Slider

ഏതാണ്ടൊരു മഞ്ഞുമഴക്കാലം

0
Image may contain: 2 people, people smiling, selfie and closeup

കോട്ടയംകാരി അന്നാ,
വീട്ടിലൊരു പൂന്തോട്ടമുള്ള ഞാൻ
ഡിസംബർ തണുപ്പിൽ നിന്റെ മുറ്റത്ത് വന്നത്
റൂബിഗിനി റോസയുടെ തണ്ട് വാങ്ങാനായിരുന്നില്ല
അത് വെച്ചുനീട്ടുന്ന നിന്നെ കാണാനായിരുന്നു.
ചന്തക്കവലയുടെ വളഞ്ഞ കയറ്റങ്ങളിലൂടെ കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തിൽ ഉള്ളിത്തോലും ചാക്കുനൂലും താഴേക്കൊഴുകുമ്പോൾ
നീ കുടയ്ക്കുള്ളിൽ തലയൊതുക്കി, ഇടംകൈകൊണ്ട് സാരി കണങ്കാലിന് മുകളിലുയർത്തിപ്പിടിച്ച്
മുകളിലേയ്ക്ക് നടന്നുപോകുന്നതാണ്
എന്റെ പ്രിയപ്പെട്ട കാഴ്ച.
നിന്നെയാരെങ്കിലും നോക്കുന്നതോ,
നിന്നെ നോക്കുന്ന എന്നെയാരെങ്കിലും നോക്കുന്നതോ ഞാനന്നേരം കാണാറില്ല.
നോക്കി നോക്കി
ഒഴിഞ്ഞ തക്കാളിപ്പെട്ടിയേൽ കയ്യമർത്തി
അന്നാമ്മേ എന്റെ പൊന്നേന്ന് വിളിക്കുന്നത് മനസിലാണോ ഉറക്കെയാണോന്ന് പോലും എനിക്കറിയത്തില്ല.
നീയാ കഴുത്തും ഒഴിച്ചിട്ട് കടലാസ് പൂവിന്റെപോലെ നിറമുള്ള ഏതാണ്ടൊരു ചുരിദാറുമിട്ട് ഏതാണ്ടിതേപോലൊരു ഞായറാഴ്ച ദിവസം പള്ളിക്കകത്തോട്ട് വന്നപ്പം
എനിക്കിത്രേം ഇഷ്ടവില്ലാരുന്ന്.
വരിവരിങ്ങനെ തിരിച്ചിറങ്ങുമ്പോ
നീയെന്റെ കയ്യേലോട്ട് കുഴഞ്ഞു വീണതും ഇത്തിരിനേരവാണേലും എന്റെ മടിയേൽ തലവെച്ച് കെടന്നതും മുതലാ എനിക്കോർമ്മ.
നഖം പോറി മൂക്കിന്റടുത്തൊരു മുറിവൊള്ളതും ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലാന്നും കുളിച്ചിട്ടൊണ്ടെന്നും നിനക്ക് വലിയ ഭാരവില്ലാന്നുമൊക്കെ അന്നേരം ഞാനറിഞ്ഞതാ.
അടുത്ത മഴയ്ക്ക് നിന്റെ കുടയ്ക്കകത്തോട്ട് കേറാനും, ആലുക്കാസ് വരെ കൂടെ നടക്കാനുവൊക്കെ പദ്ധതിയിട്ടതാ.
പിന്നെയാണേ മഴയും പെയ്തില്ല.
പിന്നെ എല്ലാം മറന്നിരിക്കുവാരുന്ന്.
അന്നേരവാ ഒരു ദിവസം പള്ളിക്കകത്തൂന്ന് നമ്മള് രണ്ടുംകൂടി ഒരുമിച്ച് തുമ്മിയ ഞായറാഴ്ച വരുന്നത്. പെണ്ണിനേം ചെക്കനേംപോലെയാ അന്ന് നമ്മളെ എല്ലാരും നോക്കിയത്.
അപ്പഴാ ബുദ്ധിമുട്ടിയാണേലും എന്റെ കൊച്ചൊന്ന് ചിരിച്ചത്, എല്ലാരേം വെട്ടിച്ച് കൃത്യം എന്റെ കണ്ണിലോട്ട് നോക്കിയത്
എന്റെ വീടിന്റെ മുന്നിലൂടെയാ എന്നും നീ തലകുനിച്ച് നടന്നുപോവുന്നത്. ആ വഴി മുഴുവനും എനിക്കറിയാവുന്നതാണേലും നീ പോവുമ്പൊ മാത്രം ഏതാണ്ടൊരു ചന്തം കൂടുതലാ.
പിന്നെയാ, അമ്മച്ചി നനച്ചതൊന്നും ഓർക്കാതെ പിന്നേം ഞാൻ മുറ്റത്തെ മൊസാണ്ടത്തൈയും വള്ളിച്ചെടികളുമൊക്കെ റോഡിലോട്ട് നോക്കി നനയ്ക്കുന്നത്. നീ വന്നുപോവുമ്പഴാണേൽ പൈപ്പിലെ വെള്ളം പോലും ഒച്ചവെച്ച് ശല്യപ്പെടുത്താതെ മിണ്ടാണ്ടിരിക്കും.
സിനിമാ കാണുന്നപോലെ ഞാൻ നിന്നെ നോക്കിയിരിക്കും. തോട് കടക്കുമ്പൊ തെറുത്ത് വെച്ച ചുരിദാറിന്റെ കാല് തിരിച്ചിറങ്ങാതെ നിന്റെ മുട്ടുകാലിന്റവടെ അള്ളിപ്പിടിച്ചിരിക്കുന്നത് കണ്ട ദിവസമേ എനിക്ക് ഏതാണ്ടൊരു പന്തികേട് തോന്നിയതാ. ആലുക്കാസിലോട്ട് നീ ചുരിദാറിടാറും ഇല്ലല്ലോ. പിന്നേം ചന്തക്കവല വഴി മഴയത്ത്, താഴോട്ടൊഴുകുന്ന വെള്ളം പാദം വഴി നിന്റെ പാദസരംവരെ കേറിയിറങ്ങി പോവുമ്പൊ പഴയ ചന്തവില്ലല്ലോന്ന് ഞാൻ ചിന്തിച്ചതുമാ.
എല്ലാം ഉറപ്പായത് മൂന്നാറ്റിലെ വെള്ളത്തേൽ നീ പൊങ്ങിക്കിടപ്പൊണ്ടെന്ന് കേട്ടപ്പഴാ.
പിന്നെ എല്ലാ മരണവീട്ടിലേക്കും ഒഴുകുന്നോരു പുഴ കുടപിടിച്ച് നിന്റെ വീട്ടിലോട്ടും കേറി വരുമ്പൊ ഞാനും കേറിയില്ല. മഴേം കൊണ്ട് തനിച്ചാ വന്നേ.
അല്ലേൽ ഒരു ബന്ധോം കുന്തോം ഇല്ലാത്ത ഈ പയ്യനെന്തിനാ ഈ കൊച്ചിനെ നോക്കി കരയുന്നേന്ന് ആർക്കേലും തോന്നിയാലോ. എന്നിട്ട് ഞാൻ
നീ പോണ വഴി തലങ്ങും വിലങ്ങും നടന്നുനോക്കി.
എവിടുന്നാ നിനക്ക് ഏനക്കേട് കിട്ടിയേന്നറിയാൻ. ചന്തക്കവലയ്ക്കൽ എത്തുമ്പഴും
എന്റെ വീടിന്റെ മുന്നിൽ എത്തുമ്പഴും
എവിടേലും ഞാൻ നിക്കുന്നുണ്ടോന്ന്
ഞാൻ തന്നെ കണ്ണിട്ട് നോക്കി.
അങ്ങനെ ഏതാണ്ടൊരു ഞായറാഴ്ചയാ, മൂന്നാറ്റിലെ വെള്ളത്തേൽ പൊങ്ങിക്കിടക്കുമ്പോ നിന്നെ കാണാനൊത്താലോ എന്നങ്ങ് തോന്നിയത്. എന്നാലും ഒടുക്കം കണ്ട കാഴ്ചയാ അതിശയം. ആകാശോം മേഘങ്ങളുവൊന്നുവല്ല.
ആകാശത്ത് ചന്തക്കവലവഴി കുടപിടിക്കാതെ കണങ്കാലും കാണിച്ച് നീ നനഞ്ഞുനടക്കുവാ. ആദ്യമായി നീ ചെരിഞ്ഞുനിന്ന് എന്നെയൊന്ന് നോക്കി. എല്ലാരേം വെട്ടിച്ച് കൃത്യം എന്റെ കണ്ണിൽ തന്നെ നോക്കി. ഞാനന്നേരം അന്നാമ്മേ എന്റെ പൊന്നേന്നും വിളിച്ച്, ഒഴിഞ്ഞ തക്കാളിപ്പെട്ടിയേൽ കൈയ്യുംകുത്തി വെള്ളത്തേലോട്ട് ചെരിഞ്ഞുവീണു.

By: Sarath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo