വിദ്യാരംഭം കരിഷ്യാമി..

വിദ്യാരംഭം കരിഷ്യാമി..
''മൂടട്ടെ വാത്മീകങ്ങളെന്റെ പ്രജ്ഞയെ
കൊടി,യുയര്‍ത്തി പറക്കുന്ന ഞാനെന്ന ഭാവത്തിനെ.
ചിതലരിച്ചീടട്ടെ,യെന്റെയീ ജ്ഞാനത്തിന്റെ 
കുപ്പായം ധരിക്കുന്ന സ്വത്വവും മണ്ണാവട്ടെ.
പൂക്കളും പുലരിയും പുഴയും പൂന്തേനിന്റെ
മാധുരി നുകരും ചിത്രശലഭങ്ങളും ചൊല്ലും
അറിവിന്‍ സുഗന്ധിയാ,മക്ഷരങ്ങളെന്‍ നാവില്‍
കുറിക്കൂ വിദ്യാരംഭ വേളയില്‍ പ്രിയ ഗുരോ.
പൂവിനെ,പുലരിയെ, പുഴയെ പ്രേമിക്കുന്ന
നവജീവനെന്നുള്ളില്‍ കിളിര്‍ത്തു തഴയ്ക്കുന്നാള്‍
വിരിയും വിരിയാത്ത പൂക്കളും പുലരിയു -
മൊഴുകും വറ്റിപ്പോയ പുഴയും കുളിര്‍കാറ്റും.''

Paduthol

പുസ്തകം ഒന്ന് വിശ്രമിക്കട്ടെ !!


പുസ്തകം ഒന്ന് വിശ്രമിക്കട്ടെ !!
ദിവസവും രാപ്പകലില്ലാതെ പഠിച്ചു മലമറിക്കുന്ന എന്റെ മകനു വിശ്രമിക്കാൻ 2 ദിവസം അതായിരുന്നു ബുക്ക് പൂജക്ക്‌ വയ്ക്കുന്ന ദിവസത്തെപ്പറ്റി എന്റെ അമ്മയുടെ കാഴ്ചപാട് .
എന്നാൽ സത്യാവസ്ഥ അറിയുന്ന എന്റെ ബുക്കുകൾ എന്നെ ദയനീയമായി നോക്കും . എന്റെ സാമീപ്യം അന്നവർ ആഗ്രഹിച്ചിട്ടുണ്ടാവാം , കഷ്ടം അവരുടെ യഥാർത്ഥ സ്നേഹം മനസിലാക്കാതെ അന്ന് ബാലരമയും കളിക്കുടുക്കയും വായിച്ചു നടന്ന എന്നെ അവർ കൈവെടിഞ്ഞില്ല . പരീക്ഷയുടെ തലേദിവസം അവരുടെ അടുത്തുതന്നെ എത്തും എന്ന് നന്നായി അറിയുന്നതുകൊണ്ടാവാം അവർ എനിക്ക് വേണ്ടി കാത്തിരുന്നത് .
വർഷത്തിൽ 2 ദിവസം ബുക്ക് പൂജക്ക് വച്ച് കഴിഞ്ഞാൽ പിന്നെ മനസ്സിൽ പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുകയായി .
ബുക്ക് എടുത്തു കഴിഞ്ഞ അന്നുമുതൽ രാവിലെ എഴുന്നേൽക്കണം , നന്നായി പഠിക്കണം കുറെ വായിക്കണം .
ആഹാ ആലോചിക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം .
ഇപ്പൊത്തന്നെ പഠിക്കാൻ കൊതിയാവുന്നു , എന്തുചെയ്യാനാ ബുക്ക് പൂജക്ക് വച്ചുപോയില്ലെ .
അങ്ങനെ ബുക്ക് പൂജക്ക് വച്ച ദിവസം ഞങ്ങൾ ഒരു ആഘോഷമാക്കിമാറ്റി . പാടത്തു ക്രിക്കറ്റ് കളിക്കുന്നതിനിടെ കൂട്ടുകാരൻ പറഞ്ഞു ഡാ ഇന്ന് നമുക്ക് കുറേനേരം കളിക്കാം ഇന്ന് പഠിക്കാൻ പറ്റില്ലല്ലോ .
എനിക്ക് ചിരി വന്നു പണ്ട് മഴയത് മലയാളം ടെക്സ്റ്റ് ബുക്ക് കീറി വഞ്ചി ഉണ്ടാക്കി കളിച്ചവനാ ഇത് പറയുന്നെ.
അങ്ങനെ ബുക്ക് എടുക്കുന്ന ദിവസം നമ്മുടെ വഞ്ചി സ്പെഷ്യലിസ്റ് വന്നിട്ട് പറഞ്ഞു , എന്ത് പെട്ടെന്നാ ദിവസങ്ങൾ പോകുന്നെ .. ഇനി മുതൽ നമുക്ക് നന്നാവാം എന്നും പഠിക്കാം എന്താ നിന്റെ അഭിപ്രായം ?
ബുക്ക് എടുക്കാൻ വന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ നോക്കി ഞാൻ പറഞ്ഞു അതിനു ഞാൻ എപ്പോഴേ നന്നായി നീ വേണമെങ്കിൽ നന്നായിക്കോ !!
ബുക്ക് എടുത്തു കഴിഞ്ഞാൽ അമ്പലത്തിൽ വച്ചിട്ടുള്ള അരിയിലോ മണ്ണിലോ ഹരിശ്രീ എഴുതുന്ന ചടങ്ങുണ്ട് . ഞാനും കൂട്ടുകാരനും എഴുതാൻ ഇരുന്നു . ഞാൻ മണ്ണിൽ എഴുതി അവൻ ആ പെൺകുട്ടിയുടെ മുന്നിൽ ഒന്ന് ആളാവാൻ വേണ്ടി അരിയിൽ എഴുതാൻ പോയ്‌.
ഹരിശ്രീ ഗണപത വരെ അവൻ എഴുതി . ബാക്കി എഴുതാൻ അവനുണ്ടോ അറിയുന്നു , അല്ല ഇതൊക്കെ അന്ന് മലയാളം ടെക്സ്റ്റ് ബുക്കിന്റെ ഇതളുകൾ വഞ്ചി ആക്കുമ്പോൾ ആലോചിക്കണം !!
അങ്ങനെ ഞാൻ അവനു പറഞ്ഞു കൊടുത്തതുപോലെ അവൻ എഴുതി .ഇതുകണ്ടുനിക്കുന്ന ആ പെൺകുട്ടി ഒന്ന് ചിരിച്ചു . ഒരു ആറാം ക്ലാസ്സുകാരന് ആ ചിരി വലിയ സംഭവം തന്നെ ആയിരുന്നു . ബസ്സിൽ ഇരുന്നു കുറെ കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു . ഇനി ഇങ്ങനെ നടന്നാൽ മതിയാവില്ല ഇപ്പൊ ബുക്കും കിട്ടി ഇനി നന്നായി പഠിച്ചു തുടങ്ങാം മുൻപിലെ ബഞ്ചിൽ ഇരുന്നു നമ്മളെ കളിയാക്കുന്ന ബുജികൾ ഒന്ന് ഞെട്ടണം . ഈ തീരുമാനങ്ങൾക്കൊക്കെ കാരണം ആ കുട്ടിയുടെ ചിരിയായിരുന്നു . വാട്സ് ആപ്പ് സ്റ്റാറ്റസ് പോലെ നമ്മുടെ മനസ്സിനും ഒരു സ്റ്റാറ്റസ് ഉണ്ട് , ചില ചിരികൾ അത് സ്ക്രീൻ ഷോട്ട് എടുത്ത് അപ്ഡേറ്റ് ചെയ്യും അതിനും 24 മണിക്കൂർ ആയുസ്സുണ്ടാവുകയുള്ളു !
അങ്ങനെ ഞാൻ വീട്ടിൽ എത്തി , 'അമ്മ സന്തോഷത്തോടെ വാതിൽ തുറന്നു , വേഗം സരസ്വതി കീർത്തനം ചൊല്ലിയിട്ട് ഇരുന്നു പഠിക്കു ബുക്ക് എടുത്താൽ കുറേനേരം പാടികണമെന്നാ .
ഒരുനിമിഷം ആലോചിച്ച് ഉറപ്പുവരുത്തി ആ വലിയ സത്യം ഞാൻ അമ്മയോട് പറഞ്ഞു .
അമ്മക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത് , ബുക്ക് ബസ്സിൽ വച്ച് മറന്നു പോയ് !!!
അന്നാണ് 'അമ്മ ആദ്യമായ് എന്നെ ഓടിച്ചിട്ട് തല്ലിയത് !!.
അതുകൊണ്ടാവാം പിന്നീടങ്ങോട്ട് ബുക്കിനെ ഞാൻ ശല്യപെടുത്താറില്ല പുസ്തകം അതൊന്ന് വിശ്രമിക്കട്ടെ !!!

Vipin Venu

തിരകൾക്കെതിരെ നീന്തിയവർ..

തിരകൾക്കെതിരെ നീന്തിയവർ..
***********************************
"ഹരിയേട്ടാ!!
"ഊം "
"നമുക്ക് നാല് കുട്ടികൾ വേണം".
"നീ റെഡിയാണെകിൽ നാലല്ല.. എട്ടോ, പത്തോ.. എത്രക്കും ഞാൻ റെഡി".
"ചുമ്മാ പിള്ളേരെ പ്രസവിച്ചു കൂട്ടിയിട്ട് കാര്യമുണ്ടോ ഹരിയേട്ടാ. ?അവരെ നന്നായി വളർത്തണ്ടേ. ?നല്ല പോലെ പഠിപ്പിക്കണം. പെൺകുട്ടികളാണെങ്കിൽ നല്ല രീതിയിൽ കെട്ടിച്ചു വിടണം.
"ഞാൻ കൈക്കൂലി മേടിക്കാടീ. അപ്പൊ നമ്മുടെ കയ്യിൽ ഇഷ്ട്ടം പോലെ കാശ് കാണും. "
"ഹും. കൈക്കൂലി മേടിച്ച കാശ് എനിക്കും, എന്റെ പിള്ളേർക്കും വേണ്ട !ഹരിയേട്ടൻ പോലീസും, ഞാൻ ഒരു ടീച്ചറും അല്ലേ. നാലുപിള്ളേർക്കും നമ്മൾക്കും സുഖമായി കഴിയാൻ സർക്കാർ തരുന്ന ശമ്പളം മതി. പിന്നെ അവർക്കുവേണ്ടി ഒന്നും സമ്പാദിച്ചു കൂട്ടണ്ട. അവർ അലസരായി പോയാലോ. ?സ്വയം അധ്വാനിച്ചു ജീവിക്കണം. എങ്കിലേ നമ്മുടെ കുട്ടികൾ നല്ലവരായി ജീവിക്കൂ".
"ഓ!ടീച്ചർ പറയുന്നപോലെ. "
"അങ്ങനെ വഴിക്ക് വാ. പോലീസ് ഒക്കെ അങ്ങ് സ്റ്റേഷനിൽ. "
"ഈ അമ്മയുടെ പ്ലാൻ ഒക്കെ കേൾക്കുന്നുണ്ടോ എന്റെ കുട്ടി. "
ഹരി കീർത്തിയുടെ നിറവയറിൽ മുഖമമർത്തി പതിയെ ചോദിച്ചു.
അത് കണ്ട് മനസ്സ് നിറഞ്ഞ പുഞ്ചിരിയാൽ വിടർന്ന കീർത്തിയുടെ മൂർദ്ധാവിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് ഹരി പറഞ്ഞു.
"സമയം ഒത്തിരി ആയി. ഞാൻ പോയിട്ട് വരാം മോളു. "
ഹരി അരികിൽ നിന്നും മാറുന്നത് ഇഷ്ടമില്ലാതിരുന്നിട്ടും അവൾ തലയാട്ടി.
ഹരിയുടെയും, കീർത്തിയുടെയും സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചുകൊണ്ടു ആദിൽ അവർക്കിടയിലേക്ക് വന്നു. കുഞ്ഞുണ്ടായിട്ട് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അവർക്ക് മനസ്സിലായി ആദിൽ സാധാരണ കുട്ടികളെപ്പോലെ അല്ല. എപ്പോഴും ശാന്ത സ്വഭാവം. ഒന്ന് ചിരിക്കുന്നില്ല, കരയുന്നില്ല. തങ്ങളുടെ കൊഞ്ചിക്കലുകൾക്കും, ലാളനകൾക്കും ഒന്നും പ്രതികരിക്കുന്നില്ല. ടീവീ വെച്ചുകൊടുക്കുമ്പോൾ മാത്രമാണ് ഒരു ആശ്വാസഭാവം ആ മുഖത്തു കാണുന്നത്. ടീവി നിർത്തിയാൽ ആദിൽ വളരെയധികം അസ്വസ്ഥനാവുന്നു.പല ഡോക്ടർമാരെയും കാണിച്ചു. എന്താണ് ആദിൽ ഇങ്ങനെയെന്നുള്ള ഹരിയുടെയും, കീർത്തിയുടെയും ആശങ്കകൾക്കൊന്നും വ്യക്തമായ ഒരുത്തരം കൊടുക്കാൻ ഒരു ഡോക്ടർക്കും കഴിഞ്ഞില്ല.
നെഞ്ചിൽ നെരിപ്പോടുമായി നാല് വർഷങ്ങൾ കഴിഞ്ഞു. ഹരിയുടെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചു മെഡിക്കൽ കോളേജിൽ പുതുതായി വന്ന ഡോക്ടറെ കണ്ടിട്ട് തിരിച്ചു പോകുവായിരുന്നു അവർ.
ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ റോഡിൽ കാണുന്നത് ഒന്നും വ്യക്തമാകുന്നില്ലന്നു ഹരിക്കു തോന്നി. നിറഞ്ഞു തൂവാറായ കണ്ണുനീർത്തുള്ളികൾ അവൻ സൈഡിലേക്ക് മുഖം തിരിച്ചു തുടച്ചു. പുറത്തേ കാഴ്ചകൾക്ക് ഒരു തെളിച്ചം വന്നിരിക്കുന്നു.അവൻ അടുത്തിരിക്കുന്ന ഭാര്യ കീർത്തിയെ ഒന്ന് പാളി നോക്കി. മകൻ ആദിലിനെ വെളിയിലുള്ള ഓരോന്നും കാണിച്ചുകൊടുക്കുമ്പോൾ അവൻ എന്തെങ്കിലും ചോദിക്കുമെന്നോ, ഒന്ന് ചിരിക്കുവെങ്കിലും ചെയ്യുമെന്നോ ഉള്ള പ്രതീക്ഷയിലാണ് അവൾ. ഹരിക്ക് വീണ്ടും കാഴ്ച്ചകൾ മങ്ങുന്നതുപോലെ തോന്നി.
ഡോക്ടർ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.വളരെ അപൂർവ്വമായി മാത്രം ചില കുട്ടികളിൽ കണ്ടുവരുന്ന ഒരു രോഗം.ഓട്ടിസത്തിന്റെ വേറൊരു അവസ്ഥ. ഓട്ടിസമുള്ള കുട്ടികൾക്ക് ബുദ്ധി കുറവാണെങ്കിൽ തങ്ങളുടെ മകന് ബുദ്ധി കൂടുതൽ ആണത്രേ. അതിനാലാണ് അവൻ ദേഷ്യം വരുമ്പോൾ സ്വയം വേദനിപ്പിക്കുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കാൻ അവൻ ഇഷ്ടപ്പെടുന്നില്ല. ആദിൽ അവന്റെ തന്നെ മുടി പിടിച്ചു വലിക്കുന്നതും, കയ്യിൽ കടിക്കുന്നതുമൊക്കെ ഹരിയുടെ മനസ്സിലേക്ക് വന്നു. നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്നതിൽ കൂടുതൽ വേഗത്തിൽ ചുറ്റും കാണുന്നതൊക്കെ അവരുടെ മനസ്സിൽ പതിയും. വളരെ അപൂർവ്വമായേ സംസാരിക്കൂ.എന്തിനോടെങ്കിലും ഒരു ഇഷ്ടക്കൂടുതൽ കാണും. അതെന്താണെന്നു മനസ്സിലാക്കണം. ആ സമയത്ത് കൂടുതൽ സംസാരിക്കും. ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ എങ്ങനെ കീർത്തിയോട് പറയുമെന്ന് ഓർത്തപ്പോൾ ഹരിയുടെ ഉള്ള് പിടഞ്ഞു.
വീട്ടിലേക്കു പോകുന്ന വഴിക്കാണ് ഹരിയുടെ പെങ്ങൾ അമ്പിളി താമസിക്കുന്നത്. പെങ്ങളെയും കുട്ടിയേയും കണ്ടിട്ട് പോകാനായി ഹരി വണ്ടി അങ്ങോട്ട്‌ കയറ്റി. വണ്ടി നിർത്തി ഹരി ഇറങ്ങുമ്പോൾ കാണുന്നത് ഓടിവരുന്ന പെങ്ങളുടെ കുട്ടി അഞ്ചുവയസ്സുള്ള നവീൻ. തൊട്ടുപിറകെ വടിയുമായി അമ്പിളി. ഹരിയെ കണ്ട ആശ്വാസത്തിൽ 'അമ്മാവാ ' എന്ന് വിളിച്ചുകൊണ്ടു നവീൻ ഹരിയുടെ കാലുകളിൽ ചുറ്റിപിടിച്ചു. ഹരി അവനേ കൈകളിൽ കോരിഎടുത്തു.
"അവനേ താഴെ നിർത്തിക്കേ ഹരിയേട്ടാ. ഇന്ന് രണ്ടെണ്ണം അവനിട്ടു കൊടുത്തിട്ടേ ഉള്ളൂ.ഇങ്ങോട്ടിറങ്ങടാ!!
"അമ്മാവാ!എന്നേ വിട്ടേക്കല്ലേ അമ്മ എന്നേ അടിക്കും".
"എന്തിനാടീ കൊച്ചിനെ തല്ലാൻ ഓടിച്ചത്?.
"എന്റെ ഹരിയേട്ടാ മടുത്തു ഞാൻ. എന്തൊരു കുസൃതി ആണെന്ന് അറിയുമോ ഈ ചെറുക്കന്. വീട് പെയിന്റ് അടിച്ചിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ഹാളിലെ ഭിത്തിയിൽ മൊത്തം പെൻസിൽ കൊണ്ട് പടം വരച്ചു വെച്ചേക്കുന്നു. ഇവന്റെ അച്ഛൻ വരുമ്പോൾ എന്നേ ശരിയാക്കും".
"നിനക്കും നിന്റെ കെട്ടിയോനും വിവരമില്ലാത്തതു ആരുടെ കുഴപ്പമാ".
"ഹരിയേട്ടന് അത് പറയാം. ഇവന്റെ അച്ഛന്റെ സ്വഭാവം ഹരിയേട്ടന് അറിയാവുന്നതല്ലേ?.ഒരു കണക്കിന് നിങ്ങൾക്ക് ഭാഗ്യമുണ്ട്. ആദിലിനേക്കൊണ്ട് ഒരു ശല്യവുമില്ലല്ലോ".
ഹരി അമ്പിളിയുടെ കയ്യിൽ നിന്നും വടി മേടിച്ച് ചെറുതായി ഒരെണ്ണം കൊടുത്തുകൊണ്ട് പറഞ്ഞു.
"ഇപ്പൊ നിനക്കിട്ടാ അടിയുടെ കുറവ്. എടീ പിള്ളാരായാൽ ഇങ്ങനെയാ. ആദിൽ ഇങ്ങനെയൊക്കെ ഒന്ന് കുസൃതി കാണിക്കാൻ ഞങ്ങൾ എത്ര കൊതിക്കുന്നുണ്ടന്നു നിനക്കറിയുമോ?അതറിയണമെങ്കിൽ അങ്ങനൊരവസ്ഥ വരണം. അടുക്കി വെച്ചിരിക്കുന്നതെല്ലാം എടുത്ത് വലിച്ചുവാരി ഇടാൻ, ഭിത്തി മുഴുവൻ കുത്തിവരക്കാൻ, ചോറ് കൊടുക്കുമ്പോൾ തട്ടിക്കളയാൻ, ഞങ്ങളുടെ കണ്ണുവെട്ടിച്ചു തല്ലുകൊള്ളിത്തരം കാണിക്കാൻ, നാട്ടുകാര് മൊത്തം കേൾക്കേ ഉച്ചത്തിൽ നിലവിളിക്കാൻ..അവന് കഴിഞ്ഞിരുന്നെങ്കിൽ. നവീന് ഒരു ചെറിയ ജലദോഷം വന്നു അവൻ ഒരു ദിവസം അടങ്ങിക്കിടന്നാൽ നിനക്ക് മനസ്സിലാകും ഉറങ്ങിപ്പോകുന്ന വീടിന്റെ അവസ്ഥ. വർഷങ്ങളായി ഞങ്ങൾ ഇത് അനുഭവിച്ചുകൊണ്ടിരിക്കുവാ. നല്ല മക്കളേ കിട്ടിയതിനു ഈശ്വരനോട് നന്ദി പറയാനുള്ളതിനു..
പൂർത്തിയാക്കാതെ ഹരി നിർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
അന്ന് വൈകിട്ട് ആദിലിനെ ഉറക്കിയിട്ട് ഉറക്കമില്ലാതെ ഹരിയും, കീർത്തിയും തുറന്നിട്ട ജനാലയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്നു. എന്നും അത് പതിവാണ്. ഈ കിടപ്പിൽ അവർ മനസ്സു തുറന്ന് സംസാരിക്കും. ഉള്ളിലുള്ള വിഷമങ്ങളെല്ലാം തുറന്ന് പറഞ്ഞ് പരസ്പരം ആശ്വസിപ്പിക്കും.
"ഹരിയേട്ടാ!.ഞാൻ ഒരു കാര്യം പറയട്ടെ. ?
"എന്താടീ ?.
"നമ്മുക്ക് ഇനി കുഞ്ഞുങ്ങൾ വേണ്ട. ആദിൽ മാത്രം മതി. ഇനി ഒരു കുഞ്ഞുണ്ടായാൽ ഇവനോടുള്ള ഇഷ്ടത്തിന് എന്തേലും കുറവുണ്ടായാലോ?.
ഹരി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. കണ്ണുനീർത്തുള്ളികൾ കൺപീലികളെ തട്ടിമാറ്റി കവിളിലൂടെ ഒലിച്ചിറങ്ങി. ഹരി അവളെ മാറിലേക്ക് ചായ്ച്ചു. മനസ്സിന്റെയും, ഹൃദയത്തിന്റെയും ഉള്ളിൽ കനലെരിയുന്നത് രണ്ടുപേർക്കും അറിയാമായിരുന്നു.
ഒരു ദിവസം ആദിലിനെ സ്കൂളിൽ കൊണ്ടുപോയി നോക്കി. അവൻ അവിടെ നിന്നില്ല. ക്ലാസ്സിൽ നിന്നും ഇറങ്ങി വന്ന ആദിൽ ഹരിയോടും, കീർത്തിയോടും പറഞ്ഞു.
"എനിക്ക് വീട്ടിൽ പോകണം ".
അവർ ഒന്നും പറഞ്ഞില്ല. അവനെയുമായി വീട്ടിലേക്കു പോയി. കീർത്തി സ്കൂളിൽ ദീർഘകാല അവധിക്കു എഴുതിക്കൊടുത്തു.
സ്കൂളിൽ പോകാൻ കൂട്ടാക്കാത്ത ആദിലിനെ എങ്ങനെ പഠിപ്പിക്കാമെന്ന ചിന്ത ആയിരുന്നു ആ ദിവസങ്ങളിലൊക്ക ഹരിക്കും, കീർത്തിക്കും.
ഒരു ദിവസം അടുക്കളയിൽ ചായ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഹാളിൽ നിന്നും ആദിലിന്റെ സംസാരം കേട്ടത്. അവൾ ഓടി വന്ന് ഭിത്തിയുടെ മറവിൽ നിന്ന് എത്തി നോക്കി. അതേ അവൻ സംസാരിക്കുന്നു!!!. തനിക്ക് മനസ്സിലാകാത്ത പല ഭാഷകളിൽക്കൂടി. ഇംഗ്ലീഷും, ഹിന്ദിയും അവൾക്ക് മനസ്സിലായി. പിന്നെയും വേറെ ഏതൊക്കെയോ ഭാഷകൾ. ടീവി യിൽ ചാനൽ മാറ്റുന്നതിനനുസരിച്ചു ആ ഭാഷകളിൽ ആദിൽ സംസാരിക്കുന്നു. അവൾക്കു ഉറക്കെ കരയാൻ തോന്നി. ഇത് കേൾക്കാൻ ഹരിയേട്ടൻ ഇവിടെ ഇല്ലല്ലോ എന്നതാണ് അവളെ ഏറെ വിഷമിപ്പിച്ചത്. ആദിൽ കാണാതെ അവൾ അവിടെ നിന്ന് കരഞ്ഞു. ഉള്ളിലുള്ള ഒത്തിരി ഭാരങ്ങൾ അപ്പോൾ അവളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീരിൽ ഇല്ലാതായി.
കീർത്തി വിളിച്ചുപറഞ്ഞപ്പോഴേ ഹരി വീട്ടിൽ ഓടിയെത്തി. പക്ഷേ പിന്നീട് ആദിൽ ഒന്നും സംസാരിച്ചില്ല. ഒരു പ്രത്യേക ഊർജ്ജമാണ് അന്ന് മുതൽ ഹരിക്കും, കീർത്തിക്കും ലഭിച്ചത്. അവനുണ്ടാകുന്ന ഓരോ മാറ്റങ്ങളും അവർ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. മലയാള, ഇംഗ്ലീഷ് അക്ഷരങ്ങൾ ടീവിയിൽ കൂടെ കാണിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ഓരോന്നും അവൻ മനഃപാഠമാക്കി. പിന്നെ കാണിക്കുമ്പോൾ എല്ലാം പറയാൻ തുടങ്ങി. കീർത്തി വീണ്ടും ടീച്ചറായി. വീട്ടിലെ ഒരു മുറി ക്ലാസ്സ്‌ റൂം ആക്കി. പഠിപ്പിക്കുന്നത് എല്ലാം വിഡിയോയിൽ ആക്കി ടീവിയിൽ ഇട്ടു കാണിച്ചു.
ഒന്ന് കണ്ടാലോ, കേട്ടാലോ എല്ലാം ആദിലിന്റെ മനസ്സിൽ പതിയുമായിരുന്നു.
കുറേ ദിവസങ്ങൾക്കു ശേഷം ടീവിയിൽ ചെസ്സ് കോമ്പറ്റിഷൻ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് ആദിൽ വീണ്ടും സംസാരിച്ചത്. എതിരാളിയുടെ കരുക്കൾ എങ്ങനെ നീക്കണമെന്ന് ആദിൽ പറയുന്നതുകേട്ടു ഹരിയും, കീർത്തിയും അത്ഭുതത്തോടെ നോക്കി നിന്നു.
പിറ്റേദിവസം ഹരി ഒരു ചെസ്സ്‌ബോർഡുമായാണ് വീട്ടിൽ വന്നത്. അത് കണ്ട് ആദ്യമായി ആദിലിന്റെ മുഖത്തു ചിരി വിടർന്നു. പിന്നീട് നടന്നതൊക്കെ വീണ്ടും അവരെ അമ്പരപ്പിക്കുന്നതായിരുന്നു. എല്ലാം അറിയാവുന്ന ഒരു കളിക്കാരനെപ്പോലെ രണ്ടു സൈഡിൽ നിന്നും ആദിൽ കരുക്കൾ നീക്കി. അവസാനം രണ്ടുപേരും തോറ്റു പിന്മാറി. ആദിലിന്റെ കഴിവുകൾ ഹരിയും, കീർത്തിയും തിരിച്ചറിയുവായിരുന്നു.
ആദിലിന് ചെസ്സിൽ കൂടുതൽ പരിശീലനം കൊടുക്കാനായി ഹരി പലരെയും സമീപിച്ചു.അവിടെയൊക്കെ ബുദ്ധിയില്ലാത്തവൻ എന്ന് പറഞ്ഞ് എല്ലാവരും ആദിലിനെ കളിയാക്കുന്നത് കണ്ടപ്പോൾ ഹരിക്ക് സഹിച്ചില്ല.വീട്ടിൽ നിന്നും മകനെയും കൊണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് ഹരിക്കും കീർത്തിക്കും മനസ്സിൽ ഒത്തിരി മുറിവേറ്റത്.ഒത്തിരി മുഖങ്ങളിൽ പരിഹാസവും, അവജ്ഞയും.ചില മുഖങ്ങളിൽ ഭയങ്കരമായ സഹതാപം. കുറവുകൾ ഉള്ളവരോടുള്ള സമൂഹത്തിന്റെ അവഗണന നേരിട്ടപ്പോൾ ആ അച്ഛനും, അമ്മയും ഉരുകുവായിരുന്നു. നിനക്ക് ഞാനുണ്ടന്നു പറഞ്ഞ് ഹരി പലപ്പോഴും മകനെ ചേർത്തുപിടിച്ചു നടന്നു.
ഒരാളെ കളിയാക്കി ചിരിക്കുമ്പോൾ,അവന്റെ ഹൃദയത്തിൽ ഒരു മൂർച്ചയുള്ള കത്തി കുത്തി ഇറക്കുന്നതിനു തുല്യമാണെന്ന് ഈ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലന്നുള്ള സത്യം ഹരിയേ ഒത്തിരി വേദനിപ്പിച്ചു. പരിഹസിച്ചവരുടെയും, അധിക്ഷേപിച്ചവരുടെയും മുന്നിൽ ആദിലിന്റെ കഴിവ് തെളിയിക്കാൻ ഒരവസരം ഉണ്ടാകുമെന്ന് ഹരിയും, കീർത്തിയും വിശ്വസിച്ചു. ചെസ്സ് അക്കാദമികളിൽ ഹരി ആദിലിനുവേണ്ടി കയറി ഇറങ്ങി. അവർ പറയുമ്പോൾ ആദിൽ കളിക്കില്ലന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. അവന് തോന്നണം. അവന്റെ ഇഷ്ടത്തിനൊത്തു നിൽക്കാൻ അവരൊന്നും തയ്യാറല്ലായിരുന്നു. പക്ഷേ തോറ്റുപിന്മാറില്ലന്ന് ഹരി ഉറപ്പിച്ചിരുന്നു.
എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലാതിരുന്നപ്പോഴാണ് സ്റ്റേഷനിൽ വെച്ച് ഒരു ദിവസം ജോൺ സാർ മൊബൈലിൽ ഒരു വീഡിയോയുമായി ഹരിയുടെ അടുത്ത് വന്നത്.
"ഹരിസാറേ ! ഇതൊന്നു നോക്കിക്കേ ഏഷ്യ ചാനലിൽ അവർ നടത്തുന്ന പരിപാടിയാ. കഴിവുണ്ടായിട്ടും ആരാലും അറിയപ്പെടാതെ പോകുന്നവർക്ക്‌ അവർ അവസരം കൊടുക്കുന്നു. നമ്മുക്ക് ആദിലിനേ ഇതിൽ പങ്കെടുപ്പിക്കണം. "
പിറ്റേദിവസം തന്നെ ഹരിയും, ജോൺസാറും കൂടി ഷോയുടെ ഡയറക്ടറെ പോയി കണ്ടു.
-------------------------------------------------------------
ആറുമാസങ്ങൾക്ക് ശേഷം ഒരു നാൾ..
സമയം 6pm.
ഒരു വലിയ ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ ഇന്ന് ഒരു ലൈവ് ഷോ നടക്കുവാണ്. ഓഡിറ്റോറിയം മുഴുവൻ ജനങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവിടെയെല്ലാം പല ഭാവത്തിലുള്ള ആദിലിന്റെ ചിത്രങ്ങൾ. എല്ലാവരുടെയും സംസാരം ആദിലിനെക്കുറിച്ച് മാത്രം. ഈ ഓഡിറ്റോറിയത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ഈ സമയം ടീവിയുടെ മുൻപിലാണ്. പ്രത്യേകിച്ചും കേരളം. പലയിടത്തും കൂറ്റൻ സ്ക്രീനുകൾ ഒരുക്കിയിരിക്കുന്നു.
ഇന്ന് ആദിൽ മത്സരത്തിൽ ജയിക്കുമോ ?.അവന്റെ മൂഡ് എങ്ങനെ ആയിരിക്കും ?.അതോ ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ്സ് മാസ്റ്റേറ്റോടു ആദിൽ തോക്കുമോ?. ജനങ്ങളെല്ലാം അവനെക്കുറിച്ചു സംസാരിക്കുന്നു.കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ചെസ്സ് കോമ്പറ്റീഷന്റെ ഫൈനൽ ആണ് ഇന്ന് നടക്കുന്നത്. മൂന്ന് മാസത്തിൽ വന്നവരെല്ലാം ആദിലിന്റെ മുൻപിൽ തോറ്റു മടങ്ങി. ഇനി ഒരാൾ മാത്രം. ഇപ്പോൾ ലോക ഒന്നാം നമ്പർ താരം ഇന്ത്യയുടെ മാസ്റ്റർ അഖിലേഷ്. ഈ മത്സരത്തെ ഇത്രമാത്രം എല്ലാവരും ഉറ്റുനോക്കുന്നത് ആദിൽ ആരാണെന്ന് ഇന്ന് ഓരോ കുഞ്ഞിനും അറിയാം. പത്ര മാധ്യമങ്ങളൊക്കെ ആദിലിനെ കുറിച്ചെഴുതാൻ പേജുകൾ മാറ്റിവെച്ചു.
സ്കൂളിൽ പോയിട്ടില്ലാത്ത ആദിൽ. പക്ഷേ അവന്റേതായ സമയത്ത് ഏതു ചോദ്യത്തിനും ഉത്തരം റെഡി. അനായാസമായി സംസാരിക്കുന്നത് എട്ട് ഭാഷകൾ. ചെസ്സ് കളിക്കാൻ പഠിച്ചത് ടീവിയിൽ മറ്റുള്ളവർ കളിക്കുന്നത് കണ്ട്. ചെസ്സിൽ ആകെയുള്ള പരിചയം ഒരു വർഷം മാത്രം. എതിരാളി മാസ്റ്റർ അഖിലേഷിന് ഇരുപത് വർഷത്തെ അനുഭവജ്ഞാനം. ആദിലിനു വയസ്സ് ഏഴ്. അഖിലേഴിനു ഇരുപത്തിയേഴ്. ആദിൽ ഹീറോ ആയതിൽ അതിശയമുണ്ടോ.. ?
----------------------------------------------------------
ഒരു വർഷത്തിന് ശേഷം..
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേയിൽ കൂടി നീങ്ങി തുടങ്ങിയ ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവെയിസിന്റെ പതിനാലാം നമ്പർ സീറ്റിലിരുന്ന് ആദിൽ ഇടതു സൈഡിലിരുന്ന ഹരിയോട് പറഞ്ഞു.
You are A Great Father.
ഹരിയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ താഴേക്കു വീഴാൻ തുടങ്ങിയത് ആദിൽ കൈ ഉയർത്തി തുടച്ചു. ആദിൽ വലതു സൈഡിലേക്ക് തിരിഞ്ഞു നോക്കി. കീർത്തി എല്ലാം കണ്ട് മനസ്സും, കണ്ണും നിറഞ്ഞ് ഇരിക്കുന്നു. ആദിൽ കീർത്തിയുടെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
Iam a lucky son . Because you are my mother..
മാസ്റ്റർ അഖിലേഷിനെയും പരാജയപ്പെടുത്തിയ ആദിലിനേയും, മറ്റുള്ളവരുടെ പരിഹാസങ്ങൾക്കു മാത്രം പാത്രമായി ആരും അറിയപ്പെടാതെ വീട്ടിലെ ഒരു മുറിക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന മകനെ അതിന് വിട്ടുകൊടുക്കാതെ പടപൊരുതി ലോകം അറിയപ്പെടുന്നവനാക്കി മാറ്റിയ ഹരിയേയും, കീർത്തിയെയും വഹിച്ചുകൊണ്ട് വിമാനം റൺവേയിൽ നിന്നും കുതിച്ചുയർന്നു. ലണ്ടനിലേക്കുള്ള ഈ യാത്ര എന്തിനെന്നറിയുമോ.. ?ഈ വർഷത്തെ ലോക ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ.
ആദിൽ കണ്ണുകൾ ഇറുക്കി അടച്ചു. അവന്റെ മുന്നിൽ ഒരു വലിയ ചെസ്സ്‌ബോർഡ് ഉയർന്നു വന്നു. ഇരുസൈഡിലും യുദ്ധസജ്ജരായ പടയാളികൾ. യുദ്ധകാഹളം മുഴങ്ങാനായി അവർ കാത്തു നിന്നു.
By... ബിൻസ് തോമസ്..

തനിയെ ഒരു നക്ഷത്രമത്സ്യം

തനിയെ ഒരു നക്ഷത്രമത്സ്യം
***********************************
കാറ്റാടി മരങ്ങള്‍ മാത്രം നിറഞ്ഞ മലഞ്ചെരിവിലൂടെ ,വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാതയിലൂടെ ആ കാര്‍ ഒഴുകിയിറങ്ങി.മൈലുകള്‍ വിജനമായ പാത .വെണ്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തു നിന്നു ഒരു നക്ഷത്രം ആ കാഴ്ച കാണുന്നത് എങ്ങനെ ആയിരിയ്ക്കും? അഗസ്റ്റിന്‍ ആലോചിച്ചു. ഒരു വിദ്യാര്‍ഥിയുടെ പെയിന്‍റ് പുസ്തകത്തിലെ,ഏറ്റവും ഒടുവിലെ ശൂന്യമായ താളില്‍ ,ഒരു മഷി തുള്ളി വീണു പടരുന്നത് പോലെയോ?
“സര്‍ എന്താണ് ആലോചിക്കുന്നത്?പോള്‍ മുതലാളിയെ കുറിച്ചാണോ ?”
ഡ്രൈവറുടെ ചോദ്യം അഗസ്തിനെ ഉണര്‍ത്തി.വീണ്ടും ചിന്താമണ്ഡലത്തില്‍ ജീവിതത്തിലെ പുതിയ സമസ്യ തെളിഞ്ഞു.അത്യന്തം വിചിത്രമായ സമസ്യ.
പോള്‍ മാത്യുവിന്റെ ബംഗ്ലാവിലേക്ക് തന്നെ നഗരത്തില്‍ നിന്നു കൂട്ടി കൊണ്ടുവന്നത് ഈ ഡ്രൈവര്‍ തന്നെയാണ്.ഇങ്ങോട്ട് വരുമ്പോള്‍ ഒന്നും സംസാരിക്കാതിരുന്ന അയാള്‍ ഇപ്പോള്‍ തിരിച്ചു പോകുമ്പോള്‍ ഒരു വല്ലാത്ത അടുപ്പം കാട്ടാന്‍ ശ്രമിക്കുന്നു.
രണ്ടു ദിവസം മുന്‍പ് അഗസ്റ്റിന്റെ ഒരു ചിത്ര പ്രദര്‍ശനം നഗര്‍ത്തിലെ ഡര്‍ബാര്‍ ഹാളില്‍ വച്ചു നടത്തിയിരുന്നു..അത്രക്ക് വലിയ പ്രശസ്തന്‍ ഒന്നുമല്ലാത്ത അയാളുടെ ,കടങ്ങള്‍ വീട്ടാനുള്ള അവസാന ശ്രമങ്ങളില്‍ ഒന്നായിരുന്നു ആ ചിത്ര പ്രദര്‍ശനം.കുറച്ചു ചിത്രങള്‍ വിറ്റു പോയി.രണ്ടു ദിവസത്തെ പ്രദര്‍ശനത്തിന്റെ ഒടുവില്‍ ,വൈകുന്നേരം ,ഡിസ്പ്ലേയില്‍ വച്ച ഒരു പെയിന്‍റിങിന് ഒരാള്‍ വില ചോദിച്ചു.
“അത് വില്‍ക്കാന്‍ ഉള്ളതല്ല.അത് കാണാന്‍ വച്ചിരിക്കുന്നതാണ്.”
“എല്ലാ വസ്തുക്കളും വില്‍പ്പനക്കുള്ളതാണ് മിസ്റ്റര്‍ അഗസ്റ്റിന്‍.നാം അറിയാതെ തന്നെ ഒരു വില എല്ലാ പ്രിയപ്പെട്ട വസ്തുക്കള്‍ക്കും ഇടും..”അജ്ഞാതന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
അഗസ്റ്റിന്‍ ഒന്നും പറഞ്ഞില്ല.
“എന്റെ പേര് പോള്‍ മാത്യൂ.നാളെ എന്റെ ഡ്രൈവര്‍ നിങ്ങളെ കാണാന്‍ വരും.നിങ്ങള്‍ക്ക് ഓഫര്‍ ഇഷ്ടപ്പെട്ടെങ്കില്‍ ചിത്രം കൊടുത്തു വിടുക.”
വികാരരഹിതമായ സ്ഫടിക മിഴികള്‍ കൊണ്ട് അയാള്‍ അഗസ്തിനെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.അയാളുടെ നോട്ടം തന്റെ മനസ്സിന്റെ ഏറ്റവും അടിത്തട്ടിലേക്ക് ചുഴിഞ്ഞു ചെല്ലുന്നത് പോലെ അഗസ്റ്റിന് തോന്നി.
അത് ഒരു നക്ഷത്ര മല്‍സ്യത്തിന്റെ ചിത്രമായിരുന്നു.നിലാവില്‍ തിളങ്ങുന്ന ഏതോ കടല്‍ പരപ്പില്‍,ശാന്തമായ ഓളങ്ങള്‍ക്ക് മുകളിലൂടെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്ര മല്‍സ്യം.ഒരു വര്‍ഷം മുന്‍പ് ഒരു ക്രിസ്തുമസ് രാത്രിയില്‍ , ഉറക്കത്തിനിടയില്‍ ഒരു സ്വപ്നത്തില്‍ പൊട്ടി വീണ ഒരു ചിത്രമായിരുന്നു അത്.സ്വപ്നത്തിലെ ആ ഇമേജ് വളരേ വ്യക്തയുള്ളതായിരുന്നു.അത് കൊണ്ട് തന്നെ ഞെട്ടി ഉണര്‍ന്നപ്പോള്‍ അയാള്‍ ചെയ്തത് ,വ്യക്ത നഷ്ടപ്പെടും മുന്‍പ് അത് കാന്‍വാസിലേക്ക് പകര്‍ത്തുക എന്നതായിരുന്നു.പുറത്തു നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു കിടന്ന ആ ക്രിസ്തുമസ് രാത്രിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോലും പോകാതെ ,സ്വപ്നത്തില്‍ കണ്ട ആ നക്ഷത്ര മല്‍സ്യത്തെ പെയിന്‍റ് ചെയ്തു കൊണ്ടിരുന്നത് ഇപ്പൊഴും അഗസ്റ്റിന് നല്ല ഓര്‍മ്മയുണ്ട്.
പിറ്റേന്ന് പോളിന്റെ ഡ്രൈവര്‍ വന്നു.ഡ്രൈവര്‍ ഫോണില്‍ മുതലാളിയോട് സംസാരിക്കുന്നതു അയാള്‍ കണ്ടു.വിചിത്രമായി തോന്നിയത്,മുതലാളിയുടെ നിര്‍ദേശാനുസരണം അയാള്‍ ആ ചിത്രം വിശദമായി പരിശോധിക്കുന്നത് കണ്ടപ്പോഴാണ്.ഒരു നോട്ട് ബുക്കില്‍ എല്ലാം കുറിച്ചെടുത്ത് അയാള്‍ മുതലാളിയോട് പറയുന്നുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞു ,മുതലാളിയോട് സംസാരിച്ച് തീര്‍ന്നതിന് ശേഷം ഡ്രൈവര്‍ അയാളുടെ അടുത്തു വന്നു.
“ഉറപ്പിച്ചു.ഈ ചിത്രം മുതലാളിക്ക് വേണം.”
അയാള്‍ പറഞ്ഞ വില കേട്ടപ്പോള്‍ ആ ചിത്രം കൊടുക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.എല്ലാ കടങ്ങളും തീര്‍ത്തു സ്വസ്ഥമാകാന്‍ ഉള്ളത്ര വലിയതുക.തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരുന്നു അതെങ്കിലും അത് കൊടുക്കാതിരിക്കാന്‍ ഉള്ളത്ര അടുപ്പം അതിനോടില്ലായിരുന്നു എന്ന പൊള്ളുന്ന സത്യം അയാളെ നോക്കി ചിരിച്ചു.
“ഇതുമായി നിങ്ങള്‍ മുതലാളിയുടെ വീട്ടിലേക്ക് വരണമെന്ന് മുതലാളി ആവശ്യപ്പെട്ടു.ഒരു ചിത്രം കൂടി നിങ്ങളെ കൊണ്ട് അവിടെ വച്ച് പെയിന്‍റ് ചെയ്യിക്കാന്‍ മുതലാളിക്ക് താല്പര്യമുണ്ട്.”ഡ്രൈവര്‍ അറിയിച്ചു.
അയാള്‍ അത് സമ്മതിച്ചു.പിറ്റേന്ന് അയാളെ കൊണ്ട് പോകാന്‍ ഡ്രൈവര്‍ വരും.
അന്ന് വൈകുന്നേരം അഗസ്റ്റിന് ,പോള്‍ എന്ന ഡ്രൈവറുടെ മുതലാളിയെ കുറിച്ച് അന്വേഷിച്ചു.കോടീശ്വരന്‍ എന്നല്ലാതെ ആര്‍ക്കും അയാളെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല.നിഴലില്‍ ഒതുങ്ങി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന്‍.രാജ്യത്തെ ഏറ്റവും പ്രമുഖ സീഫുഡ് എക്സ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍.നഗരത്തിലെ ഒന്നു രണ്ടു വലിയ ഹോട്ടലുകള്‍ അയാളുടേതാണ്.പല രാജ്യങ്ങളിലായി അയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും ഉണ്ടത്രേ.
പിറ്റേന്ന് പുലര്‍ച്ചെ പോള്‍ മാത്യു അയച്ച മുന്തിയ കാറുമായി ഡ്രൈവര്‍ വന്നു.നഗരത്തില്‍ നിന്നു മണിക്കൂറുകള്‍ യാത്ര ചെയ്തു,കിഴക്കിന്റെ കവാടമായ ആ ചെറുപട്ടണത്തില്‍ എത്തി.അവിടെ നിന്നു ഒരു ചായ കുടിച്ചു,വീണ്ടും യാത്ര.നഗരക്കാഴ്ചകള്‍ മാഞ്ഞു തേയിലത്തോട്ടങ്ങളും,മഞ്ഞുമൂടിയ പാറക്കെട്ടുകളും കണ്ടു തുടങ്ങി.പിന്നെ ഏലം മാത്രം വളരുന്ന ചെറുകുന്നുകള്‍.ചെമ്പരത്തിവേലിക്കെട്ടുകള്‍ അതിരിട്ട എലക്കാനങ്ങളില്‍ നിന്ന് തണുത്തകാറ്റ് വീശി.
വളഞ്ഞു പുളഞ്ഞ പാതയിലൂടെ ആ കാര്‍ കുന്നിന്‍ മുകളില്‍ പോള്‍ മാത്യുവിന്റെ ബംഗ്ലാവില്‍ എത്തി.കപ്പലിന്റെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട വെളുത്ത നിറമുള്ള മനോഹരമായ ബംഗ്ലാവ്. മുകള്‍നിലയില്‍ നിന്നു പോള്‍ അവരെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
“ആരുടെയാണ് പോട്രെയിറ്റ് ചെയ്യേണ്ടത് ?”അഗസ്റ്റിന്‍ ചോദിച്ചു.
അവര്‍ ബംഗ്ലാവിന് അരികിലെ ഗാര്‍ഡനില്‍ ആയിരുന്നു ഇരുന്നത്. പോള്‍ ട്രേയില്‍ വിദേശ മദ്യവും ,ഗ്ലാസ്സുകളും കൊണ്ട് വന്നു ചെറിയ ടീപ്പോയില്‍ വച്ചു.
“എന്റെ ഭാര്യയുടെ ,അവള്‍ സ്ഥലത്തില്ല.”പോള്‍ നിലത്തേക്ക് നോക്കി പറഞ്ഞു.
അയാള്‍ ഒരു ഫോട്ടോ എടുത്തു അഗസ്റ്റിന് കൊടുത്തു.സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രം.അയാള്‍ ഡ്രോവിങ്ങ് ബോര്‍ഡ് ശരിയാക്കി,ആ ചിത്രം വരക്കാന്‍ തുടങ്ങി.
“അഗസ്റ്റിന്‍,ഈ നക്ഷത്ര മല്‍സ്യം എങ്ങനെയാണ് വരച്ചത്...?”അയാള്‍ വിലക്ക് വാങ്ങിയ ആ ചിത്രം പരിശോധിക്കുകയാണ്.
“ഒരു ഭാവന.അത്രേയുള്ളൂ...”അഗസ്റ്റിന്‍ ചിത്രം വരക്കുന്നതിനിടയില്‍ പറഞ്ഞു.
“നിങ്ങള്‍ ഇത് വിശ്വസിക്കുമോ എന്നറിയില്ല.ഒരു വര്‍ഷം മുന്‍പ് വരെ എന്റെ ഭാര്യ ,സ്ഥിരമായി ഒരു സ്വപ്നം കാണുമായിരുന്നു.കടല്‍പ്പരപ്പില്‍ നിലാവില്‍ ഉയര്‍ന്നു പൊങ്ങുന്ന ഒരു നക്ഷത്ര മത്സ്യംഒരിക്കല്‍ ജപ്പാനില്‍ ഒരു ബിസിനസ് ആവശ്യത്തിന് പോയപ്പോള്‍ ,അവിടെ ഒരു മല്‍സ്യ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു.ഒരു പക്ഷേ അവിടെ കണ്ട ഏതെങ്കിലും കാഴ്ച ആവാം അതിന്റെ കാരണം.എങ്കിലും ആ സ്വപ്നം ഇടക്ക് വച്ച് നിലച്ചു. കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിലാണ് അവള്‍ ആ സ്വപ്നം അവസാനമായി കണ്ടത് .പതിവിന് വ്യത്യസ്തമായി ആ നക്ഷത്ര മല്‍സ്യം ദൂരെ എങ്ങോട്ടോ മറയുന്നത് അവള്‍ കണ്ടു .പിന്നീടൊരിക്കലും ആ നക്ഷത്ര മല്‍സ്യം സ്വപ്നത്തില്‍ എത്തിയില്ല.അതോടെ അവള്‍ വളരെ ദു:ഖിതയായി..ജീവിതത്തില്‍ വരാന്‍ പോകുന്ന ഏതോ ദുരന്തത്തിന്റെ ലക്ഷണം പോലെയാണ് അവള്‍ അതിനെ കണ്ടത്..”
അത്രയും പറഞ്ഞിട്ടു സ്ഫടികഗ്ലാസില്‍ അല്പം മദ്യം പകര്‍ന്നു പോള്‍ മാത്യു സിപ്പ് ചെയ്തു.
“സ്ഥിരമായി കാണുന്ന ആ സ്വപ്നത്തിലെ നക്ഷത്ര മല്‍സ്യത്തെ അവള്‍ വിവരിക്കുമായിരിന്നു...എന്തിനേറെ ഒരിക്കല്‍ അത് വരക്കുക വരെ ചെയ്തിരുന്നു....
.”
അയാള്‍ പോക്കറ്റില് നിന്നു ഒരു കടലാസ് എടുത്തു അഗസ്റ്റിനെ കാണിച്ചു.അത് അയാളുടെ ഭാര്യ വരച്ച ചിത്രമായിരുന്നു.
പോള്‍ മാത്യുവിന്റെ ഡ്രൈവര്‍ തന്റെ ചിത്രം അന്ന് വിശദമായി പരിശോധിച്ചതിന്റെ കാരണം അഗസ്റിന് മനസ്സിലായി.പോള്‍ പറഞ്ഞത് ശരിയായിരുന്നു..രണ്ടും ഒന്നു തന്നെയായിരുന്നു..അതിന്റെ നിറം,ഓരോ ചിറകുകളുടെയിലെയും പുള്ളികളുടെ എണ്ണവും ആകൃതിയും വരെ ഒന്നായിരുന്നു!
അയാള്‍ ആ ചിത്രം തിരികെ കൊടുത്തു.ആ കപ്പല്‍ ബംഗ്ലാവും ഗാര്‍ഡനും ,കാറ്റാടിമരങ്ങള്‍ നിറഞ്ഞ കുന്നും അസ്തമന ചുവപ്പില്‍ കുളിച്ചു കിടന്നു.
അഗസ്റ്റിന്‍ ആ ചിത്രം വരച്ചു തീര്‍ക്കുന്നത് മദ്യം കഴിച്ചുകൊണ്ട് പോള്‍ നോക്കിയിരുന്നു.ചിത്രം വരച്ചു തീര്‍ന്നതിന് ശേഷം എത്രയും വേഗം അവിടെ നിന്നു പോയാല്‍ മതിയെന്നായി അഗസ്റ്റിന്.വരച്ചു തീര്‍ന്നപ്പോള്‍ ഒരു ഭാരം ഇറക്കി വച്ചത് പോലെ.ചിത്രത്തിലെ സ്ത്രീയുടെ കണ്ണുകള്‍ക്ക് ജീവനുണ്ടെന്നു അഗസ്റിന് തോന്നി.
പോളിനോട് യാത്ര പറഞ്ഞു അവിടെ നിന്നു ഇറങ്ങിയപ്പോള്‍ ജീവന്‍ രക്ഷപ്പെട്ട ആശ്വാസമായിരുന്നു.ഇപ്പോള്‍ ഈ മടക്കയാത്രയില്‍ മനസ്സില്‍ ശൂന്യത ഒരു പൊട്ട് പോലെ വളരുന്നു.അതിന്റെ കാരണം അയാള്‍ തിരിച്ചറിഞ്ഞു.
തന്റെ നക്ഷത്രമല്‍സ്യം നഷ്ടപ്പെട്ടിരിക്കുന്നു.ഒരു പക്ഷേ ഇതേ ശൂന്യതയാവും പോളിന്റെ ഭാര്യയും ഒരു പക്ഷേ അനുഭവിച്ചിട്ടുണ്ടാകുക.
“സര്‍ എന്താണ് ആലോചിക്കുന്നത്?പോള്‍ മുതലാളിയെ കുറിച്ചാണോ.അതോ അയാളുടെ ഭാര്യയെ കുറിച്ചോ ?” ഡ്രൈവര്‍ ചോദ്യം ആവര്‍ത്തിക്കുന്നു.
“പോളിന്റെ ഭാര്യ എവിടെയാണ് ?”അഗസ്റിന്‍ ചോദിച്ചു.
“ഞാന്‍ തന്നെ പോള്‍ സാറിന്റെ ഭാര്യയെ കണ്ടിട്ട് ആറേഴു മാസങ്ങളായി.അവര്‍ കുറച്ചു നാളായി പുറത്തിറങ്ങാറില്ല. ആ ബംഗ്ലാവിലെ അടിയിലത്തെ നിലയില്‍ ആയിരുന്നു ഭാര്യയെ താമസിപ്പിച്ചിരുന്നത്.പോള്‍ സാറിനൊപ്പം മാത്രമേ പുറത്തിറങ്ങൂ.മറ്റാരും അതിസുന്ദരിയായ തന്റെ ഭാര്യയെ കാണരുത് എന്ന വിചിത്രമായ ആഗ്രഹം മുതലാളിക്ക് ഉണ്ടെന്നു എനിക്ക് സംശയമുണ്ടായിരുന്നു. പോള്‍സാറിനും ഭാര്യക്കും കുട്ടികളില്ല . ഭാര്യക്ക് ഡിപ്രഷന്‍ എന്ന മാനസികരോഗം ഉള്ളത്കൊണ്ടാണ് പുറത്തുപോകാതെ ഉള്ളില്‍ത്തന്നെ കഴിയുന്നത്‌ എന്നാണു പോള്‍സാര്‍ പറഞ്ഞത്. അല്ലെങ്കില്‍ തന്നെ പോള്‍സാര്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്.ചില നേരത്തെ പെരുമാറ്റം കാണുമ്പോള്‍ മുതലാളിക്ക് എന്തെകിലും പ്രശ്നമുണ്ടോ എന്ന് വരെ എനിക്ക് സംശയമുണ്ട്.ഭാര്യയോട് പക്ഷേ ഭ്രാന്ത് പോലത്തെ സ്നേഹവും ഉണ്ട്.ബംഗ്ലാവിന് അടിയിലത്തെ നിലയില്‍ അവര്‍ മുതലാളിക്ക് വേണ്ടി മാത്രം ഗിറ്റാര്‍ വായിക്കുകയും നൃത്തം ചേയ്യുകയ്യും ഒക്കെ ചെയ്യും.എല്ലാം മാറിയത് കഴിഞ്ഞ ക്രിസ്തുമസിന് ശേഷമാണ്.അതിനു ശേഷം അവര്‍ വല്ലാതെ ഒതുങ്ങി.തീരെ പുറത്തിറങ്ങാറില്ല.”ഡ്രൈവര്‍ പറഞ്ഞു.
അയാള്‍ ഒരു നിമിഷം നിര്‍ത്തി.വണ്ടി കോടമഞ്ഞു മൂടിയ ആ കുന്നിറങ്ങി കഴിഞ്ഞിരുന്നു.
താന്‍ അറിയാതെ മറ്റൊരാളുടെ സ്വപ്നം മോഷ്ടിച്ചുവോ...ആ സ്വപ്നം വീണ്ടും തന്നില്‍ നിന്നും നഷ്ടപ്പെട്ടുവോ? പോള്‍ വില കൊടുത്തു തിരിച്ചു വാങ്ങിയത് ഭാര്യയുടെ സ്വപ്നം തന്നെയാണോ ?
നഗരത്തിലെത്തിയതിന് ശേഷം അഗസ്റ്റിന് ഒട്ടും സ്വസ്ഥത ലഭിച്ചില്ല.ആ ചിത്രം കൊടുക്കേണ്ടായിരുന്നു.ദിവസങ്ങള്‍ കഴിയുംതോറും ആ ചിത്രം എങ്ങനെയെങ്കിലും തിരിച്ചു വാങ്ങണം എന്ന ആഗ്രഹം അയാളില്‍ മുറുകിത്തുടങ്ങി.തന്‍റെ ജീവന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ.പക്ഷേ പോള്‍ വിലയായി തന്ന പണവും ചെലവായി പോയിരുന്നു.അടുത്ത ദിവസം പോളിനെ പോയി കാണണം.അയാള്‍ തീരുമാനിച്ചു.
പുലര്‍ച്ചെ അയാള്‍ക്ക് ഒരു കോള്‍ വന്നു.അത് നഗരത്തിലെ പ്രമുഖ സ്വകാര്യഹോസ്പിറ്റലില്‍ നിന്നായിരുന്നു.
“ഞാന്‍ ഡോക്ടര്‍ കോശി.പോള്‍ മാത്യു ആക്സിഡന്‍റായി ഇവിടെ അഡ്മിറ്റാണ്.കാര്‍ ആക്സിഡന്‍റ് .അയാളുടെ ഡ്രൈവര്‍ മരിച്ചു.പക്ഷേ പോള്‍ നിങ്ങളോട് സംസാരിക്കണം എന്നു ഭയങ്കരമായി നിര്‍ബന്ധിക്കുകയാണ്.” അഗസ്റ്റിന്‍ അത് കേട്ടു ഞെട്ടി.
ഒരു നിമിഷത്തെ നിശബ്ദ്തക്ക് ശേഷം പോളിന്റെ വിറയാര്‍ന്ന സ്വരം കേട്ടു.
“അഗസ്റ്റിന്‍,ഞങ്ങള്‍ നിങ്ങളെ കാണാന്‍ അങ്ങോട്ട് വരികയായിരുന്നു.ആ ചിത്രം നിങ്ങള്‍ തിരിച്ചു വാങ്ങാന്‍ അങ്ങോട്ട് വരുമെന്നു എനിക്കറിയമായിരുന്നു.ശരിയല്ലേ,...നിങ്ങള്‍ക്ക് അത് തിരിച്ചു വാങ്ങണമെന്നുണ്ട് അല്ലേ...?
അഗസ്റ്റിന്‍ വീര്‍പ്പടക്കി.
“ആ ചിത്രം ബംഗ്ലാവിലെ അടിയിലത്തെ നിലയിലെ എന്റെ ഭാര്യയുടെ മുറിയില്‍ ഉണ്ട്.അവള്‍ അനുവദിച്ചാല്‍ നിങ്ങള്‍ അത് കൊണ്ട് പോയിക്കോ...പക്ഷേ അവള്‍ അത് അനുവദിക്കുമെന്ന്...”വാക്കുകള്‍ മുറിഞ്ഞു. അയാളുടെ ശബ്ദം നിലച്ചു.ഫോണ്‍ബന്ധം നഷ്ടമായിരിക്കുന്നു.
അയാള്‍ ഉടന്‍ തന്നെ പുറത്തിറങ്ങി.വണ്ടി ഹോസ്പിറ്റലിലേക്കാണ് തിരിച്ചതെങ്കിലും ഒരു ഭ്രാന്തമായ വേഗത്തില്‍ അഗസ്റ്റിന്‍ പോയത് പോളിന്റെ ബംഗ്ലാവിലേക്കാണ്.ഒരിടത്തും നിര്‍ത്താതെ പരമാവധി വേഗതയില്‍.തലച്ചോറില്‍ പുളയുന്ന സര്‍പ്പങ്ങള്‍ പോലെ ചോദ്യങ്ങള്‍ ചുറ്റുകയാണ്.എന്തിനാണ് അവര്‍ തന്നെ കാണാന്‍ ഇന്നലെ ഇങ്ങോട്ട് പുറപ്പെട്ടത്?പോളിന്റെ ഭാര്യക്ക് എന്താണ് സംഭവിച്ചത്?
അങ്ങോട്ട്‌ വണ്ടി ഓടിക്കുമ്പോള്‍ വീണ്ടും അഗസ്റ്റിന്റെ മനസ്സില്‍ സംശയങ്ങള്‍ ഉയര്‍ന്നുതുടങ്ങി.ആ ദമ്പതികളില്‍ ശരിക്കും അസുഖം ആര്‍ക്കാണ് ?തന്റെ ഭാര്യയെ പുറംലോകം കാണാതെ സൂക്ഷിച്ച പോളിന് എന്തെങ്കിലും പ്രശ്നമുണ്ടോ ?
ഇനി ഒരുപക്ഷെ അയാളുടെ ഭാര്യ മരിച്ചുവോ ?അപ്പോള്‍ ബംഗ്ലാവിന്റെ അടിയില്‍ നിന്ന് ഗിറ്റാര്‍ വായിക്കുന്ന ശബ്ദം കേട്ടുവെന്നു ഡ്രൈവര്‍ പറഞ്ഞത് ?
ആ മലഞ്ചെരിവിന് താഴെ എത്തിയപ്പോള്‍ അയാള്‍ക്ക് കോള്‍ വന്നു.പോള്‍ മരിച്ചിരിക്കുന്നു.
അയാള്‍ വണ്ടി ബംഗ്ലാവിന് മുന്നില്‍ നിര്‍ത്തിയിട്ട് ഇറങ്ങി.മുന്‍പിലത്തെ വാതില്‍ തുറന്നു കിടക്കുന്നു.പരിചാരകര്‍ ആരെങ്കിലും ഉണ്ടാവും.
അയാള്‍ പുറത്തു നിന്നു ഡോര്‍ബെല്‍ അടിച്ചു.ആരും ഇറങ്ങി വന്നില്ല.അയാള്‍ അകത്തേക്ക് കയറി.വിശാലമായ സ്വീകരണ മുറി കഴിഞ്ഞു ഒരു ഹാള്‍വേ.മുകളില്‍ തെളിഞ്ഞു കിടക്കുന്ന വിളക്കുകള്‍.താഴേക്കു ഒരു ഗോവണിപ്പടി.ഇതാവും പോളിന്റെ ഭാര്യയുടെ മുറിയിലേക്കുള്ള വഴി.അയാള്‍ ഗോവണി പാടി ചവിട്ടി ഇറങ്ങി.
അത് ഒരു വലിയ മുറിയായിരുന്നു.അകത്തു ഇരുട്ടായിരുന്നു.സ്വീച്ചമര്‍ത്തി അയാള്‍ ലൈറ്റ് തെളിയിച്ചു.വിശാലമായ ഒരു മുറിയായിരുന്നു അത്.
മുറിയുടെ മൂലയില്‍ ഒരു കട്ടിലില്‍ ആരോ പുതച്ചുമൂടി കിടക്കുന്നു.പോളിന്റെ ഭാര്യയായിരിക്കും.അയാള്‍ ഒന്ന് ചുമച്ചു.ഇല്ല അനക്കമൊന്നുമില്ല.അയാള്‍ കട്ടിലിനരികിലേക്ക് ചെന്നു.തലവരെ പുതച്ചിരിക്കുന്ന പുതപ്പ് അയാള്‍ മെല്ലെമാറ്റി.
ചുവന്ന നൃത്തവസ്ത്രങ്ങള്‍ അണിഞ്ഞ ഒരു സ്ത്രീയുടെ ജഡമായിരുന്നു അത്.ഏകദേശം ഒരു വര്‍ഷം പഴക്കമുള്ള ജഡം ഇപ്പോള്‍ അസ്ഥികൂടമായിരിക്കുന്നു.കണ്ണുകളുടെ സ്ഥാനത്ത് രണ്ടു വലിയ ശൂന്യതകള്‍.ആ ശൂന്യതകള്‍ ഭിത്തിയിലേക്കാണ് നോട്ടമയക്കുന്നത്.ഭിത്തിയിലേക്ക് അഗസ്റ്റിനും നോക്കി.
ഭിത്തി നിറയെ നക്ഷത്രമല്‍സ്യങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.എല്ലാം താന്‍ വരച്ച ചിത്രങ്ങള്‍ പോലെതന്നെ.
ഒരു പക്ഷെ പോളിന്റെ ഭാര്യ ആത്മഹത്യ ചെയ്തതാവാം.എങ്കിലും ഭാര്യ ഇപ്പോഴും ജീവനോടെയുണ്ട് എന്ന വാശിയില്‍ അയാള്‍ ജീവിക്കുകയായിരുന്നിരിക്കാം.മരിച്ചു പോയ ഭാര്യയുടെ വസ്തങ്ങള്‍ അണിഞ്ഞു ആ മുറിയില്‍ ഇരുന്നു ഗിറ്റാര്‍ വായിക്കുന്ന പോളിനെ അയാള്‍ സങ്കല്‍പ്പിച്ചു.
അങ്ങിനെ ജീവിക്കുമ്പോഴാവം തന്റെ ഭാര്യയുടെ ജീവന്‍ കവര്‍ന്ന സ്വപ്നം തന്റെ കൈവശം ഉണ്ടെന്നുള്ള വിവരം പോള്‍ അറിഞ്ഞത്.ആ സ്വപ്നം അയാള്‍ തനിക്ക് തിരിച്ചു തരുമായിരുന്നോ .ഇല്ല .അപ്പോള്‍ അവര്‍ വന്നത് തന്നെ കൊല്ലാനായിരുന്നോ?അങ്ങിനെ എന്നന്നെക്കുമായി ആ ചിത്രം അയാള്‍ക്ക് സ്വന്തമാക്കാണോ ?
മുറിയുടെ അറ്റത്ത് ഉറപ്പിച്ചിരിക്കുന്ന തന്റെ പെയിന്റിങ് അഗസ്റ്റിന്‍ കണ്ടു.
അയാള്‍ അത് പോയി ഇളക്കിയെടുക്കാന്‍ തുടങ്ങി. “അവള്‍ അനുവദിച്ചാല്‍ നിങള്‍ അത് കൊണ്ട് പൊയ്ക്കോ “പോള്‍ വീണ്ടും ഉള്ളില്‍ ഇരുന്നു പറയുന്നു.
അയാളുടെ ദേഹം വിയര്‍ത്തു.കൈകള്‍ തളരുകയാണ്. ആരോ തന്നെ നോക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.അപ്പോഴാണ് അയാള്‍ കണ്ടത് കട്ടിലിനു മുകളില്‍ ഉറപ്പിച്ചിരിക്കുന്ന പോളിന്റെ ഭാര്യയുടെ ചിത്രം.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ വരച്ച അതേ ചിത്രം.അതിന്റെ ജീവന്‍ ഉണ്ടെന്ന് തോന്നിക്കുന്ന കണ്ണുകളില്‍ നിന്നു കുറ്റപ്പെടുത്തുന്ന പോലെയുള്ള കൂര്‍ത്ത നോട്ടം തന്നില്‍ പതിയുന്നത് ഭീതിയോടെ അഗസ്റ്റിന്‍ അറിഞ്ഞു.
(അവസാനിച്ചു )
#starfish-fivearmedstarfish-arm2-bipolar-depression-dissociative identity disorder
Date of publication:29/9/2017
Name of the author:Anish Francis
Copyright notice :The copyright of the above literary work is owned by the author,and rights reserved under Indian Copyright Act 1957 .Any reproduction of this work in any form without permission will face legal consequences under copyright infringement.
കുറിപ്പുകള്‍ :
1.നക്ഷത്രമത്സ്യങ്ങള്‍: നക്ഷത്രാകൃതിയിലുള്ള ഒരുതരം കടൽ ജീവിയാണ് നക്ഷത്രമത്സ്യം. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നൽകുന്നത്. നട്ടെല്ലില്ലാത്ത ഈ ജീവികളിൽ ഏറ്റവും കൂടുതൽ മനുഷ്യദൃഷ്ടിയിൽ പെടാറുള്ളത് അഞ്ചിതളുള്ള സാധാരണ കാണപ്പെടുന്ന ഇനമാണ്. ഇവ പല നിറങ്ങളിലും കാണപ്പെടുന്നുണ്ട്.ഇവയുടെ കൈകള്‍ക്ക് നാശം സംഭവിച്ചാലും വീണ്ടും വളര്‍ന്നുവരാന്‍ ഉള്ള കഴിവുണ്ട്.പുതിയ സാഹചര്യങ്ങളുമായി അതിവേഗം ഇണങ്ങിച്ചേരാന്‍ ഇവക്ക് പ്രത്യേകകഴിവുണ്ട്.അഞ്ചു ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യമനസ്സ് പലകാരണം കൊണ്ട് ഒരു നക്ഷത്രമത്സ്യത്തിനു സമാനമാണ്.
2.Dissociative identity disorder: formerly referred to as multiple personality disorder, is a condition wherein a person's identity is fragmented into two or more distinct personality state. Dissociative identity disorder (DID) is a severe condition in which two or more distinct identities, or personality states, are present in—and alternately take control of—an individual. Some people describe this as an experience of possession. The person also experiences memory loss that is too extensive to be explained by ordinary forgetfulness.
3. Depression: is a mental health disorder. It is a mood disorder characterized by persistently low mood and a feeling of sadness and loss of interest. Depression is a persistent problem, not a passing one - the average length of a depressive episode is 6-8 months.
4 Mutual dreams/.collective consciousness:Sigmund Freud was the first psychologist to work with dreams and devise a model of the psyche consisting of different parts. C.G. Jung became his pupil, and developed his ideas with some of his own - mainly adding the concept of "The Collective Unconscious.Jung's work produced the idea that we all have a Personal Unconscious that contains all our own past memories. In addition to this there is a Collective Unconscious that contains group memories and other "Archetypes" that exist at some deep level . it seems that, during sleep, the two people who reaching the same level of the unconscious may have same dream or share the same dream.This happens in cases sometimes if the two peaple have same state of mind or have a deep connection between them.
The book titled "The literature and curiosities of dreams", by Frank Seafield published in 1865 has reports and investigations of cases when two complete strangers see the same dream as described in the story.The book can be downloaded from internet.

Anish Francis

അവൻ നല്ലവനായിരുന്നു.

അവൻ നല്ലവനായിരുന്നു.
---------------------------------------
'' ഡീ മുരിങ്ങാക്കോലേ......."
തിരക്കിട്ട ടൗണിലൂടെ തന്റെ അഞ്ച് വയസ്സുക്കാരി മകളുടെ കൈയ്യും പിടിച്ച് ധൃതിയിൽ നടന്നു നീങ്ങവേയാണ് എന്റെ കാതുകളിൽ ആ ശബ്ദം വന്നലച്ചത്.
എവിടെയോ കേട്ടു മറന്ന ശബ്ദം, തിരിഞ്ഞു നോക്കി.
പരിചയമുള്ള ആരേയും കണ്ടില്ല.
താൻ സ്ക്കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ തന്നെ സ്നേഹപൂർവ്വം വിളിച്ചിരുന്ന വട്ട പേര്.തന്റെ മെലിഞ്ഞുണങ്ങിയ ശരീരം അതു തന്നെയാണ് ആ പേരിനാധാരവും
പതിവായി കൂട്ടുക്കാർ ആ പേരിൽ എന്നെ വിളിക്കുമ്പോൾ ശുണ്ഠികൂടിയിരുന്ന എനിക്ക് "മുൻശുണ്ഠി" എന്ന പേരു് നൽകാനും അവർ മടിച്ചില്ല. ആ സ്ക്കൂൾ കാലഘട്ടത്തിലെ നല്ല ദിനങ്ങളോർത്ത് ഞാനങ്ങനെ പതിയെ മുന്നോട്ട് നടന്നു നീങ്ങവെയാണ് വീണ്ടും ആ ശബ്ദം കാതിൽ വന്നലച്ചത്.
ശുണ്ഠി ഇതുവരെ മാറിയില്ലാല്ലേ?
അത് കൂടി കേട്ടതോടെ ജിജ്ഞാസയോടെ വീണ്ടും ഞാൻ തിരിഞ്ഞു നോക്കി. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ വട്ട പേരുകൾ ഇത്ര കൃത്യമായി വിളിക്കുന്നയാളെ ഞാൻ കണ്ണുകൾ കൊണ്ട് അന്വേഷിച്ചു കൊണ്ടേയിരുന്നു
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിരിച്ചു കൊണ്ട് എന്റെ നേർക്ക് നടന്നടുത്തു വരുന്ന ആ പ്രത്യേക വേഷധാരിയെ കണ്ടു ഞാനൊന്നമ്പരന്നു. സംശയത്തോടെ അയാളെ തന്നെ നോക്കി നിന്നു.
അയാൾ അടുത്തെത്തുoന്തോറും എന്തോ ഒരു ഭീതി എന്നിൽ നിഴലിക്കുന്നതായി ഞാനറിഞ്ഞു. മോളുടെ കൈയ്യിൽ ഒന്നൂടി അമർത്തി പിടിച്ച് വീണ്ടും നടക്കാനായി തുനിയുമ്പോഴാണ് വഴിമുടക്കി അയാൾ മുന്നിൽ വന്നുനിന്നത്.
ഡീ മുരിങ്ങാക്കോലേ ,...
തനിക്ക് എന്നെ മനസ്സിലായില്ലേ?
ഒന്നും ഉരിയാടാനാവാതെ ഞാൻ ചോദ്യഭാവത്തിൽ അയാളെ തന്നെ ഇമവെട്ടാതെ നോക്കി നിന്നു.
ഡീ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ...
അയാൾ തലയിലുണ്ടായിരുന്ന നിസ്ക്കാര തൊപ്പി എടുത്ത് മാറ്റി അൽപ്പം കൂടി എന്റെ മുന്നിലേക്കായി നീങ്ങി നിന്നുകൊണ്ട് പറഞ്ഞു .
ഇപ്പോ ഓർമ്മയുണ്ടോന്ന് നോക്കിയേ?
എവിടെയോ കണ്ടു മറന്ന മുഖo. ഇനി ഒന്നിച്ചെങ്ങാനും പഠിച്ചതാണോ?ആലോചിച്ചു നോക്കി അതെ അവിടെയെവിടെയൊക്കെയോ കണ്ടു മറന്ന മുഖം ഇനി ഏഴാം ക്ലാസിൽ നിന്ന് ഒളിച്ചോടിയ ജയരാജ് എങ്ങാനും? ആലോചിച്ചപ്പോൾ ചെറിയൊരു സാമ്യത
ഒന്ന് ശങ്കിച്ചു നിന്ന ശേഷം രണ്ടു കൽപ്പിച്ച് ചോദിച്ചു
ജയരാജ്?
ആഹാ, അപ്പോ താൻ എന്നെ മറന്നില്ലാല്ലേ?
വീണ്ടും ഞാൻ ഓർമ്മകളെ ചികഞ്ഞെടുത്ത് ക്ലാസ്സ് മുറിയിലെത്തി.
ജയരാജ്,
ആരേയും അധികം ഗൗനിക്കാതെ സ്ഥിരമായി ലാസ്റ്റ് ബെഞ്ചിൽ മാത്രം കണ്ടിരുന്ന പാവം പയ്യൻ. പഴഞ്ചനായ നീല ഷർട്ടും, പാന്റുമായിരുന്ന മിക്ക ദിവസവും അവന്റെ വേഷം. എണ്ണമയമില്ലാത്ത മുടി അനുസരണയില്ലാതെ അലങ്കോലമായിട്ടായിരിക്കും എന്നുo. സഞ്ചിയില്ലാതെ പുസ്തകം കൈയ്യിൽ പിടിച്ച് വരുന്നതിനാൽ മഴയുളള ദിവസങ്ങൾ മിക്കവാറും അവന്റെ പുസ്തകങ്ങൾ നനഞ്ഞിട്ടുണ്ടായിരിക്കും.
പഠിക്കാൻ സമർത്ഥനല്ലെങ്കിലും
എന്നും ക്ലാസ്സിൽ പതിവായി വരാറുണ്ട് എന്ന ഒറ്റ കാരണത്താൽ കൊണ്ടായിരിക്കണം ടീച്ചർമാർക്കും അവനെ ഇഷ്ടായിരുന്നു.
സ്ക്കൂളിലെ ഉച്ചക്കഞ്ഞി വിതരണ സമയത്ത് അവനായിരിക്കും (അന്ന് വിദ്യാർത്ഥികൾ അധ്യാപകരെ സഹായിക്കുമായിരുന്നു.)
വിളമ്പാനായി എന്നും മുന്നിൽ .
അങ്ങനെയിരിക്കെയാണ് സ്ക്കൂളിലൊരു കളവ് നടന്നതായി അറിയുന്നത്.സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കി കൊടുക്കാനായുള്ള അരിയും ചെറുപയറും മോഷണം പോയത്രേ!
കള്ളനെ അന്വേഷിക്കുന്നതിനിടയിലാണ് ആരുടെയോ ശ്രദ്ധ ജയരാജനിൽ എത്തി നിന്നത്. രണ്ട് ദിവസമായി അവൻ ക്ലാസ്സിൽ വരാറില്ലെന്ന കാര്യം അപ്പോഴാണ് സഹപാഠികളും ഓർമ്മിച്ചത്.
പിറ്റേ ദിവസം സ്ക്കൂളിലെ പ്രധാന വിഷയം ജയരാജ് ആയിരുന്നു.
മദ്യത്തിനടിമയായ അച്ഛൻ കുടുംബം നോക്കാത്തതിനാൽ
അമ്മയേയും, വയ്യാതായ അനിയത്തിയേയും ഊട്ടുന്നതിനായി
അച്ഛനോടുള്ള വാശിയിൽ അവനാണത്രേ സ്ക്കൂളിൽ നിന്ന് മോഷണം നടത്തിയത്.
തെളിവു സഹിതം അവന്റെ അച്ഛൻ തന്നെയാണ് ഇന്ന് രാവിലെ സ്ക്കൂളിൽ ഹാജരാക്കിയത് -
അടി കൊണ്ട് കിണർത്ത പാടുകൾ അവന്റെ ശരീരമാസകലം ഉണ്ടായിരുന്നു. അവന്റെ കഥകൾ കേട്ടപ്പോൾ എല്ലാവർക്കും അവനോട് നീരസമല്ല പകരം ദയയാണ് തോന്നിയത്. അതുകൊണ്ടായിരിക്കാം അദ്ധ്യാപകരും അച്ഛനെ ഉപദേശിച്ച് മകന് മാപ്പ് കൊടുക്കാൻ തയ്യാറായത്.
പിറ്റേ ദിവസം ആരോ പറഞ്ഞാണറിയുന്നത്, ജയരാജിനെ കാണാനില്ലത്രേ!
അവന്റെ അച്ഛൻ ,ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് പീടിക തിണ്ണയിൽ കിടന്നു കരയുകയായിരുന്നത്രേ...
കുറച്ച് ദിവസം അവൻ എല്ലാരുടെ മനസ്സിലും ഒരു നീറ്റലായി അനുഭവപെട്ടെങ്കിലും പതിയെ എല്ലാവരും അവനെ മറക്കുകയായിരുന്നു.
ഇന്നിതാ തന്റെ മുന്നിൽ അവൻ....
ഡീ....
ആലോചിച്ചു സമയo കളയാതെ നമുക്കെന്തെങ്കിലും കഴിച്ചാലോ?
പറഞ്ഞു കഴിഞ്ഞതും അവൻ അടുത്ത കൂൾബാർ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ, ഞാനും യാന്ത്രികമെന്നോണം അവനെ അനുഗമിച്ചു.
അവിടെയിരുന്ന് മോൾക്ക് ഇഷ്ടമുള്ള ഐസ് ക്രിമും, രണ്ട് ലെമൺജ്യൂസും ഓർഡർ ചെയ്യുമ്പോഴും എന്റെ ശ്രദ്ധ മുഴുവനും അവന്റെ വേഷവിധാനത്തിലായിരുന്നു. അത് മനസ്സിലാക്കിയിട്ടെന്നോണം അവൻ പറഞ്ഞു തുടങ്ങി.
തനിക്ക് ഓർമ്മയുണ്ടോ അന്നത്തെ ദിവസം.?
സങ്കടവും അപമാനഭാരവും കൊണ്ട് അന്ന് വീട്ടിൽ നിന്ന് ദേഷ്യപെട്ടിറങ്ങിയ അവൻ ചെന്നെത്തിയത് ദൂരെയുള്ള ഒരു തട്ടുക്കടയുടെ മുന്നിലായിരുന്നു. ക്ഷീണിച്ചവ ശനായി കുടിക്കാൻ വെള്ളം ചോദിച്ച അവനോട് മുതലാളി കൂടെ നിൽക്കാൻ സമ്മതമാണോന്ന് ചോദിച്ചത് ,അവന്റെ കാര്യത്തിൽ "അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കൽപിച്ചതും പാല് "എന്ന മട്ടിലായിരുന്നു
വീടുമായി യാതൊരു ബന്ധവുമില്ലാതെ വർഷങ്ങൾ പിന്നേയും കടന്നു പോയി.
അവൻ വന്നു കയറിയ ഭാഗ്യമോ, അതോ എ അവന്റെ ഭാഗ്യമോ കട അടിക്കടി ഉയരങ്ങളിലെത്തി.
പഴയ തട്ടുകടയിൽ നിന്ന് ഫൈസ്റ്റാർ ഹോട്ടലിലേക്കുള്ള വളർച്ചയ്ക്ക് അധിക കാലം വേണ്ടി വന്നില്ല. അവന്റെ ആത്മാർത്ഥതയും, വിശ്വസ്തതയും മനസ്സിലാക്കിയ മുതലാളി
കടയുടെ ഉയർച്ചയ്ക്ക് പിന്നിൽ അവന്റ വരവാണെന്ന് ഉറച്ചു വിശ്വസിച്ചു.
വീട്ടിലെ ഒരംഗത്തെ പോലെ കരുതിയിരുന്ന അവനെ ആരേയും ഏൽപ്പിക്കാതിരുന്ന സ്വന്തം വാഹനത്തിന്റെ കീ ഏൽപ്പിക്കുമ്പോഴും ,വിശ്വസ്തയോടെ മകളായ ആയ്ഷുനെ കോളേജിൽ എത്തിക്കേണ്ട ചുമതലക്കൂടി അവനെ ഏൽപ്പിക്കുകയായിരുന്നു. എല്ലാ കാര്യത്തിലും ശുഷ്കാന്തിയും, അത്മാർത്ഥതയും കാണിക്കുന്ന അവനോട് മുതലാളിക്ക് അനുകമ്പയും സ്നേഹവുo കൂടി കൂടി വരികയായിരുന്നു.
അവന്റെ വീടന്വേഷിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും, പെങ്ങളെ നല്ല രീതിയിൽ വിവാഹം ചെയ്തയക്കാനും അദ്ദേഹം മറന്നില്ല.
അങ്ങനെയിരിക്കെയാണ് ആയ് ഷുവിനേയും കൊണ്ട് കോളേജിലേക്ക് പുറപ്പെട്ട അവന്റെ വണ്ടി ആക്സിഡന്റിൽ പെടുന്നത്.
പരിക്കുകളൊന്നുമില്ലാതെ ബോധം തെളിഞ്ഞ അവൻ ആദ്യം അന്വേഷിച്ചത് ആയ്ഷുവിനെക്കുറിച്ചാണ്.
ആദ്യം അവനിൽ നിന്നും മറച്ചു വച്ച ആ വലിയ സത്യം പതിയെ പതിയെ അവന് മനസ്സിലായി, ആ അക്സിഡന്റിൽ ആയ് ഷുവിന്റെ അരയ്ക്കു താഴെ തളർന്നിരിക്കുകയാണ്.
ഏക മകളുടെ ദുരവസ്ഥ ആ പിതാവിനെ എന്നും വേദനാജനകമായിരുന്നു. സന്തോഷം നിറഞ്ഞാടിയ ആ വീട് ശോകമൂകമാകുവാനും അധികനാൾ വേണ്ടി വന്നില്ല. തുള്ളിച്ചാടി നടന്നിരുന്ന ആയ്ഷു വിനെ ഒരു വിഷാദ രോഗിയായി കാണേണ്ടി വരുമോയെന്ന് എല്ലാരും ഭയപെട്ടു. അതിനൊരു പരിഹാരമായി തെരഞ്ഞെടുത്തൊരു മാർഗ്ഗം, അവളുടെ വിവാഹമായിരുന്നു. വരുന്ന വിവാഹാലോചനകളെല്ലാം വഴിമാറി പോകുന്നത് പിതാവിന് വല്ലാതെ വിഷമിപ്പിക്കുന്നതായി അവന് മനസ്സിലായി.
സ്വന്തം കൈപിഴ കൊണ്ട് ഒരു കുടുംബം തകരുന്നതിൽ അവനും ഏറെ വിഷമിച്ചു. അതിനൊരു പോംവഴിയുമായാണ് അവൻ അദ്ദേഹത്തിന്റെ മുന്നിലെത്തിയത്.
ആയ്ഷുവിനെ അവൻ സ്വീകരിക്കാൻ തയ്യാറാണെന്ന വാർത്തകേട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയ മുതലാളിയുടെ മനസ്സിൽ അവനോടുള്ളസഹതാപമാണോ അതോ കുറ്റബോധമാണോ എന്നറിയാതെ അവൻ കുഴങ്ങി.
തുടരെ തുടരെയുള്ള അവന്റെ അപേക്ഷ കേട്ട് അദ്ദേഹം ആയ്ഷുവിന്റെ ആഗ്രഹം ആരായുകയായിരുന്നത്രേ...
പള്ളി കമ്മിറ്റിയിലും. സമുദായത്തിലും നല്ല നിലയും, വിലയുമുള്ള പിതാവിന്റെ മനസ്സറിയാവുന്ന മകൾ ആകെ വിഷമിക്കുന്നത് കണ്ട് അവൻ തന്നെയാണ് അവരോട് പറഞ്ഞത് മതം മാറാൻ തയ്യാറാണെന്ന കാര്യം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും എല്ലാം ശരിയായി വരുമെന്ന തോന്നലായിരിക്കണം അദ്ദേഹം ഇരുവീട്ടുകാരുടെ സമ്മതത്തോടെ എല്ലാത്തിനും സമ്മതം മൂളിയത്.
അങ്ങനെ എല്ലാവരുടേയും സമ്മതത്തോടെ അനുഗ്രഹത്തോടെ മുസ്തഫയായി ആയ് ഷുന് പുതിയൊരു ജീവിതം കൊടുക്കുമ്പോൾ അവൻ എന്റെ മനസ്സിലെന്ന എല്ലാരുടെ മനസ്സിലും വാനോളം വളർന്നിട്ടുണ്ടാവണം
എല്ലാം പറഞ്ഞു കഴിഞ്ഞ് ,യാത്ര പറഞ്ഞ് നടന്നകലുന്ന അവനെ നിർന്നിമേഷയായി നോക്കി നിൽക്കുന്ന എന്റെ മനസ്സിലപ്പോൾ
ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ ആയിരുന്നു.
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി."
-----------------------------------------------------------------
പത്മിനി നാരായണൻ.

സാമന്തപഞ്ചകം.......


സാമന്തപഞ്ചകം.......
ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു....
ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു "വൈശമ്പായനൻ".......
മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ "സുമാദേവിയുടെ" ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനൽപാളിയിൽ കൂടി പുറത്തേക്ക് നോക്കി......
"രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?"...
"എന്റെ നാടും എന്റെ പ്രജകളെയും കാത്തുകൊള്ളുക അഷ്ടദിക്കുകൾ
കാക്കും ചാമുണ്ഡി അമ്മേ"...........................
..................................
ഗോത്ര സംസ്കാരത്തിൽ നിന്നും മനുഷ്യവംശത്തിന്റെ പ്രയാണം ജനപഥങ്ങളിലേക്കും മഹാജനപഥങ്ങളിലേക്കും അവിടെ നിന്നും അധികാരത്തിന്റെ അളവുകോലിന്റെ അവസാന ബിംബമായ സാമ്രാജ്യങ്ങളുടെ ഉദയത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടം.......
മഗധ സാമ്രാജ്യത്തിന്റെ വടക്ക് ചന്ദ്രമുഖി നദിയുടെ തീരത്ത് മായാസുരമലയുടെ അടിവാരത്ത് "പരാശരന്റെ"പുത്രൻ വൈശമ്പായനൻ പ്രജാപതിയായ പുതിയ ജനപഥമായി ഉയർന്നു വരികയാണ്‌ സാമന്തപഞ്ചകം...
കൃഷിയും കാലിവളർത്തലുമായി ജീവിക്കുന്ന ഗ്രാമീണ ജനസമൂഹം..................................
...........................................
രാശിപ്പലകയിലെ ഗ്രഹസ്ഥാനങ്ങളിൽ മിഴികൾ വെട്ടാതെ ആലോചനയിൽ മുഴുകിയിരിക്കുകയാണ് മുഖ്യ പുരോഹിതനായ "പുരൂരവസ്‌"........
ദിർഘ നേരത്തെ നിശബ്ദതയെ ഭേധിച്ചു പുരൂരവസിന്റെ ശബ്ദമുയർന്നു.....
"അങ്ങയുടെ ദുഃസ്വപ്നം ഒരു നിമിത്തമാണ് രാജൻ.....
സാമന്തപഞ്ചകത്തിന്റെ നാശത്തിന്റെ മുന്നറിയിപ്പാണ് "...
"കറുത്ത് കലങ്ങി രൗദ്രഭാവം പൂണ്ടുനിൽകുന്ന ചന്ദ്രമുഖി. വിരൂപികളായ മെലിഞ്ഞു നിൽക്കുന്ന ഗോക്കൾ,വട്ടമിട്ടു പറക്കുന്ന കഴുകന്മാർ,ചാപിള്ളകളായി പിറക്കുന്ന കുഞ്ഞുങ്ങൾ എല്ലാം വലിയ ദുരന്തത്തിന്റെ മുന്നൊരുക്കമാണ് പ്രജാപതി".....
ദീർഘമായ നെടുവീർപ്പിന്റെ ഒടുവിൽ പതറിയ ശബ്ദത്തിൽ
വൈശമ്പായനന്റെ കണ്ഠത്തിൽ നിന്നും.....
"പുരോഹിത ശ്രേഷ്ഠാ എന്താണ് ഇതിന് ഒരു പരിഹാരം".....
ഒരു നിമിഷത്തെ മൗനത്തിന് ശേഷം പുരൂരവസ്‌ രാശിപ്പലകയിൽ നിന്നും തലയുയർത്തി സാമന്തപഞ്ചകത്തിലെ സഭാനേതൃത്തത്തിനോടായി പറഞ്ഞു
"അഷ്ടദിക്കുകൾ കാക്കും സാമന്തപഞ്ചകത്തിന്റെ മാതാ ചാമുണ്ഡി ദേവിയെ പ്രീതിപ്പെടുത്തുക.....
ദിവ്യബലിയും മൃഗബലിയും നൽകി സാമന്തപഞ്ചകത്തിന്റെ രക്ഷക്കായി വിശാഖം നക്ഷത്രത്തിൽ പിറന്ന പുരുഷപ്രജയുടെ രക്താഭിഷേകം
നടക്കണം അതാണ് ദേവിഹിതം"....
"നരബലി, നരബലി!" കേട്ടവർ പരസ്പരം ചോദിച്ചു...
"പുരോഹിത ശ്രേഷ്ഠാ നരബലി അല്ലാതെ മറ്റൊരു പരിഹാരവുമില്ലേ?". വൈശമ്പായനന്റെ ചോദ്യത്തിന്......
"സാമന്തപഞ്ചകത്തിന്റെയും പ്രജകളുടെയും രക്ഷയാണോ അതോ ഒരുവന്റെ ജീവനാണോ പ്രാധാന്യം അത് അവിടന്നു തിരുമാനിക്കാം"....പുരൂരവസ്‌ മറുപടി നൽകി......
അല്പനേരത്തെ മൗനത്തിന് ശേഷം വൈശമ്പായനൻ പീഠത്തിൽ നിന്നും എഴുന്നേറ്റു സഭയോടായി കല്പിച്ചു...
"സാമന്തപഞ്ചകത്തിന്റെ ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും പ്രജകളുടെ ദീർഘായുസ്സിനും വേണ്ടി സാമന്തപഞ്ചകത്തിന്റെ നാഥനായ പരാശരന്റെ പുത്രൻ വൈശമ്പായനൻ കൽപ്പിക്കുന്നു".
"ഇന്നേക്ക് ഒമ്പതാം നാൾ വസന്തപഞ്ചമം ആ ശുഭദിനത്തിൽ ദിവ്യബലിയും ശേഷം മൃഗബലിയോട് കൂടെ ദേവിക്ക് രക്താഭിഷേകം കൊണ്ടുള്ള നരബലി".....
"ഇതാണ് പ്രജാപതിയുടെ കൽപ്പന ഇത് തന്നെ
സാമന്തപഞ്ചകത്തിന്റെ നിയമം"....
"സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ ഗ്രാമത്തിന്റെ നാലുദിക്കിലേക്കും യാത്രയാവുക...
വിശാഖം നക്ഷത്രജാതനെ കണ്ടെത്തുക".........
വൈശമ്പായനന്റെ ആജ്ഞ അനുസരിച്ച്
സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ നാടിന്റെ നാലുഭാഗത്തേക്കും യാത്രയായി..........................................
......................................
സൂര്യരശ്മികളുടെ തിളക്കത്തിൽ വിളഞ്ഞു നിൽക്കുന്ന റാഗി പാടങ്ങളുടെ അക്കരെ കൃഷിയും കാലിവളർത്തലും കളിമൺ പാത്രനിർമാണവുമായി ജീവിക്കുന്ന ഗ്രാമവാസികളുടെ കുടിലുകൾക്ക് മുന്നിലൂടെ
രക്ഷാപാലകർ നീങ്ങുകയാണ്..
അവരുടെ പിറകിൽ ആട്ടിൻപറ്റങ്ങളെ പോലെ ഗ്രാമവാസികളും.... അവരുടെ ലക്ഷ്യസ്ഥാനം
"സൂക്താങ്കാരിന്റെ" കളിമൺവീടായിരുന്നു.....
സൂക്താങ്കാർ കല്ലിൽ കവിത രചിക്കുന്ന സാമന്തപഞ്ചകത്തിന്റെ മഹാശിൽപ്പി..
ഗ്രാമവാസികൾ ഒന്നടങ്കം തന്റെ വീടിന്റെ മുന്നിൽ വന്നു നിൽക്കുന്നത് കണ്ട്‌ സൂക്താങ്കാർ അമ്പരപ്പോടെ ചോദിച്ചു...
"എന്താ എല്ലാവരും കൂടി പുതിയ പ്രതിഷ്ഠയും മറ്റും?"....
ഗ്രാമവാസികൾ ഒരേസ്വാരത്തിൽ വിളിച്ചു പറഞ്ഞു.....
"സൂക്താങ്കാർ നിങ്ങളും നിങ്ങളുടെ കുടുംബവും പുണ്യം ചെയ്യ്തവരാണ് ദേവി നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു"...
ഒന്നും മനസ്സിലാകാതെ സൂക്താങ്കാർ ഗ്രാമവാസികളെയും
സാമന്തപഞ്ചക രക്ഷാപാലകരെയും നോക്കി........
"ദേവിയുടെ ദാസനായി ദേവി പ്രസാദിച്ചിരിക്കുന്നത് സൂക്താങ്കാരിന്റെ മകൻ ശതാനീകനിലാണ് ".........
"സാമന്തപഞ്ചകത്തിന്റെ പ്രജാപതി വൈശമ്പായനന്റെ ശാസനം.........
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം അന്നേക്ക്
സൂക്താങ്കാരിന്റെ മകൻ ശതാനീകനെ ദേവിക്കായി സമർപ്പിക്കുക".....
രക്ഷാപാലകന്റെ വാക്കുകൾ കേട്ടതും സൂക്താങ്കാരിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വെള്ളിയിടി വെട്ടിയതും ഒരുമിച്ചായിരുന്നു.......
തന്റെ മകൻ ശതാനീകനെ സാമന്തപഞ്ചകത്തിന്റെ രക്ഷയ്ക്കായി കുരുതി കൊടുക്കണമെന്നോ?...
മറുത്തൊന്ന് പറയും മുൻപ് വൈശമ്പായനൻ കൊടുത്തയച്ച ഉപഹാരങ്ങളും സമ്മാനങ്ങളും സൂക്താങ്കാരിന്റെ കൈയിൽ നൽകി രക്ഷാപാലകർ നടന്നകന്നു....
തന്റെ മുന്നിലൂടെ ആർത്തു വിളിച്ചു പോകുന്ന ഗ്രാമവാസികളെയും രക്ഷാപാലകനെയും നോക്കി നിസ്സഹാനായി നിൽക്കാൻ മാത്രമേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ....
തന്റെ അരുമ കണ്മണി തനിക്ക് ശേഷം തന്റെ പേരും പ്രശസ്തിയും ഉയർത്തേണ്ടവൻ..തന്നേക്കാൾ മിടുക്കൻ കല്ലിൽ ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ സൃഷ്ടിക്കുന്നവൻ....
അവന്റെ ജീവന്റെ വിലയാണ് പ്രജാപതി വെച്ചു നീട്ടിയിരിക്കുന്ന ഈ സമ്മാനങ്ങൾ.........
എങ്ങനെ താൻ സഹിക്കും ഇരുപതാം വയസ്സിൽ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അവനെ......ആലോചിക്കാൻ പോലും കഴിയുന്നില്ല...
തളർന്ന ശരിരവും അതിനെക്കാൾ തളർന്ന മനസ്സുമായി തന്റെ കളിമൺ വീടിന്റെ ചാണകം കൊണ്ട് മെഴുകിയ ഉമ്മറപ്പടിയിൽ അവശനായി ഇരികുമ്പോൾ വീടിന്റെ അകത്തളത്തുനിന്നും അടക്കിപ്പിടിച്ച തേങ്ങൽ സൂക്താങ്കാരിന്റെ ചെവികളിൽ വന്നു പതിച്ചു.....................
..........................................
തനിക്കും "ബലധാരക്കും" പിറക്കാതെ പോയവൾ
തന്റെ മകൻ ശതാനീകന്റെ പ്രിയതമാ..."യോഗിത"......
സാമന്തപഞ്ചകത്തിൽ യോഗിതയെ പോലെ സുന്ദരിയായ മറ്റൊരു സ്ത്രീരത്നം വേറെയില്ല..........
സുബല ദേശത്തു നിന്നും ആഘോഷപൂർവ്വമായി വിവാഹം കഴിഞ്ഞു ശതാനീകന്റെ കൈപിടിച്ച് അധികം നാളുകളിയിട്ടില്ല..........
ജീവിതത്തിന്റെ അർത്ഥങ്ങളും രസങ്ങളും അറിഞ്ഞു വരുന്ന സമയത്ത് വിധിയും വിശ്വാസവും നാടും പ്രജാപതിയും എല്ലാം തന്റെ പ്രിയതമന്റെ ബലി ശരീരത്തിനായി കഴുകന്മാരെ പോലെ വട്ടം ചുറ്റി കാത്തിരിക്കുന്നു........
എതിർക്കാനോ അനുസരിക്കാതിരിക്കാനോ കഴിയാത്ത വൈശമ്പായനന്റെ കൽപ്പനയും ശാസനയുമാണ്....
..................................................
ശതാനീകന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ ആ മിഴികൾ തോരാമഴപോലെ പെയ്യുകയായിരുന്നു....
നാടിന് വേണ്ടി തന്റെ പാതിജീവനെയാണ് ബലി നൽകേണ്ടത്..തങ്ങൾ ഒരുമിച്ചു കണ്ടിരുന്നു സ്വപ്നങ്ങൾ ജീവിതാഭിലാഷങ്ങൾ എല്ലാം ചന്ദ്രമുഖിയുടെ തീരത്ത് പണിത മണൽ കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു...
"എന്റെ തന്നെ ജീവനെയാണ് ദേവിക്ക് നൽകുന്നത് നാഥാ ഈ അവസാന യാമവും കഴിഞ്ഞാൽ എന്നെ തനിച്ചാക്കി നീ യാത്രയാക്കുകയാണ്"...
"നാളത്തെ സൂര്യോദയം കഴിഞ്ഞാൽ നിന്നിൽ എനിക്കുള്ള അവസാന അവകാശവും നഷ്ടപ്പെടുകയാണ്....
നാടിനും പ്രജകൾക്കും വേണ്ടി ജീവത്യാഗം ചെയ്ത വീരനായകന്റെ വീരചരിതം സാമന്തപഞ്ചകത്തിലെ വരും തലമുറയിലെ ഓരോ പിഞ്ചുപൈതലും പാടി പുകഴ്ത്തും....
അത് കേട്ട് സാമന്തപഞ്ചകത്തിലെ ഓരോ മണൽത്തരിയും കോരിത്തരിക്കും....പക്ഷേ എന്റെ ജീവന്റെ തുടിപ്പും ചൈതന്യവുമാണ് കരളുപറിക്കുന്ന വേദനയോടെ എന്നിൽ നിന്നും പറിച്ചെടുക്കുന്നതെന്ന സത്യം ഈ ലോകമറഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ധരിക്കുകയാണ് നാഥാ"...
യോഗിതയുടെ കണ്ണീരിനാൽ കുതിർന്ന വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശതാനീകന്റെ നെഞ്ച് തകർന്നു പോയി..........
"നീ എനിക്ക് നൽകിയ കളങ്കമില്ലാത്ത സ്നേഹത്തിന് പകരമായി എന്റെ ജീവൻ പോലും നൽകാൻ അവകാശമില്ലാത്ത അടിമയായി മാറിയിരിക്കുന്നു ഞാൻ.. എങ്കിലും പ്രിയേ എന്താണ് അവസാനമായി ഞാൻ നിനക്കായി നൽകേണ്ടത്?".....
തേങ്ങി കരയുന്ന ഇടറിയ ശബ്ദത്തിൽ യോഗിത ശതാനീകന്റെ ചെവിയിൽ മന്ത്രിച്ചു...
"നിന്റെ പാതി എന്റെ ഉദരത്തിൽ നിക്ഷേപിക്കുക..ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ മറ്റൊന്നും വേണ്ട എനിക്ക്"......
രാത്രിയുടെ യാമങ്ങൾ പോയതറിയാതെ പ്രകൃതിയുടെ ലിഖിത നിയമങ്ങളിൽ ഇനിയൊരു കുടിച്ചേരലുകൾ ഉണ്ടാകില്ല എന്ന ഉത്തമ ബോധ്യത്തോടെ അവസാന യാമത്തിന്റെ മടിത്തട്ടിലേക്ക് ഒരു മെയ്യോടെ അവർ ആഴ്ന്നിറങ്ങി...
അതെ യാമത്തിൽ ചന്ദ്രമുഖിയുടെ അടിത്തട്ടിൽ ചില അപശബ്ദങ്ങളും ഭാവമാറ്റവും പ്രകടമായിരിക്കുന്നു...
ഏതോ ദുരന്തത്തിന്റെ മുന്നൊരുക്കം പോലെ കുറുനരികളുടെയും കാട്ടുനായകളുടെയും നിർത്താതെയുള്ള ഓരിയിടൽ മായാസുരന്റെ മാറിൽ തട്ടി പ്രേതിധ്വനിച്ചു കൊണ്ടിരുന്നു .................................................
..................
ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന അഗ്‌നിയിലേക്ക് നെയ്യും മലരും നിവേദ്യവും അർപ്പിച്ചു പുരൂരവസ്‌ ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിടുകയാണ്.........
നെറ്റിയിൽ കുങ്കുമം ചാർത്തി നിരനിരയായി നിർത്തിയിരിക്കുന്ന നൂറ്റിയൊന്ന് കാളക്കുട്ടന്മാർ.....
അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന മന്ത്രധ്വനികൾക്ക് കൊഴുപ്പുകൂടാൻ ശിവതാളലയമായ ഡമരുവും കൂടെ വലംപിരി ശംഖിന്റെ ഭേരിമുഴക്കവും.........
ബലിപീഠത്തിന്റെ അരികിൽ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റു വെട്ടിത്തിളങ്ങുന്ന ഇരുതല മൂർച്ചയുള്ള കൊടുവാൾ....
ദേവിപ്രസാദത്തിനായി ദിവ്യബലി കഴിഞ്ഞിരിക്കുന്നു.....
ഇനി മൃഗബലി.........
മൃഗബലിക്ക് ശേഷം ഒരു നാഴിക കഴിഞ്ഞാൽ ശുഭ മുഹൂർത്തത്തിൽ ദേവീപ്രീതിക്കായുള്ള രക്താഭിഷേകം..............................................................
.......................................
കുളികഴിഞ്ഞു ചുവന്ന കോടിയെടുത്ത് നെറ്റിയിൽ ചുവന്ന ചാന്തും ചാർത്തി ശരീരം നിറയെ വെളുത്ത ഭസ്മം പൂശി ശതാനീകൻ അവസാന അന്നവും കഴിക്കാൻ ദർഭപ്പുൽ പായയിൽ ഇരുന്നു..........
തന്റെ അരുമ മകന് ഏറ്റവും ഇഷ്ടപ്പെട്ട മുൻഗാബീനും റാഗി റൊട്ടിയും പാകം ചെയ്യ്ത ശേഷം ബലധാര നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാൽ ഹൃദയം പൊട്ടുന്ന വേദനയോടെ ശതാനീകന്റെ വായിൽ ഒരു പിടി അവസാന അന്നം നൽകുമ്പോൾ, താൻ കല്ലിൽ കൊത്തിയെടുത്ത മുഴുവൻ ദൈവങ്ങളെയും മനസ്സാ ശപിച്ചു. നിസ്സഹായനായി നോക്കി നിൽക്കാനേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ.........
നീലാകാശം പോലെ തെളിഞ്ഞ് നിന്നിരുന്ന യോഗിതയുടെ സുന്ദരമായ മുഖം കാർമേഘം മൂടിയ മാനം പോലെ ഒന്ന് പെയ്തൊഴിയാൻ വെമ്പി നിൽക്കുകയാണ്.....
വാടി തളർന്ന താമരത്തണ്ട് പോലെ ഇരിക്കുന്ന യോഗിതയുടെ നിറമിഴികളിൽ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളിൽ നിന്നും മാത്രമാണ് അതൊരു ജീവനുള്ള ശിലയാണെന്ന് മനസിലാകുന്നത്.......
കൊട്ടും കുരവയുമായി തന്റെ നാഥനെ ദേവി സന്നിധിയിലേക്ക് കൊണ്ട് പോകാൻ രക്ഷാപാലകരും ഗ്രാമവാസികളും എത്തിയിരിക്കുന്നു.......
അവസാന അന്ത്യചുംബനം നൽകാൻ യോഗിത ശതാനീകന്റെ അടുത്തേക്ക് ചെന്നു.......
ചുവന്ന കോടിയുടുത്തു നിൽക്കുന്ന തന്റെ കാന്തനെ കണ്ട നിമിഷം അണപൊട്ടിയ മലവെള്ള പ്രവാഹം പോലെ പൊട്ടികരഞ്ഞു പോയി യോഗിത..........
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ സൂക്താങ്കാരും....തകർന്ന മനസ്സും തളർന്ന ശരീരവുമായി ബലധാരയും....മരവും മനുഷ്യനുമല്ലാത്ത ഒരു ജീവച്ഛയം പോലെ എല്ലാം കണ്ട്‌ നിർവികാരാധീനനായി നിൽക്കാൻ മാത്രമേ ശതാനീകന് കഴിഞ്ഞുള്ളൂ.......
തന്റെ സ്വപ്നങ്ങളും മോഹങ്ങളും ഉപേക്ഷിച്ച് തിരിച്ചു വരാത്ത ലോകത്തേക്ക് പുറപ്പെടുകയാണ്.
ജന്മം നൽകിയ മാതാപിതാക്കളെ തനിച്ചാക്കി......
തന്റെ പാതി ശരീരത്തെ വിധിയുടെ വിപീരിത നിമിത്തം മൂലം കൂരിരുട്ടിൽ ഒറ്റയ്ക്ക് നിർത്തി താൻ യാത്രയാകുകയാണ്........
പിതാവിന്റെയും മാതാവിന്റെയും കാലുകളിൽ തൊട്ട് സാഷ്ടംഗം നമസ്കരിച്ച് തന്റെ പ്രിയതമക്ക്‌ അന്ത്യചുംബനം നൽകി ശതാനീകൻ നിറഞ്ഞ മിഴികളോടെ പിന്തിരിഞ്ഞു നോകാതെ രക്ഷാപാലകരുടെ കൂടെ ബലിയാഗ തറയിലേക്ക് യാത്രയായി.....
തന്റെ പ്രിയതമന്റെ മുഖം അവസാനമായി ഒരു നോക്ക് ദർശിക്കണമെന്ന യോഗിതയുടെ ആവശ്യത്തിന് മുന്നിൽ സൂക്താങ്കാരിന് മൗനാനുവാദം നൽകേണ്ടി വന്നു.............
...............................
ബലിയാഗത്തറയിലെ വാദ്യമേളഘോഷങ്ങൾ ചെവിയിലേക്ക് അടുക്കും തോറും യോഗിതയുടെ ഇടനെഞ്ചിന്റെ പിടപ്പും വേദനയും കൂടി വന്നു........
അവസാനത്തെ കാളകുട്ടനെയും ബലി നൽകി അതിന്റെ മാംസം പ്രജകൾക്ക് വീതിച്ചു നൽകിയ ശേഷം വൈശമ്പായനൻ നരബലിക്കുള്ള ആജ്ഞ നൽകാൻ ബലിപീഠ തറയിലേക്ക് കയറി നിന്നു...........
ഇടംകണ്ണിനാൽ പുരൂരവസിനെ നോക്കി
വൈശമ്പായനൻ ഒന്ന് പുഞ്ചിരിച്ചു............
ക്രൂരമായ ചതിയിലൂടെ ജയം നേടിയ വിജയിയുടെ പുഞ്ചിരിയായിരുന്നു ആ മുഖത്ത് ആ നിമിഷം പ്രത്യക്ഷപ്പെട്ടത്............
തന്റെ കണ്ണുകൾക്ക് ആനന്ദം നൽകിക്കൊണ്ട് വാടി തളർന്ന താമരമൊട്ട് പോലെ ബലധാരയുടെ മാറിൽ തളർന്ന് കിടക്കുന്ന യോഗിതയുടെ അംഗലാവ്യണം വൈശമ്പായനനെ കൂടുതൽ ഉന്മാദനും ആവേശഭരിതനുമാക്കി...........
താൻ രചിച്ച നാടകത്തിന്റെ പരിസമാപ്തി ആയിരിക്കുന്നു. പുരൂരവസിന് താൻ വാഗ്ദാനം നൽകിയ സമ്പത്തിന് മുന്നിൽ രാശിപ്പലകയിലെ ഗ്രഹനിലകളിൽ നരബലിയിൽ സമർപ്പിച്ച രക്താഭിഷേകത്തിന്റെ ചിത്രം താൻ വരച്ചു വെപ്പിച്ചു.....................
സാമന്തപഞ്ചകത്തിന്റെ ദുരന്തം എന്ന ദുഃസ്വപ്നത്തിന്റെ കള്ളക്കഥ സുമാദേവിയെ പോലെ സഭ നേതൃത്വവും പ്രജകളും വിശ്വസിച്ചു........അല്ലെങ്കിൽ അവരെ വിശ്വസിപ്പിക്കാൻ മതനിയമങ്ങളും പേടിപ്പെടുത്തുന്ന അന്ധവിശ്വാസങ്ങളും കൊണ്ട് തനിക്കും പുരൂരവസിനും കഴിഞ്ഞിരിക്കുന്നു.........
ശതാനീകന്റെ ഭാര്യയായി യോഗിത സുബലദേശത്തു നിന്നും സാമന്തപഞ്ചകത്തിൽ എത്തിയ നിമിഷം ആ അപ്സര സുന്ദരിയിൽ തന്റെ മിഴികൾ ആകൃഷ്ടനായി......
താൻ മോഹിച്ചവൾ തന്നെ മോഹിപ്പിച്ച സുന്ദരി അവൾ തനിക്ക് മാത്രം സ്വന്തം........
അതിന് ഏക തടസ്സം ശതാനീകൻ......
ആ തടസ്സം ഒഴിവാക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല.......
"നരബലി അർപ്പിക്കപ്പെട്ടവന്റെ ഭാര്യയുടെ സംരക്ഷണവും അവകാശവും പ്രജാപതിക്ക് സ്വന്തം എന്ന അലിഖിത നിയമം പുരൂരവസിന്റെ പുരോഹിത നാവിനാൽ സഥാപിച്ചെടുക്കാൻ അധികം പ്രയാസം വേണ്ടി വരില്ല".....
താളമേളം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. ഹോമകുണ്ഡത്തിൽ അവസാന നിവേദ്യവും അർപ്പിച്ച ശേഷം പുരൂരവസ്‌ തന്റെ വലതു കൈ ആകാശത്തിലേക്ക് ഉയർത്തി..............
ഒരു നിമിഷം താളമേളങ്ങളും മന്ത്രോച്ചാരണവും ആർപ്പുവിളികളും എല്ലാം അവസാനിച്ചിരിക്കുന്നു........
എങ്ങും കനത്ത നിശബ്ദത..........
ആ നിശബ്ദതയിൽ പ്രകൃതിക്ക് മാത്രം കേൾക്കാൻ കഴിയുന്ന രണ്ടേരണ്ടു ശബ്ദം മാത്രം....
"യോഗിതയുടെ വിങ്ങിപൊട്ടുന്ന ഹൃദയത്തിൽ നിന്നും ഉയരുന്ന തേങ്ങലുകളും.....
ചതിയിലൂടെ പെണ്ണിന്റെ മനസ്സ് കിഴടക്കാം എന്ന മിഥ്യാധാരണയിൽ അട്ടഹസിക്കുന്ന വൈശമ്പായനന്റെ ക്രൂരമായ ഹൃദയത്തിന്റെ താളവും........
"പെണ്ണിനും പൊന്നിനും മണ്ണിനും അധികാരത്തിനും വേണ്ടി മനുഷ്യന്റെ ചതിയുടെയും വഞ്ചനയുടെയും
ചരിത്രത്തിന് കാലാന്തരത്തോളം പഴക്കമുണ്ട് "......................
പൂജിച്ച ഇരുതല മൂർച്ചയുള്ള കൊടുവാൾ പുരൂരവസ്‌ വൈശമ്പായനന് കൈമാറി.......
ബലിപീഠ തറയിലെ ബലിക്കല്ലിലേക്ക് ശതാനീകനെ ആനയിച്ചു കൊണ്ട് വന്നു..
മനമുരുകുന്ന വേദനയോടെ അവസാനമായി തന്റെ പ്രിയതമന്റെ മുഖം കൺ നിറയെ കണ്ട്‌ കെട്ടിപ്പുണരാൻ എല്ലാ എതിർപ്പുകളും അവഗണിച്ചു കൊണ്ട് ശതാനീകന്റെ അടുത്തേക്ക് യോഗിത ഓടിയടുത്തു.............
അവൾക്ക് മുന്നിൽ തടസ്സമായി രക്ഷാപാലകർ നിലയുറപ്പിച്ചു.......തൊഴുകൈകളാൽ അവളുടെ യാചനക്കൊന്നും അവരുടെ ശിലാഹൃദയത്തിൽ ദയയുടെ ഒരു അംശം തെളിനീർ പോലും കനിഞ്ഞില്ല.......
എല്ലാം കണ്ട്‌ ഒന്ന് ഉച്ചത്തിൽ പൊട്ടിക്കരയാൻ പോലും ശക്തിയില്ലാതെ ശതാനീകൻ........
നിസ്സഹരായി സൂക്താങ്കാരും ബലധാരയും.......
എല്ലാത്തിനും മൂകസാക്ഷിയായി സാമന്തപഞ്ചകവും...
ഏതൊരു ശിലാഹൃദയത്തെയും കരളലിയിപ്പിക്കുന്ന ആ രംഗം കണ്ട്‌ ആർപ്പുവിളിച്ചിരുന്ന ഗ്രാമവാസികളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി...
അവളുടെ ദുഃഖത്തിൽ വാനവും ഭൂമിയും ഒന്ന് പോലെ പങ്കുചേർന്നു.....
രക്താഭിഷേകത്തിനായി ശതാനീകന്റെ തലയറുക്കാൻ വൈശമ്പായനൻ കൊടുവാൾ ഉയർത്തിയതും സാമന്തപഞ്ചകത്തെ കിടുകിടാ വിറപ്പിച്ചു കൊണ്ട് മായാസുരമലയുടെ മുകളിൽ ഘോരമായ ശബ്ദത്തോടെ ഇടിമിന്നൽ പ്രത്യക്ഷപ്പെട്ടു.....
ആ ഘോരശബ്ദത്തിന്റെ നടുക്കത്തിൽ മാളങ്ങളിൽ നിന്നും പേടിച്ചു വിറച്ചു ഉരഗങ്ങൾ പുറത്തേക്ക് ഇഴഞ്ഞിറങ്ങി... ഗോകളും മറ്റു നൽക്കാലികളും ഭയചകിതരായി ഉച്ചത്തിൽ അലമുറയിട്ടു..
യോഗിതയുടെ കണ്ണുനീർ പ്രവാഹത്തിന്റെ ഒപ്പം ചേർന്നിരിക്കുന്നു ആകാശവും....
രാക്ഷസകൂട്ടത്തെ പോലെ ഇരമ്പി വരുന്ന കറുത്ത കാർമേഘങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അരുണൻ ആകാശത്തിന്റെ ഏതോ ചെറുകോണിൽ അഭയം തേടിയിരിക്കുന്നു...
ഒരു ചാറ്റൽ മഴയായി തുടങ്ങി അതിശക്തമായ പേമാരിയായി മാറിയിരിക്കുന്നു പ്രകൃതി...
എന്ത് ചെയ്യണം എന്നറിയാതെ വൈശമ്പായനൻ പകച്ചു നിന്നു പോയി...........
ചന്ദ്രമുഖിയുടെ ആഴങ്ങളിൽ നിന്നും അത് വരെ കേൾക്കാത്ത ചില ശബ്ദങ്ങൾ പുറത്തേക്ക് വന്നു..... സാമന്തപഞ്ചകത്തിന്റെ മാറിലേക്ക് തന്റെ ഇരുകൈകളും നീട്ടി തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു
ചന്ദ്രമുഖി അവളുടെ രൗദ്രഭാവം മുഴുവൻ പുറത്തെടുത്തിരിക്കുന്നു....
ചന്ദ്രമുഖിയുടെ സംഹാരതാണ്ഡവത്തിൽ
സാമന്തപഞ്ചകത്തിന്റെ പടിഞ്ഞാറൻ അതിരുകൾ എല്ലാം അവൾ നക്കിത്തുടച്ചു മുന്നോട്ട് വരികയാണ്‌..
കൂടെ കൂട്ടിനായി മായാസുരൻ തന്റെ ശിരസ്സിൽ നിന്നും കൂറ്റൻ പാറക്കല്ലുകൾ പിഴുതെടുത്ത് എറിയുന്ന പോലെ പാറക്കല്ലുകൾ താഴേക്ക്‌ അതിവേഗത്തിൽ ഉരുണ്ടു വരികയാണ്........
ഭയന്ന് വിറച്ച് അലമുറയിട്ട് കരഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് ഓടിയടുത്തു..........
ചില മന്ത്രങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു പുരൂരവസ്‌ വലത് കൈ ആകാശത്തേക്ക് ഉയർത്തിയതും ഒരു കൂറ്റൻ പാറക്കല്ല്
പുരൂരവസിന്റെ ഇടംകാലിൽ വന്നു പതിച്ചു.....
ശരീരത്തെ ഒന്ന് അനക്കാൻ പോലും കഴിയാതെ വേദനയിൽ പുളയുകയാണ് പുരൂരവസ്........
താൻ ചെയ്ത തെറ്റിന് ദേവി നൽകിയ ശിക്ഷ..
"എല്ലാ തെറ്റും ഞാൻ ഏറ്റു പറയാം മാതാ.. ഈ അസ്സഹനീയമായ വേദനയിൽ നിന്നും എന്നെ മോചിപ്പിച്ച് എന്റെ ജീവനെടുക്കു ദേവി"....
പേടിച്ചു പരിഭ്രാന്തരായ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് നടന്നടുത്തു..
പുരൂരവസിന്റെ നാവിൽ നിന്നും എല്ലാ സത്യങ്ങളും മനസ്സിലാക്കിയ സൂക്താങ്കാർ പുരൂരവസിനോടായി പറഞ്ഞു..
"ഇന്നലെകളിൽ ആരോ ചെയ്ത തെറ്റിനെ നിങ്ങൾ പുരോഹിത വർഗ്ഗം ഇന്നതിനെ ശരിയാക്കി മാറ്റുന്നു.....
നാളെ വിശ്വാസവും ആചാരവുമായി മാറ്റിയെടുത്ത് മനുഷ്യകുലത്തിന്റെ മുന്നിൽ നടപ്പിൽ വരുത്തുന്ന നാടുവാഴികളും പുരോഹിതന്മാരുമാണ് നാടുകളുടെ ശാപം"........
"അതിന്റെ ശിക്ഷയാണ് പുരൂരവസ്‌ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ".........
താൻ പണിതുയർത്തിയ ചതിയുടെയും അസത്യങ്ങളുടെയും ഗോപുരം തകർന്നടിഞ്ഞിരിക്കുന്നു എന്ന സത്യം വൈശമ്പായനന് മനസിലായിരിക്കുന്നു..രക്ഷപ്പെടാൻ ഇനി അവസരമില്ല..പ്രജകൾ എല്ലാം തനിക്ക് നേരെ
തിരിഞ്ഞിരിക്കുന്നു..
കണ്ണുകളിൽ എരിയുന്ന അഗ്നിയോടെ തനിക്ക് നേരെ രുദ്രയെ പോലെ നടന്നു വരുന്ന യോഗിതയുടെ കോപാഗ്നിക്ക് മുന്നിൽ എരിഞ്ഞടങ്ങുന്നത് പോലെ വൈശമ്പായനന് അനുഭവപ്പെട്ടു..
ചതിയുടെ എല്ലാ വശങ്ങളും ഉൾകൊണ്ട് താൻ നയിച്ച യുദ്ധത്തിൽ തോറ്റു നിൽക്കുന്ന സേനാനായകനാണ് താൻ ഇപ്പോൾ..തോൽവിയിലും ജയിക്കാൻ തന്റെ മുന്നിൽ ഒരേയൊരു മാർഗ്ഗം മാത്രം..........
ബലിപീഠത്തിന്റെ അരികിൽ ബന്ധനസ്ഥനായി നിൽക്കുന്ന ശതാനീകന്റെ കഴുത്തറുക്കുക..
താൻ മോഹിച്ചതും സ്വന്തമാക്കണം എന്ന ആഗ്രഹിച്ചതും ശതാനീകനും അനുഭവിക്കരുത്....
കൊടുവാൾ ഉയർത്തി ശതാനീകന്റെ തലയറുക്കുവാൻ വൈശമ്പായനൻ ഓടിയടുത്തു........
പെട്ടന്ന് ദ്വിഗന്തങ്ങൾ ഞെട്ടി തരിച്ചു വിണ്ടും അതിശക്തമായ ഇടി മുഴങ്ങി........
ഘോരശബ്ദത്തോടെയുള്ള ആ ഇടിമുഴകത്തിൽ സാമന്തപഞ്ചകത്തിന്റെ മാർപിളർക്കപ്പെട്ടിരിക്കുന്നു.....
ചെന്നായയുടെ ശൗര്യത്തോടെ കൊടുവാളുമായി കുതിക്കുന്ന വൈശമ്പായനന്റെ ശിരസ്സിലേക്ക് സൂക്താങ്കാർ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ദേവിശില്പം ആഞ്ഞു പതിച്ചു............
തകർന്ന ശിരസ്സുമായി പ്രാണവേദനയോടെ കിടക്കുന്ന വൈശമ്പായനന്റെ മുന്നിൽ രൗദ്ര ഭാവം വെടിഞ്ഞ് ശാന്തസ്വരത്തിൽ യോഗിത പറഞ്ഞു.....
"മനുഷ്യന്റെ ഒരു തുള്ളി രക്തത്താൽ പ്രീതിപ്പെടുന്നവരാണ് ദൈവങ്ങൾ എന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തി പിടിച്ചെടുക്കുന്ന അധികാരവും പ്രതാപവുമെല്ലാം തകരാൻ കേവലം നിമിഷങ്ങൾ മാത്രം മതിയെന്ന ലോകസത്യം വൈശമ്പായനാ നീയും നിന്നിലൂടെ വരും തലമുറയിലെ പ്രജാപതികളും മനസിലാക്കണം...
പരാശരന്റെ പുത്രൻ വൈശമ്പായനൻ എന്ന് വീരസ്യത്തോടെ വിളിച്ചു പറയുന്ന നിന്റെ ചതിയുടെ കഥ ലോകമറിയട്ടെ"........
മരണത്തിനു പോലും നീചമായ തന്റെ ആത്മാവിനെ തൊട്ട് നോക്കാൻ വെറുപ്പായിരിക്കുന്നു എന്ന നഗ്നസത്യം വൈശമ്പായനൻ മനസിലാക്കിയിരിക്കുന്നു...
"പ്രജകളുടെ ജീവൻ സംരക്ഷിക്കേണ്ട താൻ തന്റെ കേവല സുഖത്തിനും അധികാരത്തിനും വേണ്ടി നടത്തിയ ചതിക്കും വഞ്ചനക്കും അധികാര ദുർവിനിയോഗത്തിനും തനിക്ക് കിട്ടിയ ശിക്ഷ വരും തലമുറയിലെ ഭരണാധിപന്മാർ മനസ്സിലാക്കട്ടെ"......
"ഇനി എത്ര ജന്മങ്ങൾ താൻ ഗതിയില്ല ദേഹമായി ഭൂമിയിൽ ജീവിക്കേണ്ടി വരും"?............
തിരിച്ചു കിട്ടില്ല എന്ന് കരുതിയ തന്റെ പകുതി പ്രാണന്റെ അരികിലേക്ക് യോഗിത ഓടിയടുത്തു ശതാനീകനെ കെട്ടിപ്പുണർന്നു.............
ആ ആത്മബന്ധത്തിന് മുന്നിൽ പ്രകൃതിയും ഒന്ന് ചേർന്നു...
മഹാപേമാരി പെയ്തൊഴിഞ്ഞു മാനം തെളിഞ്ഞു. ആദിത്യൻ തന്റെ വെള്ള കുതിരകളാൽ പൂട്ടിയ മേഘത്തേരിൽ പുറത്തേക്ക് വന്നു........
പിളർന്ന ശിരസ്സുമായി മായാസുരൻ പിന്നെയും കാലങ്ങളോളം സാമന്തപഞ്ചകത്തിന്റെ കാവൽക്കാരനായി നിലകൊണ്ടു.. താണ്ഡവമെല്ലാം അവസാനിപ്പിച്ച്‌ താൻ കിഴടക്കിയ ഭൂമികയല്ലാം സാമന്തപഞ്ചകത്തിന് തിരികെ ദാനം നൽകി ചന്ദ്രമുഖി ശാന്തമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു......
അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo