Showing posts with label UnnikrishnanThachampara. Show all posts
Showing posts with label UnnikrishnanThachampara. Show all posts

ഒരു മിഠായിക്കള്ളന്‍റെ കഥ (കഥ)


കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അന്നവന്‍ ഏഴാം ക്ളാസിലായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിന് സ്ക്കൂള്‍ വിട്ട നേരം പതിവുപോലെ ടൗണിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നേരം പോകുകയായിരുന്നു. കുറച്ചു ദിവസമായി അവന്‍റെ അവസ്ഥ ഇതുതന്നെ. അമ്മ മരിച്ചു പോയതിനു ശേഷം അടുക്കള ഭാരം ചുമക്കേണ്ടി വന്നു അവന്. അന്നൊക്കെ വിറക് വലിയൊരു പ്രശ്നമായിരുന്നു മഴക്കാലത്ത് നനഞ്ഞ വിറക് ഊതിയൂതി കണ്ണുകലങ്ങും എന്നല്ലാതെ തീയൊന്നു കത്തിപ്പിടിക്കുമ്പോഴേക്കും സ്ക്കൂളില്‍ പോകാന്‍ സമയം ആയിട്ടുണ്ടാവും. അതുകൊണ്ട് എല്ലാ ദിവസവും വൈകുന്നേരമാണ് ചോറുണ്ടാക്കുക ബാക്കി വരുന്നത് രാവിലെ കഴിച്ച് സ്ക്കൂളില്‍ പോകും...

ഒരുപാടു നെല്‍കൃഷിയൊക്കെ ഉള്ള തറവാടായിട്ടും അവന്‍ മിക്ക ദിവസങ്ങളിലും ഉച്ചപട്ടിണിയായി. സ്ക്കൂളില്‍ ഉച്ചകഞ്ഞി ആരംഭിച്ച വര്‍ഷം ആയിരുന്നു അത്.. ഒത്തിരി കൃഷിയൊക്കെ ഉള്ള വീട്ടിലെ കുട്ടികള്‍ ഉച്ചകഞ്ഞിക്ക് അര്‍ഹരല്ല എന്ന അറിയിപ്പ് വന്നതോടെ അവനതിന് പേരു കൊടുത്തില്ല.. അവന്‍ പൈസയില്ലാത്ത പൈസക്കാരന്‍ ആയിരുന്നല്ലോ...

അന്നും അവന്‍ ടൗണിലൂടെ നടന്നു 'നീലിമ' ഹോട്ടലില്‍ കയറി ഒരു ഗ്ളാസ് വെള്ളം വാങ്ങികുടിച്ചു. ദാഹം മാറിയെങ്കിലും കഠിനമായ വിശപ്പ് അവനെ തളര്‍ത്തി.. അവന്‍ സ്ക്കൂളിന്‍റെ പുറകു വശത്തുള്ള ഗ്രൗണ്ടിലേക്കു നടന്നു. അവിടെ മാവിന്‍റെ ചുവട്ടില്‍ തളര്‍ന്നിരുന്നു... അവന്‍റെ വലിയ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി... ഭക്ഷണം കഴിച്ച് കുട്ടികളെല്ലാം ഗ്രൗണ്ടിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ കണ്ണുതുടച്ച് ക്ളാസിലേക്ക് നടന്നു. പെട്ടന്നാണ് അവന് ഹംസാക്കാന്‍റെ മിഠായ് കട ഓര്‍മ്മ വന്നത് അവന്‍ അവിടെ എത്തുമ്പോള്‍ കടക്കു ചുറ്റും കുട്ടികള്‍ മിഠായ് വാങ്ങുന്നുണ്ടായിരുന്നു. ഭരണികളില്‍ നിറച്ചു വച്ചിരുന്ന വിവിധ തരം മിഠായികള്‍ നോക്കി അവന്‍ നെടുവീര്‍പ്പിട്ടു...

ഹംസാക്ക കുട്ടികള്‍ക്ക് മിഠായ് കൊടുക്കുന്ന തിരക്കിലായിരുന്നു. പെട്ടന്നാണ് അവനതു ചെയ്തത് കടലമിഠായ് ഭരണിക്കുള്ളില്‍ കയ്യിട്ട് 25 പൈസയുടെ ഒരു മിഠായ് എടുത്തതും അവന്‍റെ കയ്യില്‍ ഹംസാക്കാന്‍റെ പിടിവീണു..

ഞാന്‍... ഞാന്‍... ഒന്നും പറയാന്‍ കിട്ടാതെ അവന്‍ നിസ്സഹായതയോടെ അയാളെ നോക്കി കൈകൂപ്പി. അയാള്‍ അവന് രണ്ടു മിഠായ് കൂടി എടുത്തു കൊടുത്തു.. അവന്‍റെ പുറത്തു തട്ടി പൊയ്ക്കാളാന്‍ പറഞ്ഞു. കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസുമായി അവന്‍ ക്ളാസിലേക്കു നടന്നു...

സെലീന ടീച്ചര്‍ വന്ന് അവനെ തട്ടി വിളിക്കുന്നതു വരെ അവന്‍ ഡസ്കില്‍ തലവച്ചു കിടന്നു. എന്തുപറ്റി ഇവനെന്ന ടീച്ചറുടെ ചോദ്യത്തിന് അടുത്തിരുന്ന കുട്ടിയാണ് മറുപടി പറഞ്ഞത്..
'' ഇവനൊന്നും കഴിച്ചിട്ടില്ല ടീച്ചര്‍''
''എല്ലാ ദിവസവും ഇവന്‍ ഉച്ചക്ക് ഒന്നും കഴിക്കില്ല ടീച്ചറേ''

കുട്ടികള്‍ക്കെല്ലാം പേടിസ്വപ്നമായ സെലീന ടീച്ചര്‍ അവന്‍റെ മുടിയില്‍ പതുക്കെ തലോടി
''എന്‍റെ കൂടെ വാ ആരുടെയെങ്കിലും ചോറ്റുപാത്രവും വാങ്ങിക്കോ.....''
അടുത്തുള്ള കുട്ടിയുടെ ചോറ്റുപാത്രവും വാങ്ങി അവന്‍ ടീച്ചറെ അനുഗമിച്ചു....

കുട്ടികളുടെ തിരക്കെല്ലാം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകുകയായിരുന്നു കഞ്ഞി വെക്കുന്ന ആയ.. ബാക്കിയുള്ള കഞ്ഞിയില്‍ നിന്ന് കുറച്ചു കഞ്ഞിയും പയറും വാങ്ങിതന്ന് ഇനിയെന്നും ഇവന് ഭക്ഷണം കൊടുക്കണമെന്നും അവരോട് നിര്‍ദ്ദേശിച്ച് അവനെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി.
അവന്‍ ഉണ്ണുന്നതും നോക്കി ടീച്ചര്‍ അവന് കൂട്ടിരുന്നു. സെലീന ടീച്ചറുടെ കണ്ണുനിറയുന്നത് അവനറിയുന്നുണ്ടായിരുന്നു...

തിരിച്ചു ക്ളാസിലേക്കു നടക്കുമ്പോള്‍ ടീച്ചറുടെ കൈക്കുള്ളില്‍ അവന്‍റെ കൈകള്‍ ഭദ്രമായിരുന്നു......!!

ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ

അമ്മയെന്ന പുണ്യം(കഥ)


കൂട്ടുകാരന്റെ അമ്മയെ ബൈക്കിനു പുറകിലിരുത്തി പോകുമ്പോള് ഞാനൊരിക്കലും ഓര്ത്തില്ല അതിനിത്രയും ഫീല് തരാന് കഴിയുമെന്ന്... കഴിഞ്ഞ വാഹന പണിമുടക്ക് ദിവസം വീട്ടില് നിന്നും ബൈക്ക് ഇറക്കി വരുമ്പോഴേ ഞാന് കണ്ടു അമ്മ റോഡിലേക്കിറങ്ങി നില്ക്കുന്നത്. തച്ചമ്പാറയിലേക്കാവും ഞാന് ഓര്ത്തു.. അമ്മയുടെ അടുത്തു ബൈക്ക് നിര്ത്തി അമ്മ വേഗം കയറിയിരുന്നു...

''ഉണ്ണീടെ ബൈക്കില് കേറാന് വളരെ എളുപ്പമാണുട്ടോ മകന്റേത് ബുള്ളറ്റ് ആയോണ്ട് കുറച്ചു പാടാണ്...''
ഞാന് ചിരിച്ചുകൊണ്ട് തലയാട്ടി.. അവര്ക്ക് ബുദ്ധിമുട്ടൊന്നും വരാത്ത രീതിയില് ബൈക്ക് വളരെ പതുക്കെയാണ് ഞാന് ഓടിച്ചത്. സത്യത്തില് ഞാന് മറ്റൊരു ലോകത്തായിരുന്നു എന്റെ അമ്മ ഉണ്ടായിരുന്നെങ്കില് ഇതേ പ്രായം തന്നെയാവും അമ്മക്കും.. മനസ്സും കണ്ണും വല്ലാതൊന്നു നിറഞ്ഞപോലെ അതുകൊണ്ടാവും എതിരേ വന്ന വാഹനങ്ങളൊന്നും ഞാന് കണ്ടതേ ഇല്ല..

അമ്മമാരെയും കൊണ്ട് ബൈക്കില് ഫ്രീക്കന് പിള്ളേരൊക്കെ ചീറിപാഞ്ഞുപോകുന്നത് കണ്ടിട്ടുണ്ട്. പുറകില് പേടിച്ചരണ്ടിരിക്കുന്ന അമ്മമാരെ കാണുമ്പോള് വല്ലാത്ത വിഷമം തോന്നാറുണ്ട്.. അമ്മമാരുള്ളപ്പോള് എത്ര പതുക്കെ വണ്ടി ഒാടിക്കണമെന്നോ....
എന്നും അടുക്കളയില് കഴിയാന് വിധിക്കപ്പെട്ടവരാണ് അമ്മമാര് എപ്പോഴെങ്കിലും അവരെകൂട്ടി അവര്ക്കിഷ്ടമുള്ളതെല്ലാം വാങ്ങികൊടുത്ത് ആ മുഖത്ത് വിരിയുന്ന സന്തോഷങ്ങളെ കണ്കുളിര്ക്കെ കാണാന് എത്രപേര് ശ്രമിക്കും...

ഓരോ കുടുംബകാര്യങ്ങള് പറഞ്ഞ് ഞങ്ങള് യാത്ര തുടര്ന്നു. തച്ചമ്പാറയിലെത്തി അമ്മ പറഞ്ഞ കടയുടെ മുമ്പില് ഇറക്കിവിട്ടു. ശരി മോനേന്നു പറഞ്ഞ് അമ്മ നടന്നുപോകുന്നതും നോക്കി ഒരു നിമിഷം ഞാനവിടെ നിന്നു...

ഇത് വലിയൊരു സംഭവമൊന്നുമല്ലെന്ന് എനിക്കറിയാം എന്നാലും ഒരിക്കലും നികത്താനാവാത്ത ചില നഷ്ടങ്ങളെ ഇതുപോലുള്ള ചില നിമിഷങ്ങള് കൊണ്ട് മറക്കാന് ശ്രമിക്കുകയാണ് പലപ്പോഴും....!!

I really miss my mom...

ഉണ്ണികൃഷ്ണന് തച്ചമ്പാറ ©

മാപ്പ്(കഥ)

 

''ഇല്ല ഇതുവരെ ആയില്ല പക്ഷേ എന്‍റെ കുഴപ്പം അല്ലാട്ടോ അവള്‍ക്കാണ് കുഴപ്പം''

''ശ്ശെടാ ആരുടെ കുഴപ്പമാണ് എന്നു ഞാന്‍ ചോദിച്ചില്ലല്ലോ ദേവാ.. ശരി പിന്നെ കാണാം കേട്ടോ''

പതിവുപോലെ ദേവന്‍ അന്ന് തന്‍റെ സ്റ്റേഷനറി കട തുറന്നതാണ് അപ്പോഴാണ് അയാളുടെ വരവ് പഴയ കോളേജ്മേറ്റാണ്....

എന്തോ ഒരു വല്ലായ്ക തോന്നി ശരീരം തളരുന്നതുപോലെ. ഒന്നാം തീയ്യതി ആയിപ്പോയി അല്ലെങ്കില്‍ ബാറില്‍പോയി രണ്ടെണ്ണം വിടാമായിരുന്നു. കടയടച്ച് വീട്ടില്‍പോയി വിശ്രമിച്ചാലോ എന്നോര്‍ത്തു. അവളുടെ മുഖം മനസ്സിലെത്തിയതും ''പണ്ടാരം '' അയാള്‍ പിറുപിറുത്തു. കുറച്ചു നേരം കൂടി അയാള്‍ കടയില്‍ തള്ളിനീക്കി. ആരും വരുന്നില്ല അല്ലെങ്കിലും ഇൗയിടെയായി കച്ചവടം വളരെ കുറവാണ്. തൊട്ടടുത്ത് വലിയൊരു കട തുടങ്ങിയിട്ടുണ്ട് എല്ലാവരും അവിടേക്കാണ് പോകുന്നത്. അയാള്‍ക്ക് വല്ലാത്ത നിരാശ തോന്നി അല്ലെങ്കിലും ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് എല്ലാം അവസാനിപ്പിക്കാറായി....

പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരു കുഞ്ഞിനെ തരാന്‍ അവള്‍ക്ക് കഴിയില്ല എന്നറിഞ്ഞതുമുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. അയാള്‍ കടയടച്ചു ബൈക്കില്‍ വരുമ്പോളാണ് സിറാജിനെ കണ്ടത്.
'' വാടോ ഓരോ ചായ കുടിക്കാം.''
ചായയും ചൂടു പഴംപൊരിയും കഴിക്കുമ്പോള്‍ സിറാജ് പറഞ്ഞു

'' പഴംപൊരി ഭാര്യക്ക് ഭയങ്കര ഇഷ്ടാ കുറച്ചു വാങ്ങട്ടെ നിനക്ക് വേണോ ?''

''എനിക്ക് വേണ്ട അയാള്‍ പെട്ടന്നു പറഞ്ഞു''

അവിടെ നിന്നും പോകുമ്പോള്‍ അയാള്‍ ആലോചിച്ചു അവള്‍ക്കും ഒത്തിരി ഇഷ്ടമാണ് പഴംപൊരി വാങ്ങിയാലോ പിന്നെ ഒട്ടും അമാന്തിച്ചില്ല അയാള്‍ തിരിച്ചുവന്നു പഴംപൊരി പാര്‍സല്‍ വാങ്ങി. സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല ഇത് വാങ്ങുന്നത് അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു....

വീടെത്തിയതും പൂട്ടികിടക്കുന്നു അപ്പുറത്തെ വീട്ടിലെ നാണിയമ്മയോട് ചോദിച്ചു
''രേണു എവിടെപോയി നാണിയമ്മേ?''
''അവളാനീതൂന്‍റവിടെ കാണും ഞാന്‍ പോയി വിളിക്കണോ ?''
''വേണ്ട ഞാന്‍ പോവാം''
മൂന്നു വീട് അപ്പുറത്താണ് നീതുവിന്‍റെ വീട്. ദൂരെ നിന്നുതന്നെ അയാള്‍ ആ കാഴ്ച കണ്ടു നീതുവിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുകൊഞ്ചുന്ന രേണുവിനെ...

''നീതു ഞാന്‍ പോവാണേ ഏട്ടന്‍ നേര്‍ത്തെ വന്നു '' അവള്‍ ഓടിവന്നു ദേവനെ കടന്നുപോയി അയാള്‍ അവളെ അനുഗമിച്ചു. ഉടയാത്ത അവളുടെ ശരീരത്തിലേക്ക് അയാളൊന്നു നോക്കി. ലൈംഗികതപോലും താനവള്‍ക്കു നിഷേധിച്ചു. തന്‍റെ എല്ലാ കുറ്റപ്പെടുത്തലുകളും നിശ്ശബ്ദം ഏറ്റുവാങ്ങി ആര്‍ക്കു മുമ്പിലും തന്നെ വിട്ടുകൊടുക്കാത്തവള്‍. ഒരു കട്ടിലില്‍ ഇരു രാജ്യങ്ങളായി കഴിയുമ്പോഴും പരാതിയില്ലായിരുന്നു അവള്‍ക്ക്... തന്‍റെ ഈഗോയാണ് എല്ലാറ്റിനും കാരണം

ബൈക്കില്‍ നിന്നും പഴംപൊരിയെടുത്ത് അയാള്‍ അവള്‍ക്ക് കൊടുത്തു. അവള്‍ ആശ്ചര്യത്തില്‍ അയാളെ നോക്കി. എത്ര നാളായി ഇങ്ങനെ കൊണ്ടുവന്നിട്ട് അവളുടെ കണ്ണു നിറഞ്ഞു...

''നീ ഭക്ഷണം കഴിച്ചോ ?'' അവള്‍ നിറകണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി. ഇത്രേം സ്നേഹമൊക്കെ ഉണ്ടായിരുന്നോ ആ മനസ്സില്‍ ഞാനറിയാതെ പോയല്ലോ...

''ഏട്ടനു ചോറെടുക്കട്ടെ ?''

''വേണ്ട പതുക്കെ മതി ചായ കുടിച്ചതേ ഉള്ളൂ. ഞാനൊന്നു കിടക്കട്ടെ ഒരു തളര്‍ച്ചപോലെ...

അയാള്‍ കട്ടിലില്‍ പോയി കിടന്നു വല്ലാത്തൊരു കുറ്റബോധം അയാളെ വേട്ടയാടി. അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു...

രേണു അയാളുടെ അടുത്തിരുന്നു. മൃദുവായ കൈകള്‍കൊണ്ട് ദേവന്‍റെ നെറ്റിയില്‍ പതുക്കെ തലോടി. അടുത്തിരുന്നാല്‍ ചൂടാവുന്ന ആളാണ് ഇതെന്തുപറ്റിയാവോ...

അപ്പോഴാണ് രേണു അത് ശ്രദ്ധിച്ചത് അയാള്‍ കരയുകയാണ് ''എന്താ ദേവേട്ടാ ഇത് എന്തിനാ ഇങ്ങനെ കരയണേ...?''

''എനിക്കു തെറ്റുപറ്റി മാപ്പ്....''
അവളയാളുടെ വായപൊത്തി ''തോല്‍ക്കണ്ട എന്‍റെമുമ്പില്‍ തോല്‍ക്കണ്ട....''

കൊച്ചുകുഞ്ഞിനെപോലെ അവള്‍ അയാളുടെ മുഖം കൈകുമ്പിളില്‍ കോരിയെടുത്തു. '' എനിക്ക് ഇനിയൊരു കുഞ്ഞു വേണ്ട ദേവേട്ടാ....''
അയാളവളെ നെഞ്ചിലേക്ക് വലിച്ചിട്ടു.
''എനിക്കും വേണ്ട '' അയാള്‍ മന്ത്രിച്ചു....!!

ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ

ഓടിട്ട വീട്

Image may contain: 1 person
ചെറിയൊരു ഓടിട്ട വീടാണ് എന്‍റേത്. 
ഒരുപാടു പ്രതിസന്ധികള്‍ക്കിടയില്‍ വാങ്ങിച്ച പഴയൊരു വീട്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വീട്ടില്‍ വരുമ്പോള്‍ ഏറ്റവും ഹൃദ്യമായ ആതിഥ്യം നല്‍കാന്‍ ഞാനും മഞ്ജുവും ശ്രമിക്കാറുണ്ട്. സുഹൃത്തുക്കള്‍ വരുന്നത് ഏറെ ഇഷ്ടമാണ് ഞങ്ങള്‍ക്ക്. വലിയ വീടുകള്‍ ഉള്ളവരൊക്കെ വരുമ്പോള്‍ വല്ലാത്ത പരിഭ്രമത്തിലാവും ഞങ്ങള്‍. അവര്‍ക്ക് എന്തെങ്കിലും ഇഷ്ടമില്ലാതെ വരുമോ എന്നോര്‍ത്ത് ഭയങ്കര ടെന്‍ഷനടിക്കും. വീട് എത്രയൊക്കെ വൃത്തിയാക്കി വച്ചാലും അവിടെയും ഇവിടെയും നമ്മുടേതായ ചില അടയാളപ്പെടുത്തലുകളുണ്ടാവും....
നമ്മളെ നമ്മളായി ചേര്‍ത്തുപിടിച്ച് നമ്മുടെ ഇല്ലായ്മകളെയും അസൗകര്യങ്ങളെയും അംഗീകരിച്ചു ഒരാള്‍ നമ്മളിലേക്ക് വരുമ്പോള്‍ നമ്മുടെ ഹൃദയം നിറഞ്ഞു തുളുമ്പും. ഭാഗ്യവശാല്‍ എന്‍റെ വീട്ടിലേക്ക് വന്നവരൊക്കെ അങ്ങനെയായിരുന്നു.
വീട്ടിലെ മുഷിഞ്ഞ ചുവരുകളും തിളക്കമില്ലാത്ത പാത്രങ്ങളും കണ്ട് അവരൊന്നും മുഖം ചുളിച്ചില്ല.
ഓരോ വീടും ഇങ്ങനെയൊക്കെ ആവും അല്ലേ നമ്മുടേതായ അടയാളപെടുത്തലുകളുള്ള നമ്മുടെ കൊച്ചു വീടുകള്‍...
ചന്തമില്ലാത്ത ബാത്ത്റൂമും പൊട്ടിയ കപ്പും നിറമില്ലാത്ത തോര്‍ത്തുമുണ്ടും തേഞ്ഞുപോയ സോപ്പുമുള്ള സ്നേഹവീടുകള്‍...
പകര്‍ന്നു തരാന്‍ സ്നേഹമല്ലാതെ മറ്റൊന്നുമില്ലാത്ത മുഷിപ്പിടങ്ങള്‍...
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ

ഭാര്യ

Image may contain: 1 person
ഞാന് എന്തു പറഞ്ഞാലും അനുസരിക്കുന്ന ഭാര്യയെ വേണം എന്നായിരുന്നു കല്ല്യാണത്തിന് മുന്പ് എന്റെ ആഗ്രഹം. ആണ് എന്തുപറഞ്ഞാലും അനുസരിക്കേണ്ടവളാണ് ഒരു നല്ല ഭാര്യ എന്ന ചിന്ത എന്നില് അന്നൊക്കെ നിറഞ്ഞു നിന്നിരുന്നു. ഭാര്യ പറയുന്നത് കേട്ടു നടക്കുന്ന പല ആണുങ്ങളെയും ഞാന്കണ്ടിട്ടുണ്ട് അതില് നിന്നും മാറി നടക്കാന് ഞാന്തീരുമാനിച്ചിരുന്നു... കല്ല്യാണം കഴിഞ്ഞ അടുത്ത ദിവസം രാവിലെ ആറുമണിക്ക് അവളെ എഴുന്നേല്പ്പിച്ച് മുറ്റമടിക്കാന്പറയണം ഞാന് മനസ്സില് കരുതി...
എന്നെ ഞെട്ടിച്ചുകൊണ്ട് അഞ്ചരക്കു തന്നെ എഴുന്നേറ്റ് മുറ്റമടിക്കാന് പോയ ഭാര്യയെ ഞാന് ആശ്ചര്യത്തില് നോക്കി. എണീറ്റു പോകുമ്പോള് എന്റെ കാല് തൊട്ടു വന്ദിച്ച അവളെ ഞാന് തടുത്തെങ്കിലും എന്റെ കവിളിലൊരുമ്മവെച്ച് അവള്ചിരിച്ചുകൊണ്ട് പോയി...
രാവിലെ കുളിച്ച് മുടിയില് തോര്ത്തുചുറ്റി ചായയും കൊണ്ട് വരണമെന്ന എന്റെ ആഗ്രഹം ഞാന് പറയാതെ തന്നെ അവള്നിറവേറ്റിയപ്പോള് ഞാന് പിന്നേയും തോറ്റുപോയി...
എന്റെ ചിന്തകള്ക്കതീതമായി ഓരോ പ്രാവശ്യവും അവളെന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങള്തിരുച്ചിറാപള്ളിയിലേക്ക് താമസം മാറി.
ഒരു ദിവസം അവള്ക്ക് ചെറിയൊരു തലവേദന. അന്നവള്കുളിക്കാതെ വെച്ചുതന്ന ചായക്ക് രുചിക്കുറവൊന്നും ഇല്ലെന്ന് എനിക്കു മനസ്സിലായി. പിന്നെ പിന്നെ അവള് രാവിലത്തെ എല്ലാ ജോലിയും കഴിഞ്ഞ് കുളിക്കുന്നത് ശീലമാക്കിയപ്പോള് എന്റെ ആഗ്രഹത്തിനു വലിയ പ്രസക്തിയില്ലെന്ന് എനിക്കു മനസ്സിലായി...
അന്ന് കുറെ വിരുന്നുകാര് വന്ന ദിവസം അവളെന്നോട് തേങ്ങ ചിരവാന് പറഞ്ഞു. അവളുണ്ടാവുമ്പോള് അടുക്കളപ്പണി ചെയ്യില്ലെന്ന വാശിയുള്ള ഞാന് അവളുടെ നിസ്സഹായത മനസ്സിലാക്കി സഹായിക്കാന് ചെന്നു. പിന്നെ പിന്നെ പല സഹായങ്ങള്ക്കും അവള് വിളിക്കുമ്പോള് എനിക്ക് എതിര്ക്കാന്എന്തുകൊണ്ടോ തോന്നിയില്ല.
എന്റെ പല ഇഷ്ടങ്ങളും അലിഞ്ഞലിഞ്ഞില്ലാതാവുന്നതും എനിക്കും അവള്ക്കും പൊതുവായ ഇഷ്ടങ്ങള് രൂപപ്പെടുന്നതും ഞാനറിയുന്നുണ്ടായിരുന്നു...
ഒരിക്കല് സുഹൃത്തിന്റെ കല്ല്യാണത്തിനു പുരികം പ്ളക്ക് ചെയ്ത് ചെറുതായി ലിപ്സ്റ്റിക്ക് ഇട്ടു വന്ന അവളോട് ഇതൊന്നും എനിക്ക് ഇഷ്ടമല്ലെന്ന് പറയുന്ന മൂരാച്ചി കെട്ടിയോനാവാന്എന്തോ എനിക്ക് തോന്നിയില്ല കാരണം അവളന്ന് അത്രക്ക് സുന്ദരിയായിരുന്നു...
എപ്പോഴെങ്കിലും ഒരു ബിയര് കഴിക്കുന്ന എന്റെ ശീലത്തെ അവള് എതിര്ക്കുമെന്നാണ് ഞാന് കരുതിയത്. എന്നാല്ബാറില്പോയി കഴിക്കേണ്ട വീട്ടില് കൊണ്ടുവന്നു കഴിച്ചോളൂ എന്നവള് പറഞ്ഞപ്പോള് ഞാന് വീണ്ടും ഞെട്ടി... വീട്ടിലെ ഫ്രിഡ്ജില് വച്ച് തണുപ്പിച്ച് ബിയറടിക്കുമ്പോള് എഗ്ഗ് പൊടിമാസ് സൈഡ് ഡിഷായി ഉണ്ടാക്കിതരുന്ന ഭാര്യയെ ഞാന് സ്വപ്നത്തില്പോലും കണ്ടിട്ടില്ലായിരുന്നു അതുവരെ. പുറത്ത് എവിടെയെങ്കിലും പോയി കുടിച്ച് ഫിറ്റായി വരുന്നതില് നിന്ന് എത്ര സമര്ത്ഥമായാണ് അവളെന്നെ തടുത്തത്...
പെണ്ണെന്നാല് ആരുടെയും അടിമയല്ലെന്നും അവള്ക്ക് അവളുടേതായ ചിന്തകളും ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നും, എന്റെ ഓരോ ആഗ്രഹങ്ങളും നിറവേറ്റിതന്നുകൊണ്ട് അവളെന്നെ ബോദ്ധ്യപ്പെടുത്തികൊണ്ടേയിരുന്നു... അങ്ങനെയങ്ങനെ അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നിലൂടെ തന്നെ അവള് സാധിച്ചെടുത്തു..
എന്നെ മനസ്സിലാക്കുന്നവളെ മനസ്സിലാക്കാന് എനിക്കു പറ്റിയില്ലെങ്കില് പിന്നെ എന്നെ എന്തിന് കൊള്ളാം...
കുടുംബം അതൊരു തോണിയാണ് തുല്യപ്രാധാന്യത്തോടെ രണ്ടുപേര് ചേര്ന്നു തുഴയേണ്ട തോണി...
ഉണ്ണികൃഷ്ണന് തച്ചമ്പാറ©

കുഴപ്പം

Image may contain: 1 person, food

''അതുപോട്ടെ ദേവന് എത്രകുട്ടികളാണ് ഒന്നോ രണ്ടോ ?''
''ഇല്ല ഇതുവരെ ആയില്ല പക്ഷേ എന്‍റെ കുഴപ്പം അല്ലാട്ടോ അവള്‍ക്കാണ് കുഴപ്പം''
''ശ്ശെടാ ആരുടെ കുഴപ്പമാണ് എന്നു ഞാന്‍ ചോദിച്ചില്ലല്ലോ ദേവാ.. ശരി പിന്നെ കാണാം കേട്ടോ''
പതിവുപോലെ ദേവന്‍ അന്ന് തന്‍റെ സ്റ്റേഷനറി കട തുറന്നതാണ് അപ്പോഴാണ് അയാളുടെ വരവ് പഴയ കോളേജ്മേറ്റാണ്....
എന്തോ ഒരു വല്ലായ്ക തോന്നി ശരീരം തളരുന്നതുപോലെ. ഒന്നാം തീയ്യതി ആയിപ്പോയി അല്ലെങ്കില്‍ ബാറില്‍പോയി രണ്ടെണ്ണം വിടാമായിരുന്നു. കടയടച്ച് വീട്ടില്‍പോയി വിശ്രമിച്ചാലോ എന്നോര്‍ത്തു. അവളുടെ മുഖം മനസ്സിലെത്തിയതും ''പണ്ടാരം '' അയാള്‍ പിറുപിറുത്തു. കുറച്ചു നേരം കൂടി അയാള്‍ കടയില്‍ തള്ളിനീക്കി. ആരും വരുന്നില്ല അല്ലെങ്കിലും ഇൗയിടെയായി കച്ചവടം വളരെ കുറവാണ്. തൊട്ടടുത്ത് വലിയൊരു കട തുടങ്ങിയിട്ടുണ്ട് എല്ലാവരും അവിടേക്കാണ് പോകുന്നത്. അയാള്‍ക്ക് വല്ലാത്ത നിരാശ തോന്നി അല്ലെങ്കിലും ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് എല്ലാം അവസാനിപ്പിക്കാറായി....
പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരു കുഞ്ഞിനെ തരാന്‍ അവള്‍ക്ക് കഴിയില്ല എന്നറിഞ്ഞതുമുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. അയാള്‍ കടയടച്ചു ബൈക്കില്‍ വരുമ്പോളാണ് സിറാജിനെ കണ്ടത്.
'' വാടോ ഓരോ ചായ കുടിക്കാം.''
ചായയും ചൂടു പഴംപൊരിയും കഴിക്കുമ്പോള്‍ സിറാജ് പറഞ്ഞു
'' പഴംപൊരി ഭാര്യക്ക് ഭയങ്കര ഇഷ്ടാ കുറച്ചു വാങ്ങട്ടെ നിനക്ക് വേണോ ?''
''എനിക്ക് വേണ്ട അയാള്‍ പെട്ടന്നു പറഞ്ഞു''
അവിടെ നിന്നും പോകുമ്പോള്‍ അയാള്‍ ആലോചിച്ചു അവള്‍ക്കും ഒത്തിരി ഇഷ്ടമാണ് പഴംപൊരി വാങ്ങിയാലോ പിന്നെ ഒട്ടും അമാന്തിച്ചില്ല അയാള്‍ തിരിച്ചുവന്നു പഴംപൊരി പാര്‍സല്‍ വാങ്ങി. സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല ഇത് വാങ്ങുന്നത് അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു....
വീടെത്തിയതും പൂട്ടികിടക്കുന്നു അപ്പുറത്തെ വീട്ടിലെ നാണിയമ്മയോട് ചോദിച്ചു
''രേണു എവിടെപോയി നാണിയമ്മേ?''
''അവളാനീതൂന്‍റവിടെ കാണും ഞാന്‍ പോയി വിളിക്കണോ ?''
''വേണ്ട ഞാന്‍ പോവാം''
മൂന്നു വീട് അപ്പുറത്താണ് നീതുവിന്‍റെ വീട്. ദൂരെ നിന്നുതന്നെ അയാള്‍ ആ കാഴ്ച കണ്ടു നീതുവിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുകൊഞ്ചുന്ന രേണുവിനെ...
''നീതു ഞാന്‍ പോവാണേ ഏട്ടന്‍ നേര്‍ത്തെ വന്നു '' അവള്‍ ഓടിവന്നു ദേവനെ കടന്നുപോയി അയാള്‍ അവളെ അനുഗമിച്ചു. ഉടയാത്ത അവളുടെ ശരീരത്തിലേക്ക് അയാളൊന്നു നോക്കി. ലൈംഗികതപോലും താനവള്‍ക്കു നിഷേധിച്ചു. തന്‍റെ എല്ലാ കുറ്റപ്പെടുത്തലുകളും നിശ്ശബ്ദം ഏറ്റുവാങ്ങി ആര്‍ക്കു മുമ്പിലും തന്നെ വിട്ടുകൊടുക്കാത്തവള്‍. ഒരു കട്ടിലില്‍ ഇരു രാജ്യങ്ങളായി കഴിയുമ്പോഴും പരാതിയില്ലായിരുന്നു അവള്‍ക്ക്... തന്‍റെ ഈഗോയാണ് എല്ലാറ്റിനും കാരണം
ബൈക്കില്‍ നിന്നും പഴംപൊരിയെടുത്ത് അയാള്‍ അവള്‍ക്ക് കൊടുത്തു. അവള്‍ ആശ്ചര്യത്തില്‍ അയാളെ നോക്കി. എത്ര നാളായി ഇങ്ങനെ കൊണ്ടുവന്നിട്ട് അവളുടെ കണ്ണു നിറഞ്ഞു...
''നീ ഭക്ഷണം കഴിച്ചോ ?'' അവള്‍ നിറകണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി. ഇത്രേം സ്നേഹമൊക്കെ ഉണ്ടായിരുന്നോ ആ മനസ്സില്‍ ഞാനറിയാതെ പോയല്ലോ...
''ഏട്ടനു ചോറെടുക്കട്ടെ ?''
''വേണ്ട പതുക്കെ മതി ചായ കുടിച്ചതേ ഉള്ളൂ. ഞാനൊന്നു കിടക്കട്ടെ ഒരു തളര്‍ച്ചപോലെ...
അയാള്‍ കട്ടിലില്‍ പോയി കിടന്നു വല്ലാത്തൊരു കുറ്റബോധം അയാളെ വേട്ടയാടി. അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു...
രേണു അയാളുടെ അടുത്തിരുന്നു. മൃദുവായ കൈകള്‍കൊണ്ട് ദേവന്‍റെ നെറ്റിയില്‍ പതുക്കെ തലോടി. അടുത്തിരുന്നാല്‍ ചൂടാവുന്ന ആളാണ് ഇതെന്തുപറ്റിയാവോ...
അപ്പോഴാണ് രേണു അത് ശ്രദ്ധിച്ചത് അയാള്‍ കരയുകയാണ് ''എന്താ ദേവേട്ടാ ഇത് എന്തിനാ ഇങ്ങനെ കരയണേ...?''
''എനിക്കു തെറ്റുപറ്റി മാപ്പ്....''
അവളയാളുടെ വായപൊത്തി ''തോല്‍ക്കണ്ട എന്‍റെമുമ്പില്‍ തോല്‍ക്കണ്ട....''
കൊച്ചുകുഞ്ഞിനെപോലെ അവള്‍ അയാളുടെ മുഖം കൈകുമ്പിളില്‍ കോരിയെടുത്തു. '' എനിക്ക് ഇനിയൊരു കുഞ്ഞു വേണ്ട ദേവേട്ടാ....''
അയാളവളെ നെഞ്ചിലേക്ക് വലിച്ചിട്ടു.
''എനിക്കും വേണ്ട '' അയാള്‍ മന്ത്രിച്ചു....!!
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ

നിമിഷങ്ങള്‍

Image may contain: 1 person, food

പണ്ട് സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് പശുക്കളെയും പോത്തുകളെയും മേയ്ക്കുന്നതിനു ഞങ്ങള്‍ കുറെ കൂട്ടുകാര്‍ പോകുമായിരുന്നു. വീട്ടില്‍ ഒത്തിരി നെല്‍കൃഷി ഉണ്ടായിരുന്നതുകൊണ്ട് പാടം ഉഴുന്നതിനു വേണ്ടി പോത്തുകളെയും വളര്‍ത്തിയിരുന്നു. മൂന്നു പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അടങ്ങിയ സംഘം. നല്ല രസമായിരുന്നു ഞങ്ങള്‍ ഒന്നിക്കുമ്പോള്‍. ഒരുപാടു സങ്കടങ്ങള്‍ അനുഭവിക്കുമ്പോഴും ഇവരോടൊപ്പമുള്ള നിമിഷങ്ങള്‍ ചെറിയൊരു ആശ്വാസമായിരുന്നു.
വീടിനടുത്തുള്ള മലയുടെ താഴ്വരയിലായിരുന്നു കന്നുകളെ മേയാന്‍ വിട്ടിരുന്നത്. അടുത്തുള്ള തെങ്ങിന്‍ തോട്ടത്തില്‍ നിന്നും ഇളനീര്‍ കട്ടുകുടിച്ചും പേരക്ക മാങ്ങ തുടങ്ങി തൊട്ടടുത്ത വീടുകളില്‍ നിന്നും ചോദിച്ചും ചോദിക്കാതെയും തിന്നുന്നതിന്‍റെ ഒരു സുഖമേ...
ഇതില്‍ ഏറ്റവും ആസ്വദിക്കുന്നത് ഞായറാഴ്ചകളില്‍ പാടവരമ്പത്ത് അടുപ്പുണ്ടാക്കി ചോറും മീന്‍കറിയും ഉണ്ടാക്കി കഴിക്കും. അരിയും പാത്രങ്ങളും മറ്റു സാധനങ്ങളും ഒാരോരുത്തരും കൊണ്ടുവരും. പെണ്‍കുട്ടികള്‍ ചോറു വെക്കുമ്പോഴേക്കും തൊട്ടടുത്ത കനാലില്‍ നിന്നും ഞങ്ങള്‍ മീന്‍ പിടിച്ചു കൊണ്ടു വരും. വിറക് തൊട്ടടുത്ത തെങ്ങിന്‍ തോട്ടത്തില്‍ നിന്നും കിട്ടും. എല്ലാവരും കൂടി കഴിക്കും അതിന്‍റെ രുചി ഇപ്പഴും നാവിലുണ്ട്..
അതുപോലെ ഞങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊരു വിഭവം മത്തന്‍ കൊണ്ടുള്ളതാണ്. അവരവര്‍ക്ക് പറ്റുന്ന ചെറിയ പൈസകള്‍ പിരിച്ച് നല്ല മൂത്തു പരുവമായ മത്തന്‍ വാങ്ങും എന്നിട്ട് അതില്‍ ചെറിയൊരു തുളയുണ്ടാക്കും ഒരു സ്പൂണ്‍ കൊണ്ട് ഉള്ളിലെ കുരുവും ചോറും കളയും എന്നിട്ട് തേങ്ങയും ശര്‍ക്കരയും അടങ്ങുന്ന മിശ്രിതം അതില്‍ നിറച്ചു ആ തുള അടക്കും പിന്നീട് വാഴയുടെ പോളകൊണ്ട് മത്തനെ വരിഞ്ഞു കെട്ടും ശേഷം തൊട്ടടുത്തുള്ള പാറയില്‍ കൊണ്ടുവക്കും വിറകും ചപ്പും മത്തന്‍റെ മുകളില്‍ കൂട്ടിവെച്ച് തീകൊടുക്കും. കുറേ നേരം കഴിഞ്ഞ് കരിഞ്ഞ വാഴപോളയെല്ലാം മാറ്റികഴിഞ്ഞ് ചൂടോടെ മുറിച്ച് കഴിക്കും !! എന്താ ഞാന്‍ പറയുക അത്ര രുചിയാണതിന്...
എല്ലാവരുടെയും കൊച്ചു കൊച്ചു സങ്കടങ്ങള്‍ പറയുന്ന ഇടം കൂടിയായിരുന്നു അത്. കൂട്ടത്തില്‍ ഏറ്റവും വേദന അനുഭവിച്ചത് ഞാനായിരുന്നല്ലോ. അമ്മയില്ലാത്ത കുട്ടിയായതുകൊണ്ടാവും എന്നെക്കാളും ഒരു വയസ്സിനു മൂത്ത ഉഷചേച്ചി ചിലപ്പോഴൊക്കെ എനിക്കു ചോറു വാരിതന്നത്.....
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©

തിരിച്ചറിവ്...

Image may contain: 1 person, food

''അച്ചായോ നിങ്ങളവിടെ എന്തെടുക്കുവാ?''
''ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുവാ എന്താടീ കിടന്നു കാറുന്നത്''
''രാവിലെ മുതല്‍ അടുക്കളയില്‍ ഞാന്‍ കഷ്ടപ്പെടുന്നത് കാണുന്നില്ലേ ഇങ്ങോട്ടൊന്നും വന്ന് നോക്കരുത് കേട്ടോ...''
''പോടീ പോത്തേ ഇവിടെ പോസ്റ്റ് പകുതി എഴുതി നില്‍ക്കുമ്പോഴാ അവള്‍ടെയൊരു അടുക്കള...''
''ലീവ് ദിവസമെങ്കിലും ഭാര്യയുടെ കൂടെ കുറച്ചു നേരം നില്‍ക്കരുതോ..? പണിയൊന്നും എടുക്കേണ്ട ചുമ്മാ മിണ്ടിയും പറഞ്ഞും... ഈ അടുക്കളയില്‍ കിടന്നു നരകിക്കാനാ എന്‍റെ വിധി ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍... ആട്ടെ എന്തു പോസ്റ്റാ നിങ്ങളിടുന്നത്..?''
''അടുക്കളയില്‍ ഉരുകുന്ന പെണ്‍ ജീവിതങ്ങള്‍...''
''ബെസ്റ്റ്... ആദ്യം സ്വന്തം കണ്ണിലെ കോലെടുക്ക് മനുഷ്യാ എന്നിട്ടു പോരെ അന്യരുടെ കണ്ണിലെ കരടെടുക്കാന്‍... ഇനിയും എന്നെയിങ്ങനെ കഷ്ടപ്പെടുത്താനാണ് ഭാവമെങ്കില്‍ ഞാനങ്ങു പോകും കുട്ടികളെയും കൊണ്ട്... ഒറ്റക്കു പോസ്റ്റിട്ടു ജീവിച്ചോ...''
അയാള്‍ അവളുടെ കണ്ണിലേക്ക് നോക്കി.. തീ പാറുന്ന കണ്ണുകള്‍..
പോസ്റ്റ് ഡിലീറ്റ് ചെയ്ത് അയാള്‍ അടുക്കളയിലേക്ക് നടന്നു... !!
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ.

ഞങ്ങള്‍

Image may contain: 1 person, food

ഹൃദയങ്ങളുടെ താഴ്വരയില്‍ അക്ഷരങ്ങള്‍കൊണ്ട് കൂടു കൂട്ടിയവര്‍
ഞങ്ങള്‍
മൗനത്തിന്‍റെ ചില്ലുജാലകങ്ങളില്‍ സ്നേഹത്തിന്‍റെ മഴനനഞ്ഞവര്‍
ഞങ്ങള്‍
പേരറിയാത്തൊരിഷ്ടത്തിന്‍റെ നോവേറ്റുപിടഞ്ഞവര്‍
ഞങ്ങള്‍
ഇരവിലും പകലിലും, വര്‍ഷത്തിലും വസന്തത്തിലും ഇരുവഴി പിരിയാത്തവര്‍
ഞങ്ങള്‍
മിതവാക്കുകളാല്‍ ഹൃദയംകൊണ്ട്
വാചാലരാവുന്നവര്‍
ഞങ്ങള്‍
ഇനിയും മരിക്കാത്ത സ്നേഹത്തിന്‍റെ പട്ടുനൂല്‍പുഴുക്കള്‍
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©

വിഷു

കഴിഞ്ഞ വിഷു ദിവസം നടന്ന ഒരു കൊച്ചു സംഭവം പറയാം.. വീട്ടില്‍ വിഷുക്കണിയൊരുക്കി പുലര്‍ച്ചെ നാലരക്ക് തന്നെ മോളെ അവളുടെ കണ്ണുപൊത്തിപിടിച്ച് വിഷുക്കണി കാണിച്ചു കൊടുത്തു. അവള്‍ക്ക് കൈനീട്ടവും കൊടുത്തു. പിന്നെ ശ്രീമതിയെയും അതുപോലെ കണ്ണുപൊത്തി കൊണ്ടുവന്നു പൊന്നു ചിരിയോടു ചിരി... അല്ലേലും അവള്‍ക്കിത്തിരി കുശുമ്പ് കൂടുതലാ.. വീട്ടില്‍ കാരണവന്‍മാര്‍ ആരും ഇല്ലാത്തോണ്ടു ഇതൊക്കെ ഞാന്‍ തന്നെ ചെയ്യേണ്ടേ? അവള്‍ക്കുണ്ടോ ഇതു വല്ലതും അറിയുന്നു...
അങ്ങനെ കണിയൊക്കെ കണ്ട് മധുരവും കഴിച്ചു. നേരം നന്നായി വെളുത്തപ്പോള്‍ അടുത്ത വീട്ടിലെ ഉമ്മ അതുവഴി പോവുകയായിരുന്നു മോള്‍ വേഗം അവരെ നിര്‍ബന്ധിച്ച് കണി കാണിച്ചുകൊടുത്തു ശേഷം അവിടെയുണ്ടായിരുന്ന കുറച്ചു രൂപയെടുത്ത് ആ ഉമ്മക്ക് കൈനീട്ടമായി നല്‍കി. ഉമ്മ അവളെ ചേര്‍ത്തുപിടിച്ചു.. അറിയാതെ എന്‍റെ കണ്ണു നിറഞ്ഞുപോയി...
പിന്നെ ഞങ്ങള്‍ അമ്പലത്തിലൊക്കെ പോയി തിരിച്ചു വന്നപ്പോഴേക്കും ശ്രീമതിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് കൈനീട്ടം തരാന്‍ വീട്ടില്‍ വന്നിരുന്നു. അദ്ദേഹത്തെ കണ്ടതും മോള്‍ ''അപ്പപ്പാ....'' എന്നു പറഞ്ഞ് ഓടിചെന്ന് കെട്ടിപിടിച്ചു.
പിന്നെ നടന്ന കാര്യങ്ങള്‍ ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി. അപ്പപ്പയോട് ഇരിക്കാന്‍ പറഞ്ഞ് അവള്‍ നേരെ പൂജാമുറിയില്‍ പോയി കണിവച്ച തളികയില്‍ നിന്നും ഒരു വെറ്റിലയെടുത്ത് അമ്പതുരൂപയുടെ ഒരു നോട്ടെടുത്ത് അപ്പപ്പക്കും കൈനീട്ടം നല്‍കി... അദ്ദേഹം അതൊട്ടും പ്രതീക്ഷിച്ചില്ല പൊതുവെ ഗൗരവക്കാരനായ കൊമ്പന്‍ മീശയൊക്കെ ഉള്ള അവളുടെ അപ്പപ്പ കണ്ണുനിറഞ്ഞ് അവളെ കോരിയെടുത്തു. വയസ്സായവര്‍ക്കും ഉണ്ടാവില്ലേ കൈനീട്ടം വാങ്ങാനുള്ള ആഗ്രഹം... ആരും അത് ശ്രദ്ധിക്കാറില്ലെന്നു മാത്രം...
ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ആരും അവളോട് പറഞ്ഞിട്ടില്ല സ്വബുദ്ധിയാലെ ചെയ്തതാണ്...
സങ്കടങ്ങള്‍ വരുമ്പോള്‍ മാത്രമല്ല കണ്ണുനിറയുന്നത് ഇതുപോലെ ചില സ്നേഹക്കാഴ്ചകള്‍ കാണുമ്പോള്‍ കൂടിയാണ് അല്ലേ.....
രസകരം എന്താണെന്നുവെച്ചാല്‍ ഈ എഴുത്ത് ആ കൊമ്പന്‍മീശക്കാരന്‍ വായിക്കുമല്ലോ എന്നോര്‍ക്കുമ്പഴാ. അദ്ദേഹത്തിന്‍റെ കണ്ണു നിറയുമല്ലോ എന്നോര്‍ക്കുമ്പോഴാ....
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ©

കല്ല്യാണവീടുകളിലെ കാണാക്കാഴ്ചകള്‍

കല്ല്യാണവീടുകളിലെ കാണാക്കാഴ്ചകള്‍
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിന് ഞാന്‍ തലേദിവസം പോയിരുന്നു. പാവപ്പെട്ട വീട്ടിലെ പയ്യനായതുകൊണ്ട് വീട്ടില്‍ വച്ചുതന്നെയായിരുന്നു കല്ല്യാണം. രാത്രി എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തു തുടങ്ങി. ചോറും കോഴിക്കറിയുമാണ് കൂടെ ഉപ്പേരി പപ്പടം അച്ചാര്‍. ഈ പ്രദേശങ്ങളിലെ സാധാരണക്കാരുടെ വീട്ടിലെ കല്ല്യാണങ്ങള്‍ക്ക് തലേദിവസം ഇതാണ് ഉണ്ടാവുക ഇതില്‍തന്നെ കോഴിക്കറിയില്‍ കുമ്പളങ്ങയോ ഉരുളകിഴങ്ങോ ചേര്‍ക്കാറുണ്ട്
അങ്ങനെ ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ MD യും മാനേജരും ഒന്നു രണ്ടു സ്റ്റാഫുകളും ഒരു ആഢംബര കാറില്‍ വന്നത്. അവന്‍റെ അച്ഛനും അമ്മയും അവരെ ആദരപൂര്‍വ്വം സ്വീകരിച്ചു. ശേഷം അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. MD വളരെ ആസ്വദിച്ചാണ് കഴിച്ചത് പക്ഷേ മാനേജരും സ്റ്റാഫുകളും ഒന്നോ രണ്ടോ വായ കഴിച്ച ശേഷം ഇല മടക്കി എണീറ്റുപോയി അവരുടെ ശരീരഭാക്ഷ പറയുന്നുണ്ടായിരുന്നു അവര്‍ക്കത് ഇഷ്ടമായില്ലെന്ന്.
അവര്‍ പോയതിനു ശേഷം അവന്‍റെ വീട്ടുകാര്‍ വല്ലാതെ വിഷമിച്ചു. എന്നെകൊണ്ട് പറ്റുന്ന രീതിയില്‍ അവനെ ആശ്വസിപ്പിച്ചു. പിന്നീട് കല്ല്യാണം കഴിഞ്ഞ് കുറച്ചു ദിവസത്തെ ലീവിനു ശേഷം അവന്‍ ജോലിക്കു പോയിതുടങ്ങി.. അപ്പോഴേക്കും മാനേജര്‍ ഓഫീസില്‍ പറഞ്ഞു പരത്തിയിരുന്നു നല്ലൊരു ഭക്ഷണം കൊടുക്കാതെ അപമാനിച്ചെന്ന്. ദുഃഖം സഹിക്കവയ്യാതെ അവന്‍ ആ ജോലി രാജിവെച്ചു... പിന്നീട് ഗള്‍ഫില്‍ പോയി നല്ല രീതിയില്‍ ജീവിക്കുന്നു..
വിവാഹങ്ങള്‍ക്കു പോകുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വീട്ടുകാര്‍ തങ്ങളെ ശ്രദ്ധിക്കണമെന്ന്. പക്ഷേ തിരക്കിനിടയില്‍ പലപ്പോഴും അതിഥികളെ വേണ്ടവിധത്തില്‍ സ്വീകരിക്കാന്‍ കഴിയാറില്ല. എത്രയെത്ര പൈസ കടം വാങ്ങിയും ആധാരം പണയപ്പെടുത്തിയുമാണ് ഒരു കല്ല്യാണം നടത്തുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വാങ്ങുന്നതിനിടയില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടാവും. നെഞ്ചിനുള്ളില്‍ തീപിടിച്ചപോലെ നടക്കുമ്പോള്‍ ആ അച്ഛന്‍മാരുടെ ആങ്ങളമാരുടെ മുഖം ഒന്നു ശ്രദ്ധിച്ചുനോക്കിയിട്ടുണ്ടോ..?
സാമ്പാറില്‍ ഉപ്പില്ല ചോറു വെന്തിട്ടില്ല പായസം നന്നായില്ല എന്നെ അവന്‍ തീരെ മൈന്‍ഡ് ചെയ്തില്ല എന്നൊക്കെ കുറ്റം പറയുമ്പോള്‍ ഓര്‍ക്കണം അവരുടെ മനസ്സിലെ വിങ്ങല്‍...
പെണ്ണിന് ആഭരണം കുറവാണല്ലോ എന്നൊക്കെ കുറ്റം പറയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ചില കല്ല്യാണത്തിന് ഭക്ഷണം തികയാതെ വരും അപ്പോള്‍ ആ വീട്ടുകാരുടെ പരിഭ്രമത്തെ കണ്ടിട്ടുണ്ടോ.. വല്ലാത്തൊരവസ്ഥയാണത് ആ സമയത്ത് അവരുടെ കൂടെ നില്‍ക്കണം ആശ്വസിപ്പിക്കണം...
തമിഴ്നാട്ടില്‍ ചില ഹോട്ടലുകളില്‍ എഴുതിവച്ചിട്ടുണ്ട്
'' കുറൈവുകള്‍ ഇങ്കേ സൊല്ലവും
നിറൈവുകള്‍ വെളിയേ സൊല്ലവും''
കല്ല്യാണങ്ങള്‍ക്കു പോകുമ്പോള്‍ അവരുടെ അവസ്ഥയില്‍ നിന്നും ഒരു നിമിഷം ചിന്തിക്കാം നമുക്ക്. ചെറിയ കുറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാം. മനസ്സുകൊണ്ടെങ്കിലും ചേര്‍ത്തു നിര്‍ത്താം....!!!
വിവാഹക്ഷണപത്രികയിലെ വാചകങ്ങള്‍ പറയുന്നത് '' ആശീര്‍വദിക്കാനും അനുഗ്രഹിക്കാനുമാണ്'' നമ്മളെ ക്ഷണിക്കുന്നത് അല്ലാതെ.....
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©

അമ്മയെന്ന പുണ്യം

അമ്മയെന്ന പുണ്യം...
കൂട്ടുകാരന്‍റെ അമ്മയെ ബൈക്കിനു പുറകിലിരുത്തി പോകുമ്പോള്‍ ഞാനൊരിക്കലും ഓര്‍ത്തില്ല അതിനിത്രയും ഫീല്‍ തരാന്‍ കഴിയുമെന്ന്... കഴിഞ്ഞ വാഹന പണിമുടക്ക് ദിവസം വീട്ടില്‍ നിന്നും ബൈക്ക് ഇറക്കി വരുമ്പോഴേ ഞാന്‍ കണ്ടു അമ്മ റോഡിലേക്കിറങ്ങി നില്‍ക്കുന്നത്. തച്ചമ്പാറയിലേക്കാവും ഞാന്‍ ഓര്‍ത്തു.. അമ്മയുടെ അടുത്തു ബൈക്ക് നിര്‍ത്തി അമ്മ വേഗം കയറിയിരുന്നു...
''ഉണ്ണീടെ ബൈക്കില്‍ കേറാന്‍ വളരെ എളുപ്പമാണുട്ടോ മകന്‍റേത് ബുള്ളറ്റ് ആയോണ്ട് കുറച്ചു പാടാണ്...''
ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.. അവര്‍ക്ക് ബുദ്ധിമുട്ടൊന്നും വരാത്ത രീതിയില്‍ ബൈക്ക് വളരെ പതുക്കെയാണ് ഞാന്‍ ഓടിച്ചത്. സത്യത്തില്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു എന്‍റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇതേ പ്രായം തന്നെയാവും അമ്മക്കും.. മനസ്സും കണ്ണും വല്ലാതൊന്നു നിറഞ്ഞപോലെ അതുകൊണ്ടാവും എതിരേ വന്ന വാഹനങ്ങളൊന്നും ഞാന്‍ കണ്ടതേ ഇല്ല..
അമ്മമാരെയും കൊണ്ട് ബൈക്കില്‍ ഫ്രീക്കന്‍ പിള്ളേരൊക്കെ ചീറിപാഞ്ഞുപോകുന്നത് കണ്ടിട്ടുണ്ട്. പുറകില്‍ പേടിച്ചരണ്ടിരിക്കുന്ന അമ്മമാരെ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്.. അമ്മമാരുള്ളപ്പോള്‍ എത്ര പതുക്കെ വണ്ടി ഒാടിക്കണമെന്നോ....
എന്നും അടുക്കളയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ് അമ്മമാര്‍ എപ്പോഴെങ്കിലും അവരെകൂട്ടി അവര്‍ക്കിഷ്ടമുള്ളതെല്ലാം വാങ്ങികൊടുത്ത് ആ മുഖത്ത് വിരിയുന്ന സന്തോഷങ്ങളെ കണ്‍കുളിര്‍ക്കെ കാണാന്‍ എത്രപേര്‍ ശ്രമിക്കും...
ഓരോ കുടുംബകാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തച്ചമ്പാറയിലെത്തി അമ്മ പറഞ്ഞ കടയുടെ മുമ്പില്‍ ഇറക്കിവിട്ടു. ശരി മോനേന്നു പറഞ്ഞ് അമ്മ നടന്നുപോകുന്നതും നോക്കി ഒരു നിമിഷം ഞാനവിടെ നിന്നു...
ഇത് വലിയൊരു സംഭവമൊന്നുമല്ലെന്ന് എനിക്കറിയാം എന്നാലും ഒരിക്കലും നികത്താനാവാത്ത ചില നഷ്ടങ്ങളെ ഇതുപോലുള്ള ചില നിമിഷങ്ങള്‍ കൊണ്ട് മറക്കാന്‍ ശ്രമിക്കുകയാണ് പലപ്പോഴും....!!
I really miss my mom...
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©

പുരുഷപ്രജകളെ

പുരുഷപ്രജകളെ ചിലരൊക്കെ തെറ്റിദ്ധരിക്കുന്ന ഈ കാലത്ത് ഇന്നലെ കണ്ട മനോഹര കാഴ്ച പങ്കുവെക്കട്ടെ... ഇന്നലെ ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു (തച്ചമ്പാറ പൂരം) ഇവിടെ ഡെല്‍ഹി സ്വദേശികളായ രണ്ടു യുവാക്കള്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നുണ്ട്. വിവിധ കലാരൂപങ്ങളും ഗജവീരന്‍മാരും അണിനിരന്ന പൂരം കാണാന്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ടൗണിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന സമയം പൂരക്കാഴ്ചകള്‍ കാണാന്‍ സ്ത്രീകളും കുട്ടികളും ഉയര്‍ന്ന കെട്ടിടങ്ങളില്‍ കയറി നിലയുറപ്പിച്ചു. രാവിലെ കുറച്ചു ജോലിയുണ്ടായിരുന്നതിനാല്‍ എനിക്ക് ഷേവ് ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ടാണ് തിരക്കിനിടയിലും ഞാന്‍ ഷോപ്പിലെത്തിയത്.. ഈ കട ഒന്നാം നിലയില്‍ ആയതിനാല്‍ കടക്കു ചുറ്റും സ്ത്രീകളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞിരുന്നു
ഞാന്‍ വേഗം കസേരയില്‍ ഇരുന്നു മലയാളം കുറച്ചൊക്കെ സംസാരിക്കുന്ന അവനോട് ഷേവ് ചെയ്യാന്‍ പറഞ്ഞു. അവിടെ അവന്‍റെ ഹിന്ദി സംസാരിക്കുന്ന മറ്റു രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. അപ്പോഴാണ് വയസ്സായ ഒരമ്മയും അവരുടെ മകളും മകളുടെ കയ്യില്‍ ഏതാനും മാസം പ്രായമുള്ള കുഞ്ഞും അകത്തേക്കു വന്നത്. വിശന്നിട്ടാവും പാവം കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ട്...
''ഏക്ക് മിനിറ്റ് ഭായ് '' എന്ന് എന്നോടു പറഞ്ഞ് ആ പതിനെട്ടുകാരന്‍ അകത്തുള്ള കര്‍ട്ടന്‍ വലിച്ചിട്ട് ഒരു കസേരയും അങ്ങോട്ട് നീക്കിയിട്ടു. അവന്‍റെ കൂട്ടുകാര്‍ മുറിയുടെ പുറത്തിറങ്ങി നിന്നു. അവന്‍ എന്‍റെ താടി ഷേവ് ചെയ്തു തുടങ്ങി. കുഞ്ഞിന്‍റെ കരച്ചില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കുഞ്ഞിനെ പാലുകൊടുത്തുറക്കി അമ്മയും മകളും പുറത്തിറങ്ങി അവനോട് നന്ദി പറഞ്ഞു പോയി..
രസകരം എന്താണെന്നു വച്ചാല്‍ ഇവിടെ ആരും ആരോടും ഒന്നും പറഞ്ഞില്ല എന്നതാണ്. ആ ചെറിയ പയ്യന്‍റെ പക്വത കണ്ട് ഞാനും അതിശയിച്ചു. സമൂഹത്തില്‍ ഒരുപാടു നന്‍മകളുണ്ട് ഒത്തിരി നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ പലപ്പോഴും നെഗറ്റീവ് ആയ കാര്യങ്ങള്‍ക്കാണ് പ്രസക്തി കിട്ടുന്നത്.
പറയാതെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരുപാടുണ്ട് ഭൂമിയില്‍. സ്നേഹമുള്ള ഹൃദയങ്ങളുടെ ഭാക്ഷ ചിലപ്പോഴൊക്കെ മൗനമായിരിക്കും...
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©

ഒരു മിഠായി കള്ളന്‍റെ കഥ....

ഒരു മിഠായി കള്ളന്‍റെ കഥ....
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അന്നവന്‍ ഏഴാം ക്ളാസിലായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിന് സ്ക്കൂള്‍ വിട്ട നേരം പതിവുപോലെ ടൗണിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നേരം പോകുകയായിരുന്നു. കുറച്ചു ദിവസമായി അവന്‍റെ അവസ്ഥ ഇതുതന്നെ. അമ്മ മരിച്ചു പോയതിനു ശേഷം അടുക്കള ഭാരം ചുമക്കേണ്ടി വന്നു അവന്. അന്നൊക്കെ വിറക് വലിയൊരു പ്രശ്നമായിരുന്നു മഴക്കാലത്ത് നനഞ്ഞ വിറക് ഊതിയൂതി കണ്ണുകലങ്ങും എന്നല്ലാതെ തീയൊന്നു കത്തിപ്പിടിക്കുമ്പോഴേക്കും സ്ക്കൂളില്‍ പോകാന്‍ സമയം ആയിട്ടുണ്ടാവും. അതുകൊണ്ട് എല്ലാ ദിവസവും വൈകുന്നേരമാണ് ചോറുണ്ടാക്കുക ബാക്കി വരുന്നത് രാവിലെ കഴിച്ച് സ്ക്കൂളില്‍ പോകും...
ഒരുപാടു നെല്‍കൃഷിയൊക്കെ ഉള്ള തറവാടായിട്ടും അവന്‍ മിക്ക ദിവസങ്ങളിലും ഉച്ചപട്ടിണിയായി. സ്ക്കൂളില്‍ ഉച്ചകഞ്ഞി ആരംഭിച്ച വര്‍ഷം ആയിരുന്നു അത്.. ഒത്തിരി കൃഷിയൊക്കെ ഉള്ള വീട്ടിലെ കുട്ടികള്‍ ഉച്ചകഞ്ഞിക്ക് അര്‍ഹരല്ല എന്ന അറിയിപ്പ് വന്നതോടെ അവനതിന് പേരു കൊടുത്തില്ല.. അവന്‍ പൈസയില്ലാത്ത പൈസക്കാരന്‍ ആയിരുന്നല്ലോ...
അന്നും അവന്‍ ടൗണിലൂടെ നടന്നു 'നീലിമ' ഹോട്ടലില്‍ കയറി ഒരു ഗ്ളാസ് വെള്ളം വാങ്ങികുടിച്ചു. ദാഹം മാറിയെങ്കിലും കഠിനമായ വിശപ്പ് അവനെ തളര്‍ത്തി.. അവന്‍ സ്ക്കൂളിന്‍റെ പുറകു വശത്തുള്ള ഗ്രൗണ്ടിലേക്കു നടന്നു. അവിടെ മാവിന്‍റെ ചുവട്ടില്‍ തളര്‍ന്നിരുന്നു... അവന്‍റെ വലിയ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി... ഭക്ഷണം കഴിച്ച് കുട്ടികളെല്ലാം ഗ്രൗണ്ടിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ കണ്ണുതുടച്ച് ക്ളാസിലേക്ക് നടന്നു. പെട്ടന്നാണ് അവന് ഹംസാക്കാന്‍റെ മിഠായ് കട ഓര്‍മ്മ വന്നത് അവന്‍ അവിടെ എത്തുമ്പോള്‍ കടക്കു ചുറ്റും കുട്ടികള്‍ മിഠായ് വാങ്ങുന്നുണ്ടായിരുന്നു. ഭരണികളില്‍ നിറച്ചു വച്ചിരുന്ന വിവിധ തരം മിഠായികള്‍ നോക്കി അവന്‍ നെടുവീര്‍പ്പിട്ടു...
ഹംസാക്ക കുട്ടികള്‍ക്ക് മിഠായ് കൊടുക്കുന്ന തിരക്കിലായിരുന്നു. പെട്ടന്നാണ് അവനതു ചെയ്തത് കടലമിഠായ് ഭരണിക്കുള്ളില്‍ കയ്യിട്ട് 25 പൈസയുടെ ഒരു മിഠായ് എടുത്തതും അവന്‍റെ കയ്യില്‍ ഹംസാക്കാന്‍റെ പിടിവീണു..
ഞാന്‍... ഞാന്‍... ഒന്നും പറയാന്‍ കിട്ടാതെ അവന്‍ നിസ്സഹായതയോടെ അയാളെ നോക്കി കൈകൂപ്പി. അയാള്‍ അവന് രണ്ടു മിഠായ് കൂടി എടുത്തു കൊടുത്തു.. അവന്‍റെ പുറത്തു തട്ടി പൊയ്ക്കാളാന്‍ പറഞ്ഞു. കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസുമായി അവന്‍ ക്ളാസിലേക്കു നടന്നു...
സെലീന ടീച്ചര്‍ വന്ന് അവനെ തട്ടി വിളിക്കുന്നതു വരെ അവന്‍ ഡസ്കില്‍ തലവച്ചു കിടന്നു. എന്തുപറ്റി ഇവനെന്ന ടീച്ചറുടെ ചോദ്യത്തിന് അടുത്തിരുന്ന കുട്ടിയാണ് മറുപടി പറഞ്ഞത്..
'' ഇവനൊന്നും കഴിച്ചിട്ടില്ല ടീച്ചര്‍''
''എല്ലാ ദിവസവും ഇവന്‍ ഉച്ചക്ക് ഒന്നും കഴിക്കില്ല ടീച്ചറേ''
കുട്ടികള്‍ക്കെല്ലാം പേടിസ്വപ്നമായ സെലീന ടീച്ചര്‍ അവന്‍റെ മുടിയില്‍ പതുക്കെ തലോടി
''എന്‍റെ കൂടെ വാ ആരുടെയെങ്കിലും ചോറ്റുപാത്രവും വാങ്ങിക്കോ.....''
അടുത്തുള്ള കുട്ടിയുടെ ചോറ്റുപാത്രവും വാങ്ങി അവന്‍ ടീച്ചറെ അനുഗമിച്ചു....
കുട്ടികളുടെ തിരക്കെല്ലാം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകുകയായിരുന്നു കഞ്ഞി വെക്കുന്ന ആയ.. ബാക്കിയുള്ള കഞ്ഞിയില്‍ നിന്ന് കുറച്ചു കഞ്ഞിയും പയറും വാങ്ങിതന്ന് ഇനിയെന്നും ഇവന് ഭക്ഷണം കൊടുക്കണമെന്നും അവരോട് നിര്‍ദ്ദേശിച്ച് അവനെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി.
അവന്‍ ഉണ്ണുന്നതും നോക്കി ടീച്ചര്‍ അവന് കൂട്ടിരുന്നു. സെലീന ടീച്ചറുടെ കണ്ണുനിറയുന്നത് അവനറിയുന്നുണ്ടായിരുന്നു...
തിരിച്ചു ക്ളാസിലേക്കു നടക്കുമ്പോള്‍ ടീച്ചറുടെ കൈക്കുള്ളില്‍ അവന്‍റെ കൈകള്‍ ഭദ്രമായിരുന്നു......!!
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ

ലൈക്കും കമൻ്റും

Image may contain: 1 person, closeup

നല്ല രചനകൾ ശ്രദ്ധിക്കപെടുന്നില്ല ലൈക്ക് ഇല്ല കമൻ്റ് ഇല്ല എന്നൊക്കെ പറഞ്ഞ് പല പോസ്റ്റുകളും നമ്മൾ സ്ഥിരമായി കാണാറുണ്ടല്ലോ. ഇത്തരം പോസ്റ്റുകളിൽ പറയുന്ന മുഖ്യ ആരോപണം ഒരുപാടു ലൈക്ക് കിട്ടുന്ന എഴുത്തുകാരൊക്കെ സുഹൃത്തുക്കളുടെ ഇൻബോക്സിൽ കഥയുടെ ലിങ്ക് അയച്ചുകൊടുത്തും ആളുകളെ മെൻഷൻ ചെയ്തും മറ്റു പല വ്യാജമാർഗ്ഗത്തിൽ കൂടിയും ആണ് ലൈക്ക് കൂട്ടുന്നത് എന്നാണ്. അങ്ങനെ ചെയ്യുന്ന ആളുകൾ ഉണ്ടാകുമായിരിക്കാം പക്ഷേ ഇങ്ങനെയൊന്നും ചെയ്യാതെ ഒത്തിരി ലൈക്കും കമൻ്റും കിട്ടുന്ന കുറെ സുഹൃത്തുക്കളെ എനിക്കറിയാം.
എൻ്റെ കാര്യം പറയാം മൂന്നു വർഷം മുൻപ് ആദ്യ രചന ഒരു ഗ്രൂപ്പിൽ ഇട്ടപ്പോൾ 5 ലൈക്ക് ആണ് കിട്ടിയത്. യാതൊരു വിഷമവും ഇല്ലാതെ ഞാൻ എഴുത്തു തുടർന്നു. കിട്ടുന്ന സമയങ്ങളിൽ മറ്റുള്ള എഴുത്തുകാരുടെ രചനകൾ വായിച്ചു പ്രോത്സാഹിപ്പിച്ചു. നാലാമത്തെ രചനക്കു 2400 like കിട്ടി. അന്നൊക്കെ സാഹിത്യ ഗ്രൂപ്പുകൾ വിരളമായിരുന്നു 100 like തന്നെ വലിയ സംഭവം ആയിരുന്നു. അന്നുതൊട്ടിന്നുവരെ ലൈക്കിനോ കമൻ്റിനോ ഒരു കുറവും ഉണ്ടായിട്ടില്ല. ഗ്രൂപ്പിൽ ആയാലും ടൈംലൈനിൽ ആയാലും ഇഷ്ടംപോലെ ലൈക്ക് മനസ്സു നിറക്കുന്ന കമൻ്റുകൾ.
നല്ലെഴുത്തിൽ എത്രയോ തവണ popular postil ഇടം നേടി. പതിനായിരത്തിനു മുകളിൽ ലൈക്കുകൾ ഉള്ള രചനകൾ... 4500 Frnds ഉം 430 followers മാത്രം ഉള്ള എൻ്റെ ടൈംലൈനിൽ 2.6 k വരെ ലഭിക്കാറുണ്ട്.
ഇതുവരെ ആരുടെയും Inboxil എൻ്റെ രചനയുമായി പോയിട്ടില്ല എന്തിന് ഒരു hi പോലും പറയാറില്ല. എൻ്റെ രചനകളിൽ ആരെയും മെൻഷൻ ചെയ്യാറില്ല. ഇങ്ങോട്ടു വരുന്ന മെസ്സേജുകൾക്ക് സമയം കിട്ടുമ്പോൾ മറുപടി കൊടുക്കും അത്രമാത്രം. ആളുകളെ ആകർഷിക്കുന്ന ഒരു തലക്കെട്ട് ഇതുവരെ ഇട്ടിട്ടില്ല. അശ്ളീലമായ വാക്കുകളോ തുറന്നെഴുത്തുകളോ ഇല്ല പൈങ്കിളിയുമില്ല പെൺനാമത്തിലുള്ള id യുമല്ല. സാഹിത്യപരമായ യാതൊരു മേൻമയും ഞാൻ അവകാശപ്പെടുന്നും ഇല്ല. എന്നെപോലെ ഒത്തിരി കൂട്ടുകാരുണ്ട് വ്യാജമാർഗ്ഗത്തിലല്ലാതെ വായിക്കപ്പെടുന്നവർ...
ലൈക്കിൻ്റെയും കമൻ്റിൻ്റെയും പുറകിൽ എന്തോ വലിയ രഹസ്യങ്ങളാണെന്ന് പലരും പറയുമ്പോൾ തെറ്റിദ്ധരിക്കപ്പെടും ഞങ്ങളിൽ പലരും...
ഇതു വായിക്കുന്ന ഏതെങ്കിലും കൂട്ടുകാർ പറയട്ടെ അവരുടെ Inboxil ഞാൻ പോയിട്ടുണ്ടെന്ന്...
ഇന്ന് എഴുതിതുടങ്ങുന്ന പലർക്കും ക്ഷമയില്ല. വളരെ വേഗം ശ്രദ്ധിക്കപെടണം എന്ന ചിന്തയാണ്. അതോടൊപ്പം മറ്റുള്ളവരുടെ രചനകൾ ശ്രദ്ധിക്കപെടുമ്പോൾ അങ്കലാപ്പായി എന്തെഴുതണം എന്നു പോലും അറിയാതെയായി..
സാഹിത്യപരമായ കുറെ വാക്കുകൾ ചേർത്തതുകൊണ്ടു മാത്രം ഒരു രചന വായനക്കാർ സ്വീകരിക്കില്ല. തുടക്കവും ഒടുക്കവും വേണം ആശയം വേണം അതിലുപരി അത് വായനക്കാരുടെ ഹൃദയത്തിൽ എത്താനുള്ള രചനാശൈലി സ്വയം ഉണ്ടാക്കിയെടുക്കണം. അതിന് ക്ഷമ വേണം ഒാരോ രചനയും സൂപ്പർ ഹിറ്റാക്കാൻ ആർക്കും കഴിയില്ല.
ഉണ്ണിമാഷിനെപോലെയോ പ്രേം സാറിനെ പോലെയോ എഴുതാൻ എനിക്കു കഴിയില്ല ഒരുപക്ഷേ എന്നെപോലെ എഴുതാൻ അവർക്കും കഴിയില്ല എന്നുതന്നെ കരുതട്ടെ. ഓരോരുത്തർക്കും ഒാരോ വ്യക്തിത്വമുണ്ട് ഓരോ രചനാ ശൈലിയുണ്ട്.
മാത്രമല്ല ഒരു രചന വായിച്ചു കഴിയുമ്പോൾ എന്തെങ്കിലും ഒരു ഫീൽ അനുഭവപ്പെടണം. അത് ചിലപ്പോൾ പ്രണയം ആവാം നല്ല ചിന്തയാവാം നല്ല സന്ദേശമാവാം നല്ല നർമ്മം ആവാം പുതിയൊരു അറിവ് ആകാം. etc.. ഇതൊന്നും തോന്നാത്ത വെറും അക്ഷരങ്ങൾ വായനക്കാർ തള്ളികളഞ്ഞേക്കാം....
ഇതിനെല്ലാം പുറമെ മറ്റുള്ളവരെ വായിക്കണം. എല്ലാ കമൻ്റുകൾക്കും മറുപടി കൊടുക്കണം. അക്ഷരങ്ങളിലൂടെ വായനക്കാരുമായി ഒരു ആത്മബന്ധം ഉണ്ടാക്കണം. അല്ലാതെ താൻ പിടിച്ച മുയലിന് മൂന്നു ചെവിയെന്നു പറയുന്നവർ അങ്ങനെ എല്ലാകാലത്തും പറഞ്ഞു തീർക്കാം അത്രമാത്രം
തൻ്റെ പോസ്റ്റിൽ ആരും വരുന്നില്ലെന്നു പറയുന്നവർ മറ്റുള്ളവരെ എത്രത്തോളം വായിച്ചു എന്നൊരു ആത്മ പരിശോധന നടത്തിയാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

തോൽക്കാൻ മനസ്സില്ലാത്തവർ

Image may contain: 1 person, closeup

ഈയിടെ ഞാനൊരു പെൺകുട്ടിയുടെ പോസ്റ്റ് വായിക്കാനിടയായി അവൾ സെയിൽസ് ഗേളായി ജോലി നോക്കാറുണ്ട്. ചിലപ്പോൾ അടുത്തൊരു വീട്ടിലെ വീട്ടുജോലിയും ചെയ്യാറുണ്ട് പത്തുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ ഈ കാര്യങ്ങൾ അറിഞ്ഞ അവളുടെ ചില സുഹൃത്തുക്കൾ അവളുടെ സൗഹൃദം ഉപേക്ഷിച്ചു. ഇനിയും ആർക്കേലും പോകണമെങ്കിൽ പോകാം... ഇതായിരുന്നു പോസ്റ്റിൻ്റെ സാരാശം. സത്യത്തിൽ വളരെ വിഷമം തോന്നി. അവളെത്ര വേദനിച്ചിട്ടുണ്ടാവും എന്നു ഞാനോർത്തു.. എല്ലാ തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ട്. എല്ലാവർക്കും സർക്കാർ ജോലിയൊന്നും കിട്ടില്ലല്ലോ. പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടവർ ചെറിയൊരു ആശ്വാസത്തിനായിരിക്കും സോഷ്യൽ മീഡിയകളിൽ വരുന്നത്. ഇവിടെയും അവർ അവഗണന നേരിടുന്നു... സൗന്ദര്യവും വിദ്യാഭ്യാസവും സ്റ്റാറ്റസും നോക്കി സൗഹൃദം സ്വീകരിക്കുന്നവർ തീർച്ചയായും ഇടുങ്ങിയ മനസ്സുള്ളവരായിരിക്കും...
ഞാനും ഒരുപാടു ജോലികൾ ചെയ്തിട്ടുണ്ട് ഒരുപാടു അപമാനവും സഹിച്ചിട്ടുണ്ട്. കുട്ടിയായിരിക്കെ അമ്മ മരിച്ചതിനുശേഷം വീട്ടിലെ എല്ലാ പണിയും ചെയ്തിട്ടുണ്ട്. ഒത്തിരി നെൽകൃഷി ഉണ്ടായിരുന്നു തറവാട്ടിൽ അതുകൊണ്ട് പാടത്തെ പണികളിലും സഹായിച്ചിട്ടുണ്ട്. പശുക്കളും പോത്തുകളും ഉണ്ടായിരുന്നതുകൊണ്ട് അവയെ മേയ്ക്കാനും പുല്ലരിയാനും പോയിട്ടുണ്ട്. കോളേജിൽ പഠിക്കുന്നതിൻ്റെ ഇടവേളകളിൽ ബേക്കറി പണി, ചായക്കടയിൽ സപ്പ്ളൈ, സ്റ്റേഷനറികടയിൽ സെയിൽസ് മാൻ കൊറിയർ സർവ്വീസിൽ ഡെലിവറി ബോയ് അങ്ങനെ ഒത്തിരി പണികൾ...
ഇതിനിടയിൽ അപമാനവും അവഹേളനവും ഒരുപാട് അനുഭവിച്ചു . വിശന്നു കരഞ്ഞിട്ടുണ്ട് ഒരിറ്റു ചോറിനായ് കൈനീട്ടി നിന്നിട്ടുണ്ട്. വേദനിപ്പിച്ചവരിൽ അടുത്ത ബന്ധുക്കളുണ്ട് സുഹൃത്തായി നടന്നവരുണ്ട്.. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട് പക്ഷേ അതെങ്ങനെ ചെയ്യണമെന്നറിയില്ലായിരുന്നു കയ്യിലെ ഞരമ്പു മുറിക്കേണ്ടതിനു പകരം വിരലിൽ ബ്ളേഡുകൊണ്ട് ചെറിയൊരു മുറിവുണ്ടാക്കി വീട്ടിലെ കുളത്തിൽ പോയി കൈ മുക്കിവച്ചു കുറെ നേരം കഴിഞ്ഞിട്ടും ഞാൻ മരിച്ചില്ല. പിന്നീട് ഞാൻ കൊലപാതകം ചെയ്യാൻ തീരുമാനിച്ചു ആരെയാണെന്നു പറയുന്നില്ല എന്തായാലും എന്നെ ഒരുപാടു വേദനിപ്പിച്ചവരെ തന്നെ... ഒരു കത്തിയൊക്കെ സംഘടിപ്പിച്ച് അരയിൽ ഒളിപ്പിച്ചു നടന്നിട്ടുണ്ട്. കോഴിക്കടയിൽ കോഴിയെ കൊല്ലുന്നതു കാണാൻ ശക്തിയില്ലാതെ തിരിഞ്ഞു നിൽക്കുന്ന ഞാനെങ്ങനെ മനുഷ്യരെ കൊല്ലും..?
നന്നായി ജീവിച്ചു കാണിച്ചു കൊടുക്കലാണ് ഇതിനൊക്കെയുള്ള മറുപടിയെന്ന് എനിക്കു മനസ്സിലായി. അതിനായി ചെയ്യാവുന്ന എല്ലാ ജോലിയും ചെയ്തിട്ടുണ്ട്. ഒടുവിൽ കൊറിയർ സർവീസ് കമ്പനിയിൽ റീജിയണൽ മാനേജർ ആയും മെഡിക്കൽ റെപ്രസെൻ്റേറ്റിവ് ആയും തമിഴ്നാട്ടിൽ... അവിടെ 31 ജില്ലകളിലായി 3500 സ്ഥലങ്ങൾ പോയിട്ടുണ്ട്. ലോഡ്ജ് മുറികൾ എനിക്ക് വീടുകളായി. തികച്ചും ഏകാന്തത അനുഭവിച്ച ദിനരാത്രങ്ങൾ... ഓണത്തിനൊക്കെ പോകാനൊരു സ്ഥലമില്ലാതെ ലോഡ്ജ് മുറികളിലിരുന്ന് കരഞ്ഞിട്ടുണ്ട്. കുടുംബങ്ങളൊക്കെ ചിരിച്ചുല്ലസിച്ചു പോകുന്നത് വെറുതെ നോക്കിനിന്നു നെടുവീർപ്പിട്ടിട്ടുണ്ട്. അച്ഛനമ്മമാർ മക്കളെ കൊഞ്ചുന്നത് കാണുമ്പോൾ ആ കുട്ടിയായ് സ്വയം സങ്കൽപ്പിച്ചിട്ടുണ്ട്...
ഇന്നെനിക്ക് സ്നേഹിക്കാൻ ഒരു sweet family ഉണ്ട് അക്ഷരങ്ങളിലൂടെയും നേരിട്ടും ആയിരക്കണക്കിന് സുഹൃത്തുക്കൾ ഉണ്ട്. നേരിട്ട് ആറു പേർക്കു തൊഴിൽ നൽകുന്നു പരോക്ഷമായി ഒരുപാടു പേർക്കും...!
കവിയോ എഴുത്തുകാരനോ ബുദ്ധിജീവിയോ ഒന്നുമല്ല. ചെറിയ ഈ അനുഭവങ്ങളെ പങ്കുവെക്കാൻ മാത്രം തൂലിക എടുത്തൊരാളാണ്....
എല്ലാ ജോലിയും മഹത്തരമാണ്. കഴിവും പദവിയും സൗന്ദര്യവും കുറഞ്ഞതുകൊണ്ട് ആരെയും മാറ്റി നിർത്തരുത് എല്ലാവർക്കും ഒരു ദിവസം ഉണ്ടാവും മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ലാതെ സ്വന്തമായി പുഞ്ചിരിക്കാൻ കഴിയുന്ന ഒരു ദിവസം.!! ആ ദിവസത്തിനായി കാത്തിരിക്കുക പ്രയത്നിക്കുക....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

ഇവിടെ ഞങ്ങൾക്കു സ്വർഗ്ഗമാണ്.

Image may contain: 1 person, food

അടുത്തവീട്ടിലെ ആറുവയസ്സുകാരി ഫർസാന ചെറിയൊരു പാത്രത്തിൽ ബിരിയാണിയും കൊണ്ട് വീട്ടിലേക്കു വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നു. ''ഉമ്മച്ചി ഇതിവിടെ തരാൻ പറഞ്ഞു '' അതും പറഞ്ഞ് അവൾ നിഷ്കളങ്കമായി ചിരിച്ചു. ഭാര്യ അതു വാങ്ങി അടുക്കളയിലേക്ക് പോയി. എൻ്റെ മോളുടെ കൂട്ടുകാരിയാണവൾ രണ്ടാൾക്കും ഒരേ പ്രായം. വൈകുന്നേരത്തെ കളിയൊക്കെ കഴിഞ്ഞ് പൊന്നു കുളിച്ചു സുന്ദരിക്കുട്ടിയായി നെറ്റിയിലൊരു ഭസ്മകുറിയൊക്കെ തൊട്ട് പക്വതയോടെ ഇരിക്കുന്നതു കണ്ടപ്പോൾ ഉള്ളിലൊരു സ്നേഹക്കടലിരമ്പി.
ഫർസാനയെ കണ്ടതും അവൾ സന്തോഷത്തോടെ അവളുടെ കൈപിടിച്ചു. രണ്ടുപേരും അവരുടെ ലോകത്തിലേക്ക്... എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. ഞാൻ കൗതുകത്തോടെ നോക്കിനിന്നു. കഴിഞ്ഞ ദിവസം ഞാനവൾക്ക് രണ്ടു Dairy milk വാങ്ങികൊടുത്തിരുന്നു. കഴിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന അതിലൊന്ന് അവൾ ഫർസാനക്കു നേരെ നീട്ടി ആദ്യം ഒന്നു മടിച്ചെങ്കിലും സ്നേഹപൂർവ്വം അവളതു വാങ്ങി. ശേഷം രണ്ടുപേരും ഒരു കസേരയിൽ അഡ്ജസ്റ്റ് ചെയ്തിരുന്നു. ഒരച്ഛനെന്ന നിലയിൽ സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. ഒരുപാടു സ്നേഹത്തോടെ ആ കാഴ്ച ഞാൻ നോക്കിനിന്നു.
ആരും നിർബന്ധിക്കാതെതന്നെ തനിക്ക് കിട്ടിയത് പങ്കുവെക്കാൻ കാണിച്ച ആ കുഞ്ഞുമനസ്സിനെ തെല്ലൊരഭിമാനത്തോടെ ഞാൻ കാണുകയായിരുന്നു. ഫർസാന കൊണ്ടുവന്ന ബിരിയാണി എടുത്തുവച്ച് ആ പാത്രത്തിൽ വീട്ടിലുണ്ടാക്കിയ ഇലയട കൊടുത്തു വിടുന്ന ഭാര്യയെയും ഞാൻ നോക്കികണ്ടു.
ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം 'ബാർട്ടർ' സമ്പ്രദായങ്ങളുണ്ട് ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനുമപ്പുറം സ്നേഹത്തിൻ്റെ കൈമാറ്റങ്ങൾ. കളങ്കമില്ലാത്ത മനുഷ്യരുടെ ജീവിതകാഴ്ചകൾ...
മോളെ ചേർത്തുപിടിച്ച് അവളുടെ കവിളിലൊരുമ്മകൊടുക്കുമ്പോൾ ഞാനും ഒരു കൊച്ചു കുട്ടിയായപോലെ....!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

വൈറൽ

Image may contain: 1 person, closeup

സ്ത്രീ സ്വാതന്ത്ര്യം
പർദ്ദ
മതം
കസബ
പാർവ്വതി
മമ്മൂക്ക
മോഹൻലാൽ
പെണ്ണുടൽ
ഫെമിനിസ്റ്റ്
ലൈംഗികത
തുറന്നെഴുത്ത്
വൈറൽ
..........................
ഹലോ
എന്താടീ
വരുമ്പോൾ അരി വാങ്ങിക്കാൻ മറക്കണ്ട
കഴിഞ്ഞയാഴ്ചയല്ലേ അരി വാങ്ങിയേ ഇത്ര പെട്ടന്ന് കഴിഞ്ഞോ ?
ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ അഞ്ചുകിലോ അരികൊണ്ട് ഒരുമാസം ഞാൻ ചോറുവെക്കാം
ശരി ശരി വാങ്ങിക്കാം വേറൊന്നും വേണ്ടല്ലോ അല്ലേ
പച്ചക്കറിയും വേണം
അതിന്നലെ വാങ്ങിച്ചല്ലോ
അരക്കിലോ പയറല്ലേ ദേ മനുഷ്യാ.....
ശ്ശോ ഞാനതങ്ങു മറന്നു
പാലും കൂടി വേണം മറക്കണ്ട
നീയെന്നെ മുടിപ്പിക്കും
അതേയ് കുട്ടീടെ സ്ക്കൂൾ ഫീസ് അടച്ചിട്ട് രണ്ടുമാസം കഴിഞ്ഞു പ്രിൻസിപ്പാൾ അങ്ങോട്ടു നാളെ ചെല്ലാൻ പറഞ്ഞു
ഈശ്വരാ ചതിച്ചല്ലോ പൈസയൊന്നും കയ്യിൽ ഇല്ലാടീ ഇനിയിപ്പോ എന്തു ചെയ്യും
ആ എനിക്കറിയില്ല എന്തേലും ചെയ്യ്.. ആട്ടെ നിങ്ങളവിടെ എന്തെടുക്കുവാ ?
ഫേസ്ബുക്കിൽ ഒരു വൈറൽ പോസ്റ്റ് ഇടാൻ വേണ്ടി വാക്കുകൾ തപ്പുകയായിരുന്നു...
#%^^*()(&^$#@#%*(0)*^%$#@#%;(*$#
ഇങ്ങോട്ടു വാ ബാക്കി തരാം നിങ്ങടെ ഒരു വൈറൽ പോസ്റ്റ്...
നമ്മളെപോലെ സാധാരണക്കാർക്ക് എന്തു വൈറൽ അല്ലേ ?
Fb logout ആയി...
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

ഇൻബോക്സ്


Image may contain: 1 person, sunglasses and closeup

''ഹായ് ഉണ്ണിയേട്ടാ'
''ഹായ് നസ്‌റിയ'
''സുഖാണോ ഏട്ടന് ?''
''അതേലോ ''
''ഫ്രീയാണോ ഇപ്പോ?''
''അതെ പറയൂ''
''എങ്ങനെ തുടങ്ങണം എന്നറിയില്ല ''
''എന്തായാലും പറയൂ ''
''ഞാൻ നസ്റിയ അല്ല ''
''ഇതാണോ പറയാനുള്ളത് ?''
''അയ്യോ അല്ല ഞാൻ പറയുന്നതൊന്ന് സാവകാശം കേൾക്കാമോ പ്ളീസ്....''
''കേൾക്കാം പറയൂ..''
''ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ഒരവസ്ഥയിലാണു ഞാൻ. ആത്മഹത്യയെകുറിച്ചുപോലും ഞാൻ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു ആരോടെങ്കിലും ഇതൊന്നു പങ്കുവെക്കണം എന്ന് ആഗ്രഹിച്ചപ്പോൾ ഏട്ടൻ്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. ഏട്ടൻ്റെ എല്ലാ എഴുത്തും ഞാൻ വായിക്കാറുണ്ട് ''
''നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ എൻ്റെ നമ്പർ തരാം വിളിക്കാമോ അല്ലെങ്കിൽ നിങ്ങളുടെ നമ്പർ തരൂ ഞാൻ വിളിക്കാം ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടല്ലേ..?''
''തെറ്റിദ്ധരിക്കരുതേ ഏട്ടാ ഏട്ടനെ നൂറു ശതമാനം വിശ്വാസം ആണ് പക്ഷേ എൻ്റെ യഥാർത്ഥ പേരോ ഫോൺ നമ്പറോ തരാൻ പറ്റാത്ത അവസ്ഥയിൽ ആണു ഞാൻ. ''
''ശരി എന്തായാലും പറയൂ '' എൻ്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു...
''പിജി കഴിഞ്ഞ ഒരാളാണ് ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് മലപ്പുറം ജില്ലയിലാണ് വീട്. തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചുപോയ് വീട്ടിൽ വയസ്സായ ഉമ്മ മാത്രമാണുള്ളത്. ചുറ്റും അമ്മാവൻമാരുടെ വീടാണ്. അവർ തരുന്ന ചെറിയ തുക കൊണ്ടാണ് ജീവിതം കുട്ടിയുള്ളതുകൊണ്ട് ജോലിക്കു പോകാനും പറ്റില്ല. ഭർത്താവു പോയതിന് എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത് കുട്ടിയെ ഓർത്താണ് ഞാനിന്നും ജീവിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ഒരു തൊഴിൽ പറഞ്ഞു തരാമോ ? പണം മുടക്കാൻ എൻ്റെ കയ്യിൽ ഒന്നുമില്ല ഏട്ടാ...''
''സോറി ഇത്രയും നേരം ഫേക്ക് ഐഡിയിൽ ആരോ എന്നെ പറ്റിക്കുകയാണെന്നാണ് ഞാൻ കരുതിയത്. നാളെ പറഞ്ഞാൽ മതിയോ ?''
''മതി ഏട്ടാ പിന്നെ ഞാൻ ഓൺലൈനിൽ വരുമ്പോൾ ചോദിച്ചോളാം ഏട്ടൻ മെസ്സേജ് ചെയ്യരുതേ അമ്മാവൻമാർ എൻ്റെ മൊബൈൽ നോക്കും ''
'ശരി'
അന്നു രാത്രി മുഴുവൻ ഒരുപാട് ആലോചിച്ചു പൈസ മുടക്കാതെ എന്തുതൊഴിലാണുള്ളത് അതും വീട്ടിലിരുന്ന് ചെയ്യാൻ. ഒരെത്തുംപിടിയും കിട്ടിയില്ല. രാവിലെ ജോലിക്കു വരുമ്പോൾ ശ്രീമതി പറഞ്ഞു
''മോളെ ട്യൂഷന് അയക്കേണ്ടിവരുമെന്നാ തോന്നണേ ഞാൻ പറഞ്ഞിട്ടൊന്നും അവൾ പഠിക്കുന്ന ലക്ഷണം കാണുന്നില്ല അല്ലെങ്കിൽ ഏട്ടൻ തന്നെ പഠിപ്പിച്ചോ എനിക്കു വയ്യ ''
ഞാനവളെ ചേർത്തു നിർത്തി ഒരുമ്മ കൊടുത്തു. ഒന്നും മനസ്സിലാവാതെ അവൾ
''വന്നിട്ട് പറയാം നീ ഒരാളെ രക്ഷിച്ചു....'' അന്തംവിട്ട് കുന്തം വിഴുങ്ങിനിൽക്കുന്ന അവളോട് യാത്ര പറഞ്ഞിറങ്ങി..
വൈകുന്നേരം മെസ്സഞ്ചറിൽ മണിനാദം
''ഉണ്ണിയേട്ടാ''
കാര്യങ്ങൾ അവളോട് വിശദീകരിച്ചു.
ആരുടെയെോ സഹായത്തോടെ വീടിനു മുൻപിൽ ചെറിയൊരു ബോർഡ് വെച്ചു അതിൽ അവൾക്ക് ട്യൂഷൻ എടുക്കാൻ കഴിയുന്ന ക്ളാസ്സുകൾ എഴുതിവച്ചു. അടുത്തുള്ള സ്ക്കൂളിൽ ലഞ്ച് ടൈമിനു പോയി ടീച്ചേഴ്സിനെ കണ്ട് തൻ്റെ നിസ്സഹായവസ്ഥ പറഞ്ഞു. ട്യൂഷൻ ആവശ്യമുള്ള കുട്ടികളോട് പറയാനും പറഞ്ഞു. കുറച്ചു ദിവസങ്ങളിൽ വലിയ റിസൽറ്റുകിട്ടി. ഒരു കാര്യം അവളോട് പ്രത്യേകം പറഞ്ഞിരുന്നു കാര്യങ്ങൾ എല്ലാം ശരിയാവുന്നവരെ ഓൺലൈനിൽ നിന്നും വിട്ടുനിൽക്കുക. ട്യൂഷനു വരുന്ന കുട്ടികളോടൊക്കെ കൂട്ടുകൂടുക ഒറ്റക്കാണെന്ന ചിന്ത കളയുക. ആരൊക്കെയോ നമുക്കുണ്ടെന്നു കരുതുക..
ഒരിക്കൽ മാത്രം അവൾ ഓൺലൈനിൽ വന്നു
''ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഏട്ടാ എനിക്കും ജീവിക്കണം എൻ്റെ മോളെ പഠിപ്പിക്കണം എൻ്റെ ഉപ്പ എന്നെ പഠിപ്പിച്ചപോലെ. ഞാനൊരിക്കലും മറക്കില്ല നിങ്ങളെ....'' പിന്നീട് ആ ഐഡി ഡീആക്റ്റീവേറ്റായി....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

ചോറിലെ തലമുടിയും പെൺകുട്ടിയുടെ കരച്ചിലും

Image may contain: 1 person, closeup

മധുരയിൽ കാർഗോ കമ്പനിയിൽ മാനേജറായി ജോലിചെയ്യുന്ന കാലം. ഡെലിവറി സ്റ്റാഫായി ജോലി ചെയ്തിരുന്ന ദിനകരൻ ഒരിക്കൽ എന്നോടു പറഞ്ഞു അയാളുടെ നാട്ടിലെ കോവിൽ ഉത്സവത്തിനു പോകാമെന്ന്. മധുരൈക്കു സമീപം മാനാമധുരൈ എന്ന സ്ഥലത്തുനിന്നും പത്തു കിലോമീറ്റർ അകലെ മാടപ്പട്ടി എന്ന ഒരു കൊച്ചു ഗ്രാമം മുല്ലപൂവിനു പേരുകേട്ട സ്ഥലമായിരുന്നു അത്. നാട്ടുകാരുടെ പ്രധാന വരുമാനം വിവിധ പൂക്കളുടെ കൃഷിതന്നെ.
അങ്ങനെ ഞാനും അസിസ്റ്റൻ്റ് മാനേജർ ഇടുക്കികാരൻ ശരത്തും കൂടി യാത്രയായി. രാമേശ്വരം പോകുന്ന വഴിയാണ് മാനാമധുരൈ. ഞങ്ങൾ അവിടെ ഇറങ്ങി അവിടെനിന്ന് ടൗൺ ബസ്സിൽ മാടപ്പട്ടിയിലേക്ക് യാത്ര തുടർന്നു. പ്രകൃതി രമണീയമായ സ്ഥലങ്ങൾ കണ്ണിനു കുളിർമ്മയേകുന്നുണ്ടായിരുന്നു. മാടപ്പട്ടി ഇറങ്ങി വിലാസം ചോദിക്കാൻ ദിനകരനെ വിളിച്ചു. അന്ന് മൊബൈൽ നമ്പർ ഇല്ലാത്തതിനാൽ അടുത്ത വീട്ടിലെ റാണി അക്കയെയാണ് വിളിക്കുക. ദിനകരനോട് സംസാരിക്കാൻ പലപ്പോഴും വിളിച്ചിട്ടുള്ളതിനാൽ റാണിയക്കയുമായി ഫോണിലൂടെ നല്ല പരിചയം ഉണ്ടായിരുന്നു.
അവരുടെ നാട്ടിലെത്തിയെന്നു പറഞ്ഞപ്പോൾ അവരുടെ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു. ദിനകരൻ പറഞ്ഞതനുസരിച്ച് ഒരു കാളവണ്ടിക്കാരൻ ഞങ്ങളെ കൂട്ടികൊണ്ടുപോയി. വഴിനീളെ തോരണങ്ങൾ കൊണ്ട് മനോഹരമായിരുന്നു. വിവിധ ദൈവങ്ങളുടെ കട്ടൗട്ടുകളോടൊപ്പം സിനിമാനടൻമാരുടെ ചിത്രങ്ങളും ഇടംപിടിച്ചു അലങ്കാരലൈറ്റുകളിൽ ഗ്രാമം വെട്ടിതിളങ്ങിനിന്നു.
ദിനകരൻ കാത്തുനിൽപ്പുണ്ടായിരുന്നു അടുത്തുള്ള വീട്ടുകാരൊക്കെ ബഹുമാനത്തോടെ ''വണക്കം സാർ '' എന്നു പറയുന്നുണ്ടായിരുന്നു. എല്ലാവരോടും നന്ദിയോടെ തലയാട്ടി ഞങ്ങൾ ദിനകരൻ്റെ വീടെത്തി. ചെറിയൊരു വീടായിരുന്നു അത്. ഭാര്യ ഞങ്ങൾക്ക് കുടിക്കാനുള്ള വെള്ളം തന്നു. അവരുടെ മുഖത്തെ വെപ്രാളം കണ്ട് എനിക്ക് ചിരി വന്നു. ഞാനവരെ ആശ്വസിപ്പിച്ചു..
അപ്പോഴാണ് ഓടികിതച്ച് ഒരാൾ വന്നത് മറ്റാരുമല്ല നമ്മുടെ റാണിയക്ക തന്നെ. എൻ്റെ ധാരണ വയസ്സായ ഒരു സ്ത്രീയാണ് ഇവരെന്നാണ് ഇതിപ്പോ സുന്ദരിയായൊരു യുവതി. സ്ഥിരമായി മഞ്ഞൾ തേക്കുന്നതുകൊണ്ടാവാം മുഖം മുഴുവൻ മഞ്ഞ നിറം എന്നാലും അവരെ കാണാൻ നല്ല ഭംഗി ഉണ്ടാർന്നു. വായ്തോരാതെ സംസാരിക്കുന്ന റാണിയക്ക ഒരത്ഭുതമായിരുന്നു അവരാണെങ്കിൽ എൻ്റെ മുഖത്തു നിന്നും കണ്ണെടുക്കുന്നുമില്ല. എനിക്കൊരു വല്ലായ്മ തോന്നി...
ഒരുപാടു വിഭവങ്ങൾ കഴിക്കാനായ് ഒരുക്കിയിരുന്നു ചിക്കൻ, മട്ടൻ വിഭവങ്ങളും ചോറ് തൈര് വട പായസം രസം പിന്നെയും എന്തൊക്കെയോ വിഭവങ്ങൾ. നിഷ്കളങ്കമായ ആ സ്നേഹത്തിന് മുമ്പിൽ മനസ്സ് നിറഞ്ഞിരുന്നു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അതെൻ്റെ ശ്രദ്ധയിൽ പെടുന്നത്. ചോറിലും ചിക്കൻ കറിയിലും വലിയ രണ്ടു തലമുടികൾ!!
ആഹാരത്തിൽ മുടി കണ്ടാൽ പിന്നെ ആ ഭക്ഷണം കഴിക്കില്ലെന്നു കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഇത് ഭയങ്കര തെറ്റാണെന്ന് തോന്നുന്നു..
''നല്ലാ ശാപ്പിടുങ്കോ '' എന്നുപറഞ്ഞു സ്നേഹത്തോടെ വിളമ്പിത്തരുന്ന ആ പെൺകുട്ടിയോട് മുടിയുണ്ടെന്നു പറഞ്ഞാൽ എത്രമാത്രം വിഷമിക്കും. ദിനകരൻ അവളെ തല്ലികൊല്ലും. പാവം ഒരിക്കലും അവളെ വേദനിപ്പിക്കരുത് ആരുമറിയാതെ ആ തലമുടികൾ വാഴയിലയുടെ അടിയിലേക്കു മാറ്റി ഞാൻ ഒന്നുമറിയാത്തതുപോലെ ഭക്ഷണം കഴിച്ചു. അവളുടെ മുഖത്തേക്കു നോക്കിയപ്പോൾ അവളെന്തോ ശ്രദ്ധിച്ചപോലെ തോന്നി... ഞാൻ വേഗം എണീറ്റു കൈകഴുകി.
ഞങ്ങൾ കഴിച്ച ഇലയും ഗ്ളാസും എടുക്കുന്നതിനിടയിൽ അവൾ ആ മുടി കണ്ടെത്തി. അവളെന്നെ ദയനീയമായി നോക്കി. സാരമില്ല എന്നർത്ഥത്തിൽ ഞാൻ തലയാട്ടി അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു. ഇതൊന്നുമറിയാതെ ദിനകരൻ ഞങ്ങളോട് സംസാരിച്ചിരുന്നു. ഗ്രാമം മുഴുവൻ ചുറ്റികാണിച്ച് തിരിച്ചു വരാൻ നേരം അവൾ ദിനകരൻ കേൾക്കാതെ ഇങ്ങനെ പറഞ്ഞു
''മന്നിച്ചിടുങ്കോ സാർ തെരിയാമെ നടന്തതു മാമാക്കിട്ടെ സൊല്ലവേണ്ടാം '' അവൾ നിശ്ശബ്ദമായി കരഞ്ഞു
''എനക്ക് എന്ത പ്രച്ച്നൈയും ഇല്ലീങ്കോ അവർക്കിട്ടേ നാൻ എന്നക്കുമേ സൊല്ലമാട്ടേൻ ''
കൈകൾകൂപ്പി നിൽക്കുന്ന ആ മുഖം ഇന്നും മനസ്സിലുണ്ട്. സ്നേഹത്തോടെ അന്നം വിളമ്പിയ ആ നിഷ്കളങ്ക മുഖം.....!!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo