പുരുഷപ്രജകളെ ചിലരൊക്കെ തെറ്റിദ്ധരിക്കുന്ന ഈ കാലത്ത് ഇന്നലെ കണ്ട മനോഹര കാഴ്ച പങ്കുവെക്കട്ടെ... ഇന്നലെ ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു (തച്ചമ്പാറ പൂരം) ഇവിടെ ഡെല്‍ഹി സ്വദേശികളായ രണ്ടു യുവാക്കള്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നുണ്ട്. വിവിധ കലാരൂപങ്ങളും ഗജവീരന്‍മാരും അണിനിരന്ന പൂരം കാണാന്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ടൗണിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന സമയം പൂരക്കാഴ്ചകള്‍ കാണാന്‍ സ്ത്രീകളും കുട്ടികളും ഉയര്‍ന്ന കെട്ടിടങ്ങളില്‍ കയറി നിലയുറപ്പിച്ചു. രാവിലെ കുറച്ചു ജോലിയുണ്ടായിരുന്നതിനാല്‍ എനിക്ക് ഷേവ് ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ടാണ് തിരക്കിനിടയിലും ഞാന്‍ ഷോപ്പിലെത്തിയത്.. ഈ കട ഒന്നാം നിലയില്‍ ആയതിനാല്‍ കടക്കു ചുറ്റും സ്ത്രീകളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞിരുന്നു
ഞാന്‍ വേഗം കസേരയില്‍ ഇരുന്നു മലയാളം കുറച്ചൊക്കെ സംസാരിക്കുന്ന അവനോട് ഷേവ് ചെയ്യാന്‍ പറഞ്ഞു. അവിടെ അവന്‍റെ ഹിന്ദി സംസാരിക്കുന്ന മറ്റു രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. അപ്പോഴാണ് വയസ്സായ ഒരമ്മയും അവരുടെ മകളും മകളുടെ കയ്യില്‍ ഏതാനും മാസം പ്രായമുള്ള കുഞ്ഞും അകത്തേക്കു വന്നത്. വിശന്നിട്ടാവും പാവം കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ട്...
''ഏക്ക് മിനിറ്റ് ഭായ് '' എന്ന് എന്നോടു പറഞ്ഞ് ആ പതിനെട്ടുകാരന്‍ അകത്തുള്ള കര്‍ട്ടന്‍ വലിച്ചിട്ട് ഒരു കസേരയും അങ്ങോട്ട് നീക്കിയിട്ടു. അവന്‍റെ കൂട്ടുകാര്‍ മുറിയുടെ പുറത്തിറങ്ങി നിന്നു. അവന്‍ എന്‍റെ താടി ഷേവ് ചെയ്തു തുടങ്ങി. കുഞ്ഞിന്‍റെ കരച്ചില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കുഞ്ഞിനെ പാലുകൊടുത്തുറക്കി അമ്മയും മകളും പുറത്തിറങ്ങി അവനോട് നന്ദി പറഞ്ഞു പോയി..
രസകരം എന്താണെന്നു വച്ചാല്‍ ഇവിടെ ആരും ആരോടും ഒന്നും പറഞ്ഞില്ല എന്നതാണ്. ആ ചെറിയ പയ്യന്‍റെ പക്വത കണ്ട് ഞാനും അതിശയിച്ചു. സമൂഹത്തില്‍ ഒരുപാടു നന്‍മകളുണ്ട് ഒത്തിരി നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ പലപ്പോഴും നെഗറ്റീവ് ആയ കാര്യങ്ങള്‍ക്കാണ് പ്രസക്തി കിട്ടുന്നത്.
പറയാതെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരുപാടുണ്ട് ഭൂമിയില്‍. സ്നേഹമുള്ള ഹൃദയങ്ങളുടെ ഭാക്ഷ ചിലപ്പോഴൊക്കെ മൗനമായിരിക്കും...
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©
ഇനിയും ഇത് പോലെ ഉള്ള ലേഖനം പ്രതീക്ഷിക്കുന്നു..
ReplyDelete