നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുന്തിരി ഐസ്.


ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി അധ്വാനിച്ചു കുറച്ചു കാശ് സമ്പാദിക്കണം എന്നൊരു ആഗ്രഹം മനസ്സിൽ ഉദിച്ചത്.

അതിന് മുൻപേ ഇല്ലായിരുന്നോ എന്ന് നിങ്ങളിൽ പലരും ചോദിച്ചേക്കാം എന്നൊരു ന്യായമായ ഡൌട്ട് ഉള്ളത് കൊണ്ട് അതിന് മുൻപത്തെ എന്റെ വരുമാന രീതികൾ കൂടെ പറയാം.

നന്നേ ചെറുതിലെ ഗോലി കളിയായിരുന്നു നമ്മടെ വരുമാനം. അഞ്ചു ഗോലിയുമായി കൂട്ടുകാരുടെ എല്ലാം തൊലിച്ചു ലാഭം കിട്ടിയത് അവർക്ക് തന്നെ വിറ്റായിരുന്നു നാണയ തുട്ടുകൾ ഞാൻ ഉണ്ടാക്കിയിരുന്നത്.

അതിന് ശേഷം പനങ്കുരു പെറുക്കി വിൽക്കുക, ആക്രി പെറുക്കി വിൽക്കുക തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ സ്വയം തൊഴിലുകൾ ഞാൻ ചെയ്തിരുന്നു എന്നതും വളരെ അഭിമാനത്തോടെ നിങ്ങളോട് ഞാൻ വെളിപ്പെടുത്തുകയാണ്.

ഇതൊക്കെ നിങ്ങളിൽ പലരും ചെയ്തിട്ടുള്ളതാണ് എന്നെനിക്ക് നന്നായി അറിയാം.

ഇതൊന്നും കൂടാതെ ആരാന്റെ പറമ്പിൽ നിന്നും അണ്ടിയും അടക്കയും അടിച്ചു മാറ്റി മിട്ടായി വാങ്ങി തിന്നുക എന്നൊരു കുൽസിത പ്രവൃത്തിയിലും അക്കാലത്തു ഞാൻ ഏർപ്പെട്ടിരുന്നതായി ചില അസൂയാലുക്കൾ പറഞ്ഞു പരത്തുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

അങ്ങനെ ഒരു നിത്യ വരുമാനമില്ലാതെ നിൽക്കുന്ന സമയത്താണ് അവധിക്കാലത്തു മറ്റൊരു ബിസിനസ് എന്റെ ചിന്തയിൽ ഉദിക്കുന്നത്.

ഐസ് വില്പന ആയിരുന്നു ആ ബിസിനസ്.

അക്കാലത്തു വെള്ളുവമ്പ്രം എന്ന സ്ഥലത്തായിരുന്നു ഐസ് കമ്പനി ഉണ്ടായിരുന്നത്. അതും രണ്ടെണ്ണം.

എന്റെ നാട്ടിൽ നിന്നും അങ്ങോട്ടേക്ക് ബസ്സിന്‌ ഒരു രൂപ ഇരുപത്തി അഞ്ചു പൈസ ആയിരുന്നു ചാർജ്. അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും കൂടെ രണ്ട് രൂപ അമ്പത് പൈസ.

ഒരു ഐസിനു ഇരുപത് പൈസ. പത്തു രൂപക്ക് അമ്പത് ഐസ് കിട്ടും. ആ അമ്പത് ഐസ് അമ്പത് പൈസ വെച്ചു വിറ്റാൽ 25 രൂപാ കിട്ടും. കൃത്യമായി പറഞ്ഞാൽ മുടക്ക് മുതലിന്റെ 100 ശതമാനം ലാഭം നേടി തരുന്ന ഒന്നാം തരം കച്ചോടം.

കടയിൽ നിന്നും കിട്ടുന്ന കടലാസ് പെട്ടിയാണ് ഐസ് കൊണ്ട് വരാൻ എടുക്കുക. അതിനുള്ളിൽ കനം കുറഞ്ഞ തെർമോകോൾ ഷീറ്റ് വിരിക്കും. അതിനും മുകളിൽ വിരിച്ച വൃത്തിയുള്ള കവറിലാണ് ഐസ് അടുക്കി വെക്കുക.

ഐസ് അടുക്കി വെച്ചു മുകൾ ഭാഗം കാറ്റ് കടക്കാതെ മൂടി വെക്കണം. ഇല്ലെങ്കിൽ ഐസ് ഉരുകി നാശമാകും.

മുന്തിരിയും അവിലും ഇട്ട മുന്തിരി ഐസ് ആയിരുന്നു അന്നത്തെ ഹീറോ. അത്‌ പകുതിയേ തരൂ. ബാക്കി പകുതി സേമിയ ഐസോ സാധാ ഐസോ കിട്ടും.

എന്റെ നാട്ടിൽ ബസ്സിറങ്ങി നേരെ മുകളിലേക്ക് ഉള്ള എടായിലൂടെ പെട്ടിയും തലയിൽ വെച്ചു ഐസ് ഐസേ എന്നും വിളിച്ചു പറഞ്ഞു ഒരു നടപ്പാണ്.

കുട്ടികൾ ഏറെയുള്ള വീടുകൾ എനിക്ക് നന്നായി അറിയാം. അവിടെ എത്തുമ്പോൾ ഞാൻ ഒന്നൂടെ ഉറക്കെ നീട്ടി വിളിക്കും. അപ്പൊ കുഞ്ഞുങ്ങൾ കരയും. വീട്ടുകാർ ഐസ് വാങ്ങാൻ നിർബന്ധിതരാവും.

ഇല്ലെങ്കിലും മിക്ക വീട്ടുകാരും വാങ്ങുമായിരുന്നു അന്ന്. ഞങ്ങളുടെ ഒക്കെ നാട്ടിൽ ഈ ഐസ് ഒരു നൊസ്റ്റാൾജിയ തന്നെയായിരുന്നു.

ഐസ് വാങ്ങി പെണ്ണുങ്ങളും കുട്ടികളും ഒരുമിച്ചിരുന്നു കഴിച്ചു നാവ് തണുത്തു മരവിക്കുമ്പോൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.

സാധാരണ മറ്റു വിൽപനക്കാർ ഒരു രൂപക്ക് കൊടുക്കുന്ന ഐസ് ഞാൻ അൻപത് പൈസക്ക് കൊടുക്കുന്നത് കാരണം എന്റെ കയ്യിൽ നിന്നും വാങ്ങാൻ ആളുകൾക്ക് താല്പര്യമായിരുന്നു. അന്നേ ഞാനൊരു പക്കാ കച്ചോടക്കാരനായിരുന്നു.

അത്‌ ഞാൻ ചുമ്മാ പുളു പറയുന്നതല്ല.

എന്റെ ഐസ് ഞാൻ കഴിക്കുകയോ ആർക്കും ഫ്രീ കൊടുക്കുകയോ ചെയ്യാറില്ലായിരുന്നു. കടവും കൊടുക്കാറില്ല. ചിലരൊക്കെ ഐസ് വാങ്ങി എന്നെ പറ്റിക്കാൻ വേണ്ടി പിന്നെ തരാം എന്ന് പറയുമ്പോൾ തന്നെ എന്റെ മുഖം വാടും. അത്‌ കാണുമ്പോൾ ചിരിച്ചു കൊണ്ട് അവർ കാശ് തരും.

അങ്ങനെ ഒരു മാസത്തോളം ഞാൻ ആ കച്ചവടം തുടർന്നു.

ഓരോ ദിവസവും ഞാൻ പത്തു രൂപ വെച്ചു ആർക്കും കൊടുക്കാതെ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി വെക്കും.

ഒരു മാസം കഴിഞ്ഞപ്പോൾ മുന്നൂറു രൂപയോളം എന്റെ കയ്യിൽ ഉണ്ടായിരുന്നു.

അത്‌ കൊണ്ട് തന്നെ ആ വർഷം നോട്ട് ബുക്ക്‌ വാങ്ങാനും മറ്റും വീട്ടുകാരോട് പൈസ വാങ്ങേണ്ടി വന്നില്ല.

തുടർച്ചയായി ഒരേ റൂട്ടിൽ തന്നെ കച്ചവടം ചെയ്തത് കൊണ്ടും വേറെയും ഐസ് കച്ചവടക്കാർ വന്നത് കൊണ്ടും കച്ചവടം മോശമായി വന്നപ്പോൾ ഞാൻ അത്‌ നിർത്തി.

അന്ന് എന്തോ ഒരു ആവശ്യത്തിന് ഉമ്മയുടെ കയ്യിൽ ഞാൻ സമ്പാദിച്ചതിൽ നിന്നും നൂറു രൂപ കൊടുത്തപ്പോൾ ആ മുഖത്ത് കണ്ട സന്തോഷം എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

കുട്ടിക്കാലത്ത് ഇങ്ങനെ പല പല ജോലികളും ചെയ്ത് ചെറിയ രീതിയിൽ സമ്പാദിച്ച ഓർമ്മകൾ നമ്മളിൽ പലർക്കും ഉണ്ടാവും.

ആദ്യമായി അധ്വാനിച്ചു നേടിയ ഒരു രൂപ പോലും അന്ന് നമുക്ക് ഒരു പാട് സന്തോഷവും അഭിമാനവും നേടി തന്നിട്ടുണ്ടാവും.

വിയർത്തു ജോലി ചെയ്തു നമ്മൾ ഉണ്ടാക്കിയ രൂപ വീട്ടിൽ ഉമ്മയെ ഏൽപ്പിക്കുമ്പോൾ ആ മുഖത്ത് വിരിഞ്ഞ സന്തോഷവും വാത്സല്യവും കണ്ണുകളിൽ പൊടിഞ്ഞ സന്തോഷ കണ്ണീരും ഇപ്പോഴും ഓർമയില്ലേ?.

ന്റെ കുട്ടി ഉഷാറാണ് എന്ന് ഉമ്മ പറയുമ്പോൾ സന്തോഷം കൊണ്ട് നമ്മുടെയും കണ്ണുകൾ നിറയാറില്ലേ?.

അങ്ങനെ എന്തെല്ലാം മധുരമുള്ള ഓർമ്മകൾ നിറഞ്ഞതായിരിക്കും നമ്മുടെയെല്ലാം കുട്ടിക്കാലം.

അന്നത്തെ ആ അനുഭവങ്ങൾ ഒക്കെ തന്നെയായിരിക്കും നമ്മളിൽ പലരെയും നമ്മളാക്കി തീർത്തത് എന്നൂടെ പറഞ്ഞു കൊണ്ട് നിർത്തുന്നു .

(ഐസ് വില്പന നിർത്തി കൂടുതൽ ലാഭകരമായ മറ്റൊരു ബിസിനസ് തുടങ്ങിയതിനെ പറ്റി ഇനിയൊരിക്കൽ എഴുതാം).

വായനക്ക് നന്ദി.
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot