Showing posts with label ShabeerRahman. Show all posts
Showing posts with label ShabeerRahman. Show all posts

ഒരു ദോശയുണ്ടാക്കിയ കഥ


അതേയ്..."ഒരു ദോശയുണ്ടാക്കിയ കഥ" ചിലപ്പം നിങ്ങൾ കേട്ടിരിക്കും... ഈ വരുത്തന്മാരും ഒട്ടും മോശല്ലാട്ടാ... നിങ്ങൾ R S Puram-പിസ്സാ ഹട്ടിലേക്ക് വരൂ...
പുറത്ത് മഴചെറുതായിട്ട് പൊടിയുന്നുണ്ട്, Week end-ആയതിനാൽ നല്ല തിരക്ക
ുണ്ട്.Playing area-യിൽ കുട്ടികൾ
ആഘോഷിക്കുകയാണു, കണ്ണാടിക്കൂടായത് കൊണ്ട് ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല... പക്ഷേ അവരുടെ ചിരിയ്ക്കും
സ്ന്തോഷത്തിനും അതിർത്തികൾ പ്രശ്നമല്ല... മുതിർന്നവർ മിക്കാവാറും ദീപാവലിയെക്കുറിച്ചുള്ള ചർച്ചകളിലാണു, തുണിത്തരങ്ങളുടേയും പടക്കങ്ങളുടേയും ബിഗ് ഷോപ്പറുകൾ നിരന്നിരിക്കുന്നു....
ഞാൻ വീണ്ടും വിനോദിനെ വിളിച്ചൂ...
മൊബൈൽ എങ്കേജ്ട് ട്യൂണിൽ തന്നെ...(ക്ഷമിക്കണം)...ആ ____ മോൻ അവളുമായിട്ട്സൊള്ളിക്കൊണ്ടിരിക്കുകയായിരിക്കും...
അവനാ എല്ലാറ്റിനും കാരണം ടീം ലീഡറായി
പ്രൊമോട്ടായതിന്റെ ചെലവാന്ന് പറഞ്ഞപ്പോ ചാടിപ്പുറപ്പെട്ടു...ഫുഡ് ഓർഡർ ചെയ്ത്പ്പോഴേക്കും അവളുടെ ഫോൺ വന്നു...
"അളിയാ ദാ ഇപ്പൊ വരാട്ടാന്ന്" പറഞ്ഞ് മുങ്ങിയതാ,പോയിട്ട് മണിക്കൂറൊന്നായി...
ചൂടാറേണ്ടാന്ന് കരുതീട്ടാ Exotica garlic bred-ഉം Mexicana Blast-ഉം കഴിച്ചത്,ഇപ്പോ Masala Lemonide-കുടിക്കാൻ പേടി...ഞാൻ പതുക്കെ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി,പേഴ്സ്സിൽ നൂറു രൂപയുടെ ഒറ്റനോട്ടും പിന്നെ എന്നെ നോക്കി കൊഞ്ഞനം കുത്തിച്ചിരിക്കുന്ന ചില്ലറപ്പൈസ്സയും മാത്രം...
വിനോദിന്റെ ഫോൺ ഇപ്പോഴും എങ്കേജ്ട് തന്നെ...ഇവന്മാർക്കൊന്നും വേറേ പണിയില്ലെ,ഇങ്ങിനെ പെണ്ണുങ്ങളുടെ പുറകേ ഒലിപ്പിച്ച് നടക്കാൻ...അയ്യേ..നാണമില്ലാത്തവന്മാർ...
രണ്ട് പേർ എന്റെ വലത് വശത്തു നിന്നും രണ്ടാമത്തെ ടേബിളിൽ ഇരിക്കുന്നുണ്ട്...ഹാൻഡ് ബേഗിന്റേയും
ഹെല്മെറ്റിന്റേയും ഇടയിലൂടെ ആദ്യം അവൻ അവളുടെ കൈ തലോടാൻ തുടങ്ങീ...
പിന്നെ തലോടൽ മാറി...പൊറോട്ടയ്ക്ക് മാവ് ചാമ്പുന്നത് പോലെ എന്തോ ഒരു പരിപാടിയാണു ഇപ്പോൾ
അരങ്ങേറിക്കൊണ്ടിരിക്കുന്നത്...ഇനി അടുത്ത് തന്നെ "ചവിട്ട് നാടകവും" പ്രതീക്ഷിക്കാം...
ചിരിക്കേണ്ട...ചിരിക്കേണ്ട...നിങ്ങടെ മനസ്സിലെന്താണെന്നെനിക്കറിയാം..."കിട്ടാത്ത മുന്തിരി" ല്ലെ...അതിന്റെ ചൊരുക്കും ഉണ്ടെന്ന് കൂട്ടിക്കോ...
അപ്പോഴാണു "ടാക്കോ ബെല്ലും" മുഴക്കിക്കൊണ്ട് അവളും അവളുടെ ഫ്രെണ്ടും വന്നത്...
(ടാക്കോ ബെല്ല്:-അതിവിടുത്തെ ഒരു സെറ്റപ്പാ...ഭക്ഷണം കഴിച്ച ശേഷം നമ്മുക്ക് ഇഷ്ടമായെങ്കിൽ ആ മണിയടിക്കണം, അപ്പോൾ അവർ നമ്മുക്ക് നന്ദി പറയും...സായിപ്പിന്റെ ഓരോ തമാശകളേയ്...)
സത്യം പറയാലോ...ആദ്യം കണ്ണുടക്കിയത് അവളുടെ ഫ്രെണ്ടിന്റെ മേലാ...സ്കിൻ ഫിറ്റ് ടീ-ഷർട്ടും 3/4ത്ത് പാന്റുമിട്ട്
ഗുമ്മ് ന്ന് ഒരു സാധനം...പിന്നെ സാവധാനം നോട്ടം അവളിലേക്ക് തിരിഞ്ഞു, നെറ്റിയിലേക്ക് ഉതിർന്ന് വീണ ചുരുണ്ട മുടി പതുക്കെ പുറകിലേക്ക് ഒതുക്കിക്കൊണ്ട് തൊട്ടു മുന്നിലുള്ള ടേബിളിൽ എനിക്കഭിമുഖമായ് ഇരുന്നു,അവളുടെ ഫ്രെണ്ട് എനിക്ക് നേരെ പുറം തിരിഞ്ഞുമിരുന്നു...
കോയമ്പത്തൂർ ഒരു പാട് മാറി...പണ്ട് ഇത്തിരി ഭംഗിയുള്ള കൊച്ചിനെ കണ്ടാൽ ഉറപ്പിക്കാം അത്
മലയാളിയായിരിക്കുമെന്ന്. പക്ഷേ ഇപ്പൊ കാലം മാറി...ഐ.ട്ടിയും സെക്റ്ററായും എഡുക്കേഷൻ ഹബ്ബായും മാറിയ
ശേഷം നോർത്ത് ഈസ്റ്റിൽ നിന്ന് മംഗോളിയൻ മുഖമുള്ള പെൺകിടാങ്ങളും, നോർത്തിന്ത്യൻസ്സും, സൗത്ത് ഇന്ത്യൻസ്സും,നീഗ്രോസ്സും അങ്ങിനെ പലതരം "കളറുകളും" സിറ്റിയിൽക്കിടന്ന് വിലസ്സുകയാണു...ഇവളിപ്പം ഇതിലേതാണെന്ന്
എങ്ങിനേ അറിയ്യേ...
മെറൂൺ കളർ ലോംഗ് കുർത്തയും ബ്ലാക്ക് ജീൻസ്സും അതായിരുന്നു അവളുടെ വേഷം...ചില പെണ്ണുങ്ങളിങ്ങനെയാ മച്ചൂ...ഒരിഞ്ച് ശരീരം പുറത്തേയ്ക്ക് കാണിക്കില്ല, പക്ഷെ നമ്മുടെ മനസ്സ് മൊത്തം അങ്ങ്ട് എടുത്തോണ്ട് പോവും...
ശരീരം പുറത്തേയ്ക്ക് കാട്ടാതെയും ലവളുമാരു സെക്സ്സിയാ...ഒരു യമണ്ടൻ ഐറ്റം...അല്ലേൽ ഉത്തര ധ്രുവം നോക്കി സഞ്ചരിക്കുന്ന ടീ-ഷർട്ടും ദക്ഷിണ ധ്രുവം നോക്കി സഞ്ചരിക്കുന്ന 3/4ത്തിനും "ഇട"യിലുള്ള ഭാഗം നോക്കാതെ ഞാൻ ഇവളെത്തന്നെ നോക്കിയിരിക്കുമോ...
വീണ്ടും വിനോദിനെ വിളിച്ചു... എങ്കേജ്ട് ട്യൂൺ തന്നെ..."നല്ല പുളിക്കുന്ന" ഒരു മെസ്സേജ് അവനയച്ച്
തലയുയർത്തിയപ്പോഴാണു അത് കണ്ടത്, അവളും എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ അറിയാത്ത
ഭാവത്തിൽ മുഖത്തെ മഴത്തുള്ളികൾ റ്റിഷ്യൂ പേപ്പർകൊണ്ട് തുടയ്ക്കുന്നത് പോലെ ഭാവിച്ചൂ. ആ പിടിവള്ളിയിൽ പിടിച്ച് കേറാനായി ശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണു അടുത്ത "കുരിശ്" വന്നത്...
വെയ്റ്റർ...എനിത്തിംഗ് എൽസ് സർ...
നത്തിംഗ്..
വെയ്റ്റർ തിരിച്ച് പോയി...
ദിസ് നമ്പർ ഈസ് സ്വിച്ച്ട് ഓഫ്...വിനോദിന്റെ ഫോൺ ശബ്ദം കേട്ട് ഞാൻ ശരിക്കും ഞെട്ടി...
ടേബിളിൽ തല ചായ്ച്ചിരുന്ന എന്റെ മുന്നിലേക്ക് വെയ്റ്റർ ബില്ലുമായ് വന്നൂ...HDFC-ബാങ്കിലെ സകല
പുണ്യാത്മാക്കളേയും ധ്യാനിച്ച് ക്രെഡിറ്റ് കാർഡെടുത്ത് ബില്ലിനൊപ്പം വച്ചൂ...
ബില്ലുമായിപ്പോയ വെയ്റ്റർ ചുവരിലടിച്ച റബ്ബർ പന്തുപോലെ എന്റെ നേർക്കു വരുന്നൂ...ആ എ.സ്സി.ഹാളിലിരുന്ന ഞാൻ വിയർക്കാൻ തുടങ്ങീ...മിസ്സ്ഡ് കോളിനുള്ള കാശ് മാത്രമുള്ള മൊബൈലിൽ നിന്ന് ഇനി ഞാൻ ആരെ വിളിക്കാൻ...അവളാണേൽ ത്രെഡു ചെയ്യാത്ത പുരികമുയർത്തി ഇടങ്കണിട്ട് എന്നെ നോക്കുന്നുമുണ്ട്...ഒന്നോ രണ്ടോ ഡ്യൂ
കെട്ടിയില്ലേൽ ഇവന്മാരു കാർഡ് ബ്ലോക്ക് ചെയ്യുമോ അതോ ക്രെഡിറ്റ് ലിമിറ്റ് കഴിഞ്ഞോ ആർക്കറിയാം...
"സർ...ഇതിലെ അവസ്സാനത്തെ നാലു നമ്പർ ഒന്നു പറഞ്ഞു തരാമോ,മാഞ്ഞു പോയിട്ട് ഒന്നും ക്ലിയറാവുന്നില്ലാ..."
"1431..."
"ഓക്കെ സർ..."
എന്തോ...ഭാഗ്യത്തിനു ആ കാർഡു അക്സെപ്പറ്റായീ...അത്യുന്നതങ്ങളിലെ ദൈവത്തിനു സ്തുതി...
ഞാൻ ഹാളിൽ നിന്നിറങ്ങാൻ നേരം അവളെന്നെ മൈൻഡ് ചെയ്തതേയില്ല...ഞാനാ ദേഷ്യം "ടാക്കോ ബെല്ലി"ന്റെടുത്ത്
തീർത്തു...ഹാൾ മൊത്തം മുഴങ്ങീ...
അവളെന്നെ തിരിഞ്ഞു നോക്കീ...പിന്നെ ചെറുതായൊന്ന് പുഞ്ചിരിച്ചൂ...എനിക്ക് അത് മാത്രം മതിയായിരുന്നു...
പാർക്കിംഗ് സ്റ്റാൻഡിൽ നിന്ന് ബൈക്കെടുക്കുമ്പോൾ ഒരു മിസ്സ്ഡ് കാൾ... തിരിഞ്ഞു നോക്കിക്കിയപ്പോൾ ടാക്കോ ബെല്ലിനടുത് ഫോണുമായവൾ നിൽക്കുന്നു ...
നിങ്ങൾക്കറിയാമോ...ചില നേരങ്ങളിൽ ഈശ്വരൻ മനുഷ്യരുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വരാറുണ്ട്...
തലയ്ക്ക് ചുറ്റും പ്രകാശ വലയവും കയ്യിൽ "നൂറു രൂപ" നോട്ടുമായി വെളുക്കനെ ചിരിക്കുന്ന വെയ്റ്റർ എന്റെ
മനസ്സിൽ തെളിഞ്ഞൂ...
N B;-ഇഷ്ടം കുറിച്ചില്ലേലും അനിഷ്ടം കുറിക്കാൻ മറക്കരുത്......
By… ഷബീർ റഹ്‌മാൻ ...

മഴനീർച്ചാലുകൾ


ചാറ്റൽ മഴ പെയ്യുന്നുണ്ട്, ആരോഹണവും അവരോഹണവും ഇല്ലാതെ ഒരേ താളത്തിൽ...
കുക്കറിന്റെ ശബ്ദം കേട്ടാണു ഉണർന്നത്...
"ആമി...ആമീ..."
"ദാ വരുന്നു..."
ആമി എന്ന എന്റെ അഭിരാമി...
അവളെ എപ്പോഴാണു ഞാൻ ആദ്യമായി കണ്ടതെന്ന് ഓർമ്മയില്ലാ.പക്ഷേ എന്നു
മുതലാണ് അവൾ എന്റേതായത് എന്നൊർമ്മയുണ്ട്...
അന്നും ഒരു മഴയുള്ള ദിവസമായിരുന്നു...
ബസ്റ്റോപ്പിൽ നിന്നും ഞാൻ അവളുടെ കുടയിലേക്ക് ഓടിക്കയറി,കോളേജിലേക്ക് ഇനിയും
കുറച്ച് ദൂരമുണ്ട്...
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ"...
അവൾ മറുപടിയൊന്നും പറഞ്ഞില്ല, പകരം ചിരിച്ചു
...
ഇത് ഇതാണു പ്രശ്നം...ഈ ചിരി...എല്ലാം മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തതു
പോലുള്ള ചിരി. ഇതാണു കഴിഞ്ഞ ഒന്നരവർഷമായി എന്നെ നീറ്റിക്കൊണ്ടിരിക്കുന്നത്...
അല്ലാ ഈ ചിരിയാണു ഇപ്പോഴും എനിക്ക് പ്രതീക്ഷ നൽകുന്നത്.
മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ തുടർന്നു.
"എനിക്ക് തന്നെ ഇഷ്ടമാണു,കല്ല്യാണം കഴിച്ചാൽ
കൊള്ളാമെന്നുണ്ട്...ഞാൻ വിളിച്ചാൽ നീ വരുമോ"...
അവൾ ഒന്നും മിണ്ടിയില്ലാ...
പിന്നീട് പതുക്കെ തലയാട്ടി...
സത്യത്തിൽ അപ്പോൾ ഞാനൊന്ന് ഞെട്ടി,ഒരു പാട്
കാത്തിരുന്നതാണെങ്കിൽക്കൂടി...പിന്നീടാണു ഞാനറിഞ്ഞത് എന്റെ ഈ ചോദ്യത്തിനായി
അവൾ കാത്തിരിക്കുകയായിരുന്നുവെന്ന്.
അഭിരാമി...പാലക്കാട്ടെ സമ്പന്നമായ ബ്രാഹ്മണകുടുംബത്തിൽ ജനിച്ചവൾ,ആർട്സ് ക്ലബ്
സെക്രട്ടറി,ലക്ഷണമൊത്ത നർത്തകി വിശേഷണങ്ങൾ ഏറെയായിരുന്നു.പിന്നീടെല്ലാം
പെട്ടെന്നായിരുന്നു.കോളേജ് യൂണിയൻ ചെയർമാനും ആർട്സ് ക്ലബ് സെക്രട്ടറിയും
വിവാഹിതരായി...അന്ന് അതൊരു സംഭവമായിരുന്നു.അതല്ലെങ്കിലും അങ്ങിനെയാണു
ചോരതിളയ്ക്കുന്ന പ്രായത്തിൽ രണ്ട് കാര്യങ്ങൾ മാത്രമെ തലയിൽ കയറുകയുള്ളൂ ഒന്ന്
പ്രണയം മറ്റൊന്ന് വിപ്ലവം...എനിക്കിപ്പോഴും അറിയില്ലാ എന്തുകൊണ്ടാണു അവൾക്കെന്നെ ഇഷ്ടമായതെന്ന്...
"എന്തേ ഇങ്ങിനെ തുറിച്ച്നൊക്കുന്നത് മുമ്പ് കണ്ടിട്ടില്ലേ"...
ദേഷ്യപ്പെട്ടാണു പറഞ്ഞതെങ്കിലും അപ്പോഴും മുഖത്താക്കള്ളച്ചിരിയുണ്ടായിരുന്നു.
"ഒന്നുമില്ലാ വെറുതെ വിളിച്ചതാ,
മോനെവിടെ"...
"ശബ്ദം കേട്ടില്ലെ, അവൻ നേരത്തെ എണീറ്റുകളിക്കാൻ പോയി,
ഞായറാഴ്ച്ചമാത്രം നേരത്തെ എഴുന്നേൽക്കാൻ ഒരു പ്രശ്നവുമില്ലാ...ഇഡലി വേണ്ടെന്ന്
പറഞ്ഞ് നൂഡിൽസ്സിനു ഓർഡർ ചെയ്തിട്ടണു പോയത്,ഇനി ഞാൻ അതുണ്ടാക്കണം."
പോട്ടേടോ...അഭിയ്ക്കുവേണ്ടിയല്ലേ...അഭി... അഭിജിത്...അഭിരാമി+സുജിത്=അഭിജിത്
അതൂം ആമിയുടെ കണ്ടെത്തലാണു.
"താമസ്സം മാറിയിട്ടു ഒരാഴ്ച്ചയെ ആയുള്ളു...അപ്പോഴേക്കും ചെക്കൻ കൂട്ടുകൂടി കളിതൂടങ്ങി..."
"നീ അവ്നെ വിട്ടേക്ക് അവൻ പഠിച്ചോളും,നിനക്കീ ഫ്ലാറ്റ് ഇഷ്ടമായോ?..."
"പഴയ ബില്ഡിങ്ങാ അത് സാരല്ലാ പക്ഷേ 4th floor അതോർക്കുമ്പോഴാ..."
"അതൊക്കെ പതുക്കെ ശീലമായിക്കൊള്ളും..."
"മോനുള്ള പശുവിൻ പാലിപ്പം വരും,ചേട്ടനൊന്ന് വാങ്ങി വാ...ഞാനാ നൂഡിൽസ്സൊന്ന്
നോക്കെട്ടെ..."
ഞാൻ പതുക്കെ സ്റ്റെയർക്കേസ്സു വഴി താഴെയിറങ്ങി,മഴയിപ്പോഴും പൊടിഞ്ഞുകൊണ്ടിരിക്കുകയാണു....
"Hi Mr sujith, I am Col.Nambiar നിങ്ങളുടെ നൈബർ...ഞാനിപ്പോൾ മോനെ
കണ്ടിരുന്നു...ബ്രില്ല്യന്റ് ബോയ്...ഇവിടെ അസ്സോസിയേഷൻ വക പ്ലേ ഗ്രൗണ്ടുണ്ട്
അതൊന്ന് ശരിയാക്കണം,പിള്ളേരുടെ ഈ ടെര്സ്സിലെ കളി... ശബ്ദം സഹിക്കവയ്യാ..."
എന്നെ മറുപടിപറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടിരുന്നു...
പെട്ടെന്നാണു എന്റെ മുൻപിൽ മുകളിൽ നിന്നെന്തോ വന്നു വീണത്...ഞാനറിയാതെ
ഒരടി പുറകിലേക്ക്മാറി...
അഭി...അതെ അവൻ തന്നെ...ഞാൻ സൂക്ഷിച്ചുനോക്കി
അവന്റെ ചെവിയുടെ താഴെനിന്നു ചെറുതായി രക്തം വാർന്നൊലിക്കാൻ തുടങ്ങി...
ഞാനവനെ വാരിയെടുത്തു... കണ്ണിലേക്കുനോക്കിയൊന്നുപിടഞ്ഞു...
പിന്നീട് നിശ്ചലമായി...
"ആമീ..."ഞാൻ നിലവിളിച്ചു...പക്ഷെ ശബ്ദം പുറത്തേക്കുവന്നില്ലാ...
അവൾ അപ്പോഴും
അടുക്കളയിൽ ഒന്നുമറിയാതെ...
അവന്റെ രക്തം ഒരു ചെറിയ നീർച്ചാലുപോലെ മഴവെള്ളവുമായ്ച്ചേർന്നൊഴുകാൻ തുടങ്ങി..
മഴയ്ക്കു ശക്തി കൂടിക്കൂടിവന്നു...മനസ്സിനു തിരിച്ചും...
N B;-ഇഷ്ടം കുറിച്ചില്ലേലും അനിഷ്ടം കുറിക്കാൻ മറക്കരുത്...
By...ഷബീർ റഹ്‌മാൻ

വെള്ളകമ്പളത്തിലെ കുങ്കുമപ്പൂക്കൾ


"റൈഹാൻ ഖാൻ ക്വാദിരി" അതെ അതുതന്നെയാണു എന്റെ പേരു.പേരു കേട്ടയുടൻ
തന്നെ നെറ്റിചുളിയ്ക്കേണ്ട.റാത്തോഡ്,ബാനർജി അല്ലെങ്കിൽ മേനോൻ എന്നോ പേരിനു ശേഷം വന്നാൽ നിങ്ങൾക്കു പ്രശ്നമില്ലാ. ഇതു ഞാൻ കുറേ കണ്ടതാണു, അതുകൊണ്ടാണു
പഠനം കഴിഞ്ഞതും ദില്ലിയിൽ നിന്ന് തിരിച്ചു വന്നതും.നിങ്ങൾ ഊഹിച്ചത് ശരിയാണു ഞാൻ
വരുന്നത്... "മഞ്ഞിന്റെയും മരണത്തിന്റെയും താഴ്വരയിൽ" നിന്നുതന്നെയാണു.
സുഹൃത്തേ ഞാൻ ഇപ്പോൾ ഒരു ഓർമ്മക്കുറിപ്പെഴുതാനുള്ള ശ്രമത്തിലാണു
താല്പര്യമുണ്ടെങ്കില് നിങ്ങളെ ഞാൻ എന്റെ "സ്നേഹത്തിന്റെ താഴ്വരയായ കശ്മീരിലേക്ക്"
കൊണ്ടുപോവാം...
ഇവിടെ തണുപ്പുകാലമാണു ഒരു കമ്പളമുണ്ടെങ്കിൽ കയ്യിൽ കരുതിക്കോള്ളൂ...
ശൈത്യകാലത്ത് ഈ താഴവരമുഴുവൻ ഒരു വെള്ളക്കമ്പളം കൊണ്ട് പുതപ്പിച്ച
പോലെയാവും
എന്നെ സ്നേഹിക്കാനും എനിക്കു സ്നേഹിക്കാനും രണ്ടു പേർ മാത്രമെയുള്ളൂ.ആദ്യം എന്റെ അമ്മീജാൻ...
അമ്മീജാൻ വേനൽക്കാലത്ത് ശേഖരിച്ച വിറകുകൾകൊണ്ട് ചൂടുകായുകയോ,എനിക്കുള്ള ഷാൾ
തുന്നിക്കൊണ്ടിരിക്കുകയോ ആയിരിക്കും..
പിന്നെ അവളും എന്റെ ജുമാന...
ചെറുപ്പത്തിൽ അവൾക്കെന്നേക്കാൾ
ഉയരമുണ്ടായിരുന്നു.അവളാണു മരത്തിൽ കയറി എനിക്ക് ആപ്പിൾ ആദ്യമായി
പറിച്ചുതന്നത്.തടാകത്തിലൂടെ കൊതുമ്പുവള്ളം അവളാണു തുഴയാറ്,ചിലപ്പോൾ പാലിൽ
ആടകെട്ടുന്നത്പോലെ തടാകത്തിന്റെ മുകൾ ഭാഗം മാത്രം ഐസ്സുവന്നു മൂടും,അപ്പോളവൾ തുഴയെടുത്ത് പതുക്കെ അടിക്കും എന്നിട്ട് ഞങ്ങൾ വീണ്ടും തുഴഞ്ഞുപോവും.
നീലനിറത്തിലുള്ള ഇതളുകൾക്കിടയിൽ നിന്നും ചുവന്ന കുങ്കുമപ്പൂക്കൾ പറിച്ചെടുക്കുന്ന
വിദ്യയും പഠിപ്പിച്ചതവൾ തന്നെ.ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കരുതെന്ന്
പറഞ്ഞുകരഞ്ഞ എന്നെ അത് വീണ്ടുംവരുമെന്നാശ്വസിപ്പിച്ചതും അവളാണു.
എന്റെ വീട്ടിനടുത്തുതന്നെയാണു അവളുടെ വീടും.എന്റെ അബ്ബയും അവളുടെ അബ്ബയും ഒരുമിച്ചാണു ബാസാറിൽ പൂക്കട നടത്തിയിരുന്നത്.ഒരിക്കൽ അവരെക്കാണാൻ പോയ ഞങ്ങൾ
കണ്ടത് പൂക്കൾക്കൊപ്പം ചിതറിക്കിടക്കുന്ന മാംസക്കഷ്ണളാണു.
പുറത്തിപ്പോഴും മഞ്ഞുമഴ പെയ്തുകൊണ്ടിരിക്കുകയാണു,വീശിയടിക്കുന്ന കാറ്റും കൂട്ടിനുണ്ട്. പെട്ടെന്നാണു ആരോ വാതിലിൽ മുട്ടുന്നത് കേട്ടത്.ആ കൊടുംമഞ്ഞിലൊരാൾ എന്റെ
വാതിൽക്കൽ വന്നുകിടക്കുന്നു.
"പാനി..പാനി.."
അതുമാത്രമെ കേൾക്കുന്നുള്ളൂ.ഞാൻ
സൂക്ഷിച്ചുനോക്കി,തൊട്ടടുത്തുള്ള കുന്നിൻ ചെരുവിലെ ആട്ടിടയനാണു.വെള്ളം കുടിച്ച
ശേഷം അയാൾ സംസാരിച്ചു തുടങ്ങി...
"സാബ്... എന്റെ മകളെയും മകനെയും
തീവ്രവാദികളാണെന്നും പറഞ്ഞു കാലത്ത് മിലിട്ടറി പിടിച്ചുകൊണ്ടുപോയി...കുറച്ച് മുമ്പ്
മകൾ തിരിച്ചു വന്നു...ചോരവാർന്ന ചുണ്ടുകളും... കഴുത്തിനു താഴെ നാലു പല്ലുകളുടെ
പാടും..."
വാക്കുകൾ വിതുമ്പലിൽ തട്ടിനിന്നു...ഞാനയാളെ കെട്ടിപ്പിടിച്ചു… അയാളെന്നിലേക്കു തണുപ്പ് പകർന്നു...പക്ഷെ എന്റെ ചോര തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു …
വേണ്ട …എനിക്ക് കൂടുതലായൊന്നും കേൾക്കേണ്ട...ഇതാണു...ഒരായിരം വട്ടം വിശ്വസിക്കാൻ ശ്രമിച്ചാലും നിങ്ങൾ അതിനനുവദിക്കില്ലാ. ഇനിയും വരാത്ത മകനെത്തേടിയിറങ്ങിയതാണു ആ പാവം.
തിരിച്ചുപോവുമ്പോൾ മകൾ ജീവനോടെയുണ്ടാവുമെന്നതിനുറപ്പില്ലാ.ഇതാണോ ഭൂമിയിലെ
സ്വർഗ്ഗത്തിലെ ജീവിതം.അയാൾ വീണ്ടും മഞ്ഞിലേക്കു മറഞ്ഞു...
പെട്ടെന്നാണു ഞാനാക്കാഴ്ച്ച കണ്ടത്.
ജുമാനയേയും അവളുടെ അമ്മീജാനെയെയും
മിലിട്ടറി ജീപ്പിൽക്കയറ്റുന്നു.ഞാൻ പുറത്തേക്കോടി...പിന്നെ എനിക്കു മനസ്സിലായി...
എന്റെ വീടിനുനേർക്കാണു ജീപ്പുവരുന്നതെന്ന്.
ജുമാനയുടെ വീടിനടുത്തുള്ള
തോൽഫാക്ടറിയിൽ തീവ്രവാദികൾ പതുങ്ങിയിരിപ്പുണ്ടെന്ന്. ആ ഓഫീസ്സർ ജുമാനയെ
എന്നെ ഏൽപ്പിച്ചു. ഞങ്ങൾക്കു കാവലിനായി ഒരു പട്ടാളക്കാരനെയും നിർത്തി.
ഞാനാ ഓഫീസ്സരെ സൂക്ഷിച്ചു നോക്കി...
ആറടിപ്പൊക്കം, വെളുത്ത നിറം, പൂച്ചക്കണ്ണുകൾ..നെറ്റിയിൽ
കറുത്ത പാടും...എനിക്കാശ്വാസമായി.
ഒന്നും മിണ്ടാതെ അയാൾ നടന്നകന്നു.
വെളുക്കുവ്വോളം വെടിയൊച്ചകൾ കേട്ടു.
കാലത്ത് കാവൽ നിന്ന പട്ടാളക്കാരൻ പറഞ്ഞു
"മൂന്ന് തീവ്രവാദികളും മേജർസ്സാബും മരിച്ചു..."
"ആരു..."
"ഇന്നലെ വന്ന അയ്യർ സാബ്..."
(അവസാനിച്ചു ).
N B;-ഇഷ്ടം കുറിച്ചില്ലേലും അനിഷ്ടം കുറിക്കാൻ മറക്കരുത്.....
By...ഷബീർ റഹ്‌മാൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo