Showing posts with label DonaMaria. Show all posts
Showing posts with label DonaMaria. Show all posts

രണ്ടു മാസമായി

Image may contain: 1 person, smiling, sitting, outdoor, indoor and water

രണ്ടു മാസമായി ഒറ്റയൊരുത്തന്റെയും ശല്യമില്ലായിരുന്നു. ജൂൺ വന്നു, എല്ലാം കൂടെ ഇരച്ചു കയറി വന്നു. വാടാ.. വാ.. വന്നെന്റെ മുതുകത്തോട്ടു കേറിയിരിക്ക്.. ശ്ശേ..!! എന്തൊരു ബഹളമാ ഇത്‌..!! നിങ്ങക്കൊക്കെ ഒന്നു മിണ്ടാതിരുന്നൂടെ ..!
 അവധിക്കാലത്ത് നാടുനീളെ കറങ്ങി നടന്ന് മാങ്ങയും ചക്കയുമൊക്കെ തിന്ന് എല്ലാരും ഒന്നു മിനുങ്ങിയിട്ടുണ്ട്... വെയിറ്റും കൂടുന്നുണ്ട് കേട്ടോ.. എത്ര വളർന്നാലും നിന്റെയൊന്നും കുറുമ്പുകൾക്ക് ഒരു മാറ്റവും വരില്ലേ..??
ആ ഇവിടുത്തെ വില്ലൻ വരുന്നുണ്ടല്ലോ.. എന്റമ്മോ..!! എന്നതാ അവന്റെ കയ്യിൽ?! ബാഗ് തന്നെയാണോ. ഹെന്റമ്മച്ചിയേ....!!!!! മുതുകത്തോട്ടിറക്കി വക്കുമ്പോ ഒരു മയത്തിലൊക്കെ വേണ്ടേ മോനേ... ഇപ്പൊ നടുവൊടിഞ്ഞേനെ..
ഏഹ്.. ഇതെന്താ എല്ലാരും പെട്ടന്ന് ഏഴുന്നേറ്റെ??? ഓ.. മാഷെത്തിയോ.. എവിടാരുന്നു മാഷേ ഇത്രേം നേരം.. നല്ല ഒന്നാംതരം ബെഞ്ചുകൾ ഉണ്ടാക്കിയിട്ടിട്ടും ഇവർക്കൊക്കെ എന്റെ മുതുകത്ത് കാവടി തുള്ളാതിരിക്കാൻ മേലന്നേ. ഇനിയിപ്പോ ലേലം വിളി തുടങ്ങും. അനന്തു.. അമൽ.... ബിന്ദു... ശ്യാമ.... ആഹാ.. എല്ലാരും ഉണ്ടല്ലോ..
ഈ മാഷെന്താ രാവിലെ ചൂരലും പിടിച്ച് എന്റെ നേർക്ക് വരുന്നേ?? "മിണ്ടാതിരിയെടാ പിള്ളേരേ... സ്കൂളു തുറന്നില്ല.. അപ്പളേക്കും തുടങ്ങി. ഇതെന്താ ചന്തയോ..." അയ്യോ മാഷേ അതിനു മാഷ് എന്നെ തല്ലല്ലേ.... ആ പിള്ളേർക്കിട്ടു കൊടുക്ക്... ഹോ എന്തൊരു വേദനയാ... അങ്ങനെ ഈ വർഷത്തെ കൈനീട്ടം ആയി... ഇനിയെങ്കിലും ഒന്നു അടങ്ങിയിരിക്കെന്റെ കുഞ്ഞുങ്ങളെ..
തല്ലു കൊള്ളാൻ വയ്യ..
"അവധിക്കാലമെല്ലാം ആഘോഷമാക്കിയോടാ മക്കളേ...??"
"ഉവ്വ് മാഷേ.."
ആഹാ.. ഇനി കുറേ വിശേഷങ്ങൾ കേൾക്കാം.. വേനലിൽ ക്രിക്കറ്റ് കളിച്ചതും, വിഷുവിന് കണി കണ്ടതും, ഈസ്റ്ററിന് മൂക്കുമുട്ടെ ഇറച്ചിയും മീനും തിന്നതും, കളികൾ കഴിഞ്ഞ് ഒരുമിച്ച് നീന്തിക്കുളിച്ചതും....
ണിം..ണീം.... ണീം...
ഛേ... മുഴുവൻ കേൾക്കാൻ സമ്മതിച്ചില്ല. ആ പ്യൂണിനെകൊണ്ട് തോറ്റു. ഇനി അടുത്ത പീരിയഡിൽ അടുത്ത കഥ കേൾക്കാം. അല്ലാ... ഇതെന്താ ഒരു കൂർത്ത സാധനം എന്റെ നേരെ ഇങ്ങനെ പാഞ്ഞു വരുന്നത്..? യ്യോ.... കോമ്പസ്‌... നാട്ടുകാരേ... ഓടിവായോ... ഈ ചെക്കൻ എന്നെ ഇപ്പൊ കുത്തി കൊല്ലുവേ.... ആരോടു പറയാൻ... ആരു കേൾക്കാൻ... നീ അടുത്തു കിടന്നു ചിരിക്കണ്ട. നിന്റെയടുത്തും വരും ഒരു കോമ്പസ്‌... നോക്കിയിരുന്നോ... എടാ കുഞ്ഞേ കുത്താതെടാ... നിന്റെ പേരെഴുതി വയ്ക്കാൻ ഞാൻ പുസ്തകമല്ലടാ... സമാധാനമായല്ലോ... എന്റെ മുഖം വരച്ചു വൃത്തികേടാക്കിയപ്പോ സമാധാനമായല്ലോ...
ഉച്ചക്കഞ്ഞിയുടെ മണം വരുന്നുണ്ടല്ലോ.. ഇത്ര വേഗം ഉച്ചയായോ... എത്ര തവണ മുതുകിലിരുന്നു ഇടികൂടിയാലും ഉച്ചയാകുമ്പോൾ എല്ലാരും കൂടെ എന്റെ ചുറ്റുമിരുന്ന് കറികളൊക്കെ പങ്കിട്ടെടുത്തു കഴിക്കുന്നത് കാണുമ്പോഴാ ഒരു സന്തോഷം.. ആ സ്നേഹം തന്നെയല്ലേ നിങ്ങളെ ഒക്കെ ചേർത്തു നിർത്തുന്നത്.. അല്ലേലും ഇനിയങ്ങോട്ട് എന്നോട് സ്നേഹം കൂടും. ഉച്ചകഴിഞ്ഞാൽ അതൊരു പതിവാണല്ലോ. ജോഗ്രഫിയും ഹിസ്റ്ററിയുമൊക്കെ ആണെങ്കിൽ പിന്നെ പറയുവോം വേണ്ട... കെട്ടിപ്പിടിച്ച് എന്നെ സ്നേഹിച്ച് കൊല്ലും. പാവം പിള്ളേര്.. അവരേം കുറ്റംപറയാൻ പറ്റില്ല.. ഇതൊക്കെ എങ്ങനെയാന്നു വച്ചാ പഠിക്കണത്.. എന്തോരം പഠിച്ചാലാ.. നിങ്ങള് വാടാ മക്കളേ.. കുറച്ചു നേരം ഉറങ്ങിയെന്ന് വച്ച് ഒരു കുഴപ്പോം ഇല്ല. പരീക്ഷക്ക് തോറ്റ് മാനം കളയാതിരുന്നാ മതി.
ഞാൻ ഇത്രയൊക്കെ മിണ്ടിയിട്ടും നിങ്ങളെന്താ ഒരക്ഷരം പോലും എന്നോട് പറയാത്തത്... തിരക്കായിരിക്കും അല്ലെ.. കൂട്ടുകാരോടു മുഴുവൻ വർത്തമാനം പറഞ്ഞു തീരണ്ടേ... അതിനിടെ.. ചില "പ്രിയപ്പെട്ടവരും" ഏത്... എല്ലാം ഞാൻ കാണുന്നുണ്ടെടാ മക്കളേ... ഇവരൊക്കെ ചുറ്റുമുള്ളപ്പോ എന്നോട്‌ എന്ത് മിണ്ടാനാ അല്ലേ.. സാരമില്ല... പക്ഷേ ഒരു ദിവസം വരൂട്ടോ.. ഇന്നും നാളെയും ഒന്നുമല്ല.. വർഷങ്ങൾ കഴിയുമ്പോ... നിങ്ങളൊക്കെ വല്യ ചേട്ടന്മാരും ചേച്ചിമാരും ആകുമ്പോ.. അന്ന് നിങ്ങൾ വരും.. ഇവിടെ എന്റെ അടുത്ത് വന്നിരിക്കും.. ചിലപ്പോ ചിരിക്കും.. ചിലപ്പോ കരയും.. ഇന്ന് നിങ്ങൾ എന്റെ മുഖത്തു വരച്ചതിന്റെ മുകളിൽ അന്ന് നിങ്ങൾ നിങ്ങടെ മുഖം ചേർത്തു ചുംബിക്കും... തലോടും... അപ്പോ നമ്മൾ മാത്രേ കാണൂ.. അന്ന് നിനക്കെന്നോട് പറയാൻ ഒത്തിരി കാര്യങ്ങളുണ്ടാകും. ഞാൻ ഇന്ന് നിന്നോട് പറയുന്ന ഓരോ വിശേഷവും അന്ന് പൊട്ടും പൊടിയും വിടാതെ എന്നോട് പറയും..
അതൊരു സത്യമാ.. ഉള്ളിലുള്ള ബാല്യത്തെ എന്നും താലോലിക്കുന്ന ഒരു പിടി മനസ്സുകൾ കാലങ്ങളായി തെളിയിച്ച സത്യം.

by: 
Dona Maria J

ഈ ദൈവം എന്നു പറയണ പ്രസ്ഥാനം

Image may contain: 1 person, outdoor

ഈ ദൈവം എന്നു പറയണ പ്രസ്ഥാനം ഉണ്ടോ ഇല്ലയോ എന്നു എനിക്കറിയില്ല. പക്ഷേ എന്നെങ്കിലുമൊരിക്കൽ ആ സംഭവത്തിനെ എന്‍റെ കണ്മുന്നിൽ കിട്ടിയാൽ മുഖമടച്ചു ഞാനൊന്നു കൊടുക്കും!....." കുറച്ചു സമയമായി മിണ്ടാതിരിക്കുന്നത് കണ്ടപ്പോഴേ തോന്നി ഇങ്ങനെ എന്തെങ്കിലും ഒന്നു ഇപ്പൊ പുറത്തു ചാടും എന്ന്.
നാലു വർഷങ്ങൾക്ക് മുൻപാണ് ഞാൻ ഇവളെ കാണുന്നത്. എറണാകുളത്ത് ഒരു പ്രൈവറ്റ്ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ ഒന്നിച്ചു പഠിക്കാനെത്തിയപ്പോൾ. ഞങ്ങൾ സി എ വിദ്യാർത്ഥികൾക്ക് കോളേജും ക്യാംപസ് ജീവിതവും ഒക്കെ ഇതുപോലുള്ള പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളാ. ആറോ ഏഴോ മാസം.. കൂടിപ്പോയാൽ ഒരു വർഷം..അതാണ് ഞങ്ങളുടെ കോളേജ് ഡേയ്സ്. അതിനിടയിൽ മനസ്സിലിടം പിടിക്കുന്ന കുറച്ചു പേർ. അതിലൊന്നായിരുന്നു ഈ കുറുമ്പിയും. ക്ലാസിലെ ഒന്നാം ദിവസം മുതൽ എപ്പോഴും തുള്ളിക്കളിച്ചു നടന്ന പെണ്ണ്. പെണ്ണേ എന്നു വിളിക്കുന്നതിനെക്കാൾ അവൾക്കിഷ്ടം ഡാ ചെക്കാ എന്നു വിളിക്കുന്നതായിരുന്നു. അവൾ ശരിക്കും ഞങ്ങൾക്ക് ഒരു ആണ്‍കുട്ടി ആയിരുന്നു.
ആണുങ്ങളെ പോലെ ജീൻസും ഷർട്ടും ഇട്ടേ നടക്കൂ. ബൈക്ക് ഓടിച്ചു ഞങ്ങളെ ഞെട്ടിച്ച വില്ലത്തി. എന്തിനും ഏതിനും അവൾ ഉണ്ട് കൂടെ. പഠനത്തിനും. എല്ലാവരും തല്ലുകൊള്ളി എന്നു സ്നേഹത്തോടെ വിളിച്ചവൾ. വാ തുറന്നാൽ അടയ്ക്കില്ല. എന്നും എനിക്ക്‌ അത്ഭുതമാണ് അവൾ. പലപ്പോഴും ഓർത്തിട്ടുണ്ട് എങ്ങനെയാ ഒരാൾക്കു ഇങ്ങനെ എപ്പോഴും ചിരിച്ചു കളിച്ചു നടക്കാൻ പറ്റുക എന്നു. ഡീ.. എന്നു നീട്ടിവിളിച്ചാൽ എന്നതാടാവെയ്.. എന്നു ചിരിച്ചോണ്ട് അന്വേഷിക്കുന്ന തനി കോട്ടയംകാരി. ആ അച്ചായത്തി ഭാഷ കേൾക്കാൻ വേണ്ടി മാത്രം ഞാൻ വിളിക്കാറുണ്ട്. എന്റെ കുഞ്ഞു പെങ്ങൾ.
അങ്ങനെ എണ്ണിച്ചുട്ട അപ്പം പോലുള്ള ഞങ്ങളുടെ ക്ലാസ്സുകളും കഴിയാറായി. ആയിടക്കാണ് അവളുടെ മാറ്റം ഞാൻ ശ്രദ്ധിച്ചത്. മിണ്ടാട്ടവും തുള്ളിക്കളിയുമൊക്കെ കുറഞ്ഞപോലെ. അടുത്ത് ചെന്നു ചോദിക്കാൻ തുടങ്ങിയപ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറി. ഒരു ദിവസം ഒറ്റക്ക് കിട്ടിയപ്പോൾ പിടിച്ചുനിർത്തി ചോദിച്ചു.
"എന്തു പറ്റി നിനക്ക്? കുറച്ചു ദിവസമായല്ലോ.. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ?" വീട്ടുകാരെക്കുറിച്ച് പറയുമ്പോ എന്നും നൂറു നാവാ. അവിടെ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അവൾക്ക് സഹിക്കാൻ പറ്റില്ല.
"ഇപ്പോ വീട്ടിലൊന്നും പറ്റിയിട്ടില്ല"
"പിന്നെ??"
"രണ്ടു വർഷം മുൻപ് ഉണ്ടായ ഒരു വിശേഷത്തിന്റെ ഓർമ്മയാ നാളെ."
എനിക്കൊന്നും മനസ്സിലായില്ല. അത് എന്റെ മുഖത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നിരിക്കണം. പിന്നെ അവൾ പറഞ്ഞതും ഞാൻ കേട്ടതും ഒക്കെ വേറെ ആരുടെയോ ജീവിതം പോലെയാണ് തോന്നിയത്.
"ഡാ, നാളെ എന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുവാ. ഒത്തിരിപ്പേർ ചുറ്റുമുണ്ടെങ്കിലും ഞാൻ ഒറ്റയ്ക്കാണ് എന്നു എന്നെ ഓർമ്മിപ്പിക്കണ ദിവസം."
"നീ എന്താ ഈ പറയുന്നേ.. എന്നിട്ട് ഇതു വരെ എന്താ നി ഇക്കാര്യം ആരോടും പറയാതിരുന്നെ? ഇങ്ങനെയൊരു വിഷമവും കൊണ്ടാണോ കുഞ്ഞേ നി ഞങ്ങൾക്കിടയിലൂടെ കളിച്ചു ചിരിച്ചു നടന്നത്.."
"പറഞ്ഞിട്ടെന്തിനാടാ. ആരോടു പറഞ്ഞാലും ദാ ഇപ്പൊ നിന്റെ മുഖത്തു വന്ന ഈ ഭാവം സിംപതിയുടെ മുഖം... അതു കാണാൻ വയ്യ.. ലോകത്തിൽ ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ട്. ഉത്തരമില്ലാത്തത് മരണത്തിനാ. അതിന്റെ മുന്നിൽ ഒരു നോക്കുകുത്തിയായി മടുത്തു. ഇപ്പൊ ഈ ചിരിയാ എന്റെ ആയുധം. ഇതാകുമ്പോ ഞാനും ഹാപ്പി എന്നെ കാണുന്നവരും ഹാപ്പി. പിന്നെ ചിലപ്പോ ഇങ്ങനെ അറിയാതെ പൊട്ടിപോകും. അപ്പൊ കയ്യിൽ കിട്ടുന്നവർ പെട്ടുപോയി എന്നു കൂട്ടിയാ മതി.. ഹ ഹ.."
അവൾ പിന്നെയും തന്റെ ചിരി തുടങ്ങി. അത്രയും നാൾ അവളോട് തോന്നിയ സ്നേഹം അന്ന് ഒറ്റ ദിവസം എന്റെ കൂടിപ്പിറപ്പായി അവളെ മാറ്റി. പെങ്ങളേ.. എന്നു വിളിച്ചു ചേർത്തു നിർത്തണമെന്നു തോന്നി.
" .........പിന്നല്ലാതെ…! എന്തോന്നാ ഇത്? വെള്ളരിക്കപ്പട്ടണോ?"
ടേബിളിൽ അവൾടെ കൈ ചെന്നു വീണപ്പോഴാണ്‌ ഞാൻ തിരിച്ചെത്തിയത്.
"ജന്മം നൽകി ഇങ്ങു വിട്ടേക്കുവാ പോയി അനുഭവിച്ചോ എന്നും പറഞ്ഞ്. ഇവിടെ എന്നാ തേങ്ങാ പുഴുങ്ങി വച്ചേക്കണൂന്നാ? തിരിച്ചറിവില്ലാത്ത പ്രായത്തിൽ ജന്മം തന്ന അമ്മയെത്തന്നെ അങ്ങ് വിളിച്ചോണ്ട് പോയേക്കുന്നു. പുട്ടിന്റൊപ്പം കടലക്കറിയാണോ മുട്ടക്കറിയാണോ വേണ്ടത് എന്നു തിരഞ്ഞെടുക്കാനുള്ള വെളിവ് പോലുമില്ല. ആ ഞങ്ങളോടാണ് ഇനിയുള്ള കാലം കുടുംബം നോക്കിക്കോണംന്നും പറഞ്ഞിട്ടു പോയത്! ഇതെവിടുത്തെ ന്യായമാ?? മരണമെന്താണെന്നുള്ള വിവരം ഉദിക്കുന്നതിനും മുൻപേ കേട്ട് തുടങ്ങീതാ ക്യാൻസർ എന്ന വാക്ക്. മനുഷ്യനെ ഭീഷണിപ്പെടുത്താൻ "ക്യാൻ യു സർവൈവ്" എന്നും ചോദിച്ചു വരുന്ന പോലെ ഉണ്ട്. ഒരു പേരുമിട്ട് നിങ്ങൾക്കിങ്ങു വന്നാൽ മതിയല്ലോ.. വന്നു.. കണ്ടു.. കീഴടക്കി.. എന്നൊക്കെ പറയണ പോലെ വന്നു.. കണ്ടു.. വിളിച്ചോണ്ടങ്ങു പോയി. നാലഞ്ചു വർഷമാകുന്നു.. ഇന്നും നെഞ്ചിലൊരു വിങ്ങലാ. ഒരു മനുഷ്യനോടും പറയാനും പറ്റില്ല… പറഞ്ഞാലൊട്ടൊരു പരിഹാരോം ഇല്ല..! ഈ ഒരു വിങ്ങലുണ്ടല്ലോ.. തൊണ്ടയിൽ നിന്നും ഉമിനീര് പോലും ഇറങ്ങിച്ചെല്ലൂല്ല ചങ്കിനു കൂട്ടിരിക്കാൻ. സമയം മനസ്സിന്റെ മുറിവുണക്കും എന്നൊക്കെ പറയണത് വെറുതെയാ. ഓരോ ദിവസോം അതങ്ങനെ കൂടിക്കൂടി വരത്തേയുള്ളൂ… മേശക്കാലിൽ അറിയാതെ ചെറുവിരൽ തട്ടുമ്പോളുള്ള സുഖം ഇല്ലേ.. ഈരേഴു പതിനാലു ലോകം എന്നൊക്കെ ആലങ്കാരികമായി പറയണ സുഖം.. ഒരുമാതിരി ചാകാൻ തോന്നുന്ന വേദന.. അതാ മനസ്സില്… കുറച്ചു നേരം ഒറ്റക്കിരുന്നു നോക്കണം… ഒരായിരം ചെറുവിരലുകൾ ഒന്നിച്ചിടിച്ച സുഖാ… പിന്നങ്ങോട് തുടങ്ങും ചിന്തകൾ.. അത് പിന്നെ സങ്കടമാകും കണ്ണീരാകും വാശിയാകും ദേഷ്യമാകും.. എന്തിനോടും ഏതിനോടും ദേഷ്യം.. ഒരു കത്തിയെടുത്തു കൈത്തണ്ട അങ്ങ് വെട്ടിയാലോ എന്നു വരെ ഓർക്കും.. അപ്പൊ ഇതുപോലെ മരിച്ചു ജീവിക്കണ മൂന്നാലു മുഖങ്ങൾ ഇങ്ങനെ സ്‌ക്രീനിൽ തെളിയും. അവിടെ തീരും ആ ചിന്ത.. എന്താല്ലേ.. !! പോയവർക്ക് അങ്ങ് പോയ മതിയല്ലോ.. ബാക്കിയുള്ളവനിവിടെ മുഖത്തു കോമാളിച്ചിരിയും വാരിത്തേച്ചു, കുത്തിക്കീറിയാലും ചോര പൊടിയൂല്ലടാ എന്ന തൊലിക്കട്ടീം കാണിച്ചു സ്വയം ചത്തങ്ങട് ജീവിക്കുന്നു!!
"എല്ലാം വിധി" "everything happens for a reason" "life should move on" "you can survive it"…………… മാങ്ങാത്തൊലി! മുറ്റത്തു മഴ തകർത്തു പെയ്യുമ്പോ ഉള്ളിലും പെയ്ത്താ.. നല്ല ചെണ്ടകൊട്ടി പെയ്ത്ത്..ആ ഒച്ചയിൽ ഈ ആശ്വാസവാക്കുകൾ ഒന്നും കേൾക്കില്ല.. പൊട്ടിക്കരയുമ്പോ ഒന്നും മിണ്ടാതെ കെട്ടിപ്പിടിച്ചു കരയാൻ അനുവദിക്കാവോ.. അപ്പൊ പുലമ്പുന്ന പൊട്ടത്തരങ്ങളും വെളിവുകേടുകളും നിശബ്ദമായി കേട്ടിരിക്കാവോ? അത് മതി.. പിന്നെ കുറച്ചു നാളത്തേക്ക് പിടിച്ചു നിക്കാൻ അത് ധാരാളം മതി…"
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ദിവസം അവൾ ഇങ്ങനെയാ. പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റെ നെഞ്ചിലേക്ക് വീഴും. പിന്നെ കുറച്ചു നേരം അങ്ങനെ കരയും. അതു കഴിഞ്ഞാൽ എഴുന്നേറ്റു പോയി മുഖം കഴുകിയിട്ടു വരും. ആ വരുന്നത് പഴയ ആ കുറുമ്പി ആയിരിക്കും. ഒരു മുഖംമൂടിയാണെന്നറിഞ്ഞിട്ടും അവൾ ചിരിക്കും.. ഉറക്കെ.. അതു ജീവിതത്തോടുള്ള അവളുടെ പ്രതികാരമാണ്. ആരെയും വേദനിപ്പിക്കാത്ത പ്രതികാരം. എന്റെ കൂടേപ്പിറപ്പേ.. ഇപ്പോഴും അത്ഭുതമാണ് നീ.. ജീവിക്കാനുള്ള പ്രചോദനമാണ്..

By: Dona maria

എന്‍റെ ആദ്യത്തെ മീന്‍ കറി

Image may contain: 1 person, outdoor

ഇന്ന് സന്ധ്യക്ക്‌ പപ്പാ കേറി വന്നു, കയ്യില്‍ ഒരു കൂടും പിടിച്ച്..
എന്തായിരിക്കും? പഴം പൊരി?? വട??? അതോ ബോണ്ടയോ???
ആഹാ.. ഇന്നത്തെ കാര്യം ഓക്കെ... മനസ്സില്‍ ലഡ്ഡു പൊട്ടിത്തുടങ്ങി. പക്ഷെ അകത്തു വന്നപ്പോള്‍ മനസ്സിലായി പൊട്ടിയത് ലഡ്ഡു അല്ല ബോംബ്‌ ആണെന്ന്...
മീനിനെ തോട്ടിലും കറി ചട്ടിയിലും മാത്രം കണ്ടിട്ടുള്ള എന്‍റെ മുന്നിലേക്ക്‌ എന്‍റെ പപ്പാ വന്നിരിക്കുന്നു... അര കിലോ പച്ചമീനുമായിട്ട്... അതും നമ്മുടെ സ്വന്തം ചാള.!
എന്ത് ചെയ്യും??? ഇതിനെ എങ്ങനെ തിന്നും??? പോട്ടെ.. എങ്ങനെ ഒരു കറി ആക്കും?? ഒന്നുമറിയില്ല. ആ സത്യം പപ്പയോടു പറയാന്‍ അഭിമാനം അനുവദിച്ചില്ല. പക്ഷെ അഭിമാനം വെട്ടി കണ്ടിച്ചിട്ടു പുഴുങ്ങിയാല്‍ മീന്‍ കറി ആവില്ലല്ലോ... എന്ത് ചെയ്യും??
സഹായത്തിനു പതിവു പോലെ മമ്മീ.. എന്നു നീട്ടിവിളിക്കാൻ തുടങ്ങീതാ. അപ്പഴാ ഓർത്തെ സ്വർഗത്തിലിരുന്നു മീൻ കറിക്കൂട്ട് അയച്ചു തരാൻ പറ്റില്ലല്ലോ..
ഒടുവില്‍ ഇതുവരെ കഴിച്ചിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ മത്സ്യജീവികളെയും മനസ്സില്‍ ധ്യാനിച്ച്‌ കറിചട്ടിയും കത്തിയും എടുത്തു. ഒപ്പം ഒരു ചാളയും...
അല്ലാ... എടുത്തതൊക്കെ കൊള്ളാം... ഇത് എവിടുന്നു തുടങ്ങും? പിന്നെ രണ്ടും കല്‍പ്പിച്ച് കൊടുത്തു, തലക്കിട്ടൊരു വെട്ട്.. ആ ചാളയുടെ വിധി ഓര്‍ത്തു വേദനിച്ചിട്ടാണോ അതോ ഒരു മീന്‍ തല തിന്നാന്‍ കിട്ടിയ സന്തോഷം കൊണ്ടാണോ എന്നറിയില്ല, കൂട്ടില്‍ കിടന്ന പട്ടി ഒന്ന് നീട്ടി കൂവി... അങ്ങനെ എങ്ങനെയൊക്കെയോ മീന്‍ വെട്ടി അടിപൊളിയാക്കി.
പക്ഷെ പ്രശ്നം തീര്‍ന്നില്ലല്ലോ... അത് തുടങ്ങിയതല്ലേ ഉള്ളൂ.. ഇനി ഇതിനെ എങ്ങനെ കറി ആക്കും?
കണ്ടിട്ടുള്ള മീന്‍ കറികളില്‍ കറിവേപ്പിലയും പിന്നെ കറുത്ത ഒരു വസ്തുവും (അത് കുടം പുളി ആണെന്ന് വിശ്വാസം) കണ്ടിട്ടുണ്ട്.. അങ്ങനെ അത് രണ്ടും സെറ്റ് അപ്പ്‌ ആക്കി... പിന്നെ ചേര്‍ത്ത് എന്തൊക്കെയാണെന്ന് ഓര്‍മയില്ല. എന്തായാലും അടുപ്പിലെ തീയ്ക്കൊപ്പം എന്റെ ചങ്കിലും കത്തി ഒരു ഒന്നൊന്നര തീ...!!!
സമയം നീളുന്നു... ഇടക്ക് എന്തായി സംഭവം എന്നറിയാന്‍ വേണ്ടി ചട്ടിയുടെ മൂടി പതുക്കെ പൊക്കി ഒളിഞ്ഞു നോക്കി...
ഭാഗ്യം...!! പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാതെ എല്ലാരും ശാന്തരായി കിടക്കുന്നു... പിന്നെയും സമയം കഴിഞ്ഞു... നോക്കുമ്പോള്‍ തിളക്കുന്നുണ്ട്... കുറച്ചെടുത്തു നാവില്‍ വെയ്ക്കണമെന്നുണ്ട്... പക്ഷെ ഭയം.... സ്വന്തം കറി നമുക്ക് തന്നെ പാര ആയാലോ???
ഒടുവില്‍ ഒന്ന് മണത്തു നോക്കി... ഭാഗ്യം....!!! മീന്‍ കറിയുടെ മണം വരുന്നുണ്ട്... ധൈര്യം സംഭരിച്ചുകൊണ്ട് കുറച്ചു ചാര്‍ എടുത്തു രുചിച്ചു നോക്കി...... ആഹാ.....!!!!! എന്താ സന്തോഷം.....!!! എന്റെ ആദ്യത്തെ മീന്‍ കറി എന്നെ ചതിച്ചില്ല.... ആ മീന്‍ ചാര്‍ പുരണ്ട സ്പൂണ്‍ കയ്യില്‍ പിടിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയി.... കര്‍ത്താവേ... നന്ദി...!!!!

By: Dona Maria

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo