Showing posts with label JalaRekhakal. Show all posts
Showing posts with label JalaRekhakal. Show all posts

ജലരേഖകൾ (ഭാഗം ആറ്)

ജലരേഖകൾ (ഭാഗം ആറ്)
" ഉണ്ണി നീ നിന്റെ കൂട്ടുകാരിയോട് ക്ഷമിക്കണം . "
എന്ന് മാത്രം ഒരു കുറിപ്പെഴുതി ബാഗിൽ വെച്ച് , ചാരു വീട്ടിലേക്കെന്ന് പറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു .
അവിടെ എത്തിയ അവൾ സ്റ്റേഷനിൽ നിന്നും കുറച്ച് അകലെ മാറി പാളത്തിൽ തല വെച്ച് ആത്മഹത്യ ചെയ്തു .
പുലർ മഞ്ഞ് പുതപ്പിട്ട ട്രാക്കിനരികിൽ ഒരു പഴയ ടാർപോളിൻ കൊണ്ട് മറക്കപ്പെട്ട് മരണത്തിലും , ജീവിതത്തിലേത് പോലെ തന്നെ ഒറ്റപ്പെട്ട് പോയ അവൾ മോർച്ചറിയിലേക്ക് മാറ്റപ്പെടും വരെ അനാഥ മൃതദേഹമായി ആ മെറ്റൽ കൂമ്പാരത്തിൽ കിടന്നു .
വർഷങ്ങൾ പലത് കഴിഞ്ഞു , ഉണ്ണിമായ ഇന്ന് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.
നിഷ ആ ബാങ്കിൽ തന്നെ ഇപ്പോഴും ജോലി ചെയ്യുന്നു .രമേശിനെ മറക്കാൻ സാധിക്കാത്തതുകൊണ്ട് അവൾ ഇന്നും അവിവാഹിതയായി തന്നെ തുടരുന്നു .
അക്കാലത്ത് നിഷക്ക് പുതുതായി ഒരു റൂം മേറ്റിനെ ലഭിച്ചു .ആ സിറ്റിയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പുതുതായി ചാർജ്ജ് എടുത്ത സൈക്യാട്രിസ്റ്റ്
" മേരി ജോൺ . "
ആശുപത്രി ക്വാർട്ടേഴ്സിന്റെ പുതുക്കി പണി നടക്കുന്നതിനാലാണ് അവർ ആ ഹോസ്റ്റലിൽ താമസിക്കാൻ എത്തിയതും നിഷയുടെ മുറിയിൽ അവളോടൊപ്പം കഴിയാൻ തുടങ്ങിയതും .
മനുഷ്യ മനസ്സിന്റെ അഗാധതകളെ സ്പർശിച്ച അസാമാന്യ കഴിവുള്ള അവർ ജീവിത ശൈലികളിൽ ലാളിത്യം പുലർത്തി വന്ന ഒരു പ്രതിഭാ ശാലിയും ,വാഗ്മിയും മികച്ച വ്യക്തിപ്രഭാവത്തിനുടമയുമായ ഒരു സ്ത്രീയായിരുന്നു .
ഡോക്ടറുടെ വരവോട് കൂടി നിഷയും അവളുടെ ഏകാന്തതയിൽ നിന്നും അല്പമൊക്കെ മോചിതയാകാൻ തുടങ്ങി.
തന്റെ മുൻപിൽ വരുന്ന വിവിധ ജീവിതങ്ങളുടെ നിസ്സഹായ അവസ്ഥകളെ ഡോക്ടർ നിഷയുമായി പങ്കുവെച്ചു.
സന്ദർഭവശാൽ നിഷ ഒരിക്കൽ ചാരുവിന്റെ കാര്യം ഡോക്ടറോട് പറയാൻ ഇട വന്നു.
ഇതിന് മറുപടിയായി ഡോക്ടർ സമാനമായ ഒരു കേസ് ഹിസ്റ്ററ്റി നിഷയോട് പറഞ്ഞു.
അമ്മയെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട ഒരു പെൺകുട്ടി ആയിരുന്നു ഇന്ദു . ആ നഷ്ടം അവൾക്ക് ഒരിക്കലും താങ്ങാൻ ആവാത്തതായിരുന്നു. അവളുടെ ഉപബോധമനസ്സിൽ
താൻ സ്നേഹിക്കുന്നവരെല്ലാം, തന്നെ വിട്ടകലുമെന്ന തോന്നൽ വേരൂന്നുന്നതിന് അമ്മയുടെ വേർപാട് ഒരു കാരണമായി തീർന്നു .
അമ്മയുടെ അഭാവം പിന്നിടുള്ള വളർച്ചയിൽ അവളെ പരിഗണന ലഭിക്കാത്തവളും , അരക്ഷിതയും ആക്കി മാറ്റി .
മുതിർന്നപ്പോൾ അവൾ ഒരു യുവാവുമായി പ്രണയത്തിലായി . ചെറുപ്പത്തിൽ, ലഭിക്കാതെ പോയ സ്നേഹവും പരിഗണനയും എല്ലാം അവൾ അയാളിൽ നിന്നും കൊതിച്ചു.
അതിന് വേണ്ടി അവൾ അയാളെ ഭ്രാന്തമായി സ്നേഹിക്കാൻ തുടങ്ങി .
എങ്കിലും അയാൾ നഷ്ടപ്പെടു പോകുമോ എന്ന അവളുടെ ഉപബോധമനസ്സിന്റെ ചിന്ത നിരന്തരം അവളെ വേട്ടയാടി കൊണ്ടേ ഇരുന്നു .
ഈ ചിന്ത അയാളോട് സഹോദര തുല്യമായ അടുപ്പം കാട്ടിയിരുന്ന അയാളുടെ അമ്മാവന്റെ മകളുടെ കൊലപാതകത്തിൽ വരെ ഇന്ദുവിനെ എത്തിച്ചു .
ആ പേരിൽ ജയിലിലാക്കപ്പെട്ട അവളെ കാമുകനും കൈയ്യൊഴിഞ്ഞു . അതോടെ മുഴു ഭ്രാന്തി ആയി മാറിയ അവൾ ഡോക്ടറുടെ ചികിത്സ തേടിയ കഥയാണ് അവർ അവളോട് പറഞ്ഞത് .
ചാരുവിന്റെയും ഏകദേശം സമാന സാഹചര്യങ്ങളാവാം എന്ന് പറഞ്ഞ ഡോക്ടർ. ചാരു ഉണ്ണിയെ സംശയിക്കാനുണ്ടായ സാഹചര്യം ഇങ്ങനെ രൂപം കൊണ്ടതാവാം എന്ന് കൂടി പറഞ്ഞു .
" മനുഷ്യനെ ഈ അവസ്ഥാ വിശേഷത്തിലേക്ക് കൊണ്ടെത്തിക്കുന്നതിന് ജൈവിക കാരണമായി തീരുന്ന തലച്ചോറിലെ ചില ഹോർമോണുകളാണ് "
" തീവ്രമായി പ്രണയിതാവിനെ കുറിച്ച് ചിന്തിക്കുന്ന ഒരാളുടെ മാനസികാവസ്ഥ മനോരോഗമായ ഒബ്സസീവ് കമ്പൾസീവ് ഡിസോർഡർ അഥവാ ' ഒ.സി.ഡി ' ക്ക് തുല്ല്യമാണ് . "
" മനുഷ്യന്റെ പ്രണയ വിചാരങ്ങളെ നിയന്ത്രിക്കുന്നത് ' ന്യൂറോ ട്രാൻസ്മിറ്ററുകളായ ' ഡോപാമൈൻ, അഡ്രിനാലിൻ , ടെസ്റ്റോസ്റ്റിറോൺ , ഓക്സിടോസിൻ , വാസോ പ്രസിൻ തുടങ്ങിയ രാസകങ്ങൾ ആണ് . "
" ഒരാൾ പ്രണയത്തിലാവുമ്പോൾ അയാളുടെ തലച്ചോറിലെ ഈ ഹോർമോണുകളുടെ അളവ് സാധാരണ നിലയുടെ പതിന്മടങ്ങായിരിക്കും . "
" ഇത് അവരെ മാനസികമായി സന്തുഷ്ടരും ഉത്തേജിതരുമാക്കും . പെട്ടെന്ന് ജീവിതത്തിന് ഒരു പുതു വർണ്ണം ലഭിച്ചത് പോലെയൊക്കെ അവർക്ക് തോന്നും . "
" ഡോപോമൈന്റ വർദ്ധിച്ച അളവിൽ ശരിക്കും ലഹരിയായി മാറുന്ന ഇവരിൽ "ചിലർ " ശരിക്കും മയക്ക് മരുന്നിന്റെ ഉപയോക്താക്കളെ പോലെ തന്നെ ആയി തീരുന്നു . "
" ഇങ്ങനെ പ്രണയത്തിന് അടിമയായി മാറുന്ന ഇവർ പ്രണയം നഷ്ടപ്പെടാതിരിക്കാൻ ഏത് വളഞ്ഞ വഴിയും തിരഞ്ഞെടുക്കും ." യാഥാർത്ഥ്യ ബോധമില്ലാത്ത പല ബന്ധങ്ങളും ദുരന്തങ്ങളായി മാറുന്നത് ഈ കാരണം കൊണ്ടാണ് . "
" ചാരുവിന്റെ മനോനിലയിൽ വന്ന തകരാറും ഇത്തരത്തിൽ രൂപപ്പെട്ട് വന്നതായിരിക്കാം . "
" വിവേകത്തിനുപരി , വികാരപരമായി നാം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന ബന്ധങ്ങൾ എല്ലാം തന്നെ........ജലരേഖകൾ ............ ആയിരിക്കും . "
" ബന്ധങ്ങൾ ബന്ധനങ്ങളായെന്ന് നമ്മൾ തിരിച്ചറിയുമ്പോഴേക്കും ജീവിതം പലപ്പോഴും നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുന്ന അവസ്ഥയിലേക്ക് എത്തിചേർന്നിരിക്കും . "
" അത് കൊണ്ടാണ് കാമുകന് വേണ്ടി സ്വന്തം മക്കളെ പോലും ബലികൊടുക്കാൻ മനസ്സുള്ള അമ്മമാർ സമകാലിക സംഭവങ്ങളിൽ ഇന്ന് ഇവിടെ ഉണ്ടായികൊണ്ടിരിക്കുന്നത് . "
" ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന - ചെറുതും , എന്നാൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നതുമായ , സഹജീവികളോടുള്ള ദയയും , കാരുണ്യവുമാണ് ഒരു മനുഷ്യനെ ഏറ്റവും സന്തുഷ്ടനാക്കുന്നത് . "
" ഒരു പക്ഷെ ഇത് ജീവിതത്തിൽ വിരസത അനുഭവിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ് . "
' വേർഡ്സ് വർത്തിന്റെ ' വാക്കുകളെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞ് നിർത്തിയ ഡോക്ടർ നിഷയോടൊപ്പം വെളിയിലെ വരാന്തയിലൂടെ മുറി ലക്ഷ്യമാക്കി നടന്നു .
ആ സമയത്ത് സായന്തനത്തിലെ ഒരിളം കാറ്റ് അവരെ തഴുകി അത് വഴി കടന്ന് പോയി .
ആ കാറ്റേറ്റ് ഇതൾ വിടർന്ന ടീപ്പോയിയിൽ കിടന്ന അന്നത്തെ പത്രത്താളിൽ,
ഭർത്താവിനെയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ ഒരു യുവതി ലോഡ്ജിൽ ആത്മഹത്യ ചെയ്തു എന്ന ഒരു വാർത്തയും , അവളുടെ ചിത്രവും ഉണ്ടായിരുന്നു .
(അവസാനിച്ചു)
........ ജീവിതം .........
മൂന്ന് മാസങ്ങൾക്ക് മുൻപ് വായിച്ച ഒരു പത്ര വാർത്തയുടെ പിന്നാലെ നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഈ നോവൽ .
ലോകത്തെ ഏറ്റവും ഉദാത്ത ഭാവമാണ് മാതൃത്വം , എന്നിട്ട് പോലും കാമുകനുമായുള്ള രഹസ്യബന്ധം നിലനിർത്തുന്നതിന് വേണ്ടി , സ്വന്തം മകളെ കൊലക്ക് കൊടുക്കാനുണ്ടായ
ഒരമ്മയുടെ ചേതോവികാരം എന്തെന്നറിയാനുള്ള ഒരന്വേഷണം .
ഇതിലേക്കായി മനശ്ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന പലരുടേയും ഉപദേശം തേടിയിട്ടുണ്ട് . ' ഡൊ. ഡൊണ്ടേലാ മറാസിറ്റിയുടെ ' ലേഖനത്തിൽ നിന്നുമുള്ള ഭാഗമാണ് തിവ്ര പ്രണയിതാവിന്റെ ബ്രെയിൻ ആക്ടിവിറ്റി ഒ.സി.സി ക്ക് തുല്യമെന്ന് പറയുന്ന ഭാഗങ്ങൾ .
' യാഥാർത്ഥ്യ ബോധം ഇല്ലാതെ ' സൃഷ്ടിക്കുന്ന ബന്ധങ്ങൾ മിക്കതും ദുരന്തങ്ങളായി തീരുകയും , അത്തരം ബന്ധങ്ങൾ അതിൽ പങ്കാളികളാവുന്നവരെ മാത്രമല്ല അവർക്ക് ചുറ്റുമുള്ള സമൂഹത്തെ കൂടി ബാധിക്കുകയും ചെയ്യും എന്ന ഓർമ്മപ്പെടുത്തലാണ് ഈ കഥ .
കുറെ ആളുകൾ ഇത് വായിച്ചിട്ടുണ്ട് . ഇതൊരു മുന്നറിയിപ്പായി കണ്ട് സമാന സാഹചര്യങ്ങളിൽ പെടുന്ന ആർക്കെങ്കിലും , ഒരു അവബോധം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ , ഈ കഥയുടെ സൃഷ്ടാവ് എന്ന നിലയിൽ ഞാൻ കൃതാർത്ഥനാണ്.
അരുൺ വി -

ജലരേഖകൾ ഭാഗം അഞ്ച്



ജയദേവനും ചാരുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും
ജയദേവനെ അവളിൽ നിന്നും അകറ്റാൻ താൻ ശ്രമിക്കുന്നു എന്ന തെറ്റിധാരണയുടെ പേരിൽ ചാരുവാണ് തനിക്ക് വിഷം നല്കിയതെന്നും ഉണ്ണിമായ നിഷയോട് പറഞ്ഞു .
'' നിഷേച്ചി ഈ കാര്യം മറ്റാരോടും പറയണ്ട .........."
" മാഷിനെയും അവളെയും തമ്മിലകറ്റാൻ ഞാനെന്തോ രവി അച്ഛനുമായി ചേർന്ന് ചെയ്തെന്ന് കരുതിട്ടാ അവൾ ഇങ്ങനെ ഒക്കെ ചെയ്തത്..............."
" അല്ലാതെ എഴുത്തിൽ പറയും പോലുള്ള ഒരു ബന്ധവും ഞങ്ങള് തമ്മിലില്ല. "
" അവള് പാവമാ "
" മാഷ് വന്നതിന് ശേഷം അവളുടെ സന്തോഷം നമ്മള് കണ്ടതല്ലെ . "
" എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് കുറെ നാളുകളായിരുന്നു അവൾ ഉറങ്ങീട്ട് പോലും. "
" എവിടെയായിരിക്കും അവളിപ്പോൾ............ അവൾക്ക് എന്തെങ്കിലും സംഭവച്ചിരിക്കുമോ നിഷേച്ചി ? "
നിറമിഴികളോടെ ഉണ്ണിമായ നിഷയോട് ചോദിച്ചു.
" ഉണ്ണീ നീ ഇപ്പോൾ മറ്റൊന്നും ചിന്തിക്കണ്ട , സമാധാനമായി ഉറങ്ങു . "
" നിനക്ക് വിശ്രമമാണ് ഇപ്പോൾ ആവശ്യം ,ആദ്യം സുഖമാവട്ടെ എന്നിട്ട് നമുക്ക് ചാരുവിനെ അന്വേഷിച്ച് കണ്ട് പിടിക്കാം "
" അവൾക്ക് ഒന്നും സംഭവിച്ചിരിക്കില്ല. "
നിഷ അവളെ സമാധാനിപ്പിച്ചു.
ചാരുവിന്റെ തിരോധാനം അന്വേഷിച്ച പോലീസ് അവൾ കൊൽകത്തയിൽ ജയദേവന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ടെന്ന് കണ്ടെത്തി .
പക്ഷെ അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ചാരു പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
ഈ പദ്ധതി പ്ലാൻ ചെയ്തത് ഉണ്ണിമായയുടെ നിർദ്ദേശ പ്രകാരമാണെന്നും ,അവളാണ് തന്നെ കൊണ്ട് കത്തെഴുതിച്ചതെന്നും ചാരു അവരോട് പറഞ്ഞു.
" എനിക്ക് മരിക്കാൻ ഭയമായിരുന്നു സാർ "
" അവിടെ നിന്നും ഓടി പോരുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല. "
ഇടറിയ സ്വരത്തോടെ അവൾ പറഞ്ഞു.
" ഞങ്ങള് തമ്മിൽ പിരിയാനാവാത്ത വിധം ഇഷ്ടത്തിലായിരുന്നു . പക്ഷെ അത് തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ പിൻമാറി .അച്ഛൻ എനിക്ക് വേറെ കല്യാണവും നിശ്ചയിച്ചു.അപ്പോഴാണ് ............. "
പറഞ്ഞ് വാക്കുകൾ മുഴുവിക്കാൻ കഴിയാത്ത പോലെ അവൾ അവർക്ക് മുൻപിൽ അഭിനയിച്ചു.
ഉണ്ണിമായ തന്നെ വീണ്ടും കണ്ടാൽ മരിക്കാൻ നിർബന്ധിച്ചെങ്കിലോ എന്ന് ഭയന്നാണ് ആരും അറിയാതെ കൊൽക്കത്തക്ക് പോന്നതെന്നും കൂടി അവൾ അവരോട് പറഞ്ഞു.
" എനിക്ക് പേടിയായിരുന്നു സാർ , "
" അവൾ എന്നെ കണ്ടാൽ ഇനീം ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിക്കും . "
" അതാ ഞാൻ എവിടെയാണെന്ന് ആരെയും അറിയിക്കാതിരുന്നത് . "
" ഇവിടെ എനിക്ക് ഒരു ചെറിയ ജോലി ശരിയായിട്ടുണ്ട് . "
" തത്കാലം ഞാൻ നാട്ടിലേക്കില്ല "
" രമേശേട്ടനോട് പറയണം വിവാഹം അടുത്ത തവണ ലീവിന് വരുമ്പോൾ നടത്താമെന്ന് "
പോലീസുകാരോടൊപ്പം അവിടെ എത്തി ചേർന്ന രവീന്ദ്രനോട് അവൾ പറഞ്ഞു.
ഉണ്ണിമായ ഒരിക്കലും സത്യം വെളിപ്പെടുത്താത്തതിനാൽ, തുടരന്വേഷണങ്ങൾ ഇല്ലാതെ ചാരു പറഞ്ഞ ആ കഥ അങ്ങനെ തന്നെ നില നിന്നു .
തന്റെ ശത്രുവായ ഉണ്ണിമായ മരണപ്പെട്ട് കാണും എന്ന് ഉറച്ച് വിശ്വസിച്ച ചാരുവിനോട് , അന്വേഷണ ഉദ്യോഗസ്ഥൻ മോഹൻ അവളെ ഞെട്ടിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി .
അന്ന് ഉണ്ണിമായ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയന്നും , എന്നാൽ അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്നും , സുഖം പ്രാപിച്ച അവൾ ചാരുവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നുമാണ് സബ് ഇൻസ്പെക്ടർ മോഹൻ ചാരുവിനോട് പറഞ്ഞത് .
ഇത് കേട്ടതും ചാരു തളർന്ന് പോയി താൻ കെട്ടിപ്പൊക്കിയ നുണ കഥകളുടെ കൊട്ടാരം ഒരു നിമിഷം കൊണ്ട് തകർന്നതിൽ അവൾ ഭയന്ന് വിളറി.
എന്നാൽ ഉണ്ണിമായ രക്ഷപെട്ടിട്ടും അവൾ തന്നെ ഒറ്റ് കൊടുത്തില്ല എന്നറിഞ്ഞപ്പോൾ അവൾ തെല്ലൊരു ആശ്വാസം കൊണ്ടു .
പക്ഷെ ആകെ പശ്ചാത്താപ വിവശയായ തീർന്ന ചാരു ഏതോ ഒരു നിമിഷം കൈമോശം വന്ന തന്റെ മനോനിലയെ സ്വയം പഴിച്ചു .
അത് വരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഉണ്ണിമായയോടുള്ള തന്റെ പകപോക്കലിന്റെ കാര്യങ്ങൾ ആ പാപഭാരത്താൽ അവൾ ഫോണിലൂടെ ജയദേവനോട് പറഞ്ഞു .
ഈ സംഭവങ്ങൾ ഒന്നും തന്നെ ജയദേവന് നേരത്തെ അറിയുമായിരുന്നില്ല . വിവാഹത്തിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ നിന്നും കുറച്ച് കാലത്തേക്ക് മാറി നിൽക്കണം എന്ന് മാത്രമാണ് ചാരു അയാളോട് ആവശ്യപെട്ടത് . അതു കൊണ്ടാണ് , അയാൾ തന്റെ സുഹൃത്തിനും ഭാര്യക്കുമൊപ്പം കൊൽക്കത്തയിൽ അവൾക്കായി ഒരു താമസ സ്ഥലവും ചെറിയ ഒരു ജോലിയും ശരിയാക്കി നൽകിയത് .
കാര്യങ്ങൾ അറിഞ്ഞതും ജയദേവൻ ചാരുവിന്റെ പ്രവൃത്തിയെ നിശിതമായി വിമർശിച്ചു.
മനോനില തെറ്റി ഒരു കൊലപാതകിയെ പോലെ പെരുമാറിയ അവളുമായുള്ള ബന്ധം ഇനി മുന്നോട്ട് കൊണ്ട് പോകാൻ താത്പര്യ മില്ലെന്ന് അയാൾ പറഞ്ഞു.
ചാരുവുമായുള്ള ജയദേവന്റെ അടുപ്പം അപ്പോഴേക്കും എങ്ങനെ ഒക്കെയോ അയാളുടെ വീട്ടിൽ അറിഞ്ഞ് കുടുംബ ജീവിതത്തിൽ അലോസരം സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു .
അവളിൽ നിന്നും അകലാൻ ഇത് ഒരു അവസരമാക്കി എടുത്ത ജയദേവൻ ചാരുലതയെ കുറ്റപ്പെടുത്തി സംസാരിക്കാനും അകൽച്ച കാണിക്കാനും തുടങ്ങി .
ചാരുവിന് ഈ അകൽച്ച ഒരിക്കലും താങ്ങാൻ സാധിച്ചില്ല.
താൻ ഇത്രമാത്രം ത്യാഗം സഹിച്ച് രൂപപ്പെടുത്തിയ ഈ ബന്ധം വെറും ..............ജലരേഖ.................മാത്രമായിരുന്നു എന്ന തിരിച്ചറിവ് അവളെ കടുത്ത നിരാശയിൽ ആഴ്ത്തി .
മനസ്സിൽ ചില കണക്ക് കൂട്ടലുകളുമായി കൊൽക്കത്തയിൽ നിന്നും പിറ്റേന്ന് നാട്ടിലേക്ക് തിരിക്കാൻ അവൾ തീരുമാന മെടുത്തു.......
(തുടരും)

Arun

ജലരേഖകൾ ഭാഗം നാല്

ജലരേഖകൾ ഭാഗം നാല്
അവധി തീരാൻ അധികം ദിവസങ്ങൾ ബാക്കി ഇല്ലാത്തതിനാൽ ,നിശ്ചയവും വിവാഹവും വേഗം നടത്തണമെന്ന് രമേശ് രവീന്ദ്രനോട് ആവശ്യപെട്ടു.
അതിൻ പ്രകാരം അയാൾ നിശ്ചയത്തിന് തീയതി കുറിച്ചു .ചടങ്ങിന് ഇനി അധിക ദിവസം ഇല്ലാത്തതിനാൽ വേഗം വീട്ടിലേക്ക് എത്തണമെന്ന് അറിയിച്ചുകൊണ്ട് ചാരുവിന് രവീന്ദ്രന്റെ ഫോൺ വന്നു.
അതോട് കൂടി മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായി കൈവിട്ട ചാരു എന്തെല്ലാമോ കണക്ക് കൂട്ടി അന്ന് ആ രാത്രി ഇരുട്ടി വെളുപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ റൂമിൽ നിന്നും പുറപ്പെട്ട അവൾ ,കോളേജിൽ പോകാതെ മറ്റെവിടേക്കോ ആണ് പോയത്.
അന്ന് വൈകിട്ട് പതിവിലും നേരത്തെ ചാരു ഹോസ്റ്റലിൽ എത്തി. അവളുടെ കൈയ്യിൽ ഉണ്ണിമായക്കിഷ്ടപ്പെട്ട ചോക്ലേറ്റ് ഐസ്ക്രീമും ,ബിസ്കറ്റുകളും ഉണ്ടായിരുന്നു.
അവരിരുവരും അന്ന് ഹോസ്റ്റലിന്റെ മട്ടുപ്പാവിലെത്തി ,
പോക്കുവെയിലിൽ,
വാകമരത്തിന്റെ നിഴൽ വീണ് കിടന്നിരുന്ന ഭാഗത്ത് ഇരുന്ന് അവർ കുറെ നേരം സംസാരിച്ചു.
ആ സമയമത്രയും ചാരുവിന്റെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറയുന്നത് ഉണ്ണിമായ അപ്പോൾ ശ്രദ്ധിച്ചിരുന്നില്ല.
വളരെ നാളുകൾക്ക് ശേഷം തന്നോട് സ്നേഹത്തോടെ പെരുമാറിയ കൂട്ടുകാരിയുടെ സാമീപ്യം ,അന്ന് ഉണ്ണിയെ ഏ റെ സന്തോഷിപ്പിച്ചു.അവൾ ഇഷ്ടത്തോടെ ചാരുനൽകിയ ഐസ്ക്രീം മുഴുവനും കഴിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു അ സ്വസ്ഥത തോന്നിയ ഉണ്ണിമായ ചാരുവിനോട് പറഞ്ഞു.
" ചാരു എനിക്കെന്തോ ഒരു അസ്വസ്ഥത തലചുറ്റും പോലെ , ഒരു മനം പിരട്ടലും തളർച്ചയും
നീ എന്റെ കൈയ്യിൽ ഒന്ന് പിടിക്കൂ നമുക്ക് താഴേക്ക് പോകാം . "
ചാരുവിന്റെ കൈ പിടിച്ച് താഴെ റൂമിലെത്തിയ അവൾ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം കട്ടിലിൽ കിടന്നു .
തനിക്ക് ചുറ്റുമുള്ള ലോകം കീഴ്മേൽ മറിയുന്ന പോലെയും, നാവും തൊണ്ടയും വരളുന്നതായും ഉണ്ണിമായക്ക് അപ്പോൾ അനുഭവപ്പെട്ടു.
അവൾ ചാരുവിനോട് അവ്യക്തമായ ശബ്ദത്തിൽ കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
പതിയെ മയക്കത്തിലേക്ക് വഴുതി വീണ് കൊണ്ടിരുന്ന അവളുടെ അടുക്കൽ ,ഒരു കൈയ്യിൽ വെള്ളം നിറച്ച ഗ്ലാസുമായി ആ കട്ടിലിൽ ചാരു ചെന്നിരുന്നു .
എന്നിട്ട് വന്യമായ ഒരു മുഖഭാവത്തോടെ അവളുടെ ചെവിയിൽ ഇങ്ങനെ പറഞ്ഞു
" ഉണ്ണി നീയെന്നല്ല ലോകത്തിൽ ഒരാളും വിചാരിച്ചാൽ ഞങ്ങളെ വേർ പിരിക്കാൻ കഴിയില്ല. "
" നിന്നോട് മൂന്നാമതൊരാൾ കൂടി അറിയരുതെന്ന് പറഞ്ഞ രഹസ്യം നീ എന്റെ അച്ഛനോട് പറഞ്ഞു അല്ലെ . "
" നിനക്ക് നിന്റെ കൂട്ടുകാരിയേക്കാൾ വലുത് അവളുടെ ദുഷ്ടനായ അച്ഛനല്ലെ . "
" തൽകാലം എനിക്ക് ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല കൂട്ടുകാരി. വീണ്ടും കണ്ട് മുട്ടാമെന്ന് ഞാൻ പറയുന്നില്ല.നീ ഉറങ്ങിക്കൊള്ളൂ ഞാൻ ഒരു യാത്ര പോകട്ടെ . "
ഇങ്ങനെ പറഞ്ഞ അവൾ, കൈയ്യിലിരുന്ന ഗ്ലാസ് താഴെ വച്ച് ശേഷം തന്റെ രണ്ട് കൈകളും കൊണ്ട് വശം ചെരിഞ്ഞ് പോയ ഉണ്ണിമായയുടെ മുഖം നേരെ പിടിച്ച് നെറ്റിയിൽ ചുംബിച്ചു .
ചാരു പറഞ്ഞത് അർദ്ധ മയക്കത്തിലും ഉണ്ണി കേട്ടു . മറുപടിയായി എന്തോ പറയാൻ അവൾ ആഗ്രഹിച്ചെങ്കിലും അതിനുള്ള കരുത്ത് ഉണ്ണിയുടെ നാവുകൾക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.
പെട്ടെന്ന് തന്നെ കട്ടിലിൽ നിന്നും അടക്കി പിടിച്ച തേങ്ങലോടെ ,എഴുന്നേറ്റ ചാരു ബാഗിൽ നിന്നും ഒരു കത്തെടുത്ത് മേശപ്പുറത്ത് വച്ചു . എന്നിട്ട് റൂമിൽ നിന്നും പുറത്തിറങ്ങി വാതിൽ ചേർത്തടച്ച ശേഷം അതിവേഗം വെളിയിലേക്ക് പോയി.
ആറു മണിയോടടുപ്പിച്ച് ജോലി കഴിഞ്ഞ് നിഷ തിരിച്ചെത്തിയപ്പോൾ 'ശർദ്ദിയിൽ കുളിച്ച് ' അബോധാവസ്ഥയിൽ ', മരണാസന്നയായി കിടക്കുന്ന ഉണ്ണിമായയെ ആണ് അവൾ അവിടെ കണ്ടത് .
ഉണ്ണിക്ക് നൽകാൻ വെള്ള മെടുക്കുന്നതിന് വേണ്ടി ജഗ്ഗിനടുത്തേക്ക് ചെന്ന നിഷ മേശമേൽ ഒരു കത്ത് ഇരിക്കുന്നത് കണ്ടു.
കത്ത് വായിച്ച നിഷ ആകെ സ്തബ്ദയായി പോയി.
അവൾക്ക് തന്റെ മേലേക്ക് ആ ഹോസ്റ്റലൊന്നാകെ തകർന്ന് വീഴും പോലെ തോന്നി.
ചാരുവിന്റെ കൈപ്പടയിൽ എഴുതിയിരുന്ന ആ കത്ത് ഇങ്ങനെ ആയിരുന്നു. ഞാനും ഉണ്ണിയും മരണം വരെ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത്.എന്നാൽ എന്റെ വിവാഹം നടക്കാൻ പോകുന്നതിനാൽ ഞങ്ങൾ മരണത്തിന്റെ വഴിയിൽ ഒന്നാകാൻ തീരുമാനിച്ചു. ഇനി ഞങ്ങൾ രണ്ടാളും ഈ ഭൂമിയിൽ ഉണ്ടാവുകയില്ല.
കത്ത് മടക്കി ബാഗിൽ വച്ച നിഷ, കൂടെയുണ്ടായിരുന്നവരിൽ കുറച്ച് പേരെ ചാരുവിനെ തിരയാൻ പറഞ്ഞ് ഏൽപ്പിച്ച ശേഷം ,ഉണ്ണി മായയെ ടൗണിലെ ആ വലിയ ഹോസ്പിറ്റലിലേക്ക് ബാക്കിയുള്ളവരുടെ സഹായത്തോട് കൂടി എത്തിക്കുകയായിരുന്നു.
................................... ...........
എമർജൻസി റൂമിൽ നിന്നും പുറത്തേക്ക് വന്ന ഡോക്ടർ ജാൻസിയുടെ ,അടുത്തേക്ക് ഓടിയെത്തിയ നിഷയോട് തക്ക സമയത്ത് എത്തിച്ചത് കൊണ്ടാണ് അവളെ രക്ഷപെടുത്താൻ കഴിഞ്ഞതെന്ന് അവർ പറഞ്ഞു.
" ഗോഡ്സ് ഗ്രേസ്............ നൗ ഷി ഓവർ കം ക്രിട്ടിക്കൽ സ്റ്റേജ് . "
" മയക്കം മാറുമ്പോൾ നമുക്ക് ഒബ്സർ വേഷൻ റൂമിലേക്ക് മാറ്റാം."
അവർ നിഷയോട് പറഞ്ഞു.
അപ്പോഴേക്കും വിവരമറിഞ്ഞ് ഉണ്ണിമായയുടെ അമ്മയും ,അച്ഛനും അവിടെ എത്തിചേർന്നു.
ഉണ്ണിമായയുടെ അച്ഛന്റെ അകന്ന ബന്ധുവായ ഒരാളായിരുന്നു ടൗണിലെ സർക്കിൾ ഇൻസ്പെക്ടർ .
വിവാഹം കഴിയാത്ത പെൺകുട്ടിയായതിനാൽ കേസെടുക്കുന്നത് ഉണ്ണിയുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും , അതിനാൽ കത്തിന്റെ കാര്യം മറച്ച് വെച്ച്, ആ കേസ് ചാരുവിനെ കാണാനില്ലെന്ന 'മാൻ മിസിംഗ് 'കേസ് മാത്രമാക്കണമെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥൻ സബ് ഇൻസ്പെക്ടർ മോഹനോട് ആവശ്യപ്പെട്ടു.
അതിൻ പ്രകാരം പോലീസ് ചാരുവിനെ കാണ്മാനില്ല എന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ,നാല് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വീട്ടിൽ എത്തിയ ഉണ്ണിമായ, നിഷയോട് ഒരിക്കലും മറ്റാരോടും പറയില്ലാ എന്ന ഉറപ്പിൽ ഒരു രഹസ്യം വെളിപ്പെടുത്തി........
(തുടരും)

Arun

ജലരേഖകൾ ഭാഗം മൂന്ന്

ജലരേഖകൾ ഭാഗം മൂന്ന്

അച്ഛന്റെ ഫോൺ കോളിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ചാരുവിനെ കാത്തിരുന്നത് രമേശ് എന്ന ഗൾഫ് കാരന്റെ വിവാഹ ആലോചന ആയിരുന്നു.
രവീന്ദ്രന്റെ രണ്ടാം ഭാര്യ ഗിരിജയുടെ അകന്ന ബന്ധുവായിരുന്നു രമേശ് . നേരത്തെ ഒരു വിവാഹ സ്ഥലത്ത് വച്ച് അയാൾ ചാരുലതയെ കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെ അവളോട് ഇഷ്ടം തോന്നിയ അയാൾ ഇത്തവണ അവധിക്ക് വന്നപ്പോൾ തന്റെ അമ്മയേയും കൂട്ടി രവീന്ദ്രന്റെ അടുക്കലെത്തി വിവാഹം ആലോചിക്കുകയായിരുന്നു.
വീട്ടിലെത്തിയ ചാരുവിനോട് ജോലിക്ക് ശേഷം രാത്രി തിരിച്ചെത്തിയ രവീന്ദ്രൻ പറഞ്ഞു,
" ചാരു നിനക്ക് നല്ല ഒരു ആലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും നമുക്ക് ചേർന്ന ബന്ധമാണിത്.ജാതക പൊരുത്തവും ഉത്തമം കഴിവതും വേഗം നമുക്ക് ഇത് നടത്തണം. "
രവീന്ദ്രന്റെ ഈ വാക്കുകൾ ചാരുവിന്റെ മനസ്സിൽ ഒരു വെള്ളിടി തീർത്തു. ഒരു നിമിഷം സ്തബ്ദയായി തീർന്ന അവൾ സമചിത്തത വീണ്ടെടുത്ത് അയാളോട് പറഞ്ഞു.
" എനിക്കിപ്പോൾ വിവാഹം വേണ്ട അച്ഛാ പഠനം കഴിയട്ടെ ,പി. ജി കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട് . "
" നിഷേധി............
ധിക്കാരം പറയുന്നോ "
എന്ന് പറഞ്ഞ അയാൾ, അവളുടെ കവിൾ തടത്തിൽ അഞ്ച് വിരൽ പാട് കൂടി പതിപ്പിച്ചു കൊണ്ടാണ് തന്റെ മകൾക്കുള്ള മറുപടി കൊടുത്തത്.
" എനിക്കറിയാം, എന്താണ് വേണ്ടതെന്ന്, ഞാൻ തീരുമാനിച്ചു .........ഇത് ഞാൻ നടത്തുക തന്നെ ചെയ്യും. "
എന്ന് കൂടി അയാൾ കൂട്ടി ചേർത്തു.
ചാരുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് എത്രയും വേഗം വിവാഹം നടത്താമെന്ന കണക്ക് കൂട്ടലിൽ ,രമേശിന് പിറ്റേന്ന് തന്നെ രവീന്ദ്രൻ വിവാഹത്തിന് വാക്കും കൊടുത്തു.
വീട്ടിൽ നിന്നും പിറ്റേന്ന് ഹോസ്റ്റലിൽ മടങ്ങി എത്തിയ ചാരു ചിന്താധീനയും മൂകയുമായി കാണപ്പെട്ടു.
രാത്രി ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് എത്താതിരുന്ന ചാരുവിനോട് ഉണ്ണിമായ കാരണം തിരക്കി.
അതിന് ചാരു പറഞ്ഞ മറുപടി ഒരിക്കലും ഉണ്ണിമായക്ക് അംഗീകരിക്കാൻ കഴിയാത്തവ ആയിരുന്നു.
തനിക്കൊരിക്കലും വിവാഹം വേണ്ടെന്നും .തന്റെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനം ജയദേവന് താൻ നല്കി കഴിഞ്ഞെന്നും. ചാരു ഉണ്ണിമായയോട് പറഞ്ഞു.
ജയദേവന് ഭാര്യയും കുട്ടികളും ഉള്ളതിനാൽ അയാളെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലെന്നും എങ്കിലും , ഈ ബന്ധം താൻ ഇങ്ങനെ തന്നെ തുടരുമെന്നും അവൾ കൂട്ടി ചേർത്തു.
ഉണ്ണിമായ ഇതിനെ ശക്തമായി എതിർത്തു.നിഷയുടെ ദുരനുഭവം തന്റെ ആത്മ മിത്രമായ ചാരുവിന് കൂടി ആവർത്തിക്കുമെന്ന് ഉള്ളിൽ ഭയപ്പെട്ട് അവൾ ചാരുവിനോട് പറഞ്ഞു
" ചാരൂ
നിനക്കറിയാമല്ലൊ മാഷ് വിവാഹിതനാണ് ,
രണ്ട് കുട്ടികളും ഉണ്ട് , ഒരു സൗഹൃദത്തിനപ്പുറം ,ആളെ പ്രണയിക്കുന്നത് തെറ്റാണ് ,അത് ഗുണത്തിന് പകരം നിനക്ക് ദോഷം മാത്രമെ ഉണ്ടാക്കുകയുള്ളൂ . "
" നീ വിവാഹം കഴിയാത്ത ഒരു പെൺകുട്ടിയാണ് നിനക്ക് മുൻപിൽ നല്ലൊരു ജീവിതം ഉണ്ട്. "
" ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിന് വേണ്ടി നീ എന്തിന് വെറുതെ വാശി പിടിക്കുന്നു. "
മറുപടി പറഞ്ഞ ചാരുവിന്റെ ശബ്ദം അല്പം പോലും പതർച്ച ഇല്ലാത്തതായിരുന്നു. തന്റെ തിരുമാനത്തിന് ഒരിക്കലും ഇളക്കം തട്ടില്ലെന്ന ഉറച്ച ഭാവത്തോടെ അവൾ പറഞ്ഞു.
" ആര് പറഞ്ഞു ഒരിക്കലും നടക്കാത്ത കാര്യമാണെന്ന്. "
" നീ ഒരു സാധാരണ സ്ത്രീയെ പോലെ ചിന്തിക്കുന്നത് കൊണ്ടാണ് ഉണ്ണി നിനക്ക് ഞങ്ങളുടെ ബന്ധം തെറ്റായി തോന്നുന്നത് . "
" ഞങ്ങളുടെത് പവിത്രവും ,ദൃഢവുമായ ഒരു ആത്മബന്ധമാണ്, അത് ആർക്കും ഒരിക്കലും നിർവ്വചിക്കാൻ കഴിയാത്ത ഒന്നാണ്. "
" നിനക്കറിയുമോ, മാഷിന്റെ ചിന്താ ശൈലിക്ക് തീരെ പറ്റാത്ത , തനി നാട്ടിൻ പുറത്ത്കാരിയായ ഒരു സ്ത്രീയാണ് മാഷിന്റെ ഭാര്യ .അവർ എന്നും മാഷിന് ഒരു ബാധ്യതയാണ്. "
" മാഷിന്റെ മാനസികമായ ഒറ്റപ്പെടലിന് എനിക്ക് മാത്രമെ പരിഹാരം കാണാൻ സാധിക്കു........... അതിനെനിക്കെ കഴിയൂ "
" എനിക്കറിയാം ഞാൻ ഒരു നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പക്ഷെ ഈ ബന്ധം , ഇതെന്റെ ജീവിതാവസാനം വരെ ഞാൻ നില നിർത്തും. "
ഉണ്ണിയോട് ഇങ്ങനെ പറഞ്ഞ് അവൾ മേശമേൽ ഇരുന്ന പുസ്തകങ്ങൾ അടുക്കി വെക്കാൻ തുടങ്ങി.
" ഞാനിതിന് ഒരിക്കലും കൂട്ടുനിൽക്കില്ല ചാരു "
എന്ന് പറഞ്ഞ് ഉണ്ണിമായ റൂമിന് വെളിയിലേക്കിറങ്ങി.
തന്റെ ഹൃദയ രഹസ്യം ഉണ്ണിമായയോട് വെളിപ്പെടുത്തേണ്ടി വന്നതിലും ,അവളുടെ ഭാഗത്ത് നിന്നും ഒട്ടും പ്രോത്സാഹ ജനകമല്ലാത്ത മറുപടി വന്നതിലും ചാരുവിന് വല്ലാത്ത നിരാശയും, അമർഷവും തോന്നി.
എങ്കിലും അത് മറച്ച് വെച്ച് പിന്നാലെ ചെന്ന് അവൾ അല്പം ഗൗരവത്തോടെ ഉണ്ണിമായയോട് പറഞ്ഞു.
" ഉണ്ണി നീയിത് മറ്റാരോടും പറയാനൊന്നും പോകണ്ടാ കേട്ടോ, ഈ രഹസ്യം നമ്മൾ രണ്ടാളുമല്ലാതെ മൂന്നാമതൊരാൾ കൂടി അറിയരുത്. "
പക്ഷെ ആ നിമിഷം മുതൽ ഈ രഹസ്യം ഉണ്ണിമായ തന്റെ വീട്ടിലറിയിക്കുമെന്ന അകാരണമായ ഒരു ഭയം , ചാരുവിനെ പതിയെ ഗ്രസിക്കാൻ തുടങ്ങി. ഓരോ അണുവിലും അവളുടെ ദൃഷ്ടികൾ സംശയത്തോടെ ഉണ്ണിമായയിൽ പതിച്ചു.
എന്നാൽ ഉണ്ണിമായ, ഈ കാര്യം തന്റെ എല്ലാ രഹസ്യങ്ങളുമറിയാവുന്ന നിഷയോട് പോലും പറഞ്ഞില്ല.
അവളെ ചാരുവിന്റെ വാക്കുകൾ കടുത്ത ചിന്താ കുഴപ്പത്തിലും ,മാനസിക സമ്മർദത്തിലും ആഴ്ത്തി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഉണ്ണിമായക്ക് ചാരുവിന്റെ അച്ഛന്റെ ഒരു ഫോൺ കോൾ ഹോസ്റ്റലിലേക്ക് വന്നു.
ഹോസ്റ്റൽ വാർഡൻ ആളെ വിട്ട് ഉണ്ണിമായയെ താഴത്തെ നിലയിലെ ഫോണിരിക്കുന്ന മുറിയിലേക്ക് വിളിപ്പിച്ചു.
" ഹലോ ഉണ്ണിമായയല്ലേ ഞാൻ ചാരുവിന്റെ അച്ഛൻ രവിയാണ് മോളേ "
" അതെ അച്ഛാ ഞാൻ ഉണ്ണിയാണ് സംസാരിക്കുന്നത് . ചാരു പുറത്ത് പോയിരിക്കുകയാണല്ലോ "
എന്നവൾ മറുപടി പറഞ്ഞു.
മോളെ എനിക്ക് നിന്നോട് ചിലകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അയാൾ,
തനിക്ക് കാൻസർ ആണെന്നും ,ഫൈനൽ സ്റ്റേജിൽ എത്തിയതിനാൽ ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്നും ഉണ്ണിമായയോട് പറഞ്ഞു.
തന്റെ നാളുകൾ എണ്ണപ്പെട്ടതിനാൽ മകളെ ആരുടെ എങ്കിലും കൈയിൽ എൽപ്പിച്ചിട്ട് കണ്ണടക്കാനാണ് തന്റെ ആഗ്രഹമെന്നും, അതിനാലാണ് തിടുക്കപ്പെട്ട് രമേശുമായുള്ള വിവാഹം തീർച്ചപെടുത്തിയതെന്നും അയാൾ ഉണ്ണിയെ അറിയിച്ചു.
അതു കൊണ്ട് ചാരുവിനെ എങ്ങനെ എങ്കിലും ഈ വിവാഹത്തിന് പറഞ്ഞ് സമ്മതിപ്പിക്കണമെന്നു കൂടി അയാൾ അവളോട് പറഞ്ഞു.
തന്റെ രോഗ വിവരം വീട്ടിലാർക്കും അറിയാത്തതിനാൽ ഈ കാര്യം അതീവരഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും ,ചാരു ഒരിക്കലും ഇത് അറിയരുതെന്ന് കൂടി പറഞ്ഞിട്ടാണ് അയാൾ ഫോൺ വെച്ചത്.
വിവരങ്ങൾ അറിഞ്ഞ ഉണ്ണിമായ ആകെ വിഷമത്തിലായി. ആ പിതാവിന്റെ നിസ്സഹായ അവസ്ഥയ്ക്ക് സഹായമായി തന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് അവളെ കൂടുതൽ സങ്കടപ്പെടുത്തി.
ജയദേവനുമായി പതിവ് ചുറ്റി തിരിയൽ കഴിഞ്ഞ് തിരിച്ചെത്തിയ ചാരുവിനോട് ,ഹോസ്റ്റൽ വാർഡൻ ചാരുവിന്റെ അച്ഛൻ ഉണ്ണിമായയെ ഫോൺ ചെയ്തിരുന്നു എന്ന കാര്യം അറിയിച്ചു.
ഇത് അറിഞ്ഞതോടെ ഉണ്ണിമായയുടെ മേലുള്ള അവളുടെ സംശയം ശക്തമായി. റൂമിലെത്തിയിട്ടും അച്ഛൻ ഫോൺ ചെയ്ത കാര്യം ഉണ്ണിമായ തന്നോട് പറയാതിരുന്ന തോട് കൂടി തനിക്കെതിരെ ഉണ്ണിമായ അച്ഛനുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നതായി അവൾ തീർച്ചപ്പെടുത്തി.
അതേ സമയം രവീന്ദ്രൻ വീട്ടിൽ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ധൃതിയിലാക്കാൻ തുടങ്ങിയിരുന്നു.ഇതറിഞ്ഞതോട് കൂടി ചാരുവിന് ഉണ്ണിമായയോടുള്ള പക പതിന്മടങ്ങ് വർധിച്ചു.
തന്റെ ജീവനേക്കാൾ പ്രിയങ്കരനായ ജയദേവനെ തന്നിൽ നിന്നകറ്റാൻ ഉണ്ണി കൂട്ടുനിൽക്കുന്നു എന്ന ചിന്ത കാരണം ഉണ്ണിമായയോടുള്ള പകയും ,വെറുപ്പും അവളെ വിവരിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ എത്തിച്ചു.
പലപ്പോഴും ഒരു " ഉന്മാദിയെ " പോലെ പെരുമാറിയ ചാരുവിന്റെ ഭാവമാറ്റം ഉണ്ണി മായയെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. കൂട്ടുകാരിയുടെ പല ചെയ്തികളും അവളെ മാനസികമായി മുറിവേൽപ്പിച്ചെങ്കിലും, പുറമെ പരിഭവം പ്രകടിപ്പിക്കാതെ അവൾ ദിനങ്ങൾ തള്ളി നീക്കി.
പിന്നീടുള്ള പല ദിവസങ്ങളിലും ഉറക്കം നഷ്ടപ്പെട്ട ചാരു ,രാവെളുക്കുവോളം ഉറങ്ങാതിരുന്ന് ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി.
അങ്ങനെ എന്തിനൊക്കെയോ ഉള്ള ഒരുക്കങ്ങൾ നടത്തിയ അവൾ, ഒരു ഉറച്ച തീരുമാനവുമായി ,പറ്റിയ അവസരം കാത്തിരുന്നു................................
(തുടരും)

Arun

ജലരേഖകൾ (ഭാഗം രണ്ട് )

ജലരേഖകൾ (ഭാഗം രണ്ട് )
ഒരു ദിവസം പനി ആയത് കൊണ്ട് കോളേജിൽ പോകാതിരുന്ന ഉണ്ണിമായയുടെ അടുത്തേക്ക് ആ വൈകുന്നേരം ചാരു എത്തിയത് അത്യാഹ്ലാദവതിയായിട്ടാണ് .
വന്ന ഉടനെ ബാഗ് കട്ടിലിലേക്കെറിഞ്ഞ അവൾ ഉണ്ണി മായയെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.
" മോളെ മലയാളം ഡിപ്പാർട്ട് മെന്റിലെ പുതിയ ഗസ്റ്റ് ലക്ചറർ ആരാണെന്നറിയാമോ...............? "
അതുവരെ കാണാത്ത ചാരുവിന്റെ ഭാവം മനസ്സിലാകാതെ കണ്ണ് മിഴിച്ച് നിന്ന ഉണ്ണിയുടെ കവിളിൽ മൃദുവായി നുള്ളിയിട്ടവൾ പറഞ്ഞു. ജയദേവൻ മാഷ്‌ .
" ഇതെന്തു പറ്റി ഇന്ന് കാവിലമ്മക്ക് "
" എനിക്കൊരു ജയദേവനേം അറിയില്ലെ ആകെ അറിയാവുന്ന ഒരു ദേവൻ മലയാളം ഡിപ്പാർട്ട്മെന്റിലും അല്ല, പുള്ളിക്കാരൻ ദേവസ്വം ഡിപ്പാർട്ട് മെന്റിലാണ്............. ശ്രീ കോവിലിൽ. "
ചാരുവിന്റെ ചോദ്യത്തിന് ചിരിച്ച് കൊണ്ട് കളിയായി ഉണ്ണിമായ ഇങ്ങനെ മറുപടി പറഞ്ഞു.
പെട്ടെന്ന് തന്നെ ചാരുവിന്റെ മുഖഭാവം മാറി.
അല്പം കയർത്ത്കൊണ്ട് തന്നെ അവൾ ഉണ്ണിയോട് പറഞ്ഞു,
" അല്ലെങ്കിലും നല്ലതൊന്നും നിന്നെ പോലുള്ളവർക്ക് അറിയില്ലല്ലോ. "
" മാഷ്ടെ ഒരു കഥയെങ്കിലും നീ വായിച്ചിട്ടുണ്ടോ, വേണ്ട ഒരു കവിത ,അതെങ്ങനാ ഒരു ക്ലാസുമില്ലാത്ത നിന്നോടൊക്കെ എന്ത് പറയാനാ മോളെ.
നീ നിന്റെ കെട്ട്യോന്റെയും പിള്ളേരുടേയും തുണി അലക്കി കാലാ കാലം കഴിയാനുണ്ടായ പെണ്ണാണ്..................അത് തീർച്ച. "
" അപ്പോൾ നീയോ? "
ഉണ്ണിമായയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ചാരു ജാലകത്തിനടുത്തെത്തി -
ജാലകവിരിപ്പ് ഇരു കൈകളും കൊണ്ട് അരികിലേക്ക് നീക്കിയിട്ട അവൾ ജനലഴികളിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്നു.
അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങൾ ചാർത്തി നല്കിയ വർണ്ണങ്ങൾ ,അവളുടെ കവിൾത്തടങ്ങളിൽ അപ്പോൾ
വല്ലാത്തൊരു ശോണിമ പടർത്തിയിരുന്നു. അവളുടെ വിടർന്ന കണ്ണുകൾക്ക് ആ സമയത്തുണ്ടായിരുന്ന പതിവില്ലാത്ത തിളക്കം കൂടി ചേർന്നപ്പോൾ ചാരു മുൻപ് കണ്ടിട്ടില്ലാത്തത്ര സുന്ദരി ആയെന്ന് ഉണ്ണിമായക്ക് തോന്നി.
ജയദേവൻ അറിയപ്പെടുന്ന ഒരു കവിയും എഴുത്ത് കാരനുമായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായ അയാളുടെ ആശയങ്ങൾ അക്കാലത്ത് വളരെ അധികം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ജയദേവന്റെ എഴുത്തുകളിലും, കവിതകളിലും ആകൃഷ്ടയായ ചാരുലത കത്ത് കളിലൂടെ അയാളുമായി സൗഹൃദം സ്ഥാപിക്കുകയും ആ ബന്ധം പിന്നീട് ഒരു ആത്മബന്ധമായി വളരുകയും ചെയ്തു.
കോളേജിൽ മലയാളം ഡിപ്പാർട്ട്മെൻറിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ് ഉണ്ടെന്ന് ചാരുലത അറിയിച്ചതിനെ തുടർന്നാണ് ജയദേവൻ, ആ ഒഴിവിലേക്ക് അപേക്ഷിച്ചതും അങ്ങനെ അവിടെ ജോലിക്കെത്തിയതും .
ആയിടക്ക് നിഷയെ വല്ലാതെ ഉലച്ച ഒരു സംഭവം ഉണ്ടായി
നിഷയുമായി ദീർഘകാലം പ്രണയത്തിലായിരുന്ന സഹപ്രവർത്തകനായിരുന്ന കിഷോർ അവളെ തഴഞ്ഞ് വീട്ടുകാർ നിർദേശിച്ച ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അതോടെ ആകെ തകർന്ന് പോയ നിഷ അവളുടെ പ്രസരിപ്പും, ഊർജ്ജസ്വലതയും നഷ്ടപ്പെട്ട് സദാ വിഷാദം മുറ്റിയ മിഴികളുമായി എകാകി ആയി മാറി.
ഒരു വർണ്ണ തുമ്പിയെ പോലെ പാറി നടന്നിരുന്ന അവൾ പതിയെ അരണ്ട ദീപത്തിന്റെ നിഴൽ രൂപം പോലെ തെളിച്ചമില്ലാത്തവളായി മാറപ്പെട്ടു.
നിഷയുടെ ഈ മാറ്റം ഏറ്റവും കൂടുതൽ തളർത്തിയത് ഉണ്ണിമായയെ ആയിരുന്നു. ചിരിച്ചും, കളിച്ചും ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നിരുന്ന നിഷയുടെ നിറം നശിച്ച പുതിയ ജീവിതം അവളെ വല്ലാതെ വിഷമിപ്പിച്ചു.
എന്നാൽ ജയദേവന്റെ വരവോട് കൂടി ഉല്ലാസവതിയായി തീർന്ന ചാരുലത പതിയെ അവളും ജയദേവനും മാത്രമുള്ള ഒരു ലോകം ഉണ്ടാക്കി തീർക്കാൻ ശ്രമിച്ചു.
അയാളോടൊപ്പം കവി അരങ്ങുകളിലും, ഗസൽ സന്ധ്യ കളിലും ചുറ്റി തിരിഞ്ഞ അവൾ പതിവായി ഹോസ്റ്റലിൽ വൈകി എത്താൻ തുടങ്ങി.
പതിയെ കൂട്ടുകാരികളിൽ നിന്നും അകന്ന ചാരു പുതു ലോകത്തിൽ ഭ്രമിച്ച് തന്റെ സ്വപ്നങ്ങൾക്ക് സമാനമായ ഒരു ജീവിതം നയിക്കാനാരംഭിച്ചു.
ജയദേവന് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.എന്നാൽ അയാളുടെ വ്യക്തി പ്രഭാവത്തിൽ അനുരക്തയായി തീർന്ന ചാരുവിന് അതൊരു പ്രശ്നമായി തോന്നിയതെ ഇല്ല.
ഉണ്ണിമായയും,നിഷയും പലപ്പോഴും ഈ ബന്ധത്തിന്റെ അസ്വഭാവികതയെ പറ്റി അതിശയപെട്ടിരുന്നെങ്കിലും, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ജയദേവനെ ചാരുലത പ്രണയിക്കുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
എന്നാൽ ചാരുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനങ്ങളിലൂടെ ആയിരുന്നു അവൾ കടന്ന് പൊയ്കൊണ്ടിരുന്നത് .അത് വരെ ലഭിക്കാത്ത ആനന്ദത്തിൽ സ്വയം മറന്ന അവൾ സൂര്യൻ ഉദിച്ച് അസ്തമിക്കുന്നത്, തനിക്ക് വേണ്ടി മാത്രമാണെന്ന് വരെ ചിന്തിച്ചു.
അങ്ങനെ ഇരിക്കെ അടുത്ത ഞായറാഴ്ച വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ചാരുവിന് അവളുടെ അച്ഛന്റെ ഒരു ഫോൺ കോൾ വന്നു.
(തുടരും)

Arun V Sajeev

ജലരേഖകൾ ഭാഗം ഒന്ന്


ജലരേഖകൾ ഭാഗം ഒന്ന്
ഭിത്തിയിലെ " ക്രൂശിതരൂപത്തിന് "മുകളിലായി ചലിക്കുന്ന 'വലിയ ഘടികാരത്തിലെ ' സൂചികൾ സമയം രാത്രി 'ഒൻപത് മണി' കഴിഞ്ഞു എന്നറിയിച്ചു.
ആശുപത്രിയിലെ തിരക്കിനൽപം ശമനം വന്നിരിക്കുന്നു . 'ഔട്ട് പേഷ്യന്റ് 'വിഭാഗത്തിൽ നിരത്തി ഇട്ടിരിക്കുന്ന 'ചെയറുകളിൽ ' ഇപ്പോൾ രോഗികൾക്ക് പകരമുള്ളത് ,കിടപ്പ് രോഗികളുടെ കൂട്ടിരിപ്പ് കാരാണ്.
ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നവരുടേയും, പുതിയ ഷിഫ്റ്റിൽ പ്രവേശിക്കുന്നവരുടേയും സ്വരം,താഴ്ത്തിയുള്ള അഭിവാദ്യകൾ ഒഴിച്ചാൽ, മരുന്നിന്റെ ഗന്ധമുള്ള കാറ്റിൽ,ഇടക്ക് ജാലകവിരികൾ ഇളകുന്ന ശബ്ദം മാത്രമെ അപ്പോൾ അവിടെ കേൾക്കാനുണ്ടായിരുന്നുള്ളൂ.
ആ വലിയ ഹോസ്പിറ്റലിലെ, ശീതീകരിച്ച കാത്തിരിപ്പ് മുറിയിലാണ് നിന്നിരുന്നതെങ്കിലും, നിഷയുടെ നെറ്റിതടത്തിൽ നിന്നും വിയർപ്പ് തുള്ളികൾ കവിളിലേക്ക് ചാലുകൾ തീർത്തു.
ശരീരമാസകലം അനുഭവപ്പെട്ട വിറയലും ,തളർച്ചയും കാലുകൾക്ക് താങ്ങാൻ കഴിയാതെ വന്നപ്പോൾ, അവൾ ഒരു കസേരയിലേക്ക് തളർന്നിരുന്നു.
കുറച്ച് മുൻപ് സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ വിശ്വസിക്കാനോ, ഉൾക്കൊള്ളാനോ അത്രനേരം കഴിഞ്ഞിട്ടും നിഷക്ക് സാധിച്ചിരുന്നില്ല. കൈവശമുള്ള ബാഗിൽ സൂക്ഷിച്ചിരുന്ന കടലാസ് കഷണത്തിലെ അക്ഷരങ്ങൾ പടർത്തിയ 'സംഭ്രമം'മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളെ വിടാതെ പിന്തുടർന്നു.
........................................................................................................

നിഷയും, ചാരുലതയും, ഉണ്ണിമായയും ഒരേ ഹോസ്റ്റലിലെ താമസക്കാരാണ്. അവർ ഉറ്റ സുഹൃത്തുക്കളും, ഒരേ മുറി പങ്കിടുന്നവരുമാണ് .
നിഷ ,ഹോസ്റ്റലിനടുത്തുള്ള ഒരു ബാങ്കിൽ 'ഫ്രണ്ട് - ഓഫീസ് സ്റ്റാഫായി 'ജോലി നോക്കി വരുന്നു. ചാരുവും, ഉണ്ണിയും അവിടുള്ള കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികളാണ്.
മൂന്നു പേരും ഒരേ നാട്ടുകാരായതിനാൽ, ചാരുവും ,ഉണ്ണിയും ആ കോളേജിൽ ചേർന്നപ്പോൾ ഉടലെടുത്ത, മൂവരും ചേർന്ന സൗഹൃദം, ഈ കാലം കൊണ്ട്, മറയേതുമില്ലാത്ത, ഇഴയടുപ്പമുള്ള ഒന്നാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു.
പ്രായത്തിൽ മറ്റ് രണ്ട് പേരെക്കാൾ അല്പം മുതിർന്ന നിഷ ആയിരുന്നു അവരുടെ നേതാവ്.
പ്രവൃത്തിയിൽ ചുറുചുറുക്കും, പെരുമാറ്റത്തിൽ ഊർജ്ജസ്വലതയുമുള്ള, സുന്ദരിയായ അവളെ കൂട്ടുകാരികൾ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്നതിനെ ചുരുക്കി "ബി ആൻഡ് ബി "എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഉണ്ണിമായ,കുട്ടിത്ത മുള്ള ,നിഷ്കളങ്ക സ്വഭാവത്തിനുടമയായ,തനി നാട്ടിൻ പുറത്ത് കാരി ആയിരുന്നു. സദാ 'കലപില ' കൂട്ടി നടന്നിരുന്ന അവൾ, വീട്ടിലെ ഏക സന്തതിയും ,അച്ഛനമ്മമാരുടെ ഓമന മകളു മാണ്.
എന്നാൽ ചാരു എല്ലാം കൊണ്ടും ഇവരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് .
നിഷയും ,ഉണ്ണിമായയും സിനിമാ ഗോസിപ്പുകളും, കോളേജ് പ്രണയ കഥകളുമായി നേരം കൊല്ലുമ്പോൾ , ചാരു കഥകളുടേയും ,കവിതകളുടേയും വായനാ ലോകത്ത് മുഴുകി കഴിഞ്ഞു.
നന്നെ ചെറുപ്പത്തിലെ ഉണ്ടായ അവളുടെ അമ്മയുടെ മരണം ,ചാരുവിനെ മാനസികമായ ഒറ്റപ്പെടലിലേക്കും, സ്ഥായിയായ ഒരു വിഷാദാവസ്ഥയിലേക്കും നയിച്ചു.
ക്ഷിപ്രകോപിയും, കർക്കശ സ്വഭാവക്കാരനുമായിരുന്നു ചാരുവിന്റെ അച്ഛൻ രവീന്ദ്രൻ. ആദ്യ ഭാര്യയുടെ മരണശേഷം ,അയാൾ മറ്റൊരു വിവാഹം കഴിക്കുകയും ,ആ ബന്ധത്തിൽ അവൾക്ക് ഒരു അനുജൻ ഉണ്ടാവുകയും ചെയ്തെങ്കിലും ,സ്വന്തമായ ഒരു ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ തക്ക മാനസികാവസ്ഥയിലേക്ക് അപ്പോഴേക്കും അവൾ മാറിക്കഴിഞ്ഞിരുന്നു.
ചാരുവിന്റെ ഈ സ്വഭാവം, ക്ലാസ് മുറിയിലും അവൾ തുടർന്നു. കോളേജിൽ ഉണ്ണിമായയോട് ഒഴികെ മറ്റാരോടും കാര്യമായി അടുപ്പം അവൾ കാട്ടിയിരുന്നില്ല.
കോളേജ് അവധി ദിവസങ്ങളിൽ, മിക്കവാറും വീട്ടിൽ പോകാൻ ഇഷ്ടപെടാതെ ചാരുലത, ഉണ്ണിമായയുടെ കൂടെ അവളുടെ വീട്ടിലേക്ക് പോകുകയോ അല്ലെങ്കിൽ നിഷയോടൊപ്പം ഹോസ്റ്റലിൽ തന്നെ തങ്ങുകയോ ചെയ്തു വന്നു.
അമ്മയില്ലാതെ വളർന്ന കുട്ടി എന്ന പരിഗണനയിൽ, ഉണ്ണിമായയുടെ അച്ഛനുമമ്മക്കും ചാരുവിനോട് പ്രത്യേക വാത്സ്യല്യവും ,സ്നേഹവും ഉണ്ടായിരുന്നു.
അങ്ങനെ തികച്ചും ഒരു 'അന്തർ മുഖി' ആയിരുന്നു എങ്കിലും, വല്ലപ്പൊഴു- മൊരിക്കൽ സിനിമക്ക് പോകാനും, ബീച്ചിൽ കറങ്ങാനും ,അത്യാവശ്യം ഷോപ്പിംഗിനു മൊക്കെ അവൾ ആ കൂട്ടുകാരൊടൊപ്പം കൂടി .
കളിയും ,ചിരിയുമായി ആ മൂന്ന് കൂട്ടുകാരികളോടൊപ്പം കാലവും കുറെ മുന്നോട്ട് നീങ്ങി.ആ സന്തോഷം പകർന്ന് കിട്ടിയിട്ടെന്ന വണ്ണം ഹോസ്റ്റലിന്റെ പാതയോരത്ത് ഇരു വശങ്ങളിലുമായി വളർന്ന് നിന്നിരുന്ന പൂവാകകകളിൽ 'ആ കാലത്ത് 'ഇലകളിലും അധികം പൂക്കൾ നിറഞ്ഞ് സൗരഭ്യം ചൊരിഞ്ഞ് നിന്നിരുന്നു.
അങ്ങനെ ഇരിക്കെ ഒരു നാൾ, കളി ചിരികളുമായ് കഴിഞ്ഞു വന്ന ആ കൂട്ടുകാരികളുടെ ഇടയിലേക്ക് പുതുതായ് ഒരാൾ കടന്ന് വന്നു.
(തുടരും)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo