Showing posts with label Samson Mathew. Show all posts
Showing posts with label Samson Mathew. Show all posts

ചക്കപുരാണം

Image may contain: Samson Mathew, smiling

ചക്കയെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു
ചക്കപുരാണം
**************
നാട്ടിൽ ബംഗാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാന്റ്റ് ഉള്ള ടീം ആയി മാറി ചക്ക. പണ്ടൊക്കെ വെറുതെ കൊടുത്താലും ആർക്കും വേണ്ടാത്ത സാധനം ആയിരുന്നു ചക്ക . ഇന്നു കാലം മാറി പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും പറ്റിയ ആഹാരം ആയി ചക്ക. നാട്ടിൽ ഇപ്രാവശ്യം പോയപ്പോൾ ഒരു പഴുത്ത ചക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടിയതാണ് എന്നെ ഇതു എഴുതിപ്പിച്ചത്
ചക്കയുടെ ജന്മസ്ഥലം നമ്മുടെ സൗത്ത് ഇന്ത്യ തന്നെ . ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന ചക്കയുടെ ഈ പേര് ഭൂമി മലയാളത്തിൽ നിന്ന് ഉണ്ടായതാണന്ന് എത്ര പേർക്ക് അറിയാം.പണ്ട് കേരളത്തിൽ എത്തിയ പറങ്കികൾ ഇതിന്റെ രുചിയിൽ തലകുത്തി വീണത്രേ. അവർ കടത്തികൊണ്ടു പോയ ചക്കകുരു കിളിച്ച് ഉണ്ടായ മരത്തിനു ജക്ക ( jaca ) എന്നപേരും ഇട്ടു പിന്നിട് ഇംഗ്ലീഷുകാർ ചിന്തേരിട്ടു മിനുക്കി ജാക്ക് ഫ്രൂട്ട് എന്നാക്കി.
കത്തൽ എന്ന് ബംഗാളികൾ വിളിക്കുന്ന ചക്ക ബംഗ്ലാദേശിന്റെ ദേശിയഫലം ആണ് . തമിഴന്മാർ കഴിഞ്ഞാൽ ഇക്കൂട്ടർ ചക്കയെന്ന് കേട്ടാൽ കമിഴ്ന്നു വീഴും . ഇപ്പോ നമ്മൾ മലയാളികളും ഒട്ടും പിന്നിൽ അല്ല , നായ്‌കാട്ടം ആയാലും നല്ലതെന്ന് ഇംഗ്ലീഷുകാർ പറഞ്ഞാൽ അല്ലേ നാം കേൾക്കൂ..
ബി.സി 4000 മുതൽ ഇന്ത്യയിൽ പ്ലാവുകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മഹാനായ അശോകചക്രവർത്തി പ്ലാവുകളുടെ ഒട്ടുതൈകൾ നാട്ടിൽ ഉടനീളം നട്ടുപിടിപ്പിച്ചതായി ചരിത്രം പറയുന്നു. ജ്യോതിശാസ്ത്രന്ജനും ഗണിതശാസ്ത്ര വിദഗ്ദ്ധനുമായ വരാഹമിഹിരൻ ( ബിസി 500) ബ്രഹിത് സംഹിതയിൽ പ്ലാവുകളുടെ ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. ബാബർ ചക്രവർത്തി ഏറ്റവും കൂടുതൽ വെറുത്തഫലമാണ് ചക്ക. പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ബാബർനാമയിൽ താൻ പറയുന്നത് ചക്കപഴം ആട്ടിൻ കുടലുപോലെ വൃത്തി കെട്ടതാണന്നാണ്,ചക്കപ്പഴം വയറിന് അസുഖം പിടിപ്പിക്കും വിധം മധുരമുള്ളതും . തുർക്കിക്കാരനായ ഈ മൂപ്പരെ ആരോ ചകിണി തീറ്റിച്ചുകാണും ..അല്ലങ്കിൽ ആർത്തി മൂത്ത് ചക്കപ്പഴം വലിച്ചു വാരിത്തിന്ന് വയറ്റിനസുഖം പിടിച്ചുകാണും
പ്രമേഹരോഗികളുടെ കേന്ദ്രമാണ് കേരളം.കേരളത്തിൽ 25 വയസിൽ മേലുള്ള 30 ശതമാനത്തോളം പേർ പ്രമേഹ രോഗികൾ ആണ്. 50 ശതമാനം കേരളിയരും പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരാണത്രെ.പ്രമേഹ ചികിത്സക്കായി നാം വർഷം തോറും 600 കോടിരൂപ ചെലവിടുന്നു. പച്ച ചക്ക പ്രമേഹത്തെ പ്രതിരോധിച്ചു നിർത്തുമെന്ന് ഡോക്ടര്മാനര്‍ പറയുന്നു. പച്ചച്ചക്ക വേവിച്ചു കഴിച്ചു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്ത്താം . ധാരാളം നാരുകൾ അടങ്ങിയ ചക്ക പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്തും എന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള വിളഞ്ഞ ചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും പറ്റിയത് . ധാരാളം കാർബോഹൈഡ്രെറ്റുള്ള ചക്ക ഡയബറ്റിസുകാർ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ നാം കരുതിപ്പോന്നത്. പ്രമേഹനിയന്ത്രത്തിന് പച്ച ചക്ക ഏറ്റവും നല്ല ഭക്ഷണമാണെന്നത് പുതിയ വിവരം .
ഹിന്ദു പുരാണത്തിൽ ദേവനർത്തകി ഉർവ്വശി ഇന്ദ്രനോട് സ്വർഗത്തിലും ഭുമിയിലും പാതാളത്തിലും ഇല്ലാത്ത ഒരു ഒരു പഴം വേണമെന്ന് ആവശ്യപ്പെട്ടു ,ഇന്ദ്രൻറെ സ്പെഷ്യൽ റെക്കമെന്റെഷൻ പ്രകാരം ബ്രഹ്മാവു് പാലാഴിയിലെ ഒരുതുള്ളി വെള്ളം എടുത്തു പ്ലാവിനെ ഉണ്ടാക്കി, മിക്കവാറും തേൻവരിക്ക ആകാനാണ് സാധ്യത. ‘പെണ്ണോരുമ്പിട്ടാൽ ബ്രഹ്മനും തടുക്കാ..’ എന്നല്ലയോ പ്രമാണം. ബുദ്ധസന്യാസികൾ തങ്ങളുടെ മഞ്ഞവസ്ത്രങ്ങൾ ഉണ്ടാക്കിയിരുന്നത് പ്രകൃതിദത്ത ചായം ആയ പ്ലാവ് തടിയുടെ കാതൽ പൊടിച്ചു ഉണ്ടാക്കിയ പ്രത്യേകകൂട്ടിൽ മുക്കിയാണ്.
കേരളത്തിൽ ആരും പ്ലാവ് കൃഷിചെയ്യാറില്ല, അത് ഒരു കാർഷിക വിളയും അല്ല . തനിയെ കിളിർക്കുന്നു വളരുന്നു നനയും പരിചരണവുമില്ല ആരും ശ്രദ്ധിക്കാറുമില്ല .ഈ അടുത്ത കാലത്തായി അല്പം മാറ്റം വന്നിട്ടുണ്ട്. മലയാളികൾ പച്ചക്കറി കൃഷിയിലേക്കും ചക്കയിലേക്കും ഒക്കെ തിരിഞ്ഞിട്ടുണ്ട് .തൃശൂർ സ്വദേശി ആയ പ്ലാവു ജയൻ ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വന്നു 10000ത്തോളം പ്ലാവുകൾ കേരളത്തിൽ വെച്ചുപിടിപ്പിട്ടുണ്ട് . തന്റെ അഭിപ്രായത്തിൽ 200 കൊല്ലം ഫലം തരുന്ന കല്പവൃക്ഷം ആണ് പ്ലാവ് ചുരുങ്ങിയത് 1 ലക്ഷം പ്ലാവുകൾ എങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് ജയന്റെ ജീവിത അഭിലാഷം.
വെറുതെ വേവിച്ചും, ചക്കപഴമായും , വരട്ടി ചക്ക ഹലുവയാക്കിയും , വഴണ ഇലയിൽ പുഴുങ്ങിഅപ്പമാക്കിയും ,ചക്ക ചുളവറുത്തും മാത്രമല്ല ചക്ക ഉപയോഗിക്കാവുന്നത് . ചക്കപായസം,ചക്ക എരുശ്ശേരി , ചക്കകേക്ക്, ചക്കകൊഴുക്കട്ട ചക്ക ചമന്തി,ചക്ക വൈൻ ,ചക്കബിരിയാണി , ഇടിച്ചക്ക തോരൻ , ചക്ക പപ്പടം തുടങ്ങി ചക്ക വിഭവങ്ങൾ ഒരായിരം. പ്രോട്ടിൻ സമ്പുഷ്ടമായ ചക്കകുരു പൊടിച്ചു കാപ്പിപൊടിയായും മൈദയായും ഉപയോഗിക്കാം . കൂഴയും ചകിണിയും തോരന് ഉത്തമം. മടലൊഴികെ എല്ലാം ഭക്ഷ്യയോഗ്യം. ഇത്രയൊക്കെ കേമനായ ചക്കയെ നമ്മൾ മലയാളികൾക്ക് ഒരു വിലയില്ലാതെ കളയുന്നത് ദൈവം പോലും പൊറുക്കുല്ല. ഈയുള്ളവന്റെ ഈ ചക്കപ്രാന്തൊക്കെ കണ്ടിട്ട് ഉള്ള ജോലി കളഞ്ഞു നാട്ടിൽ പോയി പ്ലാവ് കൃഷി നടത്തുമോ എന്നാണ് നല്ലപാതിയുടെ ഇപ്പോഴത്തെ പേടി .
ചക്കയെ ചുറ്റിപ്പറ്റി രസകരമായ അനേകം ചൊല്ലുകളും പ്രയോഗങ്ങളും ഉണ്ട് .
പനസി ദശായാം പാശി എന്താണന്ന് ചോദിച്ച് കുട്ടുകാരെ കുഴക്കുന്ന വിരുതന്മാരെ ഓർമയില്ലേ (പനസം -ചക്ക പനസി- ചക്കി ദശം- പത്ത് ദശായാം -പത്തായത്തിൽ പാശം -കയർ പാശി -കയറി ).
എങ്ങാനും ഒരു കണക്കു ശരിയായാൽ ചക്ക വീണു മുയൽ ചത്ത കഥ പറയുന്ന കണക്ക് മാഷിനെ ഓർമയില്ലേ . പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വേണേൽ ചക്ക വേരേലും കായിക്കും എന്ന് സ്നേഹത്തോട് പറയുന്ന ടീച്ചറിനെ ...
ചക്ക പ്ലാവേൽ കണ്ടു മീശയ്ക്ക് എണ്ണ തേക്കരുതെന്ന് പറഞ്ഞു എടുത്തു ചാട്ടത്തെ തടയുന്ന അച്ഛനെ എങ്ങനെ മറക്കാൻ .
എപ്പോഴും ചക്ക വിഭവങ്ങൾ തിന്ന് മടുത്ത് ഒടുവിൽ അമ്മയെ കളിയാക്കാൻ ശ്ലോകത്തിന്റെ കൂട്ടുപിടിക്കുന്ന കുറുമ്പുകാരനെ മറക്കാനാവുമോ
പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരിങ്ങഹ ചക്ക തന്നെ
നാരായണാ തലയിണയ്ക്കുമൊരൊത്ത ചക്ക
ക്രിസ്ത്യാനികുട്ടികൾ ചെറുപ്പത്തിൽ ‘ചക്കയുള്ള വീട്ടിൽ യോഗം വെക്കേണം അത് കൊത്തനായാലും ഞങ്ങൾ തിന്നോളാം’ എന്നു കളിയായി പാടാറുണ്ട്
കീടനാശിനിവിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം . പ്രവാസിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്, ചക്ക …ചക്ക മഹാത്മ്യം വിജയിക്കട്ടെ
വാൽകഷ്ണം :
ഗൾഫിൽ വന്ന ആദ്യ നാളുകളിൽ കൂടെ ജോലി ചെയ്യുന്ന ബോംബെക്കാരനോട് മുറി ഹിന്ദിയിൽ ''ചക്ക ചാഹിയെ? '' എന്ന് ചോദിച്ചപ്പോൾ അവൻ ചിരിച്ച അളിഞ്ഞ ചിരിയുടെ അർത്ഥം അടുത്ത കാലത്താണ് മനസ്സിലായത്
*ചക്ക(ബോംബെ ലോക്കൽ ഭാഷ)- ഹിജഡ
ഒടുവിൽ ഒരു കവിതകൂടി സമർപ്പിക്കുന്നു
നടക്കുന്ന കഥയെല്ലാം കൂഴച്ചക്ക
നടക്കാത്ത കഥയെല്ലാം വരിക്കച്ചക്ക
നടക്കാതെ നടന്നതായി നടിക്കുന്നതിടിച്ചക്ക
നടന്നിട്ടും നടന്നില്ലെന്നടിക്കുമ്പോൾ ശീമച്ചക്ക
അയ്യപ്പ പണിക്കർ
ചക്കപ്രേമം വിജയിക്കട്ടെ.

By Samson Mathew

ഒരു ഗിന്നസ് റെക്കോർഡ് നഷ്ടമായതിന്റെ കഥ

Image may contain: Samson Mathew, smiling

പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ചെറിയ കുട്ടിയാണ് ഞാൻ. ചെറിയ കുട്ടികൾക്ക് ക്ലാസ്സിൽ ആദ്യത്തെ ബെഞ്ചിലാണ് സ്ഥാനം. മുമ്പിലത്തെ ബഞ്ചിലിരിക്കുക അത്ര സുഖമുള്ള ഏർപ്പാട് അല്ല. ഒരു മാതിരി തറടിക്കറ്റുകാരുടെ സ്ഥാനം. എന്തെങ്കിലും കുരുത്തക്കേട് കാട്ടിയാൽ സാറുന്മാരുടെ കണ്ണിൽ പെട്ടെന്ന് പെടും. കയ്യിൽ ഇരിക്കുന്ന വടികൊണ്ട് അടിയോ ചോക്ക് കൊണ്ട് ഏറോ ഇൻസ്റ്റന്റ് പ്രൈസ് ആയി കിട്ടും, കൂടാതെ ചിലപ്പോൾ ചെവിക്ക് പിടിയും. ഒരു വിധം തരക്കേടില്ലാതെ പഠിക്കുന്നത് കൊണ്ട് ഉത്തരം കിട്ടാതെ അലയുന്ന എല്ലാ ചോദ്യങ്ങളും കറങ്ങിത്തിരിഞ്ഞു എന്റെ അടുക്കൽ എത്തും. ഉത്തരം പറഞ്ഞില്ലെങ്കിൽ അതിനും തല്ലുകൊള്ളും. ഇനി ഉത്തരം അറിയാമെങ്കിൽ പുറകിൽ ഇരിക്കുന്ന മൂരികൾക്ക് പറഞ്ഞു കൊടുത്തില്ലെങ്കിൽ കിട്ടുന്ന കിഴുക്ക് വേറെ. ഏതാണ്ട്, കഴുത്തുവരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയിൽ ആന ചവുട്ടിയ പോലെ.. ആകെ കൂടി അത്ര സുഖമില്ലാത്ത അവസ്ഥ.
പത്താംക്ലാസ്സിൽ എത്തിയെങ്കിലും എന്നെ കണ്ടാൽ അതിന്റെ പകിട്ട് ഒന്നും ഇല്ല. വലിയ ചൗക്കാളം പോലുള്ള ഹാഫ് നിക്കറും ഷർട്ടും ആണ് എന്റെ വേഷം. ക്ലാസ്സിലെ മിക്കവാറും കുട്ടികൾ പാന്റ്സും മുണ്ടും ധരിക്കുമ്പോൾ എനിക്ക് നിക്കറിൽ നിന്ന് പ്രമോഷൻ കിട്ടാൻ പത്താംക്ലാസ്സ് കഴിയേണ്ടിവന്നു. ഞാൻ വളർന്നു എന്നു വീട്ടുകാർക്കും തോന്നേണ്ടേ. മുഖത്താണെങ്കിൽ പൊടിമീശ ഒന്നും മുളയ്ക്കുന്ന ലക്ഷണം കാണുന്നില്ല. ആകെക്കൂടി ഒരു മൈനർലുക്ക്. ആനപെട്ടകോങ്കലിൽ നിന്നു വരുന്ന എന്റെ കൂട്ടുകാരൻ കുരങ്ങു ബാബു രഹസ്യമായി ഒരു സാധനം മീശ വളരാൻ കൊണ്ടുതന്നു. നല്ല ഒന്നാന്തരം കരടി നെയ്യ്‌. എന്നിട്ടു ഒരു ഉപദേശവും..
'' കൈവെള്ളയിൽ ഒന്നും കരടിനെയ്യ് പറ്റാതെ നോക്കണം. അല്ലെങ്കിൽ കൈവെള്ളയിൽ രോമം വളരും. ''
നായാട്ടുകാരനായ അവന്റെ ഇളയപ്പൻ എങ്ങാണ്ടുനിന്നു കൊണ്ടുകൊടുത്തതാണ് ഈ കരടി നെയ്യ്. അവന്റെ അപ്പൻ അലമാരിയിൽ ഭദ്രമായി വെച്ചിരുന്നെടുത്തുനിന്ന് ചൂണ്ടി കൊണ്ടുവന്നതാണ് അവൻ എനിയ്ക്കു വേണ്ടി.എന്തൊരു സ്‌നേഹമുള്ള ചെങ്ങാതി. ചങ്ങാതിമാരായാൽ ഇങ്ങനെ വേണം . അതു കൊണ്ടല്ലേ പണ്ടാരോ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നു പറഞ്ഞത്. അന്ന് മുഴുവൻ മുഖത്തു മീശ കിളിക്കുന്നതോർത്ത് ആകെ ഒരു രോമാഞ്ചം. കുളിർത്തിട്ട് രോമാഞ്ചം കൺട്രോൾ ചെയ്യാൻ കമ്പളിപുതപ്പ് തേടി ഓടേണ്ട അവസ്ഥ. പൊടിമീശ വെച്ചു പാന്റ്സ് ഒക്കെയിട്ടു അടിപൊളിയായി സ്കൂളിൽ പോകുന്നത് ഞാൻ സ്വപ്നം കണ്ടു. വീട്ടുകാർ അറിയാതെ കുറേനാൾ അതു പുരട്ടിയെങ്കിലും മീശ പോയിട്ട് ഒരു ചെറിയ പൂടപോലും വളർന്നില്ല. കണ്ടൻപൂച്ച മീശ കുരുത്തോ എന്നറിയാൻ വെള്ളത്തിൽ നോക്കുന്നതു പോലെ ഞാൻ ദിവസവും അലാറം വെച്ചു പലതവണ കണ്ണാടിയിൽ നോക്കിയത് മാത്രം മിച്ചം. അങ്ങനെ ആ മഹത്തായ ഉദ്യമം ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു.
എന്റെ ക്ലാസ്സിലെ തടിമാടന്മാരുടെ മുമ്പിൽ ഞാൻ ചിന്ന പയ്യൻ. എന്നാലും കുരുത്തക്കേടിനൊന്നും ഒരു കുറവും ഇല്ലായിരുന്നു. ഒരു ദിവസം ക്ലാസ്സിലെ ഏറ്റവും പൊണ്ണനായ ഭീമസേനൻ എന്നു വിളിപ്പേരുള്ള ചന്ദ്രശേഖരൻ എന്നെ തോളിൽ എടുത്ത് സ്കൂളിന്റെ മുമ്പിലെ വീടിന്റെ പുറത്തേക്ക് നിൽക്കുന്ന മാവിൽ നിന്നു മാങ്ങ പറിക്കുന്നത് ദൂരെ നിന്ന് ഹെഡ്മാസ്റ്റർ കണ്ടു. സാർ ആളെ വിട്ടു ഞങ്ങളെ വിളിപ്പിച്ചു. ഒത്തിരി വഴക്കുകിട്ടിയത് കൂടാതെ ഓഫീസ് റൂമിന്റെ വെളിയിലെ വരാന്തയിൽ മാങ്ങ പറിക്കാൻ നിന്ന പോസിൽ ചന്ദ്രശേഖരന്റെതോളിൽ എന്നെ കയറ്റി ഞങ്ങളെ ഉച്ചവരെ സാർ നിറുത്തി. റോഡിൽ കൂടി പോകുന്ന നാട്ടാർക്ക് ചിരിക്കാൻ ഒരു വഴിയായി. അതിന് ശേഷം കൂട്ടുകാർക്കിടയിൽ ഞങ്ങൾക്ക് വിക്രമാദിത്യനും വേതാളവും എന്ന പേരുവീണു കുറെ നാളത്തേക്ക്.
പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞതോടെ ഞാൻ വീട്ടിൽ ഏകപക്ഷീയമായി എന്റെ തീരുമാനം അറിയിച്ചു.
'' ഇനി മുതൽ ഞാൻ പാന്റ്സോ മുണ്ടോ മാത്രമേ ഇടുകയുള്ളു. അല്ലെങ്കിൽ വീടിന് പുറത്തു ഇറങ്ങുകയില്ല കട്ടായം...''
എന്റെ ഒന്നൊന്നര ശപഥം കേട്ടു മനസ്സലിഞ്ഞിട്ടാണോ ആവോ ആ മാസത്തെ ശമ്പളം കിട്ടിയപ്പോൾ അപ്പൻ പുനലൂർ പി. എൻ. എസ്സിൽ പോയി രണ്ടു പാന്റിനുള്ള തുണി വാങ്ങിക്കൊണ്ടു വന്നു. അടുത്തുള്ള തയ്യക്കാരൻ സുരഅണ്ണനെ കൊണ്ട് രണ്ടു പാന്റ്സ് തയ്പ്പിച്ചു തന്നു. അന്നത്തെ പാന്റ്സ് കാണാൻ നല്ല രസമാണ്. അരഭാഗം ഇറുകിയും പാന്റ്സിന്റെ കാലുകൾ ആനക്കാലുപോലെയും കിടക്കും. ബെൽബോട്ടം എന്നാണ് സായിപ്പ് കനിഞ്ഞു തന്ന നാമം. പാന്റ്സ് ഒക്കെയിട്ടു കൊല്ലം ചെങ്കോട്ട റോഡിലൂടെ ഒരു വാടകസൈക്കിൾ എടുത്തു തെക്കോട്ടും വടക്കോട്ടും ഓടിച്ചു, ഞാൻ നാട്ടാരെ ഒക്കെ എന്റെ പാന്റ്സ് കാണിച്ചു. കൂടെ പഠിച്ച പെമ്പിള്ളേരുടെയും കൂട്ടുകാരുടെയും വീടിന്റെ അടുത്താകുമ്പോൾ അല്പം സ്റ്റൈലിൽ ആകും സൈക്കിൾ ഓടീര്. ഏതാണ്ട് ടാറിട്ട റോഡിലൂടെ ചേര പായുന്നതുപോലെ വളഞ്ഞും പുളഞ്ഞും ഒരു പോക്ക്. കൂട്ടത്തിൽ പുട്ടിനു പീരപോലെ മാളോരേ കേൾപ്പിക്കാൻ ഇടയ്‌ക്കിടെ ബെല്ലും അടിക്കും. ഞാൻ മേജർ ആയെന്ന് അവരൊക്കെ ഒന്നു കാണട്ടെ.
അവധിക്കാലം നല്ല രസമുള്ള കാലമാണ്. കാലത്ത് എഴുന്നേറ്റാൽ വൈകുന്നേരം വരെ ക്രിക്കറ്റ് കളിയാണ് പ്രധാന പരിപാടി . ഇടമൺ ഹൈസ്കൂളിന്റെ പുതിയ ഗ്രൗണ്ടിലാണ് കളി. അവധിക്കാലം ആണെങ്കിലും സ്കൂൾ ഓഫീസ് ഉള്ളതിനാൽ ഹെഡ്മാസ്റ്റർ മാത്യുസാറും ക്ലാർക്കും സ്കൂളിൽ കാണും. അവധി ആയതിനാൽ സാറിനും ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നതിന് പരിഭവം ഒന്നും ഇല്ല. അങ്ങനെ ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു. ഞാൻ ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ് പാസായി. എന്റെ ഗമ ഒരു 110ഡിഗ്രി കൂടി. അതെന്താണ് 110ന്റെ കണക്ക് എന്നല്ലേ ചോദ്യം. സാധാരണ കൂടുന്ന ഗമ 100 ഉം പത്താം ക്ലാസ്സ് ആയതിനാൽ ഒരു 10 ഡിഗ്രി കൂടുതലും. അന്നൊക്കെ പത്താം ക്ലാസ്സിൽ ഫസ്റ്റ് ക്ലാസ്സ് കിട്ടുക എന്നു വെച്ചാൽ ഇന്നു മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായ ഗമയാണ്. .
റിസൾട്ട് വന്നെങ്കിലും ക്രിക്കറ്റ് കളിക്ക് ഒന്നും ഒരു കുറവും വന്നില്ല. രാവിലെ കാപ്പികുടി കഴിഞ്ഞാൽ ഞങ്ങൾ സംഘമായി ഒരു ബാറ്റും തൂക്കി ഇറങ്ങും. ജോണിഅപ്പാപ്പൻ (ഇളയപ്പൻ) മസ്കറ്റിൽ നിന്ന് കൊണ്ടുവന്ന ഫോറിൻ കൈലിയും ടീഷർട്ടും ആയിരിക്കും മിക്കവാറും എന്റെ വേഷം. അന്നത്തെ ഗ്രാമങ്ങളിൽ അതൊക്കെ ഒരു സ്റ്റൈലാണ്, ഫോറിൻ കൈലിയും പളപളപ്പൻ ടീഷർട്ടും. ഫോറിൻ കൈലിയൊക്കെ അടിപൊളിയാണെങ്കിലും ഉടുത്താൽ അരയിൽ തന്നെ നിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. പോളിസ്റ്റർ തുണി ആയതിനാൽ ഊരി പോകാതിരിക്കാൻ ഒരു ചരടുവെച്ചു കെട്ടണം. ക്രിക്കറ്റ് കളിയുടെ കാര്യം പറഞ്ഞാൽ ഞാൻ കളിയിൽ ചൂത്തയാണ്. മിക്കവാറും സബ്സ്റ്റിറ്റ്യൂട്ട് ആയി ഓടാൻ ആയിരിക്കും എന്റെ വിധി. കപിൽദേവ് ലോകകപ്പ് ഒക്കെ ജയിച്ചു ഇന്ത്യ ക്രിക്കറ്റ് കളിയിൽ കത്തി നിൽക്കുന്ന സമയം അല്ലേ, സബ്സ്റ്റിറ്റ്യൂട്ട് എങ്കിൽ സബ്സ്റ്റിറ്റ്യൂട്ട്..
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഗ്രൗണ്ടിൽ നിന്ന് ക്രിക്കറ്റ് കളിക്കുന്നതു കണ്ട മാത്യൂ സാർ ജനലിലൂടെ എന്നെ കൈനീട്ടി വിളിച്ചു. കൈലിയും ഉടുത്തു കൊണ്ട് സാറിന്റെ അടുത്തു പോകാൻ മടിയാണെങ്കിലും എന്തെങ്കിലും കാര്യം കാണും എന്നു വിചാരിച്ചു മനസ്സില്ലാമനസ്സോടെ ഞാൻ ഓഫീസിലേക്ക് പോയി. സാറിനോടുള്ള ബഹുമാനത്തിൽ മടക്കികുത്തിയ കൈലി കുത്ത് ഒക്കെ അഴിച്ചു ഫുൾസൂട്ടിൽ മര്യാദ രാമനായി ഞാൻ ഓഫീസിൽ കയറി. പത്താം ക്ലാസ്സിന്റെ മാർക്കുലിസ്റ്റ് വന്നിട്ടുണ്ട് എന്നു സാർ വല്യകാര്യത്തിൽ പറഞ്ഞു. നേരത്തെ മാർക്ക് അറിഞ്ഞതിനാൽ എനിക്ക് വലിയ ടെൻഷൻ ഒന്നും തോന്നിയില്ല.
'' തനിക്ക് വേണമെങ്കിൽ ഒപ്പിട്ടു എസ്.എസ്.എൽ.സി ബുക്ക് വാങ്ങിക്കൊണ്ടു പോകാം. ''
സാർ പറഞ്ഞു. ഏതായാലും സാർ പറഞ്ഞതല്ലേ ബുക്ക് വാങ്ങിക്കളയാം എന്നു ഞാനും കരുതി. സാർ അലമാര തുറന്ന് എസ്.എസ്.എൽ.സ്സി ബുക്കുകളുടെ അടുക്ക് എടുത്തു എന്റെ ബുക്ക് തിരഞ്ഞു കണ്ടുപിടിച്ചു. എന്റെ മാർക്ക് ഒക്കെ മറിച്ചു നോക്കി ആഹാ..കുഴപ്പമില്ല,മിടുക്കൻ.. എന്നൊരു കമെന്റും പാസ്സാക്കി എന്നിട്ട് ഏതോ രജിസ്റ്റർ തുറന്ന് ഒപ്പിടാൻ പറഞ്ഞു. ഞാൻ ഒപ്പിട്ടശേഷം ബുക്കിനായി ഭവ്യതയോടെ നിന്നു.
‘’ആദ്യമായി പാസായ പരീക്ഷ അല്ലേ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു ബുക്ക് കൈയ്യിൽ വാങ്ങിച്ചോ..’’
എന്ന് സാർ എന്നോട് പറഞ്ഞു.
എസ്.എസ്.എൽ.സി ബുക്ക് കൈയ്യിലേക്ക് കിട്ടുന്നതിന് മുമ്പ് ഞാൻ ബഹുമാനം മൂത്തു സാറിന്റെ കാലിൽ തൊട്ടു തൊഴുതു അനുഗ്രഹം വാങ്ങാനായി കുനിഞ്ഞതും,അരയിലെ ഫോറിൻ കൈലി ചരടുമായുള്ള ബന്ധം വിട്ടു താഴേക്ക് പതിച്ചു. ബുക്ക് വാങ്ങാനായി നീട്ടിയ കൈകൾ ഷോക്കടിച്ചതുപോലെ കൈലിയുടെ പിന്നാലെ പാഞ്ഞു. നിലം വരെയെത്തിയ കൈലി സ്വസ്ഥാനത്ത് പ്രതിഷ്ഠിച്ചു ഞാൻ അറ്റെൻഷൻ ആയി. കണ്ടുനിന്ന ലേഡിക്ലാർക്കും സാറും ഗൗരവമൊക്കെ വെടിഞ്ഞു ചിരിച്ച ചിരി ഇപ്പോഴും ഓർക്കുമ്പോൾ, ഹൈടെൻഷൻ ലൈനിൽ ഇരുമ്പ് തോട്ടിയിട്ടു പിടിച്ചതുപോലെ ഒരു വിറയൽ പെരുവിരലിൽ നിന്നു മേലോട്ടു കയറും. എസ്.എസ്.എൽ.സി ബുക്കും വാങ്ങി ഞാൻ ഓടിയ വഴിയിൽ പിന്നീട് പുല്ല് പോലും മുളച്ചു കാണില്ല.
ഏതായാലും ഭാഗ്യം അല്ലെങ്കിൽ ഉടുമുണ്ട് ഇല്ലാതെ എസ്.എസ്.എൽ.സി ബുക്ക് കൈയ്യിൽ മേടിച്ച ലോകത്തെ ഏക വ്യക്തിയായി ഞാൻ ഗിന്നസ്സ് ബുക്കിൽ കയറിയേനെ.
പിൻ കുറിപ്പ് :
അടുത്തിടെ നാട്ടിൽ പോയപ്പോൾ പിള്ളേരുമായി ഹെഡ്മാസ്റ്റർ സാറിനെ കാണാൻ പോയിരുന്നു. മടങ്ങാൻ നേരം ഞാൻ സാറിന്റെ കാലിൽ തൊട്ടു തൊഴുതപ്പോൾ സാർ ചിരിച്ച ചിരിയുടെ അർത്ഥം എനിക്കും സാറിനും മാത്രമേ അന്നു മനസ്സിലായുള്ളൂ..

by: SamsonMathew

മൂക്ക് മാഫി അഥവാ എന്റെ ആദ്യ വിമാനയാത്രാ ചരിതം

No automatic alt text available.


കോഴിയ്ക്ക് എന്നു മാമു വരും എന്നു എന്റെ ചോദ്യം കേട്ടമ്പരന്നാകും അമ്മ നേരാങ്ങളയുടെ കൈയ്യും കാലും പിടിച്ചു എനിയ്ക്കു ഒരു വിസ ശരിയാക്കിയത്.പത്തിരുപത്തിമൂന്ന് കൊല്ലം മുമ്പ് ഗൾഫുകരൊക്കെകത്തി നിൽക്കുന്ന സമയം. ഇപ്പോൾ ഗൾഫുകാരെകണ്ടാൽ കൂപമണ്ഡുകങ്ങളെപ്പോലെ കരുതുന്ന ജനംഅന്നു ഗൾഫുകാരെ കണ്ടാൽ മുണ്ടഴിച്ചിട്ടുബഹുമാനിച്ചിരുന്ന കാലം. എനിയ്ക്കു ആകെ കേട്ടു പരിചയമുള്ള ഗൾഫിലെ സ്ഥലങ്ങൾ ദുബായ്,അബുദാബി, മസ്കറ്റ്, ദോഹ പിന്നെ സൗദിയിലെ ചില സ്ഥലങ്ങൾ. അതു നമ്മുടെ തിരുവനന്തപുരവും കൊല്ലവും കൊട്ടാരക്കരയും പുനലൂരും പോലെ അടുത്തടുത്ത സ്ഥലങ്ങൾ ആണ്‌ എന്നാണ് എന്റെ ധാരണ. എല്ലാം പേർഷ്യ അല്ലേ, അന്നൊക്കെ ഗൾഫ് എന്നു അധികംആരും ഉപയോഗിക്കാറില്ല. വിസ റെഡിയായി വന്നതോടെ വീട്ടിൽ ആകെ ഒരു പൊടിപൂരം.
എനിക്ക് ഒന്നുരണ്ടു പുതിയ ഡ്രെസ്സുകൾ തയിപ്പിച്ചു,കൊല്ലത്തു പോയി ബാറ്റയുടെ ഒരു ജോഡി സ്ലിപ്പോൻ ഷൂവാങ്ങി. അന്ന് എന്റെ ബന്ധത്തിൽ ഉള്ള മിക്കവാറും എല്ലാമുതിർന്ന ആണുങ്ങളും ഗൾഫിൽ ആണ്. അച്ചൻകുഞ്ഞ്കൊച്ചപ്പനാണ് കുടുംബത്തിൽ നിന്നു ആദ്യം ഗൾഫിൽപോയ ആൾ. മൂപ്പർ അവധിയ്ക്ക് വരുമ്പോൾകുടുംബത്തൊക്കെഉത്സവപ്രതീതിയാണ്.കുടുംബത്തിലുള്ള കുഞ്ഞുകുട്ടി പരാധീനങ്ങൾ എല്ലാം അവിടെ ഒത്തുചേരും. സ്കൂളിൽനിന്നു ലീവ് എടുത്തു അധ്യാപകരായ അപ്പനും അമ്മയുംഞങ്ങളെയും കൂട്ടി മൂപ്പരുടെ വീട്ടിലെത്തും. പിന്നെ കുറെ ദിവസത്തേക്ക് ആകെ ബഹളമാണ്.
ഗൾഫിൽ നിന്നു കൊണ്ടുവന്ന പെട്ടി പൊട്ടിക്കുന്നത്കാണാൻ എന്തായിരുന്നു രസം.ജപ്പാൻ സാരികൾ;ജോർജ്ജറ്റും ഷിഫോണും,പോളിസ്റ്റെർ ഷർട്ട്പീസുകൾ,പളപള മിന്നുന്നതും ഉടുത്താൽ അരയിൽനിൽക്കാതുമായ ഗൾഫ് ലുങ്കികൾ,കടുവാവരയൻടീഷർട്ടുകൾ, കടവാതിലിന്റെ രൂപമുള്ള വലിയ കൈയ്യുള്ള മാക്സി.. അങ്ങനെ പോകും തുണിത്തരങ്ങളുടെ ലിസ്റ്റ്.ഗൾഫുകാരാണ് മാക്സികൾകേരളത്തിൽ ആദ്യമായി ഇറക്കുമതി ചെയ്തത്.അതുപിന്നെ രൂപം മാറി നൈറ്റിയായികേരളീയസ്ത്രീകളുടെ ദേശിയവേഷം ആയി മാറി. പിന്നെ ലക്സ് സോപ്പ്, നിവിയാ ക്രീം, ബ്രൂട്ട് സ്പ്രേ, യാർഡലിപൌഡർ തുടങ്ങിയ സൗന്ദര്യവർദ്ധക സാധനങ്ങൾ.തീറ്റപണ്ടങ്ങളുടെ കണക്കെടുത്താൽ തിളങ്ങുന്നവർണ്ണകടലാസ് പൊതിഞ്ഞ ചോക്കലേറ്റുകൾ, പിസ്ത്ത,ബദാം, ഈത്തപ്പഴം, നിഡോ പാൽപ്പൊടി, ടാങ്ക് അങ്ങനെ രസമുകുളങ്ങൾക്ക് ബാന്റടി മേളം. കുടംബത്തിലെ പ്രായമുള്ളവർക്കായുള്ള കുണ്ടാമണ്ടികൾ കോടാലിതൈലം, മീശക്കാരൻ എണ്ണ, കടുവാപുരട്ടി(ടൈഗർ ബാം),കൊടുംചൂടൻ സ്പ്രേ(ഡീപ് ഹീറ്റ് ).
പിന്നെ അലുഗുലുത്ത് സാധനങ്ങൾ നഖംവെട്ടി, മുടീമ്മേ കുത്തി(ഹെയർ സ്ലൈഡ്), അമ്മച്ചിമാർക്കായിനേര്യതുമ്മേ കുത്തി(ബ്രോച്ച്), വെട്ടുപലക(കട്ടിംഗ് ബോർഡ്‌ ), ഹീറോ പേന, മണക്കുന്ന റബ്ബർ അങ്ങനെപോകും ലിസ്റ്റ്. ഇതെല്ലാം വീട്ടുകാർക്കും നാട്ടുകാർക്കുംവീതിച്ചു നൽകി കൊച്ചപ്പൻ ഒരു പരുവമാകും. ഇതൊക്കെകണ്ടുംകെട്ടും വളർന്ന എനിയ്ക്ക് ഗൾഫ് ഒരുമായാലോകമായിരുന്നു.
അങ്ങോട്ടുള്ള യാത്രയ്ക്കു എയർടിക്കറ്റ് ഒരു ബന്ധുവിനെ കൂട്ടി തിരുവനന്തപുരത്ത് പോയി എടുത്തു. തിരികെ വരുന്നവഴി തമ്പാനൂരിലെ ബുക്ക്‌ സ്റ്റാളിൽ നിന്നു ഒരുഅറബി-മലയാളം ഭാഷാസഹായി വാങ്ങി.പാതിരാത്രിയിൽ ഉറക്കമിളച്ചിരുന്നു ഫീ, മാഫി, കൈഫ് ഹാലക്ക്, ശുക്രാൻ തുടങ്ങിയ അറബിവാക്കുകൾഹൃദസ്ഥമാക്കി. പണ്ടാരാണ്ടു പറഞ്ഞപോലെ ഒരു ഗവണ്മെന്റ് ജോലി കിട്ടിയിട്ടുവേണം ഒന്നു ലീവ് എടുക്കാൻ,ഇനി ഗൾഫിലെത്തിയിട്ടു വേണം അറബിയിലൊക്കെ ഒന്നുവെച്ചു കാച്ചാൻ.. ഞാൻ ഒന്നാന്തരം ഈസ്റ്റ്മാൻ കളർസ്വപ്‌നങ്ങൾ കണ്ടുതുടങ്ങി.
വീട്ടിലാകട്ടെ തിരക്കോടുതിരക്ക്. കരിക്കലും പൊരിക്കലും ആകെ ജഗപൊക. എനിയ്ക്കും ബന്ധുക്കൾക്കുംഗൾഫിൽ കൊടുത്തുവിടാനുള്ള സാമഗ്രികൾഉണ്ടാക്കുന്ന മേളം. അമ്മയും അമ്മച്ചിയും ഭർത്താക്കന്മാർഗൾഫിൽ ഉള്ള അമ്മയുടെ അനുജത്തിമാരും ചേർന്നുഅച്ചാറുകളും നാടൻ പലഹാരങ്ങളുമൊക്കെറെഡിയാക്കി. അച്ചാറുകളുടെ ലിസ്റ്റ് എടുത്താൽ മീൻഅച്ചാർ, കടുമാങ്ങ അച്ചാർ, കണ്ണിമാങ്ങ അച്ചാർതുടങ്ങിയ ചുവന്നതും വെളുത്തതും ആയ കുറെ എണ്ണം.പിന്നെ ഇടിച്ചമ്മന്തി, പോത്തിറച്ചി വറത്തത്‌ അങ്ങനെ എണ്ണ ചേർത്തതും ചേർക്കാത്തതും ആയ കുറെസാധനങ്ങൾ. പിന്നെ അവലോസുപൊടി, അരിയുണ്ട,കുഴലപ്പം, ഉപ്പേരി തുടങ്ങിയ നാലുമണി പലഹാരങ്ങൾ.എല്ലാംകൂടി ഒരു പത്തുപതിനഞ്ചു കിലോ വരും. അതു കൂടാതെ എന്റെ സ്ഥാവരജംഗമ വസ്തുക്കൾ രാസ്നാദിപൊടി, കാച്ചിയ വെളിച്ചെണ്ണ,ചന്ദ്രികാസോപ്പ് തുടങ്ങിയവ.ഇവ എല്ലാംകൂടി കാർഡ്ബോർഡ്‌ പെട്ടിയിൽ അടുക്കിപ്ലാസ്റ്റിക് കയറുകൊണ്ട് വരിഞ്ഞുകെട്ടി നാട്ടിൽഅവധിയ്ക്കു വന്ന ഗൾഫുകാരനായ ബന്ധു റെഡിയാക്കിതന്നു. പിന്നെ ബാബുകൊച്ചപ്പൻ സമ്മാനമായി തന്നഎക്കോലാക്ക് ബ്രീഫ്കേയ്‌സിൽ അത്യാവശ്യംരണ്ടുമൂന്നു ജോഡി ഡ്രസ്സ്‌, ഈരേഴതോർത്ത് രണ്ടണ്ണം,കിറ്റക്സ് ലുങ്കി മൂന്നെണ്ണം, കൂടെ മറ്റു അസ്മാദികളും അങ്ങനെ ഹാൻഡ് ബാഗും റെഡി.
തിരുവനന്തപുരം എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾകൊച്ചപ്പനും ബന്ധുക്കളും കത്തിലൂടെ വിവരിച്ചു അറിയിച്ചതിനാൽ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. ആകെ കടുപ്പം ഇമിഗ്രേഷനിൽ ഉള്ള കാർക്കോടകർ മാത്രം.അന്നൊക്കെ യാത്രക്കാരെ പോലീസുമുറയിൽ ചോദ്യംചെയ്യുന്ന ഒരു വിവരവും ഇല്ലാത്ത ചില അല്പന്മാരെആയിരുന്നു ഇമിഗ്രേഷനിൽ ഇരുത്തിയിരുന്നത്. എടാ പോടാ എന്നുമാത്രമേ ആ സാറന്മാർ യാത്രക്കാരെസംബോധന ചെയ്യൂ, അടുത്തിടെയായി കാര്യങ്ങൾക്ക്ഒക്കെ മാറ്റം വന്നിട്ടുണ്ട്. ആദ്യമായി ഗൾഫിൽ പോകുന്നഒന്നുരണ്ടു പേരെ എയർപോർട്ടിൽ വെച്ചുപരിചയപ്പെട്ടതിനാലും തുല്യദുഖിതർ പരസ്പരംസഹായിക്കാൻ തയാറാകുന്നതിനാലും വല്യ ബുദ്ധിമുട്ട്പ്ലെയിനിൽ എത്തുന്നതുവരെ നേരിട്ടില്ല. അങ്ങനെ പരിചയപ്പെട്ടവർക്ക് ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നുദൂരെയാണ് സീറ്റ് കിട്ടിയത്. എന്റെ അടുത്ത സീറ്റിൽഫ്ലൈറ്റിൽ കയറിയതു മുതൽ ഉറക്കം തൂങ്ങുന്ന മധ്യതിരുവതാംകൂറുകാരനായ ഒരു അച്ചായൻ ആണ്ഇരിക്കുന്നത്, പാറ്റൺടാങ്ക് പോലത്തെ ഒരെണ്ണം. തലേന്നത്തെ ഹാങ്ങ്‌ഓവർ അയാളുടെ മുഖത്തുനിന്നുവായിച്ചെടുക്കാം. മൂപ്പരാകട്ടെ ഈ പ്ലെയിൻയാത്രയൊക്കെ തൃണസമം എന്ന മട്ടിൽ ആരെയുംമൈൻഡേ ചെയ്യുന്നില്ല. ഞാൻ ആശയോടെ ഇടയ്ക്കിടെമൂപ്പരെ നോക്കുന്നുണ്ട്.. ഫലം നാസ്തി. വിമാനം പുറപ്പെടുന്നതിന് മുമ്പ് മിനിസ്കേർട്ട് ഇട്ട ഒരു എയർഹോസ്റ്റസ് സുന്ദരി കുറെ സീറ്റുകൾക്ക് മുമ്പിൽവന്നുനിന്ന് മൈക്കിലൂടെ പറയുന്നതിന് അനുസരിച്ചുകുറെ കസർത്ത് കാണിച്ചു. എയ്‌റോപ്ലെയിൻവെള്ളത്തിൽ വീണാൽ എന്തുചെയ്യണം,ആകാശച്ചുഴിയിൽ വീണാൽ എന്തു ചെയ്യണം എന്നൊക്കെ. എന്റെ അമ്മേ.. ഇതൊക്കെ പറ്റിയാൽ ഈ കസർത്ത് ഒക്കെ ചെയ്യാൻ ആർക്കാണ് നേരം, കൈയ്യിൽകിട്ടുന്നതും എടുത്തുകൊണ്ട് സ്ഥലം കാലിയാക്കണം..അല്ല പിന്നെ..
ഒടുവിൽ പ്ലെയിൻ പൊങ്ങുന്നതിന് മുമ്പ് ധൂപകുറ്റിപോലുള്ള ഒരു സാധനം പിടിച്ചുകൊണ്ട് രണ്ടു പെണ്ണുങ്ങൾതലങ്ങും വിലങ്ങും ഓടി... എന്തെല്ലാം വിചിത്രമായആചാരങ്ങൾ. പ്ലെയിൻ വെഞ്ചരിക്കുന്നു.അടുത്തിരിക്കുന്ന അച്ചായനെ തട്ടിയുണർത്തി എന്താണ്സംഭവം എന്നു ചോദിച്ചപ്പോൾ
'ഓ അതു കൊതുകിനെ ഓടിക്കുന്നതാണ് കൊച്ചനെ..'
എന്നു മറുപടി. എന്റെ ദൈവമേ പ്ലെയിനിലുംകൊതുകോ..പിന്നെ കുറേക്കാലം കഴിഞ്ഞാണ്മനസ്സിലായത് എയർ റിഫ്രഷ്‌നെർ ആണ്‌ അവർഅടിക്കുന്നതെന്ന്. കുറെ കഴിഞ്ഞു പ്ലെയിൻ ഓടിയോടിഒറ്റ പൊങ്ങൽ, ഞാൻ കണ്ണും അടച്ചിരുന്നു തൊണ്ണൂറ്റിഒന്നാം സങ്കീർത്തനം അങ്ങുചൊല്ലി. കണ്ണുതുറന്നപ്പോഴേക്കും പ്ലെയിൻആകാശത്തെത്തിയിരുന്നു.
അല്പം കഴിഞ്ഞു എല്ലാം ഒന്നു ശാന്തം ആയപ്പോൾഎയർഹോസ്റ്റസ്സുമാർ ഒരു ട്രോളിയിൽ കുറെ പുഴുങ്ങിയതുണികളുമായി എത്തി. യാത്രക്കാർക്ക് ഓരോരുത്തർക്കും കൊടിൽ കൊണ്ട് ഓരോ പുഴുങ്ങിയതുണി കൈയിലേക്ക് ഇട്ടുകൊടുത്തു. ഇനി ഇതുകൊണ്ട് എന്താണാവോ പ്രയോഗം? , കൊച്ചപ്പന്റെ കത്തിൽഇതൊന്നും എഴുതിയിരുന്നില്ല.. ദുഷ്ടൻ. അടുത്തിരുന്നആൾക്കാർ എന്താണ് ചെയ്യുന്നതു എന്നു ഞാൻ നോക്കിയപ്പോൾ അവർ അതുകൊണ്ട് മുഖവും കൈയുംതുടയ്ക്കുന്നു. ഇപ്പോ പിടികിട്ടി.. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് വെള്ളം തൊടാതുള്ള പരിപാടി,ബാർബർ ഷാപ്പിലെ പോലെ. എയർഹോസ്റ്റസ് കിളവി തള്ള ഒരു ട്രേയുമായി എന്റെ അടുത്ത് എത്തി ചോദിച്ചു,
' വാട്ട്‌ ഡു യൂ വാണ്ട്‌? ഹോട്ട് ഓർ കോൾഡ് ? '
എന്റെ പൊന്നു തള്ളേ, വീട്ടിൽ നിന്നു ഇറങ്ങിയതിനുശേഷംതുള്ളിവെള്ളം കുടിച്ചില്ല. എനിക്കു കുറച്ചു ചൂടുവെള്ളംകിട്ടിയാൽ കൊള്ളായിരുന്നു.. ഐ വാണ്ട്‌ ഹോട്ട്, വെരി ഹോട്ട്.
തള്ള ചിരിച്ചുകൊണ്ട് പോയി അല്പസമയം കഴിഞ്ഞു ഒരു ഗ്ലാസിൽ വിസ്കിയും കുറെ ഐസുമായി എത്തി.
'അയ്യേ അമ്മച്ചി, ഞാൻ അത്തരക്കാരനല്ല, എനിക്കു വെറും ചൂടുവെള്ളം മതി തൊണ്ട നനയ്ക്കാൻ'
ഞാൻ അറിയാവുന്ന ഇംഗ്ലീഷിൽ വെച്ചു കാച്ചി. അന്നേരം ആ തള്ളയുടെ മുഖഭാവം ഒന്നു കാണണമായിരുന്നു,
'ബ്ലഡി കണ്ട്രി മല്ലു..ഇവൻ ഏതു കോത്താഴത്തുകാരൻ'
എന്ന ഭാവം.
ഈ ബഹളം ഒക്കെ കേട്ടു, അടുത്തു ഇരുന്ന ഉറക്കംതൂങ്ങി പാറ്റൻ ടാങ്ക് അച്ചായൻ കണ്ണടച്ചു തുറക്കുംമുമ്പ് ഗ്ലാസ്സ് തള്ളയുടെ കൈയ്യിൽ നിന്നു പിടിച്ചുവാങ്ങി ഉള്ളിലേക്ക്കമഴ്ത്തി. പിന്നെ ഭക്ഷണം വന്നു അതു കഴിച്ചവിധം വിവരിക്കുവാൻ ഒരു ബ്ലോഗ് പോസ്റ്റ്‌ തന്നെവേണമെന്നതിനാൽ ഇവിടെ വിവരിക്കുന്നില്ല. ഭക്ഷണം ഒക്കെ കഴിച്ചു പ്ലെയിനിൽ ലൈറ്റ് ഓഫ്‌ ചെയ്തു,എല്ലാവരും ഉറക്കമായി.
ഞാനുണ്ടോ ഉറങ്ങുന്നു, പ്ലെയിനിന്റെ വിൻഡോയിലൂടെപുറത്തേക്ക് നോക്കിയപ്പോൾ ഇരുട്ടും മേഘങ്ങളുംമാത്രം.പ്ലെയിനിന്റെ ചിറകിലെ ലൈറ്റ് ഇടയ്ക്കിടെ മിന്നുന്നു. കാറിലെപ്പോലെ വഴികാണാൻ പ്ലെയിനുംഹെഡ്ലൈറ്റും മറ്റും ഉണ്ടോ ആവോ?. ഗൾഫിൽഎത്തിയിട്ടു വേണം കൊച്ചപ്പനോട് വിശദമായിചോദിക്കാൻ. അങ്ങനെ ചിന്തിച്ചിരുന്നു ഞാൻമയങ്ങിപ്പോയി. ഒടുവിൽ ഒരു കുലുക്കം കേട്ടാണ് ഞാൻഉണരുന്നത്. മൈക്കിലൂടെ അനൗൻസ്മെന്റ് വന്നു,പ്ലെയിൻ അബുദാബി എയർപോർട്ടിൽ എത്തി.
നല്ല ചൂട് സമയത്താണ് ഞാൻ അബുദാബിയിൽ പ്ലെയിൻഇറങ്ങുന്നത്. എയ്‌റോബ്രിഡ്ജിലൂടെ പുറത്തേക്ക് നടക്കുമ്പോഴാണ് ഗൾഫിലെ ചൂട് എന്റെ മുഖത്ത്അടിയ്ക്കുന്നത്. എന്റെ അമ്മേ.. വറചട്ടിയിൽവീണപോലെ. ഗൾഫുകാരായ എന്റെ ബന്ധുക്കൾഗൾഫിൽ അപ്പോൾ കൊടുംചൂടാണ് എന്നുപറഞ്ഞിരുന്നങ്കിലും ഇത്രയും ചൂട് ഞാൻപ്രതീക്ഷിച്ചിരുന്നില്ല. പ്ലെയിൻ ഇറങ്ങി ഇമിഗ്രേഷൻകൌണ്ടറിൽ എത്തുന്നതിനുമുമ്പ് എന്റെ കൂടെ വന്ന കുറേ മലയാളികൾ ഓട്ടം തുടങ്ങി. ഞാൻ വിചാരിച്ചത് ഇമിഗ്രേഷൻ കൌണ്ടറിലെ ക്യൂവിൽ മുമ്പിൽ നിൽക്കാൻആയിരിയ്ക്കും ഈ ഓട്ടമെന്നാണ്. പിന്നീട് ആണ് മനസ്സിലായത് ഡ്യൂട്ടിഫ്രീ യിൽ നിന്ന് 'വാട്ടീസ് ' വാങ്ങാനുള്ള ആക്രാന്തം ആണ് ആ കാട്ടണതെന്ന്. ഇമിഗ്രേഷൻകൌണ്ടറിൽ ഇരുന്ന അറബിപ്പെണ്ണ് പണി എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ചായകുടിക്കാനും ലാൻഡ് ഫോണിൽ ആരോടോ കത്തിവെയ്ക്കാനുമാണ് സമയം ചിലവഴിക്കുന്നത്.മൊബൈൽഫോണൊന്നും അന്ന് ഗൾഫിലെത്തിയിട്ടില്ല,അല്ലെങ്കിൽ രാവിലെ തുടങ്ങിയ ക്യൂനിൽക്കൽ വൈകിട്ട്വരെ നീണ്ടേനെ.
ഇമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ ലഗേജ്വരുന്ന കൺവയറിന്റെ അടുത്തുപോയി നിലയുറപ്പിച്ചു.മറ്റു മലയാളികളും ആകാംഷയോടെ തങ്ങളുടെ കാർഡ്ബോർഡ്‌ പെട്ടികൾ വരുന്നതുകാത്തിരിയ്ക്കുകയാണ്. അന്നൊക്കെ സ്യൂട്ട്കേസിലോ പ്ലാസ്റ്റിക് പെട്ടികളിലോ സാധനങ്ങൾ ഒക്കെ ഗൾഫിലേക്ക്കൊണ്ടുവരുന്ന മലയാളികൾ കുറവ്. അതിനൊരു കാരണമായി എനിക്കു തോന്നിയത് ഗൾഫിൽനിന്നുനാട്ടിൽ എത്തുന്ന മലയാളി അടിച്ചുപൊളിച്ചു ഒടുവിൽപെട്ടിവരെ പണയം വച്ചിട്ടാകും അന്നൊക്കെ തിരികെഗൾഫിലെത്തുന്നത്. കാത്തിരുന്നു കണ്ണുകഴച്ചപ്പോഴാണ് എന്റെ കാർഡ് ബോർഡ്‌ പെട്ടി കുണുങ്ങികുണുങ്ങി,പെണ്ണുകാണലിന് പെണ്ണെത്തുന്നതുപോലെ മന്ദംമന്ദം എത്തുന്നത്. പെട്ടി കിട്ടിയ സന്തോഷത്തിൽ ഞാൻസർവ്വശക്തിയും എടുത്തു പെട്ടി വലിച്ചു ട്രോളിയിലാക്കി,അതുമായി മുമ്പോട്ടു നീങ്ങി. അപ്പോഴതാ അവിടെ ഇതൊക്കെ നോക്കി നിന്ന അറബി പോലീസുകാരൻഉച്ചത്തിൽ എന്നോട് എന്തോ പറഞ്ഞു. തെറിയാണ് എന്നു അയാളുടെ മുഖഭാവം കൊണ്ടു മനസ്സിലായി. ഞാൻഅമ്പരന്നു നിന്നപ്പോൾ അയാൾ ട്രോളിയിൽപിടിച്ചുകൊണ്ടു വീണ്ടും ഒച്ചയിട്ടു.
' കുല്ലു മലബാറി മൂക്ക് മാഫി '
സംഭവം ഇങ്ങനെ എന്റെ കാർഡ് ബോർഡ്‌ പെട്ടിയിൽനിന്നു അച്ചാർ പുറത്തേക്ക് പൊട്ടിയൊലിച്ചു നല്ല വെള്ളമാർബിൾ തറയിൽ ചോരക്കറ പിടിച്ചതുപോലെകിടക്കുന്നു. അറബിപോലീസിനു അത് കണ്ടു കലികയറി. ഞാൻ പെട്ടി എടുത്തുവെച്ച ഇടംമുതൽതറയിൽ ചോരത്തുള്ളികൾ, കടുമാങ്ങഅച്ചാറോ മറ്റോ പൊട്ടിയത് ആകും. ഇതൊന്നും വെപ്രാളത്തിൽ ഞാൻഅറിയുന്നില്ല. അയാൾ എന്താണ് പറയുന്നത്.. ഞാൻഭാഷാസഹായിയിൽ പഠിച്ച അറബിവാക്കുകൾ ഒക്കെമനസ്സിലിട്ടു സ്കാൻ ചെയ്തു നോക്കി.
കുല്ലു- എന്താണാവോ അർത്ഥം കിട്ടിയില്ല.
മലബാറി- കിട്ടി.. മലയാളികൾക്ക് അറബികൾ ഇട്ടഓമനപ്പേര്.
മൂക്ക് - സ്കാനിങ്ങിൽ ഒന്നും തെളിഞ്ഞില്ല..നമ്മുടെസാക്ഷാൽ മൂക്ക് തന്നെയാകും അറബി മലയാളം സെയിംസെയിം..നമ്മുടെ മുത്തച്ഛന്മാരുടെ കാലം തൊട്ടുതുടങ്ങിയതല്ലേ അറബികളുമായിട്ടുള്ള ബന്ധം.
മാഫി- ഇല്ല എന്നാണെന്ന് പിടികിട്ടി.
ഇപ്പോ കാര്യം പിടികിട്ടി.. എന്റെ മൂക്കിന് എന്തോ പ്രശ്നമുണ്ട്... മൂക്കവിടെ ഇല്ലയോ ഞാൻ തപ്പിനോക്കി..അതവിടെ തന്നെയുണ്ട്. പിന്നെ എന്താണ് പ്രശ്നം, ഞാൻകുഴങ്ങി. 'എനിച്ചു മൻസ്സിലായില്ല ' എന്നു നാടൻ മലബാറി ഇംഗ്ലീഷിൽ ഞാൻ വെച്ചുകാച്ചി.
ഞാൻ പറഞ്ഞ ഓക്സ്ഫോർഡ് ഇംഗ്ലീഷ് അറബിയ്ക്കു മനസ്സിലായില്ല. അയാൾ ' ഷൂ , ഷൂ ' എന്നു കത്തുകയാണ്.
ഓ ഇപ്പം പിടികിട്ടി. എന്റെ ഷൂ ആണ് പ്രശ്നം. എന്റെ പുതിയ ബാറ്റാ ഷൂവിനു എന്തോ പ്രശ്നമുണ്ട്. അതിൽഇനി വല്ല കള്ളകടത്തു സാധനവും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും എന്നാകും അറബി പോലീസ് കരുതുന്നത്.
'എന്റെ പൊന്നു അറബി ഞാൻ കള്ളകടത്തുകാരനല്ല,ഒരു പാവം മല്യാളി.. എന്നെ സംശയിക്കേണ്ട '..
ഞാൻ മനസ്സിൽ പറഞ്ഞു. ഇനി പ്രശ്നമാകേണ്ട എന്നു കരുതി ഷൂ ഊരി അയാളുടെ കൈയ്യിൽ വെച്ചുകൊടുത്തു. പിന്നെ എവിടെ നിന്നോ ഒരു കൈ എന്റെ മൂക്കിന്റെ ഭാഗത്തേക്ക് 80 മൈൽ സ്പീഡിൽ വരുന്നതുമാത്രമേ ഓർമ്മയുള്ളൂ.. ബാക്കി ഒന്നും ഓർമ്മയില്ല എന്റെസാറെ...
വാൽകഷ്ണം :
ഇപ്പോ പിന്നെ അറബിയുടെ വായിൽ നിന്നു ദിവസവുംഎന്നെ മൂക്ക് മാഫി, മൂക്ക് മാഫി എന്നു വിളിക്കുന്നതു കേട്ടു കേട്ടു അതൊരു ശീലമായി.. മാർസലാം.
അറബി വാക്കുകൾ :
* മൂക്ക് - വിവരം / ബുദ്ധി
* കുല്ലു മലബാറി മൂക്ക് മാഫി - മൊത്തം മലയാളിയ്ക്കും വിവരമില്ല/ ബുദ്ധിയില്ല.
* ഷൂ - എന്താണ്
* മാർസലാം - വീണ്ടും കാണാം

By Samson Mathew

കീടേ കാ ഗോലി

Image may contain: Samson Mathew, smiling

ഒരു പ്രവാസി ഫാർമസിസ്റ്റിന്റെ ജീവിതാനുഭവങ്ങൾ
********************
കീടേ കാ ഗോലി
*****************
ഗൾഫിൽ ജോലി തേടിയെത്തിയ സമയം. രണ്ടു ജോഡി കുപ്പായങ്ങളും കാലിൽ നെടുകെ വെടിച്ചു തുടങ്ങിയ ഒരു ആക്ഷൻ ഷൂവും കൂടെ ഗൾഫുകാരനായ ബാബുകൊച്ചപ്പൻ സമ്മാനമായി തന്ന എക്കോലാക് പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ച ഫാർമസി സർട്ടിഫിക്കേറ്റും കൊണ്ട് ഗൾഫിലേക്ക് കുടിയേറിയവൻ ആയിരുന്നു ഞാൻ. ഗൾഫിൽ ഫാർമസി പണിയ്ക്കു നല്ല ചാൻസ് ആണെന്ന് നാട്ടിൽ നിൽക്കുമ്പോൾ ആരൊക്കെയോ പറഞ്ഞു പിരികേറ്റി എന്നെ പ്ലെയിൻ കയറ്റി. നാട്ടിൽ ഫാർമസിസ്റ്റ് എന്ന ഓമനപ്പേരുള്ള പഴയ കമ്പോണ്ടർ പണിയ്ക്കു എന്നെ പ്രേരിപ്പിച്ചത് കളറുവെള്ളങ്ങളായിരുന്നു; തെറ്റിദ്ധരിയ്‌ക്കേണ്ട ഞാൻ ചെറിയ പ്രായത്തിൽ പുനലൂർ ഗവൺമെൻറ് ആശുപത്രിയുടെ മുമ്പിലൂടെ കടന്നുപോകുമ്പോൾ കണ്ടിരുന്ന ഒരു കാഴ്ചയായിരുന്നു.
ആശുപത്രിയുടെ ഗെയിറ്റിനരികെയുള്ള പഴയ ഓടിട്ട കെട്ടിടത്തിന്റെ വരാന്തയിൽ കൂടിനിൽക്കുന്ന രോഗികൾ.വരാന്തയിലെ ജനലിനരികെ നിരത്തി വെച്ചിരിയ്ക്കുന്ന ഭീമൻ ഗ്ലാസ് കുപ്പികൾ. അതിൽ നിറയെ കളർ വെള്ളങ്ങൾ, ചുമപ്പും പച്ചയും മഞ്ഞയും പിന്നെ കുമ്മായം കലക്കി വെച്ചപോലെ തോന്നിപ്പിക്കുന്ന നിറത്തിലുള്ള ഒരെണ്ണം. അത് കാർമിനേറ്റിവ് മിക്ച്ചർ ആണെന്ന് മനസ്സിലായത് പിന്നീട് ഫാർമസി പഠിച്ചപ്പോഴാണ്; നാട്ടാർക്ക് ഗ്യാസിനുള്ള മരുന്ന്.. ജനലിനരികെ ദിവാൻ പേഷ്‌കാരുടെ ഗമയിൽ ഒരു വെള്ള കുപ്പായക്കാരനും സഹായിയും. സഹായി പേരു വിളിക്കുന്നതിനനുസരിച്ചു വെള്ളകുപ്പായക്കാരൻ കുപ്പിയിലെ അടിയിലെ ചോർപ്പു തുറന്നു രോഗികൾ കൊണ്ടുവരുന്ന കുപ്പിയിലേക്ക് കളർ വെള്ളങ്ങൾ പകരും.കളർ വെള്ളങ്ങൾ തമ്മിൽ ചേർക്കുന്ന ജാലവിദ്യ വെള്ളകുപ്പായക്കാരനു മാത്രമേ അറിയൂ..രസമുള്ള കാഴ്ച്ച. നിറങ്ങൾ മാറിമാറി വരും.എന്തൊരു പവ്വറാണ് വെള്ളകുപ്പായക്കാരൻ കമ്പോണ്ടർക്ക്‌. കുപ്പിയിൽ മരുന്ന് വാങ്ങി താണുതൊഴുതു പോകുന്ന രോഗികൾ. ചുരുക്കം ചിലർ സഹായിയുടെ കൈയ്യിൽ ഒരു പൊതി കൊടുക്കുന്നത് കാണാം, കൈമടക്കാണ് വെള്ള കുപ്പായക്കാരനും സഹായിക്കും. ആ മൂന്നാല് മിശ്രിതങ്ങൾ കൊണ്ടു അന്നത്തെ മിക്കരോഗങ്ങളും പമ്പ കടന്നിരുന്നു. അന്നത്തെ എന്റെ മോഹം ആ വെള്ളകുപ്പായക്കാരനെപ്പോലെ ഒരു കമ്പോണ്ടർ ആകണമെന്നായിരുന്നു. ഞാൻ മുതിർന്നപ്പോൾ ഇത്തരം കമ്പോണ്ടറുമാരൊക്കെ ഹോസ്പിറ്റലിൽ നിന്ന് അപ്രത്യക്ഷമായി, പകരം ഫാർമസിസ്റ്റ് എന്ന വിളിപ്പേരിൽ ഗ്ലോറിഫൈഡ് കമ്പോണ്ടറുമാർ നിലവിൽ വന്നു.
ഗൾഫിലെ ഫാർമസികൾ ഒരു പ്രത്യേക ലോകമാണ്. അവ നമ്മുടെ നാട്ടിലെ മെഡിക്കൽ സ്റ്റോർ പോലെയായിരിയ്ക്കും എന്ന ധാരണയോടെ ഗൾഫിൽ എത്തിയ എന്നെ കാത്തിരുന്നത് ഒരു വിചിത്ര ലോകമാണ്.ഫാർമസിസ്റ്റുകൾക്ക് പൊതുവെ അറബികൾ 'ദോക്തുർ' എന്ന വിളിപ്പേര് ആണ് നല്കിയിരിയ്ക്കുന്നത് .അവരെ സംബന്ധിച്ചടത്തോളം ഫാർമസിസ്റ്റ് ഒക്കെ ഡോക്ടറോളം ബഹുമാനമുള്ള പദവിയാണ്. 1990 കളുടെ അവസാനകാലത്ത് ഞാൻ ഗൾഫിൽ എത്തുമ്പോൾ ഫാർമസികൾക്ക് ഒരു ചെറിയ ക്ലിനിക്കിന്‍റെ ഗെറ്റപ്പ് ആണ്.മിക്കവാറും താഴ്ന്ന ജോലികൾ ചെയ്യുന്ന എല്ലാ രാജ്യക്കാരും അവർക്ക് ഒരു ചെറിയ രോഗം വന്നാൽ ഓടിച്ചെല്ലുക ഫാർമസിയിലേക്കാണ്. ഡോക്ടറെ ഒക്കെ കാണണമെങ്കിൽ വല്യ മിനക്കേടും കാശുചിലവുമാണ്.നാട്ടിലെ കുടുംബത്തെ പോറ്റുവാൻ മരുഭൂമിയിൽ കിടന്നു പാടുപെടുന്നവർക്ക് എവിടെയാണ് അതിനൊക്കെ സമയം.പ്രത്യേകിച്ചു വല്യപഠിപ്പില്ലാത്ത ബംഗാളികൾക്കും പാക്കിസ്ഥാനികൾക്കും ഫാർമസിസ്റ്റുകൾ കൺകണ്ട ദൈവങ്ങളാണ്. ' ഡോക്ടർ സാബ്, മുച്ചേ ബുക്കാർ ( പനിയാണ്) ഹെ, കാസി (ചുമയാണ്) ഹേ ' അങ്ങനെ നൂറുകൂട്ടം പരാതികൾ. ഹിന്ദിയുടെയും അറബിയുടെയും ഏബിസിഡി അറിയാത്ത ഞാൻ ചുരുങ്ങിയ സമയം കൊണ്ടു അൽപസ്വൽപം ഹിന്ദിയും അറബിയും ഒക്കെ പഠിച്ചു ഒരു മുറിഡോക്ടർ ആയി മാറി.
ഗൾഫിലെ ഫാർമസി കസ്റ്റമേഴ്സ് വിവിധ തരമാണ്. ഏറ്റവും സംശയാലുക്കൾ ആരെന്നു ചോദിച്ചാൽ നമ്മ മലയാളികൾ തന്നെ. അവർ എല്ലാറ്റിനേയും സംശയദൃഷ്ടിയോടെ കാണുകയുള്ളു. മിക്കവാറും ഫാർമസിയിൽ എത്തുക നാട്ടിൽ നിന്ന് കൊണ്ടുവന്ന മരുന്നുകെട്ടുമായിരിയ്ക്കും. അതൊക്കെയും നമ്മുടെ മുമ്പിൽ കുടഞ്ഞിടും പിന്നെ ഓരോന്നും എടുത്ത് ഏതു രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കാനാണെന്നതും അതു കഴിച്ചാലുള്ള സൈഡ് ഇഫക്റ്റ് എന്താണെന്നും പറഞ്ഞുകൊടുത്താൽ മാത്രമേ അവർക്ക് തൃപ്തിയാകുകയുള്ളു. മലയാളികൾക്ക് മരുന്ന് ഉപയോഗിക്കുന്നതിനേക്കാൾ മുമ്പേ അറിയേണ്ടത് അവയ്ക്ക് സൈഡ് ഇഫക്റ്റ് ഉണ്ടോ എന്നാണ്. ഒടുവിൽ കൺസൾട്ടേഷൻ എല്ലാം കഴിഞ്ഞു എന്തെങ്കിലും മരുന്നുവാങ്ങും എന്നു വിചാരിച്ചു അകത്തു കണ്ണും നട്ടിരിയ്ക്കുന്ന സിറിയക്കാരൻ ഫാർമസി ഉടമയിൽ നിന്ന് മിക്കവാറും ചീത്ത കേൾക്കാനാകും എന്‍റെ വിധി. അവന്റെ ഭാഷയിൽ 'കുല്ലു മലബാറി കഞ്ചൂസ് '.
ഫാർമസിയിൽ വന്നു കച്ചട ഉണ്ടാക്കുന്നവരിൽ മുമ്പരാണ് മിസറികളും( ഈജിപ്ഷ്യൻസ്) ഫലസ്തീനികളും. ഇവന്മാരിൽ ആരോട് ചോദിച്ചാലും ഒന്നുകിൽ മൊഹന്തിസ്( എഞ്ചിനീയർ) അല്ലെങ്കിൽ ദോക്തുർ( ഡോക്ടർ) ആണെന്നേ പറയൂ. ഗൾഫിലേക്ക് വണ്ടി കയറുന്നതിനുമുമ്പ് അവർ തീരുമാനിയ്ക്കും ഏതു സർട്ടിഫിക്കറ്റ് വേണമെന്ന്. എന്തൊരു തലക്കനമുള്ള കൂട്ടർ.ഏഷ്യക്കാരെല്ലാം അവരുടെ അടിമകൾ ആണെന്നാണ് ഭാവം.ഫാർമസിയിൽ കയറിയാൽ സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടു ഒടുവിൽ ' വാജിത് ഗാലി ' (വലിയ വിലയാണ് ) എന്നൊരു കമന്റും പാസ്സാക്കി അവർ പൊടിതട്ടി സ്ഥലം കാലിയാക്കും.
അടുത്ത കൂട്ടർ പച്ചകൾ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന പട്ടാണികൾ ആണ്. നല്ല പൊക്കവും അതിനൊത്ത തൂക്കവും ഉള്ള പഹയന്മാർ. നടപ്പും ഭാവവും കണ്ടാൽ നല്ല ശക്തരാണ് എന്നു തോന്നും. എന്നാൽ അവന്മാർക്ക് ' താക്കത്ത് ' ( ശക്തി ) തീരെയില്ല എന്നാണ് തോന്നുന്നത്. ഫാർമസിയിൽ വന്നാൽ നീട്ടി ഒരു ചോദ്യം 'ഡോക്ടർ സാബ് , താക്കത്ത് കാ ഗോലി ഹേ 'മനസ്സിലായില്ലേ 'ശക്തിമരുന്ന്' ഉണ്ടോ എന്ന്.. ഈ കൂട്ടർക്കു അടുത്തതായി വേണ്ട മരുന്ന് ' ദാന്ത് കാ ദവാ'.. പല്ലുവേദനയ്ക്കുള്ള മരുന്ന്. കൂട്ടത്തിൽ ഒരുത്തനും പല്ലു തേക്കുകയില്ല. എല്ലാവരും നമ്മുടെ നാട്ടിലെ വേപ്പിൻ കമ്പുപോലുള്ള ഒരു സാധനം കൊണ്ടു പല്ലിലിട്ടു ഉരയ്ക്കും. അതാണ് അവരുടെ പല്ലുതേപ്പ്.
ഗൾഫിൽ ഒരു തവണയെങ്കിലും ജോലിചെയ്തവർ ബംഗാളിമാമുമാരെ മറക്കുകയില്ല. ബംഗാളികൾ തമ്മിൽ മാമു എന്നാണ് വിളിയ്ക്കുക. ഇവന്മാർ ഫാർമസിയിൽ വന്നാൽ ആദ്യം ചോദിക്കുക ' കീടേ കാ ഗോലി ' യാണ്. വിരശല്യം ആണ് ഇവന്മാർക്കുള്ള പ്രധാനരോഗം. കീടേ കാ ഗോലി ശാപ്പിടണമെങ്കിൽ ഇവർക്ക് പഞ്ചസാര നിർബന്ധമാണ്. വയറ്റിൽ ഒളിച്ചിരിയ്ക്കുന്ന കീടങ്ങളെ ഇവന്മാർ പഞ്ചസാര കൊടുത്തു പുറത്തിറക്കും, പിന്നെ വിരമരുന്നിന്‍റെ പണി എളുപ്പമാണല്ലോ. മീൻ ചോറുപോലെ തിന്നുന്ന ബംഗാളികൾക്ക് വേണ്ടുന്ന അടുത്ത സാധനം ചൊറിച്ചിലിനുള്ള മരുന്നാണ്. അയലയും ചൂരയുമൊക്കെ വാരിക്കോരി തിന്നു ദേഹം ചൊരിഞ്ഞു തടിച്ചാകും മിക്കപ്പോഴും മാമു മരുന്ന് കടയിൽ എത്തുക . ' കാരിഷ് ക ഗോലി ' ( ചൊറിച്ചിൽ മരുന്ന് ) ഉണ്ടെങ്കിൽ പിന്നെന്തു പേടിയ്ക്കാൻ?..
സത്യം പറഞ്ഞാൽ എന്‍റെ തൊഴിലിൽ എനിയ്ക്ക് ആദ്യമായി കിട്ടുന്ന അഭിനന്ദനം ഒരു പൂച്ചയെ ചികിൽസിച്ചതിനാണ്. സംഭവം ഇങ്ങനെ, ഒരു ദിവസം ഞാൻ നൈറ്റ് ഡ്യൂട്ടിയിലാണ്. രാത്രി ഒരു മണി ആയിക്കാണും. ഒരു തടിയൻ അറബി കരഞ്ഞുകൊണ്ട് ഫാർമസിയുടെ വാതിൽ തുറന്നു അകത്തേക്ക് വന്നു.അവന്‍റെ കൈയ്യിൽ എന്തോ ഒരു വെളുത്ത പഞ്ഞിക്കെട്ടുപോലെ ഒരു സാധനം.സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അത് ഒരു തടിയൻ പൂച്ചയാണ് എന്ന് മനസ്സിലായത്. വളർത്തുപൂച്ചയുടെ വാലിൽ നിന്ന് ചോര ഒലിയ്ക്കുന്നുണ്ട്‌. മറ്റേതോ പൂച്ച കടിച്ചതാണ് എന്ന് തോന്നുന്നു. അയാൾ നിറുത്താതെ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് പൂച്ചയുടെ വാലിൽ തടവുന്നുണ്ട്. അറബിയ്ക്ക് പൂച്ചയുടെ മുറിവിൽ മരുന്ന് വെച്ചു കിട്ടണം.ഫാർമസിയിൽ മൃഗങ്ങൾക്ക് ഉള്ള മരുന്നുകൾ ഇല്ല എന്ന് എത്ര പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ല. ഒടുവിൽ സഹികെട്ടു ഞാൻ പൂച്ചയുടെ വാലിൽ മരുന്നു വെച്ചുകെട്ടി. കൂടാതെ അയാളുടെ കൈയ്യിൽ ഒരു ആന്റിബയോട്ടിക് സിറപ്പും കൊടുത്തു. പൂച്ചയ്ക്ക് മൂന്നുനേരം വീതം കൊടുക്കുവാൻ..അയാൾക്ക്‌ ഒരു പണി കൊടുക്കണമല്ലോ? . കൃത്യം രണ്ട് ആഴ്‌ച കഴിഞ്ഞുകാണും. ഒരു രാവിലെ അറബിയും പൂച്ചയും ഫാർമസിയുടെ മുമ്പിൽ ഹാജർ.
' ദോക്തുർ ഇന്ദ വാജിത് തമാം ( ഡോക്‌ടർ നീ സൂപ്പർ ) '
എന്ന് പറഞ്ഞുകൊണ്ട് അയാൾ എന്‍റെ പോക്കറ്റിലേക്ക് ഒരു അഞ്ഞൂറ് ദിർഹത്തിന്‍റെ നോട്ട് ഇട്ടുതന്നു. എന്‍റെ സംശയം അയാൾ എങ്ങനെ ആ പൂച്ചയെ ആന്റിബയോട്ടിക് സിറപ്പ് കുടിപ്പിച്ചു കാണും?.
'ഹായ് പ്രണ്ട്' എന്നുവിളിച്ചുകൊണ്ട് ഫാർമസിയിലേക്ക് വരുന്ന ഫിലിപ്പനികൾ ഒരു പ്രത്യേക വർഗ്ഗമാണ്. അവരുടെ ഭാഷയിൽ 'ഫ' എന്ന ലെറ്റർ ഇല്ല എല്ലാറ്റിനും 'പ' മാത്രം. വിറ്റാമിനുകളും പവർ ഫോർമുലകളും ആണ് അവരുടെ ഇഷ്ട ഐറ്റങ്ങൾ. മേലെ ആകാശം , കീഴെ ഭൂമി വീണേടം വിഷ്ണുലോകം എന്നതാണ് അവരുടെ രീതി. എല്ലാ ഫിലിപ്പിനി ചുള്ളന്മാർക്കും കാണും രണ്ടുംമൂന്നും ഗേൾഫ്രണ്ടുകൾ. മിക്കവാറും എല്ലാവരും ഇംഗ്ലീഷ് ഭാഷ ഒക്കെ നന്നായി വെച്ചു കീച്ചും. ഇംഗ്ലീഷ് ഭാഷ ഒട്ടുംപിടിയില്ലാത്തവർ ചൈനക്കാർ തന്നെ. അവരെ കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടാണ്. ഒരിയ്‌ക്കൽ ഒരു ചൈനക്കാരൻ അവന്‍റെ അമ്മൂമ്മയ്ക്ക് വായുഗുളിക മേടിക്കുവാൻ എന്ന വെപ്രാളത്തിൽ ഫാർമസിയുടെ ഡോർ തള്ളിത്തുറന്ന് അകത്തേക്ക് ചാടിവീണു. അവനു വേണ്ടത് ' കീണ്ടം ' എന്ന സാധനമാണ്. ഞാൻ എത്ര ആലോചിച്ചിട്ടും അവനു എന്താണ് വേണ്ടതെന്ന് ഒട്ടും പിടികിട്ടിയില്ല. ഞാൻ ബേബിഫുഡ് മുതൽ കാലേൽ ഉരയ്ക്കുന്ന ബ്രഷ് വരെ എടുത്തു കാണിച്ചു നോക്കി. രക്ഷയില്ല , അവൻ ആകട്ടെ എനിയ്ക്കു മനസ്സിലാക്കുവാൻ കസ്റ്റമർക്ക് മരുന്ന് ഇട്ടുകൊടുക്കുന്ന ഒരു പ്ലാസ്റ്റിക് കവർ എടുത്തു വീർപ്പിച്ചു കാണിച്ചു. എന്നിട്ടു അവൻ രണ്ടുകൈയ്യും കൊണ്ട് അത് കുത്തിപ്പൊട്ടിച്ചു. ട്ടേ..... എനിയ്ക്ക് കാര്യം പിടികിട്ടി,ബലൂൺ.. . അവന്‍റെ കുട്ടിയ്ക്ക് കളിയ്ക്കുവാൻ ബലൂൺ തേടിയിറങ്ങിയതായിരിയ്ക്കും.. ഞാൻ പുറത്തെ സൂപ്പർമാർക്കറ്റിലേക്ക് കൈചൂണ്ടി അവിടെ ബലൂൺ കിട്ടും എന്ന് ആ പൊട്ടനോട് പറഞ്ഞു. അവൻ ചൈനാഭാഷയിൽ എന്തോ തെറിപറഞ്ഞുകൊണ്ട് വീണ്ടും ഫാർമസിയിൽ പരതി പരതി നടന്നു. ഒടുവിൽ മൂപ്പർ തന്നെ ഐറ്റം തപ്പിപ്പിടിച്ചു എടുത്തു .അപ്പഴല്ലേ സാധനം മനസ്സിലായത് ..സാക്ഷാൽ കോണ്ടം.
ചീനക്കാരൻ എന്നെ തെറിവിളിച്ചതാണോ കുറ്റം. ചാത്തപ്പന്‍റെ ബുദ്ധിമുട്ട് ചാത്തപ്പനല്ലേ അറിയൂ..എന്നാലും അവൻ എന്തിനായിരിയ്ക്കും ആ വീർപ്പിച്ച കവർ കുത്തിപ്പൊട്ടിച്ചത്?

By: Samsaon mathew

എന്റെ ഓർമ്മകളിലെ റേഡിയോ

Image may contain: Samson Mathew, smiling

എനിക്ക് നാലുവയസുള്ളപ്പോൾ ആണ് വീട്ടിൽ അപ്പൻ ഒരു റേഡിയോ വാങ്ങുന്നത്. അപ്പന് സ്കൂളിൽ വാധ്യാർ പണിയാണ്. 1970 കളിൽ അധ്യാപകരുടെ ജീവിതം ദുരിതപൂർണമായിരുന്നു. 300 രൂപ ശമ്പളം. വീട്ടു ചിലവുകളും കല്യാണം,മരണം തുടങ്ങി അല്ലറചില്ലറ ചിലവുകളും കഴിയുമ്പോൾ നീക്കിബാക്കി നാസ്തി. അന്ന് ഒരു റേഡിയോ വാങ്ങിക്കുക എന്നു വെച്ചാൽ ഇന്ന് ഒരു 42ഇഞ്ച് LED TV വാങ്ങുന്നതിന് തുല്യം. പുനലൂരിൽ റേഡിയോ വാങ്ങാൻ കിട്ടുന്ന കടകൾ വിരളം. തുമ്പശ്ശേരിയിൽ എന്നു പേരുള്ള ഒരു സ്ഥാപനം അന്നു പുനലൂരിൽ നിലവിൽ ഉണ്ടായിരുന്നു .അപ്പനും കൂടെ ജോലി ചെയ്യുന്ന 3 മൂന്നു സാറുന്മാരും അവിടെ നിന്നു റേഡിയോ വാങ്ങി. സ്‌കൂൾ അദ്ധ്യാപകർ ആയതിനാൽ പണം തവണകളായി അടച്ചാൽ മതി. മൊത്തവില420 രൂപ. 100 രൂപ ആദ്യം കൊടുക്കണം. ബാക്കി 320 രൂപ 40 രൂപ വീതം 8 തവണകളായി അടയ്ക്കണം. അപ്പൻ റേഡിയോയുമായി വന്നപ്പോൾ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു വീട്ടിൽ . ഫിലിപ്സിന്റെ 4 ബാൻഡ് ട്രാൻസിസ്റ്റർ റേഡിയോ ആണ് അപ്പൻ വാങ്ങിയത്. ഫിലിപ്സ്, നെൽകോ, മർഫി, ടെലിറാഡ് തുടങ്ങിയ കമ്പനികളുടെ റേഡിയോകൾ ആണ് അന്ന് മാർക്കറ്റിൽ പ്രമുഖം. അന്നു റേഡിയോ ഉള്ളവർ ഗവണ്മെന്റിനു നികുതി അടയ്ക്കണം. 1970 കളിൽ വർഷം 3 രൂപ ആയിരുന്നു നികുതി. 1980 കളിൽ അതു പൊടുന്നനെ 15 രൂപയായി വർദ്ധിപ്പിച്ചു. ഇന്നത്തെ തലമുറയോട് അതൊക്കെ പറഞ്ഞാൽ അവർ ചിരിക്കും .
റേഡിയോ അക്കാലത്തു ഒരു വിശേഷവസ്തു ആയിരുന്നു. അപ്പൻ ഞങ്ങൾ മക്കളെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്‌നേഹിച്ചിരുന്നത് റേഡിയോയെ ആയിരുന്നു എന്ന് അന്ന് എനിക്കു തോന്നിയിരുന്നു. തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പ് അരിക്കും എന്ന നിലയിൽ ആണ് കൊണ്ടു നടപ്പ്.ആഴ്ചയിൽ ഒരു ദിവസം ഒരു മഞ്ഞഫ്ലാനൽ തുണി കൊണ്ട് റേഡിയോ വൃത്തിയാക്കും. ഉപയോഗിക്കാത്ത സമയത്ത് ബാറ്ററി ഊരി വെയ്ക്കും. ബാറ്ററി റേഡിയോയിൽ ഇട്ടു വെച്ചിരുന്നാൽ ചാർജ്ജ് തീർന്നു പോകും എന്നാണ് മൂപ്പരുടെ ന്യായം.അക്കാലത്ത് റേഡിയോകളുടെ കൂട്ടത്തിൽ ആഢ്യൻ വാൽവ് റേഡിയോകൾ തന്നെ. അന്നൊക്കെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും വാൽവ് റേഡിയോകൾ മുഖ്യസ്ഥാനം അപഹരിച്ചിരുന്നു. റേഡിയോ ഓൺ ചെയ്താൽ മഞ്ഞലൈറ്റ് കത്തും വാൽവ് ചൂടായി പച്ചലൈറ്റ് തെളിഞ്ഞാൽ റേഡിയോ പാടിതുടങ്ങും. വാൽവ് റേഡിയോകളിൽ നിന്നുള്ള പ്രക്ഷേപണം കേൾക്കാൻ നല്ല സുഖമാണ്.നല്ല ശബ്ദഗാംഭീര്യം.ഏതാണ്ട് ഒരു കുടത്തിന്റെ മുകളിൽ സ്പീക്കർ കെട്ടി വെച്ചത് പോലെയുള്ള മുഴക്കം.
ചെറുപ്പകാലത്ത്‌ ഞങ്ങൾ കുട്ടികൾക്ക് റേഡിയോ ഒരു കൗതുകവസ്തു ആയിരുന്നു. അൽപം കുരുത്തക്കേടും പിരുപിരുപ്പും ഉള്ള എനിക്ക് അപ്പൻ കാണാതെ അത് ഒന്നു തുറന്നു അകത്ത്‌ ആരാണ് ഇരുന്നു പാടുന്നത് എന്നു കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അപ്പന്റെ തല്ലു പേടിച്ചു ആ സാഹസത്തിന് മുതിർന്നില്ല.വെളുപ്പിനെ 5.50 അപ്പൻ റേഡിയോ ഓൺ ചെയ്യും. കുറെനേരം റേഡിയോയിൽപ്രോഗ്രാം ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള ട്യൂൺ കേൾക്കാം. ചെറുപ്പത്തിൽ എന്റെ സംശയം ഇത്ര രാവിലെ ആരാണ് ഈ ഉപകരണസംഗീതം വായിക്കുന്നത് എന്നായിരുന്നു . പിന്നീട് മുതിർന്നപ്പോഴാണ് ഇന്ത്യയിൽ അഭയാർത്ഥിയായിരുന്ന യഹൂദസംഗീതജ്ഞൻ വാൾട്ടർ കോഫ്മാൻ ആകാശവാണിക്ക് വേണ്ടി 1936 ൽ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ അവതരണഗാനം ആണ് അതു എന്നു മനസ്സിലായത്. അതുപോലെ തന്നെ ആകാശവാണി എന്ന പേർ ഇട്ടത് രവീന്ദ്രനാഥ ടാഗോർ ആണെന്ന് എത്ര പേർക്കറിയാം.
ആകാശവാണി തിരുവനന്തപുരം നിലയം ആണ് പുനലൂർ ഭാഗത്ത് പ്രധാനമായും കിട്ടുക. രാവിലെ തുടങ്ങുന്ന പ്രക്ഷേപണം രാത്രി 10-11 മണി വരെ നീളും. അക്കാലത്ത് വാർത്തകൾക്ക് വേണ്ടി ജനം പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോയെ തന്നെ. ഓരോ വാർത്താവായനക്കാർക്കും ഓരോ രീതിയുണ്ട്. കൂട്ടത്തിൽ രാമചന്ദ്രൻ തന്നെ കേമൻ. പ്രതാപൻ, ഗോപൻ, വെണ്മണി വിഷ്ണു, സുഷമ, എരുമ അമറുന്ന സ്വരത്തിൽ ഡൽഹിയിൽ നിന്നു വാർത്ത വായിക്കുന്ന ശങ്കരനാരായണൻ ..ഇവരെ ഒക്കെ എങ്ങനെ മറക്കാൻ. ഞങ്ങൾ കുട്ടികളും റേഡിയോ വാർത്ത ശ്രദ്ധിക്കും,മറ്റൊന്നിനും അല്ല, വെല്ല.. കാറ്റോ മഴയോ മൂലം ജില്ലാകലക്ടർ സ്‌കൂളുകൾക്ക് അവധിയോ മറ്റോ പ്രഖ്യാപിച്ചാലോ? .പത്രങ്ങൾ തലേന്ന് തന്നെ അച്ചിലേറുന്നതിനാൽ വൈകി കിട്ടുന്ന ഇത്തരം വാർത്തകൾക്ക് ജനങ്ങൾ ആശ്രയിക്കുക റേഡിയോയെ തന്നെ.
രാവിലെ 7 .30 നോ മറ്റോ ഡൽഹിയിൽ നിന്നുള്ള സംസ്‌കൃതവാർത്തയോടെ മിക്ക വീടുകളിലും റേഡിയോ ഓഫ് ചെയ്യും.
ഈയാം ആകാശവാണി സമ്പ്രതി വാർത്താഹാ ശ്രൂയന്താ
പ്രഭാഷകാ ബല ദേവാനന്ദ സാഗര ..
സംസ്‌കൃതം എന്നൊരു ഭാഷയുണ്ടെന്നും അത് ഇന്ത്യയുടെ ഏറ്റവും പുരാതനമായ ശ്രേഷ്ടഭാഷയാണെന്നും മലയാളികളെ പഠിപ്പിച്ചത് ഈ സംസ്‌കൃതവാർത്ത തന്നെ. ഈ ബല ദേവാനന്ദ സാഗര ഏതോ ഒരു ഫയൽമാൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, കാരണം പേരു തന്നെ ഏതോ ഗുസ്തിക്കാരനെ പോലെ .
പലപ്പോഴും വൻ ദുരന്തങ്ങളും പ്രമുഖവ്യക്തികളുടെ മരണങ്ങളും നാം അറിഞ്ഞിരുന്നത് റേഡിയോയിലൂടെ ആയിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും പെരുമൺ തീവണ്ടി അപകടം ഉണ്ടായതും ഈയുള്ളവൻ അറിഞ്ഞത് റേഡിയോ വാർത്തകളിലൂടെ തന്നെ. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം നേതാക്കൾ മരിക്കുമ്പോൾ ഒന്നു രണ്ടു ദിവസം അവധി കിട്ടുമെന്ന സന്തോഷം ഉണ്ടങ്കിലും പിന്നീട് കുറഞ്ഞത് 10 ദിവസത്തേക്ക് ദുഃഖാചരണം മൂലം റേഡിയോ കേൾക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ബാക്കി. എങ്ങാനം റേഡിയോ ഓൺ ചെയ്താൽ വല്ലാത്ത ശബ്ദത്തിൽ ഉള്ള ഒരു നിലവിളി സംഗീതം കേട്ടു ഭയന്നു അപ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്യും. പത്തു ദിവസം കഴിഞ്ഞാലോ പിന്നെ കുറെ ദിവസത്തേക്ക് ഈശ്വരചിന്തയതൊന്നെ..,ആത്മ വിദ്യാലയമേ.. തുടങ്ങിയ ആത്മീയചിന്തകൾ ഉണർത്തുന്ന ഗാനങ്ങൾ മാത്രം. ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ജനങ്ങൾ റേഡിയോയ്ക്ക് ചുറ്റും കൂടും. കൈയടിക്കും കൂക്കുവിളിക്കും ചിലപ്പോൾ കൈയ്യാംകളിയ്ക്കും റേഡിയോ സാക്ഷി. അന്നത്തെ പ്രമുഖ നേതാവായിരുന്ന സി.എം സ്റ്റീഫൻ ഏതോ ഇലക്ഷനിൽ ജയിച്ചതറിഞ്ഞു എന്റെ വല്യപ്പൻ റേഡിയോ തറയിലേക്ക് വലിച്ചെറിഞ്ഞതായി വല്യമ്മച്ചി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. വല്യപ്പന്റെ രാഷ്ട്രീയ സ്പിരിറ്റും സ്വഭാവവും വെച്ചു സംഗതി നേരാകാൻ ആണ് സാധ്യത.
കാലാവസ്ഥ പ്രവചനം ആണ് ഏറ്റവും രസകരം. ആകാശം ഭാഗികമായി മേഘാവൃതമാണ് ..ഇന്നു മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നായിരിക്കും മിക്കപ്പോഴും പറയുക. ആകാശവാണിനിലയത്തിൽ തവളകളെ പിടിച്ചു കൂട്ടിൽ ഇട്ടിട്ടുണ്ട് എന്നും അവ കരയുന്നത് കേട്ടാണ് മഴ പെയ്യുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്നു എന്റെ ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാൻ അക്ഷരംപ്രതി വിശ്വസിച്ചിരുന്നു അക്കാലത്ത്.
ആകാശവാണിയുടെ മാസ്റ്റർ ഐറ്റം ആയിരുന്നു റേഡിയോ നാടകങ്ങൾ. മിക്കപ്പോഴും സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങളോ പുണ്യപുരാണ ചരിത്ര വിഷയങ്ങളോ ആയിരിക്കും നാടകമായി അവതരിപ്പിക്കുക . ഇന്നത്തെ ടിവി സീരിയലുകളുമായി തുലനം ചെയ്തു നോക്കുമ്പോൾ എത്ര ഉയരത്തിൽ ആയിരുന്നു ആ നാടകങ്ങളുടെ നിലവാരം. ജനങ്ങളുടെ സാംസ്കാരികനിലവാരവും ധാർമ്മികബോധവും അക്കാലത്ത് ഉയർന്നതായിരുന്നു. ഇപ്പൊഴത്തെ സീരിയലുകളിലോ അവിഹിതബന്ധങ്ങളും വഴിപിഴച്ച ജീവിതകഥകളും മാത്രം...വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന റേഡിയോ നാടകവാരത്തിനായി ജനങ്ങൾ കാത്തിരിക്കും. കവലകളിൽ നിന്നും നേരത്തെ മടങ്ങുന്ന ഗൃഹനാഥന്മാരും നേരത്തെ തന്നെ വീട്ടിലെ പണികൾ ഒതുക്കിയ അമ്മമാരും അന്നത്തെ പഠിത്തം വഴിപാടാക്കി കുട്ടികളും ഒത്തുചേർന്നു റേഡിയോ നാടകം ആസ്വദിക്കും. റേഡിയോനാടകവാരം അവസാനിക്കുക ഒരു ഹാസ്യനാടകം കൊണ്ടായിരിക്കും. റേഡിയോ നാടക വാരത്തിന്റെ അവസാന നാടകം ''അച്ഛൻ കൊമ്പത്തു അമ്മ വരമ്പത്ത് '' രചന : ശ്രീ. തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം : ശ്രീ: ശ്രീകണ്ഠൻ നായർ അഭിനയിക്കുന്നത് സർവ്വശ്രീ ശ്രീകണ്ഠൻ നായർ,രാമൻകുട്ടി നായർ തുടങ്ങി അഞ്ചാറു നായന്മാരും ദേവകിയമ്മ സ്വരസ്വതിയമ്മ തുടങ്ങി രണ്ടുമൂന്നു അമ്മമാരും. ഉരുളയ്ക്കു ഉപ്പേരി പോലുള്ള ഡയലോഗുകളും സമകാലീന സംഭവങ്ങളും ചേർത്തുണ്ടാക്കിയ സംഗതി കേൾക്കാൻ ഉഷാർ. അതുപോലെ 'തിരുവന്തോരം'ഭാഷയിൽ ഞായറാഴ്ച്ച ദിവസങ്ങളിൽ രാത്രി പ്രക്ഷേപണം ചെയ്യുന്ന 2 മിനിറ്റ്‌ ആക്ഷേപ ഹാസ്യപരിപാടി കണ്ടതും കേട്ടതും കേട്ടില്ലെങ്കിൽ അന്നു ജനത്തിന് ഉറക്കം വരില്ലായിരുന്നു.
പിന്നീട് 1984-85 കളിൽ പോക്കറ്റ്‌ റേഡിയോകളുടെയും റേഡിയോ കമൻറെറികളുടെയും കാലം വരവായി. ഗുജറാത്തിൽ നിന്നു വന്ന എന്റെ ഇളയപ്പൻ ഒരു പോക്കറ്റ് റേഡിയോ കൊണ്ടുവന്നു. ഏതു നേരവും ചെവിയോടു അടുപ്പിച്ചു ഇളയപ്പൻ ക്രിക്കറ്റ് കമൻറെറി കേൾക്കും .കൊതിയോടെ കാത്തുനിൽക്കുന്ന എനിക്കും കേൾക്കാൻ തരും. പോകാൻ നേരം എന്നോടുള്ള സ്നേഹം കൊണ്ടും എന്റെ റേഡിയോ ആക്രാന്തം കണ്ടും ഇളയപ്പൻ അതു എനിക്കു തന്നു.
'' ഇത് നീ എടുത്തോ നന്നായി സൂക്ഷിക്കണം ''
എനിക്ക് ഒരു പാൽപ്പായസം കുടിച്ച സന്തോഷം. ഇളയപ്പൻ നാട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണ് ഈ പോക്കറ്റ്‌ റേഡിയോ എങ്ങാനും എനിക്കു തന്നിട്ടു മൂപ്പർ പോയാലോ എന്ന് .ക്രിക്കറ്റ് കമൻറെറി ഇങ്ങനെ പോകും.
'' കപിൽ ദേവ് ഓൺ ദ ബൗളിങ് എൻഡ് ആൻഡ് ഇറ്റിസ് ജാവേദ് മിയാൻദാദ് ഓൺ ക്രീസ്... ഓ ഇറ്റ് ഇസ് എ ഫുൾ ടോസ്സ് ...ഔട്ട്... ഹീ ഈസ് ഔട്ട് ''
പിന്നീട് അഞ്ചു മിനിറ്റ് നേരത്തേക്ക് ആരവം മാത്രം കേൾക്കാം. അന്നൊക്കെ റേഡിയോ കമൻറെറി കേട്ടു ക്രിക്കറ്റ് ആസ്വദിക്കുക എന്തൊരു രസം ആയിരുന്നു . പക്ഷെ എന്റെ കൂട്ടുകാരൻ ആയ ഒരു കശ്മലൻ ആ റേഡിയോ എങ്ങനെയോ അടിച്ചുകൊണ്ടു പോയി. കുറേ ദിവസം അണ്ടി നഷ്ടപ്പെട്ട അണ്ണാനെ പോലെ ആ റേഡിയോ തിരഞ്ഞു നടന്നു, സങ്കടപ്പെട്ടു. ഇളയപ്പനോടു അടുത്ത പ്രാവിശ്യം നാട്ടിൽ വരുമ്പോൾ എന്ത് സമാധാനം പറയും എന്നു ആധി പിടിച്ചു നടന്നു കുറേനാൾ . പിന്നീട് എപ്പഴോ അതും വിസ്‌മൃതിയുടെ കടലിൽ മറഞ്ഞു.
അന്നത്തെ ജനങ്ങൾ ദൈനംദിന വിനോദ ഉപാധിയായി ആശ്രയിക്കുക റേഡിയോയെ ആയിരുന്നു . ജനങ്ങളെ രസിപ്പിക്കുന്ന ധാരാളം പരിപാടികൾ നിങ്ങൾ അവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ, രഞ്ജിനി,ചലച്ചിത്ര ശബ്ദരേഖ, യുവവാണി, വയലും വീടും,മഹിളാലയം, ഡോക്ടറോട് ചോദിക്കാം,ബാലലോകം, കൗതുക വാർത്തകൾ, ലളിത സംഗീതപാഠം,ഹിന്ദിപാഠം,സുഭാഷിതം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ. ചിലതൊക്കെ ഇപ്പോഴും ഓർമ്മയിൽ നിന്നു മായാതെ നിൽക്കുന്നു.
ആകാശവാണിയിലെ ഏതോ ഒരു ചേട്ടനും ചേച്ചിയും ചേർന്ന് അവതരിപ്പിക്കുന്ന എഴുത്തുപെട്ടി വളരെ രസകരം ആയിരുന്നു. പരിപാടിയുടെ പോക്ക് ഏതാണ്ട് ഇതു വിധം. കൊല്ലം ജില്ലയിലെ ആര്യങ്കാവ് റോസ് മലയിൽ നിന്ന് കഷ്ടകാലൻ നായർ എഴുതുന്നത് . പ്രീയപെട്ട ചേട്ടാ,ചേച്ചി..കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 8 .30 ന് സംപ്രക്ഷേപണം ചെയ്ത ഹാസ്യനാടകം ''മാറിനില്ല് മറിയാമ്മേ, മലയിടിഞ്ഞു വരുന്നു'' ഞാൻ കള്ളുഷാപ്പിലായിരുന്നതിനാൽ കേൾക്കാൻ കഴിഞ്ഞില്ല . ആ നാടകം ഒന്നു കൂടെ സംപ്രക്ഷേപണം ചെയ്യുമോ? . പ്രിയ കഷ്ടകാലൻ നായർ താങ്കൾ ഞങ്ങളുടെ പരിപാടികൾ ശ്രദ്ധിക്കുന്നതിന് നന്ദി. ആ നാടകം മറിയാമ്മ മലയുടെ അടിയിൽ പെട്ടതിനാൽ പുനഃ സംപ്രക്ഷേപണം ചെയ്യാൻ സാങ്കേതിക തടസ്സങ്ങൾ ഉണ്ട് . ഈ കാര്യത്തിൽ താങ്കൾക്ക് ഒരു നിർദ്ദേശം ഞങ്ങൾ മുമ്പോട്ടു വെയ്ക്കുന്നു, വെറുതെ കള്ളുകുടിച്ചു സമയം കളയാതെ വീട്ടിൽ ഇരുന്നു റേഡിയോ കേട്ടു കൂടെ?. താങ്കളുടെ കത്തിനു നന്ദി. അടുത്ത കത്തു വായിക്കൂ...
ആകാശവാണിയിലെ വയലും വീടും , കൃഷി പാഠം തുടങ്ങിയ പരിപാടികൾക്കും ഒരു പ്രത്യേകശൈലി ഉണ്ട് . ചെറുപ്പത്തിൽ കേട്ടുകേട്ടു അതും പരിചിതം ആയി . കുരുമുളക് ചെടികളിലെ ദ്രുതവാട്ടം എങ്ങനെ ഫലപ്രദമായി തടയാം എന്ന വിഷയത്തെക്കുറിച്ചു തൃശ്ശൂർ കാർഷിക കോളേജിലെ പ്രൊഫസ്സർ : പി .കെ സാലി പ്രഭാഷണം നടത്തുന്നു . മഴക്കാലത്ത് കുരുമുളക് ചെടികളിൽ കണ്ടുവരുന്ന കുമിൾ രോഗം ആണ് ദ്രുതവാട്ടം. രോഗബാധയേറ്റ ചെടികൾ പൂർണമായും പറിച്ചു മാറ്റി തീയിടുകയോ, തുരിശ് ലായനി 5 % വീര്യത്തിൽ കലക്കി ചെടിയുടെ മൂട്ടിൽ ഒഴിക്കുകയോ ചെയ്യുക. അതു കൊണ്ടും ഫലം കണ്ടില്ലെങ്കിൽ കൃഷി നഷ്ടത്തിലായ കർഷകൻ 50ഗ്രാം ഫ്യൂരിഡാൻ കഞ്ഞിവെള്ളത്തിൽ കലക്കികുടിയ്ക്കുക. അതോടുകൂടി ആ പ്രശ്നം ശ്വാശ്വതമായി പരിഹരിക്കാം.
വാർത്തകൾക്ക് മുമ്പ് വരുന്ന കമ്പോള വിലനിലവാര ബുള്ളറ്റിൻ മറ്റൊരു നൊസ്റ്റാൾജിയ. ചുക്ക് ക്വിന്റലിനു 900 രൂപ,ജാതിക്ക തൊണ്ടോടെ500 രൂപ, തൊണ്ടില്ലാതെ 700 രൂപ, കുരുമുളക് ക്വിന്റലിനു നാടൻ 1200 രൂപ, ചേട്ടൻ 1300 ,ഗാർബിൾഡ് , അൺഗാർബിൾഡ് ഇങ്ങനെ പോകും. റബ്ബർ ആണെങ്കിൽ ലാറ്റക്സ് , R.S.S 1 , R.S.S 4 , അവധിവില എന്നിങ്ങനെആയിരിക്കും . നാളിതുവരെ ഏതെങ്കിലും പൊലീസുകാരന്(പുനലൂർ ഭാഷയിലെ സാധാരണക്കാരൻ ) ഈ ഗാർബിൾഡ്, അൺഗാർബിൾഡ്, R.S.S എന്താണെന്ന് അറിയുമോ എന്നത് വേറെ കാര്യം. ക്വിന്റൽ എന്ന ഒരു തൂക്കകണക്ക് ഉണ്ടെന്ന് ഞങ്ങൾ കുട്ടികളെ ആദ്യം പഠിപ്പിച്ചതും ഈ കമ്പോള വിലനിലവാര ബുള്ളറ്റിൻ തന്നെ.
ഞങ്ങൾ കുട്ടികൾക്ക് ഇഷ്ടപരിപാടികൾ ആയിരുന്നു ബാലലോകവും കൗതുകവാർത്തകളും. ബാലലോകത്തിൽ അമ്മാവന്റെ ഒരു ചെറു പ്രഭാഷണവും കുട്ടികളുടെ ലഘുനാടകവും കൂട്ടുകാർ അയച്ച കത്തുകൾക്കുള്ള മറുപടിയും കാണും. ഏറ്റവും അവസാനം ഇങ്ങനെ ആയിരിക്കും കോട്ടയം കഞ്ഞിക്കുഴി പഞ്ചായത്തിലെ ജവഹർ റേഡിയോ ക്ലബ്ബിലെ കൊച്ചുകൂട്ടുകാർ പാടുന്ന ദേശഭക്തി ഗാനം ഇപ്പോൾ
കേൾക്കാം ...
പിന്നീട് എപ്പഴോ ആകാശവാണിയിൽ പരസ്യങ്ങളുടെ വരവായി .പരസ്യങ്ങൾ പത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് ഒരു പുത്തൻ അനുഭവം ആയിരുന്നു റേഡിയോ പരസ്യങ്ങൾ . അന്നത്തെ ഏതു ചെറിയ കുട്ടിക്കും നാവിൻതുമ്പിൽ പരിചിതം ആയിരുന്നു റേഡിയോ പരസ്യങ്ങൾ. പരസ്യങ്ങളിൽ ആദ്യം ഓർമ്മ വരുന്നത് സെൻറ് ജോർജ്ജ് കുടയുടെ പരസ്യം തന്നെ .
'' മഴ.. മഴ.. കുട.. കുട.. മഴ വന്നാൽ സെൻറ് ജോർജ്ജ് കുട ''..
ഈ മരുഭൂമിയിൽ ഇരുന്നു അതോർക്കുമ്പോൾ തന്നെ എന്തൊരു സുഖം.
'' ആരോഗ്യജീവിതത്തെ കാത്തിടും ലൈഫ്ബോയ്.. ലൈഫ്ബോയ് എവിടയോ അവിടെയാണ് ആരോഗ്യം ''
ഇതു കേൾക്കുമ്പോൾ തന്നെ ഒരു ചുമന്ന കട്ടസോപ്പും അതിന്റെ മണവും എന്റെ മൂക്കിൽ ഇപ്പോഴും അടിച്ചു കയറുന്നതുപോലെ തോന്നും.
'' ആഹാ വന്നല്ലോ വനമാല.. വസ്ത്രവർണ്ണങ്ങൾക്ക് ശോഭകൂട്ടാൻ വനമാല ബാർസോപ്പ് ''..
വനമാല ബാർസോപ്പ് ഇപ്പോൾ എവിടെയാണാവോ ? കാൽകാശിനു കൊള്ളാത്ത വനമാല ബാർസോപ്പ് ഇപ്പോൾ ആർക്കും വേണ്ട, പരസ്യവാചകം ഇപ്പോഴും വോട്ടിനു മാത്രം മുമ്പിൽ എത്തുന്ന രാഷ്ട്രീയക്കാരെയും നേതാക്കളെയും കളിയാക്കാൻ ജനം ഉപയോഗിക്കുന്നത് മാത്രം മിച്ചം.
'' വാട്ടീസ്‌ ദിസ് ലീലാമ്മേ ഫയലുകൾ ഒന്നും നീങ്ങുന്നില്ലല്ലോ. മൈക്കിൾസ് ടീ കുടിച്ചില്ലേ .. ആരോഗ്യത്തിനും ഉന്മേഷത്തിനും മൈക്കിൾസ് ടീ ഒരു ശീലമാക്കു''..
ഇതു കേട്ടു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ മൈക്കിൾസ് ടീ കുടിച്ചിരുന്നെങ്കിൽ കേരളത്തിലെ സർക്കാർ ഓഫീസുകളിലെ മാറാലപിടിച്ചു കിടക്കുന്ന ലക്ഷകണക്കിന് ഫയലുകൾ നീങ്ങിയേനെ.
''എന്ത് ചായക്ക് പാലില്ലന്നോ.. പാലില്ലെങ്കിൽ വിഷമിക്കേണ്ട അനിക് സ്പ്രേ ഉണ്ടല്ലോ..അനിക്സ്പ്രേ.. പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ''..
ഓഫീസിൽ നിന്ന് സ്ഥിരം മുങ്ങുന്ന ആഫീസറുന്മാരെ ഓർത്തു പൊതുജനം പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ എന്നു പരിതാപം പറയുന്ന കാര്യം ഇത്തരുണത്തിൽ ഓർത്തുപോകുന്നു.
ഇനി സ്ക്കൂളിലും കോളേജിലും എന്തിന് അടുക്കളയിലും വരെ പരസ്പരം കളിയാക്കാനും ദ്വയാർത്ഥ പ്രയോഗത്തിനും ഉതകുന്ന ചിലപരസ്യങ്ങൾക്കും പിതൃത്വം ആകാശവാണിക്ക് തന്നെ.
'' രാധേ അതിമനോഹരമായിരിക്കുന്നു.. എന്നെയാണോ ഉദ്ദേശിച്ചത് ഛേ.. നിന്നെയല്ല ..നിന്റെ പാചകം ''
'' പുലരി മുതൽ സന്ധ്യ വരെ പുതുമ തരും അംബർ.. അംബർ ബനിയനും ജട്ടികളും ''
'' കല്യാണ സാരി എവിടെ നിന്നാ എടുക്കുന്നത് കോട്ടയം അയ്യപ്പാസിൽ നിന്നും ... അതൊരു ചെറിയ കടയല്ലേ ..പുറത്തു നിന്നു നോക്കിയാൽ ചെറുത് .. അകത്ത് അതിവിശാലമായ ഷോറൂം ''..
ജീവിതത്തിൽ ഇതുപോലെ സുഖകരമായ ഒത്തിരി ഓർമ്മകൾ നമുക്കോരോരുത്തർക്കും കാണും. ഇനി ഒരിക്കലും തിരികെ വരാത്ത ഓർമ്മകൾ. ഇന്നു വിരൽതുമ്പിൽ എത്തിനിൽക്കുന്ന ഇന്റർനെറ്റ് റേഡിയോയും നൂറുകണക്കിനു എഫ്. എം സ്റ്റേഷനുകളും രഞ്ജിനി ഹരിദാസിനെ തോൽപ്പിക്കുന്ന വിധത്തിൽ മംഗ്ലീഷ് മൊഴിയുന്ന അവതാരകരും ഉള്ള ഈ കാലത്തു ആ പഴഞ്ചൻ ആകാശവാണി കാലഘട്ടത്തെക്കുറിച്ചും അതിന്റെ ഗൃഹാതുരത്വത്തേകുറിച്ചും ആരോർക്കാൻ?...
അടുത്തിടെ നാട്ടിൽ പോയപ്പോൾ അപ്പനോടൊപ്പം എന്തോ റിക്കാർഡുകൾ പരതുമ്പോൾ അപ്പന്റെ ഡയറിയിൽ നിന്ന് എന്തോ പുറത്തേക്ക് വീണു . അതാ ..കിടക്കുന്നു പഴയ റേഡിയോ ലൈസൻസ് ..ഈ റേഡിയോ ലൈസൻസും ഞാനുമായി ബന്ധപ്പെട്ടു മറക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ട്. പണ്ട് ഞാൻ ആറിലോ ഏഴിലോ പഠിക്കുന്നകാലം. സ്റ്റാമ്പ് കളക്ഷൻ ആയിരുന്നു എന്റെ അന്നത്തെ കമ്പം. സ്റ്റാമ്പ് കമ്പം മൂത്തു ഞാൻ അപ്പനറിയാതെ ഒന്നുരണ്ടു സ്റ്റാമ്പുകൾ റേഡിയോ ലൈസൻസിൽ നിന്ന് ഇളക്കി എടുത്തു. പിന്നീട് എപ്പഴോ അപ്പൻ അതു കണ്ടുപിടിച്ചു . അപ്പന്റെ കൈയ്യിൽ നിന്നും കാപ്പിവടി കൊണ്ടു പൊതിരെ തല്ലുകിട്ടി . അപ്പൻ അതുപോലെ നിർദയം എന്നെ തല്ലിയ മറ്റൊരു സന്ദർഭവും പിന്നീട് ഉണ്ടായിട്ടില്ല. തറയിൽ വീണ ലൈസൻസ് ഞാൻ പതുക്കെ മറിച്ചു നോക്കി. അതാ ഞാൻ സ്റ്റാമ്പ് കീറിയെടുത്ത ഭാഗം.. എന്റെ മുതുകത്തു അപ്പന്റെ ശുഷ്ക്കിച്ച കൈകൾ കൊണ്ടു പതിയെ ഒരു തലോടൽ ..
'' നിനക്ക് ഓർമ്മയുണ്ടോ മോനെ, നീ സ്റ്റാമ്പ് കീറിയെടുത്തതിന് ഞാൻ തല്ലിയത്''..
ഒരു നിമിഷം ആ 36 കൊല്ലം മുമ്പത്തെ ചെറിയ ചെക്കൻ ആയി ഞാൻ മാറി. ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി. ഞാൻ പതിയെ ഒന്നു മൂളി.. കൺകോണിൽ ഒരു തുള്ളി കണ്ണുനീർ വന്നു ഓർമ്മകളെ മൂടി.. മനഃപൂർവം ഞാൻ അപ്പന്റെ മുഖത്തേക്കു നോക്കിയില്ല..അവിടെയും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടോ എന്നു ഒരു തോന്നൽ.....
കാലമിനിയും ഉരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും...
പിന്നെയോരോ തളിരിനും പൂ വരും കായ് വരും.
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം...
( സഫലമീയാത്ര - എൻ. എൻ. കക്കാട് )

ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും

Image may contain: Samson Mathew, smiling

ഞാൻ അക്ഷരം പഠിച്ചത് ആശാൻ പള്ളിക്കൂടത്തിൽ ആയിരുന്നു. ആശാൻ പള്ളിക്കൂടം എന്നതിനേക്കാൾ ആശാട്ടി പള്ളിക്കൂടം എന്നു പറയുന്നതാകും ശരി. ഒരു ആശാട്ടി ആയിരുന്നു എന്നെ അക്ഷരം പഠിപ്പിച്ചത്. ഞാൻ അക്ഷരം പഠിച്ച കാലത്തു കൂണുപോലെയുള്ള കിന്റർഗാർഡനുകളും നേഴ്സറികളും കേരളത്തിൽ അവതരിച്ചിട്ടില്ല. ആശാൻ പള്ളിക്കൂടങ്ങളും ബാലവാടികളും മാത്രം. എഴുത്ത്‌ ഓലയിൽ നിന്ന് സ്ലേറ്റിലേക്ക് മാറികൊണ്ടിരുന്ന കാലം. നിലത്തു നല്ല പൂഴിമണൽ വിരിച്ചു അതിൽ വിരൽ കൊണ്ടുരച്ചു എഴുതി പഠിക്കും. എന്നെ പഠിപ്പിച്ച ആശാട്ടിയമ്മ ഒരു മനുഷ്യപ്പറ്റില്ലാത്ത, കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു അറിയാത്ത സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. അവരുടെ മുഖത്തു വലിയ മറുകിൽ കറുത്ത രോമം വളർന്നു നിൽക്കുന്നതു ഇപ്പോഴും ഓർമ്മയുണ്ട്. കയ്യിൽ എപ്പോഴും ഒരു വടി കാണും. ഒരിക്കൽ പോലും അവർ ചിരിച്ചതായി എനിക്ക് ഓർമ്മയില്ല. ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എപ്പോഴെങ്കിലും ഒക്കെ വന്നു എന്നെ പേടിപ്പിക്കാറുണ്ട് ആ ആശാട്ടി. തുടക്കം അ..ആ..ഇ..ഈ എന്ന നാടൻ മട്ടിൽ തന്നെ. കൈ ബലമായി പിടിച്ചു മണ്ണിൽ ഉരച്ചു എഴുതിപ്പിക്കും. കൈ വഴങ്ങാത്ത പ്രായത്തിൽ അതു എഴുതുക ദുഷ്കരം. തെറ്റിയാൽ ആശാട്ടി കൈയ്യിൽ മണൽ കൂട്ടി തുടയിൽ നുള്ളും. തെറ്റും തോറും തുടയിലെ പാടുകൾ കൂടും. കൂടുതൽ തെറ്റുമ്പോൾ കൈ വെള്ളയിൽ കിട്ടും ചുട്ടഅടി. ഞാൻ അക്ഷരങ്ങളെ വെറുത്തു, "ഘ" യും "ഗ" യും "ഖ" യും ഒക്കെ പേടിസ്വപ്നങ്ങൾ ആയി മാറി. പിന്നീട് ആശാൻ പള്ളിക്കൂടം വിട്ടു സ്‌കൂളിൽ ചേർന്നപ്പോഴും ആ ഭീകര ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു. ആ എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുപോയത് ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ആയിരുന്നു.
സ്‌കൂളിൽ ചേർന്നെങ്കിലും അക്ഷരങ്ങളോട് എനിക്കു താൽപര്യം കുറവായിരുന്നു. വായിക്കുന്നതും എഴുതുന്നതും എന്തോ മഹാഅപരാധം. അക്ഷരങ്ങളെ വെറുത്തിരുന്ന അക്കാലത്ത്‌ എന്റെ കൂട്ടുകാരൻ വേണു പൂമ്പാറ്റ വായിക്കുന്നത് ഞാൻ കണ്ടു. മറ്റുള്ള കുട്ടികൾ സാറ്റും പശുവും പുലിയും കഴുതപ്പെട്ടിയും കളിക്കുമ്പോൾ അവൻ മാത്രം പുസ്തകങ്ങൾ വായിച്ചു രസിക്കുന്നു. വായനയ്ക്ക് അനുസരിച്ചു മുഖത്തെ ഭാവങ്ങൾ മാറും. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ചു പുഞ്ചിരിയും സങ്കടവും ചിലപ്പോൾ പൊട്ടിച്ചിരിയും മുഴങ്ങും. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ ഉത്തരം ഒരു ചെറുചിരിയിൽ ഒതുക്കും. വേണമെങ്കിൽ നീ വായിച്ചു നോക്ക് എന്ന ഭാവം. എനിക്കാകട്ടെ അക്ഷരങ്ങൾ കൂട്ടിവായിക്കുവാൻ അത്ര ഇഷ്ടമല്ല. പൂമ്പാറ്റയോ മറ്റോ കിട്ടിയാൽ പടങ്ങൾ മറിച്ചു നോക്കി തൃപ്തിപ്പെടും. അമ്മ സ്‌കൂൾ ടീച്ചർ ആയതിനാൽ എപ്പോഴും തിരക്കുതന്നെ. വീട്ടിൽ വന്നാൽ സ്‌കൂളിൽ നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ കോമ്പോസിഷൻ ബുക്ക് കറക്ട് ചെയ്യണം, ടെസ്റ്റുപേപ്പറുകളുടെ ഉത്തരങ്ങൾ നോക്കി മാർക്കിടണം അങ്ങനെ നൂറുകൂട്ടം പണികൾ . അതിനിടെ ഞാൻ പൂമ്പാറ്റയുമായി ചെന്നാൽ വഴക്കുകിട്ടും . അതിനേക്കാൾ ഭേദം കൊത്തിക്കൊറിച്ചു വായിക്കുകയാണ് . അങ്ങനെ ഞാൻ മെല്ലെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തീരുമാനിച്ചു . പതുക്കെ പതുക്കെ അക്ഷരങ്ങൾ എന്റെ വഴിക്കായി. ഞാൻ ബാലരമയുടെയും പൂമ്പാറ്റയുടെയും ലോകത്തായി.
എന്റെ ചെറുപ്പത്തിൽ ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ലാലുലീലയും മാത്രമേ കുട്ടികളുടെ പ്രസിദ്ധികരണങ്ങൾ ആയി എല്ലാ ഇടങ്ങളിലും കിട്ടുകയുള്ളൂ എന്നാണ് ഓർമ്മ. അമ്പിളി അമ്മാവനെ കുറിച്ചാണ് ഏറ്റവും മനോഹരങ്ങളായ ഓർമ്മചിത്രങ്ങൾ. വർണ്ണക്കടലാസിൽ ഉള്ള സചിത്ര പുറംചട്ട. അകത്തു നല്ല ചിത്രങ്ങളും കഥകളും . കഥകൾ പുരാണത്തിൽ നിന്നോ അല്ലെങ്കിൽ പഴയ രാജാക്കൻമാരുടെയോ അതും അല്ലെങ്കിൽ ഗുണപാഠകഥകളോ ആയിരിക്കും. അവസാനതാളുകളിൽ വിക്രമാദിത്യനും വേതാളവും. കൂടെ ഒരു പേജ് നിറഞ്ഞുനിൽക്കുന്ന വിക്രമാദിത്യന്റെയും വേതാളത്തിന്റെയും ചിത്രം. വിക്രമാദിത്യന്റെ തോളിൽ കിടന്നു കഥ പറയുന്ന വേതാളം. കഥയ്ക്കു അവസാനം ചോദിക്കുന്ന കുടുക്കു ചോദ്യത്തിന് ഉത്തരം പറയണം. ശരിയായ ഉത്തരം പറഞ്ഞാൽ വേതാളം തിരികെ മരത്തിൽ പോയി തൂങ്ങികിടക്കും. ഉത്തരം അറിഞ്ഞിട്ടു പറഞ്ഞില്ലെങ്കിൽ വിക്രമാദിത്യരാജാവിന്റെ തല ആയിരം ഖണ്ഡങ്ങൾ ആയി പൊട്ടിത്തെറിക്കും. എപ്പോൾ ഉത്തരം അറിയാതെ ഇരിക്കുന്നുവോ അപ്പോൾ വേതാളം വിക്രമാദിത്യന്റെ കൂടെ വരാൻ തയ്യാർ. എത്ര രസമായിരുന്നു ആ കഥകൾ. അമ്പിളി അമ്മാവനിലെ കഥകൾക്ക് മിക്കവാറും ഒരേ ശൈലി ആയിരിക്കും. പണ്ട് പണ്ട് മഥുരാപുരി എന്ന രാജ്യത്തിൽ വിഭാണ്ഡകൻ എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അയാൾക്ക്‌ സുന്ദരിയായ ഒരു മകൾ ഉണ്ടായിരുന്നു . അളകനന്ദ എന്നു പേരുള്ള അവൾ അതിബുദ്ധിമതിയായിരുന്നു ... ഇങ്ങനെ പോകും കഥയുടെ ഒഴുക്ക്. കൂടെ നല്ല ചിത്രങ്ങൾ, വായിക്കാനും നല്ല രസം . മിക്കവാറും എല്ലാ കഥകളും എന്തെങ്കിലും ഗുണപാഠം നൽകുന്നതായിരിക്കും.
അമ്പിളി അമ്മാവൻ വാങ്ങാൻ വീട്ടിൽ ഞങ്ങൾ കുട്ടികൾ എപ്പോഴും വാശി പിടിക്കും. അപ്പനോ അമ്മയോ ടൗണിൽ പോയി വരുമ്പോൾ എന്ത് വാങ്ങിക്കൊണ്ടു വരണം എന്നുള്ള ചോദ്യത്തിന് മിക്കപ്പോഴും അമ്പിളി അമ്മാവൻ മാസിക എന്നാകും മറുപടി. പലഹാരങ്ങളേക്കാൾ ഞങ്ങൾ കുട്ടികൾ പൂമ്പാറ്റയേയും അമ്പിളി അമ്മാവനേയും ഒക്കെ സ്നേഹിച്ചിരുന്നു. തിരികെ അവർ വരുന്നതുകാത്ത് വഴി കണ്ണുകളുമായി പടിക്കൽ നിൽക്കും. അപ്പൻ തിരികെ വന്നാൽ സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്ന സഞ്ചി മുഴുവൻ തപ്പി അമ്പിളി അമ്മാവൻ കൈക്കലാക്കാൻ ഞങ്ങൾ കുട്ടികൾ തമ്മിൽ മത്സരമാണ്. മിക്കപ്പോഴും ഞങ്ങളെ പറ്റിക്കുവാൻ വീട്ടിൽ എത്തുന്നതിന് മുമ്പ് അപ്പൻ മാസിക എടുത്തു കുടക്കുള്ളിലോ മറ്റോ ഒളിപ്പിക്കും. പിന്നീട് ഞങ്ങളുടെ സങ്കടം കണ്ടു മാസിക എടുത്തു തരും. ഇപ്പോൾ അതൊക്കെ ഓർമ്മിക്കാൻ എന്ത് രസം.
അക്കാലത്ത് കുട്ടികൾക്ക് വളരെ പ്രിയം ഉള്ള മറ്റൊരു പ്രസിദ്ധികരണമായിരുന്നു പൂമ്പാറ്റ. പൈ പബ്ലിക്കേഷൻസ് ഇറക്കിയിരുന്ന പൂമ്പാറ്റയുടെ പ്രസാധകൻ കുട്ടികളുടെ പ്രിയങ്കരനായ അനന്തപൈ ആയിരുന്നു. അതിലെ കഥകളും കാർട്ടൂണുകളും ബഹുകേമം. ആഗ്രഹിക്കുന്നതിന് അനുസരിച്ചു വാലുനീണ്ടു വരുന്ന കുട്ടിക്കുരങ്ങൻ കപീഷിനെയും കൗശലകാരനായ സിഗാൾ എന്ന കുറുക്കനേയും വെറും പൊട്ടനായ പീലുകടുവയേയും എങ്ങനെ മറക്കാൻ.. ദൊപ്പയ്യ എന്ന വേട്ടക്കാരന്റെ കൈയ്യിൽ നിന്നും കാട്ടിലെ മൃഗങ്ങളെ രക്ഷിക്കുന്ന കപീഷ് . മൂപ്പർക്ക് ധാരാളം കൂട്ടുകാർ മോട്ടുമുയൽ, പിന്റു മാൻ , ബബൂച്ച എന്ന കരടി , പഞ്ചാ എന്ന പരുന്ത് , ബന്ദില എന്ന ആന എന്തു രസമായിരുന്നു അതൊക്കെ വായിക്കാൻ. കപീഷ് എന്ന കുട്ടികുരങ്ങനെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും സ്കൂളിൽ ആരെയെങ്കിലും കപീഷ് എന്നു വിളിച്ചാൽ ഇടി ഉറപ്പായിരുന്നു എന്നത് പരമസത്യം. അന്നൊക്കെ ഈ മാസികകളുടെ നടുക്കത്തെ പേജിൽ ഉള്ള നെയിം സ്ലിപ്പുകൾ വെട്ടി സ്കൂൾ നോട്ടുബുക്കിന്റെ പുറത്തു ഒട്ടിക്കുവാൻ എന്തു കൗതുകം ആയിരുന്നു. കലുലൂ എന്ന കൗശലക്കാരനായ മുയൽ , ശുപ്പാണ്ടി , പപ്പൂസ് , ഇൻസ്‌പെക്ടർ ഗരുഡ് , ഡിക്ടറ്റീവ് വിക്രം , ഹവിൽദാർ ബൽബീർ ഇവരൊക്കെ തകർത്താടിയ പൂമ്പാറ്റയെ എങ്ങനെ മറക്കാൻ . പൂമ്പാറ്റയിലെ മറ്റൊരു ആകർഷണം ആയിരുന്നു വിക്കി എന്ന അന്യഗ്രഹ ജീവി, അന്നൊക്കെ വിക്കി എന്നു കേട്ടാൽ വിക്കിപീഡിയയെ അല്ല ഓർമ്മ വരിക മറിച്ചു വിക്കി എന്ന തവളയുടെ രൂപമുള്ള ഈ ഇരട്ടകൊമ്പൻ ജീവിയെ ആയിരുന്നു . പൂമ്പാറ്റ പ്രസിദ്ധികരണം നിറുത്തിയപ്പോൾ അവരിൽ ചിലരൊക്കെ ബാലരമയിലേക്ക് കുടിയേറി.
പൂമ്പാറ്റയും ബാലരമയും ലാലുലീലയുമൊക്കെ വാങ്ങിക്കാൻ അന്ന് ഞങ്ങൾ കുട്ടികൾ എന്തെങ്കിലും ഒക്കെ മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നു . മിക്കവാറും മാസത്തിൽ ഒരു ഞായറാഴ്ച്ച എന്റെ വല്യപ്പച്ചൻ ഞങ്ങൾ കൊച്ചുമക്കളെ കാണാൻ വീട്ടിൽ വരുമായിരുന്നു. ഞായറാഴ്ച്ച രാവിലെ വീട്ടിൽ എത്തുന്ന വല്യപ്പച്ചൻ പള്ളി കൂടി ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിച്ചു അല്പം വിശ്രമിച്ചു പോകാൻ തുടങ്ങുമ്പോൾ ഞങ്ങൾ കുട്ടികളെ അരികിൽ വിളിക്കും . തലയിൽ ഒന്നു തലോടി നല്ലോണം പഠിക്കണം എന്നു ഉപദേശിച്ചു വല്യപ്പച്ചൻ അരെയ്ക്കു കെട്ടിയിരിക്കുന്ന തുകൽ ബെൽറ്റിൽ തിരുകി വെച്ചിരിക്കുന്ന തടിയൻ പേഴ്‌സ് തുറന്നു പുത്തൻ മണം മാറാത്ത ഒരു നോട്ട് എടുത്തു എനിക്കും പെങ്ങൾക്കും തരും. ഞങ്ങൾ ആ നിമിഷത്തിനായി കാത്തിരിക്കുകയായിരിക്കും . 1970 കളിൽ ഒരു രൂപ നോട്ടായിരുന്നു തരിക. പിന്നീട് വർഷങ്ങൾ പോകുന്നത് അനുസരിച്ചു അതു രണ്ടും അഞ്ചും പത്തുമൊക്കെയായി മാറി. ഞങ്ങൾക്ക് കിട്ടിയ ഈ പണത്തിൽ കണ്ണുവയ്ക്കുന്ന അമ്മ, അത് ചോദിച്ചാലും കൊടുക്കാതെ ടൗണിൽ പോകുമ്പോൾ ബാലരമയോ പൂമ്പാറ്റയോ വാങ്ങും ഞങ്ങൾ.
അന്നൊക്കെ ബസ് സ്റ്റാന്റുകളിലും റയിൽവേ സ്റ്റേഷനുകളിലും വാരികകളും കുട്ടികളുടെ പ്രസിദ്ധികരണങ്ങളും കൊണ്ടു നടന്നു വിൽപന നടത്തുന്ന ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു . ഇപ്പോഴാകട്ടെ അവരെ തീരെ കാണാനില്ല . വാരികകളും മറ്റും കടകളിൽ അല്ലാതെ ലഭിക്കുക പ്രയാസം. വായനക്കാരായ കുട്ടികളും മുതിന്നവരും വളരെ ചുരുക്കം . ബാലരമയും പൂമ്പാറ്റയും ഒക്കെ വാങ്ങുവാൻ അന്നത്തെ കുട്ടികൾ എന്തെങ്കിലുമൊക്കെ വഴി കണ്ടെത്തിയിരുന്നു. അന്ന് സുലഭമായി ഗ്രാമവഴികളിൽ പറങ്കിമാവ് ഉണ്ടായിരുന്നു. പറങ്കിയണ്ടി (കശുവണ്ടി) പെറുക്കിവിറ്റും റബ്ബർ കുരുവിന്റെ സീസൺ ആയാൽ കുരു ശേഖരിച്ചു വിറ്റും അവർ അതിനുള്ള പണം കണ്ടെത്തിയിരുന്നു.
ബാലരമയുടെ വിശേഷങ്ങൾ എന്റെ ഓർമ്മകളിൽ ധാരാളം ഉണ്ട് . 1970 കളിൽ ബാലരമയുടെ കെട്ടും മട്ടും വ്യത്യസ്തമായിരുന്നു . കുറെക്കൂടി ഗൗരവമുള്ള ഉള്ളടക്കം . ചിത്രകഥകൾ കുറവ് . ധാരാളം കഥകളും കവിതകളും വിജ്ഞാനപ്രദമായ അറിവുകളും ഉൾപ്പെടുത്തിയായിരുന്നു അന്ന് ബാലരമ പുറത്തിറക്കിയിരുന്നത്. 1980 കളിൽ ബാലരമയുടെ കെട്ടും മട്ടും മാറി . മായാവി ചിത്രകഥയുടെ വരവോടെ ബാലരമ ആകെ മാറി. ഞങ്ങൾ കുട്ടികൾക്ക് മായാവിയുടെ അവതരണം ഒരു അതിശയം ആയിരുന്നു . അന്നുവരെ കാണാത്ത കഥാപാത്രങ്ങൾ . മായാവി, രാജുവും രാധയും, ലുട്ടാപ്പി, കുട്ടൂസൻ മന്ത്രവാദി, ഡാകിനി അമ്മൂമ്മ, ലുട്ടാപ്പിയുടെ അമ്മാവൻ പുട്ടാലു, കള്ളന്മാരായ വിക്രമനും മുത്തുവും, തരികിട ശാസ്ത്രജ്ഞരായ ഗുലുമാലും ലൊട്ടുലൊടുക്കും ആകെ പൊടിപൂരം. രാജുവിനെയും രാധയേയും അപകടങ്ങളിൽ നിന്നു രക്ഷിക്കാൻ വേണ്ടി അവതരിച്ച നല്ല കുട്ടിച്ചാത്തൻ മായാവി . അവരെ കുടുക്കാനും മായാവിയെ കുപ്പിയിൽ അടയ്ക്കാനും തക്കംപാർത്തു നടക്കുന്ന കുട്ടുസൻ മന്ത്രവാദിയും ഡാകിനി അമ്മൂമ്മയും, അവർക്കു കൂട്ടായി ലുട്ടാപ്പി എന്ന കുട്ടിച്ചാത്തൻ . ലുട്ടാപ്പിയുടെ വാഹനമായ കുന്തത്തിൽ കയറി പറക്കുന്ന ലുട്ടാപ്പിയും കുട്ടുസനും ഡാകിനി അമ്മൂമ്മയും . ആഹാ എന്തൊരു രസമായിരുന്നു അതൊക്കെ വായിക്കാൻ. ലുട്ടാപ്പിയുടെ അമ്മാവൻ മഹാവേന്ദ്രൻ ആണെങ്കിലും എപ്പോഴും ഉറക്കം തന്നെ. ബാങ്കു കവർച്ചക്കാരായ വിക്രമനും മുത്തുവും അവരുടെ തന്ത്രങ്ങളെ മായാവിയുടെ സഹായത്താൽ പരാജയപ്പെടുത്തുന്ന രാജുവും രാധയും. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമവിജയം നന്മയ്ക്കു തന്നെ എന്നു കുട്ടികളെ പഠിപ്പിക്കുവാൻ ഈ കാർട്ടൂൺ കഥാപാത്രങ്ങൾ വിജയിച്ചു എന്നു പറയുന്നതാവും ശരി. ഈയിടെ ബാലരമ മായാവിയുടെ മുപ്പതാം വാർഷിക പതിപ്പ് ഇറക്കിയിരുന്നു. ഏതായാലും വീട്ടിലും സ്‌കൂളിലും ഈ പേരുകൾ അവരുമായി സാമ്യസ്വഭാവം ഉള്ളവർക്ക് ഇടം പേരുകൾ ആയി മാറാൻ അധികകാലം വേണ്ടി വന്നില്ല. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടി ലുട്ടാപ്പിയും ചൂരൽ വടിയുമായി റോന്തുചുറ്റുന്ന ഹെഡ്മാസ്റ്റർ കുട്ടൂസനും തെറ്റിയ ഉത്തരങ്ങൾ നൂറു തവണ ഇമ്പോസിഷൻ നൽകുന്ന ടീച്ചർ ഡാകിനി അമ്മൂമ്മയും ആയി മാറിയത് സ്വാഭാവികം. ആളൊരു പേടിത്തൊണ്ടൻ ആണേലും എനിക്കിഷ്ടം രസികൻ ലുട്ടാപ്പിയെ ആയിരുന്നു.
അന്നു എനിക്കു ഒരു ഹോം ലൈബ്രറി എന്നു വിശേഷിപ്പിയ്ക്കാവുന്ന ബാലകഥാപുസ്തകങ്ങളുടെ ശേഖരം ഉണ്ട് . ഒരു ചെറിയ കാർഡ് ബോർഡ് പെട്ടി അത്രേയുള്ളു , അതു എന്റെ കട്ടിലിന്റെ കീഴെ ഭദ്രമായി വെച്ചിരിക്കും . അതിൽ പഴയ പൂമ്പാറ്റയും ബാലരമയും കോമിക്കുകളും അടുക്കി വെച്ചിരിക്കും . ബാർട്ടർ സിസ്റ്റം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നു ഞങ്ങളെ പഠിപ്പിച്ചത് ഇത്തരം പുസ്തക ശേഖരണങ്ങൾ തന്നെ . നിന്റെ ബാലരമയ്ക്കു പകരം എന്റെ ഇന്ദ്രജാൽ കോമിക്ക് . ആർക്കൊക്കെ കൊടുത്തു എന്നു ഒരു തുണ്ടു പേപ്പറിൽ എഴുതി വെയ്ക്കും. വായിച്ചു ബുക്ക് തിരികെ കൊടുക്കും വരെ ഉറക്കം വരില്ല.
ടോംസിന്റെ ബോബനും മോളിയും വായിക്കാത്ത ഏതെങ്കിലും ഒരു മലയാളി ഭൂമി മലയാളത്തിൽ ഉണ്ടോ എന്നതു സംശയം . ഓർത്തിരിക്കാൻ എത്ര രസമുള്ള കഥാപാത്രങ്ങൾ . കുസൃതികുരുന്നുകളായ ബോബനും മോളിയും , അവരുടെ കൂട്ടായ പട്ടി , കേസില്ലാ വക്കീലായ അപ്പൻ , അമ്മ മേരിക്കുട്ടി , പഞ്ചായത്ത്‌ പ്രസിഡണ്ട് ഇട്ടുണ്ണൻ , ഇട്ടുണ്ണന്റെ ഭീകരരൂപിയായ ഭാര്യ ചേടത്തി , വേലയും കൂലിയും ഇല്ലാത്ത പഞ്ചാരകുട്ടൻ അപ്പിഹിപ്പി ,കൂട്ടായി ഒരു ഗിത്താർ, ആശാൻ., ഉപ്പായി മാപ്ല , മൊട്ട അങ്ങനെ എത്രയെത്ര രസികൻ കഥാപാത്രങ്ങൾ. അന്നത്തെ ഏതു പഞ്ചായത്തുകളുമായും ഒത്തു പോകും ഈ കഥകൾ നടക്കുന്ന കിഴുക്കാം തൂക്ക് പഞ്ചായത്ത്. മനോരമയിൽ നിന്നു പിണങ്ങി ടോംസ് സ്വന്തമായി ബോബനും മോളിയും കാർട്ടൂൺ പുസ്തകമായി പ്രസിദ്ധികരിച്ച കാലമാണ് മലയാളത്തിലെ ബാലപ്രസിദ്ധികരണങ്ങളുടെ സുവർണ്ണകാലം . ബോബനും മോളിക്കും കൂട്ടായി ഉണ്ണിക്കുട്ടൻ എന്ന കുറുമ്പുകാരനെക്കൂടി സൃഷ്ടിച്ചു ടോംസ് . ഇന്ന് ഉണ്ണിക്കുട്ടൻ വളർന്ന് ടിന്റുമോൻ ആയി മാറിയോ എന്ന ചിന്ന സംശയം ബാക്കി.
കുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിച്ച അനേകം രസകരമായ കാർട്ടൂണുകൾ ഇനിയും ബാക്കി . അതിൽ ഒന്നാണ് ജമ്പനും തുമ്പനും . രസികനും തടിയനുമായ ഡിറ്റക്റ്റീവ് ജമ്പൻ . അവന് കൂട്ടായി , ഉറങ്ങണം അല്ലെങ്കിൽ ഭക്ഷണം കഴിക്കണം എന്ന ചിന്ത മാത്രമുള്ള തുമ്പൻ എന്ന നായ . അവരുടെ സഹായം എപ്പോഴും തേടുന്ന ഇൻസ്‌പെക്ടർ ചെന്നിനായകം . സൂത്രൻ എന്ന കുറുക്കനും കൂട്ടുകാരനായ ഷേരു എന്ന കടുവയും ഒപ്പിക്കുന്ന പുകിലുകൾ ഉള്ള സൂത്രൻ കാർട്ടൂൺ വേറൊന്ന് . പപ്പൂസ് എന്ന മൊട്ടത്തലയൻ കുട്ടി . ശുപ്പാണ്ടി എന്ന മണ്ടൻ ചെറുപ്പക്കാരൻ . എപ്പോഴും അബദ്ധത്തിൽ ചെന്നു ചാടി അവിടെ ഭാഗ്യം കൊണ്ടു വിജയിക്കുന്ന ശിക്കാരി ശംഭു, കാർട്ടൂണിസ്ററ് വേണു സൃഷ്ടിച്ച മൃഗാധിപത്യം വന്നാൽ , ചലോ ചപ്പൽസ് ഇവയൊക്കെ ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു.
കൂട്ടത്തിൽ 1980 -90 കളിൽ കുട്ടികളെ ആകർഷിച്ച മറ്റൊരു കഥാപാത്രം ആയിരുന്നു ബാലമംഗളത്തിലെ ഡിങ്കൻ . പങ്കിലകാട്ടിൽ നിന്നു അച്ഛനോടും അമ്മയോടും പിണങ്ങി നാടുവിട്ട കുഞ്ഞൻ എലി . അന്യഗ്രഹ ജീവികളുടെ പിടിയിൽ പെട്ടു ശക്തിമാനായി മാറുന്നു .. ഡിങ്കൻ ശക്തിമാൻ . അപകടത്തിൽ പെടുന്ന കുട്ടികളെ രക്ഷിക്കാൻ പറന്നെത്തുന്ന ഡിങ്കൻ . ബാലമംഗളം പ്രസിദ്ധികരണം നിറുത്തി എങ്കിലും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ വേരോടിയ അത്ഭുത കഥാപാത്രം . ആ കുട്ടികൾ മുതിർന്നപ്പോൾ ഡിങ്കമതം ഉണ്ടാക്കി ഡിങ്കനെ ആരാധിക്കുന്ന നിലവരെ എത്തി അവരുടെ ഡിങ്കനോടുള്ള വീരാരാധന.
അമർ ചിത്രകഥകളേയും പൈക്കോ ക്ലാസ്സിക്കുകളേയും എങ്ങനെ വിട്ടുകളയും .അനന്തപൈ പുറത്തിറക്കിയിരുന്ന അമർ ചിത്രകഥകൾ പുരാണകഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൽ വിജയിച്ചു. അമർ ചിത്രകഥകൾ വായിക്കുവാൻ കാത്തുനിന്നിരുന്ന ഒരു ബാല്യം ആയിരുന്നു അന്നത്തേത്. കർണ്ണൻ , ദ്രോണർ , ഭീമൻ ,കണ്ണകി ശകുന്തള തുടങ്ങി എത്രയെത്ര പുരാണകഥാപാത്രങ്ങൾ. പൈക്കോ ക്ലാസ്സിക്കുകൾ ആകട്ടെ ലോക ക്ലാസ്സിക്ക് കഥകൾ ചിത്രകഥാരൂപത്തിൽ. പൈക്കോക്ലാസ്സിക്ക് കഥകളിൽ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള , നോത്ര ദാമിലെ കൂനന്‍, റോബിൻസൺ ക്രൂസോ തുടങ്ങിയ ലോകകഥാ ഇതിഹാസങ്ങൾ. വീഡിയോഗെയിമുമായി യുദ്ധത്തിനിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അന്യമായത് എത്ര വലിയ കഥാനിധികൾ.
എന്റെ വായനാശീലത്തെ ഗൗരവമുള്ള ഒരു തലത്തിലേക്ക് കൊണ്ടുപോയ ബാലപ്രസിദ്ധികരണം ആണ് തളിര് മാഗസിൻ. സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ജവഹർ ബാലഭവൻ പ്രസിദ്ധികരിച്ചിരുന്ന തളിര് മാഗസിൻ അന്ന് സ്കൂളുകൾക്ക് സൗജന്യമായി ലഭിച്ചിരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ഹെഡ്മാസ്റ്റർ ഭാസ്കരൻ സാർ അവധി ദിവസങ്ങളിൽ ശമ്പളം വന്നാൽ അടുത്തുള്ള സാറുമ്മാരുടെ വീട്ടിൽ വിവരം അറിയിക്കുവാൻ എന്നെ വിളിക്കും .അമ്മ ആ സ്കൂളിലെ ടീച്ചർ ആയതിനാലും വീട് സ്കൂളിന്റെ അടുത്ത് ആയതിനാലും കിട്ടിയ ഭാഗ്യമായിരുന്നു അത്. സാറിന്റെ വിളി കേൾക്കുമ്പോൾ തന്നെ ഞാൻ ശരവേഗത്തിൽ ഓട്ടം തുടങ്ങും. കൂട്ടിനായി കമ്പിവളയവണ്ടിയും കാണും. ഒരു കമ്പി വളച്ചു ചക്രമാക്കി അത് ഓടിക്കുവാൻ ഒരു കോലും . നാട്ടിൽ ഇപ്പോൾ കുട്ടികളുടെ ഇടയിൽ നിന്ന് ഇതൊക്കെ എന്നേ അപ്രത്യക്ഷമായി . തിരികെ എത്തുമ്പോൾ പ്രതിഫലമായി വായിക്കുവാൻ ആ മാസത്തെ തളിര് മാഗസിൻ സാറുതരും. വായിച്ചു ഭദ്രമായി തിരികെ കൊടുക്കണം . ഒറ്റ ഇരുപ്പിൽ ഞാൻ അത് വായിച്ചു തീർക്കും. വളരെ നല്ല നിലവാരം ഉള്ള ഒരു പ്രസിദ്ധികരണം ആയിരുന്നു തളിര് . നല്ല കഥകളും കവിതകളും . കാർട്ടൂണുകൾ തീരെ ഇല്ല . വിശ്വസാഹിത്യ കൃതികളുടെ മലയാള പരിഭാഷകൾ ഖണ്ഡശ്ശ കാണും . വിക്ടർ ഹ്യൂഗോയുടെയും ടോൾസ്റ്റോയിയുടെയും കഥകൾ എനിക്ക് പരിചിതമായത് ഈ വായനയിൽ നിന്നാണ്. കഥകളും കവിതകളും ഒക്കെ നല്ല നിലവാരം പുലർത്തുന്നത് . എഴുതുന്നതോ സിപ്പി പള്ളിപ്പുറം , സുമംഗല , കുഞ്ഞുണ്ണി മാഷ് , മാലി , സുഗതകുമാരി, ഓ.എൻ.വി തുടങ്ങിയ പ്രശസ്തരും പ്രിയങ്കരുമായ എഴുത്തുകാർ . ഇപ്പോൾ തളിര് മാഗസിൻ പുറത്തിറക്കുന്നുണ്ടോ എന്തോ ?.
1980-90 കളിൽ ഇത്തരം ബാല മാഗസിനുകൾ ആയിരുന്നു ഞങ്ങളെ ചിന്തിക്കുവാനും നല്ല നാളെയേക്കുറിച്ചു സ്വപ്നം കാണുവാനും പഠിപ്പിച്ചത്. തിന്മയ്ക്ക് എതിരെ നിൽക്കുവാനും നന്മയ്ക്കാണ് അന്തിമവിജയം എന്നും കുട്ടികളെ പഠിപ്പിച്ചത് . കാൻഡി ക്രഷും ആംഗ്രി ബേർഡ്സും പോക്കി മോനും ഒക്കെ കുട്ടികളുടെ വിദൂരസ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാലം . മഷിത്തണ്ടും വളപ്പൊട്ടും ഗോട്ടിയും തീപ്പട്ടി പടവും ബാലരമയും പൂമ്പാറ്റയും ഒക്കെ ചേർന്ന് സങ്കൽപ്പങ്ങൾക്ക് ചിറക് കൊടുത്തിരുന്ന കാലം . എന്നാൽ ഇന്നു കാലം മാറി, പുസ്തകങ്ങൾക്ക് പകരം ഹിംസയെ , അക്രമത്തെ , എന്തു വിലകൊടുത്തും ജയിക്കണം എന്ന് മാത്രം കുട്ടികളെ പഠിപ്പിക്കുന്ന കമ്പ്യൂട്ടർ ഗെയിമുകൾ അറിഞ്ഞോ അറിയാതെയോ കളിക്കുവാൻ നാം കുട്ടികളെ പ്രേരിപ്പിക്കുന്നു . അതിൽ നാം അഭിമാനം കണ്ടെത്തുന്നു…നാമൊക്കെ എത്രകണ്ടു മാറിയിരിക്കുന്നു...
ഇത് വായിക്കുന്ന ഓരോ വായനക്കാരനും കാണും അവരുടെ ബാല്യത്തെക്കുറിച്ചു ഇത്തരം ഓർമ്മകൾ. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും വേണ്ടി കാത്തിരുന്ന നാളുകൾ . മനസ്സിൽ മായാതെ സൂക്ഷിച്ചിട്ടുള്ള ആ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ ഓർത്തെടുക്കുമ്പോൾ പണ്ട് ഓ.എൻ .വി മാഷ് എഴുതിയതുപോലെ .. ഒരു വട്ടം കൂടി ആ ബാല്യകാലത്തിലേക്ക് തിരിച്ചു പോകുവാൻ മോഹം . വെറുതെ ആ മോഹങ്ങൾ എന്നറിയുമ്പോളും വെറുതെ മോഹിക്കുവാൻ മോഹം...
വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും
കുഞ്ഞുണ്ണി മാഷ്

പൊതിച്ചോറും ഗൾഫ് പ്രവാസിയും

Image may contain: Samson Mathew, smiling

ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. പ്രീഡിഗ്രി എന്നുവെച്ചാൽ ഇന്നത്തെ പ്ലസ്‌ 2 മാതിരി യൂണിഫോം ഇട്ടു എൽ.കെ.ജി കുട്ടികളെപ്പോലെ സ്കൂളിൽ പോകുന്ന പരിപാടി അല്ല . സാക്ഷാൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആണ് പഠനം. പത്താംക്ലാസ്സുവരെ വരണ്ട ഉണക്കപ്പുട്ട് അടിച്ചവനു നല്ല വറുത്തരച്ച കോഴിക്കറിയും പെറോട്ടയും മുമ്പിൽ വെച്ചുകൊടുത്ത അനുഭവം. ഒരു കാര്യം, പഠിക്കുവാണെങ്കിൽ ഞാൻ ഒക്കെ പഠിച്ച പുനലൂർ എസ്.എൻ കോളേജ് പോലുള്ള കോളേജിൽ തന്നെ പഠിക്കണം. ഞങ്ങൾ ഓണം കേറാമൂലകളിൽ നിന്ന് ആനവണ്ടിയൊക്കെ പിടിച്ചു പുനലൂരെത്തി 3 കിലോമീറ്റർ നടന്നു കോളേജ് നിൽക്കുന്ന മല കേറുമ്പോഴേക്കും അവിടെ പഠിത്തവും സമരവും കഴിഞ്ഞു പിള്ളേർ താഴേക്ക് ഇറങ്ങി വരുന്നതാകും മിക്ക ദിവസത്തെയും കാഴ്ച്ച . ദോഷം പറയരുത്, പഠിക്കേണ്ടവർ വല്ല ട്യൂട്ടോറിയൽ കോളേജിലോ പ്രൈവറ്റ് ട്യൂഷനോ പോയി പഠിച്ചോളും. ഉച്ച കഴിഞ്ഞേ ഉള്ളൂ ട്യൂട്ടോറിയൽ ക്ലാസ്സ്. അതിനാൽ ഉച്ച വരെ തെണ്ടി തിരിയാൻ എന്തൊക്കെ അവസരങ്ങളാണ് ഞങ്ങൾ കുട്ടികൾക്ക് പുനലൂർ പട്ടണം ഒരുക്കി വച്ചിരുന്നത്. ആ കഥകൾ ഒക്കെ എഴുതാൻ പുതിയ ബ്ലോഗ് തന്നെ തുടങ്ങേണ്ടിവരും.
കോളേജിൽ ചേർന്ന കാലം അമ്മ രാവിലെ ചോറുപൊതി കെട്ടി തന്നുവിടും. അന്നൊക്കെ കോളേജിൽ പഠിക്കുന്ന കുട്ടികൾ നോട്ടുബുക്കുകൾ ഒന്നും കൊണ്ടുനടക്കാറില്ല . പകരം ഒരു പ്ലാസ്റ്റിക്ക് ഫയൽ കാണും. അതിൽ അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ പേപ്പറിൽ എഴുതി ചരടുവെച്ചു കെട്ടി സൂക്ഷിക്കും. ഫയൽ കൊണ്ടു നടക്കാൻ സൗകര്യം. ചുരുട്ടി പാൻസിന്റെ പോക്കറ്റിൽ വെയ്ക്കാം . വേണ്ടിവന്നാൽ പേപ്പറുകൾ മടക്കി റോക്കറ്റായി പ്ലാറ്റുഫോമിൽ നിൽക്കുന്ന സാറുന്മാരുടെ നേരെ പ്രയോഗിക്കാം, ചുരുട്ടി മുമ്പിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകളുടെ തലയിൽ എറിയാം, അതുമല്ലെങ്കിൽ ലെക്ച്ചർ നോട്ട് എഴുതുന്നു എന്ന വ്യാജേനെ പ്രേമസുരഭില കുറിപ്പടികൾ എഴുതി പെൺബെഞ്ചുകളിലേക്ക് കൈമാറാം..അങ്ങനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് പേപ്പറിനുള്ളത്. പിന്നെ ആകെയുള്ള ശല്യം പൊതിച്ചോറ്. അത് അന്നത്തെ ഫാഷനും സ്റ്റൈലിനും പിടിക്കുകയില്ല.
കൊല്ലം-ചെങ്കോട്ട റോഡിന്റെ സൈഡിൽ ആയിരുന്നു എന്റെ വീട് . ബസ്സുകൾ വീടിന്റെ മുമ്പിലത്തെ കവലയിൽ നിറുത്തും. വീടിനു മുമ്പിലത്തെ ഗെയ്റ്റിനകത്ത് നിന്നാൽ എതിരെ ബസുകാത്ത് നിൽക്കുന്ന കോളേജുകുമാരിമാരുടെ ദർശനം കൃത്യമായി കിട്ടും . ഗെയ്റ്റിന് പുറത്തു ഒരു തിണ്ണയുണ്ട് . രാവിലെ കോളേജിൽ പോകാൻ റെഡിയായി ഫയലും പൊതിച്ചോറും തിണ്ണയിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കും . ഞാൻ ഹാജർ ഉണ്ടെന്നു സഹ വാളികളെ ( ഞങ്ങളുടെ നാട്ടിൽ കോളേജു കുമാരന്മാരെ നാട്ടാർ വിളിക്കുന്ന സുന്ദരപദം ) ധരിപ്പിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണിത്.ഗെയ്റ്റിനകത്തു നിന്ന് വായിനോക്കുമ്പോൾ ആകും അമ്മ എന്തെങ്കിലും ആവശ്യത്തിന് അകത്തേക്ക് വിളിപ്പിക്കുന്നത്. കള്ളകാക്കകൾ ആ തക്കം നോക്കി ഇരിക്കുകയാകും , ഞാൻ എന്ന പോഴൻ പൊതിച്ചോറും വെച്ചിട്ടു വീടിനകത്തേക്ക് പോകും എന്ന കാര്യം അവകൾക്ക് കൃത്യമായി അറിയാം. അകത്തോട്ടു പോകുന്ന തക്കം നോക്കി കാക്ക വന്നു പൊതിച്ചോർ കൊത്തും. തിരികെ അമ്മ പറഞ്ഞ കാര്യം കേട്ടു എത്തുമ്പോഴേക്കും കാക്ക പൊതിച്ചോർ കൊത്തി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ..എന്ന മട്ടിൽ ഇരിക്കും. എതിരെ നിൽക്കുന്ന കോളേജ് ലലനാമണികളുടെ കൂട്ട പരിഹാസച്ചിരി കാണുമ്പോഴേ അറിയാം പണികിട്ടിയെന്ന്.
പൊതിച്ചോർ കാക്കകൊത്തിയെന്നു അമ്മയോട് പറഞ്ഞാൽ കയ്യിൽ ഇരിക്കുന്ന തവിക്കണ കൊണ്ടോ പാത്രം കൊണ്ടോ വീക്ക്‌ കിട്ടും. പാടുപെട്ടു രാവിലെ എഴുന്നേറ്റു ഉണ്ടാക്കിയ ചോറും കറികളുമാണ് കാക്ക കൊത്തിയത്.അതുകൊണ്ട് പൊതിച്ചോർ അമ്മ അറിയാതെ വഴിയിൽ എവിടെയെങ്കിലും ഉപേക്ഷിക്കും. ചിലപ്പോൾ ഒരുകാരണവും ഇല്ലാതെ ചുമക്കാനുള്ള മടികൊണ്ടാവും അങ്ങനെ ചെയ്യുക. ഇന്ന് അങ്ങനെ വെറുതെ കളഞ്ഞ പൊതിച്ചോറുകളെ കുറിച്ചു ഓർമ്മിക്കുമ്പോൾ തന്നെ കണ്ണുനിറയും. അമ്മ പാടുപെട്ടു ഉണ്ടാക്കി തരുന്ന പൊതിച്ചോറുകൾ എത്ര നിസ്സാരമായിട്ടായിരുന്നു പെരുവഴിയിൽ തള്ളിയത്. അമ്മയുടെ കൈപുണ്യമുള്ള ആ ചോറിന്റെ രുചി ഇപ്പോൾ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. ഈ മരുഭൂമിയിൽ പൊതിച്ചോർ പോയിട്ട് ഒരു വാഴയില വേണമെങ്കിൽ പൈസ മുടക്കി ലുലു സൂപ്പർ മാർക്കറ്റിൽ നിന്നോ മറ്റോ വാങ്ങണം. ചെയ്ത മഹാപാപത്തിന് തമ്പുരാൻ നൽകുന്ന ശിക്ഷയേ...
ഞാൻ പ്രീഡിഗ്രിയ്ക്ക് രണ്ടാം കൊല്ലമായപ്പോൾ ഇനി മുതൽ പൊതിച്ചോർ കോളേജിൽ കൊണ്ടുപോകുകയില്ല എന്ന് ഒരു പ്രഖ്യാപനം അങ്ങു നടത്തി. കാരണം ഞാൻ തന്നെ ഒരു സബ്മിഷൻ ആയി അവതരിപ്പിച്ചു. കോളേജിലെ പൈപ്പിൽ വെള്ളം ഇല്ല. ചോറുണ്ടിട്ടു കൈ കഴുകാതിരിക്കുവാൻ എന്നെ കൊണ്ടുപറ്റുകയില്ല എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. കാക ശല്യത്തേക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല . മിണ്ടിയാൽ പണിപാളും. നീണ്ട വാദപ്രതിവാദങ്ങൾ..വാക്ക് ഔട്ട് ..കുത്തിയിരുപ്പ് സമരം ..ഒടുവിൽ പാവം അമ്മ അന്നുമുതൽ കോളേജിൽ പോകുന്ന ദിവസങ്ങളിൽ ഉച്ച ഭക്ഷണ അലവൻസായി 2 രൂപ അനുവദിച്ചു . എനിക്കും പരമ സന്തോഷം. പൊതിച്ചോർ ചുമക്കേണ്ട , കൂടാതെ അയൽപക്കക്കാരായ കോളേജ് പെൺമണികളുടെ ഊളച്ചിരി സഹിക്കേണ്ടല്ലോ.. അന്ന് രണ്ടു രൂപ ഉണ്ടെങ്കിൽ ഉച്ച ഭക്ഷണം കുശാൽ. പുനലൂർ കോളേജ് ജംഗ്ഷനിൽ അന്ന് ഒരു അച്ചായന്റെ ഹോട്ടൽ ഉണ്ട്. പെറോട്ട ഒന്നിന് 25 പൈസ വീതം നാലെണ്ണത്തിന് ഒരു രൂപ. കൂടെ സാമ്പാറോ ചമ്മന്തിയോ ആണെങ്കിൽ ഫ്രീ. നീക്കിബാക്കി ഒരു രൂപ പോക്കറ്റിൽ. കടലക്കറിയാണെങ്കിൽ 50പൈസ,മുട്ട റോസ്റ്റ് എങ്കിൽ ഒരു രൂപ എങ്ങനെ പോയാലും 2 രൂപയിൽ കാര്യം നടക്കും. പിന്നീട് എത്രയോ തവണ ആ ഹോട്ടലുകളിൽ നിന്നു കിട്ടുന്ന പഴകിയ കറികളും പെറോട്ടയും കഴിച്ചു വയറു ചീത്തയായിട്ടും പൊതിച്ചോറ് കോളേജിൽ കൊണ്ടുപോകാൻ എന്റെ വൃഥാഭിമാനം സമ്മതിച്ചിട്ടില്ല.
പിന്നീട് പഠിത്തം കഴിഞ്ഞു പണി തേടി എത്തപ്പെട്ട നാളുകളിൽ ഒരു പൊതിച്ചോറിനായി എത്ര കൊതിച്ചിട്ടുണ്ട്. നാട്ടിൽ നിന്നു ഗൾഫിലെത്തി ജോലിയ്ക്കായി നെട്ടോട്ടം ഓടിയ നാളുകൾ. ജോലി കിട്ടി ആദ്യതവണ മൂന്നുകൊല്ലം കഴിഞ്ഞാണ് നാട്ടിൽ പോയത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് തിരുവന്തപുരത്ത്‌ പ്ലെയിൻ ഇറങ്ങിയത്. നേരത്തെ അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു,എനിക്ക് പൊതിച്ചോർ കെട്ടിക്കൊണ്ടു വരണമെന്ന്. ബാക്കി എല്ലാവരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ ഞാൻ മാത്രം വെഞ്ഞാറംമൂടിനടുത്ത്‌ റോഡ്‌ സൈഡിൽ വണ്ടിയൊതുക്കി ആ പൊതിച്ചോർ കഴിച്ചത് ഇപ്പോഴും ഓർമ്മയിൽ മായാതെ നിൽക്കുന്നു. ആ പൊതി ഒറ്റവറ്റുപോലും കളയാതെ തിന്നു, വീട്ടിൽ നിന്നു കൊണ്ടുവന്ന കിണറ്റുവെള്ളം കുറേ കുടിച്ചപ്പോൾ ഉണ്ടായ സുഖം..എങ്ങനെ മറക്കാൻ ?
ചെറുപ്പത്തിൽ അമ്മ എത്ര ബുദ്ധിമുട്ടിയായിരുന്നു പൊതിച്ചോർ കെട്ടി തന്നിരുന്നത്. അമ്മ വൈകിട്ടു തന്നെ ഞങ്ങളെകൊണ്ട് ഇല സംഘടിപ്പിക്കും. സ്‌കൂൾ തുറന്നു ഒന്നുരണ്ടു മാസം കഴിയുമ്പോളേക്കും വീട്ടിലെ പറമ്പിൽ ഉള്ള വാഴയിലകൾ ഒക്കെ തീർന്നിരിക്കും. പിന്നീട് ഞാനും അപ്പനും ഒരു ചെറിയ തോട്ടിയും കോങ്കിയിരുമ്പുമായി പറമ്പിന് പുറത്തേക്കു ഇറങ്ങും. ഞങ്ങളുടെ പറമ്പിന് പുറത്തു വിശാലമായ ഒരു തൊടിയാണ്, അതിൽ കാപ്പിമരങ്ങളും ഇടയ്ക്ക് വാഴയും കമുകും. തൊട്ടടുത്ത വീട്ടുകാരുടെയാണ് , അവർക്ക് ഞങ്ങൾ ഇല വെട്ടുന്നതിൽ പരിഭവമില്ല. ആകെയുള്ള പ്രശ്നം സൂക്ഷിച്ചില്ലെങ്കിൽ പാമ്പത്താന്മാരുടെ കടി കിട്ടും. പൊത്തുകളിൽ നിന്ന് അവന്മാർ ഇടയ്ക്കിടെ തല നീട്ടി വെളിയിലേക്ക് നോക്കും. ഞാനും അപ്പനും നിരുപദ്രവകാരികൾ ആണെന്നു തോന്നിയതിനാൽ ആകും ഞങ്ങളെ വെറുതേ വിട്ടിരുന്നത്. അപ്പൻ പാകത്തിനുള്ള ഇല കണ്ടുപിടിക്കും. ഞാലിപ്പൂവന്റെയോ കുടിവാഴയുടെയോ ഇലയാണ് പൊതിച്ചോറ് കെട്ടാൻ ഉത്തമം. ഞാൻ തോട്ടികൊണ്ട് ഇല ചായിച്ചുകൊടുക്കും. അപ്പനാകും തുമ്പുനോക്കി ഇല വെട്ടി എടുക്കുക. സൂക്ഷിച്ചില്ലെങ്കിൽ ഉടുപ്പിൽ കറപറ്റും. ഇലകൾ കിണറ്റുകരയിൽ കൊണ്ടുവന്ന് വെള്ളം കോരികഴുകി തുടച്ചു എടുക്കും. അതിനു ശേഷം വീട്ടിന്റെ പുറത്തെ ചായ്പ്പിൽ കല്ലുകൂട്ടിയ അടുപ്പിൽ കനലിൽ വാട്ടി എടുക്കും. തുടർന്ന് അപ്പൻ ഇരുമ്പുകൊണ്ട് വാഴയിലയുടെ പുറത്തെ നരമ്പ് ചെറുതായി പോന്തിഎടുത്ത് കളയും. പൊതിച്ചോറ് കെട്ടാനുള്ള ഇല റെഡി. അപ്പൻ ആ ഇലകൾ ഒരു മുറത്തിൽ അടുക്കി വെയ്ക്കും.
രാത്രിയിൽ അങ്ങനെ മുറത്തിൽ സൂക്ഷിക്കുന്ന ഇലയിൽ അമ്മ ചോറുപൊതി കെട്ടും. രാവിലെ അഞ്ചുമണിക്ക് ഞങ്ങളൊക്കെ സുഖം പിടിച്ചു ഉറങ്ങുമ്പോൾ അമ്മ രാവിലത്തെ കാപ്പിയുടെയും പൊതിച്ചോറിന്റെയും പണി തുടങ്ങും. മൂന്നുപൊതിയെങ്കിലും കെട്ടണം , എനിക്കും പെങ്ങൾക്കും പിന്നെ സ്കൂൾ അധ്യാപകനായ അപ്പനും. അമ്മ പഠിപ്പിക്കുന്ന സ്കൂൾ അടുത്തായതിനാൽ ഉച്ചയ്ക്ക് വീട്ടിൽ വന്നു കഴിക്കും. അടുക്കളയിലെ കലത്തിൽ വേവുന്ന കുത്തരിയുടെ മണമാകും മിക്കപ്പോഴും ഞങ്ങളെ ഉറക്കത്തിൽനിന്ന് ഉണർത്തുക. വെന്ത ചുടുചോറ് അമ്മ ഇലയുടെ നടുക്കുകോരിയിടും. നല്ല ചുട്ടരച്ച തേങ്ങചമ്മന്തി അകമ്പടിയായി ഉണ്ടാകും. പിന്നെ ഏതെങ്കിലും ഒരു തോരൻ, പയറോ മുരിങ്ങയിലയോ അതുമല്ലെങ്കിൽ ചീരയോ ആകും തോരൻ ആയി രൂപാന്തരം പ്രാപിക്കുക. കൂടെ ഒരു കഷ്ണം ഉണക്കമീൻ വറുത്തതോ മുട്ട പൊരിച്ചതോ. ഒടുവിലായി മേമ്പൊടിക്ക് കടുമാങ്ങ ഉപ്പിലിട്ടതോ നാരങ്ങയോ. പിന്നെ എനിക്കു സ്‌പെഷ്യൽ ആയി കുറെ വാഴയ്ക്ക വറ്റൽ അമ്മ ചോറിൽ പൂഴ്ത്തിവെയ്ക്കും. അതിനേകുറിച്ചൊക്കെ ഓർക്കുമ്പോൾ തന്നെ കൊതിയാകുന്നു..
ഉച്ചയ്ക്ക് അടിവയറ്റിൽ നിന്ന് വിശപ്പ് കത്തി ക്കയറുമ്പോൾ ആകും സ്‌കൂൾമണി അടിക്കുക. പിന്നെ പൊതിക്കരികിലേക്ക് ഒറ്റ ഓട്ടമാണ്. കൈയൊന്നും കഴുകാൻ എവിടെ സമയം. ചോറുപൊതി തുറക്കുമ്പോൾ ഉള്ള മണം... ചോറും കൂട്ടാനുകളും ചേർന്നുള്ള വർണപ്രപഞ്ചം. പൊതി തുറക്കുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുക വലിയൊരു പൊട്ട്… ചമ്മന്തി. പതുക്കെ മറ്റുള്ളവയും തെളിഞ്ഞുവരും. ചുമന്ന ചീരയാണ് തോരൻ എങ്കിൽ ചുമന്ന കളറിന്റെ ചോറ്, നേരേമറിച്ചു പച്ച ചീരയെങ്കിൽ ആകെ പച്ചനിറം. അവിയലോ മറ്റോ ഉണ്ടെങ്കിൽ മഞ്ഞയാകും നിറം. നാവിന്റെ രസമുകുളങ്ങളിൽ രുചിയുടെ കമ്പക്കെട്ട് തീർക്കുകയാകും ഓരോ ഉരുളയും... കൂടെ, എനിക്ക് പ്രിയപ്പെട്ട തണുത്ത വാഴയ്ക്കാ വറ്റലും.. വാട്ടിയ വാഴയിലയുടെ മണവും അകമ്പടിയായി എത്തുമ്പോൾ എങ്ങനെ പിടിച്ചു നിൽക്കാൻ ?
മലയാളിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മയാണ് പൊതിച്ചോർ. അമ്മയുടെ വിയർപ്പിന്റെ ഉപ്പും സ്നേഹത്തിന്റെ മാധുര്യവും ഉണ്ട് ആ പൊതിച്ചോറിനു് . ആ വാട്ടിയ ഇലയുടെ ഗന്ധം ഓർക്കുമ്പോൾ മൂക്കിലേക്ക് അടിച്ചുകയറുക നമ്മുടെ നഷ്ടബാല്യങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ആകും. അമ്മയുടെ കരുതലും സ്നേഹവും നിറഞ്ഞ ആ പൊതിച്ചോറിനേക്കാൾ വരില്ല ഏതു ഫൈവ്സ്റ്റാർ ഹോട്ടലിലെ ഭക്ഷണവും. ഈയിടെ തിരുവനന്തപുരം ദുബൈ എമിരേറ്റ്സ് വിമാനം കത്തിനശിച്ചപ്പോൾ നഷ്ടപ്പെട്ട സാധനങ്ങളുടെ കൂട്ടത്തിൽ നൂറിലധികം പൊതിച്ചോറുകൾ ഉണ്ടാകും എന്നു ട്രോളുകാർ കളിയാക്കിയിരുന്നു. തീർച്ചയായും..ആ പാഥേയങ്ങളുടെ എണ്ണം അവർ കളിയാക്കിയതിനേക്കാൾ കൂടുതൽ ആയിരിക്കും. കാരണം മലയാളി, നാടിന്റെ ഓർമ്മയെ താലോലിക്കുക ഇത്തരത്തിലുള്ള ചില അനുഷ്ടാനങ്ങളിലൂടെ ആയിരിക്കും. അപ്രാവശ്യത്തെ യാത്രയുടെ കലാശക്കൊട്ടാകും അവൻ നാട്ടിൽ നിന്നു കൊണ്ടുവന്നു കഴിക്കുന്ന ആ പൊതിച്ചോറ്. അവൻ, അടുത്തവർഷം വരെയോ അല്ലെങ്കിൽ അതിനടുത്ത വർഷം വരെയോ ഈ മരുഭൂമിയുടെ കനൽക്കാറ്റിനെ നേരിടുക ആ ഓർമ്മയുടെ കരുത്തുകൊണ്ടാകും.
ഗൾഫിൽ നിന്ന് ഞാൻ നാട്ടിൽ പോയിവരുമ്പോൾ ഒറ്റപ്രാവശ്യം പോലും പൊതിച്ചോറിനെ കൂടെ കൂട്ടാതിരുന്നിട്ടില്ല. തിരികെ പോകുന്നതിനു തലേന്ന് അപ്പൻ പഴയതുപോലെ ഒരു കൊങ്കിയിരുമ്പുമായി തൊടിയിലേക്ക് ഇറങ്ങും. പ്രായം 75 കഴിഞ്ഞെങ്കിലും അതിനുള്ള ഉത്സാഹം കാണുമ്പോൾ തന്നെ മനസ്സുനിറയും. ഞാൻ ഇല വെട്ടാമെന്നു പറഞ്ഞാലും നീ കുട്ടിയല്ലേ ,നല്ലയില ഏതാണെന്ന് നിനക്കറിയില്ല എന്നാകും രണ്ടു കുട്ടികളുടെ അപ്പനായ എന്നോടുള്ള മറുപടി. ഇല വാട്ടി പഴയതുപോലെ നരമ്പ്‌ ഒക്കെ കളഞ്ഞു തയാറാക്കും. രണ്ടു തേങ്ങ ചുട്ടരച്ചു, ചമ്മന്തി അപ്പോഴേക്കും അമ്മ തയ്യാറാക്കിയിരിക്കും. പിന്നെ പാവയ്ക്ക മെഴുക്കുപുരട്ടി, വാഴക്കൂമ്പ് തോരൻതുടങ്ങിയവയും. പോത്തിറച്ചി വരട്ടിയതോ അല്ലെങ്കിൽ മീൻ വറുത്തതോ മൂന്നാലു ദിവസത്തേക്ക് കഴിക്കാനുള്ളതും കൂടെ അടുപ്പിൽ തയ്യാറുണ്ടാകും. നേരത്തെ തയാറാക്കി വെച്ച ഇഞ്ചിപ്പുളിയും കൂടെ കൂട്ടും. വീട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് വെന്ത കുത്തരിച്ചോർ ഒരു വലിയ ഇല നിറയെ തിക്കി നിറയ്ക്കും. ചമ്മന്തിയും മറ്റു അസ്മാദികളും വെവ്വേറെ ഇലകളിൽ പൊതിഞ്ഞു ഒരു ഒറ്റ പൊതിയാക്കും. അങ്ങനെ ചോറിന്റെയും കൂട്ടാന്റെയും രണ്ടു പൊതികൾ. വീട്ടിൽ നിന്നു ഇറങ്ങുന്നതിന് മുമ്പ് ഹാൻഡ്ബാഗിൽ രണ്ടുപൊതികളും ഭദ്രമായി വെച്ചോയെന്നു ഉറപ്പ് വരുത്തിയാകും യാത്ര. ഇവിടെ എത്തിയാലോ ഒരു മൂന്നാലു ദിവസം അതുകൊണ്ടാകും കഴിയുക. ആദ്യദിവസത്തിൽ തന്നെ ചോറു കഴിയും. മൂന്നാലു ദിവസത്തേക്ക് ചോറുമാത്രം വെയ്ക്കും കറികൾ നാട്ടിൽ നിന്നുകൊണ്ടു വന്ന പൊതിയിൽ നിന്ന് അരിഷ്ടിച്ചു എടുക്കും. ഫോൺ വിളിക്കുമ്പോൾ ചോറും കൂട്ടാനും തീർന്നോ എന്നാകും അമ്മ ആദ്യം ചോദിക്കുക.
ഗൾഫ് മലയാളിയുടെ പ്രീയപ്പെട്ടവർക്ക് അത് അമ്മയാകാം, ഭാര്യയാകാം, അതൊക്കെ ഒരു നേർച്ചക്കടം പോലെയാണ്. അവനെ നാടുമായി ബന്ധിപ്പിക്കുന്ന സ്നേഹം നിറഞ്ഞ നേർച്ചക്കടം. തന്റെ ഗൾഫ് പ്രവാസത്തിന്റെ യാത്രകളിൽ അവൻ അനുഭവിക്കുന്ന അവസാനത്തെ നാടൻരുചിയാണ് ആ പാഥേയത്തിന്റേത്. ആദ്യമായി ഗൾഫിൽ എത്തുന്നവന് അതുവരെ ആസ്വദിച്ചിട്ടുള്ള പലരുചികളുടേയും അന്ത്യഅത്താഴം ആണ് ആ ബലിച്ചോറ്. ഓരോ ഉരുളയിലും ഓർമ്മയുടെ വേലിയേറ്റം ആകും ഉണ്ടാകുക, ചിലപ്പോൾ മുഴുമിക്കാനാവാതെ കണ്ണുനീർ ഉപ്പാകും അതിൽ കലരുക. ആ പൊതിച്ചോറിലെ അവസാനത്തെ ഉരുളയോടെ നാട് ഓർമ്മയായി മാറുന്നു , വളരെ സുഖകരമായ ഓർമ്മ. ആ ഓർമ്മകളുടെ ഭാണ്ഡവും പേറിയാകും പിന്നീട് നാട്ടിൽ തിരികെ എത്തുംവരെ അവൻ ജീവിക്കുക. മരുഭൂമിയിലെ ഏതു പ്രതിസന്ധിയേയും നേരിടുവാൻ അവനെ പ്രേരിപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ടവരുടെ ഇത്തരത്തിലുള്ള കരുതലും സ്നേഹവുമാണ്. അത് പ്രവാസിയുടെ അവകാശമാണ്,ഒരു കുന്നിമണിയോളം വലുപ്പമുള്ള അവന്റെ മാത്രം അവകാശം. ഒടുക്കത്തെ വറ്റും തിന്നു ഇലയും കടലാസും ചുരുട്ടി എറിയുമ്പോൾ അവൻ വീണ്ടും ഒരു പ്രവാസിയായി മാറുന്നു, അടുത്ത അവധിക്കാലത്തിനായി ദിവസങ്ങൾ എണ്ണുന്ന ഗൾഫ് പ്രവാസി...
വഴി നടന്നേറെ തളര്‍ന്നുവെന്നാകില്‍
നിറയെ പൂത്തൊരീക്കണിക്കൊന്നച്ചോട്ടില്‍
ചുമലിലെച്ചുമടിറക്കിവച്ചിനി
പതിയെ പാഥേയപ്പൊതി തുറന്നിടാം
തനയനുള്ളിലെ തളര്‍ച്ചയാറ്റുവാന്‍
അറിഞ്ഞമ്മയേകുമമൃതമീയന്നം
ഇതിലുണ്ടമ്മതന്‍ ചിരിയും കണ്ണീരും
തളരും നാളിലെ തണല്‍ പ്രതീക്ഷയും..
( പാഥേയം - ജ്യോതീബായ് പരിയാടത്ത് )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo