നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിന്ത

Image may contain: 1 person, beard
അങ്ങനെ ഇരിക്കെ,എങ്ങനെ ഇരിക്കെ ? എങ്ങനെയോ ഒക്കെ ഇരിക്കെ ,ഡിഗ്രീ പാസ്സാവണോ വേണ്ടയോ എന്ന ചിന്ത തലയിലും പരിസരത്തും കറങ്ങി നടക്കുന്ന കാലം,സപ്പ്ളി അടിച്ച പേപ്പറുകൾ രാത്രി കാലങ്ങളിൽ വെള്ള സാരി ഉടുത്തു ജന്നൽ വഴി വന്നു പേടിപ്പിച്ചിരുന്ന കാലം ,ലൈഫ് ഈസ്‌ ഹൊറിബിൾ എന്ന് രവിക്കുട്ടൻ ഒരു പഴമൊഴി സൃഷ്‌ടിച്ച കാലം,
നേരത്തെ പറഞ്ഞ പോലെ ഒക്കെ ഇരിക്കെ,ഒരു ദിവസം, സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വർഗ്ഗമായ്, അതായതു ഇംഗ്ലീഷിൽ പറഞ്ഞാൽ സന്ധ്യ ആയി എന്നർഥം,
അതാ വരുന്നു അച്ഛനും ഒപ്പം ഒരു സുഹൃത്തും,ആൾ ബിഗ്‌ ഷോട്ട് ആണത്രേ,കേട്ട പാടെ രവിക്കുട്ടൻ ചെവി പൊത്തി നിന്നു ,കാരണം വെടി പേടി ആണ് അന്നും ഇന്നും ,
മണ്ടാ ബിഗ്‌ ഷോട്ട് എന്ന് പറഞ്ഞാൽ വലിയ പുള്ളി, അല്ലാതെ വലിയ വെടി എന്നല്ല ,അമ്മ പറഞ്ഞു,
ഈ പ്രായത്തിലും ഇംഗ്ലീഷ് അറിയില്ലെങ്കിൽ വനവാസത്തിനു പോകുന്നതാണ് നല്ലത് എന്ന് അതിഥിയും പറഞ്ഞു
ലോകത്ത് കോടാനുകോടി വിഷയങ്ങൾ ചർച്ചക്ക് ഉതകുന്നവ നിലനിൽക്കെ തന്നെ,അതൊന്നും ചർച്ചക്ക് എടുക്കാതെ, അച്ഛനും അമ്മയും അതിഥിക്ക് മുന്നിൽ ചായക്കൊപ്പം കടിയായി അവതരിപ്പിച്ച വിഷയം രവിക്കുട്ട പഠനം ആയിരുന്നു , കഥാ സന്ദർഭത്തിന് അനുസരിച്ച് ചിരിച്ചും കരഞ്ഞും മൂക്കത്ത് വിരൽ വെച്ചും നെഞ്ചത്തടിച്ചുമെല്ലാം അതിഥി അത് കേട്ട് കൊണ്ടിരുന്നു,
ഒന്നാം ക്ലാസ് മുതൽ ഡിഗ്രീ വരെ ഉള്ള പഠന വിശേഷങ്ങൾ ,സാധാരണ ഗതിയിൽ കഥ കഴിയുമ്പോൾ അതിഥി ബോധം കെടുകയും രവിക്കുട്ടൻ മതിൽ ചാടുകയും ആണ് ഉണ്ടാവാറ് പതിവ്
പതിവിനു വിപരീതമായി ഈ വലിയ വെടി ആയ അതിഥി പൊട്ടിച്ചിരിച്ചു കൊണ്ട് ചാടി എണീറ്റ്‌ പറഞ്ഞു, മിടുക്കൻ,ഇവൻ ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തും,
വല്ല പെയിന്റിംഗ് പണിക്കും വേണ്ടി പത്തു നില കെട്ടിടത്തിൽ വലിഞ്ഞു കയറുമ്പോഴോ ? അച്ഛൻ ചോദിച്ചു
തമാശ വേണ്ട സുകു , തമാശ വേണ്ട,
പിന്നല്ലാതെ
കുശാഗ്രബുദ്ധി,പ്രതിലോമ ശക്തി ,പ്രാപഞ്ചിക മസ്തി ...ത്രിലോത്തമ ഗുസ്തി ...
ഇതെല്ലാം ആര് ? അച്ഛൻ ചുറ്റും നോക്കി...
ഇതെല്ലാം ഇവന് ഉണ്ടെന്ന്...ഗുണഗണങ്ങൾ...ഉയരത്തിൽ എത്തും ,സുനിശ്ചിതം
രവിക്കുട്ടൻ മുരിങ്ങക്കോൽ പോലെ ഇരുന്ന സ്വന്തം ശരീരത്തിലേക്ക് ആരാധനയോടെ നോക്കി,ഹോ ഞാൻ ഒരു സംഭവം തന്നെ,
ഇവന് ഞാൻ ജോലി കൊടുക്കും
എവിടെ ?
ഓ എൻ ജീ സി,
അതെന്തര് സാധനം ? രവിക്കുട്ടൻ ചോദിച്ചു
ഓയിൽ ആൻഡ്‌ നാച്ചുറൽ ഗ്യാസ് കമ്മീഷൻ ,പുള്ളി അലറി
" ശ്ചിൽ " സിംബൽ അടിച്ച ശബ്ദം, അടുക്കളയിൽ ആരോ പാത്രം തള്ളി ഇട്ടതാണ്
അവിടെ എനിക്ക് ആളുണ്ട് , നല്ല ഉഗ്രൻ ശമ്പളം,ഉഗ്രൻ ആഹാരം,ഐസ് ക്രീം ഒക്കെ പത്തു പൈസക്ക് കിട്ടുന്ന സബ്സിടൈസ്ട് കാന്റീൻ, എന്താ ആ ജോലി സ്വീകരിച്ചു കൂടെ മകനെ ?
കരിക്കാം
ങേ ?
സ്വീകരിക്കാം സാർ, അല്ല മാമാ,
ഉം,എന്താ സുകു ഈ ജോലി മതിയോ? അതോ ഞാൻ വേറെ ശ്രമിക്കണോ?
ശ്രമി, മതിക്കണ്ട , അല്ല മതി ശ്രമിക്കണ്ട ....ലോട്ടറി അടിച്ച അച്ഛൻ ബ ബ്ബ ബ്ബയും അടിച്ചു
ഉം ബയോദത്ത ഒരെണ്ണം തപാലിൽ അയക്കൂ
അതാര് ,നമ്മുടെ വാസവദത്തയുടെ ?
വാസവ ദത്ത അല്ല ഉപഗുപ്തൻ, എടൊ ,നിന്നെപ്പറ്റി ഉള്ള ഒരു സ്വയം വിവരണം,പഠിത്തം,എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റീസ് ,അങ്ങനെ ഒരെണ്ണം ബായോടത്ത
ഉവ്വാ....പഠിത്തം നിൽ, എക്സ്ട്രാ കരിക്കുവെള്ളം ആക്റ്റിവിറ്റീസ് വായും നോട്ടം, മരം കയറ്റം,തീറ്റ എന്നിവ ആണ് മതിയോ ? രവിക്കുട്ടൻ ചോദിച്ചു,
ധാരാളം,കുറച്ചു കൂടുതലും ആണ് യോഗ്യത, അയക്കിൻ. എന്നാൽ ഞാൻ ഇറങ്ങട്ടെ,
ഒരിക്കലും അങ്ങ് ഇറങ്ങരുത് ഉയരങ്ങളിലേക്ക് കയറുകയാണ് വേണ്ടത്, രവിക്കുട്ടൻ പറഞ്ഞു
അതല്ല ...ഈ വീട്ടിൽ നിന്നും ഇറങ്ങട്ടെ എന്ന്,
ശെരി മാമാ ,രവിക്കുട്ടൻ വിനയകുനിതനായി സ്വന്തം കണ്ണിൽ തൊട്ടു മാമന്റെ കാലിൽ വെച്ചു
ഇതെന്താ? സാധാരണ കാലിൽ തൊട്ടു കണ്ണിൽ വെക്കലല്ലേ പതിവ്?
ബഹുമാനം ക്രമാതീതം ആവുമ്പോൾ ഞാൻ ഇവ്വിധം ആണ് ചെയ്യാറ്
അങ്ങനെ ആ ബിഗ്‌ ഷോട്ട് പോയി, കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ രവിക്കുട്ടൻ ടെക്സ്റ്റ് ബുക്ക് വലിച്ചു കീറി കാറ്റിൽ പറത്തി, കാരണം ഓ എൻ ജീ സി
അനിയത്തിയുടെ തലക്കിട്ടു ഒരു കാര്യവും ഇല്ലാതെ കിഴുക്കി, കാരണം ഓ എൻ ജീ സി
അമ്മൂമ്മയുടെ മുറുക്കാൻ ചെല്ലം എടുത്തു ജന്നൽ വഴി ദൂരെ കളഞ്ഞു, കാരണം ഓ എൻ ജീ സി
അടുത്ത ദിവസം കാലത്തേ രവിക്കുട്ടൻ കുളിച്ചു കുട്ടപ്പൻ ആയി പ്രേമിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പെണ്ണിന്റെ വീട്ടിൽ കയറി പോയി, പേടി സ്വപ്നമായിരുന്ന അവൾടെ പട്ടാളക്കാരൻ അച്ഛന്റെ മുന്നിൽ കസേര വലിച്ചിട്ടു ഞെളിഞ്ഞിരുന്നു,
എന്താ? എന്ത് വേണം ?
കല്യാണം ആലോചിച്ചു വന്നതാ ?
ആർക്ക് ?
എനിക്ക് തന്നെ
ങേ ? പെണ്ണ് ?
നിങ്ങടെ മോൾ
ഭാ, മുട്ടേന്നു വിരിയാത്തവനെ
ഇപ്പൊ അല്ല കെളവാ , ഒരു ആറേഴു വർഷം കഴിഞ്ഞു ശെരിക്കും വിരിഞ്ഞിട്ടു മതി , മിക്കവാറും ഈ മാസം ഓ എൻ ജീ സി യിൽ ജോലി കിട്ടിയേക്കും,ഉഗ്രൻ ശമ്പളം,ഉഗ്രൻ വീട്,ഉഗ്രൻ ഐസ് ക്രീം വെറും പത്തു പൈസക്ക്
അത്രയും ആയപ്പോൾ അയാൾ അകത്തേക്ക് നോക്കി വിളിച്ചു, എടീ
ഓ ,ചായ ഒന്നും വേണ്ട,
എടീ വേഗം ആ തോക്ക് ഇങ്ങെടുക്കൂ.
രവിക്കുട്ടൻ അപ്പോൾ തന്നെ ഇറങ്ങി അതിവേഗം ഓടി ചെട്ടികുളങ്ങര സ്കൂളിനു ഒരു വലം വെച്ച് വന്നു മുറിയിൽ കേറി ഒളിച്ചു , വൃത്തികെട്ട മനുഷ്യൻ,ആർക്ക് വേണം അയാള്ടെ മോളെ, രവിക്കുട്ടന് വേറെ നല്ല പെണ്ണ് കിട്ടും
അങ്ങനെ അന്ന് മുതൽ എന്നും പോസ്റ്റ്‌ മാനെയും പ്രതീക്ഷിച്ചു നിൽപ്പ് തുടങ്ങി ,ദിവസങ്ങൾ മാസങ്ങൾ ആയി ,നിന്ന് നിന്ന് വേരിറങ്ങിയ കാരണം നടക്കാൻ പറ്റാതെ ആയി , വിളിക്കുമ്പോൾ എല്ലാം ബിഗ്‌ ഷോട്ട് പറഞ്ഞു കൊണ്ടിരുന്നു ,ഇപ്പ ശെരിയാക്കി തരാം,
അങ്ങനെ ഒടുവിൽ ഒരു ദിവസം അച്ഛൻ പറഞ്ഞു, വല്ലവരും പറയുന്നതും കേട്ട് പഠിക്കാതെ ഇത്രയും കാലം നടന്നതിനു നീ അനുഭവിക്കും,
അങ്ങനെ പറയരുത് അച്ഛാ ,ഓഎൻജീ സീ യിൽ നല്ലൊരു ജോലി, ഉഗ്രൻ ശമ്പളം,ഉഗ്രൻ വീട്,ഉഗ്രൻ ഐസ് ക്രീം വെറും പത്തു പൈസക്ക്
ഭ നിറുത്തെടാ, അയാൾ ഒരുപാടു പേരോട് ഇങ്ങനെ പുളു അടിച്ചിട്ടുണ്ട്,പണ്ട് മുതലേ,ആർക്കും ഇന്ന് വരെ ഒരു ജോലിയും കൊടുത്തിട്ടുമില്ല, ഇന്നാണ് ഞാൻ അറിയുന്നത്
അമ്മ കാർപെറ്റ് വലിച്ചെടുത്തത് പോലെ തോന്നി രവിക്കുട്ടൻ താഴേക്ക്‌ നോക്കി, അല്ല, ഭൂമി കാൽക്കീഴിൽ നിന്നും ഒലിച്ചു പോയ ഫീലിംഗ് ആയിരുന്നു ,മഹാപാപി ബിഗ്‌ ഷോട്ട്....ഓഎൻ ജെ സി പോലും ഓ എൻ ജീ സി ,ഉഗ്രൻ ശമ്പളം,ഉഗ്രൻ വീട്,ഉഗ്രൻ ഐസ് ക്രീം വെറും പത്തു പൈസക്ക് ,കല്യാണാലോചന,ബുക്ക് കീറി കാറ്റിൽ പറത്തൽ എന്തൊക്കെ ആയിരുന്നു,ഒടുവിൽ ശവനായി പവമായി (അന്ന് അങ്ങനെ ആയിരുന്നു )
രവിക്കുട്ടൻ പതുക്കെ അടുത്ത് ചെന്ന് അച്ഛനെ തോണ്ടി വിളിച്ചു അപ്പൊ ഓഎൻജീ സീ നടക്കൂലെ ?
ഓ എൻ ജീ സി നടക്കും ... എന്ന് വെച്ചാൽ അയാളെയും നോക്കി ഇരുന്നാൽ "ഒരു നാൾ ഗതികെട്ട് ചാവും" ,അതാണ് ഓ എൻ ജീ സി
എനിക്ക് ഒരു അഞ്ഞൂറ് രൂപ വേണം,രവിക്കുട്ടൻ ദേഷ്യത്തിൽ പറഞ്ഞു
എന്തിനാ ,വിഷം മേടിക്കാൻ ആണോ ?
അല്ല,കീറിക്കളഞ്ഞ ടെക്സ്റ്റ്‌ ബുക്ക് വാങ്ങിക്കാൻ,അടുത്ത ആഴ്ച പരീക്ഷ ആണ്, രവിക്കുട്ടൻ മുള ചീന്തും പോലെ ഉച്ചത്തിൽ കരഞ്ഞു

By: AjoyKUmar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot