Slider

അമ്മേ എന്റെ ഷൂ എവട്യാ ...

0
അമ്മേ എന്റെ ഷൂ എവട്യാ ...
അവിടെ എവിടേലും കാണും ..ഒരു സാധനം തെരഞ്ഞെടുക്കാൻ പറ്റില്ല .
എന്തിനാടി നീ കൊച്ചിനോട് വെറുതെ ചൂടാവുന്നേ ..എന്നും നീ തന്നെയല്ലിത് എടുത്തു കൊടുക്കാറുള്ളത് ..
എന്നാൽ ഇന്നൊന്നു അച്ഛൻ എടുത്തുകൊടുത്താൽ ആകാശം ഇടിഞ്ഞൊന്നും പോവില്ല ..
മോളെ അമ്മ കലിപ്പിലാണല്ലോ ..
കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ വേഗം കുളിമുറിയിലോട്ടു കേറി ..
പതിവിലും നേരത്തെ എണീറ്റതാ ...എന്നിട്ടും നേരം വൈകി ..
വേഗം കുളിച്ചു വന്നിട്ട് മഞ്ഞയിൽ ചുവന്ന പൂക്കളുള്ള സാരി എടുത്തു ചുറ്റി ...
കണ്ണാടിയിൽ പലവട്ടം നോക്കി ..
അയ്യോ മോൾടെ ബസ് വന്നോ ...അവൾ ഉമ്മറത്തേക്കോടി ...
അവളെ ഞാൻ കേറ്റിവിട്ടിട്ടുണ്ട്
ലക്ഷ്മിക്കെന്തു പറ്റി ...
ഏയ് ഒന്നുമില്ല ശ്രീയേട്ടാ ..ഓഫീസിലെ ഓരോ കാര്യങ്ങൾ ഓർത്ത് ....വാക്കുകൾ പൂർത്തിയാക്കാനൊന്നും നേരമില്ല അവൾ വീണ്ടും ഓടി കണ്ണാടിയുടെ മുൻപിലേക്ക് ..
ശ്രീയേട്ടാ ഞാൻ പോകുന്നു ...കാപ്പി എടുത്തുവെച്ചിട്ടുണ്ട് ...ഇനി അത് കുടിച്ചിട്ട് മതി പാർട്ടിയും സംഘടനയുമൊക്കെ ...
ഇല്ല ഇന്ന് ഒരു തിരക്കുമില്ല ..പറ്റിയാൽ നേരത്തെ ഇറങ്ങു ...നമുക്ക് വൈകിട്ട് മോളേം കൊണ്ട് കറങ്ങാൻ പോവാം
മം ഇന്ന് നടന്നതെന്നെ ...ഇന്ന് ഓഫീസിൽ തിരക്കാ ...ഇന്നൊന്നും പറ്റില്ല ശ്രീയേട്ടാ ..
കപ്പിൽ പകുതി ചായയും ബാക്കി വെച്ച് അവൾ ഇറങ്ങി ...
ഇന്ന് അവൾ അവളുടെ കളിക്കൂട്ടുകാരനെ കാണാൻ പോവാണ് ..നീണ്ട 22വർഷങ്ങൾക്കു ശേഷം ..
ലച്ചു ....ഞാൻ വലുതായാൽ നിന്നേ കെട്ടുള്ളു ..
ഓ പിന്നെ എനിക്കൊന്നും വേണ്ട നിന്നെ ..
എന്നെ കെട്ടാൻ രാജകുമാരൻ വരും
അത് കേട്ടതും ഹരികുട്ടന്റെ കണ്ണു നിറഞ്ഞുട്ടോ ...
അയ്യേ ഹരിയേട്ടന് എന്നെ അത്രയ്ക്കും ഇഷ്ടാ ...
അതിനു മറുപടിയൊന്നും അവൻ പറഞ്ഞില്ല
എന്റെ മുടി വലുതായാൽ എന്റെ കല്യാണാ ഹരിയേട്ടാ ...
ഈ പൊട്ടിപെണ്ണിത് എന്താ പറയുന്നേ
സത്യായിട്ടും ....വടക്കേലെ കാഞ്ചന ചേച്ചിടെ കല്യാണല്ലേ ശനിയാഴ്ച ...ചേച്ചിടെ മുടി വലുതായി അതാ ...പിന്നെ മാളൂന്റെചേച്ചീടേം കല്യാണം കഴിഞ്ഞില്ലേ ...അപ്പോ മാളു പറഞ്ഞതാ മുടി വലുതായാൽ കല്യാണവുംന്നു ...
ഓഹ് ശെരിയേ ...സമ്മതിച്ചു
അപ്പൊ ഉറപ്പായും ഞാൻ വരുട്ടോ നിന്നെ കെട്ടാൻ ...ഹരികുട്ടന്റെ കയ്യും വിട്ടു അവളോടി ...
ലച്ചു നാളെ നേരത്തെ വരണേ ട്ടോ ...
ബസ് വന്നു നിന്നതറിഞ്ഞില്ല ...ചേച്ചി കേറുന്നില്ലേ ...കിളി ഉറക്കെ വിളിച്ചു ചോദിച്ചപ്പോൾ അവൾ ചുറ്റിനും നോക്കി ..
ആരും കണ്ടിട്ടില്ല ..ഭാഗ്യം ഓരോന്നോർത് നിന്നുപോയതാ ..
ബസിലെ ജനലരികിൽ ഇരിപ്പിടമുറപ്പിച്ചതോടെ ചെറിയ ചാറ്റൽ മഴ.അവളുടെ കവിളിൽ തലോടി ...
മഴ നനയാൻ പണ്ടേ ഹരിയേട്ടന് ഇഷ്ടായിരുന്നു ...എന്റെ കുഞ്ഞി കയ്യും പിടിച്ചു മഴ നനഞ്ഞു പനിപിടിച്ചു കിടന്നിട്ടുണ്ട് പാവം ..
അപ്പോഴും പരാതിയില്ലായിരുന്നു ...നിന്റെ ഓർമയിൽ പനിച്ചു കിടക്കാൻ നല്ല രസായിരുന്നു ...കള്ള ചിരിയോടെ പറയും .
സ്കൂൾ വിട്ടു വരുമ്പോൾ മൂവാണ്ടൻ മാവിന്റെ ചോടെ കുറെ നേരം ഇരുന്നു കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നു ഹരിയേട്ടൻ ..
പാവായിരുന്നു അവന്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചതിനു ശേഷം മാമൻ മാരുടെ കൂടെയാ ...
എന്നാലും എന്നെ കണ്ടാൽ മതി ആ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം കാണാം
ഒരീസം ഞാനും വാക്ക് കൊടുത്തു വലുതായാൽ എന്നെ കെട്ടിയാൽ മതീന്ന് ...
അങ്ങനെയിരിക്കെയാണ് ഹരിയേട്ടന്റെ അമ്മേ കല്യാണം കഴിക്കാൻ തിരുവനന്തപുരത്തുന്നു ഒരാൾ വരുന്നത് ..
ഹരിയേട്ടന്റെ അമ്മ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഹരിയേം കൂടി നോക്കിക്കോളാമെന്നു പറഞ്ഞപ്പോൾ മനസില്ല മനസോടെ സമ്മതിച്ചു ..
കലങ്ങിയ കണ്ണുകളുമായി ഹരിയേട്ടൻ അന്ന് വന്നിരുന്നത് ഇന്നും മറക്കാൻ പറ്റുന്നില്ല ..
ലച്ചു ഞാൻ പോവ്വാട്ടോ ...
ഞാൻ വിഷമത്തോടെ ചോദിച്ചു അപ്പോ എന്നെ കല്യാണം കഴിക്കേണ്ടേ ...
അതിനുത്തരമായി ഒരു ചുംബനം തന്നിട്ട് ഓടിപ്പോയ ആളാ ...ഹരിയേട്ടനേം ഓർത്ത് പല രാത്രിയിലും കരഞ്ഞിട്ടുണ്ട് ഞാൻ ...എന്നെങ്കിലും വരുമായിരിക്കും .പിന്നെ കണ്ടിട്ടേയില്ല ..
ബാല്യത്തിന്റെ കുറുമ്പുകളൊക്കെ അവിടെ തന്നെ മറന്നുപോയി ...ഇടയ്ക് വല്ലപ്പോഴും അതോർത്തിരിക്കും അത്രതന്നെ
അതിന്റെ ഇടയില എഫ് ബി യിൽ തന്റെ കളിക്കൂട്ടുകാരനെ വീണ്ടും കണ്ടെത്താൻ കഴിഞ്ഞത് ...അവനിപ്പോ കല്യാണമൊക്കെ കഴിച്ചുട്ടോ ..ഒരു തമിഴത്തിയെ ...
പറഞ്ഞു പറഞ്ഞ് ഞങ്ങൾ ആ പഴയ സൗഹൃദത്തെ ഒന്ന് നേരിൽ കാണാൻ തീരുമാനിച്ചു ...അങ്ങനെ ഒരുങ്ങി പുറപ്പെട്ടതാട്ടോ ..ഇതാ വിളിക്കുന്നു ശ്രീയേട്ടൻ ..
ലക്ഷ്മി നീ എവട്യ ഒന്ന് ജനറൽ ഹോസ്പിറ്റലിലേക് ഉടനെ വരണം .അത്യാവശ്യമായി o- ബ്ലഡ് വേണം ...നീ ഉടനെ വരണം
എന്താ പറയേണ്ടെന്നറിയാതെ ലക്ഷ്മി കുറെ തവണ ഹരിയെ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല ..
ഒടുവിൽ അവൾ ജനറൽ ഹോസ്പിറ്റലിലേക് പുറപ്പെട്ടു
ബ്ലെടും കൊടുത്തു അവൾ ഒന്നും മിണ്ടാതെ വീട്ടിലേക്കു പുറപ്പെട്ടു ..
ഹരിയുടെ നമ്പറിൽ വീണ്ടും വീണ്ടും വിളിച്ചെങ്കിലും എടുക്കുന്നില്ല
മഞ്ഞ സാരിയിലെ ചുവന്ന പൂക്കൾ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി ...
അമ്മേ ഈ പാട്ടൊന്നു പഠിപ്പിച്ചു തരുവോ ..മോള് വന്ന് കെഞ്ചി ..
മോളേനേം മടിയിലിരുത്തി പുസ്തകത്തിലെ പാട്ടു പാടികൊടുത്തു ..
അപ്പോഴേക്കും ശ്രീയേട്ടൻ വന്നു
എന്താ ശ്രീയേട്ടാ ,വൈകിയേ
ഓഹ് ഒന്നും പറയേണ്ടാ നീ ഇന്ന് ബ്ലഡ് കൊടുത്തില്ലേ ...അവൻ മരിച്ചു
ആക്‌സിഡന്റ് ആയിരുന്നു ...
കുറച്ചു ദിവസങ്ങൾ ഹരിയെ വിളിച്ചു നോക്കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല
എഫ് ബിയിൽ പൊടിപോലും കാണാനില്ല
ലക്ഷ്മി പതിയെ പതിയെ അതു മറന്നു തുടങ്ങിയിരിക്കുന്നു ..
ഓർമമുറ്റത്തെ ആ ബാല്യം നൽകിയ സ്നേഹവും ചുംബനവും ഇപ്പോഴും ഹൃദയത്തിന്റെ ഒരു കോണിൽ ആരും അറിയാതെ പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ടവൾ .
ഇന്നും അവളറിഞ്ഞില്ല ...അന്ന് തന്റെ രക്തവും ഹൃദയത്തിലേറ്റുവാങ്ങി അവളുടെ ഹരി ഈ ലോകത്തോട് വിടപറഞ്ഞത് ...
മഞ്ഞ സാരി ആരെയോ പ്രതീക്ഷിച്ചു ഇപ്പോഴും അലമാരയ്ക്കുള്ളിൽ പൂക്കൾ വിടർത്തി സുന്ദരിയായ് നിൽക്കുന്നു ...
പ്രീതി രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo