#സൂക്കർ ഭായിയും ഞാനും എന്റെ ഐഡിയും #
ഞായറാഴ്ച്ച വൈകുന്നേരം ഡ്യൂട്ടി സമയം ഒരു എട്ട് എട്ടര എട്ടേമുക്കാൽ ആയിക്കാണും. രണ്ടാമത്തെ സല (പ്രാർത്ഥന) കഴിഞ്ഞ് ഷോപ്പ് തുറന്നിട്ടും ഞാൻ കിച്ചണിൽ തന്നെ കുത്തിയിരുന്നു..അസ്സി.മാനേജർ മാഡം"ദലാൽ " മുകളിലെ ഓഫീസിൽ എന്തോ വർക്കിലാണ്.. അല്ലെങ്കിൽ ഞാനീ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നാൽ മാഡം എന്നെ തോണ്ടും ..
വൈകിട്ട് ഇട്ട കത്ത് പോസ്റ്റിലെ കമൻറ്സ് ഒക്കെ നോക്കി മറുപടി കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് നമ്മുടെ മറ്റൊരു സെയിൽസ് ഗേൾ "അമൽ " ( സമയെയും റീമയെയും നിങ്ങൾക്ക് പരിചയം ഉണ്ടല്ലോ. ഇത് അമൽ ഇവുടുത്തെ സെയിൽസ് ഗേൾസിൽ ഏറ്റവും സുന്ദരി .. ശാലീന സുന്ദരി എന്ന് തന്നെ പറയാം .. ഒരു സൗദി പെൺകുട്ടിക്ക് മുട്ടറ്റം വരെ മുടിയുള്ളത് ഞാൻ കാണുന്നത് ആദ്യമായാണ് ) വന്ന് എന്നോട് പറഞ്ഞു.
"ചിത്ര നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു "
എന്നെ കാണാനോ ?ആരാണ് അമൽ .ഞാൻ ചോദിച്ചു ..
''അറിയില്ല ആൾ വന്നിട്ട് നിന്നെ ചോദിച്ചു. പുറത്ത് സെറ്റിയിൽ ഇരിപ്പുണ്ട്." ഇതും പറഞ്ഞ് അമൽ പോയി ..
ഫോൺ കിച്ചണിൽ വച്ചിട്ട് ഞാൻ ഓടിച്ചെന്ന് CCTV ക്യാമറ ചെക്ക് ചെയ്തു. ശരിയാണ് വാച്ച് സെക്ഷനിലെ സെറ്റിയിൽ ആരോ ഇരുപ്പുണ്ട്. പക്ഷെ മുഖം ശരിക്ക് വ്യക്തമല്ല.. ആരായിരിക്കും എന്നെ കാണാൻ വന്നത്. എന്റെ കുഞ്ഞുകൃഷ്ണാ ഇനി എന്റെ ഫേസ് ബുക്ക് ഫ്രണ്ട് ആരെങ്കിലും .? കഥ എഴുതുമ്പോൾ എല്ലാം വള്ളി പുള്ളി വിടാതെ എഴുതാറുണ്ട്.. ആരേലും കടയും തപ്പി കണ്ടു പിടിച്ച് വന്നതാവുമോ .. ഞാൻ ചിന്തിച്ചു.
കഴിഞ്ഞ ദിവസം ഒരു സെൽഫി പോസ്റ്റു ചെയ്യുകയും ചെയ്തു. ആ കോലം പ്രതീക്ഷിച്ചായിരിക്കും നമ്മുടെ ഫ്രണ്ടിന്റെ വരവ്.. ഫോട്ടോ എഡിറ്റിംങ്ങിന്റെ ഭയാനക വേർഷൻ കണ്ട് മിക്കവാറും ചങ്ങായി ബോധം കെടും.. എന്തായാലും വേണ്ടിയില്ല. ഒരാൾ നമ്മളെ തിരക്കി ആദ്യമായി ഷോപ്പിൽ വന്നതല്ലേ .ചെന്ന് കണ്ട് കളയാം. ഓടിച്ചെന്ന് സമയുടെ മേക്കപ്പ് ബോക്സ് എടുത്ത് മുഖമൊന്ന് മിനുക്കി ലൈറ്റായി ലിപ്സ്റ്റിക്കും തേച്ച് ഒന്നു ഒരുങ്ങി ..
പർദ്ദയുടെ ഷാളൊക്കെ തലയിലിട്ട് ഞാൻ പുറത്തേക്ക് ,എന്നെ കാണാൻ വന്ന ആളുടെ അടുത്തു ചെന്നു.. ആളെ നോക്കിയതും ഞാൻ ഞെട്ടി.. കാരണം ഇങ്ങേരെ ഞാൻ ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ല .. എന്റെ ഫേസ് ബുക്കിലാണെങ്കിൽ ഇങ്ങനൊരു ഫ്രണ്ടുമില്ല.. സുന്ദരൻ സുമുഖൻ.. നല്ല വെളുത്ത് ചുവന്ന് തുടുത്ത പാന്റ്സും കോട്ടും ഒക്കെ ധരിച്ച ഒരു ജന്റിൽമാൻ .. നമ്മടെ ഭാഷയിൽ പറഞ്ഞാൽ ഒരു ചുള്ളൻ..എനിക്ക് സംശയമായി എന്നെ തന്നെ കാണാൻ വന്നതാകുമോ? ആവാൻ വഴിയില്ല.. എന്നാലും ഒന്നു ചോദിച്ചു നോക്കാം.. മെല്ലെ ഞാൻ അടുത്തുചെന്നു.
"ഹലോ എക്സ്ക്യൂസ് മീ .. ആയാം ചിത്രദീപ.".ഞാൻ പറഞ്ഞു..
അയാൾ എന്നെ നോക്കി ചിരിച്ചിട്ട് "ഹായ് ചിത്ര ദീപ ഹൗ ആർ യൂ.". എന്ന് തിരിച്ചും ചോദിച്ചു..
"അയാം ഫൈൻ താങ്ക് യൂ ആൻറ് യൂ " ?എന്ന് ഞാൻ എന്റെ കൈയിലുള്ള അവസാനത്തെ ഇഗ്ലീഷും പറഞ്ഞു...
"ഗുഡ് ..താങ്ക് യൂ " എന്ന് അങ്ങേര് പറഞ്ഞപ്പോഴേക്കും മൂന്നാമത്തെ ചോദ്യം ഇംഗ്ലിഷിൽ ആവും എന്നറിയാവുന്നതുകൊണ്ടും അതിന് ഞാൻ ബബ്ബബ്ബ വയ്ക്കേണ്ടി വരും എന്നറിയാവുന്നതുകൊണ്ടും അടുത്ത ചോദ്യം നല്ല പച്ചമലയാളത്തിൽ ഞാൻ അങ്ങോട്ട് ചോദിച്ചു.
"താങ്കൾ ആരാണ് .എനിക്ക് മനസിലായില്ല .എന്തിനാണ് എന്നെ കാണാൻ വന്നത്.. "
എന്റെ ചേദ്യം കേട്ട് അങ്ങേര് ഒന്നു ചിരിച്ചു.. എന്നിട്ടു പറഞ്ഞു
"ഞാൻ മാർക്ക് സൂക്കർ ബർഗ്ഗ് " നിന്റെ പേരിൽ ഒരു പരാതി കിട്ടി അത് അന്വേഷിക്കാൻ വന്നതാണ് "
കർത്താവേ പണി പാളി.. ഫേസ്ബുക്കിൽ കളിക്കുന്നതിന് കമ്പനിയിൽ വരെ പരാതി ചെന്നിരിക്കുന്നു .. ഇനിപ്പോ ഇത് പുതിയ പ്രൊജക്റ്റ് കൺട്രോളർ എങ്ങാനും ആണോ?
"എന്റെ കൺട്രോളർ സാലേഹ് മിറാസ് ആയിരുന്നല്ലോ.. സാറ് പുതിയ കൺട്രോളർ ആണോ? മാഡം ദലാൽ ആണോ പരാതി പറഞ്ഞത് .. "
ഇതു കേട്ടതും അങ്ങേര് പിന്നേം ചിരിച്ചു..
എന്നിട്ട് പറഞ്ഞു ..
എന്നിട്ട് പറഞ്ഞു ..
"ചിത്ര.. ഞാൻ നിന്റെ കമ്പിനിയിൽ നിന്ന് ഒന്നുമല്ല. നിന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പറ്റി ഒരു പരാതി കിട്ടി .. നീ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് .. എന്നാ പിന്നെ നേരിട്ട് അന്വേഷിച്ച് കളയാമെന്ന് കരുതി "
അപ്പോഴാണ് ഞാൻ ആ പേര് ഒന്നുകൂടി റിവൈന്റ് ചെയ്തത്.. "മാർക്ക് സൂക്കർ ബർഗ്.." ഈ ലോകം മുഴുവൻ പടർന്ന് പന്തലിച്ച് കിടക്കുന്ന ഫേസ്ബുക്ക് എന്ന മായിക ലോകത്തിന്റെ സൃഷ്ടാവ് മാർക്ക് സൂക്കർ ബർഗ് ..സൂക്കറണ്ണൻ സൂക്കർ ഭായ് എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ ഈ മൂന്നു പേരും കൂടി ഒന്നിച്ച് ഞാൻ കേൾക്കുന്നത് ആദ്യമായാണ് .. അന്തം വിട്ട് നിൽക്കുന്ന എന്നെ നോക്കി സൂക്കർ ഭായ് പിന്നെയും ചോദിച്ചു..
"ചിത്രാ നീയെന്താ ഒന്നും മിണ്ടാത്തത്. "
"അതെന്ത് ചോദ്യമാ ഭായ്.. ഈ അഞ്ചരയടി (അത്രയൊന്നും ഇല്ല ഒരു പഞ്ചിനാ) പൊക്കത്തിൽ അറുപത് കിലോ തൂക്കത്തിൽ ഉള്ള ഞാൻ നിങ്ങടെ മുന്നിൽ ഇങ്ങനെ വടി പോലെ നിൽക്കുമ്പോ വിശ്വാസം വരുന്നില്ലേ.. പിന്നെ ഇന്നലത്തെ ഫോട്ടോ .. അത് ഫോണിന്റെ ക്യാമറ ചതിച്ചതാ.. അത്രയും കളറ് കൂടിയത് .. ദേ.. ഈ കാണുന്നതാ ... ഒറിജിനൽ .. വേണെങ്കിൽ ഒന്നു നുള്ളി നോക്കിക്കോ " എന്ന് പറഞ്ഞ് ഞാൻ ഞാനെന്റെ കൈ നീട്ടി..
ചിരിച്ചു കൊണ്ട് സൂക്കർ ഭായ് എന്റെ കൈപ്പത്തിയുടെ മുകളിൽ പതുക്കെ ഒന്നു നുള്ളി .. "ങ്ങാ വിശ്വാസമായി. " അത് കേട്ട് ഞാനും ചിരിച്ചു..
"നിന്നെ കണ്ടപ്പോ കാര്യം മനസ്സിലായി ചിത്ര.. എന്നാലും ഒരു പരാതി കിട്ടിയാൽ അന്വേഷിക്കാതിരിക്കാൻ പറ്റുമോ?"
"ഇന്നാളും ഇതു പോലെ പരാതി വന്നിട്ട് ഞാൻ ഫോട്ടോ തന്നപ്പോ ഇങ്ങള് ഒന്നും തിരക്കാതെ ഐ ഡി തിരിച്ച് തന്നല്ലോ.. ഇതിപ്പോ എന്താ."
"എന്റെ ചിത്രേ.. ഒരു പ്രാവശ്യം ചക്ക വീണ് മുയല് ചത്തെന്ന് കരുതി എപ്പോലും മുയല് ചാവണംന്നും ചക്ക വീഴണംന്നും ഉണ്ടോ? ഞാനതിൽ നിന്റെ ഫോൺ നമ്പർ കോഡ് ചോദിച്ചിട്ടുണ്ട് .. അത് തന്നിട്ട് നീ ഐഡി തിരിച്ച് എടുത്തോ?"
"അതെങ്ങനെ ശരിയാവും ഭായ് .. ഞാനീ കോമഡിയൊക്കെ എഴുതുന്നത് നമ്മടെ സ്വന്തം ഗഡി പറഞ്ഞ പോലെ ആർക്കെങ്കിലും ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ കുറച്ചെങ്കിലും റിലാക്സേക്ഷൻ കിട്ടട്ടെ എന്ന് ഓർത്തിട്ടാണ്.. ആ ഫോൺ നമ്പർ കട്ടായി പോയി.. ഇനിപ്പോ എങ്ങനാ.. എന്നാലും ആരാ എനിക്കെതിരെ പരാതി തന്നത് ?''
"അതൊന്നും പറയില്ല.. നിന്നെ കണ്ട് എനിക്ക് ബോധ്യപ്പെട്ടു... ഇനി ഞാൻ നീ പറഞ്ഞതുപോലെ ചെയ്യൂ.. ഇതാണ് എന്റെ നമ്പർ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി."
എന്നു പറഞ്ഞ് ഒരു വിസിറ്റിംങ്ങ് കാർഡ് തന്നു.(നമ്പർ ആരും ചോദിക്കണ്ട.. തരില്ല) എന്നാൽ ഞാൻ ഇറങ്ങട്ടെ. എന്നു പറഞ്ഞ് സൂക്കർ ഭായ് എഴുന്നേറ്റു..
"അല്ല ഭായ് കുടിക്കാനെന്തെങ്കിലും ഞാൻ " ചോദിച്ചു..
"അയ്യോ വേണ്ട വേണ്ട.. ഞാൻ കഴിഞ്ഞ ദിവസത്തെ ഓറഞ്ച് ജ്യൂസിന്റെ കഥ വായിച്ചു.. എന്നെ വിട്ടേയ്ക്ക് ചിത്ര."
അത് കേട്ട് ഞാനൊന്നു ചമ്മിപ്പോയി.. വളിച്ച ചിരിയും ചിരിച്ച് വാതിൽ വരെ സൂക്കർ ഭായിയെ കൊണ്ട് വിട്ട് യാത്ര പറഞ്ഞു ..
തിരിച്ച് അകത്ത് വന്ന് ഫോൺ എടുത്ത് നോക്കിയപ്പോഴേക്കും പറഞ്ഞ പോലെ തന്നെ ഐഡി ക്ലോസ് .. ലോഗൗട്ട് ചെയ്ത് വീണ്ടും ലോഗിൻ ചെയ്യാൻ പറയുന്നു ..അതു പോലെ ചെയ്തപ്പോ ഫോൺ നമ്പരിലേക്ക് കോഡ് സെന്റ് ചെയ്തു .. അതെടുത്തോണ്ട് വരാൻ.. ഇല്ലാത്ത ഫോൺ നമ്പരീന്ന് ഞാനെവിടുന്ന് കോഡ് എടുക്കാൻ ... എന്തേലും ചെയ്യാൻ പറ്റുമോന്നറിയാൻ ഒരു നമ്മുടെ ഒരു ചാങ്ങായിയോട് ചെന്ന് പറഞ്ഞു .. ചങ്ങായി പറഞ്ഞ പോലൊക്കെ ചെയ്ത് നോക്കി നോ രക്ഷ..
എന്നാ പിന്നെ ലാപ് വഴി കയറി നോക്കാൻ ചങ്ങായി .. ലാപിന് ഞാൻ എവിടെ പോവാൻ അത് ചോദിച്ചപ്പോൾ വിശ്വാസമുള്ള ലാപുള്ള ആർക്കേലും ഐഡിയും പാസ് വേഡും കൊടുക്കാൻ പറഞ്ഞു..ഞനതാ ചങ്ങായിക്ക് തന്നെ കൊടുത്തു. എന്റെ പാസ്സ് വേഡ് കണ്ട് ആ ചങ്ങായി ഞെട്ടിയോ എന്തോ? അല്ല ലോകത്ത് എനിക്ക് മാത്രമേ അത്തരം ഒരു പാസ് വേഡ് കാണൂ..എനിക്ക് വേണ്ടി പാവം ഒത്തിരി സമയം ശ്രമിച്ചു എന്നിട്ടും കിട്ടിയില്ല.. സാരമില്ല പുതിയ ഐഡി എടുക്കാം എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു ..
ഞാൻ മെല്ലെ സൂക്കർ ഭായിയുടെ നമ്പരിലേക്ക് ഒരു മെസേജ് അയച്ചു.. "ഭായ് എനിക്ക് പറഞ്ഞ പോലെ ചെയ്യാൻ കഴിയില്ല ഞാൻ പുതിയ ഐഡി എടുക്കുകയാണ് വിരോധം എന്തെങ്കിലും ഉണ്ടോ " എന്ന് ..
"ഒരു വിരോധവും ഇല്ല നീ ധൈര്യമായി എടുത്തോ "എന്ന് സൂക്കർ ഭായിടെ മെസേജ് വന്നൂ..
എന്തായാലും വേണ്ടിയില്ല പുതിയ ഐഡി എടുത്ത് പഴയ നമ്മുടെ ബ്രാന്റഡ് പ്രൊഫൈൽ പിക്ചറും വച്ചു എല്ലാ ചങ്ങായിമാർക്കും റിക്വസ്റ്റ് അയച്ചു. എന്നോടുള്ള ഇഷ്ടം കൊണ്ടാണോ, അതോ എന്റെ എഴുത്തിനോടുളള ഇഷ്ടം കൊണ്ടാണോ എല്ലാവരും കണ്ണും പൂട്ടി അക്സപ്റ്റ് ചെയ്തു .. പലർക്കും സംശയം ഞാൻ ബ്ലോക്കിയോ അൺ ഫ്രണ്ട് ചെയ്തോ എന്നൊക്കെ... എല്ലാവർക്കും മറുപടി കൊടുത്ത് ഞാൻ ഉറങ്ങി..
രാവിലെ എഴുന്നേൽക്കുമ്പോഴേക്കും എന്നെ ആരോ ഗ്രൂപ്പിൽ ആഡ് ചെയ്തിരുന്നു.. എഴുതിയ രചനകളിൽ കുറച്ച് തിരികെ കിട്ടിയെങ്കിലും ആദ്യം എഴുതിയതൊക്കെ നഷ്ടപ്പെട്ടിരുന്നു.. അതിലേറെ എന്നെ സങ്കടപ്പെടുത്തിയത് ഓരോ ഞാൻ വായിച്ച കഥകളിലും കവിതകളിലും എന്റെ സാന്നിദ്ധ്യം ഇല്ലാതായതാണ്.. ഒരു ദിവസം കൊണ്ട് ഞാൻ മരിച്ച് പോയത് പോലെ .. ഒന്നുമല്ലാതായതു പോലെ തോന്നി എനിക്ക് ..
എന്തിനെന്ന് അറിയില്ല എങ്കിലും എനിക്ക് എതിരെ പരാതി കൊടുത്ത ആളോട് എനിക്ക് സ്നേഹവും നന്ദിയും തോന്നി.. കാരണം ഒരാൾ നമ്മളെ പുറകിൽ നിന്ന് കുത്തിയെങ്കിലും, ഇന്നുവരെ നേരിൽ കാണാത്ത കമന്റ് ബോക്സുകളിലൂടെ മാത്രം പരിചയമുള്ള കുറെ നല്ല മനസ്സുകളുടെ കരുതലും സ്നേഹവും അനുഭവിച്ചറിയാൻ കഴിഞ്ഞു.
എഴുതിയതെല്ലാം നഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞ് ഒരു പ്രിയ കൂട്ടുകാരി പറഞ്ഞു "നീ എഴുതിയത് നഷ്ടപ്പെടുത്താനല്ലേ കഴിഞ്ഞുള്ളൂ നിന്റെ എഴുതാനുള്ള കഴിവ് നഷ്ടപ്പെടുത്താൻ കഴിയില്ലല്ലോ എന്ന് ".. കാണാമറയത്തിരുന്ന് പറഞ്ഞ ഈ വാക്കുകൾ ഒത്തിരി ഊർജ്ജം പകർന്നു തന്നു.. അതിന്റെ ആത്മവിശ്വാസത്തിലാണ് ഇത് എഴുതിയതും.
ഈ അവസരത്തിൽ പ്രേം മാഷ് പറഞ്ഞ ഈ വാക്കുകൾ ഞാൻ കടമെടുക്കുന്നു ..
"എഴുതുന്നതെന്തിനു വേണ്ടിയാണ്?
നല്ല ആദായകരമായ ഒരു തൊഴിലല്ല ഒരിക്കലും എഴുത്ത്.. മഹത്തായ കുറേ കാര്യങ്ങൾ ലോകത്തിനോടു പറയുവാനുമല്ല എഴുത്തുകൾ എന്നു ഞാൻ വിശ്വസിക്കുന്നു.
സാഹിത്യത്തിൽ എഴുത്തുകാരൻ പ്രശ്നമല്ല. എഴുത്തേ പ്രശ്നമാവുന്നുള്ളൂ.
ഒരാൾ എഴുതുന്നതു അയാൾക്കു വേണ്ടി തന്നെയാണ്...എഴുതുമ്പോൾ ഓൺലൈനെന്നോ ,പത്രക്കാരെന്നോ പ്രസാധകരെന്നോ ആരും ചിന്തിക്കുന്നില്ല എന്നതു യാഥാർത്ഥ്യം തന്നെയാണ്. സ്വന്തം ഹൃദയത്തിൽ അതു മുളയ്ക്കുന്നു. പിന്നെ കിളിർക്കുന്നു. പടരുന്നു. സ്വന്തം വിഹ്വലതകളും സ്വപ്നങ്ങളും കീഴടക്കുമ്പോൾ എനിക്കെഴുതണം.. എഴുതാതെ വയ്യ എന്ന ചിന്തയുണ്ടാവുന്നു. ഓരോരുത്തരുടെ അന്വേഷണപഥങ്ങളിലൂടെ അവ വളരുന്നു. യഥാർത്ഥ്യത്തെക്കാളും മനോഹരമായ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്നു. ഭാവനയിലൂടെ ആവിഷ്കരിക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെ വരച്ചുകാട്ടുന്നു.. "
നല്ല ആദായകരമായ ഒരു തൊഴിലല്ല ഒരിക്കലും എഴുത്ത്.. മഹത്തായ കുറേ കാര്യങ്ങൾ ലോകത്തിനോടു പറയുവാനുമല്ല എഴുത്തുകൾ എന്നു ഞാൻ വിശ്വസിക്കുന്നു.
സാഹിത്യത്തിൽ എഴുത്തുകാരൻ പ്രശ്നമല്ല. എഴുത്തേ പ്രശ്നമാവുന്നുള്ളൂ.
ഒരാൾ എഴുതുന്നതു അയാൾക്കു വേണ്ടി തന്നെയാണ്...എഴുതുമ്പോൾ ഓൺലൈനെന്നോ ,പത്രക്കാരെന്നോ പ്രസാധകരെന്നോ ആരും ചിന്തിക്കുന്നില്ല എന്നതു യാഥാർത്ഥ്യം തന്നെയാണ്. സ്വന്തം ഹൃദയത്തിൽ അതു മുളയ്ക്കുന്നു. പിന്നെ കിളിർക്കുന്നു. പടരുന്നു. സ്വന്തം വിഹ്വലതകളും സ്വപ്നങ്ങളും കീഴടക്കുമ്പോൾ എനിക്കെഴുതണം.. എഴുതാതെ വയ്യ എന്ന ചിന്തയുണ്ടാവുന്നു. ഓരോരുത്തരുടെ അന്വേഷണപഥങ്ങളിലൂടെ അവ വളരുന്നു. യഥാർത്ഥ്യത്തെക്കാളും മനോഹരമായ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്നു. ഭാവനയിലൂടെ ആവിഷ്കരിക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെ വരച്ചുകാട്ടുന്നു.. "
ഇങ്ങനെയാണ് നമ്മൾ ഓരോരുത്തരും .. എഴുതാൻ കഴിവുണ്ടോ .. നമ്മുടെ മനസ്സിൽ അശയങ്ങളും എഴുതാനുള്ള അഭിവാജ്ഞയും ഉണ്ടോ എഴുതുക.. എന്നെ സംബന്ധിച്ചാണെങ്കിൽ ഓൺലൈൻ വേണം എന്ന് തന്നെയില്ല.. എന്റെ ഡയറിയിലെ താളുകളിൽ മാത്രം മതിയാകും.. എന്റെ ആത്മസംതൃപ്തി അതാണ് പ്രധാനം.. ഇനീപ്പോ ആരെതിർത്താലും ഞാനീ അക്ഷരമുറ്റത്ത് ഓടിക്കളിച്ച് വളരുക തന്നെ ചെയ്യും..
ഇത് ഞാൻ എഴുതി പൂർത്തിയാക്കുമ്പോഴേക്കും സൂക്കർ ഭായിയുടെ നമ്പരിലേക്ക് എന്റെ അവസാന മെസേജ് ചെന്നിരുന്നു.
"സൂക്കർ ഭായ്.. നിങ്ങൾക്ക് കൊല്ലാം .. പക്ഷെ തോല്പിക്കാനാവില്ല .. എന്റെ മനസ്സിൽ ആശയങ്ങളും എന്റെ കൈയിൽ ഈ തൂലികയും ഉള്ളടുത്തോളം കാലം .. "
ചിത്രദീപ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക