നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മടക്കയാത്ര(കഥ)


രാജശേഖരൻ എന്നും രാത്രി വൈകിയേ ഓഫീസിൽ നിന്നും ഇറങ്ങുകയുള്ളു... ഭാര്യ നന്ദിത ആറു മണിക്കൊക്കെ വീട്ടിൽ എത്തുമെങ്കിലും വീട്ടിൽ വന്നിട്ടും ലാപ്ടോപ്പിൽ ഓഫീസ് പണി ചെയ്യുകയായിരിക്കും. രണ്ടു പേരും വളരെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ... !

ഒറ്റ മകൻ നീരജ് ഏഴാം ക്‌ളാസിലാണ്.. അവനും ഭയങ്കര ടെക് സേവി ആണ്‌... ഒരു പാടു പ്രൊജക്ടസ് അവൻ തനിയെ ചെയ്തു സ്കൂളിൽ സമ്മാനമൊക്കെ വാങ്ങാറുണ്ട്. അച്ഛനോ അമ്മയോ സഹായിച്ചിട്ടല്ല.. അവന്റെ സ്വന്തം മിടുക്ക്... ഉണർന്നിരിക്കുമ്പോഴൊ ക്കെ അവൻ കമ്പ്യൂട്ടറിനു മുന്നിലാണ്... അവന്റെ മുറിയിൽ അമ്മയോ അച്ഛനോ ചെന്നാൽ " ഹായ് അച്ഛാ... " ഹായ് അമ്മാ " അത്രയും മാത്രമേയുള്ളു സംഭാഷണം. ഉടനെ തന്നെ അവൻ കമ്പ്യൂട്ടറിലേക്ക് തിരിയും.

രാജശേഖരൻ സിറ്റിയിൽ തന്നെ രണ്ടു ഫ്ലാറ്റ് ഇതിനകം വാങ്ങി...പിന്നെ ബാങ്കിൽ ചെലവ് കഴിഞ്ഞു കാശ് കൂടി വരുന്നത് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല... ഭാര്യ നന്ദിതേടെ സമ്പാദ്യത്തെ കുറിച്ച് രാജു അന്വേഷിച്ചിട്ടേയില്ല... അവൾ അവൾക്കു വേണ്ടത് വാങ്ങുന്നു... ആർഭാടമായി ജീവിക്കുന്നു .

വർഷത്തിൽ രണ്ടു പ്രാവശ്യം അവൾക്കു പ്രോജെക്ടിനു വേണ്ടി ആസ്‌ട്രേലിയയിൽ പോകേണ്ടി വരും... സാധിക്കുമെങ്കിൽ രാജുവും മോനും കൂടി അവളുടെ ഒപ്പം കൂടും... അങ്ങനെ ഒരാഴ്ച ആദ്യമായി ഓസ്ട്രേലിയയിൽ പോയപ്പോഴാണ് അമ്മയെ അവർ ഒരു വൃദ്ധ സദനത്തിൽ ആക്കിയത്...
അമ്മ എതിർത്തൊന്നും പറഞ്ഞില്ല... ഓസ്ട്രേലിയയിൽ നിന്നും തിരിച്ചു വന്നിട്ടും അമ്മയെ വിളിച്ചു കൊണ്ട് വന്നില്ല.. "നമ്മൾ രണ്ടുപേരും ഇത്ര തിരക്കല്ലേ... അസുഖങ്ങളുള്ള അമ്മയെ നോക്കാൻ അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്... അമ്മ അവിടെ നിൽക്കുന്നതാണ് നല്ലത്" എന്നു നന്ദിത തീരുമാനിച്ചു .. രാജുവിനും അത് ശെരി ആണെന്ന് തോന്നി.

വീട്ടിൽ മറ്റെല്ലാവരും തിരക്കായത് കൊണ്ട് നീരജിന് ജനിച്ചപ്പോൾ മുതൽ അമ്മയായിരുന്നു കൂട്ട്..." അമ്മുമ്മയെ കൊണ്ട് പോകല്ലേ " എന്ന് അവൻ കരഞ്ഞു ബഹളം വച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല...

അമ്മയെ ക്കൊണ്ടാക്കിയത് വളരെ പോഷ് ആയ ഒരു വൃദ്ധ സദനത്തിൽ ആയിരുന്നു... എയർ കണ്ടിഷൻ ചെയ്ത മുറികളും ടീവിയും ഡോക്ടർമാരുടെ നിത്യ സന്ദർശനവും... എപ്പോഴും കൂടെയുണ്ടാവുന്ന നേഴ്സ് മാരും മറ്റും അമ്മയ്ക്ക് എല്ലാ സുഖസൗകര്യവും കൊടുക്കുന്നുണ്ടെന്നു രാജു വിശ്വസിച്ചു.

ഒരു പഴയ തറവാട്ടിൽ കൂട്ടുകുടുംബത്തിലാണ് അമ്മ ജനിച്ചതും വളർന്നതും ... ആളും ആരവവും ഒഴിഞ്ഞ നേരമില്ലാതെ കുതൂഹലത്തോടെ കഴിഞ്ഞ ചെറുപ്പ കാലം.. കല്യാണം കഴിച്ചതും അവിടെ അടുത്ത് തന്നെയുള്ള കുടുംബത്തിലെ ഒരു അധ്യാപകനെയിരുന്നു.
നല്ല പൊരുത്തവും സന്തോഷവുമുള്ള ജീവിതമായിരുന്നു അച്ഛൻ മരിക്കുന്നതു വരെ അവർ നയിച്ചിരുന്നത്. വളരെ ശാന്തമായ ഒരു ജീവിതം. രാജുവും അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലാണ് പഠിച്ചത്. സാധാരണക്കാരായിരുന്നു ചുറ്റും...അവരിലൊരാളായി ആണ്‌ അവൻ വളർന്നതും.

അവൻ എപ്പോഴും അമ്മേടെ പുറകെ നടക്കുന്ന കുട്ടിയായിരുന്നു. അടുക്കളയിൽ പണി ചെയ്യുന്നതിനിടയിൽ അമ്മ അവനു സ്കൂളിൽ ചൊല്ലാൻ കവിതകളൊക്കെ പഠിപ്പിക്കും. എന്നും സന്ധ്യക്ക്‌ അവന്റെ കയ്യും പിടിച്ചു അമ്പലത്തിൽ പോകും. വഴിയിലുള്ള ചെടികളും മരങ്ങളും പക്ഷികളും എന്തിന് ചെറിയ ജീവികളെയും വരെ പറ്റി പറഞ്ഞു കൊടുക്കും. അവധി ദിവസങ്ങളിൽ കുളത്തിൽ കൊണ്ട് പോയി കുളിപ്പിക്കും...

അവൻ എഞ്ചിനീയറിംഗിന് ചേർന്നപ്പോൾ മാത്രമാണ് അമ്മയെ പിരിഞ്ഞത്... അന്നവന് അത് വല്ലാത്ത വിഷമവുമായിരുന്നു... അവിടെ വച്ചാണ് നന്ദിതയെ പരിചയപ്പെടുന്നത്... വളരെ ധനാഢ്യയും സുന്ദരിയും ആയിരുന്നു അവൾ...
അവൾക്കു രാജുവിനെ വളരെ ഇഷ്ടമായിയുന്നു. അവളെ കണ്ടതോടു കൂടി അവന്റെ ജീവിതം ആകെ മാറി... നാട്ടിൻപുറത്തെ ഒരു പയ്യനിൽ നിന്നും അവൻ വാശിയോടെ പട്ടണ പരിഷ്കാരി ആയി മാറി. നന്ദിതക്കു പറ്റുന്ന പങ്കാളി ആകാനായിരുന്നു ശ്രമം. അതിൽ അവൻ പരിപൂർണ വിജയമായപ്പോൾ അമ്മയെയും അച്ഛനെയും മറന്നു...

വിദ്യാഭ്യാസം കഴിഞ്ഞു അധികം താമസിയാതെ രണ്ടുപേർക്കും നല്ല ജോലി ആയി..ഉടനെ തന്നെ അവർ തമ്മിലുള്ള കല്യാണവും നടന്നു. പിന്നെ ഓരോ പരക്കം പാച്ചിലുകൾ തുടങ്ങി. എല്ലാ സൗകര്യങ്ങളുമുള്ള വീട് വാങ്ങുക... കാർ വാങ്ങുക... അങ്ങനെ ഒന്നിന് പിന്നാലെ ഒന്ന് !

അവർ താമസിച്ചിരുന്നത് വളരെ ദൂരെ ആയതു കൊണ്ട് അമ്മയും അച്ഛനും അവരെ ക്കാണാൻ വരാറില്ല... വല്ലപ്പോഴും രാജു മാത്രം അവരെ കാണാൻ പോയിട്ട് അന്ന് തന്നെ മടങ്ങും.

അച്ഛന്റെ മരണവും നീരജിന്റെ ജനനവും ഏകദേശം അടുപ്പിച്ചായിരുന്നു. വീട്ടിൽ നീരജിനെ നോക്കാൻ ഒരു സ്ത്രീ ഉണ്ടായിരുന്നെങ്കിലും അമ്മയും കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് നന്ദിത അഭിപ്രായപ്പെട്ടതനുസരിച്ചു രാജു അമ്മയെ കൂട്ടിക്കൊണ്ട് വന്നു. സിറ്റിയിൽ വന്നു, ആരെയും പരിചയമില്ലാത്ത സ്ഥലത്തു ജീവിക്കാൻ അമ്മക്ക് വിഷമമുണ്ടായിരുന്നു. ...അവിടത്തെ ഭാഷയും അമ്മയ്ക്ക് വശമില്ലായിരുന്നു. എങ്കിലും കുഞ്ഞിനെ ഓർത്താവണം അമ്മ വന്നത്.

പിന്നെ വീട്ടിലെ ഒരു മുറിയിൽ മാത്രം അമ്മേടെ ജീവിതം ഒതുങ്ങി... രാജുവും നന്ദിതയും എപ്പോഴും പുറത്തുന്നു വാങ്ങി ക്കഴിക്കാറാണ് പതിവ്... വീട്ടിൽ അവർക്കായി ഒന്നും ഉണ്ടാക്കാറില്ല.. ഏറിയാൽ ഒരു സാൻഡ്‌വിച് !
കുഞ്ഞിനെ നോക്കുന്ന സ്ത്രീ കഴിക്കാനുണ്ടാക്കുന്നതിൽ കുറച്ചു അമ്മയും കഴിച്ചു...അവരുടെ ആഹാരം ഇഷ്ടമില്ലാത്തത് കൊണ്ട് ചിലപ്പോൾ മാത്രം രാത്രിയിൽ അമ്മ കഞ്ഞിയും പയറും ഉണ്ടാക്കും. അമ്മക്കെന്തു വേണമെന്ന് ആരും തിരക്കിയില്ല..
അങ്ങനെ കുറേ വർഷങ്ങൾ... അമ്മ അവിടെയുള്ളത് പോലും രാജുവോ നന്ദിതയോ ഓർമിച്ചില്ല.. ജീവിതം വെട്ടിപ്പിടിക്കാനുള്ള തിരക്കിലായിരുന്നു അവർ. ...

അമ്മക്ക് ടിവി കാണാൻ ഇഷ്ടമില്ലായിരുന്നു... അമ്മ നാട്ടിൽ നിന്ന് കൊണ്ട് വന്ന റേഡിയോ മാത്രം വല്ലപ്പോഴും കേട്ടു... കണ്ണിനു പ്രശ്നം ഉള്ളത് കൊണ്ട് വായിക്കാനും സാധിച്ചിരുന്നില്ല... ഒന്നിനും പരാതി പറയാതെ നീരജിനെ കൊഞ്ചിച്ചും ലാളിച്ചും അമ്മ കഴിഞ്ഞു...

അപ്പോഴാണ് വൃദ്ധ സദനത്തിൽ അമ്മയെ കൊണ്ടാക്കാനുള്ള സാഹചര്യം ഉണ്ടായതു.... ഒരു തരം നിസ്സംഗതയിൽ അമ്മ അതിനും എതിർപ്പൊന്നും പറഞ്ഞില്ല...

വല്ലപ്പോഴും നീരജിനെയും കൊണ്ട് രാജു അമ്മയെ കാണാൻ പോകാറുണ്ട്.. അമ്മ പ്രാർത്ഥനയും ഒക്കെയായിട്ടു സമാധാനത്തോട് കൂടി കഴിയുന്നതായാണ് രാജുവിന് തോന്നാറുള്ളത്. ...

അനാഥ മന്ദിരത്തിലെ കുട്ടികളുടെ കണ്ണിലെ അനാഥത്വവും നിസ്സഹായതയുമാണ് വൃദ്ധ സദനത്തിലെ അമ്മമാരുടെയും കണ്ണുകളിലെന്നു അയാൾ തിരിച്ചറിഞ്ഞില്ല.. നീരജിനെ തലോടി അമ്മ മൗനമായി കണ്ണീർ വാർക്കുന്നതും അയാൾ കണ്ടില്ല.

പിന്നെയും ജീവിതം പല തിരക്കുകൾക്കിടയിലായി അയാൾ അമ്മയെ പാടെ മറന്നു...

അന്ന് ഓഫീസിൽ നിന്നും വളരെ വൈകി വരുന്ന വഴിയിൽ റോഡരികിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഒരു വയസ്സായ സ്ത്രീ ഇരിക്കുന്നതയാൾ കണ്ടു.. വണ്ടി ഒന്ന് സ്ലോ ചെയ്തെങ്കിലും നിറുത്താതെ അയാൾ ഓടിച്ചു പോയി .. എങ്കിലും രാത്രിയിൽ ഒരു വൃദ്ധ ഒറ്റക്കിരിക്കുന്ന ചിത്രം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞില്ല.

അടുത്ത ദിവസങ്ങളിലൊക്കെ അയാൾ അവരെ കണ്ടു.. മനസ്സിന് അലോസരം ഉണ്ടായെങ്കിലും അയാൾ കാറിൽ നിന്നും ഇറങ്ങിയില്ല...

ഒരു ദിവസം അയാൾ അതിലെ കടന്നു പോയപ്പോൾ അവർ തറയിൽ ചുരുണ്ടു കിടക്കുന്നതും കുറേ ആൾക്കാർ അവർക്കു ചുറ്റും കൂടി നിൽക്കുന്നതും അയാൾ കണ്ടു. അവർ മരിച്ചു പോയിക്കാണും എന്ന് തോന്നിയെങ്കിലും അയാൾ ഇറങ്ങി അന്വേഷിച്ചില്ല...

വീട്ടിൽ വന്നിട്ട് അയാൾക്ക്‌ മനസ്സിന് വല്ലാത്ത അസ്വസ്ഥത തോന്നി.. ഇത്രേയുള്ളോ ജീവിതം എന്നയാൾ ആദ്യമായി ചിന്തിച്ചു. വളരെ നേരം ഉറങ്ങാതെ കിടന്നു ഓഫീസ് കാര്യമല്ലാതെ പലതും ചിന്തിച്ചു

പക്ഷെ ഇക്കാര്യം നന്ദിതയോടു പറഞ്ഞാൽ അവൾ തന്നെ കളിയാക്കി ചിരിക്കുമെന്ന് അറിയാമെന്നത് കൊണ്ട് അവളോട് പറഞ്ഞില്ല. അപ്പോഴാണ് മധുവിധു കാലത്തിനു ശേഷം അവർ തമ്മിൽ മനസ്സ് തുറന്നു ഒന്നും സംസാരിക്കാറേയില്ല എന്ന് അയാൾക്ക്‌ മനസ്സിലായത്..

ഓഫീസിലെ മത്സര ഓട്ടത്തിനിടയിൽ അവിടെയും അയാൾക്ക്‌ അടുത്ത കൂട്ടുകാരൊന്നമില്ലായിരുന്നു... പെട്ടെന്ന് ജീവിതത്തിനു ഒട്ടും അർത്ഥമില്ലാത്തതായി അയാൾക്ക്‌ തോന്നി...

കുഞ്ഞുന്നാളിൽ അമ്മയോടൊപ്പം കുളത്തിൽ കുളിച്ചതും അമ്പലത്തിൽ പോയതും മിഴിവോടെ ചിത്രങ്ങൾ പോലെ ഓർമയിൽ തെളിഞ്ഞു വന്നു. ഇപ്പോൾ നീരജിന് തങ്ങളിൽ നിന്നും കിട്ടാതെ പോകുന്ന സ്നേഹം, അവന്റെ ഭാവി ജീവിതത്തെ ബാധിക്കുമോ എന്നയാൾക്ക് പെട്ടെന്ന് ഭീതി തോന്നി. അവനു എന്ത് ബാല്യ കാല സ്മരണകളാണ് വലുതാകുമ്പോൾ ഉണ്ടാവുക..? അമ്മയുമച്ഛനെയും കുറിച്ച് എന്താണ് ഓർക്കാനുണ്ടാവുക?

തന്റെ കുഞ്ഞു ന്നാളുകൾ എത്ര സന്തുഷ്ടമായിരുന്നു എന്നയാൾ ഓർത്തു... തനിക്കു വേണ്ടി മാത്രമാണ് അമ്മയും അച്ഛനും ജീവിച്ചത്... അപ്പോൾ മറവിയിൽ കിടന്ന പല സന്തോഷമുള്ള ബാല്യകാല ഓർമകളും മനസ്സിൽ തിക്കി തിരക്കി വന്നു... അന്നൊക്കെ അമ്മ എന്ത് സന്തോഷവതി ആയിരുന്നു ... തന്റെ കൂടെ ഒളിച്ചുകളിക്കാനും ഊഞ്ഞാലാടാനും ഒക്കെ അമ്മ ഉണ്ടാവും... സാരി എടുത്തു കുത്തി നീണ്ട മുടി നെറുകയിൽ പൊക്കി കെട്ടിവച്ചു അമ്മ തന്നെ പിടിക്കാൻ ഓടുന്നത് നല്ല രസമുള്ള കാഴ്ചയായിരുന്നു..അമ്മയുടെ നനുത്ത മീശയുള്ള മേൽചുണ്ടിൽ വിയർപ്പു, തുള്ളി തുള്ളിയായി നിറഞ്ഞു നിൽക്കുന്നത് അയാൾക്ക്‌ ഓർമ വന്നു... എന്ത് ഭംഗിയായിരുന്നു അമ്മയ്ക്ക്...

ഇപ്പോൾ മെലിഞ്ഞുണങ്ങി പഴയ സന്തോഷവും ഊർജസ്വലതയും കൈമോശം വന്ന അമ്മയാണുള്ളത് . പക്ഷെ മുഖത്തു ഒരു പ്രത്യേക ശാന്തതയുണ്ട് ചിരിക്കാറില്ലെങ്കിലും പ്രസന്നമായ മുഖമാണ് അമ്മയ്ക്ക്. അയാൾക്ക് അമ്മയെ കാണണമെന്നും വീട്ടിൽ കൂട്ടികൊണ്ട് വന്നു പണ്ടത്തെ കുട്ടിയെ പോലെ മടിയിൽ കിടന്നു പലതും ഉള്ളു തുറന്നു പറയണമെന്നും തോന്നി.

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ കുറേ തീരുമാനങ്ങൾ അയാൾ എടുത്തിരുന്നു.

നീരജിന് ബാല്യത്തിൽ നഷ്ടപ്പെടുന്ന സൗഭാഗ്യങ്ങൾ കുറച്ചെങ്കിലും അവനു സമ്മാനിക്കണമെന്ന് രാജുവിന് തോന്നി... ഇതുവരെ എന്തേ അതൊന്നും ചിന്തിച്ചതേയില്ല എന്നയാൾക്ക് തന്നെ മനസ്സിലായില്ല.

എന്തായാലും നാളെ തന്നെ അമ്മയെ വൃദ്ധസദനത്തിൽ നിന്നും വിളിച്ചുകൊണ്ടു വന്നിട്ട് എല്ലാരുമായി നാട്ടിലെ വീട്ടിൽ പോണമെന്നു രാജുവിന് തോന്നി... നീരജിന് വെക്കേഷൻ ആണ്‌.. അവൻ എന്തൊക്കെയോ ക്ലാസ്സിൽ ചേരാൻ പോകുന്നെന്ന് പറയുന്ന കേട്ടു. അത് വേണ്ട.. ഒരു ബ്രേക്ക്‌ എടുക്കാൻ പറ്റിയ സമയമാണ് തനിക്കും ... നന്ദിതക്കു അവധി കിട്ടുമെങ്കിൽ അവളും വരട്ടെ...

പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് നീരജിന്റെ മുറിയിൽ ചെന്നപ്പോൾ അവൻ നല്ല ഉറക്കമാണ്. അവനെ കെട്ടിപ്പിടിച്ചു രാജു കട്ടിലിൽ അവന്റെ കൂടെ കേറിക്കിടന്നു... കണ്ണു തുറന്നു അവൻ നുണക്കുഴി കാട്ടി ചിരിച്ചു... "എന്താച്ഛ ഇത്..." അവൻ അന്തംവിട്ടു ചോദിച്ചു.. " "മോനെ അച്ഛൻ ഭയങ്കര സന്തോഷത്തിലാണ്... നമുക്ക് ഇപ്പോൾ തന്നെ പോയി അമ്മുമ്മയെ കൂട്ടിക്കൊണ്ടുവരണം... എന്നിട്ട് എന്നാന്നു വച്ചാൽ ടിക്കട്ടുള്ളത് അന്ന് നാട്ടിൽ പോകണം... അവിടെ നമ്മുടെ വീട്ടിൽ അമ്മുമ്മേടെ ഒരു അനിയനും കുടുംബവുമാണ് താമസിക്കുന്നത്. വളരെ സ്നേഹമുള്ള മനുഷ്യരാണ് അവർ. നമുക്കവിടെപ്പോയി കുറച്ചു ദിവസം അടിച്ചു പൊളിക്കണം... നീ കണ്ടിട്ടില്ലല്ലോ... അവിടെ നല്ല കുളവും പുഴയും ഫുട്ബോൾ മൈതാനവും കുന്നിന്റെ മുകളിൽ കൃഷ്‌ണൻ കോവിലുമൊക്കെയുണ്ട്." നീരജ് കൊച്ച്കുട്ടികളെപ്പോലെ ആഹ്ലാദിക്കുന്ന അച്ഛനെ നോക്കി കിടന്നു... അവനും അതൊക്കെ ഒരു പുതിയ എക്സ്പീരിയൻസ് ആയിരിക്കുമെന്ന് തോന്നി... അമ്മുമ്മയുടെ നാട്ടിൽ അമ്മുമ്മയോടൊപ്പം എന്ന ചിന്ത തന്നെ അവനെ ഹരം കൊള്ളിച്ചു.

ആരെയും കാണാഞ്ഞു നന്ദിത നീരജിന്റെ മുറിയിൽ വന്നു.. അച്ഛനും മോനും കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്നതു കണ്ടു അവളും ചിരിച്ചുകൊണ്ട് അവരുടെ ഇടയിൽ കേറിക്കിടന്നു.
" ഇന്നു ഓഫീസിൽ പോകുന്നില്ലേ...? രാജു എട്ടര മണിക്കൊക്കെ റെഡി ആയി പോകുന്നതാണല്ലോ എന്നും... "

രാജു പതിയെ തന്റെ തീരുമാനങ്ങൾ അവളെ അറിയിച്ചു...
" എനിക്കും സിനിമയിലല്ലാതെ നാട്ടിൻപുറത്തെ ജീവിതത്തെ കുറിച്ച് ഒന്നും അറിയില്ല. ഓരോ വിദേശ രാജ്യത്തു അച്ഛൻ കൊണ്ടുപോകാറുണ്ട് ചെറുപ്പത്തിൽ.. ഇങ്ങനെ ഒരു അനുഭവമില്ല.. "നന്ദിത പറഞ്ഞു.

രാജു കുഞ്ഞുന്നാളിലെയുള്ള കഥകൾ ഓരോന്നായി പറഞ്ഞു തുടങ്ങിയപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഞാൻ ഒരു മൂടുപടത്തിലായിരുന്നു ഇതുവരെ... ഉള്ളിന്റെയുള്ളിൽ ഞാൻ കൊതിക്കുന്നത് ഇതൊക്കെയാണ് എന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാത്ത വിഡ്ഢിയായിരുന്നു ഞാൻ.. അയാൾ ഓർത്തു.

" ഇത്ര ആഗ്രഹമുണ്ടെങ്കിൽ രാജു മോനെയും അമ്മയെയും കൂട്ടി പോകു... ഞാൻ ഇവിടെ ഓഫീസിൽ കുറേ അറേഞ്ച്മെൻറ്സ് ചെയ്തിട്ട് പുറകെ വരാം.. ഒരു മാസം ലീവ് എടുക്കാൻ എനിക്കെന്തായാലും പറ്റില്ല"

"ഞാൻ രാവിലെ തന്നെ ഓഫീസിൽ അറിയിച്ചു കഴിഞ്ഞു. "ഡ്യൂ ടു അൻ അവോയ്ഡ്ബിൾ റീസൺസ് ഒൺ മന്ത് ലീവ് റിക്വസ്റ്റഡ്... " രാജു ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. . " അവർ അന്തംവിടും... ഒട്ടും ലീവ് എടുക്കാത്ത കക്ഷിയാണല്ലോ ഞാൻ.. ലീവ് ഇഷ്ടം പോലെയുണ്ട്. നോ പ്രോബ്ലം ."

രാജുവും നീരജും അമ്മുമ്മയെ വിളിക്കാൻ പോകാൻ തിടുക്കപ്പെട്ടു ഇറങ്ങി... നാട്ടിലെ വീട്ടിൽ പോയി ബന്ധുക്കളെയൊക്കെ കാണുന്നതിൽ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും..ഇനി ഈ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യമാവും. പാവം അമ്മ....! വണ്ടിയൊടിച്ചു വൃദ്ധസദനത്തിലേക്കു പോകുമ്പോൾ നാട്ടിലെ പച്ചപ്പ്‌ മനസ്സിൽ നിറയുന്നത് അയാൾ അറിഞ്ഞു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot