Slider

ഏട്ടൻ

0
ഏട്ടൻ
അഞ്ചാം വയസ്സിലാണ് ഞാൻ ആദ്യമായി അച്ഛനാകുന്നത്..എന്റെ 'അമ്മ എന്റെ കുഞ്ഞിപ്പാറുവിനെ മടിയിലെടുത്തു വെച്ച് തരുമ്പോൾ എനിക്ക് കളിക്കാനൊരു പാവക്കുട്ടിയെ കിട്ടിയ സന്തോഷമായിരുന്നു .എന്ത് ഭംഗി ആണെന്നോ എന്റെ കുഞ്ഞിപ്പാറുവിന് ! റോസാപ്പൂവിന്റെ ഇതളുകളുടെ നിറമായിരുന്നു അവൾക്ക് .പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചും ,നോവാതെ കടിച്ചും ചിണുങ്ങി കരഞ്ഞും അവളെന്റെ ദിവസങ്ങൾ സ്വർഗ്ഗതുല്യമാക്കി .
സ്കൂളിൽ ഇരിക്കുമ്പോള്ക്കും അവളാണ് എന്റെ ഉള്ളിൽ .മണിയടിച്ചാൽ ഒറ്റ ഓട്ടമാണ് വീട്ടിലേക്ക് എന്റെ ആകാശവും ഭൂമിയുമൊക്കെ അവളാണ് .എന്റെ പ്രപഞ്ചം തന്നെ അവളിലേക്കൊതുങ്ങി .അമ്മയും അച്ഛനുമൊക്കെ ഉണ്ടെങ്കിലും അവളെപ്പോളും എന്റെ ഒപ്പം തന്നെയായിരുന്നു .നിറയെ മണികളുള്ള കൊലുസണിഞ്ഞു ചിഞ്ചിലം കേൾപ്പിച്ചു എന്റെ വിരൽ തുമ്പു തൊട്ടാണവൾ നടക്കാൻ പഠിച്ചത് .നടന്നു ക്ഷീണിക്കുമ്പോൾ ഒരു നോട്ടമുണ്ട് കള്ളചിരിയും .പിന്നെ എന്റെ തോളത്താണ് മടക്കയാത്ര .അവൾ വളരുമ്പോൾ 'അമ്മ പറയും
"വിനുകുട്ട പാറുവിനെ നോക്കിക്കൊള്ളണം അവൾ നിന്റെയാ "
പത്രത്തിൽ വരുന്ന വാർത്തകളൊക്കെ മനസിലാക്കാനുള്ള പ്രായം ആയപ്പോൾ എന്റെ കുഞ്ഞിപ്പാറുവിനെ ഞാൻ ഒന്ന് കൂടെ നെഞ്ചിലേക്കണച്ചു പിടിച്ചു .കഴുകനും പരുന്തും റാഞ്ചാതെ തള്ള കോഴി അതിന്റെ കുഞ്ഞുങ്ങളെ വയ്ക്കും പോലെ .എന്റെ കൂട്ടുകാരെയെല്ലാം ഒരു പരിധിക്കപ്പുറം ഞാൻ നിർത്തി..അവരുടെ കണ്ണുകൾ എന്റെ അനിയത്തിയിൽ പതിയരുത് എന്ന് എനിക്ക് നിർബന്ധംഉണ്ടായിരുന്നു .
കുഞ്ഞിപ്പറുവളർന്നു വരുമ്പോൾ സത്യത്തിൽ അച്ഛനും അമ്മയ്ക്കുമില്ലാത്ത പേടി ആയിരുന്നു എനിക്ക്. കാരണം അവൾ നടക്കുന്ന വഴിയിടങ്ങളിൽ അവളിലേക്ക്‌ കണ്ണുനട്ട് നടക്കുന്ന ചെന്നായ്ക്കളെ എനിക്ക് കാണാമായിരുന്നു
ചെന്നൈ ഐ ഐ ടി യിൽ അഡ്മിഷൻ കിട്ടിയിട്ടും ഞാൻ എന്റെ ഗ്രാമത്തിൽ കോളേജിൽ തനനെയാണ് ചേർന്നത് .എന്റെ നോട്ടം കിട്ടാതെ വരുമ്പോൾ അവൾക്കെന്തെങ്കിലുആയിപ്പോകുമോ എന്ന് ഞാൻ ഭയന്നു
.മൊബൈലിന്റ രൂപത്തിലാണ് ആദ്യ ശത്രു ഞങ്ങൾക്കിടയിലേക്കു വരുന്നത് .അവളുടെ മൊബൈലിന്റെ പാസ്സ്‌വേർഡ് എനിക്ക് അജ്ഞാതമായി .എന്നറിഞ്ഞപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു അവൾ തിരിച്ചും
അച്ഛനും അമ്മയും അവൾക്കൊപ്പമായിരുന്നു ഞാൻ ഒറ്റപ്പെട്ടു .നെഞ്ചിൽ ഒരു അഗ്നികുണ്ഡവും പേറി ഞാൻ കഴിച്ചു കൂടിയ ദിനരാത്രങ്ങൾ .
അവളെന്നെ വല്ലാതെ അവഗണിച്ചു കളഞ്ഞു. ഇന്നലെ കണ്ട ഒരാൾക്ക് ഹൃദയം കൊടുക്കുമ്പോൾ പെണ്കുട്ടികളെങ്ങനെ ഇത്ര ക്രൂരമായി പെരുമാറുന്നത് ? ബാക്കിയാരും അവരുടെ ചിന്താമണ്ഡലത്തിലേക്കു കടന്നു വരാതിരിക്കുന്നതെങ്ങനെ ? കൈ പിടിച്ചു നടത്തിയ ഏട്ടനും ജന്മവും സ്നേഹവും കൊടുത്ത അച്ഛനമ്മമാരും അവർക്കുഒറ്റ ദിവസം കൊണ്ട് ശത്രുക്കൾ ആവുന്നു .
"എന്റെ ഇഷ്ടമാണ് 'എന്നുറക്കെ പറയാൻ തക്കവണ്ണം അവളെ ചൊല്ലിപ്പടിപ്പിച്ചവരെ ,നിവർന്നു നില്ക്കാൻ പ്രാപ്തരാക്കിയവവരെ ,തള്ളിക്കളഞ്ഞു അന്യപുരുഷന്റെ മാറിലേക്ക് അണയാൻ തക്കവണ്ണംഅത്ര ഉദാത്തം ആണ് പ്രണയം എന്ന് ഏതു മഹാക വി പറഞ്ഞാലും ഞാൻ അതിനെ പുച്ഛിച്ചു തള്ളും. കാരണം പ്രണയമല്ല ഏറ്റവും വലിയ വികാരം .
രക്തം രക്തത്തെ സ്നേഹിക്കുന്നതിനേക്കാൾ ,കൂടെ പിറപ്പിന്റെ കണ്ണീരിനേക്കാൾ , പെറ്റമ്മയുടെ പിടച്ചിലിനേക്കാൾ ,അച്ഛന്റെ ഹൃദയത്തുടിപ്പിനെക്കാൾ വലുതല്ല പ്രണയം എന്ന മഹാവികാരം .
എന്റെ അനിയത്തിയെ സ്നേഹിച്ചവൻ അവൾക്കു കാൻസർ ആണെന് അറിഞ്ഞ ആ നിമിഷം അവളെ ഉപേക്ഷിച്ചു പോയി . ഇണയെ നഷ്ടമാകുമ്പോളുള്ള പക്ഷികുഞ്ഞിന്റെ പിടച്ചിൽ ഞാൻ നേരിട്ട് കണ്ടു. എന്റെ അനിയത്തി വാവിട്ടു കരഞ്ഞ ദിവസം.
എല്ലാം തകർന്നു അവളെന്റെ കാലിൽ വീണു കരഞ്ഞ ദിനം ,അവളെയും നെഞ്ചിലടുക്കി ഞാൻ സകലദൈവങ്ങളോടും കെഞ്ചിയത് അവനെ അവൾക്കു തിരികെ കൊടുക്കാനല്ല മറിച്ചു അവളടെ ജീവൻ തിരികെ തരണേ എന്നായിരുന്നു
ആശുപത്രികളിൽ നിന്ന് ആശുപത്രീകളിലേക്കു അവളെയും ചേർത്ത് പിടിച്ചു യാത്ര ചെയുമ്പോൾ എനിക്കൊട്ടും മടുപ്പു തോന്നിയിരുന്നില്ല.കീമോ തെറാപ്പി കഴിഞ്ഞു കരുവാളിച്ച മുഖവും മുടിയില്ലാത്ത ശിരസ്സ്സുമായി അവൾ മുന്നിൽ വന്നു ചിരിച്ചപ്പോൾ ഹൃദയം പൊട്ടുന്ന വേദന ഞാൻ അറിഞ്ഞു.
'എന്റെ ഏട്ടനെ വേദനിപ്പിച്ചതിന്റെ ശിക്ഷയാ എന്ന് അവൾ എന്റെ മടിയിൽ കിടന്നു പറഞ്ഞപ്പോൾ ഒന്ന് പൊട്ടിക്കരയാൻ കഴിയുന്നില്ലല്ലോ എന്നാണ് ഞാൻ ഓർത്തത്
അവളുടെ സ്ഥിതി മോശമായി കൊണ്ടിരുന്നു
"അവളീ രാത്രി താണ്ടില്ല" എന്ന് ഡോക്ടർ പറഞ്ഞ രാത്രി ഞാൻ എന്റെ വീട്ടിലെ പൂജമുറിയിൽ ദൈവങ്ങളുടെ മുന്നിൽ ഒരു കുപ്പി വിഷം കൊണ്ട് വെച്ച് കമിഴ്ന്നു കിടന്നു .എന്നും പൂവും എണ്ണയും നെയും മാത്രം പോരല്ലോ ?ഞാൻ അവരോടു ചോദിച്ചു .ആ വാർത്ത വരുന്ന നിമിഷം ഞാനിതു കഴിക്കും ദൈവത്തോട് ഞാൻ പറഞ്ഞു .
"എന്റെ വിധി മാറ്റിയെഴുതുക നിങ്ങള്ക്ക് ശക്തി ഉണ്ടെങ്കിൽ !
തെറ്റായിരുന്നോ അത് ? അറിയില്ല .അല്ലെങ്കിൽ തന്നെ തെറ്റും ശരിയുമൊക്കെ അപേക്ഷികമല്ലേ ?നേരം പുലർന്നു .എനിക്കതു കഴിക്കേണ്ടി വന്നില്ല .അവളെയെനിക്ക് തിരിച്ചു തന്നത് ഏതു ദൈവം ആണെങ്കിലും എന്റെ അച്ഛനുമമ്മയ്ക്കും രണ്ടു മക്കളെയുമാണ് തിരികെ കൊടുത്തത്.ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് എനിക്ക് അറിയാം. പക്ഷെ ആത്മാവ് പൊള്ളിപ്പോകുന്ന ഒരാൾ മാത്രമേ അത് ചെയ്യുകയുള്ളൂ .അത്ര മേൽ തീക്ഷണമായ ഒരു അനുഭവം ഉണ്ടെങ്കിലേ അത് മനസ്സിൽ ആകുകയുള്ളു .
ഇന്ന് ഞങ്ങൾ ഒരു യാത്രയിലാണ് .ഒരു തീർത്ഥാടനം ,ഒരു പാട് വഴിപാടുകൾ ,അതിലും പ്രധാനം എന്റെ അനിയത്തിയുടെ ഒരാഗ്രഹമാണ് .അവൾക്കു താജ്മഹൽ കാണണം ,ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ അവൾ പേറുന്നുണ്ട് .ഇടയ്ക്കൊക്കെ ആ കണ്ണിൽ വേദനയുടെ മിന്നലാട്ടങ്ങൾ ഉണ്ട് സാരമില്ല.
കാലം മായ്ക്കാത്തതൊന്നുമില്ല .ഒരു യാത്രയ്ക്ക് ശുദ്ധീകരിക്കാൻ കഴിയാത്ത ഓർമകളുമില്ല .
അവൾക്കായി ഒരു രാജകുമാരൻ ഉണ്ടെൻറെ മനസ്സിൽ അവനെ ഞാൻ കണ്ടെത്തുക തന്നെ ചെയ്യും.

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo