Showing posts with label PreethiRajesh. Show all posts
Showing posts with label PreethiRajesh. Show all posts

അവൻ അവളാകുമ്പോൾ..


വസന്തം നിന്നിലൊളിപ്പിച്ച
റോസാച്ചെടിയുടെ
മുള്ളു കൊണ്ട് നൊന്ത 
പാടുകൾക്കു മേലെ
നീയൊളിപ്പിച്ച നിന്റെ ഉടലുകൾ
നിന്നെ തിരിച്ചറിയുമ്പോഴേക്കും
നീ ഒരു പെണ്ണായിരുന്നു
ആണും പെണ്ണും കെട്ടവനെന്നു
ആരൊക്കെയോ
രഹസ്യമായും പരസ്യമായും
വിളിച്ചു നിൻറെ ഉടലിലേക്കു
കാമത്തിന്റെ തുറിച്ചു നോട്ടങ്ങൾ
സെക്കന്റുകൾ ഭേദിച്ചു
പാഞ്ഞെത്തിയിരുന്നു...
ഉള്ളുപിടയാലെ
വളർന്ന മാറിൽ
വിരിഞ്ഞ ചുണ്ടിൽ
തെളിഞ്ഞ കണ്ണുകളിൽ
നീ കണ്ടെത്തിയ നിന്നിലെ അവളെ
നീയും സ്നേഹിച്ചപ്പോൾ തൊട്ട്
മൈലാഞ്ചി ചുവപ്പിൽ
നീളൻ വിരൽ സുന്ദരമായതും
നഖങ്ങൾ മിന്നി തെളിഞ്ഞു
നിറങ്ങളിൽ ആലിംഗനം ചെയ്തതും
മനസ്സ് നഷ്ടപ്പെട്ടൊരുവന്റെ
അമർത്തിയ നിലവിളികൾ
കേൾക്കാതെ കേട്ടവന്റെ
കാതിൽ വലിഞ്ഞു മുറുകി
ജീർണിച്ച കൂമ്പാരത്തിനു മീതെ
'അവൾ' പിറക്കുന്നു
മുറുമുറുപ്പുകൾക്കു മേലെ
ആകാശം മാത്രം നോക്കി
മാറു മറച്ചു
ഇടവഴിയിൽ പോലും സൂക്ഷിച്ചു
നടക്കേണ്ടവൾ....
പ്രീതി രാജേഷ്

#തണലുതേടുന്നവർ #


ഇനിയും ദുരന്തങ്ങൾ ഏറ്റുവാങ്ങിക്കുവാൻ എനിക്ക് ശക്തിയില്ല, അമ്മേ ...ഒരുപാടാനുഭവിച്ചു ..ഇനി വയ്യാ ..ഏതേലും ഒരു മൂലയിൽ ഞാനുമെന്റെ മോളും ആർക്കും ശല്യമില്ലാതെ ജീവിച്ചോളാം ..ഇനി ആരും തേടി വരും എന്ന പ്രതീക്ഷയൊന്നുമില്ല ,എങ്കിലും ഈ താലി അത് ആരും ഊരിയെടുക്കാത്തിടത്തോളം കാലം ഞാൻ ആനന്ദേട്ടന്റെ ഭാര്യ തന്നെയാ ..അത്ര മാത്രമാവാനേ എനിക്കിപ്പോ പറ്റുള്ളൂ .
മോളെ ...നീ ചെറുപ്പമാണ് .ജീവിതം അസ്തമിപ്പി ക്കാറായിട്ടില്ല ..ഈ അമ്മ എന്നും ജീവിച്ചിരിക്കില്ല .നീയും കുഞ്ഞും എന്നും ഒരു ബാധ്യതയായി നിന്റെ അനിയന് ഒരിക്കലും തോന്നാതിരിക്കാൻ വേണ്ടിയാണ് അമ്മ ഇപ്പഴിങ്ങനെ പറയുന്നത് ..
രമേശൻ നല്ലവനാ ...നിന്നെ പൊന്നുപോലെ നോക്കും .അവന്റെ ഭാര്യ പൂർവ കാമുകനുമായി ഒളിച്ചോടി പോയതാ .ഒറ്റപെട്ട അവന്റെ ജീവിതത്തിലേക്ക് നിന്നെ ആത്മാർത്ഥമായിട്ടാ അവൻ ക്ഷണിച്ചത് .പിന്നെ നിന്റെ കാര്യങ്ങളൊക്കെ അവനറിയാല്ലോ ...നീ ആലോചിച്ചിട്ട് പറഞ്ഞാൽ മതി ..അനിയൻ കുട്ടന്റെ മാറ്റം ഈയിടെയായി നീയും കാണുന്നില്ലേ ..കല്യാണം കഴിഞ്ഞു കുട്ടിയായപ്പോൾ അവന്റെ ചെലവുകളും കൂടി .ഓരോരോ കാര്യങ്ങൾ ചെയ്തുതീർക്കാൻ അവൻ ബുദ്ധിമുട്ടുന്നത് നമ്മളും കുറച്ചൊക്കെ മനസ്സിലാക്കേണ്ടേ ..അവൻ നിന്നെ ഒരിക്കലും തള്ളിപ്പറയില്ലാന്നു ഈ അമ്മക്കറിയാം .എന്നിരുന്നാലും നിന്റെം മോളുടേംകാര്യങ്ങൾ എത്ര കാലംന്നു വെച്ചിട്ടാ അവൻ ചെയ്യാ ...ഇനിയും ഒരു കാത്തിരിപ്പ് അത് മണ്ടത്തരമാ മോളെ .ഇന്നല്ലെങ്കിൽ നാളെ എന്റെ കാലം കഴിയും .അതുവരെ ലച്ചുമോളെ ഞാൻ നോക്കിക്കോളാം ..രമേശൻ അതിനുള്ള ചെലവ് തരാതിരിക്കില്ല .ഇത്രയും പറഞ്ഞു അകത്തളത്തിലേക്കു കിതച്ചു നടന്നു അമ്മ .
ഉറങ്ങിക്കിടക്കുന്ന ലച്ചുമോളെ നെഞ്ചോടു ചേർത്ത് പിടിച്ചു വീണ .അവളുടെ കണ്ണീര് പടർന്ന കവിളിൽ കുഞ്ഞികയ്യാലെ തലോടികൊണ്ട് ലച്ചുമോൾ ചോദിച്ചു ,
അമ്മേ ...അമ്മ ആരെയാ കല്യാണം കഴിക്കുന്നത് ..അമ്മമ്മ പറയുന്നത് ലച്ചു മോള് കേട്ടല്ലോ ...
ഇല്ല മോളെ ..അമ്മ ആരെയും കല്യാണം കഴിക്കുന്നില്ല ..അവളുടെ ശബ്ദം ഇടറി
അതല്ല ,അമ്മേ ..അമ്മ കല്യാണം കഴിക്കണം ..എന്നെ അവർ സ്വീകരിച്ചില്ലെങ്കിലും എന്റെ അമ്മയ്‌ക്കൊരളവുല്ലോ കൂട്ടിന് ...ലച്ചുമോൾ അമ്മാമ്മേടെ കൂടെ നിന്നോളം ...എന്റെ അമ്മ ഒന്നും ഓർത്തു ഇനി കരയാൻ പാടില്ല .മോൾക്ക്‌ അത് കാണാനുള്ള ശേഷിയില്ല .അമ്മ സമ്മതിക്കണം .എന്റെ അച്ഛൻ എന്നെങ്കിലും തിരിച്ചു വന്നാൽ ഞാൻ പറഞ്ഞുകൊള്ളാം ,എല്ലാത്തിനുമുള്ള മറുപടി
വെറും എട്ടു വയസ്സുകാരി ആരോ പഠിപ്പിച്ചു വിട്ട പോലെ ഇത്രയും പറഞ്ഞു നിർത്തി .
എന്റെ പൊന്നു മോളെ ....വീണക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ ...അമ്മയ്ക്ക് ഈ മോള് മാത്രം മതി ..വേറാരും വേണ്ടാ ..തലയിണയിൽ മുഖം ചേർത്ത് വെച്ചു വീണ വിങ്ങുന്നത് രാത്രിയുടെ താളത്തിൽ അലിഞ്ഞു ചേർന്നപ്പോൾ അവൾ ഓർക്കുകയായിരുന്നു ആ നല്ല കാലം ..
തോരാതെ പെയ്യുന്ന ഇടവമാസത്തിൽ ആനന്ദേട്ടന്റെ പെണ്ണായി ആ ജീവിതത്തിലേക്കു നടന്നു പോയപ്പോൾ ഏതൊരു പെണ്ണിനെ പോലെയും സ്വപ്‌നങ്ങൾ മാത്രമായിരുന്നു മനസ്സിൽ ..സന്തോഷം ആവോളം തന്ന് ഒരു വാക്ക് പോലും പറയാതെ ,എന്തിനെന്നുപോലും അറിയാതെ ആ മനുഷ്യൻ എങ്ങോ പോയി ..
ഒരു പ്രേത്യേക സ്വഭാവക്കാരനായിരുന്നു .എന്നെ ആവശ്യത്തിൽ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും എന്നേക്കാൾ കൂടുതൽ സ്നേഹം അക്ഷരങ്ങളോടും എഴുത്തിനോടുമൊക്കെ ആയിരുന്നു.ചില ദിവസങ്ങളിൽ വീട് വിട്ടുപോയാൽ പിന്നെ ഒന്നും രണ്ടും ദിവസങ്ങൾ കഴിഞ്ഞെ തിരിച്ചു വരാറുള്ളൂ ..ഒന്നിനും മറുപടിയില്ല ..അങ്ങനെഎട്ടുവര്ഷങ്ങൾക്ക് മുൻപ് ഒരു ദിവസം രാവിലെ പോയ പോക്കാ ...പിന്നെ നാളിതു വരെയായിട്ടും തിരിച്ചു വന്നിട്ടില്ല ..
മരിച്ചോ ,ജീവിച്ചിരിപ്പുണ്ടോ ഒന്നിനും തെളിവില്ല ,അറിവുമില്ല .എങ്കിലും ഞാൻ മാത്രം ഇന്നും വിശ്വസിക്കുന്നുണ്ട് ,എന്റെ ആനന്ദേട്ടൻ എന്നെങ്കിലും തിരിച്ചു വരുമെന്ന് ..
ഞാൻ പ്രസവിച്ചതു പോലും ആളറിഞ്ഞിട്ടില്ല .അന്നു തൊട്ടു ഇന്നേവരെ കണ്ണീര് കുടിക്കുന്നത് ഈ ഞാനും .
അല്ലെങ്കിൽ തന്നെ ഇങ്ങനെയൊരു മനുഷ്യനെ ഞാനെന്തിന് ഇനിയും കാത്തിരിക്കണം ,അവൾ അവളോട്‌ തന്നെ ചോദിച്ചു ..
ഭർത്താവ് എന്നാൽ ഭാര്യയെ സംരക്ഷിക്കേണ്ടവൻ അല്ലേ ...എന്നിട്ടും ഭാര്യയെ തനിച്ചാക്കി സ്വന്തം സുഖ സൗകര്യങ്ങൾ തേടിപ്പോയ ഒരാൾ ഇനി തിരിച്ചു വന്നാലും ഇതൊക്കെ തന്നെ ആവർത്തിക്കില്ലെന്നു എന്തുറപ്പാ ഉള്ളത് ..എന്നെങ്കിലും തിരിച്ചു വന്നാൽ ആ മുഖത്തു നോക്കി ഏറെ പറയാനുണ്ട് .
**** **** ***
നാളെ എന്റെ അമ്മ ,മറ്റൊരാളുടെ ഭാര്യ ആവാൻ പോവുന്നു ..ലച്ചു മോളുടെ ഹൃദയം വല്ലാതെ നോവുന്നുണ്ട് .അച്ഛനില്ലാത്ത സങ്കടം അമ്മ നെഞ്ചിലടക്കി പൊന്നുപോലെ കൊണ്ട് നടന്നതാ എന്നെ .ഇതുവരേക്കും ആ നെഞ്ചിലെ സ്നേഹം മുഴുവൻ തന്നിലേക്ക് മാത്രം പെയ്തിറങ്ങി .ഇനി അത് എങ്ങനെ ...
കുഞ്ഞു കവിളുകൾ നനയുന്നത് അമ്മ കാണാതിരിക്കുവാൻ അവൾ നന്നേ പാടുപെട്ടു .
മോളുറങ്ങിയോ ...
അമ്മയുടെ ചോദ്യം കേട്ടെങ്കിലും ഉറങ്ങിയെന്ന മട്ടിൽ അവൾ കണ്ണുകൾ ചേർത്ത് വെച്ചു കിടന്നു ..ആ കൈകൾ മുടിയിൽ തലോടി നെറ്റിയിൽ ചുംബിച്ചപ്പോൾ വിങ്ങി പൊട്ടിയെങ്കിലും കരഞ്ഞില്ല .എന്റെ കരച്ചിൽ അമ്മയെ തളർത്തും ,ഈ കല്യാണത്തിൽ നിന്നും അമ്മ പിന്തിരിയും .പാടില്ല ..അമ്മ ജീവിക്കണം .അമ്മാവന്റെ തണലിലല്ല ..ഭർത്താവിന്റെ തണലിൽ ..
ഒളിഞ്ഞും പതുങ്ങിയും അമ്മായി മാമനോട് പറയുന്നതവൾ പലപ്പോഴും കേട്ടിട്ടുണ്ട് ..
നശൂലങ്ങൾ ....ഇല്ലാത്ത ചിലവിന്റെ കൂടെ ഓരോന്നും കൂടിയുണ്ടല്ലോ തലേല് ...നിങ്ങളെ കുടുംബത്തിലേക്ക് ഏത് നേരാണാവോ എനിക്ക് വരാൻ തോന്നിയത് ..ശാപം പിടിച്ച ഒരമ്മയും മോളും ..!
അന്യരുടെ ശാപം പേറി ഈ അടുക്കളയിൽ എരിഞ്ഞുതീരാൻ അമ്മയെ ഇനിയും അനുവദിച്ചു കൂടാ ...അതിനാണ് ലച്ചുമോള് പട്ടിണി കിടന്ന് അമ്മയെ ഈ കല്യാണത്തിന് സമ്മതിപ്പിച്ചെടുത്തത് .
കല്യാണം എന്ന് പറഞ്ഞാൽ രണ്ടു മനസ്സുകളെ ചേർത്ത് നിർത്തി ഒരു ചെറിയ ചടങ്ങു മാത്രം .എല്ലാം ഭംഗിയായി കഴിഞ്ഞു .
അമ്മ ഇറങ്ങി പോവുന്നത് കാണാതിരിക്കാൻ വേണ്ടി ലച്ചു അകത്തളത്തിലേക്കു ഓടി ....അതു വരെ തടഞ്ഞു നിർത്തിയ കണ്ണീര് അനുസരണയില്ലാതെ ഒലിച്ചിറങ്ങി ..
എത്ര പാടുപെട്ടിട്ടും തടയാനായില്ല .ഹൃദയത്തിൽ നിന്നും അടർന്നടർന്നു കണ്ണീർതുള്ളികൾ മനസിലും മുഖത്തും ദേഹം മുഴുവനും നനച്ചു കൊണ്ടേയിരുന്നു ....
രണ്ടു കൈകൊണ്ടും മറച്ചു പിടിച്ച മുഖത്തെ കൈകൾ ശക്തിയായി മാറ്റി ആരോ ഒരാൾ ...
ആളെ കണ്ടതും ലച്ചുമോള് ഞെട്ടി ..
ആഹാ ...മോളിവിടെ വന്നു നിൽക്കാതെ വന്നു കാറിൽ കയറൂ ...
എന്താ എന്ന് മനസ്സിലാവാതെ കുറച്ചു നേരം അവൾ രമേശിനെ തന്നെ നോക്കി നിന്നു ..
മോളേ ...വാ ....അവളുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് രമേശ്‌ നടന്നു നീങ്ങുമ്പോൾ മറ്റേ കൈകൊണ്ട് ആ കുഞ്ഞു മുഖത്തെ കണ്ണീര് തുടക്കാനും മറന്നില്ല ..
ആ ചേർത്തു നിർത്തലിൽ ആദ്യമായ് അവളറിയുകയായിരുന്നു ഒരു അച്ഛന്റെ വാത്സല്യം ,കിട്ടാതെ പോയ തണലിന്റെ സുരക്ഷിതത്വം ..
പ്രീതി രാജേഷ്

#അമ്മയ്ക്ക് പകരം #


അമ്മ മരിച്ച അന്നു രാത്രിയിൽ തളർന്നവശയായി കുട്ടിക്ക് പാലുകൊടുക്കാൻ പോലും ശക്തിയില്ലാതിരുന്ന എന്നെ ചേർത്തുപിടിച്ചു ഭർത്താവിന്റെ അമ്മ ആത്മാർത്ഥമായി പറഞ്ഞു "ഇനി മുതൽ ഞാനാ നിന്റെ അമ്മയെന്ന് "
കണ്ണീരില്ലാതിരുന്ന അച്ഛന്റെ കണ്ണിലും മുഖത്തും അതു കേട്ടിട്ടും ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല .രണ്ടു വയസ്സിനു മാത്രം മൂത്ത ഏട്ടന്റെ മുഖത്തു ഞാനന്ന് കണ്ട ഏക ആശ്വാസവും അതു മാത്രമായിരുന്നു .
ഇടയ്ക്കു വാവിട്ടു കരയുന്ന ഒന്നര വയസ്സുകാരി അപ്പോഴും തെക്കേമുറിയിൽ ആരെയോ അന്വേഷിച്ചു നടക്കുന്നു ,വിളിക്കുന്നു കാണാതെയാവുമ്പോൾ വീണ്ടും ഓടി മടിയിൽ വന്നിരിക്കുന്നു ..
പത്തു പതിനഞ്ചു ദിവസങ്ങൾ വീട് നിറയെ ആൾക്കാർ ..മനസ് തുറന്നൊന്നു പൊട്ടിക്കരയാൻ പോലും ഇടം തരാതെ കലപില കൂട്ടുകയും ഇന്നലെ ഇറങ്ങിയ പുതിയ സിനിമയുടെ കഥകൾ പറഞ്ഞു ചിരിക്കുന്നവരും ഇടയ്ക്കു അമ്മയുടെ വിധിയെ പറഞ്ഞു വിലപിക്കുകയും മാഹാത്മ്യത്തെ പുകഴ്ത്തുകയും ചെയ്യുന്നവരും ..
ഒരു കെടാവിളക്കിനു മുന്നിൽ എന്നെന്നേക്കുമായി അണഞ്ഞുപോയൊരു വിളക്കിനെയോർത്തു ഉരുകുന്ന ഒരു ഹൃദയത്തെ അവരാരും ശ്രെദ്ദിച്ചില്ല .എങ്കിലും കൃത്യ സമയങ്ങളിൽ ചോറും ചായയും തരാൻ അവർ മറന്നില്ല .
ദിവസങ്ങളും ആളുകളും പിരിഞ്ഞു പോയപ്പോൾ
അമ്മയില്ലാത്ത സത്യം മനസ്സിലും മുറിയിലും വീട്ടിലും തൊടിയിലും ആദ്യമായ് അനുഭവപെട്ടു ..
അടുക്കള തൊട്ടു കിടപ്പുമുറിവരെയും അമ്മയില്ലായ്മയുടെ ദാരിദ്രം .
ചായ തൊട്ടു അത്താഴം വരെയുംപഞ്ചാരേം ഉപ്പും പുളിയും കൃത്യമായിരുന്നിട്ടും എന്തൊക്കെയോ കുറഞ്ഞുപോയപോലെ ...
നൽപോത്തോന്നാം നാൾ ബലികർമം കഴിഞ്ഞു ഈറനോടെ നിൽക്കുമ്പോൾ അമ്മായിഅമ്മ, അല്ല അമ്മ അമ്പലനടയിൽ നിൽപ്പുണ്ട് ..
മതി അവിടെയുള്ള സഹവാസം എന്നും വിളിച്ചോതുന്ന മുഖത്തോടെ അവരെന്നെ പിടിച്ച പിടിയാലേ അവരുടെ കൂടെ കൂട്ടികൊണ്ടുപോയി ...
മനസുമുഴുവൻ അച്ഛനും ഏട്ടനും .
അവർ വല്ലതും കഴിച്ചു കാണുമോ ഉറങ്ങിക്കാണുമോ ..
ആധികൊണ്ട് ഒരു കാര്യത്തിലും ശ്രെദ്ധിക്കാൻ പറ്റിയില്ല .
കുറച്ചീസം കൂടി അവിടെ ചെന്നു നിൽക്കട്ടെ എന്ന എന്റെ ചോദ്യത്തിന് അമ്മായിഅമ്മ തന്ന മറുപടി അച്ഛനെ കൊണ്ട് പെണ്ണ് കെട്ടിക്കാനായിരുന്നു .
വയസ്സുകൊണ്ട് അച്ഛന് അന്പതാണേലും മനസും ശരീരവും തളർന്നതുകൊണ്ടാവാം പ്രായത്തേക്കാളും ജരാനര കയറിയ അച്ഛനെ ഒരു രണ്ടാംകെട്ടിനു അവരല്ലാതെ വേറെ ആരും വാക്കുകൊണ്ടുപോലും ചൂണ്ടികാണിക്കില്ലാ ..
സാരമില്ല ..പറയുന്നവർക്കൊക്കെ പറയാൻ എളുപ്പമല്ലേ ..സഹിക്കുക തന്നെ ..
വീട്ടിലൊരാള് അത്യാവശ്യമായി വന്നപ്പോൾ ഏട്ടൻ പെണ്ണുകെട്ടാൻ തീരുമാനിച്ചു ..
അതിനു വേണ്ടിയുള്ള അലച്ചിൽ ചില്ലറയൊന്നുമല്ല ..
അമ്മയില്ലാത്ത വീടെന്നു കേൾക്കുമ്പോൾ തന്നെ ചിലരുടെ മുഖം പോവും ..ഉണ്ടെങ്കിലും ചിലരുടെ മുഖം പോവുന്നതും സാധാരണയാണെങ്കിലും കുറവുകളെ ചൂണ്ടി കാണിക്കുന്നതല്ലേ ആഢ്യത്വം .
അവസാനം നടന്നു ക്ഷീണിച്ചു പെണ്ണ് ശെരിയായി .വീടിന്റെ വിളക്കായ് എന്റെ അമ്മയ്ക്ക് പകരമായി ഏട്ടത്തിയമ്മ നിലവിളക്കുമായി കയറി വന്നപ്പോൾ പിന്നിൽ നിന്നാരൊക്കെയോ പറയുന്നത് കേട്ടു ...ഇനി ഇതാണ് ഈ വീടിന്റെ അമ്മയെന്ന് ..
അമ്മയുടെ മാലയിട്ട ഫോട്ടോയും ചിരിച്ചു കൊണ്ട് പറയുന്നതുപോലെ തോന്നി ഇതാണ് ഇനി നിന്റെ അമ്മയെന്ന് ..
പ്രായം കൊണ്ട് എന്നേക്കാൾ ചെറുതായിരുന്നേലും സ്നേഹം കൊണ്ട് അവരെന്റെ അമ്മയായ് നിറഞ്ഞു നിന്നു .
കല്യാണവും കഴിഞ്ഞു നാലുദിവസം വീട്ടിൽ കൂടുതൽ നിന്നതിനു അമ്മ ,അമ്മായിയമ്മയായ് മാറിയത് ഞാൻ നടുക്കത്തോടെ മനസിലാക്കിയ സത്യമായിരുന്നു .ഏട്ടത്തിയമ്മയ്ക്ക് മാലയുടേം വളയുടേം എണ്ണം കൂടിയത് കണ്ടപ്പോൾ ആ ഹൃദയം ഒരു നിമിഷം ചാഞ്ചല്യ പെട്ടുപോയോ i
എനിക്കു കിട്ടാത്ത പൊന്നും പണവും അവരുടെ അസ്സ്വസ്ഥതയ്‌ക് കാരണമായപ്പോൾ പറയുന്നത് മുഴുവൻ ഞാൻ കേട്ടിട്ടും ഉറക്കെ ഒരു മറുപടിപോലും പറഞ്ഞില്ല .കാരണം അവരെന്റെ അമ്മയാണ് .
ദിവസങ്ങൾ പോകുന്തോറും കാര്യങ്ങൾ വഷളായിത്തുടങ്ങി ..ചെറിയ കാര്യങ്ങൾക്കുപോലും അമ്മായിയമ്മയുടെ കുറ്റപ്പെടുത്തലുകളും ഒറ്റപെടുത്തലുകളും കൂടിവന്നപ്പോൾ സ്വന്തം വീട്ടിൽ കുറച്ചീസം നിൽക്കാൻ പോയതായിരുന്നു ,മനസ്സൊന്നു തണുക്കാൻ ..
എന്റെ വരവ് കണ്ടപ്പോൾ ഏട്ടത്തിയമ്മയ്ക് അത്ര പന്തി തോന്നാത്തത് കൊണ്ടാവാം പഴയ സ്നേഹം കാണിച്ചില്ലാന്നു മാത്രമല്ല ഏട്ടനോട് ദേഷ്യത്തിൽ കൂടിവരുന്ന ചിലവിന്റെ കണക്കും പറയുന്നത് കേട്ടു ..
ഇതൊക്കെ കേട്ടിട്ടും അച്ഛന്റെ മുഖത്തെ ഭാവം ഏറെക്കുറെ പഴയതു തന്നെ ...
അമ്മയുടെ ഫോട്ടോയും അതേ ഭാവത്തിൽ എന്നെ തന്നെ നോക്കുന്നു .
ആരൊക്കെയുണ്ടായാലും അമ്മയ്ക്ക് പകരമായി കൂടെ കൂടിയാലും അമ്മയ്ക്ക് പകരമാവില്ല എന്ന സത്യം ഉൾക്കൊണ്ടത് കൊണ്ടാവാം മൂന്നാം നാൾ സന്തോഷത്തോടെ ഞാൻ അവിടന്നിറങ്ങി പോന്നു ..
ആർക്കും ബുദ്ധിമുട്ടില്ലാതെ നമ്മളിൽ തന്നെ ഒതുങ്ങി ജീവിക്കുമ്പോൾ കിട്ടുന്ന ആ ചെറിയ സന്തോഷം മാത്രം മതി ഇനിയുള്ള കാലം ജീവിക്കാൻ .ഒരു പകരക്കാരും വന്നില്ലെങ്കിലും നമുക്ക് നമ്മളായി ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ ..ല്ലേ ...
പ്രീതി രാജേഷ്

മോളെ എണീക്കുട്ടോ

Image may contain: 2 people, people smiling

മോളെ എണീക്കുട്ടോ ...ബസ് ഇപ്പം വരും .പാതി തുറന്ന കണ്ണുകൾ ഒന്നൂടി കൂട്ടിയടച്ചു അവൾ ഉറക്കം നടിച്ചു ..ചിണുങ്ങി നിൽക്കാനൊന്നും നേരമില്ലാത്തത് കൊണ്ട് ഞാനവളേം എടുത്തു വാഷ് ബേസ് നരികിലെത്തി നല്ല തണുത്ത വെള്ളം കൊണ്ട്അവളുടെ മുഖം കഴുകി ..അതവൾക്കു പിടിച്ചില്ല .തുടങ്ങിയില്ലേ കരച്ചിൽ ...പിന്നെ ഒരു വിധത്തിൽ പല്ല് തേപ്പും കുളിയുമൊക്കെ കഴിച്ച് കസേരയിൽ കൊണ്ടിരുത്തി .
ഒരു ദോശയും ചമ്മന്തിയും പ്ലേറ്റിലാക്കി മുന്നിൽ വെച്ച് കൊടുത്തപ്പോൾ അവൾക്കു സാമ്പാർ മതി ന്നായി ..ഇല്ലാത്ത സാമ്പാർ എവിടെന്നെടുത്തു കൊടുക്കാനാ ...കുറച്ചു നേരമൊക്കെ അവൾ മുഖവും വീർപ്പിച്ചു ഇരുന്നപ്പോൾ ഞാൻ കണ്ടില്ല എന്ന മട്ടിൽ അടുക്കളയിലേക്കുപോയി .കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ആള് ഉഷാറായി ദോശയും കഴിച്ച് എണീറ്റുപോയിരിക്കുന്നു ...അതിനിടയില് എപ്പോഴോ കുഞ്ഞു കാന്താരി എണീറ്റു ..അവൾ അച്ചമ്മേടെ പിന്നാലെ നടന്ന് പല്ലുതേപ്പും കുളിയുമൊക്കെ കഴിച്ചു .അവളുടെ ഒരുക്കങ്ങൾക്ക് മുന്നെ പഴയ ഒരു ടാഗും കഴുത്തിലിട്ടു ചെരുപ്പും ചന്ദനകുറിയുമൊക്കെ ഇട്ട് കുഞ്ഞി കാന്താരി ചേച്ചിയെ യാത്രയാക്കാൻ ഉമ്മറത്തു ചെന്നു നിൽക്കുന്നുണ്ട് .
പറഞ്ഞുറപ്പിച്ച സമയത്തു ഗേറ്റിനു മുന്നിൽ ഹോണുമായി വന്നു നിന്ന ബസ്സിലേക്ക് മോളെ കേറ്റിവിട്ടപ്പോൾ അന്നത്തെ ദിവസത്തെ പകുതി ജോലിയും കഴിഞ്ഞപോലെ ...പാവം കുട്ടി ..പഠിക്കാൻ വിട്ടതുമുതൽ തുടങ്ങി കർശനമായ ദിനചര്യകൾ .പലപ്പോഴും തോന്നിയിട്ടിണ്ട് എന്തിന് വേണ്ടിയാ ഇങ്ങനെയൊക്കെ വളർത്തുന്നത് എന്ന് .എങ്കിലും ചുറ്റുപാടുകൾ അനിഷ്ഠിച്ചു പോവുന്ന ഒരു യന്ത്രികതയ്ക്കു പിന്നിൽ നിന്നു കിതയ്ക്കുവാൻ എന്നോ ഞാനും ശീലിച്ചിരിക്കുന്നു .
എന്റെ ബാല്യം എത്ര മനോഹരമായിരുന്നു .തോട്ടിൻ കരയിലെ തൊട്ടാവാടികളിൽ തൊട്ടു ചിരിച്ചും കളിച്ചും സ്കൂളിൽ പോയ ആ നാളുകൾ ...ഇന്നെന്റെ മോൾക്ക്‌ തൊട്ടാവാടി എന്തെന്നുപോലും അറിയില്ല .എത്രയെത്ര ആൾക്കാരെ കണ്ടും കുശലമന്വേഷിച്ചും സ്കൂളിൽ എത്തുമ്പോൾ ബെല്ലടിച്ചിട്ടുണ്ടാവും .മാഷിന്റെ നീളൻ സ്കെയില് എന്നും പേടി സ്വപ്നമായിരുന്നു .നീളൻ വരാന്തയിലെ ഉച്ചക്കഞ്ഞിയും കഥപറച്ചിലും എല്ലാം കുട്ടിത്തത്തിന്റെ ആനന്ദം തന്നെയായിരുന്നു .പഠിക്കുക ,എന്ന ഒരു ഉദ്ദേശം മാത്രമായിരുന്നില്ല സ്കൂളിൽ ..അവിടെ നിന്നും സ്നേഹത്തിന്റെയും സഹനത്തിന്റെയും ദാനത്തിന്റെയും ബാലപാഠങ്ങൾ പഠിച്ചും പങ്കുവെച്ചും നമ്മൾ പോലുമറിയാതെ വളർച്ചയുടെ ഓരോ ഘട്ടവും അവിടെ കഴിഞ്ഞുപോവുമ്പോൾ നമ്മളറിഞ്ഞില്ല ഈ മധുര നിമിഷങ്ങളൊന്നും തന്നെ ഇനി തിരിച്ചു കിട്ടില്ലെന്ന്‌
പഠനം കഴിഞ്ഞു വേദനയോടെ ഇറങ്ങേണ്ടി വന്നപ്പോൾ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞവർ ഇന്ന് പല നാടുകളിൽ പലവേഷങ്ങളിൽ ജീവിക്കുന്നു .ചില നിമിഷങ്ങളിലെങ്കിലും ആലോചിക്കാറുണ്ട് ഓരോരുത്തരെ ക്കുറിച്ചും .ഒരു കൂടിക്കാഴ്ച യെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട് .നഷ്ട സൗഹൃദങ്ങളെ തിരിച്ചു പിടിക്കാൻ ഇടനെഞ്ചു തുടിക്കാറുണ്ട് .ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് ഭ്രാന്തൻ ചിന്തകൾ ഒഴുകി യൊലിച്ചു പോവുമ്പോൾ ആരെയും കൂട്ടി മുട്ടിക്കുവാൻ പറ്റാത്ത അവസ്ഥയായി .
നമുക്ക് വലുതാവുമ്പോൾ ആരാവണം എന്ന ചോദ്യം കുട്ടിക്കാലത്തു ആവർത്തിക്കുമ്പോൾ ഉത്തരം പറയാനാവാതെ തലകുനിച്ചു നിന്നപ്പോൾ ടീച്ചർ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു .എന്തെങ്കിലും പറയേണ്ടേ എന്നാലോജിചിച്ചു നിൽക്കുമ്പോൾ അടുത്തിരിക്കുന്ന കുട്ടി ഉറക്കെ പറഞ്ഞു ഐ പി എസ് കാരനാവണം .അതുകേട്ട ഞാനും തള്ളി വിട്ടു ഐ എ എസ് ആവണം എന്ന് ..
പറഞ്ഞതെന്തെന്നോ അതെന്തു സംഭവമാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല .ആഗ്രഹമല്ലേ അതിപ്പോ ആവണം എന്ന് നിര്ബന്ധമൊന്നുമില്ലലോ ...ടീച്ചറുടെ നോട്ടം കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു .
എന്തായാലും ആ പറഞ്ഞ സാധനമൊന്നും എന്റെ തലേല് കേറില്ല എന്ന യാഥാർഥ്യം മനസിലായപ്പോൾ നൈസ് ആയിട്ട് ആ ആഗ്രഹം കാറ്റിൽ പറത്തി വിട്ടതായിരുന്നു .എന്നാൽ മോള് ജനിച്ചപ്പോൾ ഞാൻ ആ സ്വപ്നം മോൾടെ തലേല് വെച്ച് കൊടുത്തു .
അവളോട്‌ ഊണിലും ഉറക്കത്തിലും പറയും ,അമ്മേടെ ഐ എ എസ് കുട്ടി അമ്മേടെ ആഗ്രഹം സാധിച്ചു തരണം എന്ന് .അതു കേട്ടാൽ അവൾക്കു സന്തോഷമാ .അഞ്ചു വയസുകാരിക്ക് അത് എന്ത് എന്ന് പിടികിട്ടാത്തതു കൊണ്ടാവും അങ്ങനെ ..
അങ്ങനെ രണ്ടാമതും ഒരു മോളുണ്ടായപ്പോൾ മൂത്തയാൾ അടുത്ത് വന്നു ചോദിച്ചു ....ഇവളെ അമ്മ ആരാക്കും ?ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു ..ഇത് അമ്മേടെ രാജകുമാരിയാ ....
അതുകേട്ടപ്പോൾ അവൾ എതിർത്തൊന്നും പറഞ്ഞില്ല .
ഒരുദിവസം മോൾക്ക്‌ എഴുതാൻ ഭയങ്കര മടി .ഒരു രക്ഷയുമില്ല .അമ്മ എഴുതി തരണം എന്ന് പറഞ്ഞ ഞാനവളോട് പറഞ്ഞു ഐ എ എസ് കാരിയാവണ്ടേ .....ഇങ്ങനെ എഴുതിയാലും പഠിച്ചാലും മാത്രെ അതൊക്കെ ആവാൻ പറ്റുള്ളൂ ...
അതുകേട്ടതും അവൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ ബാല്യം പകച്ചുപോയി .
അമ്മേ .... എനിക്ക് ഐ എ എസ്കാരി ആ വേണ്ടാ .....എനിക്കും അമ്മേടെ രാജകുമാരി ആയ മതി ...... ഞാൻ അവളെ എടുത്തു മടിയിലിരുത്തി ഉമ്മ കൊടുത്തു പറഞ്ഞു ..അമ്മേടെ കുട്ടി എന്നും അമ്മേടെ രാജകുമാരി ആയ മതീന്ന് .....അതു കേട്ടതും അവൾ പാൽപ്പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിച്ചു .ആ കുഞ്ഞു മനസിലെ ഭാരവും ഇറക്കി വെച്ച് അവൾ കളിക്കാനായി ഓടിപോയപ്പോൾ ഞാൻ എന്റെ പൊട്ട തലയ്ക്കു ഒരു മേട്ടം വെച്ച് കൊടുത്തു ..പാവം എന്റെ കുട്ടി ...
Nb.കുട്ടികൾ ആരാവണം എന്ന് അവർ നിശ്ചയിക്കട്ടെ ..ഓരോ കുട്ടിയും കളിച്ചു പഠിച്ചു വളരണം .മാതാ പിതാക്കൾ അവരുടെ വളർച്ചയിലേക്കുള്ള വഴികാട്ടികളാവുക ..കുഞ്ഞു മനസിന്‌ ഭാരവും മുറിവും ഏൽപ്പിക്കാതെ നട്ടു നനച്ചു വളർത്തുക .
പ്രീതി രാജേഷ്

ബന്ധങ്ങൾ അമ്മയിൽ നിന്നുമാണ് തുടങ്ങുന്നത്

മോനെ എനിക്ക് തീരെ വയ്യ .എത്ര നാളായി ഞാൻ പറയുന്നു ഒരു പെണ്ണ് കെട്ടാൻ .എന്റെ കാലം കഴിഞ്ഞാൽ നീ ഇങ്ങനെ ഒറ്റയ്ക്ക് ...
അമ്മയുടെ പതിവ് പരാതിക്കു മറുപടി കൊടുത്തു മടുത്തു .അതോണ്ട് തന്നെ ഒന്നും പറഞ്ഞില്ല .ഏട്ടനും ഏട്ടത്തിയമ്മയും മക്കളും വീട് മാറി പോയതിൽ പിന്നെ അമ്മയ്ക്കാകെ മനപ്രയാസം .ചിക്കുമോൾടെ പാദസരം കിലുങ്ങാത്ത മുറിയിൽ ഞാനും ഉറങ്ങിയിട്ട് നാളേറെയായി .അപ്പുവിന്റെ പന്തുകൾ ഉരുളാത്ത മുറ്റം പുല്ലുകൾ കൊണ്ട് മൂടി വികൃതമായിരിക്കുന്നു .
അമ്മ പറയുന്നതിലും കാര്യമില്ലാതില്ല .എനിക്കും ഒരു കൂട്ട് വേണം .എന്നും എന്റെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് പറ്റില്ലല്ലോ .അതുമല്ല, അമ്മയെ ഒറ്റയ്ക്കിട്ടു പോകുന്നിടത്തു ഒരു സമാധാനവുമില്ല .
പോകും വഴി തന്നെ ബ്രോക്കർ മാധവേട്ടന്റെ വീട്ടിൽ കയറി .ഒരു ഡിമാൻഡും വെച്ചില്ല .കുറച്ചു കാണാൻ കൊള്ളാവുന്ന ഒരു പെണ്ണായാൽ മതി .നല്ല ജോലി എന്ന് പറയാൻ പറ്റില്ലെങ്കിലും അത്യാവശ്യം ഒരു പെണ്ണിനെ നോക്കാനുള്ള വരുമാനമൊക്കെ ഇന്ന് എനിക്കുണ്ട് .ആ വരുമാനത്തിൽ ഒതുങ്ങി നിൽക്കുന്ന ഒരു പെണ്ണ് മതി .ഏട്ടന്റെ ജീവിതം ആ തുലാസിൽ നോക്കിയാൽ മിക്കപ്പോഴും പരാജയം തന്നെ യായിരുന്നു .മഴക്കാലം വരുമ്പോൾ അവിടവിടെ ചോർന്നൊലിക്കുന്ന വീട് ,തട്ടിൻപുറത്തുന്നു എത്തിച്ചു നോക്കുന്ന എലി കുട്ടികൾ എന്ന് വേണ്ട സകലമാന പോരായ്മകളും എണ്ണിയെണ്ണി പറഞ്ഞ് ഏട്ടന്റെ കാതുകൾ പഴുത്തു തുടങ്ങിയപ്പോൾ ഞാൻ തന്നെയാ ഏട്ടനോട് പറഞ്ഞത് ഉള്ള വരുമാനം കൊണ്ട് നമുക്ക് ചെറിയൊരു വീട് പണിയാമെന്ന് .ഏട്ടനും സമ്മതിച്ചതാ .
സന്തോഷത്തോടെ ഏട്ടൻ തിടുക്കത്തിൽ ഏട്ടത്തിയമ്മയോട് അത് പറയാൻ പോയെങ്കിലും അവിടെ നിന്നും ഇറങ്ങി വന്ന ഏട്ടന്റെ മുഖത്തു ഒട്ടും തെളിച്ച മുണ്ടായിരുന്നില്ല .
ഉണ്ണി, എന്നായാലും നമുക്ക് രണ്ടു വീട് വേണം
ഇപ്പൊഴാവുമ്പോൾ ഞങ്ങൾ വീട് മാറുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല .അമ്മയെ നീ കൂടെ നിർത്തിക്കോ .
മറുത്തൊന്നും പറയാൻ ഞാൻ ശ്രെമിച്ചില്ല .കാരണം കുട്ടിക്കാലം മുതൽ ഏട്ടൻ പറഞ്ഞതെന്തും അനുസരിച്ചു മാത്രമേ ശീലമുള്ളൂ .ഒരു മാറി താമസം ഈ നിമിഷം വരെ അങ്ങനെ ഒന്ന് വിചാരിച്ചിട്ടും കൂടിയില്ല .ഏടത്തിയമ്മയുടെ കാർക്കശ്യത്തിനു മുന്നിൽ പലപ്പോഴും ക്ഷമിച്ചു നിന്നിട്ടേയുള്ളു .ഞാനും അമ്മയും അവർക്ക് അധികപ്പറ്റാണെന്നു മനസിലാക്കാൻ വൈകിപ്പോയി .
കൂടുതൽ സൗകര്യം ഉള്ള ഫ്ളാറ്റിലേക് അവർ മാറിയപ്പോൾ അമ്മയുടെ ഹൃദയം ഉരുകുന്നത് അവർ ശ്രെദ്ദിച്ചില്ല .ഏട്ടന് അമ്മയുടെ മുഖം നോക്കാൻ പോലും പറ്റിയില്ല .ഒരുപക്ഷെ ഏടത്തിയുടെ നിർബന്ധ ബുദ്ധി കൊണ്ട് മാത്രം ഒരു ഇറങ്ങിപ്പോക്കിന് നിന്നു കൊടുത്തതാവും ആ പാവം .അവർ പോയതിൽ പിന്നെ തട്ടിൻപുറത്തെ എലികുഞ്ഞുങ്ങൾ സ്വാതന്ത്രത്തോടെ ചാടി കളിക്കുന്നതും നോക്കി ഞാനും നെടുവീർപ്പിട്ടു .
ഉടനെയൊന്നും നല്ലൊരു വീട് ഒറ്റയ്ക്ക് പണിയാൻ എന്നെകൊണ്ട് പറ്റില്ല .അതോണ്ട് ഈ വീട്ടിൽ എന്റെ അമ്മയേം നോക്കി ഇരിക്കുന്ന ഒരു പെണ്ണ് മതിയായിരുന്നു .അതിനെങ്ങനെയാ പ്ലാവിലിരിക്കുന്ന ചക്ക കണ്ടാൽ അറിയില്ലല്ലോ ചുള എങ്ങനെയാ ന്ന് .
ആദ്യത്തെ പെണ്ണ് കാണാൻ പോയപ്പോൾ തന്നെ എനിക്ക് മതിയായി .അവിടെ യുള്ള ഓരോരുത്തരും എന്തൊക്കെ ചോദ്യങ്ങളാ ..അമ്മയ്ക്ക് വയസായി ന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ചുളിഞ്ഞത് ഞാൻ ശ്രെദ്ദിച്ചു .എല്ലാർക്കും ചുരിദാറും ലിപ്സ്റ്റിക്കും ഇട്ടുനടക്കുന്ന അമ്മയുണ്ടാവില്ലല്ലോ ..എന്റെ അമ്മ ഇങ്ങനെയാ .വയസ്സായി ന്ന് വിചാരിച്ചു ഉപേക്ഷിക്കാനൊന്നും പറ്റില്ല .അവിടന്ന് ഇറങ്ങുമ്പോൾ തന്നെ വിചാരിച്ചതാ ഇത് ശെരിയാവില്ലന്ന് .തെറ്റിയില്ല വീടെത്തുന്നതിനും മുൻപേ അവർ വിളിച്ചു ശെരിയാവില്ലെന്നു പറഞ്ഞ് .മാധവേട്ടൻ പിന്നേം പിന്നേം കുറെ പേരെ കാണിച്ചു തന്നു .ആരെയും തൃപ്തി പെടുത്താൻ ഒന്നുമില്ലാത്തവനായതോണ്ട് അവസാനം ഞാൻ പോക്ക് നിർത്തി .
അമ്മയുടെ വിഷമം നാളുകൾ പോകേ കൂടി കൂടി വന്നു .ഏട്ടനോടും ഏട്ടത്തിയോടും ഇവിടെ വന്ന് രണ്ടിസം നിൽക്കാൻ പറഞ്ഞിട്ടും വന്നില്ല .ഓണത്തിനെങ്കിലും വരുമെന്ന് വിചാരിച്ചു അമ്മ ഇലയിട്ട് കാത്തിരുന്നു .ഉമ്മറപ്പടിയിൽ ഞാനും വെറുതെ കാത്തിരുന്നു വരില്ലെന്നറിഞ്ഞിട്ടും .
ഒരുദിവസം പണി മാറ്റി വന്നപ്പോൾ അമ്മ കട്ടിലിൽ കിടക്കുന്നു .ഞാൻ നോക്കിയപ്പോൾ നല്ല പനി .ശ്വാസം മുട്ട് നേരത്തേയുള്ളതോണ്ട് അത് കാര്യമാക്കിയില്ല .ഒന്നും നോക്കിയില്ല ഗോപിയേട്ടന്റെ ഓട്ടോയും വിളിച്ചു ഹോസ്പിറ്റലിലേക്ക് പോയി .രാത്രി ആയതോണ്ട് ഡ്യൂട്ടി ഡോക്ടർ മാത്രേയുള്ളു .എന്തായാലും രണ്ടു ദിവസം കിടത്താൻ പറഞ്ഞു .ഞാനും വിചാരിച്ചു കിടത്തിക്കോട്ടെയെന്നു .ഏട്ടനെ വിളിച്ചു പറഞ്ഞപ്പോൾ രാവിലെ വരാമെന്നു പറഞ്ഞിട്ടുണ്ട് .കഞ്ഞിയുമായി ഞാൻ വന്നപ്പോഴേക്കും സിസ്റ്റർ അമ്മയെ എഴുന്നേൽപ്പിച്ചിരിക്കുന്നു .പരിഭവം പറയാത്ത അമ്മയുടെ മുഖം ക്ഷീണം കൊണ്ട് ചെറുതായിപ്പോയി ..അമ്മയുടെ വായിൽ കഞ്ഞിയൊഴിച്ചു കൊടുക്കുന്നത് കണ്ടിട്ടാവും സിസ്റ്റർ ചോദിച്ചു വീട്ടിൽ പെണ്ണുങ്ങളാരും ഇല്ലേയെന്ന് .ഇല്ല എന്ന എന്റെ മറുപടിക്കു ശേഷം സിസ്റ്റർ അമ്മയെ പ്രേത്യേക അനുകമ്പയോടെ യാണ് ശുശ്രുഷിക്കുന്നത് .അമ്മേ എന്ന് വിളിച്ചു കൊണ്ട് ,കുശലം അന്വേഷിക്കുകയും ,പാറി പറന്നു കിടന്നിരുന്ന മുടി ചീകി ഒതുക്കി കൊടുക്കുകയുമൊക്കെ ചെയ്തു .പെണ്മക്കളില്ലാത്ത അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
രാവിലെ ഡോക്ടർ വന്ന് നോക്കി കുഴപ്പമില്ല എന്നാലും നാളെ പോയാൽ മതീന്നു പറഞ്ഞു .ഏട്ടൻ ഒരു രോഗിയെ കാണാൻ വരുന്ന അതേ നാട്ട്യത്തിൽ ആപ്പിളും മുന്തിരിയുമൊക്കെയായി സ്വന്തം അമ്മയെ കാണാൻ വന്നിരിക്കുന്നു .ഏടത്തിയും മക്കളും പിന്നിലുണ്ടെന്ന ഉറപ്പിൽ അമ്മയുടെ കണ്ണുകൾ തിരഞ്ഞു .ഏട്ടനെ കണ്ടതോടെ അമ്മയുടെ മുഖം പ്രകാശിച്ചു .എങ്കിലും അവരേം കൂടി കൂട്ടായിരുന്നില്ലേ മോനെ ....അമ്മ പരിഭവം പറഞ്ഞു .ഏട്ടത്തിയമ്മ ഇല്ലാത്തോണ്ടാവാം അമ്മയുടെ അടുത്ത് കുറെ നേരം ഏട്ടൻ ഇരുന്നു .അവർ സംസാരിക്കുന്നതിന്റെ ഇടയിൽ കേറി ഒന്നും പറയാതെ ഞാൻ ഏട്ടൻ കൊണ്ടുവന്ന ആപ്പിളിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു ..
ഏട്ടന് നല്ല ക്ഷീണമുണ്ട് .മുടിയൊക്കെ അവിടെവിടെ നരകയറിയിട്ടുണ്ട്.നേരിൽ കണ്ടിട്ടും പറയാൻ വാക്കുകൾ ഇല്ലാത്ത പോലെ അകന്നു പോയിരിക്കുന്നു ഞങ്ങൾ തമ്മിൽ .
ഏട്ടൻ യാത്ര പറഞ്ഞ് പോയപ്പോൾ അമ്മ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു .സിസ്റ്റർ വന്നപ്പോൾ അമ്മയെ വിളിച്ചുണർത്തി മരുന്നുകൊടുത്തു .
ഞാൻ മുറിയിൽ നിന്നു മിറങ്ങി വരാന്തയിൽ പോയി ഇരുന്നു .തിരക്കൊഴിഞ്ഞ നഗരം പ്രകാശത്തിൽ കുളിച്ചിരിക്കുന്നു .ജീവിതം ഒറ്റപ്പെടലിന്റെ വക്കിൽ .
അമ്മ ഉറങ്ങിയിട്ടും ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു .
ഹോസ്പിറ്റൽ നിന്നും അമ്മ ആരോഗ്യത്തോടെ എന്ന് പറയാൻ പറ്റില്ലെങ്കിലും പനി മാറി ചിരിച്ച മുഖവുമായി തിരിച്ചു വന്നു. ഏട്ടനെ നാളുകൾക്കു ശേഷം കണ്ട സന്തോഷവുമുണ്ട് മനസുനിറയെ .ഇനിയും അമ്മയെ ഒറ്റയ്ക്ക് കഷ്ടപെടുത്തുന്നതിൽ വിഷമമുണ്ട് .
മാധവേട്ടനെ ഒന്നൂടി പോയി കാണണം എന്ന് വിചാരിച്ചിരിക്കുമ്പോൾ അതാ വരുന്നു ആൾ .
അമ്മയ്ക്കെങ്ങനെയുണ്ട് മോനെ ...
ഇപ്പൊ കുഴപ്പമില്ല മാധവേട്ടാ .
മാധവേട്ടൻ തുടർന്നു ..നമുക്ക് പറ്റിയ തരത്തിലുള്ള ഒരു കൊച്ചുണ്ട് അതിനെ നാളെ യൊന്നു പോയി കാണാം .
കണ്ടു വരുമ്പോൾ മിക്കപ്പോഴും നിരാശയാണ് ഫലം . എന്നാലും വേണ്ടിയില്ല സമ്മതിച്ചു ,
പോവാമെന്ന് .
അമ്മയ്ക്ക് വേണ്ടി വീണ്ടും ആ കുപ്പായം എടുത്തിട്ടു .
കയറി ചെന്നത് ഒരു ചെറിയ ഓടുപുരയിലേക്കാ .
എന്നത്തേയും പോലെ ഒന്നും മിണ്ടാതെ മാധവേട്ടന്റെ പിന്നാലെ കസേരയിൽ പോയിരുന്നു .
പെണ്ണിനെ കാണുന്നതിന് മുൻപേ അവളുടെ അച്ഛൻ അവരുടെ കാര്യങ്ങൾ മിക്കതും പറഞ്ഞു .അമ്മയില്ലാത്ത കുട്ടിയാന്നും പൊന്നും പണമൊന്നും തരാനില്ലാത്ത ഒരു പാവപ്പെട്ട അച്ഛന്റെ മോളാണെന്നും ഇപ്പോ ഒരു നേഴ്‌സാണെന്നുമൊക്കെ .ആ പറഞ്ഞതൊക്കെ കേട്ടിട്ടും ഞാൻ ഒന്നും മറുപടിനൽകിയില്ല .ചായയുമായി കടന്നു വന്ന അവളുടെ മുഖം പോലും നോക്കിയില്ല .രണ്ടാൾക്കും സംസാരിക്കാനുള്ള അവസരത്തിലാണ് ഞാൻ അവളുടെ മുഖം കണ്ടത് .അമ്മ ഹോസ്പിറ്റലിൽ ഉണ്ടാവുമ്പോൾ പരിചരിക്കാറുള്ള അതേ നേഴ്സ് .പരസ്പരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല .ഞങ്ങൾടെ നിശബ്ദയ്ക്ക് ഇടയിൽ മാധവേട്ടൻ വന്നു ചോദിച്ചു
കുട്ടിയെ ഇഷ്ടായോ ന്ന്
എന്റെ മുഖത്തു പുഞ്ചിരി വിരിയുന്നതിനു മുൻപേ അവൾ ചിരിച്ചു കൊണ്ട് അകത്തേക്കോടി ..ഞാനും ഉറപ്പിച്ചു ദൈവത്തിന്റെ ഈ മാലാഖ ഇനി മുതൽ എനിക്കും എന്റെ അമ്മയ്ക്കും താങ്ങായും തണലായുംഎന്റെ കൂടെ ഉണ്ടാവണമെന്ന്
Nb.ബന്ധങ്ങൾ അമ്മയിൽ നിന്നുമാണ് തുടങ്ങുന്നത് .തുടക്കം മുതൽ ഒടുക്കം വരെ ആ സ്നേഹം അനുഭവിക്കുക .കൂടെ നിർത്തുക ,ചേർത്തു നിർത്തുക ...കണ്ണു നനയിക്കാതെ ...
പ്രീതി രാജേഷ്

ഒരു രൂപ തുട്ടുകൾ ................


ഒരു രൂപ തുട്ടുകൾ ചിതറി കിടക്കുന്നത് കണ്ട അവൻ ഗീതുവിനെ ഉച്ചത്തിൽ വിളിച്ചു ...ഡീീ ഇതെന്താ ഈ കാട്ടിയിരിക്കുന്നത് ..ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ ചുവന്നു ..എന്ത് പറ്റി അനുവേട്ടാ ..വീണ്ടും അവൻ നിലത്തു ചിതറിയ തുട്ടിലേക്ക് വിരലുചൂണ്ടി .ഒരു കൂസലുമില്ലാതെ അവൾ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ കരണത്ത് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി
മോൻ ആ കുടുക്ക വേണം ന്നു പറഞ്ഞപ്പോൾ എടുത്തു കൊടുത്തതാ ...അതിനെന്തിനാ ഇത്രേം ദേഷ്യം ?അവൾക്കതു നിസാരം .
കുട്ടിക്കാലത്തു അച്ചാച്ചൻ തരുന്ന തുട്ടുകൾക് താൻ എത്ര മാത്രം വില കല്പിച്ചിരുന്നുന്നു ഇവൾക്കറിയില്ലല്ലോ .എന്നാൽ അതൊന്നു പെറുക്കി കൂട്ടുവാൻ നിൽക്കാതെ അവൾ പുറംതിരിഞ്ഞു പോയപ്പോൾ ഉള്ളിലുള്ള രോഷം അടിയുടെ രൂപത്തിൽ അവളുടെ കവിളിൽ പതിയുക തന്നെ ചെയ്തു
രണ്ടുദിവസായിട്ട് അതിന്റെ മുഖം വീർപ്പിക്കൽ മുറപോലെ നടക്കുന്നുണ്ട് .ചെറിയ കാര്യം മതി അവൾക്കു മുഖം വീർപ്പിക്കാൻ .എന്നാലും ആ അടി വേണ്ടായിരുന്നു .പറ്റിപ്പോയി ഇനി പറഞ്ഞിട്ടു കാര്യമില്ല .
കുട്ടിക്കാലത്തു അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മയും ഞാനും പെങ്ങളും അമ്മാവന് ഒരു സോയ്ര്യക്കേട് തന്നെയായിരുന്നു .അടുക്കള പുറത്തു ആരും തിരിഞ്ഞു നോക്കാത്ത എന്റെ അമ്മയുടെ നിശബ്ദ തേങ്ങൽ പലപ്പോഴും ആ പുക ചുവരുകളിൽ ദ്രവിച്ചോഴുകിയപ്പോഴും കുത്തു വാക്കുകൾ കൊണ്ട് അമ്മയെ മുടങ്ങാതെ ഊട്ടുന്ന അമ്മായിയുടെ അലർച്ച കേട്ടാണ് ഞാൻ ഉണരാറുള്ളത് .ഉണ്ടതിനും ഉടുത്തതിനും കണക്കെണ്ണി പറയുമ്പോൾ തൊണ്ടയിൽ നിന്നും ഇറങ്ങാതെ കണ്ണു നിറയിച്ചിരുന്ന എന്റെ അമ്മയുടെ ഹത ഭാഗ്യവാനായിരുന്ന മകനാവേണ്ടി വന്നതിൽ ഓരോ രാത്രിയും ഞാനും ആരും കാണാതെ കരഞ്ഞിരുന്നു .
ആരും കാണാതെ അച്ചാച്ചൻ നീട്ടിത്തരുന്ന നാണയ തുട്ടുകൾ ചേർത്തുവെച്ചു ഒരു ബാലരമ വാങ്ങിച്ചപ്പോൾ അപ്പുറത്ത് നിന്ന് അമ്മായി പറയുന്നത് കേട്ടു ചെക്കൻ മോഷണവും തുടങ്ങീന്ന് ..അതിന്റെ ശിക്ഷയായിട്ടാവും എന്നും രാവിലെ അച്ചാച്ചന്റെ മുതലാളിയുടെ വീട്ടിലെ തോട്ടം നനയ്ക്കേണ്ട പണി അമ്മാവൻ എന്നിലേക്കടിച്ചേൽപ്പിച്ചു .നേരം പുലരുന്നതിനു മുന്നെ ഉണർന്നു പോവുമ്പോൾ അമ്മയുടെ കണ്ണിലെ നിസ്സഹായതയൊന്നും ഞാൻ ശ്രെദ്ദിച്ചില്ല
തോട്ടം നനച്ചെത്തിയ എന്റെ മുന്നിലേക്ക് പഴഞ്ചോറ് വെച്ച് തരുമ്പോൾ അപ്പുറത്തിരുന്ന് അമ്മാവന്റെ മകൻ ഇഡ്ഡലിയും സാമ്പാറും കൂട്ടി കുഴച്ചു തിന്നുമ്പോൾ അറിയാതെ യാണേലും നാവിൽ വെള്ളമൂറാതിരിക്കില്ല .എങ്കിലും അമ്മയുടെ സങ്കടം കാണാൻ വയ്യാത്തോണ്ട് സന്തോഷത്തോടെ മുഴുവൻ കഴിച്ചെണീക്കും .അനിയത്തികുട്ടിയുടെ കയ്യും പിടിച്ചു സ്കൂളിൽ പോവുമ്പോൾ അമ്മയുടെ നോട്ടത്തിൽ ഞാനും ഒരു പ്രതീക്ഷ കണ്ടു .പഠിച്ചു ജയിച്ചു കാണിക്കണം എന്ന ഉറച്ച വിശ്വാസം അവിടെ മുളപൊട്ടി .പിന്നീട് രാത്രിയും പകലും പുസ്തകങ്ങൾ മാത്രമായി കൂട്ട് .
ഓണവും വിഷുവും മാറി മാറി വരുമ്പോൾ ഞങ്ങൾക്കുള്ളതും കൂടി തികയാതെ വരുമ്പോൾ അമ്മായിയുടെ പരിഭവങ്ങൾ പഴുത്തു തുടങ്ങുമ്പോൾ തോട്ടം മുതലാളിയുടെ ഇടിഞ്ഞു പൊളിയാറായ വീട്ടിലേക്ക് അച്ചാച്ചൻ ഞങ്ങളെ പറിച്ചു നട്ടു .ഒരു ബൾബ് മാത്രം കത്തുന്ന ആ വീട്ടിൽ എന്റെ സ്വാതന്ത്രത്തിന്റെ ചിറകുകൾ പുലരുവോളം വായിക്കുവാൻ എനിക്ക് കൂട്ടായി .നേരം വൈകി കത്തുന്ന ആ ഒറ്റ ബൾബ് കെടുത്തുവാൻ ആരും വന്നില്ല .
അച്ചാച്ചൻ വാങ്ങിച്ചു കൊണ്ട് വന്ന റേഷനരിക്കു പോലും എന്തെന്നില്ലാത്ത രുചി അറിഞ്ഞ നിമിശങ്ങൾ .അടുക്കളപ്പുറത് കരയാത്ത അമ്മയും മുറ്റത്തെ പിച്ചി മുല്ലയിൽ സ്വപ്നം കോർക്കുന്ന അനിയത്തിയുമൊക്കെ എനിക്ക് കൂടുതൽ പ്രതീക്ഷകൾ നൽകി ..
എല്ലാ പരീക്ഷയിലും ക്ലാസ്സിൽ ഫസ്റ്റാവുമ്പോൾ അമ്മയുടെ കണ്ണു നിറയും .അന്ന് ഞാൻ പറഞ്ഞു ഈ കണ്ണുകൾ ഇനി നിറയരുതെന്ന് .ഇംഗ്ലീഷ് വശമില്ലാതിരുന്ന എന്റെ മുന്നിലേക്ക് അച്ചാച്ചൻ നീട്ടി തന്നിരുന്ന ഓരോ തുട്ടുകളും ചേർത്ത് വെച്ച് ആഴ്ചയിൽ ഒരു ഇംഗ്ലീഷ് പത്രം വാങ്ങി ഒരൊറ്റ അക്ഷരം പോലും തുപ്പി കളയാതെ അരച്ച് കലക്കി അകത്താക്കിയപ്പോൾ എന്റെ ഉള്ളിലും ആത്മവിശ്വാസം എന്തെന്നറിഞ്ഞു
കോളേജിൽ ചേർന്നപ്പോൾ അക്കേശ്വ മരങ്ങൾക്കിടയിൽ ഇരുന്ന് കവിത എഴുതി കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് ഒരുവൾ വന്ന് പ്രണയം തുറന്നു പറഞ്ഞപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല .പ്രണയത്തിന്റെ വികാരങ്ങൾക്കും അപ്പുറമുള്ള എന്റെ ജീവിതത്തിന്റെ കുറവുകൾ അറിയാവുന്നതു കൊണ്ടാവും ചിലപ്പോൾ അങ്ങനെ .കോളേജില്ലാത്ത ദിവസങ്ങളിൽ കൂലിപ്പണിക്കാരന്റെ വേഷവും എനിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു .കോളേജിൽ നിന്നും ഇറങ്ങുമ്പോൾ പ്രണയത്തിന്റെ പേരിൽ വീട്ടിൽ തിരഞ്ഞെത്തിയ അവൾക്കു എന്റേതല്ലാത്ത ഇടിഞ്ഞുപൊളിയാറായ വീട് കണ്ടപ്പോൾ തന്നെ മനസിലായി എല്ലാം .പിന്നെ അവൾ വീണ്ടും ഒരിക്കൽ കൂടി അവിടേക്ക് വന്നു കയ്യിൽ കല്യാണാ ക്ഷണക്കത്തുമായി .എന്റെ പ്രയത്നം കൊണ്ട് ട്യൂഷൻ എടുത്തും മറ്റു അല്ലറ ചില്ലറ പണിയെടുത്തും അങ്ങനെ പി ജി കംപ്ലീറ്റ് ചെയ്തു .അതോടെ തരക്കേടില്ലാത്ത ഒരു കോളേജിൽ അമ്മാവന്റെ കാരുണ്യം കൊണ്ട് ഒരു ജോലിയും ഒത്തു .എന്നിട്ടും അച്ചാച്ചൻ പതിവ് തെറ്റാതെ നാണയ തുട്ടുകൾ തന്നിരുന്നു .എല്ലാം കൂടി കുടുക്ക നിറയുന്നതിനു മുന്നെ അച്ചാച്ചൻ പോയി .ആ കുടുക്കയാണ് മോന് ഗീതു കളിക്കാൻ കൊടുത്തത് .
ഗീതുവിന്റെ മുഖം വീർപ്പിക്കൽ അമ്മ ശ്രെദ്ദിക്കാത്തതു ഭാഗ്യം .ചെറിയ കാര്യം മതി അമ്മ ഇന്നും വേദനിക്കും .ജോലിയിൽ കേറി മെല്ലെ കരകയറി തുടങ്ങുമ്പോഴേക്കും ആയിരുന്നു പെങ്ങളുടെ കല്യാണം .അതും കഴിഞ്ഞു എനിക്കും സ്വന്തമായി ഒരു വീടും ആയപ്പോഴേക്കും വയസ് മുപ്പത്തിരണ്ട് .പിന്നെ പെണ്ണന്വേഷിച്ചു നടപ്പായി .ഏജ് ഓവറാ പറഞ്ഞ് ഓരോരുത്തരും തള്ളിക്കളഞ്ഞു .അവസാനം ഗീതുവിനെ കാണാൻ പോകുമ്പോഴും പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല .കണ്ടു ,സംസാരിച്ചു ....ഇഷ്ടമായോ ചോദിച്ചപ്പോൾ ഇഷ്ടപെട്ടുന്നും പറഞ്ഞു .ഒന്നും മറച്ചു വെക്കരുതെന്ന് നിർബന്ധമുള്ളതോണ്ട് വയസും പറഞ്ഞു .അവൾക്കു ഇരുപത്തി നാലു വയസ് .എന്റെ വയസു കേട്ടപ്പോൾ അവളുടെ മുഖം താഴുന്നത് കണ്ടപ്പോൾ ഞാൻ പിന്തിരിഞ്ഞു നടന്നു .
അതെ ....ഒന്നവിടെ നിന്നെ ..എന്നാലും എനിക്കിഷ്ടായിട്ടോ ..അല്ലെങ്കിലും കഞ്ഞീം കറീം വെച്ച് കളിക്കാനല്ലലോ കല്യാണം കഴിക്കുന്നത് ...അതു പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയപ്പോൾ ഞാനും നിശ്ചയിച്ചു ഇവൾ തന്നെ മതിയെന്ന് .
ഇത്രേം തിരിച്ചറിവുള്ള ഒരു പെണ്ണിന് ആ നാണയ തുട്ടുകളെ അറിയില്ലലോ ..മോനേം കയ്യിലെടുത്തു ഗീതുവിന്റെ അടുത്തേക്ക് പോയി ഒരു ക്ഷമാപണം തന്നെ നടത്തി ...അവളുടെ മനസ്സിൽ ദേഷ്യമൊന്നുമില്ല .എങ്കിലും ഞാൻ അവളോട്‌ പറഞ്ഞു വന്ന വഴി നമ്മൾ മറക്കരുതെന്നും ഓരോ ചില്ലറ പൈസയും വലിയ സമ്പാദ്യത്തിന്റെ തുടക്കമാണെന്നൊക്കെ ....അവളുടെ ദേഷ്യം മാറി ...ഇത്രേയുള്ളൂ എന്റെ ഗീതു .ഇതൊക്കെ കേട്ടിട്ട് അമ്മയും ചിരിച്ചു .വീണ്ടും ദേ മോൻ ആ കുടുക്കയ്ക് വേണ്ടി കരയുന്നു .എന്നെ ഒരു നോട്ടവും നോക്കി അവൾ അതെടുത്തു അലമാരയ്ക്കുള്ളിൽ വെച്ചപ്പോൾ അവളിലും ഞാൻ കണ്ടു എന്റെ വിജയത്തിന്റെ പ്രകാശം .
പ്രീതി രാജേഷ്

അമ്മേ എന്റെ ഷൂ എവട്യാ ...

അമ്മേ എന്റെ ഷൂ എവട്യാ ...
അവിടെ എവിടേലും കാണും ..ഒരു സാധനം തെരഞ്ഞെടുക്കാൻ പറ്റില്ല .
എന്തിനാടി നീ കൊച്ചിനോട് വെറുതെ ചൂടാവുന്നേ ..എന്നും നീ തന്നെയല്ലിത് എടുത്തു കൊടുക്കാറുള്ളത് ..
എന്നാൽ ഇന്നൊന്നു അച്ഛൻ എടുത്തുകൊടുത്താൽ ആകാശം ഇടിഞ്ഞൊന്നും പോവില്ല ..
മോളെ അമ്മ കലിപ്പിലാണല്ലോ ..
കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ വേഗം കുളിമുറിയിലോട്ടു കേറി ..
പതിവിലും നേരത്തെ എണീറ്റതാ ...എന്നിട്ടും നേരം വൈകി ..
വേഗം കുളിച്ചു വന്നിട്ട് മഞ്ഞയിൽ ചുവന്ന പൂക്കളുള്ള സാരി എടുത്തു ചുറ്റി ...
കണ്ണാടിയിൽ പലവട്ടം നോക്കി ..
അയ്യോ മോൾടെ ബസ് വന്നോ ...അവൾ ഉമ്മറത്തേക്കോടി ...
അവളെ ഞാൻ കേറ്റിവിട്ടിട്ടുണ്ട്
ലക്ഷ്മിക്കെന്തു പറ്റി ...
ഏയ് ഒന്നുമില്ല ശ്രീയേട്ടാ ..ഓഫീസിലെ ഓരോ കാര്യങ്ങൾ ഓർത്ത് ....വാക്കുകൾ പൂർത്തിയാക്കാനൊന്നും നേരമില്ല അവൾ വീണ്ടും ഓടി കണ്ണാടിയുടെ മുൻപിലേക്ക് ..
ശ്രീയേട്ടാ ഞാൻ പോകുന്നു ...കാപ്പി എടുത്തുവെച്ചിട്ടുണ്ട് ...ഇനി അത് കുടിച്ചിട്ട് മതി പാർട്ടിയും സംഘടനയുമൊക്കെ ...
ഇല്ല ഇന്ന് ഒരു തിരക്കുമില്ല ..പറ്റിയാൽ നേരത്തെ ഇറങ്ങു ...നമുക്ക് വൈകിട്ട് മോളേം കൊണ്ട് കറങ്ങാൻ പോവാം
മം ഇന്ന് നടന്നതെന്നെ ...ഇന്ന് ഓഫീസിൽ തിരക്കാ ...ഇന്നൊന്നും പറ്റില്ല ശ്രീയേട്ടാ ..
കപ്പിൽ പകുതി ചായയും ബാക്കി വെച്ച് അവൾ ഇറങ്ങി ...
ഇന്ന് അവൾ അവളുടെ കളിക്കൂട്ടുകാരനെ കാണാൻ പോവാണ് ..നീണ്ട 22വർഷങ്ങൾക്കു ശേഷം ..
ലച്ചു ....ഞാൻ വലുതായാൽ നിന്നേ കെട്ടുള്ളു ..
ഓ പിന്നെ എനിക്കൊന്നും വേണ്ട നിന്നെ ..
എന്നെ കെട്ടാൻ രാജകുമാരൻ വരും
അത് കേട്ടതും ഹരികുട്ടന്റെ കണ്ണു നിറഞ്ഞുട്ടോ ...
അയ്യേ ഹരിയേട്ടന് എന്നെ അത്രയ്ക്കും ഇഷ്ടാ ...
അതിനു മറുപടിയൊന്നും അവൻ പറഞ്ഞില്ല
എന്റെ മുടി വലുതായാൽ എന്റെ കല്യാണാ ഹരിയേട്ടാ ...
ഈ പൊട്ടിപെണ്ണിത് എന്താ പറയുന്നേ
സത്യായിട്ടും ....വടക്കേലെ കാഞ്ചന ചേച്ചിടെ കല്യാണല്ലേ ശനിയാഴ്ച ...ചേച്ചിടെ മുടി വലുതായി അതാ ...പിന്നെ മാളൂന്റെചേച്ചീടേം കല്യാണം കഴിഞ്ഞില്ലേ ...അപ്പോ മാളു പറഞ്ഞതാ മുടി വലുതായാൽ കല്യാണവുംന്നു ...
ഓഹ് ശെരിയേ ...സമ്മതിച്ചു
അപ്പൊ ഉറപ്പായും ഞാൻ വരുട്ടോ നിന്നെ കെട്ടാൻ ...ഹരികുട്ടന്റെ കയ്യും വിട്ടു അവളോടി ...
ലച്ചു നാളെ നേരത്തെ വരണേ ട്ടോ ...
ബസ് വന്നു നിന്നതറിഞ്ഞില്ല ...ചേച്ചി കേറുന്നില്ലേ ...കിളി ഉറക്കെ വിളിച്ചു ചോദിച്ചപ്പോൾ അവൾ ചുറ്റിനും നോക്കി ..
ആരും കണ്ടിട്ടില്ല ..ഭാഗ്യം ഓരോന്നോർത് നിന്നുപോയതാ ..
ബസിലെ ജനലരികിൽ ഇരിപ്പിടമുറപ്പിച്ചതോടെ ചെറിയ ചാറ്റൽ മഴ.അവളുടെ കവിളിൽ തലോടി ...
മഴ നനയാൻ പണ്ടേ ഹരിയേട്ടന് ഇഷ്ടായിരുന്നു ...എന്റെ കുഞ്ഞി കയ്യും പിടിച്ചു മഴ നനഞ്ഞു പനിപിടിച്ചു കിടന്നിട്ടുണ്ട് പാവം ..
അപ്പോഴും പരാതിയില്ലായിരുന്നു ...നിന്റെ ഓർമയിൽ പനിച്ചു കിടക്കാൻ നല്ല രസായിരുന്നു ...കള്ള ചിരിയോടെ പറയും .
സ്കൂൾ വിട്ടു വരുമ്പോൾ മൂവാണ്ടൻ മാവിന്റെ ചോടെ കുറെ നേരം ഇരുന്നു കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നു ഹരിയേട്ടൻ ..
പാവായിരുന്നു അവന്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചതിനു ശേഷം മാമൻ മാരുടെ കൂടെയാ ...
എന്നാലും എന്നെ കണ്ടാൽ മതി ആ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം കാണാം
ഒരീസം ഞാനും വാക്ക് കൊടുത്തു വലുതായാൽ എന്നെ കെട്ടിയാൽ മതീന്ന് ...
അങ്ങനെയിരിക്കെയാണ് ഹരിയേട്ടന്റെ അമ്മേ കല്യാണം കഴിക്കാൻ തിരുവനന്തപുരത്തുന്നു ഒരാൾ വരുന്നത് ..
ഹരിയേട്ടന്റെ അമ്മ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഹരിയേം കൂടി നോക്കിക്കോളാമെന്നു പറഞ്ഞപ്പോൾ മനസില്ല മനസോടെ സമ്മതിച്ചു ..
കലങ്ങിയ കണ്ണുകളുമായി ഹരിയേട്ടൻ അന്ന് വന്നിരുന്നത് ഇന്നും മറക്കാൻ പറ്റുന്നില്ല ..
ലച്ചു ഞാൻ പോവ്വാട്ടോ ...
ഞാൻ വിഷമത്തോടെ ചോദിച്ചു അപ്പോ എന്നെ കല്യാണം കഴിക്കേണ്ടേ ...
അതിനുത്തരമായി ഒരു ചുംബനം തന്നിട്ട് ഓടിപ്പോയ ആളാ ...ഹരിയേട്ടനേം ഓർത്ത് പല രാത്രിയിലും കരഞ്ഞിട്ടുണ്ട് ഞാൻ ...എന്നെങ്കിലും വരുമായിരിക്കും .പിന്നെ കണ്ടിട്ടേയില്ല ..
ബാല്യത്തിന്റെ കുറുമ്പുകളൊക്കെ അവിടെ തന്നെ മറന്നുപോയി ...ഇടയ്ക് വല്ലപ്പോഴും അതോർത്തിരിക്കും അത്രതന്നെ
അതിന്റെ ഇടയില എഫ് ബി യിൽ തന്റെ കളിക്കൂട്ടുകാരനെ വീണ്ടും കണ്ടെത്താൻ കഴിഞ്ഞത് ...അവനിപ്പോ കല്യാണമൊക്കെ കഴിച്ചുട്ടോ ..ഒരു തമിഴത്തിയെ ...
പറഞ്ഞു പറഞ്ഞ് ഞങ്ങൾ ആ പഴയ സൗഹൃദത്തെ ഒന്ന് നേരിൽ കാണാൻ തീരുമാനിച്ചു ...അങ്ങനെ ഒരുങ്ങി പുറപ്പെട്ടതാട്ടോ ..ഇതാ വിളിക്കുന്നു ശ്രീയേട്ടൻ ..
ലക്ഷ്മി നീ എവട്യ ഒന്ന് ജനറൽ ഹോസ്പിറ്റലിലേക് ഉടനെ വരണം .അത്യാവശ്യമായി o- ബ്ലഡ് വേണം ...നീ ഉടനെ വരണം
എന്താ പറയേണ്ടെന്നറിയാതെ ലക്ഷ്മി കുറെ തവണ ഹരിയെ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല ..
ഒടുവിൽ അവൾ ജനറൽ ഹോസ്പിറ്റലിലേക് പുറപ്പെട്ടു
ബ്ലെടും കൊടുത്തു അവൾ ഒന്നും മിണ്ടാതെ വീട്ടിലേക്കു പുറപ്പെട്ടു ..
ഹരിയുടെ നമ്പറിൽ വീണ്ടും വീണ്ടും വിളിച്ചെങ്കിലും എടുക്കുന്നില്ല
മഞ്ഞ സാരിയിലെ ചുവന്ന പൂക്കൾ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി ...
അമ്മേ ഈ പാട്ടൊന്നു പഠിപ്പിച്ചു തരുവോ ..മോള് വന്ന് കെഞ്ചി ..
മോളേനേം മടിയിലിരുത്തി പുസ്തകത്തിലെ പാട്ടു പാടികൊടുത്തു ..
അപ്പോഴേക്കും ശ്രീയേട്ടൻ വന്നു
എന്താ ശ്രീയേട്ടാ ,വൈകിയേ
ഓഹ് ഒന്നും പറയേണ്ടാ നീ ഇന്ന് ബ്ലഡ് കൊടുത്തില്ലേ ...അവൻ മരിച്ചു
ആക്‌സിഡന്റ് ആയിരുന്നു ...
കുറച്ചു ദിവസങ്ങൾ ഹരിയെ വിളിച്ചു നോക്കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല
എഫ് ബിയിൽ പൊടിപോലും കാണാനില്ല
ലക്ഷ്മി പതിയെ പതിയെ അതു മറന്നു തുടങ്ങിയിരിക്കുന്നു ..
ഓർമമുറ്റത്തെ ആ ബാല്യം നൽകിയ സ്നേഹവും ചുംബനവും ഇപ്പോഴും ഹൃദയത്തിന്റെ ഒരു കോണിൽ ആരും അറിയാതെ പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ടവൾ .
ഇന്നും അവളറിഞ്ഞില്ല ...അന്ന് തന്റെ രക്തവും ഹൃദയത്തിലേറ്റുവാങ്ങി അവളുടെ ഹരി ഈ ലോകത്തോട് വിടപറഞ്ഞത് ...
മഞ്ഞ സാരി ആരെയോ പ്രതീക്ഷിച്ചു ഇപ്പോഴും അലമാരയ്ക്കുള്ളിൽ പൂക്കൾ വിടർത്തി സുന്ദരിയായ് നിൽക്കുന്നു ...
പ്രീതി രാജേഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo