നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും, ഞാനുമെന്റെ പേരും


ഞാനും, ഞാനുമെന്റെ പേരും
........................................
രണ്ടു ദിവസം മുന്നേയുള്ളൊരു പുലരിയിൽ,ഏഴാം ക്ലാസ്സുകാരൻ മകനെ സ്കൂളിലേക്കയച്ചിട്ട് എഫ്.ബി.ഓപ്പൺ ചെയ്തപ്പോൾ കണ്ടത്,സജ്നേച്ചീടെ പോസ്റ്റിന് ഞാനിട്ട കമന്റിന് റയ എന്നൊരു കുസൃതിക്കുട്ടി ആറെലി, 5 ലി എന്നൊക്കെ എന്നെ കുസൃതിയോടെ വിളിച്ചോണ്ട് ഞാനെഴുതിയ വരികളിലെ തെറ്റ് തിരുത്തി കമന്റ് ചെയ്തിട്ടുണ്ട്.
ഞാൻ ശരിക്കും ചിരിച്ചു പോയി. ഹ ഹ ഹ എന്നു തന്നെ.
തലേ രാത്രി അത്രമേൽ അസ്വസ്ഥമായ മനസ്സോടെ കിടന്ന എന്റെ ചിരി കേട്ട് ആശ്വാസത്തിന്റെ ദീർഘനിശ്വാസവും വിട്ടു കൊണ്ട് ആ കമന്റ് കേട്ടമ്മയും ചിരിച്ചു.
പയ്യെ പയ്യെ ആ 'എലി' വിളി എന്റെ മനസ്സ് പിടിച്ച് നിറയെ പൂത്ത ചെടികളും, പൂമ്പാറ്റയുമുണ്ടായിരുന്ന ഇടവഴിയിലൂടെ സൗരഭ്യം നിറഞ്ഞ എന്റെ ഇന്നലകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുസുമം സിസ്റ്ററിന്റെ ക്ലാസ്സിലെ മുൻ ബഞ്ചിന്റെ അറ്റത്തെത്തിച്ചു.
അവിടെ, നേവി ബ്ലൂ പാവാടയും ,വെള്ള ഷർട്ടുമണിഞ്ഞ്, റോസ് റിബണും കെട്ടി, മുഖത്തൊരു പുഞ്ചിരിയുമണിഞ്ഞ് ഞാനിരുപ്പുണ്ടായിരുന്നു.
ആ പുഞ്ചിരിക്ക് മേലെ ഒരു പിടി കോംപ്ലക്സ് വാരി എറിഞ്ഞ് കൊണ്ട് ആൺകുട്ടികളുടെ സൈഡിലിരുന്ന തടിയൻ ചെക്കൻ വിളിച്ചു "അഞ്ച് എലീ...... "
അവൻ കളിയാക്കിയതല്ല, ആ പേര് അവന് മനസ്സിലായത് അങ്ങിനെയായിരുന്നു. അവന്റെ വർണ്ണനിറമുള്ള പുത്തൻ കുട കാണിച്ചു തരാനായിരുന്നവൻ വിളിച്ചത്.
ദിവസങ്ങൾ കഴിയെ അവനു പിറകെ മറ്റു കൂട്ടുകാരും അങ്ങനെ തന്നെ വിളിച്ചുതുടങ്ങി.
ആ വിളി കേൾക്കുമ്പോഴൊക്കെ തട്ടിൻപുറത്തോടികളിക്കുന്ന എലികളുടെ തട്ടും മുട്ടും, അവറ്റകളെ പിടിക്കാൻ അച്ഛച്ഛൻ ഉണക്കമീൻ വച്ച് തയ്യാറാക്കുന്ന എലിപ്പെട്ടിയും ഓർമ്മ വന്നു.
ഒടുവിൽ കരഞ്ഞോണ്ടച്ഛനോടു പറഞ്ഞു ഈ പേരു മാറ്റി പാർവ്വതീന്നാക്കി തരാൻ
അപ്പൊഴാണച്ഛൻ പറഞ്ഞത് പാർവ്വതി പരമശിവന്റെ ഭാര്യയാണന്നും, ആ പേര് വേറെയാർക്കും ഇടാൻ പാടില്ലെന്നും .
എന്നിട്ട് തേഡ് ബഞ്ചിലെ പാർവ്വതിക്ക് അതെങ്ങനെ ഇട്ടു എന്ന് ചോദിക്കാനുള്ള ബുദ്ധിവൈഭവം അന്നെനിക്കുണ്ടായിരുന്നില്ല.
വല്യമ്മയുടെ വീട്ടിൽ എലിപ്പെട്ടി തയ്യാറാക്കുന്ന നേരത്ത് എന്നെ ഏറു കണ്ണിട്ട് നോക്കിക്കൊണ്ട് തടിച്ചിയായ എന്റെ കസിൻ ചോദിക്കും" ഇതിൽ അഞ്ച് എലി വീഴുമോ " ന്ന്. അതിലെ കുനുഷ്ട് മനസ്സിലാകാതെ വല്യച്ഛൻ പറയും " ഒരെലിയേ വീഴുള്ളൂ... "
ചിരിച്ചോണ്ട് മനസ്സിൽ ആരെയെങ്കിലും ചീത്ത വിളിക്കാനുള്ള ടെക്നിക് അന്നെനിക്കറിയില്ലാരുന്നകൊണ്ട്, കണ്ണും നിറച്ച് ഞാനവിടെ നിന്ന് എഴുന്നേറ്റു മാറും.
അഞ്ചാം ക്ലാസ്സിൽ പങ്കെടുത്ത ഏകദിന ക്യാംപിന്റെ അവസാനം സർട്ടിഫിക്കറ്റ് തരാനായ് കോ-ഓർഡിനേറ്റർ പേര് വിളിച്ച നേരത്ത്, കൂടെ ഇരിക്കുന്നവരെയും, സ്റ്റേജിനടുത്ത് പൂത്തുനിൽക്കുന്ന അരളിപ്പൂക്കളെയും നോക്കി പാതയ്ക്കു നോവാതിരിക്കാനെന്നോണം മൃദുവായി നടന്നപ്പോൾ, അദ്ദേഹം മൈക്കിലൂടെ വിളിച്ചു " വൺ റാറ്റ്, റ്റു റാറ്റ്, ത്രീ റാറ്റ്, ഫോർ റാറ്റ്, ഫൈവ് റാറ്റ്..... കമോൺ ഫാസ്റ്റ് '"
മനസ്സിലേക്കപ്പോൾ കോംപ്ലക്‌സിന്റെ മണമുള്ള കാറ്റ് ആഞ്ഞടിച്ചു.
സർട്ടിഫിക്കറ്റും വാങ്ങി സ്റ്റേജിൽ നിന്ന് താഴെക്കിറങ്ങാൻ തുടങ്ങവെ അദ്ദേഹം പറഞ്ഞു " കൺഗ്രാറ്റ്സ് ഫൈവ് റാറ്റ്...."
അതിൽ വാത്സല്യം ഒളിഞ്ഞിരുന്നത് എനിക്ക് കാണാൻ കഴിഞ്ഞില്ല.
പിന്നെ അരളിപ്പൂക്കളെ നോക്കാൻ നില്ക്കാതെ,പിറകിൽ നിൽക്കുന്ന അച്ഛനെ ലക്ഷ്യമാക്കി ഓടിയപ്പോൾ കല്ലിൽ തട്ടി കമിഴ്ന്നടിച്ച് വീണ് മുട്ടു പൊട്ടി.
ഓടി വന്നു എന്നെ വാരിയെടുത്ത അച്ഛനെ കെട്ടിപിടിച്ച് " ഈ പേര് മാറ്റി താച്ഛാ ..." എന്നു പറഞ്ഞേങ്ങലടിച്ചു കരഞ്ഞു.
പിന്നീട് നദിയാ മൊയ്തു എന്ന സുന്ദരി എന്റെ കണ്ണിലുടക്കിയപ്പോൾ എനിക്ക് നദിയാ മൊയ്തു എന്ന പേരുമതി എന്നു ഞാനച്ഛന് നിവേദനം നല്കി.
" അത് ഒരു സിനിമാ നടീടെ പേരല്ലേ, അത് മറ്റാർക്കും ഇടാൻ പാടില്ല " എന്നായിരുന്നച്ഛന്റെ പ്രതികരണം.
എങ്കിലും ചിറ്റപ്പനെന്നെ മൈദാ മൊയ്തു എന്ന് വിളിച്ചു. അവിടെ ഒരു കളിയാക്കലിന്റെ മണം തിരിച്ചറിഞ്ഞപ്പോൾ ഞാനാപ്പേര് വേണ്ടന്നു വച്ചു.
കാലം എന്റെ കോംപ്ലക്സുകളും നോക്കി എന്റെടുത്തിരിന്നില്ല, അത് മുന്നോട്ടോടിപ്പോയി.
ഞാൻ ലിറ്റിൽ ഫ്ളവറിൽ നിന്നും സെൻറ് മേരീസ് ഗേൾസ് സ്കൂളിലെ എട്ടാം ക്ലാസ്സിലെത്തി.
മെറ്റേണിറ്റി ലീവ് കഴിഞ്ഞെത്തിയ മലയാളം പഠിപ്പിക്കുന്ന, സുന്ദരിയായ ത്രേസ്യാമ്മ റ്റീച്ചർ ഞങ്ങളെ ഓരോരുത്തരെയായി പരിചയപ്പെട്ടു തുടങ്ങി.
ദൈവമേ!
എന്റെ മനസ്സിലൊരു ഓഖി അലയടിച്ചു തുടങ്ങി.
ഈ പേര് തന്നെയായിരുന്നു പ്രശ്നം, കൂട്ടുകാരികളുടെ ഇടക്കിടെയുള്ള ഫൈവ് റാറ്റെന്നുള്ള വിളിയും, ജോസഫ് സാറിന്റെ അഞ്ച് എലീന്നുള്ള വിളിയും, എന്നെ സഹനത്തിന്റെ വടക്ക് കിഴക്കേ.... അറ്റത്തെത്തിച്ചിരുന്നു.
ക്ലാസ്സ് റൂമിലെ ഉണ്ണീശോയുടെ ഫോട്ടൊ നോക്കി, ബെല്ലടിക്കണേന്ന് ഞാൻ പ്രാത്ഥിച്ചു.
ബെല്ലടിച്ചില്ല, പകരം എന്റൂഴം എത്തി.
ഞാൻ അഞ്ജലിയിലെ 'ജ ' അങ്ങോട്ടൊഴിവാക്കി അഞ്ഞലി എന്നു പറഞ്ഞു, അന്നേരമെനിക്കു തോന്നിയത് 'ജ 'യിലാണെല്ലാ പ്രശ്നവും കുടികൊള്ളുന്നതെന്നാണ്.
"എന്ത്?"
ത്രേസ്യാമ്മ റ്റീച്ചർ അത്ഭുദത്തോടെയെന്നെ നോക്കി
" അഞ്ഞലി "
വിക്കി വിക്കി പറഞ്ഞിട്ട് ഞാൻ തല കുനിച്ചു.
"അഞ്ഞലിയല്ല, അഞ്ജലി.കൂപ്പുകൈ എന്നാണർത്ഥം, മനോഹരമായ പേരിങ്ങനെ വികലമായി ഉച്ചരിക്കരുത്. നന്നായിട്ടൊന്നു പറഞ്ഞെ അഞ്ജലീ.. "
റ്റീച്ചർ പറഞ്ഞു നിർത്തീട്ടെന്നെ നോക്കി.നിറഞ്ഞൊഴുകിയ എന്റെ കണ്ണ് പുറം കൈയ്യോണ്ട് തുടച്ചിട്ട് ഒരു നിമിഷം കഴിഞ്ഞു ഞാൻ പതിയെ പറഞ്ഞു "അഞ്ജലി ."
ഉറക്കെ പറയൂ അഞ്ജലീ, എന്നു പറഞ്ഞു പിന്നെയും പിന്നെയും റ്റീച്ചർ എന്നെക്കൊണ്ട് അഞ്ജലി എന്നു പറയിപ്പിച്ചു.
ആ നേരത്ത് എന്റെ മനസ്സിലെ കോംപ്ലക്സിന്റെ കൂട് ഇളകി തുടങ്ങുന്നത് ഞാനറിഞ്ഞു.
ഓരോ ദിവസവും റ്റീച്ചറിന്റെ ക്ലാസ്സിൽ 'അഞ്ജലീ ' എന്ന് ഉറക്കെ വിളിക്കും റ്റീച്ചർ.
നൈർമല്യത്തോടെയുള്ള, റ്റീച്ചറുടെ മൂന്നു വർഷത്തെ അഞ്ജലീ എന്ന വിളിയിൽ എന്റെ കോംപ്ലക്സിന്റെ കൂട് പൂർണ്ണമായും പറിഞ്ഞു പോയി.
പിന്നെ പിന്നെ എന്റെ ബുക്കിൽ പലരും അഞ്ച് എലിയുടെ പടം വരച്ചു, 5 എന്നെഴുതീട്ട് ഒരലിയുടെ പടം വരച്ചു, 5 എഴുതീട്ട് എലിയെന്നും, റാറ്റെന്നും എഴുതി.
അതൊക്കെ ഞാനാസ്വദിച്ചു തുടങ്ങിയിരുന്നു.
താഴെ കൂടെ നടന്നു പോകുന്ന എന്നെ നോക്കി സെക്കന്റ് ഫ്ലോറിൽ നിന്ന് നീലിമയുറക്കെ വിളിച്ചു പറയുമായിരുന്നു " ഫൈവ് റാറ്റേ എളുപ്പം കേറി വാ ഇല്ലേൽ പുസ്സി ക്യാറ്റ് പിടിച്ചോണ്ടുപോവും" ന്ന്.
ആരോടേലും ട്രീറ്റ് വേണമെന്ന് പറയുമ്പോ കിട്ടുന്ന മറുപടി " അഞ്ച് എലിക്ക് ഉണക്കക്കപ്പേം ഉണക്കമീനും പോരേന്നായിരുന്നു.
ലൈബ്രറിയിൽ കേറുംമ്പോൾ സീനിയർ ചേച്ചിമാർ ലൈബ്രേറിയനോടു പറയുമായിരുന്നു " ഒന്നും രണ്ടുമല്ല അഞ്ച് എലി കേറീട്ടുണ്ട് ബുക്ക്സ് കരളാതെ നോക്കണേ" ന്ന്
ഇതൊക്കെ കേൾക്കുമ്പോൾ വെള്ളത്തിലേക്ക് ചാടുമ്പോൾ കേൾക്കുന്ന ഒച്ച പോലെ ഞാനുറക്കെചിരിച്ചിരുന്നു.
അപ്പൊഴേക്കും അഞ്ജലി എന്ന പേരും, അഞ്ച് എലി എന്ന ഇരട്ടപ്പേരും എന്റെ ഹൃദയത്തോട് ചേർന്നിരുന്നു.
പിന്നീട് ഞാനുൾപ്പടെയെല്ലാരും 'പക്വത' എന്നൊരു രസം മുഖത്തു വരുത്തി, ഇരട്ടപ്പേരുകളെയെല്ലാം മറന്നു.
ഞാൻ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു തുടങ്ങിയപ്പോൾ എന്റെ പേരും മറന്നു തുടങ്ങി, എന്നെ തന്നെയും മറന്നു, കൃഷ്ണന്റെ അമ്മ മാത്രമായി മാറി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot