Slider

കാവ്യാങ്കണം - 2018 - (മാതൃസ്‌മൃതി)

0
കാവ്യാങ്കണം - 2018 - (മാതൃസ്‌മൃതി)
അമ്മേ ! ഒരിക്കലെങ്കിലുമൊരുണ്ണിയായി നീയെന്റെ മുന്നിൽ വരണം
ആദ്യമായി കണ്ടപ്പോൾ നീയെന്നെ ചുംബിച്ചൊരു ചുംബനം നിന്റെ ഇളം നെറ്റിയിൽ തിരിച്ചെനിക്ക് ചാർത്തണം. 
ആയിരം രാവുകളിൽ ഉണർന്നിരുന്നൊരാ കണ്ണുകളിൽ
അര മാത്രയെങ്കിലും നോക്കിയെനിക്കിരിക്കണം
അമ്മേ ! ഉണ്ണിയായി നീയെന്റെ മുന്നിൽ വരണം
കൈകുമ്പിളിലൊന്നു കോരിയെടുക്കട്ടെ നിന്നെ ഞാൻ
എഴുസാഗരങ്ങളിൽ നിന്നും കടമെടുത്തൊരു താരാട്ട് മൂളി പതിയെ തലോടിയുറക്കട്ടെ നിന്നെ ഞാൻ
അവസാന വരിയെന്റെ തൊണ്ടയിൽ കുരുങ്ങുമ്പോൾ
കണ്ണീർ മുത്തുകളുതിർന്നു നിന്റെ ചുണ്ടിൽ വീഴട്ടെ !
അപ്പോൾ അവിടൊരു പനിനീർപ്പൂ ചിരിച്ചു വിരിയട്ടെ !
കാക്കയും പൂച്ചയും കണ്ണുവെക്കാതിരിക്കാൻ
കറുത്ത മഷി കൊണ്ടൊരു കാക്കപ്പുള്ളി കവിളിൽ കുറിക്കട്ടെ !
അമ്മേ ! ഉണ്ണിയായി നീയെന്റെ മുന്നിൽ വരണം
അമ്പിളി മാമനെ കൈകൊട്ടി വിളിക്കാം ഞാൻ
മാമയുണ്ണാൻ വായ നീയൊന്നു വേഗം തുറക്കൂ
അമ്പട ! ഉരുള നീ തുപ്പിയാൽ പിണങ്ങി ഞാൻ പോകും
ചേല പിടിച്ചെന്റെ പിറകെ നീ പോരേണ്ട, മിണ്ടില്ല ഞാൻ!
മഴ നനഞ്ഞു നീ ചിരിക്കുമ്പോൾ, മയിപ്പീലി ചൂടിക്കും ഞാൻ
മദമിളകി മേഘം ഗർജിക്കുമ്പോൾ ഇടനെഞ്ചിലൊളിപ്പിക്കും ഞാൻ
പള്ളിക്കൂട വാതിലിനരികില്‍ കാത്തുനിൽക്കും ഞാൻ
ഓടിവന്നെൻറെ കൈപിടിക്കുമ്പോൾ ഓമനേ വാടിയല്ലോ എന്നൊച്ചവെക്കും
അമ്മേ ! ഇനി ഞാനൊന്നല്പം സ്വാർത്ഥനാവട്ടെ
കുഞ്ഞിളം മേനിയിനി ഒട്ടുമേ വളരരുത്
കുഞ്ഞരിപ്പല്ലുകൾ കൊഴിയാതെ, കുറുമ്പ് മാറാതെ
കുഞ്ഞായിരിക്കണം നീയെന്നുമെന്‍ മുന്നിൽ
ഇനിയും നീ വളർന്നാൽ കടൽ കടക്കും ഒരുനാള്‍
കൂട്ടിനു നിന്‍ നിഴൽ പോലുമില്ലാതെ ഞാനൊറ്റക്കുമാവും!
അമ്മേ ! കുഞ്ഞായിരിക്കണം നീയെന്നുമെന്‍ മുന്നിൽ!
മിഴിയെന്റെ അടയും നാൾ വരെ കൂടെയുണ്ടാവണം.
***
ചൊന്നതത്രയും പകല്‍ കിനാക്കള്‍, വെറും പാഴ് വാക്കുകൾ !
അമ്മേ ! നിന്‍റെ പാദങ്ങളിൽ കണ്ണുനീര്‍ കൊണ്ടൊരു കൊലുസ്സ് ഞാന്‍ കെട്ടിടാം –
കൂട്ടണം എന്നെയാ സ്വര്‍ഗ്ഗപാതയിൽ !
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo