Showing posts with label AnjuAnthony. Show all posts
Showing posts with label AnjuAnthony. Show all posts

ആരെങ്കിലും ഈ മറുതകളോട് ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.. "(കഥ )

ആരെങ്കിലും ഈ മറുതകളോട് ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.. "(കഥ )
-------------------------------------------------------------
തൊട്ടിലിൽ കൈകാലുകളിളക്കി ചിണുങ്ങുന്ന തങ്കക്കുടത്തിനെ നോക്കിനിൽക്കെ നന്ദനയുടെ ഹൃദയത്തിൽ വാത്സല്യം തിരതല്ലി. വാരിയെടുത്തു പാലൂട്ടി കിന്നാരം ചെല്ലുമ്പോഴേക്കും വീണ്ടുമുറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ തിരികെകിടത്തി കണ്ണിമയ്ക്കാതെ നോക്കിയിരിക്കവേ കാലം തന്നിൽ വരുത്തിയ മാറ്റങ്ങൾ നന്ദനയെ വിസ്മയഭരിതയാക്കി..
രണ്ടു കൊല്ലം മുൻപുവരെ വിവാഹമേ വേണ്ടെന്നും പറഞ്ഞു പുരുഷവിദ്വേഷിയായി നടന്നിരുന്ന വിപ്ലവകാരിയായ നന്ദന താൻ തന്നെയെന്ന് വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു..
പ്ലസ്‌ വണ്ണിന് പഠിക്കുന്ന സമയത്ത് പ്രിയപ്പെട്ട കൂട്ടുകാരിയെ പ്രേമിച്ചു പറ്റിച്ചൊരു തെമ്മാടിയോട് തോന്നിയ ദേഷ്യവും പകയും പുരുഷ വർഗ്ഗത്തോടുമുഴുവനുമുള്ള അമർഷമായി മാറിയപ്പോൾ നന്ദനയെടുത്ത തീരുമാനമാണ് ഈ ജന്മം കല്യാണമേ വേണ്ടെന്നത് ! കോളേജ് പഠനകാലത്ത് സമാനമനസ്ക്കരായ നാലുപെൺ പുലികൾ കൂടി സുഹൃത്തുക്കളായെത്തിയപ്പോ നന്ദനയിലെ പുരുഷവിദ്വേഷി അതിന്റെ ഭയാനകമായ വേർഷനിലേക്ക്‌ പരിണാമം പ്രാപിച്ചു..
തരം കിട്ടുമ്പോഴെല്ലാം ആണുങ്ങൾക്കെതിരായി സംസാരിച്ചുകൊണ്ടും പ്രേമിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെ പുച്ഛിച്ചുകൊണ്ടും പ്രണയനൈരാശ്യങ്ങളിൽ പെട്ടവർക്ക് പുരുഷവിരുദ്ധ കൗൺസിലിംഗ് നൽകിക്കൊണ്ടും ആ ഐവർ സംഘം മുന്നേറവെ ഡിഗ്രിയും പിജിയുമുൾപ്പെട്ട അഞ്ചുവർഷങ്ങൾ കടന്നുപോയതറിഞ്ഞില്ല..
വീട്ടിൽ വിവാഹത്തിനുള്ള സമ്മർദ്ദങ്ങൾ ദിവസം തോറും ഏറിവരവേ പിടിച്ചുനിൽക്കാൻ ഒരു ജോലി അത്യാവശ്യമാണെന്ന് നന്ദന മനസ്സിലാക്കി... കഠിനപരിശ്രമത്തിലൂടെ ബാങ്ക് ടെസ്റ്റ്‌ പാസ്സായി വീട്ടിൽ നിന്നും ഇരുപത്തഞ്ചു കിലോമീറ്റർ അകലെയുള്ള ബാങ്കിൽ ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.. ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യണ്ടല്ലോ എന്ന ന്യായത്തിൽ ബാങ്കിനടുത്തൊരു ഹോസ്റ്റലിൽ താമസം ശരിപ്പെടുത്തുമ്പോ ആഴ്ചയിലൊരിക്കൽ മാത്രം കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള വീട്ടുകാരുടെ വിചാരണയ്ക്ക് തലവച്ചു കൊടുത്താൽ മതിയല്ലോ എന്ന ആശ്വാസവും !
അങ്ങനെ ബാങ്കിൽ ജോലിചെയ്തും കൂട്ടുകാരികളോടൊത്ത് അടിച്ചുപൊളിച്ചും ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ വന്നും വരുന്ന വിവാഹാലോചനകളൊക്കെ ദാക്ഷിണ്യമെന്യേ നിഷേധിച്ചും കാലം കടക്കവേ പ്രായം മുപ്പതുകളുടെ പടിവാതിൽക്കലെത്തി..
പതിവുപോലൊരു തിങ്കളാഴ്ച ദിവസം രാവിലെ ജോലിക്ക് പോവാനിറങ്ങവേ കല്യാണവിഷയമെടുത്തിട്ട അച്ഛനുമായി ഒന്നും രണ്ടും പറഞ്ഞു വഴക്കായതും അച്ഛൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞുകൊണ്ട് കിണറ്റിലേക്കെടുത്തു ചാടിയതുമെല്ലാം നന്ദനയ്ക്ക് ഇപ്പോഴും നടുക്കുന്ന ഓർമ്മകളാണ്.. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അച്ഛന്റെ നിരാഹാരസമരവും വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും കുത്തുവാക്കുകളും ആകെ ഒറ്റപ്പെടുത്തവേ മനസ്സില്ലാമനസ്സോടെയാണ് താൻ പെണ്ണുകാണൽ ചടങ്ങിനു നിന്നുകൊടുത്തത്..
നന്ദനയുടെ വീട്ടിൽ നിന്നും അധികം അകലെയല്ലാതെ വീടുള്ള ശ്രീഹരിയെന്ന ഇരുനിറമുള്ള സുന്ദരൻ ബിസിനസ്സുകാരൻ..തന്നെ മുൻപേ കണ്ടിട്ടുണ്ടെന്നും അന്നുമുതൽ ഈ ആലോചനയുമായി നടക്കുകയായിരുന്നു എന്നും ശ്രീഹരി പറഞ്ഞപ്പോൾ താനിങ്ങനെയൊരാളെ ഇതുവരെ കണ്ടിട്ടേയില്ലല്ലോ എന്ന് നന്ദന അത്ഭുതപ്പെട്ടു.. വിവാഹം ശേഷവും ജോലിചെയ്യാമെന്നും തന്റെ ഒരിഷ്ടത്തിനും എതിരുനിൽക്കില്ലെന്നുമൊക്കെ പറഞ്ഞു പിന്തിരിഞ്ഞു നടക്കുന്നതിനിടെ കള്ളച്ചിരിയോടെ "ഞാൻ താലിവാങ്ങിച്ചോട്ടേ"യെന്ന ശ്രീഹരിയുടെ ക്ലാസ്സ് ചോദ്യത്തിൽ നന്ദനയിലെ പുരുഷവിദ്വേഷി ഉരുകിയൊലിച്ചു പോയി..
വിവാഹം ആഘോഷപൂർണ്ണമായിരുന്നെങ്കിലും ഏറ്റവും പ്രിയപ്പെട്ട നാലു സുഹൃത്തുക്കളുടെ അഭാവം നന്ദനയെ ഏറെ വേദനിപ്പിച്ചു.. പക്ഷെ അവരോടു പരിഭവിക്കാൻ തനിക്കെന്തർഹതയാണുള്ളത് ? ആൺവർഗ്ഗ വിദ്വേഷം പ്രസംഗിച്ചു നടന്നിട്ട് പൊടിയും തട്ടി കല്യാണം കഴിച്ച തന്നോടവർക്ക് പുച്ഛം മാത്രമേ ഉണ്ടാവൂ എന്ന് നന്ദനയ്ക്ക് ഉറപ്പായിരുന്നു..
വിവാഹം ശേഷം ശ്രീയേട്ടന്റെ സ്നേഹപൂർവ്വമായ നിർബന്ധങ്ങളെയും ക്ഷമയോടെയുള്ള കാത്തിരിപ്പിനെയും താക്കീതിന്റെ ധ്വനിയുള്ള ശകാരങ്ങളെയുമൊക്കെ കഷ്ടപ്പെട്ട് അതിജീവിച്ചു വരുന്നതിനിടയിലാണ് അത് സംഭവിച്ചത്.. അല്പം ആലങ്കാരികമായി പറഞ്ഞാൽ ആ ദുർബല നിമിഷം !! അതിന്റെ പരിണിത ഫലമാണ് പത്തുമാസത്തെ ഗർഭപാത്രവാസം കഴിഞ്ഞിപ്പോ തൊട്ടിലിൽ കിടന്നു കുറുമ്പ് കാട്ടുന്നത്...
ഓർത്തപ്പോൾ നന്ദന പൊട്ടിച്ചിരിച്ചുപോയി.. നോക്കുമ്പോൾ അമ്മയുണ്ട് "ഈ പെണ്ണിനെന്താ പ്രന്തായോ"! എന്ന മട്ടിൽ സംശയത്തോടെ നോക്കി നില്ക്കുന്നു.. അല്ലെങ്കിലും അമ്മയിപ്പോ തനിക്കിട്ടിടയ്‌ക്കിടെ 'വയ്ക്കാറുണ്ട് '..പ്രസവത്തിനു വീട്ടിൽ കൊണ്ടുവന്നു വിടുമ്പോൾ ശ്രീയേട്ടനെ പിരിയുന്നതിലുള്ള വിഷമം കണ്ട്‌ നാട്ടുകാരും വീട്ടുകാരും തന്നെ കളിയാക്കി ചിരിച്ചതാണ്... ഒരുതരത്തിൽ അവരെയും കുറ്റം പറയാനൊക്കില്ല... കടുത്ത പുരുഷവിദ്വേഷിയല്ലേ കല്യാണം കഴിഞ്ഞു മൂന്നുമാസം തികയുന്നതിന് മുൻപ് 'ലോഡായി' വന്നു ചരിത്രം കുറിച്ചത്.. ! ശ്ശെടാ.. ഒരു വർഷമെങ്കിലും കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഇത്രേം നാണക്കേട്‌ ഉണ്ടാവില്ലായിരുന്നു.. ഏതായാലും കൈയീന്നുപോയി ! ഇപ്പൊ കയ്യിലൊരു കൊച്ചും..
മുഖമാകെ തടിച്ചു പ്രായക്കൂടുതൽ തോന്നിച്ചെങ്കിലും വയറും മാറിടങ്ങളും ഇടിഞ്ഞു തൂങ്ങി വൃത്തികേടായെങ്കിലും കണ്ണാടിയിൽ കാണപ്പെട്ട സ്വന്തം രൂപം നന്ദനയെ നിരാശപ്പെടുത്തിയതേയില്ല.. ജീവിതത്തിൽ തന്നെ തേടിയെത്തിയ അപ്രതീക്ഷിത സന്തോഷങ്ങൾക്ക് താൻ ഇത്രയും വില നൽകിയാൽ പോര എന്ന ചിന്തയാണ് അപ്പോഴവളിൽ ഉണ്ടായിരുന്നത്..
അല്ലെങ്കിലും ഒറ്റയ്ക്ക് കഴിയുന്നതിൽ എന്താണിത്ര സന്തോഷിക്കാനുള്ളത് ?! സ്നേഹമുള്ളൊരാണിന്റെ ഭാര്യയായിരിക്കുന്നതിലും ഓമന മക്കളെ പെറ്റുപോറ്റുന്നതിലും മറ്റെവിടെയും കിട്ടാത്തൊരു സുഖവും സന്തോഷവുമുണ്ടെന്നത് ഇപ്പോഴല്ലേ തനിക്കും മനസ്സിലായത് !
കടുത്ത കല്യാണവിരോധികളായ കൂട്ടുകാരോട് നന്ദനയ്ക്ക് സഹതാപം തോന്നി.. പറഞ്ഞു മനസിലാക്കാമെന്നു വച്ചാൽ വർഗ്ഗശത്രുവായി മുദ്രകുത്തപ്പെട്ട തന്നെ ഒരിക്കലും അവർ കേൾക്കാൻ തയ്യാറാവില്ല.. ഇനി കേട്ടാൽ തന്നെ താൻ വീണ കുഴിയിൽ അവരെക്കൂടി വലിച്ചിടാൻ നോക്കുകയാണെന്ന് സംശയിക്കും...
നന്ദനയ്ക്കിപ്പോ ഒറ്റ പ്രാർഥനയേയുള്ളൂ..
"ഈ കുടുംബമെന്നത് സുഖമുള്ളൊരേർപ്പാടാണെന്ന് ആരെങ്കിലും ഈ മറുതകളോട് ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.. "

Anju

ഒടുവിൽ പൈലിച്ചേട്ടനും മനസ്സിലാക്കി

ഒടുവിൽ പൈലിച്ചേട്ടനും മനസ്സിലാക്കി 
(കഥ )
വേലിപ്പത്തലുകൾ അതിരുകാക്കുന്ന പഞ്ചാരമണൽ വിരിച്ച വിശാലമായ പുരയിടത്തിന്റെ ഒത്തനടുക്ക് ഓടിട്ട പഴയവീട്.. കുമ്മായം പൂശിയ കാലം മറന്ന ചുവരുകൾ അങ്ങുമിങ്ങും പൊട്ടിയടർന്നും പായലും ചെളിയും പുരണ്ടു നിറം മങ്ങിയും കാണപ്പെട്ടിരുന്നു.. 
അവിടെയാണ് നാട്ടിലെ പേരുകേട്ട പിശുക്കിയും കുശുമ്പിന്റെ ആശാട്ടിയുമായ തെയ്യാമ്മചേടത്തിയും ഭർത്താവ് പൈലിചേട്ടനും താമസിക്കുന്നത്.. ഏകമകൾ സുബി ഭർത്താവുമൊത്ത് കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്.. വല്ലപ്പോഴും വന്നാലായി.. വന്നില്ലെങ്കിലായി.. 
തെയ്യാമ്മ ചേടത്തിയെ സംബന്ധിച്ചിടത്തോളം പൈലിചേട്ടൻ വീട്ടിലെ ഒരു അധികപ്പറ്റാണ് ..! അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ തിന്നുമുടിക്കാൻ മാത്രമായി ജീവിച്ചിരിക്കുന്ന ഒരു സാധനം.. ഇതുകേട്ട് പൈലിച്ചേട്ടൻ ആള് തിന്നു മുടിച്ചു തടിച്ചു കൊഴുത്തിരിക്കുകയാണെന്നൊന്നും വിചാരിച്ചു കളയല്ലേ... അങ്ങേരെ കണ്ടാൽ കാലൻ പോലും കരഞ്ഞുപോകും! മെലിഞ്ഞുണങ്ങി ചാവാറായ ഒരു മനുഷ്യക്കോലം.. പെണ്ണുമ്പിള്ളയുടെ ആട്ടും തുപ്പുമേറ്റ് ഒതുങ്ങിക്കഴിയുന്ന നിർഗുണപരബ്രഹ്മം.അതാണ് പൈലി ചേട്ടൻ.. അലക്കിയലക്കി നരച്ചുപോയൊരു കൈലിയുമുടുത്ത് മുഷിഞ്ഞ തോർത്തും തോളിലിട്ടുകൊണ്ട് പറമ്പിലെ കൃഷിപ്പണികൾ ചെയ്യുന്ന പൈലിച്ചേട്ടൻ സഹതാപമുണർത്തുന്നൊരു കാഴ്ചയാണ്.. 
ഉഗ്രപ്രതാപിയായ തെയ്യാമ്മച്ചേടത്തിയുടെ ലുക്കും ഇതിൽ നിന്നും തീരെ വ്യത്യസ്തമല്ല.. മുഷിഞ്ഞു നാറുന്ന ചട്ടയും പിഞ്ഞിത്തുടങ്ങിയ മുണ്ടും ധരിച്ചു വീടിനുള്ളിലും പറമ്പിലും പാഞ്ഞു നടക്കുന്ന ജീവനുള്ള വെളുത്ത അസ്ഥിപഞ്ജരം..! കാതിലെ വെള്ളക്കല്ലുകൾ പതിച്ച വട്ടക്കമ്മലിൽ നിന്നും കൊഴിഞ്ഞു പോയ കല്ലുകളുടെ സ്ഥാനത്തു നിറഞ്ഞ കറുത്ത ചെളിയും ഒന്നരപ്പവനോളം വരുന്ന സ്വർണ്ണചെയിനിലെ കണ്ണിപൊട്ടിയ ഭാഗങ്ങളിലെ നൂലുകൊണ്ടുള്ള കെട്ടുകളും എണ്ണകാണാതെ വരണ്ടു പാറിക്കിടക്കുന്ന പാതിയോളം നരച്ച തലമുടിയും ഒക്കെ കൂടി കണ്ടാലറയ്ക്കുന്ന രൂപമാണവർ.. 
ഇതൊക്കെ കേട്ട് അഷ്ടിക്ക് വകയില്ലാത്ത പട്ടിണിപ്പാവങ്ങളാണ് തെയ്യാമ്മച്ചേടത്തിയും പൈലിച്ചേട്ടനുമെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി ! കാരണം നിലവും പുരയിടങ്ങളും വാടകയ്ക്കു കൊടുത്തിരിക്കുന്ന വീടുകളും കടമുറികളുമൊക്കെയായി ആവശ്യത്തിലധികം സ്വത്തുള്ളവരാണ് അവർ..എന്നാലും കാശിനോടുള്ള ആർത്തിയും പിശുക്കും കാരണം സമയത്ത് ആഹാരം പോലും കഴിക്കാറുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.. 
എന്നാൽ നാട്ടിലാരെങ്കിലും കല്യാണത്തിനോ വിശേഷങ്ങൾക്കോ വിളിച്ചാൽ നേരത്തെ തന്നെയെത്തി വാരിവലിച്ചു കഴിച്ചു 'സഹായിക്കുന്നതിൽ ' രണ്ടു പേർക്കും മടിയൊട്ടുമില്ല.. 
സത്യം പറഞ്ഞാൽ 'പൂത്തകാശ്' ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് തെയ്യാമ്മചേടത്തിയുടെ കയ്യിലാണ്.. അട്ടിയടുക്കി വച്ചിരിക്കുന്ന ഈർപ്പം പടർന്ന് പൂപ്പൽ പിടിച്ച നോട്ടുകളാണ് അവരുടെ കയ്യിലത്രയും.. 
മീൻകാരൻ ദാസപ്പന്റെ കയ്യിൽ നിന്നും തർക്കിച്ചും വിലപേശിയും വാങ്ങുന്ന മൂന്നോ നാലോ മത്തി പറമ്പിലെ പുളിമരത്തിന്റെ ചോട്ടിലിരുന്ന് നന്നാക്കുന്ന സമയം ചുറ്റും കൂടുന്ന പട്ടികളെയും പൂച്ചകളെയുമൊക്കെ കൊതിപ്പിച്ചു കൊതിപ്പിച്ചു നിറുത്തി ഒടുവിൽ ഒറ്റ മീൻതലപോലും വെളിയിൽ കാട്ടാതെ വൈരാഗ്യപൂർവ്വമെന്നോണം തെയ്യാമ്മചേടത്തി കുഴിച്ചുമൂടുമ്പോ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ പട്ടിയും പൂച്ചയും പോലും അവരുടെ തള്ളയ്ക്ക് വിളിച്ചേനെ... 
അവരങ്ങനെയാണ്.. തനിക്ക് ഉപകാരമില്ലാത്ത വസ്തുപോലും ആർക്കും കൊടുക്കില്ല.. പറമ്പിലെ മാങ്ങയും നെല്ലിയ്ക്കയും പുളിയും ജാതിയ്ക്കയുമൊക്കെ വെറുതെ കൊഴിഞ്ഞുപോയാലും ഒറ്റമനുഷ്യർക്കും കൊടുക്കില്ല.. 
അവർ വളർത്തുന്ന കോഴികൾക്കുപോലും രണ്ടുമണി അരി കൂടുതൽ കൊടുക്കില്ല.. ആർത്തിമൂത്ത് പരക്കം പാഞ്ഞുനടക്കുന്ന മെലിഞ്ഞ കോഴികൾ ആ പറമ്പിലെ ദാരിദ്ര്യം 
പിടിച്ചൊരു കാഴ്ചയായിരുന്നു.. 
അങ്ങനെ സർവ ലക്ഷണങ്ങളും തികഞ്ഞൊരു 'ദരിദ്ര്യപ്പുള്ളായി ' ജീവിച്ചു വരുന്നതിനിടയിലാണ് തെയ്യാമ്മ ചേടത്തിയുടെ കാലിൽ തേൾ കുത്തുന്നത്.. പണം മുടക്കേണ്ടി വരുമെന്ന ചിന്തയിൽ മഞ്ഞളും പുരട്ടി വച്ചുകൊണ്ടിരുന്നു മൂന്നാം ദിവസം ശരീരമാകെ നീരുവന്ന് വീർത്തനിലയിൽ അവരെക്കണ്ടു ഭയന്ന പൈലിച്ചേട്ടൻ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേയ്ക്കും തെയ്യാമ്മച്ചേടത്തി അബോധാവസ്ഥയിലായിക്കഴിഞ്ഞിരിന്നു.. 
തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കിടന്ന ഒരു രാവിനും പകലിനുമൊടുവിൽ അനിവാര്യമായ വിധിക്കു കീഴടങ്ങി അവർ അന്ത്യശ്വാസം വലിക്കുമ്പോ ഇനിയെന്തു ചെയ്യണമെന്നൊരു രൂപവുമില്ലാതെ പൈലിച്ചേട്ടൻ ആശുപത്രിവരാന്തയിലെ ബെഞ്ചിലിരുന്ന് മിഴികൾ തുടച്ചു.. 
മരണമറിഞ്ഞെത്തിയ അയൽക്കാരികൾ മൃതദേഹം കൊണ്ടുവരുന്നതിന് മുൻപ് വീടും പരിസരങ്ങളും വൃത്തിയാക്കാൻ തുനിയവെ പത്തായം നിറഞ്ഞു ശേഖരിക്കപ്പെട്ടിരുന്ന നാളികേരങ്ങളും ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പൂപ്പൽ കയറിത്തുടങ്ങിയിരുന്ന അരിയും ചെറിയ കാൽപ്പെട്ടികളിലായി ഉടുക്കാതെ സൂക്ഷിച്ചിരുന്ന ചട്ടകളും നേര്യതുകളും കച്ചമുറികളും പ്ലാസ്റ്റിക്‌ കൂടുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന പഴക്കമുള്ള നോട്ടുകളും ഉപയോഗിക്കാതെ വച്ചിരുന്ന കവർപോലും പൊട്ടിക്കാത്ത മെത്തയും തലയിണകളും ഒക്കെ കണ്ട്‌ വായ്‌ പൊളിച്ചു നിന്നുപോയി..
ശവസംസ്ക്കാരം കഴിഞ്ഞു പിരിഞ്ഞുപോകാൻ തുടങ്ങിയ ആളുകളെ അമ്പരപ്പിച്ചുകൊണ്ട് പൂഴ്ത്തിവച്ചിരുന്ന അരിയും പണവും നാളികേരവുമൊക്കെ വീടിനുപുറത്തേക്ക് വലിച്ചെറിയുമ്പോ പൈലിച്ചേട്ടൻ എന്തൊക്കെയോ നിർത്താതെ പിറുപിറുക്കുന്നുണ്ടായിരുന്നു...
ഒപ്പം കൊണ്ടുപോകാനുള്ള മകളുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോ ആ പഴയവീട്ടിൽ പൈലിച്ചേട്ടൻ ഒറ്റയ്ക്കായി..
പക്ഷെ പിന്നീടവിടെ ഒരു ജീവിപോലും ദാരിദ്ര്യമറിഞ്ഞിട്ടില്ല.. കോഴികളും പൂച്ചകളും പട്ടികളുമൊക്ക തൃപ്തികരമായി അവിടെനിന്നും വിശപ്പടക്കി.. പൈലിച്ചേട്ടൻ കൊടുത്ത ഭിക്ഷ സ്വീകരിച്ചു യാചകർ അമ്പരന്നു.. 
തെയ്യാമ്മച്ചേടത്തിയുടെ ഒന്നാം ചരമവാർഷികത്തിന് നാടടക്കം ക്ഷണിച്ചു സദ്യകൊടുക്കുമ്പോൾ പൈലിച്ചേട്ടന് പറയാനുണ്ടായിരുന്നത് ഇത്രയും മാത്രമായിരുന്നു.. 
"ജീവിക്കാൻ വേണ്ടിയാണു പണം.. അല്ലാതെ പണമുണ്ടാക്കാൻ വേണ്ടിയല്ല ജീവിതം.. "

Anju Anthony

ജീവിതം അവളെ പഠിപ്പിച്ചത്.. (കഥ )

Image may contain: 1 person, sitting and outdoor

ബെഡ് റൂമിലെ ലൈറ്റ് ഓഫാക്കി കിടക്കാനൊരുങ്ങവേ മനസ്സ് വല്ലാതെ ഭാരപ്പെടുന്നത് ലിഡിയ തിരിച്ചറിഞ്ഞു.. ജീവിതത്തിൽ ഇന്നോളം പല പ്രതിസന്ധികളും നേരിട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു മാനസികാവസ്ഥ ഇതാദ്യമാണെന്ന് അവൾ അത്ഭുതപ്പെട്ടു..കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ബെഡ്‌ഡിൽ നീണ്ടു നിവർന്നു കിടന്നെങ്കിലും ഉറക്കം ഉടനെയൊന്നും തന്നെ സമീപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അവൾക്കു ബോധ്യമായി..
കിടന്നുകൊണ്ടു തന്നെ മൊബൈലെടുത്തു.. അഭിജിത്തിന്റെ നമ്പർ ഡയൽ ചെയ്തു ചെവിയോർത്തിരിക്കവേ തന്റെ ഹൃദയതാളം വീണ്ടുമുയരുന്നത് അവളറിഞ്ഞു.. ഒടുവിലത്തെ റിങ്ങിലാണവൻ അറ്റൻഡ് ചെയ്തത്... ഉച്ചത്തിൽ പാട്ടും ബഹളങ്ങളും... അതിനിടയിൽക്കൂടി അവന്റെ ആർദ്രമായ ശബ്ദം... "ഉറങ്ങിയില്ലേ ഡിയർ ?" ആ ശബ്ദത്തിലെ കരുതൽ ലിഡിയയുടെ ഹൃദയത്തിൽ കുളിരുകോരിയിട്ടു.. അവിടെ ബാച്ചിലർ പാർട്ടി പൊടിപൊടിക്കുകയാണെന്നും അധികം ആലോചിച്ചു കാടുകയറാതെ ഉറങ്ങിക്കൊള്ളാനും പറഞ്ഞവൻ ഫോൺ വച്ചപ്പോ അപ്പൂപ്പൻ താടിപോലെ സാന്ദ്രമായ മനസ്സുമായി ലിഡിയ പുഞ്ചിരിച്ചു...
നാളെ തന്റെ വിവാഹമാണെന്നത് അവൾക്കു വിശ്വസിക്കാൻ പ്രയാസം തോന്നി... ഇവിടെ ഈ ഫ്ലാറ്റിൽ താൻ ഒറ്റയ്ക്കാണ്..! കല്യാണത്തലേന്ന് ഉത്തരവാദിത്തപൂർവം ഓടിനടക്കാൻ അപ്പനമ്മമാരോ സഹോദരങ്ങളോ ഇല്ലാത്ത ഹതഭാഗ്യയെങ്കിലും കളിപറയാനും പുന്നാരം ചൊല്ലാനും കൂട്ടുകാരികൾ ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ ഈ ദിവസം ഒറ്റയ്ക്ക് ചിലവിടണം എന്നത് തന്റെ തീരുമാനമായിരുന്നു..
അല്ലെങ്കിലും വെട്ടിക്കാട്ടിൽ ഈപ്പച്ചന്റെ മകൾ ലിഡിയ ഈപ്പൻ എല്ലാക്കാര്യത്തിലും അല്പം വ്യത്യസ്തയായിരുന്നല്ലോ.. അമ്മയെ കണ്ട ഓർമ്മയില്ല തനിക്ക്.. ചുമരിൽ മാലയിട്ടു തൂക്കിയ ഫോട്ടോയിലെ ചിരിക്കുന്നമുഖമാണ് അമ്മയുടെ സ്ഥാനത്തു മനസ്സിൽ പതിഞ്ഞത്.. എയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന പപ്പയ്‌ക്കൊപ്പം ഇന്ത്യയിലങ്ങോളമിങ്ങോളം താമസിച്ചു.. യാത്ര ചെയ്തു.. പപ്പയുടെ ആൺകുട്ടിയാണു താനെന്നു പപ്പ കൂടെക്കൂടെ പറയാറുണ്ടായിരുന്നത് അവളോർത്തു.. ഇത്രയും പുരോഗമന പരമായി ചിന്തിക്കുന്ന, സർവ സ്വാതന്ത്ര്യങ്ങളും തനിക്കനുവദിച്ചുതന്ന അപ്പൻ തന്റെ ഭാഗ്യമെന്നല്ലാതെ എന്തുപറയാൻ ?! ബാംഗ്ലൂരിലെ പ്രശസ്തമായ കോളേജിൽ നിന്നും ഏവിയേഷൻ ഹോസ്പിറ്റാലിറ്റി ആൻഡ്‌ ട്രാവൽ മാനേജ്‍മെന്റിൽ താൻ എംബിഎ ചെയ്യുന്ന സമയത്താണ് വിധി ഹൃദയാഘാതത്തിന്റെ രൂപത്തിൽ അപ്പനെ തട്ടിയെടുത്തത്.. അന്നുതൊട്ടിന്നോളം ഈ ഭൂമിയിൽ താൻ ഒറ്റയ്ക്ക്... !
അപ്പനെക്കുറിച്ചുള്ള ഓർമ്മകൾ മിഴികൾ നിറയ്ക്കവേ ലിഡിയ കിടക്കയിൽ നിന്നുമെഴുന്നേറ്റു..അല്പം വെള്ളം കുടിച്ചശേഷം ടിവി ഓൺ ചെയ്തു ഹാളിലെ സോഫയിൽ ചാഞ്ഞിരുന്നു...ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ മനസ്സ് വീണ്ടും അസ്വസ്ഥമാവാൻ തുടങ്ങി..
തിരമാലകൾ പോലെ തിങ്ങിവന്ന ഓർമ്മകൾ അവളെ കൊണ്ടെത്തിച്ചത് പറക്കാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനത്തിനുള്ളിലാണ്.. ! . സ്വകാര്യ വിമാനക്കമ്പനിയുടെ ആഭ്യന്തര സർവീസ് വിമാനത്തിൽ ബംഗ്ലൂരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര... ക്യാബിൻ ക്രൂ ഒന്നടങ്കം ടേക്ക് ഓഫിനുമുൻപുള്ള തിരക്കിട്ട തയ്യാറെടുപ്പുകളിൽ..എയർ ഹോസ്റ്റ്സ് എന്ന നിലയിലുള്ള ആദ്യ പറക്കലിന്റെ ടെൻഷനിലായിരുന്നു താൻ.
ഒപ്പം രണ്ടു സീനിയർ സ്റ്റാഫുകൾ.. ഡൽഹിക്കാരി മനീഷ ചൗധരിയും മലയാളി ജോൺ പീറ്ററും..
"ടേക്ക് എ ഡീപ് ബ്രെത്ത് ആൻഡ്‌ റിലാക്സ് ബേബി..." പുഞ്ചിരി തൂകുന്ന മുഖവുമായി തന്റെ കണ്ണിൽ നോക്കി മനോഹരമായ ആക്സെന്റിൽ ജോൺ പറയുമ്പോൾ ആ മിഴികൾ ഉള്ളിലെവിടെയോ കൊളുത്തിപ്പിടിച്ചതുപോലെ ലിഡിയയ്ക്കു തോന്നി..
എന്തും തുറന്നുപറയാവുന്ന,ഏതുനേരത്തും വിളിച്ചുണർത്താൻ സ്വാതന്ത്ര്യമുളള പ്രിയപ്പെട്ട സുഹൃത്തായി എത്ര പെട്ടെന്നായിരുന്നു ജോൺ മാറിയത്.. ഒരേ തരത്തിൽ ചിന്തിക്കുന്ന സമാന അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന ഒരേ തൂവൽ പക്ഷികളാണു തങ്ങളെന്നു ലിഡിയയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഡ്യൂട്ടിയുടെ ഇടവേളകളിൽ ഒന്നിച്ചു സമയം ചെലവഴിക്കുമ്പോഴും ഷോപ്പിംഗ്‌ മാളുകളിലും പബ്ബുകളിലും കോക്ടെയിൽ പാർട്ടികളിലുമടക്കം ഒന്നിച്ചു യുവത്വം ആഘോഷിക്കുമ്പോഴും ഒരുവേള ജോണുമൊന്നിച്ചു ഫ്ലാറ്റിൽ രാത്രി ചെലവിടുമ്പോഴുമൊന്നും തനിക്ക് കുറ്റബോധം ലേശം പോലും തോന്നിയിരുന്നില്ല എന്നവളോർത്തു...അല്ലെങ്കിലും തന്നെ തിരുത്താനും ഗുണദോഷിക്കാനും ആരുമുണ്ടായിരുന്നില്ലല്ലോ.. ! ജോൺ തന്റേതു മാത്രമാണെന്ന് വിശ്വസിച്ചു.. അവനെ അന്ധമായി സ്നേഹിച്ചു.. പപ്പയുടെ മരണശേഷം താൻ സ്വയം മറന്നാഹ്ലാദിച്ച നാളുകൾ... ജീവിതം തിരിച്ചു പിടിച്ചപോലെ..
തിരക്കേറിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കിടയിൽ വീണുകിട്ടിയൊരവധി ദിവസം ഫേസ്ബുക്ക് നോക്കുന്നതിനിടെയാണ് ജോണിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് തന്നെ ഞെട്ടിച്ചു കളഞ്ഞത്.. "Got engaged to നീന ഐസക്‌ "...ഒപ്പം എൻഗേജ്മെന്റ് ഫോട്ടോസും.. കുറച്ചു സമയത്തേക്ക് ശ്വാസം നിലച്ചയവസ്ഥയിലായി താൻ.. വിശ്വസിക്കാൻ കഴിയാതെ ജോണിനെ വിളിക്കാൻ ശ്രമിച്ചപ്പോ ഫോൺ പരിധിക്കുപുറത്താണെന്ന അറിയിപ്പ്..ജോൺ മുംബൈ -ബാംഗ്ലൂർ ഫ്‌ളൈറ്റിൽ ഡ്യൂട്ടിയിലാണെന്ന് ഓഫീസിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.. വിമാനം നിലത്തിറങ്ങാൻ മുക്കാൽ മണിക്കൂറോളമെടുക്കും... അതുവരെ ഭ്രാന്തുപിടിച്ച മനസ്സുമായി കാത്തിരിക്കവേ അവനുമായി എൻഗേജ്ഡ് ആയിരിക്കുന്ന പെൺകുട്ടിയുടെ പ്രൊഫൈൽ പരിശോധിച്ചു.. ഒരു പാലാക്കാരി കോളേജ് ലെക്ച്ചറർ.. തന്നെക്കാൾ സുന്ദരിയല്ല..!!തന്നോളം സമ്പന്നയുമല്ലെന്നു മനസിലായി... എന്നിട്ടും.... ?!
കാത്തിരിപ്പിനൊടുവിൽ ജോണുമായി സംസാരിച്ചപ്പോൾ നേരിൽ കാണാമെന്നു പറഞ്ഞതനുസരിച്ചു ടൗണിലെ കോഫി ഷോപ്പിൽ കാത്തിരിക്കുമ്പോ താൻ എങ്ങനെയിത്ര നിസ്സഹായയായി മാറിയെന്ന് ലിഡിയ അത്ഭുതപ്പെട്ടു.. പതിവുപോലെ വശ്യമായ ചിരിയുമായി വന്ന ജോണിനോട് വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ ഭാവഭേദങ്ങളില്ലാതെ അവൻ സമ്മതിച്ചു..!
എന്നെ ചതിക്കുകയായിരുന്നു അല്ലേ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞ തന്നെ അവന്റെ നിസ്സംഗമായ മറുപടി നിശ്ശബ്ദയാക്കി... അവൻ ഒരിക്കലും തന്നെ വിവാഹം കഴിച്ചു കൊള്ളാമെന്നു വാക്കുതന്നിട്ടില്ലത്രേ.. !
സത്യമാണ്... !! ഒക്കെ എന്റെ തെറ്റ്... എന്റെ ബുദ്ധിമോശം..
അടക്കവും ഒതുക്കവും വിധേയത്വവുമുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും തന്നോടൊപ്പം ചെലവഴിച്ചിരുന്ന സമയം അവൻ ഒരുപാട് ആസ്വദിച്ചിരുന്നു എന്നും പറഞ്ഞു കൂളായി പൊടിയും തട്ടി മടങ്ങുമ്പോ തന്റെ വിവാഹക്ഷണക്കത്തു തനിക്ക് നല്കാൻ അവൻ മറന്നില്ല...!
ലോകത്തോടു മുഴുവൻ വെറുപ്പുമായി ജീവിതം തന്നെ മടുത്തയവസ്ഥയിൽ മാസങ്ങൾ തള്ളിനീക്കി.. ശ്രദ്ധക്കുറവ് മൂലം ജോലി തന്നെ നഷ്ടപ്പെടും എന്നയവസ്ഥയിലാണ് സഹപ്രവർത്തകൻ തന്നെയായ അഭിജിത്ത് തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.. ജോണുമായുള്ള തന്റെ ബന്ധം നന്നായി അറിയാമായിരുന്ന അഭിജിത്തിന്റെ മാര്യേജ് പ്രൊപ്പോസൽ മറ്റൊരു ചതിക്കുഴിയായാണ് തനിക്ക് തോന്നിയത്.. അതിനാൽ തന്നെ കണ്ണുമടച്ചു നിഷേധിച്ചു..
പിന്നീടു താൻ നടത്തിയതൊരു പോരാട്ടമായിരുന്നു.. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള തീവ്രശ്രമം.. അതിനിടയിൽ കഴിഞ്ഞുപോയത്‌ നീണ്ട മൂന്നു വർഷങ്ങൾ..
അപ്പോഴും പിന്മാറാതെ വിവാഹാഭ്യർത്ഥനയുമായി അഭിജിത്ത് പിന്നാലെതന്നെയുണ്ടായിരുന്നു.. അച്ഛനമ്മമാരുടെ ഒറ്റമകൻ.. ജോണുമായി താൻ അടുപ്പത്തിലായതുകൊണ്ടുമാത്രം തന്റെ പ്രണയം തുറന്നുപറയാൻ സാധിക്കാതെപോയവൻ.. ജോണിനാൽ താൻ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയിട്ടും തനിക്കായി കാത്തിരുന്ന അഭിയുടെ ആത്മാർത്ഥത ഇനിയും സംശയിക്കേണ്ടതില്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് താൻ ഒടുവിൽ വിവാഹത്തിന് സമ്മതിച്ചത്..
തന്റെ താല്പര്യപ്രകാരം മാത്രമാണ് വിവാഹം ഒരു രജിസ്റ്റർ ഓഫീസിൽ വച്ചു നടത്താൻ തീരുമാനിച്ചത്..അഭിയുടെ അച്ഛനമ്മമാരും വളരെ സിംപിളാണ്‌.. കടുംപിടുത്തങ്ങളില്ലാത്ത സാധാരണ മനുഷ്യർ..
പക്ഷെ ഇന്നും കുറ്റബോധം തന്നെ വിടാതെ പിന്തുടരുകയാണ്.. ആലോചിച്ചു കാടുകയറവെ ക്ലോക്കിലേക്കു നോക്കിയ ലിഡിയ ഞെട്ടി.. സമയം രണ്ടര... ടിവി ഓഫ്‌ ചെയ്തു വീണ്ടും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു...
**********************
മടിയോടെ കണ്ണുകൾ തുറക്കുമ്പോൾ അക്ഷമ നിറഞ്ഞ മുഖവുമായി അഭി നില്പുണ്ട്..
"ഒന്നെഴുന്നേൽക്കേടോ... എത്ര നേരമായി ഞാൻ വിളിക്കുന്നു.. "
പുഞ്ചിരിയോടെ എഴുന്നേൽക്കുമ്പോ ലിഡിയ ഓർത്തു.. ഇന്ന് തങ്ങളുടെ ഒന്നാം വിവാഹവാർഷികമാണ്.. വലിയ ആഘോഷങ്ങളാണ് അഭി പ്ലാൻ ചെയ്തിരിക്കുന്നത്..
എത്ര വേഗത്തിലാണ് സമയം കടന്നുപോയത്?! അതേപോലെ എത്ര പെട്ടെന്നാണ് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞത്.. നാലു വർഷങ്ങൾക്കു മുൻപ് നിരാശയിലാണ്ടുപോയ ലിഡിയയുടെ നിഴൽപോലും ഇന്നില്ല.. എല്ലാറ്റിനും കടപ്പാട് അഭിയോടും അച്ഛനമ്മമാരോടും മാത്രം..
പ്രണയിക്കാനും സല്ലപിക്കാനും കാമം തീർക്കാനും വേണ്ടി പെണ്ണിനെ സ്നേഹം നടിച്ചു വഞ്ചിച്ചു കുപ്പയിൽ തള്ളിയ ശേഷം ഭാര്യയാക്കാൻ നിഷ്കളങ്ക വിധേയകളെ തേടിപ്പോവുന്ന.. അഭിപ്രായസ്വാതന്ത്ര്യവും അവകാശബോധവുമില്ലാതാക്കി അവളെ അടക്കി ഭരിക്കാൻ ആഗ്രഹിക്കുന്ന ഭീരുക്കളാണ് പുരുഷൻമാരത്രയും എന്ന തന്റെ ധാരണ തിരുത്തിയത് അഭിയാണ്..
തന്റേതായ അഭിപ്രായമുളള, തന്നോളം വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള അവകാശബോധമുള്ള പെണ്ണിനെ സ്നേഹം കൊണ്ടു കീഴടക്കി ഒപ്പം നടത്തുന്നവനാണ് യഥാർത്ഥ പുരുഷൻ..അല്ലാതെ പെണ്ണിനെ ദ്രോഹിച്ചും മാനസികമായി തകർത്തും അടിച്ചമർത്തിയും മദിക്കുന്ന നികൃഷ്ട ജന്തുക്കളെ പുരുഷൻ എന്നുപോയിട്ടു മനുഷ്യൻ എന്നുപോലും വിളിക്കാനാവില്ലല്ലോ...
അഭി സമ്മാനിച്ച പട്ടുസാരിയും ചുറ്റി അഭിയോടൊപ്പം ആനിവേഴ്സറി കേക്ക് മുറിക്കുമ്പോ ചുറ്റിലും ബന്ധുമിത്രാദികളുടെ കരഘോഷം മുഴങ്ങവേ ലിഡിയയുടെ ഹൃദയത്തിലും ഉത്സവമേളം തിങ്ങി..
അതെ... ആഘോഷങ്ങൾ തുടങ്ങുകയാണ്... ഒരായുഷ്ക്കാലത്തേക്കു വേണ്ടി.. ഒരിക്കലും അവസാനിക്കാതെ തുടരുവാൻ വേണ്ടി..

By: 

മെഡിക്കൽ കോളേജിലെ ആദ്യരാത്രി



എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ച എന്റെ ആദ്യരാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു.. കൃത്യമായി പറഞ്ഞാൽ മെഡിക്കൽ കോളേജിലെ നെഫ്രോ വാർഡിൽ..!
ഞങ്ങൾ യൂണിവേഴ്സിറ്റി കോളേജ് സ്റ്റുഡന്റ്സിനു കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് പഠനത്തിന്റെ ഭാഗമായ ക്ലിനിക്കൽ പരിശീലനത്തിന് അനുമതി കിട്ടിയെങ്കിലും പകൽ സമയം ആ വഴി വന്നേക്കരുതെന്നും രാത്രികാലങ്ങളിൽ വേണമെങ്കിൽ പരിശീലനം നേടിക്കൊള്ളണമെന്നും മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ താക്കീതു ചെയ്തു പറഞ്ഞതിനാൽ പരിശീലനത്തിന് സ്വന്തമായി ആശുപത്രിയില്ലാത്ത ഞങ്ങളുടെ പോസ്റ്റിങ്ങ്‌ രാത്രിയിൽ മാത്രമായി..ആറുമാസം നീണ്ട രാത്രി സേവനം !
ആ നൈറ്റ്‌ ഡ്യൂട്ടി മഹാമഹത്തിന്റെ ഒന്നാം ദിനം ഞാനുൾപ്പടെ ഞങ്ങളുടെ ബാച്ചിലെ ആറുപേർ പോസ്റ്റ്‌ ചെയ്യപ്പെട്ടത് നെഫ്രോ വാർഡിലാണ്.. പലതരം വൃക്കരോഗങ്ങൾ ബാധിച്ച രോഗികൾ, ഡയാലിസിസ് കാത്തുകിടക്കുന്നവർ, കിഡ്നി മാറ്റിവയ്ക്കലിന് വേണ്ടി കിഡ്നി ദാതാക്കളെ കാത്തു പ്രാർഥനയോടെ ദിവസങ്ങൾ തള്ളിനീക്കുന്നവർ... അങ്ങനെ ദൈന്യത നിറഞ്ഞ മുഖങ്ങൾ മാത്രം ചുറ്റിലും.. പുരുഷൻമാരും സ്ത്രീകളുമുൾപ്പടെ അൻപതിന് മുകളിൽ രോഗികളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന വാർഡ്‌.. തിരക്കുണ്ടെങ്കിലും നല്ല വൃത്തിയും ചിട്ടയുമുള്ള അന്തരീക്ഷം..
ഇടതൂർന്ന മുടി പൊക്കിക്കെട്ടി കറുത്തവട്ടപ്പൊട്ടുകുത്തി നെറുകയിൽ സിന്ദൂരവുമണിഞ്ഞു വന്ന ഗർഭിണിയായ സുന്ദരി സിസ്റ്റർക്ക് നൈറ്റ്‌ ഡ്യൂട്ടിയിൽ ഞങ്ങൾ സ്റ്റുഡന്റസ് കൂടെയുണ്ടെന്നറിഞ്ഞു നിറഞ്ഞ സന്തോഷം..സിസ്റ്ററിൽ നിന്നും വാർഡിലെ റുട്ടീൻ മനസ്സിലാക്കി ഞങ്ങൾ ഉത്സാഹപൂർവ്വം പണിതുടങ്ങി..
രോഗികളുടെ ബിപിയും പൾസും ടെമ്പറേച്ചറും ചെക്ക്‌ ചെയ്തും സമയാസമയങ്ങളിൽ മരുന്നു കഴിക്കാൻ കൊടുത്തും ഇൻജക്ഷന് വേണ്ട മരുന്നുകൾ തയ്യാറാക്കി സിസ്റ്ററെ സഹായിച്ചും അങ്ങനെയങ്ങനെ പണിയൊക്കെ തീർന്നപ്പോൾ സമയം രാത്രി പതിനൊന്നര.. ! എല്ലാം കഴിഞ്ഞൊന്നു നടുനിവർത്താനിരിക്കുമ്പോ സിസ്റ്റർ പറയുവാ സാധാരണ ഒറ്റയ്ക്ക് ഡ്യൂട്ടി ചെയ്യുമ്പോൾ പത്തരയ്ക്ക്തന്നെ പണിയൊക്കെ കഴിയുമെന്ന് !! ഞങ്ങൾ ആറുപേരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും സംശയങ്ങൾ ദൂരീകരിച്ചും സിസ്റ്റർ വശംകെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.. ആളുകൂടിയാൽ പാമ്പുചാവില്ല എന്നു പറയുന്നത് എത്ര സത്യം.. !
കഴിക്കാൻ കൊണ്ടുവന്ന ചോറ് ആകെ തണുത്തൊരു പരുവമായിരുന്നെങ്കിലും നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അകത്തേക്ക് പോയ വഴി കണ്ടില്ല.. ഞങ്ങൾ ചോറുണ്ടു പുറത്തു വന്നപ്പോഴേക്കും ഒരു വിധം രോഗികളൊക്കെ ഉറക്കം പിടിച്ചിരുന്നു..ഭൂരിപക്ഷം ലൈറ്റുകളും ഓഫാക്കിയിരുന്നതിനാൽ വാർഡിൽ മങ്ങിയ വെളിച്ചം മാത്രം..
കുറച്ചു നേരം കിടക്കട്ടെ എന്നു പറഞ്ഞു സിസ്റ്റർ ഡ്യൂട്ടി റൂമിൽ കയറി.. ഞങ്ങൾ ആറുപേരിൽ ആദ്യം മൂന്നുപേർ ഉറങ്ങിയിട്ട് മൂന്നുപേർ ഉണർന്നിരിക്കാം എന്ന ധാരണ പ്രകാരം ഞാനുൾപ്പടെ മൂന്നുപേർ കൗണ്ടറിൽ ഇരിപ്പായി.. ബാക്കി മൂന്നു പേർ നിലത്തു കാർഡ്ബോഡൊക്കെ വിരിച്ചു കിടന്നു..
ഞങ്ങൾ ഉണർന്നിരുന്നവർ കുറച്ചു സമയം വായനയും എഴുത്തുമൊക്കെയായി സമയം പോക്കിയെങ്കിലും ഉറക്കത്തിന്റെ തലോടൽ കൺപോളകൾക്ക് ഭാരമേറ്റവേ ഞങ്ങൾ ഓരോരുത്തരായി കൗണ്ടറിൽ ചാഞ്ഞുവീണു.. നൈറ്റ്‌ ഡ്യൂട്ടിക്കും സ്റ്റഡി ലീവിനുമൊക്കെ ഇങ്ങനെ ഒന്ന് ചാഞ്ഞിരുന്നാൽ എത്രപെട്ടെന്നാണ് ഉറക്കം അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നത്...!!
വല്ലാത്തൊരലർച്ചയും നിലവിളിയും കേട്ടു ഞെട്ടിയുണരുമ്പോ സ്ഥലകലാബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടിവന്നു.. വാർഡിന്റെ ഒരു മൂലയിൽ ആകെ ബഹളം... ഒരു ചേട്ടൻ ചോരയൊലിക്കുന്ന കൈയുമായി നിന്നു നിലവിളിക്കുകയാണ്.. പെട്ടെന്ന് വന്ന ബോധോദയത്തിൽ ഓടിച്ചെന്നു കോട്ടൺ എടുത്തുകൊണ്ട് വന്നു ബ്ലീഡിംഗ് തടയാൻ ശ്രമിക്കവേ സിസ്റ്ററും ഉറക്കത്തിലായിരുന്ന സഖാക്കളും ഓടിവന്നു...
സംഭവം മറ്റൊന്നുമല്ല... രോഗിയുടെ കൈയിൽ ഇഞ്ചക്ഷനും മറ്റും നല്കുന്നതിനായി ഫിക്സ് ചെയ്തിരുന്ന ക്യാനുല ഊരിപ്പോയപ്പോഴുണ്ടായ ബ്ലീഡിംഗ് ആണ്.. ചിലപ്പോൾ ഉറക്കത്തിൽ അറിയാതെ സംഭവിച്ചതാവും എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയപ്പോൾ ചേട്ടൻ ഉറപ്പിച്ചു പറയുകയാണ്‌ ആരോ മനപൂർവ്വം വലിച്ചൂരിയ പോലെയാണ് തനിക്ക് തോന്നിയത് എന്ന്... !
ഹേയ്.. അത് ചേട്ടന്റെ തോന്നൽ മാത്രം എന്നുപറഞ്ഞു ചിരിച്ചു ഞങ്ങൾ വീണ്ടും പഴയപടി ഉറക്കത്തിലേക്ക് പ്രവേശിച്ചു..
ഗാഢ നിദ്രയിലാണ്ടുപോയ ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു നിലവിളി..! ഇത്തവണ ഒരു കൊച്ചുപെൺകുട്ടിയാണ് കരയുന്നത്.. അവളുടെ കൈത്തണ്ടയിൽ നിന്നും ഒഴുകുന്ന ചോരയും ബെഡ്‌ഡിനു താഴെ വീണുകിടക്കുന്ന ക്യാനുലയും കണ്ട്‌ ഞങ്ങൾ ആകെ അമ്പരന്നു...
കിഡ്നി രോഗികൾ മിക്കവാറും പേർക്കും ശരീരത്തിൽ നീരുള്ളതിനാൽ ക്യാനുല ഇടാൻ പറ്റിയ ഞരമ്പ്‌ കണ്ടുപിടിക്കുക എന്നത് ഒരു പരീക്ഷണം തന്നെയാണ്... അങ്ങനെയുള്ള രോഗികളുടെ ക്യാനുലയാണ് രായ്ക്കുരാമാനം ഇങ്ങനെ ഊരി വീഴുന്നത്.. മിക്കവർക്കും രാവിലെ ഇൻജെക്ഷൻ കൊടുക്കാനുമുള്ളതാണ്...
വളരെ കഷ്ടപ്പെട്ട് ഇടുന്ന ക്യാനുലയല്ലേ.. നിങ്ങൾ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ പറഞ്ഞു ഞങ്ങൾ തിരിച്ചു കൗണ്ടറിലെത്തി.. ഒന്നിരിക്കും മുൻപ് വീണ്ടും കരച്ചിൽ... !!
ഒരു അപ്പാപ്പന്റെ ക്യാനുല അപ്രത്യക്ഷമായിരിക്കുന്നു... കൈയിൽനിന്നും ചോര വരുന്നുണ്ട്... ! ഞങ്ങൾ ആകെ കൺഫ്യൂഷനിലായി... ഇനി വല്ല പ്രേതബാധയുമാണോ ?!! ഏതായാലും ഞങ്ങൾ വാർഡിലെ ലൈറ്റുകളെല്ലാം ഓണാക്കി...
വീണ്ടും തിരിച്ചുവന്നൊന്ന് മയങ്ങി... എത്ര നേരം കഴിഞ്ഞു എന്നോർമ്മയില്ല... വാർഡിൽ നിന്നും ഉയരുന്ന ബഹളം കേട്ട് ഓടിച്ചെല്ലുമ്പോ ആളുകളെല്ലാം കൂടി ഒരാളെ പിടിച്ചു വച്ചിരിക്കുകയാണ്.. മുപ്പതു മുപ്പത്തഞ്ചു വയസ്സ് പ്രായമുള്ള ഒരു മനുഷ്യൻ... ആള് വാർഡിലെ ഒരു രോഗി തന്നെയാണ്.. !
എന്താണ് കാരണം എന്ന് അന്വേഷിച്ചപ്പോഴല്ലേ സ്ഥിതിഗതികളുടെ കിടപ്പുവശം പിടികിട്ടിയത് ... മേല്പറഞ്ഞ രോഗി മറ്റൊരു രോഗിയുടെ കൈയ്യിലെ ക്യാനുല 'പറിക്കാൻ ' ശ്രമിക്കുന്നതിനിടയിൽ കയ്യോടെ പിടിക്കപ്പെട്ടതാണ് !!
അപ്പൊ സ്വാഭാവികമായും മുൻപ് സംഭവിച്ച 'ക്യാനുലപറി'കളിലേയും പ്രതി ഇയാൾ തന്നെ എന്ന് ബോധ്യപ്പെട്ടതിനാൽ ഞങ്ങൾ പ്രതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധയിൽ പെട്ടത്... ആളുടെ ഇടതുകൈയ്യിൽ തോർത്ത്‌ ചുറ്റി വച്ചിരിക്കുന്നു... എന്തിനാണിങ്ങനെ ചുറ്റി വച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ആ കെട്ടഴിച്ചുകൊണ്ട് അയാൾ പറയുകയാണ് എന്റെ കൈയ്യിലെ ക്യാനുല ആരും വലിച്ചൂരാതിരിക്കാനാണ് തോർത്ത്‌ കെട്ടിവച്ചതെന്നു... !!
അമ്പടാ...ആളു കൊള്ളാമല്ലോ... വല്ലവന്റെയും ക്യാനുല പറിക്കുകേം വേണം സ്വന്തം ക്യാനുല അവിടെത്തന്നെ ഇരിക്കുകേം വേണം...
അല്ല... എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് കിടന്നിട്ടു ഉറക്കം വരുന്നില്ല അതുകൊണ്ട് ഒരു ടൈം പാസ്സിനു ചെയ്തതാ എന്ന മറുപടി കേട്ട് അക്രമാസക്തരാകാൻ തുനിഞ്ഞ മറ്റു രോഗികളെയും കൂട്ടിരിപ്പുകാരെയും പറഞ്ഞു സമാധാനിപ്പിച്ചു ഞങ്ങൾ തിരിച്ചു പോരുമ്പോൾ ശരിക്കും കിഡ്നിരോഗം മൂത്തു വട്ടായിപ്പോകുന്ന വല്ല അവസ്ഥാന്തരങ്ങളും ഉണ്ടോ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ...
ഏതായാലും പാവം ഗർഭിണി സിസ്റ്റർക്ക് രാവിലെ പിടിപ്പതു പണിയായിരുന്നു... ഊരിപ്പോയവർക്ക് കാനുലയിട്ടും ഇൻജെക്ഷൻ കൊടുത്തും ഞങ്ങൾ ആറുപേരെ പണി പഠിപ്പിച്ചും അതിന്റെ പണിക്കുറ്റം തീർന്നു..
ഡ്യൂട്ടി സമയം കഴിഞ്ഞു ഇറങ്ങുന്ന വഴിക്കാണ് വാർഡിലെ ആ വിപ്ലവകരമായ മാറ്റം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്... അതായത് ഓരോ രോഗിയുടെയും കൈയ്യിൽ തോർത്തുകൊണ്ടുള്ള കെട്ടുകൾ... !! അപ്രതീക്ഷിതമായ ക്യാനുല പറിയിൽ നിന്നും രക്ഷനേടാനുള്ള മനഃശാസ്ത്രസമീപനം... !
ഏതായാലും ക്യാനുല പറിച്ചവൻ അന്നേരം യാതൊരു കൂസലുമില്ലാതെയിരുന്നു ചായയും ബണ്ണും കഴിക്കുന്നുണ്ടായിരുന്നു... ഞാനിതൊക്ക കുറെ കണ്ടിട്ടുണ്ട് എന്ന ഭാവത്തിൽ..
അങ്ങനെ ഞങ്ങളുടെ മെഡിക്കൽ കോളേജിലെ ആദ്യരാത്രി കാളരാത്രിയായെന്ന് ചുരുക്കം...

By: Anju Antony

പട്ടിയുണ്ട് സൂക്ഷിക്കുക (കഥ)

പട്ടിയുണ്ട് സൂക്ഷിക്കുക (കഥ)
-----------------------------------------------------------
സ്കൂൾ വിട്ടുവരുന്ന സ്ഥിരം നടവഴിയോരത്തെ ആ വലിയ വീട് അന്നക്കുട്ടിയുടെ നിത്യവിസ്മയമായിരുന്നു..
കൂറ്റൻ ഇരുമ്പു ഗേറ്റിന്റെ അഴികൾക്കിടയിലൂടെ കാണുന്ന ചരൽ പാകിയ മുറ്റവും മനോഹരമായി വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന ഇലച്ചെടികളും പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന തിളങ്ങുന്ന കറുപ്പുനിറത്തിലുള്ള അംബാസിഡർ കാറും ഗാംഭീര്യമേറ്റുന്ന പ്രൗഢമായ ഒരു ഒറ്റനിലവീട്.. ഗേറ്റിൽ ഇംഗ്ളീഷിലെഴുതി വച്ച വീട്ടുപേര് 'ഞാറയ്ക്കൽ '.. ഒപ്പം മറ്റൊരു ചെറിയ ബോർഡിൽ തൂങ്ങുന്ന മലയാളം വാചകം.. 'പട്ടിയുണ്ട് സൂക്ഷിക്കുക '!!
സത്യമാണ്.. കറുത്തു മിനുത്ത ഒരു കൂറ്റൻ പട്ടി മുഴക്കമുള്ള ശബ്ദത്തിൽ കുരച്ചുകൊണ്ട് ആ പുരയിടത്തിലൂടെ പാഞ്ഞുനടക്കുന്നത് അന്നക്കുട്ടി കണ്ടിട്ടുണ്ട്‌.. എന്തൊരു ശൗര്യമാണതിന് !! ഒരു കടി കിട്ടിയാൽ പണി തീർന്നത് തന്നെ.. സാന്റിയാഗോ എന്നാണത്രെ അതിന്റെ പേര് !അതിനെ പേടിച്ചു നാടോടികളും ഭിക്ഷക്കാരും എന്തിനു അത്യാവശ്യമില്ലെങ്കിൽ നാട്ടുകാർ പോലും ഞാറയ്ക്കൽ തറവാടിന്റെ മുറ്റം കടക്കില്ല..
പുരയിടം തിങ്ങി നിറഞ്ഞു ഫലവൃക്ഷങ്ങളാണ്.. പേരയും സപ്പോട്ടയും ജാതിയും ചാമ്പയും വിവിധയിനം മാവുകളും പ്ലാവുകളുമൊക്കെ അങ്ങനെ പൂത്തും കായ്ച്ചും നില്ക്കുന്നു.. ഇടയ്ക്കിടെ മരങ്ങളിൽ പടർന്നു കയറിവളരുന്ന കുരുമുളക് കൊടികളും.. ഏത്തവാഴയും കപ്പയും ചേമ്പും കാച്ചിലുമടക്കം കൃഷിയുമുണ്ട് ആ മൂന്നേക്കർ പുരയിടത്തിൽ..
നാട്ടിലെ ആദ്യത്തെ വാർക്കവീടാണത്രെ ഇത്.. ടിവിയും ഫോണുമെല്ലാം ഈ നാട്ടിൽ ആദ്യം വന്നത് ഞാറയ്ക്കൽ വീട്ടിലാണെന്നു അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്..
വിറകിനു ചുള്ളിയൊടിക്കാനും ആടിന് പുല്ലുചെത്താനുമൊക്കെയായി അമ്മയോടൊപ്പം അന്നക്കുട്ടി ഞാറയ്ക്കൽക്കാരുടെ പറമ്പിൽ പലതവണ പോയപ്പോഴൊക്കെ സാന്റീ..സാന്റീയെന്നും വിളിച്ചു കൊണ്ട്‌ പട്ടിയുടെ പിറകെ നടക്കുന്ന തടിച്ചു വെളുത്ത സ്ത്രീയെ കണ്ടിട്ടുണ്ട്..
ഞാറയ്ക്കൽ വീട്ടിലെ ഏക താമസക്കാരി ! റീത്താമ്മയാന്റി എന്നാണവരെ എല്ലാരും വിളിക്കുന്നത്.. മധ്യവയസ്സെത്തിയ വിധവ.. ഒരു മോളുണ്ടായിരുന്നത് ഏതോ അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിയതിൽ പിന്നെ ആ വലിയ വീട്ടിൽ റീത്താമ്മയാന്റി തനിച്ചാണ്.. കൂട്ടിനു സാന്റിയാഗോ എന്ന കൂറ്റൻ നായയും..!
തിളങ്ങുന്ന ഫ്രയിമുള്ള സ്വർണ്ണകണ്ണടയും വച്ചു അലസമായുടുത്ത കോട്ടൺ സാരിത്തലപ്പ് എളിയിൽ തിരുകി പണിക്കാരോടൊപ്പം കപ്പനടാനും കുരുമുളക് പറിക്കാനും വാഴയ്ക്ക് തടം കിളയ്ക്കാനുമൊക്കെ കൂടുമെങ്കിലും റീത്താമ്മയാന്റി അധികം സംസാരിക്കാറില്ല എന്നത് അന്നക്കുട്ടിക്ക് പലപ്പോഴും ഒരത്ഭുതമായി തോന്നിയിട്ടുണ്ട്.. ഇടുപ്പൊളമെത്തുന്ന സ്വർണ്ണചെയിനും കൈകൾ നിറഞ്ഞുകിടക്കുന്ന സ്വർണ്ണവളകളും ഇടതുകൈയിലെ മോതിരവിരലിൽ ഇറുകിപ്പിടിച്ചു കിടക്കുന്ന ചുവന്ന നീളൻ കല്ലുപതിച്ച മോതിരവുമൊക്കെ റീത്താമ്മയാന്റിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്നെങ്കിലും ഒരിക്കലും ചിരിക്കാത്ത, വലിഞ്ഞു മുറുകിയ പോലുള്ള മുഖഭാവം അവരെ മറ്റു മനുഷ്യർക്ക് അനാകർഷകയാക്കി മാറ്റി ..
അനിയന്ത്രിതമായ ദേഷ്യവും പരുഷമായ വാക്കുകളും അമിതമായ പിശുക്കും റീത്താമ്മയാന്റിയെ നാട്ടുകാർക്കിടയിൽ അനഭിമതയാക്കിയെങ്കിലും എന്തും നേരിടാനുള്ള ചങ്കൂറ്റത്തിന്റെയും കോടികൾ വരുന്ന സമ്പാദ്യങ്ങളുടെയും പിൻബലത്തിൽ ഒരു നാട്ടുപ്രമാണിയുടെ പ്രൗഢിയിലാണ് അവരുടെ ജീവിതം മുൻപോട്ട് നീങ്ങിയത്..
ഒരു വെള്ളിയാഴ്ച സ്കൂളിൽ നിന്നും വരുന്ന വഴി പതിവില്ലാതെ ഞാറയ്ക്കൽ തറവാടിന്റെ മുറ്റത്ത്‌ ഒരാൾക്കൂട്ടം കണ്ട് അമ്പരന്ന അന്നക്കുട്ടി കാര്യം എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഗേറ്റുകടക്കുമ്പോ ആ കറുമ്പൻ പട്ടിയെ എവിടെയും കാണുന്നില്ലല്ലോ എന്ന് അത്ഭുതത്തോടെ ഓർത്തു..
മുറ്റത്ത്‌ കൂടിനിൽക്കുന്നവരുടെ സംസാരത്തിൽ നിന്നും അകത്തു റീത്താമ്മയാന്റി മരിച്ചു കിടപ്പുണ്ടെന്നും പോലീസിനെ വിളിച്ചിട്ടുണ്ടെന്നും മറ്റും മനസ്സിലാക്കിയ അന്നക്കുട്ടിക്ക് പക്ഷെ അവരുടെ മരണകാരണം മാത്രം വ്യക്തമായില്ല..
ആൾക്കൂട്ടത്തിൽ നിന്നും അപ്പൻ വഴക്കുപറഞ്ഞുകൊണ്ട്‌ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോൾ അന്നക്കുട്ടിയുടെ മനസ്സുനിറയെ എങ്ങനെയായിരിക്കും റീത്താമ്മയാന്റി മരിച്ചത് എന്ന ചോദ്യം മാത്രമായിരുന്നു..
സന്ധ്യക്ക്‌ അയല്പക്കത്തെ മീനാക്ഷിയമ്മ അമ്മയോട് സംസാരിക്കുന്നത് കേട്ടതിൽ നിന്നും പേയിളകിയതാണ് റീത്താമ്മയാന്റിയുടെ മരണകാരണം എന്ന് അന്നക്കുട്ടി മനസ്സിലാക്കി.. ഞാറയ്ക്കലെ പട്ടി പേയിളകി രണ്ടു ദിവസം മുൻപേ ചത്തുവത്രെ...!
അപരിചിതരോടു ശൗര്യം കാട്ടുമെങ്കിലും റീത്താമ്മയാന്റിയോട് സാന്റിയാഗോ വളരെ ഇണക്കത്തിൽ പെരുമാറുന്നത് അന്നക്കുട്ടി കണ്ടിട്ടുള്ളതാണ്.. അവൻ അവരെ ഒരിക്കലും കടിക്കാൻ ഇടയില്ലല്ലോ.. പിന്നെങ്ങനെ അവർക്കു പേയിളകി എന്നൊക്കെയാലോചിച്ചു കിടന്നയവൾ ഉറങ്ങിപ്പോയതറിഞ്ഞില്ല..
പിറ്റേന്ന് പള്ളിയിൽ റീത്താമ്മയാന്റിയുടെ ശവസംസ്കാരചടങ്ങുകൾക്ക് വൻ ജനക്കൂട്ടമായിരുന്നു... ആരോ പറഞ്ഞത് കേൾക്കാനിടയായി.. റീത്താമ്മയാന്റിയുടെ കയ്യിലുണ്ടായിരുന്ന മുറിവിൽ സാന്റിയാഗോയുടെ ഉമിനീര് പറ്റിയതിനാലാണ് അവർക്ക് പേവിഷബാധയേറ്റതെന്നും വായിൽ നിന്നും നുരയും പതയും വന്ന നിലയിലാണ് അവർ മരിച്ചു കിടന്നിരുന്നതെന്നും..
ശരിയായിരിക്കും.. റീത്താമ്മയാന്റി സാന്റിയാഗോയ്ക്ക് ആഹാരം വായിൽ വച്ചുകൊടുക്കുന്നതും അവൻ അവരെ നക്കുന്നതുമൊക്കെ അന്നക്കുട്ടിയും കണ്ടിട്ടുണ്ട്‌.. ഏതായാലും കഷ്ടമായിപ്പോയി..
തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകുന്ന വഴി ശോകമൂകമായി വിജനമായി നിൽക്കുന്ന ഞാറയ്ക്കൽ തറവാട് അന്നക്കുട്ടിയിൽ ഭയമുണർത്തി.. അതിവേഗം ആ ഗേറ്റിനു മുൻപിലൂടെ അവൾ കടന്നു പോകുമ്പോൾ ഗേറ്റിൽ അപ്പോഴും ആ വാചകമെഴുതിയ ബോർഡ് തൂങ്ങുന്നുണ്ടായിരുന്നു.. "പട്ടിയുണ്ട് സൂക്ഷിക്കുക.. "!!

Anju

ചില നസ്രാണി നാട്യങ്ങൾ

ചില നസ്രാണി നാട്യങ്ങൾ
---------------------------------------------------------
ക്രിസ്തു എന്ന വിപ്ലവകാരി തന്റെ ജീവിതകാലത്ത് ഏറ്റവും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നത്‌ അക്കാലത്തു യഹൂദരുടെ ഇടയിൽ വേരുപിടിച്ചിരുന്ന കാപട്യത്തേയും അനാചാരങ്ങളെയുമായിരുന്നു.. എന്നാൽ ഇന്ന് അതേ ക്രിസ്തുവിന്റെ ഞാനുമുൾപ്പെടുന്ന സഭയിൽ കപടനാട്യങ്ങളുടെ കുത്തൊഴുക്കിൽപെട്ട് ക്രിസ്തു തന്നെ അപ്രസക്തനായി പോവുന്നില്ലേ എന്ന് പലപ്പോഴും തോന്നിപ്പോവുന്നു..
കൈയിൽ കൊന്തയും പിടിച്ചു അൾത്താരയിൽ നിന്നും കണ്ണെടുക്കാതെ മുഴുവൻ കുർബാനയിൽ പങ്കുകൊള്ളുന്ന അമ്മച്ചിമാർ ഏതൊരു പള്ളിയിലെയും കാഴ്ചയാണ് .. ഞായറാഴ്ചയ്ക്കു പുറമേ ഇടദിവസങ്ങളിലും പളളിയിൽ മുടങ്ങാതെയെത്തുന്ന ചിലഅമ്മച്ചിമാരെ കണ്ടാൽ ഉടലോടെ സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെടുമെന്നു തോന്നിപ്പോകും.. എന്നാൽ പല അമ്മച്ചിമാരുടെയും സ്വഭവനത്തിലെ മുഖം അല്പം വ്യത്യസ്തമാണ്.. കണ്ണിൽ കണ്ടവരുടെ കുറ്റവും പരദൂഷണവും ഒപ്പം കൊതിയും നുണയുമൊക്കെയായി വീട്ടിലെ അമ്മച്ചി വേറൊരാളാണ്.. കഴുത്തിൽ തൂങ്ങുന്ന കുരിശുമാലയും വെന്തിങ്ങയുമൊക്കെ അപ്പോൾ വെറും അലങ്കാരങ്ങൾ മാത്രം... ദിവസവും മണിക്കൂർ നീളുന്ന കുരിശുവരയ്ക്കിടയിൽ മനഃപാഠമായ കൊന്തനമസ്കാരം ആവർത്തിച്ചു ചൊല്ലിയും, ഉറങ്ങി വീഴുന്ന കൊച്ചുമക്കളെ ശാസിച്ചും ഗുണദോഷിച്ചും മാതൃക തീർക്കുന്ന ഈ അമ്മച്ചി സീരിയൽ കാണാൻ കിട്ടുന്ന അവസരങ്ങളും ഒന്ന് 'മിനുങ്ങാൻ' തരപ്പെടുന്ന സന്ദർഭങ്ങളും ഒപ്പം മരുമകൾക്കിട്ടു വയ്ക്കാൻ കിട്ടുന്ന പാരകളും മിസ്സാക്കാറുമില്ല.. വീടിനു വെളിയിൽ ഇറങ്ങിയാലോ കൈയിൽ നിന്നും താഴെവയ്ക്കാതെ കൊന്തചൊല്ലിയും കൂടെക്കൂടെ 'ഈശോ..'എന്ന് വിളിച്ചു കോണ്ടും അമ്മച്ചി ഒരു ഭക്തശിരോമണി തന്നെയായി പരിണമിക്കും.. എല്ലാം കൊണ്ടും അമ്മച്ചിയൊരു ഉത്തമ ക്രിസ്ത്യാനി തന്നെ.. ! അമ്മച്ചിമാർക്കൊപ്പം അച്ചായൻമാരും മോശമൊന്നുമല്ല.. പക്ഷെ പള്ളിയിലെയും പൊതു സമക്ഷങ്ങളിലെയും ഭാവാഭിനയത്തിന് അച്ചായൻമാരേക്കാൾ കൂടുതൽ മാർക്ക് അമ്മച്ചിമാർക്ക് കൊടുക്കേണ്ടി വരും..
സൺ‌ഡേ സ്കൂൾ പഠനം കഴിഞ്ഞാൽ പിന്നെ പല യുവതികളും യുവകോമളൻമാരും പള്ളികാണുന്നത് പെണ്ണുകെട്ടാൻ നേരത്തായിരിക്കും..കല്യാണം ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ ഭക്തിയും ഒപ്പം വളരുകയായി ! ഇടയ്ക്കിടെയുള്ള ദേവാലയ സന്ദർശനവും നമസ്കാരങ്ങൾ പഠിക്കലും കെട്ടുകുമ്പസാരവും പോരഞ്ഞിട്ട് വിവാഹഒരുക്കധ്യാനവുമൊക്കെയായി പിന്നീടങ്ങോട്ട് സർവം ഭക്തിമയം..! കെട്ടിനുള്ള അനുവാദം ഇടവക വികാരിയാണല്ലോ നല്കേണ്ടത് എന്ന വീണ്ടുവിചാരം ഒന്നുമാത്രമായിരിക്കും ഭൂരിപക്ഷം വിവാഹാർത്ഥികളുടെയും പെട്ടെന്നുണ്ടായ ഭക്തിക്കു പിന്നിൽ എന്നത് പരസ്യമായൊരു രഹസ്യം.. മനസ്സമ്മതവും കല്യാണവും കഴിഞ്ഞു പൊടിയും തട്ടിപ്പോവുന്ന ദമ്പതികൾ പിന്നീട് ഇടവക ദേവാലയം കാണുന്നത് കൊച്ചിന്റെ മാമ്മോദീസയ്ക്കു മാത്രം ! ആഹാ.. എത്ര മനോഹരമായ ആചാരങ്ങൾ.. !
കോടികൾ മുടക്കി പള്ളികൾ പണിയുന്ന ട്രെൻഡ് നിലനിൽക്കുന്ന ഒരു കാലമാണിത്.. തൊട്ടടുത്ത ഇടവകക്കാരുടെ അല്ലെങ്കിൽ രൂപതയുടെ പള്ളിയേക്കാൾ കുറഞ്ഞത്‌ അമ്പതുലക്ഷമെങ്കിലും ചെലവ് കൂടുതൽ ആയിരിക്കണം നമ്മുടെ പള്ളിക്ക് എന്ന വാശിയിലാണ് ഇന്ന് നാട്ടിലെ ദേവാലയങ്ങളുടെ പണികളൊക്കെ പുരോഗമിക്കുന്നത്.. മനോഹരമായ ദേവാലയങ്ങൾ നല്ലത് തന്നെ..പക്ഷെ അതിനു വേണ്ടി അത്താഴപ്പട്ടിണിക്കാരനോടും 'രൂപാതാ'.. 'രൂപാതാ'എന്നുപറഞ്ഞു പിന്നാലെ കൂടുമ്പോൾ പാവങ്ങളെ പിഴിഞ്ഞ് പണിയുന്ന ദേവാലയത്തിൽ വസിക്കാൻ ഒടുവിൽ ക്രിസ്തു ഇല്ലാതെ പോകും എന്നത് ആരും ഓർക്കാറില്ല..
അതുപോലെ തന്നെ കൗതുകമുളള മറ്റൊരു കാഴ്‌ചയാണ് സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവരുടെ വീട്ടിലെ ശവസംസ്കാര ചടങ്ങ്.. മുറ്റത്തുയരുന്ന പന്തലിൽ തുടങ്ങി ശവപേടകത്തിലെ ബൊക്കെയിൽ വരെ ഇവന്റ്മാനേജ്‌മന്റ്‌ ടീമിന്റെ കയ്യൊപ്പ്..! 'വാലായ്മ സാരി' എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കോട്ടൺ സാരിയും ചുറ്റി മരിച്ചയാളുടെ ബന്ധുക്കളായ സ്ത്രീകൾ വീഡിയോഗ്രാഫർക്കുമുൻപിൽ ദുഃഖം അഭിനയിക്കുന്നത് കാണുമ്പോൾ മരണമറിഞ്ഞെത്തിയവർ തങ്ങൾക്കു വീട് മാറിപ്പോയോ എന്ന് സംശയിച്ചു പോയാൽ അത്ഭുതപ്പെടാനില്ല.. മരണശേഷം ഏതൊരു കൊമ്പനും വെറും ആറടി മണ്ണിന്റെ മാത്രം ജന്മിയായി വിശ്രമം കൊള്ളുന്ന സെമിത്തേരികളാണ് മറ്റൊരു കൗതുകം..കൈയിൽ കാശുള്ള (ഉണ്ടായിരുന്ന)പരേതർ മാർബിൾ ഗ്രാനൈറ്റ് ഫലകങ്ങൾ പതിച്ചു ഗംഭീരമാക്കിയ കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ സിമന്റ് സ്ലാബുകൾ നിരത്തി കുമ്മായം പൂശിയ കുഴിമാടങ്ങളിൽ പാവപ്പെട്ടവന്റെ (പാവപ്പെട്ടവൻ ആയിരുന്നവന്റെ )മരണനിദ്ര.. കല്ലറയ്ക്കുള്ളിൽ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ചീഞ്ഞു പുഴുക്കുമെങ്കിലും ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങൾക്കിടയിൽ ദരിദ്രപരേതനും സമ്പന്നപരേതനും എന്നും വേറിട്ടു നിൽക്കണമല്ലോ.. !അതങ്ങനെ തന്നെ നിൽക്കട്ടെ..
ക്രിസ്ത്യാനിയുടെ ഇടവകപെരുനാൾ അവന്റെ അഭിമാനപ്രശ്നമായി മാറിയ ഇക്കാലത്തു പെരുന്നാളിന് പൊടിയുന്ന പണം വിശ്വാസിക്ക് ഒരു പ്രശ്നമേയല്ല. .കൊടിയേറ്റുമുതൽ ആഴ്ചകൾ നീളുന്ന പെരുന്നാൾ മഹാമഹത്തിൽ കലാസന്ധ്യയും കരിമരുന്നു പ്രകടനവും വാദ്യമേളങ്ങളും ദീപാലങ്കാരവുമെല്ലാം അരങ്ങുകൊഴുപ്പിക്കുമ്പോ ഒഴുകിതീരുന്നത് ലക്ഷങ്ങൾ.. ഇങ്ങനെ വർഷംതോറും പൊട്ടിച്ചും കത്തിച്ചും ആഘോഷിച്ചും ബഹുവർണ്ണത്തിലുള്ള നോട്ടീസടിച്ചും തീർക്കുന്ന പണത്തിന്റെ പകുതി വേണ്ടിവരില്ല ഇടവകയിലെ ഭവനരഹിതർക്കു വീടുണ്ടാക്കി നല്കാൻ.. നാട്ടിലെ പ്രസിദ്ധമായൊരു ദേവാലയത്തിരുനാളിന് ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമ്മം മറ്റൊരു പെരുന്നാൾ പോലെ ആഘോഷിച്ചതിന് ഞാൻ സാക്ഷിയാണ്..
ഇനി ഇത്രയും കാശുമുടക്കി നടത്തുന്ന പെരുന്നാളിന് വിശ്വാസികൾക്ക് ചുമ്മാതങ്ങ്‌ ചെന്നു പങ്കുകൊള്ളാൻ പറ്റുമോ ? പറ്റില്ല.. നന്നായി ഒരുങ്ങിതന്നെ പോകണം.. പിച്ചവയ്ക്കുന്നതും ഒക്കത്തിരിക്കുന്നതുമായ കുഞ്ഞുങ്ങൾ മുതൽ കുഴീലോട്ടു കാലുംനീട്ടിയിരിക്കുന്ന അമ്മച്ചിയും അപ്പാപ്പനും വരെ പാർട്ടിവെയറും ധരിച്ചു പളപളാന്നു മിന്നിക്കൊണ്ട് മൂക്കുതുളയ്ക്കുന്ന സെന്റും പൂശി കാറിൽ പള്ളിമുറ്റത്ത് വന്നിറങ്ങുമ്പോ പ്രദക്ഷിണത്തിനെഴുന്നള്ളിക്കുന്ന പുണ്യാളന്റെ രൂപം നോക്കി അതാരാണമ്മച്ചീ എന്ന് കൂട്ടത്തിലെ കൊച്ചു ചോദിക്കുമ്പോഴാവും അയ്യോ ഇത് ലെ പുണ്യാളന്റെ പെരുന്നാളാണല്ലോ എന്ന് അമ്മച്ചിയും ഓർക്കുന്നത് തന്നെ.. അമ്മച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. പത്താള് കൂടുതൽ കൂടുന്നിടത്ത് പൊങ്ങച്ചം കാട്ടുന്നതിന്റെ ഒരിത് എല്ലാദിവസവും പള്ളിയിൽ പോയാൽ കിട്ടില്ലല്ലോ..
പെരുന്നാൾ ദിവസം കാണാൻ സാധിക്കുന്ന മറ്റൊരു കാഴ്ചയാണ് വിവാഹിതകളായ സ്ത്രീകളുടെ വക വസ്ത്ര - ആഭരണ പ്രദർശനം !പള്ളിപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ കുറവ് നികത്തുന്നത് ഇക്കൂട്ടരുടെ മഹനീയ സാന്നിധ്യം ഒന്നുമാത്രം.. ഏതായാലും പിടിച്ചുപറിക്കാർക്ക് അന്നേദിവസം ചാകരയായിരിക്കും..
കൂട്ടത്തിലെ യൂത്തന്മാർ അന്നേരം മൊബൈൽ ക്യാമറയും തുറന്നുവച്ചു പോട്ടം പിടിച്ചു തകർക്കുകയാവും.. എന്തിന്റെ പോട്ടമാ പിടിക്കുന്നതെന്ന് അവനും അവന്റെ കൂട്ടുകാർക്കും പിന്നെ തമ്പുരാൻ കർത്താവിനും മാത്രമറിയാം.. !
ഒരു സൗന്ദര്യമത്സരം നടത്തിയാൽ തങ്ങളിലാര് ഒന്നാമതെത്തും എന്നുമാലോചിച്ചു നടക്കുന്ന കുമാരിമാർ വേറെയും.. ഈ മേളങ്ങൾക്കിടയിൽ അടിച്ചുഫിറ്റായ പുരുഷകേസരികൾ പ്രദക്ഷിണവഴികളിൽ ബാന്റ്മേളങ്ങളുടെ താളത്തിൽ ചുവടുവയ്ക്കുന്നുണ്ടാവും...
ഒക്കെക്കണ്ട് നിർവികാരനായി ചില്ലു
'കൂട്ടിലടയ്ക്കപ്പെട്ട ' ക്രിസ്തുവും..
ഇതിലൊന്നും അജഗണങ്ങളെ കുറ്റപ്പെടുത്താനാവില്ല... കാരണം വിശ്വാസികൾ മിതവ്യയം ശീലിക്കണമെന്ന് ലേഖനമെഴുതുന്ന ഇടയന്മാർ സഞ്ചരിക്കുന്നത് നാല്പതും അൻപതും ലക്ഷങ്ങൾ ചുളപോലെ എണ്ണിക്കൊടുത്തു വാങ്ങിയ ആഡംബരകാറുകളിലാവുമ്പോ തമ്പുരാന്റെ മനോഗുണം കൊണ്ടുണ്ടായ കാശുകൊണ്ട് ഇഷ്ടംപോലെ ജീവിക്കുന്നതിൽ നിന്നും പാവം സത്യക്രിസ്താനികളെ വിലക്കുന്നതെങ്ങനെ ?! അല്ലെങ്കിലും പറയാനും പ്രസംഗിക്കാനും ആരാധിക്കാനും ഉള്ളത്ര എളുപ്പം ജീവിച്ചു കാണിക്കുന്നതിൽ ഉണ്ടാവില്ലല്ലോ.. ഇടയന്മാർക്കും ആടുകൾക്കും..
ഇനി കർത്താവെങ്ങാനും ഒരിക്കൽകൂടി ഈ വഴി ചാട്ടയുമെടുത്തു വന്നാൽ ആരൊക്കെ അടികൊണ്ടു ചുരുളുമെന്നു കണ്ടുതന്നെ അറിയണം.!!

Anju

ഇതെന്റെ ജീവിതകഥ (കഥ)

ഇതെന്റെ ജീവിതകഥ (കഥ)
-------------------------------------------------
എന്റെ പിതൃഗൃഹത്തിൽ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ഞാൻ രൂപകല്പന ചെയ്യപ്പെട്ടത്.. എന്നെ മെനഞ്ഞെടുത്തവന്റെ കരങ്ങളിൽ ഞാനൊരു രാജകുമാരിയെന്നപോലെ തിളങ്ങിയിരുന്നു...ഒരുനാൾ ഊടും പാവും കുറ്റമറ്റതാക്കി മിനുക്കിയെടുക്കപ്പെട്ട ഞാനും ഒപ്പം സഹോദരങ്ങളും പിറന്നനാടിനെ വിട്ട് അനിവാര്യമായ യാത്ര തുടങ്ങി...
എത്തിപ്പെട്ട പുതിയ ഇടത്തിൽ ഞാൻ പലരിൽ ഒരാളായി മാത്രം മാറി...എന്റെ സഹോദരങ്ങളെയെല്ലാം എവിടെയൊക്കെയോ വച്ചു നഷ്ടപ്പെട്ട എനിക്ക് ഒടുവിൽ ആ സത്യം മനസ്സിലായി.. ഞാൻ വെറുമൊരു വില്പനചരക്ക് മാത്രം... വിലയെഴുതിയൊട്ടിച്ചു ഭംഗിയായി പ്രദർശിപ്പിക്കപ്പെട്ട ഉപഭോഗവസ്തു..
വിലപേശിവാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ കണ്ണുകളും കരങ്ങളും എത്ര തവണ എന്റെ മേനിയിൽ ഇഴഞ്ഞു നടന്നിട്ടുണ്ട് എന്നെനിക്കു നിശ്ചയമില്ല.. ഒന്നിലും തൃപ്തിയാവാത്ത മനുഷ്യർക്കു മുൻപിൽ എത്രവട്ടം എന്റെ ശരീരം അനാവൃതമായി എന്നും എനിക്കോർമ്മയില്ല.. വേദനയും പീഡനങ്ങളും നിറഞ്ഞ ആ ജീവിതം അങ്ങനെ തുടരവേ ഒരു സംഘം ആളുകൾ എന്നെ വിലയ്ക്കു വാങ്ങി.. !
അവരുടെ കൈയിൽ എന്നെയേല്പിച്ചു പണം കൈപ്പറ്റുമ്പോ എന്റെ യജമാനന്റെ മുഖത്ത് കുറ്റബോധതിനു പകരം നിറഞ്ഞ ചിരികണ്ട് ഞാൻ സ്വന്തം വിധിയെ ശപിച്ചു..
എന്റെ പുതിയ ഉടമസ്ഥൻ തന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ ഉപയോഗിക്കുമ്പോൾ പലപ്പോഴും ഞെരിഞ്ഞമർന്നും ചുക്കിചുളിഞ്ഞും വിയർപ്പിൽ മുങ്ങിയും ഞാൻ നന്നേ ക്ലേശിച്ചു.. പലപ്പോഴും ഞാൻ ഒരു പ്രദർശനവസ്തുവായി മാത്രം മാറി..
ഇന്നിപ്പോ ഞാൻ ഈ ഇരുട്ടറയിൽ പാറ്റകൾക്കും ഇരട്ടവാലനുമൊപ്പം അജ്ഞാതവാസത്തിലാണ്..പഴയ ഭംഗിയൊക്കെ എനിക്ക് എന്നേ നഷ്ടമായി.. ആവോളം ഉപയോഗിച്ചു പഴകിയ ഞാൻ ഇപ്പൊ അവർക്കൊരു ഭാരമാണ്.. ഞാൻ എപ്പോൾ വേണമെങ്കിലും തീയിലോ കുപ്പത്തൊട്ടിയിലോ എറിയപ്പെടാം... എങ്കിലും എനിക്ക് പരാതിയില്ല.. കാരണം എന്റെ ജന്മം ഇങ്ങനെ തന്നെയാണ് അവസാനിക്കേണ്ടത്.. എന്റെ മാത്രമല്ല എന്നെപ്പോലെ ഓരോ പട്ടുസാരിയുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.. ഒരിടത്ത് ജനിച്ചു കാതങ്ങൾക്കിപ്പുറം മറ്റൊരിടത്തു തികച്ചും അന്യരായവരെ സേവിച്ചു, ക്ലേശിച്ചു ജീവിച്ച് ഒടുക്കം ഇരുട്ടറകളിൽ തളയ്ക്കപ്പെടുന്ന പട്ടുസാരികൾ.. ഇനിയൊരിക്കൽ പുറം ലോകം കാണാമെന്നു പ്രതീക്ഷയില്ലാത്തവർ.. ഈ അലമാരകൾ ഞങ്ങളുടേതും കൂടിയാണ്..
ഗദ്ഗദപൂർവം
ഒരു കാഞ്ചീപുരംപട്ട്
തടിയലമാര
Anju

ഒരു ഉപദേശം ചെയ്ത ഉപകാരം

ഒരു ഉപദേശം ചെയ്ത ഉപകാരം
-------------------------------------------------
എട്ടുമാസം ഗർഭത്തിന്റെ അവശതകളും പേറി കാർഡിയോതൊറാസിക് സർജറി ഐസിയുവിൽ നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്ന സമയം .. നെഞ്ചെരിച്ചിലും ശ്വാസംമുട്ടലും ഒപ്പം കൂടെക്കൂടെയുള്ള മൂത്രശങ്കയും ചേർന്ന് ആകെ അസ്വസ്ഥത..
നൈറ്റ്‌ ഷിഫ്റ്റിൽ പന്ത്രണ്ടു മണിയോടെ ഡ്യൂട്ടിയിലുള്ള പകുതി സ്റ്റാഫ്‌ റെസ്റ്റിനു പോവുമ്പോ ചെയ്ഞ്ചിങ്ങ് റൂമിന്റെ വാതിൽ ലോക്ക് ചെയ്യും... യൂണിറ്റിൽ ആകെയുള്ള ഫീമെയിൽ ടോയ്ലറ്റ് ചെയ്ഞ്ചിങ്ങ് റൂമിനുള്ളിലായതിനാൽ പിന്നെ ഡ്യൂട്ടിക്കിടയിൽ ആവശ്യം വന്നാൽ ഐസിയു വിനപ്പുറം ഓപ്പറേഷൻ തിയേറ്ററിന്റെ അങ്ങേയറ്റത്തുള്ള ടോയ്ലെറ്റ്‌വരെ മൂന്നാലു മിനിട്ട് നടക്കണം കാര്യം സാധിക്കാൻ..
ഇഴഞ്ഞും വലിഞ്ഞും ഒപ്പമുള്ള സ്റ്റാഫിന്റെ സഹായം തേടിയും ഒരുവിധം ഡ്യൂട്ടിചെയ്തുചെയ്തു നേരം വെളുപ്പിന് ഒന്നരയായപ്പോ മൂത്രശങ്ക കലശലായി..അങ്ങനെ ഞാൻ ഓപ്പറേഷൻ തിയേറ്ററിലെ ടോയ്ലറ്റ് ലക്‌ഷ്യമാക്കി പതുക്കെ നടന്നു..
തിയേറ്ററിലേക്കുള്ള വാതിൽ തള്ളിത്തുറന്നു പ്രവേശിക്കുമ്പോ അസ്ഥി മരയ്ക്കുന്ന തണുപ്പാണ്.. എസി കൂളിംഗ് അവിടെ കൂടുതലാണ്.. ഇടതു വശത്തു ഒന്നിനുപിറകെ ഒന്നായി നാലു ഒപ്പേറഷൻ റൂമുകൾ.. നടുവിൽ നീണ്ടുകിടക്കുന്ന അരണ്ട വെളിച്ചം മാത്രമുളള ഇടനാഴിയിലൂടെ നടക്കുമ്പോൾ ഉള്ളിൽ ചെറിയ പേടി തോന്നി.. മങ്ങിയ വെളിച്ചം അരിച്ചിറങ്ങുന്ന സ്ലൈഡിങ് ഡോറിലെ കിളിവാതിലിലൂടെ ഒപ്പേറഷൻ റൂമുകളുടെ അകത്തേക്ക് നോക്കിയപ്പോൾ അകത്തു ക്യാപ്പും മാസ്കും ഗൗണുമൊക്കെ ധരിച്ച ഒരുകൂട്ടം ആളുകൾ നിൽക്കുന്ന പോലെ..
ഒന്നുകൂടി കണ്ണുചിമ്മിനോക്കുമ്പോൾ അതിനുള്ളിൽ ഒഴിഞ്ഞ സർജറി ടേബിളും ലൈറ്റും മാത്രം !
പേടികൊണ്ട് എന്റെ ഹൃദയതാളം എനിക്ക് കേൾക്കാമെന്നായി..ആകെ ഒരു തളർച്ച.. കാലുകൾ മുൻപോട്ട് നീങ്ങുന്നില്ല.. തൊണ്ട വരണ്ടുണങ്ങി.. ആ മരണതണുപ്പിലും വിയർത്തു കുളിച്ചു.. നടന്നിട്ടും നടന്നിട്ടും എങ്ങുമെത്താത്ത പോലെ...
അപ്പോഴുണ്ട് മുൻപിലെ ഓപ്പറേറ്റിംഗ് റൂം നമ്പർ ത്രീയുടെ വാതിൽ തള്ളിതുറന്നുകൊണ്ട് ഒരു സിസ്റ്റർ ധൃതിയിൽ ഇടനാഴിയിലൂടെ നടന്നുപോകുന്നു...
ഹോ... സമാധാനമായി... തിയറ്ററിനുള്ളിൽ ആളനക്കമുണ്ടല്ലോ... വല്ല എമർജൻസി സർജറിയും നടക്കുന്നുണ്ടാവും എന്നു കരുതി ഞാൻ സിസ്റ്ററിന്റെ പുറകെ വച്ചു പിടിച്ചു.. അവരെ കണ്ട ധൈര്യത്തിൽ ടോയ്‌ലെറ്റിൽ പോയി തിരിച്ചിറങ്ങുമ്പോൾ വീണ്ടും അവരതാ മുൻപേ നടന്നു പോകുന്നുണ്ട്‌... അത്രേം ആശ്വാസം എന്ന് കരുതി ഞാനും ധൃതിയിൽ തന്നെ നടന്നു.. പോകുന്ന വഴി റൂം നമ്പർ ത്രീയിലേക്ക് നോക്കുമ്പോൾ അവിടെ സർജറിയൊന്നും നടക്കുന്നില്ലെന്ന് മനസിലായി..
ഈ സിസ്റ്ററിന് വല്ലിടത്തും കിടന്നുറങ്ങിക്കൂടെ എന്തിനാണിങ്ങനെ കറങ്ങി നടക്കുന്നത് എന്നോർത്ത് നടന്നു നടന്നു അവരുടെ തൊട്ടു പിറകിലെത്തി... "കേസൊന്നുമില്ലല്ലോ, സുഖമായിക്കിടന്നു ഉറങ്ങിക്കൂടെ "എന്ന് ചോദിക്കവേ ഇടനാഴിയിലെ ലൈറ്റ് മെല്ലെ മെല്ലെ മങ്ങിക്കെടാനൊരുങ്ങി... ഇടനാഴിയാകെ ഒന്നുകൂടി ഇരുണ്ടു... സിസ്റ്റർ തിരിഞ്ഞു നോക്കിയതും ലൈറ്റ് മുഴുവൻ കെട്ടതും ഒരുമിച്ചായിരുന്നു... ഭയന്നു പോയ ഞാൻ നിലവിളിച്ചുകൊണ്ട് അവരുടെ കൈകളിൽ കടന്നു പിടിക്കവേ അവരുടെ വിരലുകൾക്ക് ഐസിനെക്കാൾ തണുപ്പായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.. അവരുടെ നിശ്വാസം പോലും തണുത്തുറഞ്ഞത്...!
തൊട്ടടുത്ത നിമിഷം ലൈറ്റ് വന്നപ്പോൾ അവരുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി ശ്വാസംകിട്ടാതെ പിടഞ്ഞു... ഒരു നിലവിളി എന്റെ തൊണ്ടയിൽ കുരുങ്ങി.. ആ മുഖത്ത് ഒന്നുമില്ല...!!! അല്ല... അവർക്ക് മുഖം തന്നെയില്ല... പകരം വെളുത്ത പാടപോലെ എന്തോ ഒന്ന്.. !!അസഹനീയമായ ദുർഗന്ധം ചുറ്റിലും പരക്കുന്നതറിയവേ ഒച്ചയില്ലാതെ നിലവിളിച്ചുകൊണ്ട് ഞാൻ നിലത്തു വീണുപോയി... എന്റെ ഓർമ്മ മറഞ്ഞു..
*************
അലറിവിളിച്ചുകൊണ്ടു ഞെട്ടിയെഴുന്നേൽക്കുമ്പോ ഞാൻ വീട്ടിലെ ബെഡ്‌റൂമിലാണ്..! എന്നെ തുറിച്ചു നോക്കി അല്പം ദേഷ്യത്തിൽ കെട്ടിയോൻ
അടുത്ത് നിൽപ്പുണ്ട്.. പതിയെ ഞാൻ കാര്യം മനസ്സിലാക്കി... നൈറ്റ്‌ ഡ്യൂട്ടികഴിഞ്ഞു വന്ന് ഉറങ്ങാൻ കിടന്നത് മുതൽ ഞാൻ പിച്ചുംപേയും പറച്ചിലാണത്രെ..!
തലേരാത്രിയിൽ ഡ്യൂട്ടിക്കിടെ ഒറ്റയ്ക്ക് ടോയ്‌ലെറ്റിൽ പോകുന്നത് കണ്ട്‌ ഗർഭിണികൾ അസമയത്ത് ഒറ്റയ്ക്ക് നടന്നാൽ പേടിതട്ടുമെന്ന് ഒരു സീനിയർ സിസ്റ്റർ പറഞ്ഞതു ഓർമയിൽ തെളിഞ്ഞു.. എവിടെപ്പോയാലും ആരെയെങ്കിലും ഒപ്പം കൂട്ടണമത്രേ... അതും ഓർത്തു കിടന്നാണ് ഉറങ്ങിയത്..
അപ്പൊ അതാണ് കാര്യം.. പേടിതട്ടിയതാണ് !!ഏതായാലും അവരുടെ ഉപദേശം ഫലം കണ്ടു. അന്നുവരെ ഏതു പാതിരായ്ക്കും യാതൊരു കുഴപ്പവുമില്ലാതെ എവിടെവേണേലും പോയിരുന്ന എനിക്ക് പിന്നെ സന്ധ്യ കഴിഞ്ഞു മുറിയിൽനിന്നും വെളിയിലിറങ്ങാൻ തന്നെ പേടിയായി എന്ന് പറഞ്ഞാൽ മതിയല്ലോ...!
ചില ഉപദേശങ്ങൾ അങ്ങനെയാണ്.. പറയുന്നവർക്ക് പത്തു പൈസേടെ ചെലവില്ലെങ്കിലും കേൾക്കുന്നവന്റെ കാര്യം ഒരു വഴിക്കാക്കി തരും.. എനിക്ക് പറ്റിയ പോലെ... ഏതായാലും അടുത്ത നൈറ്റ്‌ ഡ്യൂട്ടിക്കു മുൻപ് ഞാൻ മറ്റേണിറ്റി ലീവെടുത്തു നാടുകടന്നു എന്നതാണ് സത്യം...

Anju

മിടുക്കി... നീയാണ് ശരി (കഥ / ഭാഗം 2)

മിടുക്കി... നീയാണ് ശരി (കഥ / ഭാഗം 2)
--------------------------------------------------------------
മരങ്ങൾ നിറഞ്ഞ വിശാലമായ പുരയിടത്തിന്റെ ഒത്ത നടുക്കുള്ള വാടകവീട്ടിൽ ഹരിയേട്ടനൊപ്പം മായ സന്തോഷവതിയായിരുന്നു...ജീവിതം ആകെ പൂത്തു തളിർത്ത പോലെ..ഹരിയേട്ടൻ ഏറെ സന്തോഷവാനായി കാണപ്പെട്ടു.. സ്വയം മറന്നാസ്വദിച്ച പ്രണയസുരഭിലമായ നാളുകളിലൊന്നിൽ തന്റെയുള്ളിൽ നാമ്പെടുത്ത കുഞ്ഞുജീവനെ ആഹ്ലാദപൂർവ്വം തിരിച്ചറിഞ്ഞപ്പോ ആദ്യം മായയോർത്തത് തുളസിയേടത്തിയെയാണ്..
ഒരു ഫോൺ കോളിനപ്പുറത്തെ തുളസിയേടത്തിയുടെ ശബ്ദത്തിൽ കണ്ണീരിന്റെ നനവ്‌.. താനും ഹരിയേട്ടനും പടിയിറങ്ങിയ ശേഷം അമ്മ ആകെ ദുഖിതയാണെന്നും കഴിവതും മുറിക്കകത്തു തന്നെ കഴിച്ചുകൂട്ടുന്നുവെന്നും ഇപ്പൊ വഴക്കുണ്ടാക്കാൻ വരാറേയില്ലെന്നും തുളസിയേടത്തി പറഞ്ഞപ്പോൾ മായയുടെ ഉള്ളിലൊരു കൊളുത്തു വീണു.. തുളസിയേടത്തിയും ശിവേട്ടനും ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് തുടങ്ങിയത്രെ.. തന്റെയുള്ളിലെ കുഞ്ഞുജീവനെപ്പറ്റി കേട്ടപ്പോ തുളസിയേടത്തിയുടെ ശബ്ദം ആവേശപൂർണ്ണമാവുന്നത് മായ തിരിച്ചറിഞ്ഞു.. പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ ബാക്കിയാക്കി ഫോൺ വയ്ക്കുമ്പോ തനിക്ക് ഇല്ലാതെ പോയ കൂടപ്പിറപ്പാണ് തുളസിയേടത്തിയെന്ന് മായ മനസിലാക്കുകയായിരുന്നു .. അന്നാദ്യമായി തറവാട്ടിൽ നിന്നും പോന്നതിൽ മായ പശ്ചാത്തപിച്ചു.
കഠിനമായ ഛർദ്ദിയും വർദ്ധിച്ചുവരുന്ന അവശതകളും പരിക്ഷീണയാക്കിയ തന്നെ അതീവ ക്ഷമയോടെയും സ്നേഹത്തോടെയും പരിചരിക്കുന്ന ഹരിയേട്ടൻ മായ്ക്ക് അത്ഭുതമായിരുന്നു.. ഒരിക്കൽ പോലും മുഖം കറുപ്പിച്ചു സംസാരിക്കാത്ത, സദാ പുഞ്ചിരിച്ച മുഖമുള്ള ഹരിയേട്ടൻ തന്റെ മുജ്ജന്മസുകൃതമായി മായ കരുതി.. മക്കളോടൊപ്പം വണ്ടിനിറയെ പലഹാരങ്ങളുമായി വന്ന ഇളയച്ഛന്റെ കപട ഗൗരവത്തിന്റെ കാരണം താൻ ഹരിയേട്ടന്റെ തറവാടുവിട്ടുപോന്നതാണെന്ന് തിരിച്ചറിയവേ മായയുടെയുള്ളിൽ കുറ്റബോധത്തിന്റെ കനലെരിഞ്ഞു..
വീർത്തുവരുന്ന വയറും ഏറിവരുന്ന ഗർഭാലസ്യങ്ങളും പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു പിടി ആകുലതകളും ചേർന്ന് അടിമുടി ഉലച്ചുകളഞ്ഞപ്പോ മായയുടെ മനസ്സ് ഒരമ്മയുടെ സാമീപ്യം കൊതിച്ചു..ഇടയ്ക്കിടെ വരുന്ന തുളസിയേടത്തിയുടെ ഫോൺകോളുകൾ മരുഭൂമിയിൽ പെയ്ത മഴ പോലെ മായയുടെ ഉള്ളു കുളിർപ്പിച്ചപ്പോ തിരികെ തറവാട്ടിലേക്ക് പോയാലോ എന്ന് പലവട്ടം ആഗ്രഹിച്ചതാണ്‌.. എങ്കിലും ഹരിയേട്ടൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ മായ മൗനം പാലിച്ചു..
മാസങ്ങൾ കടന്നുപോകെ ഒരുച്ചയ്ക്ക് ഊണുകഴിഞ്ഞൊന്നു മയങ്ങാൻ കിടക്കുമ്പോ വയറ്റിൽ വേദന തോന്നിയെങ്കിലും ഡേറ്റ് എത്താൻ ഇനിയും ഒരാഴ്ചയുണ്ടല്ലോ എന്നോർത്ത് കാര്യമാക്കാതിരിക്കവെ സമയം ചെല്ലുന്തോറും വേദനയുടെ തീക്ഷ്ണതയേറുന്നത് മായയറിഞ്ഞു.. ഓഫീസിൽ വിളിച്ചു ഹരിയേട്ടനെത്തുമ്പോഴേക്കും മായ വേദനകൊണ്ട് പുളയുകയായിരുന്നു..
ആശുപത്രിയിൽ എത്തിയതും പരിശോധിച്ച ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞതും ധൃതിയിൽ തയാറെടുപ്പുകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയറ്ററിലേക്ക്‌ കൊണ്ടുപോയതുമെല്ലാം പെട്ടെന്നായിരുന്നു.
വളരെ പണിപ്പെട്ട് കണ്ണുകൾ തുറക്കുമ്പോൾ അരയ്ക്ക് കീഴ്പ്പോട്ടു ശരീരം ഉണ്ടെന്ന് അറിയാൻ പറ്റുന്നില്ല.. ആകെ മരച്ചിരിക്കുന്ന പോലെ.. തൊട്ടടുത്ത്‌ ഉറങ്ങികിടക്കുന്ന പഞ്ഞിക്കെട്ടുപോലൊരു കുഞ്ഞുവാവ.. മായയുടെ ഹൃദയം വാത്സല്യത്താൽ കുതിച്ചു ചാടി.. പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഹരിയേട്ടനും ശിവേട്ടനും ഇളയച്ഛനും.. ഹരിയേട്ടൻ പറഞ്ഞു.. മോളാണ്.. !
കണ്ണുകൾ തുളസിയേടത്തിക്കായി പരതുന്നത് മനസ്സിലാക്കിയ ശിവേട്ടൻ ആ സന്തോഷവാർത്ത‍യറിയിച്ചു.. തുളസിയേടത്തി ഗർഭിണിയാണ്.. !ഡോക്ടർ പൂർണ്ണ വിശ്രമം പറഞ്ഞിരിക്കയാണ്.. ഇരട്ടി മധുരം..! മായയുടെ ഹൃദയം നിറഞ്ഞു..
അഞ്ചാം ദിവസം ഡിസ്ചാർജ് വാങ്ങി തന്നെയും കുഞ്ഞിനെയും കൂട്ടി കദളിക്കാട്ട് തറവാടിന്റെ മുറ്റത്ത്‌ കാറിൽ നിന്നിറങ്ങവേ ഹരിയേട്ടന്റെ മുഖത്ത് ഒരു ജേതാവിന്റെ ഭാവം വിടരുന്നത് മായ അത്ഭുതത്തോടെ ശ്രദ്ധിച്ചു.. താൻ പറയാതെ തന്നെ തന്റെ മനസ്സുവായിച്ചല്ലോ.. കള്ളൻ.. !
അകത്തെ മുറിയിൽ തുളസിയേടത്തിക്കൊപ്പം മോളെ കിടത്തവേ ആ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.. തൊടിയിലെവിടെയോ നിന്നിരുന്ന ഭവാനിയമ്മായി ഓടിക്കിതച്ചു വന്നു താൻ ഒരിക്കലും കയറില്ലെന്നു പറഞ്ഞ തറവാട്ടു കെട്ടിനുള്ളിൽ കയറി കുഞ്ഞിനെ എടുക്കാൻ ഭാവിക്കവേ കൈയിൽ അഴുക്കാണെന്ന് തിരിച്ചറിഞ്ഞു പിന്തിരിഞ്ഞു..കൈ കഴുകാൻ പോയയാൾ ധൃതിയിൽ വേഷം തന്നെ മാറി വന്നു കുഞ്ഞിനെയെടുക്കുന്നത് കണ്ട്‌ എല്ലാവരും അമ്പരന്നു.. കല്യാണിക്കുട്ടിയമ്മ അപ്പോഴും മുറിക്കുള്ളിൽ തന്നെയായിരുന്നു..
കുഞ്ഞിന്റെ കരച്ചിലും ഭവാനിയമ്മായിയുടെ താരാട്ടു പാട്ടും കദളിക്കാട്ട് തറവാടിന്റെ പകലിരവുകളെ സജീവമാക്കവേ കല്യാണിക്കുട്ടിയമ്മയ്ക്ക് തോൽവി സമ്മതിക്കാതെ തരമില്ലെന്നായി.. സ്വീകരണമുറിയിലെ നിലത്തുവിരിച്ച ഷീറ്റിൽ കുഞ്ഞിക്കാലുകൾ കുടഞ്ഞും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും വായിൽ നിന്നും തേനൊലിപ്പിച്ചും കിടക്കുന്ന ഉണ്ടക്കണ്ണി വാവ കല്യാണിക്കുട്ടിയെന്ന മുത്തശ്ശിയെ മുട്ടുകുത്തിച്ചെന്നു പറഞ്ഞാൽ മതിയല്ലോ..! സാക്ഷാൽ കദളിക്കാട്ട് കല്യാണിക്കുട്ടിയമ്മ മോളൂട്ടിയെ താരാട്ടുപാടിയുറക്കുന്ന കാഴ്ചകണ്ട്‌ ഹരിയേട്ടനും ശിവേട്ടനും എത്ര നേരം വായ്പൊളിച്ചു നിന്നോ ആവോ. !! അമ്മ താഴെവയ്ക്കാൻ തക്കം നോക്കി അമ്മായിയും.. രണ്ടും തമ്മിൽ ഇപ്പോഴും പോരാണ്.. ഇപ്പൊ മത്സരിക്കുന്നത് കുഞ്ഞിനെയെടുക്കാനാണെന്ന വ്യത്യാസം മാത്രം.. ! അമ്മയവൾക്കിട്ട പേരാണ് പാർവതി.. രണ്ടു മുത്തശ്ശിമാരുടെ പുന്നാരക്കുട്ടിക്ക് ഗമയല്പം കൂടുതലാണെന്ന് തോന്നും..
അമ്മയിപ്പോ വഴക്കുണ്ടാക്കാറേയില്ല...ഇടയ്ക്കു പാറൂട്ടിയോടൊപ്പം പൊട്ടിച്ചിരിക്കുന്നതും കാണാം.. മരുന്നു കഴിക്കാതെ തന്നെ ബിപിയും നോർമൽ..! ഭവാനിയമ്മായി കുളിച്ചൊരുങ്ങി സുന്ദരിയായാണ് ഇപ്പൊ നടക്കുക.. പണിയെടുക്കാൻ മൂപ്പത്തിക്കിപ്പോ നേരം കിട്ടാറില്ല.. പാറൂട്ടി വിട്ടിട്ടു വേണ്ടേ പോവാൻ !ആഴ്ചകൾക്കപ്പുറം വരാനിരിക്കുന്ന വലിയ ആഘോഷം വേറെയും.. തുളസിയേടത്തിയുടെ വയറ്റിൽ ഇരട്ടകളാണ് !
മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷവും സമാധാനവും.. ജീവിതത്തിന്റെ ലഹരി മായ അനുഭവിച്ചു തുടങ്ങുകയായിരുന്നു..
ഉപേക്ഷിച്ചുപോകലുകളെക്കാൾ ഒപ്പംനടത്തലും ചേർത്തുപിടിക്കലുമാണ് ജീവിതം അർത്ഥപൂർണ്ണമാക്കുന്നതെന്നവൾ തിരിച്ചറിയുകയായിരുന്നു.. നഷ്ടമാകാമായിരുന്ന ഈ സ്വർഗ്ഗത്തിനു തന്നെ അവകാശിയാക്കിയത് തന്റെ പൊന്നുമോളാണ്.. ഒപ്പം ദുഃഖങ്ങൾക്കൊടുവിൽ സൗഭാഗ്യം കാത്തുവച്ച ഈശ്വരൻമാരും.. .
ഞെട്ടിയുണർന്നു ചിണുങ്ങിക്കരഞ്ഞ പാറൂട്ടിയെ വാരിയെടുത്തു മുത്തം കൊടുക്കവേ കുഞ്ഞിക്കണ്ണുകളിൽ നോക്കി മായ മന്ത്രിച്ചു...
അമ്മേടെ മിടുക്കിക്കുട്ടി... നീയാണ് ശരി.. നീ മാത്രമാണ് ശരി..
Anju

മിടുക്കി.. നീയാണ് ശരി.. (കഥ )

മിടുക്കി.. നീയാണ് ശരി.. (കഥ )
----------------------------------------------------
പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ആ തറവാട്ടുകെട്ടിലേക്ക് പട്ടും പൊന്നും പൂവും ചൂടി സുമംഗലിയായി വലതുകാലെടുത്തു വയ്ക്കുമ്പോ മായയുടെ ഉള്ളിൽ അൽപ്പം ഭയം തോന്നാതിരുന്നില്ല.. കതിർമണ്ഡപത്തിൽ കൈപിടിച്ച് കൊടുക്കാൻ അച്ഛനും അമ്മയും ഇല്ലാത്തതിന്റെ നൊമ്പരം ഹരിനാരായണൻ എന്ന നവവരന്റെ പ്രണയനിർഭരമായ കടാക്ഷത്തിൽ അലിഞ്ഞു പോയതാണ്.. പക്ഷെ ഇപ്പൊ ഗൃഹപ്രവേശനത്തിന് സമയമായപ്പോ മായയുടെ മനസ്സ് വീണ്ടും മൂടിക്കെട്ടാൻ തുടങ്ങി.. ബന്ധുക്കളായ സ്ത്രീജനങ്ങളുടെ കുരവയിടലിന്റെ പശ്ചാത്തലത്തിൽ തുളസിയേടത്തി നീട്ടിയ നിലവിളക്കുമേന്തി ഉമ്മറത്തെ കല്പടവുകളേറുമ്പോ പ്രാർത്ഥനകളുയരേണ്ട മനസ്സിൽ അസ്വസ്ഥതകൾ.. ഹരിയേട്ടന്റെ മൂത്ത സഹോദരൻ ശിവശങ്കരന്റെ ഭാര്യയാണ് തുളസിയേടത്തി.. പെണ്ണുകാണാൻ വന്നത് മുതൽ തുളസിയേടത്തിയുമായി കൂട്ടായതാണ് മായ.. അധികം സംസാരിക്കില്ലെങ്കിലും സ്നേഹമുള്ള പെരുമാറ്റം.. ശ്രീത്വം തുളുമ്പുന്ന രൂപഭാവങ്ങൾ.. അതിസുന്ദരിയാണ് തുളസിയേടത്തി..
അകത്ത് നിലവിളക്ക് വച്ചു തൊഴുതശേഷം വിശാലമായ സ്വീകരണമുറിയിൽ ഹരിയേട്ടനൊപ്പം ഇരിക്കവേ വധൂവരന്മാർക്കുള്ള മധുരവുമായി രംഗപ്രവേശനം ചെയ്യുകയായി സാക്ഷാൽ കദളിക്കാട്ട് കല്യാണിക്കുട്ടിയമ്മ.!ഹരിയേട്ടന്റെ അമ്മ.. പെണ്ണുകാണലിനു ശേഷം പിന്നെ ഇപ്പോഴാണ്‌ മായ അവരെ നേരിട്ടു കാണുന്നത്..കല്യാണിക്കുട്ടിയമ്മയുടെ ഒത്തശരീരവും ഉറച്ച നടത്തവും ആജ്ഞാശക്തി നിറഞ്ഞ ശബ്ദവും വലിഞ്ഞുമുറുകിയ പോലുള്ള മുഖഭാവവും മായയിൽ അവരെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചിരുന്നു..
എന്നാൽ ഹരിയേട്ടൻ അമ്മയെപ്പോലെയേ അല്ല.. സൗമ്യഭാവനാണ്.. സുമുഖനാണ്‌.. സ്നേഹസമ്പന്നനാണ്.. നിശ്ചയത്തിനും കല്യാണത്തിനുമിടയിലുള്ള നീണ്ട മൂന്നു മാസങ്ങളായി സംസാരിച്ചതിനിടയിൽ ഹരിനാരായണനെക്കുറിച്ചും കദളിക്കാട്ട് തറവാടിനെക്കുറിച്ചുമുളള വ്യക്തമായൊരു ചിത്രം മായയുടെ മനസ്സിൽ രൂപപ്പെട്ടിരുന്നു..
ഹരിയേട്ടന്റെ മൂന്നാം വയസ്സിലാണ് അച്ഛൻ ഒരപകടത്തിൽ മരിക്കുന്നത്.. രണ്ടാണ്മക്കളെ അച്ഛനില്ലാത്ത കുറവറിയിക്കാതെ പഠിപ്പിച്ചു വലിയവരാക്കി വളർത്തുന്നതിനിടയിൽ അമ്മയുടെ സൗമ്യഭാവങ്ങൾ എവിടെയോ നഷ്ടമായത് ഹരിയേട്ടൻ നിരാശനിറഞ്ഞ ശബ്ദത്തിൽ പറഞ്ഞത് മായ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് ലോകത്തോട്‌ മുഴുവനും പകയുമായാണ് അമ്മ കഴിയുന്നതെന്ന ഹരിയേട്ടന്റെ വാക്കുകൾ കല്യാണിക്കുട്ടിയമ്മയ്ക്ക് മായയുടെ മനസ്സിൽ ഭീകരപരിവേഷം നൽകി..
നവദമ്പതികൾക്ക് പാലും പഴവും പങ്കുവച്ചു നൽകി ദക്ഷിണ സ്വീകരിച്ചനുഗ്രഹിക്കുമ്പോഴും കല്യാണിക്കുട്ടിയമ്മയുടെ മുഖത്ത് ഭാവഭേദങ്ങളില്ലായിരുന്നു.. ചുറ്റും നടക്കുന്നതൊന്നും തന്നെ തെല്ലും സ്വാധീനിക്കുന്നില്ലെന്ന മട്ട്.. ഒരു നോട്ടത്തിന്റെ ആനുകൂല്യം പോലും താനെന്ന നവവധുവിന് അമ്മായിയമ്മയിൽ നിന്നും ലഭിച്ചില്ല എന്നത് മായയുടെ ഹൃദയം തകർത്തു..
ജീവിതത്തിലിന്നോണം അച്ഛനമ്മമാരുടെ സ്നേഹം ലഭിക്കാത്ത ഹതഭാഗ്യയായ തനിക്ക് ഭാവിഭർത്താവിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടവയെല്ലാം തിരിച്ചുപിടിക്കാമെന്നൊരു സ്വപ്നം കൗമാരം കടന്നപ്പോ മുതലുണ്ടായിരുന്നത് ഇപ്പൊ ഏതാണ്ട് അസ്തമിച്ചിരിക്കയാണ്.. കല്യാണിക്കുട്ടിയമ്മ എന്ന അമ്മായിയമ്മയിൽ ഒരു തരത്തിലും തനിക്ക് പ്രിയപ്പെട്ട ഒരമ്മയെ മായയ്ക്ക്
കാണാൻ കഴിഞ്ഞില്ല.. അല്ലെങ്കിലും ജീവിതത്തിൽ ഇന്നോളം താൻ ആഗ്രഹിച്ചതൊന്നും നേടിയിട്ടില്ലെന്നത് മായ ഒരു നെടുവീർപ്പോടെയോർത്തു..
ഹരിയേട്ടന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി തറവാട്ടിൽ ധാരാളം പേരുണ്ടായിരുന്നു. പലരും വന്നു പരിചയപ്പെട്ടു.. തുളസിയേടത്തി പലരെയും പരിചയപ്പെടുത്തി.. രാവേറെ ചെല്ലുവോളം നീണ്ട റിസെപ്ഷനു ശേഷം ആദ്യരാത്രി.. ഹരിനാരായണൻ എന്ന ഭർത്താവ് തനിക്ക് ജീവിതത്തിൽ കിട്ടിയ പുണ്യമാണെന്ന് മായ തിരിച്ചറിയുകയായിരുന്നു..
നല്ലതൊന്നും തനിക്ക് വിധിച്ചിട്ടില്ലെന്ന മട്ടിൽ ജീവിക്കാൻ അവൾ എന്നേ മനസ്സിനെ പാകപ്പെടുത്തിയതാണ്.. തിരിച്ചറിവാകും മുൻപ് അച്ഛനമ്മമാരെ നഷ്ടപ്പെട്ട തന്നെ ഇളയച്ഛൻ സ്വന്തം മകളായി കരുതിയെങ്കിലും ഇളയമ്മയ്ക്ക് താനെന്നുമൊരു ചതുർഥിയായിരുന്നതവളോർത്തു.. ഇളയച്ഛന്റെ ആജ്ഞാശക്തിക്കുമുൻപിൽ സ്നേഹം അഭിനയിക്കുമെങ്കിലും തന്നോടവർ കാട്ടിയ വിവേചനങ്ങൾ ഒരിക്കലും ഇളയച്ഛൻ അറിയാതെ മായ ശ്രദ്ധിച്ചിരുന്നു.. മാളികവീടും എല്ലാവിധ സുഖസൗകര്യങ്ങളും ഇഷ്ടമുളളതിനെല്ലാം സ്വാതന്ത്ര്യവുമുണ്ടായിരുന്നിട്ടും തന്റെ ജീവിതം എത്ര ശൂന്യമായിരുന്നു എന്ന് മായ അത്ഭുതപ്പെടാറുണ്ട്.. സ്നേഹം എന്തെന്ന് അല്പമെങ്കിലും മനസ്സിലാക്കി തന്നത് ഇളയച്ഛന്റെ മക്കൾ രാജീവും രജനിയുമാണ്.. വല്യേച്ചീന്നു വിളിച്ചുകൊണ്ട് ഓടിവന്നു കെട്ടിപ്പിടിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങൾ.. ഇളം പ്രായത്തിൽ തന്നെ ഇരുവരെയും ബോർഡിങ് സ്കൂളിലയച്ചതിനാൽ ആ സ്നേഹവും തനിക്ക് നിഷേധിക്കപ്പെട്ടു.
പിജി പഠനത്തിന്റെ അവസാനവർഷമാണ് ഹരിയേട്ടൻ തന്നെ ആദ്യമായി കാണുന്നത്.. കോളേജിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ വച്ച്.. കാണാൻ മോശമല്ലാത്ത തന്നെ ആദ്യകാഴ്ച്ചയിൽ തന്നെ ഹരിയേട്ടന് ഇഷ്ടപ്പെട്ടത്രെ.. എംബിഎ കഴിഞ്ഞു തറവാട്ടുവക ബിസിനസ്‌ നോക്കിനടത്തുന്ന സുമുഖനായ പയ്യന്റെ ആലോചന ഇളയച്ഛനും നന്നേ ബോധിച്ചു.. പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു.. പെണ്ണുകാണൽ, നിശ്ചയം ഇപ്പൊ വിവാഹവും.. കല്യാണത്തിന് ഒരുങ്ങി വീട്ടിൽ നിന്നിറങ്ങുമ്പോ പ്രത്യേകിച്ചൊരു വികാരവും തോന്നിയിരുന്നില്ലെന്ന് മായയോർത്തു.. അല്ലെങ്കിലും താൻ ഒരിക്കലും ആ വീടിനു സ്വന്തമായിരുന്നില്ലല്ലോ..
ഭർതൃഗൃഹത്തിന്റെ ചിട്ടകളുമായി പൊരുത്തപ്പെട്ടു വരുന്നതിനിടയിൽ മായ ചില സത്യങ്ങൾമനസ്സിലാക്കി.. സംസാരം അധികം ഇല്ലെങ്കിലും തന്റെ ആണ്മക്കളുടെ മേൽ സർവ അധികാരവും അമ്മയ്ക്കാണ് .. മക്കളുണ്ടാകാത്തതിന്റെ പേരിൽ തുളസിയേടത്തി അമ്മയിൽ നിന്നും കടുത്ത മാനസിക പീഡനം നേരിടുന്നുണ്ട്.. എന്നാൽ മായയിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത് മറ്റൊരു വിഷയമാണ്..
മുഷിഞ്ഞ മുണ്ടും നേര്യതും ചുറ്റി അടുക്കളയിലും പിന്നാമ്പുറത്തുമായി പകൽസമയം സദാ തിരക്കിട്ട ജോലികളുമായി നടക്കുന്ന, രാത്രി വളരെ വൈകുവോളം അടുക്കളഭാഗത്തെ വരാന്തയിൽ മുനിയെപ്പോലെ ധ്യാനിച്ചിരിക്കുന്ന, സ്റ്റോർ റൂമിലെ പാറ്റയും പല്ലിയും വിഹരിക്കുന്ന നിലത്തുവിരിച്ച കീറപ്പായയിൽ ചുരുണ്ടുകിടന്ന് അന്തിയുറങ്ങുന്ന വെളുത്തു മെലിഞ്ഞ പ്രായമായ സ്ത്രീയെ കല്യാണം കഴിഞ്ഞു വന്ന ദിവസങ്ങളിൽ തന്നെ മായ ശ്രദ്ധിച്ചതാണ്.. ജോലിക്കാരിയെന്നു കരുതിയ അവരെ തുളസിയേടത്തി ഒരിക്കൽ അമ്മായി എന്നു വിളിക്കുന്നത് കേട്ട് കാരണം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം മായ മനസ്സിലാക്കിയത്.. അവർ ശരിക്കും ഹരിയേട്ടന്റെ അമ്മായി തന്നെയാണ് ! ഭവാനിയമ്മായി.. ഹരിയേട്ടന്റെ അച്ഛന്റെ ഇളയ സഹോദരി.. എന്നിട്ടും എന്തേ ഈ വിധം ഒരു വേലക്കാരിയെക്കാൾ ദയനീയമായ അവസ്ഥയിൽ എന്ന തന്റെ ചോദ്യത്തിന് ഉത്തരം പറയാൻ തുളസിയേടത്തി മടിക്കുന്ന പോലെ..
അസ്വസ്ഥനിറഞ്ഞ മനസ്സിൽ ഓരായിരം ചോദ്യങ്ങളുമായി തന്നെ സമീപിച്ച മായയുടെ മുൻപിൽ ഹരി അൽപ്പനേരം നിശ്ശബ്ദനായി.. തന്റെയും ഏട്ടന്റെയും നിയന്ത്രണങ്ങൾക്ക് അപ്പുറമാണ് സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്ന് നിസ്സഹായനായി സമ്മതിച്ചുകൊണ്ട്‌ അയാൾ നടത്തിയ വിശദീകരണം മായയെ കൂടുതൽ ചിന്താകുലയാക്കി..
ഭവാനിയമ്മായിക്ക് ചെറുപ്പത്തിൽ ഒരു ഇഷ്ടമുണ്ടായിരുന്നത്രെ.. പറമ്പിലെ തെങ്ങുകളിൽനിന്നും കള്ളുചെത്താൻ വരുന്ന സുധാകരനോടു മകൾക്ക് തോന്നിയ ഇഷ്ടം തറവാടിനാകെ ചീത്തപ്പേരുണ്ടാക്കുമെന്ന ഘട്ടം വന്നപ്പോൾ ഹരിയേട്ടന്റെ മുത്തശ്ശൻ ഭവാനിയമ്മായിയെ കർശനമായി താക്കീതു ചെയ്തതോടൊപ്പം സുധാകരനെ കുടുംബമടക്കം നാട്ടിൽ നിന്നും കെട്ടുകെട്ടിക്കയും ചെയ്തത്രേ..നിരാഹാരവും ആത്മഹത്യാ ഭീഷണിയുമായി പ്രതിഷേധിച്ച മകളെ എത്രയും വേഗം വിവാഹം ചെയ്തയക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് ഭവാനിയമ്മായിയുടെ എതിർപ്പിനൊപ്പം അവരുടെ ദോഷജാതകവും വിഘാതമായി.. മുത്തശ്ശന്റെ മരണശേഷം അനിയത്തിയുടെ സംരക്ഷണം ഏറ്റെടുത്ത ഹരിയേട്ടന്റെ അച്ഛന്റെ അകാലനിര്യാണത്തെ ജ്യോതിഷികൾ ഭവാനിയമ്മായിയുടെ പാപജാതകവുമായി ചേർത്തുകെട്ടിയതു മുതൽ ഹരിയേട്ടന്റെ അമ്മ ഭവാനിയമ്മായിക്കെതിരായതാണ്.. ചീത്തപറഞ്ഞും ശപിച്ചും ദേഹോപദ്രവങ്ങൾഏൽപിച്ചും വീട്ടുജോലികൾ ചെയ്യിച്ചും പട്ടിണിക്കിട്ടും കല്യാണിക്കുട്ടിയമ്മ എന്ന മരുമകൾ സ്വന്തം മകളെ കൊല്ലാക്കൊല ചെയ്യുന്നത് കണ്ട്‌ ഹൃദയംനൊന്താണ് ഹരിയേട്ടന്റെ മുത്തശ്ശി അന്ത്യശ്വാസം വലിച്ചതത്രേ..
ഈ കഥകളൊക്കെ അറിഞ്ഞ ശേഷം ഭവാനിയമ്മായിയെ മായ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി..അമ്മായി നേരം പുലരും മുൻപ് എഴുന്നേറ്റു മുറ്റമടി തുടങ്ങും.. നാലുചുറ്റും പരന്നുകിടക്കുന്ന വിശാലമായ മുറ്റം അടിച്ചു വൃത്തിയാക്കി വരുമ്പോഴേക്കും നേരം വെളുക്കും.. പിന്നെ തൊഴുത്ത് വൃത്തിയാക്കൽ, പശുക്കളെ കുളിപ്പിച്ച് പുല്ലും വെള്ളവും കൊടുക്കൽ, കറവക്കാരനെ സഹായിക്കൽ തുടങ്ങിയ ജോലികൾ, അതുകഴിഞ്ഞ് നിലം തൂക്കലും തുടയ്ക്കലും പറ്റുന്നിടത്തോളം.. ഇവയൊക്കെ ചെയ്യാൻ കദളിക്കാട്ട് ജോലിക്കാരില്ലാഞ്ഞിട്ടല്ല.. എന്നാലും ഒന്നിനു പിറകെ ഒന്നായി ഭവാനിയമ്മായി എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും.. രാവിലെ എന്തെങ്കിലും കഴിക്കുമ്പോൾ പത്തര പതിനൊന്നു മണിയാകും..ആരും പറയാതെ തന്നെ വീണ്ടും തുടരുന്ന ജോലികൾ..ഭവാനിയമ്മായിയുടെ ശബ്ദം ഇത്രയും ദിവസങ്ങൾക്ക് ശേഷവും താൻ ഇതുവരെ കേട്ടിട്ടില്ലെന്നത് മായ ആശ്ചര്യത്തോടെയോർത്തു.. കഴിവതും അമ്മയുടെ കണ്ണിൽപെടാതിരിക്കാൻ അമ്മായി ശ്രദ്ധിച്ചിരുന്നു എന്ന് മായയ്ക്ക് തോന്നി..
ഭവാനിയമ്മായിയെ കാണുമ്പോ തന്നെ കല്യാണിക്കുട്ടിയമ്മയുടെ രക്തം തിളയ്ക്കും.. പിന്നെ പ്രാക്കും ശകാരങ്ങളും കുറ്റപ്പെടുത്തലുകളും.. ഒക്കെ കേട്ട് നിർവികാരയായി അക്ഷോഭ്യയായി തന്റെ ജോലികൾ തുടരുന്ന അമ്മായിയെ നോക്കി വീണ്ടും ശാപവാക്കുകൾ ഉതിർക്കുന്ന കല്യാണിക്കുട്ടിയമ്മ ഒടുവിൽ വലിയൊരു പൊട്ടിക്കരച്ചിലിലാണ്‌ തന്റെ വികാരപ്രകടനം അവസാനിപ്പിക്കുക..! വിട്ടുമാറാത്ത തലവേദനയും ഹൈ ബിപിയും ഒപ്പം നൂറായിരം രോഗങ്ങളും കല്യാണിക്കുട്ടിയമ്മക്ക് കൂട്ടായുണ്ട്.. ഒരു പിടി ഗുളിക ഓരോ നേരവും വിഴുങ്ങുന്ന തന്റെ അമ്മായിയമ്മ പിന്നെ വായ് തുറക്കുന്നത് ശകാരിക്കാൻ മാത്രമാണെന്നത് മായയോർത്തു.. തന്നെ, തുളസിയേടത്തിയെ, ഭവാനിയമ്മായിയെ, ജോലിക്കാരികളെ അങ്ങനെ മുന്നിൽ കാണുന്ന എല്ലാവരെയും എല്ലാറ്റിനെയും ശപിച്ചും കുറ്റപ്പെടുത്തിയും മാത്രം നടക്കുന്ന അവർ ഒരിക്കലെങ്കിലും ചിരിക്കുന്നത് മായ കണ്ടിട്ടില്ല.. ഒരിക്കൽ ദേഷ്യം മൂത്തു ഭവാനിയമ്മായിയെ ദേഹോപദ്രവമേൽപ്പിക്കുന്നത് കണ്ട്‌ സഹികെട്ട് ഇടപെട്ടയന്നുമുതൽ മായയോട് കല്യാണിക്കുട്ടിയമ്മയ്ക്ക് വെറുപ്പാണ്.. അതിൽ മായയ്ക്ക് അത്ഭുതമില്ല.. എന്നാൽ ഇത്രയും പീഡനങ്ങൾ എന്തിനിങ്ങനെ സഹിക്കുന്നു എന്ന തന്റെ ചോദ്യത്തിന് ഭവാനിയമ്മായി നൽകിയ മറുപടി മായയെ അമ്പരപ്പിച്ചു കളഞ്ഞു .." എന്റെ ജാതകദോഷം മൂലം നഷ്ടമായ ഏടത്തിയുടെ ജീവിതത്തിനു പകരം കൊടുക്കാൻ ഒന്നുമില്ലാതിരിക്കെ എന്നെത്തന്നെ ദ്രോഹിച്ചുകൊണ്ട് മരണം വരെ ഞാനിവിടെ കഴിയണം.. അങ്ങനെയെങ്കിലും എന്റെ തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യട്ടെ.. "
ഇതിൽ എന്താണ് അമ്മായി ചെയ്ത തെറ്റെന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വികാരവിചാരങ്ങളുടെ ഒരു വേലിയേറ്റം മായയെ ഒരു ധ്യാനത്തിലെന്നോണം നിശ്ശബ്ദയാക്കി മാറ്റി..
കദളിക്കാട്ട് തറവാട്ടിലെ ഓരോ ദിനവും മായ്ക്ക് ഓരോ യുഗങ്ങൾ പോലെ അനുഭവപ്പെട്ടു തുടങ്ങി.. അകാല ഭർതൃവിയോഗവും ഏകാന്തതയും ചിത്തഭ്രമത്തിന്റെ വക്കോളമെത്തിച്ച അമ്മായിയമ്മ.. അനപത്യ ദുഃഖത്തിൽ നീറി ഈശ്വരഭജനം മാത്രം ജീവിതചര്യയാക്കിയ ഏടത്തിയമ്മ.. ജാതകദോഷത്തിന് പ്രായശ്ചിത്തം ചെയ്യാൻ സ്വയം ഇല്ലാതാവുന്ന അമ്മായി..
മായയുടെ നോട്ടത്തിൽ ഒക്കെയും മുഴു ഭ്രാന്തികൾ !! ജീവിതത്തിലെ ഒറ്റപ്പെട്ട ദുഃഖങ്ങളിൽ തളർന്നു ജീവിതം തന്നെ പാഴാക്കുന്ന ബുദ്ധിശൂന്യർ.. അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല എന്ന ദുഃഖത്തിൽ ജീവിതത്തിന്റെ നല്ലപങ്ക് നഷ്ടമാക്കിയ താനും അത്ര ഭേദമല്ലായിരുന്നു എന്ന് മായ കുറ്റബോധത്തോടെയോർത്തു..
ഇല്ല ഇനി തനിക്ക് തെറ്റുപറ്റില്ല.. ഇല്ലാത്തവയെ ഓർത്തുവിലപിച്ചു ഉള്ള സൗഭാഗ്യങ്ങൾ താൻ വിസ്മരിക്കില്ല... ജീവിതം നരകമാക്കുന്ന ഒന്നിനും ഇനി തന്റെ ജീവിതത്തിൽ ഉണ്ടാവില്ല..
ഉള്ളിലെ വീർപ്പുമുട്ടൽ പങ്കുവയ്ക്കവേ മായയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാറിത്താമസിക്കാം എന്ന ആശയം ഹരി മുൻപോട്ടു വെച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി മായ.. കല്യാണം കഴിഞ്ഞു മൂന്നാം മാസം കെട്ടിയോനെയും കൂട്ടി പടിയിറങ്ങിയവൾ എന്ന തനിക്കുണ്ടാവാൻ പോകുന്ന ചീത്തപ്പേരും അമ്മയുടെയും മറ്റും എതിർപ്പും ഒരു വശത്ത്.. അലോസരങ്ങളേതുമില്ലാതെ ഹരിയേട്ടനുമൊത്തുള്ള സമാധാനപൂർണ്ണമായ ജീവിതം മറുവശത്തും..
ആശങ്കകളുടേയും കൂട്ടിക്കിഴിക്കലുകളുടെയും താരതമ്യങ്ങളുടെയും ദിനരാത്രങ്ങൾക്കൊടുവിൽ ഹരിയേട്ടനൊപ്പം യാത്രയ്‌ക്കൊരുങ്ങിയിറങ്ങി, മുഖം തിരിഞ്ഞു നിൽക്കുന്ന അമ്മയോട് യാത്ര ചോദിച്ചു പടികളിറങ്ങുമ്പോ പിന്നിൽ തുളസിയേടത്തിയുടെ ഏങ്ങലടികൾ.. മുറ്റത്ത്‌ മാവിൻ ചോട്ടിൽ നിസ്സംഗയായി നിൽക്കുന്ന ഭവാനിയമ്മായി.. ഒപ്പം വന്നു സാധനങ്ങൾ വണ്ടിയിൽ കയറ്റിവയ്ക്കുന്ന ശിവേട്ടൻ..
നെഞ്ചു പിടയുന്ന വേദനയുണ്ടെങ്കിലും പോവാതെ വയ്യ.. തനിക്ക് ഇനിയെങ്കിലും ജീവിക്കണം.. വിധിയെ പഴിച്ചു കരഞ്ഞു ജീവിക്കാൻ എനിക്ക് ഇനിയും സാധ്യമല്ല..
തറവാട്ടുമുറ്റം കടന്നു കാർ നീങ്ങി മറയവേ മാവിൻചുവട്ടിൽ നിന്നും തിരിഞ്ഞു നടന്നുകൊണ്ട് ഭവാനിയമ്മായി
ആരോടെന്നില്ലാതെ പറഞ്ഞു..."മിടുക്കി..നീയാണ് ശരി.. "

Anju

ഒരിക്കലും മറക്കാത്ത പാഠം

ഒരിക്കലും മറക്കാത്ത പാഠം
----------------------------------------------------
പ്രൈമറി സ്കൂൾ കാലത്ത് വെളുത്തുരുണ്ട് ഓമന മുഖമുള്ള ഒരു കളിക്കൂട്ടുകാരി എനിക്കുണ്ടായിരുന്നു.. ആരെങ്കിലും മുഖം കറുപ്പിച്ചെന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്നത്ര ലോലമനസ്സുള്ളോരു തൊട്ടാവാടി..ഷംന. ഷംനയുടെ വാപ്പച്ചി ഗൾഫുകാരനായിരുന്നതിനാൽ അക്കാലത്തു ഞങ്ങളുടെ അൽപക്കത്ത് കളർ ടിവിയുള്ള ഏക വീട് ഷംനയുടേതായിരുന്നു.. കളർ ടിവിയിൽ സിനിമയും മറ്റും കാണാനായി ഞാനും അനിയനുമടക്കം നാട്ടിലെ കുട്ടിപട്ടാളങ്ങൾ ഷംനയുടെ വീട്ടിൽ കുറ്റിയടിക്കുക പതിവായിരുന്നു.. ഷംന എന്റെ സമപ്രായക്കാരിയും ഒപ്പം സഹപാഠിയുമായതിനാൽ അവരുടെ വീട്ടിൽ എനിക്കല്പം സ്വാതന്ത്ര്യം കൂടുതൽ ഉണ്ടായിരുന്നു..
ഷംനയുടെ വീടിനുള്ളിൽ ഒരു പ്രത്യേക സുഗന്ധമാണ്.. ഗൾഫിൽ നിന്നും കൊണ്ടുവന്ന പെർഫ്യുമിന്റെ നറുമണം ! പലതരം പാവകൾ, ബഹുവർണ്ണത്തിലുള്ള കളിപ്പാട്ടങ്ങൾ, സെൻറ് കുപ്പികൾ, ടൈഗർ ബാം, തലവേദനയ്ക്കുള്ള കോടാലി തൈലം ഇവയൊക്കെ നിറഞ്ഞ ഒരു കൊച്ചു ഗൾഫ് തന്നെയായിരുന്നു ഷംനയുടെ വീട്.ഷംന ക്ലാസ്സിൽ കൊണ്ടുവന്നിരുന്ന വർണ്ണ ശബളമായ ഫോറിൻ പെൻസിലുകളും പേനയും ക്രയോൺസും പെൻസിൽ ബോക്സും മനോഹരമായ സ്കൂൾ ബാഗുമൊക്ക അസൂയയും ആരാധനയും നിറഞ്ഞ മിഴികളുമായി ഞങ്ങൾ സഹപാഠികൾ നോക്കിയിരുന്നിട്ടുണ്ട്..
ഷംനയുടെ വീട്ടിൽ അവളെകൂടാതെ ഉമ്മച്ചിയും വാപ്പച്ചിയുടെ മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്.. ഫോറിൻ ലുങ്കി നെഞ്ചുവരെ കയറ്റിയുടുത്തു ബെൽറ്റിട്ട് വെളുത്ത ജൂബയുമിട്ട് താടിനീട്ടിവളർത്തിയ 'അത്തിത്താ '..അതായത് വാപ്പച്ചിയുടെ ഉപ്പ മിക്കപ്പോഴും വീടിന്റെ മുറ്റത്ത്‌ ഉലാത്തുന്നുണ്ടാവും.. വായിൽ അങ്ങിങ്ങായുള്ള മൂന്നാല് പല്ലുകൾ കാട്ടി അത്തിത്താ ചിരിക്കുമ്പോ നെറ്റിയിലെ നിസ്‌ക്കാരത്തഴമ്പ് തിളങ്ങുന്നത് ഞാൻ കൗതുകത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്.. ഷംനക്ക് അത്തിത്തായെന്നാൽ ജീവനാണ്.. അത്തിത്തായ്ക്ക് തിരിച്ചും.. ഷംന അവളുടെ വാപ്പച്ചിയുടെ ഉമ്മയെ വിളിക്കുന്നത് പൊന്നമ്മച്ചി എന്നാണ്.. വെളുത്തു സുന്ദരിയായ പൊന്നമ്മച്ചിയുടെ കയ്യിൽ ചുവപ്പു കല്ലുകൾ പതിച്ച വാതവള ഇറുകിപ്പിടിച്ചു കിടന്നിരുന്നു.. അതും ഗൾഫിൽ നിന്നു കൊണ്ടുവന്നതാണത്രേ.. സാരിത്തലപ്പ് ഇടയ്ക്കിടെ തലയിലേക്ക് വലിച്ചിട്ടുകൊണ്ട് നിരത്താതെ വർത്തമാനം പറഞ്ഞും ഉറക്കെ ചിരിച്ചും നടക്കുന്ന നബീസാക്ക അഥവാ ഷംനയുടെ പൊന്നമ്മച്ചി നാട്ടുകാർക്ക്‌ പ്രിയങ്കരിയായിരുന്നു.. എപ്പോഴും ചിരിച്ചമുഖവുമായി നടക്കുന്ന ഷംനയുടെ ഉമ്മച്ചി അക്കാലത്താണ് അവളുടെ അനിയത്തിക്കുട്ടിയെ പ്രസവിച്ചത്.. വെളുത്തു തുടുത്ത ഒരു മൊട്ടച്ചി കുഞ്ഞുവാവ..
ഷംനയുടെ വീടിന്റെ മുൻവശത്ത് തൂക്കിയിട്ട അഴിക്കൂടിനുള്ളിൽ ഒരു തത്തയുണ്ടായിരുന്നു.. തൂവലുകളൊക്കെ കോഴിയാറായോരു വയസ്സൻ തത്ത... പ്രായാധിക്യത്താൽ ചത്തുപോയ ആ തത്തയുടെ ഒഴിഞ്ഞ കൂട് അതിന്റെ ഒരു സ്മാരകം പോലെ ഷംനയുടെ വീടിനുമുൻപിൽ തൂങ്ങികിടന്നിരുന്നു..
ഒരവധിദിവസം ഊണുകഴിഞ്ഞു ഞാൻ കളിക്കാനായി ഷംനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെയെല്ലാരും ഉച്ചമയക്കത്തിലായിരുന്നു..ഇന്നിനി കളിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിൽ മടങ്ങിപ്പോരാനൊരുങ്ങവേ വാതിൽക്കലെ തത്തക്കൂട്ടിൽ എന്റെ കണ്ണുകളുടക്കി.. കൂട്ടിനുള്ളിൽ അഴികൾക്കിടയിൽ കുടുങ്ങിയ നിലയിലൊരു തലയിൽ ചൂടുന്ന മുത്ത്..! വാപ്പച്ചി ഗൾഫീന്നു കൊണ്ടുവന്നതാണെന്നു പറഞ്ഞു കുറച്ചു ദിവസം മുൻപ് ചുവപ്പ് നിറത്തിലുള്ള മനോഹരമായ രണ്ടു മുത്തുകൾ ഷംന വല്യ ഗമയിൽ കാട്ടിത്തന്നത് ഞാനോർത്തു. അവയിലൊന്നാണിപ്പോ തത്തക്കൂട്ടിൽ കിടക്കുന്നത്.. ആ മുത്ത് കണ്ടപ്പോൾ മുതൽ അതൊന്ന് തൊട്ടുനോക്കണം എന്ന് ഞാൻ ആഗ്രഹിച്ചതാണ്.. ഞാൻ മെല്ലെ തത്തകൂടിനുള്ളിൽനിന്നും മുത്തെടുക്കാനൊരു ശ്രമം നടത്തി.ഒരു രക്ഷയുമില്ല. കൂടിനുള്ളിലേക്ക് കൈ കടക്കുന്നില്ല..! മുറ്റത്തു കിടന്നിരുന്ന ഒരു ചുള്ളിക്കമ്പെടുത്തു വളരെ പണിപ്പെട്ട് കൂട്ടിൽനിന്നും മുത്തെടുത്ത ഞാൻ കൈയിൽ പിടിച്ചും തിരിച്ചും മറിച്ചും നോക്കിയും അതിന്റെ ഭംഗി ആസ്വദിച്ചങ്ങനെ നിൽക്കുമ്പോൾ മനസ്സിൽ ഒരു തോന്നൽ.. ആരും കാണുന്നില്ലല്ലോ.. ഈ മുത്തുംകൊണ്ട് വീട്ടിൽ പോയാലോ ? പെട്ടന്ന് ഒരു പേടി തോന്നി ഞാൻ മുത്ത് നിലത്തിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.. പക്ഷെ മുത്ത് ഉപേക്ഷിച്ചു പോരാൻ മനസ്സുവരാഞ്ഞിട്ടു ഞാൻ വീണ്ടും അതെടുത്തു..
വീട്ടിലേക്കു തിരിച്ചു നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉള്ളിൽ ശക്തമായി.. ഒരു വിധത്തിൽ വീട്ടിലെത്തുമ്പോ മമ്മി വാതിൽക്കൽ തന്നെയുണ്ട്.. കൈയിൽ പിടിച്ചിരുന്ന മുത്ത് എനിക്ക് ഒളിപ്പിക്കാനാകും മുൻപ് മമ്മി കണ്ടു കഴിഞ്ഞിരുന്നു.. കളിക്കാനെന്നും പറഞ്ഞു പോയ ഞാൻ പെട്ടന്ന് മടങ്ങിയതിന്നാലും എന്റെ പരുങ്ങൽ കണ്ട്‌ സംശയം തോന്നിയിട്ടുമാകണം മമ്മി എന്നെ ചോദ്യം ചെയ്യാൻ ആരംഭിച്ചു..
കൈയിലിരുന്ന മുത്ത് എവിടെനിന്നാണെന്നും ആരുതന്നെന്നുമൊക്കെ തിരിച്ചും മറിച്ചുമുളള മമ്മിയുടെ സിബിഐ സ്റ്റൈൽ ചോദ്യങ്ങളിൽ ഞാൻ മൂക്കും കുത്തി വീണുപോയി എന്നു പറഞ്ഞാൽ മതിയല്ലോ..സത്യം പുറത്തു വന്നു.. ഞാൻ കരയാൻ തുടങ്ങി.. മുറ്റത്തോട് ചേർന്നു നിന്നിരുന്ന പെരുമരത്തിന്റെ ഒരു കൊമ്പൊടിച്ച മമ്മി എന്റെ മുട്ടിനു താഴെ രണ്ടു വീക്ക്‌.. എന്റെ കരച്ചിൽ ഉച്ചസ്ഥായിലാകവേ മമ്മിയുടെ ഉഗ്രശാസനവും "പോയി തിരിച്ചു കൊണ്ട് കൊടുത്തു ക്ഷമ പറഞ്ഞിട്ട് വീട്ടിൽ കയറിയാൽ മതിയെന്ന് "..ദൈവമേ ഞാൻ ആകെ തകർന്നു.. ഞാൻ മുത്ത് അടിച്ചു മാറ്റിയ കാര്യം ഷംനയുടെ വീട്ടുകാർ അറിഞ്ഞിട്ടു കൂടിയില്ല.. ഏൽക്കേണ്ടിവരുന്ന അപമാനമോർത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്നെയും കൂട്ടി മമ്മി ഷംനയുടെ വീട്ടിലെത്തുമ്പോഴേക്കും മുറ്റത്ത്‌ ഷംനയുടെ പൊന്നമ്മച്ചി ഉറക്കമുണർന്നു നിൽക്കുന്നുണ്ടായിരുന്നു.. മമ്മി അവരോടു വിവരങ്ങൾ പറഞ്ഞ ശേഷം ഞാനെടുത്ത മുത്ത് എന്നെക്കൊണ്ട് തന്നെ തിരിച്ചു കൊടുപ്പിച്ചപ്പോ മാനക്കേടുകൊണ്ട് എന്റെ തല കുനിഞ്ഞുപോയി.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഷംനയുടെ വീട്ടുകാർ സംഭവം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ വലിയൊരു ഭാരമായി ആ സംഭവം മായാതെ കിടന്നു.. ഏറെ നാൾ.. പിന്നീടെന്റെ ജീവിതത്തിലിന്നോളം മറ്റൊരാളുടെ സ്വന്തമായ വസ്തുക്കളോട് താല്പര്യം തോന്നുമ്പോൾ മനസ്സിലെ ആ പഴയ നൊമ്പരം വീണ്ടുമുണരും.. ഒരു ഓർമ്മപ്പെടുത്തൽ പോലെ..
ചില പാഠങ്ങൾ അങ്ങനെയാണ്..കാലിടറാതിരിക്കാൻ ഒരായുഷ്ക്കാലത്തേയ്ക്ക് ഓർമ്മിക്കേണ്ട നല്ല പാഠങ്ങളാണ്..

Anju

എന്നെ തോൽപ്പിക്കുന്ന ആലുപറാട്ട

എന്നെ തോൽപ്പിക്കുന്ന ആലുപറാട്ട 
---------------------------------------------------------
ചണ്ഡീഗഡിൽ വന്നകാലത്തൊരു ഞായറാഴ്ച ദിവസം പള്ളിയിൽ പോയി മടങ്ങുന്ന വഴിയാണ് ഞാൻ ആദ്യമായി ആലുപറാട്ട കഴിക്കുന്നത്... പഞ്ചാബികളുടെ, ഒരു പക്ഷെ ഉത്തരേന്ത്യക്കാരുടെ ആകമാനം ഇഷ്ട പ്രഭാതഭക്ഷണം.. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ആലുപറാട്ട കഴിക്കാമെന്ന് പറഞ്ഞപ്പോൾ മറ്റൊന്നുമാലോചിച്ചില്ല...'നാനാക്ക് സ്വീറ്റ്‌സ് ' എന്ന കടയിൽ കയറി രണ്ട് ആലുപറാട്ട പോരട്ടേന്ന് പറഞ്ഞു കാത്തിരിക്കുമ്പോ കട മൊത്തത്തിൽ ഒന്നു വീക്ഷിച്ചു.. കടയുടെ ഒരുവശത്ത് ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ട ചില്ലലമാരയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നാനാ വർണ്ണങ്ങളിലും വലിപ്പങ്ങളിലുമുള്ള പലഹാരങ്ങൾ.. മധുരമുള്ളവ.. ഉപ്പും എരിവും പുളിയുമുള്ളവ... പലതരം ബർഫികൾ, ലഡ്ഡു വെറൈറ്റികൾ, ഗുലാബ് ജാമൂൻ, രസ്‌ ഗുള, രസ്‌ മലായ്, വിവിധയിനം പക്കോഡകൾ, പാൽ പേട, പനീർ കൊണ്ടുള്ള പലഹാരങ്ങൾ, സമൂസ, ആലൂ ടിക്കി,വിവിധയിനം കേക്കുകളും പേസ്ട്രികളും, ഐസ് ക്രീം എന്നു വേണ്ട മുഴുവൻ പഞ്ചാബി പലഹാരങ്ങളും അവിടെയുണ്ട്‌... വിത്ത്‌ ലേബൽ ആൻഡ്‌ പ്രൈസ് .. !! നെയ്യ് കൂടുതലായി ചേർക്കുന്നത് കൊണ്ടാവും മധുരപലഹാരങ്ങൾക്കൊക്കെ നല്ല വിലയാണ്... നംകീൻ (എരിവും പുളിയുമുള്ള ഐറ്റംസ് ) താരതമ്യേന വിലക്കുറവിൽ കിട്ടും... അങ്ങനെ കടമൊത്തത്തിലൊന്ന് അവലോകനം ചെയ്തു വെള്ളമിറക്കിയിരിക്കുമ്പോഴേക്കും ആലൂ പറാട്ടയെത്തി.. 
പരന്ന വലിയ സ്റ്റീൽ പാത്രത്തിൽ നിറഞ്ഞു കിടക്കുന്ന ആവി പറക്കുന്ന പറാട്ട ! അതിനു മുകളിൽ ചൂടുതട്ടി അലിഞ്ഞു തുടങ്ങുന്ന ചതുരാകൃതിയുള്ള ഒരു കഷണം ബട്ടർ.. കൂട്ടത്തിൽ രണ്ടു ബൗളുകളിലായി തൈരും കിഴങ്ങുകൊണ്ടുള്ള സബ്ജിയും..കൂട്ടിനു കൊതിപ്പിക്കുന്ന ഗന്ധവും. . പ്രഥമ ദർശനത്തിൽ തന്നെ ആലു പറാട്ട എന്റെ ഹൃദയം കീഴടക്കിയെന്നു പറഞ്ഞാൽ മതിയല്ലോ.. കപ്പലോടിക്കാൻ പാകത്തില് വായിൽ നിറഞ്ഞ കൊതിവെള്ളം കുടിച്ചിറക്കി, വർദ്ധിച്ച ആക്രാന്തത്തോടെ ആലുപറാട്ടയെ കഷണം കഷണമായി അകത്താക്കുമ്പോ എനിക്കാസത്യം മനസ്സിലായി... ഇതൊന്നുകൊണ്ടൊന്നും എന്റെ ആക്രാന്തം തീരില്ലെന്ന സത്യം..! ആദ്യത്തെ പറാട്ട കഴിച്ചു പകുതിയായപ്പോ തന്നെ രണ്ടാമത്തേതിന് ഓർഡർ കൊടുത്തു വിജയകരമായി കഴിച്ചു മുന്നേറുന്നതിനിടയിൽ എന്താണീ സംഭവത്തിന്റെ ഇൻഗ്രീഡിയന്റ്‌സ് എന്നറിയാൻ ഞാനൊരു ശ്രമം നടത്തി.. ചപ്പാത്തിയുടേതുപോലെ മൊരിഞ്ഞ ഗോതമ്പുമാവുകൊണ്ടുള്ള പുറംതോടിനുള്ളിൽ വേവിച്ച ഉരുളക്കിഴങ്ങും ചെറുതായി കൊത്തിയരിഞ്ഞ സവാളയും പച്ചമുളകും മല്ലിയിലയും ജീരകവും പിന്നെ ഏതോ മസാലകളുമൊക്കെങ്ങനെ പേസ്റ്റ് രൂപത്തിൽ പരസ്പരധാരണയോടെയെന്നോണം ചേർന്നിരിപ്പുണ്ട്.. ചപ്പാത്തിയെക്കാൾ കനമുണ്ടെങ്കിലും നല്ല മയം.. കഴിക്കുമ്പോൾ വായിൽ രുചിയുടെ ഉത്സവം.. ! 
വയറും മനസ്സും നിറയെ കഴിച്ച ശേഷം ബില്ലു കൊടുക്കാൻ കടയുടെ മുൻപിൽ നിൽക്കുമ്പോൾ പറാട്ടയുണ്ടാക്കുന്നത് നേരിൽ കാണാനിടയായി.. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.. ആലു മാത്രമല്ല.. പലതരം വെജിറ്റബ്ൾസ് സ്റ്റഫ് ചെയ്ത പറാട്ടകളും അവിടെ ഉണ്ടാക്കുന്നുണ്ട്... സവാളക്കൂട്ടുകൊണ്ടുള്ള പ്യാജ് പാറാട്ട, പനീർ ചേർത്ത പനീർ പാറാട്ട, കോളിഫ്ലവർ സ്റ്റഫ് ചെയ്ത ഗോബി പറാട്ട, റാഡിഷ് അകത്തു വച്ചുള്ള മൂലി പറാട്ട, ഒരു സ്റ്റഫിങ്ങും ഇല്ലാത്ത പ്ലെയിൻ പറാട്ട, ഒരുപാട് പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ മിക്സ് വെജ് പാറാട്ട അങ്ങനെ നീളുന്ന പറാട്ട വെറൈറ്റികൾ കണ്ടെന്റെ കണ്ണുതള്ളിപ്പോയി.. 
കടയുടെ മുൻപിലുള്ള ചെറിയ അടുക്കള സെറ്റപ്പിൽ മെലിഞ്ഞു വെളുത്തൊരു ബനിയൻകാരൻ ഭയ്യാ എണ്ണയിട്ട യന്ത്രം പോലെ പറാട്ടയുണ്ടാക്കി തള്ളുകയാണ്..ഏതായാലും നമ്മുടെ നാട്ടിലെ പൊറോട്ടാ മേക്കറുടെയത്ര തലക്കനം ഇങ്ങേർക്കില്ല കേട്ടോ.. വലിയൊരു സ്റ്റീൽ ബക്കറ്റിൽ തയ്യാറാക്കിവച്ചിരിക്കുന്ന ആട്ട എണ്ണപുരട്ടി ഉരുട്ടി പിന്നെ അൽപ്പം പരത്തിയ ശേഷം സ്റ്റഫ് ചെയ്യാനുള്ള കൂട്ട് ചെറിയ ഉരുളയാക്കി അതിനു മുകളിൽ വച്ചു കവർ ചെയ്തൊരു വലിയ ഉരുളയുണ്ടാക്കി കൈവഴക്കത്തോടെ പരത്തി ചുട്ടുപഴുത്തു നിൽക്കുന്ന വലിയ തവയിൽ പുരട്ടിയ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുമ്പോ ആവി പറക്കുന്ന രസികൻ പറാട്ട ജനിക്കുകയായി.. കാണാൻ എത്ര രസമുള്ള കാഴ്ച.. പക്ഷെ നമ്മൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലാട്ടോ.. 
കഴിച്ചു രസം പിടിച്ച ഞാൻ ആലു പാറാട്ട ഉണ്ടാക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടിപ്പോ വർഷം നാലഞ്ചു കഴിഞ്ഞെങ്കിലും സംഭവം ഇതുവരെ എന്റെ വരുതിക്ക് വന്നിട്ടില്ലത് എന്റെ സ്വകാര്യ ദുഃഖം... ഒന്നുകിൽ മാവു കട്ടികൂടി അറക്കവാൾ കൊണ്ട്‌ മുറിക്കേണ്ടയവസ്ഥ...! അല്ലെങ്കിൽ സ്റ്റഫ് ചെയ്ത സാധനങ്ങൾ മുഴുവനും പുറത്തു ചാടി ചപ്പാത്തിപലകയിൽ പറ്റി ആകെ ചളിപിളി.. ! എന്നാലും ഇപ്പോഴും ഞാൻ തോറ്റു പിന്മാറിയിട്ടില്ല... അല്ലെങ്കിലും ഇഷ്ടപ്പെട്ട ആഹാരം കഴിക്കണമെങ്കിൽ അതുണ്ടാക്കാൻ അറിയണമെന്ന് നിയമം ഒന്നുമില്ലല്ലോ... സാധ്യമായ എല്ലാ അവസരങ്ങളിലും ആലു പാറാട്ട കഴിച്ചു കൊണ്ടും സമയം ഉള്ളപ്പോഴെല്ലാം അതുണ്ടാക്കാൻ ശ്രമിച്ചു ദയനീയപരാജയം ഏറ്റുവാങ്ങിക്കൊണ്ടും ഞാൻ എന്റെ പഞ്ചാബ്‌ പ്രവാസം തുടരുകയാണ്... രുചിയും മണവും മയവുമുള്ള, ആവി പറക്കുന്ന ആലുപറാട്ട സ്വന്തം കൈകൊണ്ടുണ്ടാക്കി വയറുനിറയെ കഴിക്കുന്ന ദിവസത്തിന്റെ സുന്ദരമായ സായാഹ്നവും സ്വപ്നം കണ്ട്‌...

Anju

പറയാതെ പോയൊരിഷ്ടം...


പറയാതെ പോയൊരിഷ്ടം... 
--------------------------------------------------------
"എനിക്കെല്ലാം അറിയാമായിരുന്നെടീ പെണ്ണേ... " ചിരിച്ചുകൊണ്ട് ഫാദർ ജോസഫ്‌ തെക്കേവീടൻ പറഞ്ഞപ്പോൾ അലീനയുടെ ഓർമ്മകൾ ഇരുപതു വർഷം പിന്നിലേക്കോടിപ്പോയി....
അവധിക്കാലത്തുപോലും പുലർച്ചെ ആറരമണിക്ക് അലാം ക്ലോക്കിന്റെ ടിക് റ്റിക് ശബ്ദം കേട്ട് ചാടിയെഴുന്നേറ്റു ഉത്സാഹപൂർവ്വം പള്ളിയിൽ പോവാൻ തയ്യാറാവുന്നൊരു പതിമൂന്നുകാരി .. കട്ടനും കുടിച്ചൊരു മൂളിപ്പാട്ടും പാടിക്കൊണ്ട് അലമാരി തുറന്നൊരു മിഡിയും ടോപ്പുമെടുത്തിട്ടുകൊണ്ട് ചാഞ്ഞും ചരിഞ്ഞും കണ്ണാടിയിൽ നോക്കി ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും തൃപ്തിവരാതെ കുർബാന പുസ്തകവുമെടുത്തു ധൃതിയിൽ പള്ളിയിലേക്ക്‌ പോവുന്നവൾ ...
പള്ളിയിൽ മുൻനിരയിൽ മുട്ടുകുത്തി കുരിശു വരക്കുന്നേരം എന്തിനെന്നില്ലാതെ അവളുടെ ഹൃദയം തുടിച്ചിരുന്നു .. അധരങ്ങളിൽ ഒരിളം പുഞ്ചിരി മിന്നിമാഞ്ഞിരുന്നു... കുർബാനയിനിയും തുടങ്ങാൻ വൈകുന്നതെന്തേയെന്നവൾ ആശ്ചര്യപ്പെടുമ്പോ ഗായക സംഘം പാടാനാരംഭിച്ചു... "സ്നേഹപിതാവിൻ ഭവനമിതിൽ... പരിശുദ്ധമാകും അൾത്താരയിൽ... " തിരുവസ്ത്രങ്ങളണിഞ്ഞ വൈദികനും ശുശ്രൂഷികളും ആൾത്താരയിലേക്കെത്തവേ അലീനയുടെ ഹൃദയതാളം അതിന്റെ ഉച്ചസ്ഥായിയിലെത്തി...ഒരു കൈ നെഞ്ചോടു ചേർത്തു മറുകൈയിൽ ധൂപക്കുറ്റിയുമേന്തി ധ്യാനത്തിലെന്നോണം നടന്നുവരുന്നുണ്ട് ജോ ഫ്രാൻസിസ്... അവളുടെ ഹൃദയേശ്വരൻ.. !! അവനെ കാണാനല്ലേ അതിനായി മാത്രമല്ലേ താനിത്ര പാടുപെട്ട് പള്ളിയിൽ വരുന്നത് തന്നെ... എന്തൊരു ഭക്തിയാണവന്.. അൾത്താരയിലവൻ നിൽക്കുന്നത് കണ്ടാൽ അപ്പൊതന്നെ ഉടലോടെ സ്വർഗത്തിൽ പോകുമെന്ന് തോന്നും... എന്തൊരഴകാണാ മുഖത്ത്.. വിടർന്ന മിഴികളും നീണ്ട കൺപീലികളും കറുത്ത് ചുരുണ്ട മുടിയിഴകളും ആ വെളുത്ത വട്ടമുഖത്തിന് ചാരുതയേറ്റി.. നോക്കിനിന്നാൽ സ്വയം മറന്നു പോകും.. ജോ പത്താം ക്ലാസ്സിലാണ്.. അലീന എട്ടാം ക്ലാസ്സിലും.. ബാങ്ക് ക്ലാർക്ക് ആയ പപ്പയ്ക്ക് ട്രാൻസ്ഫർ കിട്ടിയപ്പോഴാണ് അലീനയുടെ കുടുംബം തോട്ടയ്ക്കാട്ടേക്കു താമസത്തിനു വന്നത്.. അക്കാലം മുതൽ കാണാൻ തുടങ്ങിയതാണ് ജോയെ.. എന്നുമുതലാണ് അവനെ താൻ ഇഷ്ടപ്പെട്ടുതുടങ്ങിയതെന്നവൾക്കോർമ്മയില്ല.. ആരോരുമറിയാത്ത... എന്തിന് ജോ പോലുമറിയാത്ത തന്റെ നിഗൂഢമായ ഇഷ്ടം അലീന നിധി പോലെ നെഞ്ചോടു ചേർത്തു വച്ചു... സ്കൂളിലേക്കുള്ള വഴികളിലും ക്ലാസ്സുകളുടെ ഇടവേളകളിലും ട്യൂഷൻ ക്ലാസ്സിലുമൊക്കെ അവന്റെ സാന്നിധ്യം അവൾ പ്രണയപൂർവ്വം ആസ്വദിച്ചു.. എങ്കിലും പള്ളിയിൽ വച്ചവനെ കാണുന്നതാണവൾക്കിഷ്ടം.. കാരണമുണ്ട്...അൾത്താര ബാലസഖ്യത്തിന്റെ ലീഡറായ ജോ മിക്കവാറും ദിവസങ്ങളിൽ അൾത്താര ശുശ്രൂഷിയായിരിക്കും.. കുർബാനയ്ക്കിടയിലാണെങ്കിലും ജോയെ ഭയാശങ്കകളില്ലാതെ കൺകുളിർക്കെ കാണാൻ പറ്റുന്നതപ്പോഴാണ്.. !! ജോയാണെങ്കിലോ ഈ ഭൂമിയിലേയല്ലെന്ന ഭാവത്തിലാണ് കുർബാനയ്ക്ക് കൂടുക...ഒരു നോട്ടം പോലും ഈ കഴിഞ്ഞ കാലങ്ങൾക്കിടയിൽ അവളുടെ നേർക്കവൻ നീട്ടിയിട്ടില്ല .. ഇങ്ങനെയൊരുവൾ കാലങ്ങളായി തന്നെ കണ്ണാലുഴിഞ്ഞുകൊണ്ട് ചുറ്റും കറങ്ങുന്നത് അവൻ അറിയുന്നില്ലെന്നോ ? കല്ലാണവന്റെ ഹൃദയം.. ! ഇങ്ങനെയൊക്കെ ചിന്തിക്കുമെങ്കിലും അലീന എന്ന കാമുകി അക്ഷരാർത്ഥത്തിലൊരു ഭീരുവായിരുന്നതിനാൽ അവളുടെ മനോഗതം ഒരു നോട്ടം കൊണ്ടുപോലും ജോയെ അറിയിക്കുവാൻ അവൾ ധൈര്യപ്പെട്ടില്ല.. !
പത്താം ക്ലാസ്സ്‌ പാസ്സായ കുട്ടികൾക്കുള്ള ദൈവവിളി ക്യാമ്പിൽ ജോയും പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോ ആദ്യം ഒന്നു ഞെട്ടിയെങ്കിലും അൾത്താര ബാലസഖ്യ പ്രവർത്തനങ്ങളുടെ ഒരു തുടർച്ച മാത്രമായിരിക്കും അതെന്നു സമാധാനിക്കാൻ അലീന ശ്രമിച്ചു.. പക്ഷെ താൻ ഭയന്നതു പോലെ ജോ സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ ആകെ തകർന്നുപോയവൾക്ക് ജീവിതം തന്നെ അർത്ഥശൂന്യമായിത്തോന്നി... അവനില്ലാത്ത സ്കൂളും ട്യൂഷൻ ക്ലാസ്സും പള്ളിയുമൊക്കെ അവളും വെറുത്തു... ഒന്നിലും താല്പരമില്ലാതെ ഊണും ഉറക്കവുമുപേക്ഷിച്ചു ഒരേയിരുപ്പിരുന്നപ്പോ ആകെ പേടിച്ചു പോയ പാവം അപ്പച്ചനും അമ്മയും സൈക്യാട്രിസ്റ് സിസ്റ്റർ ജോയ്സിയുടെ അടുത്തു കൗൺസിലിംഗിന് കൊണ്ടുപോയെങ്കിലും ജോയുടെ കാര്യം അലീനയുടെ ഹൃദയരഹസ്യമായിത്തന്നെ അവശേഷിച്ചു... കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന തത്വത്തിന് അടിവരയിടുന്ന പോലെ അലീന മാസങ്ങൾക്കുള്ളിൽ സാധാരണ പോലെ സ്കൂളിൽ പോവാൻ തുടങ്ങിയെങ്കിലും പഴയ പ്രസരിപ്പ് അവൾക്കിനിയും വീണ്ടുകിട്ടിയിട്ടില്ലെന്നത് അപ്പനമ്മമാരെ നോവിച്ചു.. അത് സത്യവുമാണ്... ജോ പോയ ശേഷമുള്ള ജീവിതം അലീന ഒരു ചടങ്ങ് കഴിക്കുന്ന പോലെയാണ് ജീവിച്ചു തീർത്തത്... ഒന്നുമറിയാത്ത പ്രായത്തിൽ തോന്നിയൊരാകർഷണം ജീവിതത്തിന്റെ മുഴുവൻ ഊർജ്ജമായി മാറിയതും പെട്ടെന്നൊരുനാൾ തീരാനഷ്ടം പോലെയത് ഇല്ലാതായതും അവളുടെ മനസ്സിനെ വല്ലാതെയുലച്ചു കളഞ്ഞിരുന്നു...
കാലചക്രത്തിരിവിൽ ഭാര്യയും അമ്മയുമായി മാറി മുംബൈയിൽ സ്ഥിരതാമസമാക്കിയ അലീനയ്ക്കിപ്പോ പഴകാര്യങ്ങൾ ഓർക്കാൻ തന്നെ സമയമില്ല.. തിരക്കുപിടിച്ചൊരു ഞായറാഴ്ച ദിവസത്തിനൊടുവിൽ ഒന്നാശ്വസിക്കാൻ ടിവിക്കു മുൻപിലിരിക്കവേയാണ്‌ പള്ളിയിൽനിന്നും കിട്ടിയൊരു നോട്ടിസ് ശ്രദ്ദിക്കുന്നത്... ഇടവകയുടെ വാർഷിക ധ്യാനം... നയിക്കുന്നത് ഫാദർ ജോസഫ്‌ ഫ്രാൻസിസ് തെക്കേവീടൻ... അലീനയൊന്ന് ഞെട്ടി... അതെ ഇത് ജോ തന്നെ...!! സെമിനാരിയിൽ പോയശേഷം ഒന്നുരണ്ട് തവണ പള്ളിയിൽ വച്ചു കണ്ടിട്ടുണ്ടെങ്കിലും പട്ടക്കാരനായശേഷം കാണാൻ കഴിഞ്ഞിട്ടില്ല... ജോ വൈദികനാവും മുമ്പുതന്നെ താൻ വിവാഹിതയായി നാടുവിട്ടിരുന്നല്ലോ... എന്തുവന്നാലും ധ്യാനത്തിന് പോകണം എന്നുറപ്പിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞൊഴുകി...
അക്ഷമ ദൈർഘ്യമേറ്റിയ പകലിരവുകൾക്കൊടുവിൽ ധ്യാനദിവസം വന്നെത്തി.. മെലിഞ്ഞു വെളുത്ത് താടിവെച്ച കണ്ണടക്കാരൻ അച്ചൻ പഴയ ജോ തന്നെയെന്നു വിശ്വസിക്കാൻ അലീന പ്രയാസപ്പെട്ടു...ജോ നയിച്ച കുർബാനയും വചന പ്രഘോഷണവും ആരാധനയുമെല്ലാം കോളുകൊണ്ട സമുദ്രം പോലെ ഇളകിമറിഞ്ഞ മനസ്സുമായവൾ നോക്കി നിന്നു... ഉച്ചയ്ക്ക് ധ്യാനത്തിന്റെ ഇടവേളയിൽ അച്ചനെ കാണാൻ ചെല്ലുമ്പോൾ അവൾ ശാന്തമായ തടാകം പോലെ നിർവികാരയായിരുന്നു... ഫാദർ ജോസഫ്‌ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞത് അലീനയെ അത്ഭുതപ്പെടുത്തി... സ്കൂളിലേക്കുള്ള നടവഴികളിൽ പതിവായി തന്നെ ശ്രദ്ദിക്കുന്ന പാവടക്കാരിയെ മനപൂർവ്വം ഒഴിവാക്കിയിരുന്നതും അൾത്താര ശുശ്രൂഷയ്ക്കിടയിൽ തനിക്കുനേരെ നീളുന്ന കാതര മിഴികളെ കണ്ടില്ലെന്നു നടിച്ചതും സെമിനാരി ജീവിതത്തിലെ പരീക്ഷ ഘട്ടങ്ങളിൽ മനസ്സിലുയർന്നിരുന്ന അവളുടെയോർമ്മകളെ തപസ്സിനാൽ അടക്കി നിർത്തിയതുമെല്ലാം ജോ.. അല്ല... ഫാദർ ജോസഫ്‌ നർമ്മരസത്തിൻ വിവരിച്ചപ്പോ സർവ്വ നിയന്ത്രണങ്ങളും വിട്ട അലീന പൊട്ടിക്കരഞ്ഞു പോയി... "എനിക്കെല്ലാം അറിയാമായിരുന്നീടി പെണ്ണെ... പക്ഷെ ഞാൻ നിസ്സഹായനായിരുന്നു " എന്ന വാക്കുകൾ ആദ്യം വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും തന്റെ മനസ്സവൻ അറിഞ്ഞിരുന്നു എന്ന സത്യം അലീനയിലെ തിരിച്ചറിയപ്പെടാഞ്ഞ കാമുകിയെ ആശ്വസിപ്പിച്ചു... ഫാദർ ജോസഫിനോട് ഹൃദയം തുറന്നൊന്നു സംസാരിച്ചു പുറത്തിറങ്ങുമ്പോ വർഷങ്ങളായി മൂടിക്കെട്ടി നിന്ന അലീനയുടെ ഹൃദയാകാശം മുൻപെന്നത്തേക്കാളും പ്രകാശപൂർണ്ണവും തെളിമയാർന്നതുമായിക്കഴിഞ്ഞിരുന്നു... ഏറ്റുപറച്ചിലും രമ്യപ്പെടലും മോചനവും ഒരേ സമയം നൽകുന്നൊരു കുമ്പസാരശേഷമെന്നോണം ശാന്തമായിരുന്നു...

Anju

മുല്ലയ്ക്കൽ ചിറപ്പിനു പോയി ക്രിസ്മസ് കൂടിയ കഥ

മുല്ലയ്ക്കൽ ചിറപ്പിനു പോയി ക്രിസ്മസ് കൂടിയ കഥ 
_______________________________________
ഓണം....ക്രിസ്മസ്‌... വിശേഷം എന്തുമാകട്ടെ പരീക്ഷകഴിഞ്ഞു സ്കൂളടച്ചാൽ പിന്നെ സാധാരണ നിലയ്ക്ക് ഞാനും അനിയനും വീട്ടിൽ നിൽക്കാറില്ല.. ആലപ്പുഴയ്ക്ക് പോകും... പപ്പയുടെ തറവാട്ടു വീട്ടിലേക്ക്... അവിടെചെന്നാൽ പിന്നെ പോവാൻ ഒന്നല്ല ഒരുപാട് വീടുകളുണ്ട് ... പപ്പയുടെ ചേട്ടന്റെ വീട് , അനിയന്മാരുടെവീടുകൾ പിന്നെ പെങ്ങളെ കെട്ടിച്ച വീട്, ഇളയമ്മമാരുടെയും മക്കളുടെയും വീടുകൾ, പേരപ്പന്മാരുടെ വീടുകൾ... അങ്ങനെയങ്ങനെ പോകുന്നു വേണ്ടപ്പെട്ട വീടുകൾ... 
ക്രിസ്മസ് അവധിക്ക് ആലപ്പുഴക്കുപോകാനുള്ള മുഖ്യ ആകർഷണം മുല്ലയ്ക്കൽ ചിറപ്പാണ്... ആലപ്പുഴ മുല്ലയ്ക്കൽ അമ്പലത്തിലെ ഉത്സവത്തിന്‌ പതിനൊന്നു ദിവസം നീളുന്ന ആഘോഷങ്ങളുണ്ട്... ഒപ്പം പരിസരത്തെ മറ്റുചില അമ്പലങ്ങളിലും ആ സമയത്ത് തന്നെയാണ് ഉത്സവം.. പോരഞ്ഞിട്ട് ക്രിസ്മസ് കാലവും... ക്രിസ്ത്യാനിക്കെന്ത് ഉത്സവത്തിൽ കാര്യം എന്ന് അമ്പരക്കേണ്ട... ! അതാണ് മുല്ലയ്ക്കൽ ചിറപ്പിന്റെ മാഹാത്മ്യം... ജാതിയോ മതമോ നോക്കാതെ ഓരോ ആലപ്പുഴക്കാരനും സ്വയം അലിയാൻ.. അലിഞ്ഞൊഴുകാൻ ഓടിയെത്തുന്നോരാൾക്കൂട്ടം...ആഘോഷം... ആലപ്പുഴയുടെ സ്വന്തം ഉത്സവം... അതാണ് മുല്ലയ്ക്കൽ ചിറപ്പ്.. 
വീട്ടിൽ നിന്നും ഒരു വലിയ സംഘമായാണ് ഞങ്ങൾ ചിറപ്പിനു പോവുക.. മുട്ടിലിഴയുന്നതും ഒക്കത്തിരിക്കുന്നതും രണ്ടുകാലിൽ നടക്കുന്നവരുമായ കൊച്ചുങ്ങൾ... കൗമാരക്കാരായ ഞാനും അനിയനും... യൗവ്വനയുക്തരും വിവാഹിതരുമായ കസിൻസ്, മധ്യവയസ്സെത്തിയ ചിറ്റപ്പന്മാരും ചിറ്റമ്മമാരും, നരച്ചു തുടങ്ങിയ പേരമ്മച്ചിയും അച്ചയും (പപ്പയുടെ മൂത്ത ചേട്ടൻ ) സമാന ഹൃദയരായ ഒന്നുരണ്ട് അയൽക്കാർ അങ്ങനെ സർവ്വ ജീവിതാവസ്ഥകളുടേയും പ്രാതിനിധ്യവുമായി ഞങ്ങൾ പുറപ്പെടുന്നത് മിക്കവാറും ഡിസംബർ ഇരുപത്തിനാലാം തിയതി ആയിരിക്കും...അങ്കോം കാണാം താളീമൊടിക്കാം എന്നുപറയുന്ന പോലെ ചിറപ്പും കാണാം പഴവങ്ങാടി മെത്രാപ്പോലീത്തൻ പളളിയിലെ പാതിരാക്കുർബാനയ്ക്കും കൂടാം എന്നതാണ് ഇരുപത്തിനാലാം തീയതിയുടെ ഹൈലൈറ്റ്.. 
എല്ലാരുടെയും ഒരുക്കവും ചമയവുമൊക്ക കഴിഞ്ഞു പുറപ്പെടുമ്പോഴേക്കും അന്തിമയങ്ങിയിട്ടുണ്ടാവും.. കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും ഉറക്കെയുറക്കെ ചിരിച്ചും ആ കൊച്ചു ജാഥ കാളാത്തെ ബസ്റ്റോപ്പിലേക്കു നീങ്ങും... അവിടെനിന്നും ആലപ്പുഴ -മുഹമ്മ - തണ്ണീർമുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ഏതെങ്കിലും ഒരാനവണ്ടിയിൽ ഇടിച്ചു തിങ്ങിയുള്ള യാത്ര ഓർക്കുമ്പോൾ തന്നെ ഹരമാണ്.. 
ബസിലെ മിക്കവാറും എല്ലാരും തന്നെ ചിറപ്പിനു പോകുന്നവരായിരിക്കും... ആലപ്പുഴ ജില്ലാക്കോടതിക്കു മുന്പിലെ സ്റ്റോപ്പിൽ ബസ്സുകൾ പത്തു മിനിറ്റുനേരം നിർത്തിയിടുന്ന പതിവുള്ളതിനാൽ മിക്കവാറും പേർ അവിടെയിറങ്ങി നടക്കാൻ തുടങ്ങും... കമാനാകൃതിയിലുള്ള ജനലുകളും വാതിലുകളുമുള്ള ചുവന്ന ചായമടിച്ച പ്രൗഢ ഗംഭീരമായൊരു കെട്ടിടമാണ് ആലപ്പുഴ ജില്ലാക്കോടതി.. അവിടെ ബസ്സുകൾ ഇത്രയും നേരം നിർത്തിയിടുന്നതെന്തിനാണെന്ന് എനിക്കിന്നും അറിയില്ല.. 
ബോട്ട് ജെട്ടി ജംഗ്ഷനിൽ നിന്നും കുറച്ചു ദൂരം മുൻപോട്ട് നടന്നുകഴിഞ്ഞാൽ പിന്നെ നമ്മളും മുല്ലയ്ക്കൽ തെരുവിലൂടെ അവിരാമം പ്രവഹിക്കുന്ന ജനസാഗരത്തിന്റെ ഭാഗമായി ഒഴുകിത്തുടങ്ങുകയായി... അതെ... നമ്മുടെ ചിറപ്പ് തുടങ്ങിക്കഴിഞ്ഞു...!! മുല്ലയ്ക്കൽ അമ്പലം മുതൽ കിടങ്ങാംപറമ്പ് ക്ഷേത്രം വരെയുള്ള വഴിക്കിരുവശവും നിറഞ്ഞു സജീവമായി വഴിയോര വാണിഭക്കാർ... ഒരർത്ഥത്തിൽ ചിറപ്പെന്നത് ഒരു ഷോപ്പിംഗ്‌ ഉത്സവം കൂടിയാണ്... അവിടെ കിട്ടാത്തതൊന്നുമില്ലെന്നു തോന്നിപ്പോകും... വിദ്യുത്ദീപങ്ങൾക്കൊണ്ടും കൊടിതോരണങ്ങൾ കൊണ്ടും ഒരു രാജവീഥി പോലെ അലംകൃതമായ തെരുവിലൂടെ നിറഞ്ഞു നീങ്ങുന്ന ജനക്കൂട്ടത്തിനിടയിൽ ഞങ്ങളുടെ സംഘം കൂട്ടം തെറ്റാതിരിക്കാൻ നന്നേ വിഷമിച്ചു... പിന്നെ സൗകര്യാർത്ഥം ചെറു സംഘങ്ങളായി തിരിഞ്ഞ് നടത്തം തുടർന്നു... 
നടക്കുന്ന വഴികളിൽ പൂരത്തിന്റെ മേളമാണ്... അമ്പലത്തിൽ നടക്കുന്ന തായമ്പകയുടെ താളമേളങ്ങൾ ഉച്ചഭാഷിണികളിലൂടെ തെരുവുകളുടെയും ഭാഗമായി... പുല്ലാങ്കുഴൽ കച്ചവടക്കാരുടെ ഹൃദയഹാരിയായ പുല്ലാങ്കുഴലൂത്തും ആൾക്കൂട്ടമുയർത്തുന്ന ബഹളങ്ങളും പൊട്ടിച്ചിരികളും കൊച്ചു കുഞ്ഞുങ്ങളുടെ ചിണുങ്ങിക്കരയലും പൊട്ടുന്ന ബലൂണുകളുടെ ഞെട്ടിക്കുന്ന ശബ്ദങ്ങളും കരിമ്പിൻ ജ്യൂസുണ്ടാക്കുന്ന യന്ത്രത്തിന്റെ കര കര ശബ്ദവും കപ്പലണ്ടി കച്ചവടക്കാർ ചുട്ടുപഴുത്ത ചീനച്ചട്ടിയിൽ ചട്ടുകം കൊണ്ടടിക്കുന്ന താളവും അങ്ങനെ നൂറായിരം സ്വരവീചികൾ ചിറപ്പ് മഹോത്സവത്തിന് പശ്ചാത്തല സംഗീതമൊരുക്കുമ്പോ ചുറ്റുപാടുമുള്ള വർണക്കാഴ്ചകളുടെ പൊലിമയുള്ള ദൃശ്യങ്ങൾ കണ്ടുതീർക്കാൻ ഇരുമിഴികൾ എത്ര അപര്യാപ്തമെന്നു നമുക്ക് തോന്നിപ്പോകും...
കളിപ്പാട്ടകടകൾക്കു മുൻപിൽ കൂട്ടത്തിലെ കുഞ്ഞിക്കാലുകൾ നിശ്ചലമാവുമ്പോ 'പെട്ടല്ലോ' എന്ന ഭാവത്തിൽ നിൽക്കുന്ന അപ്പനമ്മമാരും കിട്ടിയാൽ കട മുഴുവനും കൊണ്ടുപോയേക്കും എന്ന ഭാവത്തിൽ നിൽക്കുന്ന കുട്ടിക്കുറുമ്പന്മാരും ഉത്സവപ്പറമ്പുകളിലെ അനശ്വരമായൊരു ദൃശ്യമല്ലേ... കാലചക്രം തിരിയുമ്പോ ഇതേ സ്ഥാനത്തു പുതിയ കുഞ്ഞുങ്ങൾ... പുതിയ മാതാപിതാക്കളും കച്ചവടക്കാരുടെ പുതിയ തലമുറയും ... !! നാമൊക്കെ അത്രേയുള്ളൂ...പെട്ടെന്ന് വളർന്നുപോകും... ഓർക്കുമ്പോൾ തോന്നുന്നു... കാലം എത്ര വേഗത്തിൽ ഓടിപ്പോയി എന്ന്... 
വഴിയോര വാണിഭങ്ങളിൽ പ്രധാനം പലതരം പൊരികളും അലുവകളും ഈന്തപ്പഴവും മറ്റും കലാപരമായി പ്രദർശിപ്പിച്ചിരിക്കുന്ന കടകളാണ്... മുളക് ബജ്ജി, കായ ബജ്ജി, മുട്ട ബജ്ജി അങ്ങനെ ബജ്ജി വെറൈറ്റികൾ... വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഒരു നൂറു കൂട്ടം... കരിമ്പ്‌ മുറിച്ചും കിട്ടും ജ്യൂസാക്കിയും കിട്ടും... എന്തൊക്കെയുണ്ടെങ്കിലും ചുട്ട മണലിൽ വറുത്തെടുത്ത നാടൻ കപ്പലണ്ടിയോളം രുചികരമായ മറ്റൊരു സ്‌നാക്കും ഇന്നോളം ഒരു ഉത്സവപറമ്പിലും ഉണ്ടായിട്ടില്ല.. 
പിന്നെകാണാം പെൺകൊടികളുടെ ദൗർബല്യങ്ങളായ മാലയും വളയും പൊട്ടും ചാന്തും കണ്മഷിയും ക്യൂട്ടെക്സുമൊക്കെ നിരന്നിരിക്കുന്ന സുന്ദരൻ കടകളും അവിടെ സെയിൽസ്മാൻമാരായി നിൽക്കുന്ന ചുള്ളൻ പയ്യൻമാരും... നുറുങ്ങു തമാശകൾക്കൊണ്ടും കണ്ണിൽ നോക്കിയുള്ള ഗൂഢമായ പുഞ്ചിരി കൊണ്ടും ദിവസവും അവർ എത്രയെത്ര തരുണീമണികളുടെ ഹൃദയം കവരുന്നുണ്ടാവും !!
മുല്ലയ്ക്കൽ തെരുവ് ചിറപ്പില്ലാത്ത സമയത്തും വളരെ ആകർഷകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്... ആഡംബരത്തിന്റെ അതിപ്രസരമില്ലാത്ത കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പുരാതനമായ ക്ഷേത്രവും തെരുവിനൊരു പഴമയുടെ ഗരിമ പകരുന്നുണ്ട്... വഴിയോരത്തും അമ്പലനടയിലുമുള്ള എണ്ണമറ്റ പൂക്കച്ചവടക്കാർ... ചെറുതും വലുതുമായ നിരവധി സ്വർണ്ണക്കടകൾ... വെള്ളിയാഭരങ്ങളും പാത്രങ്ങളും വിൽക്കുന്ന കടകൾ... ഏതാനും തുണിക്കടകൾ... ലോട്ടറി കച്ചവടക്കാർ... ഇതൊക്കെയാണ് സാധാരണ ദിവസങ്ങളിലെ മുല്ലയ്ക്കൽ തെരുവിലെ കാഴ്ചകൾ.. 
മുല്ലയ്ക്കലിൽനിന്നും നടന്നു നടന്നു ഞങ്ങൾ പോകുന്നത് ആലപ്പുഴ മുൻസിപ്പൽ മൈതാനിയിലേക്കാണ്.. അവിടെയാണ് കാർണിവൽ.. !! ആകാശത്തുയർന്നു തിരിയുന്ന ജയന്റ് വീലും മുന്പോട്ടും പിന്പോട്ടും ഊഞ്ഞാലാട്ടുന്ന ഭീമൻ വള്ളവും ശ്വാസമടക്കി നിന്നുപോകുന്ന മരണക്കിണർ അഭ്യാസങ്ങളും ചുറ്റിതിരിച്ചു മനംമറിക്കുന്ന ഭ്രാന്തൻ റൈഡുകളും... ഒക്കെകഴിഞ്ഞൊരു പരുവമാകുമ്പോൾ ഓരോ ഐസ്ക്രീം കഴിക്കാൻ എന്തു രസമാണെന്നോ ?!!
മുൻസിപ്പൽ മൈതാനത്തുനിന്ന് നടന്നു കിടങ്ങാം പറമ്പ് ക്ഷേത്രത്തിലെത്തുമ്പോഴേക്കും ഞങ്ങളുടെ സംഘാംഗങ്ങൾ നല്ലപോലെ ക്ഷീണിച്ചിരുന്നു... വിശാലമായ മൈതാനത്ത് ഉഴുതുതുമറിച്ചിട്ടപോലുള്ള പൂഴിമണ്ണിന്മേൽ ഇത്തിരിനേരം അലസമായിരുന്നു കാറ്റുകൊണ്ടപ്പോ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം എങ്ങോ മാഞ്ഞു പോയി.. കൂട്ടത്തിലെ കുഞ്ഞുങ്ങളൊക്കെ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു.. ക്ഷേത്രത്തിലെ ശ്രീകോവിലിനുചുറ്റും ദീപാരാധന സമയത്ത് കത്തിച്ചു വച്ചിരുന്ന ചിരാതുകളിൽ പകുതിയും കെട്ടുപോയിരുന്നെങ്കിലും ഇരുട്ടിൽ തെളിഞ്ഞു കത്തുന്ന ശേഷിച്ച ദീപങ്ങളുടെ കാഴ്ച്ച മനസ്സിനെ വീണ്ടുമുണർത്തിയപോലെ... ആറാട്ടെഴുന്നള്ളത്തിനു ശേഷം സപ്താഹമണ്ഡപത്തിൽ ഗാനമേളയുണ്ടത്രേ.. അൽപ്പസമയത്തിന് ശേഷം ആറാട്ടെഴുന്നള്ളിപ്പ് തുടങ്ങി... അങ്ങനെയൊന്ന് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.. ഏറ്റവും മുൻപിലായി കുത്തുവിളക്കും കൈയിലേന്തി താറുപാച്ചിയൊരു പരികർമ്മി... പിന്നിൽ താലപ്പൊലിയേന്തിയ ബാലികമാർ... തീവെട്ടികൾ... ഭക്തജനങ്ങൾ.. നെറ്റിപ്പട്ടം കെട്ടിയ കരിവീരന്റെ പുറത്തു ദേവിയുടെ തിടമ്പ്... ആലവട്ടങ്ങളും... വെൺചാമരങ്ങളും... പശ്ചാത്തലത്തിൽ ശംഖനാദവും... സത്യത്തിൽ കുളിരുകോരിപ്പോയി.. ! ക്ഷേത്രനടയിൽ നിന്നും അമ്പലക്കുളത്തിലേക്കും തിരിച്ചും അതേ എഴുന്നള്ളത്... ശേഷം ഗാനമേള... തുടങ്ങിയതൊരു ദേവീ സ്തുതിയുമായി... രണ്ടാമത്തെ പാട്ട് "ഇന്നെനിക്കു പൊട്ടുകുത്താൻ... " പകുതിയായപ്പോഴേക്കും ഞങ്ങളുടെ പാതിരാക്കുർബാന തുടങ്ങാൻ സമയമായി.. മനസ്സില്ലാമനസ്സോടെ അവിടെനിന്നും മടങ്ങുമ്പോഴാണ് സപ്താഹമണ്ഡപത്തിലെ മനോഹരമായ ശില്പങ്ങൾ ശ്രദ്ധയിൽപ്പെട്ടത്...പാലാഴി മഥനവും ദേവാസുരയുദ്ധവും ശ്രീകൃഷ്ണ ലീലയുമുൾപ്പടെ പല പുരാണകഥകളുടെയും ജീവൻ തുടിക്കുന്ന ശില്പ കാവ്യം... ശില്പങ്ങളുടെ ആകാരസൗഷ്ഠവത്തെക്കാളും വർണ്ണപ്പൊലിമയേക്കാളുമൊക്കെ എന്നെയാകർഷിച്ചത് അവയുടെ മുഖത്തും കണ്ണിലുമൊക്കെ തെളിഞ്ഞിരുന്ന ഭാവങ്ങളായിരുന്നു ..!! ശില്പത്തെ മഹത്തരമാക്കിയ ശില്പിയുടെ സാധനയെ മനസ്സാ നമിച്ചുകൊണ്ട് ഞാൻ മറ്റുള്ളവർക്കൊപ്പം പഴവങ്ങാടി പള്ളിയിലേക്ക് നടന്നു.. 
ബഹുവർണ്ണനക്ഷത്രങ്ങളും അലങ്കാരദീപങ്ങളും കണ്ണുചിമ്മുന്ന നഗരവീഥികളിൽ ക്രിസ്മസ് പാതിരാവിന്റെ തണുത്ത കാറ്റുമേറ്റങ്ങനെ നടക്കുമ്പോൾ മെത്രാപ്പോലീത്തൻ പള്ളിയിൽ കുർബാനയ്ക്കുള്ള മണി മുഴങ്ങുന്നത് കേൾക്കാമായിരുന്നു... ദീപാലങ്കാരപ്രഭയിൽ കുളിച്ചുനിൽക്കുന്ന പ്രൗഢഗംഭീരമായ കത്തീഡ്രൽ പള്ളി.. ഞങ്ങൾ എത്തുമ്പോഴേക്കും കുർബാന തുടങ്ങിക്കഴിഞ്ഞിരുന്നു ... ഇനിയും പിറന്നിട്ടില്ലാത്ത ഉണ്ണിയെയും കാത്തു സുസജ്ജമായ പുൽക്കൂടൊരുങ്ങിയിരിക്കവേ... തിരുപ്പിറവിയുടെ കർമ്മക്രമങ്ങളിലേക്ക് വൈദികനും ഗായക സംഘവും സമൂഹവും കടന്നു...കുർബാനയ്‌ക്കൊടുവിൽ പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയെയും മുത്തി പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ റോഡുകളൊക്ക വിജനമായികഴിഞ്ഞിരുന്നു... വളരെ ബുദ്ധിമുട്ടേണ്ടി വന്നു ഓട്ടോ കിട്ടാൻ.. ഒടുവിൽ മൂന്ന് ഓട്ടോകളിലായി ഞങ്ങൾ വീടണയുമ്പോഴേക്കും നേരം വെളുക്കാറായിരുന്നു... നൂറായിരം നക്ഷത്രങ്ങൾ അപ്പോഴും കണ്ണുചിമ്മുണ്ടായിരുന്നു... ആകാശത്തും ഭൂമിയിലും...

Anju

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo