നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഘോര - ഹൊറർ നോവൽ - ഭാഗം : 10



രചന : അജ്മല്‍ സികെ
.....................................
'നിന്റെ ശരീരമിപ്പോള്‍ ഭാരങ്ങളില്‍ നിന്ന് മുക്തമാണ്. ധൈര്യമായ് നദിയുടെ മുകളിലൂടെ നടന്നു മറുകര പിടിക്കു'
ആരോ മഹിയോട് അശരിരിയെന്നോണം പറഞ്ഞു. ജലോപരിതത്തിലോടെ നടക്കാന്‍ തുനിഞ്ഞ അവന്റെ കാലുകള്‍ ആഴങ്ങളിലേക്ക് ആണ്ടു പോയി. തിരികെ കരക്കു കയറി അവന്‍ ഇനിയെന്തെന്ന ഭാവേന നിന്നു. വീണ്ടും അവനെ ആ ശബ്ദം തേടിവന്നു.
'ശരീരം മാത്രമേ ഭാരങ്ങളെ അതിജയിച്ചുള്ളു നിന്റെ മനസ്സിപ്പോഴും സംശയങ്ങളുടെ പിടിയിലാണ്.. സംശയങ്ങളെ മാറ്റി വെച്ച് മനസ്സ് ഏകാഗ്രമാക്കൂ...'
ഓം ഹ്രീം സുഫുര പ്രസ്ഫുര
ഘോരരതതരതനൂരൂപ
ചടപ്രചട കഹവമ
രക്താകാരംബരോ
ബന്ധഖാദയ ഹിപ്രവരഘതിതഗാ
ഹും ഫട്
ആരോ ചൊല്ലിത്തരും പോലെ അവനാ മന്ത്രം ആവര്‍ത്തിച്ചുരുവിടാന്‍ തുടങ്ങി.... അലകടല്‍ പോലെ നിന്നിരുന്ന മനസ്സ് ശാന്തമാകുന്നതും ഇരുള്‍നിറയുന്നതും അവനറിഞ്ഞു.. പതിയെ അവന്‍ കാലടികള്‍ ഇളകി മറിയുന്ന അരുവിയലേക്ക് കയറ്റി വെച്ചു. താഴ്ന്ന് പോവാതെ ജലോപരിതലത്തില്‍ അവന്‍ കയറി നിന്നു. മുതലകള്‍ അവനു പിറകെ അരുവിയിലേക്കിറങ്ങി അവന് അകമ്പടി സേവിച്ചു. അരുവിയില്‍ ഒഴുകിയെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ മറുകരയിലെത്തി. തുരുത്തിലേക്ക് അവന്‍ കാലെടുത്തു വെച്ചു... കാലടിക്കിടയില്‍ എന്തോ ഞെരിഞ്ഞമര്‍ന്ന തരിപ്പണമാവുന്നതും... കാലുകളിലേക്ക് നനവ് പടരുന്നതും അവനറിഞ്ഞു. മാറി നിന്ന് അവനതിലേക്ക് തുറിച്ച് നോക്കി. ഒരു തലയോട്ടി. അവന്‍ കാലെടുത്ത് വെച്ചത് അതിലേക്കായിരുന്നു... അത് പൊട്ടിപ്പൊളിഞ്ഞ് രക്തം ഒഴുകിയിറങ്ങാന്‍ തുടങ്ങി.
അത് മാത്രമായിരുന്നില്ല. ആ തുരുത്ത് മുഴുവന്‍ തലയോട്ടികളാലും അസ്്ഥികളാലും നിറഞ്ഞിരുന്നു. ഒരു പക്ഷെ നരഭോജികളാവും ഇവിടെ വസിക്കുന്നത് അവന് തോന്നി. അവര്‍ക്ക് ഭക്ഷണമാവാനാകുമോ ഞാനിവിടെയെത്തിയത്......അവന്‍ ഭയപ്പാടോടെ ചിന്തിച്ചു.
പെട്ടെന്ന് അവന്‍ കണ്ടു. തുരുത്തിന്റെ മദ്ധ്യ ഭാഗത്തായി വള്ളികളാല്‍ ചുറ്റപ്പെട്ട് ചോരക്കറ പുരണ്ട് കറുത്ത വലിയ ബലിക്കല്ല്......... അവിടെ വെച്ചായിരുന്നു എല്ലാം തുടങ്ങിയത് അവനോര്‍ത്തു. സ്വപ്‌നങ്ങളില്‍ കണ്ട നാഗങ്ങളെയും ആജാനുബാഹുവിനേയും അവന്‍ ചുറ്റിലും തിരഞ്ഞു.... ഇല്ല താന്‍ ഈ തുരുത്തില്‍ തനിച്ചാണ്..... കൂട്ടിന് ഈ ബലിക്കല്ലും കൂറേ അസ്ഥിപ്രഞ്ചരങ്ങളും മാത്രം...
അവന്‍ ബലിക്കല്ലിനരികിലേക്ക് സാവധാനം നടന്നു. ഏകദേശം അടുത്തെത്താറായപ്പോള്‍ എവിടെ നിന്നോ ഉച്ചത്തിലൊരു ശംഖ് നാദം അവിടെയൊന്നടങ്കം മുഴങ്ങി. ഒന്നിനു പിറകെ മറ്റൊന്നായി ശംഖ് നാദങ്ങള്‍ മുഴങ്ങിക്കോണ്ടിരുന്നു. അവന്‍ ആശ്ചര്യത്തോടെ നടത്തം നിര്‍ത്തി ചുറ്റിലും നോക്കി. സൂര്യവെളിച്ചം എവിടെയോ പോയ് മറഞ്ഞു.. ചുറ്റം അന്ധകാരം നിറഞ്ഞു. ശക്തമായ കാറ്റ് ആ തുരുത്തില്‍ വീശിയടിച്ചു. പെട്ടെന്ന് അവന് ഓടി മാറാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ അവന്റെ ചുറ്റിലുമുള്ള കരിയിലകള്‍ തീ പിടിച്ചു....
അഗ്നിയുടെ ചുവന്ന പ്രഭയില്‍ അവന്‍ മറ്റൊരു അത്ഭുതകരമായ കാഴ്ച്ച കണ്ടു. തുരുത്തിന്റെ നാനായിടങ്ങളില്‍ നിന്നും അസ്ഥിപ്രഞ്ചരങ്ങള്‍ക്കിടയിലൂടെ.... ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആയിരക്കണക്കിന് പെണ്‍ കൊടികളെ. പൂര്‍ണ്ണ നഗ്നരായി അവര്‍ അവന് ചുറ്റിലും ഒത്തുകൂടി നൃത്തം വെച്ചു. ചുറ്റിലും തീ പടര്‍ന്നു പിടിക്കുന്നത് പോലും മറന്ന് അവനവരോട് ഉച്ചത്തില്‍ ചോദിച്ചു.
' നിങ്ങളൊക്കെ ആരാണ് ബാലികമാരേ... നിങ്ങളെവിടെ നിന്നാണ് ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത്'
അയാളുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ അവര്‍ കൈകള്‍ കോര്‍ത്ത് നൃത്തം തുടര്‍ന്നു. അവനവന്റെ ചോദ്യം മൂന്നാവര്‍ത്തി തുടര്‍ന്നു. പെട്ടെന്ന് നൃത്തം അവസാനിപ്പിച്ച്... അവരവനോട് ആക്രോശിച്ചു.
' നിനക്ക് ഞങ്ങള്‍ ആരാണെന്നറിയണമല്ലേ..... ജീവനെടുക്കുമ്പോള്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ എന്തിനിപ്പോള്‍ ചോദിക്കുന്നു....'
അവരുടെ ആക്രോശങ്ങളുടെ അര്‍ത്ഥം എന്തെന്ന് അവന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
' ജീവനെടുത്തെന്നോ എന്തു അസംഭവ്യമാണ് നിങ്ങളീ പറയുന്നത്... '
അവന്‍ ആശ്ചര്യത്തോടെ അവരോട് വീണ്ടും ചോദിച്ചു.
'നിന്റെ അഘോര സാഫല്യത്തിനായി നിഷ്ടൂരം ബലി നല്‍കപ്പെട്ട പാവം പെണ്‍ കൊടികളാണ് ഞങ്ങള്‍...... ചോരവാര്‍ന്ന് ഒടുക്കം ഈ അഗ്നിയില്‍ ഞങ്ങള്‍ എറിയപ്പെടുകയായിരുന്നു...
അവനപ്പോഴാണ് ആ പെണ്‍കൊടികളുടെ മുഖങ്ങള്‍ ശ്രദ്ധിച്ചത്. എല്ലാ മുഖങ്ങളും ഒരു പോലെയിരിക്കുന്നു. താന്‍ സ്വപ്‌നങ്ങളില്‍ കാണാറുണ്ടായിരുന്ന പെണ്‍കൊടികള്‍ അല്ലേ ഇവര്‍ അവന്‍ അത്ഭുതപ്പെട്ടു. ആ പെണ്‍കൊടികള്‍ ഉച്ചത്തില്‍ കരയാനാരംഭിച്ചു... കണ്ണുനീരിന് പകരം അവരുടെ കണ്ണുകളില്‍ നിന്ന് ചോരതുള്ളികള്‍ ഇറ്റി വീണു കൊണ്ടിരുന്നു... അവനും വിഷമം സഹിക്കാനായില്ല... അവനും തേങ്ങി പോയി... അവന്റെ കണ്ണുകളില്‍ നിന്നും ചോരതുള്ളികള്‍ ധാരയായി ഒഴുകി.
അപ്പോഴേക്ക് വൃത്താകൃതിയില്‍ അഗ്നി അവനെ വലം വെച്ചു കഴിഞ്ഞിരുന്നു. കാലുകളിലേക്ക് തീ ചൂട് പടര്‍ന്നു പിടിച്ചപ്പോള്‍ സഹിക്ക വയ്യാതെ അവന്‍ വയുവിലേക്കെടുത്ത് ചാടി..... തനിക്ക് ചുറ്റും വൃത്താകൃതിയില്‍ രൂപപ്പെട്ട അഗ്നിയെ മറികടക്കാന്‍ അവന്‍ സാധിച്ചില്ല... പക്ഷെ അവന്‍ ചാടികൊണ്ടേയിരുന്നു... സാവകാശം ആ ചാട്ടം ഭ്രാന്തമായ ചുവടുവെപ്പായി മാറി... പിന്നെ അത് രുദ്രതാണ്ഡവമായി മാറി..... അഗ്നി അവനിലേക്ക് അടുക്കും തോറും അവന്‍ കൂടുതല്‍ ശക്തിയോടെ ആടിക്കൊണ്ടേയിരുന്നു. അവനൊപ്പം ആ പെണ്‍കൊടികളും നൃത്തം ആരംഭിച്ചു. ഒടുവില്‍ പെണ്‍കൊടികളോരോന്നും ആര്‍ത്തനാദങ്ങളോടെ ആ അഗ്നിയിലേക്ക് ചാടി വീണു എരിഞ്ഞൊടുങ്ങി. അവനപ്പോഴും ചിത്തഭ്രമം പിടിച്ചത് പോലെ ഉറഞ്ഞു തുള്ളുകയായിരുന്നു.
.......................................................
' നമുക്ക് മുത്തശ്ശന്റെ അരികിലേക്ക് പോകാം. അദ്ദേഹത്തിനെ ഇതിനെ കുറിച്ച് കൂടുതലായി എന്തെങ്കിലും പറഞ്ഞു തരാന്‍ പറ്റു'
ബാലന്‍ രാഘവനോടായ് പറഞ്ഞു.
'അപ്പോള്‍ മഹിക്കുഞ്ഞ് തിരിച്ച് വന്ന് എന്നെ കണ്ടില്ലെങ്കില്‍ പരിഭ്രമിക്കില്ലെ ബാലകാ'
അയാളവനോട് സംശയം പ്രകടിപ്പിച്ചു.
' എന്നെ ബാലകന്‍ എന്നു വിളിക്കേണ്ട.. എനിക്കൊരു പേരുണ്ട്. മുത്തശ്ശന്‍ ഇട്ട പേരാണ്.. ജീവാനന്ദന്‍.... ചിലര്‍ ജീവാ. എന്നും ചിലര്‍ ആനന്ദ് എന്നും വിളിക്കും.... ചേട്ടന് ഇഷ്ടമുള്ളത് വിളിക്കാം '
ഇത്ര നേരം സംസാരിച്ചിട്ടും താനവന്റെ പേരു പോലും ചോദിച്ചില്ലെന്ന് ഇളിഭ്യതയോടെ രാഘവന്‍ ഓര്‍ത്തു.
' പിന്നെ മഹി തിരുമേനി ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല... ഈ കാടിന് പരിസരത്ത് അധിക സമയം ചുറ്റിത്തിരിയുന്നത് ആപത്താണ്, നമുക്ക് മുത്തശ്ശനരികിലേക്ക് പോകാം'
പ്രതികരണത്തിന് കാത്ത് നില്‍ക്കാതെ അവന്‍ രാഘവന്റെ കാളവണ്ടിയില്‍ കയറി ഇരുന്നു. പിണ്ണാക്ക് കലക്കി വെച്ച പാത്രം ഭദ്രമായി വണ്ടിയില്‍ എടുത്ത് വെച്ച് ആനന്ദ് പറയുന്ന വഴിയേ അയ്യാള്‍ കാളയെ തെളിച്ചു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്ക് അവര്‍ ബാലന്റെ വസതിയില്‍ എത്തിച്ചേര്‍ന്നു. ഒരു പഴകി പൊളിഞ്ഞ ഒറ്റനില വീട്. പൂപ്പലും പായലും പിടിച്ച് ദ്രവിച്ച ഓടുകളാല്‍ മൂടപ്പെട്ട് അതിന്റെ മേല്‍ക്കൂര ഇപ്പോള്‍ താഴെവീഴുമെന്ന ഭാവേന നില്‍ക്കുന്നു. ചാണകം കൊണ്ട് മെഴുകിയ നിലവും മുറ്റത്തെ തുളസി തറയും രാഘവന്‍ നിമിഷങ്ങള്‍ക്കകം തന്നെ നിരീക്ഷിച്ചു.
'എന്താ അന്താളിച്ചു നില്‍ക്കുന്നത്... കാളകളെ ഒതുക്കിക്കെട്ടി.. ഇങ്ങോട്ട് കയറി വരു'
ജീവാനന്ദന്‍ അയാളോട് ആവശ്യപ്പെട്ടു. നന്നായ് പുല്ല് കിട്ടുന്ന ഇടത്ത് വണ്ടി ഒതുക്കിയിട്ട് അയാള്‍ അവന് പിറകെ ആ വീടിനുള്ളിലേക്ക് കയറി ചെന്നു. പുറത്ത് ചാരു കസേരയില്‍ ഒരു വൃദ്ധരൂപം ഇരിക്കുന്നത് അവ്യക്തമായി ദൂരെ നിന്ന് രാഘവന്‍ കണുന്നുണ്ടായിരുന്നു. പക്ഷെ മുഖം വ്യകത്മല്ല. അരികിലെത്തും തോറും രാഘവന്റെ മുഖം ആശ്ചര്യത്താല്‍ വികസിച്ചു കൊണ്ടേയിരുന്നു. അവന്റെ ശബ്ദം അവന്‍ പോലും അറിയാതെ പുറത്തേക്കൊഴുകി.
' വല്ല്യ തിരുമേനി.... ഇന്ദ്രവര്‍മ്മ പെരുമാള്‍...'
........തുടരും............

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ
https://www.nallezhuth.com/search/label/Aghora

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot