Slider

കണ്ണേക്കായൽ.

0
കണ്ണേക്കായൽ.
---------------------------
ചക്രം ചവിടുന്ന പാട്ടു കേട്ടോ നല്ല
താളത്തിൽ പാടുന്ന പാട്ട്
കണ്ണേക്കായലിൽ കനകം വിളയിക്കും
വേലായി പാടുന്ന പാട്ട്
ഓർമ്മതൻ ചക്രം ചവിട്ടിത്തിരിച്ചു ഞാൻ
ഓർക്കുന്നു ഇന്നുമാ പാട്ട്
തുടിയിലൊരു തുടം വെള്ളം തേവുന്ന
ചാത്തായിയും പാടുംപാട്ട്
ഞാറുനടുന്നോരു പെണ്ണുങ്ങളെല്ലാരും
നിരയായി നിന്നങ്ങു പാടും
നല്ല ഉശിരുള്ള ചേകോന്റെ പാട്ട്
കണ്ണത്തുകാരിയും പാലാട്ട് കോമനും
പൊരുതി ജയിച്ചൊരാ പാട്ട്
പുത്തൂരം പഴമയും തച്ചോളി മഹിമയും
വിസ്തരിച്ചുള്ളൊരു പാട്ട്
മാക്കവും ആർച്ചയും ചന്തുവും ചതിയുമായ്
അരിങ്ങോടരും വരുംപാട്ടിൽ
പാട്ടിന്റെ താളത്തിൽ പശി മറന്നത്രെയോ
പുഞ്ചയും കൊയ്തു മെതിച്ചു.
ഒരോ ചുരുട്ടിലും കെട്ടാക്കി വെച്ചേറേ
ഒരു പാട് മോഹത്തിൻ കറ്റ.
ആ കറ്റക്കയറിന്റെ വടു വീണതലയൊന്ന്
തപ്പി നോക്കീട്ടിന്നു ഞാനും
ചേറിൽ പുതഞ്ഞൊരാ കാലടിപ്പാടുമായ്
എത്രയോ കാതങ്ങൾ താണ്ടി.
തേടിടാമോർമ്മകൾ മരിക്കുന്നതിൻ മുമ്പു
വരമ്പിൽ പതിച്ചു മറഞ്ഞ പാദങ്ങളെ..
ഞെണ്ടിന്റെ പൊത്തില്ല തവളയില്ല
മണ്ണിര പുറ്റില്ല ഞവിഞ്ഞിയില്ല
മണ്ടയും ചീഞ്ഞു കുല മറ്റ മീനുകൾ
കണ്ണേക്കായലിൻ ഓർമ്മക്കുറിപ്പുകൾ.
പുഞ്ചയൊരുൽസവമായി ഘോഷിച്ചോരു
പഴം പുരാണങ്ങൾ ബാക്കിയായി.
ഉഴുതുമറിക്കുവാൻ ട്രാക്ടറുവന്നപ്പോൾ
ഞാറു നടുവാനും യന്ത്രമായി
കൊയ്ത്തുയന്ത്രം വന്നു കൊയ്തു പോയാൽ
വൈക്കോലുകെട്ടുന്ന വണ്ടി വരും
കളകൾ പറിക്കില്ല കാറ്റത്തിടീക്കില്ല
കറ്റക്കയറില്ല കാരുണ്യമില്ല.
യന്ത്രമായ് തന്ത്രമായ് മാറിയ കൃഷിയിന്ന്
ഹോർമോണും വളവും മരുന്നുമായി.
വിഷം വിളയിക്കുന്ന പാടമായി
അഡ്വാൻസായിന്നു പണമടക്കാം
കാൻസറരൊരൽപ്പം വാങ്ങി വെക്കാം.
അഡ്വാൻസായിന്നു പണമടക്കാം
കാൻസറരൊരൽപ്പം വാങ്ങി വെക്കാം
ഇൻഷൂറു കളളിയിൽ വെട്ടും കളങ്ങളിൽ
അക്കങ്ങളെല്ലേ നമ്മളൊക്കെ.
ഇൻഷൂറു കളളിയിൽ വെട്ടും കളങ്ങളിൽ
അക്കങ്ങളെല്ലേ നമ്മളൊക്കെ.
Babu Thuyyam.
28/03/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo