Showing posts with label TintuGirish. Show all posts
Showing posts with label TintuGirish. Show all posts

Labour room ൻ്റെ വാതിൽക്കൽ ഒരു കുട്ടി

Labour room ൻ്റെ വാതിൽക്കൽ ഒരു കുട്ടി. പത്തോ പതിനൊന്നോ വയസ്സ് കാണുമായിരിക്കും. ആകെ മുഷിഞ്ഞ ഉടുപ്പ് ഉടുത്തിരിക്കുന്ന രീതി കണ്ടാലറിയാം ആദിവാസിയാണ്. സർക്കാരാശുപത്രിയല്ലേ... ആദിവാസി രോഗികൾക്കുള്ള എല്ലാ സഹായങ്ങളും ആശുപത്രി ജീവനക്കാരും tribal promoter മാരും കൂടെയാണ് ചെയ്യാറ്. വീട്ടിൽ നിന്ന് പഴയ ഉടുപ്പൊക്കെ എല്ലാരും കൊണ്ടുവന്ന് കൊടുക്കാറുണ്ട്. പിന്നെ എന്തിനാണാവോ ഈ കുഞ്ഞികുട്ടി തുണിക്കെട്ടും പിടിച്ച് ലേബർ റൂമിൽ കയറിയത്...? ഈ കരച്ചിലും ബഹളവും കേട്ട് അവള് പേടിക്കില്ലേ...?
"ആരാ കുട്ടികളെയൊക്കെ കയറ്റി വിടുന്നേ? ആരും ല്ല്യേ ഡോറിൻ്റടുത്ത്?"
Examination area യിലേക്ക് ഞാൻ വിളിച്ച് ചോദിച്ചു.
അപ്പോൾ ആരോ വിളിച്ചു പറയുന്നത് കേട്ടു, "അത് പേഷ്യൻ്റാ..." എന്ന്. ഞാനൊന്ന് ഞെട്ടിയോ? അതെ, ഞെട്ടി. കയ്യിലെ ഭാണ്ഡക്കെട്ടിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടു, ഒരു കുഞ്ഞ് വയറ്...!!
ഇത്രേം ചെറിയ ഗർഭിണിയോ? അറിയാതെ ഞാൻ ദൈവത്തെ വിളിച്ചുപോയി.
Case sheet നോക്കിയപ്പോൾ 13 വയസ്. അതിനുള്ള വളർച്ച പോലും ഇല്ല. പേര് ഭാരതി. അച്ഛൻ്റെ പേര് ശങ്കരൻ. ഭർത്താവിൻ്റെ പേര്...?? ഇല്ല, എഴുതീട്ടില്ല. അവളോട് തന്നെ history എടുക്കാം എന്ന് തീരുമാനിച്ചു. ഉടുപ്പ് മാറി വെള്ളയുടുപ്പൊക്കെ ഇട്ട് ലേബർ induce ചെയ്യാൻ വന്ന ഭാരതിയോട് സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു, "ഭർത്താവിൻ്റെ പേരെന്താ?"
"ചങ്കരൻ" അവൾ പറഞ്ഞു.
ശങ്കരൻന്ന് അച്ഛൻ്റെ പേരായിരുന്നില്ലേ..? ഞാൻ case sheet പിന്നേം മറിച്ച് നോക്കി. Admission enter ചെയ്തത് തെറ്റിയോ?
"അച്ഛൻ്റെ പേരെന്താ?" ഞാൻ ചോദിച്ചു.
"അതാ ചങ്കരൻന്ന്" അവളുടെ മറുപടി എന്നെ കൂടുതൽ കൺഫ്യൂസ്ഡ് ആക്കി.
"അച്ഛൻ്റേം ഭർത്താവിൻ്റേം പേര് ചങ്കരൻന്നാ?" ഞാൻ വീണ്ടും എൻ്റെ ചോദ്യം വ്യക്തമാക്കി.
"ആ... ഭർത്താവാ ചങ്കരൻ, ഓൻ തന്ന്യാ ൻ്റെ അച്ഛൻ" തീർത്തും നിസംഗമായി അവളിപ്പോൾ പറഞ്ഞ് തീർത്തതെന്താണ്? യാതൊരു ഭാവഭേദങ്ങളും ഞാനവളിൽ കണ്ടില്ല. പ്രസവ വേദന കിട്ടി ടേബിളിൽകിടക്കുന്ന അവളെ നോക്കാൻ കെൽപ്പില്ലാത്തപോലെ തോന്നി എനിക്ക്.... വയ്യ...
അവളുടെ പ്രമോട്ടറെ കണ്ടു സംസാരിച്ചപ്പോളാണ് അവൾ പറഞ്ഞതെല്ലാം സത്യമാണെന്നറിഞ്ഞത്. അച്ഛനും ഭർത്താവും ഒരേ ശങ്കരൻ, അച്ഛൻ്റെ കുഞ്ഞിനെ പ്രസവിക്കാൻ വന്ന പത്ത് വയസ് തോന്നിപ്പിക്കുന്ന പതിമൂന്ന്കാരി. അതൊന്നും അവരുടെ ഗോത്രത്തിൽ തെറ്റല്ലപോലും. ആരും പ്രസവിക്കാൻ ആശുപത്രിയിൽ വരാറില്ലെന്ന് മാത്രം.
ഒരിത്തിരി കുഞ്ഞൻ വാവയെയാണവൾ പ്രസവിച്ചത്. വെള്ള മുണ്ടിൽ മുഖം മാത്രം കാണും വിധം കുഞ്ഞിനെ വൃത്തിയായി പൊതിഞ്ഞ് അവളുടെ കയ്യിൽ കൊടുത്തപ്പോൾ അവളുടെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു. അത് മാതൃത്തത്തിൻ്റെ തിളക്കമായിരുന്നോ..?
എനിക്ക് തോന്നിയത് പത്തു വയസുകാരിക്ക് ഒരു പാവക്കുട്ടിയെ കിട്ടിയാലുണ്ടാവുന്ന സന്തോഷ തിളക്കമായാണ്... എനിക്ക് മനസ്സിലാക്കാനാവുന്നതിനും അപ്പുറമുള്ള ഒരു ജീവിതം ജീവിച്ചു തീർക്കുന്ന ഭാരതീ... നിൻ്റെ തീരുമാനം തന്നെയായിരുന്നോ നിൻ്റെ ജീവിതം?
യമനിൽ ജീവിച്ച നുജൂത്... ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിത. ആ ജീവചരിത്രം എൻ്റെ മിഴികളെ ഈറനണിയിച്ചില്ല എന്ന് പറഞ്ഞാൽ അസത്യമാവും. ഒപ്പം, ഭാരതിയെ കുറിച്ച് ഒരിക്കൽകൂടെ ഓർമ്മിപ്പിച്ചു. അഭ്യസ്തവിദ്ധ്യരുടെ കേരളത്തിൽ ആരും കാണാത്ത തുരുത്തുകളിൽ കഴിയുന്ന എത്രയോ ഭാരതിമാരെ....

Tintu 

ജാതകം

ജാതകം
********
"വർഷങ്ങളായുള്ള അടുപ്പമാണ് ചേച്ചീ ഞങ്ങൾ തമ്മിൽ. വേറെ ജാതിയിൽ പെട്ടവരായിട്ട് കൂടി ഞങ്ങളുടെ വീട്ടുകാർ കല്യാണത്തിന് എതിർത്തില്ല. ഏറ്റവും ഭാഗ്യവാന്മാർ ഞങ്ങളാണെന്നാ ഞാൻ കരുതിയിരുന്നത്." അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.
"അതിനിപ്പോ എന്താ സംഭവിച്ചത്...? നീ കാര്യം പറ..."
"ജാതകം ചേർന്നില്ല ചേച്ചീ..." ഗദ്ഗദത്തോടെ ഇത്രയും പറഞ്ഞ് അവൾ ഡെസ്‌കിന്മേൽ തല വെച്ച് നിശബ്ദം കരഞ്ഞു.
"എന്തിനെ ജാതകം നോക്കാൻ പോയേ? സ്നേഹിച്ചത് ജാതകം നോക്കിയായിരുന്നോ?" എന്റെ ശബ്ദത്തിൽ ഇത്തിരി കടുപ്പം ഉണ്ടായിരുന്നത് കൊണ്ടാവണം അവൾ തുടർന്നു.
ഒരു ചടങ്ങിന് വീട്ടുകാർ നോക്കിപ്പിച്ചതാ... ഞങ്ങളുടെ വിവാഹം നടന്നാൽ അവന് അൽപ്പായുസ്സാണത്രെ... എനിക്ക് അറിയില്ല ഞാനിനി എന്താ ചെയ്യേണ്ടത് എന്ന്. അവൻ പറയുന്നു അതൊന്നും കാര്യമാക്കേണ്ട എന്ന്. പക്ഷെ ഇപ്പൊ രണ്ടു വീട്ടുകാർക്കും സമ്മതമല്ല. എനിക്കും പേടിയാ... ഞാൻ കാരണം അവനൊന്നും വരരുത്...ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഞാൻ ജനിച്ചിരുന്നെങ്കിൽ..." അവൾ ഏങ്ങലടിച്ചു കരഞ്ഞു. എന്താണ് പറയേണ്ടത് എനിക്കറിയില്ലായിരുന്നു .
പത്തു മിനിറ്റ് കഴിഞ്ഞാണ് ജനിച്ചതെങ്കിൽ അവളുടെ ജന്മ നക്ഷത്രം മാറുമായിരുന്നത്രേ... ജാതകം മാറുമായിരുന്നത്രേ...
ദൈവമേ....!!!
വർഷങ്ങൾക്ക് മുൻപ് ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ ഡെലിവറി നടക്കുന്ന ലേബർ റൂമിൽ ജോലി ചെയ്ത കാലത്തേക്ക് എൻറെ മനസ്സ് അറിയാതെ ഒന്ന് എത്തിനോക്കി.
ലേബർ റൂമിനുള്ളിലുള്ള ബേബിസ് റൂമിൽ ആയിരുന്നു എനിക്ക് കൂടുതലും പോസ്റ്റിങ്ങ് കിട്ടാറ്‌. ഡെലിവറി കഴിഞ്ഞ എല്ലാ കുട്ടികളെയും നേരെ ബേബിസ് റൂമിലേക്ക് ആണ് കൊണ്ടുവരിക. വൃത്തിയാക്കൽ പൊക്കിൾകൊടി കട്ട് ചെയ്യൽ എന്ന് വേണ്ട മരിച്ചെന്ന് തോന്നുന്ന കുട്ടികളെ ജീവിപ്പിച്ചെടുക്കൽ വരെ അവിടെയുള്ള നഴ്‌സുമാരുടെയും ശിശുരോഗവിഭാഗം ഡോക്ടറുടെയും പണിയാണ്. ലേബർ റൂമിലും എമർജൻസി ഓപ്പറേഷൻ തീയേറ്ററിലും, മേജർ ഓപ്പറേഷൻ തീയേറ്ററിലും പോയി കുട്ടിയെ റിസീവ് ചെയ്യുന്ന ബേബീസ് റൂമിലെ നേഴ്സ് ആണ് ബർത്ത് ടൈം എഴുതുന്നതും.
ഒരിക്കൽ എമർജൻസി തീയേറ്ററിൽ നിന്ന് ബെല്ല് വന്നപ്പോ കുട്ടിയെ റിസീവ് ചെയ്യാൻ പോവാൻ ബേബീസ് റൂമിൽ വേറെ ആളില്ല. എന്റെ കയ്യിൽ ആണെങ്കിൽ അപ്പൊ ലേബർ റൂമിൽ നിന്ന് കൊണ്ടുവന്ന ഒരു കുട്ടി ഉണ്ട്. ഞാൻ കുട്ടിയെ ഡ്രൈപ് ചെയ്ത് കോർഡും കട്ട് ചെയ്ത് വെയിറ്റ് നോക്കി ഡോക്ടറെ ഏൽപ്പിച്ചു, വേറെ ഒരു ഗ്ലൗവ്‌സും ടവ്വലും കൊണ്ട് തീയേറ്ററിലേക്ക് ഓടി. ഡോർ തുറന്നപ്പോഴേ കേൾക്കുന്നത് "എവിടെ... ബേബിയെ റിസിവ് ചെയ്യാനാരും ഇല്ലേ? അസ്ഫിക്സിയ ആണ്" എന്നൊക്കെയുള്ള ഡോക്ടറുടെ കരച്ചിലാണ്..ബേബി ഡോക്ടറുടെ കയ്യിൽ തലകുത്തനെ തൂങ്ങി കിടക്കുന്നു. സക്ഷൻ ചെയ്ത് മെക്കോണിയം (മഷി) എടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഞാൻ ചെന്ന് കാർമുകിൽ വർണ്ണനായ കുഞ്ഞിനെ കയ്യിൽ വാങ്ങി ബേബീസ് റൂമ് ലക്ഷ്യമിട്ട് ഓടി. വരാന്തയിൽ നിന്നേ ഞാൻ വിളിച്ചു പറഞ്ഞു...മെക്കോണിയം ആണേ..അസ്ഫിക്സിയ...സൈനോസിസ്‌...(കണ്ടിഷൻ വളരെ മോശം) ആരൊക്കെയോ ഓടി വന്നു. പിന്നെ ഒരു യുദ്ധം... ഒടുവിൽ അവൻ കരഞ്ഞു. നീല നിറം കുറഞ്ഞു കുറഞ്ഞു വന്നു. പിങ്ക് നിറമായി. എല്ലാവരും റീലാക്സിഡ് ആയി. അങ്ങനെ ഞാൻ കേസ് ഷീറ്റ് പൂരിപ്പിക്കാൻ തുടങ്ങി. അപ്പോഴല്ലേ ആ നഗ്നസത്യം എനിക്ക് മനസിലായത്... ഞാൻ ജനന സമയം നോക്കിയിട്ടില്ല. ദൈവമേ...എന്ത് ചെയ്യും? അയ്യോ... ലേബർ റൂമിൽ നിന്ന് കൊണ്ടുവന്ന കുട്ടിയുടെ ബർത്ത് ടൈം എത്രയായിരുന്നു...?
തലക്ക് കയ്യും കൊടുത്ത് ഞാൻ ഇരിക്കുന്നത് കണ്ട ബേബീസ്റുമിലെ ഡോക്ടർക്ക് കാര്യം പിടികിട്ടി. അങ്ങേരു പറഞ്ഞു...എന്റെ സിസ്റ്ററെ...ഒരു മുക്കാൽ മണിക്കൂറു മുന്നത്തെ സമയം ഇട്. സമയവും നോക്കി നിങ്ങളവടെ നിന്നിരുന്നെങ്കിൽ ജാതകം എഴുതിക്കാൻ ഇവൻ ജീവനോടെ കാണില്ലായിരുന്നു എന്ന്. അതൊരു ശരിയാണല്ലോ... അങ്ങനെ അവനും അവന്റെ മുന്നത്തവൾക്കും ഞാൻ ഒരു ഊഹത്തിൽ സമയം എഴുതി. ഈ കാര്യം പറഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് അവൾ നിന്ന് കിടക്കുന്ന ക്ലോക്കിലെ സമയം നോക്കി എഴുതിയതും, എല്ലാം കഴിഞ്ഞു ചായയും കുടിച്ചു വന്നപ്പോഴും അതെ സമയം കണ്ടപ്പൊഴാ അക്കിടി മനസിലായതെന്നും ആണ്. അതും കഴിഞ്ഞു നോക്കിയപ്പോളാണ് വേറെയൊരു കാര്യം ശ്രദ്ധയിൽ പെട്ടത്... ലേബർ റൂമിലും തീയേറ്ററുകളിലും എല്ലാം ഉള്ള പല ക്ലോക്കുകളിലും പല സമയമാണ്.
ഈ സമയം നോക്കിയല്ലേ ജാതകം കുറിക്കുന്നത്?
ആ ജാതകമല്ലേ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്....
എന്റീശ്വരാ... ഞാൻ സമയമെഴുതിയവരുടെ ജാതകങ്ങളൊന്നും കല്യാണ പ്രായത്തിൽ ചൊവ്വെലും ശനിയിലും എത്തല്ലേ...
ടിൻ്റു ഗിരീഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo