''ഇല്ല ഇതുവരെ ആയില്ല പക്ഷേ എന്‍റെ കുഴപ്പം അല്ലാട്ടോ അവള്‍ക്കാണ് കുഴപ്പം''
''ശ്ശെടാ ആരുടെ കുഴപ്പമാണ് എന്നു ഞാന്‍ ചോദിച്ചില്ലല്ലോ ദേവാ.. ശരി പിന്നെ കാണാം കേട്ടോ''
പതിവുപോലെ ദേവന്‍ അന്ന് തന്‍റെ സ്റ്റേഷനറി കട തുറന്നതാണ് അപ്പോഴാണ് അയാളുടെ വരവ് പഴയ കോളേജ്മേറ്റാണ്....
എന്തോ ഒരു വല്ലായ്ക തോന്നി ശരീരം തളരുന്നതുപോലെ. ഒന്നാം തീയ്യതി ആയിപ്പോയി അല്ലെങ്കില്‍ ബാറില്‍പോയി രണ്ടെണ്ണം വിടാമായിരുന്നു. കടയടച്ച് വീട്ടില്‍പോയി വിശ്രമിച്ചാലോ എന്നോര്‍ത്തു. അവളുടെ മുഖം മനസ്സിലെത്തിയതും ''പണ്ടാരം '' അയാള്‍ പിറുപിറുത്തു. കുറച്ചു നേരം കൂടി അയാള്‍ കടയില്‍ തള്ളിനീക്കി. ആരും വരുന്നില്ല അല്ലെങ്കിലും ഇൗയിടെയായി കച്ചവടം വളരെ കുറവാണ്. തൊട്ടടുത്ത് വലിയൊരു കട തുടങ്ങിയിട്ടുണ്ട് എല്ലാവരും അവിടേക്കാണ് പോകുന്നത്. അയാള്‍ക്ക് വല്ലാത്ത നിരാശ തോന്നി അല്ലെങ്കിലും ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് എല്ലാം അവസാനിപ്പിക്കാറായി....
പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരു കുഞ്ഞിനെ തരാന്‍ അവള്‍ക്ക് കഴിയില്ല എന്നറിഞ്ഞതുമുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. അയാള്‍ കടയടച്ചു ബൈക്കില്‍ വരുമ്പോളാണ് സിറാജിനെ കണ്ടത്.
'' വാടോ ഓരോ ചായ കുടിക്കാം.''
ചായയും ചൂടു പഴംപൊരിയും കഴിക്കുമ്പോള്‍ സിറാജ് പറഞ്ഞു
'' പഴംപൊരി ഭാര്യക്ക് ഭയങ്കര ഇഷ്ടാ കുറച്ചു വാങ്ങട്ടെ നിനക്ക് വേണോ ?''
''എനിക്ക് വേണ്ട അയാള്‍ പെട്ടന്നു പറഞ്ഞു''
അവിടെ നിന്നും പോകുമ്പോള്‍ അയാള്‍ ആലോചിച്ചു അവള്‍ക്കും ഒത്തിരി ഇഷ്ടമാണ് പഴംപൊരി വാങ്ങിയാലോ പിന്നെ ഒട്ടും അമാന്തിച്ചില്ല അയാള്‍ തിരിച്ചുവന്നു പഴംപൊരി പാര്‍സല്‍ വാങ്ങി. സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല ഇത് വാങ്ങുന്നത് അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു....
വീടെത്തിയതും പൂട്ടികിടക്കുന്നു അപ്പുറത്തെ വീട്ടിലെ നാണിയമ്മയോട് ചോദിച്ചു
''രേണു എവിടെപോയി നാണിയമ്മേ?''
''അവളാനീതൂന്‍റവിടെ കാണും ഞാന്‍ പോയി വിളിക്കണോ ?''
''വേണ്ട ഞാന്‍ പോവാം''
മൂന്നു വീട് അപ്പുറത്താണ് നീതുവിന്‍റെ വീട്. ദൂരെ നിന്നുതന്നെ അയാള്‍ ആ കാഴ്ച കണ്ടു നീതുവിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുകൊഞ്ചുന്ന രേണുവിനെ...
''നീതു ഞാന്‍ പോവാണേ ഏട്ടന്‍ നേര്‍ത്തെ വന്നു '' അവള്‍ ഓടിവന്നു ദേവനെ കടന്നുപോയി അയാള്‍ അവളെ അനുഗമിച്ചു. ഉടയാത്ത അവളുടെ ശരീരത്തിലേക്ക് അയാളൊന്നു നോക്കി. ലൈംഗികതപോലും താനവള്‍ക്കു നിഷേധിച്ചു. തന്‍റെ എല്ലാ കുറ്റപ്പെടുത്തലുകളും നിശ്ശബ്ദം ഏറ്റുവാങ്ങി ആര്‍ക്കു മുമ്പിലും തന്നെ വിട്ടുകൊടുക്കാത്തവള്‍. ഒരു കട്ടിലില്‍ ഇരു രാജ്യങ്ങളായി കഴിയുമ്പോഴും പരാതിയില്ലായിരുന്നു അവള്‍ക്ക്... തന്‍റെ ഈഗോയാണ് എല്ലാറ്റിനും കാരണം
ബൈക്കില്‍ നിന്നും പഴംപൊരിയെടുത്ത് അയാള്‍ അവള്‍ക്ക് കൊടുത്തു. അവള്‍ ആശ്ചര്യത്തില്‍ അയാളെ നോക്കി. എത്ര നാളായി ഇങ്ങനെ കൊണ്ടുവന്നിട്ട് അവളുടെ കണ്ണു നിറഞ്ഞു...
''നീ ഭക്ഷണം കഴിച്ചോ ?'' അവള്‍ നിറകണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി. ഇത്രേം സ്നേഹമൊക്കെ ഉണ്ടായിരുന്നോ ആ മനസ്സില്‍ ഞാനറിയാതെ പോയല്ലോ...
''ഏട്ടനു ചോറെടുക്കട്ടെ ?''
''വേണ്ട പതുക്കെ മതി ചായ കുടിച്ചതേ ഉള്ളൂ. ഞാനൊന്നു കിടക്കട്ടെ ഒരു തളര്‍ച്ചപോലെ...
അയാള്‍ കട്ടിലില്‍ പോയി കിടന്നു വല്ലാത്തൊരു കുറ്റബോധം അയാളെ വേട്ടയാടി. അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു...
രേണു അയാളുടെ അടുത്തിരുന്നു. മൃദുവായ കൈകള്‍കൊണ്ട് ദേവന്‍റെ നെറ്റിയില്‍ പതുക്കെ തലോടി. അടുത്തിരുന്നാല്‍ ചൂടാവുന്ന ആളാണ് ഇതെന്തുപറ്റിയാവോ...
അപ്പോഴാണ് രേണു അത് ശ്രദ്ധിച്ചത് അയാള്‍ കരയുകയാണ് ''എന്താ ദേവേട്ടാ ഇത് എന്തിനാ ഇങ്ങനെ കരയണേ...?''
''എനിക്കു തെറ്റുപറ്റി മാപ്പ്....''
അവളയാളുടെ വായപൊത്തി ''തോല്‍ക്കണ്ട എന്‍റെമുമ്പില്‍ തോല്‍ക്കണ്ട....''
കൊച്ചുകുഞ്ഞിനെപോലെ അവള്‍ അയാളുടെ മുഖം കൈകുമ്പിളില്‍ കോരിയെടുത്തു. '' എനിക്ക് ഇനിയൊരു കുഞ്ഞു വേണ്ട ദേവേട്ടാ....''
അയാളവളെ നെഞ്ചിലേക്ക് വലിച്ചിട്ടു.
''എനിക്കും വേണ്ട '' അയാള്‍ മന്ത്രിച്ചു....!!
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക