Slider

ജലരേഖകൾ ഭാഗം ഒന്ന്

0

ജലരേഖകൾ ഭാഗം ഒന്ന്
ഭിത്തിയിലെ " ക്രൂശിതരൂപത്തിന് "മുകളിലായി ചലിക്കുന്ന 'വലിയ ഘടികാരത്തിലെ ' സൂചികൾ സമയം രാത്രി 'ഒൻപത് മണി' കഴിഞ്ഞു എന്നറിയിച്ചു.
ആശുപത്രിയിലെ തിരക്കിനൽപം ശമനം വന്നിരിക്കുന്നു . 'ഔട്ട് പേഷ്യന്റ് 'വിഭാഗത്തിൽ നിരത്തി ഇട്ടിരിക്കുന്ന 'ചെയറുകളിൽ ' ഇപ്പോൾ രോഗികൾക്ക് പകരമുള്ളത് ,കിടപ്പ് രോഗികളുടെ കൂട്ടിരിപ്പ് കാരാണ്.
ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നവരുടേയും, പുതിയ ഷിഫ്റ്റിൽ പ്രവേശിക്കുന്നവരുടേയും സ്വരം,താഴ്ത്തിയുള്ള അഭിവാദ്യകൾ ഒഴിച്ചാൽ, മരുന്നിന്റെ ഗന്ധമുള്ള കാറ്റിൽ,ഇടക്ക് ജാലകവിരികൾ ഇളകുന്ന ശബ്ദം മാത്രമെ അപ്പോൾ അവിടെ കേൾക്കാനുണ്ടായിരുന്നുള്ളൂ.
ആ വലിയ ഹോസ്പിറ്റലിലെ, ശീതീകരിച്ച കാത്തിരിപ്പ് മുറിയിലാണ് നിന്നിരുന്നതെങ്കിലും, നിഷയുടെ നെറ്റിതടത്തിൽ നിന്നും വിയർപ്പ് തുള്ളികൾ കവിളിലേക്ക് ചാലുകൾ തീർത്തു.
ശരീരമാസകലം അനുഭവപ്പെട്ട വിറയലും ,തളർച്ചയും കാലുകൾക്ക് താങ്ങാൻ കഴിയാതെ വന്നപ്പോൾ, അവൾ ഒരു കസേരയിലേക്ക് തളർന്നിരുന്നു.
കുറച്ച് മുൻപ് സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ വിശ്വസിക്കാനോ, ഉൾക്കൊള്ളാനോ അത്രനേരം കഴിഞ്ഞിട്ടും നിഷക്ക് സാധിച്ചിരുന്നില്ല. കൈവശമുള്ള ബാഗിൽ സൂക്ഷിച്ചിരുന്ന കടലാസ് കഷണത്തിലെ അക്ഷരങ്ങൾ പടർത്തിയ 'സംഭ്രമം'മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളെ വിടാതെ പിന്തുടർന്നു.
........................................................................................................

നിഷയും, ചാരുലതയും, ഉണ്ണിമായയും ഒരേ ഹോസ്റ്റലിലെ താമസക്കാരാണ്. അവർ ഉറ്റ സുഹൃത്തുക്കളും, ഒരേ മുറി പങ്കിടുന്നവരുമാണ് .
നിഷ ,ഹോസ്റ്റലിനടുത്തുള്ള ഒരു ബാങ്കിൽ 'ഫ്രണ്ട് - ഓഫീസ് സ്റ്റാഫായി 'ജോലി നോക്കി വരുന്നു. ചാരുവും, ഉണ്ണിയും അവിടുള്ള കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികളാണ്.
മൂന്നു പേരും ഒരേ നാട്ടുകാരായതിനാൽ, ചാരുവും ,ഉണ്ണിയും ആ കോളേജിൽ ചേർന്നപ്പോൾ ഉടലെടുത്ത, മൂവരും ചേർന്ന സൗഹൃദം, ഈ കാലം കൊണ്ട്, മറയേതുമില്ലാത്ത, ഇഴയടുപ്പമുള്ള ഒന്നാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു.
പ്രായത്തിൽ മറ്റ് രണ്ട് പേരെക്കാൾ അല്പം മുതിർന്ന നിഷ ആയിരുന്നു അവരുടെ നേതാവ്.
പ്രവൃത്തിയിൽ ചുറുചുറുക്കും, പെരുമാറ്റത്തിൽ ഊർജ്ജസ്വലതയുമുള്ള, സുന്ദരിയായ അവളെ കൂട്ടുകാരികൾ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്നതിനെ ചുരുക്കി "ബി ആൻഡ് ബി "എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഉണ്ണിമായ,കുട്ടിത്ത മുള്ള ,നിഷ്കളങ്ക സ്വഭാവത്തിനുടമയായ,തനി നാട്ടിൻ പുറത്ത് കാരി ആയിരുന്നു. സദാ 'കലപില ' കൂട്ടി നടന്നിരുന്ന അവൾ, വീട്ടിലെ ഏക സന്തതിയും ,അച്ഛനമ്മമാരുടെ ഓമന മകളു മാണ്.
എന്നാൽ ചാരു എല്ലാം കൊണ്ടും ഇവരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് .
നിഷയും ,ഉണ്ണിമായയും സിനിമാ ഗോസിപ്പുകളും, കോളേജ് പ്രണയ കഥകളുമായി നേരം കൊല്ലുമ്പോൾ , ചാരു കഥകളുടേയും ,കവിതകളുടേയും വായനാ ലോകത്ത് മുഴുകി കഴിഞ്ഞു.
നന്നെ ചെറുപ്പത്തിലെ ഉണ്ടായ അവളുടെ അമ്മയുടെ മരണം ,ചാരുവിനെ മാനസികമായ ഒറ്റപ്പെടലിലേക്കും, സ്ഥായിയായ ഒരു വിഷാദാവസ്ഥയിലേക്കും നയിച്ചു.
ക്ഷിപ്രകോപിയും, കർക്കശ സ്വഭാവക്കാരനുമായിരുന്നു ചാരുവിന്റെ അച്ഛൻ രവീന്ദ്രൻ. ആദ്യ ഭാര്യയുടെ മരണശേഷം ,അയാൾ മറ്റൊരു വിവാഹം കഴിക്കുകയും ,ആ ബന്ധത്തിൽ അവൾക്ക് ഒരു അനുജൻ ഉണ്ടാവുകയും ചെയ്തെങ്കിലും ,സ്വന്തമായ ഒരു ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ തക്ക മാനസികാവസ്ഥയിലേക്ക് അപ്പോഴേക്കും അവൾ മാറിക്കഴിഞ്ഞിരുന്നു.
ചാരുവിന്റെ ഈ സ്വഭാവം, ക്ലാസ് മുറിയിലും അവൾ തുടർന്നു. കോളേജിൽ ഉണ്ണിമായയോട് ഒഴികെ മറ്റാരോടും കാര്യമായി അടുപ്പം അവൾ കാട്ടിയിരുന്നില്ല.
കോളേജ് അവധി ദിവസങ്ങളിൽ, മിക്കവാറും വീട്ടിൽ പോകാൻ ഇഷ്ടപെടാതെ ചാരുലത, ഉണ്ണിമായയുടെ കൂടെ അവളുടെ വീട്ടിലേക്ക് പോകുകയോ അല്ലെങ്കിൽ നിഷയോടൊപ്പം ഹോസ്റ്റലിൽ തന്നെ തങ്ങുകയോ ചെയ്തു വന്നു.
അമ്മയില്ലാതെ വളർന്ന കുട്ടി എന്ന പരിഗണനയിൽ, ഉണ്ണിമായയുടെ അച്ഛനുമമ്മക്കും ചാരുവിനോട് പ്രത്യേക വാത്സ്യല്യവും ,സ്നേഹവും ഉണ്ടായിരുന്നു.
അങ്ങനെ തികച്ചും ഒരു 'അന്തർ മുഖി' ആയിരുന്നു എങ്കിലും, വല്ലപ്പൊഴു- മൊരിക്കൽ സിനിമക്ക് പോകാനും, ബീച്ചിൽ കറങ്ങാനും ,അത്യാവശ്യം ഷോപ്പിംഗിനു മൊക്കെ അവൾ ആ കൂട്ടുകാരൊടൊപ്പം കൂടി .
കളിയും ,ചിരിയുമായി ആ മൂന്ന് കൂട്ടുകാരികളോടൊപ്പം കാലവും കുറെ മുന്നോട്ട് നീങ്ങി.ആ സന്തോഷം പകർന്ന് കിട്ടിയിട്ടെന്ന വണ്ണം ഹോസ്റ്റലിന്റെ പാതയോരത്ത് ഇരു വശങ്ങളിലുമായി വളർന്ന് നിന്നിരുന്ന പൂവാകകകളിൽ 'ആ കാലത്ത് 'ഇലകളിലും അധികം പൂക്കൾ നിറഞ്ഞ് സൗരഭ്യം ചൊരിഞ്ഞ് നിന്നിരുന്നു.
അങ്ങനെ ഇരിക്കെ ഒരു നാൾ, കളി ചിരികളുമായ് കഴിഞ്ഞു വന്ന ആ കൂട്ടുകാരികളുടെ ഇടയിലേക്ക് പുതുതായ് ഒരാൾ കടന്ന് വന്നു.
(തുടരും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo