
സിനിമയിലെ സുന്ദരി ശോഭനയായിരുന്നു എന്റെ ആദ്യത്തെ കാമുകി. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഗൾഫിൽ നിന്നും വന്ന ജോയ് ചേട്ടന്റെ വീട്ടിലെ വീസിയാറിൽ പവിത്രം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ കാണുമ്പോൾ ശോഭന എന്റെ കാമുകി ആയിരുന്നു. പക്ഷെ ഒരുസങ്കടം മാത്രം.. ശോഭനക്കാണെങ്കിൽ എന്നെ അറിയുകയും ഇല്ല. നല്ല ഫസ്റ്റ് ക്ലാസ്സ് പ്രേമം..
പ്രേമം വളർന്നുകൊണ്ടിരുന്ന സമയത്താണ് സ്കൂൾ ബെഞ്ചിന്റെ തൊട്ടടുത്ത് ഇരിക്കുന്ന നിജിമോൾ ഒരു കണ്ടുപിടുത്തം നടത്തിയത്. "ശോഭനക്ക് വേറെ ലൗ ഉണ്ട് ! മോഹൻലാൽ.. പവിത്രം സിനിമയിലും തേന്മാവിൻ കൊമ്പത്ത് സിനിമയിലുമെല്ലാം ഒരുമിച്ചു അഭിനയിച്ച മോഹൻലാൽ ആണ് കാമുകൻ ".
കേട്ടപ്പോൾ ചങ്ക് പൊട്ടിയെങ്കിലും ആകെ എനിക്ക് ആശ്വാസം തോന്നിയ കാര്യം മോഹൻലാലിന്റെ വലതുതോളിന്റെ ചരിവായിരുന്നു. എനിക്കാണെങ്കിൽ അങ്ങനെ ഒരു ചരിവുമില്ല. പിറ്റേന്ന് സ്കൂളിൽ എത്തിയ ഞാൻ ക്ലാസ്സ് ലീഡർ ആയിരുന്ന പ്രിയക്ക് മുന്നിൽ എന്റെ കണ്ടുപിടുത്തതിന്റെ കെട്ടഴിച്ചു. "മോഹൻലാൽ വികലാങ്കനാണ് "..
പിറ്റേന്ന് അവൾ ആ കണ്ടുപിടുത്തത്തിന് നൂറുമാർക്കുമായി വന്നു. അതെ മോഹൻലാൽ വികലാംഗൻ തന്നെ. എനിക്ക് ആശ്വാസമായി. വികലാംഗനായ മോഹൻലാലിനെ എന്തായാലും ശോഭന കല്യാണം കഴിക്കില്ല. ഞാനാണെങ്കിൽ കൊള്ളാം. ഇതുവരെ മറ്റൊരു പെണ്ണിനെ സ്വപ്നം പോലും കണ്ടിട്ടില്ല. "കന്യകൻ". എന്നാലും മോഹൻലാൽ എന്ന സുന്ദരകുട്ടപ്പന്റെ ചിരിയിൽ ശോഭന വീണുപോകരുതെന്നു ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു.
പിറ്റേന്ന് ദൂരദർശനിൽ നാല് മണിക്കുള്ള സിനിമ കാണാനിരുന്നു. "വെള്ളാനകളുടെ നാട്". ശോഭനയുടെ സിനിമ. പക്ഷെ ഒരു പ്രശ്നമുണ്ട്. നായകൻ മറ്റേ പുള്ളിയാണ്. മോഹൻലാൽ. എങ്കിലും ഞാൻ സിനിമ കാണാനിരുന്നു. ലാലേട്ടനെ മൈൻഡ് ചെയ്യേണ്ട, നമുക്ക് ശോഭനയെ മതി. പടം തുടങ്ങിയപ്പോൾ ആശ്വാസം. എന്റെ പ്രാർഥന ദൈവം കേട്ടിരിക്കുന്നു. ഈ പടത്തോടുകൂടി ശോഭനക്ക് ലാലേട്ടനെ വെറുപ്പായി തുടങ്ങി. മുഖത്തോട് മുഖം നോക്കിയാൽ വഴക്ക്. കാര്യങ്ങൾ ഞാൻ കരുതിയപോലെതന്നെ. പക്ഷെ സിനിമയിൽ അവസാനം കള്ളക്കേസിൽ ശോഭനയെ കുടുക്കിയ ലാലിനെ ടീവി പൊട്ടിച്ചുപിടിച്ചിറക്കി കൊല്ലുമെന്ന് ശപഥം ചെയ്യാൻ തുടങ്ങിയ നേരത്താണ് സിനിമയിൽ പഴയ ഓർമ കാണിക്കുന്നത്. "ഫ്ലാഷ് ബാക്ക് " എന്നാണത്രെ സിനിമാക്കാർ അതിനെ പറയുന്നത്. അവർ എന്ത് കുന്തമെങ്കിലും പറയട്ടെ. അതാർക്ക് കേൾക്കണം. പക്ഷെ ശോഭനയെ തൊട്ടുള്ള ലാലിന്റെ കളി നല്ലതിനല്ല.
സിനിമയിലെ പഴയ ഓർമകളിൽ ലാലേട്ടനും ശോഭനയും കാമുകി കാമുകന്മാർ. എന്റെ തല കറങ്ങി. വിഷമം സഹിക്കാൻ കഴിയാതെ ഞാൻ എഴുന്നേറ്റു നടന്നു. എന്തായാലും ശോഭനയെ ലാൽ കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ നേരെ നടന്നത് വീടിനടുത്തുള്ള സർപ്പക്കാവിലേക്ക് ആയിരുന്നു. ഇരുപത്തിയഞ്ച് പൈസ നാഗത്താന്മാർക് നേർച്ചയിട്ടു. അവരുടെ കല്യാണം മുടക്കാൻ അമ്മയുടെ ബാഗിൽ നിന്നും അടിച്ചുമാറ്റിയ ഇരുപത്തിയഞ്ച് പൈസ സർപ്പത്താന്മാർക് കൈക്കൂലി.
സംഗതിയേറ്റു. മോഹൻലാൽ കെട്ടിയത് സുചിത്ര എന്ന് പേരുള്ള ഒരു ചേച്ചിയെയാണെന്നു ആരോ പറഞ്ഞുകേട്ടു. ശോഭനയാണെങ്കിൽ ഇത് വരെ കെട്ടിയതുമില്ല.
"എന്റെ നാഗത്താന്മാരെ.. ദേവീ.. അടിയനാണ് ഇതിനൊക്കെ പിന്നിലെന്ന് തീ മഴ പെയ്യിച്ചുലോകം അവസാനിക്കുംവരെ ആരും അറിയരുതേ.. കാത്തോളണേ"...
"ദേവ"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക