിൽ ഇങ്ങനെയും ഒരു കഥയുണ്ടായോ?"
" സാറു തന്നെയാ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയത്. ആ കഥയൊക്കെ ഇനി പിന്നെ പറഞ്ഞു തരാം. ഇപ്പോൾ ഞാനൊരു കട്ടുറുമ്പാണ്. ഒരുപാട് പറയാനില്ലേ നിങ്ങൾക്ക് ? ഇനി ഇവിടെ നിന്നാൽ ഇവൻ തന്നെ എന്നെ തല്ലിയോടിക്കും. പോട്ടെ മിമി . ഇനിയപ്പോഴും കാണാമല്ലോ."

മേഘ്ന അവരെ വിട്ടു നടന്നകലുന്ന സായയെ ഒരു ചിരിയോടെ നോക്കിയിരുന്നു.

" മിമി … "

അവളവന്റെ ചുണ്ടിൽ വിരലു വച്ചു വിലക്കി.

" ശ് ശ്…. മിണ്ടരുത്. മാപ്പു ചോദിക്കരുത്. എന്റെ ഭാഗത്തും തെറ്റുണ്ട്. പക്ഷെ ഈ നിമിഷം - ....... ഒന്നും പറയരുത്. "

അവൾ രവിയുടെ രണ്ടു കൈകളിലും കൈ ചേർത്ത് അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു. കണ്ണിൽ നിന്നു മുതിർന്നു വീണ നീർമുത്തുകളെ തുടയ്ക്കാതെ …. കണ്ണിൽ നിന്ന് കണ്ണെടുക്കാതെ വാചാലമായ മൗനം പൂകി അവരിരുന്നു.

അങ്ങു ദൂരെ സൂര്യനും തനിക്കരികിലെ മേഘത്തിന്റെ കവിളിൽ കുങ്കുമച്ചോപ്പ് പകരുന്നുണ്ടായിരുന്നു.

ഹൈഡി റോസ് വേങ്ങാലിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot