നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംഗാരകൻ (കഥ)

Image may contain: 1 person, beard

*********************
കണ്ണുകൾ മെല്ലെ തുറന്നു. പേടകം നിശ്ചലമായിരുന്നു. ഗ്ലാസിനുള്ളിലൂടെ പുറത്തേക്ക് നോക്കി. പാതി ഇരുട്ടും പാതി വെളിച്ചവും കലർന്ന ഒരവസ്ഥ. നേരം വെളുത്ത് വരികയാണോ? അതോ രാത്രി തുടങ്ങുകയാണോ? നിമിഷങ്ങൾക്കകം എനിക്കാ ബോധ്യം വന്നു, സൂര്യനിൽ നിന്നും ഭൂമിയേക്കാൾ ഏതാണ്ട് രണ്ടിരട്ടിയോളം അകലത്തിലായതു കാരണം സൂര്യപ്രകാശത്തിന്റെ പാതിയിൽ കുറഞ്ഞ പ്രകാശം മാത്രം ലഭിക്കുന്ന ഈ ഗ്രഹത്തിലെ ഒരു പകൽ തന്നെയാവണം ഇത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കാര്യം കൂടെ മനസ്സിലായി അന്തരീക്ഷത്തിൽ ആകെ ചെറുപൊടിപടലങ്ങളും കലർന്നിരിക്കുന്നു.
ശാന്തമായൊഴുക്കുന്ന പുഴ, പുഴയോരം പച്ചപിടിച്ച വയൽ, വയലിനോരത്തുകൂടെ നീണ്ട് കിടക്കുന്ന കറുത്ത റോഡ്, റോഡിനപ്പുറം തെങ്ങുകളും കവുങ്ങുകളും കൂടാതെ പല തരം ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പ്, പറമ്പിന് നടുവിൽ രണ്ടു നിലയിൽ, ഹേഷും വെള്ളയും കലർന്ന് വർണ്ണ മടിച്ച മനോഹരമായ കോൺക്രീറ്റ് വീട്, വീടിന് പുറകോട്ട് അകലെ ഉയർന്നു നിൽക്കുന്ന പച്ച പിടിച്ച മല, മലയുടെ ഉച്ചിയിൽ മുത്താൻ വന്ന വെൺമേഘക്കീറുകൾ, മേഘക്കീറുകൾക്കു പിന്നിൽ വിശാലമായ നീലാകാശം,....
എട്ടു കോടി കിലോമീറ്റർ സഞ്ചരിച്ച്, ഞങ്ങളെ വഹിച്ച ഈ പേടകത്തിന് ഇവിടെയെത്താൻ എട്ട് മാസവും ഇരുപത്തിഴേയ് ദിവസവും വേണ്ടിവന്നെങ്കിലും മനസ്സിന് ആ എട്ടു കോടിക്കിലോ മീറ്റർ ദൂരം തിരികെ സഞ്ചരിക്കാൻ ഒരേ ഒരു നിമിഷം മതിയായിരുന്നു. പിന്നീട് പൊടുന്നനെ അതേ ഒരു നിമിഷംകൊണ്ട് തിരിച്ചുമുണർന്നു മനസ്സ്.
പേടകത്തിൽ സമീപം മരിച്ചത് പോലെ കിടക്കുന്ന സഹയാത്രികയെ നോക്കി. പ്രതലത്തിലിറങ്ങുമ്പോഴുണ്ടായ ഇടിച്ചിറക്കവും സ്പീഡും കുലുക്കവും കറക്കവും കാരണമുണ്ടായ വലിയ ആഘാതമാണ് ബെൽറ്റിന്റെയും എയർ ബാഗിന്റെയും സുരക്ഷ ഉണ്ടായിരുന്നെങ്കിലും, ഞങ്ങളുടെ ബോധത്തെ നഷ്ടമാക്കിയത്.മുഖത്തെ ഗ്ലാസിന്റെ ആവരണം മേലോട്ടുയർത്തി ഞാനവളെ ഗ്ലൗസോടു ചേർന്ന കൈയ്യാൽ മുഖത്ത് തട്ടി. അവൾ മെല്ലെ കണ്ണുകൾ തുറന്നു. ചിരിയോടെ, വിരലാൽ വിജയചിഹ്നംകാട്ടി, ബെൽറ്റഴിച്ച് ഞാനവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
ഞങ്ങളെ ഇങ്ങോട്ട് കുടിയേറ്റിയ പ്രൊജക്ടിലെ വിദഗ്ധർ നിർദ്ദേശിച്ചതു പോലെ ഉള്ളിലെ ബട്ടണമർത്തിയപ്പോൾ പേടകത്തിന്റെ സൈഡ് ഡോർ ഒരു വശത്തേക്ക് നീങ്ങി.
അൾട്രാവയലറ്റ് കിരണങ്ങൾ, സൗരജ്വാലകൾ, ഉന്നതോർജ്ജ കണികകളുടെ കൂട്ടിയിടികൾ, കൊടും തണുപ്പ് തുടങ്ങിയവയിൽ നിന്നും രക്ഷ നേടാൻ വേണ്ടി, ശരീരമാസകലം മൂടുന്ന പ്രത്യേകതരം വസ്ത്രം ധരിച്ച ഞങ്ങൾ പേടകത്തിൽ നിന്നും തറയിലേക്ക് ചാടിയിറങ്ങി.
മുമ്പെങ്ങോ സംഭവിച്ച ഒരു വലിയ ഉൽക്കാപതനത്തിന്റെ ഫലമായെന്നു കണക്കാക്കപ്പെടുന്ന, ഉത്തരാർദ്ധ ഗോളത്തിലെ ഗ്രഹോപരിതലത്തിന്റെ നാൽപത് ശതമാനത്തോളം വരുന്ന നിരപ്പായ പ്രദേശമായ ബൊറീലിസ് തടത്തിൽ തന്നെയാണ് നിശ്ചയിച്ച പ്രകാരം ഞങ്ങളെത്തിപ്പെട്ടതെന്ന് മനസ്സിലായി.
അന്തരീക്ഷത്തിലെ പൊടി പടലങ്ങളും പാതി സൂര്യപ്രകാശത്തിന്റെ അഭാവവും നേർക്കാഴ്ച അധിക ദൂരത്തേക്ക് നീണ്ടില്ല.
കാലിനടിയിലെ പ്രതലം കടും ചുവപ്പ് നിറത്താൽ പരന്ന്, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കടും നീല പാറക്കഷണങ്ങൾ, ചുവന്ന പരവതാനിയിൽ കടും നീലപുഷ്പങ്ങൾ തുന്നിപ്പിടിപ്പിച്ച പോലെ.
വല്ലാത്തൊരാനന്ദത്തോടെ ഞങ്ങൾ ഒരുമിച്ചാണ് മുകളിലേക്ക് കണ്ണുകളുയർത്തിയത്.ഒരു വലിയ പിച്ചള വട്ട കമഴ്ത്തിവച്ചതു പോലെ കപില വർണത്താൽ തിളങ്ങുന്ന ആകാശം.
വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും ബൈനോക്കുലേഴ്സെടുത്ത് ഞങ്ങൾ മുഖം മറച്ച ഗ്ലാസിൽ ചേർത്തു.
ഉയരത്തിൽ പാതി ഓറഞ്ച് നിറവും ഇടക്കിടെ വലിയ കടും നീല നിറവും പാതി ഉയരം മുതൽ ഇളം മഞ്ഞ ഹിമാവരണത്താൽ
ആകാശത്തിനപ്പുറത്തേക്കും ഉയർന്നു നിൽക്കും പോലെ സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ഒളിമ്പസ് മോൺസ് ദൂരക്കാഴ്ചയായി ഞങ്ങളുടെ ബൈനോക്കുലേഴ്സിന്റെ കാഴ്ചയിൽ ഇരുപത്തിയേഴ് കിലോമീറ്ററിലേക്കുയർന്നു.
നിങ്ങളുടെ (ഇനി അങ്ങനെ പറയുന്നതായിരിക്കും ഉചിതം)എട്ടേ പോയിന്റ് എട്ട് കിലോമീറ്റർ ഉയരമുള്ള എവറസ്റ്റിനേക്കാൾ മൂന്നിരട്ടിയിലധികം വരും ഈ ഉയരം. ബൈനോക്കുലർ സൂം ചെയ്തപ്പോൾ ചില കറുത്ത പൊട്ടുകളും ദൃഷ്യമായി. ആ അഗ്നിപർവ്വതത്തിന്റെ പാർശ്വഭാഗങ്ങളിൽ അതിനകത്തേക്കായിട്ടുള്ള ഏഴ് ഗുഹാമുഖങ്ങളിൽ ചിലവയാണ് അതെന്ന് ഉറപ്പിച്ചു.
"ഒരു പോയിന്റ് നിൽപ് കാഴ്ചയിൽ തന്നെ ഇത്ര വർണ്ണങ്ങളും മനോഹാരിതയും തീർക്കുന്ന അംഗാരകാ നീയോ,ജനിക്കുമ്പോൾ ലഗ് നാൽ ഏഴിലും എട്ടിലും ഭാവത്തിൽ വന്നന്റെ നാൽപ്പത് വർഷത്തെ ഭൂമീ ജീവിതത്തിൽ മംഗല്യ യോഗം തകർത്തത്."
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം എന്റെ സഹയാത്രിക ഓടിച്ചാടി പേടകത്തിലേക്ക് കയറി. മിനിട്ടുകൾക്കകം തിരിച്ചിറങ്ങിയ അവളുടെ കൈയ്യിൽ ചൈന എന്ന് ചൈനീസ് ഭാഷയിൽ എഴുതിയ സ്റ്റെയ്ൻലസ്സ്റ്റീലിന്റെ സ്റ്റിക്കിൽ കെട്ടിയ വലിയൊരു ചെങ്കൊടിയുണ്ടായിരുന്നു. ദൗത്യം വിജയിക്കുകയായിരുന്നെങ്കിൽ അവളുടെ പ്രധാന ലക്ഷ്യമായിരുന്നല്ലോ ആയിരക്കണക്കിന് വർഷം കഴിഞ്ഞാലും നശിക്കാതിരിക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആ ചെങ്കൊടി ഇവിടെ നാട്ടുക എന്നത്.
ചെങ്കൊടി നാട്ടിക്കഴിഞ്ഞ് ഇനി മരിച്ചാലും വേണ്ടിയില്ല എന്ന വർദ്ധിച്ച സന്തോഷത്തോടെയവൾ, അവളുടെ പ്രവൃത്തി സാകൂതം വീക്ഷിച്ചു നിൽക്കുകയായിരുന്ന എന്നെ വന്നു കെട്ടിപ്പിടിച്ചു.
അപ്രതീഷിതമായിരുന്നു എനിക്കത്.
ഈ യാത്രയ്ക്കു വേണ്ടിയുള്ള ഏഴു വർഷത്തെ പരിശീലനത്തിനിടയിലും ഒൻപതോളം മാസത്തെ യാത്രക്കിടയിലും ഒരു വലിയ ദൃഢമായ സൗഹൃദം ഞങ്ങളിൽ രൂപപ്പെട്ടിരുന്നെങ്കിലും ശാരീരികമായ ഇത്തരം പ്രവൃത്തി ആദ്യമായിട്ടായിരുന്നു.
ഏതോ ഒരുൾ പ്രേരണയാൽ ഞാനുമവളെ കൈകളാൽ ചേർത്തു.
ആ ആലിംഗനത്തിൽ നിന്നും മോചിതരായി ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി, ഗ്ലാസുകൾക്കുള്ളിലൂടെ ഞങ്ങളുടെ കണ്ണുകൾ അപ്പോൾ,
സൗഹൂദത്തിനപ്പുറം, ഒരു വലിയ ദൗത്യത്തിൽ ഒന്നിച്ച സഹായ കരുതൽ സഹന പങ്കുവെപ്പിനപ്പുറം മറ്റെന്തോ ഒരു വികാരവും സന്തോഷവും അലിവും സ്നേഹവും കൂടി പരസ്പരം കൈമാറി.
മടക്കമില്ലാത്ത ഇത്തരമൊരു യാത്ര തികച്ചും ആത്മഹത്യാപരമെന്ന് ശാസ്ത്രജ്ഞരിൽ ഒരു വിഭാഗവും, പല രാജ്യങ്ങളും ഭൂരിപക്ഷം ജനങ്ങളും നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും പിന്തിരിപ്പ് പറഞ്ഞിരുന്നുവെങ്കിലും മാർസ് വൺ പ്രജക്ടിന്റെ വിട്ടുവീഴ്ചകളില്ലാത്ത പ്രയത്നങ്ങളും ലക്ഷ്യബോധവും നിരവധിയായ പരീക്ഷണ നിരീക്ഷ വിജയബോധ്യങ്ങളും തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ ആത്മവിശ്വാസവും ഉത്സാഹവും ഗവേഷണ പരതയും പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള കരുത്തും,
ശാരീരികവും മാനസികവുമായ അപാരമായ പൊരുത്തപ്പെടലും ഇതാ മനുഷ്യന്റെ ഏറ്റവും ദീർഘമായ ബഹിരാകാശ യാത്രയും അന്യഗ്രഹ കുടിയേറ്റവും സഫലമായിരിക്കുന്നു. മനു ഷ്യന്റ ഇതേ വരെയുള്ള ചരിത്രവും ഈ ഗ്രഹത്തിന്റെ ഇതപര്യന്തമായ ചരിത്രവും മാറ്റി എഴുതാൻ പോകുന്ന നായികകല്ലായിരിക്കും ഈ യാത്ര. ഞങ്ങൾ തുർന്ന് അതിജീവനം നേടിയാലും ഇല്ലെങ്കിൽ പോലും.
വെളിച്ചത്തിനും മറ്റു ചെറിയ ആവശ്യങ്ങൾക്കും വൈദുതി ഉൽപാദിപ്പിക്കാൻ സോളാർ പാനലുകൾ, ഭക്ഷണ സാധനങ്ങൾ കൂടാതെ ജലം,പച്ചക്കറികൾ ധാന്യങ്ങൾ പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയവ അടങ്ങിയിട്ടുള്ള പോർട്ടബിൾ ഗ്രീൻ ഹൗസ് എന്നു വേണ്ട ,ജീവൻ നിലനിർത്താനാവശ്യമായ ബദൽ അവശ്യവസ്തുക്കൾ ഗ്രഹത്തിൽ നിന്നു തന്നെ കണ്ടെത്താൻ കഴിയുന്നതുവരെ ജീവിക്കാനും, കണ്ടെത്തലുകളും പഠനങ്ങളും മറ്റും നടത്തുവാനാവശ്യമായ എല്ലാ സജജീകരണങ്ങളുമായിട്ടാണ് ഞങ്ങളുടെ വരവ്.
ചൈനയുടെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ നിന്നാണ് സഹയാത്രിക ലനാന ഷാങ്.അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന ഒരു സമ്പന്ന കുടുംബത്തിലെ അംഗം. സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായുള്ള ഒരു ദീർഘയാത്രയിലെ കാറപകടത്തിൽ ലനാ ന ഒറ്റപ്പെടുകയായിരുന്നു. കുടുംബവുമൊത്തുള്ള സ്വർഗ്ഗതുല്യമായിരുന്ന ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടതോടെ അവൾക്ക് ജീവിതം മടുത്തു. വിരസമായ ഒരു യാന്ത്രിക ജീവിതം നയിക്കവെയാണ് മാർസ് വൺ പദ്ധതിയെക്കുറിച്ചറിയുന്നതും അപേക്ഷ സമർപ്പിക്കുന്നതും അവസാനം ഈ വിജയ ദൗത്യം വരെ എത്തുന്നതും.
അസ്തമന സമയത്ത് അങ്ങ് ദൂരെ ബൊറീലിസ് തടത്തിന്റെ പടിഞ്ഞാറെ അതിരിൽ ഒരു പൊട്ടു പോലെ സൂര്യൻ.
ആ സമയത്ത് ഭൂമിയിൽ കാണപ്പെടുന്ന സൂര്യന്റെ മൂന്നിൽ രണ്ട് വലിപ്പം മാത്രമേ സൂര്യനുണ്ടായിരുന്നുള്ളൂ എങ്കിലും മേഘങ്ങളും സൂര്യന്റെ ചെഞ്ചായപ്രകാശവും ആകാശത്ത് തീർത്ത വർണ്ണ കലാ വിസ്മയം കാഴ്ചകൊണ്ട് മാത്രമേ അനുഭവിക്കാനാവൂ.
"വൗവ്" എന്ന ആശ്ചര്യ പ്രകടനത്താൽ ഞങ്ങളാക്കാഴ്ച കണ്ടു നിൽക്കവെ ഗ്രഹത്തിനെയാകെ ഇരുട്ട് വിഴുങ്ങിത്തുടങ്ങിയിരുന്നു.
ഇരുട്ടിന് കനം വെച്ചപ്പോൾ ഞങ്ങൾ പേടകത്തിന് വെളിയിലേക്കിറങ്ങി ആകാശക്കാഴ്ചയിലേക്ക് കണ്ണുനട്ടു. നക്ഷത്രങ്ങളാൽ പൂത്ത ആകാശത്ത് ഫോബോസും ഡീമോസും പൂർണ്ണമായി തെളിയുന്ന ഒരു സുന്ദരരാത്രി.
ഫോബോസ് പടിഞ്ഞാറു നിന്നുദിച്ച് കിഴക്കോട്ട് നീങ്ങുന്നു. നിങ്ങളുടെ ചന്ദ്രനെപ്പോലെ പൂർണ്ണ വൃത്താകൃതിയല്ല അതിന്. കൈയ്യുടെ അടിഭാഗം പൊട്ടിയടർന്ന ഒരു കപ്പിന്റെ ആകൃതിയിൽ വലിയ പ്രകാശമില്ലാതെ ഒരു നിഴലുപോലെ.
ഡീമോസ് കിഴക്കു നിന്നാണ് വരുന്നത് വളരെ സാവധാനം. അതിനും പൂർണ്ണ വൃത്താകൃതിയല്ല.ഒരു തലയോട്ടിന്റെ ആകൃതിയിൽ ഫോബോസിനേക്കാൾ പ്രകാശത്തോടെയായിരുന്നു വരവ്.
ഫോബോസ് പതിനൊന്നു മണിക്കൂർ കൊണ്ട് അസ്തമിക്കുകയും പതിനൊന്നു മണിക്കൂറിന് ശേഷം വീണ്ടും ഉദിക്കുകയു ചെയ്യുന്നു. ഡീമോസിന് അസ്തമിക്കാൻ രണ്ടര ദിവസത്തിലധികം സാവകാശം വേണ്ടിവരന്നു. വീണ്ടും ഉദിക്കാനും.
പകൽ സമയങ്ങളിൽ, അന്തരീക്ഷത്തിലെ ചെറു പൊടിപടലങ്ങളെ ചലിപ്പിച്ചു കൊണ്ടേ ഒരു ചെറു കാറ്റും അതിന്റെ വളരെ നേർത്ത ഒരു മൂളക്കശബ്ദവും ഉണ്ടായിരുന്നെങ്കിൽ രാത്രിയുടെ ഈ വിജനതയുടെ വിജനതയും നിശബ്ദതയുടെ നിശബ്ദതയും ഭൂമിയിൽ ഒരിടത്തും നിങ്ങൾക്ക് അനുഭവിക്കാനാവില്ല.
തണുപ്പാണോ?ചൂടാണോ? ഇത് രണ്ടു മല്ലാത്ത അവസ്ഥയാണോ? അപ്പോൾ അന്തരീക്ഷത്തിനെന്നറിയാൻ, പേടകത്തിൽ കയറിയാൽ മാപിനിയിൽ അറിയാൻ കഴിയുമെങ്കിലും അപ്പോൾ അത് നേരിട്ടനുഭവിച്ചറിയാൻ
ഞങ്ങൾക്ക് വല്ലാത്ത ഒരാഗ്രഹം തോന്നി. ഞങ്ങൾ സുരക്ഷാ വസ്ത്രത്തിന്റെ കൈ ഭാഗങ്ങൾ വെളിയിലെടുത്തു.
നല്ല തണുപ്പുള്ള ഒരു രാത്രി തന്നെയായിരുന്നു അത്. ഒരു പരീക്ഷണാർത്ഥം
ഓക്സിജന്റെ ബന്ധം വിച്ചേദിച്ച് മുഖാവരണത്തിന്റെ ഗ്ലാസും തുറന്നു.
സുഖമുള്ള ആ തണുപ്പ് മുഖവും കണ്ണുകളും അനുഭവിച്ചറിഞ്ഞെങ്കിലും അഞ്ചോ ആറോ മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും ചെറുതായി ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.
വേണമെങ്കിൽ പതിനെഞ്ചോ ഇരുപതോ മിനിട്ടു വരെ ഓക്സിജനില്ലാതെ പിടിച്ചു
നിൽക്കാനുള്ള കഴിവ് ഞങ്ങൾ സ്വയത്തമാക്കിയിരുന്നെങ്കിലും
വളരെ വേഗം പഴയ രീതിയിലേക്ക് തന്നെ നീങ്ങി.
ഇപ്പോൾ ബുദ്ധിമുട്ടുണ്ടെങ്കിലും വളരെ വൈകാതെ തന്നെ കൃത്രിമ ഓക്സിജന്റെ സഹായമില്ലാതെ തന്നെ, ഓക്സിജന്റെ അളവ് കുറവെങ്കിലും ഈ ഗ്രഹാന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.
ഗ്രഹത്തിന്റെ മറ്റേതെങ്കിലും ഭാഗത്തെങ്കിൽ തന്നെയും.
അല്ലാത്തപക്ഷം ഗ്രഹത്തിലെ വിഭവങ്ങള്‍ കൊണ്ടു തന്നെ ഇന്ധനം, ജലം, ഓക്‌സിജന്‍ എന്നിവ സൃഷ്ടിക്കേണ്ടി വരും. ഈ ഘട്ടത്തില്‍ വലിയ ഊര്‍ജ്ജം ആവശ്യമായി വരും.
ഇതിന് ആണവ റിയാക്ടറുകളും മറ്റു സജജീകരങ്ങളും തയ്യാറാക്കുന്നതിനു വേണ്ടി നാസയുമായി ചേർന്ന് മർസ് വൺ പദ്ധതിതയ്യാറാക്കുന്നുണ്ടല്ലോ.മാത്രവുമല്ല, ഈ വിജയം വൈകാതെ തന്നെ ശാസ്ത്രജ്ഞരും ഗവേഷകരും പര്യവേഷകരും കുടിയേറ്റക്കാരുമൊക്കെയായി മനുഷ്യർ ധാരാളം ഗ്രഹത്തിലേക്ക് വന്നെത്താനുതകുന്നതുമണല്ലോ.
നിവർത്തി വെച്ച എന്റെ തണുത്ത വലതു കൈയ്യിലേക്ക് ലനാന അവളുടെ തണുത്ത വലതു കൈ വെച്ചു.ഷൈക്ക് ഹാന്റും മറ്റുമായി പലവട്ടം ഞങ്ങളുടെ കൈകൾ പരസ്പരം അറിഞ്ഞിരുന്നുവെങ്കിലും ഇപ്പോഴറിഞ്ഞ സ്പർശനത്തിന്റെ കുളിരും സുഖവും
മറ്റൊരിക്കലും അറിഞ്ഞിരുന്നില്ല. ആ കൈയ്യിൽ മുറുകെ പിടിച്ച് അവളെ എന്നിലേക്കടിപ്പിക്കുമ്പോൾ എന്റെ കണ്ണുകളിൽ ഒരു പ്രളയം നിറയുകയായിരുന്നു.
കനത്ത മഴ തുടങ്ങിയിട്ട് രണ്ടുനാൾ പിന്നിട്ടിരിക്കുന്നു. ഡാമുകളൊക്കെ താങ്ങാവുന്ന ജലത്തിന്റെ പരമാവധിയിലേക്കും അതിന് മുകളിലേക്കും ഉയരുന്ന യെല്ലോ അലർട്ടും റെഡ് അലർട്ടും. ഡാമുകൾ ഒന്നൊന്നായി തുറന്നു വിടുന്നു. മലയോര മേഖലകളിലാകെ ഉരുൾപൊട്ടലുകൾ. പുഴകൾ അതിർത്തികൾ ലംഘിച്ച് കരഭാഗങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടേയിരുന്നു.
ഉദ്യോഗസ്ഥരും ഭരണാധികാരികളും ജനങ്ങളും കണക്കുകൂട്ടിയതിന്റെ പരിധികൾ മറികടന്നു വെളളളത്തിന്റെ ഒഴുക്കും ഉയർച്ചയും സുരക്ഷിതരാണെന്നു കരുതിയവരെപ്പോലും സുരക്ഷിതരല്ലാതാക്കി.
സ്വയം സുരക്ഷ മാത്രം തേടി അടങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല. കിട്ടിയ ചെറുവഞ്ചിയിൽ തുഴഞ്ഞ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോഴാണ്, കഴുത്തറ്റം ജലത്തിൽ നിന്നും ഒരു കൈ ഉയർന്നത് രക്ഷിക്കണേ എന്ന നിലവിളിയുമായി.
വഞ്ചിയടുപ്പിച്ച് കൈയ്യിൽ പിടിച്ച് മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് കയറ്റുമ്പോഴാണ് ആ മുഖം ചിലവർഷങ്ങൾക്ക് പിന്നിലേക്കെന്നെ കൊണ്ടുപോയത്. അറ്റ്ലാന്റിക്കിന്റെ ആഴമുള്ള കുളങ്ങളെപ്പോലുള്ള വലിയ കണ്ണുകളാണവളെയന്ന് ജീവിതത്തിലേക്ക് ക്ഷണിക്കാനെന്നെ പ്രേരിപ്പിച്ചത്.എന്നാൽ അറിഞ്ഞു കൊണ്ട് ആയുസ്സിനൊരു ദോഷം വരുത്താൻ അവളുടെയോ കുടുംബത്തിന്റെയോ വിശ്വാസം അനുവദിച്ചില്ല. ഇപ്പോഴിതാ ആ ആയുസ്സിന്റെ ദൈർഘ്യം, ജീവൻ കവരുമോ എന്നു ഭയപ്പെട്ട അതേ ദോഷക്കാരന്റെ കൈകളിൽ.
ഭൂമിയോർമ്മകളിൽ നിന്നും മനസ്സിനെ ചൊവ്വോപരിതലത്തിലേക്കുയർത്തി ലനാനയോടൊപ്പം പേടകത്തിലേക്കു കയറി.
ഓക്സിജനും മറ്റും ക്രമീകരിച്ച പേടകമുറിയിൽ നിന്നും ലനാന അവളുടെ സുരക്ഷാ വസ്ത്രം അഴിച്ചപ്പോൾ ജീൻസും ടീഷർട്ടും ധരിച്ച അവളുടെ ശരീരത്തിന്റെ വടിവഴകിലേക്ക് അന്നാദ്യമായി എന്റെ കണ്ണിന്റെ, മനസ്സിന്റെ ഇണയാസ്വാദനം നീണ്ടുചെന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചപ്പോഴും അന്നുവരെ ഇല്ലാതിരുന്ന സ്വാദ് അനുഭവപ്പെടുകയും, സംസാരത്തിലും കളിയിലും ചിരിയിലും അതുവരെയുണ്ടായിരുന്ന സൗഹൃദത്തിനപ്പുറം , സ്വാതന്ത്ര്യവും സന്തോഷവും സുഖവും നൽകുന്ന മറ്റൊരു തലത്തിലേക്കുയർന്നിരുന്നു ഞങ്ങളാരാത്രിയിൽ.
രണ്ടാമത്തെ പകൽ, സൂര്യൻ കിഴക്ക് ബൊറീലിസ് തടത്തിന്റെ ഒരറ്റത്ത് നിന്നും ഉദിച്ചുയർന്നു പൊങ്ങുന്നത് കാണാം. ഗ്രഹത്തിനെക്കുറിച്ച് കൂടുതലറിയാൻ വേണ്ടി ഗ്രഹോ പരിതലത്തിലൂടെ ഞങ്ങൾക്ക് യാത്ര ചെയ്യാനായി, ഹൈഡ്രജൻ കൊണ്ട് പ്രവർത്തിക്കുന്ന പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് ഞങ്ങൾ പേടകത്തിൽ നിന്നും തറയിലേക്കിറക്കി. ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിക്കാൻ ആവശ്യമായ ഹൈഡ്രജൻ നിറച്ച വാഹനമാണ് ഇത്. ഒരു ലിറ്ററിൽ നാനൂറ് കിലോമീറ്ററിലധികമാണ് അതിന്റെ ഇന്ധനക്ഷമത.
പേടകത്തിൽ നിന്നും അകന്നുപോകുമ്പോൾ, തിരികെ എത്താൻ സഹായിക്കാനും ദൃശ്യങ്ങൾ പകർത്താനും പേടകവുമായി സിഗ്നൽ ബന്ധമുള്ള റഡാർ ടാബും,പരീക്ഷണ നിരീക്ഷണങ്ങൾക്കാവശ്യമായ മറ്റു വസ്തുക്കളുമെടുത്ത് ഞങ്ങളൊരു ചെറു കറക്കം പ്ലാൻ ചെയ്തു.
ഇളകിയ മണലും ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ നീലപ്പാറക്കഷ്ണങ്ങളും ചെറുകുഴികളും ചെറുമണൽ കൂനകളും നിറഞ്ഞ കണ്ണെത്താ ദൂരത്തോളം പരന്നു വിശാലമായിക്കിടക്കുന്ന പ്രതലം.
ദൂരം താണ്ടുക ആവാഹനത്തിന് അത്ര ആയാസകരമല്ലായിരുന്നെങ്കിലും, ഈ ഏകാന്ത തീരത്തിലൂടെയുള്ള യാത്ര, അറിയാനുള്ള ത്വരയേക്കാളുപരി,ഇന്നലെ മുതൽ ഞങ്ങളുടെ മനസ്സിന് കൈവന്ന മാറ്റത്താൽ
അനുഭൂതി നിറഞ്ഞതും ഉല്ലാസ ഭരിതവുമായിരുന്നു.
ഗ്രഹത്തിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഏകാന്തതയും വിജനതയും നിശബ്ദതയും തെല്ലും ഞങ്ങളെ ഭയപ്പെടുത്തുകയോ മടിപ്പെടുത്തുകയോ ചെയ്തില്ല എന്നു മാത്രമല്ല, ഞങ്ങളത് മതിയാവോളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു.
നൂറോളം കിലോമീറ്റർ സഞ്ചരിച്ചിരിക്കുന്നു. പ്രകൃതിക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. ചെറു കാറ്റിന്റെ മൂളക്കത്തിന് ശബ്ദം കൂടിയോ? കാറ്റിനും ശക്തി കൂടിയിട്ടുണ്ടല്ലോ. പ്രകാശത്തിലേക്ക് കൂടുതൽ ഇരുട്ടും കടന്നു വന്നിട്ടുണ്ടല്ലോ..
ഇത് പെട്ടെന്നുണ്ടായ മാറ്റമാണോ? അതോ ഞങ്ങളുടെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നുവോ?
ജാഗരൂകരാകവെ മിനിട്ടുകൾക്കകം അന്തരീക്ഷത്തിന് വലിയ മാറ്റങ്ങൾ വരുന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു. കാറ്റിന് ശക്തി കൂടുന്നു അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വർധിക്കുന്നു.
വലിയ ആരവം, ദൂരയതാ ഒരു ചുവന്ന മല കാഴ്ചകളെ മറച്ചുകൊണ്ട്.... സംഗതിയുടെ ഗൗരവം ഉൾക്കൊണ്ടതും അൽപമകലെ കണ്ട വലിയ പാറയുടെ എതിർദിശയിലേക്ക് പൊടുന്നനെ നീങ്ങി ഞങ്ങൾ പാറയോട് ചേർന്ന് തറയിൽ കമഴ്‌ന്നു കിടന്നു.
മിനുട്ടുകൾക്കകം, മഴ പോലെ പെയ്യുന്ന മണൽ,
പാറയിൽ വന്നിടിച്ച് ചിതറുന്ന കല്ലുകൾ,....
സംഭവിക്കുന്നത് എന്താണെന്നറിയാം പക്ഷേ ഒന്നും കാണാൻ വയ്യ. ആകെ പൊടി പടലത്താൽ അന്തരീക്ഷം മൂടപ്പെട്ടു പോയിരുന്നു. അര മണിക്കൂറിലധികം ആ അവസ്ഥ തുടർന്നു. കാറ്റിന്റെ ശക്തി ഒന്നു ശമിച്ചതു പോലെ, ആരവവും മണൽ മഴയും കല്ലുകൾ വീഴുന്ന ശബ്ദങ്ങളും കുറഞ്ഞിരിക്കുന്നു.
ഞങ്ങൾ സാവധാനം എഴുന്നേറ്റിരുന്ന് റഡാർ ടാബെടുത്ത് പേടകവുമായിട്ടുള്ള സിഗ്നൽ പരിശോധിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്കപ്പോൾ ഒരു സിഗ്നലും ലഭിച്ചില്ല. ഞങ്ങളും പേടകവുമായും അതുവഴി ഭൂമിയുമായും തൽക്കാലം എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുന്നു.
*****************************
ഷാനവാസ്, എൻ.കൊളത്തൂർ.
97 45 01 22 73.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot