"പല്ലവി.. നീ അറിഞ്ഞിരുന്നോ ആഷികിന്റ കല്യാണം കഴിഞ്ഞു "
റൗണ്ട്സ് കഴിഞ്ഞു റൂമിലേക്ക് വരികയായിരുന്നു ഡോക്ടർ പല്ലവി.ഡോക്ടർ അരുൺ പറഞ്ഞത് കേട്ട് ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പിന്നെ അവൾ അത് മറച്ചു ചിരിച്ചു.
"രണ്ടു മാസമായി.. ഞാനും ഇന്നാ അറിഞ്ഞത് "
"എന്നെ സംബന്ധിച്ച് അത് ക്ലോസ്ഡ് ആണ് അരുൺ "അവൾ തണുത്ത ശബ്ദത്തിൽ പറഞ്ഞു.
അരുൺ വിളർച്ചയോടെ തലയാട്ടി. പിന്നെ വാർഡിലേക്ക് പോയി
എത്ര ഓർമ്മിക്കാൻ ഇഷ്ടമല്ല എന്ന് വെച്ചാലും ചിന്തകൾ കടൽ തിരമാല പോലെ ഒറ്റ വരവാണ്
രണ്ടു പേരും ഡോക്ടർ
മാർ ആകുമ്പോൾ പരസ്പരം മനസിലാകും എന്ന് അച്ഛൻ പറഞ്ഞിരുന്നു.. മനസിലാക്കലിന് അങ്ങനെ ഒന്നുമില്ല എന്ന് തനിക്ക് പിന്നീട് മനസിലായി
ആഷിക്കിന് തന്നെ ഇഷ്ടം ആയിരുന്നില്ല എന്ന് പിന്നീട് അറിഞ്ഞു.. ഒരു പ്രണയം ഉണ്ടായിരുന്നു എന്ന്. വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് ഉപേക്ഷിച്ചു കളയേണ്ടി വന്നു എന്ന്... താൻ ഒന്നും അറിഞ്ഞില്ല. ഭർത്താവിനെ ദൈവത്തെ പോലെ കരുതാൻ പറഞ്ഞു. അങ്ങനെ കരുതി സ്നേഹിച്ചു..എന്നിട്ടും..
മറ്റൊരു പെണ്ണിനെ ഉള്ളിൽ ചുമക്കുന്നവൻ ഭാര്യ ഇനി സ്വന്തം ജീവൻ കളഞ്ഞു സ്നേഹിച്ചാലും തിരിച്ചു സ്നേഹിക്കില്ല.. പെണ്ണ് തോറ്റു പോകുകയേയുള്ളു. പെണ്ണിന്റെ സ്നേഹത്തിന് ആണിന്റെ ദുശീലങ്ങളെ മാറ്റാൻ കഴിയും.
പക്ഷെ മറ്റൊരു പെണ്ണിനെ പേറി നടക്കുന്നവനെ മാറ്റാൻ കഴിയില്ല. ഒരിക്കലും.
എല്ലാം കഴിഞ്ഞു ഇപ്പൊ ആറുമാസം.. വേറെ ഒരാളെ കുറിച്ച് ചിന്തിക്കാനും കഴിയുന്നില്ല.. അതിനേക്കാൾ ഇനിയൊരു ജീവിതം പേടിയാണ് എന്നതാണ് ശരി..
"ഡോക്ടർ ഒരു എമർജൻസി ഉണ്ട്.. ഒരു ആക്സിഡന്റ് "
രാത്രി ഇതിപ്പോ മിനിമം അഞ്ചു കേസ് എങ്കിലും ഉണ്ടാവും.
ഒരു പ്രായമുള്ള സ്ത്രീ ആണ്..ബ്ലീഡിങ് ഉണ്ടായിരുന്നു നെറ്റിയിലും കൈകളിലും ഒക്കെ . തൊട്ടടുത്തു ആധി പെരുത്ത കണ്ണുകളോടെ ഒരു ചെറുപ്പക്കാരൻ.
"എന്താ സംഭവിച്ചത്? "പ്രാഥമിക പരിശോധന നടത്തുമ്പോൾ ചോദിച്ചു
"അമ്മയാണ്. എന്റെ ബൈക്കിൽ നിന്ന്..
. എന്റെ ബൈക്ക് സ്കിഡ് ആയി "
പറഞ്ഞതും അയാൾ പൊട്ടിക്കരഞ്ഞു
ആണുങ്ങൾ ഇങ്ങനെ കരയുന്നത് അവൾ ആദ്യം കാണുകയായിരുന്നു.
"അമ്മക്ക് അത്ര കുഴപ്പം ഒന്നുല്ല
.. നെറ്റിയിൽ മൂന്നു സ്റ്റിച്ചു ണ്ട് കൈക്ക് ചെറിയ ഒരു ഫ്രാക്ച്ചർ.
"അവൾ സമാധാനിപ്പിക്കാൻശ്രമിച്ചു കൊണ്ട് പറഞ്ഞു
മുറിയിൽ പോയിട്ടും രണ്ടു മൂന്നു തവണ അയാൾ വന്നു വിളിച്ചു. മടി കൂടാതെ അവൾ ഒപ്പം ചെന്നു
"ഡോക്ടറെ ഇവൻ ഇന്നലെ ഒത്തിരി ബുദ്ധിമുട്ടിച്ചു ല്ലേ? "
പിറ്റേ ദിവസം രാത്രി ചെന്നപ്പോൾ അമ്മ ചോദിച്ചു.
"സാരോല്ല.. അത്ര സ്നേഹം ഉള്ള കൊണ്ടല്ലേ? അല്ല രാത്രി അമ്മ എവിടെ പോയതാ? "
"അത്... "അവരുടെ മുഖത്തു ഒരു ചമ്മൽ
"ഞാൻ പറയാം.. അമ്മക്ക് പെട്ടെന്ന് ഒരു തോന്നൽ രാത്രി കടൽ കാണണം. അതും ബൈക്കിൽ തന്നെ പോയി കാണണം..അതിനിറങ്ങിയപ്പോഴാ.. വളവ് തിരിഞ്ഞപ്പോ ഒരു ലോറി അറിയാല്ലോ അതിന്റ ഒക്കെ സ്പീഡ്.
പിടിച്ചിട്ട് നിന്നില്ല "
അയാളുടെ കണ്ണ് നിറഞ്ഞു
"അയ്യോ കരയാൻ ആണെങ്കിൽ ഞാൻ പോവും ട്ടോ ഇന്നലെ എന്തായിരുന്നു? "
അയാൾ മെല്ലെ ചിരിച്ചു
"ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ആകെ ഉള്ള ആളാ ഈ കിടക്കുന്നെ.. കരഞ്ഞു പോവൂലെ ഡോക്ടറെ?
"അർജുൻ അതായിരുന്നു മകന്റെ പേര്.. ഐ ഐ ടിയിൽ നന്ന് നല്ല മാർക്കോടെ എഞ്ചിനീയറിംഗ് കഴിഞ്ഞു. പക്ഷെ ഇപ്പൊ കൃഷി യിലാണ് താല്പര്യം. അവളെക്കാൾ രണ്ടു വയസ്സ് ഇളപ്പമാണ് അർജുൻ.
ആ അമ്മയും മകനും വളരെ പെട്ടെന്ന് അവളോട് ഇണങ്ങി..
ആശുപത്രിയിൽ നിന്നു പോയിട്ടും അമ്മ മിക്കവാറും വിളിക്കും.. അർജുൻ നന്നായി പാടും. ഇടയ്ക്ക് അവിടെ അവൾ പോകും. അമ്മയുടെ ഭക്ഷണം കഴിക്കും അർജുന്റെ പാട്ടുകൾ കേൾക്കും. ഉയിരേ എന്ന പാട്ട് അർജുൻ അതിമനോഹരമായി പാടുമ്പോൾ അവനൊരു കാമുകി ഉണ്ടെന്ന് അവൾക്ക് തോന്നും
ഒരു ദിവസം അർജുൻ ആശുപത്രിയിൽ വന്നു
"ഡോക്ടർ എന്റെ വീട്ടിൽ വരുന്നോ? "അമ്മയുടെ പിറന്നാൾ ആണ് സർപ്രൈസ് കൊടുക്കാം "
"ഉവ്വോ.. എങ്ങനെ പോവാ? "
"എന്റെ ബൈക്കിൽ.. "
"അത് ബൈക്കില്.. ഞാൻ ഇത് വരെ കയറിയിട്ടില്ല.. എന്നെ കൊണ്ട് മറിച്ചിടുവോ? "
അയാൾ കുറച്ചു നേരം അവളുടെ കണ്ണിലേക്കു നോക്കി..
പിന്നെ അവളുടെ കൈ പിടിച്ചു
"ഇങ്ങോട്ട് വന്നേ.. "
അവൾ ചുറ്റിലും നോക്കി
"ഈശ്വര ആരെങ്കിലും കാണും... അർജുൻ പ്ലീസ് "
അയാൾ അതൊന്നും ശ്രദ്ധിച്ചില്ല പിടിച്ചു ബൈക്കിൽ കൊണ്ട് ഇരുത്തി അങ്ങ് ഓടിച്ചു പോയി
അമ്മക്ക് സന്തോഷം ആയി. ചെറിയ ഒരു സദ്യ ഉണ്ടായിരുന്നു.
..
"മോൾക്ക് എന്റെ മോനെ ഇഷ്ടം ആണോ? "
ഒരു ഗ്ലാസ് പായസം കൊടുത്തു കൊണ്ട് സാധാരണ പോലെ അവർ ചോദിച്ചു..
അവളുടെ കൈ വിറച്ചു.
"ഞാൻ...അമ്മേ.. അമ്മക്ക് എല്ലാം അറിയില്ലേ.? . "അമ്മയോട് അവൾ എല്ലാം പറഞ്ഞിരുന്നു
"അവനു നിന്നേ വലി
യ ഇഷ്ടം ആണ് മോളെ.. ഒരു പ്രൊപോസൽ വന്നിരുന്നു കഴിഞ്ഞ ആഴ്ച.. അപ്പൊ പറയുന്നു ഡോക്ടറോട് ഒന്ന് ചോദിക്ക് എന്ന്.. "
"പക്ഷെ അമ്മേ ഞാൻ.. "
"എന്താ യാലും അവനോടു
പറ "അമ്മ ഒഴിഞ്ഞു
അർജുൻ ലവ് ബേർഡ്സിന്റെ കൂടിനടുത്ത് ആയിരുന്നു
"അർജുൻ. അമ്മ പറഞ്ഞു.. "? ബാക്കി പറയാതെ അവൾ വിക്കി.. അർജുൻ ഒന്ന് ചിരിച്ചു.
"നേരിട്ട് പറയാൻ ഒരു ചമ്മൽ.. ആദ്യം ആയിട്ടാ.. അതിന്റ ഒരു.. പിന്നെ ഡോക്ടർ പറയാൻ പോകുന്ന കാര്യം എന്താ എന്ന് അറിയാം.. അത് പറയണ്ട.. എനിക്ക് ഇഷ്ടം ആണ്. അതിപ്പോ എന്നെ ഇഷ്ടം അല്ലേൽ.. പറഞ്ഞോ എന്ന് പറയാനും വയ്യ.. ഇഷ്ടം ആവും.. ആണ്.. എന്നെ കാണാൻ നല്ല ഭംഗി ഇല്ലേ.. ഇല്ലേ? "
അവൾ പൊട്ടിച്ചിരിച്ചു പോയി
"വട്ടാണല്ലേ? "അവൾ ചോദിച്ചു
"അതിപ്പോ അങ്ങനെ ചോദിച്ചാൽ... ഡോക്ടർ ചികിൽസിച്ചാൽ മാറുന്ന തരം ഒരു വട്ട് "
"എനിക്ക് ഇഷ്ടം അല്ലെങ്കിലോ? "
"ഞാൻ പുറകെ നടക്കും.. എനിക്ക് അതിൽ മടിയൊന്നുമില്ല സത്യം "
അവൾ പിന്നെയും ചിരിച്ചു
"ശരി ഇയാൾ എന്നേക്കാൾ രണ്ടു വയസ്സ് ഇളയത് ആണ്. അതോ? "
"സച്ചിൻ..ഭാര്യ, പ്രായം.. അല്ലെങ്കിൽ വെണ്ട അതെല്ലാരും പറയുന്നത് ആണ്.. ഐശ്വര്യ റായ് അഭിഷേക് ബച്ചനേക്കാൾ മൂത്തത് ആണ് ല്ലേ?age is just a number, doctor "
"അതൊന്നും വേണ്ട അർജുൻ.. എനിക്ക് പേടി ആണ്.. അത്രക്ക് അനുഭവിച്ചിട്ടുണ്ട്.. അർജുനായി നല്ല ഒരു കുട്ടി വരും നോക്കിക്കോ
കല്യാണത്തിന് ഞാൻ വരും "
പല്ലവി മെല്ലെ ചിരിച്ചു..
.." കല്യാണത്തിന് എന്തായാലും ഡോക്ടർ വരും. എന്റെ പെണ്ണായിട്ട്.. ആദ്യം പേടി മാറട്ടെ.. ഞാൻ കാത്തിരിക്കാം "
അർജുൻ അവളുടെ കൈ പിടിച്ചു..
"വേണ്ട അർജുൻ.
പിന്നെ തോന്നും വേണ്ടായിരുന്നു എന്ന്. എനിക്ക് വേദനിക്കാൻ ഇനി വയ്യ "
"ഡോക്ടർക്ക് അറിഞ്ഞൂടാത്ത ഒരു കാര്യം പറയാം ഈ ആണുങ്ങൾക്ക് ഒരു കുഴപ്പം ഉണ്ട്.. അസ്ഥിയിൽ കേറി പിടിച്ചാ പിന്നെ അവളെ കളയുകേല.. ആർക്കും കൊടുക്കുകയുമില്ല.. അവൾ ഇനി വിട്ടേച്ചു പോയാലോ പിന്നെ ഒരുത്തിയെ അങ്ങോട്ട് സ്നേഹിക്കുകയുമില്ല. നിങ്ങൾ പെണ്ണുങ്ങളെ പോലല്ല..സ്നേഹിച്ചു പോയാൽ വിട്ടേച്ചു പോകാൻ നല്ല ഒരു ആണ് സമ്മതിക്കുകേല..എന്താ എന്നോ അവനെ പോലെ അവളെ ആരും സ്നേഹിക്കില്ല എന്ന് അറിയാവുന്ന കൊണ്ട് "
അർജുൻ അവളുടെ മുഖത്തേക്ക് നോക്കി
"പേടി ഒക്കെ മാറീട്ടു നല്ല കുട്ടി ആയി എന്നെ വിളിക്കണം.. ഉം? "
അവളുടെ കണ്ണ് നിറഞ്ഞു
"വേദനിപ്പിക്കില്ല എന്ന് വാക്ക് തരാം.. സത്യം "
പിന്നെ മെല്ലെ പാടി
ഉയിരേ. ഉയിരേ..
വന്ത് എന്നോട് കലന്ത് വിട്..
അർജുന്റെ കൈ പിടിക്കുമ്പോൾ ആ ജീവിതത്തിൽ കൂട്ടാകുമ്പോൾ ഒത്തിരി വ്യത്യാസങ്ങൾ ഉണ്ടായിരുന്നു
പഠനം, ജോലി, പ്രായം.. പക്ഷെ
ഒന്ന്... ആ ഒന്നായിരുന്നു അവളുടെ പേടി മാറ്റിയത്
അമ്മയോടുള്ള അവന്റെ സ്നേഹം
അത്ര മേൽ അമ്മയെ സ്നേഹിക്കുന്ന ആൺമക്കൾ ഭാര്യയെയും സ്നേഹിക്കും.. ബഹുമാനിക്കും അത് ഒരു ലോകതത്വം ആണ്... അത് മാത്രം അല്ല.. അവന്റെ ആദ്യ പെണ്ണായിരുന്നു അവൾ
ആദ്യം സ്നേഹിച്ചവളേ അവൾ ഇനി ഈ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ആർക്കൊപ്പം ആണെങ്കിലും ആണുങ്ങൾ മറക്കുകേല. സത്യം..
Written by Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക