നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പത്തിരിയും തേങ്ങ അരച്ച കോഴിക്കറിയും


1997ൽ ആണ് മൂത്ത പെങ്ങളുടെ കല്യാണം കഴിഞ്ഞത്. ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.

അന്ന് വീട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല. ഒരു പാട് അംഗങ്ങൾ ഉള്ള ഒരു തറവാട് ആയിരുന്നു ഞങ്ങളുടേത്.

അളിയൻ വീട്ടിൽ വിരുന്നു വരുന്ന ദിവസം നല്ല രസമാണ്.

അങ്ങാടിയിൽ പോയി ഒരു ബ്രോയിലർ കോഴിയെ കൊണ്ട് വന്നു രാത്രി നെയ്ച്ചോറും കോഴിക്കറിയും ഉണ്ടാക്കും.

നെയ്ച്ചോറും കോഴി മുളകിട്ടതും എന്ന പേരിൽ നെയ്‌ച്ചോറിന്റെ കഥ ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്.

ഒരു കിലോ ചിക്കൻ കൊണ്ട് കറി വെച്ചും ലേശം പൊരിച്ചും ബാക്കി വരുന്നത് കൊണ്ട് പിറ്റേന്ന് രാവിലെ കറിയും വെക്കുന്ന അത്ഭുത വിദ്യ അറിയാമായിരുന്നു എന്റെ ഉമ്മാക്ക്. എന്റെ ഉമ്മാക്ക് മാത്രമല്ല. അന്നൊക്കെ ഒരു വിധം സാധാരണ വീട്ടമ്മമാർക്കൊക്കെ ഇത്തരം സൂത്രപണികൾ നന്നായി അറിയുമായിരുന്നു.

രാത്രി അളിയന്റെ കൂടെ ഭക്ഷണം കഴിക്കാൻ എന്നെ ഇരുത്താറില്ല.

ഇരുത്തിയാൽ യാതൊരു ഉളുപ്പുമില്ലാതെ ചിക്കൻ മുഴുവൻ ഞാൻ തിന്നു തീർക്കും എന്ന് എന്റെ വീട്ടുകാർക്ക് നന്നായി അറിയാമായിരുന്നു.

കഴിക്കാൻ ഇരിക്കുമ്പോൾ അളിയൻ എന്നെ വിളിക്കും. അപ്പൊ ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറയണം. പക്ഷെ അങ്ങനെ പറയാൻ എന്റെ മനസ്സ് സമ്മതിക്കില്ല. അപ്പൊ പെങ്ങന്മാർ എന്റെ വായ പൊത്തി പിടിച്ചു അവൻ അടുക്കളയിൽ നിന്നും കഴിച്ചോളും എന്ന് വിളിച്ചു പറയും.

പണ്ട് ഞാൻ മദ്രസയിലെ ഉസ്താദ് ചിലവിനു വന്നപ്പോൾ പറ്റിച്ച പണി നല്ല രസമായിരുന്നു.

ഉസ്താദ് രാത്രി ചപ്പാത്തി മാത്രമേ കഴിക്കൂ. അദ്ദേഹത്തിന് പ്രമേഹം ഉണ്ടായിരുന്നു. ബാക്കി എല്ലാവർക്കും ചോറും.

ആകെ മൂന്നോ നാലോ ചപ്പാത്തിയാണ് അദ്ദേഹം കഴിക്കുക. വാത്സല്യത്തോടെ അദ്ദേഹം അന്ന് എന്നെ വിളിച്ചിരുത്തി.

ഒരു ചപ്പാത്തി എനിക്കും ഒരെണ്ണം അദ്ദേഹത്തിന്റെ പ്ളേറ്റിലും ഇട്ടു.

ആകെ ആറോ ഏഴോ ചപ്പാത്തിയാണ് പ്ളേറ്റിൽ ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ തിന്നു നിർത്തി ബാക്കി ചോറ് കഴിക്കും എന്ന് കരുതിയ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എല്ലാം ഞാൻ ഒറ്റയടിക്ക് തിന്നു തീർത്തു.

ഉസ്താദ് ഒരെണ്ണം തിന്നു കഴിഞ്ഞപ്പോഴേക്ക് ബാക്കി വന്ന അഞ്ചെണ്ണം കൂടെ ഞാൻ അടിച്ചു. അന്ന് ഉമ്മയുടെയും ബാക്കിയുള്ളവരുടെയും മുഖം ഒന്ന് കാണണമായിരുന്നു. ചപ്പാത്തി കാത്തിരുന്നിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ ഉസ്താദ് പിന്നീട് ചോറ് കഴിച്ചാണ് അഡ്ജസ്റ്റ് ചെയ്തത്. അതിന് ശേഷം ഉസ്താദ് എന്നെ ഒപ്പം ഇരിക്കാൻ വിളിക്കാറില്ല.

അന്നൊക്കെ ഞാൻ നല്ല സ്റ്റൈലിൽ ആണ് പത്തിരിയും ചപ്പാത്തിയും ഒക്കെ കഴിക്കുക.

അഞ്ചോ ആറോ ചപ്പാത്തി എടുത്ത് ചുരുട്ടി ഒരു വടി പോലെയാക്കി കറിയിൽ കുത്തി അല്പാല്പമായി കടിച്ചു തിന്നുകയാണ് എന്റെ പതിവ്. കുറച്ചു കറി ആണെങ്കിലും കൂടുതൽ കഴിക്കാൻ ഞാൻ കണ്ടെത്തിയ സൂത്രപണി ആയിരുന്നു അത്‌.

ഓട്ടട ആണെങ്കിൽ ആദ്യം മുകൾ ഭാഗമെല്ലാം നുള്ളി പറിച്ചു തിന്നു അവസാനം വരുന്ന മൊരിഞ്ഞ ഭാഗം ചുരുട്ടി കടിച്ചു തിന്നും.

പുട്ടാണെങ്കിൽ എല്ലാ പൂട്ടിന്റെയും തേങ്ങയിട്ട ഭാഗം മാത്രം ചുരണ്ടി തിന്നു ഉമ്മാടെ കയ്യിൽ നിന്നും വഴക്ക് കേൾക്കുന്നതും എന്റെ ശീലമായിരുന്നു.

പിന്നെയും ഉണ്ടായിരുന്നു എന്റെ ആക്റ്റീവിറ്റീസുകൾ. പൊളിച്ചു വെച്ച തേങ്ങ കുത്തി തുരന്നു വെള്ളം കുടിക്കുക. മുറിച്ച തേങ്ങ കാർന്നു തിന്നുക. പത്തായത്തിൽ ഒളിപ്പിച്ചു വെച്ച ബേക്കറി കട്ട് തിന്നുക തുടങ്ങി പലതും. ആരെങ്കിലും വിരുന്നുകാർ വരുമ്പോൾ ഒഴിഞ്ഞ ബേക്കറി കുപ്പി നോക്കി ഉമ്മ എന്നെ നോക്കുമ്പോൾ ഞാൻ മെല്ലെ ഒന്നും അറിയാത്ത പോലെ അവിടുന്ന് മുങ്ങും.

അത്രയും ഭീകരനായ എന്നെ അളിയൻ വരുമ്പോൾ പെങ്ങന്മാർ അടുക്കളയിൽ പിടിച്ചു വെക്കാറാണ് പതിവ്.

ചോറൊക്കെ കഴിച്ചു അളിയനും മറ്റുള്ളവരും സൊറ പറയുമ്പോൾ ഞാൻ അളിയൻ കൊണ്ട് വന്ന സാധനങ്ങൾ തപ്പുകയായിരിക്കും.

അന്ന്‌ വീട്ടിൽ പെരുന്നാളിന്റെ സന്തോഷമാണ്.

വലിയ പെങ്ങൾ അടുക്കളയിൽ ഇരുന്നു അവിടുത്തെ വിശേഷങ്ങൾ പറയും.

ചെറിയ പെങ്ങന്മാരും ഉമ്മയും മറ്റുള്ളവരും ഒക്കെ ആ വിശേഷങ്ങൾ കേട്ടിരിക്കും. അതിനിടയിൽ പാത്രം കഴുകലും അകം വൃത്തിയാക്കലും ഒക്കെ തകൃതിയായി നടക്കും.

അവരുടെ ഇടയിൽ വിശേഷങ്ങൾ കെട്ടിരിക്കുന്ന എന്നെ ഇടക്കിടെ അവർ ഉന്തി തള്ളി അളിയന്റെ അടുത്തേക്ക് പറഞ്ഞു വിടും. പിന്നെയും റബർ പന്ത് ചുമരിൽ എറിഞ്ഞ പോലെ ഞാൻ തിരിച്ചു വരും.

രാവിലെയാണ് രസം.

അന്നൊക്കെ ഉരലിലാണ് അരി ഇടിക്കുക. മില്ലിൽ പൊടിപ്പിക്കാൻ ഒന്നും കൊണ്ട് പോവുന്ന പതിവില്ല.

അരിയൊക്കെ ഇടിച്ചു നേർത്ത അരിപ്പയിൽ അരിച്ചെടുത്തു ആ പൊടി കൊണ്ട് മാവ് കുഴക്കണം.

പത്തിരി ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.

ചൂട് വെള്ളം ഒഴിച്ചാണ് മാവ് കുഴക്കുക. കുഴച്ചു കുഴച്ചു എത്രത്തോളം മൃദുവാകുന്നുവോ അത്രത്തോളം പത്തിരിക്ക് രുചി കൂടും.

മാവ് കുഴച്ചു ചെറിയ ബോളുകളാക്കി വെക്കുമ്പോൾ ഞാൻ ചിലപ്പോൾ ഒന്ന് അടിച്ചു മാറ്റി എന്റെ കര കൗശല വിദ്യകൾ തുടങ്ങും. അതൊക്കെ അവസാനം കയിലിന്റെ കണ കൊണ്ട് അടി കിട്ടുന്നത് വരെ തുടരും.

പിന്നീട് ആ ബോളുകൾ മിനുസമുള്ള പലകയിൽ വെച്ചു ഉരുളൻ വടി കൊണ്ടോ പിവിസി പൈപ്പ് കൊണ്ടോ ബ്ലേഡ് പോലെ പരത്തി എടുക്കും.

നല്ല കൈ വഴക്കം വേണ്ട പണിയാണത്. അല്ലെങ്കിൽ പത്തിരി കീറി നാശമാകും. ഇന്നൊക്കെ മില്ലിൽ പൊടിച്ച പൊടി പ്രെസ്സിൽ പരത്തി ഗ്യാസിൽ നോൺ സ്റ്റിക് പാനിൽ ചുട്ടെടുക്കുമ്പോൾ എന്തോ ഒരു മിസ്സിംഗ്‌ പോലെ തോന്നും.

ആ പരത്തിയത് അളിയന് മാത്രം വട്ട് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കും. ബാക്കിയുള്ളത് പരത്തിയ ഷേപ്പിൽ തന്നെയാണ് ചുട്ടെടുക്കുക.

അപ്പോഴേക്കും പുറത്തെ വിറകടുപ്പിൽ കുഴലിനുള്ളിലൂടെ ഊതുന്ന ശബ്ദം കേൾക്കാം. നല്ലൊരു ശബ്ദമാണ് കുഴലിലൂടെ ഊതുമ്പോൾ പുറത്ത് വരിക.

അടുപ്പിലെ മൺചട്ടി ചൂടായി വരുമ്പോൾ തന്നെ ഞാൻ അവിടെ ഹാജരാവും. ചട്ടിയിൽ ചൂടായി ഞെരിഞ്ഞു വരുന്ന പത്തിരി ആ ചൂടോടെ തിന്നാൻ നല്ല രുചിയാണ്.

ഒന്നൊക്കെ ചുടുന്നവർ സഹിക്കും. രണ്ടാമത്തേത് എടുക്കുമ്പോൾ കയ്യിൽ ചട്ടുകം കൊണ്ട് അടി വീഴും.

അന്നൊക്കെ ആ പത്തിരിക്കും കഷ്ണം ഇല്ലാത്ത ചാറിനുമൊക്കെ അമൃതിന്റെ രുചിയായിരുന്നു.

എനിക്ക് തോന്നുന്നത് കഴിക്കുന്ന ആളിന്റെ വിശപ്പിനും ആവശ്യത്തിനും അനുസരിച്ചു ഭക്ഷണത്തിന്റെ രുചിക്കും വ്യത്യാസം ഉണ്ടാവുമെന്നാണ്.

ഉണ്ടാക്കുന്നതും വിളമ്പുന്നതും സ്നേഹത്തോടെയാവുമ്പോൾ അതിന്റെ രുചി പിന്നെയും കൂടും.

ഇന്നൊക്കെ ഏതൊരു ഹോട്ടലിൽ നിന്നും എന്ത് കഴിച്ചാലും കിട്ടാത്ത രുചിയും സംതൃപ്തിയും അന്നത്തെ പുക മണക്കുന്ന ആ അടുക്കളയിൽ നിലത്തിട്ട പലകയിൽ ഇരുന്നു കഴിക്കുമ്പോൾ കിട്ടിയിരുന്നു.

സന്തോഷവും.

(വായനക്ക് നന്ദി.
സ്നേഹത്തോടെ ഹക്കീം മൊറയൂർ).

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot