Showing posts with label SaryaVijayan. Show all posts
Showing posts with label SaryaVijayan. Show all posts

താരാട്ട്

Image may contain: 1 person, smiling, closeup

വാവാച്ചി ....ഇത് എവിടെ പോയി??
മോളെ...വാവാച്ചി.
അടുക്കളയിൽ എന്താ ഒരു ശബ്‌ദംകേള്കുന്നുണ്ടല്ലോ...
ഹോ ഈ പൂച്ചയെ കൊണ്ട് തോറ്റു. 
നീണ്ട ഇടനാഴി കടന്ന് അടുക്കളയിലേയ്ക്ക് കയറിയപ്പോൾ ആദ്യം കണ്ട കാഴ്ച്ച.....
തിട്ടയിൽ കയറി ഇരുന്ന്.അലമാര തുറന്ന് പതുക്കെ അച്ചാർ ഭരണി കൈയ്യിൽ എടുത്ത് അതു തുറക്കാൻ നോക്കുന്ന വാവച്ചിയെയാണ്. ഞാൻ അടുക്കളയിൽ കയറാതെ അവിടെ തന്നെ നിന്നു. എന്താ ചെയ്യുന്നത് എന്ന് അറിയണമല്ലോ.ആ കുഞ്ഞികൈ കൊണ്ട് പതുക്കെ അടപ്പു തുറന്നു.കൈ ഇട്ട് എടുക്കാൻ കഴിയുന്ന അത്രയും മാങ്ങ വാരി വായിലേയ്ക്ക് ഇട്ടു.നല്ല മുളക് ചേർത്താണ് അച്ചാറുണ്ടാക്കിയത്.ആദ്യത്തെ പിടിയിൽ നന്നായി ചവച്ചു അസ്വദിച്ചു കഴിച്ചു.അടുത്ത പിടിയിൽ നന്നായി നാവിൽ എരിവ് തട്ടിയെന്നു തോന്നുന്നു.എങ്കിലും ഭരണി ഉപേക്ഷിക്കാൻ തയ്യാറല്ല.അടുത്ത പിടിയ്ക്ക് മുന്നേ ഞാൻ ശബ്ദം ഉണ്ടാക്കാതെ പതുക്കെ ചെന്ന് ചെവിയിൽ ഒന്ന് പിടിച്ചു.
"കള്ളി..ഇവിടെ ഇരുന്ന് മാങ്ങ കട്ടു തിന്നുകയാണോ?
നിന്നെ കൊണ്ട് ഞാൻ തോറ്റല്ലോ. ഇങ്ങനെ വാരി കഴിച്ചാൽ വയറ്റിൽ പുണ്ണ് വരുമെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്".
"വിട് അമ്മേ...എനിക്ക് വേദനിക്കുന്നു".
അപ്രതീക്ഷിതമായ എന്റെ കടന്നു വരവിൽ ഭരണി കൈയ്യിൽ നിന്ന് തെന്നി താഴെ വീണു പൊട്ടി.ഒപ്പം താഴേയ്ക്ക് ചാടി എന്റെ അടുത്ത് നിന്ന് കുതറി ഓടി.
അച്ചാറിന്റെ എരിവിൽ നാവിൽ നിന്ന് ജലപ്രവാഹം...
എന്റെ കൈയ്യുടെ എരിവിൽ കണ്ണിൽ നിന്നും വെള്ളം കുതിച്ചു ചാടി.
ഉറക്കെ കരഞ്ഞു കൊണ്ട് ഉമ്മറത്തേയ്ക്ക് ഓടി.
ഞാൻ തറയിൽ വീണ അച്ചാറും ഭരണിയും തുടച്ചു നീക്കി.പശ്ചാത്തലത്തിൽ ഉമ്മറത്തു നിന്ന് വലിയ വായിൽ ഒരു നിലവിളി കേൾക്കുന്നുണ്ട്.ഇടയ്ക്ക് പുലമ്പലും..
"അച്ഛൻ ഇങ്ങ് വരട്ടെ...ഞാൻ പറഞ്ഞു കൊടുക്കും...
ങീ...ങീ...ങീ..."..
എനിക്ക് ചിരി വന്നുവെങ്കിലും ഒരു ദേഷ്യത്തിൻ മൂടുപടം അണിഞ്ഞു ഞാൻ അങ്ങോട്ട് ചെന്നു. അതെ ദേഷ്യത്തിൽ പറഞ്ഞു.
"ഇനി കരച്ചിൽ ഇവിടുന്ന് പുറത്തേയ്ക്ക് കേട്ടാൽ അതിനും കൂടി കിട്ടും എന്റെ കൈയ്യിൽ നിന്ന്"..
അതുകേട്ട ഉടൻ വാ..പൊത്തി നിശബ്ദതമായി..
കണ്ണിൽ നിന്ന് അണപൊട്ടിയ പോലെ വെള്ളം മാത്രം.
ഞാൻ ശ്രദ്ധിക്കാതെ.അടുക്കളയിൽ പോയി ജോലി നോക്കി.
കുറെ കഴിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി.
നേരെ ഉമ്മറത്ത് ചെന്നപ്പോൾ പടിയിൽ തലച്ചായ്ച് ഉറങ്ങുകയാണ് വാവാച്ചി.ആ നെറുകയിൽ പതിയെ തലോടി ,എടുത്ത് തോളിൽ ഇട്ടു.മുറിയിൽ കൊണ്ടു പോയി കിടത്തി.
ഞാനും ചേർന്നു കിടന്നു.
******
അമ്മാളൂ...
ചേട്ടന്റെ വിളികേട്ട് കണ്ണു തുറന്നത്.
അപ്പോഴും വാവാച്ചി എന്നെ ചേർന്നു പിടിച്ചിരുന്നു.കൈകൾ എടുത്ത് മാറ്റി.ഉമ്മറത്തേയ്ക്ക് ചെന്നു.
"വാവാച്ചി" എന്റെ മോള് എവിടെ?
"എന്നോട് പിണങ്ങി നേരത്തെ ഉറങ്ങി.
അച്ചാർ വാരി കഴിച്ചതിന് ഞാൻ വഴക്കു പറഞ്ഞതിന്.
"ഇന്നുംഅമ്മയും മോളും തമ്മിൽ കലഹിച്ചോ" എന്നു പറഞ്ഞദ്ദേഹം അകത്തേയ്ക്ക് പോയി.
കുളിച്ചു വന്ന് വിളക്കു കൊളുത്തി.
അദ്ദേഹം ടി.വി കണ്ടു ഇരുന്നു.
അദ്ദേഹത്തിന് ആഹാരം നൽകി.
ഞാൻ പതുക്കെ മുറിയിൽ ചെന്നു. അപ്പോഴും വാവാച്ചി സുഖമായി ഉറങ്ങുകയായിരുന്നു .
ഞാൻ വീണ്ടും ചേർന്നു കിടന്നു.എന്റെ സ്പർശം അറിഞ്ഞു എന്ന പോൽ കുറച്ചു കൂടി എന്റെ നെഞ്ചിലേയ്ക്ക് ചേർന്നു കിടന്നു.
*******
രാവിലെ ഉണർന്നത് മുതൽ വാവാച്ചി ഭയങ്കര കരച്ചിൽ വയറു വേദനിച്ചിട്ട്.
ഞാൻ അവളോട് ദേഷ്യപ്പെട്ടു.
കുറച്ചു കൂടി അച്ചാർ വാരി കഴിക്ക് എന്നു പറഞ്ഞു.ചേട്ടനും ഞാനും വാവാച്ചിയെ റെഡിയാക്കി ആശുപത്രിയിലേയ്ക്ക് തിരിച്ചു.
നീണ്ട പരിശോധനയ്ക്ക് ഒടുവിൽ ഡോക്ടർ പറഞ്ഞു അവിടെ കിടത്താൻ.അഡ്മിറ്റ് ചെയ്ത് ട്രിപ്പും ഇട്ടു.
ആഹാരവും കൊടുക്കേണ്ട എന്നു പറഞ്ഞു.ക്ഷീണം കൊണ്ട് മോള് വേഗം ഉറങ്ങി.ഞാനും അദ്ദേഹവും കട്ടിലിന്റെ ഓരത്ത് മോളെ നോക്കി ഇരുന്നു.
വൈകുന്നേരം ഡോക്ടർ വന്നു പറഞ്ഞു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകാൻ .അത് കേട്ടത് മുതൽ ഞാൻ കരച്ചിൽ തുടങ്ങി.രോഗം വലുതായിരിക്കും അല്ലെങ്കിൽ ഒരിക്കലും അവിടേയ്ക്ക് കൊണ്ടു പോകാൻ പറയില്ല.അദ്ദേഹം എന്നെ സമാധാനിപ്പിച്ചു.
ആത്മധൈര്യം പകർന്നു തന്നു.
ഞങ്ങൾ അവിടെ നിന്നിറങ്ങി.
ബസ്സിൽ ആയിരുന്നു പോയത്.ഞാൻ വാവാച്ചിയെ ചേർത്തു പിടിച്ചു നിശബ്ദതമായി ഉള്ളിൽ കരഞ്ഞു.അദ്ദേഹം ഞങ്ങളെ രണ്ടുപേരും അദ്ദേഹത്തോട് ചെർത്ത് പിടിച്ചു.
നീണ്ട യാത്രയ്ക്ക് ഒടുവിൽ അവിടെ എത്തി.അത്യാഹിത വിഭാഗത്തിൽ കാണിച്ചു.അവിടെ നിന്ന് ശിശുരോഗവിഭാഗത്തിലേയ്ക്ക് വിട്ടു.
ഡോക്ടർ വളരെ നല്ല ഒരു മനുഷ്യൻ അദ്ദേഹം റിപോർട്ടുകൾ എല്ലാം വാങ്ങി നോക്കിയ ശേഷം ഞങ്ങളോട് പറഞ്ഞു.
"ഇത് കൊച്ചുകുട്ടികളിൽ ഈ പ്രായത്തിൽ കണ്ടു വരുന്ന ഒന്നാണ് ഗർഭപാത്രത്തിൽ മുഴ".
കേട്ട മാത്രയിൽ ഞാൻ കരഞ്ഞു തുടങ്ങി.
ചേട്ടൻ എന്നെ വിളിച്ചു പുറത്ത് കൊണ്ട് വന്നിരുത്തി.ഞാൻ മോളെയും ചേർത്ത് പിടിച്ചവിടെ ഇരുന്നു.കുറെ കഴിഞ്ഞ് അദ്ദേഹം വന്നു.ഞങ്ങൾ വാർഡിലേയ്ക്ക് പോയി.
നാളെ മോൾക്ക് ഓപ്പറേഷൻ ആണ്. ആ രാത്രി ഞങ്ങൾ ഉറങ്ങില്ല.
രാവിലെ മോളെ തീയറ്ററിൽ കയറ്റി.എന്റെ കൈയ്യിൽ നിന്ന് കൊണ്ടു പോയപ്പോൾ പേടിച്ചു കരഞ്ഞു.ഞാനും ചേട്ടനും പുറത്ത് കാവൽ നിന്നു.2 മണിക്കൂർ നീണ്ട ഓപ്പറേഷൻ കഴിഞ്ഞ് ഐ.സി.യു. വി ലേയ്ക്ക് മാറ്റി.ചേട്ടൻ വന്ന് ഒന്ന് കണ്ടു പോയി.അവിടെ ഒരാൾക്ക് നിൽക്കാനേ അനുവാദം ഉണ്ടായിരുന്നുള്ളൂ.
ഓപ്പറേഷൻ കഴിഞ്ഞു വന്ന മയക്കത്തിൽ വാവാച്ചി ഉറങ്ങു കയായിരുന്നു.ഞാൻ അവിടെ മോളെ നോക്കി ഇരുന്നു.
ഞങ്ങൾക്ക് പുറമേ അവിടെ വേറെ 5 കുട്ടികൾ ഉണ്ടായിരുന്നു.
അഞ്ചു വയസുകാരൻ ആസിഫ് കിഡ്നിയിൽ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നു.
ഒരു വയസുകാരി മാളു അണ്ണാക്കിൽ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണ്.നേരെ കിടന്ന് ഫലം കിട്ടില്ല എന്നതു കൊണ്ട് കമഴ്ത്തി കിടത്തിയിരിക്കുകയാണ്.ഒപ്പം തിരിയതിരിക്കാൻ കൈയ്യും കാലും കെട്ടി ഇട്ടിരിക്കുകയാണ്.ആ കാഴച്ച എന്നെ വേദനിപ്പിച്ചു.ആ കാഴ്ച താങ്ങാൻ കഴിയാതെ മാളുവിന്റെ അമ്മ ആ കുട്ടിയെ ചെറിയമ്മയെ ഏല്പിച്ചു പുറത്തു പോയി.
അങ്ങനെ തന്നെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാണ് മറ്റുള്ളവരും.
ഞങ്ങളിൽ നിന്ന് അകന്ന് ആ വലിയ മുറിയുടെ അങ്ങേ കോണിൽ തുണി വിരിച്ച് ഇട്ടിട്ടുണ്ട്.അവിടെ ജനിച്ച് ഇരുപത് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്.
അതിന് ഇൻഫെക്ഷൻ ബാധിച്ച് ശരീരത്തിന്റെ കുറച്ചു ഭാഗം കറുപ്പ് നിറമാണ്.അതീവ ശ്രദ്ധ കൊടുക്കാൻ വേണ്ടിയാണ് അവിടെ കിടത്തിയിരിക്കുന്ന് എന്ന് ആസിഫിന്റെ ഉമ്മ എന്നോട് പറഞ്ഞു.
കുറെ നേരത്തിന് ശേഷം മോള് ഉണർന്നു.ആഹാരവും വെള്ളവും ഒന്നുമില്ലാത്തതിനാൽ ചുണ്ട് ഉണ ങ്ങി വരണ്ടു.
അവശത നിറഞ്ഞ കുഞ്ഞി സ്വരത്തിൽ എന്നോട് ചോദിച്ചു..
"അമ്മേ വെള്ളം"..
അത് കേട്ട് എന്റെ ഹൃദയം ഞുറുങ്ങി.എങ്കിലും ഡോക്ടർ ഒന്നും കൊടുക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് വെള്ളം വച്ച് ആ ചുണ്ടുകൾ മാത്രം തുടച്ചു.ആ ചുണ്ടുകളിൽ നിന്ന് അല്പം ജലം ഒപ്പിയെടുക്കാൻ എന്ന വണ്ണം നാവ് കൊണ്ട് ചുണ്ടിൽ പരതി എന്റെ മോള്.
ഞാൻ എന്റെ വേദന ഉള്ളിൽ ഒതുക്കി അത് കണ്ടില്ല എന്ന മട്ടിൽ ഇരുന്നു.
രാത്രിയായപ്പോൾ ഒരു താരാട്ട് ആ മുറിയിൽ അലയടിച്ചു.
ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞിന് ഉറക്കുകയാണ് ഒരമ്മ അവിടെ.
രാരീരം... രാരീരം...
രാരോ...
രാരീരി...
രാരീരി...
രാരോ...
ആ പാട്ടിൽ വാവാച്ചിയും അവിടെയുള്ള എല്ലാ കുഞ്ഞുങ്ങളും ഉറങ്ങി.
രണ്ടു ദിവസം അവിടെ കിടന്നു വാവാച്ചി..
അവിടെ മോൾക്ക് ആശ്വാസമായത് ആ അമ്മയുടെ താരാട്ട് ആയിരുന്നു.
മുന്നാം നാൾ വാവാച്ചിയെ മുറിയിലേയ്ക്ക് മാറ്റി.അവിടെ നിന്ന് പോകുന്നത് മുൻപേ ആ അമ്മയെയും കുഞ്ഞിനേയും കാണാണമെന്ന് ഉണ്ടായിരുന്നു.പക്ഷെ എനിക്കതിന് കഴിഞ്ഞില്ല.
മുറിയിൽ മാറ്റിയപ്പോൾ ഞാൻ മോളെ ചേട്ടനെ ഏല്പിച്ചു താഴെ പോയി കുളിച്ചു വന്നു.തുണിയും കഴുകി ഇട്ടു.തിരികെ വന്നപ്പോൾ എന്നെ വരവേറ്റത് വേദനാജനകമായ വാർത്തയാണ്.
ആ അമ്മയെയും താരാട്ടിനെയും ഉപേക്ഷിച്ച് ആ കുഞ്ഞ് പോയിരിക്കുന്നു.എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.ഞാൻ ചെന്ന് എന്റെ മോളെ എന്റെ മാറോട് ചേർത്തണച്ചു..
അപ്പോഴും എന്റെ കാതിൽ ആ താരാട്ട് അലയച്ചു.
രാരീരി....
രാരീരം....
രാരോ....
(സാര്യ വിജയൻ)

ഈ അമ്മയെന്താ ഇങ്ങനെ???

Image may contain: 1 person, smiling, closeup

((കഥയും കഥാപാത്രങ്ങളും തികച്ചും യാഥർച്ഛികം മാത്രം))

മാറി കിടന്ന ഷാൾ ഒന്നുകൂടി നേരെയാക്കി ഒന്നും മിണ്ടാതെ മാളു അമ്മയോട് ചേർന്ന് നടന്നു.
"ഷാൾ നേരെ കിടന്നില്ല, അവിടെ നിന്ന ആണ്പിള്ളേരോട് മിണ്ടി തുടങ്ങിയ കാരണങ്ങൾ പറഞ്ഞു അമ്മ ഇന്നിനി വീട്ടിൽ ചെന്നാൽ സ്വസ്ഥത തരില്ല."
കല്യാണത്തിരക്കിൽ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയുടെ ശ്രദ്ധ അതെന്നിൽ തന്നെ.
അമ്മയുടെ കൂടെ ഒരു കല്യാണത്തിന് പോകുന്നതിലും ഭേദം ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നതാണ്.
അമ്മയുടെ വിചാരം ഏതെങ്കിലും ആണ്പിള്ളേരോട് സംസാരിച്ചാൽ എന്തോ വലിയ അപരാധം ചെയ്തുവെന്ന.
അവിടെ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു.അമ്മയുടെ രൂക്ഷമായ നോട്ടം എന്നെ അതിനുള്ളിലേയ്ക്ക് തള്ളിയിട്ടു എന്ന് തന്നെ പറയാം.
അതിൽ ഇരുന്ന ഓരോ നിമിഷവും വീട്ടിൽ ചെന്നാൽ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടുന്ന വഴക്കും തല്ലും മാത്രമായിരുന്നു മനസ്സിൽ.പേടിച്ചു പേടിച്ചു പെട്ടെന്ന് വീട്ടിൽ എത്തി.ഉണ്ണിയുടെ കൂടെ ഞാനും ഓടി വീട്ടിൽ കയറി.
അമ്മ പൈസ കൊടുത്തിട്ട് പിറകെ വന്നു.
അകത്തേയ്ക്ക് കയറിയപ്പോഴേ അമ്മ തുടങ്ങി.
"അല്ല ഇന്ന് എന്തായിരുന്നു അവിടെ ??"
ഉള്ളിൽ തോന്നിയ പേടി പുറത്തു കാട്ടാതെ സാധാരണപോലെ.
"എന്താ അമ്മേ."
"നിനക്കറിയില്ലേ"
ഇല്ലാ എന്ന പോലെ നിസ്സഹായതയോടെ അമ്മയെ നോക്കി.
"അല്ലെങ്കിലും നിനക്കിപ്പോ കുറച്ചു കൂടിയിട്ടുണ്ട്.പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഒരുപാട് ആട്ടമൊന്നും വേണ്ടന്ന് ,ഇന്ന് ആ ഷാൾ.."
"അതമ്മേ കാറ്റടിച്ചപ്പോൾ..."
"പിൻ കുത്തിയാൽ അതവിടെ ഇരിക്കുമായിരുന്നല്ലോ??"
അതൊന്നും ചെയ്യില്ല..."
കുറച്ചു മുടിയും മുലയും വച്ചപ്പോൾ പിന്നെ നിലത്തൊന്നുമല്ല.ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞു തന്നെയാ ഇങ്ങോട്ട് വന്നത്."
അമ്മ നിർത്തുന്ന ലക്ഷണമില്ല.ഉള്ളിൽ വന്ന സങ്കടം ആണെങ്കിൽ കണ്ണീരായി പുറത്തു വന്നും തുടങ്ങി.നേരെ റൂമിൽ പോയി കിടന്നു.
ഒന്നും വിചാരിച്ചില്ല,ഇറങ്ങിയ സമയത്തു ഷാൾ നേരെ കുത്താൻ മറന്നു.കാറ്റടിച്ചപ്പോൾ അതൊന്നു പറന്നു അതിന് ഞാനെന്ത് ചെയ്യാനാ.
ഡിഗ്രി അഡ്മിഷൻ എടുക്കുമ്പോൾ ദൂരെ എവിടെങ്കിലും എടുക്കണം എന്നിട്ട് വല്ല ഹോസ്റ്റലിലും പോയി നിൽക്കണം ഈ കാരാഗ്രഹത്തിൽ നിന്നും മാറി.
ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയതറിഞ്ഞില്ല.
***********
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഹോസ്റ്റലിന്റെ പടി കയറിയപ്പോൾ വിഷമം തോന്നിയെങ്കിലും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു.
പട്ടാളച്ചിട്ടയും സ്വാതന്ത്ര്യമില്ലായ്മയും ഇനി ഇല്ലല്ലോ.
സ്വന്തം ഇഷ്ടത്തിന് ഇതുവരെ ഭക്ഷണമോ?? വസ്ത്രമോ?? ഒന്നും കിട്ടിട്ടില്ല.അമ്മയോടൊപ്പം കടയിൽ പോയാൽ അമ്മയ്ക്ക് ഇഷ്ടമുള്ളത് അമ്മ എടുത്തു തരും മിണ്ടാതെ അതും വാങ്ങി വരും.ഇഷ്ടമുള്ള ഭക്ഷണം വേണമെന്ന് പറഞ്ഞാൽ ...
"ഇവിടെ ഇതൊക്കെ ഉള്ളൂ വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന് പറയും.."
ഇനിയിപ്പോ എല്ലാം എന്റെ ഇഷ്ടത്തിന് കഴിക്കാം,ഇഷ്ട്ടം പോലെ നടക്കാം ആരും ചോദ്യം ചെയ്യില്ല.
ഹോസ്റ്റലിലേയ്ക്ക് മാറിയതിനാൽ ഒരു സ്മാർട്ട് ഫോണും കൂടി സമ്മാനമായി കിട്ടി.
ഹോസ്റ്റൽ ജീവിതം പകർന്നു തന്നത് മറ്റൊരു ലോകമായിരുന്നു.
ക്ലാസ്സ് കഴിഞ്ഞു വൈകിട്ട് വന്നാൽ പിന്നെ ഇഷ്ടത്തിന് എന്തും ചെയ്യാം വേണമെങ്കിൽ പഠിക്കാം.
അല്ലെങ്കിൽ കിടന്നുറങ്ങാം
അങ്ങനെ പതിവ് പോലെ കോളേജിൽ പോയി വന്ന് ഫോണും എടുത്ത് കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുമ്പോഴാണ് ആദ്യമായി ആ നമ്പറിൽ നിന്ന് കോൾ വന്നത്.
പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോൾ വന്നാൽ എടുക്കരുത് എന്ന അമ്മയുടെ ഉപദേശം ഉള്ളിൽ ഉണ്ടെങ്കിലും.എന്തോ??എടുത്താലെന്താ എന്ന ഉള്ളിലെ വാശി എന്നെ കൊണ്ട് ആ കോൾ എടുപ്പിച്ചു.
"ഹലോ.….....
...........
..…...
....
..
.
ഇതുവരെ ഒരു ആണ്കുട്ടിയോടും സംസാരിക്കാത്തത് കൊണ്ടോ??എന്തോ??
ആ ഫോൺ കോളിലൂടെ ലഭിച്ചത് വല്ലാത്തൊരു സന്തോഷമായിരുന്നു.
പോക പോക എല്ലാ സന്തോഷവും വിഷമവും ആ ശബ്ദത്തോട് പങ്കു വച്ച് തുടങ്ങി.
ഫോണിൽ നിന്ന് ആ സൗഹൃദം പിന്നീട് വാട്ട്സാപ്പ് വഴി ഒരു പ്രണയം വരെ വന്നെത്തി.
പ്രണയം ശരീരത്തിന് ചൂട് പകർന്നു നൽകിയപ്പോൾ പലപ്പോഴും പല രൂപത്തിലുള്ള ചിത്രങ്ങളും പ്രണയ സമ്മാനമെന്നപ്പോൽ നൽകി.

ദിവസങ്ങൾ പോകേ.. ഒരിക്കൽ വന്ന മെസ്സേജ്. അവൻ ആവശ്യപ്പെടുന്ന രീതിയിൽ ചെയ്തു കൊടുത്തില്ലെങ്കിൽ അവനായി മാത്രം അയച്ചു കൊടുത്ത മറ്റാരും കാണരുത് എന്ന് വാശി പിടിച്ച ഫോട്ടോസ് നെറ്റിൽ പ്രചരിപ്പിക്കുമത്രേ.
എന്താ ചെയ്യുക ഒരു എത്തും പിടിയുമില്ല.അച്ഛനോടോ അമ്മയോടോ പറയാൻ കഴിയില്ല.
മരിക്കാനാണെക്കിൽ പേടിയുമാണ്.ഇനി അവൻ പറയുന്നത് അനുസരിക്കുക അല്ലാതെ മറ്റു വഴികളില്ല.
പിറ്റേ ദിവസം അവനൊപ്പം അവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പടികൾ ചവിട്ടുമ്പോൾ വേഗത്തിൽ ഒരു ട്രെയിൻ ഇഴഞ്ഞു നീങ്ങുകയായിരുന്നു മനസ്സിൽ..
*******
"മാളു"
ഉറക്കത്തിൽ നിന്ന് സാവിത്രി ഞെട്ടി ഉണർന്നു.പേടിച്ചു വിറച്ചു ദേഹമാസകലം വിയർപ്പു തുള്ളികൾ കൊണ്ട് നിറഞ്ഞു.
തൊണ്ട വറ്റി വരണ്ടു.കിടക്കയിൽ നിന്നെഴുന്നേറ്റു മാളുവിന്റെ റൂമിൽ ചെന്ന് അവളോട് ചേർന്ന് കിടന്നു.
ഞാൻ ശരിക്കും എന്റെ മോളോട് ചെയ്യുന്നത് തെറ്റ് തന്നെ.സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി കൊടുക്കാവുന്നതെ ഉള്ളൂ എങ്കിലും ഞാൻ വളർന്നു വന്ന സാഹചര്യത്തിൽ അമ്മമാർ ശാസിച്ചു വളർത്തിയാലേ പെണ്മക്കൾ നന്നാവു എന്നൊരു തോന്നൽ ഉള്ളത് കൊണ്ടോ എന്തോ??
ശാസനയുടെ രൂപത്തിലാണ് പലപ്പോഴും പലകാര്യങ്ങളും ഞാനെന്റെ മകൾക്ക് പറഞ്ഞു കൊടുക്കുക.പക്ഷെ എന്നോടുള്ള ഒരു വാശി അവളിൽ ഉണ്ടായെങ്കിൽ ഞാൻ സ്വപ്നത്തിൽ കണ്ടത് പോലെ എന്തെങ്കിലും സംഭവിച്ചാൽ.കണ്ണൊക്കെ നിറഞ്ഞു ഒന്നുകൂടി മാളുവിനോട്‌ ചേർന്ന് കിടന്നു.
"ഭഗവാനെ ഞാൻ മാത്രമാണോ ഇങ്ങനെ അതോ എല്ലാ അമ്മമാരും ഇങ്ങനെയാണോ??"
അമ്മയുടെ സ്പര്ശനത്തിൽ ഉണർന്ന മാളു മനസ്സിൽ കരുതി.പകൽ മുഴുവൻ വഴക്ക് പറഞ്ഞു നടന്നിട്ട് രാത്രി ഇതുപോലെ വന്ന് കെട്ടി പിടിക്കും.
"ഈ അമ്മയെന്താ ഇങ്ങനെ???"
(സാര്യ വിജയൻ)

എന്റെ ജീവിതം നിനക്കുവേണ്ടി എഴുത്തപ്പെട്ടതാണ്..(ഒരു പാഴ് വാക്ക്)*

Based On True Story ....
*******എന്റെ ജീവിതം നിനക്കുവേണ്ടി എഴുത്തപ്പെട്ടതാണ്..(ഒരു പാഴ് വാക്ക്)******
ഒരു സ്‌ത്രീയായിരുന്നെങ്കിൽ ഒരു അമ്മയായ് സ്വയം മാതൃത്വത്തെ അറിയാമായിരുന്നു.
ഒരു പുരുഷനായിരുന്നെങ്കിൽ പൗരുഷത്തെ കാട്ടി ഒരു സ്ത്രീയുടെ പ്രണയത്തെ നേടിയെടുക്കമായിരുന്നു.
ഇതിപ്പോ ഒന്നുമില്ലാതെ ആറടിയിൽ ഒരു മാംസപിണ്ഡം മാത്രം....
സ്ത്രീകൾ ഒരു വശത്ത് വെറുപ്പോടെയും അറപ്പോടെയും നോക്കുമ്പോൾ ....,പുരുഷൻ മറുവശത്ത് അവനു വേണ്ടി ഒരു നേരത്തെ സുഖം തേടുന്നു.
അപ്പോഴൊക്കെ അവനിലെ പുരുഷത്വം തെളിയിക്കപ്പെടുന്നെങ്കിലും ഒരിക്കൽ പോലും എന്നിലെ സ്ത്രീത്വവും പുരുഷത്വവും തെളിയിക്കപ്പെട്ടിട്ടുമില്ല,പൂർണ്ണത കൈവരിച്ചിട്ടുമില്ല.
വിയർപ്പിൽ മുങ്ങി കുളിച്ചു തന്നെ പുണർന്നു കിടന്ന കൈകളെ പതുക്കെ എടുത്തു മാറ്റി.പൂർണ്ണ നഗ്നതയിൽ തന്നെ കണ്ണാടിയ്ക്ക് മുന്നിൽ വന്നു നിന്നു കൊണ്ട് തന്റെ നഗ്നതയിലേയ്ക്ക് നോക്കി.
അരയ്ക്ക് മുകളിൽ ഒരു സ്ത്രീയായ് കടഞ്ഞെടുത്ത ദൈവമേ??നീയെന്തിന് അരയ്ക്ക് താഴേയ്ക്ക് ഒന്നുമല്ലാതെയാക്കി.ഇനി ഒരു ചോദ്യം ചെയ്യലിന്റെ,അവശ്യമെന്ത്??.
സോഫയിൽ അലസമായി കിടന്നിരുന്ന വസ്ത്രങ്ങൾ എടുത്തുടുത്തു.പതുക്കെ നടന്നു വന്ന് കട്ടിലിൽ കിടന്ന മനുഷ്യനെ ഒരു ചുംബനം നൽകി തൊട്ടുണർത്തി.വീണ്ടും കൈകളിൽ പിടിച്ചു തന്നിലേയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചു.
ഒരു ചിരി നൽകി കൈ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു.
"മുച്ചേ വാപ്പസ് ജാനേ കാ വക്ത് ആ ഗയാ ഹേ.."
മേശയിൽ ഇരുന്ന പേഴ്‌സിൽ നിന്ന് പണമെടുത്തു.അയാളോട് യാത്ര പറഞ്ഞിറങ്ങി.
ഇനിയൊരിക്കലും ആ മുഖം കാണാതിരിക്കട്ടെ.ഇനി എവിടെയെങ്കിലും വച്ച് കണ്ടാൽ തന്നെ ഒരു പരിചയവും ഇല്ലാതെ നടിക്കണം.ഓരോ വിധി.
ശരീരം പകുത്തു നൽകി പണം വാങ്ങുമ്പോൾ ആ പണത്തിനൊപ്പം മറവിയുടെ കയങ്ങളിലേയ്ക്ക് എറിയാൻ കുറെ ഓർമ്മകളും.
ഹോട്ടലിൽ നിന്നിറങ്ങി തെരുവിലൂടെ പതുക്കെ നടന്നു തുടങ്ങി.
വാഗ്ദാനങ്ങളും വിലക്കുറവും ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളിലേയ്ക്ക് ആകർഷിക്കുന്ന കച്ചവടക്കാർ ..വിലപേശി അവരോട് സാധനങ്ങൾ നേടിയെടുക്കുന്ന മിടുക്കർ മറുവശത്ത്,വിലകൂട്ടി പറഞ്ഞു യഥാർത്ഥ വിലയിലും കൂടുതൽ നേടിയെടുത്ത സന്തോഷത്തോടെ ഉള്ളിൽ ഊറി ചിരിക്കുന്ന കച്ചവടക്കാർ മറ്റൊരുവശത്ത്.
ആ ശബ്ദകോലാഹലങ്ങൾ ഒന്നും തന്നെ എന്നെ സ്പർശിച്ചതേ ഇല്ല.ആ തെരുവിന്റെ തെക്കേയറ്റത്ത് മാർവാടികൾ നടത്തുന്ന കരകൗശലകടയിൽ കയറി.
"ഈ ജന്മദിനത്തിൽ അവനിനി എന്ത് നൽകണം??"
കഴിഞ്ഞ ജന്മദിനത്തിന് നൽകിയ അരയന്നങ്ങളുടെ സ്പടികത്തിൽ തീർത്ത ശിൽപം അവനിഷ്ടപ്പെട്ടിരിക്കുമോ??
ഇഷ്ടപ്പെട്ടിരിക്കാം....
അവിടെ ഇരുന്ന ഓരോ ശില്പങ്ങളിലൂടെയും ഒന്ന് വിരലോടിച്ചു പോയി.
അതിനിടയിൽ നിന്ന് വെണ്ണക്കല്ലിൽ തീർത്ത കണ്ണന്റെയും രാധയുടെയും വിഗ്രഹം കൈയ്യിൽ എടുത്തു.ഓടക്കുഴലും കൈയ്യിലേന്തി ചുണ്ടിൽ ഒരു പുഞ്ചിരിയോടെ നിൽക്കുന്ന കണ്ണനും കണ്ണന്റെ തോളിൽ കൈകൾ വച്ച് തോളിലേയ്ക്ക് ചേർന്ന് നിൽക്കുന്ന രാധയും....
മനസ്സറിഞ്ഞു സ്നേഹിച്ചിട്ടും ഒന്നാകാൻ വിധിയില്ലാതെ പോയ നിർഭാഗ്യ പ്രണയജോഡികൾ.
അതെടുത്ത് പായ്ക്ക് ചെയ്യാൻ പറഞ്ഞു.
സാധനം വാങ്ങി പണം നൽകി അവിടെ നിന്നിറങ്ങി.വാച്ചിൽ നോക്കിയപ്പോൾ സമയം 4.30.കുറച്ചു കൂടി വേഗത്തിൽ നടന്നാൽ പെട്ടെന്നു കൊറിയർ സർവ്വിസിൽ എത്താൻ കഴിയും.
മറ്റു വാഹനങ്ങൾ പോകുന്നതിലും വേഗത്തിൽ ഓടി.അവിടെയെത്തി സാധനം നൽകി ,അഡ്രസ് എഴുതുവാൻ പേപ്പർ വാങ്ങി.
അടുത്ത് നിന്ന ഒരു പയ്യന്റെ കൈയ്യിൽ കൊടുത്തു.
"ഭയ്യാ, എ പത്താ ലിഖ് കർ ദേ ദോ.."
എന്നെയൊന്നും അടിമുടി നോക്കിയ ശേഷം പേപ്പർ വാങ്ങി.
"ബോലോ."
"രജപുത്ര
20\F
നെഹ്‌റു നഗർ
ന്യൂ ഡൽഹി"
അഡ്രസ് എഴുതി പേപ്പർ എന്നെ ഏല്പിച്ചു ആ പയ്യൻ പോയി.
അവൻ പോയി കഴിഞ്ഞു,ആ പേപ്പറിലൂടെ ഒന്നു കണ്ണുകൾ ഓടിച്ചു പോയി.എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അതിലെ വാക്കുകൾ നന്നായി അറിയാമല്ലോ.....
*****************
"സർ,മേം രജപുത്ര ഹും.
നയി ദില്ലി സേ ആയാ ഹും."
ടി.ടി.ആറിനോട് പേര് പറഞ്ഞ ഗാംഭീര്യം ഉള്ള ശബ്‌ദം കെട്ടാണ് പുറം കാഴ്ചകളിലേയ്ക്ക് ശ്രദ്ധ തിരിച്ചിരുന്ന ഞാൻ എന്റെ മുന്നിൽ ഇരുന്ന ചെറുപ്പക്കാരനെ നോക്കിയത്.
നോക്കിയയുടൻ അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി.
കണ്ണുകളാൽ ചുണ്ടിൽ വിരിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.
പരിചയമില്ലാത്തതിനാൽ എന്തോ??തിരികെ ചിരിക്കാൻ തോന്നിയില്ല.
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. ദിവസവും എനിക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൻ മറന്നില്ല.
അന്ന് ട്രെയിനിൽ നല്ല തിരക്കുള്ള ഒരു ദിവസം,നിന്ന് തിരിയാൻ സ്ഥലമില്ല.ഉള്ളിലേയ്ക്ക് കയറുന്ന വാതിലിന്റെ ഓരം ചേർന്നങ്ങനെ നിൽക്കുമ്പോൾ .
"ഹലോ,മം രജ്പുത്ര ഹും.നെഹ്‌റു കോളേജ് മേം പഠത്ത ഹും."
ഞാനും തിരികെ ഒന്ന് ചിരിച്ചു.
"തുമാരാ നാമ് ക്യാ ഹേ??"
"സോണാലി"
"നൈസ് നെയിം"
അവന്റെ ചോദ്യങ്ങൾക്കെന്നും മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ.
******
പിറ്റേ ദിവസവും രജ്പുത്ര വന്നു.
ഞാൻ അവനോട് ഒന്നും സംസാരിച്ചില്ല, എങ്കിലും അവൻ എന്നോട് വന്ന് ഇങ്ങോട്ട് സംസാരിക്കും.എന്ത് കൊണ്ടോ അവന്റെ വാക്കുകൾക്ക് ഒരു കാന്തിക വലയം ഉള്ളത് പോലെ.അവ എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു.
ആണും പെണ്ണും അല്ല എന്ന കാരണത്താൽ ജനിച്ചപ്പോൾ തന്നെ മാതാപിതാക്കൾ തെരുവിലേയ്ക്ക് എറിഞ്ഞു.ആ തെരുവിൽ ഇതുപോലെ ഉപേക്ഷിച്ച അനവധിപേർ ഉണ്ടായിരുന്നതിനാൽ അവർക്കൊപ്പമായി പിന്നീട് ജീവിതം.നഗരത്തിൽ പല സ്ഥലങ്ങളിലും കുട്ടി ജനിക്കുമ്പോൾ അവിടെ പോയി നൃത്തം ചവിട്ടും,സന്തോഷസൂചകമായി ഒടുവിൽ വീട്ടുകാർ പണവും മറ്റു ധാന്യങ്ങളും നൽകും.കുറഞ്ഞു പോയാൽ ഉടുതുണി പൊക്കി കാട്ടും. അതൊരു അവലക്ഷണം ആയതിനാൽ അവർ ആവശ്യത്തിൽ അധികം നൽകുകയും ചെയ്യും.ആ കോളനിയിൽ ഉള്ള മിക്കവരും അങ്ങനെ തന്നെയാണ് ജീവിക്കുന്നത്. പിന്നെ ശരീരം വിറ്റും ജീവിക്കുന്ന മറ്റു പലരും ഉണ്ട്.എന്നാൽ എന്റെ അമ്മ ....അല്ല പോറ്റമ്മ അതിനനുവദിച്ചിരുന്നില്ല.
മാന്യമായ മറ്റ് എന്തെല്ലാം പണികൾ ഉണ്ട് നമുക്ക് അതുമതി.
അങ്ങനെയാണ് നഗരത്തിൽ നിന്ന് 5 കിലോ മീറ്റർ ദൂരം ഉള്ള തുണി കടയിലേയ്ക്ക് സഹായികൾ വേണമെന്ന് കേൾക്കുന്നതും ഇവിടെ വന്നു ചേർന്നതും.നഗരത്തിന്റെ ചൂടും ചൂരും നിറഞ്ഞ ചുറ്റുപ്പാടിനിടയിൽ കൂടി നീങ്ങി വരുന്ന ബസ്സിൽ കടയിൽ എത്തണം എങ്കിൽ സമയം ഏറെ വേണ്ടി വരും.അതുകൊണ്ടാണ് ട്രെയ്നിൽ പോകുന്നതും.
*******
"സോണാലി "
വിളികേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
"തും ബഹുത്ത് സുന്ദർ ഹേ."
എന്റെ കണ്ണുകളിൽ നോക്കി അവൻ അത് പറയുമ്പോൾ ഒരു പ്രത്യേക തിളക്കം കണ്ടു ഞാൻ അവന്റെ കണ്ണുകളിൽ.
ഇതേ വാചകം തുണിക്കടയിൽ കൂടെ ജോലി ചെയ്യുന്ന ഗരിമയും പറഞ്ഞിട്ടുണ്ട് എന്നാൽ അവൾ പറഞ്ഞത് മറ്റൊരു തരത്തിൽ ആയിരുന്നു എന്ന് മാത്രം.
"സോണാലി തും ഏക് ലടക്കി സേ ഭി ബഡ്കർ സുന്ദർ ഹേ."
പേരിലും ഭാവത്തിലും ഒരു സ്ത്രീയായി തോന്നിയതിനാലാകാം അവൻ അങ്ങനെ പറഞ്ഞത്.ഇവിടെയും ഒരു പുഞ്ചിരിയിൽ ഞാനെൻ മറുപടിയും നന്ദിയും ഒതുക്കി.
ദിവസങ്ങൾ അങ്ങനെ പൊയ്കൊണ്ടിരുന്നു.
ഓരോ ദിവസവും കാരണങ്ങളും സന്ദർഭവും ഉണ്ടാക്കി അവൻ വന്നു സംസാരിക്കും.
പിന്നീട് ഞങ്ങൾ നല്ലസുഹൃത്തുക്കൾ ആയി.
പഠനവും വീടും അങ്ങനെ അവന്റെ ലോകത്തിലെ എല്ലാം അവൻ എനിക്ക് വിവരിച്ചു തന്നു.
വീട്ടിൽ തളർന്നു കിടക്കുന്ന അമ്മയും ,കൈയ്യിൽ ഉന്തു വണ്ടിയും പേറി വീടുകൾ തോറും കയറിയിറങ്ങി തുണി തേച്ചു കൊടുക്കുന്ന അച്ഛനും,സുഖമില്ലാത്ത അമ്മയും വീട്ടിലെ പണത്തിന്റെ അഭാവവും സ്വയം അറിഞ്ഞു പഠനം നിർത്തിയ സഹോദരിയും എല്ലാം ഒരു ചിത്രത്തിൽ എന്നവണ്ണം അവൻ എന്നോട് പറഞ്ഞു.കേട്ട് കേട്ട് അവർക്ക് ഞാനെന്റെ ഉള്ളിൽ ഒരു മുഖവും നിൽകിയിട്ടുണ്ട്.
അവൻ അവന്റെ കാര്യങ്ങൾ ഒന്നൊന്നായി പറയുമ്പോഴും ഒരിക്കൽ പോലും എന്നിലെ കുറവിനെ ഞാൻ അവനു മുന്നിൽ തുറന്നു കാട്ടിയില്ല.
ആദ്യമൊക്കെ അവൻ ഓരോന്ന് പറയുമ്പോൾ ഞാൻ ഇങ്ങനെ കെട്ടിരിക്കും അത്ര മാത്രം.എന്നാൽ പോക പോക അവന്റെ ഓരോ കാര്യങ്ങളും എന്നിൽ അസ്വസ്ഥതകൾ ഉണ്ടാക്കി തുടങ്ങി.അവൻ കരയുമ്പോൾ ഞാനും കരഞ്ഞു അവൻ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.അതായത് പതുക്കെ ഞാൻ അവനെ പ്രണയിച്ചു തുടങ്ങി.പരിചയപ്പെട്ട നാൾ മുതൽ അവനിൽ നിന്നൊരു പ്രണയത്തിൽ കാറ്റ് എന്നിലേയ്ക്ക് ആഞ്ഞടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ആറു വർഷങ്ങൾക്ക് മുൻപ് പ്രകൃതി മഞ്ഞിൽ കുളിച്ചു നിന്ന ഡിസംബറിലേ ഒരു പ്രഭാതത്തിൽ..
ട്രെയ്നിൽ വച്ചെന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ...
"സോണാലി മേം തും സേ പ്യാർ കർത്താ ഹും. മേരേ പുരേ സിന്ദഹി
തെരേലിയെ മേം ലിക്ത ഹും."
കേട്ടമാത്രയിൽ പ്രണയാർദ്രമായ് ഞാൻ അവനെ ഒന്ന് നോക്കി.എന്നാൽ പെട്ടെന്നു തന്നെ ഞാൻ എന്റെ കൈകൾ അവനിൽ നിന്ന് അടർത്തിയെടുത്തു.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവനിൽ നിന്ന് അകന്നു നിന്നു.
എന്നെ നോക്കി നിരാശയോടെ നിന്നിരുന്ന അവനോട് കണ്ണുകളാൽ ഞാനിങ്ങനെ പറഞ്ഞിരുന്നു.
"നഷ്ടമാകുമെന്ന് അറിഞ്ഞത് മുതൽ ഞാൻ നീ അറിയാതെ നിന്നിൽ നിന്നകന്നു തുടങ്ങി."
********
ട്രെയ്നിൽ നിന്നിറങ്ങി കടയിലേയ്ക്ക് തിരിയുന്ന വഴിയിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി.രാജ്..
കണ്ടില്ല എന്ന മട്ടിൽ നടന്നു.എന്നാൽ അടുത്തെത്തിയപ്പോൾ അവൻ എന്റെ കൈകളിൽ പിടിച്ചു.
എന്നെയും കൊണ്ടവൻ നടന്നു നീങ്ങി.എങ്ങോട്ട് കൊണ്ട് പോകുന്നു എന്ന് ഞാൻ തിരക്കിയില്ല,ഒന്നും മിണ്ടാതെ തലകുമ്പിട്ട് നടന്നു.
അവൻ എന്നെയും കൊണ്ട് ചെന്ന് കയറിയത് അവിടുത്തെ ഒരു അറിയപ്പെടുന്ന ലോഡ്ജിലേയ്ക്ക് ആയിരുന്നു.അവിടേയ്ക്ക് ചുവടുകൾ വച്ച ശേഷം പതുക്കെ ഞാൻ പിറകിലേയ്ക്ക് ഒന്ന് വലിഞ്ഞു.എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടവൻ പറഞ്ഞു.
"സോണാലി ,മുച്ചേ തുമ്സേ കുച്ച് ബാത്ത് കർനി ഹേ."
ദൃഢമായ അവന്റെ വാക്കുകൾ കേട്ട് ഒരു യന്ത്രത്തെ പോലെ ഞാൻ അവന്റെ കൂടെ നടന്നു.
അവിടുത്തെ മുറിയിൽ കയറി വാതിൽ അടച്ചു.
"സോണാലി ,മേ തുമാരെ ബാരെ മേം സബ് കുച്ച് സമച്ച് കർ ഹി പ്യാർ കിയാ ഥാ..
എന്റെ കുറവുകളും അറിഞ്ഞുകൊണ്ടാണ് അവൻ എന്നെ സ്നേഹിച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി.
പതുക്കെ നടന്നു വന്ന് എന്റെ കണ്ണുകൾ തുടച്ചവൻ നെറുകയിൽ ഉമ്മ വച്ചു കൊണ്ടെന്നെ പുണർന്നു.
ഇരു മെയ്യും ഒന്നായ് ചേർന്ന നിമിഷം.എന്റെ ഒരോ സിരയിലും ഓരോ അണുവിലും ബാഷ്പമായ് അവൻ പടർന്നു കയറി.ഒരു വർഷമായ് എന്നിൽ പെയ്തിറങ്ങി,ശിശിരമായ് എന്നെ കെട്ടി പുണർന്നു,വസന്തമായ് എന്നിലലിഞ്ഞു ചേർന്നു. അങ്ങനെ ഓരോ ഋതുവുംഎനിക്കും അവനുമിടയിൽ മാറി മാറി വന്നു. ഞാൻ സ്വയം ഒരു സ്ത്രീയായ് മാറിയ നിമിഷം .ശരീരം കൊണ്ട് പൂർണ്ണമായും അവനെന്നെ കീഴടക്കി, ഒപ്പം മനസ്സും.
പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷവും ഞങ്ങൾ ഭാര്യഭർത്താക്കന്മാരെ പോലെ ആയിരുന്നു.
എഞ്ചിനീയറിംഗിന് പഠിക്കുന്ന അവന് ആവശ്യങ്ങൾ അനവധി ആയിരുന്നു.കടയിൽ നിന്നും കിട്ടുന്ന പണവും ചിട്ടിയിലും ചേർന്നും ഞാൻ ഉണ്ടാക്കിയ പണം കൊണ്ട് അവനു വേണ്ടുന്നവയെല്ലാം ഞാൻ എത്തിച്ചു കൊടുത്തു.ലാപ് ടോപ്പ് മൊബൈൽ ഫോൺ കോളേജ് ഫീസ് അങ്ങനെയങ്ങനെ പലതും.
എന്ത് നൽകിയാലും ഒരുമ്മ നല്കിയവൻ പറയും.
"മേരെ പൂരെ സിന്ദഹി തെരെലിയേ മേം ലിഖ്താ ഹും."
**********
അന്ന് പതിവിലും അസ്വസ്ഥമായി എന്റെ അടുക്കൽ വന്നു.അവൻ പറഞ്ഞത് മുഴുവൻ കൃത്യമായി ഞാനോർക്കുന്നില്ല..എങ്കിലും അവൻ പറഞ്ഞത് ഇതായിരുന്നു.
"പഠനം പൂർത്തിയാക്കിയ തനിക്ക് ഒരു കുടുംബം വേണമെന്നും..ഞാൻ ഒരിക്കലും അവന്റെ താലിയ്ക്ക് അർഹയല്ല. ഒരു പുരുഷൻ പൂർണ്ണതയിൽ എത്തുന്നത് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന്റെ അച്ഛാ..എന്ന വിളികേൾക്കുമ്പോഴാണ് എന്നുമാണ്.."
എന്നിൽ ഉണ്ടായിരുന്ന കുറവുകൾ എല്ലാതാക്കിയെന്നു ഞാൻ വിശ്വസിച്ചിരുന്ന വ്യക്തി തന്നെ എന്നിലെ കുറവിനെ ചൂണ്ടി കാട്ടിയപ്പോൾ ഞാൻ ഒന്നുമില്ലാത്തവളായി.
അന്ന് ഞാൻ ആ നഗരം വിട്ടിറങ്ങിയതാണ്.പിന്നീട് ഈ മുംബൈ നഗരത്തിൽ വന്നു ശരീരം വിറ്റു ജീവിതം തുടങ്ങി.
ഒരിക്കലും ഏറ്റെടുക്കില്ല എന്ന് മനസ്സിൽ കരുതിയ ജോലി ഏറ്റെടുത്തത് മറ്റു വഴിയില്ലാത്തത് കൊണ്ടായിരുന്നില്ല.മറിച്ചു അപ്പോഴെങ്കിലും ഒരു സ്ത്രീയായി മാറാൻ കഴിയുന്നു എന്നത് കൊണ്ടായിരുന്നു.
എന്റെ കുറവുകൾ എണ്ണി പറഞ്ഞു എന്നിൽ നിന്നകന്നു പോയിട്ടും എന്നിലെ സ്ത്രീയെ ആദ്യം തൊട്ടുണർത്തിയ അവനെ ഞാനിന്നും സ്നേഹിക്കുന്നു ആരാധിക്കുന്നു.
*********
കൊറിയർ സെർവ്വിസിൽ സാധനം ഏല്പിച്ചു ഞാൻ അവിടെ നിന്നിറങ്ങി...
നടന്നു നീങ്ങുമ്പോൾ ആരോ പാടിയ വരികൾ എന്റെ മനസ്സിൽ അറിയാതെ ഞാനൊന്നു മൂളി..
"ഈ ജന്മത്തിൽ നിൻ രാധികയായി,വരും ജന്മത്തിലെങ്കിലും നിൻ രുക്മിണിയായി പിറക്കണമെനിക്ക്.."
((സാര്യ വിജയൻ))

അമ്മ


സത്യമാണ് ഞാൻ പറഞ്ഞത്.
നമ്മുടെ അമ്മയ്ക്ക് ആരോടോ എന്തോ???ഉണ്ട്...
ഉണ്ണി പറഞ്ഞത് കേട്ട് അപർണ്ണ ഞെട്ടി.
"നീയൊന്നു പോയേട ചെറുക്കാ, അനാവശ്യം പറയാതെ."
"ഞാൻ ഇത് കുറെ നാളായി കണ്ടു പിടിച്ചിട്ട് നിന്നോട് ഇപ്പോ പറഞ്ഞു എന്നെ ഉള്ളൂ."
അതും പറഞ്ഞ് ഉണ്ണി അകത്തേയ്ക്ക് കയറി പോയി.അവൻ പോയി കഴിഞ്ഞ് അപർണ്ണ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി.പത്തിൽ പഠിക്കുന്ന അനിയനും പ്ലസ് ടു പഠിക്കുന്ന താനും പിന്നെ സ്നേഹനിധിയായ അച്ഛനും ഇതിനപ്പുറം അമ്മയ്ക്ക് മറ്റൊന്നുമില്ല.ആ അമ്മയെ കുറിച്ചാണ് തന്റെ അനിയൻ അങ്ങനെ പറഞ്ഞിട്ട് പോയത്.
താനീ കാര്യം ആരോട് പറയാനാണ്,സുഹൃത്തുക്കളോട് പോലും പറയാൻ കഴിയില്ല.
"അപ്പു"
"എന്താ അമ്മേ"
അമ്മയുടെ വിളികേട്ട് അപർണ്ണ ഓടി അടുക്കളയിലേയ്ക്ക് പോയി.
"എന്തിനാ അമ്മേ വിളിച്ചത്."
"ദേ,നീ ആ തേങ്ങ എടുത്ത് ഒന്ന് ചിരകിയേ."
"ഞാനോ എനിക്ക് ട്യൂഷന് പോകാൻ സമയമായി."
"അതിന് നിനക്ക് ട്യൂഷൻ 8 മണിയ്ക്ക് അല്ലേ, ഇപ്പോ 6.30 ആയുള്ളൂ."
"ഇന്ന് ചോദ്യം ചോദിക്കും,അതൊന്നു പഠിക്കാൻ ഉണ്ട്."
"ഇത്രയും നേരം നിനക്കിലായിരുന്നല്ലോ ഒന്നും പഠിക്കാൻ,ഇപ്പോ മാത്രം എവിടെ നിന്നു വന്നു."
"അതെങ്ങനെ അമ്മയ്ക്ക് അറിയാം എനിക്ക് പഠിക്കാനുള്ളത്."
"ശരിയാ എനിക്കൊന്നും അറിയില്ല,നീ പൊയ്ക്കോ."
ഒരു നെടുവീർപ്പോടെ അമ്മ പറഞ്ഞു.
അമ്മയോട് തർക്കിച്ചു വാദിക്കുമ്പോഴും അമ്മയുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കാൻ അവൾ മറന്നില്ല.പകുതിവരെ നടന്നു ചെന്ന ശേഷം ഒരിക്കൽ കൂടി അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി.അമ്മയ്ക്ക് ഭാവവ്യത്യാസം ഒന്നുമില്ലാതെ തെങ്ങയെടുത്ത് ചിരകാനും തുടങ്ങിയിരുന്നു.
റൂമിൽ എത്തിയിട്ടും ഉണ്ണി പറഞ്ഞ ആ വാക്കുകൾ ആയിരുന്നു മനസ്സിൽ മുഴുവൻ......
അമ്മയ്ക്ക് ആരോടോ എന്തോ??ഉണ്ട്.......
ബുക്ക് തുറന്ന് വെറുതെ മുന്നിൽ വച്ചു. ഒന്നും തലയിൽ കയറുന്നില്ല.
ഇനിയിപ്പോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതൊന്ന് അറിയണമല്ലോ.
കുളിച്ചൊരുങ്ങി നേരെ ഡൈനിങ് ഹാളിലേയ്ക്ക് ചെന്നു.അച്ഛനും ഉണ്ണിയും നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.അച്ഛന്റെ ഒരു സൈഡിൽ അവനും അടുത്ത സൈഡിൽ ഞാനും ഇരുന്നു.
അപ്പോഴേയ്ക്കും അമ്മ ഇഡ്ഡലിയുമായി വന്നു.അതുകണ്ടപ്പോഴേ അച്ഛന്റെ മുഖം മാറിയിരുന്നു.
"ഇതെന്താ ലക്ഷ്മി നിനക്ക് എന്നും ഇത് മാത്രമേ ഉള്ളോ, ചമന്തിയ്ക്ക് ആണെങ്കിൽ ഉപ്പും ഇല്ല."
കറിയിൽ നിന്ന് കുറച്ചെടുത്ത് നാവിൽ വച്ചു കൊണ്ട് ചോദിച്ചു.
"അത് രാവിലെ എഴുന്നേറ്റപ്പോൾ നടുവേദനയായത് കൊണ്ട് ഇതേ പറ്റിയുള്ളൂ."
"നിനക്ക് എന്നും ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ മതിയല്ലോ,നിന്റെ ഭാഗം ന്യായീകരിക്കാൻ നിനക്ക് എന്നും നൂറ് നാവാണല്ലോ.എന്നും ഇതുമാത്രം ഇതിനൊപ്പം ഒരു കറി കൂടി വയ്ക്കാൻ നിനക്ക് പറ്റുന്നില്ലല്ലോ."
"ഇന്നലെ പൂട്ട് ആയിരുന്നില്ലേ."
"ഇനി അത് പറ."
അച്ഛനോട് തർക്കിക്കാനോ കൂടുതൽ വാദിക്കുവനോ നിൽക്കാതെ അമ്മ എല്ലാവർക്കും ഭക്ഷണം നൽകി.
എനിക്ക് കറിയൊഴിച്ചു നീങ്ങിയ അമ്മയുടെ കണ്ണിൽ നിന്ന് താഴേയ്ക്ക് ഉരുണ്ടു വീണ കണ്ണീർ തുള്ളികൾ ഞാൻ മാത്രമേ കണ്ടുള്ളൂ.
ഞാനും ഉണ്ണിയും അച്ഛനും ആസ്വദിച്ചു കഴിച്ചു.ഉണ്ണിയും അച്ഛനും കൈ കഴുകി നീങ്ങിയപ്പോൾ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു. അവിടെ അമ്മ സ്വയം പറയുന്നുണ്ടായിരുന്നു.
"എന്തൊക്കെ ഉണ്ടാക്കി കൊടുത്താലും എന്നും കുറ്റം മാത്രം ഒരിക്കൽ പോലും ഒരു നല്ല വാക്ക് പറയുന്നില്ലല്ലോ."
ഇടറുന്ന സ്വരത്തിൽ ആയിരുന്നു അമ്മ അത് പറഞ്ഞത്.ഞാൻ കയറി ചെല്ലുന്ന ശബ്‌ദം കേട്ടിട്ട് കണ്ണുകൾ തുടച്ചു പാത്രം കഴുകാൻ എന്നപ്പോലെ നിന്നു.
"അമ്മേ എന്റെ ചായ ."
"ദേ അവിടെ ഇരിപ്പുണ്ട് എടുത്ത് കുടിച്ചോ."
അപ്പോഴേയ്ക്കും പുറത്തു നിന്ന് അച്ഛന്റെ വിളി വന്നു.
"അപ്പു നീ വരുന്നുണ്ടോ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാൻ."
"ഞാൻ പോവാ അമ്മ."
അമ്മയോട് യാത്ര പറഞ്ഞ് പുറത്തേയ്ക്ക് ഓടി.ഞങ്ങളുടെ പിറകെ ഞങ്ങളെ യാത്ര അയക്കാൻ അമ്മയും വന്നു.
അച്ഛൻ കാറിൽ കയറി,ഞാൻ പിറകെയും .വന്നു നിന്ന അമ്മയെ കണ്ടോ ??ഇല്ലയോ??അച്ഛൻ വണ്ടിയെടുത്തു.
പോകുന്ന വഴിയിൽ മുഴുവൻ അമ്മയായിരുന്നു എന്റെ മനസ്സിൽ.
അച്ഛന്റെ അത്ര പഠിപ്പൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല.അച്ഛന്റെ അമ്മാവന്റെ മകൾ ആയിരുന്നു അമ്മ,എല്ലാവരും കൂടി പണ്ടേ ഉറപ്പിച്ച ബന്ധം.വളർന്നപ്പോൾ അതങ്ങു നടത്തി.അച്ഛൻ എന്നും ഇങ്ങനെയൊക്കെ തന്നെയാണ്.
എന്നാൽ ഈ ലോകത്തിൽ വച്ച് ഏറ്റവും നല്ല അച്ഛൻ,അത് ഞങ്ങളുടെ അച്ഛൻ തന്നെ...
ഞാനും ഉണ്ണിയും പറയുന്നതെല്ലാം മുടങ്ങാതെ അച്ഛൻ എത്തിക്കും.ഞങ്ങളെ ആഴ്ചയിൽ ഒരിക്കൽ സിനിമ കാണാനും പാർക്കിലും മറ്റു പ്രോഗ്രാമ്മുകൾക്കും ഒക്കെ കൊണ്ട് പോകും
,അവിടങ്ങളിൽ ഒന്നും ഒരിക്കൽ പോലും അമ്മ കൂടെ വന്നിട്ടില്ല.അച്ഛൻ വരുന്നോ??എന്ന് ചോദിച്ചാൽ ഞങ്ങൾ റെഡിയായി പോകും.അച്ഛൻ അമ്മയോട് വരുന്നോ എന്ന് ചോദിച്ചോന്ന് ഞങ്ങൾ തിരക്കിട്ടില്ല,വരുന്നോ ??അമ്മെയെന്ന് ഞങ്ങൾ അന്വേഷിച്ചിട്ടുമില്ല.
ചിന്തിച്ചു സ്ഥലം എത്തിയത് അറിഞ്ഞില്ല.
"അപ്പു എപ്പോഴാ ട്യൂഷൻ കഴിയുന്നത്."
"12 മണിയാകും അച്ഛാ.."
"നീ ബസ്സിൽ പോയിക്കൊളുമല്ലോ?"
"പൊയ്‌ക്കൊള്ളാം അച്ഛാ.."
കാറിൽ നിന്ന് ഇറങ്ങി.
"സൂക്ഷിച്ചു പോകണേ അപ്പു."
"ശരി അച്ഛാ,ബൈ."
എന്നോട് യാത്ര പറഞ്ഞ് അച്ഛൻ പോയി.
ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് അവിടെയായിരുന്നില്ല.
ലോകത്തിൽ വച്ചു വളരെ നല്ല മനുഷ്യരാണ്,അച്ഛനുമമ്മയും .എന്നാൽ അവർ തമ്മിൽ ചേർന്നപ്പോൾ എണ്ണയും വെള്ളവും പോലെ ഒരിക്കലും കൂടി ചേരാത്ത ഒരു ജീവിതം ജന്മമെടുത്തു.
അച്ഛന്റെ പെരുമാറ്റം വച്ചു നോക്കിയാൽ ഉണ്ണി പറഞ്ഞത് നടക്കാനുള്ള സാധ്യത കൂടുതലാണ്.അപ്പൊ ശരിക്കും അവൻ പറഞ്ഞത് പോലെ..
ക്ലാസ്സിൽ ഇരുന്നിട്ടാണെങ്കിൽ ഇരുപ്പ് ഉറയ്ക്കുന്നില്ല.സാറിനോട് തലവേദനയെന്നു പറഞ്ഞു ഇറങ്ങി.
എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് വീട്ടിൽ എത്തുക അതായിരുന്നു മനസ്സിൽ.
ബസ്സിൽ നിന്നിറങ്ങി. വീട്ടിനകത്തേയ്ക്ക് ചെന്നു. മുൻ വശത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.ഈ വാതിലും തുറന്നിട്ടിട്ട് ഈ അമ്മ ഇതെവിടെ പോയി??
അടുക്കളയിൽ ചെന്ന് നോക്കി, അവിടെ ഇല്ല,പിന്നെ എവിടെ?
നേരെ ചെന്ന് റൂമിൽ നോക്കി.
എന്തൊക്കെയോ കാര്യമായി നോക്കുകയായിരുന്നു അമ്മ അവിടെ.അതും നോക്കി അമ്മയുടെ ശ്രദ്ധ ആകർഷികാത്ത തരത്തിൽ ഞാൻ മാറി നിന്നു.
അമ്മ വായിക്കുന്നത് എന്താണ് എന്നറിയാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.അതൊരു കത്തായിരുന്നു. അമ്മയുടെ നേരെ കാണുന്ന അലമാരായിലെ കണ്ണാടിയിലൂടെ അമ്മയുടെ മുഖം എനിക്ക് കാണാമായിരുന്നു.
ഇടയ്ക്ക് ഇടയ്ക്ക് അമ്മ ഏതൊന്തൊക്കെയോ ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു.
ഇതും കൂടി കണ്ടപ്പോൾ ഉറപ്പിച്ചു...
അതെ അമ്മയ്ക്ക് മറ്റൊരു കാമുകൻ ഉണ്ട്...
അല്ലെങ്കിൽ ഒരു പെണ്ണിന് എങ്ങനെ ഇത്രയും നാൾ ഒരാളുടെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാൻ സാധിക്കും.മാത്രമല്ല എത്രയോ നാളുകളായി അമ്മ എനിക്കും ഉണ്ണിയ്ക്കും ഒപ്പമാണ് കിടക്കുന്നത് പോലും.
എന്നാലും ഈ അമ്മ ...
എങ്ങനെ കഴിയുന്നു അമ്മയ്ക്ക് ഇങ്ങനെ??
ഇങ്ങനെയുള്ളവർക്ക് ഒക്കെ അവരവരുടേതായ ന്യായീകരണവും ഉണ്ട്.ഉള്ളിൽ വന്നത് വിഷമമല്ല ദേഷ്യമായിരുന്നു.തിരികെ നടന്നു ചെന്ന് താഴെ നിന്നു.
ഉള്ളിലെ ദേഷ്യം മനസ്സിൽ അടക്കി വച്ച് നീട്ടി ഒരു വിളി വിളിച്ചു.
"അമ്മ"
"എന്താ അപ്പു"
അപ്പൊ തന്നെ അമ്മ വിളി കേട്ടു. ഒപ്പം താഴേയ്ക്ക് ഇറങ്ങി വന്നു.
"നീ എന്താ അപ്പു നേരത്തെ വന്നത്."
"എന്തേ ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലേ, എങ്കിൽ ഞാൻ പോയേക്കാം."
"നീ എന്തിനാ അപ്പു ഇങ്ങനെ ശബ്‌ദം ഉയർത്തുന്നത് ,ക്ലാസ് ഉച്ചവരെ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ചോദിച്ചത്."
"എനിക്ക് തലവേദനയ അതാ വന്നത്."
ദേഷ്യത്തോട് പറഞ്ഞു കൊണ്ട് ഞാൻ മുകളിലേയ്ക്ക് കയറി.ഞാൻ സ്റ്റെപ്പ് കയറുന്നതും നോക്കി നിസ്സഹായതയോടെ അമ്മ നിന്നു.
റൂമിൽ കയറി കതകടച്ചു.
അമ്മ ഇരുന്നയിടം മുഴുവൻ പരതി.
നോക്കി നോക്കി അവസാനം അലമാരയിൽ അമ്മയുടെ സാരിയുടെ ഇടയിലായി എന്റെ തിരച്ചിൽ.
അതിൽ നോക്കിയപ്പോൾ അതായിരിക്കുന്നു കുറെ കത്തുകൾ അതിൽ നിന്ന്‌ ഒരെണ്ണം എടുത്തു.
വായിച്ചു തുടങ്ങി.
പ്രിയപ്പെട്ട എന്റെ ലച്ചുവിന്,
അടുത്ത ആഴ്ച്ച ഞാൻ വരും.നിനക്ക് എന്തെങ്കിലും കൊണ്ടു വരണോ??എനിക്കറിയാം നീ വേണ്ട എന്നെ പറയൂ, എങ്കിലും ഞാൻ കൊണ്ടു വരും ഒരു കാര്യം.ഞാൻ വീട്ടിൽ എത്തുമ്പോൾ നീ അവിടെ ഉണ്ടായിരിക്കണം.പിന്നെ വീട്ടിൽ വരുമ്പോൾ ഞാൻ കഴിഞ്ഞ തവണ കൊണ്ട് വന്ന ആ ചുവന്ന സാരി ഉടുത്താൽ മതി.അതിൽ നിന്നെ കാണാൻ പ്രത്യേക ഭംഗിയാണ്.ബാക്കിയൊക്കെ നേരിൽ കാണുമ്പൊൾ പറയാം .
എന്ന്
നിന്റെ സ്വന്തം സേതുവേട്ടൻ
സേതു ആ പേര് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി.
അച്ഛൻ...
അച്ഛൻ പണ്ട് അമ്മയ്ക്ക് അയച്ചിരുന്ന കത്തുകൾ ..
അമ്മയിന്നും നിധി പോലെ സൂക്ഷിക്കുന്നു.ഈശ്വരാ ഞങ്ങൾ എത്ര പാപികളാണ്...
സ്വന്തം അമ്മയെ സംശയിച്ചല്ലോ.എനിക്കും ഉണ്ണിക്കും അച്ഛനും എന്ത് രോഗം വന്നാലും ഓടി നടന്ന് എല്ലാം ചെയ്തു തരുന്ന അമ്മ.അച്ഛന് എന്നും ഒരു ദാസി മാത്രമായിരുന്നു അമ്മ.എനിക്കും ഉണ്ണിക്കുംവേലക്കാരിയും. ഒരിക്കൽ പോലും ഞങ്ങളോട് അമ്മ പരാതി പറഞ്ഞിട്ടില്ല.ആരെയും കുറ്റപ്പെടുത്തിട്ടില്ല.
ഞങ്ങളുടെ അവഗണനയിൽ എത്രയോ തവണ അമ്മ നിലവിളിച്ചിരിക്കാം ഞങ്ങൾക്ക് മുന്നിൽ ചിരിച്ചു നിന്ന് ഞങ്ങൾ ആരും കേൾക്കാതെ....
പാവം എന്റെ അമ്മ..
ശരിക്കും അമ്മയ്ക്ക് എങ്ങനെ കഴിയുന്നു..
നിശ്ശബ്ദതയിൽ കരയുമ്പോഴും അമ്മയുടെ ഉള്ളിൽ എന്നും അച്ഛനോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു.അതുകൊണ്ട് തന്നെയാണതന്നെയാണ് എല്ലാം സഹിക്കുന്നത്.
അമ്മയുടെ സ്ഥാനത്ത് ഈ ഞാനായിരുന്നെങ്കിൽ കൂടി എന്നേ വിട്ടു പോയേനെ.
"അപ്പു വാതിൽ തുറക്ക് മോളെ."
കത്ത് അത് ഇരുന്ന സ്ഥലത്തു തന്നെ അതുപോലെ വച്ച ശേഷം.നേരെ ചെന്ന് കതകു തുറന്നു.
"ഇതാ മോളെ ഈ കാപ്പി അങ്ങോട്ട് കുടിച്ചേ,തലവേദനയൊക്കെ അങ്ങ് മാറും."
അമ്മയുടെ കൈയ്യിൽ നിന്ന് ആ കാപ്പി വാങ്ങുമ്പോൾ എന്റെ ഉള്ളെന്നു വിങ്ങി.
കുറച്ചു നേരം തനിയെ കിടക്കണമെന്നു പറഞ്ഞ് അമ്മയെ പറഞ്ഞു വിട്ടു.
കട്ടിലിൽ പോയി കിടന്നു.ഉറക്കമൊന്നും വന്നില്ല,എങ്കിലും അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടങ്ങനെ കിടന്നു.
വൈകുന്നേരം ഉണ്ണി വന്നപ്പോൾ അവനെ കൊണ്ടും ആ കത്തു വായിപ്പിച്ചു.വായിച്ചു കഴിഞ്ഞ് അവനും എന്ത് പറയണമെന്ന് അറിയാതെ പോയി.
ഞങ്ങൾ രണ്ടുപേരും ഉള്ളിൽ ഒരായിരം ക്ഷമ ചോദിച്ചു അമ്മയോട്.രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അതുവരെ ഇല്ലാതെ ഞാനും അവനും അമ്മയെ കെട്ടിപിടിച്ചു കൊണ്ടുറങ്ങി
(((സാര്യ വിജയൻ)))

രാത്രി പത്തുമണിയ്ക്ക് ശേഷം


രാത്രി പത്തുമണിയ്ക്ക് ശേഷം ഇൻബോക്സിൽ വരുന്ന ഫേസ്ബുക്കിലെ പ്രിയ ചേച്ചിമാരെ ചേട്ടൻമാരെ....
എന്റെ സൗന്ദര്യത്തെ പറ്റി നല്ല ബോധം സ്വയം ഉണ്ടായതു കൊണ്ട് പറയുകയാണ് തൽക്കാലം നിങ്ങളാരും തന്നെ എന്നെ പുകഴ്ത്തി ചാറ്റ് ബോക്സിൽ വരണമെന്നില്ല.ആ മെസ്സേജുകൾ കണ്ട് ആനന്ദത്തിൽ ആറാടാനും തിരിച്ചു നന്ദി പ്രകാശനം നടത്തുവാനും എന്തായാലും ഞാൻ ഉദ്ദേശിക്കുന്നില്ല.ഈ രീതിയിൽ സംസാരിക്കരുത് എന്ന് പറഞ്ഞാൽ നീയൊക്കെ ഏത് ടൈപ്പ് ആണെന്ന് അറിയാം എന്ന ചോദ്യത്തിനുള്ള മറുപടി പറയാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ല മറിച്ച് നിങ്ങളുടെ സംസ്കാരത്തിന് ഒപ്പം താഴാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ്.
എന്ന് സ്വന്തം,
ആൻ.
ആനിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ജോബിൻ ഞെട്ടി.
"ഇവൾ ഇപ്പോ ഇങ്ങനെ ഒരു പോസ്റ്റ്??".
"ഓ..ഒരു പതിവ്രത,ഇന്നലെ ചുമ്മാ ഒന്ന് അവളുടെ പ്രൊഫൈൽ പിക്ചർ കണ്ട് ശരീരസൗന്ദര്യം ഒന്ന് വർണ്ണിച്ചു പോയി.അതിന് ഇത്രയൊക്കെ. രണ്ട് പറയണം എന്നു വച്ചാൽ ബ്ലോക്ക് ചെയ്തു പോകുകയും ചെയ്തു.
പിന്നെ അവളു പോയാൽ എനിക്കിപ്പോ എന്താണ്ടാ..
എത്രയെത്ര കിളികൾ വേറെയുണ്ട്".
അടുത്ത ഇരയെ തേടി ന്യൂ ഫീഡ്‌സ് തപ്പി തടഞ്ഞു.പെട്ടെന്ന് ഒരു പ്രൊഫൈൽ കണ്ണിൽ ഉടക്കി.
"ശ്രദ്ധ" പ്രൊഫൈൽ പിക്കിൽ ഒരു റോസാപ്പൂവ്.ആ ഇവൾ കൊള്ളാം എന്ന് തോന്നുന്നു.എന്തായാലും ഇനിയിപ്പോ ഇതിൽ നിന്ന് ചാറ്റാൻ ഒന്നും പോകണ്ട.
ഒറിജിനൽ അകൗണ്ട് ലോഗ് ഔട്ട് ചെയ്തു.ഫേക്ക് ഐഡിയിൽ ലോഗ് ഇൻ ചെയ്തു.
സെർച്ച് ചെയ്തു നേരത്തെ കണ്ട അകൗണ്ടിൽ ഒരു റിക്വസ്റ്റ് അങ്ങ് കൊടുത്തു.
പിന്നീട് അങ്ങോട്ട് അരമണിക്കൂർ നേരത്തേയ്ക്ക് ഒരു കാത്തിരിപ്പായിരുന്നു.ജീവിതത്തിൽ ആദ്യമായി അരമണിക്കൂർ ഒരു യുഗമായി തോന്നിയ നിമിഷം.
"ഏട്ടാ"..
ശ്രീകുട്ടിയുടെ വിളികേട്ടാണ് ഫോണിൽ നിന്ന് കണ്ണെടുത്തത്.
"എന്താ???"
"അമ്മ ചായ കുടിക്കാൻ വിളിക്കുന്നു ".
"വരാം നീ പൊയ്ക്കോ".
അവളുടെ പാദസ്വരത്തിന്റെ കിലുക്കം അകന്നു പോയപ്പോൾ ഫോൺ എടുത്ത് വീണ്ടും ശ്രദ്ധ തിരിച്ചു ആ ശ്രദ്ധയ്ക്ക് വേണ്ടി.
"ഓ..കാത്തിരിന്നിട്ട് കാര്യമൊന്നുമില്ല .ഡാറ്റ ഓഫ് ചെയ്തു നേരെ ഡൈന്നിങ് ഹാളിലേയ്ക്ക് പോയി.
"എവിടെ എന്റെ ചായ?".
"ദേ ഇരിക്കുന്നു".
ടേബിളിൽ ഇരുന്ന ചായ കുടിച്ചു എന്ന് വരുത്തി .നേരെ വീണ്ടും റൂമിലേയ്ക്ക് ഓടി .
ഇവനിത് എങ്ങോട്ട് എന്ന അർത്ഥത്തിൽ അമ്മയും അനിയത്തിയും അത്ഭുതത്തോടെ നോക്കി.
നേരെ ചെന്ന് കട്ടിലിൽ കിടന്നു. ഫോൺ ഓൺ ചെയ്തു.
ഹാവൂ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തു.
ഒരു ഹായ് കൊടുത്തു കളയാം.
"ഹായ് സ്വീറ്റി".
മെസ്സേജ് അയച്ചയുടൻ സീൻ ആക്കി.
ടൈപ്പിംങ് ഒന്നും കാണുന്നില്ലല്ലോ .ഒന്നുകൂടി അയക്കാം.
"ഹലോ ബ്യൂട്ടി മിണ്ടില്ലേ താൻ??".
അതും ഉടൻ തന്നെ സീൻ ആയി.
"ഹാവൂ ടൈപ്പിംങ് ".
അക്ഷമയോടെ കാത്തിരുന്നു ആ മറുപടിയ്ക്കായി.ഒടുവിൽ വന്നെത്തി .
"ഹായ്".
"എന്തൊക്കെ ഉണ്ട്?".
"സുഖം".
"താൻ എന്ത് ചെയ്യുന്നു,പഠിക്കുകയാണോ?"
"അതെ".
"ഏത് ക്ലാസിലാണ്?".
"പ്ലസ്ടു"
(ആഹാ അത് കൊള്ളാം എന്ന് മനസ്സിൽ കരുതി).
"പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട്?".
"അപ്പൊ ശരി അമ്മ വിളിക്കുന്നു അമ്മയുടെ ഫോണാണ് ഞാൻ പോകുന്നു".
"ഒക്കെ ഡിയർ ഗുഡ് നൈറ്റ് ,സ്വീറ്റ് ഡ്രീംസ് ,ടേക്ക് കെയർ".
ഷോർട്ട് ആക്കാൻ ഒന്നും നിന്നില്ല,മിനക്കെട്ട് ടൈപ്പ് ചെയ്തു.
തിരികെ ഒരു ഗുഡ് നൈറ്റ് പറഞ്ഞു .ആ പച്ച ലൈറ്റ് അണഞ്ഞു.
ഇനി സ്വന്തം അകൗണ്ടിൽ കയറി അവന്മാരോട് കുറച്ചു കത്തിയടിക്കാം.അഞ്ചാറു മെൻഷൻ കൂടി ചെയ്യാം.
അപ്പോഴേയ്‌ക്കും ശ്രീക്കുട്ടി അങ്ങോട്ടേയ്ക്ക് വന്നു.
"എന്താ ഇവിടെ?"
"അപ്പുറത്ത് അമ്മ ടിവി കാണുകയാണ്,ഇവിടെ അധികം ശബ്‌ദം വരില്ലല്ലോ ഞാൻ ഇവിടെ ഇരുന്ന് പഠിച്ചു കൊള്ളാം".
"മും ശരി ".
പതുക്കെ ഫോണും എടുത്ത് പുറത്തേയ്ക്ക് ഇറങ്ങി.
നിലാവും രാവും മഞ്ഞും ആഹ്ഹ വീണ്ടും ഫേക്ക് തുറക്കപ്പെട്ടു.
ചാറ്റ് ലിസ്റ്റിൽ പച്ച ലൈറ്റിൽ തിളങ്ങി നിന്ന് കുഞ്ഞു റോസാപ്പൂവ് കണ്ണുകളിൽ പുതിയ വെളിച്ചം തെളിച്ചു.
"ഹലോ,താൻ വരില്ലെന്ന് പറഞ്ഞിട്ട്".
അയച്ചയുടൻ അവിടെ ടൈപ്പിംങ് തുടങ്ങി.
"ചുമ്മാ,പഠിക്കാൻ ഒരു മൂഡ് ഇല്ല".
"ഓഹോ,അങ്ങനെയാണോ??"
"അതെ".
"പഠിക്കാൻ പ്രത്യേക മൂഡൊക്കെ വേണോ".
"വേണം".
"തനിക്ക് വേണമെങ്കിൽ എനിക്കും വേണം".
"അതുപ്പോട്ടെ താൻ കഴിച്ചോ?".
"മും".
"ഇതെന്താ സംസാരിക്കില്ലേ ?"
"കഴിച്ചു".
"പിന്നെ എന്തൊക്കെ ഉണ്ട്?".
"ഒന്നുമില്ല".
"തനിക്ക് ലൈൻ ഉണ്ടോ?"
"ഇല്ല ".
"ഇതുവരെ ഇല്ല".
"അതെന്താ??"
"ഇല്ല".
"ഇപ്പോ നല്ലൊരു പയ്യൻ തന്നെ വന്നു പ്രൊപ്പോസ് ചെയ്താൽ തന്റെ മറുപടി എന്തായിരിക്കും?".
"😊"
"സ്മൈലി അയയ്ക്കാതെ മറുപടി പറയാടോ?".
"അത് അപ്പോഴല്ലേ?".ശരി ഗുഡ് നൈറ്റ്".
"പോകാൻ എന്താ ഇത്ര തിടുക്കം ,കുറച്ചു കഴിഞ്ഞു പോകാമെടോ".
"രാവിലെ ട്യൂഷൻ ഉണ്ട്".
"എങ്കിൽ ശരി ഞാനായിട്ട് തന്റെ പഠനം മുടക്കുന്നില്ല പൊയ്‌ക്കോളൂ".
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോയി.ചാറ്റിങ് സ്റ്റൈൽ മാറി .സൗഹൃദത്തിൽ നിന്ന് മറ്റൊരു തലത്തിലേയ്ക്ക്
പോയി .
മെസ്സേജുകൾ പിന്നീട് അങ്ങോട്ട് ലൈംഗിക ചുവയുള്ളത് മാത്രമായി മാറി.
വൈകുന്നേരങ്ങളിൽ തുടങ്ങി പാതി രാത്രിയോളം നീണ്ടു നിന്നു.
"ഹലോ ഡിയർ നാം ഇത്രയും കമ്പനി അയ സ്ഥിതിയ്ക്ക് തന്റെ ഫോട്ടോ ഇനി എന്നെ കാണിക്കുന്നതിൽ തെറ്റില്ലല്ലോ".
"നാളെ അയച്ചു തരാം ഇന്ന് തന്നെ വേണോ??"
"വേണം."
കുറെ നേരമായി കാത്തിരിക്കുന്നു ഇവൾ എന്താ അയയ്ക്കാത്തെ.
"ഹലോ എവിടെ??".
"ലോഡിങ്‌ ".
പെട്ടെന്ന് വരട്ടെ ഞാൻ എന്റെ മുത്തിന്റെ മുഖം ഒന്ന് കണ്ടോട്ടെ .
ഫോണിൽ തെളിഞ്ഞു വന്ന ഫോട്ടോ കണ്ട് കണ്ണുകൾ പുറത്തേയ്ക്ക് വന്നു.
ഈശ്വരാ ശ്രീക്കുട്ടി....
ഞാൻ ഞാൻ എന്താ ഈ ചെയ്തിരുന്നത് .
ഒരു ഭ്രാന്തനെ പോലെ മുറിയിൽ നിന്ന് ഇറങ്ങി ചെന്ന് പഠിച്ചു കൊണ്ടിരുന്ന ശ്രീക്കുട്ടിയിൽ നിന്ന് ഫോൺ വാങ്ങി പുറത്തേയ്ക്ക് എറിഞ്ഞു.
NB:-എന്റെ പ്രിയ സഹോദരിമാരെ നിങ്ങളുടെ ഇൻബോക്സിൽ വന്നു പുകഴ്ത്തി പറയാൻ ഒരുപാട് സഹോദരന്മാരുണ്ടാകുംഅതിലൊന്നും വീഴാതെ സൂക്ഷിച്ചാൽ നിങ്ങൾക്ക് തന്നെ കൊള്ളാം.
ഇനി ഇൻബോക്സിൽ വരുന്നവർക്ക് മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ചു നടക്കുമ്പോൾ സ്വന്തം വീട്ടിൽ ഉള്ളവരെ കുറിച്ച് കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും..
(സാര്യ വിജയൻ)

കോളേജിൽ നിന്ന് വന്നയുടൻ ..............

കോളേജിൽ നിന്ന് വന്നയുടൻ ഡ്രസ്സ് പോലും മാറാതെ ഫോണും എടുത്ത് കട്ടിലിൽ കയറി ഇരിപ്പായി.
ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വെറുതെ ഓടിച്ചു നോക്കി കണ്ണിൽ കണ്ട പോസ്റ്റുകളൊക്കെ ലൈക്ക് ചെയ്തു പോകുകയായിരുന്നു.
അപ്പോഴാണ് ശ്രീക്കുട്ടൻ ഓടി അടുത്തേയ്ക്ക് വന്നത്.
വന്നപ്പാടെ ഒരു ചോദ്യവും ഫേസ്ബുക്കിൽ ആയിരിക്കും അല്ലേ.
ഞാൻ അവനെ ഒന്നുനോക്കി ,എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി അവൻ....
"കുത്തിക്കോ... കുത്തിക്കോ...ഞാൻ ചുമ്മാ ചോദിച്ചതാ.
നമ്മൾ രണ്ടുപേരും കൂടിയുള്ള ആ ഫോട്ടോ അന്ന് പോസ്റ്റ് ചെയ്തില്ലേ ..അതിനെത്ര ലൈക്ക് കിട്ടി.
പോകാനുള്ള ഭാവമില്ല എന്ന് മനസിലായി.ഞാൻ അവനെ ഒന്നുകൂടി നോക്കി.ആരേയും മയക്കുന്ന ചിരിയോടെ അവൻ എന്നെ നോക്കി.
ഞാൻ എന്റെ പ്രൊഫൈൽ എടുത്ത് അവന് കാണിച്ചു .ഞങ്ങൾ തമ്മിലുള്ള ഫോട്ടോ എടുത്ത് കൊടുത്തു.
"ഹോ..എന്റെ ഫോട്ടോയ്ക്ക് 280 ലൈക്ക്.. എന്താ കമെന്റ് "...
ക്യൂട്ട്,നൈസ് എന്നൊക്കെ തന്നെ.ഞാൻ ഫോൺ വാങ്ങി.
വീണ്ടും എന്റെ ശ്രദ്ധ അതിനുള്ളിലാക്കി.
അപ്പോഴേയ്ക്കും അവൻ പതുക്കെ കട്ടിലിൽ നിന്നറങ്ങി. എന്റെ ടേബിളിന്റെ അടുത്തേയ്ക്ക് ചെന്നു. ടേബിൾ ബുക്കുകളൊക്കെ പതുക്കെ എടുത്ത് നോക്കി.ബുക്ക് കഴിഞ്ഞ് ടേബിളിന് മുകളിൽ പൂക്കളെ എടുത്ത് തലോടി.പേനകളിലൂടെ പതുക്കെ വിരലുകൾ ഓടിച്ചു.
അടുക്കി വച്ച പുസ്തകങ്ങക്കിടയിൽ നിന്ന് പണ്ടേപ്പോഴോ ഞാൻ വാങ്ങി വച്ച ഗ്രീറ്റിംഗ്സ് കാർഡ് എടുത്തു.റോസാപ്പൂക്കളും ലൗ ചിഹ്നവും ഉള്ള ഒന്ന്.
അതെടുത്തു കൊണ്ട് വീണ്ടും അവൻ കട്ടിലിനടുത്തേയ്ക്ക് വന്നു.എന്റെ ശ്രദ്ധ ഞാൻ തിരിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ എന്റെ കൈയ്യിൽ പതുക്കെ ഒന്ന് ഞോണ്ടി.
ഞാൻ ഫോണിൽ നിന്ന് കണ്ണെടുക്കാതെ മും... ഒന്ന് മൂളി.
"ചേച്ചി ഇത് ഞാൻ എടുത്തോട്ടെ".
എന്റെ ചേച്ചിയുടെ മകനാണെങ്കിലും അവൻ എന്നെ ചേച്ചി എന്നാണ് വിളിക്കുക.സത്യം പറഞ്ഞാൽ ഞാൻ തിരുത്താനും പോയിട്ടില്ല.ചെറിയമ്മ എന്ന വിളി എന്തോ എന്നിലെ യുവത്വം ഉൾക്കൊള്ളില്ല. കാരണം എന്റെ ചെറിയമ്മക്കൊക്കെ നല്ല പ്രായമുണ്ടേ...
എന്തിനാ???
ഒരു ഫ്രണ്ടിന് കൊടുക്കാൻ വേണ്ടിയാണ്.ഏത് ഫ്രണ്ട്??
ഞാൻ ഫോൺ മാറ്റി വച്ച് അവനിലേയ്ക്ക് തിരിഞ്ഞു.
ഒരു ഫ്രണ്ട് ...അവൻ ഒരു കള്ളച്ചിരി ചിരിച്ചു.
അവൻ ആറാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.
ഞാൻ ഒരു തഞ്ചത്തിൽ വീണ്ടും ചോദിച്ചു.
ഏതാ ഫ്രണ്ട്??എന്താ പേര്???
"അനാമിക " പേര് പറഞ്ഞപ്പോൾ ഒരു നാണം അവനിൽ ഉണർന്നത് പോലെ തോന്നി.എനിക്ക് അതുകണ്ട് ശരിക്കും ചിരിവന്നു .
ഞാൻ വീണ്ടും ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി കേട്ടെന്റെ കണ്ണു തള്ളിപോയി.
താഴേയ്ക്ക് നോക്കി ഒരു കള്ളച്ചിരിയോടെ അവൻ എന്നോട് പറഞ്ഞു ..
"എന്റെ ലൈൻ ആണ്"...
എന്താ???
നിന്റെ ലൈനോ?
അവൻ ഒരു മാറ്റവുമില്ലാതെ പറഞ്ഞു..
അതെ എന്റെ ലൈൻ ...
എന്താ കാരണം ഇഷ്ടപ്പെടാൻ?
"അവളൊരു പാവമാണ്.നന്നായി പഠിക്കും. എനിക്ക് ഹോംവർക്കൊക്കെ ചെയ്തു തരും".
പിന്നെ ആര് എന്ത് പറഞ്ഞാലും കരയും.അതു കണ്ടാണ് എനിക്കിഷ്ടം തോന്നിയത്".
"ആഹാ അത് കൊള്ളാമല്ലോ ",എന്നിട്ട് തിരിച്ച് ഇങ്ങോട്ട് ഉണ്ടോ ആ കുട്ടിയ്ക്ക്.
ഉണ്ടല്ലോ, അതല്ലേ കാർഡ് ചോദിച്ചത് അവൾക്കു കൊടുക്കാൻ".
അതുപറഞ്ഞ ശേഷം എന്നോട് തിരികെ ചോദ്യം എറിഞ്ഞു.
"ചേച്ചിയ്ക്ക് ലൈൻ ഉണ്ടോ??ഫേസ്ബുക്കിൽ.
"ഹേയ് ഇല്ല"
"കള്ളം പച്ചക്കള്ളം ഞാൻ വിശ്വസിക്കില്ല".
"നീയൊന്ന് പോയെടാ ചെറുക്കാ "എന്ന് പറഞ്ഞു ഞാൻ കാർഡ് അവന് നൽകി അവിടെ നിന്ന് പറഞ്ഞു വിട്ടു.
**********
അപ്പോഴേയ്ക്കും അമ്മ ചായയുമായി വന്നു,ചായ നൽകി അമ്മ പോയി.ഞാൻ ചായയുമായി ജന്നലിനടുത്തേയ്ക്ക് നടന്നു.
പുറത്തെ റോസാച്ചെടിയിൽ ഇന്നലെ വിരിഞ്ഞ ചുവന്ന പൂവ്,അതിന് ചുറ്റും പറന്നു നടക്കുന്ന വണ്ടുകൾ. അവയുടെ ചലനങ്ങൾ വീക്ഷിച്ചു പതിയെ ചായ ഊതി ഊതി കുടിച്ചു.കുടിച്ചു കഴിഞ്ഞു കപ്പ് ടേബിളിൽ വച്ച് ഡ്രസ്സ് എടുത്ത് കുളിമുറിയിൽ പോയി.
തലയിൽ വീണ വെള്ളത്തുള്ളികൾ ശരീരമാകെ നനച്ചു.
അവന്റെ ആ ചോദ്യം .
ഇഷ്ടങ്ങളുടെ ഒരു വലിയ പുസ്തകം എന്റെ ഓർമ്മയിൽ തെളിഞ്ഞു.
അവൻ പറഞ്ഞത് പോലെ എനിക്കും തോന്നിയിരുന്നു ആദ്യമായി നാലാം ക്ലാസ്സിൽ വച്ച് ഒരാളോട്.അവൻ പറഞ്ഞതുപോലെ തന്നെ ആ ആളായിരുന്നു ക്ലാസ്സ് ഫസ്റ്റ്.അതാകാം എന്റെ ശ്രദ്ധ അവനിലേയ്ക്ക് തിരിച്ചത്.
പിന്നെ വർഷങ്ങൾ പോയി മറഞ്ഞപ്പോൾ പ്ലസ്ടു പഠിക്കുന്ന സമയത്ത് പ്രണയം പറഞ്ഞു കൂടെ കൂടിയവന്റെ കണ്ണുകളിൽ ഞാൻ പ്രണയം പരത്തിയപ്പോൾ അവൻ കണ്ണുകളാൽ എന്റെ ശരീരത്തിൽ പ്രണയം തിരഞ്ഞപ്പോൾ ഞാൻ അവനെ തിരസ്കരിച്ചു.
പിന്നെ പ്രണയമൂറും മുഖങ്ങളെയുംമധുരമൂറും വാക്കുകളെയും ഞാൻ തേടി പോയതുമില്ല.എന്നെ തേടി വന്നതുമില്ല.
കോളേജ് വരാന്തയിൽ കൈകോർത്തു നടക്കുന്ന പ്രണയജോടികളും ശരീരമാണ് പ്രണയത്തിന്റെ ആധാരം എന്ന് കരുതുന്ന മറ്റുചിലരും.പ്രണയത്തിന്റെ ഫലമായ് ശരീരം പകുത്തു നൽകി ബൈ പറഞ്ഞു പോകുന്ന മറ്റുചിലരും.
ആത്മാർത്ഥ പ്രണയങ്ങൾ മറ്റൊരിടത്തും.
കുളി കഴിഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകിയപ്പോൾ കുറെ ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു.
ശരിക്കും എന്താണ് പ്രണയം?എന്താണ് പ്രണയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്?
അത് തോന്നുക മനസിനോടോ അതോ ശരീരത്തോടോ??
ശ്രീക്കുട്ടൻ പറഞ്ഞത് ഞാൻ ചിരിച്ചു തള്ളിയെങ്കിലും.അവനിലാണ് ഞാൻ ഒരു ആത്മാർത്ഥ പ്രണയിതാവിനെ കണ്ടത്...
നിഷ്കളങ്കമായ പ്രണയം...
ശരീരത്തിന് വിലയിടാത്ത പ്രണയം....
പുഞ്ചിരിയും കണ്ണീരും കുസൃതികളും നിറഞ്ഞ പ്രണയം....
ആ കണ്ണാടിയിൽ ഞാൻ കണ്ടു വിശുദ്ധ പ്രണയം നാലാം ക്ലാസ്സിലെ ആ ബെഞ്ചിൽ...
*(സാര്യ വിജയൻ)*

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo