നേരം പരപരാന്ന് വെളുത്തു കൊണ്ടിരിക്കുന്നതേയുള്ളൂ.
ടോർച്ചടിച്ചു നോക്കിയാൽ കാണാവുന്നത്ര വെളുപ്പേ ആയിട്ടുള്ളൂ .
നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ
അകലെ സർക്കാരിന്റെ അധീനതയിലുള്ള സോപ്പു കമ്പനിയിലാണ് വിക്രമൻ പിള്ളയ്ക്കു ജോലി.
ഇന്നു രാവിലത്തെ ഷിഫ്റ്റാണ്. പഞ്ചിംഗ് സമയത്തിനു മുൻപേ അവിടെ എത്തണം സൂപ്പർവൈസർ
മഹാകണിശക്കാരനാണ്.
നേരം വൈകിയാൽ ലീവു മാർക്കു ചെയ്യും.
വിക്രമൻ പിള്ള അതിരാവിലേ എഴുന്നേറ്റ് ,പ്രഭാതത്തിൽ കേവലം മലയാളികൾ ചെയ്യുന്നതായ പ്രഭാത കർമ്മങ്ങളെല്ലാം
എളുപ്പം വഴിപാടു കഴിച്ചു.
മിസിസ്സ് പിള്ള നീട്ടികൊടുത്ത പ്രാതൽ അടങ്ങിയ സഞ്ചി തന്റെ സന്തത സഹചാരിയായ സൈക്കിളിനു പുറകിൽ കെട്ടിവച്ച് . തലേ ദിവസം സേവിച്ച വിപ്ലവാരിഷ്ടത്തിന്റെ
ശിഷ്ടംലഹരിയിൽ ഇടവഴിയിലൂടെ പ്രയാണമാരംഭിച്ചു.
സ്വന്തം പറമ്പിന്റെ അതിർത്തി കഴിയുന്നിടത്തുവച്ചാണ്
ഒരു പൂച്ച ദയനീയമായി കരയുന്നത് അപ്പോൾ കാതിൽ പതിച്ചത്.
മ്യാവൂ ... മ്യാ..വൂ ... മ്യാ…
വി ഡോട്ട് പിള്ള തലച്ചെരിച്ച് പറമ്പിലെ പുളിമരത്തിലും, പേരക്ക മരത്തിലും നോക്കി ,കരച്ചിലിന്റെ ഉത്ഭവസ്ഥലം അവിടെയൊന്നുമല്ല. പിള്ളവീണ്ടും തന്റെ ശകടം തള്ളിക്കൊണ്ടു നടന്നു.
മ്യാവൂ ... വീണ്ടുമാ ദീനസ്വരം ഉയർന്നു.
പൊടുന്നനെ ... പിള്ള മനസ്സിന്റെ 46 ഇഞ്ച് ' എൽ ഇ ഡി' സ്ക്രീനിന്റെ താഴെ നെടുനീളത്തിൽ ഒരു സന്ദേശം സ്ക്രോൾ ചെയ്യുവാൻ തുടങ്ങി … !
" ഇനിയെങ്ങാനും കുടിവെള്ളം എടുത്തു കൊണ്ടിരിക്കുന്ന അടുത്ത പറമ്പിലെ കിണറ്റിൽ നിന്നോ മറ്റോ ആണോ …?!
മ്യാ…. വൂ ... ബ്ളും... മ്യാവൂ . ബ് . ബ്ളും…
പിള്ള സൈക്കിൾ മതിലിൽ
ചാരിവച്ച് തിരിച്ചോടിച്ചെന്നു കിണറ്റിനകത്തുനോക്കുമ്പോൾ
ആകെ നനഞ്ഞുകുളിച്ച് ,പിഴിയാതെവച്ച പഴന്തുണി കഷണം പോലെ വാക്കല്ലിലിരുന്നു 'ഒരു നനഞ്ഞ പൂച്ചയിരുന്നു മോങ്ങുന്നു.
നേരം വൈകുകയാണല്ലോ ! ഇന്നാരെയാണാവോ കണി കണ്ടത് എന്നോർത്തെങ്കിലും ,
പൂച്ച അന്ന് കണികണ്ട വിക്രമൻ പിള്ളയിലെ മൃഗസ്നേഹം മനുഷ്യരൂപം പൂണ്ട് അവതരിച്ചു.
പുള്ളി ഓടിപ്പോയി ഒരു ചൂരൽ കൊട്ട കയറൊക്കെ കെട്ടി കപ്പിയിലിറക്കി
പൂച്ചയെ ബദ്ധപ്പെട്ട് ഒരു ഓലമടൽ തോട്ടിക്കൊണ്ട് കുത്തി ചാടിച്ച്
കൊട്ടയിലേയ്ക്ക് കയറ്റി കപ്പിവലിച്ചു മുകളിലെത്തിച്ചു.
സ്നേഹത്തോടെ സഹതാപത്തോടെ കൊട്ട വലിച്ച്
ആൾമറയോടടുപ്പിക്കുന്നതിനിടെ
മാർജ്ജാരൻ ,പിള്ളയുടെ വലത്തെ കവിളിൽ ഒരു പൂച്ചയിസ്റ്റ് അടിയും
വച്ചുകൊടുത്ത് ,. ചാടിയിറങ്ങി അടുത്തുള്ള കണ്ടിചേമ്പിന്റെ താഴെ പോയിരുന്നു ദേഹം നക്കിത്തോർത്താൻ തുടങ്ങി.
'എന്റർ ദ ഡ്രാഗൺ 'എന്ന പടത്തിൽ മുഖത്ത് ചോരയൊലിപ്പിച്ചു കൊണ്ടു നിൽക്കുന്ന ബ്രൂസിലിയുടെ പരുവത്തിലായ 'ശ്രീമാൻ വിക്രമൻ പിള്ള മുഖത്തു നിന്നും കിനിഞ്ഞിറങ്ങുന്ന ചോര തൊട്ടു നോക്കിക്കൊണ്ട് ആക്രോശിച്ചു.
" എടാ …! നായിന്റെ മോനേ …
നിന്നെ ഞാൻ കാണിച്ചു തരാം ..! * @ #
അപ്പോൾ ആ തൊടിയിലുണ്ടായിരുന്ന
നായിന്റെ മക്കൾ എന്ന പദത്തിന്റെ യഥാർത്ഥ അവകാശികൾ വാലും ചുരുട്ടി ഓടി രക്ഷപ്പെട്ടു.
ഇതിനോടകം ഒരു വൈൽഡ് ക്യാറ്റ് ആയി മാറിക്കഴിഞ്ഞ 'വി.പിള്ള'
," നിന്നെ രക്ഷിക്കാൻ വന്ന എന്നെ നീ മാന്തുമോടാ എന്നും ചോദിച്ച് അടുത്തു കണ്ട പട്ടികയുമെടുത്ത്
പൂച്ചയ്ക്ക് നേർക്കു പാഞ്ഞു.
നക്കിതോർത്തു ഇടയ്ക്ക് വച്ച് നിറുത്തി അവൾ അടുത്തുള്ള
പുളിമരത്തിൽ ഓടിക്കയറി.
ഓടിക്കയറിയ പൂച്ചയെ പിള്ള ഉന്നം തെറ്റാതെ എറിഞ്ഞു വീഴ്ത്തി
പട്ടികയ്ക്ക് അടിച്ചു കൊന്നു കുഴിച്ചുമൂടി.
ചത്തുപോയ (കൊന്നതാണെങ്കിലും അങ്ങിനെ പറയാവൂ ) പൂച്ചയ്ക്ക് ഇനി വല്ല പേയും ഉണ്ടോന്നറിയാൻ വഴിയടഞ്ഞ പിള്ള അടുത്തുള്ള ക്ളിനിക്കിൽപോയി പൂച്ചവിഷമേൽക്കാതിരിക്കാനുള്ള
ചികിത്സയും ആരംഭിച്ചു.
ആഴ്ചകളോളം മുഖത്ത് വലിയ ബാൻഡേജുമിട്ട് ഏകലോചനം പരിശീലിച്ച് വീട്ടിലിരിപ്പായി. നാട്ടുകാരുടെ വകയായി സ്നേഹപൂർവം ചാത്തിക്കിട്ടിയ
" പൂച്ചമാന്തി വിക്രമൻ പിള്ള " എന്ന പേരുമായി കക്ഷി, പാടത്ത് പിള്ളേർ കുത്തി നിർത്തിയ
മട്ടല്സ്റ്റമ്പു പോലുള്ള മൂന്നു
വരയും മുഖത്ത് അലങ്കാരമായി ശിഷ്ടകാലം ജീവിച്ചു പോന്നു…..!
# അപ്പോൾ പറഞ്ഞു വന്നത് വഴിയേ പോയ വയ്യാവേലി വലിച്ചു തലയിൽ കയറ്റുമ്പോൾ വൈകാരിതയോടെ മാത്രം ഇടപ്പെടരുത് .
ജന്തുക്കൾ ആപത്തിൽപ്പെട്ടാൽ അവയുടെ ജന്തുസഹജമായ
പ്രതികരണങ്ങളെക്കുറിച്ചു അൽപ്പം ബോധമെങ്കിലും വേണം. പിന്നെ വെള്ളത്തിൽ കിടന്നു മരിക്കണോ വലിച്ചു കയറ്റി തല്ലികൊല്ലണോ
എന്നത് യുക്തിയുടെ ഏഴയലത്തു പോലും വരികയില്ല.
അങ്ങിനെയാണ് ജീവഹാനിയും മാനഹാനിയും പരസ്പര പൂരകങ്ങളാകുന്നത്.
2020 - Sep - 29
( ജോളി ചക്രമാക്കിൽ )